2010, ജനുവരി 16, ശനിയാഴ്‌ച

സൂര്യഗ്രഹണവും ഇസ്‌ലാമും


ഏത് സംഭവത്തിലും ഇസ്‌ലാമിനെ ഒന്ന് കൊട്ടാനുള്ള വല്ലകാരണവും ഇ.എ.ജബ്ബാര്‍ കണ്ടെത്തും. സ്വാഭാവികമായും ഇത്തവണയും ടിയാന്‍ പതിവുതെറ്റിച്ചില്ല. സൂര്യഗ്രഹണം എന്താണെന്ന് അല്ലാഹു പറഞ്ഞുകൊടുത്തില്ല എന്നതും, മുഹമ്മദിനറിയാത്തതെന്നും അല്ലാഹുവിന്നറിയില്ല എന്നതും, ആ സമയത്ത് നമസ്‌കരിക്കാന്‍ പള്ളിയിലെത്തണമെന്നതിലൂടെ അതിലെ ശാസ്ത്രീയത കണ്ടെത്താനുള്ള സാഹചര്യം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുത്തി എന്നൊക്കെയാണ് മൊത്തത്തില്‍ പോസ്റ്റില്‍ നിന്ന് മാലോകര്‍ മനസ്സിലാക്കേണ്ടത്. പക്ഷെ പോസ്റ്റിന്റെ യഥാര്‍ത്ഥ ബെനഫിറ്റ് തുടര്‍ന്നുള്ള കമന്റുകളാണ്. തുടര്‍ന്നുള്ള ഇസ്‌ലാമിനെതിരെയുള്ള കൊഞ്ഞനം കാട്ടലാണ് ഏറ്റവും പ്രധാനം. 'ഗ്രഹണത്തിന്റെയന്ന് നരബലി കൊടുക്കുന്ന ആചാരവും തിരിച്ചുവരട്ടേയെന്ന് പ്രാര്‍ഥിക്കാം.' എന്നൊരുവന്റെ വക. 'ആദ്യം കത്തിച്ചുകളയേണ്ടത് ഹദീസും ഖുര്‍ആനുമാണ് അന്ധവിശ്വാസത്തിലേക്ക് നയിക്കുന്ന ഗ്രന്ഥങ്ങള്‍ ...കഷ്ടം'... ഈ രൂപത്തിലാണ് കമന്റുകളുടെ പോക്ക്. ഒരുമാന്യന് തൃപ്തിവരണമെങ്കില്‍ മുസ്ലിം പണ്ഡിതന്‍മാരെക്കൂടി കത്തിക്കണം. അതിനുള്ള സമയം കഴിഞ്ഞതിലുള്ള പരിഭവവും അദ്ദേഹം മറച്ചുവെക്കുന്നില്ല. ഇസ്‌ലാമിനെയും മുസ്ലിംകളെയും എന്തും പറയാം മറുപടി പറഞ്ഞാല്‍ അതിന്റെ പേരാണ്  അസഹിഷ്ണുത.

എന്തായിരുന്നു ആ സമയത്ത് അല്ലാഹു ചെയ്യേണ്ടിയിരുന്നത് അതും പറഞ്ഞുതരുന്നുണ്ട് മാഷ്.  ചന്ദ്രന്‍ വന്ന് സൂര്യനെ അല്പ നേരം മറയുന്നതാണു ഗ്രഹണമെന്നും അതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും അല്ലാഹു മുഹമ്മദിന് പറഞ്ഞുകൊടുക്കേണ്ടിയിരുന്നുവത്രേ.

സംഭവിച്ചത് ഇതാണ്: മുഗീറതുബ്‌നു ശുഅ്ബയില്‍ നിന്ന് : നബിയുടെ കാലത്ത് (നബിപുത്രന്‍) ഇബ്‌റാഹീം മറിച്ച ദിവസം സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു ഇബ്‌റാഹീമിന്റെ മരണം മൂലമാണ് സൂര്യഗ്രഹണമുണ്ടായത് തദവസരം റസൂല്‍ പറഞ്ഞു ഒരാളുടെയും മരണം കാരണത്താലോ ജീവിതം കാരണത്താലോ സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. ഗ്രഹണം ബാധിച്ചതായി നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ നമസ്‌കരിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. (ബുഖാരി).

ഇതേ സംഭവം അബൂമൂസ എന്ന സഹാബി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 'റസൂല്‍ വിഹ്വലതയോടെ എഴുന്നേറ്റു എന്ന ഒരു പ്രയോഗമുണ്ട്'. ഇതേ ഹദീസ പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആ പ്രയോഗമില്ല. അക്കാരണത്താല്‍ തന്നെ പ്രസ്തുത റിപ്പോര്‍ട്ടര്‍ക്ക് അങ്ങനെ തോന്നിയതാകാം. ഇനി യഥാര്‍ഥത്തില്‍ തന്നെ അദ്ദേഹം ഭയപ്പെട്ടിരുന്നുവെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനില്ല, പൂര്‍വിക സമുദായങ്ങള്‍ക്ക് ശിക്ഷ ഭവിച്ചപ്പോള്‍ ഇതുപോലെ ആകാശം ഇരുണ്ട് കൂടിയിരുന്നു എന്ന് കാണാം. ദൈവനിഷേധികള്‍ വിചാരിച്ചു മഴവര്‍ഷിക്കാന്‍ പോകുകയാണെന്ന് പക്ഷെ അവരുടെ മേല്‍ വര്‍ഷിച്ചത് ശിക്ഷയുടെ പേമാരിയായിരുന്നു. ഇത് സംബന്ധിച്ച സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ സമാനനിഷേധം തുടര്‍ന്ന് കൊണ്ടിരിക്കെ ആകാശം ഇരുണ്ട് കൂടിയപ്പോള്‍ പ്രവാചകന്‍ ഭയപ്പെട്ടുവെങ്കില്‍ അത് സ്വന്തം ശരീരത്തെ പേടിച്ചായിരിക്കില്ല എന്നത് പ്രവാചകന്‍മാരെ അറിയുന്നവരോട് വിശദീകരിക്കേണ്ടതില്ല.

