2013, നവംബർ 27, ബുധനാഴ്‌ച

യാഥാര്‍ഥ്യം പറയുന്നത് കാന്തപുരം മാത്രമോ ?.

ഇസ്ലാമിനെ യഥാവിധി കൃത്യമായി മറയില്ലാതെ ജനമധ്യത്തില്‍ അവതരിപ്പിക്കുന്നത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരാണ് എന്നാണ് നെറ്റ് ലോകത്തെ യുക്തിവാദികള്‍ പൊതുവെയും കാന്തപുരം ഭക്തര്‍ മൊത്തമായും വാദിച്ചുവരുന്നത്. 9 പേജ് വരുന്ന മാതൃഭൂമി ആഴ്ചപതിപ്പിലെ അഭിമുഖത്തോടെ അതിന് ഒന്നുകൂടി ശക്തി പകര്‍ന്നിരിക്കുന്നു. ബാക്കി സംഘടനകള്‍ പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമി മുജാഹിദ് പോലുള്ള പുത്തന്‍ പ്രസ്ഥാനക്കാര്‍ ഇസ്ലാമിനെ അവതരിപ്പിക്കുന്നത് വെള്ളം ചേര്‍ത്താണ് എന്നും മതേതരര്‍ക്ക് പൊതുവെ ഒരു വാദമുണ്ട്. ജമാഅത്താകട്ടേ സര്‍ക്കര പുരട്ടിയാണ് ഇസ്ലാമിനെ അവതരിപ്പിക്കുന്നത് എന്ന ആക്ഷേപം യുക്തിവാദി ഉസ്താദുമാര്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

അഭിമുഖത്തില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട ഭാഗങ്ങളെ വിശകലനം ചെയ്യാന്‍ രണ്ടോ മൂന്നോ പോസ്ററ് പോരാ. അത്രയധികം അബദ്ധങ്ങള്‍ അവയില്‍ ഉണ്ട്. മാതൃഭൂമി കാന്തപുരത്തില്‍നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചതൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്.  യുക്തിവാദികളുടെയും കമ്യൂണിസ്റ്റ് കാരുടെയും വീക്ഷണം കാന്തപുരത്തെപ്പറ്റി അതാണെങ്കില്‍ ഇസ്ലാമിനെ വളരെ ഒഴുക്കന്‍ മട്ടില്‍ തീര്‍ത്തും അശ്രദ്ധമായി അവതരിപ്പിക്കുന്നതായിട്ടാണ് പലപ്പോഴും തോന്നാറുള്ളത്. ഇത് ബോധ്യപ്പെടാന്‍ എല്ലാവര്‍ക്കും പരിചിതമായ മുടിവിവാദത്തെ എങ്ങനെയാണ് ഇപ്പോള്‍ അദ്ദേഹം മറികടക്കാന്‍ ശ്രമിക്കുന്നത് എന്ന് നോക്കിയാല്‍ മതി. പുതിയ അഭിമുഖത്തില്‍ നേരത്തെ നാം നേരിട്ട് കണ്ടതൊക്കെ മായയായിരുന്നുവെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. അന്ന് സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്ത് മാറ്റിയോ ആവോ. പക്ഷെ നൂറ് കണക്കിന് സ്ഥലത്ത് 'ശഅ്റെ മുബാറക്ക് മസ്ജിദ്' (അനുഗൃഹീത മുടിപ്പള്ളി) നിര്‍മിക്കുന്നതില്‍ പങ്കാളികളാകാന്‍ അഭ്യര്‍ഥിക്കുകയും നാടുകളില്‍നിന്നൊക്കെ 1000 രൂപ ഷെയര്‍ പിരിക്കുകയും ചെയ്ത വിവരവും മിക്കവര്‍ക്കും അനുഭവമാണ്. എന്നിട്ടിപ്പോള്‍ പറയുന്നത് മുടിവെക്കാന്‍ പള്ളി നിര്‍മിക്കും എന്ന് പറഞ്ഞിട്ടില്ല എന്നാണ്. 2000 പള്ളി തങ്ങള്‍ക്ക് ഉണ്ടെന്ന ഒരു വീരവാദവും ഉണ്ട്. (9000 ത്തിലധികം മദ്രസയുടെ കണക്കും പറയാറുണ്ട്. ഇ.കെ വിഭാഗത്തിലെ ആളുകള്‍ പറയുന്നത് അത് വലിയ ബഢായി ആണെന്നാണ്. സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴിലാണ് മിക്ക മദ്രസകളും ഉള്ളത്. പക്ഷെ അവിടെ അധ്യാപകരായി ഉള്ളത് മിക്കാവാറും കാന്തപുരം മൈന്റുള്ളവരാണ് എന്നതും അവര്‍ അംഗീകരിക്കും. എന്ന് വെച്ചാല്‍ പുത്തന്‍വാദികള്‍ എന്നറിയപ്പെടുന്ന മുസ്ലിം സംഘടനകളോട് വലിയ അകല്‍ചയും അസഹിഷ്ണുതയും കാത്ത് സൂക്ഷിക്കുകയും ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തുകയും ചെയ്യുന്നതാണ് കാന്തപുരത്തിന്റെ ആളുകളാണ് എന്നതിന്റെ ഏക തെളിവ്. മറ്റു ചിഹ്നങ്ങളൊന്നും ഇല്ല. അതിനാല്‍ ഇ.കെ വിഭാഗം മദ്രസയില്‍ അവര്‍ സഹകരിച്ച് പോകുന്നു. അതന്തെങ്കിലും ആകട്ടേ.) കേരളത്തിലെ സുന്നികളില്‍ ഒരു വലിയ വിഭാഗമാണ് എന്ന തെറ്റിദ്ധാരണ അവരെക്കുറിച്ച് വേണ്ട എന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്. മര്‍ക്കസിലെ സമ്മേളനത്തിലും മുട്ടിപ്പടിയിലെ സലാത്ത് നഗറിലും തടിച്ചുകൂടുന്നവരെ നോക്കി സംഘടനയുടെ വലിപ്പം തീരുമാനിക്കാനാവില്ല. പിണറായിയെ പോലുള്ളവര്‍ കാന്തപുരത്തിന്റെ കൂടെനടന്നിട്ട് വലിയ കാര്യമൊന്നുമില്ല. അവര്‍ക്ക് കിട്ടേണ്ട വോട്ട് എങ്ങനെയായാലും കിട്ടും. കാരണം കാന്തപുരം ലീഗിന് വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ പോലും ലീഗിന് വോട്ട് ചെയ്യാന്‍ സന്നദ്ധമാകുന്നവര്‍ അവരില്‍ വളരെ ചെറിയ ന്യൂനപക്ഷം ആയിരിക്കും. 'എ.പി വിഭാഗം _ ഇടതുപക്ഷം = ഏതാനും മുതഅല്ലിമീങ്ങള്‍' എന്നതാണ് സമവാക്യം.

അഭിമുഖത്തിലെ പരാമര്‍ശങ്ങളെ  മൊത്തത്തില്‍ വിശകലനം ചെയ്യാന്‍ ഉദ്ദേശ്യമില്ലെങ്കിലും. കാന്തപുരത്തിന്റെ ഒരു വാദം പരാമര്‍ശിക്കാതിരിക്കാനാവില്ല. കാരണം മാതൃഭൂമി അഭിമുഖത്തിലെ എല്ലാ പേജിലും നല്‍കിയ ക്യപ്ഷന്‍'പുരുഷന് സ്ത്രീയുടെ മേല്‍ ആധിപത്യമുണ്ട്' എന്ന കാന്തപുരം പരാമര്‍ശമാണ്. എവിടുന്നാണ് കാന്തപുരത്തിന് അത് ലഭിച്ചത്. ഖുര്‍ആനില്‍നിന്നാണോ. ഖുര്‍ആനില്‍ പറഞ്ഞതെന്താണ്?. അതാണ് ഇവിടെ ഒരു സാമ്പിള്‍ എന്ന നിലക്ക് ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സൂറത്ത് നിസാഇലെ 34 ാം സൂക്തതിലെ  'പുരുഷന്മാര്‍ സ്ത്രീകളുടെ സംസ്ഥാപകരാകുന്നു.' എന്ന പദമാണ് മുസ്ലിം പണ്ഡിതന്മാരില്‍ ചിലര്‍ ഭാര്യയുടെ മേല്‍ ഭര്‍ത്താവിന് ആധിപത്യമുണ്ട് എന്ന് തെറ്റായി അര്‍ഥം നല്‍കി വരുന്നത്.

