2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും കത്തിക്കലും

ഉസ്മാന്‍(റ)  കോപ്പികള്‍ കത്തിച്ചതെന്തിന്?..

ആരെന്തൊക്കെ പറഞ്ഞാലും  നെറ്റ് ഉപയോഗിക്കുന്നവരില്‍ ഒരു വലിയ വിഭാഗം യുക്തവാദി സൈറ്റുകളില്‍നിന്നാണ് ഇസ്‌ലാമിനെയും ഖുര്‍ആനെയും സംബന്ധിച്ച പ്രാഥമിക പാഠങ്ങള്‍ കരസ്തമാക്കിയിരിക്കുന്നത്. ഖുര്‍ആന്‍ എക്കാലത്തും വിമര്‍ശകരുടെ മുഖ്യ ഉന്നമാണ്. അതിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം എന്ന തത്വസംഹിതയുടെ നിലനില്‍പ്പിന് ആധാരം. ഖുര്‍ആന്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇസ്‌ലാം വിമര്‍ശകരുടെ എല്ലാ ആരോപണവും അതില്‍ തട്ടിത്തകരും.

ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നതോടൊപ്പം, ഖുര്‍ആന്‍ അപൂര്‍ണവും മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയവുമാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും നടത്താറുണ്ട്. ഇന്ന് നിലനില്‍ക്കുന്ന ഖുര്‍ആനിന്റെ എകത്വം ഈ ആരോപണത്തിന് വലിയ ഒരു തടസ്സമാണ്. അതിന് കണ്ടെത്തിയ മാര്‍ഗം അതിന്റെ ക്രോഡീകരണം സൂക്ഷമായിരുന്നില്ല എന്ന് വരുത്തുകയാണ്. എന്നാല്‍ അതും വിലപോകില്ല എന്ന് വിമര്‍ശകര്‍ക്ക് നന്നായി അറിയാം. എങ്കിലും ചില പാവങ്ങളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായാല്‍ അതായി. ഇന് അത്തരം തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുടെ അഭിപ്രായം കാണുക.

"അതില്‍ കുറച്ചു ആടുതിന്നു പോയില്ലേ? ബാക്കിയുള്ളത് ഖലീഫമാര്‍ കത്തിച്ചു കളയുകയും ചെയ്തു. പിന്നെന്തു ചെയ്യും. മെക്കയില്‍ ഇന്നേ വരെ മറ്റൊരു ശക്തിയും ആക്രമിച്ചു കീഴടക്കിയിട്ടില്ല. എന്നിട്ടും പുരാതന എഴുത്ത് കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കില്‍, മുസ്ലീമുകളെ നിങ്ങള്‍ ലജ്ജിക്കണം ."  സാജന്‍ എന്ന ക്രൈസ്തവ സുഹൃത്തിന്റെതാണ് ഈ കമന്റ്.

ഇന്ന് നിലവിലുള്ള ഖുര്‍ആന്‍ അപൂര്‍ണമാണെന്ന് സൂചിപ്പിക്കുകയാണ് സുഹൃത്തിന്റെ ഉദ്ദേശ്യം. കുറച്ച് ആടുതിന്നു പോയി ബാക്കിയുള്ളത് കത്തിച്ചു. ഇനി എന്തു ചെയ്യും. എന്നാണ് ചോദ്യം. കഴിഞ്ഞ പോസ്റ്റില്‍ ഖുര്‍ആന്‍ മുസ്ഹഫ് രൂപത്തില്‍ ക്രോഡീകരിക്കാന്‍ അവലംബിച്ച കാര്യങ്ങളെക്കുറിച്ച് ചര്‍ച ചെയ്തു. യാതൊരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസത്തിനും ഇടനല്‍കാത്തവിധം അത്യന്തം സൂക്ഷമായി നിര്‍വഹിക്കപ്പെട്ട ഒരു കര്‍മമായിരുന്നു. ഖുര്‍ആന്റെ ക്രോഡീകരണം. മൂന്ന് ഘട്ടം എന്ന് അതിന് പറയാം. ഒന്ന് ഖുര്‍ആന്റെ ക്രോഡീകരണം. അത് ചെയ്തത് അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം മുഹമ്മദ് നബി തന്നെയാണ്. രണ്ടാമത്തേത് അതിന്റെ ലിഖിതരൂപങ്ങള്‍ രണ്ട് ചട്ടകള്‍ക്കിടയില്‍ ഒരുമിച്ചു ചേര്‍ത്ത പ്രക്രിയയാണ്. അതാണ് അബൂബക്കറിന്റെ കാലത്ത് നടന്നത്. പിന്നീട് മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത് പാരായണ രൂപം കൂടി ഏകീകരിച്ച് കോപ്പികളെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുകയും പലരായി പലപ്പോഴായി എഴുതിയെടുത്ത ഏടുകള്‍ നശിപ്പിച്ചു കളയുകയും ചെയ്തു. അവയെല്ലാം പ്രവാചക ശിഷ്യന്‍മാര്‍ എഴുതിയവ തന്നെയായിരുന്നു. അവ കത്തിച്ചു കളഞ്ഞതിലൂടെ യഥാര്‍ഥ ഖുര്‍ആനില്‍ വല്ലതും കൂടാനോ കുറയാനോ ഉള്ള സാധ്യത എന്നന്നേക്കുമായി അടച്ചു കളഞ്ഞു.

അതോടൊപ്പം ഇന്ന് കാണുന്ന ഖുര്‍ആന്‍ മുതവാത്തിറായി ലഭ്യമായതാണ്. കുറ്റമറ്റ വിധത്തില്‍ 10 ലധികം വ്യത്യസ്ഥ പരമ്പരകളിലൂടെ ലഭ്യമായതിനേയാണ് മുതവാത്തിര്‍ എന്ന് പറയുന്നത്. വളരെക്കുറച്ച് നബിവചനങ്ങളേ അപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്ന് വെച്ചാല്‍ അവയൊക്കെ സ്വയം കല്‍പിതം എന്നതല്ല. സത്യസന്ധരായ ഒരുകൂട്ടം നിവേദക പരമ്പരയിലൂടെ ലഭ്യമായ ഹദീസുകളും സ്വീകാര്യം തന്നെയാണ്. എങ്കിലും മുതവാത്തിറായി ലഭ്യമായ വിശുദ്ധഖുര്‍ആന്റെ ഉന്നതനിലവാരത്തില്‍ അവയൊന്നും എത്തുകയില്ല. ഇതിവിടെ സൂചിപ്പിച്ചത്. ഒറ്റപ്പെട്ട ചില ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനില്‍ ചില സൂക്തങ്ങള്‍ ഞങ്ങള്‍ പരായണം ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് അവ അതില്‍ ചേര്‍ത്തിട്ടില്ലെന്നുമൊക്കെ പറയുന്ന ഹദീസുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഖുര്‍ആനില്‍ സംശയം ജനിപ്പിക്കാനുള്ള ശ്രമത്തിലെ വ്യര്‍ഥത മനസ്സിലാക്കുന്നതിന് വേണ്ടിയാണ്.  

ഇത്രയും കാര്യം യഥാവിധി മനസ്സിലാക്കിയാല്‍ പിന്നീട് അപ്രസക്തമാണെങ്കിലും രണ്ടു ചോദ്യം ക്രൈസ്തവ സുഹൃത്തുക്കളുടേതായി വീണ്ടും വരാറുണ്ട്.  ഖുര്‍ആനും ബൈബിളും ശിഷ്യരാല്‍ എഴുതപ്പെടുകയും പിന്നീട് ക്രോഡീകരിക്കുകയും ചെയ്തു. സ്വീകാര്യയോഗ്യമായവ നിലനിര്‍ത്തിയതിന് ശേഷം ബാക്കിയുള്ളവ കത്തിച്ചു കളഞ്ഞു. ബൈബിള്‍ ആധികാരികമല്ലെങ്കില്‍ ഖുര്‍ആനുമതേ. അതുമല്ലെങ്കില്‍ ബൈബിളിനെ തല്‍കാലം മാറ്റിനിര്‍ത്തി മേല്‍ കമന്റില്‍ ചോദിച്ചതുപോലെ ചില ചോദ്യങ്ങള്‍ അത്രയേ ചോദിക്കുന്നവര്‍ക്ക് ഉദ്ദേശ്യമുള്ളുവെങ്കിലും അത് വിശദീകരിക്കാതെ വിടുന്നത് ശരിയല്ല എന്ന് മനസ്സിലാക്കുന്നു. 

ആദ്യത്തെ ചോദ്യം ഇതാണ്. 

യേശുവിന് ശേഷം അനുയായികള്‍ സുവിശേഷങ്ങള്‍ എഴുതി സൂക്ഷിച്ച പോലെയല്ലേ ഖുര്‍ആനും പിന്‍കാലത്ത് എഴുതപ്പെട്ടത്?. ഖുര്‍ആന് മാത്രമായി എന്താണിത്ര ആധികാരികത അവകാശപ്പെടാന് ‍?.