ഗ്രഹണമാണെന്ന് മനസ്സിലായപ്പോള്‍ അതുമായി ബന്ധപ്പെട്ട് സമൂഹത്തിലുണ്ടായ ഒരന്ധവിശ്വാസം അദ്ദേഹം നീക്കം ചെയ്തു. മരണത്തിനോ ജനനത്തിനോ ഗ്രഹണവുമായി ബന്ധമില്ലെന്ന് അദ്ദേഹം ഉണര്‍ത്തി. ആളുകളെ പള്ളിയില്‍ ഒരുമിച്ച് കൂടി നമസ്‌കരിച്ചു. അക്കാലത്ത് ദൈവം ഇടപ്പെട്ട് ഭയപ്പെടേണ്ട എന്ന് പറഞ്ഞ് നമസ്‌കാരം മുടക്കിയില്ല എന്നത് അത്രവലിയ തെറ്റൊന്നുമല്ല. ആ സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാനിടവരുകയും അതവരുടെ കാഴ്ചയെ ബാധിക്കുയും ചെയ്യുമായിരുന്ന അവസ്ഥയില്‍ നിന്ന് അന്നത്തെ ജനങ്ങളെയും പിന്നീടുള്ള ജനതയേയും രക്ഷപ്പെടുത്തി എന്നാണ് അതിനെക്കുറിച്ച് പറയേണ്ടത്. അന്ന് അതിന്റെ ശാസ്ത്രീയത വിശദീകരിക്കാന്‍ നില്‍ക്കുന്നതിലേറെ മണ്ടത്തരം വേറെയുണ്ടോ. മാത്രമല്ല അത് മനുഷ്യന് വിട്ടുകൊടുക്കുകയാണ് അല്ലാഹു ചെയ്തിട്ടുള്ളത്. പ്രവാചകന്‍മാരെ അയക്കുന്നത് പ്രപഞ്ചപ്രതിഭാസങ്ങളുടെ ശാസ്ത്രീയത വിശദീകരിക്കാനല്ല. അവയ്ക് പിന്നിലുള്ള അസ്തിത്വത്തെ പരിചയപ്പെടുത്താനാണ്. അത് ശാസത്രം കൊണ്ട് ലഭിക്കുകയില്ല. അത് കണ്ടെത്താന്‍ കഴിയാത്ത അല്‍പന്‍മാരാണ്. വിശ്വാസികളുടെ കാര്യത്തില്‍ കൂട്ടവിലാപമുയര്‍ത്തുന്നത്.

സൂര്യനും ചന്ദ്രനും ദൈവികദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തമാണ് എന്ന് പറഞ്ഞതിലൂടെ തന്നെ അതിനെ വായിക്കാനും പഠിക്കാനുമുള്ള പ്രേരണയുണ്ട്. ആയത്തുകള്‍ പഠിക്കാനുള്ളതാണ്. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്കും ആയത്തുകള്‍ എന്നാണ് പറയുക എന്നോര്‍ക്കുക. ഖുര്‍ആനിക സൂക്തങ്ങള്‍ ചിന്തിക്കാനും മനനംചെയ്യാനുമുള്ളതാണ് എന്നതാണ് അവയിലെ സാമ്യത. ഇതൊരു നിര്‍ബന്ധനമസ്‌കാരമല്ലാത്തതിനാല്‍ ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് പോലെ ചന്ദ്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പഠിക്കുന്നവര്‍ക്കൊന്നും അതിന് തടസ്സമില്ല. ഇതിന് വേണ്ടി. ആയിരത്തിമൂന്നൂറ് വര്‍ഷം ജനങ്ങളെ ചന്ദ്രഗ്രണം നോക്കാന്‍ വിടേണ്ട എന്ന് അല്ലാഹു തീരുമാനിച്ചെങ്കില്‍ അതിന് ഇവരൊക്കെ ഇങ്ങനെ വികാരം കൊള്ളേണ്ടതുണ്ടോ.

ചുരക്കത്തില്‍ ഏത് ഭൗതികപ്രതിഭാസങ്ങളും വിശ്വാസികള്‍ക്ക് ദൈവത്തില്‍ വിശ്വാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ സല്‍കര്‍മങ്ങളനുഷ്ഠിക്കാനും (ഗ്രഹണമുണ്ടായാല്‍ നാല് കാര്യങ്ങള്‍ കല്‍പിച്ചു. ദൈവത്തോട് പ്രാര്‍ഥിക്കുക, ദൈവമഹത്വം വാഴ്തുക. ദാനധര്‍മങ്ങള്‍ ചെയ്യുക, നമസ്‌കരിക്കുക)അവസരം നല്‍കുന്നു. യുക്തിവാദികള്‍ക്കാകട്ടേ ദൈവനിഷേധം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും അതോടൊപ്പം കൂടുതല്‍ തിന്മചെയ്യാനും (അല്ലാഹുവിനെയും പ്രാവചകനെയും പരമാവധി പരിഹസിക്കുക, വിശ്വാസികളോടുള്ള വെറുപ്പും വിദ്വേഷവും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ..) ഇടയാക്കുന്നു.

