2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

ഡോ.അലക്സാണ്ടര്‍ ജേക്കബ് (IPS) നുള്ള മറുപടി ?

നേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചത് പോലെ ഡോ.അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ് കോട്ടയം ജില്ലയിലെ ഒരു മുസ്ലിം ജമാഅത്ത് 2007 മാര്‍ച്ച് 29 (ഹിജ്റ 1481) നബിദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹ സംഗമം പരിപാടിയില്‍ നടത്തിയ മുഖ്യപ്രഭാഷണം യൂറ്റൂബില്‍ ശ്രദ്ദേയമാകുകയുണ്ടായി. പരിപാടിയുടെ ഓഡിയോ ലഭിച്ച ഒരു വ്യക്തി പ്രഭാഷകനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ആദ്യം അത് യൂറ്റൂബിലട്ടത്. ഡി.ഐ.ജി ജേക്കബ് പൂന്നൂസ് എന്നായിരുന്നു അതിന് തലക്കെട്ട് നല്‍കിയിരുന്നത്. എന്നാല്‍ താമസിയാതെ അത് എഡിറ്ററും, കോളേജ് അധ്യാപകനുമൊക്കെയായി പ്രവര്‍ത്തിക്കുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത അലക്സാണ്ടര്‍ ജേകബിന്റേതാണ് എന്ന് മനസ്സിലാക്കി. എങ്കിലും പലര്‍ക്കും സംശയമായിരുന്നു. അതിന്റെ ആധികാരികതയെ സംബന്ധിച്ച് എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം യഥാര്‍ഥ വീഡിയോ യൂറ്റൂബില്‍ വന്നു.



നേരത്തെ നല്‍കിയ യൂറ്റൂബ് വീഡിയോക്ക് കീഴിയില്‍ വലിയ സംവാദം നടന്നിരുന്നു. പക്ഷെ പിന്നീട് പ്രസ്തുത വിഡിയോ നല്‍കിയ വ്യക്തി തന്നെ അത് നീക്കം ചെയ്തു. അതിനകം ഒരു ലക്ഷത്തോളം പേര്‍ ആ വീഡിയോ സന്ദര്‍ശിക്കുകയും. പല പത്രങ്ങളും പ്രസ്തുത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.

അന്ന് നടന്ന സംവാദങ്ങളില്‍ പലരും ചൂണ്ടിക്കാട്ടിയ ചില വസ്തുതകളുണ്ട്. അത്തരം ചില അബദ്ധങ്ങളും പാകപ്പിഴവുകളും ആരുടെയും പ്രസംഗത്തില്‍ സ്വാഭാവികമാണ്. പ്രത്യേകിച്ചും തങ്ങള്‍ ജനിച്ച ഒരു മതത്തെക്കുറിച്ചല്ലെങ്കില്‍ . അതോടൊപ്പം തന്നെ ശാസ്ത്രീയമായി അദ്ദേഹം നല്‍കിയ വിശദീകരണവും പൂര്‍ണമായും കുറ്റമുക്തമാണ് എന്ന് അവകാശം അദ്ദേഹത്തിന് തന്നെയും ഉണ്ടാവില്ല.

നെറ്റില്‍ ഈ പ്രസംഗം ഇത്ര വിപുലമായി പ്രചരിക്കാനുള്ള ഒരു കാരണം. നെറ്റിലുള്ള ഇസ്ലാം വിമര്‍ശകരുടെ ഒരു ശൈലിയിലുള്ള പ്രതിഷേധമാണ് എന്ന് തോന്നുന്നു. പലപ്പോഴും മറ്റുമതങ്ങളിലെ ഒരു നന്മയും ഒരിക്കലും അംഗീകരിക്കരുത് എന്ന ഒരു വാശി പൊതുവെ നെറ്റിലെ ഇസ്ലാം വിമര്‍ശകര്‍ക്കുണ്ട്. ഏതെങ്കിലും ഒരു നന്മ അംഗീകരിക്കണമെങ്കില്‍ ആ മതത്തിലേക്ക് മാറിയാലെ കഴിയൂ. അല്ലാതെ വല്ല സംഭവവും ഉണ്ടെങ്കില്‍ അത് മുസ്ലിംകളെ സുഖിപ്പിക്കാന്‍ പറഞ്ഞതായിരിക്കും. അല്ലെങ്കില്‍ കാശ് കൊടുത്ത് പറഞ്ഞതായിരിക്കും എന്നതാണ് ഇവിടെ സ്വീകരിക്കുന്ന തത്വം. എന്നാല്‍ ഇത്തരക്കാര്‍ തങ്ങളുടെ മനോധര്‍മമനുസരിച്ച് എത്ര വലിയ ആരോപണവും ഒരു തെളിവുമില്ലാതെ വെച്ച് കാച്ചുകയും ചെയുന്നു.