ഖുര്‍ആന്‍ ക്രോഡീകരണവും സുവിശേഷമെഴുത്തും താരതമ്യം ചെയ്താല്‍ താഴെ പറയുന്ന കാര്യങ്ങളില്‍ വ്യത്യാസമുണ്ടെന്ന് കാണാം. ഏതാണ് കൂടുതല്‍ ആധികാരികം എന്ന വിധിതീര്‍പ്പിന് ഞാന്‍ ശ്രമിക്കുന്നില്ല.

1. യേശുവിന്റെ കാലത്ത് സുവിശേഷം എഴുതപ്പെട്ടതായി സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഖുര്‍ആന്‍ പ്രവാചക നിര്‍ദ്ദേശ പ്രകാരം എഴുതിവെക്കാന്‍ മുഹമ്മദ് നബി തന്നെ ആളുകളെ നിശ്ചയിച്ചിരുന്നു.

2. യേശു പ്രസംഗിച്ച സുവിശേഷം അദ്ദേഹത്തിന്റെ സമകാലികരില്‍ ആരെങ്കിലും മനപ്പാഠമാക്കി വെച്ചിരുന്നില്ല. പക്ഷെ ഖുര്‍ആന്‍ മനപ്പാഠമാക്കിയ നൂറുകണക്കിനാളുകള്‍ പ്രവാചകന്റെ കാലത്ത് തന്നെയുണ്ടായിരുന്നു.

3. നാല് സുവിശേഷകര്‍ എഴുതിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ്.  ക്രിസ്തു സംസാരിച്ചത് അരമായിക് ഭാഷയിലായിരുന്നു; എന്നാല്‍ സുവിശേഷ ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയത് ഗ്രീക്ക് ഭാഷയിലാണ്‌. മുഹമ്മദ് നബിയുടെ അനുചരന്‍മാര്‍ എഴുതിവെച്ചത് പ്രവാചകന്റെ വാക്കുകള്‍ പോലുമല്ല. പ്രവാചകന്‍ ,  ഖുര്‍ആനാണ് എന്ന് പ്രത്യേകമായി പരിചയപ്പെടുത്തി നല്‍കിയ ദൈവിക വചനങ്ങളാണ്. ഖുര്‍ആന്‍ പ്രവാചകന്‍ സംസാരിച്ച അറബിയില്‍ തന്നെ രേഖപ്പെടുത്തി.

4. സമൂഹത്തിന്റെ പ്രതിനിധിയും ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കറാണ് അത് ഗ്രന്ഥരൂപത്തില്‍ സമാഹരിച്ചത്. പ്രവാചകന്റെ എഴുത്തുകാരില്‍ ഒരാളായ സൈദുബ്‌നു ഥാബിത്തിനെയാണ് ചുമതലപ്പെടുത്തിയത്. വളരെ സൂക്ഷമതയോടെയാണ് അവ നിര്‍വഹിക്കപ്പെട്ടത്. എന്നാല്‍ സുവിശേഷങ്ങള്‍ ഓരോരുത്തര്‍ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന്ഥങ്ങളാണ്. അവയുടെ ലക്ഷ്യമാകട്ടേ. തങ്ങളുടെ മുന്നിലുള്ള സമുഹത്തിന് ക്രിസ്തുവിനെ പരിചയപ്പെടുത്തുക എന്നതും.

5. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്. എന്നാല്‍ ഖുര്‍ആന്‍ അവതരിച്ച മുറക്ക് എഴുതിവെക്കുകയും, അനേകര്‍ ക്രമത്തില്‍ മനപ്പാഠമാക്കുകയും മുഹമ്മദ് നബിയുടെ വിയോഗത്തിന്റെ രണ്ടാം വര്‍ഷം തന്നെ അത് ഒറ്റപുസ്തകമായി ഒരുമിച്ചുകൂട്ടുകയും ചെയ്തു.

6. സുവിശേഷം എഴുതിയത് യേശുവിന്റെ ശിഷ്യന്‍മാരായിരുന്നില്ല. എന്നാല്‍ ഖുര്‍ആന്‍ എഴുതിയതാകട്ടെ മുഹമ്മദ് നബിയുടെ ശിഷ്യന്‍മാരും.

7. ഖുര്‍ആന്റെ ആദ്യപതിപ്പിനുള്ള അംഗീകാരം നല്‍കിയത് പ്രവാചകന്റെ പ്രതിനിധിയും ഭരണാധികാരിയുമായ അബൂബക്കറാണ്. അന്നത്തെ മുസ്‌ലിം സമൂഹം അത് ഐക്യഖണ്ഡേന സമ്മതിച്ചു. എന്നാല്‍ യേശുവിന് ശേഷം മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച നാല്‍പതിലധികം . ഗ്രന്ഥങ്ങളാണ് നിഖിയാ സുനഹദോസ് കത്തിച്ചു കളഞ്ഞത്. അതിന് നേതൃത്വം നല്‍കിയ നിഖിയാ സുനഹദോസിന്റെ അധ്യക്ഷന്‍ അന്നുവരെ യേശുവില്‍ വിശ്വസിക്കാത്ത കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയായിരുന്നു.

കത്തിച്ചുകളഞ്ഞതിലൂടെ ഖുര്‍ആനിന്റെ ആധികാരികത സംശയാസ്പദമായില്ലേ?.

എന്താണ് കത്തിച്ചുകളഞ്ഞതെന്നും എന്തിനാണ് കത്തിച്ച് കളഞ്ഞതെന്നും മനസ്സിലാക്കിയാല്‍ ആ പ്രവര്‍ത്തിയിലുടെ ഖുര്‍ആന്റെ ആധികാരികത ഉറപ്പുവരുത്തുകായാണ് ചെയ്തത് എന്ന് മനസ്സിലാകും.

ഖലീഫമാര്‍ സമാഹരിച്ച ശേഷം അവശേഷിച്ച കോപ്പികള്‍ കത്തിച്ചു കളഞ്ഞു എന്ന പരാമര്‍ശം വളരെ ആകര്‍ഷകമായും സന്തോഷത്തോടെയും സ്വീകരിക്കുന്നത് സാധാരണ നിലയില്‍ ക്രൈസ്തവ സുഹൃത്തുക്കളാണ്. അതിന് ഒരു പ്രത്യേക കാരണമുണ്ട്. സമാനമായ ഒരു സംഭവമാണ് തങ്ങളുടെ ബൈബിളിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് അവര്‍ കരുതുന്നു. അവിടെയെന്താണ് സംഭവിച്ചതെന്ന് അവര്‍ക്കറിയാം. അതേ പോലെയാണ് ഖുര്‍ആനുമെന്ന ധാരണയാണ് ഈ കരിക്കല്‍ സംഭവത്തില്‍ പിടികൂടാന്‍ ക്രൈസ്തവ സുഹൃത്തുക്കളെ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു.

എന്താണ് ബൈബിളിന്റെ കാര്യത്തില്‍ സംഭവിച്ചത് എന്ന് ആദ്യം പരിശോധിക്കാം: യേശുവിന് ശേഷം മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ പലരാലും രചിക്കപ്പെട്ടവയായിരുന്നു സുവിശേഷങ്ങള്‍ ക്രി. 325 ല്‍നടന്ന നിഖിയ്യാ സുനഹദോസിന്റെ അധ്യക്ഷനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഉത്തരവനുസരിച്ച് കത്തിച്ചു കളഞ്ഞത് 40 ലധികം ഗ്രന്ഥങ്ങളാണ് (അന്ന് 70 ലധികം സുവിശേഷഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്) . കരിച്ചു കളഞ്ഞ അപ്പോക്രിഫാ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ അവ കരിച്ചു കളഞ്ഞതോടുകൂടി വിസ്മൃതമായി. അവ കത്തിച്ചു കളയാനുള്ള കാരണം നിഖിയാ കൗണ്‍സില്‍ തെരഞ്ഞെടുത്ത നാലുസുവിശേഷങ്ങളിലും അപ്പോസ്തല പ്രവര്‍ത്തനങ്ങളിലും ഇരുപത്തിയൊന്നു ലേഖനങ്ങളിലും വെളിപാട് പുസ്തകത്തിലുമുള്ള പരാമര്‍ശങ്ങള്‍ക്ക് നിരക്കാത്തതായതിനാലാണ്.  പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ അഥവാ 1540 ഏപ്രില്‍ 8 ന് തെന്ത്രോസ് സുനഹദോസ് നാലാം സമ്മേളനം കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച് എന്ന ഡിക്രിയിലൂടെ പഴയനിയമത്തില്‍ 45ഉം പുതിയനിയമത്തില്‍ 27 ഉം പുസ്തകങ്ങളാണുള്ളത് എന്ന് പ്രഖ്യാപിച്ചു. ഇതാണ് കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള സഭയുടെ അവസാന വാക്ക്.  ഈ സംഭവ പരമ്പരകളോട് എന്തെങ്കലും സാദൃശ്യം ഖുര്‍ആന്റെ കാര്യത്തിലുണ്ടെങ്കില്‍ കത്തിച്ചു കളയുക എന്ന ഒരൊറ്റ കാര്യത്തില്‍ മാത്രമാണ്. രണ്ടിലേക്കും നയിച്ച കാരണങ്ങളും അതിന്റെ പ്രത്യാഗാധവും വ്യത്യസ്തമാണ്.

