2010, ഡിസംബർ 17, വെള്ളിയാഴ്‌ച

എന്‍.എം ഹുസൈനും യുക്തിവാദികളും.

2010 ജൂണ്‍ മുതല്‍ ഈ ബ്ലോഗില്‍ ഞാന്‍ നല്‍കിവരുന്ന  30 ഓളം പോസ്റ്റുകളുടെ മുഖ്യപ്രേരകം ബ്ലോഗര്‍ ബ്രൈറ്റ്  ബര്‍ട്രന്റ് റസ്സലിനെ ഉദ്ധരിച്ച് നല്‍കിയ ഏതാനും വരികളാണ്:


'ഇനി ദൈവമുണ്ടെങ്കില്‍, എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '. 

ഈ പറയുന്നത് ഇസ്‌ലാമിനെക്കുറിച്ച് വല്ലതും അറിഞ്ഞിട്ടുതന്നെയോ എന്ന് എനിക്ക് നല്ല സംശയമുണ്ടായിരുന്നു. അതുകൊണ്ട് അത് കണ്ട ഉടനെ ഞാന്‍ ഒരു ചര്‍ചക്ക് തുടക്കമിട്ടു. പ്രധാനമായും  അതിലൂടെ ഉദ്ദേശിച്ചത്. ഇപ്രകാരം ഒരു ന്യായവാദം ഉന്നയിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്തവിധം തെളിവുകള്‍ ഇവിടെ അവശേഷിക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നു.
 

തെളിവിന്റെ അഭാവമല്ല നിഷേധിക്കാന്‍ കാരണമെന്നും തെളിവുകളെ വിശകലനം ചെയ്യാന്‍ സന്നദ്ധമാകാത്ത വിധം എന്തോ ചില കാര്യങ്ങള്‍ ദൈവനിഷേധികളെയും പരലോക നിഷേധികളെയും നിയന്ത്രിക്കുന്നുണ്ടെന്നുമുള്ള വസ്തുത വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. സൃഷ്ടി സ്രഷ്ടാവിന്റെ മൂര്‍ത്തമായ തെളിവാണ് എന്നംഗീകരിക്കാന്‍ മനസ്സിലാത്തവരാണ് യുക്തിവാദികള്‍ എന്നറിയുന്നതിനാല്‍ ഞാന്‍ ഇവിടെ നല്‍കിയവ  അമൂര്‍ത്തമായ തെളിവുകളാണ് എന്ന് അംഗീകരിക്കുന്നു. മനുഷ്യന്റെ യുക്തിയെയും ബുദ്ധിയെയും ഉപയോഗപ്പെടുത്തിയാല്‍ അവയെ നിഷേധിക്കാന്‍ കഴിയാത്തവിധം ശാസ്ത്രീയമായ തെളിവുകളാണവ. വ്യക്തമമായ അനേകം തെളിവുകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഖുര്‍ആനില്‍ ദൈവം ഇങ്ങനെ അരുളിചെയ്തത്.


(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

തെളിവുകളില്‍ മുഖ്യം പ്രവാചകന്മാരുടെ ആഗമനം തന്നെയാണ്. അവയും തെളിവാവശ്യമുള്ള വിശ്വാസ കാര്യമല്ലേ എന്ന് ചോദിക്കാം അതേ അതിലേക്കെത്തിച്ചേരാന്‍ കഴിയുന്ന മൂര്‍ത്തമായ ഒരു തെളിവുണ്ട് അതാണ് ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആനെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രവാചകന്‍മാരെ മനസ്സിലാക്കാന്‍ സാധിക്കും. അവര്‍ സത്യസന്ധരാണ് എന്ന് അറിയാന്‍ സാധിച്ചാല്‍ അവരിലൂടെ ലഭിക്കുന്ന അറിവുകളെ  സ്വീകരിക്കാന്‍ നമ്മുടെ ബുദ്ധി നമ്മെ നിര്‍ബന്ധിക്കും.

ഈ ദൂതന്മാരത്രയും സുവാര്‍ത്ത നല്‍കുന്നവരും താക്കീതു ചെയ്യുന്നവരുമായി അയക്കപ്പെട്ടവരാകുന്നു. പ്രവാചകദൌത്യത്തിനു ശേഷം ജനത്തിന് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഉണ്ടാകാതിരിക്കുന്നതിന്നു വേണ്ടി. (4:165)

പക്ഷെ യുക്തിവാദികളെ ദൈവത്തെ നിഷേധിക്കുന്ന അഹങ്കാരികളാക്കി മാറ്റിയത് ദൈവവിശ്വാസികളെക്കാള്‍ തങ്ങള്‍ക്ക് ദൈവത്തെ നിഷേധിക്കാനാവശ്യമായ മൂര്‍ത്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണ് എന്ന് തെറ്റിദ്ധാരണയായിരുന്നു. അത് ഏറെക്കുറെ പോറലേല്‍ക്കാതെ നിലനില്‍ക്കുകയായിരുന്നു. അതിനെയാണ് എന്‍.എം ഹുസൈന്‍ തകര്‍ത്തു തരിപ്പണമാക്കിയത്.

ബൂലോകത്ത് യുക്തിവാദ ചര്‍ചയില്‍ വമ്പിച്ച വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് എന്‍ .  എം. ഹുസൈന്‍റെ രംഗപ്രവേശം ഈ നിലക്കാണ് ഞാന്‍ കാണുന്നത്. യുക്തിവാദികളുടെ മര്‍മത്തില്‍ തന്നെയാണ് അദ്ദേഹം കൈവെച്ചത്. (ഇതിനെക്കുറിച്ചുള്ള വിശകലനങ്ങള്‍ ധാരാളം ബ്ലോഗുകളില്‍ ചര്‍ചചെയ്യപ്പെട്ടു. അതിനാല്‍ ഒഴിവാക്കുന്നു). അതൊടൊപ്പം നേരത്തെ യുക്തിവാദിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ടി.പി. ശമീം ബ്ലോഗ് ചര്‍ചയിലേക്ക് വന്നു. നിലവിലെ യുക്തിവാദ സംവാദരീതിയോട് വിയോജിപ്പുണ്ടായിരന്ന കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി കൂടുതല്‍ ശക്തമായി അതിനെതിരെ  മുന്നോട്ടു വന്നതും നാം കണ്ടു.

അതോടൊപ്പം ഖുര്‍ആന്‍ ബൈബിള്‍ ചര്‍ചയും ഈ കാലയളവില്‍ ഏറെ സജീവമായി.  സാജന്‍, സന്തോഷ്, ആലിക്കോയ, സുബൈര്‍, സുഹൈറലി, നാസിയാന്‍സന്‍ എന്നിവര്‍ തമ്മിലുള്ള സംവാദം യുക്തിവാദികളുമായുള്ള സംവദശൈലിയില്‍നിന്ന് ഭിന്നവും മതമേതായാലും മനുഷ്യ സംസ്‌കരണത്തില്‍ അത് വഹിക്കുന്ന പങ്കും വ്യക്തമാക്കുന്നതാണ്. മതങ്ങള്‍ തമ്മില്‍ സംവാദം നടന്നാല്‍ വര്‍ഗീയതവളരും എന്നാണല്ലോ യുക്തിവാദികള്‍ പ്രചരിപ്പിക്കാറുള്ളത് അതിന് വായടപ്പന്‍ മറുപടിയാണ് ക്രൈസ്തവ മുസ്‌ലിം സംവാദങ്ങള്‍. 

