2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

പുത്രഭാര്യയെ പ്രവാചകന്‍ മോഹിച്ചുവോ ?

ഇതൊരു പഴയ ബ്ലോഗ് പോസ്റ്റാണ് (03/02/2010 3:36 PM) എന്നാല്‍ ഇയ്യിടെ ഒരു ഡി.വൈ.എഫ് ഐ പ്രദേശിക നേതാവിന്റെ പ്രസംഗത്തില്‍ ഈ വിഷയം വരികയും, പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പു പറയേണ്ടിവരികയും ചെയ്ത സന്ദര്‍ഭത്തില്‍ ഇത് റിപോസ്റ്റ് ചെയ്യുകയാണ്.
--------------------------

ഇതിന് നല്‍കിയ തലക്കെട്ട് അല്‍പം പ്രകോപനപരമാണ് എന്നറിയാം. എന്റെ ഇസ്‌ലാം വിശ്വാസികളായ സഹോദരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന പ്രയോഗം. പക്ഷെ ഈ ഒരു ധാരണയാണ് യുക്തിവാദി ബ്ലോഗുകളെ ഇസ്‌ലാം പഠനത്തിന് അവലംബിച്ച അന്യമതസഹോദരങ്ങളുടെ മനസ്സിലുള്ളത് എന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അത്തരമൊരാളുടെ അഭിപ്രായം കാണുക:


'നബി എന്തു ചെയ്തു? വളര്‍ത്തുമകന്റെ ഭാര്യയായിരുന്നവളേ പോലും സ്വന്തം ഭാര്യയാക്കിയില്ലേ? അതിനു എന്തു ന്യായീകരണമാണ് പറയാനുള്ളത്. അതില്‍ ഒരു തെറ്റു പോലും കാണാന്‍ നബിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ അതു ബാക്കിയുള്ളവരുടെ കുഴപ്പമല്ല. ബഹുഭാര്യാത്ത്വം ഒരു തെറ്റായി കാണുന്നില്ല. പക്ഷേ മറ്റുള്ളവരുടെ ഭാര്യയെ മോഹിക്കുക എന്നു പറഞ്ഞാല്‍ മോശയ്ക്ക് കൊടുത്തിട്ടൂള്ള 10 പ്രമാണങ്ങളില്‍ ഒന്നിന്റെ ലംഘനമാണ്.

എന്തുകൊണ്ട് നബിയെ ഞാന്‍ പ്രവാചകനായി അംഗീകരിക്കുന്നില്ല എന്നതിന്റെ ഒരു കാരണം ഇതാണ്. അത് ചര്‍ച്ച ചെയ്യാന്‍ ഇവിടുത്ത വിഷയമല്ല.

ഇത്രയും മനസ്സിലാകിയത് ജബ്ബാര്‍ മാഷിന്റേയോ മറ്റാരുടേയോ ബ്ലോഗിലൂടെയാണ്. നിങ്ങളിലൂടെ അതിന്റെ സത്യാവസ്ഥ മനസ്സിലാകിയാല്‍ കൊള്ളാം എന്നുണ്ട്.ഒരു ബ്ലോഗ് എഴുതൂ... ഇതിന്റെ ന്യായാ‍ന്യായങ്ങളെ കുറിച്ച്.'

സാജന്‍  നല്‍കിയ കമന്റിന്റെ ഒരു ഭാഗമാണിത്. പ്രവാചകന്‍ തന്റെ വളര്‍ത്തുമകന്റെ ഭാര്യയെ വിവാഹം കഴിച്ചിട്ടും മുസ്‌ലിംകള്‍ക്ക് അതില്‍ തെറ്റുകാണാന്‍ കഴിയാത്തതെന്ത്?. ദാവീദ് ചെയ്ത തെറ്റ് പോലെയല്ലേ ഇതും. അന്യന്റെ ഭാര്യയെ മോഹിക്കുക എന്ന് പറഞ്ഞാല്‍ ദൈവം മോശക്ക് നല്‍കിയിട്ടുള്ള 10 പ്രമാണങ്ങളിലൊന്നിന്റെ വ്യക്തമായ ലംഘനമാണ്. എന്നിരിക്കെ ഇതെല്ലാം ചെയ്ത ഒരാളെ എങ്ങനെ പ്രവാചകനെന്ന് പറയും. എന്നാണ് ക്രിസ്തുമത വിശ്വാസിയായി അറിയപ്പെടുന്ന സാജന്റെ സംശയങ്ങള്‍. മാത്രമല്ല അദ്ദേഹം മുഹമ്മദ് നബിയെ പ്രവാചകനായി കാണാത്തതിനുള്ള ഒരു കാരണവും പ്രസ്തുത സംഭവമാണ്. 