അതിസൂക്ഷമമവും കണിഷവുമായ പരിശോധനക്കൊടുവില്‍ വളരെ ആധികാരികമെന്ന് ഉറപ്പുവരുത്തി. പ്രവാചകന്റെ എഴുത്തുകാരിലൂടെയും അനവധി മനഃപാഠമുള്ള അനുയായികളിലൂടെയും സ്ഥിരപ്പെട്ട ഗ്രന്ഥത്തെ ഉത്തരവാദപ്പെട്ട വ്യക്തി ക്രോഡീകരിച്ചു കഴിഞ്ഞ ശേഷം അതിന്റെ പരിധിയില്‍ വരാത്ത, ക്രോഡീകരണത്തോടെ അപ്രസക്തമായ ഖുര്‍ആന്റെ തോലിലും എല്ലിലും ഓലയിലും രേഖപ്പെടുത്ത പ്പെട്ടവ കത്തിച്ചു കളഞ്ഞു മേലില്‍ ഒറിജിനല്‍ കോപ്പിയില്‍ കലര്‍പ്പുകടന്നു കൂടാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയാണ് വിശ്വസ്തനായ അനുയായിയും, കറകളഞ്ഞ ഭക്തനും, പ്രവാചകന്റെ ജാമാതാവുമായ ഉസ്മാന്‍ (റ) ചെയ്തത്.

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും



വിശുദ്ധഖുര്‍ആന്റെ സുരക്ഷിതത്വം അതിന്റെ അവതാരകനായ ദൈവത്തിന്റെ വാഗ്ദാനമാണ്. അതിന്റെ അവതരണം മുതല്‍ ഇന്നേ വരെ മനുഷ്യന്റെ കൈകടത്തലുകളില്‍നിന്ന് മുക്തമായി അത് നിലനില്‍ക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകള്‍ പോലും അതില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. പ്രാവാചക വചനങ്ങളെ ഹദീസുകളിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ സുക്ഷ സാധ്യമാക്കിയത് എന്ന് പഠനവിധേയമാക്കാവുന്നതാണ്.

സെമിറ്റിക് ഭാഷകളില്‍ ഖുര്‍ആന്റെ അവതരണം കൊണ്ട് ഏറെ പ്രചാരം നേടിയ ഭാഷയാണ് അറബി. ആ ഭാഷയുടെ പ്രത്യേകത തീര്‍ത്തും ഒരു ദൈവിക ഗ്രന്ഥത്തിന്റെ അവതരണത്തിന് അനുയോജ്യമായിരുന്നു.  കുറഞ്ഞവാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍കൊള്ളിക്കാനുള്ള അതിന്റെ കഴിവും ഇന്നും മറ്റുഭാഷകള്‍ക്കില്ല. അതേസമയം പദസമ്പുഷ്ടവും. പൂര്‍ണമായ വര്‍ച്ച പ്രാപിച്ച നിലയിലായിരുന്നു അന്ന് അറബി ഭാഷ. ഇതു മനസ്സിലാകണമെങ്കില്‍ നാം സംസാരിക്കുന്ന മലയാള ഭാഷയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. നൂറ് വര്‍ഷം മുമ്പുള്ള ഒരു മലയാള കൃതി വായിച്ചെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടും. എന്നാല്‍ 1400 വര്‍ഷം മുമ്പ് അവതരിച്ച ഖുര്‍ആന്‍ അറബി ഭാഷയറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്നവിധത്തിലാണ്. ഏതൊരു ഭാഷക്കും പ്രദേശികമായ ഉള്‍പിരിവുകളും വ്യത്യസ്ഥമായ ശൈലീപ്രയോഗങ്ങളുമൊക്കെയുണ്ടാകും. അവയില്‍ ഏറ്റവും ശുദ്ധമായ ശൈലി ഖുറൈശികളുടെതായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അന്ന് നിലവിലുള്ള ഏറ്റവും സുവ്യക്തമായ അറബിയിലാണ് അവതരിച്ചത്.

ജിബ് രീല്‍ എന്ന മലക്കിലൂടെ 23 വര്‍ഷത്തിനിടയില്‍ സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് അവതീര്‍ണമാവുകയും പിന്നീട് അവയെ രണ്ട് ചട്ടകള്‍ക്കിടയില്‍ ക്രമീകരിക്കുകയും ചെയ്തതിനെയാണ് ഖുര്‍ആന്റെ ക്രോഡീകരണം എന്ന് സാധാരണയായി ഉദ്ദേശിക്കുന്നത്.  'അതിന്റെ ഒരുമിച്ചുകൂട്ടലും പാരായണം ചെയ്തു തരേണ്ടതും നമ്മുടെ ചുമതലയാകുന്നു' (75:17) യഥാര്‍ഥ ക്രോഡീകരണം ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവാചകന്‍ തന്നെയാണ് നിര്‍വഹിച്ചത്. അഥവാ പലപ്പോഴായി അവതരിച്ച സൂക്തങ്ങള്‍ ഇന്ന സൂക്തത്തിന് ശേഷം ഇന്ന സൂക്തമെന്നും അതേ പ്രകാരം ഇന്ന അധ്യായത്തിന് ശേഷം ഇന്ന അധ്യായമെന്നുമൊക്കെ തരം തിരിച്ച് കൃത്യമായി എഴുതിവെക്കാന്‍ പ്രവാചകന്‍ എഴുത്തുകാരെ ചുമതലപ്പെടുത്തിയിരുന്നു. ദിവ്യബോധനത്തിന്റെ എഴുത്തുകാര്‍ (കുത്താബുല്‍ വഹ് യ്)എന്നാണ് ഇവര്‍ അറിയപ്പെട്ടത്.

ഇവരുടെ പേരുകള്‍ ഇങ്ങനെയാണ്: അബൂബക്കര്‍, ഉമറുബ്‌നു ഖത്താബ്, ഉഥ്മാന്‍, അലിയ്യുബ്‌നു അബീത്വാലിബ്, ഉബയ്യുബ്‌നു കഅ്ബ്, സൈദുബ്‌നു ഥാബിത്, മുആദുബ്‌നു ജബല്‍, അര്‍ഖമുബ്‌നു അബീ അര്‍ഖം (യഥാര്‍ഥ പേര്) അബ്ദുമനാഫ്, ഥാബിതുബ്‌നു ഖൈസ്, ഹന്‍ദല ബ്‌നു റബീഅ്, മുആവിയ ബ്‌നു അബീ സുഫ് യാന്‍, അബ്ദുല്ലാഹിബ്‌നു സൈദ്, സുബൈറുബ്‌നു അവ്വാം, മുഗീറത്തുബ്‌നു ശുഅ്ബ തുടങ്ങിയവരൊക്കെ അതില്‍ ഉള്‍പെട്ടിരുന്നു. എന്നുവെച്ചാല്‍ ആരെങ്കിലും എന്തെങ്കിലും കേട്ട് എഴുതിവെക്കുന്ന സമ്പ്രദായമായിരുന്നില്ലെന്ന് ചുരുക്കം. ഇവരില്‍ പലരും ഇസ്്‌ലാമിലേക്ക് വന്നത് ഒരേ സമയത്തല്ല. എന്നാല്‍ എഴുതാന്‍ പ്രാപ്തിയും കഴിവുമുള്ളവരെ അതിന് തെരഞ്ഞെടുത്തിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇരുപതിനും ഇരുപത്തിമൂന്നിനും ഇടക്ക് ആളുകള്‍ അതിനായി നിയമിക്കപ്പെട്ടു. ഒരാളെ മാത്രം ആശ്രയിക്കുന്നത് അതിന്റെ സത്യസന്ധതക്കും പൂര്‍ണതക്കും വിഘാതമാകുമെന്ന കണക്കുകൂട്ടലിലാണ് പലരെ നിയമിച്ചത്. അവരില്‍ ചിലരുടെയൊന്നും മരണം ഖുര്‍ആനെ ബാധിക്കരുതെന്ന ശ്രദ്ധയും അതിന് പിന്നിലുണ്ടാകാം. യുദ്ധം നടന്നുകൊണ്ടിരിക്കെ അതിന്റെ എല്ലാ സാധ്യതകളും മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു അത് നടത്തിയിരുന്നത്.

