2010, ഏപ്രിൽ 24, ശനിയാഴ്‌ച

പ്രവാചകനും ധാര്‍മികതയും

ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട എന്ന പോസ്റ്റിന്റെയും എന്താണ് ധാര്‍മികത ?എന്ന പോസ്റ്റിന്റെയും തുടര്‍ചയാണിത്. കഴിഞ്ഞ പോസ്റ്റുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങളാണ് ഇത്തരമൊരു പോസ്റ്റിന് പ്രേരകം. അതിനാല്‍ ഈ പോസ്റ്റ് വായിച്ച് അഭിപ്രായം പറയാന്‍ ദയവായി ആരും ശ്രമിക്കരുതെന്ന് ഉണര്‍ത്തുന്നു.  
മതഭീകരതയുടെ അടിവേരുകള്‍ എന്ന പോസ്റ്റിന്റെ ചര്‍ചയില്‍ ബ്ലോഗര്‍ രവി എന്റെ ധാര്‍മികബോധത്തിന് മതവിശ്വാസം വേണ്ട എന്ന പോസ്റ്റ് വായിച്ച് നല്‍കിയ അഭിപ്രായം ഇവിടെ നല്‍കുന്നു. ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്ന് ധാര്‍മികതയും സദാചാരവും നാം വിശദീരിച്ചുകഴിഞ്ഞു, മറ്റു ജീവിതവീക്ഷണങ്ങള്‍ക്ക് ഈ കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അന്വേഷണമാണ് ഇതില്‍. അതോടൊപ്പം. അവര്‍ പ്രവാചകനിലും മുസ്‌ലിംകളിലും കാണുന്ന (ആരോപിക്കുന്ന) അധാര്‍മികതാവാദത്തിന്റെ അടിസ്ഥാനമെന്താണെന്നും ഈ പോസ്റ്റിലൂടെ നാം ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഞാന്‍ നല്‍കിയ ഈ വിഷയങ്ങള്‍ മിക്കവരും വായനയിലൊതുക്കുന്നതാണ് കണ്ടത്. ചര്‍ചയില്‍ പങ്കെടുത്തവരാകട്ടെ, നല്‍കപ്പെട്ട വിഷയത്തില്‍ നിന്ന് വിട്ടകന്ന് അവരുടെ ഇനിയും തീരേണ്ട സംശയങ്ങളെ ആരോപണ രൂപത്തില്‍ ഉന്നയിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. വളരെ ചുരുക്കം ചിലര്‍ മാത്രമാണ് വിഷയത്തിന്റെ അടുത്തേക്ക് എത്തിനോക്കുക പോലും ചെയ്തത്.

ഇതില്‍ നിന്നൊക്കെ എനിക്ക് മനസ്സിലായത്. ദൈവനിഷേധികള്‍ എന്നറിയപ്പെടുന്നവര്‍ ഇക്കാര്യത്തില്‍ സന്ദേഹത്തിലാണ്. എന്താണ് ധാര്‍മികതയെന്നോ അധാര്‍മികതയെന്നോ നിര്‍വചിക്കാന്‍ അവരുടെ പക്കല്‍ തെളിവൊന്നുമില്ല. ധാര്‍മികതയും സദാചാരത്തെയും ആചാരത്തെയും അനാചാരവുമൊക്കെ കൂട്ടിക്കുഴച്ച് വേര്‍ത്തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. രവിയുടെ കമന്റ് ഈ കാര്യം നിങ്ങളെയും ബോധ്യപ്പെടുത്തും. അദ്ദേഹത്തിന്റെ പ്രവാചകനെതിരെയുള്ള ആരോപണവും ഈ സംശയത്തില്‍ നിന്ന രൂപപ്പെട്ടതാണ്.    


[['ലതീഫിന്റെത് വ്യാഖ്യാനങ്ങളാണ്. മതക്കാര്‍ പറയുക മതവിശ്വാസികള്‍ക്കെ ധാര്മികതയുണ്ടാവൂ എന്നാണു. ധാര്‍മികതയുടെ മൊത്തക്കച്ചവടക്കാര്‍ മതക്കാരനല്ലോ? എന്താണ് ധാര്‍മികതയുടെ അര്‍ഥം? നല്ല കാര്യങ്ങള്‍ ചെയ്യല്‍ എന്ന് പറയാമെന്നു തോന്നുന്നു. മതക്കാര്‍ പറയും ധാര്‍മികമായ കാര്യങ്ങള്‍ ചെയ്‌താല്‍ സ്വര്‍ഗത്തില്‍ പോവും, അല്ലെങ്കില്‍ നരകത്തില്‍ യാതന അനുഭവിക്കേണ്ടി വരും. എന്താണ് നല്ല കാര്യങ്ങള്‍? എല്ലാ കാലത്തേക്കുമായി ഒരു ധാര്‍മികത ഉണ്ടോ? നബി ഒമ്പത് വയസ്സുള്ള ആയിഷയെ വിവാഹം ചെയ്തു എന്ന് പറയുന്നു അക്കാലത്ത് അത് അധാര്‍മികമായി എന്ന് ആരും പറഞ്ഞതായി അറിയില്ല. പക്ഷെ, ഇന്നാണെങ്കിലോ (നമ്മുടെ നാട്ടില്‍) ? ഉണ്ട തിന്നേണ്ടി വരില്ലേ? (നബിയെ പറ്റിയല്ല കേട്ടോ..കച്ചറ ആവേണ്ട) കണ്ണിനു കണ്ണ് കൈക്ക് കൈ എന്ന ശിക്ഷാരീതി ഇപ്പോഴും അറേബിയയില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. അത് അവിടെ ധാര്‍മികത ആണ്. എന്നാല്‍ ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ ഇത് നടക്കുമോ? അവര്‍ അത് അധാര്‍മികമായിട്ടാണ് കാണുന്നത്. കാലദേശങ്ങള്‍ക്കനുസരിച്ച് ധാര്‍മികതയുടെ അര്‍ഥം മാറും. ലത്തീഫ് എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും, ദൈവഭയം വേണം എങ്കിലേ ധാര്‍മികത നിലനില്ക്കു എന്നാണു മതക്കാരുടെ വാദം. നേരത്തെ റിച്ചാഡ് ഡോകിന്സിനെ ഉദ്ധരിച്ചു പറഞ്ഞത് പോലെ, ധാര്‍മികത ജനിതകമായി പരിണമിച്ചുണ്ടായതാണ് എന്നതാണ് ശരി. നിരീശ്വരവാദികള്‍ ധാര്‍മികമായി അധപ്പതിച്ചവരാന് എന്ന് പറയാമോ? ദൈവത്തിന്റെ കാര്യം പറയുമ്പോള്‍ അള്ളാഹു മാത്രമേ ദൈവമായി ഉള്ളു എന്ന് വിശ്വസിക്കുന്നവരും ഹിന്ദുക്കളെപ്പോലുള്ളവരും തമ്മിലുള്ള വ്യത്യാസം കാണാതിരിക്കരുത്. ഹിന്ദുക്കള്‍ക്ക് ഒരു പാട് ദൈവങ്ങളുണ്ട്‌. അവരില്‍ പലരും ഇന്നത്തെ രീതിയില്‍ ചിന്തിച്ചാല്‍ അധാര്‍മികന്മാര്‍ ആണ്. ആ അധാര്മികന്മാര്‍ക്കെങ്ങിനെ മനുഷ്യരില്‍ ധാര്‍മികത ഉണ്ടാക്കാന്‍ കഴിയും? ഇക്കാര്യത്തില്‍ ലത്തീഫ് എന്നോട് യോജിക്കുമെന്നു തോന്നുന്നു. അല്ലെങ്കില്‍ അന്യമത നിന്ദ ചെയ്യുന്നത് 'ധാര്‍മിക'മല്ല എന്ന് കരുതി മിണ്ടാതിരിക്കും അല്ലെ?']]

ധാര്‍മികതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചും ഓരോ ദര്‍ശനത്തിനും, മതത്തിനും, മതവും ദര്‍ശനവുമില്ലാത്തവര്‍ക്കും അവരുടേതായ വ്യത്യസ്ഥ കാഴ്ചപ്പാടുകളും ഉണ്ടായിരിക്കും. ഇസ്‌ലാമിലെ ധാര്‍മികത എന്നാല്‍ എന്താണെന്ന് ഞാന്‍ വ്യക്തമാക്കുകയുണ്ടായി. അത് പ്രവാചകനിലൂടെ ദൈവം നല്‍കിയതാണ്. ഇവ മുന്നില്‍ വെച്ചാണ് ഇസ്‌ലാമില്‍  ഒരു പ്രവൃത്തി ധാര്‍മികതയാണോ അധാര്‍മികതയാണോ എന്ന് തീരുമാനിക്കുന്നത്. പ്രവാചകന്‍ ഈ പറയപ്പെട്ട ചട്ടക്കൂടില്‍ നിന്നാണ് ജീവിച്ചത്. ഖുര്‍ആന്‍ അന്ത്യദിനം വരെയുള്ള മാനവ സമൂഹത്തിന് തൃപ്തിപ്പെട്ട് നല്‍കിയ ധാര്‍മികസദാചാരമൂല്യങ്ങളും ഇതുതന്നെ. എങ്കിലും ഇതിന് പുറമെ മറ്റ് ധാര്‍മികമൂല്യങ്ങളെക്കുറിച്ച കാഴ്ചപ്പാട് ആര്‍ക്കുമുണ്ടാകാന്‍ പാടില്ലെന്നോ. അപ്രകാരം ഉണ്ടെങ്കില്‍ അത് വെച്ചുപൊറുപ്പിച്ചുകൂടെന്നോ അതിനര്‍ഥമില്ല. പക്ഷെ ഏത് മതസമൂഹത്തെ എടുത്ത് പരിശോധിച്ചാലും, ഇവിടെ ധാര്‍മികതയായി പറഞ്ഞത് അത് അങ്ങനെയല്ലെന്ന് പറയാനോ ഇവിടെ അധാര്‍മികതയായി ചൂണ്ടിക്കാണിച്ചത് ഞങ്ങളുടെ കണക്കില്‍ അത് അധാര്മികതയാണെന്ന്  പറയാനോ (ഏതെങ്കിലും വ്യക്തികള്‍ തയ്യാറായാലും) സന്നദ്ധമാകുകയില്ല. കാരണം ധാര്‍മികത എന്നാല്‍ എല്ലാ മനുഷ്യനും അത് നല്ലതാണ് എന്ന് അംഗീരിക്കുന്ന കാര്യങ്ങളായിരിക്കും. മനുഷ്യന് നല്‍കപ്പെട്ട ധാര്‍മികബോധം അത് കണ്ടെത്തുക തന്നെ ചെയ്യും. എന്നാല്‍ അവ നിലനിര്‍ത്താനായി നിശ്ചയിക്കപ്പെട്ട സദാചാര നിയമങ്ങളില്‍ മാത്രമേ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയുള്ളൂ. 

വിവാഹത്തിലൂടെ ലൈംഗിക സദാചാരം പാലിക്കുക എന്ന തത്വം ഏതാണ്ടെല്ലാവരും അംഗീകരിക്കുമെങ്കിലും, ആ വിവാഹം ഒന്നില്‍ പരിമിതപ്പെടുത്തണോ അതല്ല ബഹുഭാര്യത്വമാകാമോ? ഇത്തരം ചോദ്യങ്ങള്‍ക്ക്  ധാര്‍മികതയുമായിട്ടല്ല ബന്ധം; മറിച്ച് സദാചാരത്തിന്റെ ആചരണവുമായിട്ടാണ്. വിവാഹ പ്രായം എത്രവേണം? അതിന് പരിധി നിശ്ചയിക്കേണ്ടതുണ്ടോ? ഇത്തരം കാര്യങ്ങളൊക്കെ സ്വന്തം വകയില്‍ അധാര്‍മികതയായി വ്യാഖ്യാനിച്ചാല്‍ അതംഗീകരിക്കാന്‍ മറ്റുള്ളവര്‍ ബാധ്യസ്ഥരല്ല. ഇസ്‌ലാമിന്റെ കണിഷമായ ധാര്‍മികവ്യവസ്ഥയനുസരിച്ച് ഒരു ദൈവനിഷേധി ചരിക്കണം എന്ന് വാശിപിടിക്കുന്നതിനേക്കാളെറെ അസാഗത്യമുണ്ട്, ഒരു ദൈവനിഷേധി തനിക്ക് തോന്നുന്നത് മുന്നില്‍ വെച്ച് പ്രവാചകനെയും ഇസ്‌ലാമിക നിയമങ്ങളെയും വിലയിരുത്താനും ആക്ഷേപിക്കാനും തുനിയുന്നതില്‍.

ഇവിടെ മറ്റേത് മതസ്ഥരേക്കാളും യുക്തിവാദികള്‍ എന്നറിയപ്പെടുന്ന ദൈവനിഷേധികള്‍ ഇസ്‌ലാം വിമര്‍ശനത്തില്‍ ഏര്‍പ്പെടുന്നത് ഈ വസ്തുത ഒട്ടും പരിഗണിക്കാതെയാണ്. അവര്‍ പറയുന്നത് മൊത്തത്തിലെടുത്താല്‍ തങ്ങളുടെ യുക്തിയില്‍ ഉള്‍കൊള്ളുന്ന ഒരു 'ഠ' വട്ടത്തിലായിരുന്നു പ്രവാചകന്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് മാത്രമാണ്. തങ്ങളുടെ മനസ്സിലുള്ള ധാര്‍മികതയനുസരിച്ച് പ്രവര്‍ത്തികാത്തതിനാല്‍ അവര്‍ ക്രുദ്ധരാവുകയും അതിന്റെ പേരില്‍ കഠിനമായി ഭത്സിക്കുയും ചെയ്യുന്നു. മതത്തിന്റെ ധാര്‍മികമൂല്യമനസരിച്ച് പ്രവര്‍ത്തികാത്തവരെ താലിബാനികള്‍ കൈകാര്യം ചെയ്തിരുന്നു എന്ന പോലെ (അവര്‍ക്ക് അതിന് അധികാരം ഇസ്‌ലാമികമായി ഇല്ല) യുള്ള പ്രവര്‍ത്തനമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന വിമര്‍ശനത്തിലും ഉള്ളത്.

പ്രവാചകന്‍ ബഹുഭാര്യത്വം സ്വീകരിച്ചു. പാടില്ലെന്ന് ഏത് തത്വശാസ്ത്രത്തിന്‍രെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ പറയുന്നത്. നിങ്ങള്‍ പറയുന്ന ധാര്‍മികമൂല്യങ്ങള്‍ ഏതൊക്കെ. അതിന്റെ അടിസ്ഥാനമെന്ത്. നിങ്ങള്‍ കരുതുന്ന ഏത് ധാര്‍മികമൂല്യത്തിനാണ് അതിലൂടെ ക്ഷതം പറ്റിയത്. നിങ്ങള്‍ക്കങ്ങനെ ഒരു ധാര്‍മികമൂല്യമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനും അതിന് സന്നദ്ധമാകാത്തവരെ അക്ഷേപിക്കാനും നിങ്ങള്‍ക്കെന്ത് അവകാശം. പ്രവാചകന്‍ ജീവിചകാലഘട്ടത്തിലെ നിലവിലെ ധാര്‍മികസങ്കല്‍പമനുസരിച്ചോ ഇസ്‌ലാമിക ധാര്‍മികമൂല്യത്തിനോ ഒരു സ്ത്രീയെ അവള്‍ ഋതുമതിയായ ശേഷം ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് കുഴപ്പം സംഭവിക്കില്ല എന്ന് വരുകില്‍ മറ്റുള്ളവര്‍ക്ക് അതില്‍ ഇത്ര ഭത്സിക്കാന്‍മാത്രമുള്ള കാര്യമെന്തുണ്ട്.

ചിലര്‍ ഈ ചര്‍ചയില്‍ അടിമത്വമോചനം എന്തുകൊണ്ട പ്രവാചകന്‍ പൂര്‍ണമായി നടപ്പിലാക്കിയില്ല എന്ന് ചോദിക്കുകയുണ്ടായി വിശദമായി മറുപടി നല്‍കപ്പെട്ട വിഷയമാണെങ്കിലും മറ്റൊന്നുമില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കാന്‍ ഇതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അടിമയാക്കുമ്പോള്‍ ധാരാളം ധാര്‍മികമൂല്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നു എന്നത് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇസ്‌ലാം ഈ പ്രശ്‌നത്തോട് ഇടപെട്ടത്. ആ പ്രശ്‌നത്തില്‍ ഇസ്്‌ലാം എത്രയാണോ പ്രായോഗികമായി ചെയ്യാവുന്നത് അത്രയും ചെയ്തു.

