2016, മാർച്ച് 11, വെള്ളിയാഴ്‌ച

നബി ആയിശയെ വിവാഹം കഴിച്ചത് 18 ല്‍ ?

മലപ്പുറം ജില്ലയില്‍ മേലാറ്റൂരിനടുത്ത് ഒരു ഗ്രാമത്തില്‍ അവിടുത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിദിനത്തോട് അനുബന്ധിച്ച് നബിയുടെ സന്ദേശം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഒരു ടാബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍പെട്ട അഭ്യസ്ഥവിദ്യരേയും ക്ഷണിച്ച പ്രസ്തുത യോഗത്തില്‍ സംഘാടകരെ അമ്പരപ്പിച്ച് ഒരു അമുസ്ലിം സുഹൃത്ത് ഒരു  കാര്യം പറഞ്ഞു. പൊതുവെ അത്തരം യോഗത്തില്‍ നബിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് രീതി. അതുകൊണ്ടു തന്നെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടിയും വാദപ്രതിവാദവും  അത്തരം സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്...  "മുഹമ്മദ് നബിയെ സംബന്ധിച്ച് ഇവിടെ കേട്ടതൊക്കെ ഞാനും അംഗീകരിക്കുന്നു. പക്ഷെ മുഹമ്മദ് നബി ആയിശയെ വിവാഹം കഴിച്ചത് ഒരു നിലക്കും നീതീകരിക്കാനാവില്ല. അതേക്കുറിച്ച് നിങ്ങളുടെ ന്യയവാദങ്ങളും എനിക്ക് കേള്‍ക്കേണ്ട ...." ഇത് പ്രസ്തുതപരിപാടിയുടെ സംഘാടനം നടത്തിയ ഒരു സുഹൃത്ത് നേരിട്ടുപറഞ്ഞതാണ്.

പുതിയ ലോകത്ത് നബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കാര്യത്തിലാണ്. അതില്‍ ഒന്ന് രണ്ട് വിവാഹം പ്രത്യേകം വിമര്‍ശിക്കപ്പെടുന്നു. ഒന്ന് സൈനബിനെ വിവാഹം ചെയ്തത്,  മറ്റൊന്ന് സഫിയയുടെ വിവാഹം എന്നാല്‍ ആവര്‍ത്തിച്ചുരുവിടുകയും ലോകമാസകലം കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഭ്യമായ എല്ലാ മീഡിയിലൂടെയും വിമര്‍ശിക്കപ്പെടുന്ന വിവാഹം ആയിശയുടേതാണ്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം ചെയ്യുകയും 9ാം വയസ്സില്‍  ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ഒട്ടും സംശയിക്കേണ്ടതില്ലാത്ത പരമസത്യമായിട്ടാണ് മുസ്ലിം ലോകം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും പൊതുചിന്തക്കുപരിയായ ചില സത്യങ്ങള്‍ ഇനിയും വേണ്ടത്ര പുറത്ത് വരാതെ കിടക്കുന്ന അനുഭവങ്ങള്‍  ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.  ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് (2014 ൽ) നബിയുടെ വിവാഹവുമായി ഈ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ഇക്കാര്യത്തില്‍ വെറുതെ ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായത്, നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം കഴിക്കുകയും 9ാം വയസ്സില്‍ ദാമ്പത്യബന്ധം ആരംഭിച്ചുവെന്നത് നിര്‍ബന്ധമായും ഒരു വിശ്വാസി വിശ്വസിച്ചംഗീകരിക്കേണ്ട ഒരു വിശ്വാസകാര്യമല്ല എന്നാണ്.