ഖുര്‍ആന്‍ പ്രയോഗിച്ച വാക്ക് ഖവ്വാമൂന എന്നാണ്. ഇതിന് പുറമെ മറ്റു രണ്ട് സ്ഥലത്താണ് സമാനമായ പദം ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. ഒരിടത്ത് അര്‍ഥം അല്ലാഹുവിന് വേണ്ടി നിലകൊളളുക എന്നും മറ്റൊരിടത്ത് നീതിക്ക് വേണ്ടി നിലകൊള്ളുക എന്നുമാണ് അര്‍ഥം.  ഖ വ മ എന്നീ 3 അടിസ്ഥാന അക്ഷരങ്ങളില്‍നിന്ന് നിന്ന് ഉണ്ടാക്കുന്ന 90 ലധികം പദങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അതിലൊന്നും ആധിപത്യം എന്ന അര്‍ഥം വരുന്നില്ല. ഭരണാധികാരി എന്ന ഒരു അര്‍ഥം മലയാള നിഘണ്ടുവില്‍ പറയുന്നുണ്ടെങ്കിലും അത് രാജ്യത്തെ നിലനിര്‍ത്തുന്നവന്‍/സംരക്ഷിക്കുന്നവന്‍ എന്ന അര്‍ഥത്തിലാണ്. മൂലപദത്തില്‍നിന്ന് ഉണ്ടാകുന്ന വാക്കുകളുടെ പദാനുപദ അര്‍ഥങ്ങള്‍ വരുന്നത്: നില്‍ക്കുക, നിലകൊള്ളുക, സംസ്ഥാപിക്കുക, മുറപ്രകാരം നിര്‍വഹിക്കുക.. എന്നിങ്ങനെയൊക്കെയാണ്. ആ നിലക്ക് ഖവ്വാം എന്ന പദത്തിന്റെ അര്‍ഥങ്ങളായി നല്‍കിയിട്ടുള്ളത്, കൈകാര്യകര്‍ത്താവ്, കാര്യസ്ഥന്‍, പരിപാലകന്‍, രക്ഷാകര്‍ത്താവ്, രക്ഷിതാവ്, സൂപ്രണ്ട്, മാനേജര്‍, ഭരണാധികാരിഎന്നിങ്ങനെയാണ്. എന്നാല്‍ അവസാനം പറഞ്ഞ ഭരണാധികാരി എന്ന അര്‍ത്ഥത്തില്‍ അത്യപൂര്‍വമായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടാവാം എന്നല്ലാതെ പൊതുവെ ഉപയോഗിക്കാറില്ല എന്നത് ശ്രദ്ധേയമാണ്. അതിന് സുല്‍ത്വാന്‍ എന്നോ മലിക് എന്നോ ഹാകിം എന്നൊക്കെയാണ് ഉപയോഗിക്കാറ്. ആധുനിക കുടുംബ മനശാസ്ത്രഗ്രന്ഥങ്ങളിലെ ഒരു പ്രയോഗമാണ് പുരുഷന്‍മാര്‍ സ്ത്രീകളുടെ സംസ്ഥാപകരാക്കുന്നുവെന്നത്. അത് വായിച്ചപ്പോള്‍ അതുതന്നെയല്ലേ ഖുര്‍ആനിലെ ഭാഷാ പ്രയോഗവും എന്ന് തോന്നി. മലയാള പരിഭാഷയില്‍ പുരുഷന്‍മാര്‍ സ്ത്രീകളുടെ നാഥന്‍മാരാകുന്നു (തഫ്ഹീമുല്‍ ഖുര്‍ആന്‍), പുരുഷന്‍മാര്‍ സ്ത്രീകളുടെ പരിപാലകരാകുന്നു(ഖുര്‍ആന്‍ ബോധനം) ഈ അര്‍ഥം ഏറെക്കുറെ ഖവ്വാമൂന എന്നതിന്റെ ശരിയായ വിവക്ഷ നല്‍കുന്നു. എന്നാല്‍ അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് പറപ്പൂരും ചേര്‍ന്നെഴുതിയ പരിഭാഷയില്‍,പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു എന്നാണ് കാണുന്നത്. കാന്തപുരം പരിഭാഷ എഴുതുകയാണെങ്കില്‍ 'പുരുഷന്‍മാര്‍ക്ക് സ്ത്രീകളുടെ മേല്‍ ആധ്യപത്യം ഉള്ളവരാകുന്നു' വെന്നായിരിക്കും പരിഭാഷപ്പെടുത്തുക എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ആധിപത്യം എന്ന മലയാള വാക്ക് ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ അല്ലാഹുവിന്റെ അധികാരത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. കാരണം ഒരു വ്യക്തിയും മറ്റൊരു വ്യക്തിയുടെ മേല്‍ ആധിപത്യം ഉള്ളവനല്ല.  ഭരണാധികാരിക്ക് പോലും. സ്വതന്ത്രമായ അധികാരം മറ്റൊരാളില്‍ ചെലുത്താന്‍ കഴിയുമ്പോള്‍ മാത്രമേ ആധിപത്യം ചെലുത്തുക എന്ന് പറയാന്‍ കഴിയു. ഇസ്ലാമിലാകട്ടേ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശത്തിന് വിധേയമായിട്ടല്ലാതെ ഒരു നിയമവും ആര്‍ക്കും നിര്‍മിക്കാന്‍ പോലും അധികാരമില്ല. ഒരു പുരുഷന്‍ സ്ത്രീയുടെ മേല്‍ എന്ത് നിയന്ത്രണാധികാരമാണ് ഉള്ളത്. ഒരു കുടുംബത്തെ നിലനില്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിക്കുക എന്നതല്ലാതെ. അതിന് പറയുന്ന യഥാര്‍ഥ പേരാണ് സംസ്ഥാപിക്കുക എന്നത്, കൈകാര്യകര്‍ത്താവാകുക എന്നൊക്കെ. അതിനപ്പുറം ഒരധികാരവും ആധിപത്യവും സ്ത്രീയുടെ മേല്‍ പുരുഷന് ഇല്ല. എന്നാല്‍ കൈകാര്യകര്‍ത്താവ്, സംസ്ഥാപകന്‍ എന്ന് പറഞ്ഞാലും പുരുഷന് അല്‍പം മേല്‍കൈ ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അതിന് ഖുര്‍ആന്‍ കാരണവും പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയാത്ത സ്ത്രീമനസ്സുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മനശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. അവരതിനെ സ്ത്രീ മനസ്സില്‍ അന്തര്‍ലീനമായ (ശൈശവം മുതല്‍ മരണം വരെ സ്ത്രീയെ പിന്തുടരുന്ന) നാര്‍സിസിസം (Narcissism) എന്ന് വിളിക്കുന്നു. പുരുഷനില്‍നിന്ന് വ്യത്യസ്ഥമായി ഒരു സ്ത്രീയില്‍ കാണപ്പെടുന്ന എല്ലാ പ്രത്യേകതക്കും കാരണം ഈ നാര്‍സിസിസമാണ് എന്ന് അവര്‍ പറയുന്നു. എന്ത് പേര്‍ പറ‍ഞ്ഞാലും അങ്ങനെ ഒന്ന് ഉണ്ട് എന്നത് വ്യക്തം. അതിനെ അവഗണിക്കാന്‍ ഒരു പുരഷനും സാധ്യമല്ല. ഇതിന്റെ പ്രതിഫലനമാണ് അവര്‍ മാനസികമായി ഒരു പുരുഷന് വിധേയമാകുന്നതില്‍ സന്തോഷം കണ്ടെത്തുന്നത്. ഇത് സ്ത്രീക്ക് ലഭിക്കാന്‍ പുരുഷന്‍ കാണിക്കുന്ന അധികാരം സ്ത്രീ മനസ്സിനെ സന്തോഷിപ്പിക്കുന്നു. പുരുഷത്വമുള്ള പുരുഷനെയാണ് സ്ത്രീത്വമുള്ള സ്ത്രീ ഇഷ്ടപ്പെടുന്നത്  എന്ന് ചുരുക്കം. 
പറഞ്ഞുവരുന്നത് ഇതെല്ലാം സമഞ്ചസമായി സമ്മേളിക്കുന്ന ഒരു പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളഖവ്വാമൂന എന്ന അറബി പദം. അതിന് നിയന്ത്രണാധികാരം എന്നോ ആധിപത്യം എന്നോ മലയാളപരിഭാഷ നല്‍കുന്നവര്‍ ഇസ്ലാമിനെ ബോധപൂര്‍മല്ലാതെ തെറ്റദ്ധിരിപ്പിക്കുകയാണ്. ഇനി പറയൂ. ആരാണ് യഥാര്‍ഥ ഖുര്‍ആനിലുള്ളത് വെട്ടിത്തുറന്ന് ഉള്ളത് പോലെ പറയുന്നത്. കാന്തപുരമോ അതല്ല ഇവര്‍ പുത്തന്‍വാദികള്‍ എന്ന് പറയുന്ന പ്രസ്ഥാനങ്ങളോ ?


അതോടൊപ്പം ഈ സംസാരത്തിന്റെ പ്രതികരണമോ നാട്ടില്‍ ഇസ്ലാം വിമര്‍ശകര്‍ നടത്തുന്ന ചര്‍ചയോ കാന്തപുരത്തെപോലുള്ളവര്‍ മനസ്സിലാക്കുന്നില്ല. സ്ത്രീയുടെ വസ്ത്രധാരണം പോലും പുരുഷന്‍ സ്ത്രീയില്‍ ചെലുത്തുന്ന ആധ്യപത്യമായിട്ടാണ് ഇവിടെ വിമര്‍ശകര്‍ തെറ്റിദ്ധരിപ്പിക്കാറ്. അവര്‍ക്ക് നല്‍കുന്ന വടി മാത്രമാണ് ഇത്തരം അശ്രദ്ധമായി നടത്തുന്ന അഭിമുഖങ്ങള്‍. മാതൃഭൂമിക്ക് വേണ്ടതെന്തോ അതാണ് അവര്‍ അതിന് നല്‍കിയ തലക്കെട്ട്. യഥാര്‍ഥ മതമല്ല പൌരോഹിത്യം നല്‍കുന്ന മതമാണ് ഇസ്ലാമിക വിമര്‍ശകരുടെ തുരുപ്പ് ശീട്ട് എന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമാവുന്നു. 

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ആയിശ (റ)ടെ വിവാഹപ്രായം വീണ്ടും.


ആയിശ (റ)യെ നബി (സ) ആറാം വയസ്സില്‍ വിവാഹം ചെയ്തു ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടി എന്ന ധാരണ ചരിത്രപരമായും ബുദ്ധിപരമായും ന്യായീകരിക്കത്തക്കതല്ല എന്ന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതേ ബ്ലോഗില്‍ ഞാനൊരു പോസ്റ്റിട്ടിരുന്നു. അത് കണ്ട മുസ്ലിംകള്‍ക്ക് പരിഗണനീയമായ അഭിപ്രായം എന്ന നിലക്ക് വിട്ടപ്പോള്‍,  നിലവിലെ ധാരണ ശരിയാണ് എന്ന് സ്ഥാപിക്കാന്‍ കാര്യമായി ശ്രമിച്ചത് ബൂലോകത്ത് അറിയപ്പെടുന്ന യുക്തിവാദികളാണ്. ഇപ്പോള്‍ ഇസ്ലാമിലെ വിവാഹ പ്രായം ചര്‍ചയാകുമ്പോള്‍ വീണ്ടും ആയിശയുടെ വിവാഹപ്രായവും ഇടക്കിടെ പൊങ്ങി വരുന്നു. അതേ സമയം അക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരും നിലവിലെ ധാരണ ശരിയല്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവരും കൂടിവരുന്നതായിട്ടാണ് അനുഭവം. താഴെ നല്‍കിയ ഡോ. കെ.ടി ജലീലിന്റെ അഭിപ്രായവും , ആദില്‍ സലാഹിയുടെ ലേഖനവും ഇതോടൊപ്പം ചേര്‍ത്ത്  വായിക്കുക. 


ഡോ. കെ.ടി ജലീല്‍ തന്റെ ഫെയ്സ് ബുക്കില്‍ എഴുതി..

ആയിഷ(റ)യെ മുഹമ്മദ് നബി വിവാഹം കഴിക്കുമ്പോഴുള്ള പ്രായം 19 ആണെന്ന കാര്യത്തില്‍ ചില സുഹൃത്തുക്കള്‍ തെളിവ് ചോദിച്ചത് കണ്ടു . പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിഷ്ക്കാത്തില്‍ റസൂല്‍ ആയിഷാ ബീവിയെ വിവാഹം കഴിക്കുമ്പോളുള്ള വയസ്സിനെക്കുറിച്ച് പറയുന്നത് , 19 എന്നതിന്റെ അറബി വാക്കായ 'തിസ്അത്തു അഷറി'ല്‍ നിന്ന് പത്ത് എന്ന പദത്തെ പ്രതിനിധാനം ചെയ്യുന്ന 'അഷര്‍' വിട്ടുപോയതാവാമെന്നാണ് . ഇക്കാര്യം തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ പ്രൊഫ.സുബൈര്‍ ഈയടുത്ത് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട് . തന്നെയുമല്ല , ആയിഷാബീവിയും ജ്യേഷ്ഠസഹോദരി അസ്മാബീവിയും തമ്മിലുള്ള പ്രായവ്യത്യാസം പത്താണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല . ആയിഷാബീവിയുടെ വിവാഹം നടക്കുന്ന സമയത്ത് അസ്മാബീവിക്ക് 29 വയസ്സായിരുന്നുവെന്നാണ് പ്രമാണങ്ങളില്‍ കാണുന്നത് . അപ്പോഴും ആയിഷാബീവിയുടെ വിവാഹസമയത്തെ വയസ്സ് 19 ആണെന്ന് കാണാം . മിടുക്കിയും ബുദ്ധിമതിയുമായ തന്റെ മകള്‍ ആയിഷയെ അബൂബക്കര്‍ സിദ്ദീഖ്(റ) ഉമറിനോ ഉസ്മാനോ അലിക്കോ വിവാഹം ചെയ്തുകൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു . എന്നാലിവര്‍ മൂന്നുപേരും ഇങ്ങനെയൊരു ആലോചന ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ മുഹമ്മദ് നബിയുടെ ഭാര്യയാകേണ്ടവളാണ് ബുദ്ധിമതിയായ ആയിഷയെന്ന് മറുപടി പറഞ്ഞതായും ചരിത്രരേഖകളിലുണ്ട് . കേവലം 9 വയസ്സുള്ള തന്റെ മകളെ ഉമറിനോ ഉസ്മാനോ അലിക്കോ അബൂബക്കര്‍ സിദ്ദീഖ്(റ) വിവാഹാലോചന നടത്തുമെന്ന് കരുതാനാകുമോ? മുഹമ്മദ് നബിയുടെ മറ്റു ഭാര്യമാരുടെ വയസ്സ് പരിഗണിക്കുമ്പോഴും ആയിഷാബീവിക്ക് റസൂല്‍ വിവാഹം കഴിക്കുമ്പോള്‍ 9 വയസ്സാണെന്ന് കരുതാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല . പ്രവാചകസ്നേഹമല്ല 9 വയസ്സ് വാദക്കാരെ നയിക്കുന്നതെന്ന് വ്യക്തം . പ്രവാചകനിന്ദ ലക്ഷ്യമിട്ട് ഇസ്ലാമിന്റെ തത്പര കക്ഷികള്‍ പ്രചരിപ്പിച്ച കള്ളക്കഥ അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടര്‍ ഏറ്റുപാടുകയാണ് . ഇവരുടെ വീറും വാശിയും കാണുമ്പോള്‍ ആയിഷാബീവി വിവാഹിതയാകുന്ന സമയത്ത് അവരുടെ പ്രായം 9 വയസ്സാണെന്ന് വിശ്വസിക്കല്‍ ഇസ്ലാംകാര്യത്തിലും ഈമാന്‍ കാര്യത്തിലും പെട്ടതാണെന്നാണ് തോന്നുക . അങ്ങനെ കരുതാത്തവര്‍ക്ക് നരകം ഉറപ്പെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു . അതിലൊട്ടും ഭയപ്പാടില്ലാത്ത ഞങ്ങളെപ്പോലുള്ളവരെ വെറുതെവിട്ടേക്കക . ഏതെങ്കിലും സംഘടനാനേതാക്കളുടെ കക്ഷത്താണ് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിന്റെ താക്കോലെന്ന് ആര്‍ക്കെങ്കിലും വിശ്വസിച്ചേ അടങ്ങൂ എന്നുണ്ടെങ്കില്‍ അവരങ്ങനെ കരുതിക്കൊള്ളട്ടെ . അതിന്റെ പേരില്‍ വാലുചുരുട്ടി മാളത്തിലൊളിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല .

**************************




ആദില്‍ സലാഹി എഴുതിയ ലേഖനം (ഫെയ്സ് ബുക്കില്‍നിന്ന് ലഭിച്ചത്)  



ആയിശ (റ) പ്രവാചകന്‍ (സ) വിവാഹം ചെയ്യുമ്പോള്‍ ഒമ്പതു വയസ്സുകാരിയായിരുന്നുവെന്നാണ് പൊതുവായി അറിയപ്പെടുന്ന നിവേദനങ്ങളില്‍ ഉള്ളത്. എന്നാല്‍ ഈ റിപോര്‍ട്ട് സംശയാസ്പദമാണ്. പല രീതിയിലും ഇതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആയിശ (റ) അവരുടെ 18നും 22 നും ഇടയിലുള്ള വയസ്സിലാണ് നബിയെ വിവാഹം ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

അങ്ങനെ പറയാനുള്ള കാരണം ഇവയാണ്:

ഒന്നാമതായി ആയിശയെ പ്രവാചകന് വിവാഹം ആലോചിക്കുന്നതിനു മുമ്പ് തന്നെ ജൂബൈറു ബ്‌നു മുതിമ്മിന് വിവാഹം ആലോചിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം അവിശാസിയായിരുന്നു. അവിശ്വാസികളെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന ഇസ്‌ലാമിക വിധി അന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.

മുഹമ്മദ് നബിയുടെ തന്ന മൂത്ത പുത്രിയായ സൈനബും ഇതു പോലെ അവരുടെ അവിശ്വാസിയായ ഭര്‍ത്താവ് അബൂ അല്‍ ആസിനോടൊപ്പം കുറെ കാലം ജീവിച്ചിരുന്നു. ആയിശയെ വിവാഹമാലോചിച്ചു പ്രവാചകന്‍ അബൂബകറിന്റെ അടുക്കല്‍ ആളെ അയച്ചപ്പോള്‍ ആയിശയുടെ പിതാവായ അബൂബക്കര്‍ (റ) പറഞ്ഞു. ജൂബൈറിന്റെ ആള്‍ക്കാര്‍ അവളെ വിവാഹം ആലോചിച്ചിട്ടുണ്ട്. എന്നാലും കുഴപ്പമില്ല. അവരില്‍ നിന്ന് ഞാന്‍ അവളെ വിടുതല്‍ വാങ്ങാം.

മറ്റൊരാളുമായി വിവാഹം ആലോചിച്ചുവെച്ചിട്ടുള്ള ആയിശയെ പ്രവാചകന് വിവാഹം ചെയ്തുകൊടുക്കണമെങ്കില്‍ അബൂബക്‌റിന് ആദ്യ കൂട്ടരെ തന്ത്രപരമായി ഒഴിവാക്കണമായിരുന്നു. പ്രവാചകന് ആയിശയെ വിവാഹമാലോചിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ ശേഷം മാത്രമാണ് വിവാഹം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഒമ്പതാം വയസ്സില്‍ വിവാഹം കഴിഞ്ഞ ആയിശയെ തിരുമേനി ആറാം വയസ്സില്‍ തന്നെ വിവാഹം ആലോചിച്ചുവെന്നു വരും. എന്നു മാത്രമല്ല, ആ വയസ്സില്‍ പോലും മറ്റൊരാള്‍ക്ക് വേണ്ടി ആ പെണ്‍കുട്ടിയ ആലോചിച്ചു വെച്ചിരുന്നുവെന്നാണ്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

രണ്ടാമത്തെ കാര്യം ആയിശയെ വിവാഹം ചെയ്യാന്‍ പ്രവാചകനോടു നിര്‍ദേശിക്കുന്നത് അനുചരന്‍മാരില്‍ ഒരാളാണ്. ഖദീജ മരണപ്പെട്ട ശേഷം ഖദീജയെപോലെ പ്രവാചകനെ പരിചരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന നല്ല ഒരു പത്‌നിയെ വേണമെന്ന് നിര്‍ദേശിക്കുന്നത് ഖൗല ബിന്‍ത് ഹകീമാണ്. ഖൗലയുടെ മനസ്സില്‍ ആരെങ്കിലുമുണ്ടോയെന്ന പ്രവാചകന്റെ ചോദ്യത്തിന് അവര്‍ മറിച്ചു ചോദിച്ചു. കന്യകയെയാണോ അതല്ല പക്വതയെത്തിയ സ്ത്രീയെയാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? രണ്ടു പേരുടെയും പേരുകള്‍ പറയാന്‍ തിരുമേനി അവരോടു ആവശ്യപ്പെട്ടു. പക്വതയെത്തിയ സ്ത്രീയായി അവര്‍ പറഞ്ഞത് സൗദയെയും കന്യകയായി അവര്‍ പറഞ്ഞത് ആയിശയെയുമാണ്. അപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു. നിങ്ങള്‍ രണ്ടുപേരെയും ആലോചിച്ചുകൊള്ളൂ. അങ്ങനെ രണ്ടു ആലോചനകളും സ്വീകരിക്കപ്പെട്ടു.

അധിക കാലം കഴിയുന്നതിനു മുമ്പുതന്നെ തിരുമേനി സൗദയെ വിവാഹം ചെയ്തു. എന്നാല്‍ ആയിശയുമായുള്ള വിവാഹം തിരുമേനി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുവോളം പിന്തിച്ചു. അഥവാ വിവാഹാലോചന നടന്ന് മൂന്നുവര്‍ഷത്തിനു ശേഷമാണ് തിരുമേനി മദീനയിലേക്കു ഹിജ്‌റ പോകുന്നത്. അവിടെവെച്ചാണ് തിരുമേനി ആയിശയെ വിവാഹം ചെയ്യുന്നത്.

പ്രവാചക തിരുമേനി വിവാഹാലോചന നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നു എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. നാല് പെണ്‍മക്കളുണ്ടായിരുന്നവരില്‍ രണ്ടു പേര്‍ വിവാഹിതകളായിരുന്നു അപ്പോള്‍. മറ്റു രണ്ടു പേര്‍ നബിയോടൊപ്പമുണ്ട്. ഏറ്റവും ഇളയ പുത്രി ഫാത്തിമബീവിക്ക് അന്ന് 13 നോടടുത്തായിരുന്നുപ്രായം. അതിനാല്‍ വീട്ടില്‍ ആരും ഇല്ലാത്ത അവസ്ഥയിലായിരുന്നില്ല അദ്ദേഹം.

പ്രവാചകന് ഒരു ഇണയുടെ കൂട്ടുവേണമെന്ന് മനസ്സിലാക്കിയ ഖൗല തിരുമേനിക്കു ഒരു വധുവിനെ വേണമെന്ന് പറയുമ്പോള്‍ അതു വഴി ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ മകളേക്കാള്‍ വളരെ പ്രായംകുറഞ്ഞ ഒരു ബാലികയെയായിരുന്നുവെന്ന് കരുതാന്‍ ന്യായമുണ്ടോ? അദ്ദേഹത്തെ പരിചരിക്കാനും സ്‌നേഹിക്കാനും ഒരു കുട്ടിയെ വേണമെന്നാണോ അവര്‍ ഉദ്ദേശിച്ചത്? അത് തീര്‍ത്തും യുക്തിവിരുദ്ധമായ ഒരു കാര്യമാണ്.

മൂന്നാമതായി, പ്രവാചകചരിത്രത്തിലെ ഏറ്റവും പഴയതും ആധികാരികവുമായ ഇബ്‌നു ഇസ്ഹാഖിന്റെ ഗ്രന്ഥത്തില്‍ ആദ്യമായി ഇസ് ലാം സ്വീകരിച്ച ആളുകളെ പരിചയപ്പെടുത്തുന്ന ഒരു പ്രത്യേക അധ്യായമുണ്ട്. സ്ത്രീകളും കുട്ടികളുമായി 51 പേര്‍ ആ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ആരും കുട്ടികളില്ല. പ്രവാചക തിരുമേനിയുടെ ആദ്യ നാല് അഞ്ച് വര്‍ഷത്തിനിടയിലാണ് ഇക്കൂട്ടര്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇതില്‍ ആയിശയുടെ പേരുമുണ്ട്. ഇസ്‌ലാം സ്വീകരിക്കുമ്പോല്‍ അവര്‍ വളരെ ചെറുപ്പമായിരുന്നുവെന്നും അതില്‍ പറയുന്നു. അവര്‍ ചെറുപ്പമായിരുന്നു. എന്നാല്‍ തന്റെ വിശ്വാസം തെരഞ്ഞെടുക്കാനും അതു പ്രഖ്യാപിക്കാനും മാത്രമുള്ള പക്വത അവര്‍ക്കുണ്ടായിരുന്നു.

അവര്‍ക്കന്ന് പത്ത് വയസ്സുണ്ടായിരുന്നുവെന്ന് അനുമാനിക്കുകയാണെങ്കില്‍ അവര്‍ ഇസ് ലാം സ്വീകരിക്കുമ്പോള്‍ അഞ്ച് വയസ്സായിരുന്നു. അപ്രകാരം ആയിശ വിവാഹിതയായിട്ടുണ്ടാവുക 19 ാമത്തെ വയസ്സിലാണ്. കാരണം പ്രവാചകന്‍ വിവാഹം ആലോചിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മദീനയിലേക്കു ഹിജ്‌റ പോയി. അവിടെ ചെന്ന് ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം മാത്രമാണ് തിരുമേനി അവരെ വിവാഹം ചെയ്യുന്നത്.