ഇടക്കാലത്ത് കടന്നുവന്ന മുത്ത്, കൊച്ചുമോന്‍, ഇന്ത്യന്‍ എന്നിവരും ഫാസിലും ചര്‍ചയിലെ മിതവും യുക്തിപൂര്‍ണവും സൗഹാര്‍ദ്ദപൂര്‍ണവുമായ നിലപാടിലൂടെ ചര്‍ചയെ സാരവത്താക്കി മാറ്റി. വളരെ നേരത്തെ ചര്‍ചയില്‍ സജീവമായി ഇടപെടുന്നവരുടെ പേരെടുത്ത് പറയുന്നില്ല.
ബ്ലോഗുചര്‍ചയിലെ സ്വാഭാവികമായ ചില കടുത്ത പ്രയോഗങ്ങളും, തന്റെ ഭാഗം ജയിക്കാനുള്ള മനുഷ്യന്റെ പ്രകൃതിപരമായ തിടുക്കവും അതിന്റെ അടിസ്ഥാനത്തിലുള്ള വാക്ക് ശരങ്ങളും പോസിറ്റീവായി ഉള്‍കൊള്ളാന്‍ സാധിച്ചാല്‍ സന്തോഷകരമായ മുന്നേറ്റമാണ് ബൂലോകത്ത് ദര്‍ശനപരമായ ചര്‍ചയില്‍ കാണാന്‍ കഴിയുന്നത്. ചില കാലാകായിക പ്രകടനങ്ങളും മാനസികോല്ലാസവും മാത്രമാണ് മനുഷ്യജീവിതം എന്ന് കരുതുന്നവര്‍ക്ക് ഒരു പക്ഷെ അലോസരം സൃഷ്ടിച്ചിരിക്കാമെങ്കിലും മനുഷ്യന്‍ ആത്മാവും വികാരവിചാരങ്ങളുമുള്ള ഒരു സവിശേഷ ജീവിയാണെന്ന ബോധമുള്ളവര്‍ക്ക് ഈ മാറ്റത്തില്‍ സന്തോഷിക്കാതിരിക്കാനാവില്ല.

യുക്തിവാദികളുമായുള്ള ചര്‍ചയിലും ക്രൈസ്തവ സുഹൃത്തുകളുമായുള്ള ചര്‍ചയിലും കേന്ദ്രബിന്ദു ഖുര്‍ആനും അതിന്റെ സന്ദേശങ്ങളും തന്നെയായിരുന്നു. അതിനെ വിമര്‍ശിക്കുന്നവരുടെ ശാസ്ത്രീയാടിത്തറ പരിശോധിക്കാനും അവരുടെ തെളിവുകളെ പരിശോധിക്കാനും  എന്‍.എം ഹുസൈന്‍ തയ്യാറായതാണ് യുക്തിവാദികളെ ചൊടിപ്പിച്ചത്. അതിന്റെ അലയൊലികള്‍ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടിനെ നിലവിട്ട് പരിഹസിച്ചും സി.കെ ബാബുവിനെ പോലുള്ളവര്‍ തെറിമാത്രം പാടാന്‍ പോസ്റ്റുകളിട്ടും പ്രതികരിച്ചുവരുന്നു. അത്തരം ബ്ലോഗുകളെ മുഴുവന്‍ സൈഡ് ബാറില്‍ ലിങ്കായി നല്‍കാന്‍ ഹുസൈന്‍ കാണിച്ച തന്റേടം എടുത്ത് പറയേണ്ടതാണ്. മറിച്ച് സര്‍വതന്ത്ര സ്വതന്ത്ര മനസ്സുള്ള യുക്തിവാദികള്‍ തങ്ങളുടെ ആളുകളുടെതിലേക്ക് മാത്രം ലിങ്ക് നല്‍കാനും അവരെ മാത്രം ഫോളോ ചെയ്യാനുമാണ് പലപ്പോഴും സന്നദ്ധമാകാറുള്ളത് എന്നുകൂടി ഓര്‍ക്കുക. കാരണം പറയാറുള്ള മതവിശ്വാസം കൈകാര്യംചെയ്യുന്ന ബ്ലോഗുകളെല്ലാം ചവറുകളാണ് എന്നതാണ്. എന്നാല്‍ ആ ചവറില്‍ അവരുടെ ബ്ലോഗ് ഉള്‍പെടില്ല താനും.

പൊതുവെ യുക്തിവാദികളും ദൈവനിഷേധികളും മറ്റു മതവിശ്വാസികളും കരുതുന്നത്. ഖുര്‍ആന്‍ ഇതര വേദഗ്രന്ഥങ്ങളെ പോലെ ഒരു വേദഗ്രന്ഥമാണ് എന്നതാണ്. അഥവാ മുസ്ലിംകള്‍ക്ക് അവരുടെ ജീവിതം ക്രമപ്പെടുത്താനുതകുന്ന ഒരു മതഗ്രന്ഥം. ക്രിസ്ത്യാനികള്‍ ബൈബിളും ഹൈന്ദവര്‍ക്ക് അവരുടെതായ വേദങ്ങളുമുള്ളത് പോലെ. ചെറുപത്തില്‍ അതിന് ചില പവിത്രതകള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനാല്‍ അത് വിശ്വാസികളും ആചരിച്ചു വിശ്വസിച്ച് പോരുന്നു എന്ന് മാത്രം. എന്നൊക്കെയാണ് ധരിച്ചുവെച്ചിരിക്കുന്നത്.  അതിലുപരിയായി ഖുര്‍ആന്റെ അനുയായികള്‍ എങ്ങനെ അതിനെ കാണുന്നു, ഖുര്‍ആന്‍ സ്വയം എന്ത് അവകാശപ്പെടുന്നു എന്ന കാര്യമൊക്കെ ഇന്നും മഹാഭൂരിപക്ഷത്തിനും അജ്ഞാതമാണ്. മുസ്ലിംകള്‍ക്കു പോലും അക്കാര്യത്തില്‍ വേണ്ടത്ര അറിവ് പകരാന്‍ അവരെ നിയന്ത്രിക്കുന്ന പൗരോഹിത്യസമാനമായ പണ്ഡിതന്‍മാര്‍ക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഖുര്‍ആനെ തെറ്റിദ്ധരിച്ച ഇതര മതവിശ്വാസികളെ കുറ്റപ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.

ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് അത് മനുഷ്യര്‍ക്ക് ആകമാനമുള്ള മാര്‍ഗദര്‍ശകം എന്ന നിലയിലാണ്. അതില്‍ ഒരു കുത്തകാവകാശവും ആര്‍ക്കുമില്ല. ആര്‍ക്ക് അതിനെ മനസ്സിലാക്കാനും അത് സ്വന്തമാക്കാനും ഉതവി ലഭിച്ചുവോ അന്ന് മുതല്‍ ആ ഖുര്‍ആന്‍ അവന്റേത് കൂടിയാണ്. അത് കേവല വിശ്വസത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ടതില്ല. ഏതെങ്കിലും ഭീഷണിയില്‍ ഭയപ്പെട്ടും ചെയ്യേണ്ടതല്ല. മനുഷ്യയുക്തി പൂര്‍ണമായി ഉപയോഗപ്പെടുത്തി ബോധ്യപ്പെട്ടാല്‍ മാത്രം ചെയ്യേണ്ടതാണ്. ഖുര്‍ആന്‍ അത്തരം സംവാദത്തിനുള്ള സകല സാധ്യതകളും തുറന്നിടുന്നു. അതിനെ പഠിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. ബുദ്ധിയുള്ളവര്‍ക്ക് അതില്‍ പാഠമുണ്ടെന്ന് പറയുന്നു. ബുദ്ധി ഉപയോഗിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കാലികളും തമ്മില്‍ എന്ത് വ്യത്യസമാണുള്ളതെന്ന ചോദിക്കുന്നു. ഇതൊക്കെ ഖുര്‍ആന്‍ മനുഷ്യരെ അഭിസംബോധന ചെയ്ത് പറയുമ്പോള്‍ അതിന് ഉപയുക്തമായ  ബുദ്ധിപരമായ  തെളിവുകളും ന്യായങ്ങളും സ്വാഭാവികമായു അത് ഉള്‍കൊള്ളേണ്ടതുണ്ട്. അത് വ്യക്തമാകുകയായിരുന്നു ഞാനിതുവരെ.

ഖുര്‍ആന്‍ ദൈവികമാണെന്ന് സ്ഥാപിക്കാന്‍ പന്ത്രണ്ട് തെളിവുകള്‍ നല്‍കിയിട്ടുണ്ട്. അവ പരിശോധിക്കാം. അതേ പ്രകാരം ബൈബിളില്‍നിന്ന് പകര്‍ത്തിയതാണ് എന്ന വാദത്തെ ഖണ്ഡിച്ച് മൂന്ന് പോസ്റ്റുകളും നല്‍കി. ശേഷം ആരോ അദ്ദേഹത്തെ അക്കാര്യത്തില്‍ സഹായിച്ചതാകാം എന്നതിന് അവസാന പോസ്റ്റും നല്‍കി. ഈ ചര്‍ച അവസാനിപ്പിച്ചു. ഇത് അവസാന വാക്കല്ല. എന്റെ വായനയിലും പഠനത്തിലും എനിക്ക് കണ്ടുമുട്ടാന്‍ കഴിഞ്ഞ ചില യുക്തികള്‍ നിങ്ങളുമായി എന്റെ ഭാഷയില്‍ പങ്കുവെക്കുകയായിരുന്നു.

വളരെ സംക്ഷിപ്തമായിട്ടാണ് നല്‍കിയിട്ടുള്ളത്. ഉദാഹരണങ്ങള്‍ പേരിന് മാത്രം. ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങളെ പററിപ്പറയുന്ന വലിയ ഗ്രന്ഥങ്ങള്‍ തന്നെയുണ്ട്. ചര്‍ച പറഞ്ഞുവന്ന വിഷയത്തില്‍നിന്ന് മാറിപ്പോകരുതെന്ന് കരുതി അവയെ മൊത്തത്തില്‍ തന്നെ അവഗണിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്.

അതേ പ്രകാരം ഖുര്‍ആനിന് തുല്ല്യമായ ഒന്ന രചിച്ച് വെല്ലുവിളി ഏറ്റെടുക്കാനുള്ള നിരന്തര ശ്രമങ്ങള്‍ പാഴായി പോയതിന്റെ വലിയ ചരിത്രവും ഉദ്ധരിക്കാനുണ്ടായിരുന്നു അതും ചെയ്തിട്ടില്ല. ഞാന്‍ ഇതുവരെ ചുരുക്കിപറഞ്ഞ വിഷയത്തില്‍ കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എമ്പാടും അവസരങ്ങള്‍ തുറന്ന് കിടക്കുന്നു എന്നാണ് പറഞ്ഞുവന്നത്.

സത്യത്തില്‍ മനുഷ്യന്‍ ഈ ലോകത്ത് ആഗ്രഹിക്കുന്നതെന്താണ്. വ്യക്തിതലത്തിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. അതിന് പരസ്പര ഗുണകാംക്ഷയും സാഹോദര്യവും ദീനാനുകമ്പയും നിലനില്‍ക്കണം. പരസ്പരസഹായത്തിനുള്ള ശക്തമായ പ്രേരണ വ്യക്തികള്‍ക്ക് ലഭിക്കണം. സ്വന്തത്തിനും കുടുംബത്തിനും അധ്വാനിക്കാനും അത് യുക്തിപൂര്‍വം ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും അതിനുള്ള പ്രേരണയും ലഭിക്കണം. അങ്ങനെ നല്‍കപ്പെട്ട ജീവിതം അനുഗൃഹീതമാകണം. ഇതാണ് ഭൗതികമായ മനുഷ്യന്റെ താല്‍പര്യങ്ങള്‍. അതിന്  മുന്നോട്ട് വെക്കുന്ന ജീവിത രേഖയാണ് ഖുര്‍ആന്റെ ഉള്ളടക്കം. അത് പ്രഖ്യാപിക്കുന്നത് ഇത്തരമൊരു ജീവിതത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാവിധി നല്‍കാന്‍ കഴിയുക നിങ്ങളെ സൃഷ്ടിച്ച ദൈവത്തിന് മാത്രമാണ് എന്നാണ്. നിങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് അതിനാവില്ല. അത് ഇതിലൂടെ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവ നിങ്ങള്‍ നിങ്ങളുടെ നന്മ മുന്‍നിര്‍ത്തി സ്വീകരിക്കുക. അതിന് നിങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ ശാന്തിയും പരലോകത്ത് ഈ നന്മകള്‍ക്കുള്ള പ്രതിഫലവും നിങ്ങളുടെ സ്രഷ്ടാവ് നല്‍കു. മറിച്ച് നിങ്ങളവ കണ്ടില്ലെന്ന് നടിക്കുന്ന പക്ഷം അവയിലൂടെ നിങ്ങളോടും സമൂഹത്തോടും തിന്മയാണ് സംഭവിക്കുന്നത് അതിനാല്‍ ഇഹലോകത്ത് അതിന്റെതായ പ്രയാസം മാത്രമല്ല അഭിമുഖീകരിക്കാനുള്ളത്. പരലോകത്ത് ശിക്ഷയും ഉണ്ടായിരിക്കും.

പരലോകത്ത് ലഭിക്കുന്ന ശിക്ഷ കേവലം ഒരു മതത്തിന്റെ വിശ്വാസം അന്ധമായി പിന്‍പറ്റാത്തതുകൊണ്ടുള്ളതാണ് എന്ന് പറയുന്നത് ദൈവനീതിക്കോ സാമാന്യയുക്തിക്കോ നിരക്കുന്നതല്ല. അതുകൊണ്ട് മനുഷ്യന് നല്‍കപ്പെട്ട യുക്തിയും ബുദ്ധിയും ഉപയോഗിച്ച അത് ബോധ്യപ്പെടാനവശ്യമായ തെളിവുകള്‍ ഇവിടെയുണ്ട് എന്ന് അടിവരയിട്ട് മനസ്സിലാക്കുക. തെളിവുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ആ തെളിവുകളെ പരിശോധിക്കാനുള്ള സന്മനസ്സുകൂടി വേണം. അത് നിങ്ങളില്‍ നിന്നും നിങ്ങളുടെ സ്രഷ്ടാവായ ദൈവം പ്രതീക്ഷിക്കുന്നു.