ഒരുപാട് ദൈവങ്ങളെ ആരെങ്കിലും ആരാധിക്കുന്നത് ഒരു ധാര്‍മിക പ്രശ്‌നമായിട്ടല്ല ഇസ്‌ലാം കാണുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക ഗവണ്‍മെന്റ് ആ നിലക്ക് അത് കൈകാര്യം ചെയ്യുകയുമില്ല. ബഹുദൈവത്വവും ത്രിത്വവും നിരീശ്വരത്വവും ആചരിക്കാന്‍ ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ ആചരിക്കാന്‍ അംഗീകാരമുണ്ടാകും. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്കെതിരെ പ്രബോധനവും ബോധവല്‍കരണവും നടത്താനും വിശ്വാസിസമുഹത്തിന് ബാധ്യതയുണ്ട്. എന്നാല്‍ അതുപോലെയല്ല വ്യഭിചാരം, മദ്യപാനം, കൊള്ള, കൊല എന്നിവ. അവയെല്ലാം അധാര്‍മികതയുടെ പരിധിയില്‍ വരുന്നതാണ്. അവയൊക്കെ കഴിഞ്ഞ പോസ്റ്റില്‍ പറയപ്പെട്ടപോലെ വ്യക്തിതലം മുതല്‍ ഭരണകൂടമടക്കം കല്‍പിക്കാനും വിലക്കാനും കടപ്പെട്ടിരിക്കുന്നു. വ്യക്തികള്‍ക്ക് ബോധനതലത്തിലെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമം മൂലവും ബലപ്രയോഗത്തിലൂടെ തടയേണ്ടതും ഭരണകൂടത്തിന്റെ ചുമതലയാണ്.

2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

എന്താണ് ധാര്‍മികത ?

(ധാര്‍മികബോധത്തിന് മതവിശ്വാസം വേണ്ട എന്ന പോസ്റ്റിന്റെ രണ്ടാഭാഗം.)

വിശുദ്ധഖുര്‍ആനില്‍ ധര്‍മം, അധര്‍മം എന്നതിന് സമാനമായ വാക്കുകള്‍ മഅ്‌റൂഫ്, മുന്‍കര്‍ എന്നീ പദങ്ങളാണ്. ഖുര്‍ആനിലെ പല പദങ്ങള്‍ക്കും തുല്യമായ മലയാള പദങ്ങളില്ലാത്തതുപോലെ മഅ്‌റൂഫ്, മുന്‍കര്‍ എന്നിവക്കും സമാനമായ പദങ്ങളില്ല. അതുകൊണ്ട് സന്ദര്‍ഭമനുസരിച്ച് മഅ്‌റൂഫ് എന്നതിന് നന്മ, ന്യായം, ധര്‍മം, നല്ലത് എന്നും. മുന്‍കര്‍ എന്നതിന് തിന്മ, അധര്‍മം, തിയ്യത് എന്നും മലയാള പരിഭാഷയില്‍ അര്‍ഥം നല്‍കിയിരിക്കുന്നു. മഅ്‌റൂഫ് എന്ന പദത്തിന്റെ വാക്കര്‍ഥം അറിയപ്പെട്ടത് എന്നാണ് 'നാട്ടുനടപ്പ്'നും ആ പദം തന്നെ പ്രയോഗിക്കുന്നു. എല്ലാമനുഷ്യരും അറിയുന്നതും മനുഷ്യപ്രകൃതി എല്ലാകാലത്തും നന്നായി കരുതുന്നതുമാണ് മഅ്‌റൂഫ് എന്നാല്‍ മുന്‍കര്‍ എന്നാല്‍ മറിച്ചും. അഥവാ എക്കാലത്തെയും ശുദ്ധമനുഷ്യപ്രകൃതി വെറുക്കുന്നവയാണവ.

ഇസ്‌ലാമില്‍ ഈ ധര്‍മത്തിന്റെ ശാസനക്കും അധര്‍മത്തിന്റെ വിലക്കിനും വമ്പിച്ചു പ്രധാന്യമുണ്ട്. പ്രവാചകന്റെ ചുമതലയില്‍ പെട്ടതായിരുന്നു അത്. വിശ്വാസികളെന്നനിലയിലും അവരില്‍ അര്‍പിതമായ ചുമത അതുതന്നെ. അവര്‍ക്ക് ഭരണാധികാരം ലഭിച്ചാല്‍ അവര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവും അതാണ്. ഇനി വ്യക്തിയെന്ന നിലയിലും അതേ കര്‍മം നിര്‍വഹിക്കാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധഖുര്‍ആനില്‍ പ്രസ്തുത സന്ദര്‍ഭങ്ങള്‍ കാണുക.

നബിയെന്ന നിലയില്‍:

'തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.' (7:157)

സത്യവിശ്വാസികളെന്ന നിലയില്‍:
'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. നിശ്ചയം, അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിമാനുമാകുന്നു.'  (9:71)

ഭരണകൂടങ്ങളെന്ന നിലയില്‍:
'നാം ഭൂമിയില്‍ ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും നല്ലതു കല്‍പിക്കുകയും തിയ്യതു വിരോധിക്കുകയും ചെയ്യുന്ന വരത്രെ അവര്‍. സകല സംഗതികളുടെയും അന്തിമ പരിണതി അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു.' (22:41)

വ്യക്തികളെന്ന നിലയില്‍ (ലുഖ്മാന്‍ പുത്രനെ ഉപദേശിക്കുന്നു.):
'മകനേ, നമസ്കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ.(31:17)

ഇതില്‍ നിന്നും വിശ്വാസികളുടെ ചുമതലയില്‍ പെട്ടതാണ് മഅ്‌റൂഫ് കല്‍പിക്കാലും മുന്‍കര്‍ വിലക്കലും എന്ന് മനസ്സിലാക്കാം. എന്താണ് മഅ്‌റൂഫ് എന്നതിനുള്ള മറുപടിയാണ് നമ്മുക്കിന് ആവശ്യം. ധര്‍മാധര്‍മ ബോധനം നല്‍കപ്പെട്ടവനാണ് മനുഷ്യന്‍ അതിനാല്‍ തന്നെ പൊതുവെ മനുഷ്യപ്രകൃതി നന്നായികാണുന്നതിനെ നമ്മുക്ക് മഅ്‌റൂഫ് എന്നതില്‍ ഉള്‍പ്പെടുത്താം. അവയേതൊക്കെയാണെന്ന് നോക്കാം:

സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം.

ഇവയുടെ മറുവശമാണ് മുന്‍കര്‍ അഥവാ. കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ.

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കം ഇതില്‍ എല്ലാധര്‍മവും എല്ലാ അധര്‍മവും ഒരേ നിലവാരത്തിലുള്ളതായിരിക്കുകയില്ല. അക്രമവും മടിയും അധര്‍മത്തില്‍ ഉള്‍പ്പെടുന്നു. ഇവ അവയുണ്ടാക്കുന്ന ദൂഷ്യങ്ങളില്‍ വലിയ അന്തരമുണ്ടായിരിക്കുമല്ലോ. അതേ പ്രകാരം തന്നെ ധര്‍മത്തിന്റെ കാര്യവും. ഇതുവരെ പറഞ്ഞത് ചില നാമങ്ങള്‍ മാത്രമാണ്. ഇവ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. ഇവ പ്രവര്‍ത്തനങ്ങളായി രൂപാന്തരപ്പെടണം. ഇതില്‍ ധര്‍മാചരണത്തിനുള്ള പ്രവര്‍ത്തനങ്ങളെ നമ്മുക്ക് സദാചാരം എന്ന് വിളിക്കാം. ഇവിടെ പറയപ്പെട്ട അധര്‍മങ്ങളെ ഉളവാക്കുന്ന പ്രവൃത്തികളെ അധാര്‍മിക പ്രവൃത്തി എന്നും വിളിക്കാം.

ചുരുക്കത്തില്‍ സദാചാരം എന്നത് മുകളില്‍ പറയപ്പെട്ട ധര്‍മങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ സല്‍പ്രവര്‍ത്തിയാണ്. അത് ധാനധര്‍മമാകാം, സഹായമാകാം, വിവാഹമാകാം, നല്ല അഭിവാദനമാകാം, ക്ഷമപാലിക്കുന്നതിലൂടെയാകാം, പുഞ്ചിരിവരെ ആകാം, ('
നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കല്‍ നിനക്ക് ധര്‍മമാണ്.'-മുഹമ്മദ് നബി) മതഗ്രന്ഥങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രോത്സാഹനവും പ്രേരണയും നല്‍കുന്നു. ആ പ്രേരണയുടെ ഭാഗമാണ്, അവ അനുഷ്ഠിക്കുന്നവര്‍ക്ക് പാരത്രികമായ പ്രതിഫലമുണ്ടെന്നുള്ള സന്തോഷവാര്‍ത്ത. അപ്രകാരം തന്നെ ദുരാചാരവും അധര്‍മവും അവ അധര്‍മമായിതീരുന്നത് മുകളില്‍ സൂചിപ്പിക്കപ്പെട്ട മുന്‍കര്‍ ആ പ്രവര്‍ത്തനത്തിലൂടെ ഉളവാകുന്നത് കൊണ്ടാണ്. കൊല, കളവ് നടത്തല്‍, വ്യഭിചാരം, ക്രൂരത എന്നീ പ്രവര്‍ത്തനങ്ങളിലൂടെ സംഭവിക്കുന്നു. കളവ് പറയുന്നതിലൂടെ ചിലപ്പോള്‍ അനീതിയും ചിലപ്പോള്‍ വഞ്ചനയും സംഭവിക്കാം. ഇങ്ങനെ ഒരു പ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ അധര്‍മങ്ങള്‍ സംഭവിക്കാം. മദ്യപാനം സ്വന്തം നിലയില്‍ ചിന്തിക്കുമ്പോള്‍ ഒരു അധര്‍മമായി തോന്നില്ലെങ്കിലും നാം മേല്‍ സൂചിപ്പിച്ച ഒട്ടേറെ അധര്‍മത്തിന് അത് കാരണമാകുന്നു. അതേ പ്രകാരം ധാര്‍മികമൂല്യങ്ങളില്‍ പലതിന്റെയും ലംഘനത്തിനും. വ്യഭിചാരവും അപ്രകാരം തന്നെ. അതില്‍ അക്രമവും സ്വാര്‍ഥതയും കുടിലതയും മൊക്കെ വരാം ആ നിലക്ക് അത് അധര്‍മവും. വിശ്വസ്തത, നീതി, വാഗദത്തപാലനം തുടങ്ങിയ ധാര്‍മികമൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ വിവാഹമെന്ന സദാചാരത്തിന്റെ ലംഘനം കൂടി അതിലുണ്ട്. അതിനാല്‍ ഇസ്‌ലാം ഒരു കൊടിയ പാപമായി കാണുന്നു. 

എന്താണ് പുണ്യം ചെയ്യാനും പാപത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുമാണ് മതങ്ങള്‍ ഉല്‍ബോധിപ്പിക്കുന്നത് എന്നറിയാമല്ലോ. എന്താണ് പുണ്യ (ബിര്‍റ്) പ്രവാചകന്‍ ഇങ്ങനെ ചുരുക്കി പറഞ്ഞു. പുണ്യമെന്നാല്‍ സല്‍സ്വഭാവമാണ്. പാപമെന്നാല്‍ നിനക്ക് മനസാക്ഷിക്കുത്തനുഭവപ്പെടുന്നതും ആളുകള്‍ അറിയുന്നത് നീ വെറുക്കുകയും ചെയ്യുന്ന കാര്യമാണ്. എത്ര സംക്ഷിപ്തവും സൂക്ഷമവുമായ നിര്‍വചനം. നാം മനസ്സിലാക്കിയ ധാര്‍മികമൂല്യങ്ങളും അധാര്‍മികതയും വെച്ച് ഇവ നോക്കുക. ധാര്‍മികതയായി നാം എണ്ണിയതൊക്കെ സല്‍സ്വഭാവത്തില്‍ പെടുന്നതായി നമ്മുക്ക് കാണാം. അവ ചെയ്യുന്നതിലൂടെ മനസ്സിന് സന്തോഷം തോന്നുന്നു. അതേ സമയം പാപം ചെയ്യുമ്പോള്‍ നമ്മുടെ ധര്‍മബോധം ആദ്യമായി അതിനെതിരില്‍ പടവാളുയര്‍ത്തുന്നു. ആളുകളറിയുന്നതിന് അതിന്റെ കര്‍ത്താവ് വെറുക്കുന്നു. വലിയ ക്രൂരതചെയ്യുന്നവര്‍ക്ക് ഒരിക്കലും മനസ്സമാധാനം ലഭിക്കില്ല. അത്തരം ആളുകള്‍ പലപ്പോഴും ആത്മഹത്യയിലൂടെയാണ് ജീവിതം അവസാനിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ധാര്‍മികതയുടെ പ്രവര്‍ത്തനം ചെയ്തവര്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും വലിയ സന്തോഷം അനുഭവിക്കുന്നു. അവര്‍ ദൈവത്തെ മനസ്സിലാക്കുകയും ദൈവികമായ പ്രതിഫലം മരണശേഷം ആഗ്രഹിക്കുകയും ചെയ്തവരല്ലെങ്കില്‍ പോലും ഭൗതിക ലോകത്ത് വെച്ച് ലഭിക്കുന്ന സംതൃപ്തി അവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.

നന്മ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും തിന്മചെയ്യാനുള്ള വിലക്കുകളും നല്‍കേണ്ടത് പുരോഹിതരോ, രാജ്യഭരണം നടത്തുന്നവരോ നേതാകളായി ചമയുന്നവരോ ആകരുതെന്നും സകലമനുഷ്യരെയും സൃഷ്ടിച്ച ദൈവമായിരിക്കണമെന്നും ഇസ്്‌ലാം നിഷ്‌കര്‍ശിക്കുന്നു. മനുഷ്യാരംഭം മുതല്‍ അവ മനുഷ്യന് ലഭ്യമാക്കാനുള്ള പദ്ധതി ദൈവം സ്വീകരിച്ചിട്ടുണ്ട്. അതാണ് പ്രവാചകന്‍മാരുടെ നിയോഗവും വേദഗ്രന്ഥങ്ങളുടെ അവതരണവും. അവയിലൂടെ നല്‍കപ്പെട്ട തൗറാത്തും ഇന്‍ജീലുമടക്കം ധര്‍മാചരണങ്ങളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ കാലാകാലങ്ങളില്‍ ഇവയില്‍ ക്ഷയം സംഭവിക്കുകയും അധര്‍മങ്ങളില്‍ ചിലത് ധര്‍മമായും തിരിച്ചും സംഭവിക്കാറുണ്ട്. ധര്‍മസംസ്ഥാപനാര്‍ഥം നിശ്ചയിക്കപ്പെട്ട പല ആചാരങ്ങളും വഴിതെറ്റുകയും അനാചാരമായി മാറുകയും ചെയ്യുമ്പോള്‍ ദൈവം പുതിയ പ്രവാചകനെയും പുതിയ വേദഗ്രന്ഥത്തെയും അയക്കുന്നു. അവയെ നിരാകരിക്കുന്നവര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധര്‍മത്തില്‍ തൃപ്തരാകുകയും ചെയ്യുന്നു. പൂര്‍ണമായി ധാര്‍മികതയില്‍ നിന്ന് മുക്തമായ ഒരു സമൂഹം നിലനില്‍ക്കുകയില്ല. എന്നാല്‍ സമൂഹങ്ങള്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ദൈവികനിയമമനുസരിക്കുമ്പോള്‍ സംഭവിക്കുന്നത് പുര്‍ണമായ അര്‍ഥത്തില്‍ ധാര്‍മിക പുലരുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുക എന്നതാണ്.

മുകളില്‍ ആചാരത്തെയും അനാചാരത്തെയും പരാമര്‍ശിക്കുകയുണ്ടായല്ലോ. എന്താണ് അവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം. ഒന്നാമതായി ധാര്‍മികമൂല്യങ്ങള്‍ തന്നെയാണ് അവയുടെ മാനദണ്ഡം. എന്നാല്‍ കൃത്യമായി അവമനസ്സിലാക്കിയെടുക്കുക മനുഷ്യനെ പ്രയാസമായതിനാല്‍ ദൈവം അവ നിര്‍ദ്ദേശിച്ചുതന്നിട്ടുണ്ട്. അതുകൊണ്ട് ദൈവനിര്‍ദ്ദേശമനുസരിച്ചുള്ള കര്‍മങ്ങളെ ആചാരമെന്നും. സ്വയം നിര്‍മിതമായ കാര്യങ്ങളെ അനാചാരമെന്നും പറയാം. മുസ്‌ലിംകള്‍ മറ്റുള്ളവരുടെ ആചാരങ്ങളെ അനാചാരമായി കരുതുന്നത് ഇപ്രകാരമാണ്. അതിനാല്‍ അവര്‍ അത് ചെയ്യുന്നില്ല എന്ന് മാത്രമേയുള്ളൂ. മറ്റുള്ളവര്‍ക്ക് അത് ആചരിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കാന്‍ മുസ്ലിംകള്‍ പ്രതിജ്ഞാബദ്ധരാണ്. ആചാരങ്ങള്‍ മുഖ്യമായും ആരാധനകളുമായി ബന്ധപ്പെട്ടതാണ് എന്നുകൂടി ഓര്‍മിക്കുക. വ്യഭിചാരത്തെ അനാചാരമായിട്ടല്ല ആധാര്‍മകതയും സദാചാരലംഘനവുമായിട്ടുതന്നെ പരിഗണിക്കപ്പെടും.

