2012, മാർച്ച് 31, ശനിയാഴ്‌ച

കള്ളുകുടിയന്റെ മൊബൈലിലൂടെയുള്ള മൊഴിചൊല്ലല്‍

മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദമായ നിയമനിര്‍ദ്ദേശങ്ങളുള്ള മതമാണ് ഇസ്ലാം. ലോകവസാനം വരെയുള്ള മനുഷ്യര്‍ക്ക് വളരെയധികം യുക്തിപരവും സര്‍വകാലികവുമായ നിയമങ്ങളാണ് പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ ദൈവം അവതരിപ്പിച്ചിരിക്കുന്നത്. ഈ അവകാശവാദം ചോദ്യം ചെയ്യപ്പെടുക എന്നത് സ്വാഭാവികമാണ്. ചോദ്യം ചെയ്യുന്നത് അത് മനസ്സിലാക്കാനും ബോധ്യപ്പെടാനുമാകാം. ചിലര്‍ ചോദ്യം ചെയ്യുന്നത് ഇത് അംഗീകരിക്കാനാവില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ്. ചോദ്യം ചെയ്യുന്നവരെ ആദ്യഘട്ടത്തില്‍ ഇപ്രകാരം വര്‍ഗീകരിക്കാനാവാത്തത് കൊണ്ട്, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിശദമായും വ്യക്തമായും മറുപടി പറയുക എന്നതാണ് ഒരു ഇസ്ലാം വിശ്വാസിക്ക് ചെയ്യാനുള്ളത്.

ഇസ്ലാമിക പണ്ഡിതരുടെ മതവിധികള്‍ സൂക്ഷമായി ശ്രദ്ധിക്കുകയും അവയെ തലനാരിഴകീറി പരിശോധിക്കുകയും ചെയ്യുക പൊതു സമൂഹത്തിന്റെ ശൈലിയായി കാണുന്നു. അതുകൊണ്ട് ഒരു മതപണ്ഡിതന്‍റെ മതവിധി ഇസ്ലാമിക സമൂഹത്തില്‍ മാത്രമല്ല ചര്‍ച ചെയ്യപ്പെടുന്നത്. ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും നെറ്റ വര്‍ക്ക് കമ്മ്യണികളും നല്‍കുന്ന  സൌകര്യം അതിനെതിരെ ആളുകള്‍ കാണെ പ്രതികരിക്കാനുള്ള വിശാലമായ ഇടം കൂടി സൃഷ്ടിക്കുന്നു. ആ നിലക്ക് തന്നെ ഇസ്ലാമിക പണ്ഡിതര്‍ കാര്യങ്ങളെ യുക്തിഭദ്രമായി വിശദീകരിക്കാനും വിധിക്കാനും ബാധ്യതപ്പെട്ടിരിക്കുന്നു. ഫെയ്സ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്മ്യൂണിറ്റികളില്‍ ഇപ്പോള്‍ ഒരു ഫത് വ സജീവമായ ചര്‍ചയായികൊണ്ടിരിക്കുന്നു. പതിവു പോലെ ഇസ്ലാമിനെ അടിക്കാനുള്ള വല്ലതും ഉണ്ട് എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നത് കൊണ്ടാണ് ഇത് പതിവില്‍ കവിഞ്ഞ മാധ്യമ ശ്രദ്ധനേടുന്നതും ചര്‍ചയാകുന്നതും.

അടിസ്ഥാനം ഈ വാര്‍ത്തയാണ്.
[ മദ്യലഹരിയില്‍ മൊബൈലില്‍ മൊഴിചൊല്ലിയാലും സാധു-ദാറുല്‍ ഉലൂം
Posted on: 30 Mar 2012

ലഖ്‌നൗ: മദ്യലഹരിയില്‍ മൊബൈല്‍ഫോണില്‍ മൊഴിചൊല്ലിയാലും അംഗീകരിക്കാമെന്ന് ദേവ്ബന്ദിലെ ദാറുല്‍ ഉലൂം. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ ആസ്ഥാനമായ ദാറുല്‍ ഉലൂം ഇസ്‌ലാമിക സര്‍വകലാശാലയുടെ ഫത്‌വ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കത്തിലൂടെ ഒരാള്‍ ചോദിച്ച സംശയത്തിന് മറുപടിയായാണ് ദേവ്ബന്ദ് ദാറുല്‍ ഉലൂം ഇ
ക്കാര്യം അറിയിച്ചത്. സ്വന്തം സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ ഫോണില്‍ മൊഴിചൊല്ലിയത് ചൂണ്ടിക്കാട്ടിയാണ് വ്യക്തി സംശയം ഉന്നയിച്ചത്. എന്നാല്‍ ലഹരി മാറിയപ്പോള്‍ സഹോദരീഭര്‍ത്താവിന് മനംമാറ്റമുണ്ടായ സാഹചര്യത്തില്‍ എന്തുചെയ്യുമെന്നും ഇയാള്‍ സംശയമുന്നയിക്കുന്നു.

മൂന്നുവട്ടം തലാക്ക് ചൊല്ലിയ സാഹചര്യത്തില്‍ ഭാര്യാഭര്‍ത്തൃബന്ധം അരുതെന്നും ഇദ്ദകാലയളവ് (മൊഴി ചൊല്ലിയശേഷം മുസ്‌ലിം സ്ത്രീ പരപുരുഷന്മാരെ കാണാതെ കഴിയുന്ന സമയം) കഴിഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്ത ശേഷമേ ആദ്യഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാവൂ എന്നുമാണ് ദാറുല്‍ ഉലൂമിന്റെ മറുപടി. രണ്ടാമത് വിവാഹം ചെയ്തയാളും മൊഴിചൊല്ലി ഇദ്ദ കാലയളവ് കഴിഞ്ഞാലേ ആദ്യഭര്‍ത്താവുമായുള്ള പുനര്‍വിവാഹം സാധ്യമാകൂ എന്നര്‍ഥം.]


ഈ ഫത് വയില്‍ പുതുതായി വല്ലതുമുണ്ടെങ്കില്‍ മൊബൈലിന്റെ സാന്നിദ്ധ്യം മാത്രമേയുള്ളൂ. ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ലഹരി ബാധിതന്റെ ത്വലാഖ് എന്ന അധ്യായം കാണാവുന്നതാണ്. അവിടെ നിന്ന് നമ്മുക്ക് മനസ്സിലാകുക, ലഹരിബാധിതന്‍ വിവാഹമോചനം ചെയ്താല്‍ അത് സാധുവാകും എന്ന് പറയുന്നവരും ഇല്ല എന്ന് പറയുന്നവും ഉണ്ടെങ്കിലും,   ലഹരി ബാധിതന്റെ വിവാഹമോചനത്തിന് തക്കതായ കാരണത്താല്‍ ഒരു വിലയുമില്ല എന്നുമാണ്.