അതിനാല്‍ മരണ ശേഷം ദൈവസന്നിധിയില്‍ ചെല്ലുമ്പോള്‍ 'ദൈവമേ നിന്നില്‍ വിശ്വസിക്കാന്‍ നീ നല്‍കിയ ജീവിതദര്‍ശനം മനസ്സിലാക്കാന്‍ തെളിവ് മതിയായില്ല' എന്ന്  എന്ന് പറയാന്‍ മനുഷ്യന് യാതൊരു ന്യായവും അവശേഷിക്കുകയില്ല.

(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

2010, ഡിസംബർ 8, ബുധനാഴ്‌ച

ഖുര്‍ആന്‍ രചനയില്‍ സഹായിച്ചതാര് ?.

കഴിഞ്ഞ മൂന്ന് പോസ്റ്റുകളിലായി ഖുര്‍ആന്‍ മുഹമ്മദ് നബി ബൈബിളില്‍നിന്ന് പകര്‍ത്തിയതാണെന്ന ആരോപണത്തിന് വിശദമായി മറുപടി പറയുകയുണ്ടായി. വിമര്‍ശകരിലാരും അതിനെ ഖണ്ഡിക്കാന്‍ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, അത് അംഗീകരിക്കുകയും പകരം അല്‍പം വ്യത്യാസപ്പെടുത്തി ഖുര്‍ആന്‍ മനുഷ്യകൃതിയാണെന്ന് സ്ഥാപിക്കാന്‍ ഒരു സഹായിയെ സങ്കല്‍പിക്കുകയുണ്ടായി. 

ബൈബിളില്‍നിന്ന് കേട്ട് പകര്‍ത്തിയതാണ്, അല്ലെങ്കില്‍ ആധുനിക കാലത്ത് ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ സിറിയയിലേക്കുള്ള യാത്രയില്‍ അവിടെയുള്ള ക്രിസ്ത്യന്‍ സന്ന്യാസിമാരുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെന്നും അവിടെ നിന്നാണ് ഖുര്‍ആന്റെ ഉള്ളടക്കം മുഹമ്മദിന്റെ മനസ്സില്‍ പതിഞ്ഞതെന്നും പ്രചരിപ്പിക്കുന്നു. (എന്തുകൊണ്ട് ഈ ആരോപണം പ്രവാചകന്റെ കാലത്ത് നടത്തിയില്ല.?) ആ ആരോപണം മുഖവിലക്കെടുത്താണ് കഴിഞ്ഞ പോസ്റ്റുകളില്‍ വിശദീകരിച്ചത്. രണ്ടിന്റെയും ഉള്ളടക്കത്തെ സംബന്ധിച്ച തികഞ്ഞ അജ്ഞതയുണ്ടെങ്കിലേ ആ വിമര്‍ശനം വിലപോകൂ. അത് നടക്കാത്തിടത്ത് പുറത്തെടുക്കുന്ന ആരോപണമാണ് മുഹമ്മദ് നബിയെ ഈ വിഷയത്തില്‍  ആരോ സഹായിച്ചുവെന്നത്. അതാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഖുര്‍ആന്‍ അവതരണം നടന്നുകൊണ്ടിരുന്ന കാലത്തും ഇതേ അരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിനെ പരാമര്‍ശിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

പ്രവാചക സന്ദേശം സ്വീകരിക്കാന്‍ വിസമ്മതിച്ച ജനം പറയുന്നു: `ഈ ഫുര്‍ഖാന്‍ അയാള്‍ സ്വയം ചമച്ച കെട്ടുകഥ മാത്രമാകുന്നു. വേറെ ചിലയാളുകള്‍ അക്കാര്യത്തില്‍ അയാളെ സഹായിച്ചിട്ടുമുണ്ട്.` വലിയ അധര്‍മവും പച്ചക്കള്ളവും തന്നെ ഇവരീ ജല്‍പിക്കുന്നത്. അവര്‍ പറയുന്നു: `ഇത് പൂര്‍വികരുടെ ഇതിഹാസങ്ങളാകുന്നു. അയാള്‍ അവ പകര്‍ത്തിക്കുന്നു. രാവിലെയും വൈകീട്ടും അയാള്‍ അതു വായിച്ചു കേള്‍പ്പിക്കപ്പെടുന്നുമുണ്ട്.` പ്രവാചകന്‍, അവരോടു പറയുക: `വാനലോകങ്ങളുടെയും ഭൂലോകത്തിന്റെയും പൊരുളറിയുന്നവനാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും അവന്‍ ഏറെ മാപ്പരുളുന്നവനും കൃപാനിധിയുമാകുന്നു.` (25: 4-6)
 