ദൈവം മഹോന്നതന്‍ ‍, അവനാകുന്നു സകല സ്തുതിയും.

21 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

സുശക്തമായ ചിലവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലേ സുഭദ്രമായ ഒരു സമൂഹം നിലനില്‍ക്കുകയുള്ളൂ. തെളിഞ്ഞ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യന് നല്‍കുന്ന സുഖവും സമാധാനവും അതനുഭവിച്ചക്കേ അറിയൂ.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഇതു വളരെ തമാശയായിരിക്കുന്നല്ലോ, ലത്തീഫ്.
ഗ്രഹണം മരണത്തിന് കാരണമാകുന്നില്ലെന്ന് ജനങ്ങളെ അദ്ദേഹം പഠിപ്പിച്ചു. പക്ഷെ ഗ്രഹണം കഴിയുന്ന വരെ എന്തിനാണ് നിസ്കരിച്ച് പള്ളിക്കുള്ളില്‍ ജനങ്ങള്‍ കഴിച്ചു കൂട്ടുന്നത്?

പുറത്തിറങ്ങി സൂര്യനെ നോക്കിയാല്‍ കണ്ണിന് അപകടം പറ്റാം എന്ന് വാദത്തിനു സമ്മതിച്ചാല്‍ തന്നെ അതറിയുന്ന ഇന്നത്തെ ജനങ്ങളെ എന്തിന് നിസ്കാരത്തിനായി നിര്‍ബന്ധിക്കണം? എന്റെ വീടിന്നടുത്തുള്ള പള്ളിയില്‍ ഇന്നലെ മൂന്നു മണിക്കാണ് നിസ്കാരം അവസാനിച്ചത്. ഒരു അവധി പോലും കൊടുക്കാത്ത ഒരു മുസ്ലീം മാനേജ്മെന്റ് സ്കൂള്‍ ഇന്നലെ അവധിയുമായിരുന്നു.

എല്ലാ മതങ്ങളിലും ഹ്രഹണത്തിനു കാരണമായി നിരവധി വിശദീകരണങ്ങളുണ്ട്, അവയൊന്നും ശാസ്ത്രീയമല്ലാത്തതിനാല്‍ ആ മതസ്ഥര്‍ ആരും അതിന്റെ പിന്നാലെ പോകുന്നില്ല. യഥാര്‍ത്ഥത്തില്‍ ഗ്രഹണത്തെക്കുറിച്ച് എന്താണ് ഖുറാനില്‍ വിശദീകരിച്ചിരിക്കുന്നത്?

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഏതു ഭാഗത്താണെന്ന് കൂടെ പറയണെ, എനിക്ക് നോക്കാന്‍ വേണ്ടിയാണ്.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്

സന്ദര്‍ഭോജിതമായ പോസ്റ്റിന് നന്ദി.

ഇതു വളരെ തമാശയായിരിക്കുന്നല്ലോ, ലത്തീഫ്.

പ്രിയ അനില്‍

ഒരു എളിയ ചോദ്യം. ഇസ്ലാമിലെ ഏത് നമസ്കാരമാണ് താങ്കള്‍ക്ക് തമാശയായി തോന്നാത്തത്? താങ്കളുടെ ചോദ്യമാണ് സത്യത്തില്‍ എനിക്ക് തമാശയായി തോന്നുന്നത്.

ആരും സൂര്യ ഗ്രഹണം നോക്കാന്‍ പാടില്ല എന്ന് എവിടെയും പറഞ്ഞതായി എനിക്കറിയില്ല. ഇനി ഗ്രഹണ സമയത്ത് എല്ലാവരും ഗ്രഹണം കാണാന്‍ മുഴു സമയവും ആകാശത്തേക്ക് നോക്കി നിന്നത് കൊണ്ടുള്ള പ്രയോജനം കൂടി താങ്കള്‍ക്കൊന്നു വിവരിച്ച് തരാമോ.

മറ്റു പല സന്ദര്‍ഭങ്ങളിലും ഐച്ഛികമായ നമസ്കാരം നിര്‍വ്വഹിക്കുന്നുണ്ട് ഇസ്ലാമില്‍. അത് നിര്‍ബന്ധമായ സംഗതിയേ അല്ല. മറ്റു കാര്യങ്ങളെല്ലാം പോസ്റ്റില്‍ ലത്തീഫ് വ്യക്തമാക്കിയിട്ടുണ്ട്.