ഇസ്ലാം വിമര്‍ശകരുടെ (ഇതൊരു ഭംഗിവാക്കാണ് തെറ്റിദ്ധരിപ്പിക്കലാണ് മുഖ്യദൌത്യം) ബ്ലോഗില്‍ ഇതൊരു വിഷയമായി അവതരിപ്പിച്ചത് കണ്ടപ്പോഴാണ് ഇത്തരം ഒരു പോസ്റ്റ് ഇടണമെന്ന് തോന്നിയത്. ഇസ്ലാം വിമര്‍ശകര്‍ ഇസ്ലാമിക പഠനത്തിന്റെ കാര്യത്തില്‍ വട്ടപൂജ്യമാണ്. 1400 വര്‍ഷമായി ലോകത്ത് വളരെ ശക്തമായി നിലനില്‍ക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ഇസ്ലാമിന് എന്തെങ്കിലും ഒരു നന്മ അവര്‍ മനസ്സാ അംഗീകരിക്കാതിരിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു അവരില്‍ മിക്കവരും. അവരാണ് ഡോ. അലക്സാണ്ട ജേക്കബ് എന്ന നിഷ്പക്ഷനെ തിരുത്താനും വിമര്‍ശിക്കാനും ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. വസ്തുതാപരമായ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാര്‍ഹമാണ്. ആരും തെറ്റ് പറ്റാത്ത ദൈവത്തിന്റെ പ്രവാചകരൊന്നുമല്ല. ഈ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ അത് ചെയ്യുന്ന ആളുകള്‍ക്ക് അതിനേക്കാള്‍ ഗുരുതരമായ അബദ്ധങ്ങള്‍ സംഭവിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.

എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും കാര്യമായി നോട്ട് നോക്കാതെ വളരെ അനായാസം വിഷയം അവതരിപ്പിക്കുന്ന ഈ ശൈലി പുതുമയുള്ളതാണ്. മാത്രമല്ല മുഹമ്മദ് നബിയുടെ സന്ദേശത്തിന്റെ ബഹുമുഖമായ തലങ്ങളെ സ്പര്‍ശിക്കുന്നതുമാണ്. ആരാധന, സംസ്കാരം, നിയമ-ഭരണവ്യവസ്ഥ എന്നിവയൊക്കെ ആ പ്രസംഗത്തില്‍ കടന്നുവരുന്നു. ചിലകാര്യങ്ങള്‍ അതിശയോക്തിപരമെന്ന് തോന്നിയേക്കാം. ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ ചിലതൊക്കെ വസ്തുതക്ക് നിരക്കുന്നതല്ല എന്നും വന്നേക്കാം. പക്ഷെ അവയൊക്കെ വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ഉദാഹരണത്തിന് നോമ്പിന്റെ ആരോഗ്യപരമായ വശം ഇക്കാലത്ത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. അവ എങ്ങനെ ശാസ്ത്രീയമായി വിശദീകരിക്കാം എന്നതില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടായേക്കാം. അതേ പോലെ നമസ്കാരത്തിന്റെ ആരോഗ്യപരമായ തലങ്ങളും തര്‍കമുള്ള സംഗതിയല്ല. സൂജൂദ് (നെറ്റി നിലത്ത് മുട്ടിക്കുന്ന പ്രക്രിയ)പോലുള്ളവ തലച്ചോറിലേക്കുള്ള രക്തചംക്രമണത്തിനും അതിലൂടെ തലച്ചോറിന്റെ ആരോഗ്യത്തിനും കാണമാവും എന്നതും അതിലൂടെ ബുദ്ധിയുടെ വികാസം സംഭവിക്കും എന്നതും തര്‍ക്കിക്കേണ്ട കാര്യമില്ല. അത് മൂലം എത്ര ശതമാനം ബുദ്ധികൂടും എന്നതില്‍ തര്‍ക്കിക്കേണ്ട കാര്യവുമില്ല.

ഒരു ലക്ഷത്തോളം പേര്‍ ആദ്യം നല്‍കിയ വീഡിയോയിലൂടെ പ്രഭാഷണം കേട്ടിട്ടുണ്ടെങ്കിലും പ്രസ്തുത വ്യക്തി തന്നെ വീണ്ടും അവ നല്‍കിയതിലൂടെ അരലക്ഷത്തിലധികം പേര്‍ കേട്ടങ്കിലും പൂര്‍ണമായ പ്രസംഗം ലഭ്യമായത് യഥാര്‍ഥ വീഡിയോ നെറ്റില്‍ ലഭിച്ചതോടെയാണ്. അരമണിക്കൂര്‍ പ്രസംഗം അതില്‍ അധികമുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ കേട്ടവരാണെങ്കില്‍ ഈ ഭാഗം പൂര്‍ണമായി കേള്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പൂര്‍ണമായ പ്രസംഗം കേള്‍ക്കുക.