ബുദ്ധിയെ ഉദ്ദേശ്യപൂര്‍വം വികലമാക്കിയവനാണ് ലഹരിബാധിതന്‍ അതിനാല്‍ അവന്‍റെ വിവാഹമോചനം പരിഗണിക്കണം. ഇതാണ് ഒരു അഭിപ്രായം.  അവന് അത് തന്നെ ഒരു ശിക്ഷയാകട്ടെ എന്നാണോ ഈ പണ്ഡിതന്‍മാര്‍ തീരുമാനിരിക്കുന്നത്  എന്ന് തോന്നും ഈ അഭിപ്രായം വായിച്ചാല്‍ .

എന്നാല്‍ പ്രമാണികരായ ഒരു കൂട്ടം പണ്ഡിതന്‍മാര്‍ ഇതിനെ ചോദ്യം ചെയ്യുന്നു. അവരുടെ വാദം ഇതാണ്. ലഹരി ബാധിതന്റെ വിവാഹമോചനം പരിഗണിക്കണം എന്ന വാദം നിരര്‍ഥകമാണ്, അത് പരിഗണിക്കരുത് എന്തുകൊണ്ടെന്നാല്‍ അയാള്‍ ഭ്രാന്തന് തുല്യമാണ്. നിര്‍ബന്ധവിധിയും ഇടപാടും ബാധകമാകുക സാമാന്യബുദ്ധിയുള്ളവരിലാണ്, ലഹരിബാധിതന് സാമാന്യബുദ്ധി നഷ്ടമായിരിക്കുന്നു. ലഹരി ബാധിതനായി നിങ്ങള്‍ നമസ്കരിക്കരുത് എന്ന് മദ്യനിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ അവതരിച്ച സൂക്തം അവര്‍ തെളിവായി സ്വീകരിക്കുന്നു. എന്താണ് പറയുന്നത് എന്ന് അയാള്‍ അറിയുന്നില്ല എന്നതാണ് ഖുര്‍ആന്‍ തന്നെ അതിന് പറഞ്ഞ കാരണം. ഇവിടെ ലഹരിബാധിതന്റെ വാക്ക് അല്ലാഹു അഗണ്യമാക്കിയിരിക്കുന്നു.

ലഹരി ബാധിതന്‍റെ ത്വലാഖ് മൂന്നാം ഖലീഫയായി ഉസ്മാന്‍ (റ) അംഗീകരിച്ചില്ലെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ സ്വഹാബികളിലാരും തന്നെ ഉസ്മാന് എതിരായിരിരുന്നില്ലെന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. (ഫിഖ് ഹ സുന്ന പേജ് 657)

യഹ്യയ ബ്നു സഈദില്‍ അന്‍സാരി, ഹമീദുബ്നു അബ്ദുല്‍ റഹ്മാന്‍, റബീഅഃ, ലൈസുബ്നു സഅ്ദ് , ഇസ്ഹാഖുബ്നു
റാവൈഹി, അബൂ സൌര്‍ എന്നിര്‍ക്ക് പുറമെ ഇമാം ശാഫിയുടെ ഒരഭിപ്രായവും ഇത് തന്നെ.  ശാഫി പണ്ഡിതന്മാരില്‍ പെട്ടെ മുസ്നി മുന്‍ഗണന നല്‍കിയിട്ടുള്ളതും ഈ അഭിപ്രായത്തിന് തന്നെ. ഇമാം അഹമ്മദും ഇതേ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. ശൌകാനി പറഞ്ഞു വിധികളുടെ അച്ചുതണ്ടായ ബുദ്ധിക്ക് ഭ്രംശം സംഭവിച്ചതിനാല്‍ ലഹരി ബാധിതന്‍റെ തലാഖിന് വിധിയില്ല. മദ്യപാനത്തിന് ദൈവം തന്നെ അതിന്റെതായ ശിക്ഷവിധിച്ചിട്ടുണ്ട്. അതിന് പുറമെ അവന്‍ ബോധമില്ലാത്തെ നടത്തുന്ന ത്വലാഖ് അവനുള്ള ശിക്ഷയായി ഭവിക്കുമെന്ന് പറയാനും അങ്ങനെ രണ്ട് ബാധ്യതകള്‍ ചേര്‍ത്ത് കൊടുക്കാനും നമ്മുക്ക് അവകാശമില്ല.

തീര്‍ത്തും പ്രമാണങ്ങളെയോ മനുഷ്യബുദ്ധിയെയോ ഇസ്ലാമിന്റെ തന്നെ സ്ഥാപിതമായ നിയമത്തിന് ഉള്‍കൊള്ളാന്‍ കഴിയാത്തതോ ആയ വിധിയാണ് ദാറുല്‍ ഉലൂമിന്റെ ഈ മതവിധി എന്ന് പറയാതിരിക്കാനാവില്ല. ലഹരി ബാധിതനാകേണ്ടതില്‍ കോപാന്ധന്റെ ത്വലാഖ് പോലും സ്വീകാര്യമല്ല എന്ന് പ്രവാചക വചനം പോലും ഇവര്‍ പരിഗണിച്ചിട്ടില്ല. (കോപത്തില്‍ ത്വലാഖുമില്ല മോചനവുമില്ല - അബൂദാവൂദ്, അഹ്മദ്, ഇബ്നു മാജഃ) അതും ഫോണിലൂടെയാകുമ്പോള്‍ തീരെ ദുര്‍ബലമാകുന്നു. മൂന്നും ഒന്നിച്ച് നിര്‍വഹിച്ചാല്‍ അത് ഒരു ത്വലാഖായി മാത്രമേ പരിഗണിക്കൂവെന്ന സുപ്രധാന വസ്തുതയും ഈ വിധിയില്‍ പരിഗണിച്ചിട്ടില്ല.

ചുരുക്കത്തില്‍ മതമല്ല മതത്തിലെ പറഞ്ഞതും കേട്ടതുമായ (ഖ്വാല ഖ്വീല) അക്ഷരങ്ങളെ പിടിച്ച് യുക്തിരഹിതമായി ഈ ആധുനിക യുഗത്തില്‍ വിധിപ്രസ്താവിക്കുന്ന പണ്ഡിതന്മാരാണ് ഇവിടെ യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാകുന്നത്.

2012, മാർച്ച് 14, ബുധനാഴ്‌ച

നമസ്കാരം അത്ഭുതകരമായ ഒരു ആരാധന.