അത് മാത്രമായിരുന്നില്ല ഖുര്‍ആന്റെ സുരക്ഷിതത്വത്തിന് അവലംബിച്ചത്. അവതരിക്കുന്ന മുറക്ക് വിശ്വാസികള്‍ അത് മനപ്പാഠമാക്കാന്‍ പ്രേരണ നല്‍കുകയും ചെയ്തു. ധാരാളം അനുചരന്‍മാര്‍ അത്തരത്തില്‍ മനപ്പാഠമാക്കി. നമസ്‌കാരത്തില്‍ അഞ്ചുസമയവും പാരായണം ചെയ്തു. പ്രവാചകനാകട്ടെ ഒരോ വര്‍ഷവും റമളാനില്‍ അതുവരെ അവതരിച്ച് കഴിഞ്ഞ സൂക്തങ്ങള്‍ ദിവ്യബോധനം നല്‍കിയ ജിബ്`രീല്‍ എന്ന മലക്കിന് പാരായണം ചെയ്ത് പാഠം നോക്കി. മദീനയിലെത്തിയപ്പോള്‍ പ്രവാചകന്‍ തന്നെയായിരുന്ന നമസ്‌കാരത്തിന് ഇമാമായി നിന്നിരുന്നത്. അദ്ദേഹം നമസ്‌കാരത്തില്‍ ചെറുതും വലുതുമായ സൂക്തങ്ങള്‍ പാരായണം ചെയ്തു. ചില അധ്യായങ്ങള്‍ പൂര്‍ണമായി വെള്ളിയാഴ്ച മിമ്പറിന്‍ പാരയണം ചെയ്തു. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം ഏതെങ്കിലും ഒരാള്‍ക്കോ ഒരു സംഘത്തിനോ പ്രവാചകന്റെ കാലത്ത് വിശുദ്ധഖുര്‍ആനില്‍ അതിലില്ലാത്ത ഒരു വാക്കും കൂട്ടിചേര്‍ക്കാനാകുമായിരുന്നില്ല. എന്നാല്‍ അതുവരെ അവതരിച്ച ഖുര്‍ആന്‍ രണ്ടു ചട്ടകള്‍ക്കുള്ളില്‍ ക്രമീകരിച്ച് മുസ്ഹഫാക്കി രൂപപ്പെടുത്തിയിരുന്നില്ല. അതിന്റെ കാരണം വ്യക്തമാണ്. പ്രവാചകന്റെ മരണം വരെ അതിന്റെ അവതരണം നടന്നുകൊണ്ടിരുന്നു അത്തരമൊരു ശ്രമം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. പ്രവാചകന്റെ അനുചരന്‍മാര്‍ സത്യസന്ധരും വിശ്വസ്തരുമായിരുന്നു. വളരെയേറെ ഭയപ്പാടോടുകൂടിയാണ് അവര്‍ പ്രവാചക വചനങ്ങളെ പോലും ഉദ്ധരിച്ചിരുന്നത്.

പ്രവാചകന്റെ മരണ ശേഷം അബൂബക്കര്‍ സിദ്ദീഖ് ഖിലാഫത്ത് അധികാരം ഏറ്റെടുത്തു. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുകയും പഠിക്കുകയും ചെയ്യുന്ന അറബി ശൈലി മാത്രമായി വിശുദ്ധഖുര്‍ആന്റെ കാര്യത്തില്‍ പിന്തുടരാവുന്നതല്ല എന്ന ബോധ്യപ്പെടുമാര്‍ നടന്ന സംഭവമാണ് യമാമ യുദ്ധം. ഇസ്‌ലാമിക രാഷ്ട്രത്തിനും നേതൃത്വത്തിനുമെതിരെ കലാപകൊടി ഉയര്‍ത്തി സായുധരായി വന്ന മുസൈലിമ എന്ന കള്ള പ്രവാചകന്റെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത യുദ്ധത്തില്‍  ഒട്ടേറെ സഹാബിമാര്‍ വധിക്കപ്പെട്ടു. അന്നുവരെ പ്രധാനമായും ഖുര്‍ആനെ അവലംബിച്ചിരുന്നത് എഴുതപ്പെട്ട ഏടുകളേക്കാള്‍ അതിന്റെ അനുയായികളുടെ മനഃപാഠത്തെയായിരുന്നു. അറബികളില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ പരിമിതമായിരുന്നു. അതുകൊണ്ടു തന്നെ മനഃപാഠമാക്കാനുള്ള അവരുടെ കഴിവും പ്രസിദ്ധമായിരുന്നു. എന്നാല്‍ ഈ സംഭവം ഒരു പുതിയ ചിന്തക്ക് തുടക്കമിട്ടു. ഉമര്‍ ആണ് ഇതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്.  അദ്ദേഹം അന്നത്തെ ഭരണാധികാരിയായ അബൂബക്കറിനെ ഇക്കാര്യം ഉണര്‍ത്തി. സൈദുബ്‌നുഥാബിതിനെ നിര്‍ദ്ദേശിച്ചതും അദ്ദേഹം തന്നെ. ആ സംഭവം പിന്നീട് സൈദ് തന്നെ വിശദീകരിച്ചിട്ടുണ്ട്. വളരെ ഗൗരവതരമായ ഒരു ഉത്തരവാദിത്തമാണ് അദ്ദേഹം ഏല്‍പിക്കപ്പെടുന്നത് എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ 'പര്‍വതം അതിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായി' അദ്ദേഹം ആദ്യമതിനെ കണ്ടു. പക്ഷെ പിന്നീട് അദ്ദേഹത്തിന് അത് പ്രയാസരഹിതമായി സാധിച്ചു. അങ്ങനെ എല്ലിലും തോലിലുമായി എഴുതപ്പെട്ട മുഴുവന്‍ രേഖകളും ഹാജറാക്കി. മനപ്പാഠമാക്കിയവരുടെ സഹായത്തോടെ ആ കൃത്യം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. മനഃപാഠത്തെയോ എഴുത്തിനെയോ മാത്രം അവലംബിച്ച് ഒന്നും അതില്‍ ചേരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ മനപാഠമുണ്ടെങ്കിലും രേഖ ലഭിക്കുന്നത് വരെ അത് തടഞ്ഞുവെച്ചു. ഒരൊറ്റ സൂക്തം പോലും എഴുതപ്പെട്ട രേഖയില്ലാതെ അതില്‍ ചേര്‍ത്തില്ല. അപ്രകാരം തടഞ്ഞുവെച്ച സൂക്തമാണ് 128:9 അബൂഹുസൈമത്തുല്‍ അന്‍സാരിയി(ഹുസൈമത്തുബ്‌നു ഥാബിത്) ല്‍നിന്ന്  അത് ലഭിച്ച ശേഷമാണ് അത് ചേര്‍ത്തത്. ഒരോ ലിഖിതവും രണ്ട് സാക്ഷികളെ ലഭിച്ചതിന് ശേഷമല്ലാതെ ചേര്‍ത്തിരുന്നില്ല. അതിന് സാക്ഷ്യം വഹിച്ചത് ഉമര്‍ (റ) തന്നെയായിരുന്നു.

ഇപ്രകാരം ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തിന് എന്ത് പേര് വെക്കണം. പലരും സുവിശേഷം എന്നും മറ്റുമുള്ള പേര് നിര്‍ദ്ദേശിച്ചെങ്കിലും നിലവിലുള്ള ബൈബിളുമായി സാമ്യമുള്ളതിനാല്‍ ആ പേര്‍ ഒഴിവാക്കുകയും അബ്ദുള്ളാഹിബ്‌നു മസ്ഊദിന്റെ അഭിപ്രായ പ്രകാരം എത്യോപ്യയില്‍ ഉപയോഗിക്കുന്ന മുസ്ഹഫ് എന്ന് പേര്‍ വെക്കുകയും ചെയ്തു.   ആ മുസ്ഹഫ് ആദ്യം അബൂബക്കറിന്റെ പക്കലും പിന്നീട് ഉമറിന്റെ പക്കലും സൂക്ഷിച്ചു മരണ സമയത്ത് അത് തന്റെ മകളായ ഹഫ്സയെ ഏല്‍പിച്ചു. അല്ലാഹു അവതരിപ്പിച്ചത് ഖുര്‍ആനായിരുന്നു. അതിന്റെ ഉച്ചാരണവും ശൈലിയും പാരായണവും എല്ലാം ദൈവികമാണ്. അതുകൊണ്ടാണ് നാം ഖുര്‍ആന്‍ എന്ന് പേര് തന്നെ ഉപയോഗിക്കുന്നത്. അതിന്റെ ലിഖിത രൂപത്തിന് നാം സൗകര്യാര്‍ഥം മുസ്ഹഫ് എന്ന് ഉപയോഗിക്കുന്നുവെന്ന് മാത്രം. ലിഖിതരൂപത്തിന് മാത്രം അമിതപ്രാധാന്യമില്ല എന്ന് സൂചിപ്പിക്കുയായിരുന്നു.