പിന്നെ ജബ്ബാര്‍ മാഷിന് പെരുന്നാളിനും ഗ്രഹണത്തിനും ഒരു പോസ്റ്റിട്ടില്ലെങ്കില്‍ സമാധാനം കിട്ടില്ല. മാഷ് പോസ്റ്റുന്ന വിവരക്കേടുകള്‍ കണ്ട് ചാടിയിറങ്ങുന്നതിന് മുന്‍പ് അല്പം ചിന്തിക്കുന്നത് നല്ലതാണെന്ന്, വിനയ പൂര്‍വ്വം ഓര്‍പിക്കട്ടെ.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ചിന്തകാ,
എങ്ങിനെ തമാശ തോന്നാതിരിക്കും. ഗ്രഹണത്തെക്കുറിച്ച് ജബ്ബാര്‍ മാഷ് പറഞ്ഞതിനെ ചില ഭാഷാപ്രയോഗ വ്യത്യസങ്ങള്‍ വരുത്തിപ്പറഞ്ഞതല്ലാതെ എന്താണ് ലത്തീഫ് പറഞ്ഞിരിക്കുന്നത്. എങ്ങിനെ ഗ്രഹണം സംഭവിക്കുന്നു എന്നോ ഗ്രഹണ സമയത്ത് എന്തിന് നിസ്കരിച്ചിരിക്കണമെന്നോ വിശദമാക്കാന്‍ പറ്റുമോ?
അത് ബോദ്ധ്യപ്പെട്ടാല്‍ അഭിപ്രായങ്ങള്‍ മാറ്റാന്‍ മടികാണിക്കുന്ന ആളല്ല ഞാനെന്ന് താങ്കള്‍ക്ക് അറിയാമല്ലോ.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അനില്‍

ചില അടിസ്ഥാന കാര്യങ്ങള്‍ നാം മനസ്സിലാക്കാതെ പോകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഇവിടെ. പ്രവാചകന് പ്രപഞ്ചത്തിലെ എല്ലാ രഹസ്യങ്ങളും അറിമായിരുന്നു എന്നോ, എല്ലാം രഹസ്യവും പ്രവാചകന് ദൈവം അറിയിച്ച് കൊടുത്തിണ്ട് എന്നോ ഇവിടെ ആരും അവകാശപെടുന്നില്ല. അങ്ങിനെ ആരെങ്കിലും വാദിച്ചാല്‍ അയാള്‍ക്ക് പ്രവാചകന്മാരെ കുറിച്ചോ പ്രവാചകത്വമെന്തെന്നോ അറിയില്ല എന്ന് പറയാനെ എനിക്ക് കഴിയൂ.

അതിനാല്‍ തന്നെ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ, പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ രഹസ്യങ്ങളെ കുറിച്ചോ ബോധ്യപെടുത്തുക എന്നത് പ്രവാചക ദൌത്യങ്ങളുടെ ഭാഗമയിരുന്നുമില്ല.

എല്ലാ‍ം കാര്യങ്ങളും അറിയുന്നവന്‍ ദൈവം മാത്രമാണ്. ദൈവം അറിയിച്ചതല്ലാത്ത ഒരു കാര്യവും പ്രവാചകനറിയുമായിരുന്നില്ല.

എന്ത് കൊണ്ട് അറിയിച്ചു കൊടുത്തില്ല എന്നതിന്റെ യഥാര്‍ത്ഥ സത്യം ദൈവത്തിന് മാത്രമേ അറിയൂ. മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് വികാസക്ഷമതയുള്ള ബുദ്ധിയോടും യുക്തിയോടും കൂടിയാണ്.
പ്രകൃതിയെ കുറിച്ചും അതിലെ പ്രതിഭാസങ്ങളെകുറിച്ചും കണ്ടെത്താന്‍ ദൈവം നിശ്ചയിച്ച വഴിയും അത് തന്നെയാണെന്നാണ് ഇസ്ലാമിന്റെ കാഴ്ചപാട്.

എങ്ങെനെ ഗ്രഹണം നടക്കുന്നു എന്നത് വിവരിച്ച് കൊടുക്കുക എന്നത് പ്രവാചക ദൌത്യത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് മനസ്സിലാക്കേണ്ട കാര്യം. എന്നാല്‍ അതുമായി ബന്ധപെട്ട ജനങ്ങള്‍ക്കുള്ള അന്ധവിശ്വാസത്തെ പ്രവാചകന്‍ ഇല്ലാതാക്കി.

ചന്ദ്രന്‍ സൂര്യനെ മറക്കുന്നതാണെന്ന് കാര്യം പ്രവാചകന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഗ്രഹണ സമയത്തുള്ള നമസ്കാരം പറയില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. ഈ പ്രപഞ്ചവും അതിലെ സര്‍വ്വ ചലനങ്ങളും ഇവിടത്തെ ഏതെങ്കിലും യുക്തിവാദി ശാസ്ത്രജ്ഞന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് ഒരു യുക്തിവാദിയും പറയില്ല.

ഗ്രഹണം എന്നത് ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ നടക്കുന്ന പ്രാപഞ്ചിക പ്രതിഭാസമാണ്. അത് നടക്കുന്നത് ദൈവികമായ നിയന്ത്രണത്തിന്റെ/ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കുന്ന ഒരു വിശ്വാസി, ഈ പ്രവാചക മാതൃക, ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവത്തെ സ്തുതിക്കാന്‍ ഉപയോഗപെടുത്തുന്നു.

ദൈവമേ ഇല്ലെന്ന് വിചാരിക്കുന്നവര്‍ക്ക് വിശ്വാസപരമായ ഏത് കാര്യവും അന്ധവിശ്വാസമായി തോന്നുക സ്വാഭാവികം. :)

CKLatheef പറഞ്ഞു...

പ്രവാചകന്‍ നമസ്‌കരിക്കാന്‍ പറഞ്ഞത് മനുഷ്യര്‍ ചന്ദ്രനെ നഗ്നനേത്രങ്ങള്‍കൊണ്ട് നോക്കരുത് എന്ന് കരുതിയാണ് എന്ന് ഞാന്‍ പറയില്ല. അല്ല എന്ന് പറയാനും എനിക്ക് കഴിയില്ല. കാരണം ദിവ്യവെളിപാട് കൊണ്ടല്ലാതെ അദ്ദേഹം അപ്രകാരം കല്‍പിക്കുകയുമില്ല.