ഇസ്ലാമിനെക്കുറിച്ചും മുഹമ്മദ് നബിയെക്കുറിച്ചും മുസ്ലിംകളല്ലാത്ത പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവരൊക്കെ മുസ്ലിംകളെ സോപ്പിടാനാണ് അങ്ങനെ പറഞ്ഞത് എന്ന് നാം വിശ്വസിക്കണോ ?.


2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

മുസ്ലിംകള്‍ ജിഹാദികള്‍ !!!

മുസ്ലിംകളെ ഇസ്ലാമിന്റെ ശത്രുക്കള്‍ ഇപ്പോള്‍ വിളിച്ചുവരുന്ന ഏറ്റവും മോശമായ പേര് ജിഹാദികള്‍ എന്നതാണ്. ഭീകരര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ് ആ പേര്‍ എന്ന് വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും തോന്നുന്നു. എന്താണിതിന് കരണം. ഇപ്പോള്‍ വിവാദമായ സിനിമ  പോലും ജനങ്ങളുടെ ഈ ധാരണയെ ബലപ്പെടുത്താന്‍ വേണ്ടി ബോധപൂര്‍വം നടത്തപ്പെട്ട ശ്രമത്തിന്റെ ഭാഗമാണ്.

ജിഹാദ്! ലോകത്തിലെ ഏതെങ്കിലും ഭാഷയില്‍ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണ്ടോയെന്ന്  സംശയമാണ്. ഇസ്ലാമിന്റെ അനുയായികളില്‍ പോലും ഈ തെറ്റിദ്ധരിപ്പിക്കല്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ പറയാനുമില്ല.

ജിഹാദ് സത്യവിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയാണ്. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. അല്ലാഹു പറയുന്നു: "വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചുതരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക, നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍!'' (ഖുര്‍ആന്‍ 61: 10,11).

"ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെ''ന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. (3: 142).

മുസ്ലിംകളുടെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹണമത്രെ. "ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൌത്യത്തിനു വേണടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്ളിഷ്ടതയും അവനുണടാക്കിയിട്ടില്ല'' (22: 78).

ജിഹാദ് നടത്തുന്നവരെ നേര്‍വഴിക്ക് നയിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു: "നമ്മുടെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് നാം നമ്മുടെ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കും. അല്ലാഹു സുകൃതികളോടൊപ്പമാണ്. തീര്‍ച്ച'' (29: 69).

ജിഹാദിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ ഔന്നത്യവും ജീവിതവിജയവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. "സത്യം സ്വീകരിക്കുകയും നാടും വീടും വെടിയുകയും ദൈവമാര്‍ഗത്തില്‍ ദേഹധനാദികളാല്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാരോ അവരുടെ സ്ഥാനമാണ് അല്ലാഹുവിങ്കല്‍ മഹത്തരം. വിജയം വരിക്കുന്നവരും അവര്‍തന്നെ. തന്റെ അനുഗ്രഹവും തൃപ്തിയും അനശ്വര സുഖാനുഭൂതികളുള്ള സ്വര്‍ഗീയാരാമങ്ങളും അവര്‍ക്ക് ലഭിക്കുമെന്ന് അവരുടെ നാഥന്‍ സുവാര്‍ത്ത അറിയിക്കുന്നു. അവരാ ഉദ്യാനങ്ങളില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ അവര്‍ക്ക് മഹത്തായ പ്രതിഫലമുണട്'' (9: 20-22).

വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ലോകത്തും സത്യവും സന്മാര്‍ഗവും ധര്‍മവും നീതിയും സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള അധ്വാനപരിശ്രമങ്ങള്‍ക്കാണ് ഖുര്‍ആന്റെ സാങ്കേതിക ഭാഷയില്‍ ജിഹാദ് എന്ന് പറയുക. ഭാഷാപരമായ അര്‍ഥം കഠിനമായ പ്രയാസങ്ങളോടു മല്ലിടുക, സാഹസപ്പെടുക, കഠിനമായി പ്രയത്നിക്കുക, കഷ്ടതയനുഭവിക്കുക എന്നെല്ലാമാണ്.