അതുകൊണ്ടുതന്നെ അതിന്റെ അക്ഷരങ്ങള്‍ മാത്രമല്ല. പാരായണ ശൈലിയും സുരക്ഷിതമാക്കപ്പെട്ടു. പാരായണ വിദഗ്ദരില്‍ അഗ്രഗണ്യരും പ്രശസ്തരും പ്രവാചകന്റെ പ്രത്യേക നിര്‍ദ്ദേശം ലഭിച്ചവരുമായ ഉബയ്യുബ്‌നു കഅ്ബ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, സാലീം മൗലാ അബീ ഹദൈഫ, മുആദ് ബ്‌നു ജബല്‍ ഇവരെല്ലാം സൈദ് ക്രോഡീകരിക്കുമ്പോള്‍ ജീവിച്ചരുന്നവരും അതില്‍ സഹകരിച്ചവരുമായിരുന്നു. അതോടൊപ്പം പ്രദേശിക ശൈലിയനുസരിച്ച് പാരായണം ചെയ്യുന്നത് തടയപ്പെട്ടിരുന്നില്ല. ചിലവാക്കുകളിലും ഉച്ചാരണങ്ങളിലുമാണ് അത് പ്രതിഫലിക്കുക. (ഉദാഹരണം പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാകും. ഈജിപ്ത്യന്‍ അറബികള്‍ ജമാല്‍ എന്നതിന് ഗമാല്‍ എന്നാണ് ഉച്ചരിക്കുക, അതേ പ്രകരാം ചില വാക്കുകളും സൗകര്യാര്‍ഥം ആളുകള്‍ മാറ്റി ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലാക്കാം). എന്നാല്‍ ഖുര്‍ആന് തനതായ ഒരു ശൈലിയുണ്ടായിരുന്നു. അത് ഖുറൈശികളുടെ പാരായണ രൂപമാണ്. ഉസ്മാന്റെ കാലത്ത് ഇത്തരം ചില തര്‍ക്കങ്ങള്‍ നടന്നതിനാല്‍ പാരായണ രൂപം ഏകീകരിക്കുകയും ഹഫ്സയുടെ പക്കലുള്ള മുസ്ഹഫിന്റെ കോപ്പികളെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

അതോടെ ലിഖിതവും പാരായണ രൂപവും ഏകീകരിക്കപ്പെട്ടു. അതൊടൊപ്പം അവിടെവിയെയായി വ്യക്തികള്‍ രേഖപ്പെടുത്തുകയും പാരായണം ചെയ്തു പോരുകയും ചെയ്ത ഏടുകളും ലിഖിതങ്ങളും അപ്രസക്തമായി. അവ ഇനി നിലനിര്‍ത്തുന്നത് ദോശമല്ലാതെ നന്മവരുത്തില്ല എന്നത് വ്യക്തമാണ് അങ്ങനെയാണ് ഔദ്യോഗിക രൂപമല്ലാത്തവയെല്ലാം കരിച്ചു കളയാന്‍ ഉത്തരവിട്ടത്. അബൂബക്കറോ ഉമറോ അത് ചെയ്തിരുന്നില്ല. ഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന നിലക്കുള്ള ഒരു ഭരണ നടപടിയായിട്ടാണ് അത് കാണേണ്ടത്. പാരായണം ഏകീകരിച്ചതിനും അതേ ന്യായമാണുള്ളത്. കാരണം ഏഴുരൂപത്തിലുള്ള പാരായണം പ്രവാചകന്‍ തന്നെ അംഗീകരിച്ചതായിരുന്നു.

ഉസ്മാന്‍ (റ) പ്രസ്തുത കര്‍മം നിര്‍വഹിച്ചതും അതീവ സൂക്ഷമതയോടെയാണ്. ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന കോപ്പികൊണ്ടുവരികയും അതിന്റെ ശരിയായ ഉച്ചാരണ രീതിയായ ഖുറൈശി ശൈലി പ്രകാരം തയ്യാറാക്കുന്നതിനാല്‍ അബൂബക്കറിന്റെ കാലത്ത് ക്രോഡീകരിച്ച അതേ സൈദുബ്‌നുസാബിതിന്റെ നേതൃത്വത്തിലുള്ള നാലംഗത്തെ ചുമതലപ്പെടുത്തി. അബ്ദുല്ലാഹിബ്‌നു സുബൈര്‍, സൈദുബ്‌നുല്‍ ആസ്വ്, അബ്ദുറ്ഹ്മാനുബ്‌നു ഹിഷാം തുടങ്ങിയാവരായിരുന്നു മറ്റുമൂന്ന് പേര്‍. ഇങ്ങനെ തയ്യാറാക്കിയ കോപികള്‍ ഈജിപ്ത്, ബസറ, കൂഫ, മക്ക, സിറിയ, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ നാടുകളിലേക്ക് അയച്ചുകൊടുത്തു. ഇവയുടെ പതിപ്പുകളാണ് ഇന്നും പ്രചാരത്തിലുള്ളത്.

ഇത്രയും കാര്യങ്ങളാണ് ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ചുരുക്കി പറയാന്‍ കഴിയുന്നത്. ഇതെല്ലാവര്‍ക്കും അറിയാം.  പക്ഷെ ഇവിടെ നടക്കുന്ന ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് ഞാനിത് തയ്യാറാക്കിയത്. പെട്ടെന്ന് തയ്യാറാക്കിയതിനാല്‍. സംഭവിക്കാനിടയുള്ള അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പോസ്റ്റില്‍ തന്നെ തിരുത്തുന്നതാണ്. ഒരു ഗ്രന്ഥത്തിന്റെ സുരക്ഷക്ക് ആവശ്യമുള്ള എല്ലാവിധമുള്ള മുന്നൊരുക്കവും മനുഷ്യരിലൂടെ തന്നെ നടത്തപ്പെട്ടു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ദൈവം സംരക്ഷിക്കും എന്ന വാഗ്ദാനം ദൈവത്തിന്റെ നല്ലവരായ ദാസന്‍മാരിലൂടെ തന്നെയാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.

അങ്ങനെ വിശുദ്ധഖുര്‍ആന്‍ ലോകത്ത് മറ്റൊരു വേദഗ്രന്ഥത്തിനും അവകാശപ്പെടാന്‍ സാധ്യമല്ലാത്തവിധം സുരക്ഷിതമായി നിലനില്‍ക്കുന്നു. ഖുര്‍ആനിന്റെ ദൈവികതക്ക് മറ്റൊരു ദൃഷ്ടാന്തമായി.

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പതിനൊന്നാമത്തെ തെളിവ്.

തെറ്റുകളില്‍നിന്നും  മുക്തം.

തെറ്റുകളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും മുക്തമായ ഗ്രന്ഥം എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ ദൈവികതക്ക് പതിനൊന്നാമത്തെ തെളിവ്. ലോകത്ത് കോടാനുകോടി പുസ്തകങ്ങളുണ്ട്. രചിക്കുന്നത് വ്യക്തികളാണെങ്കിലും ഒട്ടേറെ പരിശോധനക്ക് ശേഷമാണ് അത് പുറത്തിറക്കുന്നത്. ഒരു വ്യക്തി തന്നെ രചിക്കുകയും തിരുത്തുകള്‍ വരുത്തുകയും ചെയ്ത് പുറത്തിറക്കുന്ന ഗ്രന്ഥങ്ങള്‍ തീരെയില്ലെന്നല്ല. അതേ പ്രകാരം ഒരു പാടുപേര്‍ ഒരുമിച്ച് ചേര്‍ന്ന് പുറത്തിറക്കുന്ന വിജ്ഞാനകോശങ്ങളുണ്ട്. അവയൊന്നും തെറ്റില്‍നിന്ന് മുക്തമാണ് എന്ന് അവയൊന്നും അവകാശപ്പെടാറില്ല. നോവലിനും കഥക്കും ഇത്തരം കാര്യങ്ങള്‍ ബാധകമല്ല. നേരെ മറിച്ച് ചരിത്രവും, നിയമവും, ഭൗതിക പ്രതിഭാസങ്ങളുടെ പരാമര്‍ങ്ങളും, കാര്‍മശാസ്ത്രവുമടക്കം അനേകം വിഷയങ്ങള്‍ ഉള്‍കൊള്ളുന്ന  ഉള്‍കൊള്ളുന്ന അതിസങ്കീര്‍ണ്ണമായ ഒരു ഗ്രന്ഥം തെറ്റില്‍നിന്ന് മുക്തമാണ് എന്ന് സ്വയം അവകാശപ്പെടാന്‍ മാനുഷികമായ ഗ്രന്ഥത്തിന് സാധ്യമല്ലെന്ന് നമ്മുടെ സാമാന്യബുദ്ധി സമ്മതിക്കും. അതിന്റെ ഏറ്റവും വലിയ തെളിവ് ഖുര്‍ആനില്‍ അബദ്ധങ്ങളും തെറ്റുകളും കണ്ടെത്താനുള്ള ശ്രമം തന്നെ. ഗംഭീര ശ്രമമാണ് അതിന് വേണ്ടി നടത്തിയിട്ടുള്ളത്. അതിന് വേണ്ടി ഖുര്‍ആനില്‍ ഒന്നും രണ്ടുമല്ല ആയിരം തെറ്റുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു!!!. എങ്ങനെയാണ് ആയിരം എന്ന സംഖ്യഇത്ര കൃത്യമായി ലഭിച്ചതെന്നറിയില്ല.  അതിന്റെ തുടക്കത്തില്‍ നല്‍കിയ ഒരു വാചകം ശ്രദ്ധേയമാണ്. അതിങ്ങനെ:

NB: If you find any mistakes anywhere, please inform us.