ആദ്യം നല്‍കിയ കമന്റായിരുന്നു ഇത്. രണ്ടാമത്തെ കമന്റിലൊന്ന് ഡിലീയപ്പോള്‍ മാറിപ്പോയതാണ്. വരുന്നവര്‍ക്ക് വല്ലാതെ തമാശയായി തോന്നാതിരിക്കാനായിരുന്നു ആദ്യമായി ഇത് നല്‍കിയത്. ചര്‍ചമാറി മുഹമ്മദ് നബി നമസ്‌കരിക്കാന്‍ പറഞ്ഞത് ചന്ദ്രനെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് നോക്കാതിരിക്കാനാണത്രേ എന്ന് പറഞ്ഞ് ആര്‍ത്ത് ചിരിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു.

ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ക്ക് ഭൗതികമായ ഫലവും അത്മീയമായ ഫലവുമുണ്ട്. അതോടൊപ്പം ദൈവാജ്ഞ അനുസരിക്കുന്നതിലൂടെ പാരത്രികമായ പ്രതിഫലവും. ഇതിന്റെ ഭൗതികമായ ഒരു ഫലം ഈ ഒരു സംരക്ഷണമായിരുന്നില്ല എന്ന് പറയാനാവില്ല എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. ദൈവവും പ്രവാചകനും അന്ധവിശ്വാസമായവര്‍ക്ക് മാത്രമേ ഇത് തമാശയായി തോന്നൂ. മാനത്ത് നോക്കലും ഗ്രഹണം കാണലും അതിനെക്കുറിച്ച് അറിയാവുന്നിടത്തോളം വിവരങ്ങള്‍ കരസ്ഥമാക്കലുമൊക്കെ നല്ലതുതന്നെ. ആവശ്യവുമാണ്. പക്ഷെ ഇവിടെ യുക്തിവാദികള്‍ പ്രചരിപ്പിക്കുന്നത് പോലെയുള്ള ഒരവസ്ഥ അതിനുണ്ടോ അന്ന് നമസ്‌കാരം നിര്‍വഹിക്കാതെ പുറത്തിറങ്ങി നടന്നവര്‍ എത്ര നേരം സൂര്യഗ്രഹണം നോക്കി. അവര്‍ കണ്ടെതെന്ത്. മനസ്സിലാക്കിയതെന്ത്. ശാസ്ത്രജ്ഞരുടെ കാര്യമല്ല പറയുന്നത്.

സ്‌കൂള്‍ അവധിനല്‍കിയതും അതും ഇസ്‌ലാമുമായി ബന്ധമില്ല. ഗ്രഹണത്തെക്കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. ഇതുവെച്ച് ഗ്രഹണത്തെക്കുറിച്ചറിയാത്ത ദൈവം എന്ന ഒരു പോസ്റ്റ് യുക്തിവാദികള്‍ക്കിടാം. ഹദീസുകളിലാണ് അതിനെക്കുറിച്ച പരാമര്‍ശമുള്ളത്. അവയില്‍ എന്ത് അശാസ്ത്രീയതയാണുള്ളത് എന്ന് പറഞ്ഞുതന്നാല്‍ കൊള്ളാം.

അനില്‍ പറഞ്ഞത് എത്രത്തോളം ശരിയാണ് എന്നറിയില്ല. രണ്ട് പോസ്റ്റിലും സമാനമായിട്ടുള്ളത് അത് സംബന്ധമായ ഹദീസാണ് ബാക്കിയുള്ള സംസാരം രണ്ട് ഉദ്ദേശ്യം വെച്ചാണ്. ഒന്ന് പരിഹസിക്കാന്‍ സ്വാഭാവികമായും താങ്കളൊഴികെ മറ്റുള്ളവര്‍ അതിന് വേണ്ടി അത് ഉപയോഗപ്പെടുത്തുകയും ചെയ്തു. താങ്കള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു അതിനാല്‍ മാന്യമായി ഇവിടെ വന്ന് ചര്‍ചയില്‍ പങ്കെടുക്കുന്നു. താങ്കളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. കാരണം നിങ്ങള്‍ക്കും ദൈവവും പ്രവാചകനും തമാശമാത്രമാണല്ലോ.

പ്രിയ ചിന്തകന്‍ ,
അനിലിന് വിശദീകരണം നല്‍കിയതിന് നന്ദി.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

"പക്ഷെ ഇവിടെ യുക്തിവാദികള്‍ പ്രചരിപ്പിക്കുന്നത് പോലെയുള്ള ഒരവസ്ഥ അതിനുണ്ടോ അന്ന് നമസ്‌കാരം നിര്‍വഹിക്കാതെ പുറത്തിറങ്ങി നടന്നവര്‍ എത്ര നേരം സൂര്യഗ്രഹണം നോക്കി. അവര്‍ കണ്ടെതെന്ത്. മനസ്സിലാക്കിയതെന്ത്. ശാസ്ത്രജ്ഞരുടെ കാര്യമല്ല പറയുന്നത്."