ആയിശ വിവാഹിതയാകുമ്പോള്‍ ഒരു പൂര്‍ണ്ണ സ്ത്രീയായിട്ടുണ്ടായിരുന്നുവെന്നതിന് വേറെയും തെളിവുകളുണ്ട്.

2013, ജൂൺ 28, വെള്ളിയാഴ്‌ച

ഇസ്ലാമിലെ വിവാഹപ്രായവും വിവാദങ്ങളും.


മുസ്ലിംവിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എപ്രില്‍ 6 ന് പുറപ്പെടുവിച്ച 66549/R.C./3/2012 സര്‍ക്കുലര്‍ വിവാദമാവുകയുണ്ടയല്ലോ. മുസ്ലിംവിവാഹം, പ്രായമെത്തും മുമ്പ് (പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയാവുക) നടന്നതാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാമോ എന്ന് ചോദിച്ച് 'കില' ഡയറക്ടര്‍ അയച്ച കത്തിനുള്ള മറുപടിയില്‍ 21 വയസിന് താഴെയുള്ള പുരുഷന്‍റെയും 18 വയസിന് താഴെയുള്ള (16 വയസ്സിന് മുകളിലുള്ളത്) വിവാഹം  മതാധികാരമുള്ള സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നു. ഇതിനെയാണ് മുസ്ലിം വിവാഹപ്രായം 16 ആക്കിയെന്ന് പറഞ്ഞ് നെറ്റ് ലോകത്തും ചാനലിലും വലിയ സംവാദങ്ങള്‍ നടന്നത്. മതേതര ഇന്ത്യയില്‍ ഒരു വിഭാഗത്തിന് മാത്രം ഇത്തരമൊരു ഇളവ് നല്‍കിയത് മതേതര ഇന്ത്യക്ക് വലിയ കളങ്കമാണ് ഭീമാബദ്ധമാണ് . ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വരാന്‍ ഇനി അധിക കാലം വേണ്ട എന്നൊക്കെയുള്ള വൈകാരികമായ ചര്‍ചകളാണ് മിതത്വം പാലിക്കുന്ന ബ്ലോഗര്‍മാരും ഫെയ്സ് ബുക്ക് ആക്ടിവിസ്റ്റുകളും വരെ നടത്തിയത്. ഇനി നേരത്തെ തന്നെ അങ്ങനെ ഒരു ഇളവ് ഉണ്ടെന്ന് വെക്കുക, അത് മതേതരത്വത്തിന് ഭീഷണിയാകുമോ ?. മതേതരത്വം എന്നാല്‍ ഏകസിവില്‍ കോഡാണോ?. ഏത് മതങ്ങളുടെയും വ്യക്തിനിയമങ്ങള്‍ക്ക് പ്രാബല്യമുള്ളതാണ് നമ്മുടെ മതേതരത്വം. സ്വതന്ത്ര ഇന്ത്യരൂപപ്പെട്ടത് മുതല്‍ സ്വത്തിന്റെ ഓഹരിവെക്കലും, വിവാഹവുമൊക്കെ അതാത് മതങ്ങളുടെ പ്രമാണമനുസരിച്ചാണ് നടന്നുവരുന്നത്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മിക്കപ്പോഴും ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിവാഹമുക്തയുടെ ജീവനാംശവുമായി ബന്ധപ്പെട്ട ഉണ്ടായ കൂതൂഹലം ഓര്‍ക്കുക. ഈ സൌകര്യം മുസ്ലിംകള്‍ മാത്രമല്ല. ഇന്ത്യയിലെ ഹിന്ദുക്കളും കൃസ്ത്യാനികളുമൊക്കെ കൂടിയോ കുറഞ്ഞോ അളവില്‍ അനുഭവിക്കുന്നുണ്ട്. അതിനാല്‍ ഇസ്ലാമിക വിവാഹ നിയമമനുസരിച്ച് അക്കാര്യത്തില്‍ ഇളവ് നല്‍കിയാല്‍ പോലും അത് ഏതെങ്കിലും അര്‍ഥത്തില്‍ മതേതരത്വത്തെ ബാധിക്കുന്നില്ല. ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസത്തെയും പുരോഗതിയെയും അത് പ്രതികൂലമായി ബാധിക്കുമെന്നും അതിലൂടെ ഉണ്ടാകുന്ന നഷ്ടം രാജ്യത്തിന് പൊതുവായതിനാല്‍ അക്കാര്യത്തില്‍ ഭരണകൂടം ചില നിയന്ത്രണങ്ങള്‍ വരുത്തുന്നതിനെ എതിര്‍ക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

ഇത്രയും പറഞ്ഞത് മേല്‍പറയപ്പെട്ട സര്‍ക്കുലര്‍ മുഖവിലക്കെടുത്തുകൊണ്ടാണ്. എന്നാല്‍  എന്താണ് സത്യം. മുസ്ലിം വ്യക്തിനിയമത്തില്‍ വിവാഹത്തിന്റെ വയസ്സ് സംബന്ധമായ പരാമര്‍ശമേയില്ല. യുവതികളുടെ വിവാഹപ്രായം പതിനെട്ടും യുവാക്കളുടേത് 21 മായി നിജപ്പെടുത്തി കൊണ്ട് 2006 വിവാഹ രജിസ്ട്രേഷന്‍ നിയമത്തില്‍ ഒരു സമുദായത്തിനും ഇളവ് നല്‍കിയിട്ടില്ല. പുതിയ സര്‍ക്കുലറില്‍ മുസ്ലിംകള്‍ക്ക് പ്രത്യേകമാണ് എന്ന് സൂചിപ്പിക്കുന്ന പരാമര്‍ശത്തില്‍ പിടിച്ചാണ് വിവാദമെങ്കില്‍ പോലും അതില്‍ കാര്യമില്ല. ഏതായാലും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ അബദ്ധം നീക്കം ചെയ്തുകൊണ്ട് പുതിയ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരിക്കുന്നു. 

മുസ്ലിംകള്‍ പ്രത്യേകമായി ചില ഇളവ് അനുഭവിക്കുന്നതിലെ പ്രയാസമാണ് വിവാദത്തിന് കാരണമെങ്കില്‍  ലോകത്തെ ഒട്ടനേകം രാജ്യങ്ങളിലേത് പോലെ എല്ലാവര്‍ക്കും അതിന്റെ സൌകര്യം ലഭിക്കുമാര്‍ മൊത്തത്തില്‍ വിവാഹപ്രായം കുറക്കണം എന്നാവശ്യപ്പെടുകയാണ് വേണ്ടത്. പ്രായപൂര്‍ത്തിയായി പതിനഞ്ചോ പതിനാറോ ആയിക്കഴിഞ്ഞ ഒരു പുരുഷന്‍റെയും സ്ത്രീയുടെയും വിവാഹകാര്യത്തില്‍ ഇത്രയധികം കടും പിടുത്തം ആവശ്യമില്ല എന്നാണ് മിക്കാവാറും ലോകരാജ്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. അത് ഒരു നിലക്ക് മനുഷ്യന്റെ മൌലികമായ അവകാശങ്ങളിലുള്ള കൈവെക്കലാണ്. അതിനാല്‍ തന്നെ ഏതാനും രാജ്യങ്ങളിലെ സ്ത്രീകളുടെ വിവാഹപ്രായം നോക്കൂക. 


Austria :16
Denmark: 15 
Germany: 16
Italy: 16 (with Court consent)
Netherlands: 16
Spain: 16
Turkey: 16
UK: 16
Canada: 16 or 15
USA: 16 (In some states only)
Mexico: 15
Columbia: 15
Brazil: 16
Iran: 16
Japan: 16
Taiwan: 16
Russia: 16 (In some regions only)
(അവലംബം)


ഇവിടെ നല്‍കിയ രാജ്യങ്ങളൊന്നും മുസ്ലിം ഭരണമുള്ളതോ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളോ അല്ല. പലപ്പോഴും നാം ഇന്ത്യക്കാര്‍ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളാണിവ. അതിനാല്‍ ഇക്കാര്യത്തില്‍ ബഹളം വെക്കുന്നവര്‍ തങ്ങളുടെ ആവശ്യം എന്താണ് എന്ന് തുറന്ന് പറയണം. കാരണം മുസ്ലിംകള്‍ക്ക് വല്ല ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ മാത്രമാണ് ഈ ചാനല്‍വീരന്മാരുടെയും ഫെയ്സ് ബുക്ക് സഹജീവികളും വല്ലാതെ ചാടിപ്പുറപ്പെടാറുള്ളത്. അല്ലാതെ അവര്‍ അങ്ങേ അറ്റത്തെ അനീതിക്കിരയാവുമ്പോഴോ അവകാശ ലംഘനങ്ങള്‍ക്ക് വിധേയമാവുമ്പോഴോ അല്ല. 

ഇനി മറ്റൊന്നുകൂടി ശ്രദ്ധിക്കുക. പെണ്‍കുട്ടികളുടെ 18 ന് താഴെയുള്ള വിവാഹം ശൈശവ വിവാഹം എന്ന നിലക്ക് ഇന്ത്യയില്‍ മുസ്ലിംകളില്‍ മാത്രമാണോ അത് നടക്കുന്നത്.  ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 40 ശതമാനവും ഇത്തരം ശൈശവ വിവാഹങ്ങളാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പഠനവും ജോലിയും പ്രതീക്ഷിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു നിയന്ത്രണത്തിന്റെ ആവശ്യം വരുന്നുള്ളൂ. അല്ലെങ്കില്‍ പതിനാറും പതിനേഴും വയസ്സായി കഴിഞ്ഞിട്ടും നിയമം പതിനെട്ടാണ് എന്ന് പറഞ്ഞ് കാത്തിരിക്കാന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഏത് മതവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണല്ലോ അതിനര്‍ഥം. 

വിവാഹപ്രായം പതിനാറ് ആക്കിയില്‍ തന്നെ പതിനാറ് എത്തിക്കഴിഞ്ഞാല്‍ നിര്‍ബന്ധമായും വിവാഹം കഴിച്ചയക്കണം എന്നില്ല. പതിനെട്ട് ആയി നിലനിന്നിട്ടും മിക്കവാറും പെണ്‍കുട്ടികള്‍ ഇന്ന് വിവാഹിതരാവുന്നത് ഇരുപതിന് ശേഷമാണ്. ആണ്‍കുട്ടികള്‍ 21 ല്‍ വിവാഹിതരാവുന്നത് അത്യപൂര്‍വമായി മലപ്പുറം ജില്ലയിലൊക്കെ കണ്ട് വരുന്ന പ്രതിഭാസമാണ്. 21 ല്‍ വിവാഹിതനാകുന്ന ആണ്‍കുട്ടികള്‍ പരിഹസിക്കപ്പെടുന്ന അവസ്ഥയാണിന്നുള്ളത്. മലപ്പുറം ജില്ലയില്‍ പോലും ആണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 25 കടന്നിരിക്കുന്നു. 