ഇസ്ലാമിന്റ ആദ്യകാല വിമര്‍ശകര്‍ കാര്യമായി ഒരു ആരോപണമായി ഉന്നയിക്കാത്ത വിഷയമാണ് നബിയുടെ വിവാഹങ്ങള്‍ പുതിയ കാലഘട്ടത്തിലാണ് അത് ഗുരുതരമായ ഒരു വിമർശനമായി ഉന്നയിക്കാൻ തുടങ്ങുന്നത്. നമ്മുടെ നാട്ടില്‍വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും , വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനിവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശയുടെ വിവാഹം. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ ധാരണ തിരുത്തുന്നവിധം ഒരു ഗവേഷണം ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നാം അക്കാര്യത്തെക്കുറിച്ച് ഒരു പുനരാലോചന നടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദം മുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്, സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല. ഒരു ചരിത്രം മാത്രമാണ്. വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം.  ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്.  മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതിലുന്നയിക്കുന്ന വസ്തുതകൾ പരിശോധിച്ചാൽ ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒന്നാമത്തെ തെളിവ് : ആയിശ (റ) ടെ ജനനവുമായി ബന്ധപ്പെടുത്തി.

നബി(സ) പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി (സ) ആയിശ (റ)യെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം.  പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്.

എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്  വ്യക്തമാക്കുന്നു. അതനുസരിച്ച് പ്രവാചകത്വം ലഭിക്കുന്ന സന്ദര്‍ഭത്തില്‍ ആയിശ(റ)ന്റെ വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ .

ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍. ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.

രണ്ടാമത്തെ തെളിവ്: അസ്മാഅ് (റ) ന്റെ മരണവുമായി ബന്ധപ്പെടുത്തി.

അമാഅ് (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം.

മൂന്നാമത്തെ തെളിവ്: ത്വബ്`രിയുടെ ചരിത്രം അനുസരിച്ച്

അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത്  നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ് രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.

കാര്യം ഇങ്ങനെയായിരിക്കെ എന്തുകൊണ്ട് മുസ്ലിം സമൂഹം ഇത് ഒരിക്കലും പറയുന്നില്ല എന്ന ചോദിച്ചേക്കാം. അങ്ങനെ ഈ പറഞ്ഞതൊക്കെ  ഒരു ക്ഷമാപണമനസ്സിന്റെ ന്യായീകരിക്കാനുള്ള വ്യഗ്രതയാണ് എന്ന് എഴുതി തള്ളിയേക്കാം. ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്. അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."

ഈ ഹദീസിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. എവിടയോ ഒരു പിശകുണ്ട്. അത് എവിടയാണ് എന്നാണ് നാം കണ്ടെത്തേണ്ടത്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് നാം ആദ്യം ചെന്നത്തുക.

1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന്  ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.

2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ സംഭവിക്കാനിടയുള്ള പിശക് ഈ വിഷയത്തിൽ കാര്യമായി നാം കണക്കിലെടുക്കാൻ ചരിത്രം മുന്നിൽ വെക്കുമ്പോൾ നിർബന്ധിതരാകുന്നു.

3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖിലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).

അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ ബുഖാരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച പരമ്പരയനുസരിച്ച് ഈ ഹദീസ് സ്വഹീഹാണ്. തന്റെ ആറാം വയസ്സില്‍ നടന്ന ഒരു സംഭവമാണ് ആയിശ (റ) പറയുന്നത് എന്നതില്‍ സംഭവിച്ചിരിക്കാനുള്ള മറ്റൊരു സാധ്യത കുറേകൂടി ഇവിടെ ഉണ്ട് എന്നത് തൽകാലം അവഗണിക്കാം. നാം മുകളില്‍ പറഞ്ഞ വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്ന് വ്യക്തമാണല്ലോ. കുറേകൂടി ചരിത്ര വിശകലനങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് കാണാവുന്നതാണ്. (താരിഖ് സുവൈദാൻ വളരെ പ്രശസ്തനായ പണ്ഡിതനും പ്രഭാഷകനുമാണ്. ഇതേ കാര്യമാണ് അദ്ദേഹം താഴെ നൽകിയ പ്രഭാഷണത്തിൽ വെളിപ്പെടുത്തുന്നത്)