സാഹചര്യമാണ് ജിഹാദിന്റെ രീതി നിശ്ചയിക്കുന്നത്. ഉപര്യുക്ത ലക്ഷ്യസാക്ഷാത്കാരത്തിന് ഓരോ കാലത്തും ദേശത്തും പരിതഃസ്ഥിതിയിലും ഏറ്റവും അനുയോജ്യവും അനുവദനീയവും ഫലപ്രദവുമായ രീതിയാണ് സ്വീകരിക്കേണടത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇച്ഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി മാറ്റാന്‍ നടത്തുന്ന ശ്രമംപോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവെ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: "നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു.'' പ്രവാചകശിഷ്യന്മാര്‍ ചോദിച്ചു: "ഏതാണ് ഏറ്റവും വലിയ ജിഹാദ്?'' അവിടുന്ന് അരുള്‍ ചെയ്തു: "മനസ്സിനോടുള്ള സമരമാണത്.''

കുടുംബത്തിന്റെ ഇസ്ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസപ്രചാരണവുമെല്ലാം ആ ഗണത്തില്‍ പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യം വെച്ചുള്ള ശാസ്ത്ര- സാങ്കേതിക- സാമ്പത്തിക- സാംസ്കാരിക- കലാ- സാഹിത്യ മേഖലകളിലെ ശ്രമങ്ങളും ജിഹാദുതന്നെ! എന്നാല്‍ ലക്ഷ്യം ദൈവിക വചനത്തിന്റെ, അഥവാ പരമമായ സത്യത്തിന്റെ ഉയര്‍ച്ചയായിരിക്കണം.

സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "കേവലം യുദ്ധം അല്ല 'ജിഹാദ്' എന്നതുകൊണടുദ്ദേശിക്കുന്നത്. അധ്വാനപരിശ്രമങ്ങള്‍, കഠിനയത്നം, അങ്ങേയറ്റത്തെ പ്രവര്‍ത്തനം, ശ്രമം എന്നീ അര്‍ഥങ്ങളിലാണ് ഈ പദം പ്രയോഗിക്കപ്പെടാറുള്ളത്. ജിഹാദ്, മുജാഹിദ് എന്നിവയുടെ ആശയത്തില്‍ തരണംചെയ്യാന്‍ അധ്വാനപരിശ്രമങ്ങള്‍ ആവശ്യമായിത്തീരുന്ന ഒരു പ്രതിപക്ഷശക്തിയുടെ സാന്നിധ്യവും കൂടി ഉള്‍പ്പെടുന്നുണട്. ഇതോടൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്ന ഉപാധി, പ്രതിലോമശക്തികളെന്നാല്‍ അല്ലാഹുവിനുള്ള അടിമത്തത്തെ നിഷേധിക്കുകയും അവന്റെ പ്രീതിയെ നിരാകരിക്കുകയും അവന്റെ മാര്‍ഗത്തില്‍ ചലിക്കുന്നതിനെ തടയുകയും ചെയ്യുന്നതെന്തൊക്കെയാണോ അതൊക്കെയാണെന്ന് നിര്‍ണയിക്കുകയും ചെയ്യുന്നു. അത്തരം പ്രതിലോമശക്തികളെ പരാജയപ്പെടുത്തി മനുഷ്യന്‍ സ്വയംതന്നെ അല്ലാഹുവിന്റെ ഉത്തമ അടിമയായിത്തീരുവാനും ദൈവികവചനത്തിന്റെ ഉന്നതിക്കും സത്യനിഷേധത്തിന്റെയും കൃതഘ്നതയുടെയും വചനങ്ങളുടെ പരാജയത്തിനും ജീവാര്‍പ്പണം ചെയ്യുകയെന്നതാണ് 'അധ്വാനപരിശ്രമങ്ങള്‍' കൊണടുദ്ദേശിക്കുന്നത്. ഈ മുജാഹിദിന്റെ പ്രഥമലക്ഷ്യം, സദാ ദൈവധിക്കാരത്തിന് പ്രേരണ നല്‍കിക്കൊണടിരിക്കുകയും സത്യവിശ്വാസത്തില്‍നിന്നും ദൈവാനുസരണത്തില്‍നിന്നും തന്നെ തടയാന്‍ ശ്രമിച്ചുകൊണടിരിക്കുകയും ചെയ്യുന്ന സ്വന്തം മനസ്സിന്റെ ദുഷ്പ്രവണത യാകുന്നു. അതിനെ കീഴ്പ്പെടുത്താന്‍ കഴിയാത്തേടത്തോളം കാലം ബാഹ്യരംഗത്ത് ഒരു 'മുജാഹിദി'ന് യാതൊരു സാധ്യതയുമില്ല."