എത്ര ചിന്തിച്ചിട്ടും അല്ലാഹു എന്തിനു നിസ്കാരം മനുഷ്യന് നിര്‍ബന്ധമാക്കി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ചിന്തിക്കുന്തോറും അല്ലാഹു അങ്ങനെ ചെയ്തിരിക്കാന്‍ വഴിയില്ല എന്ന വിശ്വാസം മനസ്സില്‍ രൂഢമൂലമാവുകയും ചെയ്യുന്നു. തന്നെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ കേട്ട് സംപ്രീതനാകുവാന്‍ മാത്രം മൂഢനായി (simpleton) സര്‍വശക്തനെ ചിത്രീകരിക്കുന്നത് എത അബദ്ധമാണ്! ദൈവവും മനുഷ്യനും തമ്മിലുള്ള ഏറ്റവും സ്വകാര്യമായ സംവേദനമാണ് പ്രാര്‍ത്ഥന എന്ന് കരുതാനാണ്‌ എനിക്കിഷ്ടം. അത് കൂട്ടമായും പ്രകടനപരമായും സമയം നിശ്ചയിച്ചും ഉച്ചഭാഷിണി വെച്ചും ചെയ്യേണ്ട ഒരു നിര്‍ബന്ധിത കര്‍മമാക്കി മാറ്റിയതാണ് നിലവിലുള്ള നിസ്ക്കാരപ്രക്രിയയോട് ഇത്രയും മടുപ്പ് അനുഭവപ്പെടാന്‍ കാരണമെന്നും എനിക്ക് തോന്നുന്നു. നിസ്ക്കരിച്ചാല്‍ സ്വര്‍ഗ്ഗം ഇല്ലെങ്കില്‍ നരകം എന്ന് പറയുന്നത് ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന കൊച്ചുകുട്ടികളോട് മിഠായി വാങ്ങി തരാം എന്ന് പറയുന്നതിന് തുല്യമല്ലേ? പണ്ട് ചേകന്നൂര്‍ മൗലവി ചൂണ്ടിക്കാണിച്ചത് പോലെ നിസ്ക്കാരത്തെക്കാള്‍ പതിന്മടങ്ങ്‌ പ്രാധാന്യം സക്കാത്തിനാണ് എന്ന പ്രബോധനം പൂര്‍ണമായും മറക്കുകയും മറയ്ക്കുകയും ചെയ്ത് ദൈനംദിന പ്രവൃത്തികള്‍ എല്ലാം നിസ്ക്കാരത്തോടു ബന്ധപ്പെടുത്തി "അസര്‍ നിസ്ക്കരിക്കാന്‍ പള്ളിയിലേക്ക് ഇറങ്ങിയപ്പോള്‍", "മഗ് രിബ് ബാങ്ക് കൊടുക്കുമ്പോള്‍" എന്നെല്ലാം മനപ്പൂര്‍വം സംഭാഷണത്തില്‍ തിരുകിക്കയറ്റി നിസ്ക്കാരത്തെ പ്രകടനപരമായ ഒരു അഭ്യാസമാക്കി മാറ്റുന്ന 'വിശ്വാസികള്‍' ഏറി വരുന്നത് കാണുമ്പോള്‍ അത്ഭുതവും ദു:ഖവും തോന്നുന്നു.
ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, മതത്തെക്കുറിച്ച് പരിമിതവും ഉപരിപ്ലവവും ആയ ധാരണകള്‍ മാത്രമുള്ള എന്നെ പോലെ ഉള്ള പലരും ഇത്തരം ചിതറിയ ചിന്തകളും പേറി നടക്കുന്നുണ്ടാകുമെന്നാണു ഞാന്‍ കരുതുന്നത്.

ഫെയ്സ്ബുക്കില്‍ സയ്യിദ് അഷ്റഫ് ഹുസൈന്‍ ഈ പറഞ്ഞത് നാസര്‍ കുന്നും പുറത്തകടക്കമുള്ള യുക്തിവാദികള്‍ക്ക് വളരെ ഇഷ്ടപ്പെട്ടും.
· · · 13 hours ago

  • Naser Kunnum Purathu and 25 others like this.

    മാത്രമല്ല യുക്തിവാദിയായ ജബ്ബാര്‍ അനുബന്ധമായി പറഞ്ഞതും 13 പേര്‍ക്ക് ക്ഷ പിടിച്ചു.


    • Ea Jabbar നിത്യവും 50 നേരം നിസ്കാരം കിട്ടാന്‍ മനുഷ്യപ്രതിനിധികളായ പ്രവാചകന്മാരുമായി ഈ ദൈവം ബാര്‍ഗൈന്‍ ചെയ്തു ന്നാ പറേണേ ! ! ഒടുവില്‍ കച്ചോടം 5 ല്‍ ചുരുക്കി ! നിസ്കാരക്കൊതിയനായ പൊങ്ങച്ചക്കാരന്‍ !
      13 hours ago · · 13
ഇതിന് റമീസ് മുഹമ്മദ് പറഞ്ഞ മറുപടി.

Ramees Mohamed Odakkal ‎'നിശ്ചയമായും നമസ്കാരം വലിയ ബുദ്ധിമുട്ട് തന്നെ. ഭക്തന്മാര്‍ക്കൊഴികെ'-ഖുറാന്‍ . നമസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കണമെങ്കില്‍ അത് യഥാവിധി മനസ്സാന്നിധ്യത്തോടെ നിര്‍വഹിക്കുന്ന ഭക്തന്മാരോട് ചോദിക്കണം. ഓരോ തവണ നിസ്ക്കരിക്കുമ്പോഴും മനുഷ്യന്‍ ദൈവത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്നു. അഞ്ചു നേരം നമസ്കരിക്കുന്നവന്റെ മനസ്സ് അഞ്ചു നേരം കുളിക്കുന്നവന്റെ ശരീരത്തെ പ്പോലെ ശുദ്ധമായിരിക്കും -പ്രവാചകന്‍)) .). അഞ്ചു നേരം മനസ്സാന്നിധ്യത്തോടെ നമസ്കരികുന്നവന് പാപം ചെയ്യാന്‍ കഴിയില്ല. അഥവാ ചെയ്‌താല്‍ തന്നെ അവന്‍ അതില്‍ പശ്ചാതപിക്കുന്നവന്‍ ആയിരിക്കും. പിന്നെ ബാങ്ക് കൊടുക്കലും സംഘ നമസ്കാരവും. അത് വിശ്വാസികളില്‍ കൂട്ടായ്മയും സമത്വവും വരുത്താനാണ്. ബാങ്ക് കൊടുത്താല്‍ രാജാവും വേലക്കാരനും ഒരുമിച്ചു നിന്ന് തോളോട് തോള്‍ ചേര്‍ന്ന് അല്ലാഹുവിന്റെ അടിമയായി നിന്ന് നമസ്കരിക്കുന്നു . പക്ഷെ ഇതൊന്നും ദൈവമില്ല എന്ന് പറഞ്ഞു നടക്കുന്നവരെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.
5 hours ago · · 3

ഇത്രയുമായപ്പോള്‍ ഹദീസ് നിഷേധിയായും അതിലൂടെ ഖുര്‍ആന്‍റെ തന്നെ തോന്നിയ വ്യാഖ്യാനം നടത്തുന്ന ടിപ്പു കേരള എന്ന യുക്തിവാദിയുടെ നെടുങ്കന്‍ ചോദ്യങ്ങള്‍ ഇങ്ങനെ.