മലപ്പുറം ജില്ലയില്‍ ഈ പറയുന്ന (പതിനാറ് വയസിന് മുകളില്‍ പതിനെട്ട് വയസ്സാക്കുന്നതിന് മുമ്പ് നടക്കുന്ന) ശൈശവവിവാഹത്തില്‍ ഗണ്യമായ കുറവ് വന്നിരിക്കുന്നുവെന്നാണ് 'ഇന്‍റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്‍റ് സര്‍വിസ്' 2012 ലെ വാര്‍ഷിക സര്‍വേയില്‍ പറയുന്നത്. ഈ പുതിയ കണക്കനുസരിച്ച്. അത്തരം ശൈശവ വിവാഹം 2001 ല്‍ കാല്‍ലക്ഷമായിരുന്നെങ്കില്‍ 2012 ല്‍ അത് വെറും 2356 ആണ്.  2007-2009 ല്‍ അത് വര്‍ഷത്തില്‍ 5829 ആയിക്കുറഞ്ഞിരുന്നു. മലപ്പുറം ജില്ലയില്‍ അതേ കാലയളവില്‍ 144 പേര്‍ പട്ടികജാതിയില്‍ പെട്ടവരും, 14 പേര്‍ പട്ടികവിഭാഗത്തില്‍ പെട്ടവരും 166 ആര്‍ മറ്റുമതസ്ഥരില്‍പെട്ടവരുമാണ്. അപ്പോള്‍ ഇത് മുസ്ലിംകളുടെ മാത്രം ഒരു പ്രശ്നമല്ല എന്ന് ചുരുക്കം. 16 വയസ്സിന് താഴെയുള്ള വിവാഹത്തിന്റെ കൂറേകൂടി വ്യക്തമായ കണക്കുകളുദ്ധരിച്ചാല്‍ (ഇതില്‍ പതിനാല് വയസ്സില്‍ വിവാഹിതരായവരും പെടും) 11 നും 18 നും പ്രായമുള്ള പെണ്‍കുട്ടികളുടെ എണ്ണം 2,78,610 ഇതില്‍ മുസ്ലിം പെണ്‍കുട്ടികള്‍ 2,04,771 അതില്‍ കഴിഞ്ഞ വര്‍ഷം വിവാഹിതരായവര്‍ 2374 . പട്ടിക ജാതി വിഭാഗത്തില്‍ 20,259 പെണ്‍കുട്ടികളില്‍നിന്നും 243 പേര്‍ വിവാഹിതരായി മറ്റുവിഭാഗങ്ങളില്‍നിന്ന് 52,467 പേരില്‍നിന്ന് 166 പേരും വിവാഹിതരായി. 

എന്തായിരിക്കാം കുത്തനെയുള്ള ഈ കുറവിന് കാരണം എന്നന്വേഷിച്ചാല്‍, മുമ്പോക്കെ മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് വിജയ ശതമാനം ശരാശരി 40 ശതമാനത്തില്‍ താഴെയായിരുന്നു. മിക്കയിടത്തും അത് 20-30നും മധ്യേ. ആ നിലക്ക് പത്താംക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം അസാധ്യമായിരുന്നു. അവരെ പതിനെട്ട് വരെ വീട്ടില്‍ അടച്ചിടുക, അല്ലെങ്കില്‍ വിവാഹം ചെയ്തയക്കുക എന്ന രണ്ട് തെരഞ്ഞെടുപ്പില്‍ രക്ഷിതാക്കളില്‍ മിക്കവരും രണ്ടാമത്തെത് ചെയ്തു. ഇപ്പോള്‍ പത്താം ക്ലാസ് തോല്‍കുന്നവര്‍ കുറവാണ് രണ്ട് വര്‍ഷംകൂടി അവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കുന്നുവെന്നതാണ് പുതിയ മാറ്റത്തിന്റെ ഒന്നാമത്തം കാരണം. ഇപ്പോള്‍ ഒരു ശതമാനം മാത്രമാണ് (1.15%) ഈ 'ശൈശവ വിവാഹം' ഈ വസ്തുത നിലനില്‍ക്കെയാണ് മലപ്പുറം ജില്ലയില്‍ 10 ശതമാനം പെണ്‍കുട്ടികളും പത്താംക്ലാസ് പാസാക്കുന്നതോടെ വിവാഹം കഴിച്ചയക്കപ്പെടുന്നുവെന്ന് ഇന്ത്യവിഷന്‍ റിപ്പോര്‍ട്ടര്‍ തട്ടിവിട്ട് വെട്ടിലായത്. നൂറ് പെണ്‍കുട്ടികളില്‍ ഒന്നോ രണ്ടോ പേര്‍ പതിനാറ് വയസ്സിന് ശേഷം വിവാഹിതരാക്കുന്നത് അത്ര വലിയ സാമൂഹിക പ്രശ്നമൊന്നുമല്ല.

ഇവിടെയും കുളംകലക്കാനിറങ്ങുന്നവര്‍ ഇസ്ലാം വിമര്‍ശനത്തിലേക്ക് തിരിയാറുണ്ട്. ഇസ്ലാം കേവലം ഒരു സമുദായത്തിന്റെ മതമല്ല. ലോകത്ത് മാനവരാഷിക്ക് വേണ്ടി ദൈവനിയുക്തനായ പ്രവാചകനാല്‍ നല്‍കപ്പെട്ട ദൈവിക ദര്‍ശനമാണ്. സമഗ്രനിയമങ്ങളുള്ള ഇസ്ലാമില്‍ വിവാഹവുമായി ബന്ധപ്പെട്ടും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ മേഖലിയിലും നല്‍കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരു പ്രദേശത്തേക്കോ ദേശത്തേക്കോ ഉള്ളതല്ലാത്തതിനാല്‍ മനുഷ്യദ്രോഹമല്ലാത്ത ഒരു മിനിമം നിയമമാണ് ഇത്തരം കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയെത്തിയാല്‍ സ്ത്രീക്കും പുരുഷനും വിവാഹപ്രായമായി. അതിന് ശേഷം എപ്പോള്‍ വിവാഹം കഴിക്കണമെന്ന് അവരുടെ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് അവര്‍ക്ക് തീരുമാനിക്കാം. വിവാഹത്തിന് സാധ്യമല്ലെങ്കില്‍ വിവാഹം കഴിക്കാതെയും ഇരിക്കാം. വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്ന സ്ത്രീക്ക് തന്റെ വിദ്യാഭ്യാസം തുടര്‍ന്ന് പോകാം. 

വിവാഹകാര്യത്തില്‍ നിര്‍ദ്ദേശങ്ങളുള്ളത് യുവാവിനോടും പെണ്‍കുട്ടിയുടെ പിതാവിനോടുമാണ്. യുവാക്കളെ വിളിച്ചുകൊണ്ട് പ്രവാചകന്‍ കല്‍പിച്ചു 'ആര്‍ക്കെങ്കിലും ബാഅത് സാധ്യമായാല്‍ അവര്‍ വിവാഹം കഴിക്കട്ടേ'.  എന്താണ് ബാഅത് എന്ന് പണ്ഡ‍ിതന്മ‍ാര്‍ വിശദീകരിച്ചിട്ടുണ്ട്. വിവാഹത്തിനും ഇണക്കും ന്യായമായി നല്‍കാവുന്ന ചെലവ് വഹിച്ചുകൊണ്ട് ലൈംഗിക സുഖം ആര്‍ജിക്കുക എന്ന് അതിനെ ചുരുക്കി പറയാം. കേവലം ചെലവ് എന്നോ ലൈംഗിബന്ധം എന്നോ ചുരുക്കിമനസ്സിലാക്കുന്നത് ശരിയല്ല. കാരണം അതാണ് ഉദ്ദേശ്യമെങ്കില്‍ ചെലവിന് മുഅ്നത് എന്നും ഭാര്യാസംസര്‍ഗത്തിന് ജിമാഅ് എന്നും രണ്ട് വ്യക്തമായ വാക്കുകള്‍ വേറെ തന്നെയുണ്ട്. അതിനാല്‍ പണ്ഡിതന്‍മാരില്‍ ഭുരിപക്ഷവും മേലെ നല്‍കിയത് പോലുള്ള വിശദീകരമമാണ് നല്‍കിയിരിക്കുന്നത്. ശേഷം പറയുന്ന ഭാഗവുമായും യുക്തിപരമായും ഈ അര്‍ഥമാണ് ശരിയാവുക. 

യുവത്വത്തിന്റെ ആരംഭത്തില്‍ വൈകല്യമില്ലാത്ത ഒരു മനുഷ്യന് ഉണ്ടായിതീരുന്ന ഒരു അഭിനിവേശം ഉണ്ട്. ശക്തമായ ഒരു ജൈവിക പ്രേരണ. അതാണ് ലൈംഗിക മോഹം.  മനുഷ്യന്റെ കുടുംബ ജീവിത്തതിന് വേണ്ട ത്യാഗം സഹിക്കുവാനും വംശവര്‍ദ്ധനവെന്ന തനിക്ക് ശരീരികമായി ആവശ്യമില്ലാത്ത പ്രകൃതിപരമായ ഒരാവശ്യത്തിന് മനുഷ്യനെ പ്രേരിപ്പിക്കാനും ആ വികാരം അതിശക്തമായിരിക്കണം. അത് അങ്ങനെ തന്നെയാണ് താനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് പറഞ്ഞത് കല്യാണം കഴിച്ചിട്ട് മരിച്ചാലും വേണ്ടില്ല എന്നാണ്. ഇത് പൊതുവെ യുവാക്കളുടെ വികാരമാണ്. ഈ വികാരത്തെ ഗുണകരമായി നിയന്ത്രിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഒരു പ്രകൃതിമതത്തിന് ചെയ്യാനുള്ളത്. ഇസ്ലാം പ്രകൃതിമതമാണ്. അതിനാല്‍ വിവാഹ ബാഹ്യമായ എല്ലാ ബന്ധങ്ങളെയും അത് നിയന്ത്രിക്കുകയും വിവാഹത്തിന് പ്രോത്സാഹനവും പ്രേരണയും നല്‍കുകയും ചെയ്തു. മുഹമ്മദ് നബി പറഞ്ഞു ആരെങ്കിലും വിവാഹം കഴിച്ചാല്‍ അവന്‍ വിശ്വാസത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാക്കി. ബാക്കി ഒരു ഭാഗം അവന്‍ ഇതരനിയമങ്ങളില്‍ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ സൂക്ഷിച്ച്  പാലിച്ചുകൊണ്ട് വിശ്വാസം പൂര്‍ണമാക്കട്ടേ . ക്രൈസ്തവമതാധ്യാപനങ്ങളെ പോലെ വിവാഹം ദൈവത്തില്‍നിന്ന് അകറ്റുന്നതായിട്ടല്ല അടുപ്പിക്കുന്നതായിട്ടാണ് ഇസ്ലാമിക അധ്യാപനങ്ങളിലുള്ളത്. 

പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് പ്രവാചകന്‍ മുഹമ്മദ് നബി ഇങ്ങനെ പറഞ്ഞു. ആദര്‍ശത്തോട് (ദീനിനോട്) ഇഷ്ടം പുലര്‍ത്തുകയും നല്ല സ്വഭാവത്തിന് ഉടമയുമായ ആരെങ്കിലും നിങ്ങളുടെ മകള്‍ക്ക് വിവാഹാലോചന നടത്തിയാല്‍ നിങ്ങളത് നിര്‍വഹിച്ച് കൊടുക്കണം. ഇല്ലെങ്കില്‍ നാട്ടില്‍ അരാചകത്വം വ്യാപിക്കും. വലിയ കുഴപ്പങ്ങള്‍ക്കത് കാരണമാവുകയും ചെയ്യും. 

എന്തുകൊണ്ട് ഇസ്ലാം വൈവാഹിക ജീവിതത്തിലേക്ക് യുവാക്കളെയും പെണ്‍കുട്ടികളുടെ രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ചില ഉത്തരങ്ങള്‍ ഉണ്ട്. 