ഇവിടെ മുസ്‌ലിംകള്‍ക്ക് ചിലത് വേറെ പറയാനുണ്ട്. എന്റെ സഹബ്ലോഗര്‍മാരിലാരെങ്കിലും ഈ വിഷയം പറഞ്ഞത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇതുകൊണ്ട് മുഹമ്മദ് നബിയുടെ പ്രവാചകത്വം ബോധ്യപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്തുകൊണ്ട് ഇത് മുസ്‌ലിംകള്‍ ഒരു തെറ്റായി കാണുന്നില്ല എന്നെങ്കിലും ഏറ്റവും കുറഞ്ഞത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഈ ബ്ലോഗിലൂടെ സാധിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ വളര്‍ത്തു പുത്രനായിരുന്നു സൈദ് ബ്‌നു ഹാരിസ. കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് അദ്ദേഹത്തിന്റെ പിതാവ്.  നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും. ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ വിശ്വാസപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു. പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു. നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നബിയുടെ പിതൃസഹോദരിയുടെ പുത്രിയെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ നബി തീരുമാനിച്ചു. സൈനബ് ഉന്നത കുലത്തില്‍ പെട്ടവളായിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ വിവാഹബന്ധങ്ങള്‍ക്കും മറ്റും ഇത് പരിഗണനീയമായ കാര്യമല്ല. അത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കുക പ്രവാചകന്റെ ഉദ്ദേശ്യം കൂടി ഈ വിവാഹത്തിലുണ്ടായിരുന്നു. സൈദ് മുമ്പ് അടിമയായിരുന്നുവല്ലോ.


പ്രവാചകന്റെ ഉപദേശപ്രകാരം വിവാഹം നടന്നെങ്കിലും. സൈനബിന്റെ മനസ്സില്‍ മായാതെ നിന്ന ആ കുലീന നാട്യം അവരുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കി. സൈദ് തന്നെ ഇങ്ങോട്ട് വന്ന് പ്രവാചകനോട് വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. പ്രവാചകന്‍ അദ്ദേഹത്തെ ഉപദേശിച്ച് തിരിച്ചയച്ചു. പക്ഷെ ബന്ധം വീണ്ടും കൂടുതല്‍ ശിഥിലമായി. വിവാഹ ശേഷം ഒരു വര്‍ഷവും ഏതാനും മാസങ്ങളും അവസാനിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിവാഹമോചനത്തോളമെത്തി. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് പല പ്രവാശ്യം സൈദിനെ അനുനയിപ്പിച്ച് അയച്ചത്. പക്ഷെ ദൈവിക തീരുമാനമനുസരിച്ച് വിവാഹമോചനം നടക്കുകയും പ്രവാചകല്‍ സൈനബയെ വിവാഹം കഴിക്കുകയും ചെയ്തു.

പ്രവാചകന്‍മാരുടെ ദൗത്യം മനുഷ്യര്‍ക്ക് ദൈവിക സന്ദേശം പഠിപ്പിക്കുകയും അവരുടെ തെറ്റായ ധാരണകള്‍ തിരുത്തുകയും ചെയ്യുക എന്നതാണ്. ജനങ്ങളുടെ അവിടെ നിലനിന്ന ധാരണ ശരിയായിരുന്നില്ല. ദത്തുപുത്രന്‍മാര്‍ യഥാര്‍ഥ പുത്രന്മാരല്ല. അവരുടെ അവകാശങ്ങളും അധികാരങ്ങളും ഒരിക്കലും സമമല്ല. മാത്രമല്ല പ്രവാചകന്റെ കാര്യത്തില്‍ അത്തരമൊരു ചിന്താഗതി വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കും. അതിനാല്‍ ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ തകര്‍ക്കാന്‍ അല്ലാഹുവിന്റെ ദൂതനിലൂടെ തന്നെ ശ്രമിച്ചു. അല്ലാതെ പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുക എന്നതായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. മറ്റുമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാഹങ്ങള്‍ അനവദനീയം മാത്രമായിരുന്നുവെങ്കിലും നബിയെ സംബന്ധിച്ച് ഇത് അല്ലാഹു ചുമത്തിയ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നു. ദൈവതീരുമാനമനുസരിക്കാന്‍ പ്രവാചകന്‍മാര്‍ ബാധ്യസ്ഥരാണ് ലോകം മുഴുവന്‍ അതിനെ എതിര്‍ത്താലും ശരി. ഇതാണ് വളര്‍ത്തു പുത്രന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം ചെയ്യാനുണ്ടായ സന്ദര്‍ഭം.