Tippu Kerala Ramees Mohamed Odakkal നമസ്കാരം തീര്‍ച്ചയായും ചീത്ത പ്രവര്‍ത്തി തടയും ??  തെറ്റ് പറ്റിയത് ആര്‍ക്കു ? ദൈവത്തിനോ അതോ നമസ്കരിക്കുന്നവര്‍ക്കോ ? ഇന്ന് വരെ നമസ്കരിക്കുന്നവന്‍ തെറ്റ് ചെയ്യാതിരുനിട്ടില്ല, നമസ്കാരം നില നിര്‍ത്തിയ ഒരു നാട്ടിലും കുറ്റവാളികള്‍ കുറഞ്ഞിട്ടില്ല .
അപ്പോള്‍ എന്താണ് നമസ്കാരം എന്ന് പറയുന്ന സല്ല ?
താങ്കളുടെ ഭാഷയില്‍ സല്ല എന്നതിന് തല്‍കാലം മല കയറ്റം എന്ന് അര്‍ഥം കൊടുക്കൂ അപ്പോള്‍ നിശ്ചയമായും മല കയറ്റം വലിയ ബുദ്ധിമുട്ട് തന്നെ. ഭക്തന്മാര്‍ക്കൊഴികെ

എന്താണ് സല്ല എന്ന് കണ്ടു പിടികൂ എനിട്ടവാം ചര്‍ച്ച.


വേദഗ്രന്ഥത്തില്‍  നമസ്കരിക്കാനുള്ള
കല്‍പനയൊന്നുമില്ല എന്നതാണ് ടിപ്പുകേരളയുടെ വിവരം. അദ്ദേഹം പറയുന്നതിങ്ങനെ. 

Tippu Kerala നമസ്കാരം വേദത്തില്‍ പറയാത്ത ഒരു കര്‍മം. അത് പുരോഹിത സൃഷ്ടി മാത്രം
എല്ലാ മതത്തിലും ഇത് പോലെ പല ആചാരം കാണും വേദങ്ങളും ആചാരങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ല. പുരോഹിതര്‍ക്ക് അവരുടെ സ്ഥാനമാനങ്ങള്‍ പണ്ട് മുതല്‍ തന്നെ കണ്ടു പിടിച്ച മാര്‍ഗങ്ങള്‍ ആണ് ആചാരം ആചാരത്തില്‍ അധിഷ്ടിതമാണ് മതങ്ങള്‍ അമ്പലത്തില്‍ പോകാത്ത ഹിന്ദു ഹിന്ദു വല്ല പള്ളിയില്‍ പോകാത്ത മുസ്ലില്‍ മുസ്ലിം അല്ല ചര്‍ച്ചില്‍ പോകാത്ത ക്രിസ്ത്യാനി ക്രിസ്ത്യാനി അല്ല . തീരുമാനം ആരുടേത് അന്വേഷിക്കുക അപ്പോള്‍ കണ്ടെത്തും അത് പുരോഹിതന്മാരുടെ വാക്കുകള്‍ മാത്രമാണ് എന്ന് വേദ ഗ്രന്ഥത്തില്‍ ഉണ്ടാവില്ല .


*************************************

ഫെയ്സ് ബുക്കില്‍നിന്ന് ഇത്രയും എടുത്തത് പൊതുവെ മതപരമായ വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളില്‍ ഇപ്പോള്‍ ചര്‍ച ഏറെക്കുറെ നിന്ന് പോയിരിക്കുന്നു. ഫെയ്സ് ബുക്കില്‍ ലൈവായ ചര്‍ചയില്‍ ഇടപെടാനാണ് ഇപ്പോള്‍ മതവിമര്‍ശകര്‍ക്ക് താല്‍പര്യം. ഇതുകൊണ്ട് പല പ്രയോജനങ്ങളും കാണുന്നുണ്ട്. ഒന്ന് എന്തും വിളിച്ച് പറയാനുള്ള സൌകര്യം. ലൈവായി ചര്‍ച നടത്തുമ്പോഴുള്ള സുഖം, അരോപണമുന്നയിച്ച വിഷയത്തിന് തക്കമറുപടി പറഞ്ഞാല്‍ അതിനെ അവഗണിച്ച് പോസ്റ്റിനെ തന്നെ മുക്കാനുള്ള സൌകര്യം. ഇതൊന്നും ബ്ലോഗില്‍ ലഭ്യമല്ല ഇവിടെയുള്ള പോസ്റ്റുകള്‍ എപ്പോഴും സജീവമായി ഇവിടെ നിലനില്‍ക്കും. മറുപടി പറഞ്ഞ് കഴിഞ്ഞ ആരോപണങ്ങള്‍ ഇത്ര സജീവമായി ലഭ്യമാകുന്നത് യുക്തിവാദികള്‍ക്ക് തന്നെയാണ് ക്ഷീണം എന്നറിയാം.

എന്നാല്‍ നമസ്കാരത്തെക്കുറിച്ച് മുസ്ലിം നാമധാരികള്‍ക്കോ ഇസ്ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കോ ഇത്രയധികം തെറ്റിദ്ധാരണ ഒരു ഉപകാരവും ചെയ്യില്ല. അതിനാല്‍ ചില കാര്യങ്ങള്‍ ചുരുക്കി പറയേണ്ടി വന്നിരിക്കുന്നു.

ബഗ്ലാദേശ് 
എന്താണ് നമസ്കാരം എന്തിനാണ് നമസ്കാരം എന്താണതിന്റെ പ്രാധാന്യം എന്നീകാര്യങ്ങള്‍ വിശദീകരിക്കുന്ന ബ്രഹത്തായ ഗ്രന്ഥങ്ങള്‍ എല്ലാ ഭാഷയിലും ലഭ്യമാണ്. വളരെ അത്ഭുതകരമായ ഒരു ആരാധനയാണ് നമസ്കാരം. ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ചിട്ടയോടെ അത് നിര്‍വഹിച്ചുവരുന്നു. അതിന്റെ എല്ലാവിധ ചൈതന്യത്തോടെയും നിര്‍വഹിക്കുന്നുവെന്ന് എനിക്ക് വാദമില്ല. മറിച്ച് വാദമുണ്ട് താനും. കേവലം ചടങ്ങായി, ദൈവത്തിന് എന്തോ നല്‍കുന്നുവെന്ന ധാരണയിലാണ് മഹാഭൂരിപക്ഷവും അത് നിര്‍വഹിച്ച് വരുന്നത് എന്ന് തോന്നിപ്പോകാറുണ്ട്. പക്ഷെ അതിന് പരിഹാരം നമസ്കാരിക്കാതിരിക്കലല്ല നമസ്കാരം എന്താണ് എന്ന് മനസ്സിലാക്കലാണ്. അതിന് ഈ ചര്‍ചയുടെ തുടക്കം സഹായകമാകും എന്നതിനാല്‍ അതില്‍ പങ്കെടുത്തവരെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

ഖുര്‍ആനിലൂടെ ദൈവം നേരിട്ട് നടത്തിയ കല്‍പനയില്‍ പെട്ടതാണ് നമസ്കാരം. അത് വേദഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ല എന്നത് ഖുര്‍ആനെ സംബന്ധിച്ച അറിവില്ലായ്മയോ മനപ്പൂര്‍വമുള്ള കളവോ ആണ്. ഏതാനും സൂക്തം നോക്കുക.

'നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുവിന്‍. സ്വന്തം പരലോകഗുണത്തിനുവേണ്ടി മുന്‍കൂട്ടി പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ള നന്മകളെല്ലാം നിങ്ങള്‍ അല്ലാഹുവിന്റെ സമക്ഷം കണ്ടെത്തുന്നതാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കാണുന്നുണ്ട്.' (2:110)

'ക്ഷമകൊണ്ടും നമസ്കാരംകൊണ്ടും സഹായം തേടുവിന്‍. നമസ്കാരം ഒരു ഭാരിച്ച കര്‍മംതന്നെയാകുന്നു. പക്ഷേ, ഒടുവില്‍ തങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുമെന്നും അവങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും കരുതുന്ന അനുസരണശീലരായ ദാസ•ാര്‍ക്ക് അത് ഒട്ടും ഭാരമല്ലതാനും.' (2:45,46)

ഇപ്രകാരം 70 ലധികം സ്ഥലത്ത് നേര്‍ക്ക് നേരെ നമസ്കാരത്തിനുള്ള കല്‍പന ഖുര്‍ആനില്‍ കാണാം. അഥവാ നമസ്കാരം വേദഗ്രന്ഥത്തിലില്ലാത്ത പുരോഹിത സൃഷ്ടിയല്ല എന്ന് ചുരുക്കം. എന്താണ് നമസ്കാരത്തിന്റെ ഫലമായി ഉണ്ടാവേണ്ടത് എന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ വായിക്കാം.

'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു.' (9:71)

ധര്‍മം കല്‍പിക്കലും അധര്‍മം നിരോധിക്കലും ഒരു വിശ്വാസിയുടെ ചുമതലയാണ് അത് യഥാവിധി നിര്‍വഹിക്കാന്‍ ആദ്യം അത്തരം തെറ്റില്‍നിന്ന് അകന്ന് നില്‍ക്കണം അതിന് നമസ്കാരം സഹായിക്കണം.

'നിനക്കു ദിവ്യബോധനത്തിലൂടെ ലഭിച്ച ഈ വേദം പാരായണം ചെയ്യുക. നമസ്കാരം നിലനിര്‍ത്തുക. നിശ്ചയം, നമസ്കാരം മ്ളേച്ഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാകുന്നു. ദൈവസ്മരണ ഇതിലുമേറെ മഹത്തരമത്രെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തും അല്ലാഹു അറിയുന്നുണ്ട്.' (29:45)

നമസ്കാരത്തില്‍നിന്ന് വിരമിച്ചുകഴിഞ്ഞാല്‍, പിന്നെ നിങ്ങള്‍ നിന്നും ഇരുന്നും കിടന്നും സദാ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങള്‍ നിര്‍ഭയരായിക്കഴിഞ്ഞാല്‍ നമസ്കാരം പൂര്‍ണമായിത്തന്നെ നിര്‍വഹിക്കുക. നമസ്കാരം സത്യവിശ്വാസികളില്‍ സമയബന്ധിതമായി ചുമത്തപ്പെട്ട ബാധ്യതയാകുന്നു. (4:103)

'നിങ്ങള്‍ നമസ്കാരത്തിനായി വിളിച്ചാല്‍ അവര്‍ അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ബുദ്ധിയില്ലാത്ത ജനമാകുന്നു.' (5:58)

'അവരോടു പറയുക: `നിങ്ങളുടെ ധനം സ്വമനസ്സാലെയോ മനസ്സില്ലാതെയോ ചെലവഴിച്ചുകൊള്ളുക; എങ്ങനെയായാലും അത് സ്വീകരിക്കപ്പെടുന്നതല്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ അധര്‍മകാരികളാകുന്നു.` അവരുടെ ദാനങ്ങള്‍ തള്ളപ്പെടുന്നതിനുള്ള കാരണം, അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചതും നമസ്കാരത്തിനു ഹാജരാകുമ്പോള്‍ അലസരായി മാത്രം ഹാജരാകുന്നതും ദൈവികമാര്‍ഗത്തില്‍ വ്യയം ചെയ്യുമ്പോള്‍ വൈമനസ്യത്തോടെ മാത്രം വ്യയംചെയ്യുന്നതും അല്ലാതെ മറ്റൊന്നുമല്ല. അവരുടെ സമ്പത്തും പ്രതാപവും സന്താനസമൃദ്ധിയും കണ്ട് കൌതുകപ്പെടേണ്ടതില്ല. അവ മുഖേന ഐഹികജീവിതത്തില്‍തന്നെ അവര്‍ ശിക്ഷിക്കപ്പെടേണമെന്നും, സത്യനിഷേധികളായിക്കൊണ്ടുതന്നെ ജീവന്‍ വെടിയേണമെന്നുമത്രെ അല്ലാഹു ഉദ്ദേശിക്കുന്നത്.' (9:53-55)

ഈ സൂക്തങ്ങളില്‍നിന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം കാര്യം മനസ്സിലാകും. എനിക്ക് മനസ്സിലായ കാര്യം ഇവിടെ പറയാം.

1. നമസ്കാരം സ്വയം ഒരു ലക്ഷ്യമല്ല. അത് നിര്‍വഹിക്കുന്നിതിലൂടെ ദൈവത്തിന് ഒന്നും ലഭിക്കാനുമില്ല.

2. നസ്കാരം സമയബന്ധിതമായി നിര്‍ബന്ധമാക്കപ്പെട്ട ആരാധനയാണ്. ദൈവത്തെ സ്മരിക്കുന്നവനാകുക എന്നതാണ് അതിന്റെ ലക്ഷ്യം. ആ സ്മരണയിലൂടെ മ്ലേഛതയില്‍നിന്ന് അകന്ന് നില്‍ക്കണമെന്നും അധര്‍മകാരിയാകരുതെന്നും ദൈവം മനുഷ്യന് തൃപ്തിപ്പെടുന്നു.

3. ദൈവഭക്തിയില്ലാത്തവര്‍ക്ക് നമസ്കാരം ഭാരമായ സംഗതിയാണ്. നമസ്കാരത്തെ പരിഹസിക്കുന്നവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ബുദ്ധി ഉപയോഗിക്കാത്തതിന്റെ ഫലമാണ് അത്.