ലത്തീഫ്,
ഇത്രയേ ഉള്ളൂ കാര്യങ്ങളുടെ കിടപ്പ്. ഇനി ഇതുപോലൊരു ഗ്രഹണം കാണണമെങ്കില്‍ 1000 വര്‍ഷങ്ങള്‍ കഴിയണം എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അപ്പൊള്‍ ഇതു കാണാന്‍ കഴിഞ്ഞ ഇന്നത്തെ തലമുറ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ കരുതുന്നു. അതിന്റെ പ്രാധാന്യം താങ്കളെ സംബന്ധിച്ചിടത്തോളം കുറവായിരിക്കാം.

സ്കൂള്‍ അവധി നല്‍കിയതിന് ഇസ്ലാമുമായി ബധമില്ലായിരിക്കാം, പക്ഷെ നിസ്കരിക്കാനും, ഉച്ചസമയത്ത് ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നും പറഞ്ഞുമാണ് അവധി നല്‍കിയത്.

ഇസ്ലാം സ്കൂള്‍ മാത്രമല്ല ഒരു ഹൈന്ദവ സ്കൂളും അവധി നല്‍കിയിരുന്നു, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞ്. അപ്പോള്‍ രണ്ടു കൂട്ടരുടേയും കാഴ്ചപ്പാട് ഒന്നാണെന്ന് അര്‍ത്ഥം.

പ്രവാചകനെയോ നിസ്കാരത്തെയോ ഞാന്‍ തമാശയായോ ഗൌരവമായോ കാണുന്നില്ല,കാരണം അത് രണ്ടും എന്നെ ബാധിക്കുന്ന കാര്യമല്ല എന്നുള്ളതിനാല്‍. എന്നാല്‍ പരിഹസിക്കാനും ഞാനില്ല.

ബിഗ് ബാങ് തിയറിപോലും ഖുറാന്‍ വച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഗ്രഹണം വിശദീകരിക്കാന്‍ ഖുറാന് കഴിയില്ലെന്ന് സമ്മതിച്ചതിനെ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നു. മത ഗ്രന്ധങ്ങള്‍ അവയുടെ ദൌത്യം മാത്രം കൈകാര്യം ചെയ്യട്ടെ.

CKLatheef പറഞ്ഞു...

പ്രിയ അനില്‍@ബ്ലോഗ്

പറയാനുള്ളത് പറയുമ്പോഴും താങ്കള്‍ സ്വീകരിക്കുന്ന മാന്യമായ ശൈലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു വിഷയത്തില്‍ അരോഗ്യകരമായ ചര്‍ചയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ താങ്കളെപ്പോലെ ഒരാള് മതി.

ബിഗ് ബാങ് തിയറിയുടെ കാര്യം. ഈ പ്രപഞ്ചം മുമ്പ് കൂടിചേര്‍ന്ന അവസ്ഥയിലായിരുന്നുവെന്നു പിന്നീട് നാം അവയെ വേര്‍പ്പെടുത്തിയെന്നും ഖുര്‍ആനില്‍ ഒരു സൂക്തമുണ്ട്. ബിഗ് ബാങ് തിയറി വിശദീകരിക്കുമ്പോള്‍ ചിലര്‍ക്ക് ഈ സൂക്തം അതിനോട് യോജിച്ചുവരുന്നതായി തോന്നി അവര്‍ അത് എടുത്തുദ്ധരിച്ചു എന്ന് മാത്രം. വിശുദ്ധഖുര്‍ആന്‍ ദൈവികമെന്ന് വിശ്വസിക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് അതില്‍ ഒരത്ഭുതവും തോന്നിയില്ല. എന്നാല്‍ ഖുര്‍ആന്‍ മുഹമ്മദ് നബി എന്ന ആറാം നൂറ്റാണ്ടിലെ ഒരു മനുഷ്യന്‍ എഴുതിയുണ്ടാക്കിയതാണ് എന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് ആ വാദം വലിയ തമാശയായി തോന്നി.

മതഗ്രന്ഥങ്ങള്‍ അവയുടെ ദൗത്യം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ വിശ്വാസികള്‍ക്ക് ശാസ്ത്രത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല എന്നവാദം വാദത്തിന് വേണ്ടിപോലും അംഗീകരിക്കാനാവില്ല. എന്തെന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകള്‍ ദൈവത്തെകൂടുതല്‍ മനസ്സിലാക്കുന്നതിന് വഴിതെളിയിക്കുന്ന കാര്യങ്ങളാണ്. ഗ്രഹണം വിശദീകരിക്കാന്‍ ഖുര്‍ആന് കഴിയില്ല എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. താങ്കള്‍ക്ക ചൂണ്ടിക്കാണിച്ചുതരാന്‍ ഒരു പരാമര്‍ശം ഖുര്‍ആനില്‍ ഇല്ലന്നല്ലേ. അതിനേക്കാള്‍ വലുതോ ചെറുതോ ആയ ഒരു പ്രാപഞ്ചിക പ്രതിഭാസത്തെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നില്ല എന്ന് അര്‍ഥം വരുന്നതെങ്ങനെ.

CKLatheef പറഞ്ഞു...