സയ്യിദ് മൌദൂദി തന്നെ ഇതൊന്നുകൂടി വിശദീകരിക്കുന്നു: "ഒരു ഉദ്ദേശ്യം നേടേണടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നാണ് 'ജിഹാദി'ന്റെ അര്‍ഥം. ഇത് 'യുദ്ധ'ത്തിന്റെ പര്യായമല്ല; യുദ്ധത്തിന് അറബിയില്‍ 'ഖിതാല്‍' എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. 'ജിഹാദി'ന് അതിലും എത്രയോ വിപുലവും വിശാലവുമായ അര്‍ഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്കങ്ങള്‍കൊണട് അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണടിരിക്കുക, നാവുകൊണടും പേനകൊണടും അതിനെ പ്രചരിപ്പിക്കുക, കൈകാലുകള്‍കൊണട് അതിനുവേണടി പരിശ്രമങ്ങള്‍ നടത്തുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാര്‍ഗത്തില്‍ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂര്‍ണശക്തിയോടെയും ധൈര്യസ്ഥൈര്യത്തോടെയും നേരിടുക, ആവശ്യം വരുമ്പോള്‍ ജീവനെപ്പോലും ബലിയര്‍പ്പിക്കാന്‍ മടികാണിക്കാതിരിക്കുക ഇവക്കെല്ലാം കൂടിയുള്ള പേരാണ് 'ജിഹാദ്'. അത്തരം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവനത്രെ 'മുജാഹിദ്!' 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക'യെന്നാല്‍, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും അവന്റെ ദീന്‍ അവന്റെ ഭൂമിയില്‍ സ്ഥാപിതമാവേണടതിനും അവന്റെ വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണടതിനും മാത്രമായിരിക്കുകയും മറ്റൊരു താല്‍പര്യവും 'മുജാഹിദി'ന്റെ ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നാണ്.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 1, പേജ് 150)

വീണടും എഴുതുന്നു: "ഒരു പ്രതികൂല ശക്തിയെ നേരിടുന്നതിന് സമരം നടത്തുകയും ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നതിനാണ് മുജാഹദഃ എന്നു പറയുക. ഒരു പ്രത്യേക എതിര്‍ശക്തിയെ ചൂണടിക്കാണിക്കാതെ 'മുജാഹദഃ' എന്നു മാത്രം പറയുമ്പോള്‍ അതിനര്‍ഥം സമഗ്രവും സര്‍വതോമുഖവുമായ സമരം എന്നാണ്. വിശ്വാസി ഈ ലോകത്ത് നടത്തേണട സമരം ഈ വിധത്തിലുള്ളതാണ്. തിന്മയനുവര്‍ത്തിക്കുന്നതുകൊണടുണടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ചെകുത്താനുമായി അവന്‍ സദാ സമരംചെയ്തുകൊണടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാന്‍ ശക്തിയായി പ്രേരിപ്പിച്ചുകൊണടിരിക്കുന്ന സ്വമനസ്സുമായും സമരം ചെയ്യണം.

"ശക്തമായ ജിഹാദ്" എന്നതിന് മൂന്നര്‍ഥങ്ങളുണട്: ഒന്ന്, അധ്വാന പരിശ്രമങ്ങളില്‍നിന്ന് ഒരു നിമിഷം വിട്ടുനില്‍ക്കാതിരിക്കാനുള്ള നിതാന്ത യജ്ഞം. രണട്, മനുഷ്യന്‍ തന്റെ കഴിവുകളാസകലം പ്രയോജനപ്പെടുത്തിക്കൊണട് നടത്തുന്ന വന്‍തോതിലുള്ള പ്രയത്നം. മൂന്ന്, മനുഷ്യന്‍ തന്റെ പ്രയത്നശേഷിയുടെ ഒരുവശവും ഒഴിവാക്കാതെ നടത്തുന്ന ബഹുമുഖവും സമഗ്രവുമായ അധ്വാനപരിശ്രമം. ഏതെല്ലാം മുന്നണികളില്‍ ആയുധശക്തി പ്രവര്‍ത്തിച്ചുകൊണടിരിക്കുന്നുവോ അവിടങ്ങളില്‍ തന്റെ ശക്തികൂടി അതോടൊപ്പം ചേര്‍ക്കുക, സത്യത്തിന്റെ വിജയത്തിനുവേണടി ഏതെല്ലാം രംഗങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തിക്കേണടതാവശ്യമായി വരുന്നുവോ അവിടെയെല്ലാം നാവുകൊണടും പേനകൊണടുമുള്ള സമരം ഉള്‍പ്പെടെ ജീവന്‍കൊണടും ധനംകൊണടും ആയുധങ്ങള്‍കൊണടും പടപൊരുതുക.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 444)