വിവാഹത്തിന്റെ ലക്ഷ്യം 

സുന്ദരമായ വൈവാഹിക-കുടുംബജീവിതത്തിലൂടെയാണ് ഈ സമൂഹം ഇന്നീകാണുന്നത് പോലെ നിലനിന്ന് പോകുന്നത്. വിവാഹത്തെ കേവലം ലൈംഗികതക്ക് മാത്രമായി കാണുന്നത് ലക്ഷ്യബോധമുള്ള ഒരു സമൂഹത്തിന് യോജിച്ചതല്ല. ലക്ഷ്യം ഭൌതിക സുഖങ്ങള്‍ മാത്രമല്ല. സമൂഹത്തിന്റെ സംരക്ഷണമാണ് വൈവാഹിക ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം . വിവാഹവും കുടുംബജീവിതവും ഉപേക്ഷിച്ചാല്‍ ഈ സമൂഹത്തിന് സമാധാനപൂര്‍ണമായ നിലനില്‍പ്പ് ഉണ്ടാവില്ല. ഒരു വിഭാഗം അത് തകര്‍ക്കാന്‍ ശ്രമിച്ചാലും മറ്റൊരുവിഭാഗം അതിനെ പ്രതിരോധിച്ച് നില്‍ക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എന്തുകൊണ്ടെന്നാല്‍ മനുഷ്യന്റെ ഭൌതികമായ സുഖം പോലും കുത്തഴിഞ്ഞ ലൈംഗികതയെക്കാള്‍ സുന്ദരമായ കുടുംബജീവിത്തിലൂടെയാണ് സാധ്യമാകുന്നത് എന്ന് മനുഷ്യന്‍ എളുപ്പം തിരിച്ചറിയും. 

ഇതിനുള്ള ഒട്ടനേകം പ്രേരണ ഇസ്ലാമിലുണ്ട് എന്നതാണ് ഇതര വിഭാഗങ്ങളില്‍നിന്നും അതിനെ വ്യത്യസ്ഥമാകുന്നത്. 

1. പ്രവാചകന്‍മാരെ പിന്തുടരല്‍

പ്രവാചകന്‍മാര്‍ ദൈവത്തിന്റെ വിനീതരായ ദാസന്‍മാരും സച്ചരിതരും ആണ്. അവയുടെ ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു : ' നിനക്കു മുമ്പും നാം നിരവധി ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരെയും നാം ഭാര്യമാരും സന്തതികളുമുള്ളവരാക്കിയിരുന്നു' (13:38) .  നബി തിരുമേനി പറഞ്ഞു :"നാല് കാര്യങ്ങള്‍ പ്രവാചകന്മ‍ാരുടെ ചര്യയില്‍ പെട്ടതാണ്. വിവാഹം , സുഗന്ധം ഉപയോഗിക്കല്‍, ദന്തശുദ്ധീകരണം, പരിഛേദന." ഒരിക്കല്‍ മൂന്ന് പേര്‍ നബിയുടെ ആരാധനാ കര്‍മങ്ങള്‍ ഭാര്യ ആയിശ(റ) നിന്ന് മനസ്സിലാക്കി, അവരില്‍ ഒരാള്‍ ഇങ്ങനെ ഒരു പ്രതിജ്ഞയെടുത്തു, താന്‍ വിവാഹം കഴിക്കുകയില്ല. സ്വസ്ഥമായി ആരാധനകളില്‍ മുഴുകാന്‍ ഇതറിഞ്ഞ നബി തിരുമേനി അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും താകീത് നല്‍കുകയും ചെയ്തു. കടുത്ത ഭാഷയിലാണ് നബി ആ മൂന്പ്രന്തി പേരോട് പ്രതികരിച്ചത്. 'ഞാന്‍ നിങ്ങളേക്കാള്‍ ദൈവത്തെ സൂക്ഷിക്കുന്നവനാണ് നിങ്ങളേക്കാള്‍ ദൈവത്തെ ഭയപ്പെടുന്നവനും. ഞാന്‍ വ്രതം അനുഷ്ഠിക്കുകയും അത് ഒഴിവാക്കുകയും ചെയ്യുന്നു. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുന്നു. ആരെങ്കിലും എന്റെ ചര്യയെ വെറുക്കുന്നുവെങ്കില്‍ അവന്‍ നമ്മില്‍ പെട്ടവനല്ല.'



2. മനുഷ്യപ്രകൃതിയെ മാനിക്കല്‍

മനുഷ്യന്‍ പ്രകൃതിപരമായി ഒരു ഇണയെ ആഗ്രഹിക്കുന്നു. അത് ആരും അവനെ പഠിപ്പിക്കുകയോ ക്ലാസെടുത്തിട്ടോ ഉണ്ടാകുന്നതല്ല. ആ പ്രകൃതിയെ വേണ്ടവിധം പരിഗണിക്കുകയും അതിന്റെ നന്മകളെ മുന്നില്‍കണ്ടുകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുയും ചെയ്യുക എന്നത് ഒരു പ്രകൃതിമതത്തിന് അനിവാര്യമാണ്. അതിനെ പൂര്‍ണമായും അടക്കിവെക്കാന്‍ പ്രേരിപ്പിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വവിരുദ്ധമാണ്. അതുകൊണ്ടാണ് ഇസ്ലാം ബ്രഹ്മചര്യം സ്വീകരിക്കാന്‍ തീരുമാനിച്ച അനുചരനെ തിരുത്തിയത്. ഇക്കാര്യത്തില്‍ മനുഷ്യപ്രകൃതിയെയും വികാരത്തെയും സന്തുലിതമായി സമീപിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്.

3. സന്താനോദ്പാദനം.

ന്യായമായ സന്തോനോത്പാദനം ഈ ലോകത്തിന്റെ തുടര്‍ചക്ക് കാരണമാണ്. മനുഷ്യര്‍ക്ക് അനുഭവിക്കാന്‍ ആവശ്യമായ ജീവിത വിഭവങ്ങള്‍ ഭൂമിയിലുണ്ട്. പലപ്പോഴും ദുരമൂത്ത മനുഷ്യന്‍റെ ചിന്താഗതിയും തെറ്റായ ജീവിതരീതിയുമാണ് പട്ടിണി ഉണ്ടാക്കുന്നത്. സഹജീവി സ്നേഹത്തോടെ പങ്കുവെക്കുകയാണെങ്കില്‍ ഭക്ഷണ-വസ്ത്ര-പാര്‍പ്പിട ദൌര്‍ലഭ്യത അനുഭവപ്പെടില്ല. നല്ല ദൈവബോധമുള്ള അവന്‍റെ വിധിവിലക്കുകളംഗീകരിക്കുന്ന ജനത എത്രയുണ്ടായാലും ആര്‍ക്കും ഒരു പ്രയാസവും ഇവിടെ ഉണ്ടാവില്ല. അതിനാല്‍ ഇസ്ലാം സന്താനോത്പാദനത്തെ ശാപമായിട്ടല്ല അനുഗ്രഹമായിട്ടാണ് കാണുന്നത്. അതിന്റെ വര്‍ദ്ധനവ് പോലും സമ്പത്തിന്റെ വര്‍ദ്ധനവ് പോലെ ദൈവികാനുഗ്രഹമായി അത് വിവക്ഷിക്കുന്നു.

4. ദൈവികമായ പ്രീതി സമ്പാദിക്കല്‍

ഈ ലോകത്തെ ജീവിതം ഒരു മനുഷ്യന് അനുഗ്രഹമോ ശാപമോ? അനുഗ്രഹമാണ് എന്ന് ഇസ്ലാം.  അനുഗ്രഹവും നന്മയും നേടാന്‍ കഴിയുന്ന വിധമാണ് ജീവിതമുള്ളത്. അതിനാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുക എന്നതാണ് ദൈവിക തീരുമാനം. അതിനായി ദൈവം ഓരോ മനുഷ്യനെയും സ്വതന്ത്രമായി പടക്കുകകയല്ല ചെയ്യുന്നത്. മനുഷ്യനെ വിവാഹജീവിത്തിനും കുടുംബജീവിതത്തിനും പ്രേരിപ്പിച്ചുകൊണ്ട് ഒരു പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത്. സ്വന്തം ഇഹലോക ജീവിതത്തിനും പരലോകത്തില്‍ അതുമുഖേന അനന്തവും നിത്യവുമായ സ്വര്‍ഗലോക ജീവിതത്തിനും അവസരം ഒരുങ്ങുന്നു. ഞാനീ ഭൂമിയില്‍ ജനിക്കാന്‍ കാരണക്കാരായ എന്റെ മാതാപിതാക്കളോട് എനിക്കുള്ള കടപ്പാട് പറഞ്ഞറിയിക്കുക സാധ്യമല്ല.

ഇസ്ലാമിലെ നിയമങ്ങള്‍ എക്കാലത്തേക്കും എല്ലാ ദേശത്തേക്കും ഉള്ളതിനാല്‍ പരമാവധി മനുഷ്യന് ആശ്വാസം നല്‍കുന്ന വിധത്തിലാണ് അവ സംവിധാനിച്ചിരിക്കുന്നത്. ഏതെങ്കിലും നിയമം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിനെ നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ക്ക് താല്‍കാലികമായ അനുവാദം ഉണ്ടായിരിക്കും. ഇത്തരമൊരു അവസ്ഥയിലാണ്, വിവാഹത്തിന് സ്ത്രീക്കും പുരുഷനും നിര്‍ണിതമായ ഒരു വയസ്സ് ഇസ്ലാം നിശ്ചയിക്കാതിരുന്നത്. ഇസ്ലാം വിമര്‍ശകര്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തതയില്ല. ചിലപ്പോള്‍ ഇസ്ലാം നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെയും ചിലപ്പോള്‍ ഏര്‍പ്പെടുത്താത്തതുമാണ് അവര്‍ വിമര്‍ശിക്കാന്‍ എടുത്ത് പറയുന്നത്. 


2013, ജൂൺ 7, വെള്ളിയാഴ്‌ച

ലീലാമേനോനും കമലാസുരയ്യയും തമ്മിലെന്ത് ?.

മാധവിക്കുട്ടി എന്ന കമലാ ദാസ് ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയ അന്നുതന്നെ ചില തല്‍പരകക്ഷികള്‍ അവരുടെ ജോലി ആരംഭിച്ചിരുന്നു എന്നാണ് ഇയ്യിടെയായി ജന്മഭുമിയുടെ പത്രാധിപയായ ലീലാമേനോന്റെ പുതിയ ലേഖനത്തില്‍നിന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. അത് വരെ എല്ലാവരെയും പോലെ മാത്രം മാധവിക്കുട്ടിയുമായി പരിചയമുള്ള ലീലാമേനോന്‍ അന്നുമുതല്‍ അവരെ തേടിയിറങ്ങി. എന്തിനുവേണ്ടി എന്ന് പ്രസ്തുത ലേഖനവും ഇതുവരെയുള്ള സംഭവങ്ങളും വീക്ഷിച്ചാല്‍ അറിയാം. ലേഖനത്തില്‍ ലീലാമേനോനെ പരിചയപ്പെടുത്തുന്നത് പോലെ മാധവിക്കുട്ടിയുടെ പ്രിയ സുഹൃത്തായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുമില്ല. പിന്നെ എങ്ങനെയാണവര്‍ ലീലാമേനോനെ പോലുള്ളവരെ കണ്ടത് അത് ഈ പോസ്റ്റിന്റെ അവസാനം കാണാം. അതിനുമുമ്പ്. ലീലാമേനോന്‍ പറയുന്നത് കാണുക.