['ഇക്കാലത്ത് ഓറിയന്റലിസ്റുകള്‍   വിശുദ്ധ ഖുര്‍ആനിന്നെതിരില്‍ ഉന്നയിക്കുന്ന അതേ ആരോപണം തന്നെയാണിതും. എങ്കിലും, പ്രവാചക(സ)ന്റെ സമകാലീനരായ പ്രതിയോഗികളിലാരും തന്നെ, ഖുര്‍ആനിലെ വിജ്ഞാനങ്ങളെല്ലാം അദ്ദേഹം ബാല്യകാലത്ത് ബുഹൈറ എന്ന പാതിരിയെ കണ്ടുമുട്ടിയപ്പോള്‍ അയാളില്‍ നിന്നു പഠിച്ചതാണ് എന്നു പറഞ്ഞിട്ടില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. യൌവനദശയിലെ വ്യാപാര യാത്രകള്‍ക്കിടയില്‍ കൈസ്തവ സന്യാസികളില്‍ നിന്നും ജൂതപുരോഹിതന്മാരില്‍ നിന്നും അഭ്യസിച്ചതാണെന്നും അവര്‍ പറഞ്ഞിട്ടില്ല. അവിടത്തെ എല്ലാ യാത്രകളെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു എന്നതാണിതിന്നു കാരണം. അദ്ദേഹത്തിന്റെ ഈ സഞ്ചാരങ്ങളൊന്നും തനിച്ചായിരുന്നില്ല; വലിയ സാര്‍ഥവാഹക സംഘത്തോടൊപ്പമായിരുന്നു. ഈ യാത്രകളില്‍ അദ്ദേഹം വല്ലതും അഭ്യസിച്ചു എന്നു ആരോപിച്ചാല്‍ തങ്ങളുടെ പട്ടണത്തിലെതന്നെ അനേകായിരം ആളുകള്‍ തങ്ങളെ നിഷേധിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. കൂടാതെ പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍തന്നെ ബുഹൈറയില്‍ നിന്ന്, അല്ലെങ്കില്‍ 25-ാം വയസ്സിലെ വ്യാപാര സഞ്ചാരങ്ങളില്‍ നിന്ന് ഇദ്ദേഹം ഈ വിജ്ഞാനങ്ങള്‍ കരഗതമാക്കിയിരുന്നുവെങ്കില്‍ ഇത്രയും കാലം രംഗത്തുവരാതെ അടങ്ങിക്കഴിഞ്ഞതെന്തുകൊണ്ട് എന്ന് മക്കയിലെ  സാധാരണക്കാര്‍ തങ്ങളോടു ചോദിക്കുകയും ചെയ്യും. ഇരുപത്തഞ്ചാം വയസ്സു മുതല്‍ ഇക്കാലംവരെ, അയാളുടെ മുഖത്തുനിന്നു ഇതുപോലുള്ള ഒരു തത്വവചനവും ഉതിര്‍ന്നുവരാതിരുന്നതെന്തുകൊണ്ട്? ഇക്കാരണത്താലാണ് മക്കയിലെ സത്യനിഷേധികള്‍ ഇത്രയും തെളിഞ്ഞ കളവുകള്‍ പറയാന്‍ ധൈര്യപ്പെടാതെ അതു പില്‍ക്കാലത്തെ നിര്‍ലജ്ജരായ പ്രതിയോഗികള്‍ക്കു വേണ്ടി ഒഴിച്ചിട്ടത്. അവര്‍ എന്തു പറയുന്നുവോ അതു പ്രവാചകത്വലബ്ധിക്കുമുമ്പുള്ള ദശയുമായി ബന്ധപ്പെട്ടതല്ല; പ്രത്യുത, പ്രവാചകത്വ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. അവരുടെ വാദരീതി ഇതായിരുന്നു: ഇയാള്‍ നിരക്ഷരനാണ്. ഗ്രന്ഥങ്ങളും മറ്റും വായിച്ചു സ്വയം വിജ്ഞാനങ്ങളാര്‍ജിക്കുവാന്‍ ഇയാള്‍ക്കു സാധ്യമല്ല. മുമ്പാണെങ്കില്‍ ഇയാള്‍ യാതൊന്നും പഠിച്ചിട്ടുമില്ല. ഇന്നിയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും നാല്‍പതുവയസ്സുവരെ അയാള്‍ക്കറിയില്ലായിരുന്നു. എന്നിരിക്കെ, ഈ വിജ്ഞാനങ്ങള്‍ എവിടെ നിന്നു വന്നെത്തുന്നു? തീര്‍ച്ചയായും മറ്റു സമുദായങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ രാത്രികാലങ്ങളില്‍ ഇയാള്‍ക്ക് ഗോപ്യമായി തര്‍ജമ ചെയ്തു കിട്ടുന്നതായിരിക്കണം. ഇയാളെ ആരോ ചിലര്‍ അതൊക്കെ വായിച്ചു കേള്‍പ്പിക്കുന്നുണ്ട്. ഇയാള്‍ അത് ഹൃദിസ്ഥമാക്കി, പകല്‍ സമയങ്ങളില്‍ നമ്മെ കേള്‍പ്പിക്കുകയാണ്- ഈ വാദത്തിനുപോല്‍ബലകമായി മക്കയില്‍  വസിച്ചിരുന്ന അഭ്യസ്തവിദ്യരായ ചില വേദക്കാരുടെ പേരുകളും അവര്‍ പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നു. അദ്ദാസ് (ഹുവൈത്വിബുബ്നു അബ്ദില്‍ ഉസ്സായുടെ മൌല- സ്വതന്ത്രനാക്കപ്പെട്ട അടിമ), യസാര്‍ (അലാഉബ്നുല്‍ ഹള്റമിയുടെ മൌല), ജബ്ര്‍ (ആമിറുബ്നു റബീഅയുടെ മൌല) എന്നിവരാണവര്‍. 

ബാഹ്യവീക്ഷണത്തില്‍ ഇതൊരു കനത്ത വിമര്‍ശനമാണ്. ദിവ്യസന്ദേശത്തെ ഖണ്ഡിക്കുവാന്‍ അതിന്റെ ഉറവിടത്തെതന്നെ നിഷേധിക്കുക എന്നതിനേക്കാള്‍ കനത്ത വിമര്‍ശനമേതാണുണ്ടാവുക? മറുപടിയില്‍ തെളിവുകളൊന്നും ഉന്നയിക്കാത്തതിനാല്‍ ആദ്യവീക്ഷണത്തില്‍ സംഭ്രമം തോന്നിയേക്കാം. നിങ്ങള്‍ സത്യത്തോടക്രമം ചെയ്യുന്നു; അന്യായമായ വാദമുന്നയിക്കുന്നു; കടുത്ത കളവിന്റെ കൊടുങ്കാറ്റുയര്‍ത്തുന്നു; ഇത് ആകാശഭൂമികളുടെ രഹസ്യങ്ങളറിയുന്നവനായ ദൈവത്തിന്റെ വചനങ്ങളാണ്. തികച്ചും പ്രതികൂലമായ പരിതഃസ്ഥിതിയില്‍ ഉയരുന്ന എത്രയും കനത്ത ആരോപണങ്ങളെ ഇത്ര നിസ്സാരമായി ഖണ്ഡിക്കുക എന്നത് സംഭ്രമജനകമല്ലേ? യഥാര്‍ഥത്തില്‍, മറുപടിയായി `അധര്‍മവും പച്ചക്കള്ളവും` എന്നു പറഞ്ഞാല്‍ മാത്രം മതിയാകുന്ന അര്‍ഥശൂന്യമായ ഒരാരോപണമാണോ ഇത്? ഒടുവില്‍, ഈ സംക്ഷിപ്ത മറുപടിക്കു ശേഷം സാധാരണക്കാര്‍ അതിന്റെ കാരണമോ വിശദീകരണമോ തേടാതിരുന്നതെന്തുകൊണ്ടാണ്. പുതുവിശ്വാസികളില്‍ പോലും സന്ദേഹങ്ങളുടലെടുക്കുന്നുമില്ല. നോക്കുക, തങ്ങളുന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ, അദ്ദേഹം `അധര്‍മവും പച്ചക്കള്ളവും` എന്ന് ജല്‍പിച്ച് ഒഴിഞ്ഞുമാറുകയാണ് എന്ന് പറയാന്‍ പ്രതിയോഗികള്‍പോലും മുതിരാത്തതെന്തുകൊണ്ട്? 

ഈ പ്രഹേളികക്കുത്തരം കിട്ടണമെങ്കില്‍ നാം പ്രസ്തുത ആരോപണം ഉന്നീതമായ സാഹചര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി മക്കയിലെ  അതിക്രമികളായ പ്രമാണിമാര്‍ ഓരോ മുസ്ലിമിനേയും കഠിനമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുകൊണ്ടിരുന്ന സ്ഥിതി വിശേഷമായിരുന്നു അത്. മുഹമ്മദിന് പൌരാണിക ഗ്രന്ഥങ്ങളുടെ തര്‍ജമകള്‍ പഠിപ്പിച്ചുകൊടുക്കുന്നവരെന്ന് ആരെ സംബന്ധിച്ചാണോ അവര്‍ പറഞ്ഞുകൊണ്ടിരുന്നത്, അവരുടെയും മുഹമ്മദ് നബി(സ)യുടെ തന്നെയും വീടുകള്‍ കൊള്ളയടിച്ചു, പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമാഹരിക്കപ്പെട്ടതെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ പുറത്തുകൊണ്ടുവന്നു ജനസമക്ഷം പ്രദര്‍ശിപ്പിക്കുക അവര്‍ക്ക് അനായാസം സാധ്യമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അവ ജനങ്ങളെ കാണിച്ച് അവര്‍ക്ക് പറയാമായിരുന്നു: `നോക്കുവിന്‍, ഇതാണ് മുഹമ്മദീയ പ്രവാചകത്വത്തിന്റെ രഹസ്യം`. ബിലാലി (റ)നെ ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചവര്‍ക്ക് ഇപ്രകാരം ചെയ്യുവാന്‍ യാതൊരു നിയമവും തടസ്സമായിരുന്നില്ല. ഈ മാര്‍ഗത്തിലൂടെ എപ്പോഴും അവര്‍ക്ക് മുഹമ്മദീയ പ്രവാചകത്വത്തെ തകര്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ അധര പ്രതിരോധം മാത്രം നടത്തിക്കൊണ്ടിരുന്നു. ഒരിക്കലും ഇത്തരമൊരു നടപടിയിലേക്ക് കാലെടുത്തുവെച്ചില്ല. 