മുകളില്‍ സൂചിപ്പിക്കപ്പെട്ട അധാര്‍മിക പ്രവര്‍ത്തികളില്‍ അത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെ ബാധിക്കുന്നവയും സമൂഹത്തെ ബാധിക്കുന്നവയുമുണ്ട്. സമൂഹത്തെ ബാധിക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരുത്താന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. സമൂഹത്തിലെ മുഴുവന്‍ ജനങ്ങളും സ്വമേധയാ ധാര്‍മികനിയമങ്ങള്‍ക്ക് വിധേയമാകുമെന്നും ഒരു നാട്ടിലെ മനുഷ്യരെല്ലാം അവര്‍ ഏത് മതത്തില്‍ പെട്ടവരാകട്ടെ പുര്‍ണമായും ധാര്‍മിക വിശുദ്ധികൈവരിക്കുമെന്ന സങ്കല്‍പം ഇസ്‌ലാമിനില്ല. അതിനാല്‍ ചില പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യസുരക്ഷിതത്വവും സമാധാനവും പരിഗണിച്ച് ശിക്ഷവിധിക്കും. നാട്ടില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതും പ്രസംഗിക്കുന്നതും ശിക്ഷാര്‍ഹമാകുന്നത് അങ്ങനെയാണ്. ഒരു കരടിക്കോ നായക്കോ പാവയാകട്ടേ വളര്‍ത്തുമൃഗമാകട്ടേ മുഹമ്മദ് എന്ന പേരിടാന്‍ പാടില്ല എന്ന നിയമം ഇസ്‌ലാമിലില്ല. ഏതെങ്കിലും ഒരു കോളേജില്‍ ചോദ്യപ്പേപ്പറില്‍ നായിന്റെ മോനെ എന്ന് ആരെ വിളിച്ചാലും അവരെ കൈകാര്യം ചെയ്യാന്‍ ഇസ്‌ലാമില്‍ വകുപ്പില്ല. പക്ഷെ ഈ നാട്ടിലെ നിയമം അത്തരം പ്രകോപനങ്ങളെ നിയന്ത്രിക്കാനുള്ള അതേ അധികാരം ഇസ്‌ലാമിക ഭരണകൂടത്തിനും വേണ്ടെന്ന് വെക്കാന്‍ കഴിയില്ല. അത്തരം നിയമങ്ങള്‍ ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. ചില പാശ്ചാത്യരാജ്യങ്ങളില്‍ ചിലമതങ്ങളെ അതില്‍ ഉള്‍പ്പെടുത്തുകയും ചില മതങ്ങളെ പുറത്ത് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രം ഇക്കാര്യത്തില്‍ വിവേചനം കാണിക്കുകയില്ല.

ഇസ്‌ലാമിക രാജ്യം എന്ന കേള്‍ക്കുമ്പോള്‍ നിലവിലുള്ള സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് മനസ്സിലേക്ക് വരിക. അപ്രകാരം കരുതുന്നവരെ കുറ്റം പറയുന്നില്ല. പക്ഷെ അവിടങ്ങളിലുള്ളത് രാജാധിപത്യഭരണമാണ്. ഏകാധിപത്യസ്വഭാവമുള്ള അത്തരം ഭരണകൂടങ്ങളുടെ ചെയ്തികളൊക്കെ ഇസ്‌ലാമിലേക്ക് വരവ് വെക്കുന്നത് ശരിയാവുകയില്ല. ഇസ്‌ലാമിക ഭരണം എന്ന് എന്നെ പോലുള്ളവര്‍ പറയുമ്പോള്‍ പ്രവാചകനും അനുചരന്‍മാരും കാണിച്ച് തന്ന ഒരു ഭരണസങ്കല്‍പമാണുള്ളത് എന്ന കൂട്ടത്തില്‍ ഓര്‍മിപ്പിക്കട്ടെ.

എന്താണ് ധാര്‍മികത എന്ന പോസ്റ്റ് ഇവിട അവസാനിപ്പിക്കുന്നതിന് മുമ്പ്, ഇക്കാര്യം വേ
ര്‍ത്തിരിച്ച് മനസ്സിലാക്കുന്നതില്‍ മുസ്‌ലിംകള്‍ പോലും ആശയക്കുഴപ്പത്തില്‍ പെടാറുണ്ട്. മഅ്‌റൂഫ് പറഞ്ഞ സൂക്തങ്ങളില്‍ തന്നെ നമസ്കാരവും സക്കാത്തും വേറെ പറഞ്ഞത് ശ്രദ്ധിക്കുക. അരാധനാകര്‍മങ്ങള്‍ വേറെത്തന്നെയാണ് എന്ന് ചുരുക്കം. ആ ആരാധനകള്‍ ധാര്‍മികതക്ക് സഹായമാകും എന്നകാര്യത്തില്‍ സംശയമില്ല. അതേ പ്രകാരം അധാര്‍മിക എന്നതിന് വിഗ്രഹപൂജ എന്നും അര്‍ഥമില്ല. അതുകൊണ്ട് ഇസ്‌ലാമിക ഭരണകൂടത്തോട് വിലക്കാനാവശ്യപ്പെട്ട അധര്‍മത്തില്‍ വിഗ്രഹപൂജയോ അവിശ്വാസമോ പെടുകയില്ല. ഇസ്്‌ലമിക ഭരണത്തിന്‍ കീഴിലും അവസുരക്ഷിതമായിരിക്കും. അവ നിരൂപണം ചെയ്യുന്നതും അതിലെ വസ്തുതകള്‍ തുറന്ന് കാണിക്കുന്നതും. ആളുകളെ ദൈവിക ദര്‍ശനത്തിലേക്ക് പ്രബോധനം ചെയ്യുന്നതുമെല്ലാം വെറെ വിഷയങ്ങളാണ്. അതുമായി ബന്ധപ്പെട്ട് പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു. 

ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ധാര്‍മികതയെ വ്യക്തമാക്കുകയായിരുന്നു ഇതുവരെ. സ്വാഭാവികമായും ദൈവനിഷേധികള്‍ ഇപ്പോഴും തിരുനക്കരെത്തന്നെയായിരിക്കും. അവര്‍ക്കിതില്‍ പറഞ്ഞ ഭൂരിഭാഗവും ഉള്‍കൊള്ളാന്‍ പ്രയാസം നേരിടും. അതുതന്നെയാണല്ലോ. ദൈവനിഷേധത്തിന്റെ ഏറ്റവും വലിയ കുഴപ്പവും. ദൈവികമാര്‍ഗദര്‍ശനങ്ങള്‍ക്ക് നേരെ കണ്ണടച്ച് ജീവിതാന്ത്യം വരെ നട്ടം തിരിയാന്‍ വിധിക്കപ്പെട്ടവരാണവര്‍. ശാസ്ത്രത്തെ അവര്‍ മതത്തിന് പകരം വെക്കാന്‍ തന്ത്രപ്പെടുന്നു. അതിന്റെ ഭാഗമായിട്ട് വേണം ധാര്‍മികതക്ക് മതം വേണ്ട എന്ന അവരുടെ പ്രഖ്യാപനത്തെ കാണാ
ന്‍ ‍.

2010, ഏപ്രിൽ 18, ഞായറാഴ്‌ച

ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട.

അതെ, ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട!!.  അത് വ്യക്തമാക്കുന്നതിന് മുമ്പ് ചില കാര്യങ്ങല്‍ ആമുഖമായി മനസ്സിലാക്കേണ്ടതുണ്ട്.  2010 ഫെബ്രുവരിയില്‍ ബ്രൈറ്റ് എന്ന പ്രദര്‍ശനനാമമുള്ള നാസ്തികനായ ബ്ലോഗര്‍  ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ? എന്ന ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു. ശ്രദ്ധേയമായ ഒരു ബ്ലോഗായിരുന്നു ഇത്. വിഷയത്തിന്റെ ഗാംഭീര്യം കൊണ്ടോ ചര്‍ചയില്‍ പങ്കെടുത്തവരുടെ ആധിക്യം കൊണ്ടോ അല്ല ശ്രദ്ധേയം എന്ന് പറഞ്ഞത്. മറിച്ച് മിക്ക യുക്തിവാദി ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗില്‍ സ്ഥിരമായ ഒരു ലിങ്ക് ആ പോസ്റ്റിലേക്ക് നല്‍കിയതായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്. മാത്രമല്ല തുടര്‍ന്ന് നടന്ന പല ചര്‍ചകളിലും പ്രസ്തുത പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ആവര്‍ത്തികുന്നതായി കണ്ടു. മനുഷ്യനിലെ ധാര്‍മികതക്ക് ദൈവവിശ്വാസം ആവശ്യമില്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാല്‍ ഇനി മതത്തിന് അത്തരമൊരു പ്രസക്തിയില്ല എന്ന വാദം കൂടുതല്‍ ശക്തമായി ഉന്നയിക്കാം എന്നതാണ് ഈ പോസ്റ്റ് ദൈവനിഷേധികളായ യുക്തിവാദികള്‍ക്ക് നല്‍കിയ ആത്മവിശ്വാസം എന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. പോസ്റ്റ് ഇട്ട ഉടനെ അത് വായിച്ചിരുന്നുവെങ്കിലും  പ്രത്യേകിച്ച് പുതുമയൊന്നും തോന്നാത്തതിനാല്‍ ഇടപെട്ടില്ല. പലസ്ഥലത്തും ദൈവവിശ്വാസികളുടെ അഭിപ്രായം അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ധാര്‍മികതയുള്ള മനുഷ്യനാകാന്‍ ദൈവവിശ്വാസം ആവശ്യമില്ല. എന്ന കാഴ്ചപ്പാടിനോട് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരാരും പോസ്റ്റിട്ട് പ്രതികരിച്ചതായി കണ്ടില്ല. ഇപ്പോഴും എന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ചയിലടക്കം പ്രസ്തുത വാദം പലവിധത്തില്‍ അലയടിക്കുന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് എന്റെ അഭിപ്രായം പറയേണ്ടതുണ്ടെന്ന് തോന്നി. അതില്‍നിന്നാണ് ഈ പോസ്റ്റ് പിറക്കുന്നത്.

നമ്മുക്ക് ബ്രൈറ്റിന്റെ വാദം പരിശോധിക്കാം:
 Marc Hauser അദ്ദേഹത്തിന്റെ Moral Minds:How nature designed our universal sense of right and wrong  എന്ന  പുസ്തകത്തില്‍ പരാമര്‍ശിച്ച ഒരു ഏതാനും ചിന്താ പരീക്ഷണങ്ങള്‍ (Thought experiments)നല്‍കി കൊണ്ടാണ് അദ്ദേഹം തന്നെ വാദം ആരംഭിക്കുന്നത്. പരീക്ഷണം ഇതാണ്.
നിങ്ങള്‍ ഒരു റെയില്‍വേ ട്രാക്കിന് മുകളിലുള്ള ഒരു പാലത്തില്‍ നിൽക്കുന്നു.ട്രാക്കിലൂടെ ഒരു ട്രോളി നിയന്ത്രണം വിട്ടു ഓടി വരുന്നുണ്ട്.അല്പം ദൂരെ അഞ്ചുപേര്‍ ട്രാക്കില്‍ പണിയെടുക്കുന്നുണ്ട്. അവര്‍ ട്രോളി കാണുന്നില്ല.അഞ്ചുപേരും ട്രോളിയിടിച്ച് തീര്‍ച്ചയായും മരണപ്പെടും. നിങ്ങൾക്ക് വേണമെങ്കില്‍ ഒരു സ്വിച്ച് ഉപയോഗിച്ച് ട്രോളിയെ മറ്റൊരു സൈഡ് ട്രാക്കിലേക്ക് തിരിച്ചു വിടാം. പക്ഷേ ആ ട്രാക്കില്‍ ഒരാള്‍ പണി ചെയ്യുന്നുണ്ട്. അയാള്‍ തീര്‍ച്ചയായും മരിക്കും. നിങ്ങൾക്ക് ഒന്നുകില്‍ സ്വിച്ച് ഉപയോഗിക്കാതിരിക്കാം, അപ്പോള്‍ അഞ്ചുപേര്‍ മരിക്കും. അല്ലെങ്കില്‍ സ്വിച്ച് ഉപയോഗിക്കാം അപ്പോള്‍ ഒരാള്‍ മരിക്കും. നിങ്ങള്‍ എന്തു ചെയ്യും? സ്വിച്ചുപയോഗിച്ചു ഒരാളെ കൊലക്ക് കൊടുത്തു അഞ്ചുപേരെ രക്ഷിക്കുമോ? അതോ സ്വിച്ച് ഉപയോഗിക്കാതിരിക്കുമോ? തീരുമാനം എന്തായാലും എന്തായിരിക്കും ന്യായീകരണം?
ഇനി വേറൊരു ചിന്താപരീക്ഷണം. മുൻപത്തേപ്പോലെ നിങ്ങള്‍ ട്രാക്കിനു മുകളിലുള്ള പാലത്തില്‍ നില്‍ക്കുന്നു. ട്രോളി വരുന്നു. ഇത്തവണ ട്രോളി നിര്‍ത്താന്‍ സ്വിച്ചൊന്നുമില്ല. പക്ഷേ ട്രാക്കിലേക്ക് ഒരു ഭാരമുള്ള വസ്തു ഇട്ടാല്‍ ട്രോളി തടഞ്ഞു നിര്‍ത്താം. ആകെയുള്ള ഭാരമുള്ള വസ്തു പാലത്തിൽ നിന്ന് അസ്തമയം ആസ്വദിക്കുന്ന ഒരു തടിയനാണ്. അയാളെ ട്രാക്കിലേക്ക് തള്ളിയിട്ടാല്‍ കാര്യം നടക്കും.നിങ്ങള്‍ അത് ചെയ്യുമോ? എന്തായിരിക്കും ന്യായീകരണം?
നൂറോളം രാജ്യങ്ങളിൽ നിന്ന് രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്ത ഒരു ഇന്റര്‍നെറ്റ്‌ സർവ്വേ ഫലം ഇതായിരുന്നു:
എല്ലാ ഭൂഖണ്ഡങ്ങളിലേയും ആണുങ്ങളും,പെണ്ണുങ്ങളും, കറുത്തവരും, വെളുത്തവരും, കുട്ടികളും, വയസ്സന്മാരും, നിരീശ്വരവാദികളും, ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലിംകളും, ജൂതന്മാരും, നിരക്ഷരും, വിദ്യാസമ്പന്നരും എല്ലാം ഒരേ അഭിപ്രയമാണ് പറഞ്ഞത്. ഏകദേശം തൊണ്ണൂറു ശതമാനം പേരും ആദ്യത്തെ സംഭവത്തില്‍ ട്രോളി വഴിതിരിച്ചു വിടുന്നത് നിർബന്ധമല്ലെങ്കിൽ പോലും അനുവദനീയമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. രണ്ടാമത്തെ സംഭവത്തില്‍ ഏതാണ്ട് ആരും തന്നെ തടിയനെ ഉപയോഗിച്ച് ട്രോളി നിര്‍ത്തുന്നതിനെ അനുകൂലിച്ചില്ല. രണ്ടു സംഭവങ്ങളിലും ഒരാളുടെ ജീവന്‍ കൊടുത്തു അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുക. യുക്തിപൂർവ്വം ആലോചിച്ചാല്‍ രണ്ടു സംഭവവും തുല്യമാണ്. Life of one v/s five. പിന്നെന്തുകൊണ്ട് ആളുകളുടെ പെരുമാറ്റത്തില്‍ ഇത്രമാത്രം വ്യത്യാസം? വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ധാർമ്മിക ബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല എന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ തീര്‍ച്ചയായും ദൈവമായിരിക്കില്ല ധാർമ്മികതയുടെ ഉറവിടം. (ധാർമ്മികതയുടെ മൊത്തക്കച്ചവടക്കരായി വിശ്വാസികള്‍ അവതരിക്കുമ്പോള്‍ ഈ പഠനം അവര്‍ക്കുനേരെ ഉപയോഗിക്കാം.)
ഇത്രയുമാണ് ബ്രൈറ്റിന്റെ പോസ്റ്റിലെ പ്രധാന ഭാഗം തുടര്‍ന്നങ്ങോട്ട് ഇത് വെച്ചുകൊണ്ട് ധാര്‍മികതക്ക് ദൈവവിശ്വാസം ആവശ്യമില്ല എന്ന് സ്ഥാപിക്കുകയാണ്.
ബ്രൈറ്റ് തുടരുന്നു.. 'ദൈവഭയവും പരലോകവിശ്വാസവുമാണ് മനുഷ്യനെ ധാർമ്മികജീവിതത്തിനു പ്രേരിപ്പിക്കുന്നത് എന്ന ധാരണ പരത്താന്‍ മതവക്താക്കള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. സ്നേഹം, ദയ, കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതാണെന്നും, വിശ്വാസികളല്ലാത്തവര്‍ വെറും നികൃഷ്ടരും അസാന്മാർഗ്ഗികളും ആണെന്നാണ് വിശ്വാസികള്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. എന്താണ് ധാർമ്മികത? ധാർമ്മികത മത/ദൈവ വിശ്വാസത്തിന്റെ ഫലമാണോ? അങ്ങിനെയെങ്കില്‍ ട്രോളി പ്രശ്നം പോലുള്ളവയില്‍ വിശ്വാസികളും അവിശ്വാസികളും ഒരേപോലെ സ്കോർ ചെയ്യുന്നതെന്തുകൊണ്ട്‌?'
ചില സാങ്കല്‍പിക ചോദ്യങ്ങള്‍ (പരീക്ഷണങ്ങള്‍) സ്വന്തം വകയായും നല്‍കിയിട്ടുണ്ട് അതില്‍ വസ്തുതകളെക്കാളേറെ മതവിശ്വാസികളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മുന്‍ധാരണകളാണ് പ്രവര്‍ത്തികുന്നത്. ഉദാ:-
'ഇനി ഇതൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. അഞ്ചു പേര്‍ ഒരാശുപത്രിയില്‍ മരിക്കാന്‍ കിടക്കുന്നു. അഞ്ചുപേരുടെയും വ്യത്യസ്ത ശരീരഭാഗങ്ങള്‍ മാറ്റിവച്ചാല്‍ അവരെ രക്ഷപ്പെടുത്താം. ഡോക്ടര്‍ ആശുപത്രിയിലെ വെയ്റ്റിങ്ങ് റൂമില്‍ ഒരു ആരോഗ്യവാനായ മനുഷ്യനെ കാണുന്നു. ഇയാളുടെ ശരീരഭാഗങ്ങള്‍ നേരത്തെ കണ്ട അഞ്ചു രോഗികള്‍ക്കും യോജിക്കും. ഡോക്ടര്‍ക്ക് ഇയാളെ ഉപയോഗിച്ച് അഞ്ചു രോഗികളെ രക്ഷിക്കാമോ? ഏതാണ്ട് ആരും തന്നെ ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. And now you know the answer...A rational being should never be used as a merely an unconsenting means to an end..period...end of discussion. നിരീശ്വരവാദിക്കള്‍ക്ക് തീരുമാനമെടുക്കാന്‍ ഒരു ദൈവത്തിന്റേയും സഹായം ആവശ്യമില്ല. ഒരു വേദഗ്രന്ഥവും നോക്കണ്ട.'
തുടര്‍ന്ന് അദ്ദേഹത്തിന്റ സന്ദേഹം/നിഗമനം ഇങ്ങനെ :
(വേദഗ്രന്ഥം അക്ഷരം പ്രതി അനുസരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ മറിച്ചു ചിന്തിക്കാൻ സാധിക്കും. അഞ്ചു രോഗികള്‍ നിങ്ങളുടെ മതത്തിന്റെ വിശ്വാസികളാണെന്നു സങ്കൽപ്പിക്കുക. നമ്മുടെ അവയവ ദാതാവ് ഒരു കടുത്ത നിരീശ്വരവാദിയും. നിങ്ങളെന്തു ചെയ്യും? വിശ്വാസികളും അവിശ്വാസികളും തുല്യരല്ല എന്ന് മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ. എതെങ്കിലും വിശ്വാസിയുടെ അഭിപ്രായം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.)
മുസ്‌ലിംകള്‍ക്ക് വേണ്ടി ആദ്യത്തെ പരീക്ഷണത്തെ അല്‍പം വ്യത്യാസം വരുത്തി അദ്ദേഹം വീണ്ടും ഉദ്ധരിക്കുന്നു. അഞ്ച് പേര്‍ വധിക്കപ്പെടാനിടയാകാതെ ട്രോളി തിരിച്ചുവിടാനുള്ള സ്വിച്ച് അമര്‍ത്തിയാല്‍ വിശ്വാസികള്‍ ബഹുമാനിക്കുന്ന ചിലരെക്കുറിച്ച് ആപവാദങ്ങള്‍ പ്രക്ഷേപണം ചെയ്യും മുസ്‌ലിം എന്ത് ചെയ്യും. (അഞ്ചുപേര്‍ കൊല്ലപ്പെട്ടിട്ടെങ്കിലും മൈക്കിലൂടെയുള്ള പ്രവാചകനെയോ മറ്റോ ഉള്ള അപവാദ പ്രക്ഷേപണത്തെ തടഞ്ഞുനിര്‍ത്തുമോ).