"കമല മതം മാറുന്നു എന്ന്‌ പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ്‌ മുസ്ലിമായി മതം മാറി അബ്ദുള്‍സമദ്‌ സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന്‌ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ്‌ വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്ലാറ്റിലെത്തിയത്‌. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. കമലാ ദാസ്‌ അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി. കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത്‌ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌."" """(("

കമലാദാസ് മതം മാറുന്ന വിവരമല്ലാതെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ആരാണ് പ്രഖ്യാപിച്ചത്. ഇത് കേട്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്രേ. എന്തിന് ?. മതം മാറുന്നത് കേരളത്തില്‍ ഇത്രമാത്രം അപൂര്‍വമായ സംഭവമാണോ. പ്രശസ്തി കാരണമാണെങ്കില്‍ ലോകത്ത് പ്രശസ്തരില്‍ ഇസ്ലാം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണോ മാധിവിക്കുട്ടി. സത്യത്തില്‍ എന്താണ് സംഭവിച്ചത്. കമലാദാസ് ഇസ്ലാം സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഹിന്ദുത്വവാദികള്‍ക്ക് മാത്രമാണ് പ്രസ്തുത സംഭവം ഞെട്ടാന്‍ മാത്രമുള്ള ഭീകരതയായി അനുഭവപ്പെട്ടത്. അന്ന് മുതല്‍ അവര്‍ വളരെ ആസൂത്രിതമായ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കമലാ സുരയ്യ അന്ന് എഴുതിയ കുറിപ്പുകളിലും ലേഖനങ്ങളിലും ആ ശ്രമങ്ങള്‍ തെളിഞ്ഞുകാണാം. 

കമലാ സുരയ്യ പറയുന്നത് കാണുക. " ഞാന്‍ ഇസ്ലാം മതതീവ്രവാദികളുടെ മോഹവലയത്തില്‍പ്പെട്ടുപോവുമെന്ന് അവരെല്ലാം ശങ്കിക്കുന്നു. ക്രൂരതയുടെ സ്പര്‍ശമേല്‍ക്കാത്ത ഒരു മതത്തില്‍ ഉറച്ചുവിശ്വസിച്ചു തുടങ്ങിയ ഞാന്‍ സുരക്ഷിതത്വം തേടി അഭയാര്‍ഥിയാവുമെന്ന് പ്രതീക്ഷിക്കുന്നവരോട് ഏതുവിധത്തിലാണ് പ്രതികരിക്കേണ്ടത് ?

എനിക്ക് അഭയം ഇസ്ലാമിലാണ്. അത് തുറന്ന് പറഞ്ഞാലും ആ വാചകത്തിന്റെ പൊരുള്‍ അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാലും മനസ്സിലാക്കിയെന്ന് സമ്മതിക്കുന്നില്ല. " (ജീവിതം കൊണ്ട് ഇത്രമാത്രം - മാധവിക്കുട്ടി പേജ്. 9 . ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത് , ആറാമത്തെ പതിപ്പ്)

ലീലാ മേനോന്‍ കമലാദാസിന്റെ പ്രിയ സുഹൃത്തായിരുന്നുവത്രേ. എന്ന് മുതല്‍? അവര്‍ തന്നെ പറയുന്നത് ഞാന്‍ കമലാ സുരയ്യയെ ബന്ധപ്പെടുന്നത് ഇസ്ലാം സ്വീകരിച്ചതറിഞ്ഞതിന് ശേഷമാണ് എന്ന്. അവരുടെ ഇസ്ലാം സ്വീകരണം കേവലം ഒരു വിവാഹം മോഹിച്ചാണ് എന്നും അല്ലാതെ ഇസ്ലാം മതത്തിന്റെ മേന്മകൊണ്ടല്ലെന്നും വരുത്തിതീര്‍ക്കാനാണ് അന്ന് മുതല്‍ ലീലാമേനോല്‍ ശ്രമിച്ചത്. പക്ഷെ മരിക്കുന്നതിന് മുമ്പ് ഇത്ര കടുത്ത വാദങ്ങള്‍ ഉയര്‍ത്തിയാല്‍ കമലാ സുരയ്യ അതിനെതിരെ രംഗത്ത് വരുമെന്നതിനാല്‍ അവര്‍ മരിക്കുന്നത് വരെ കാത്തിരുന്നു. അതിന് മുമ്പ് വ്യഖ്യമായി പലതും പറഞ്ഞ് വെച്ചു. അന്ന് അവര്‍ ഒളിഞ്ഞു തെളിഞ്ഞു പ്രചരിപ്പിച്ച കിംവദന്തി ഇന്ന് പുറത്ത് വളരെ മോശമായ വിധത്തില്‍ പച്ചയായി പറയുമ്പോള്‍  കെആര്‍ ബാസ്കറിനെ പോലുള്ള ആക്ടിവിസ്റ്റുകള്‍ പോലും അത് വിശ്വസിച്ച് പോകാനുള്ള കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു കിംവദന്തി ഗള്‍ഫിലായിരിക്കെ ഇയ്യുള്ളവനും കേട്ടിരുന്നു. പക്ഷെ അതിന് ഒരു അടിസ്ഥാനവും അന്നുണ്ടായിരുന്നില്ല.

ലീലാ മേനോന്‍ ജന്മഭൂമി എന്ന ഹിന്ദുത്വവാദികളുടെ പത്രത്തിന്റെ പത്രാധിപയാണ്. വര്‍ഗീയതയെ താലോലിക്കുന്നവര്‍ മാത്രം വായിക്കുന്ന ആ പത്രത്തില്‍ പുതിയ വെളിപ്പെടുത്തലെന്ന നിലക്ക് ചില ചാനലുകള്‍ അത് ആഘോഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഏതോ കാരണത്തില്‍ പെട്ടെന്ന് അവസാനിപ്പിച്ചു.കാരണം എന്താവട്ടേ. പക്ഷെ സോഷ്യല്‍ മീഡിയയില്‍ പ്രചാരം അവസാനിപ്പിക്കാന്‍ ചാനല്‍ മുതലാളിമാര്‍ വിചാരിച്ചാല്‍ നടക്കുകയില്ല. അവിടെ അത് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് ഇതിനെതിരെ ബ്ലോഗ് പോസ്റ്റിലൂടെയും യൂറ്റൂബ് വിഡിയോയിലൂടെയും പ്രതികരിക്കേണ്ടി വരുന്നത്.

ലീലാമേനോന്‍ നടത്തുന്നത് തീര്‍ത്തും വര്‍ഗീയമായ ഒരു പ്രചാരമണമാണ്. തികഞ്ഞ വ്യക്തിഹത്യയും കമലാ സുരയ്യ, മുമ്പ് പ്രചരിപ്പിക്കപ്പെട്ടത് പോലെ, ഒരു ലൌജിഹാദിന്റെ ഇരയാണ് എന്നും വിവാഹ വാഗ്ദാനം ചെയ്യക മാത്രമല്ല ലൈംഗികമായി ഉപയോഗപ്പെടുത്തിയ ഒരു ഇസ്ലാമിക പണ്ഡിതന്‍ അതില്‍ വാഗ്ദാനലംഘനം നടത്തിയെന്നും. ഇത്രയായിട്ടും അവര്‍ പഴയ മതത്തിലേക്ക് തിരിച്ചുപോകാതിരുന്നത് ഇസ്ലാം മതതീവ്രവാദികള്‍ കൊല്ലുമെന്നതിനാലാണ് അഥവാ അവരുടെ മകന്‍ അവരെ അങ്ങനെ ഭയപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ്. എന്നൊക്കെയാണ് ആരോപണങ്ങള്‍. എന്നാല്‍ ആരാണ് അവരെ ഫോണിലും മറ്റു വിളിച്ച് അക്കാലത്ത് അസഭ്യം പറഞ്ഞത് എന്ന് കമലാ സുരയ്യ തന്നെ വിവരിക്കുന്നു.

"മാതൃഭൂമിയിലെ പംക്തി വായിച്ചതിനുശേഷം എന്നെ ഉച്ചനേരത്ത് ഫോണ്‍ ചെയ്ത അപരിചിതന്‍ തന്റെ പേര് രാജീവ് നായരാണെന്ന് പറഞ്ഞു. ലൈംഗിക സംതൃപ്തി നേടുവാനുള്ള ഒരു ഉപായത്തെപ്പറ്റി ആ കഷ്മലന്‍ പ്രസ്താവിച്ചു. സ്വന്തം അമ്മയോട് ഇതുപറായമായിരുന്നു എന്ന് പറഞ്ഞ്, ഫോണ്‍ താഴെ വെച്ചു." (അതേ പുസ്തകം, പേജ്. 26)

എത്ര ലളിതമായിട്ടാണ് ലീലാമേനോന്‍ തന്റെ 'പ്രിയ സുഹൃത്തി'നെക്കുറിച്ച് ലൈംഗികാപവാദം പറയുന്നത് എന്ന് കാണുക.

[കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌. മൂന്ന്‌ ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ കമലയുടെ മറുപടി ഇങ്ങനെയായിരുന്നു”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്‌, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍”.] 

ഏത് മാധ്യമങ്ങളാണ് അന്നവരോട് അങ്ങനെ ചോദിച്ചത്. ഏത് പത്രത്തിലാണ്/ചാനലിലാണ് അത് പുറത്ത് വന്നത് എന്ന് അവര്‍ വ്യക്തമാക്കേണ്ടിയിരുന്നു. മിനിമം ലീലാമേനോനെങ്കിലും ഇത് പ്രസിദ്ധീകരിക്കാമായിരുന്നില്ലേ. സമദാനിക്ക് നിലവില്‍ മൂന്ന് ഭാര്യമാരുണ്ടോ. ഇസ്ലാമില്‍ നാല് ഭാര്യമാര്‍ക്ക് ഇതേ പോലെ നാല്‍ വ്യത്യസ്ഥ ‍ഡ്യൂട്ടിയാണോ ഉള്ളത്.

[സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. പേടിച്ചിട്ടാണ്‌ കമല പര്‍ദ്ദയില്‍ തുടര്‍ന്നത്‌. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച്‌ സന്തോഷത്തോടെ പറഞ്ഞത്‌ “ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ്‌ ധരിക്കുന്നത്‌, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്‌” എന്നാണ്‌. പക്ഷേ രണ്ട്‌ ദിവസം കഴിഞ്ഞ്‌ കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, “മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന്‌ എന്നെ ധരിപ്പിച്ചു” എന്ന്‌.  ]]പാവം കമല എന്നും വൃന്ദാവനത്തില്‍ കൃഷ്ണനെ കാത്തുകഴിയുന്ന വിരഹിണിയായ രാധയായിരുന്നു. കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഞാനും എന്റെ സുഹൃത്ത്‌ ശാരദാ രാജീവനും അവരെ പൂനെയില്‍കാണാന്‍ പോയപ്പോള്‍ അവര്‍ ശാരദയെക്കൊണ്ട്‌ “കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..” എന്ന പാട്ട്‌ പാടിച്ചു. ഞങ്ങളോട്‌ ലളിതാസഹസ്രനാമം ചൊല്ലാനും അപേക്ഷിച്ചു. ഉറങ്ങുന്നതിന്‌ മുമ്പ്‌ പരിചാരിക അമ്മുവിനോട്‌ “നാരായണ നാരായണ” എന്ന്‌ ചൊല്ലാന്‍ പറയുമായിരുന്നു. മരിച്ചതും നാരായണ നാമം കേട്ടായിരുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും “താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു” എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്ന്‌ ദിവസത്തിന്‌ ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കമലയുടെ ദൃഷ്ടി എന്നെ വിടാതെ പിന്തുടര്‍ന്നു, ഇപ്പോഴും പിന്തുടരുന്നു.]