ഇക്കാര്യത്തില്‍ അവര്‍ ചൂണ്ടിക്കാണിച്ച വ്യക്തികളാരും പുറത്തുള്ളവരല്ല എന്നതാണ് മറ്റൊരു സംഗതി. മക്കാ പട്ടണത്തില്‍തന്നെയായിരുന്നു അവരും വസിച്ചിരുന്നത്. അവരുടെയൊന്നും യോഗ്യതകളും ആര്‍ക്കും ഗോപ്യമല്ല. മുഹമ്മദ് നബി (സ) അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഏത് ഉറവിടത്തില്‍ നിന്നുള്ളതാണെന്നും അതിന്റെ ഭാഷാ മേന്മയും സാഹിത്യനിലവാരവും സ്വാധീനശക്തിയും വിഷയങ്ങളും ചിന്തകളും എല്ലാം എന്തുമാത്രം ഉന്നതവും മഹത്തരവുമാണെന്നും, അദ്ദേഹത്തെ ഇതെല്ലാം പഠിപ്പിച്ചവരെന്നു പറയപ്പെടുന്നവര്‍ ഏതു നിലവാരത്തിലുള്ളവരാണെന്നും അല്‍പമെങ്കിലും ബുദ്ധിയുള്ള ഏവര്‍ക്കും നോക്കിക്കാണാന്‍ സാധിച്ചിരുന്നു. അതുകൊണ്ടാണ് ആരും തന്നെ ഈ ആരോപണത്തിന് ഒരു വിലയും കല്‍പിക്കാതിരുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ വിദ്വേഷാഗ്നി തണുപ്പിക്കാന്‍ വേണ്ടി മാത്രം ഉന്നയിക്കപ്പെടുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അല്ലാത്തപക്ഷം, പ്രസ്തുത വ്യക്തികളെ നേരിട്ടറിയാത്തവര്‍പോലും, ഇത്രയേറെ യോഗ്യന്മാരായ അവര്‍ സ്വന്തം ദീപങ്ങള്‍ ജ്വലിപ്പിക്കാത്തതെന്ത്? അവര്‍ക്ക് മറ്റുള്ളവരുടെ വിളക്കിലേക്ക് എണ്ണയൊരുക്കിക്കൊടുക്കേണ്ട അവശ്യമെന്ത്? സ്വന്തം വിളക്ക് തന്നെ കത്തിച്ചിരുന്നുവെങ്കില്‍ അതിന്റെ പ്രശസ്തിയുടെ ചെറിയൊരു പങ്കെങ്കിലും അവര്‍ക്കും ലഭിക്കുമായിരുന്നില്ലേ? എന്നൊക്കെ കുറച്ചെങ്കിലും ആലോചിച്ചുപോകുമെന്നതില്‍ സന്ദേഹമില്ല. 

ഈ വിഷയത്തില്‍ പരാമൃഷ്ടരായ വ്യക്തികളെല്ലാം പരദേശങ്ങളില്‍ നിന്ന് അടിമകളായി വന്നവരും പിന്നീട് ഉടമകള്‍ മോചിപ്പിച്ചവരുമാണെന്നതാണ് മൂന്നാമത്തെ വസ്തുത. അറബികളുടെ ഗോത്രവ്യവസ്ഥയില്‍ യാതൊരാള്‍ക്കും ഏതെങ്കിലും ശക്തിയുടെയോ ഗോത്രത്തിന്റെയോ സംരക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. മോചിതരായ അടിമകളും മുന്‍ ഉടമകളുടെ രക്ഷാധികാരം സ്വീകരിച്ചാണ് ജീവിച്ചിരുന്നത്. ആ സംരക്ഷണം തന്നെയായിരുന്നു സാമൂഹ്യ രംഗത്ത് അവരുടെ ജീവിതാവലംബം. ഈ സാഹചര്യത്തില്‍ മുഹമ്മദ് നബി (സ) ഒരു വ്യാജ പ്രവാചകത്വം ഇറക്കുമതി ചെയ്തതാണെങ്കില്‍തന്നെ-മആദല്ലാഹ്- ഈ ആളുകള്‍ക്ക് ആത്മാര്‍ഥമായി ആ ഉപജാപത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന കാര്യം സ്പഷ്ടമാകുന്നു. കൂടാതെ നിശാവേളകളില്‍, തങ്ങളില്‍ നിന്നു കുറേ കാര്യങ്ങള്‍ പഠിക്കുകയും പകല്‍ സമയങ്ങളില്‍ ഇത് തനിക്ക് ലഭിച്ച ദിവ്യസന്ദേശമാണെന്നു പറഞ്ഞു ജനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് സത്യസന്ധരും വിശ്വസ്തരും ആത്മാര്‍ഥതയുള്ളവരുമായ അനുയായികളുണ്ടാകുന്നതെങ്ങനെയാണ്? അതിനാല്‍ ആരെങ്കിലും അദ്ദേഹത്തിന്റെ പങ്കാളികളാകുന്നുവെങ്കില്‍ അത് സ്വാര്‍ഥത്തിന്റെയോ അത്യാഗ്രഹത്തിന്റെയോ പ്രേരണയാലാകാനേ തരമുള്ളൂ. സ്വയം നിലനില്‍പില്ലാത്ത ചില പാവപ്പെട്ട വ്യക്തികള്‍ സ്വന്തം രക്ഷാധികാരികളുടെ അതൃപ്തി നേടിക്കൊണ്ട് മുഹമ്മദ് നബി (സ)യുടെ ഉപജാപത്തില്‍ വെറുതെ പങ്കാളികളാകുമെന്ന് ബുദ്ധിയും ചിന്താശക്തിയുമുള്ള ആര്‍ക്കാണ് വിചാരിക്കാന്‍ കഴിയുക! മുഴുവന്‍ സമുദായത്തിന്റെയും വിദ്വേഷത്തിന്നും വിമര്‍ശനത്തിന്നും ശാത്രവത്തിന്നും ശരവ്യനായ ഒരാളുടെ സഹകാരികളായി സ്വന്തം രക്ഷാകര്‍ത്താക്കളുടെ വെറുപ്പാര്‍ജിക്കുന്നതുകൊണ്ട് അവര്‍ക്ക് എന്തു സ്വാര്‍ഥമാണ് നേടാനുള്ളത്? അവരുടെ ഏത് അഭിലാഷമാണ് അതുവഴി പൂവണിയാന്‍ പോകുന്നത്? ചിന്താര്‍ഹമായ മറ്റൊരു പ്രശ്നവും കൂടിയുണ്ട്: അവസാനം അവരുടെ ഗൂഢാലോചന കണ്ടെത്തുവാന്‍ രക്ഷാധികാരികള്‍ക്കവസരം കിട്ടുന്നു. ഈ അവസരം ആ മുന്‍ അടിമകള്‍ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല? ഞങ്ങളില്‍ നിന്ന് പഠിച്ചതാണ് ഈ നുബുവ്വത്തു കടയിലെ ചരക്കുകളെന്നു അവര്‍ക്ക് ബഹുജനങ്ങളുടെ മുമ്പില്‍ സമ്മതിക്കാമായിരുന്നില്ലേ? 