കുറ്റം മാത്രം പറയരുതല്ലോ സംഭവലോകത്തുനിന്നുള്ള ഒരു ഉദാഹരണവും ഉണ്ട്. ഒരു സ്‌കൂള്‍ ടീചര്‍ വളര്‍ത്തു കരടിക്ക് നാമമായി പ്രവാചകന്‍ മുഹമ്മദിന്റെ പേരിട്ടതിനാല്‍ മതനിന്ദ പ്രകാരം സുഡാനിലെ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തുതമായി ബന്ധപ്പെട്ടതാണ് അത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒരു താത്വിക ചര്‍ചയില്‍ ചില ഭരണകൂടങ്ങള്‍ അവിടുത്തെ നാടിന്റെ സമാധാനപാലനവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന കാര്യങ്ങള്‍ക്ക് പ്രസക്തിയില്ല എന്നതിനാല്‍ അത് വിടുന്നു. മതേതര ഭരണകൂടങ്ങളും അപ്രകാരം ചെയ്യാറുണ്ടല്ലോ. തൊടുപുഴ സംഭവവും തുടര്‍ന്നുള്ള അറസ്റ്റും ക്മ്മ്യൂണിസത്തിന്റെ താത്വികമാനവുമായി ബന്ധപ്പെട്ടതല്ല. പോസ്റ്റിനെ മുഴുവനായി പരാമര്‍ശിക്കാതിരുന്നാല്‍ മറുപടി പറയാന്‍ കഴിയാത്തതുകൊണ്ട് അവഗണിച്ചു എന്ന് പറയാതിരിക്കാന്‍ ഈ സംഭവവും സൂചിപ്പിച്ചു എന്ന് മാത്രം.

ബ്രൈറ്റ്, ഇതിന് വിശ്വാസികള്‍ക്ക് മറുപടി പറയാനാകില്ല എന്ന് പ്രതീക്ഷിച്ചിരുന്നുവത്രേ അദ്ദേഹം തന്റെ ലേഖനത്തിന്റെ രണ്ടാഭാഗത്തില്‍ (അത് കൂടുതല്‍ വിശകലനം അര്‍ഹിക്കുന്നതാണ് പിന്നീടാകാം) ഇങ്ങനെ പറഞ്ഞു:
മുസ്ലിമിനാണെങ്കില്‍ ബാക്കി ചപ്പടാച്ചികളെല്ലാം മാറ്റി നിർത്തിയാല്‍ പ്രവാചകനെ സ്വന്തം കുടുംബത്തേക്കാള്‍,സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുക എന്നതാണ്. ബ്ലോഗില്‍ അങ്ങിനെ അഭിമാനപൂര്‍വം പ്രഖ്യാപിച്ചു യഥാര്‍ത്ഥ വിശ്വാസികളായിരിക്കുന്നവരെ ഉദ്ദേശിച്ചാണ് ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ എന്ന പോസ്റ്റില്‍ 'ടെഡ്ഡി ബെയർ മുഹമ്മദ്' പ്രശ്നത്തിൽ അവരുടെ അഭിപ്രായം ഞാന്‍ ചോദിച്ചത്. ബ്ലോഗുകൾ തോറും ഓടിനടന്നു വിശ്വാസം പ്രചരിപ്പിക്കുന്നവരെയൊന്നും ആ വഴി കണ്ടില്ല. (അത് ഏറെക്കുറെ പ്രതീക്ഷിച്ചതാണ്,കാരണം സത്യസന്ധമായി ഉത്തരം പറഞ്ഞാന്‍ അവരുടെ ധാർമ്മികതയുടെ പാപ്പരത്തം വെളിവാകും.)
ഇവിടെ ദൈവനിഷേധികളായ യുക്തിവാദികള്‍ പയറ്റുന്ന ഒരു കുതന്ത്രം പറയാതിരിക്കാനാവില്ല. തങ്ങളുടെ വാദത്തിന് വിരുദ്ധമായ അഭിപ്രായം വന്നു കഴിഞ്ഞാല്‍ പോസ്റ്റുമായി ഒരു ബന്ധമില്ലെങ്കിലും ഒന്നായി നിന്ന് പ്രവാചകനെ ഭത്സിക്കാന്‍ തുടങ്ങും. അല്ലെങ്കില്‍ മോശമായ രൂപത്തില്‍ പരിഹാസം ചൊരിയും അല്‍പം പോലും സഹിഷ്ണുതയോടെ യുക്തിവാദികള്‍ സംവാദത്തിന് വിസമ്മതിക്കുകയും ചെയ്യുന്നു. പലപ്പോഴും എന്തെങ്കിലും പറയാനുണ്ടെങ്കിലും വഴിമാറിപോകുന്നത് അതുകൊണ്ടാണ്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പോലെ അതുമൊരു ആയുധമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഈ രണ്ട് പോസ്റ്റിലും അദ്ദേഹം സൂചിപ്പിച്ച പോലെ ആരും അഭിപ്രായം രേഖപ്പെടുത്താതിരിക്കാനുള്ള കാരണം അതാണ് എന്ന് ഞാന്‍ എന്റെ അനുഭവം വെച്ച് മനസ്സിലാക്കുന്നു. ആദ്യത്തെ പോസ്റ്റിനോട് എനിക്ക് പറയാനുള്ളത് ഇവിടെ പറയാം. യോജിപ്പുള്ള  സുഹൃത്തുക്കള്‍ക്കും വിയോജിപ്പുള്ളവര്‍ക്കും വിഷയത്തില്‍ നിന്ന് മാറാതെ ചര്‍ചയില്‍ പങ്കെടുക്കാം. പോസ്റ്റില്‍ നല്‍കുന്നത് അടിസ്ഥാനപരമായ ചില വീക്ഷണങ്ങളാണ് ചര്‍ചകളില്‍ അത് വിശദമായി അവതരിപ്പിക്കാം എന്ന് കരുതുന്നു.
ഏതൊരു മനുഷ്യനിലും ധാര്‍മിക ബോധം അങ്കുരിക്കുന്നതിന് ദൈവവിശ്വാസം ആവശ്യമാണ് എന്ന് മതവിശ്വാസികള്‍ പ്രത്യേകിച്ചും ഇസ്ലാംമതവിശ്വാസികള്‍ കരുതുന്നു എന്ന നിലക്കാണ് ബ്രൈറ്റ് തന്റെ വിഷയം കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ധാര്‍മികതക്ക് ദൈവവിശ്വാസം വേണ്ട. പരിണാമം മനുഷ്യന് ധാര്‍മിക കൂടി നല്‍കിയിരിക്കുന്നു. മറ്റൊരു തലത്തില്‍ ഈ അഭിപ്രായം ഇങ്ങനെയും പറയാം. അദ്ദേഹം ഉദ്ധരിക്കുന്നു:
'Joshua Greene (Harvard University)അഭിപ്രായപ്പെടുന്നത് മറ്റൊരു മനുഷ്യ ജീവനെ ഉപദ്രവിക്കുന്നത് അറപ്പുളവാക്കുന്ന ഒരു പ്രവർത്തിയായാണ് പരിണാമം നന്നെ വാർത്തെടുതിരിക്കുന്നത് എന്നാണ്.

ഇക്കാര്യത്തില്‍ എന്താണ് ഖുര്‍ആന്റെ കാഴ്ചപ്പാട് എന്ന് നോക്കാം. (ഞങ്ങള്‍ ഒരു കാര്യം ശാസ്ത്രിയമായി തെളിയിക്കുമ്പോള്‍ അത് ഞങ്ങളുടെ പുത്തകത്തിലുണ്ടെന്ന് പറയുന്ന സ്വഭാവം നിങ്ങള്‍ക്ക് പണ്ടേയുള്ളതാണ് എന്ന മുന്‍ധാരണയിലെത്തേണ്ടതില്ല.) ഇവിടെ വിശ്വാസികള്‍ പണ്ടേ മനസ്സിലാക്കുന്നതാണ് ധാര്‍മിക ബോധം മനുഷ്യമനസ്സില്‍ അന്തലീനമാണ് എന്നത്. അതേ പ്രകാരം മനുഷ്യമനസ്സിന് അവന്റെ ദേഹേഛയുമായി ബന്ധപ്പെട്ട പ്രേരണകളുമുണ്ട്. ധാര്‍മിക ബോധത്താല്‍ ദേഹേഛയുടെ പ്രേരണകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുക എന്നതാണ് ഒരു മനുഷ്യനില്‍നിന്ന് ദൈവവിശ്വാസം ആവശ്യപ്പെടുന്നത്. ധാര്‍മികബോധം ഒരാളുടെ ദേഹേഛകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ അയാള്‍ അധാര്‍മികനായി മാറും. നേരെ മറിച്ച് ഒരാളുടെ ധാര്‍മിക ബോധത്തിന് അയാളുടെ ദേഹേഛകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചാല്‍ അദ്ദേഹം ധാര്‍മികത പുലര്‍ത്തുന്നവന്‍ എന്ന് നമ്മുക്ക് വിളിക്കാവുന്ന വ്യക്തിത്വമായി രൂപാന്തരപ്പെടും. ധാര്‍മികബോധത്തിന് തഖ് വ എന്ന പദവും അധര്‍മത്തിത്തിന് ഫുജൂറ് (91:8)എന്നും ദേഹേഛക്ക് ഹവ എന്നും ദേഹേഛക്ക് പ്രേരിപ്പിക്കുന്ന മനസ്സിന് നഫ്‌സുല്‍ അമ്മാറ (12:53)എന്നും പറയപ്പെടുന്നു. ധാര്‍മിക ബോധത്താല്‍ പ്രവര്‍ത്തികുന്ന (അക്ഷേപിക്കുന്ന മനസ്സ്) നഫ്‌സുല്‍ ലവ്വാമ (75:2)എന്നും പറയുന്നു.   

ആത്മാവാണ, അതിനെ സന്തുലിതമാക്കിയവനാണ, എന്നിട്ട് അതിന് ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തവനാണ,  നിശ്ചയം, ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു. (91:8-10) 
വിശുദ്ധ ഖുര്‍ആനിലെ ഈ സുക്തങ്ങളില്‍ നിന്നാണ് ധര്‍മാധര്‍മങ്ങള്‍ മനുഷ്യമനസ്സില്‍ അവന്റെ പ്രകൃതിയോടൊപ്പമുള്ളതാണ് എന്ന കാഴ്ചപ്പാടിലേക്ക് ഇസ്‌ലാം മതവിശ്വാസികളെ എത്തിക്കുന്നത്. യാതൊരു വിധതെറ്റിദ്ധാരണക്കും ഇടയില്ലാത്ത വിധം ഖുര്‍ആന്റെ പ്രഖ്യാപനമാണത്. മനുഷ്യമനസ്സിനെത്തന്നെയാണ് ഇവിടെ ആത്മാവ് എന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ആത്മാവ് എന്നതിന് റൂഹ് എന്നാണ് പ്രയോഗിക്കാറുള്ളത്. ഇവിടെ നല്‍കിയത് നഫ്‌സ് എന്ന പദമാണ്. സാധാരണയായി ഞാന്‍ അവലംബിക്കുന്ന പരിഭാഷതന്നെ എടുത്ത് ചേര്‍ത്തു എന്ന് മാത്രം. ഈ സൂക്തങ്ങള്‍ നല്‍കുന്ന സന്ദേശം മനസ്സിലാകാന്‍ ആത്മാവെന്നോ മനസ്സെന്നോ ഉപയോഗിക്കാം.
രണ്ടും മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണെങ്കില്‍ പിന്നെ പ്രവാചകന്‍മാരുടെ ആവശ്യമെന്ത് എന്ന ഒരാള്‍ക്ക് ന്യായമായും സംശയിക്കാവുന്നതാണ്. ഇവിടെ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. തഖ് വ എന്ന ധാര്‍മികബോധം (സൂക്ഷമത എന്നും ദൈവഭയമെന്നുമൊക്ക ആ വാക്കിന് അര്‍ഥമുണ്ട്) മനുഷ്യന്റെ ആത്മാവുമായി ബന്ധപ്പെട്ടതാണ്. അത് ദൈവികമാണ്. അതേ സമയം ഫുജൂറ് എന്ന അധര്‍മം (ദുഷ്ടത) ദേഹവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനില്‍ ഒരു മൃഗവും ഉണ്ടെന്ന് സാരം. ആത്മാവില്ലാത്ത ജീവിയാണല്ലോ മൃഗം. (ദൈവനിഷേധികള്‍ ആത്മവിന്റെ നിഷേധികള്‍കുടിയാണ് എന്നത് മറുക്കുന്നില്ല). ധാര്‍മികതയുടെ  അഭാവത്തില്‍ മനുഷ്യന്‍ മൃഗങ്ങളുടെത് പോലുള്ള ഒരു ജീവിയായി അധഃപതിക്കും. അതിനേക്കാള്‍ മോശമായി കാരണം മൃഗങ്ങളുടെ ദുഷ്ടത അവയുടെ ജന്മവാസനകളാല്‍ നിയന്ത്രിതമാണ്. അതുകൊണ്ട് അവരെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:
സ്വേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു. (25:43-44)


ദേഹേഛക്ക് (സ്വേഛക്ക്) മനുഷ്യശരീരത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. അവന്റെ ഇഛയെ കയറൂരിവിട്ടാല്‍ മാത്രം മതി അവന്‍ തികഞ്ഞ ആധാര്‍മികനാവാന്‍ ‍. അവന്റെ ഇഛകളുടെ പൂരണത്തിന് നിയന്ത്രണം വരുത്തുന്നതിനെ ദേഹേഛ പ്രതിരോധിക്കും. ധാര്‍മികതയുടെ പ്രചാരകര്‍ക്ക് എക്കാലത്തും ഏല്‍ക്കേണ്ടിവന്ന കടുത്ത എതിര്‍പ്പുകള്‍ അതിന്റെ ഫലമാണ്.   മനുഷ്യസ്‌നേഹത്തിന്റെയും പരിഷ്‌കാരത്തിന്റെയും ധാര്‍മികതയുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ എതിര്‍പ്പെന്ന് നിരന്തരം പെരുമ്പറയടിച്ചാലും,  ദേഹേഛയുടെ സ്വതന്ത്രമായ പൂരണത്തിന് തടസ്സം നില്‍ക്കുന്നു എന്നതാണ് ഈ എതിര്‍പ്പിന്റെ മുഖ്യകാരണം. ചെറിയ ഒരു ന്യൂനപക്ഷം തെറ്റിദ്ധരിച്ചതുമുണ്ടാകാം എന്ന് മാത്രം.