ലീലാമേനോന്‍ ഇപ്രകാരം പറയുമ്പോള്‍, അതേ കാലത്ത് എഴുതിയ ലേഖനങ്ങളില്‍ കമലാ സുരയ്യ പറയുന്നത് കാണുക. 

['ഇസ്ലാമെന്ന ഖനിയില്‍ ഞാന്‍ സ്വര്‍ണമായി വിളയുന്നു. പശ്ചാതപിച്ച് കാണുമെന്ന് ആഗ്രഹിച്ച് വിരുന്നുവന്നവര്‍ നൈരാശ്യത്തോടെ എന്റെ വീട്ടില്‍നിന്നു മടങ്ങുന്നു. ഞാന്‍ എന്റെ സകല മുറികളിലും പൂനിലാവ് കാണുന്നു. ഇത് പുണ്യഭൂമിയായി മാറ്റുന്നതും അല്ലാഹു മാത്രമാണ് എന്ന് ഞാന്‍ അറിയുന്നു. എന്റെ പൂമുഖത്ത് അറേബിയയുടെ മണല്‍ ഉയര്‍ത്തുന്ന കാറ്റുകള്‍ വീശുന്നത് നിങ്ങള്‍ കാണുന്നില്ലേ?. മുകളില്‍ ഒരു ചെരിഞ്ഞ ചന്ദ്രക്കല കാണുന്നില്ലേ? കാലം ഇവിടെ ചരിക്കുന്നില്ല. ഭക്തിയെന്ന വികാരത്തെ അനുഭവിച്ചറിഞ്ഞ മനുഷ്യസ്ത്രീയാണ് ഞാന്‍. ഒരിക്കല്‍ ശരീരമാണ് ജീവിതത്തിന്റെ കാതല്‍ എന്ന് വിശ്വസിച്ചിരുന്നവള്‍. പരലോകത്തിന്റെ കരയ്കെത്തിക്കുവാന്‍ ശരീരമെന്ന കടത്തുവഞ്ചി മാത്രമേ ഉപകരിക്കൂ എന്ന് വിശ്വസിച്ചിരുന്നവള്‍ . ഏകാകിനിയാവുമ്പോള്‍ ആത്മാവിന് മാത്രം ്റിയാവുന്ന ഭാഷയില്‍ താന്‍ സംവാദം നടത്തുന്നു. ആ ഭാഷ എന്റെ തമ്പുരാന് മനസ്സിലാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ തമ്പുരാന്‍ എന്ന് അല്ലാഹുവിനെ ഞാന്‍ അഭിസംബോധന ചെയ്യുമ്പോള്‍ അവന്റെ വിലയിടിയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'] (അതേ പുസ്തകം, പേജ് 17)

ഇസ്ലാം സ്വീകരിച്ചതിന് ശേഷം അവരെത്രയോ കഥയും കവിതയും ലേഖനങ്ങളുമെഴുതി അവയിലൊന്നും ശ്രീകൃഷ്ണനേയും ഗുരുവായൂരപ്പനേയും നാം കാണുന്നില്ല. അതും മുസ്ലിംകളെ പേടിച്ചിട്ടായിരുന്നോ. ഒ.കെ ഒരു സാധ്യത നാം നല്‍കുക. എന്നാല്‍ വെള്ളിടി വെട്ടുന്ന അവരുടെ വാക്കുകളില്‍ അവര്‍ അല്ലാഹുവിനോടുള്ള പ്രേമം ഇത്ര ഹൃദ്യമായി പകര്‍ത്തിവെക്കാന്‍ എന്തായിരുന്നു കാരണം എന്നതിന് കൂടി നാം ഉത്തരം കണ്ടെത്തേണ്ടി വരും.

['യാ അല്ലാഹ് 
ഞാന്‍ സ്വര്‍ഗരാജ്യം കാംക്ഷിക്കുന്നില്ല. 
ചെയ്തുപോയ തെറ്റുകള്‍ ഒളിപ്പിക്കുവാന്‍ ഞാന്‍ ഇഛിക്കുന്നുമില്ല. 
ഒടുവില്‍ , കാല്‍വഴുതി ഞാന്‍ 
നരകത്തീയില്‍ 
കുഴഞ്ഞുവീഴുമ്പോള്‍ 
നിലവിട്ടു നിലവിളിക്കുവാന്‍ 
എന്നെ അനുവദിക്കരുത്. 


ഇന്ന് നീ മാത്രമാണ് 
എന്റെ പ്രേമഭാജനം,
എന്റെ ഒരേയൊരു രക്ഷകന്‍;
നിന്റെ ശിക്ഷക്കര്‍ഹയാണ് ഞാന്‍ 
സ്നേഹത്തിന്റെ ലഹരിയും
സ്നേഹാന്ത്യത്തിന്റെ വ്യഥയും
ഞാന്‍ എന്നേ പഠിച്ചിരിക്കുന്നു. 
സ്നേഹത്തിന്റെ ചൂടും 
കൊടും ക്രൌര്യവും
അനുഭവിച്ച പ്രേമിക
നരകാഗ്നിയെ 
എന്തിന് ഭയപ്പെടണം.'] പേജ് 74


ഈ പറയുന്നതിന്റെ നിഗൂഢമായ അര്‍ഥം പൂര്‍ണമായി മനസ്സിലാകണമെങ്കില്‍ വായിക്കുന്നവര്‍ക്കും അല്‍പസ്വല്‍പം പ്രതിഭാവിലാസം വേണ്ടിവരും. അതുകൊണ്ട് തന്നെ പല മുസ്ലിം സംഘടനാ വക്താക്കളും അവരുടെ കാര്യത്തില്‍ സംശയാലുക്കളായിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം. എങ്കിലും അല്ലാഹുവിന് പുറമെ മറ്റൊരു ദൈവം അവരുടെ മനസ്സിലുണ്ടായിരുന്നില്ല എന്ന് അസന്നിഗ്ദമായി ഈ കവിതയില്‍ പറയുന്നു. 

ലീലാ മേനോല്‍ പറയുന്ന മറ്റൊരു കാര്യം നോക്കൂ.. 

['ഒടുവില്‍ കമല മരിച്ചപ്പോള്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന്‌ കൊണ്ടുവന്ന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചത്‌ മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു. പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട്‌ ചെയ്തിരുന്നതാണ്‌..']

അതേ സമയം കമലാ സുരയ്യ എഴുതുന്നത് നോക്കൂ.. 

['ഏതുനിമിഷവും മരിക്കുവാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു. താജുദ്ധീന്റെ പുതിയ കടയില്‍നിന്ന് വാങ്ങിയ വെളുത്ത സുല്‍ത്താന ശിരോവസ്ത്രം ഞാന്‍ അലക്കി വെച്ചിരിക്കുന്നു. മുത്തിന്റെ വെണ്‍മ ആ വേഷവിധാനത്തിന് ഞാന്‍ കാണുന്നു. ഞാന്‍ മരിച്ചാല്‍ എന്നെ അത്തരം വേഷഭൂഷകള്‍ ധരിപ്പിക്കണമെന്ന് ഞാന്‍ പരിചാരികയോട് നിര്‍ദ്ദേശിച്ച് കഴിഞ്ഞു.' (അതേ പുസ്തുകം, പേജ് 12,13)]

നാം ആരെ വിശ്വസിക്കണം കമലയെയും അവരുടെ പ്രിയ പുത്രനെയും വിശ്വസിക്കണോ അതല്ല. തന്റെ പരിചിത വലയത്തില്‍ ചാണകപ്പുഴുക്കളെ പോലെ ചിലരുണ്ട് അവര്‍ ഞാന്‍ ഉച്ചരിക്കുന്ന ഓരോ വചനവും വികലമാക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന് ആരെ പറ്റിപ്പറഞ്ഞോ അവരെ വിശ്വസിക്കണോ ?. 

ലീലാ മേനോന്‍ അവരുടെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ.. 

['മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചു. മരണത്തില്‍ പോലും അവര്‍ക്ക്‌ വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത്‌ പ്രാണഭയം മൂലമാണെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! എന്നു പറയാനാണ്‌ എനിക്ക്‌ തോന്നുന്നത്‌.']

കമലാ സുരയ്യ തന്റെ ജീവിതകാലത്ത് ഇത്തരക്കാരെ ഉദ്ദേശിച്ച് പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. 

['ഉച്ചരിക്കപ്പെടുന്ന ഓരോ വചനവും വികലമാക്കുവാന്‍ ശ്രമം നടത്തുന്നവര്‍ എന്റെ പരിചിത വലയത്തില്‍ ചാണകപ്പുഴുക്കള്‍ കണക്കെ പുളയുന്നത് ഞാന്‍ കാണുന്നു. ഈ പുളച്ചില്‍ അവര്‍ക്ക് വിനോദം മാത്രമാണ്. ഒടുവില്‍ ഞാന്‍ മരിച്ചുകിടക്കുമ്പോള്‍ ഇവര്‍ ഓരോരുത്തരും കടം വാങ്ങി പുഷ്പചക്രങ്ങള്‍ താങ്ങിക്കൊണ്ട് വരുമെന്ന് എനിക്ക് അറിയാം. അവര്‍ കണ്ണുനീരോടെ എന്നെ വാഴ്തി സംസാരിക്കുമെന്നും എനിക്കറിയാം. അവരുടെ കുടുംബങ്ങള്‍ക്ക് അപഖ്യാതി വരുത്തരുതെന്ന ബോധത്തോടെ ഞാന്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. എന്നും കാണുന്നവരെ ദ്രോഹികളെന്ന് വിളിക്കുവാന്‍ നാക്ക് ഉയരുന്നില്ല. ഞാന്‍ വാസ്തവത്തില്‍ ശത്രുപാളയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. അതാണ് ഞാന്‍ അല്ലാഹുവിനോടുള്ള സ്നേഹം എന്റെ കവചമാക്കി ധരിക്കുന്നത്. ഈ കവചം മാത്രമാണ് എന്റെ ഒരേയൊരു വസ്ത്രം. (അതേ പുസ്തകം, പേജ് 28)‍‍]

ഇതൊക്കെ വായിക്കുമ്പോള്‍ മതം മാറിയത് കേവലം സമദാനിയെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നുവെന്നും. അദ്ദേഹം വാക്ക് മാറിയപ്പോള്‍ ആദ്യമതത്തിലേക്ക് തിരിച്ചുപോകാതിരുന്നത് മുസ്ലിംകള്‍ മക്കളെയടക്കം കൊല്ലുമെന്ന് പേടിച്ചിട്ടായിരുന്നുവെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ. അതല്ല കമലാ സുരയ്യ അവസാനം പറഞ്ഞ കൂട്ടത്തില്‍ പോലും പെടാത്ത അവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തത്ര വിഷവുമായി നടന്ന മറ്റൊരു വിഭാഗത്തിന്റെ പ്രതിനിധിയുടെ ജല്‍പനങ്ങളാണ് എന്ന് തോന്നുന്നുവോ?. 

എന്തിന് ഈ ലേഖനത്തില്‍ അവരുടെ മൂത്ത മകന്‍ മോനു നാലപ്പാടിനെ ഒരു പ്രതിയാക്കി അവതരിപ്പിച്ചുവെന്ന് ചിലര്‍ക്ക് സംശയം തോന്നാം. ഈ വീഡിയോ അതിനുള്ള മറുപടി നല്‍കും. 



Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review