ഏറ്റവും അത്ഭുതകരമായിട്ടുള്ള സംഗതിയിതാണ്: മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കുകയും അദ്ദേഹമവതരിപ്പിച്ച അതുല്യമായ വിശ്വാസസംഹിത അംഗീകരിക്കുകയും ചെയ്ത സഹാബാകിറാം നബി (സ)യുടെ വ്യക്തിത്വത്തെ അങ്ങേയറ്റം പവിത്രമായതായിട്ടാണ് പരിഗണിച്ചിരുന്നത്. സ്വയം ഭാഗഭാക്കായ ഒരു ഗൂഢാലോചനയിലൂടെ രംഗപ്രവേശം ചെയ്ത ഒരു വ്യാജ പ്രവാചകത്വത്തില്‍ അവര്‍ ഇത്രത്തോളം അടിയുറച്ചും ആത്മാര്‍ഥമായും വിശ്വസിക്കുകയെന്നതു സംഭവ്യമാണോ? സംഭവ്യമാണെന്നു സങ്കല്‍പിച്ചാല്‍ വിശ്വാസികള്‍ക്കിടയില്‍ ഏറ്റം ഉന്നതസ്ഥാനീയരായിരിക്കേണ്ടത് അവരായിരുന്നില്ലേ? നുബുവ്വത്തിന്റെ ചാലകശക്തികള്‍ അദ്ദാസും യസാറും ജബ്റും; പ്രവാചകന്റെ കൈകാര്യക്കാരോ അബൂബക്കറും   ഉമറും  അബൂഉബൈദയും ! ഇതെങ്ങനെയാണ് സംഭവിക്കുക? 

ഇതേപ്രകാരം വിചിത്രമായ മറ്റൊരു സംഗതി കൂടിയുണ്ട്: ഏതാനും വ്യക്തികള്‍ രാത്രികാലങ്ങളില്‍ കുത്തിയിരുന്നു തട്ടിപ്പടച്ചതാണ് ഈ പ്രവാചകത്വവും ദിവ്യബോധനവുമൊക്കെയെങ്കില്‍, രാപ്പകല്‍ പ്രവാചകന്റെ സഹകാരികളും സംരക്ഷകരുമായി വര്‍ത്തിച്ചിരുന്ന അബൂബക്കര്‍ , അലിയ്യുബ്നു അബീത്വാലിബ് , സൈദുബ്നു ഹാരിസ  തുടങ്ങിയ പ്രമുഖ ശിഷ്യന്മാര്‍ അതെങ്ങനെ അറിയാതെപോയി. ഈ ആരോപണത്തില്‍ പേരിനെങ്കിലും വല്ല സത്യവും ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പറഞ്ഞ ആളുകള്‍ ഇത്ര ദൃഢമായും ആത്മാര്‍ഥമായും പ്രവാചകനില്‍ വിശ്വസിക്കുകയും പ്രവാചകന്റെയും പ്രബോധനത്തിന്റെയും വിജയത്തിനുവേണ്ടി ഏതാപത്തിനെയും നേരിടാന്‍ സര്‍വാത്മനാ തയ്യാറാവുകയും ചെയ്തതെങ്ങനെ? 

ഉപരിസൂചിതമായ കാരണങ്ങളാല്‍ ഈ ആരോപണം കേള്‍വിക്കാരുടെ വീക്ഷണത്തില്‍ തികച്ചും അര്‍ഥശൂന്യമായിരുന്നു. അതുകൊണ്ടാണ് ഗൌരവമുള്ള ഒരു വിമര്‍ശനമെന്ന നിലക്ക് മറുപടി പറയുന്നതിന്നായി ഖുര്‍ആന്‍ അത് ഉദ്ധരിക്കാതിരുന്നത്. സത്യത്തോടുള്ള വിരോധത്തില്‍ ഇക്കൂട്ടര്‍ എന്തുമാത്രം അന്ധരായിത്തീരുന്നു എന്നതും എത്രത്തോളം വ്യാജവും അന്യായവുമായ വാദങ്ങളാണ് അവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും കാണിക്കാന്‍ മാത്രമാണ് ഖുര്‍ആന്‍ ആ വിമര്‍ശനത്തെ പരാമര്‍ശിക്കുന്നത്'.(Thafheemul quran 25: Note 12)].

കാര്യം ഇങ്ങനെയൊക്കെയായതിനാല്‍ ഖുര്‍ആന്‍ മനുഷ്യരുടെ മുന്നിലെത്തിക്കുന്നതില്‍ മുഹമ്മദ് നബിയോടൊപ്പം ഒരു അമാനുഷിക ശക്തി പ്രവര്‍ത്തിച്ചു എന്ന് ചിന്തിക്കാന്‍ നിഷ്പക്ഷമതികള്‍ നിര്‍ബന്ധിതരാകുന്നു. ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു സാന്നിദ്ധ്യത്തെ തള്ളിപ്പറയേണ്ട ഒരാവശ്യവുമില്ല. ദൈവനിഷേധികള്‍ക്ക് അത് ഒരു പക്ഷേ ആവശ്യമായി വന്നേക്കാം. കാരണം ഒരു പാട് നിസ്സഹായത അവര്‍ ദൈവനിഷേധത്തിന്റെ പേരില്‍ അനുഭവിക്കുന്നുണ്ട്. കൂട്ടത്തില്‍ ഒരു നിസ്സഹായത മാത്രമാണ് സകല യുക്തിയെയും വെല്ലുവിളിക്കുന്ന ഖുര്‍ആനെന്ന അമാനുഷികത. ഒരു ഖുര്‍ആന്‍ സൂക്തത്തോടെ ഖുര്‍ആന്റെ ദൈവികത എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ചക്കും താല്‍കാലികമായി വിരാമമിടുകയാണ്.

'നോക്കുക, നിങ്ങള്‍ക്ക് നാഥങ്കല്‍നിന്ന് ഉള്‍ക്കാഴ്ചയുടെ കിരണങ്ങള്‍ വന്നുകിട്ടിയിരിക്കുന്നു. ഇനി, ആരെങ്കിലും കാഴ്ചയെ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഗുണം അവര്‍ക്കുതന്നെ. ആര്‍ അന്ധനാകുന്നുവോ അവന്‍ തനിക്കുതന്നെ നഷ്ടമേല്‍പിക്കുകയാകുന്നു. ഞാനോ, നിങ്ങളുടെമേല്‍ ഒരു സൂക്ഷിപ്പുകാരനൊന്നുമല്ല.' (6:104)
 