1. പൊതു ധാരണയനുസരിച്ച് ജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്.എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ബദര്‍, ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം. (പത്ത് വയസ്സുള്ള ഒരു പെൺകുട്ടിയെ യുദ്ധത്തിന് കൊണ്ടുപോയാൽ എന്താണ് കുഴപ്പം എന്ന് തിരിച്ചു ചോദിക്കാവുന്നതാണ്. അതിനാൽ ഇതൊരു വാലിഡ് പോയിന്റല്ല എന്ന് സമ്മതിക്കുന്നു. അറബികളുടെ ശരീര പ്രകൃതി നമ്മുടേത് പോലെയല്ല എന്നും നമുക്ക് പറയാം. എന്നാൽ ഈ വീഡിയോ അറബികളായി സ്ത്രീകൾ തന്നെ അതിന് മറുപടി പറയുന്നു. എങ്കിലും കൂടെയുള്ള വസ്തുതകൾ കൂടി മുന്നിൽ  വെച്ച് യുക്തിസഹമായ ഒരു നിഗമനമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ.)

3. മറ്റൊരു ചരിത്രകാരനായ ഇബ്‌നു ഹിശാമിന്റെ അഭിപ്രയത്തില്‍ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്തിന്റെ തൊട്ടു മുമ്പാണ് ആയിഷ (റ) ഇസ്ലാം സ്വീകരിക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രബോധനത്തിന്റെ ഒന്നാം വര്‍ഷം തന്നെ ഇസ്ലാം സ്വീകരിക്കാന്‍ ഉള്ള വിവേകം എത്തിയ പ്രായം ആവണം ആയിഷ (റ) വിന്. അന്ന് ആയിഷ (റ) കുറഞ്ഞത് അഞ്ചു വയസ്സ് പ്രായം എന്ന് കരുതിയാല്‍ പോലും ഹിജ്‌റ സമയത്ത് അവരുടെ പ്രായം കുറഞ്ഞ 17 ആയിരിക്കും. ഹിജ്‌റ സമയത്ത് ഒന്‍പത് വയസ്സാണ് ആയിഷ (റ)ക്ക് എന്ന് വാശിപിടിക്കുന്നവര്‍ ആയിഷ (റ) ജനിക്കുന്നതിനു 8 കൊല്ലം മുമ്പ് ഇസ്ലാം സ്വീകരിച്ചു എന്ന പരമ്പര വിഢിത്തം നാം അംഗീകരിക്കേണ്ടിവരും.

4. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്ഇമിന്റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റയുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു. (അന്ന് വിവാഹ പ്രായം എന്നത് ആറ് വയസ്സാണ് എന്ന് ചിലർ തട്ടിവിടുന്നു. എന്നാൽ അത്തരം എത്ര വിവാഹങ്ങൾ ചൂണ്ടിക്കാണിക്കാൻ അവർക്ക് കഴിയും എന്നത് പരിശോധിക്കേണ്ടതല്ലേ. സത്യത്തിൽ ഈ സംഭവം വെച്ചാണ് നാം ആ ധാരണ രൂപീകരിച്ചത് എന്നതല്ലേ സത്യം).

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അഭിപ്രായത്തില്‍ നബിതിരുമേനിയുടെ പുത്രി ഫാത്തിമ(റ)ക്ക് ആയിഷ (റ)യെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍ ആണ്. തിരുമേനിയുടെ മുപ്പത്തി അഞ്ചാം വയസ്സില്‍ ആണ് ഫാത്തിമ ജനിക്കുന്നത്. ഇത് പ്രകാരം നോക്കിയാലും ഹിജ്‌റ സമയത്ത് ആയിഷക്ക്  9 വയസ്സല്ല.

ചുരുക്കത്തില്‍ വിവാഹസമയത്ത് ആയിശക്ക് ആറ് വയസ്സും ദാമ്പത്യം ബന്ധംതുടങ്ങുമ്പോള്‍ 9 വയസ്സുമായിരുന്നുവെന്നത് ചരിത്ര വസ്തുതകളോ ഹദീസിന്റെ ന്യൂനതയോ പരിഗണിക്കാതെയുള്ള പരമ്പരാഗത വിശ്വാസം മാത്രമാണ് എന്ന് വ്യക്തമാകുന്നു. പക്ഷ നാമൊക്കെ പഠിച്ചുവെച്ചത് അതായത് കൊണ്ട് ഇനിയും കുറേകാലം. അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കൊടുക്കാതരിക്കുകയും ചെയ്യും.