പുസ്തകങ്ങളുടെ അവസാനം ശുദ്ധിപത്രം എന്ന ഒരു പേജ് സാധാരണ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളില്‍ സാധാരണമാണ്. എല്ലാ പരിശോധനക്കും ശേഷം പുസ്തകം അടിച്ചതിന് ശേഷം വരുന്ന തെറ്റുകളാണ് പലപ്പോഴും ഒരു പേജാക്കി തിരുത്താന്‍ വായനക്കാര്‍ക്കായി നല്‍കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച കഥ നോവല്‍ എന്നിങ്ങനെയുള്ള കലാസാഹിത്യ സൃഷ്ടികളൊഴികെയുള്ളവ പത്തുപതിപ്പുകള്‍ പുറത്തിറങ്ങിയാല്‍ പത്തിലും എന്തെങ്കിലും തിരുത്തുകള്‍ സാധാരമമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷത്തിനകം ലക്ഷക്കണക്കിന് പതിപ്പുകള്‍ പുറത്തിറങ്ങി. അതില്‍ ഏതെങ്കിലും പരാമര്‍ശം മാറ്റി എഴുതണമെന്ന് ആര്‍ക്കും തോന്നിയില്ല. അറബി ഭാഷ ലോകമെങ്ങും പ്രചാരമുള്ളതും ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നും, 20-ല്‍പരം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും 40-ലധികം രാജ്യങ്ങളിലെ സംസാര ഭാഷയുമാണ്. ഭാഷാപരമായ ഒരബദ്ധമുള്ളതായി ഉത്തരവാദപ്പെട്ട ഭാഗത്ത് നിന്ന് വരികപോലും ചെയ്തിട്ടില്ല.

യുക്തിവാദികളും മതനിഷേധികളുമായ ആളുകള്‍ ഭാഷാപരമായ ന്യൂനത എന്ന് പറഞ്ഞ് ചില പരാമര്‍ശങ്ങള്‍ നടത്താറുണ്ടെങ്കിലും അതിനെതിരെയുള്ള ഭാഷാവിധഗ്ദരുടെ മറുപടി പ്രസക്തമായതിനാല്‍ അത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഹാസംഭവങ്ങളായി ആര്ക്കും അനുഭവപ്പെടാറില്ല. മക്കയിലെ പ്രതിയോഗികള്‍ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നെങ്കിലും ഖുര്‍ആനില്‍ തെറ്റുണ്ട് എന്ന ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.  വിശുദ്ധ ഖുര്‍ആനില്‍ അബദ്ധങ്ങളില്ല എന്നത് ഖുര്‍ആന്‍ അനുയായികളുടെ ഒരു അവകാശവാദമല്ല. ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ കാര്യമാണ് എന്നതാണ് ഏറെ അത്ഭുതകരം. ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

നമ്മുടെ സൂക്തങ്ങളില്‍ ദുരര്‍ഥമാരോപിക്കുന്നവരുണ്ടല്ലോ, അവര്‍ നമ്മില്‍നിന്ന് മറഞ്ഞുപോകുന്നൊന്നുമില്ല. സ്വയം ചിന്തിച്ചുനോക്കുക, നരകത്തിലെറിയപ്പെടുന്ന മനുഷ്യനാണോ ഉത്തമന്‍, അതല്ല പുനരുത്ഥാന നാളില്‍ നിര്‍ഭയനായി ഹാജരാകുന്നവനോ? നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തുകൊള്ളുവിന്‍. ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടിരിക്കുകയാകുന്നു. ഉദ്ബോധന സന്ദേശം വന്നുകിട്ടിയപ്പോള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത ജനമത്രെ ഇത്. നിശ്ചയം, ഇതൊരു പ്രൌഢഗംഭീരമായ വേദമാകുന്നു. മുന്നിലൂടെയും പിന്നിലൂടെയും അതില്‍ അസത്യം വരാവതല്ല. അഭിജ്ഞനും സ്തുത്യനുമായ ഒരുവനില്‍നിന്ന് അവതരിച്ചതത്രെ ഇത്. (41: 40-42)

ഇവിടെ ബാത്വില്‍ എന്ന അറബി പദമാണ് ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ അര്‍ഥമുള്‍കൊള്ളുന്ന പദമാണത്. അവാസ്തവം, അസത്യം, മിഥ്യ, തെറ്റ്, അബദ്ധം എന്നിവയൊക്കെ അതിന്റെ അര്‍ഥമായി വരുന്നതാണ്. മുഹമ്മദ് നബി രചിക്കുകയും അത് ദൈവത്തിന്റെ പേരില്‍ കെട്ടിപ്പറയുകയുമാണ് ചെയ്തിരുന്നതെങ്കില്‍ അത് ബാത്വിലിന് ഏറ്റവും വലിയ ഉദാഹണമാകുമായിരുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക.

'ഇദ്ദേഹം അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവെന്നാണോ ഈ ജനം പറയുന്നത്? അല്ലാഹുവിന് ,വേണമെങ്കില്‍ നിന്റെ ഹൃദയത്തിനും മുദ്രവെക്കാമായിരുന്നു. എന്നാല്‍ അവന്‍ മിഥ്യയെ തുടച്ചുമാറ്റുകയും തന്റെ ശാസനകളാല്‍ സത്യത്തെ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുകയുമാകുന്നു.' (42:24)

'മുന്നിലൂടെയും പിന്നിലൂടെയും അതില്‍ (ഖുര്‍ആനില്‍) അസത്യം വരാവതല്ല.' എന്ന് സൂക്തഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇപ്രകാരം പറഞ്ഞു:
    
 'മുന്നിലൂടെ വരാന്‍ കഴിയില്ല എന്നതിന്റെ താല്‍പര്യമിതാണ്: ഒരാള്‍ ഖുര്‍ആനിനെ നേരിട്ടാക്രമിച്ച് അതിലെ ഏതെങ്കിലും ആശയം തെറ്റാണെന്നോ അധ്യാപനം അസത്യമോ അസാധുവോ ആണെന്നോ സ്ഥാപിക്കാന്‍ ഒരുമ്പെട്ടാല്‍ വിജയിക്കുവാന്‍ പോകുന്നില്ല. പിന്നിലൂടെ വരാന്‍ കഴിയില്ല എന്നതിന്റെ വിവക്ഷ ഇപ്രകാരമാകുന്നു: ഖുര്‍ആന്‍ അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങള്‍ക്കെതിരായി ഒരു സത്യമോ വസ്തുതയോ ഒരിക്കലും വെളിപ്പെടുകയില്ല. ഖുര്‍ആന്‍ വിവരിച്ച ജ്ഞാനത്തെ നിഷേധിക്കുന്ന യാതൊരു ശാസ്ത്രവും യഥാര്‍ഥ ശാസ്ത്രമായി വരിക സാധ്യമല്ല. ആദര്‍ശം, ധര്‍മം, നിയമം, സംസ്കാരം, നാഗരികത, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളില്‍ ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ മാര്‍ഗദര്‍ശനങ്ങളില്‍ ഏതെങ്കിലുമൊന്ന് തെറ്റാണെന്ന് തെളിയിക്കുന്ന യാതൊരനുഭവവും സാക്ഷ്യവും ഉണ്ടാവുക വയ്യ. ഈ ഗ്രന്ഥം ഏതൊന്നിനെ സത്യമെന്ന് വിളിച്ചിട്ടുണ്ടോ, അത് മിഥ്യയാണെന്ന് തെളിയുക ഒരിക്കലും സാധ്യമല്ല. അത് ഏതൊന്നിനെ മിഥ്യയെന്ന് വിളിച്ചിട്ടുണ്ടോ അത് സത്യമെന്ന് തെളിയിക്കപ്പെടുകയും ഒരിക്കലും സാധ്യമല്ല. കൂടാതെ, മിഥ്യ നേരിട്ടാക്രമിച്ചാലും ശരി, പിന്നില്‍ മറഞ്ഞുനിന്നാക്രമിച്ചാലും ശരി ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സന്ദേശത്തെ പരാജയപ്പെടുത്താന്‍ ഒരു നിലക്കും അതിന് സാധിക്കുകയില്ല എന്ന ആശയവും കൂടി ഈ വാക്യം ഉള്‍ക്കൊള്ളുന്നുണ്ട്. എല്ലാ എതിര്‍പ്പുകളും, എതിരാളികള്‍ രഹസ്യവും പരസ്യവുമായ സകല തന്ത്രങ്ങളും പയറ്റുന്നുണ്ടെങ്കിലും, ഈ സന്ദേശം പ്രചരിച്ചുകൊണ്ടേയിരിക്കും. ആര്‍ക്കും അതിനെ പരാജയപ്പെടുത്താനാവില്ല.'

ഞാന്‍ പറയുന്നതിത്രമാത്രം വിശുദ്ധഖുര്‍ആനില്‍ അസത്യമോ മിഥ്യയോ തെറ്റോ സംഭവിച്ചിട്ടില്ല, സംഭവിക്കുകയുമില്ല എന്നത് ഖുര്‍ആന്റെ അവകാശവാദമാണ്. പഠിച്ചിടത്തോളം അത് വസ്തുതയാണെന്ന് വിശ്വാസികളായ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അതിന് ശ്രമിക്കാം. ഖുര്‍ആന്‍ ദൈവികമോ അതല്ല മാനുഷികമോ എന്നല്ലാമുള്ള വിധി അതിന് ശേഷമാക്കുന്നതല്ലേ മനുഷ്യ ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന നിലപാട്?. നിങ്ങള്‍ അവലംബമാക്കുന്നത് എന്താകട്ടേ അത് ഇതിനേക്കാള്‍ യുക്തി ഭദ്രമാണെങ്കില്‍ പരിചയപ്പെടുത്തുക നമ്മുക്ക് ഒന്നായി സത്യാന്വേഷണത്തില്‍ പങ്കാളികളാകാം.  