ദേഹേഛപൂരണത്തിന്റെ പാത വശ്യമാണ് , ആകര്‍ഷകമാണ്, മനുഷ്യമനസ്സ് അതില്‍ ഉടക്കിപ്പോകും, കെണിയലകപ്പെടുത്തുന്ന സൗന്ദര്യം, വിഷയ സുഖം, ധനം എങ്ങനെയും സമ്പാദിക്കാം, എല്ലാ വിലക്കുകളുംലംഘിച്ച് തോന്നിയ പോലെ പ്രവര്‍ത്തിക്കാം, വിലക്കുകളെ വെറുക്കുകയും സൈ്വരവിഹാരം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഇഛയെ അയച്ചുവിട്ടാല്‍ അധാര്‍മികത തകര്‍ത്താടും.  

എന്നാല്‍ ധര്‍മത്തിന്റെ പാതയില്‍ പ്രവേശിക്കുന്നവന് നേരിടാനുള്ളത് പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള പ്രയാസങ്ങളാണ്. വിലക്കുകളും നിയന്ത്രണങ്ങളുമുണ്ടവിടെ. ഹൃദയത്തിന്റെ തിന്‍മക്ക് വേണ്ടിയുള്ള പ്രേരകങ്ങളെ /കല്‍പനകളെ തടഞ്ഞു നിര്‍ത്തേണ്ടിവരും. ചെറുതായൊന്ന് കണ്ണ് ചിമ്മി ഒരൊപ്പിട്ടാല്‍ ലക്ഷങ്ങള്‍ കയ്യില്‍ വരും സത്യത്തിന്റെ പക്ഷത്ത് നിന്നാലോ സ്ഥലമാറ്റമടക്കമുള്ള പൊല്ലാപ്പുകള്‍. സുഹൃത്തുക്കളോടൊത്ത് ഒരു കമ്പനി, ലൈംഗിക ദാഹത്തിന്റെ പൂര്‍ത്തീകരണം ശരീരം ആവശ്യപ്പെടുന്നു. മറുവശത്ത് മനസാക്ഷിയുടെ ഒരു ചോദ്യം (ധാര്‍മികതയുടെ തിരുത്തല്‍) നിന്നെമാത്രം സ്‌നേഹിക്കുന്ന നിന്റെ പാതിയെ നീ മറക്കുകയോ? .  ഏതിന് മുന്‍ഗണന നല്‍കും?. 

ഇവിടെയാണ് പ്രവാചകന്‍മാരും മതവും വേദഗ്രന്ഥവും ധാര്‍മികമൂല്യങ്ങളുടെ പിന്തുണക്കായ് രംഗത്ത് വരുന്നത്. മുകളില്‍ സൂചിപ്പിച്ച മനസ്സിലെ ഈ വിരുദ്ധ പോരാട്ടങ്ങളില്‍ ദേഹേഛയുടെ പക്ഷത്ത് നില്‍ക്കാന്‍ കുറേ പേരുണ്ട്. അവക്ക് ഒന്നാകെ പറയുന്ന പേരാണ് പിശാചുക്കള്‍. ഇസ്‌ലാമി
ല്‍ പിശാച് ഒരു പ്രത്യേക സൃഷ്ടിയല്ല. മനുഷ്യരിലും ജിന്ന് എന്ന സൃഷ്ടികളിലുമുള്ള അധര്‍മത്തിന് പ്രേരണനല്‍കുന്ന മുഴുവന്‍ ശക്തികള്‍ക്കും പറയുന്ന വര്‍ഗനാമമാണത്. ഇവയുടെ സ്വാധീനം എക്കാലത്തും നിലനില്‍ക്കുന്നു. അതിനെതിരെ മനുഷ്യന്റെ ധാര്‍മികതയുടെ പക്ഷത്തെ ശക്തിപ്പെടുത്താനുള്ള ദൈവികമായ സഹായമാണ് വിശ്വാസം. ഒരു കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടത് കേവല വിശ്വാസത്തിന് ഈ രംഗത്ത് കാര്യമായി റോളൊന്നുമില്ല എന്നതാണ്. ദൃഢവിശ്വാസത്തിന് മാത്രമേ ധാര്‍മികത പൂര്‍ണ അര്‍ഥത്തില്‍ സംരക്ഷിക്കാനാവൂ. ഏത് മതമായാലും ശരി. സുഭദ്രമായ കോട്ടപോലെ അവ ധാര്‍മികതക്ക് പിന്തുണ നല്‍കും. അവയിലൂടെ ഇന്നും കോടിക്കണക്കിനാളുകള്‍ അധാര്‍മികതയിലേക്ക് എത്തിനോക്കുക പോലും ചെയ്യാതെ സുരക്ഷിതരാകുന്നു. അതേ ധാര്‍മികതയാണ് താന്‍ സമ്പാദിച്ചുണ്ടാക്കിയവയില്‍ നിന്ന്  കഷ്ടപ്പെടുന്ന, പേരോ ഊരോ അറിയാത്ത സഹജീവിക്ക് വേണ്ടി നല്‍കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ മനുഷ്യനിലെ സഹജമായ ധാര്‍മികബോധം കാരണമായി ദൈവത്തെ നിഷേധിക്കുന്നവര്‍ വരെ ചെയ്തു എന്ന് വരും. എന്നാല്‍ ധര്‍മം അനുഷ്ഠിക്കുന്നത് വളരെയേറെ പ്രയാസകരമാകുന്ന സന്ദര്‍ഭത്തില്‍ ഒരു ആജ്ഞേയവാദി അടിതെറ്റുകതന്നെ ചെയ്യും.
 

പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്. ധാര്‍മികബോധം ഓരോ മനുഷ്യനിലും സൃഷ്ടിപ്പിലേ ഉള്ളതാണ്. അതിലൂടെയാണ് അവന്‍ നന്മതിന്മകള്‍ തിരിച്ചറിയുന്നത്. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ധാര്‍മികമൂല്യങ്ങള്‍ മുഴുവന്‍ ദൈവപ്രോക്തമായി അറിയിക്കപ്പെട്ടതാണ്, ഇന്ന് നാം സര്‍വസാധാരണമായി വിശ്വാസമുള്ളവനും ഇല്ലാത്തവനും അവയുടെ പ്രയോക്താക്കളാകുന്നുവെങ്കിലും. കാരണം ഇസ്‌ലാമിക കാഴ്ചപാടില്‍ ആദിമ മനുഷ്യന്‍ മുതല്‍ ഈ അറിവ് ലഭിച്ചുപോന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യനിലെ ഈ ധാര്‍മികബോധത്തിന് മാത്രം ധാര്‍മികതയെ വളര്‍ത്തുന്നതിനോ അവയെ നിലനിര്‍ത്തുന്നതിലോ വലിയ പങ്ക് വഹിക്കാനാവില്ല. അവയ്ക്ക് അതി ശക്തമായ മറ്റുചില പ്രേരകങ്ങള്‍ വേണം. അവ കളങ്കമറ്റ മതദര്‍ശനത്തിന്റെ സഹായത്താലല്ലാതെ ലഭിക്കുകയില്ല.   

ബ്രൈറ്റ് സൂചിപ്പിച്ച പരീക്ഷണം അദ്ദേഹം വാദിക്കുന്നവിധം ഒരു വിധിതീര്‍പ്പിനുപകരിക്കണമെങ്കില്‍ കൃത്യമായ എണ്ണം വിശ്വാസികളിലും നാസ്തികരിലും പരീക്ഷണം ആവര്‍ത്തിക്കണം. അത് അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. വിശ്വാസികളല്ലാത്തവരുടെ ശതമാനം വളരെ കുറവാണ് എന്നതിനാല്‍ ഇത്തരമൊരു പരീക്ഷണം മുന്നില്‍ വെച്ച്  അഥവാ ധാര്‍മികതക്ക് മതവിശ്വാസം വേണ്ട എന്ന നിഗമനത്തിലെത്താനാവില്ല. എങ്കിലും ഞാന്‍ പറയട്ടേ. ഈ പരീക്ഷണത്തില്‍ അപ്രകാരം ചെയ്താലും വിശ്വാസികളുടെയും അവിശ്വാസികളുടെയും ഉത്തരങ്ങള്‍ ഒരേ പോലെയായിരിക്കും. ഭൂരിപക്ഷത്തിന്റെ മറുപടിയും അവരുടെ ജന്മസിദ്ധമായ ധാര്‍മികബോധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് ചുരുക്കം. (തുടരും)


അടുത്ത പോസ്റ്റ് : എന്താണ് ധാര്‍മികത?

2010, ഏപ്രിൽ 14, ബുധനാഴ്‌ച

യുക്തിവാദികള്‍ ഇസ്‌ലാമിനെ കയ്യൊഴിയുന്നതെപ്പോള്‍

ഓരോ മനംമാറ്റവും ഒട്ടേറെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അത്തരം മനംമാറ്റം (മതം മാറ്റം എന്നും പറയാം) നടത്തിയവര്‍ പലപ്പോഴും എഴുത്തുകാരാണെങ്കില്‍ അദ്യം എഴുതുക തന്റെ മനപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചായിരിക്കും. അത്തരം പുസ്തകങ്ങള്‍ ഏറെ വായിക്കപ്പെടുകയും ചെയ്യും. മുസ്‌ലിംകളായ ചിലര്‍ യുക്തിവാദമെന്ന ദൈവനിഷേധം സ്വീകരിക്കുമ്പോള്‍ അവരെ അതിന് പ്രേരിപ്പിച്ച കാര്യങ്ങള്‍ അറിയാന്‍ വിശ്വാസികള്‍ക്കുള്ള ആഗ്രഹം  സ്വാഭാവികമാണ്. 
 
പൊതുവെ യുക്തിഉപയോഗിച്ചതുകൊണ്ട് ഇസ്‌ലാമില്‍ നിന്നും ഒരാള്‍ പോകാന്‍ സാധ്യതയില്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് ഞാന്‍ . കാരണം ആളുകളെ ഈ ദര്‍ശനത്തിലേക്ക് ക്ഷണിക്കാന്‍ പറഞ്ഞപ്പോള്‍ ഏത് മാര്‍ഗത്തിലൂടെ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് അത് ഒന്ന് യുക്തി, രണ്ട്. ഗുണകാംക്ഷ, മൂന്ന് ഉള്‍കാഴ്ച ഇവയാണ്. അതുകൊണ്ട് ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന ഏതൊരു യുക്തിവാദിക്കും സൂക്തങ്ങളെ ശരിയായ അര്‍ഥത്തിലെടുത്ത് വിമര്‍ശിക്കാന്‍ കഴിയാറില്ല. ഇസ്‌ലാമിക തത്വങ്ങളെയാണ് വിമര്‍ശിക്കുന്നതെങ്കില്‍ (പരിഹസിക്കുന്നതെങ്കില്‍ എന്ന് പറയുന്നതാണ് കൂടുതല്‍ ശരി) അതിനെ വിമര്‍ശിക്കാന്‍ പറ്റുന്ന രൂപത്തിലേക്ക് അത് മാറ്റും എന്നിട്ട് പരിഹസിക്കും. ഉദാഹരണം ഇദ്ദ എന്ന സമ്പ്രദായം. ഇദ്ദ എന്നാല്‍ ഇരുട്ടുമുറിയില്‍ അടച്ചിരിക്കലാണ് എന്ന് ആദ്യം വിശദീകരണം നല്‍കിയിട്ട് അതിനെ വിമര്‍ശിക്കുക. യുദ്ധവുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ അവിടുന്ന് അടര്‍ത്തിമാറ്റി സാധാരണ സന്ദര്‍ഭത്തില്‍ കൊണ്ടുവന്ന് ഇസ്‌ലാം ഇതാ അക്രമിക്കാന്‍ വരുന്നേ എന്ന് ഭയപ്പെടുത്തുക. ഇതിനപ്പുറം ഓരോ വിഷയം എടുത്ത് നിരുപണം ചെയ്ത് സംവദിക്കാന്‍ യുക്തിവാദികള്‍ ഇനിയും ജനിച്ചിട്ട് വേണം.

ഇത്തരമൊരു പശ്ചാതലത്തിലാണ് വിചാരത്തെ യുക്തിവാദത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചറിയാന്‍ ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. അതിന് അദ്ദേഹം താഴെ നല്‍കിയ മറുപടി നല്‍കി. അതൊന്നുവായിക്കുക. അവയ്കുള്ള എന്റെ പ്രതികരണം പോസ്റ്റില്‍ പറയുന്നില്ല. കമന്റ് ബോക്‌സില്‍ അവനിങ്ങള്‍ക്ക് വായിക്കാം.

വിചാരം പറയുന്നു....

എന്തുകൊണ്ട് എന്റെ ബന്ധു ജനങ്ങള്‍ വിശ്വസിക്കുന്ന ഇസ്ലാമിനെ ഇഷ്ടപ്പെടുന്നില്ല .

1) അതൊരു അതിഭൌതിക അവകാശപ്പെടുന്ന മതമായതിനാല്‍.
2) ഇസ്ലാം മാത്രമേ ശരിയൊള്ളൂ മറ്റെല്ലാം തെറ്റാണന്ന് ഭാവവും ചിന്തയും, പ്രവര്‍ത്തിയും.
3) മുഹമദിന്റെ പ്രവര്‍ത്തികള്‍-വിവാഹങ്ങള്‍, അടിമ സ്ത്രീകളെ വിവാഹം കഴിക്കാതെ വെച്ചുകൊണ്ടിരിക്കല്‍ -
4) ഇസ്ലാമിനൊരു ദൈവത്തെ കുറിച്ച് കൃത്യതയില്ലാത്ത കാഴ്ച്ചപ്പാടാണുള്ളത് - ദൈവം എന്നത് ഒരു ശക്തിയാണന്ന് ചില മുസ്ലിംങ്ങള്‍ കരുതുന്നു, എന്നാല്‍ ഏഴാനാകാശത്ത അര്‍സ്(സിംഹാസനത്തില്‍)ല്‍ ഇരിക്കുന്ന ഒരാളായി ഇതിനൊരു ചെറിയ വിശദീകരണം തരാം “ മുഹമദ് ആകാശാരോഹണ കെട്ടുകഥയില്‍ ദൈവത്തെ ദര്‍ശ്ശിച്ചു എന്നാണ് (നേരിട്ട് കണ്ടു എന്നു പറഞ്ഞാല്‍ രൂപവും ഭാവവും വിശദമാ‍ക്കേണ്ടി വരും, ബുദ്ധിമാനായ മുഹമദ് ആ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് വിദഗ്ദമായി തലയൂരുകയാണ് ചെയ്തത്)ഓരോ ആകാശത്തെത്തുമ്പോഴും മരിച്ചു പോയ ഓരോ പ്രവാചകന്മാരെ കണ്ടുവെന്ന പച്ചകള്ളം, ദൈവം ഒരു ശക്തി മാത്രമാണെങ്കില്‍ ആ ശക്തി ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ച് കിടയ്ക്കുകയാണെങ്കില്‍ മുഹമദ് എന്തിനാ ബുറാക്കെന്ന കുതിരയ്ക്ക് മുകളില്‍ കയറി ദൈവത്തെ തേടി 7മത്തെ ആകാശത്തേക്ക് പോവേണ്ട ആവശ്യം ?(7 ആകാശം എന്നത് വലിയൊരു ബ്ലണ്ടറാണന്ന് ഇന്ന് വലിയൊരു സത്യമാണ്) പ്രപഞ്ചത്തിലെ ചെറിയ ഘടകമായ ഭൂമിയില്‍ ദൈവത്തിന്റെ സാന്നിത്യം ഉണ്ടായിക്കൂടെ?
5) ഇസ്ലാമും, വിശ്വാസികളും സഹിഷ്ണത വെച്ചു പുലര്‍ത്തുന്നവരല്ല .ഉദാഹരണം:-അധർമ്മത്തിനെതിരേ യുദ്ധം ചെയ്യുക എന്നത് അല്പമെങ്കിലും ധാർമ്മിക ബോധം പുലർത്തുന്നവരുടെ കടമയാണ്.(ഇതിനെന്റെ ചോദ്യം ഇതാണ് .. ഇത്ര വലിയ ദൈവമായ അള്ളാ ഉള്ള സ്ഥിതിയ്ക്ക് മനുഷ്യന്‍ എന്തിനാണ് ഈ യുദ്ധത്തിനൊക്കെ പോകുന്നത് ?അള്ള തന്നെ ശിക്ഷിച്ചാല്‍ പോരെ ഈ അധര്‍മ്മവാദികള്‍ എന്ന ആരോപിയ്ക്കപ്പെടുന്ന എന്നേയും മറ്റുള്ളവരേയുമൊക്കെ.)
6) ഇസ്ലാം എന്ന തത്വസംഹിദയെ ആരും എതിര്‍ക്കാനോ അവിശ്വസിക്കാനോ പാടില്ലാന്നുള്ള ഏറ്റവും മലിനമായ ചിന്ത ഉദാഹരണം :-അഹങ്കാരം കയ്യൊഴിഞ്ഞാൽ നല്ല പാതയിലേക് തിരിക്കാം അല്ലെങ്കിൽ പട്ടി ചത്ത് പോകുന്ന പൊലെ ചത്ത് പോകും ബാക്കി ഖബറിൽ(സുല്‍ഫിഖര്‍ എന്ന ഇസ്ലാമത വിശ്വാസിയുടെ നീച ചിന്ത).
അങ്ങനെ ഒത്തിരി കാരണങ്ങള്‍കൊണ്ടാണ് ഇസ്ലാമതം തനി ബ്ലണ്ടറായ മതമാണന്ന് ബോദ്ധ്യമായതും എന്റെ മനസ്സില്‍ നിന്ന് ആ മതത്തേയും മറ്റും ചെളികൂമ്പാരത്തിലേക്ക് എടുത്തെറിഞ്ഞതും.
പിന്നെ ജബ്ബാര്‍ മാഷിന്റെ ചിന്തയും പ്രചാരണവും കൊണ്ടാണ് ഞാനും യരലവയുമൊക്കെ ഇസ്ലാമത ചിന്തയില്‍ നിന്നകന്നത് എന്ന തെറ്റായ മനസ്സിലാക്കല്‍ മാറ്റുക.. ഞാന്‍ 7 വര്‍ഷത്തോളമായി ഈ ബൂലോകത്ത് തുടക്കം മുതലേ ഇസ്ലാമെതിരായുള്ള എന്റെ നിലപാടുകള്‍ ഒരേപോലെയാണ് എന്നാല്‍ ജബ്ബാര്‍ മാഷ് ബൂലോകത്ത് വന്നിട്ട് 3 ഓ 4 ഓ വര്‍ഷമായിട്ടൊള്ളൂ, ഈ കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അഗ്രജന്‍ എന്ന എന്റെ ചങ്ങാതിയോട് ചോദിക്കുക.
വിചാരത്തിന്റെ ഒരു കമന്റിന് ഇത്ര പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന് എന്റെ സുഹൃത്തുകളില്‍ ചിലര്‍ക്ക് സംശയമുണ്ടാകും. ഇതൊക്കെ വെറുതെ പറയുന്നതാണ് കാരണങ്ങളൊക്കെ മറ്റുപലതുമാണ് എന്നും വേണമെങ്കില്‍ ഒരാള്‍ക്ക് ഊഹിക്കാം. എങ്കിലും ഇവിടെ ഞാന്‍ വിചാരത്തെ വിശ്വാസത്തിലെടുക്കുകയാണ്. ഇസ്‌ലാമിനെ ഇപ്രകാരം ആരെങ്കിലും യഥാര്‍ഥത്തില്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇത് അല്‍പമൊക്കെ പ്രയോജനം ചെയ്‌തേക്കാം എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