4. അധര്‍മം ചെയ്യുന്നവര്‍ എത്ര സമ്പത്ത് ചെലവഴിച്ചാലും എത്ര നമസ്കരിച്ചാലും അതുകൊണ്ട് കാര്യമില്ല. കാരണം നമസ്കാരമല്ല അവരില്‍നിന്ന് അന്തിമമായി ഉണ്ടാവേണ്ടത്. മറിച്ച് നമസ്കാരം മുഖേന ധര്‍മനിഷ്ഠമായ മനസ്സാണ്.

5. നമസ്കരിക്കാത്തവര്‍ക്കും ദൈവം ഇഹലോകത്ത് അനുഗ്രഹം വാരിക്കോരി നല്‍കിയേക്കാം. പക്ഷെ അതില്‍ വഞ്ചിതനാകരുത്.

---------------------------
ഇത് മോസ്കോ.. 70 വര്‍ഷത്തിലധികം മതങ്ങളെ അടിച്ചമര്‍ത്തി യുക്തിവാദവും ദൈവനിഷേധവും പ്രചരിപ്പിച്ച രാജ്യത്തിന്റെ തലസ്ഥാനം. അവിടെ 2011 ല്‍ നടന്ന ഈദുല്‍ ഫിതര്‍ എന്ന ചെറിയപെരുന്നാളിന്റെ സംഘനിസ്കാരം നേരിട്ട് കാണുക.




2012, മാർച്ച് 10, ശനിയാഴ്‌ച

സി.കെ ബാബുവിന്റെ മതവിജ്ഞാനം !?

മറ്റേതൊരു യുക്തിവാദിയെയും പോലെ മതവിമര്‍ശനം മുഖ്യാമായി കാണുകയും എന്നാല്‍ ഇതര യ്കുതിവാദികളില്‍നിന്ന് വ്യത്യസ്ഥമായി മതവിശ്വാസികളെല്ലാം ബുദ്ധിമരവിച്ച് മണ്ടന്‍മാരാണ് എന്ന് ആക്ഷേപിച്ച് വിയോജിക്കാനുള്ള അവസരം തടയുകയും ചെയ്യുന്ന യുക്തിവാദി ബ്ലോഗറുടെ പോസ്ററിലെ ചില പരാമര്‍ശങ്ങളോടുള്ള എന്റെ വിയോജിപ്പാണ് ഈ പോസ്റ്റ്. എത്രവലിയ യുക്തിവാദിയാണെങ്കിലും മതവിശ്വാസികള്‍ എന്താണ് പറയുന്നത് എന്ന് പോലും കേള്‍ക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇന്നേരെ മതവിശ്വാസം മനസ്സിലാക്കാനും സാധിച്ചിട്ടില്ല. ദൈവവിശ്വാസവും പ്രവാചകത്വവുമൊക്കെ അവതരിപ്പിക്കുന്ന വിധം മനസ്സിലാക്കി അതിനെ എതിര്‍ക്കുന്നതില്‍ ഒരു ഭംഗിയുണ്ട് പക്ഷെ മതത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഏത് മതത്തെയാണ് അദ്ദേഹം ഇവിടെ ഉന്നം വെക്കുന്നത് എന്ന് വ്യക്തമാണ്. യുക്തിവാദിയുടെ ധാരണകള്‍ പരിശോധിക്കാം. ഇതുപോലെയോ ഇതിനെക്കാള്‍ തെറ്റായോ ആണ് മഹാഭൂരിപക്ഷം യുക്തിവാദികളും നിഷേധികളും ഇസ്ലാമിനെ മനസ്സിലാക്കുന്നത് എന്നത് ഒരു വസ്തുതയാണ്.
'ഏകദേശം രണ്ടായിരത്തി അറുന്നൂറു്‌ വർഷങ്ങൾക്കു്‌ മുൻപു്‌ ആരംഭിച്ച ഗ്രീക്ക്‌ തത്വചിന്തയുടെ തുടർച്ചയായി രൂപമെടുത്തവയാണു് ആധുനിക പ്രകൃതിശാസ്ത്രങ്ങൾ. പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും അന്നത്തെ ഏതാനും ഗ്രീക്കുകാർ ദൈവങ്ങളുടെ സഹായമില്ലാതെ മനുഷ്യബുദ്ധി മാത്രമുപയോഗിച്ചു് ചിന്തിക്കാനും മനസ്സിലാക്കാനും തുടങ്ങിയ മാതൃകയിൽ ചിന്തിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വിജ്ഞാനശാഖകളാണു്‌ ആധുനികശാസ്ത്രങ്ങൾ. ഇതിനോടകം എത്രയോ ശാഖോപശാഖകളായി പിരിഞ്ഞു് അനുദിനമെന്നോണം അതീവ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രങ്ങളുടെ പൊതുവായ ഒരു അവലോകനം അർത്ഥപൂർവ്വവും ആധികാരികവുമായ രീതിയിൽ നടത്തുക എന്നതു് ഒരു മനുഷ്യബുദ്ധിയിൽ അസാദ്ധ്യമാണെന്നു് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അത്ര വിപുലമാണു് ആധുനികശാസ്ത്രം. ശാസ്ത്രജ്ഞാനം പെരുകുകയാണെന്നതു് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണു്. അറിവിന്റെ അവസ്ഥ ഇതാണെന്നിരിക്കെ, ഇതുവരെ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളും എനിക്കറിയാം എന്നൊരു അവകാശവാദം ഒരുവൻ ഉന്നയിച്ചാൽ അതിനെ ഏതു് വകുപ്പിൽ പെടുത്തണമെന്നു് ചിന്തിച്ചാൽ മതി.'
ശാസ്ത്രം വളരെ ശാഖോപശാഖകളായി പിരിഞ്ഞ് പരീക്ഷണനിരീക്ഷണങ്ങളിലൂടെ കാര്യങ്ങള്‍ കണ്ടെത്തുമ്പോള്‍ അതൊന്നുമില്ലാതെ ഇവിടെ ചിലര്‍ തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന അവകാശവാദം ഉന്നയിക്കുന്നുവെന്നതാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് താഴെ വരുന്ന വരികള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രം വിശകലനം ചെയ്യുന്നത് പദാര്‍ഥവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവയ്കുപരി അഭൌതികമായ കുറേ യാഥാര്‍ഥ്യമുണ്ട് എന്നതാണ് മതം പറയുന്നത്. അതേ കുറിച്ച് പഠിക്കാന്‍ ശാസ്ത്രത്തിന് പരിമിതകളുണ്ട്. അതുകൊണ്ട് തന്നെ ശാസ്ത്രവിശ്വാസികള്‍ അഭൌതികം എന്നൊന്നില്ല എന്ന് നിഷേധിക്കാനാണ് ശ്രമിക്കാറുള്ളത്. ശാസ്ത്രം കണ്ടുപിടിക്കുന്ന എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് നേരത്തെ അറിയാം എന്ന് തലക്ക് വെളിവുള്ള ആരും പറയില്ല. മതവാദികളും അപ്രകാരം പറയുന്നില്ല. പക്ഷെ ആദ്യമായി അത്തരം ഇല്ലാത്ത ഒരു ആരോപണം ഉന്നയിച്ച് അതിന് മറുപടി പറഞ്ഞ് മതവിശ്വാസികളെ പരഹസിക്കാന്‍ ശ്രമിക്കുകയാണ് ഈ യുക്തിവാദി.