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്.

 പുലരുന്ന പ്രവചനങ്ങള്‍:

ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്, അത് നടത്തിയ പ്രവചനങ്ങള്‍ സത്യമായി പുലര്‍ന്നുവെന്നതാണ്. ഖുര്‍ആന്‍ അതിന്റെ ദൗത്യവിജയം പ്രവചിക്കുമ്പോള്‍ അതു പുലരുന്നതിനുള്ള ഉപാധികളും സാഹചര്യങ്ങളും എങ്ങും ദൃശ്യമായിരുന്നില്ല. എന്നിട്ടും അവയിലോരോന്നും പുലര്‍ന്നതായി ലോകം കാണുകയുണ്ടായി. ഒറ്റ പ്രവചനം പോലും തെറ്റിയതായി തെളിഞ്ഞില്ല. ഉദാഹരണത്തിന്:

പലായനത്തിന്റെ ആറാം വര്‍ഷത്തില്‍ ഹുദൈബിയാ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് ഇങ്ങനെ സന്തോഷവാര്‍ത്ത അറിയിച്ചു.

'തീര്‍ച്ചയായും അല്ലാഹു അവന്റെ ദൂതന് ശരിയായ സ്വപ്നം കാണിച്ചിരുന്നു. അത് തികച്ചും സത്യവുമായിരുന്നു. ഇന്‍ശാഅല്ലാഹ്! നിങ്ങള്‍ നിര്‍ഭയരായി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും; ശിരസ്സ് മുണ്ഡനം ചെയ്തവരായും മുടിമുറിച്ചവരായും,നിര്‍ഭയരായും. നിങ്ങള്‍ അറിയാത്ത ചിലത് അവന്‍ അറിഞ്ഞിരുന്നു. അതിനാല്‍ ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മുമ്പ് അവന്‍ നിങ്ങള്‍ക്ക് ഈ അടുത്ത വിജയം പ്രദാനംചെയ്തു.' (48:27)

ഈ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം നോക്കുക. മദീനയില്‍ നിന്ന് ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് പുറപ്പെട്ട മുസ്ലിംകളെ മക്കയിലെ നിഷേധികള്‍ തടയുകയും സമ്മര്‍ദ്ദത്തിനു വിധേയമായി സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇത്രയും ദുര്‍ഘടം പിടിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകള്‍ നിര്‍ഭയരായി മക്കയില്‍ പ്രവേശിക്കും എന്ന് പ്രതീക്ഷിക്കാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുമെന്ന് പ്രവാചകനെ അറിയിച്ചത് സത്യമാണെന്ന് ഉണര്‍ത്തുകയാണിവിടെ. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന അതേ നിലപാടോടുകൂടി ഹിജ്‌റ 7 ല്‍ മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്തു.

********************

'നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്തെന്നാല്‍, അവരെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുന്നതാകുന്നു -അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ പ്രതിനിധികളാക്കിയിരുന്നതുപോലെ. അല്ലാഹു അവര്‍ക്കായി തൃപ്തിപ്പെട്ടേകിയ ദീനിനെ ഭദ്രമായ അടിത്തറകളില്‍ സ്ഥാപിച്ചുകൊടുക്കുന്നതുമാകുന്നു. അവരുടെ (നിലവിലുള്ള) അരക്ഷിതാവസ്ഥയെ മാറ്റി, പകരം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതുമാകുന്നു.' (24:55)

സൂക്തത്തില്‍ നിന്ന് വെളിവാക്കുന്നത് പോലെ തികച്ചും അരക്ഷിതവും നിസ്സാഹയവുമായ അവസ്ഥയില്‍നിന്ന് അവരുടെ ദര്‍ശനം ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുമെന്നും സുരക്ഷിതത്വം കൈവരുമെന്നും ഇത് വെളിപ്പെടുത്തുന്നു. പ്രസ്തുത സൂക്തത്തിലെ വാക്കുകള്‍ യഥാര്‍ഥ സംഭവങ്ങളായി രൂപാന്തരപ്പെട്ടത് ലോകജനത കണ്ണുകൊണ്ടു കണ്ടുകഴിഞ്ഞതാണ്.

*****************
അത്യധികം കലങ്ങിമറിഞ്ഞതും യുദ്ധത്തിന്റെ അപകടങ്ങള്‍ നിറഞ്ഞതുമായ മദീനയിലെ ആപത്കരമായ അന്തരീക്ഷത്തില്‍ ഖുര്‍ആന്‍ അതിന്റെ പ്രവാചകനം സംബന്ധിച്ചു പ്രഖ്യാപിച്ചു.

'ജനങ്ങളില്‍നിന്നെല്ലാം അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്.' (5:67)

അപ്രകാരം മക്കയിലെ, ഭീതിയുടെയും മര്‍ദനത്തിന്റെയും നിസ്സഹായതയുടെയും ഘട്ടത്തിലും ഖുര്‍ആന്‍ ഇങ്ങനെ സാന്ത്വനപ്പെടുത്തുകയുണ്ടായി

'നിന്റെ നാഥന്റെ കല്‍പനയാല്‍ നീ ഉറച്ചുനില്‍ക്കുക. എന്തുകൊണ്ടെന്നാല്‍ നീ നമ്മുടെ കണ്‍മുമ്പിലാണ് നിലകൊള്ളുന്നത്.' (52:48)

മക്കയിലെ മേലാളന്‍മാരായ നിഷേധികളായ ശത്രുക്കളില്‍നിന്നും മദീനയിലെ കപടവിശ്വാസികളില്‍നിന്നും ശത്രുത കാണിച്ച ജൂതന്‍മാരില്‍നിന്നും അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചുവെന്നത് ചരിത്രത്തില്‍ നാം കാണുന്നു.

**********************

വിശുദ്ധഖുര്‍ആനെ സംബന്ധിച്ച് ദൈവം പ്രഖ്യാപിക്കുന്നതായി ഇങ്ങനെ കാണാം.

'ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു' (15:9)

നോക്കുക, ഈ പ്രവചനം ഇന്നേവരെ ഒരു യാഥാര്‍ഥ്യവും വസ്തുതയുമായി എത്ര ഭംഗിയില്‍ പുലര്‍ന്നു വന്നിരിക്കുന്നു. തെല്ലെങ്കിലും സത്യസന്ധതയുള്ള ഒരു ഖുര്‍ആന്‍ വിമര്‍ശകനും അത് നിഷേധിക്കുക സാധ്യമല്ല. പ്രവാചകനിലൂടെ എപ്രകാരം അവതരിപ്പിക്കപ്പെട്ടുവോ അതേ വാക്കുകളില്‍ അതേ രൂപത്തില്‍ ഇന്നുവരെ പരിപൂര്‍ണമായി സുരക്ഷിതമായി അത് നിലകൊള്ളുന്നു. അതേ അവസരത്തില്‍ ഖുര്‍ആന് മുമ്പുള്ള വേദങ്ങളിലൊന്നും അതേ പ്രകാരം സുരക്ഷിതമാണ് എന്ന് അതിന്റെ അനുയായികള്‍ക്ക് പോലും അവകാശവാദമില്ല. അവ സ്വയം വാദിക്കുന്നില്ല എന്നത് വേറെ കാര്യം. പക്ഷെ വിശുദ്ധഖുര്‍ആന്‍ സ്വയം അവകാശപ്പെട്ട പോലെ ഇന്നും സുരക്ഷിതമായി നിലനില്‍ക്കുന്നു. ലോകം അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

**********************

ഇറാന്‍ അഗ്നിയാരാധകരുടെ കയ്യായി റോമന്‍ ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായ പരാജയം നേരിട്ട സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

'റോമക്കാര്‍ അടുത്ത ഭൂപ്രദേശത്തു പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയികളാവും. അല്ലാഹുവിന്റേത് മാത്രമാകുന്നു അധികാരം; മുമ്പും പിമ്പും. അന്ന് അല്ലാഹു അരുളിയ വിജയത്താല്‍ മുസ്ലിംകള്‍ സന്തോഷം കൊള്ളുന്നതാകുന്നു.' (30:2-4)

ഈ സൂക്തങ്ങളിലടങ്ങിയ പ്രവചനം എങ്ങനെ പുലര്‍ന്നുവെന്നറിയാന്‍ മൗലാന മൗദൂദി നല്‍കിയ ചരിത്രാഖ്യാനം നോക്കുക:

[[.....'റോമക്കാര്‍ പരാജിതരായി. എന്നാല്‍ ഈ പരാജയത്തിനുശേഷം ഏതാനും കൊല്ലങ്ങള്‍ക്കകം അവര്‍ ജേതാക്കളായിത്തീരും. അന്ന് അല്ലാഹു നല്‍കിയ വിജയത്താല്‍ സത്യവിശ്വാസികളും സന്തുഷ്ടരായിരിക്കും. ഇതില്‍ രണ്ട് പ്രവചനങ്ങളുണ്ട്: ഒന്ന്, റോമക്കാര്‍ക്ക് പില്‍ക്കാലത്ത് വിജയം കൈവരും. രണ്ട്, ആ കാലത്ത് മുസ്ലിംകള്‍ക്കും വിജയമുണ്ടാകും. ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ ഇതില്‍ ഒരു പ്രവചനമെങ്കിലും പുലരുമെന്നതിന് അന്ന് പ്രത്യക്ഷത്തില്‍ വിദൂരമായ ലക്ഷണങ്ങള്‍പോലും കാണപ്പെട്ടിരുന്നില്ല. ഒരുവശത്ത് മക്കയില്‍ മര്‍ദിതരും നിസ്സഹായരുമായി കഴിയുന്ന ഒരുപിടി മുസ്ലിംകളാണുണ്ടായിരുന്നത്. ഈ പ്രവചനത്തിനുശേഷവും എട്ട് വര്‍ഷത്തോളം അവര്‍ക്ക് വിജയം കൈവരുന്നതിന്റെ യാതൊരു സാധ്യതയും ആര്‍ക്കും ദൃശ്യമായിരുന്നില്ല. മറുവശത്താകട്ടെ റോമക്കാരുടെ പരാജയം ദിനേന അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ക്രിസ്ത്വബ്ദം ആയപ്പോള്‍ ഈജിപ്ത് മുഴുക്കെ പേര്‍ഷ്യയുടെ പിടിയിലായി. മജൂസി സൈന്യം ട്രിപ്പോളിക്കടുത്തെത്തി , തങ്ങളുടെ കൊടിനാട്ടി. റോമാ സൈന്യത്തെ അവര്‍ ഏഷ്യാമൈനറില്‍നിന്ന് , ബാസ്ഫോറസ് തീരത്തോളം തള്ളിയകറ്റി. ക്രിസ്ത്വബ്ദം 617-ല്‍ പേര്‍ഷ്യന്‍പട സാക്ഷാല്‍ കോണ്‍സ്റാന്റിനോപ്പിളിന് തൊട്ടടുത്ത ചല്‍ക്ക്ഡോണ്‍ , (Chalcedon ഇന്നത്തെ ഖാദിക്കോയ്) പിടിച്ചടക്കി. സീസര്‍, ഖുസ്രുവിന്റെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു. എന്തു വിലകൊടുത്തും സന്ധിയുണ്ടാക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം താഴ്മയോടെ അപേക്ഷിച്ചു. പക്ഷേ, ഖുസ്രു പര്‍വേസിന്റെ മറുപടി ഇപ്രകാരമായിരുന്നു: `സീസര്‍ എന്റെ സന്നിധിയില്‍ വന്ന് സ്വന്തം ഖഡ്ഗം അടിയറവെക്കുകയും അവരുടെ ക്രൂശിതദൈവത്തെ വെടിഞ്ഞ് അഗ്നിമഹാദേവന്റെ അടിമത്തം സ്വീകരിക്കുകയും ചെയ്യുന്നതുവരെ ഞാന്‍ അയാള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതല്ല.` ഒടുവില്‍ കോണ്‍സ്റാന്റിനോപ്പിള്‍ വെടിഞ്ഞ് കാര്‍ത്തേജിലേക്ക് (ഇന്നത്തെ തുനീഷ്യ) പലായനം ചെയ്യാനുദ്ദേശിക്കുന്നിടത്തോളം സീസറുടെ സ്ഥിതി വഷളായിത്തീര്‍ന്നു. ഇംഗ്ളീഷ്, ചരിത്രകാരനായ ഗിബ്ബന്റെ അഭിപ്രായത്തില്‍*(1.Gibbon, Decline and fall of the Roman Empire, Vol. II. P. 788, Modern Library Newyork)* ഖുര്‍ആന്റെ ഈ പ്രവചനാനന്തരം ഏഴെട്ടുവര്‍ഷത്തോളം, റോമാസാമ്രാജ്യം ഇനി പേര്‍ഷ്യയെ ജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത നിലയില്‍ തന്നെയായിരുന്നു സ്ഥിതിഗതികള്‍. വിജയിക്കുന്നതുപോയിട്ട് ആ സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്നുപോലും അന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ഖുര്‍ആന്റെ ഈ പ്രവചനത്തെ മക്കയിലെ നിഷേധികള്‍ വല്ലാതെ പരിഹസിച്ചു. ഉബയ്യുബ്നുഖലഫ്  ഹദ്റത്ത് അബൂബക്കറുമായി വാതുവെച്ചു: `മൂന്നു വര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ ജയിച്ചാല്‍ അബൂബക്കറിനു താന്‍ പത്തൊട്ടകം നല്‍കാം. അല്ലെങ്കില്‍ അദ്ദേഹം തനിക്ക് പത്തൊട്ടകം തരണം.` നബി(സ) ഈ പന്തയത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പറഞ്ഞു: `ഫീ ബിള്ഇ സിനീന്‍` എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. പത്തില്‍ താഴെയുള്ള സംഖ്യകളെ പൊതുവില്‍ സൂചിപ്പിക്കാനാണല്ലോ അറബിഭാഷയില്‍ `ബിള്അ്` എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് പന്തയം പത്തുവര്‍ഷത്തിനുള്ളില്‍ എന്നാക്കി ഒട്ടകത്തിന്റെ എണ്ണം നൂറായി വര്‍ധിപ്പിച്ചുകൊള്ളുക.` ഇതനുസരിച്ച് ഹദ്റത്ത് അബൂബക്കര്‍ (റ) ഉബയ്യുമായി സംസാരിച്ച്, പന്തയം, പത്തുവര്‍ഷത്തിനുള്ളില്‍ ആരുടെ വാദമാണോ പിഴക്കുന്നത് അയാള്‍ മറുകക്ഷിക്ക് നൂറൊട്ടകം നല്‍കണം എന്നാക്കിമാറ്റി. ഇവിടെ, ക്രിസ്ത്വബ്ദം 622-ല്‍ നബി(സ) മദീനയിലേക്ക് പലായനം ചെയ്തു. അവിടെ, സീസര്‍ ഹെര്‍ക്കുലീസ് നിശ്ശബ്ദം കോണ്‍സ്റാന്റിനോപ്പിള്‍ വിട്ട് കരിങ്കടല്‍ , വഴി തറാപ്സോണിലേക്കുപോയി. അവിടെ പുഷ്ത്തുക്കളുടെ ഭാഗത്തുനിന്നദ്ദേഹം പേര്‍ഷ്യയെ അക്രമിക്കാന്‍ ഒരുക്കം ചെയ്തു. ഈ പ്രത്യാക്രമണത്തിന്റെ സജ്ജീകരണത്തിനുവേണ്ടി സീസര്‍ ക്രൈസ്തവസഭയോട് പണം ചോദിച്ചിരുന്നു. സഭയുടെ അത്യുന്നത പുരോഹിതനായ സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷയ്ക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു കടം കൊടുത്തു. ക്രിസ്ത്വബ്ദം 623-ല്‍ ഹെര്‍ക്കുലീസ് ആര്‍മീനിയായില്‍നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624) അദ്ദേഹം അസര്‍ബീജാനിലേക്ക് നുഴഞ്ഞുകയറുകയും സൌരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്തു. പേര്‍ഷ്യക്കാരുടെ ഏറ്റവും വലിയ അഗ്നികുണ്ഡവും സീസര്‍ നാമാവശേഷമാക്കി. അല്ലാഹുവിന്റെ വിധിയുടെ പ്രവര്‍ത്തനം നോക്കൂ. ഇതേവര്‍ഷം തന്നെയാണ് മുസ്ലിംകള്‍ക്കു ബദ്റില്‍ വച്ച് മുശ്രിക്കുകളുടെ മേല്‍ നിര്‍ണായകമായ വിജയം ലഭിച്ചതും. ഈവിധം സൂറ അര്‍റൂം നല്‍കിയ പ്രവചനങ്ങള്‍ രണ്ടും പത്തുവര്‍ഷം തികയുംമുമ്പ് ഒരേ അവസരത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു.' (Thafheemul Quran, ആമുഖം അധ്യായം:30)]

 എന്തുകൊണ്ട് വിശുദ്ധഖുര്‍ആന്‍ നല്‍കിയ പ്രഖ്യാപനമൊക്കെ കടുകിടതെറ്റാതെ  പുലര്‍ന്നു എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ശരിയും മനുഷ്യയുക്തിക്ക് സ്വീകാര്യവും ആകൂ.  മനുഷ്യനായ ഒരാളുടെ വചനമല്ല; മറിച്ച് ഭൂതവും ഭാവിയും ഒരേ പോലെ അറിയുന്ന അസ്തിത്വത്തില്‍നിന്ന് അവതരിച്ചതാണ് ഖുര്‍ആന്‍ എന്നതാണ് ആ ഉത്തരം.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review