വിശ്വസിക്കാത്തവരെ വധിക്കാന്‍ ദൈവം പറഞ്ഞുവോ?

എന്തിനാണ് വിശുദ്ധഖുര്‍ആനിലൂടെ വിശ്വാസികളോട് ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടത് ?. എന്തധികാരം നിലനിര്‍ത്താനാണ് അല്ലെങ്കില്‍ എന്ത് വെറുപ്പിന്റെ കാരണത്താലാണ് യുദ്ധം നിയമമാക്കപ്പെട്ടത്?. ദൈവത്തിന്റെ ലക്ഷ്യങ്ങള്‍ നേടിക്കൊടുക്കാന്‍ വേണ്ടിയാണോ അത്?. തന്നെ വണങ്ങാത്തവരെ വെറുക്കണമെന്നും അവര്‍ വധിക്കപ്പെടണമെന്നതും ദൈവത്തിന്റെ ആവശ്യമാണോ?. 

ഇ.എ.ജബ്ബാറിന്റെ പോസ്റ്റില്‍ ചര്‍ചക്കിടെ ഒരു സുഹൃത്ത് ഉയര്‍ത്തിയ ചിലചോദ്യങ്ങളില്‍ ആത്മാര്‍ഥതയുടെ ഒരു കണികയുണ്ടോ എന്ന് സംശയിച്ചുപോയി അതിന് പ്രതികരണമെഴുതാന്‍ തുനിഞ്ഞപ്പോള്‍ അതൊരു പോസ്റ്റായി മാറി. മാത്രമല്ല ഇതേ ചോദ്യം ഇസ്‌ലാമിനെ പഠിക്കാനാഗ്രഹിക്കുന്ന ചിലര്‍ക്കെങ്കിലും ഉണ്ടാകാനുള്ള നല്ല സാധ്യതയും ഉണ്ട്. കൂടുതല്‍ ചര്‍ചക്കായി ഈ ദീര്‍ഘിച്ച കമന്റ് ഇവിടെ പോസ്റ്റുന്നു.

ശരിയായ നാഗരികവ്യവസ്ഥയുടെ സംസ്ഥാപനം ലക്ഷ്യമിടുന്ന പ്രായോഗിക നൈതിക ക്രമമാണ് ഇസ്‌ലാം. അവയില്‍ കാല്‍പനികാസ്വാദനം പകരുന്ന ഉപാധികള്‍ അന്വേഷിക്കുന്നത് അര്‍ഥ ശൂന്യമായിരിക്കും. മരുന്ന് കൈപ്പായാലും മധുരമായാലും ആസ്വാദനം പകരലല്ല വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം. മറിച്ച് ശരീരത്തിന്റെ സംസ്‌കരണമാണ്. അതിന്റെ ആരോഗ്യമാണ്. അതുപൊലെ ഒരു നൈതികക്രമത്തിന്റെ ലക്ഷ്യം കാല്‍പനിക രസം നല്‍കുകയോ കാഴ്ചപ്പണ്ടങ്ങളാവുകയോ അല്ല. മറിച്ച് കടുപ്പമാണെങ്കിലും മാര്‍ദവമാണെങ്കിലും സമൂഹത്തിന്റെ സംസ്‌കരണമാണ്. അതിനാല്‍ ഒരു സാമൂഹ്യപരിഷ്‌കരണം ലക്ഷ്യം വെക്കുന്ന ഒരു വ്യവസ്ഥക്ക് വാളോ പേനയോ ഏതെങ്കിലും ഒന്നുമാത്രമേ തെരഞ്ഞെടുക്കാന്‍ അനുവാദമുള്ളൂ എന്ന് തീരുമാനിക്കാനാവില്ല. അതിന്റെ ദൗത്യനിര്‍വഹണത്തില്‍ രണ്ടും ഒരു പോലെ ആവശ്യമായ സന്ദര്‍ഭങ്ങളുണ്ടാകും. ധിക്കാരികളെയും താന്തോന്നികളെയും ധാര്‍മികതയുടെയും മാനവികതയുടെയും പരിധിയില്‍ തളച്ചിടാന്‍ ഉദ്‌ബോധനം കൊണ്ടും ഉപദേശം കൊണ്ടും നേര്‍മാര്‍ഗത്തില്‍ കൊണ്ടുവരാനാവാത്തവിധം ദുഷ്‌കൃത്യങ്ങളിലും നൃശംസതകളിലും ഒരു സംഘം പരിധിവിടുകയും അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ നിന്നും മറ്റുള്ളവരുടെ ആത്മീയ-ഭൗതിക-ധാര്‍മികജീവിതത്തെ കടന്നാക്രമിക്കുന്നതില്‍നിന്നും അവരെ തടയാന്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാതാവുകയും ചെയ്താല്‍ പിന്നെ, നന്മയോട് ആഭിമുഖ്യവും ഗുണകാംക്ഷയുമുള്ള മനുഷ്യരുടെ ഒന്നാമത്തെ ബാധ്യത അവര്‍ക്കെതിരില്‍ വാളെടുക്കുകയും ദൈവദാസന്‍മാരില്‍നിന്ന തട്ടിയെടുക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുകിട്ടുന്നതുവരെ അവിശ്രമം പൊരുതുകയും ചെയ്യുക എന്നതാണ്.

യുദ്ധത്തിന്റെ താല്‍പര്യം ?

'അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നില്ലായെങ്കില്‍ അല്ലാഹുവിന്റെ നാം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു' (22:40) യുദ്ധത്തിന്റെ താല്‍പര്യവും നാഗരികജീവിതത്തില്‍ അത് അനിവാര്യമായി തീരുന്ന സാഹചര്യവുമാണ് ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. ഇവിടെ മുസ്‌ലിം പള്ളികളെക്കുറിച്ച് മാത്രമല്ല പറയുന്നത് എന്ന ശ്രദ്ധേയമാണ്. നീതിബോധമുള്ള മനുഷ്യരിലൂടെ അക്രമികളെ പ്രതിരോധിച്ചില്ലെങ്കില്‍ ആരാധനാലയങ്ങള്‍ക്ക് പോലും രക്ഷയില്ലാത്തവിധം ലോകം കലാപകലുഷിതമാകും എന്ന വസ്തുത ഇവിടെ അനാവരണം ചെയ്യുന്നു. വല്ലവിഭാഗങ്ങളും ആരാധനാലയങ്ങള്‍ തകര്‍ക്കുക പോലുള്ള നീചകൃത്യങ്ങള്‍ക്ക് ഇറങ്ങിപുറപ്പെട്ടാല്‍ അവരുടെ അത്തരം ദുഷ്‌ചെയ്തികള്‍ മനുഷ്യരിലൂടെത്തന്നെ ഉന്‍മൂലനം ചെയ്യപ്പെടേണ്ടത് ആരോഗ്യപൂര്‍ണമായ നാഗരീകജീവിതത്തിന് അത്യന്താപേക്ഷിതമാണ് എന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു. മനുഷ്യരിലൂടെ നടത്തപ്പെടുന്ന ഈ പ്രതിരോധം ദൈവികനീതിയുടെ ഫലമാണ്. 'ഇപ്രകാരം അല്ലാഹു ഓരോ ജനക്കൂട്ടങ്ങളെ മറ്റു ജനക്കൂട്ടങ്ങളാല്‍ പ്രതിരോധിക്കുന്നില്ലെങ്കില്‍ ഭൂലോകം അമ്പേ താറുമാറായിപ്പോകുമായിരുന്നു. എന്നാല്‍ അല്ലാഹു ലോകത്തോട് ഏറെ കാരുണ്യമുറ്റവനാണ്' (2:251) ഭൂമിയില്‍ സമാധാനം പുലരണമെന്നാണ്. ജനസമൂഹങ്ങളുടെ പരസ്പര ശത്രുത പരാമര്‍ശിക്കവെ ഖുര്‍ആന്‍ പറഞ്ഞു. 'അവര്‍ യുദ്ധത്തിന്റെ അഗ്നി ജ്വലിപ്പിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ നാശം പരത്തുവാന്‍ യത്‌നിക്കുകയായിരുന്നു. അല്ലാഹുവോ നാശമുണ്ടാക്കുന്നവരെ ആശേഷം ഇഷ്ടപ്പെടുന്നില്ല.' (5:64)

യുദ്ധം എന്തിന് ?

ശത്രുതയും പകയും പക്ഷപാതിത്വവും പരമതവിദ്വേഷവും ആളിക്കത്തിക്കുന്ന ഇത്തരം യുദ്ധത്തിന്റെ അഗ്നിയെ കെടുത്തിക്കളയാനാണ് അല്ലാഹു തന്നെ ദാസന്‍മാരോട് വാളെടുക്കാന്‍ ആവശ്യപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നു. 'ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെടുന്നുവോ അവര്‍ക്കനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിതരാകുന്നു. അല്ലാഹു അവരെ സഹായിക്കാന്‍ തികച്ചും കഴിവുറ്റവന്‍ തന്നെ.' (22:39).

യുദ്ധവുമായി അവതരിച്ച ഖുര്‍ആനിലെ ആദ്യസൂക്തമാണിത്. ആര്‍ക്കെതിരെയാണോ യുദ്ധം അനുവദിക്കപ്പെട്ടത് അവരുടെ കുറ്റമായി ഖുര്‍ആന്‍ ഇവിടെ എടുത്തുപറഞ്ഞത് അവരുടെ കൈവശം സമ്പത്സമൃദമായ രാജ്യമുണ്ടെന്നോ അവര്‍ മറ്റൊരു മതത്തിന്റെ അനുയായികളാണെന്നോ അല്ല. മറിച്ച് അവര്‍ അക്രമം പ്രവര്‍ത്തിക്കുകയും അന്യായമായി ജനങ്ങളെ അവരുടെ വീടുകളില്‍നിന്ന് പുറത്താക്കുകയും അല്ലാഹുമാത്രമാണ് ദൈവം എന്ന് പറയുന്നതില്‍ ജനങ്ങള്‍ക്ക് തടസ്സവും പ്രയാസവും സൃഷ്ടിക്കുകയും ചെയ്തവരാണ് എന്നാകുന്നു. ഇത്തരം അക്രമിക്കള്‍ക്കെതിരെ തങ്ങളുടെ ആത്മരക്ഷക്കുവേണ്ടി യുദ്ധംചെയ്യണമെന്നു മാത്രമല്ല അല്ലാഹു വിധിച്ചത്. പ്രത്യുത മറ്റുമര്‍ദിതതരയും പീഡിതരെയും കൂടി ഈ അക്രമികളില്‍നിന്ന് മോചിപ്പിക്കണമെന്നുകൂടി അല്ലാഹു ഊന്നിപറയുന്നു.

'പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: 'നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ!' (4:75)

ഇസ്‌ലാം എന്തിനാണ് വാളെടുത്തതെന്ന് മുകളിലെ വിശദീകരണത്തില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. പ്രവാചകന്റെയും അനുചരന്‍മാരുടെയും കാലത്ത് നടന്ന സൈനിക നീക്കങ്ങളില്‍ ഇതേ ലക്ഷ്യം മാത്രമേ കാണാന്‍ സാധിക്കൂ. ദൈവത്തെ വണങ്ങാത്തവരെ വെറുക്കാനോ വധിക്കാനോ ദൈവം ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. അവരുടെ കാര്യം ദൈവം തന്നെ നോക്കിക്കൊള്ളും. പക്ഷെ ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ പ്രതിരോധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.  അതില്‍ ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാം എന്നുമാത്രം. അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടിയുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. അതേ പ്രകാരം ജനങ്ങളെ അടിച്ചമര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അക്രമികളില്‍നിന്ന ജനതകള്‍ക്ക മോചനവും സുരക്ഷിതത്വം നല്‍കലും ഇസ്‌ലാമിക ഭരണാധികാരികളുടെ ചുമതലയില്‍ പെട്ടതാണ്. ഇത്തരം സമരങ്ങള്‍ക്കാണ് ദൈവമാര്‍ഗത്തിലുള്ള സമരം എന്ന പറയുന്നത്. അല്ലാതെ ആളുകളെ ഇസ്ലാമിക വിശ്വാസികളാക്കാനുള്ള സമരമോ യുദ്ധമോ അല്ല. മതത്തില്‍ ബലാല്‍കാരം പാടില്ല എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്.

ഉസാമാബിന്‍ ലാദന്‍മാരും തടിയന്റവിടെ നസീര്‍മാരും പ്രതിനിധീകരിക്കുന്നത് മുകളില്‍ വിശദമാക്കിയ ഇസ്‌ലാമിന്റെ ധര്‍മസമരത്തെയല്ല. (മേല്‍ സൂചിപ്പിക്കപ്പെട്ടവര്‍ ദുരൂഹതകളില്‍നിന്ന മുക്തരല്ല എന്ന കാര്യം വിസ്മരിക്കുന്നില്ല). അവരുടെ പ്രഖ്യാപിത ലക്ഷ്യവും ഇവിടെ പറഞ്ഞതല്ല. ഇവരെപ്പോലുള്ളവരല്ല അത്തരം ധര്‍മയുദ്ധം നയിക്കേണ്ടത്. ഇസ്ലാമിന്റെ ഭരണനേതൃത്വമാണ്. ഇസ്്‌ലാമിക ഭരണഘടനയനുസരിച്ച മേല്‍സൂചിപ്പിക്കപ്പെട്ടവര്‍ ചെയ്യുന്നത് വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്. പക്ഷെ യുക്തിവാദികളുടെയും ഇസ്ലാം വിമര്‍ശകരുടെയും നിരന്തര ശ്രമത്തിലൂടെ മാധ്യമങ്ങളുടെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഉന്‍മാദത്തിലൂടെയും ഇവര്‍ പോരാടുന്നത് ഇസ്‌ലാമിന് വേണ്ടിയാണെന്ന ധാരണ, ഇസ്്‌ലാമിനെ തെറ്റിദ്ധരിച്ച കൂറച്ച് സാധുകളിലെങ്കിലും പകരാന്‍ ഇടയായിട്ടുണ്ട്. ഇവരാണ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരെന്നും മറ്റുള്ളവര്‍ ഭയംകൊണ്ട് മിതനിലപാട് സ്വീകരിക്കുകയാണ് എന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.  ഇസ്‌ലാമിന്റെ ബാലപാഠം പോലും അറിയാതെ ഇത്തരം അബദ്ധങ്ങള്‍ തട്ടിവിടുന്നവര്‍ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയും മനുഷ്യത്വമില്ലായ്മയും നിസ്സാരമല്ല.
 