ശാസ്ത്രത്തെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്നത്. കണ്ടുപിടിച്ചതെല്ലാം ഞങ്ങളുടെ പുസ്തകത്തിലുണ്ട് എന്ന് പറയാനാല്ല. മറിച്ച് ശാസ്ത്രപഠനം ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു ആസൂത്രകനെ തേടുന്നുവെന്ന് പറയാന്‍ വേണ്ടിയാണ്. ശാസ്ത്രത്തിന്റെ ചര്‍ചയില്‍ വരാത്ത; ഈ പ്രപഞ്ചം എന്തിനുണ്ടായി, ആരുണ്ടാക്കി, ഉണ്ടാക്കിയത് ബോധപൂര്‍വമാണോ മനുഷ്യനും ഈ പ്രപഞ്ചത്തിനും പിന്നില്‍ ഒരു സ്രഷ്ടാവുണ്ടോ, ഉണ്ടെങ്കില്‍ അവനോടുള്ള മനുഷ്യന്‍റെ ബന്ധം എങ്ങനെയാകണം. മനുഷ്യന്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണോ, എങ്കില്‍ എന്താണ് അവന്‍റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം. എന്താണ് അവന്‍റെ ദൌത്യം, എന്തായിരിക്കും അവന്‍റെ പര്യവസാനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് മതത്തിന്റെ മുഖ്യമായ വിഷയം.   ഇതില്‍ ഒരു ശാസ്ത്രവാദി ക്ഷുഭിതനാകേണ്ട കാര്യമേ ഇല്ല.  ശാസ്ത്രം കണ്ടുപിടിച്ച, കണ്ടുപിടിക്കാനിരിക്കുന്ന എല്ലാം തനിക്ക് നേരത്തെ അറിയാം എന്ന വാദം ദൈവവിശ്വസിക്കില്ല. പക്ഷേ അദ്ദേഹം തുടര്‍ന്ന് പറയുന്നത് നോക്കൂ...
'എന്നാൽ, ഇതേ അവകാശവാദം പൊക്കിപ്പിടിച്ചുകൊണ്ടു് തികച്ചും നോർമൽ എന്നു് ഭാവിക്കുകയും, അതു് അംഗീകരിക്കാൻ തയ്യാറാവാത്തവർ മുഴുവൻ വിഡ്ഢികളും ഭ്രാന്തന്മാരും ആണെന്നു് ആക്രോശിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം മനുഷ്യർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടു്. 'കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ' സകലത്തിനേയും സൃഷ്ടിച്ചവനും, 'അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ' സകല കാര്യങ്ങളേയും അറിയുന്നവനും എന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവം എന്നൊരു വിചിത്ര സത്ത്വത്തെ അറിയാൻ മാത്രമല്ല, അനുഭവിക്കാനും തങ്ങൾക്കു് കഴിയും എന്നു് കട്ടായമായി പ്രഖ്യാപിക്കുന്ന ദൈവവിശ്വാസികൾ എന്നൊരു കൂട്ടമാണതു്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ പല കൊച്ചുപുസ്തകങ്ങളിൽ പലവിധത്തിൽ എഴുതിവച്ച ഒരു സർവ്വജ്ഞാനിയെയും അവന്റെ വാക്കുകളെയും 'അറിയുന്നവനെ' സമ്പൂർണ്ണജ്ഞാനിയെന്നല്ലാതെ മറ്റെന്താണു് വിളിക്കാനാവുക? '
കാല്‍നൂറ്റാണ്ടും അതിലപ്പുറവും ഒരു മതത്തെ വിമര്‍ശിച്ച് നടന്നിട്ടും ഒരു മതത്തിന്റെയും ബാലപാഠം പോലും തെറ്റാതെ പറയാനറിയാത്തവരെ എന്ത് വിളിക്കും. അന്ധര്‍ എന്നാണ് വിളിക്കേണ്ടത്. കണ്ണുകള്‍ക്കല്ല ഇവര്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നത് മറിച്ച് ഹൃദയങ്ങള്‍ക്കാണ്. ഇല്ലാത്ത ഒരു അവകാശവാദം മതവിശ്വാസികളുടെ മേല്‍ ഉന്നയിക്കുകയും എന്നിട്ട് അത് അംഗീകരിക്കാത്തവരെ വിഢികളും ഭ്രാന്തന്‍മാരും എന്ന് ഇവര്‍ ആക്രോശിക്കുകയും ചെയ്യുന്നുവെന്നാണ് മഹാനായ ഒരു യുക്തിവാദിയുടെ ജല്‍പനം.

തങ്ങള്‍ക്ക് ദൈവത്തെ അറിയാം അനുഭവിക്കാം എന്നൊക്കെ പറയുന്നത് മഹാപാതകമൊന്നുമല്ല. അത് അറിയിക്കാന്‍ ദൈവം നല്‍കിയ സംവിധാനത്തെ ഉപയോഗപ്പെടുത്തി തങ്ങളത് മനസ്സിലാക്കി എന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇസ്ലാമിനെ സംബന്ധിച്ച് ഇതാണ് അവകാശവാദം. ആര്‍ ദൈവം നല്‍കിയ പ്രവാചകത്വം എന്ന സംവിധാനത്തിലൂടെ ദൈവത്തെ പഠിക്കാന്‍ ശ്രമിക്കുന്നുവോ അവര്‍ക്ക് മാത്രമേ ശരിയായ ദൈവിക ജ്ഞാനം നേടാന്‍ കഴിയൂ എന്നത് അവകാശ വാദം മാത്രമല്ല. ഒരു സത്യം കൂടിയാണ്. ശാസ്ത്ര പഠനം അതിന് സഹായകമല്ല. ശാസ്ത്രത്തെ ശ്രദ്ധാപൂര്‍വം പഠിക്കുന്ന ഒരു വ്യക്തിക്ക് ഒരു പക്ഷെ അത്ഭുതകരമായ ഈ സൃഷ്ടിപ്പ് ബോധപൂര്‍വം നടന്ന ഒരു സൃഷ്ടിയുടെ ഭാഗമാണ് എന്ന് തോന്നിയേക്കാം. പക്ഷെ ആ സ്രഷ്ടാവിനെ യഥാവിധി മനസ്സിലാക്കാന്‍ അത് മാത്രം മതിയാവില്ല.