ഹിജ്റക്ക് മുമ്പേ ആയിശ(റ) പ്രായപൂർത്തിയായിരുന്നെങ്കിൽ പിന്നെയും മൂന്ന് വർഷം ദാമ്പത്യജീവിതം തുടങ്ങാൻ താമസിച്ചതെന്ത് കൊണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതിന് നാം സ്വയം കണ്ടെത്തുന്ന മറുപടിയാണ് കുറച്ചുകൂടി പ്രയാമാകാൻ പ്രവാചകൻ കാത്തിരുന്നുവെന്നത് എന്നാൽ അത് ശരിയല്ലെന്ന് നാം അറിയുന്നത് അബൂബക്കറിന് നബി(സ) നൽകപ്പെട്ട മറുപടിയിൽനിന്നാണ്. അവിടെ നബി മറുപടിയായി പറയുന്നത് സദാഖ്(മഹ്റ് നെക്കുറിച്ചാണ്). മാത്രമല്ല ജുബൈറുബ്നു മുത്ഇമിന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമിച്ചത് മൂന്ന് വർഷം കാത്തിരിക്കണം എന്ന നിബന്ധനയോട് കൂടിയായിരുന്നോ. (താഴെ നൽകിയ വീഡിയോയിൽ നിന്ന് അക്കാര്യങ്ങൾ കൂടി കേൾക്കാം) 




ഈ ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ ഇതിനോട് എന്ത് നിലപാട് സ്വീകരിച്ചാലും പ്രത്യേകിച്ച് ഒന്നുമില്ല. 9 വയസ് (ഇതുപോലും സൌകര്യത്തിന് പറയുന്നതാ ശരിക്കും 6 വയസ്സ് എന്നാണ് പറയേണ്ടത്) എന്നത് വസ്തുതയല്ലെങ്കില്‍ പ്രവാചന്‍ ഇതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യരുത് എന്ന നല്ല മനസ്സ് മാത്രമാണ് ഈ ചര്‍ചക്ക് പിന്നില്‍. മാത്രമല്ല മനസ്സിലാക്കിയ സത്യം പറയാതിരിക്കാനാവുന്നമില്ല.

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

(അവലംബം : ബോധനം, ഇസ്ലാമിക് സൈറ്റുകള്‍ )

(അടുത്തകാലത്ത് ഈ ബ്ലോഗിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്നത് ഈ പോസ്റ്റാണ്. ആരെങ്കിലും ഇതിന്റെ ലിങ്ക് ഷെയർ ചെയ്യുന്നതാകാം കാരണം. ഇതിവിടെ പോസ്റ്റ് ചെയ്യുമ്പോൾ ഈ വിഷയം കാര്യമായി മലയാളത്തിൽ ചർച ചെയ്യപ്പെട്ടിരുന്നില്ല. പിന്നീട് പല ഇസ്ലാമിക പണ്ഡിതൻമാരും ഈ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുകയുണ്ടായി. അവകൂടി കണക്കിലെടുത്ത് ചില മിനുക്കുകൾ ഈ പോസ്റ്റിൽ വരുത്തിയിട്ടുണ്ട്. ഇതിന് നൽകപ്പെട്ട മറുപടികൾ വായിച്ചപ്പോൾ നബി (സ) ആയിശയെ വിവാഹം ചെയ്തത് ആറാം വയസ്സിൽ അല്ല എന്നും അത് 17ലോ 18 ലോ ആണ് എന്ന വിശ്വാസം ഒന്നുകൂടി ശക്തിപ്പെടുക മാത്രമാണുണ്ടായത്. 29-03-2018) 

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review