ജിഹാദിന് വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ഥം കല്‍പിക്കുന്നത് തീര്‍ത്തും തെറ്റാണ്. ഇസ്ലാമിനുമുമ്പുള്ള അറബി സാഹിത്യത്തില്‍ യുദ്ധത്തെ സംബന്ധിച്ച ധാരാളം കവിതകളും പ്രഭാഷണങ്ങളും കാണാവുന്നതാണ്. അവയിലെവിടെയും യുദ്ധത്തിന് 'ജിഹാദ്' എന്ന പദം പ്രയോഗിച്ചിട്ടില്ല.

സായുധ സമരം അനിവാര്യമാവുകയും വ്യവസ്ഥാപിതമായ നേതൃത്വം അതാവശ്യപ്പെടുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ അതില്‍ പങ്കുചേരേണ്ടത് അതിനു കഴിവുള്ള ഓരോ വിശ്വാസിയുടെയും ബാധ്യതയും, അതില്‍നിന്ന് മാറിനില്‍ക്കുന്നത് കൊടിയ പാപവുമാണ്. എന്നാല്‍ ഇസ്ലാമില്‍ സായുധ ജിഹാദ് പ്രഖ്യാപിക്കേണടത് ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ അല്ല. സ്ഥാപിതമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരികളോ അംഗീകൃത സമുദായ നേതൃത്വമോ ആണ്. അതുകൊണടുതന്നെ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും ഇസ്ലാമിക ജിഹാദല്ല. അത്തരം കൃത്യങ്ങളെ ഇസ്ലാമുമായി ചേര്‍ത്തുപറയുന്നത് തീര്‍ത്തും തെറ്റാണ്.

ചുരുക്കത്തില്‍ ജിഹാദെന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ അബദ്ധപൂര്‍ണമാണ്. ജിഹാദിന്റെ വിവിധയിനങ്ങളില്‍ ഒന്നു മാത്രമാണത്. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ പ്രവാചകന്മാരെല്ലാം ജിഹാദ് ചെയ്തവരാണ്. എന്നാല്‍ അവരില്‍ സായുധയുദ്ധം നടത്തിയവര്‍ അത്യപൂര്‍വമത്രെ. ദൈവത്തിന്റെ അന്ത്യദൂതന്‍ മുഹമ്മദ് നബിതിരുമേനി പ്രവാചകത്വത്തിനുശേഷം മക്കയില്‍ കഴിച്ചുകൂട്ടിയ പതിമൂന്നു വര്‍ഷവും ജിഹാദില്‍ വ്യാപൃതനായിരുന്നു. എന്നാല്‍ ഒരിക്കല്‍പോലും ആയുധമെടുത്ത് പൊരുതിയിട്ടില്ല. അതിന് അനുവാദവുമുണടായിരുന്നില്ല. ജിഹാദ് എന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ തിരുത്തപ്പെടേണ്ട അബദ്ധമാണെന്ന് സത്യം ഗ്രഹിക്കാന്‍ ശ്രമിക്കുന്ന ഏവര്‍ക്കും അനായാസം ബോധ്യമാകും. അവലംബം (http://www.lalithasaram.net/6.html)

സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താന്‍ ഏത് വേദഗ്രന്ഥത്തില്‍നിന്നും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയോ അതിനേക്കാളേറെയോ തെറ്റിദ്ധരിപ്പിക്കാനുവുന്നതാണ്. ആരോപണം കേട്ടാല്‍ തോന്നും യുദ്ധത്തെ പരാമര്‍ശിക്കുന്ന വചനങ്ങള്‍ ഖുര്‍ആനില്‍ മാത്രമേ ഉള്ളൂവെന്ന്. ഡോ. സാക്കിര്‍ നായിക്ക് നല്‍കുന്ന വിശദീകരണം കൂടി കേള്‍ക്കൂ.




2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പ്രവാചകനിന്ദയെ പ്രതിരോധിക്കേണ്ട വിധം

734
ഇത് ആദ്യത്തെയോ, അവസാനത്തെയോ നിന്ദയല്ല. പ്രവാചക നിയോഗം മുതല്‍ ശത്രുക്കളും വിദ്വേഷികളും പലവിധത്തില്‍ അദ്ദേഹത്തെ ആക്ഷേപിക്കാനും, അവമതിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രസ്തുത ആരോപണങ്ങളുടെയും മുറിവേല്‍പിക്കലിന്റെയും ചില രൂപങ്ങളും തലങ്ങളും വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഞാനിത് വരെ കണ്ടിട്ടില്ലാത്ത, പതിനൊന്ന് മിനുട്ടോളം വരുന്ന ആ വീഡിയോ പതിനാല് നൂറ്റാണ്ടുകളായി സമാധാനത്തിന്റെ ദൂതന് നേരെ എയ്ത് വിട്ട് കൊണ്ടിരിക്കുന്ന വിഷംപുരട്ടിയ, വൃത്തികെട്ട ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രവാചക നിന്ദയെന്ന മഹാസമുദ്രത്തിലെ കേവലം ഒരു തുള്ളി മാത്രമാണ്.