ലോകാരംഭം മുതല്‍ അവസാനം വരെ സകലകാര്യങ്ങളും ആ കൊച്ചു പുസ്തകത്തിലുണ്ട് എന്നല്ല ഒരു വിശ്വാസിയുടെയും അവകാശവാദം. മറിച്ച് ഖുര്‍ആന്‍ പോലുള്ള വേദഗ്രന്ഥത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. മനുഷ്യസമൂഹത്തിന്റെ സന്മാര്‍ഗദര്‍ശനത്തിന് വേണ്ടതെല്ലാം പൂര്‍ണമായി വിശുദ്ധ വേദഗ്രന്ഥത്തിലുണ്ട് എന്നാണ്. അത് ശരിയാണോ എന്ന് പരിശോധിച്ച് നോക്കിയാല്‍ മതിയല്ലോ പക്ഷെ അതില്‍ അല്‍പം വിനയം വേണം. അഹങ്കാരം സത്യം കണ്ടെത്തുന്നിന് മുന്നിലെ വലിയ തടസ്സമാണ്.

'ഈ ദൈവം പക്ഷേ ഒരു രാജ്യത്തിൽ ചെന്നു് പറയുന്നതല്ല മറ്റൊരു രാജ്യത്തിൽ ചെന്നു് പറയുന്നതു്. അതു് പോരാഞ്ഞിട്ടെന്നപോലെ, ഒരു പ്രദേശത്തുതന്നെ പല കാലങ്ങളിലായി രണ്ടും മൂന്നും വട്ടമൊക്കെ പ്രത്യക്ഷപ്പെട്ടു് അസന്ദിഗ്ദ്ധവും നിത്യവുമായ പ്രപഞ്ചസത്യങ്ങൾ എന്ന പേരിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു് പറയാനും അങ്ങേർക്കു് മടിയൊന്നുമില്ല. ആത്യന്തികവും, ഒരു തരിക്കുപോലും കുറ്റമില്ലാത്തതുമായ ദൈവജ്ഞാനം ഇങ്ങനെ തുടരെത്തുടരെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു് തിരുത്തേണ്ടി വരുന്നതു് എന്തുകൊണ്ടു് എന്നെനിക്കറിയില്ല. ദൈവികമായ ഈ സർവ്വജ്ഞാനത്തിന്റെ മറ്റൊരു പ്രത്യേകത ആജന്മശത്രുക്കളെപ്പോലെ മനുഷ്യരോടു് പരസ്പരം വെറുക്കാനും, അവരോടു് ഇവരെ കൊല്ലാനും ഇവരോടു് അവരെ കൊല്ലാനുമൊക്കെ ആഹ്വാനം ചെയ്യുന്നതു് സമാധാനസന്ദേശമായി ഏതു് മുക്രിക്കും വ്യാഖ്യാനിക്കാനാവുമെന്നതാണു്. ലൗകികനായ ഒരു മനുഷ്യൻ താനൊരു സർവ്വജ്ഞാനിയാണെന്നു് അവകാശപ്പെട്ടാൽ അവന്റെ തലയിലെ ചില പിരികൾ മുറുക്കാനാവാത്തവിധം ലൂസായിട്ടുണ്ടെന്നേ സാമാന്യബുദ്ധിയുള്ളവർ ചിന്തിക്കൂ. പക്ഷേ, സർവ്വജ്ഞാനത്തിനു് തുല്യം എന്നല്ലാതെ മറ്റൊരു അർത്ഥവും നൽകാനില്ലാത്ത ദൈവജ്ഞാനം അവകാശപ്പെടുന്ന ഒരു ആത്മീയനെ സമൂഹം, പ്രത്യേകിച്ചും വിശ്വാസികളുടെ സമൂഹം, ഉന്നത പീഠങ്ങൾ നൽകി ആദരിക്കുകയും ആരാധിക്കുകയുമാണു് പതിവു്. മതങ്ങൾക്കു് നിർണ്ണയാധികാരമുള്ള സമൂഹങ്ങൾ തങ്ങളെ നയിക്കാനുള്ള അവകാശം പതിച്ചുനൽകുന്നതു് ഇതുപോലെ പിരിവെട്ടിയ ആത്മീയ നേതാക്കൾക്കാണെന്നു് ചുരുക്കം. '
യുക്തിവാദി സര്‍വജ്ഞനപ്പോലെ മതത്തെക്കുറിച്ച് പറയുന്നതെല്ലാം അബദ്ധമാണ്. ദൈവം ഓരോ സ്ഥലത്തും ചെന്ന് പറഞ്ഞതൊക്കെ വ്യത്യസ്ഥമാണ് എന്ന് എവിടെ നിന്നാണ് ഇദ്ദേഹം മനസ്സിലാക്കിയത്. ദൈവം അരുളിചെയ്തത് തെറ്റാണ് എന്നോ അബദ്ധമാണ് എന്നോ പറയാന്‍ ഇദ്ദേഹത്തിന്റെ വശം എന്താണ് ഉള്ളത്. ദൈവമാണ് സൃഷ്ടിച്ചത് എന്ന് പറയുമ്പോള്‍ അല്ലെന്ന് പറയാന്‍ എന്ത് തെളിവാണുള്ളത്. മരണത്തിന് ശേഷം മനുഷ്യന്റെ നന്മതിന്മകള്‍ക്ക് പ്രതിഫലം നല്‍കും എന്ന് ദൈവം മുഖേന ദൈവദൂതന്‍ പറഞ്ഞത് നിഷേധിക്കാന്‍ എന്ത് ന്യായമാണ് യുക്തിവാദിയുടെ കൈവശം ഉള്ളത്. ദൈവം പരസ്പരം വെട്ടാനും കുത്താനും കൊല്ലാനും പരസ്പരം വെറുക്കാനും പഠിപ്പിച്ചുവെന്ന് ഏത് മതത്തെ പഠിച്ചാണ് ഈ തത്വജ്ഞാനി തട്ടിവിടുന്നത്.

ദൈവിക മതങ്ങള്‍ കണിശമായ ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് ജീവിതം നയിക്കുന്ന ഒരു സമൂഹത്തെയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. തങ്ങളെ നയിക്കാനുള്ള നിര്‍ണയാധികാരം ഇത്തരം സംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നവര്‍ പിരിവെട്ടിയവരല്ല. മറിച്ച് തങ്ങളെ നിയന്ത്രിക്കാന്‍ തങ്ങളുടെ യുക്തിമാത്രം എന്ന ചിന്തിക്കുന്ന ഒന്നിനോടും ഉത്തരവാദിത്തമില്ലാത്ത ഒരു വിഭാഗത്തിന് തങ്ങളുടെ നിര്‍ണയാധികാരം കൈമാറുന്ന ജനതയുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ..

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review