2010, ഡിസംബർ 6, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (3)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1), (2)
-------------------------------------------------------------
ബൈബിളില്‍ പറയപ്പെട്ട വ്യക്തിത്വങ്ങള്‍ ചരിത്രപുരുഷന്‍മാരാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ദൈവനിഷേധം സ്വീകരിച്ച അത്യപൂര്‍വം ആളുകളെ അവയെ നിഷേധിക്കുന്നുള്ളൂ. ബൈബിളിന്റെ ദൈവികത അംഗീകരിക്കാത്തവരും അതിന് ഒരു ചരിത്രകൃതിയുടെ സ്ഥാനം നല്‍കുന്നില്‍ വിമുഖത കാണിക്കുന്നില്ല. സ്വാഭാവികമായും ചരിത്രം ഉദ്ധരിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ നാമങ്ങള്‍ ഒന്നാകും. ഖുര്‍ആന്‍ പകര്‍ത്തിയതാണ് എന്ന ആക്ഷേപത്തില്‍നിന്ന രക്ഷപ്പെടാന്‍ കഥാപാത്രത്തെ മാറ്റേണ്ട അവശ്യമില്ല. സത്യത്തില്‍ പകര്‍പ്പ് തന്നെയായിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാന്‍ അത്തരം വേലകള്‍ ഒപ്പിച്ചുകൂടായ്കയില്ല. പക്ഷെ ഖുര്‍ആന്‍ അതല്ലാത്തതുകൊണ്ട് ആവശ്യമായ ഒരു ചരിത്രശകലം ബൈബിളിലുണ്ടെന്ന് വെച്ച് അത് മാറ്റിവെച്ചിട്ടില്ല.

ഈ കഥാപാത്രങ്ങളിലുള്ള സാമ്യതയല്ലാതെ മറ്റൊരു തെളിവും ബൈബിള്‍ ഖുര്‍ആന്‍ കോപ്പിപേസ്റ്റ് ബന്ധം ആരോപിക്കുന്നവര്‍ക്കില്ല എന്ന് കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേയും ചര്‍ച സൂചിപ്പിക്കുന്നു. ഈ വിഷയം ഈ പോസ്‌റ്റോടെ അവസാനിപ്പിക്കുയാണ്.

ഖുര്‍ആനും ബൈബിളും ഉദ്ധരിച്ച ഏതാനും ഭാഗങ്ങള്‍കൂടി പരിശോധിക്കാം. ഇത് ബൈബിളിനെ ആക്ഷേപിക്കാനല്ല. ബൈബിളിന്റെ പകര്‍ത്തിയെഴുത്തെന്ന ആരോപണത്തിന് മറുപടി പറയാന്‍ ഇതല്ലാതെ മാര്‍ഗമില്ല എന്നതുകൊണ്ടാണ്.
പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിള്‍ പറയുന്നു: ['30. അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു. 38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു' (ഉല്‍പത്തി 19).

ലൂത്ത് നബിയുമായി ബന്ധപ്പെടുത്തി ഇത്തരമൊരു സംഭവം ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. ഖുര്‍ആനിന്റെ ധാര്‍മിക സദാചാരമനുസരിച്ച് തികച്ചും അധര്‍മികള്‍ക്ക് മാത്രം സ്വീകരിക്കാവുന്ന ഒരു പ്രവര്‍ത്തനമാണിവിടെ മക്കള്‍ ചെയ്തത്. ഒരു പ്രവാചകനെ അതിന് കരുവാക്കി. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ ലൂത്ത് തികഞ്ഞ സാത്വികനും പരിശുദ്ധനുമാണ്. പകര്‍ത്തിയെഴുത്തായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ പ്രവാചകന്‍മാരുടെ പേരില്‍ ഖുര്‍ആനിലും കടന്നുകൂടുമായിരുന്നു.
തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാള്‍ (ഉല്‍പത്തി 27: 1-38).

ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള്‍ പറയുന്നു (ശാമുവേല്‍ 11:1-16). പ്രവാചകനായ സോളമന്‍ ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളില്‍ കാണാം (രാജാക്കന്മാര്‍ 11: 1-14).
എന്തുകൊണ്ട് ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ട ചരിത്രപുരുഷന്‍മാര്‍ തമ്മിലുള്ള പ്രകടമായ ഈ അന്തരം എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനം. ബൈബില്‍ അവലംബിച്ച് രചിച്ച ഒരു ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്നിടത്താണ്. മറിച്ച്  ഖുര്‍ആനില്‍നിന്ന് ഭിന്നമായി ബൈബിള്‍ പരാമര്‍ശങ്ങള്‍ എങ്ങനെ വന്നു എന്നതിന് ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മറുപടിയും ബുദ്ധിപരമായ സാധ്യതയും ഇതാണ്.

പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കടന്നുകൂടുകയുമായിരുന്നു എന്നതാണ്. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍ . അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില്‍ പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്‍, ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകാ യോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും. വിശുദ്ധ ഖുര്‍ആന്റെ മറ്റൊരു നാമം അല്‍ഫുര്‍ഖാന്‍ സത്യാസത്യവിവേചകം എന്നാണ്. അതേ പ്രകാരം പൂര്‍വിക ഗ്രന്ഥങ്ങളിലുള്ളതിനെ സത്യമായി അവതരിപ്പിക്കുന്ന ഗ്രന്ഥം കൂടിയാണ് ഖുര്‍ആന്‍.

നിഷ്പക്ഷനായ ഒരാള്‍ക്ക് ബൈബിള്‍ അവലംബിച്ചാണ് ഖുര്‍ആന്‍ രചിക്കപ്പെട്ടത് എന്ന ഒരു വിഭാഗത്തിന്റെ വിശ്വാസം പോലെ കേവലം ഒരു വിശ്വാസമായി ഇതിനെ കാണുകയോ ഈ രണ്ട് വാദങ്ങളെയും പരിശോധിക്കുകയോ ചെയ്യാം. ചിന്തിക്കുക: ഒരു പകര്‍ത്തി എഴുത്തിന്റെ ശൈലിയാണോ ഖുര്‍ആനുള്ളത്, അതല്ല നിര്‍ഭയം ഒരു അധികാര കേന്ദ്രത്തില്‍ നിന്നുള്ള പ്രഖ്യാപനമോ എന്ന്.

'അല്ലയോ വേദക്കാരേ (ജൂതക്രൈസ്തവരേ), നമ്മുടെ ദൂതന്‍ നിങ്ങളില്‍ ആഗതനായിരിക്കുന്നു. അദ്ദേഹം വേദത്തില്‍നിന്ന് നിങ്ങള്‍ പൂഴ്ത്തിവച്ചിരുന്ന ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയും വളരെ കാര്യങ്ങള്‍ നിങ്ങള്‍ക്കു വിട്ടൊഴിവാക്കുകയും ചെയ്യുന്നു. നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി, അല്ലാഹു അവന്റെ പ്രീതി തേടുന്നവര്‍ക്കു രക്ഷാസരണി കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കെത്തിക്കുകയും നേര്‍വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.' (5:15-16) 

'ഓ മുഹമ്മദ്, പറഞ്ഞുകൊടുക്കുക: `അല്ലയോ മനുഷ്യരേ, നിങ്ങളുടെ അടുക്കല്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുളള സത്യം വന്നെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ആരെങ്കിലും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അതിന്റെ നേട്ടം അയാള്‍ക്കു തന്നെയാകുന്നു. ആരെങ്കിലും വഴി മാറിപ്പോവുകയാണെങ്കില്‍ ആ മാര്‍ഗഭ്രംശത്തിന്റെ നാശവും അയാള്‍ക്കുതന്നെയാകുന്നു. ഞാനോ, നിങ്ങള്‍ക്കു മീതെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനൊന്നുമല്ല.' (10:108-109) 
(അവസാനിച്ചു) 

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review