പ്രവാചകന് എതാണ് 58 വയസ് പ്രായമാകുമ്പോള്‍ സംഭവിച്ച ഇക്കാര്യത്തിലെ വസ്തുതകളാണ് നാം കണ്ടത്.  പ്രവാചകനെ കേവല മനുഷ്യനായി കാണുകയും അവിടുന്നങ്ങോട്ട് പ്രവാചകനെ കിട്ടുന്ന അവസരം മുതലെടുത്ത് അവമതിക്കാന്‍ അവസരം കാത്ത് കഴിയുകയും ചെയ്യുന്ന പ്രവാചകന്റെ ശത്രുക്കള്‍ ഈ അവസരം പ്രവാചകന്റെ കാലത്ത് തന്നെ മുതലെടുത്തിട്ടുണ്ട്. അത് ഇന്നും തുടര്‍ന്ന് പോരുന്നു. വളര്‍ത്തുപുത്രനായ സൈദിന്റെ ഭാര്യയെ വിവാഹമോചന ശേഷം മുഹമ്മദ് നബി വിവാഹം കഴിച്ചു എന്നത് മാത്രമാണ് ഇതിലെ വസ്തുത. ശേഷമുള്ളത് ഭാവനാ വിലാസമാണ്. അതെന്തൊക്കെയാണെന്ന് പരിശോധിക്കാം ചരിത്രവും ബുദ്ധിയും അതിനെ എത്രമാത്രം പിന്തുണക്കുമെന്നും.
'ഒരു ദിവസം ദത്തുപുത്രനായ സൈദിന്റെ വീട്ടിനടുത്തുകൂടി മുഹമ്മദ് കടന്നു പോകാനിടയായി സൈദ് വീട്ടിലുണ്ടായിരുന്നില്ല. സൈനബാണ് അദ്ദേഹത്തിന് ആഥിത്യമരുളിയത് സൈനബിന്റെ വസ്ത്രങ്ങള്‍ സുതാര്യമായിരുന്നു അവയിലൂടെ പ്രകടമായ സൗന്ദര്യം മുഹമ്മദിനെ വല്ലാതെ ആകര്‍ഷിച്ചു...' തുടങ്ങി പ്രവാചകന്റെ വിവാഹത്തിലെത്തിനില്‍ക്കുന്ന ഒന്നാതരം പൈങ്കിളി വര്‍ണന ഓറിയന്റലിസ്റ്റുകളും ക്രൈസ്തവ പുരോഹിതരും നല്‍കിയതായി മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ എന്ന ഈജിപ്ഷ്യന്‍ ചരിത്രപണ്ഡിതന്‍ തന്റെ ഹയാത്തുമുഹമ്മദ് എന്ന ചരിത്രഗ്രന്ഥത്തില്‍ പറയുന്നു. ഇതിന്റെ തനിയാവര്‍ത്തനമാണ് യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവരുടെ ബ്ലോഗില്‍ അലയടിക്കുന്നത്. ഇത്തരം ഭാവനാ വിലാസങ്ങള്‍ ചമക്കുമ്പോള്‍ അവര്‍ മറന്നുപോകുന്ന യാഥാര്‍ഥ്യങ്ങളുണ്ട്. മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ് അവള്‍ വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്. എന്നിരിക്കെ വിവാഹം ശേഷം വാതില്‍ തുറന്നപ്പോള്‍ കണ്ട സൗന്ദര്യത്തില്‍ മയങ്ങി പോയി, എന്ന ഭാവനാസൗധം തകരാന്‍ ഈ ചരിത്രവസ്തുത മാത്രം മതി.  പര്‍ദ്ദനിര്‍ബന്ധമല്ലാതിരുന്ന അക്കാലത്ത് വിവാഹത്തിന് മുമ്പും ശേഷവും പ്രവാചകന് സൈനബിന്റെ സൗന്ദര്യത്തെക്കുറിച്ചറിയാമായിരുന്നു. അതിനാല്‍ വിവാഹത്തിന് ശേഷം ഒരവിചാരിത അവസരത്തില്‍ കണ്ടപ്പോള്‍ തോന്നിയ മോഹമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് പറയുന്നത് എത്രമാത്രം അസംബന്ധം. പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിന് ദത്തുപുത്രന് വിവാഹം കഴിച്ച് ഒരു വര്‍ഷത്തിലധികം കഴിയാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രമല്ല ആ വിവാഹത്തിന് സൈനബിനും അവരുടെ ബന്ധുക്കള്‍ക്കും നൂറ് വട്ടം സമ്മതവുമായിരുന്നു.
 
ഇനി പറയൂ, ഇതും ബൈബിളില്‍ പരാമര്‍ശിച്ച ദാവീദിന്റെ സംഭവവും താരതമ്യമര്‍ഹിക്കുന്നുണ്ടോ. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണോ മോശക്ക് നല്‍കിയ 10 പ്രമാണങ്ങളില്‍ നല്‍കിയ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന കല്‍പനയും.
ഞാനൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്; പ്രവാചകനെ ആക്ഷേപിക്കാനായി ഉദ്ധരിക്കുന്ന സംഭവങ്ങളില്‍ പോലും ഖുര്‍ആനിന്റെ ദിവ്യത്വത്തെ മനസ്സിലാക്കാനാവശ്യമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?.

കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടേ, ചില പൌരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ കെട്ടുകഥകള്‍ തങ്ങളുടെ വ്യഖ്യാനഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിനെയാണ് ഇക്കൂട്ടര്‍ തെളിവായി എടുത്ത് കാണിക്കുന്നത്. ആരോപണം കൊഴുപ്പിക്കാന്‍ അല്‍പം കൂട്ടിചേര്‍ക്കലുകള്‍ വീണ്ടും വിമര്‍ശകര്‍ നടത്തും. പക്ഷെ സമാന്യയുക്തിക്ക് പോലും ആ കഥ വഴങ്ങില്ല എന്ന് അവ വായിച്ചാല്‍ തന്നെ ബോധ്യമാകും.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review