മുമ്പ് പറയപ്പെട്ടതിന്റെ കേവല ചര്‍വിതചര്‍വണം മാത്രമാണിത്. പ്രസ്തുത ആശയങ്ങളെയും ചിന്തകളെയും വാദങ്ങളെയും അണ്ണാക്ക് തൊടാതെ വിഴുങ്ങുകയാണ് ഇക്കൂട്ടര്‍. അതിനാല്‍ അവയില്‍ പുതുതായൊന്നും ഞാന്‍ കാണുന്നില്ല. മാത്രമല്ല, ചില പ്രദേശങ്ങളില്‍ -പ്രത്യേകിച്ചും ഈജിപ്തില്‍- കാണുന്ന പോലെ മാരകമായ അക്രമ പ്രതിഷേധം ഈ വിഷയത്തില്‍ വേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഉത്തരവാദിത്തപ്പെട്ട എല്ലാ കേന്ദ്രങ്ങളാലും അവഗണനക്ക് വിധേയമായ, അപലപിക്കപ്പെട്ട ഒന്നാണതെന്നത് ഒരു പക്ഷെ പുതുമയുള്ള കാര്യമായിരിക്കാം. പ്രസിദ്ധമായ ചര്‍ച്ചുകളിലോ, ഇപ്പോള്‍ പ്രതിഷേധമിരമ്പിക്കൊണ്ടിരിക്കുന്ന, എംബസികള്‍ ആക്രമിക്കപ്പെടുകയും, അംബാസഡര്‍ കൊല്ലപ്പെടുകയും ചെയ്ത അമേരിക്കയില്‍ പോലും അപ്രകാരമാണ് അത് സ്വീകരിക്കപ്പെട്ടത്.