ബിജുചന്ദ്രന്‍ ചോദിക്കുന്നു ലത്തീഫെന്തിനാണ് ജബ്ബാര്‍മാഷിന്റെ ബ്ലോഗിലെ ചര്‍ചകളെ ഹൈജാക്ക് ചെയ്യുന്നതെന്ന്. ഇവിടെ ഞാന്‍ തന്നെയല്ലെയുള്ളൂ എന്നും. ഇങ്ങോട്ട് ആരെയും വിലക്കിയിട്ടില്ല. കമന്റ് ഇടുന്നതിനെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പലരും ഇടപെടാന്‍ മടിക്കുന്നതിന് ഞാന്‍ മനസ്സിലാക്കുന്ന കാരണം. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനപ്പുറം ചെറിയ ചില ലക്ഷ്യങ്ങളെ കമന്റുന്ന പലര്‍ക്കുമുള്ളൂ എന്നതാണ്. ചര്‍ചക്ക് മുമ്പ് തീരുമാനത്തിലെത്തി വിധി പ്രഖ്യാപിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. അങ്ങനെയാണ് ഖുര്‍ആനും ഹദീസും മുസ്ലിം പണ്ഡിതന്‍മാരെയും ഒന്നിച്ച് കത്തിക്കണം എന്ന് വിധി പ്രസ്താവിക്കുന്നത്. എന്റെയും ജബ്ബാര്‍ മാഷിന്റെയും പോസ്റ്റുകള്‍ക്ക് രണ്ടുദ്ദേശ്യങ്ങളാണുള്ളത്. അതിനാല്‍ ഞാനദ്ദേഹത്തെയോ അദ്ദേഹം എന്നെയോ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങളില്ല. അതിനാല്‍ അദ്ദേഹം എന്റെ ബ്ലോഗിലോ ഞാന്‍ അദ്ദേഹത്തിന്റെ ബ്ലോഗിലോ സജീവമായി ഇടപെടേണ്ട ആവശ്യമില്ല. വല്ലവരും മാന്യമായി വന്ന് ചര്‍ചയില്‍ പങ്കെടുത്താല്‍ എന്റെ കഴിവനുസരിച്ച് ഞാനതിനോട് പ്രതികരിക്കും.

CKLatheef പറഞ്ഞു...

കൂതറയോടും അദ്ദേഹത്തെ പോലുള്ള അപരന്‍മാരോടും ഒരു വാക്ക്. നിങ്ങള്‍ക്ക് ചര്‍ചവഴിതിരിച്ചുവിടുക എന്നത് മാത്രമേ ലക്ഷ്യമുള്ളൂ എന്ന രൂപത്തലാണ് ഇടപെടുന്നത് ഒന്നുകില്‍ ഞാന്‍ നിങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയണം അല്ലെങ്കില്‍ വിഷയ സംബന്ധിയല്ലാത്ത താങ്കളുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യണം. ഇത്തരം കമന്റുകള്‍ക്ക് പറ്റിയ സ്ഥലമാണ് മാഷിന്റെ ബ്ലോഗ്. ഞാന്‍ ഡിലീറ്റിയ കമന്റുകള്‍ അവിടെ ചേര്‍ക്കുക. പോസ്റ്റുമായി ബന്ധപ്പെട്ടവ ഇവിടെ ചേര്‍ക്കുക. ഖുര്‍ആന്റെ സമഗ്രതയെയും ദൈവികതയെയും സംബന്ധിച്ചാണ് നിങ്ങളുടെ കമന്റ് ആ വിഷയം ചര്‍ചചെയ്താല്‍ അവിടെ താങ്കളെ കാണുകയുമില്ല. വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇടുന്നതായിരിക്കും സമയ നഷ്ടമൊഴിവാക്കാന്‍ നല്ലത് എന്ന് ഒരിക്കല്‍ കൂടി ഉണര്‍ത്തുന്നു.

കോയിക്കോടന്‍ കോയ പറഞ്ഞു...

ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് ഇസ്ലാമിന്റെ നിലാപാട് എന്താണ്?

CKLatheef പറഞ്ഞു...

പ്രിയ കോയാ, ചര്‍ചയിലേക്ക് സ്വാഗതം.

ആ സമയത്ത് ഭക്ഷണം കഴിക്കണമെന്നോ കഴിക്കരുതെന്നോ ഇസ്ലാമില്‍ പ്രത്യേകമായി
നിഷ്‌കര്‍ഷിച്ചിട്ടില്ല.

കോയിക്കോടന്‍ കോയ പറഞ്ഞു...

പെറ്റു കെടക്കുന്ന ഞമ്മള ബീവി, ഞമ്മള് പള്ളീല് പോയ നേരത്ത് വയറു നെറയെ ആട്ടിറച്ചീം പോത്ത് വരട്ടീതും അടിച്ചുമാറിയിരുന്നു. ഇനി അതെങ്ങാന്‍ 'ഹറാമിന്റെ' അവിലും കഞ്ഞീം ആവുമോ എന്നറിയാന്‍ ചോദിച്ചതാ.. :)

CKLatheef പറഞ്ഞു...

ഇല്ല കോയാ ങ്ങള് ബേജാറാകണ്ട. ഒരു കൊയപ്പോം ഇല്ല. സമാധാനമായില്ലേ. :-)

ഒതയാര്‍ക്കം പറഞ്ഞു...

" പ്രവാചകന് പ്രപഞ്ചത്തിലെ എല്ലാ രഹസ്യങ്ങളും അറിമായിരുന്നു എന്നോ, എല്ലാം രഹസ്യവും പ്രവാചകന് ദൈവം അറിയിച്ച് കൊടുത്തിണ്ട് എന്നോ ഇവിടെ ആരും അവകാശപെടുന്നില്ല." -(ചിന്തകന്‍).