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

ഖുര്‍ആനിലെ അന്യമതനിന്ദ ?

കുര്‍ആനിലെ അന്യമതനിന്ദയും അസഹിഷ്ണുതയും എന്ന ഇ.എ. ജബ്ബാറിന്റെ പോസ്റ്റിനുള്ള പ്രതികരണമാണിത്.

അദ്ദേഹം തന്റെ പോസ്റ്റ് തുടങ്ങുന്നത് ഇപ്രാകരം പറഞ്ഞുകൊണ്ടാണ്:

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി “ദിവ്യ വെളിപാടു”കള്‍ കുര്‍ ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്. ഏതാനും സാമ്പിളുകള്‍ ഇതാ : -

(സൂക്തങ്ങളുടെ അറബി ഇത്തരം ഒരു പോസ്റ്റില്‍ പ്രസക്തമല്ല. അറബി അറിയുന്നവരെ സംബന്ധിച്ചിടത്തോളം എന്റെ ഈ വിശദീകരണം പോലും അനാവശ്യമാണ്. കാരണം അവര്‍ക്കറിയാം. ഈ സൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനവും അര്‍ഥവും എന്താണെന്ന്. അതിനാല്‍ അദ്ദേഹം നല്‍കിയ  മലയാള പരിഭാഷ ഇവിടെ നല്‍കുന്നു. ക്രമനമ്പര്‍ വിശദീകരിക്കാനുള്ള സൗകര്യര്‍ഥം ഞാന്‍ നല്‍കിയതാണ്)
 
1. സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
2. നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73
3. വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. 9-29
4. ബഹുദൈവവാദികള്‍ക്ക്‌, സത്യനിഷേധത്തിന്‌ സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.9-17

5. സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. 9-23

6.അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.58-22
7. തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6

8. സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28

9. സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 4-144

10. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌. 3-28

11. സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51

ഈ സൂക്തങ്ങളില്‍ ഇ.എ. ജബ്ബാര്‍ കണ്ടെത്തുന്നത്:

ഇസ്‌ലാമില്‍ വിശ്വസിക്കാത്തവരെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകുകഷ്ണങ്ങളുമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതായിട്ടാണ്. ഇതില്‍ എത്ര മാത്രം ശരിയുണ്ട്. ഖുര്‍ആനില്‍ ഇങ്ങനെകുറെ മനുഷ്യവിരുദ്ധമായ (മറ്റുവേദങ്ങളിലും ഉള്ളപോലെ) കുറെ സൂക്തങ്ങള്‍ ഉണ്ടെന്നും. എന്നാല്‍ മുസ്‌ലിംകള്‍ പോലും ഇവയെ തള്ളിപ്പറയുകയാണെന്നുമുള്ള പരാമര്‍ശങ്ങള്‍ ഇസ്‌ലാം വിമര്‍ശകര്‍തന്നെ നടത്താറുണ്ട്. സത്യത്തില്‍ ഖുര്‍ആനില്‍ ഈ സൂക്തങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണോ ഇസ്‌ലാംമത വിശ്വാസികള്‍. ഈ സൂക്തങ്ങളൊക്കെ ഒഴിവാക്കി ഖുര്‍ആന്‍ കാലത്തിനനുസരിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാനും നിലവിലുള്ള ഖുര്‍ആന്‍ പതിപ്പുകള്‍ കത്തിച്ചുകളായാനുമാണ് ജബ്ബാര്‍ മുസ്ലിം ലോകത്തോട് അഭ്യര്‍ഥിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന് ആ ദീര്‍ഘദര്‍ശി വിഭാവനം ചെയ്യുന്നുണ്ട്. അന്ന് നമ്മിലാരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഈ പോസ്റ്റും കമന്റും നമ്മുക്ക് ഓര്‍ത്ത് അദ്ദേഹത്തെ നമിക്കാം എന്ന് ചുരുക്കം.

ഇനി നമ്മുക്ക് വിഷയത്തിലേക്ക് കടക്കാം. ഇവിടെ സൂചിപ്പിച്ച മുഴുവന്‍ സൂക്തങ്ങളും ഞാന്‍ ഇതിന് മുമ്പ് ചര്‍ചവിധേയമാക്കിയിട്ടുണ്ട്. സന്ദര്‍ഭാനുസരണം അവയിലേക്ക് ലിങ്ക് നല്‍കാം. അതിന് മുമ്പ് ചില വസ്തുതകള്‍ സൂചിപ്പിക്കേണ്ടതുണ്ട്.

ഒന്ന് ഈ ശ്രമത്തെക്കുറിച്ച് തന്നെയാണ്. എന്താണ് ജബ്ബാര്‍ മാഷിന്റെ പോസ്റ്റിന്റെ ലക്ഷ്യം എന്ന ചോദിച്ചാല്‍ അദ്ദേഹത്തിന്റതന്നെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്.
 
"മുഹമ്മദ് എന്നോ അള്ളാ എന്നോ കേള്‍ക്കുമ്പോഴേക്കും മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നു എന്നു വിലപിക്കുന്നവര്‍ ഇവരുടെ ദൈവീക വേദഗ്രന്ഥം തന്നെ എത്ര മാത്രം അന്യമത നിന്ദയും അസഹിഷ്ണുതയും നികൃഷ്ടതയും കുത്തി നിറച്ചിരിക്കുന്നു എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഈ ദൈവത്തെയും വെളിപാടു പുസ്തകത്തെയും ചുമലില്‍ പേറിക്കൊണ്ട് മതസൌഹാര്‍ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമല്ലാതെ മറ്റെന്താണ്?"

മുസ്‌ലിംകള്‍ മതസൗഹാര്‍ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമാണ്. അവര്‍ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തെപോലെ ഖുര്‍ആനില്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഒരു വെളിവുമില്ലാതെ ദുര്‍വ്യാഖ്യാനം ചെയ്ത്. മറ്റുള്ളവരെ അക്രമത്തിനും വെറുപ്പിനും യുദ്ധത്തിനും പ്രേരിപ്പിക്കുകയായിരുന്നു. മുഹമ്മദ് എന്നോ അള്ളാ എന്നോ കേള്‍ക്കുമ്പോഴേക്ക് മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നുവത്രേ!!! മുസ്‌ലിംകള്‍ക്ക് എത്ര വസ്തുതാപരമായ വീക്ഷണം.

മുകളിലെ സൂക്തങ്ങള്‍വെച്ച് ജബ്ബാര്‍ എത്തിചേര്‍ന്നത് പോലുള്ള നിഗമനങ്ങളില്‍ എത്താന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് ബുദ്ധിഭ്രമം ബാധിക്കേണ്ടിവരും. അദ്ദേഹത്തെപ്പോലെ ഇസ്‌ലാം വിരോധത്താല്‍ ഹൃദയത്തിന് അന്ധതബാധിക്കേണ്ടിവരും. തീര്‍ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത് പക്ഷെ നെഞ്ചകത്തുള്ള ഹൃദയങ്ങളെയാണ് (22:46). കാരണം യുക്തിവാദികള്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് മുഹമ്മദ് 6 ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു അറബി രചിച്ച പുസ്തകത്തിലെ വരികള്‍ എന്ന നിലക്കാണ്. എന്നാല്‍ മുസ്ലിംകള്‍ അതിനെ കാണുന്നത് അങ്ങനെയല്ല. അതിനാല്‍ ഞങ്ങളെങ്ങനെ പ്രസ്തുത വരികളെ കാണുന്നു എന്ന് ചുരുക്കി പറയട്ടേ.

വിശുദ്ധഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്ക് സര്‍വലോക സ്രഷ്ടാവായ ദൈവത്തിങ്കല്‍ നിന്ന് മുഴുവന്‍ മനുഷ്യസമൂഹത്തിനുമായി അവതീര്‍ണമായ പരിശുദ്ധ ഗ്രന്ഥമാണ്. അതിലെ ഒരു വചനം പോലും പ്രവാചകന്‍ മുഹമ്മദ് നബിയുടെതല്ല. ഇസ്‌ലാമെന്നാല്‍ ഖുര്‍ആന്‍ മാത്രമല്ല. പ്രവാചകന് ഒരു ദൗത്യമുണ്ടായിരുന്നു. അതൊരു തത്വശാസ്ത്രം മെനഞ്ഞെടുക്കലായിരുന്നില്ല. തത്വം പറഞ്ഞത് ഖുര്‍ആനാണെങ്കില്‍ ആ വെറും തത്വങ്ങളെ കൈകൊണ്ട് തൊടാനും കണ്ണുകൊണ്ട് കാണാനും കഴിയുന്ന മനുഷ്യരാക്കി മാറ്റുക എന്നതായിരുന്നു പ്രവാചന്റെ ദൗത്യം. പ്രവാചകന്‍ മുസ്ഹഫ് (ഖുര്‍ആന്റെ ലിഖിതരൂപത്തിന് പറയുന്ന പേര്‍) കോപ്പിയെടുത്ത് വിതരണം ചെയ്തില്ലെങ്കിലും. ഖുര്‍ആനിന്റെ ആയിരക്കണക്കിന് കോപ്പികളെടുത്തു. ഹൃദയത്തിന്റെ ഏടുകളില്‍ ഖുര്‍ആന്റെ വചനങ്ങളുടെ പ്രകാശം കൊത്തിവെച്ചാണ് അത് സാധിച്ചത്. അതിനാല്‍ വിശുദ്ധഖുര്‍ആന്റെ ഏറ്റവും ആധികാരികമായ വ്യാഖ്യാനം പ്രവാചക ചര്യയാണ്. തുടര്‍ന്ന് സച്ചരിതരായ അനുയായികളുടെ ജീവിതവും അവര്‍ ഖുര്‍ആനെ മനസ്സിലാക്കിയത് ജബ്ബാര്‍മാഷ് മനസ്സിലാക്കിയത് പോലെയായിരുന്നില്ല. മുസ്‌ലിംകള്‍ ആരുടെ വ്യാഖ്യാനം സ്വീകരിക്കണം. ഖുര്‍ആനെ മൊത്തത്തിലെടുത്ത് പ്രവാചകനിലൂടെ ലഭ്യമായ വ്യാഖ്യാനം സ്വീകരിക്കണോ അതല്ല. തികഞ്ഞ മുന്‍ധാരണയോടെ ഇസ്‌ലാം വിമര്‍ശകരും ഓറിയന്റലിസ്റ്റുകളും പറഞ്ഞത് അല്‍പം പോലും ബുദ്ധി ഉപയോഗിക്കാതെ പകര്‍ത്തുന്ന ജബ്ബാറിന്റെ വ്യാഖ്യാനം സ്വീകരിക്കണോ. 

ഇനി അദ്ദേഹം ക്വാട്ട് ചെയ്ത സൂക്തങ്ങളെക്കുറിച്ച് ചിന്തിക്കുക. യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സാദാസന്ദര്‍ഭങ്ങളിലേക്ക് ഫിറ്റ് ചെയ്യുമ്പോള്‍, അത്തരം സന്ദര്‍ഭത്തില്‍ നിഷേധികളോടും അവിശ്വാസികളോടും മാന്യമായും മനുഷ്യത്വപരമായും അവിടുന്നും കടന്ന് മാതാപിതാക്കളോട് ഗുണം ചെയ്യുന്ന പ്രകാരം ഗുണം ചെയ്യാനും പറയുന്ന സൂക്തങ്ങളെ (60:7,8) എവിടെ കൊണ്ടുപോയി ഫിറ്റാക്കും. യുദ്ധസന്ദര്‍ഭത്തിലേക്കോ?.

ഇവിടെ ചിലര്‍ ഞങ്ങളോട് പറയാന്‍ ശ്രമിക്കുന്ന പോലെ. അഹിംസാദര്‍ശനത്തിലുള്ളത് പോലെ കാല്‍പനികരസം നല്‍കുന്ന തത്വങ്ങള്‍ ആവിഷ്‌കരിക്കുക ദൈവത്തിന് ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. തന്റെ അമാനുഷികവും വശ്യവുമായ വചനത്തിലൂടെ അതവതരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ ബുദ്ധിയെ വിസ്മയിപ്പിക്കാനും അവന് കഴിയുമായിരുന്നു. പക്ഷെ പ്രപഞ്ചനാഥന്റൈ ലക്ഷ്യം പ്രഭാഷണത്തിന്റയോ തത്വശാസ്ത്രത്തിന്റെയോ പ്രകടനമായിരുന്നില്ല. മറിച്ച്, അനുധാവനം ചെയ്യുകയും ശിരസാവഹിക്കുകയും ചെയ്തുകൊണ്ട് തങ്ങളുള്‍കൊള്ളുന്ന ദര്‍ശനവും നാടും നന്നാക്കി തീര്‍ക്കാനുതകുന്ന ഋജുവും സുവ്യക്തവുമായ ഒരു പ്രായോഗിക പദ്ധതി തന്റെ അടിയാറുകള്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരാത്മാവിനോയും കൊല്ലരുത് (ലാ തഖ്തുലുന്നഫ്‌സ)എന്ന് പറഞ്ഞവസാനിപ്പിക്കാതെ ന്യായമില്ലാതെ  (ഇല്ലാ ബില്‍ ഹഖ്ഖി) എന്നവാക്കുകൂടി ചേര്‍ത്ത് അതിന് പ്രായോഗികതയുടെ മൂര്‍ത്ത രൂപം നല്‍കി. അപ്രകാരം പറഞ്ഞവസാനിപ്പിച്ച ചില വിഭാഗങ്ങളെ ചരിത്രത്തില്‍ നമ്മുക്ക് പരിചയപ്പെടാം. അവര്‍ ഒന്നുകില്‍ മര്‍ദ്ദിതരോ അല്ലെങ്കില്‍ കടുത്ത പീഢകരോ ആയി അവരുടെ തത്വശാസ്ത്രം അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്തില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിന് പറയുന്നു. അത് ദൈവത്തിങ്കള്‍ എറ്റം കോപഹേതുവാകുന്നു എന്ന പറഞ്ഞ വിശുദ്ധഖുര്‍ആന് നാവുകൊണ്ട് അഹിംസാമന്ത്രം ഉരുവിട്ടുകൊണ്ട് വാള്‍പയറ്റ് നടത്തുക എന്ന് തന്റെ വിശ്വാസികളെ ഉപദേശിക്കാനാവില്ല.

അതിനാല്‍ ജീവന്റെ ആദരണീയതയെക്കുറിച്ച അധ്യാപനത്തോടൊപ്പം, ആവശ്യമെങ്കില്‍ മനുഷ്യജീവന്റെ സുരക്ഷിതത്വവും നാടിന്റെ ഭദ്രതയും കാത്ത് സൂക്ഷിക്കാന്‍ വ്യവസ്ഥകളോടെ ആയുധമെടുക്കാനുള്ള കല്‍പനയും നിര്‍ദ്ദേശങ്ങളും നല്‍കപ്പെടുകയും ചെയ്തു. ഇത് അല്ലാഹുവിന്റെ യുക്തിയുടെ പ്രകടനമത്രേ. ഈ സൂക്തങ്ങളുദ്ധരിച്ചാണ് ഇ.എ.ജബ്ബാര്‍ അജ്ഞരായ ഇതരമത വിശ്വാസികളെ ഇസ്‌ലാമിനും ഖുര്‍ആനുമെതിരെ ഇളക്കിവിടുന്നത്. യുക്തിവാദികളെന്ന് പറയുന്നവര്‍ ഇത്ര അധഃപതിക്കേണ്ടതുണ്ടോ എന്ന് അവരിലെ വിവേകികളാണ് ചിന്തിക്കേണ്ടത്.

അപ്പോള്‍ സത്യനിഷേധികളെയും ബഹുദൈവാരാധകരെയും അല്ലാഹു നരകത്തിലിട്ട് ശിക്ഷിക്കുമെന്ന് പറഞ്ഞതോ. അത് ശരിയല്ലേ അന്യമത നിന്ദയല്ലേ.? ഇവിടെയും ഞങ്ങള്‍ വിശ്വാസികള്‍ക്ക് പറയാനുള്ളത്. അതേതായാലും മരണശേഷം നടക്കുന്ന കാര്യമാണ്. അതില്‍ വിശ്വാസികളുമായി അവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമല്ല. അതൊരു വസ്തുതാ വിവരണമാണ്. ഖുര്‍ആനില്‍ വിശ്വസിക്കാത്തവരെ സംബന്ധിച്ചിടത്തോളം അതില്‍ പ്രയാസപ്പെടേണ്ട ഒരു കാര്യവുമില്ല. പ്രയാസമുണ്ടെങ്കില്‍ അത് സത്യമായി പുലര്‍ന്നാലോ എന്ന് ഭയപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും അവര്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുകയും ഖുര്‍ആന്‍ ദൈവികമല്ല എന്ന ബോധ്യപ്പെട്ട് സമാധാനം കൈകൊള്ളുകയോ. ദൈവികമാണെന്നാണ് ബോധ്യപ്പെടുന്നതെങ്കില്‍ നിഷേധത്തില്‍നിന്നും ബഹുദൈവാരാധനയില്‍ നിന്നും പിന്‍വാങ്ങുകയോ ചെയ്യുക മാത്രമാണ് കരണീയമായിട്ടുള്ളത്. അല്ലാതെ കണ്ണാടി പൊട്ടിക്കാന്‍ ശ്രമിക്കുകയല്ല.  