ചിന്തകാ : പ്രവാചകത്വത്തെ ചോദ്യം ചെയ്യുകയാണോ ? മുത്തു മുഹമ്മദ് മുസ്തഫാ നബിയെ കുറിച്ചു തനിക്കെന്തറിയാം, അദ്ദേഹത്തിന്റെ വാക്കും നോക്കും പ്രവൃത്തിയുമാണ് ഇസ്ലാം എന്ന് തനിക്കറിയില്ലെ ? തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശം എന്ന് പറഞ്ഞ മുഹമ്മദ് സ.അ.സ. ക്ക് വേണ്ടിയായിരുന്നു ഈ ലോകം പോലും അല്ലാഹു സൃഷ്ടിച്ചത്.

ബീമാപള്ളി / Beemapally പറഞ്ഞു...

പ്രിയ ലത്തീഫു...തുടരുക താങ്കളുടെ ദൌത്യം...നന്നാകുന്നു ഓരോ പോസ്റ്റും...

ചില പോസ്റ്റുകളില്‍ താങ്കളുടെ വീക്ഷണം വായിച്ചെടുക്കാന്‍ പ്രയാസമനുഭവപ്പെടുന്നുണ്ട്. ശ്രദ്ദിക്കുമല്ലോ....

ഈ പോസ്റ്റിനു നിധാനമായ ജബ്ബാര്‍ മാഷിന്റെ പോസ്റ്റിന്റെ ലിങ്ക് കൂടി നല്‍കാമായിരുന്നു..!

ആശംസകളോടെ..

CKLatheef പറഞ്ഞു...

പ്രിയ ബീമാപള്ളി,

കമന്റിന് നന്ദി. അത്തരം പോസ്റ്റുകളില്‍ അവ്യക്തയുള്ള ഭാഗം ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി ശ്രദ്ധിക്കുകയും ചെയ്യാം.

എന്റെ പോസ്റ്റുകളില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുന്നതിനപ്പുറം കൂടുതല്‍ വിവരണങ്ങള്‍ പ്രസ്തുത പോസ്റ്റുകളിലുണ്ടെങ്കില്‍ മാത്രമാണ് സാധാരണഗതിയില്‍ ഞാന്‍ ലിങ്ക് ഇടാറുള്ളത്.

ഒതയാര്‍ക്കം,

താങ്കളാരുടെയോ അപരനാണെന്ന് വ്യക്തം. എന്തുകൊണ്ട് നേരിട്ട് വന്ന് ചര്‍ചയില്‍ പങ്കെടുത്തുകൂടാ. താങ്കളെപ്പോലുള്ളവര്‍ക്ക് ഇക്കാര്യത്തിലുള്ള അവ്യക്തതകളാണ് പലപ്പോഴും ഞാനും ചിന്തകനും മറ്റുള്ളവരും പറയുന്ന കാര്യങ്ങളില്‍ സംശയിക്കാന്‍ ഇടനല്‍കുന്നത്. വൈജ്ഞാനികമായി ഉയരാന്‍ സഹായിക്കുന്ന എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കെ മുത്തു മുഹമ്മദ് മുസ്്തഫാ നബിയെക്കുറിച്ചൊക്കെ കുറച്ച് കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.

Unknown പറഞ്ഞു...

മാഷിന്റെ ബ്ലോഗില്‍ പോസ്റ്റ്‌ അരിച്ചു പരതി.ഇങ്ങനെ യൊരു പോസ്റ്റ്‌ കണ്ടില്ല..ലതീഫെ താങ്കള്‍ ആ പോസ്റ്റിന്റെ ലിങ്ക് തന്നിരുന്നെങ്കില്‍ എന്റെ കമന്റ്‌ അവിടെ ചേര്‍ക്കാമായിരുന്നു..

ഉഗ്രന്‍ പറഞ്ഞു...

അനില്‍,

"ഗ്രഹണം മരണത്തിന് കാരണമാകുന്നില്ലെന്ന് ജനങ്ങളെ അദ്ദേഹം പഠിപ്പിച്ചു"

ഒരു ചെറിയ തിരുത്ത്..

"(ആരുടെയും) മരണം ഗ്രഹണത്തിന്‌ കാരണമാകുന്നില്ലെന്ന് ജനങ്ങളെ അദ്ദേഹം പഠിപ്പിച്ചു"

:)

CKLatheef പറഞ്ഞു...

പ്രിയ ഉഗ്രന്‍

വളരെ പ്രസക്തമായ ഒരുതിരുത്താണ് താങ്കള്‍ നല്‍കിയത്. ഞാന്‍ പറഞ്ഞതല്ല അത്. പക്ഷെ അദ്ദേഹം ഞാന്‍ പറഞ്ഞതില്‍ നിന്ന് അങ്ങനെ മനസ്സിലാക്കിയതാണ് എന്ന് തോന്നുന്നു. ഇതുസംബന്ധമായ പോസ്റ്റുകളിലെല്ലാം (മൂന്ന് പോസ്റ്റുകള്‍ യുക്തിവാദികളുടെതായി ഈ വിഷയത്തിലുണ്ട്) പൊതുവായി കാണുന്നത്. പ്രവാചകന്‍ അതുകണ്ടു ഭയപ്പെട്ടു എന്നും നമസ്‌കരിക്കാനും ദൈവത്തോട് പ്രാര്‍ഥിക്കാനും നമസ്‌കരിക്കാനും കല്‍പിച്ചത് ആ പേടി കുറക്കുന്നതിനാണ് എന്ന നിലക്കാണ് . അതാണ് അനിലിനെയും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന പദപ്രയോഗത്തിലേക്ക് നയിച്ചത് എന്ന് തോന്നുന്നു.

ഇടപെടുന്നതില്‍ വളരെയധികം നന്ദിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review