2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

തൊടുപുഴ സംഭവവും യുക്തിവാദികളും

തൊടുപുഴ സംഭവം മതേതര സമൂഹത്തിന് അംഗീകരിക്കാനാവില്ല- യുക്തിവാദി സംഘം. മാധ്യമത്തിന്റെ തലക്കെട്ട് കണ്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. യുക്തിവാദികള്‍ക്കിത് എന്ത് പറ്റി, സാധാരണ ഗതിയില്‍ അതിനെ പിന്താങ്ങുയായിരുന്നില്ലേ വേണ്ടത്. കാരണം യുക്തിവാദം എന്നത് മുസ്ലിം വിരോധം എന്നായി മാറിയിട്ട് കാലമേറെയായി. വാര്‍ത്തവായിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് തെറ്റിയിട്ടില്ലെന്ന് ബോധ്യമായത്. അതിങ്ങനെ തുടരുന്നു. മതനിന്ദയെന്നാരോപിച്ച് തൊടുപുഴയില്‍ നടന്ന സമരം മതേതര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ചോദ്യപേപ്പറില്‍ ദൈവനിന്ദനടത്തിയ ടി.ജെ. ജോസഫ് എന്ന അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഭാരതീയ യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മഞ്ചേരിയില്‍ നിന്നാണ്.

ശേഷം പറയുന്ന മൂന്ന് പ്രസ്താവനകള്‍ യുക്തിവാദികളുടെ 'യുക്തിയും' 'വിവരവും' വെളിപ്പെടുത്തുന്നതാണ്.

1. മതനിന്ദ നടത്തിയ ടി.ജെ. ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണ്.
2. അത് മനുഷ്യന്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.
3. മതത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ ശിക്ഷിക്കുന്ന നടപടിയില്‍നിന്ന് പിന്‍മാറണം.

ഇതുതന്നെയാണ് നമ്മുക്ക് യുക്തിവാദികളില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന മറുപടി. കഴിഞ്ഞ ഒരു പോസ്റ്റില്‍ തൊടുപുഴ പ്രശ്‌നത്തില്‍ യുക്തിവാദികളെ സാന്ദര്‍ഭികമായി പരാമര്‍ശിച്ചത് ജീവി എന്ന സഹജീവി ബ്ലോഗര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ മംഗളത്തിലെ ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനം കണ്ടപ്പോള്‍ എന്റെ പരാമര്‍ശത്തില്‍ അസാംഗത്യം ഒട്ടുമില്ലായിരുന്നു എന്ന് ബോധ്യമായി. അദ്ദേഹം യുക്തിവാദിയോ അല്ലേ എന്ന തീരുമാനത്തിലെത്തി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. 

ഏറെ ചിന്താര്‍ഹമായ ലേഖനം ഞാനിവിടെ പേസ്റ്റ് ചെയ്യുകയാണ്. തൊടുപുഴ പറഞ്ഞത് എന്ന ലേഖനം ഇവിടെയാണുള്ളത്

ഞാന്‍ ഒരു ചിത്രപ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നു. മുഹമ്മദ്‌ നബി, അദ്ദേഹത്തിന്റെ പത്നിമാര്‍, ഖലീഫമാര്‍ തുടങ്ങിയവരുടെ നഗ്നചിത്രങ്ങളാണ്‌ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്‌. ജൂണ്‍ മാസത്തില്‍ തൃശൂര്‍ വച്ചായിരിക്കും പ്രദര്‍ശനം. വേദി നിശ്‌ചയിച്ചു കഴിഞ്ഞാല്‍ അനൗണ്‍സ്‌ ചെയ്യുന്നതാണ്‌. ചിത്രപ്രദര്‍ശനത്തിന്‌ നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു- തൊടുപുഴ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതിനിടയിലാണ്‌ ഈ തുറന്ന കാര്‍ഡ്‌ പോസ്‌റ്റ്മാന്‍ കൊണ്ടുവന്നു തരുന്നത്‌.

തൊടുപുഴയിലെ ഞരമ്പുരോഗിയായ യുക്‌തിവാദിമാഷ്‌ കോളേജ്‌ കുട്ടികളുടെ പരീക്ഷാ ചോദ്യക്കടലാസില്‍ തന്റെ സെക്യുലര്‍ മൗലികവാദം പ്രകാശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ ഒരു റണ്ണിങ്കമന്ററി എന്നോണം അവിടത്തെ എന്റെ സുഹൃത്തുക്കള്‍, ആക്‌ടിവിസ്‌റ്റായ പി.ഡി.ജോസും ചിത്രകാരനായ രവി ചീങ്കല്ലേലും അറിയിച്ചുകൊണ്ടിരിക്കുന്നു. തികച്ചും മതനിന്ദയുള്ള വരികളാണ്‌ വേണ്ടിടത്ത്‌ ആശ്‌ചര്യചിഹ്നവും ചോദ്യചിഹ്നവും കുത്തും കോമയും ചേര്‍ത്ത്‌ ശരിയാക്കാനായി അധ്യാപക സഖാവ്‌ നല്‍കിയിരുന്നത്‌.

ഈ സുഹൃത്ത്‌ വെറുമൊരു ഒറ്റപ്പെട്ട ഞരമ്പുരോഗിയല്ല എന്നു സ്‌ഥാപിക്കാനാണ്‌ മുകളിലത്തെ കത്ത്‌ ഉദ്ധരിക്കുന്നത്‌. കത്തെഴുതിയ ആളിന്റെ പേരെടുത്തു പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും അയാളെ അറിയാമായിരിക്കും. അതത്ര പ്രധാനമല്ല. എം.എഫ്‌. ഹുസൈനെ തിരിച്ചു വിളിക്കേണ്ടതായിരുന്നു എന്നൊരു ലേഖനം ഞാന്‍ എഡിറ്റ്‌ ചെയ്യുന്ന 'പാഠഭേദം' മാസികയില്‍ അച്ചടിച്ചു വന്നതാണ്‌ ഈ കാര്‍ഡെഴുത്തുകാരന്റെ പ്രകോപനം.

പൊതുവെ അരക്ഷിതരായ മുസ്ലിം സുഹൃത്തുക്കളെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ മനസ്‌ കൊണ്ടെങ്കിലും ഒരുങ്ങുകയാണ്‌ നമ്മുടെ സെക്കുലര്‍ സഖാക്കള്‍ എന്നതാണ്‌ യഥാര്‍ഥത്തില്‍ എന്നെ ഭയപ്പെടുത്തുന്നത്‌.

ശരീഅത്ത്‌ വിവാദകാലം ഓര്‍മ വരുന്നു. ഞാനന്ന്‌ പത്ത്‌ വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയതേയുള്ളു.

പുതുതായി ചേര്‍ന്ന സ്‌കൂളിന്റെ പ്രവര്‍ത്തന സമയം രാവിലെ പത്തര മുതല്‍ വൈകീട്ട്‌ നാലര വരെയാണ്‌. സ്‌കൂളിനു തൊട്ടുതാഴെ മദ്രസ. മദ്രസയിലെ മതപഠനം കഴിഞ്ഞു കുട്ടികള്‍ നേരെ സ്‌കൂളിലേക്കോടുകയാണ്‌. ചിലപ്പോള്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ പ്രാതല്‍ കഴിക്കാനോ പോലും അവര്‍ക്ക്‌ സമയം കിട്ടാറില്ല. ഈ സമയത്താണ്‌ ശരീഅത്ത്‌ വിവാദത്തിന്റെ പ്രതിഫലനമായി സ്‌കൂള്‍ സമയം രാവിലെ പത്തു മണി മുതല്‍ എന്ന്‌ സാധാരണ സ്‌കൂളുകളുടേതു പോലാക്കുന്നത്‌. നിങ്ങളുടെ മതപഠനത്തിനു വേണ്ടി ഞങ്ങളെന്തിന്‌ സ്‌കൂള്‍ സമയം മാറ്റണം? മദ്രസ വേണോ സ്‌കൂള്‍ വേണോ എന്ന്‌ തീരുമാനിക്ക്‌. കുട്ടികള്‍ക്ക്‌ രണ്ടും ഉപേക്ഷിക്കാന്‍ വയ്യല്ലോ. മദ്രസയിലെ ഉസ്‌താദുമാരും സ്‌കൂളിലെ മാഷന്മാരും മുഖാമുഖം നില്‍ക്കാന്‍ തുടങ്ങിയതങ്ങനെയാണ്‌.

കുട്ടികള്‍ സ്‌കൂള്‍ പുസ്‌തകങ്ങള്‍ കൂടി മദ്രസയില്‍ കൊണ്ടുവരും. മദ്രസയില്‍നിന്നു നേരെ സ്‌കൂളില്‍ വരാനുള്ളതാണല്ലോ. വീട്ടില്‍ പോയി മദ്രസാ പുസ്‌തകങ്ങള്‍ അവിടെ വച്ചുപോരാന്‍ സമയമില്ലാത്തതുകൊണ്ട്‌ കുട്ടികള്‍ തങ്ങളുടെ അറബി മതപാഠ പുസ്‌തകങ്ങള്‍ സ്‌കൂളിലേക്കും കൊണ്ടുവരും. ഞങ്ങളുടെ മാഷന്മാര്‍ക്ക്‌ ആ പുസ്‌തകങ്ങള്‍ കാണുമ്പോഴേ കലി വരാന്‍ തുടങ്ങുകയായി. പലപ്പോഴുമവര്‍ മതപുസ്‌തകങ്ങള്‍ എടുത്ത്‌ ജനലില്‍ കൂടെ പുറത്തേക്ക്‌ വലിച്ചെറിയുന്നത്‌ നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്‌.

വല്ലാതെ ബദ്ധപ്പെടേണ്ടി വന്നു ആ സംഘര്‍ഷമൊന്ന്‌ അയഞ്ഞുവരാന്‍. ഏതായാലും ഒരു പൊട്ടിത്തെറിയുണ്ടായില്ല. മദ്രസക്കാര്‍ തന്നെ മുന്‍കൈയെടുത്ത്‌ ഒരൊത്തു തീര്‍പ്പുണ്ടാക്കുകയായിരുന്നു.

അക്കാലത്താണ്‌ ഓരോ വലതുപക്ഷക്കാരനില്‍ മാത്രമല്ല ഇടതുപക്ഷകാരനിലും ഒരു മുസ്ലിം വിരുദ്ധനുണ്ടെന്നതു പെട്ടെന്ന്‌ ബോധ്യപ്പെട്ടത്‌. എല്ലാവരും വലത്തോട്ട്‌ മുണ്ടുടുക്കുമ്പോള്‍ ഇവരെന്തിന്‌ ഇടത്തോട്ട്‌ മുണ്ടുടുക്കുന്നു എന്നു തുടങ്ങുന്നു മുസ്ലിം വിരുദ്ധ ആലോചനകള്‍. ചിലര്‍ ഇടത്തോട്ട്‌ മുണ്ടുടുത്താല്‍ എന്ത്‌, വലത്തോട്ടു തന്നെ മുണ്ടുടുക്കണമെന്നത്‌ ആരുടെ നിയമം എന്നിങ്ങനെ ആരും ആലോചിക്കുന്നേ ഇല്ല.

എല്ലാ മതങ്ങളേയും പോലല്ല ഇസ്ലാം. സിഖ്‌കാര്‍ക്കെന്ന പോലെ കര്‍ശനമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ചിട്ടവട്ടങ്ങളും മുസ്ലിംകള്‍ക്കുണ്ട്‌.

ഇതുമായി ബന്ധപ്പെട്ട തുറന്ന സംവാദങ്ങളും ആ മതത്തിനുള്ളില്‍ നടക്കുന്നുണ്ട്‌. പാശ്‌ചാത്യ ഉപഭോഗ സംസ്‌കൃതിക്ക്‌ ഇനിയും മുഴുവനായും മുസ്ലിംകളെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനു കാരണം അവരുടെ മതപരമായ ശാഠ്യങ്ങള്‍ കൂടിയാവാം. ഏതായാലും അവരുടെ വ്യതിരിക്‌തമായ മതവ്യക്‌തിത്വത്തെ അംഗീകരിക്കുന്നതാണ്‌ ജനാധിപത്യപരമായ മര്യാദ. ഏറ്റവും ചുരുങ്ങിയത്‌ അവരെ വെറുതെ പ്രകോപിപ്പിക്കാതിരിക്കുക എങ്കിലും ചെയ്യുക. ഇതെന്താ ജനാധിപത്യ സമൂഹമല്ലേ, ഞങ്ങളെന്താ മുഴു പൗരന്മാരല്ലേ എന്ന ചോദ്യത്തിന്‌ നാം തന്നെ വേണം അവരോട്‌ മറുപടി പറയാന്‍.

ഈ പശ്‌ചാത്തലത്തിലാണ്‌ തൊടുപുഴ സംഭവവികാസങ്ങളെ കാണേണ്ടത്‌. ചോദ്യപേപ്പറിലെ മുസ്ലിം പരാമര്‍ശങ്ങള്‍ കേട്ടറിയുന്ന മുസ്ലിം സുഹൃത്തുക്കള്‍ പ്രകോപിതരാവുന്നത്‌ സ്വാഭാവികം. അവരുടെ പ്രതികരണങ്ങളോട്‌ പെട്ടെന്നു തന്നെ സര്‍ക്കാരും പ്രതികരിക്കുന്നു. ബന്ധപ്പെട്ട അധ്യാപകനെ സസ്‌പെന്‍ഡ്‌ ചെയ്യുന്നു. കോളജ്‌ മാനേജ്‌മെന്റ്‌ മാപ്പു ചോദിക്കുന്നു.

എന്നിട്ടും മുസ്ലിം രോഷം അടങ്ങുന്നില്ല. സ്വാഭാവികമായും ഹിന്ദുത്വ പ്രതികരണങ്ങളും സംഭവിക്കാന്‍ പോകുകയാണ്‌. അപ്പോഴാണ്‌ മുസ്ലിം വിവേകമുണരുന്നത്‌. മുസ്ലിംകളിലെ വിവേകികളായ ചിലര്‍ നേരിട്ട്‌ ആര്‍.എസ്‌.എസ്‌. കാര്യാലയത്തില്‍ ചെന്നതായിട്ടാണ്‌ ഞാനറിഞ്ഞത്‌: നാം മുസ്ലിംകളും ഹിന്ദുക്കളുമെന്തിന്‌ വെറുതെ തമ്മില്‍ തല്ലണം? നമ്മെ ഇരുകൂട്ടരേയും പ്രകോപിപ്പിക്കാന്‍ സെക്കുലര്‍ സഖാക്കളെ എന്തിനനുവദിക്കണം?

ഇങ്ങനെയാണ്‌ തൊടുപുഴയിലെ പ്രതികരണങ്ങള്‍ പിറ്റേന്നത്തേക്ക്‌ നീളാതിരുന്നത്‌. ആളിക്കത്തുമായിരുന്ന ഒരു സംഭവം അങ്ങനെയാണ്‌ അണഞ്ഞു പോയത്‌. തൊടുപുഴയിലെ മുസ്ലിം വിവേകത്തിന്‌ നന്ദി. തൊടുപുഴ സംഭവം നമ്മെ പഠിപ്പിക്കുന്നതിതു കൂടിയാണ്‌: സെക്കുലര്‍ മൗലികവാദികളെ സൂക്ഷിക്കുക. കേരളത്തില്‍ ഒരുപക്ഷേ മത മൗലികവാദികളേക്കാള്‍ പേടിക്കേണ്ടത്‌ മതേതര മൗലികവാദികളെയാണ്‌. തലയില്‍ തട്ടമിടുന്ന മുസ്ലിം പെണ്‍കുട്ടിയേയും നെറ്റിയില്‍ കുറി തൊടുന്ന ഹിന്ദു പയ്യനേയും ഒരു മതേതര മൗലികവാദി നോക്കുന്നത്‌ കണ്ടിട്ടില്ലേ, എന്തോ രാജ്യദ്രോഹം ചെയ്‌തവരെ നോക്കുന്നതു പോലെ!

തട്ടമിടാനും പൊട്ടുതൊടാനും മതേതര കമ്മീസര്‍മാരുടെ അനുവാദത്തിന്‌ തലകുനിച്ചു നില്‍ക്കേണ്ടി വരുന്ന കാലമാണ്‌ ലിബറലും ജനാധിപത്യപരവും മതേതരവുമായ ഹിന്ദുത്വത്തെ അസാധ്യമാക്കുന്നത്‌.

ഹിന്ദുത്വത്തിന്‌ രാഷ്‌ട്രീയമായൊരിടം നാമിതു വരെ അനുവദിച്ചു കൊടുത്തിട്ടില്ലെങ്കിലും സാംസ്‌കാരികമായ ഇടങ്ങള്‍ അവരെപ്പൊഴേ കീഴടക്കി കഴിഞ്ഞിരിക്കുന്നു. അതിന്നവര്‍ നന്ദി പറയുക ഇടതുപക്ഷ- മതേതര സഖാക്കളോടായിരിക്കും.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review