നാം മൗനം പാലിക്കണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. രോഷം പ്രകടിപ്പിക്കല്‍ നമ്മുടെ അവകാശം തന്നെയാണ്. പക്ഷെ അത് എപ്രകാരമായിരിക്കണമെന്നതാണ് ചോദ്യം. മാത്രമല്ല, നമ്മുടെ രോഷത്തിന്റെ സന്ദേശം ആരിലേക്കാണ് എത്തേണ്ടത്? വര്‍ഗീയ പക്ഷപാതികളും, സങ്കുചിതത്വ വീക്ഷണമുള്ളവരും, ചീത്തവര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഹാലിളകുന്നവരുമായ ഏതാനും പേരുടെ കൂടെ കൂടിയാണോ നാമത് പ്രകടിപ്പിക്കേണ്ടത്? മതസമൂഹത്തില്‍ അസ്വസ്ഥതയും, സങ്കീര്‍ണതയും വ്യാപിക്കുന്നതില്‍ സായൂജ്യമടയുന്നവരുടെ പ്രവര്‍ത്തനങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് പ്രതിരോധിക്കുകയും ചെറുക്കുകയുമാണ് നാം ചെയ്യേണ്ടത്. ആ വീഡിയോ തയ്യാറാക്കിയവര്‍ അത്തരത്തിലുള്ളവരില്‍ പെട്ടവരാണ്. സമൂഹത്തില്‍ ചിദ്രതയും അനൈക്യവും പരസ്പര വിദ്വേഷവും വ്യാപിപ്പിക്കുവാനും, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ യുദ്ധത്തിന്റെ തീ കത്തിക്കുവാനും ശ്രമിക്കുന്ന ബുദ്ധിശൂന്യരാണവര്‍.
873
ഇവിടെ നമ്മുടെ ശ്രദ്ധ പതിയേണ്ട  ചില കാര്യങ്ങളുണ്ട്. സ്വേഛാധിപത്യത്തില്‍ ആര്‍മാദിച്ചിരുന്ന, സര്‍വസായുധ സജ്ജരായിരുന്ന മുബാറകിന്റെ ഭരണത്തെ താഴെയിറക്കാന്‍ സമാധാന പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചുവെന്നതാണ് ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അനുഭവം. പ്രസ്തുത വിജയം സമാധാനപരമായ മാറ്റത്തിന്റെ മാര്‍ഗത്തിലുള്ള പുതിയ കാല്‍വെയ്പായിരുന്നു. എന്നാല്‍ ഈ പുതിയ സമാധാന വിപ്ലവശ്രമങ്ങളുടെ മുഖത്തേറ്ര പോറലാണ് അമേരിക്കന്‍ എംബസിയോട് ഏതാനും പേര്‍ സ്വീകരിച്ച സമീപനം. അതില്‍ കടന്ന് കയറുകയും, മതിലില്‍ പിടിച്ച്കയറി പതാകയിറക്കിയതും ഈ തലത്തില്‍ നിന്നാണ് വീക്ഷിക്കേണ്ടത്. ചില അല്‍പന്‍മാര്‍ അതിന് പകരം ഹിസ്ബുത്തഹ്‌രീറിന്റെ പതാക തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചുവത്രെ. ഈജിപ്തില്‍ ഒരു സ്വാധീനവുമില്ലാത്ത പാര്‍ട്ടിയാണത്. അതിന്റെ അനുയായികള്‍ ഉയര്‍ത്തുന്ന ഏതാനും ചില കറുത്ത കൊടികളല്ലാതെ അതിന്റെ ഒരവശിഷ്ടവും അവിടെയില്ല. മാത്രമല്ല, ലിബിയയിലെ ബങ്കാസയില്‍ കാര്യം കുറച്ച് കൂടി വഷളാവുകയാണുണ്ടായത്. അവിടെ അമേരിക്കന്‍ അംബാസഡര്‍ പ്രക്ഷോഭത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. എന്നാല്‍ ലിബിയയില്‍ നിന്ന് എനിക്ക് ലഭിച്ച ഔദ്യോഗിക വിശദീകരണത്തില്‍ അറിയാന്‍ കഴിഞ്ഞത് എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ കാവല്‍ക്കാരന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘട്ടനമുണ്ടായത് എന്നാണ്. സ്വാഭാവികമായും അവര്‍ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ എംബസിക്ക് നേരെ എറിയുകയും അംബാസഡര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഏകദേശം എല്ലാ അറബ് രാഷ്ട്രങ്ങളുടെയും തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍, കുറ്റകൃത്യത്തിന്റെ ഉറവിടം എന്ന നിലക്ക് അമേരിക്കന്‍ എംബസിയുടെ മുന്നില്‍ ധര്‍ണ നടത്തുകയും, തങ്ങളുടെ പ്രതിഷേധ കുറിപ്പ് അമേരിക്കന്‍ പ്രതിനിധികള്‍ക്ക് കൈമാറിയതിന് ശേഷം ശാന്തതയോടെ പിരിഞ്ഞ് പോരുകയുമാണ് ചെയ്തിരുന്നതെങ്കില്‍, അതാവുമായിരുന്നു രോഷപ്രകടനത്തിന്റെ ഉന്നതരൂപമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ത്തും ക്രിയാത്മകവും, നാഗരികവും, മാന്യവുമായ വിധത്തില്‍ സന്ദേശം അതിന്റെ വക്താക്കള്‍ക്കെത്തുമായിരുന്നു. പക്ഷെ അത് മാത്രം സംഭവിച്ചില്ല. മുസ്‌ലിംകളുടെ ഭാഗത്ത് നിന്നുള്ള മാധ്യമങ്ങളും പ്രവാചകന് നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളേക്കാള്‍ കേന്ദ്രീകരിച്ചത് അവക്ക് മറുപടി നല്‍കുന്നതിലാണ്.

പ്രസ്തുത വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം ഖേദം പ്രകടിപ്പിച്ചതാണ്. സിനിമയിറക്കിയ നടപടി മോശമായെന്ന് വൈറ്റ് ഹൗസ് തന്നെ ഔദ്യോഗികമായി അറിയിച്ചതുമാണ്. എന്നിട്ടും പ്രസ്തുത സംഭവത്തിന്റെ ഉത്തരവാദി, അഥവാ കുറ്റവാളി അമേരിക്കയാണെന്ന വിധത്തിലാണ് രോഷപ്രകടനക്കാര്‍ പെരുമാറിയത്. കുറച്ച് മാധ്യമ സ്വാധീനവും, അധികാരകേന്ദ്രവും സ്വന്തമായുള്ള അല്‍പബുദ്ധികള്‍ കാണിച്ച അവിവേകമാണത്.

അറബ് ലോകത്തിനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന രാഷ്ട്രീയത്തിന് നാമെല്ലാവരും എതിരാണെന്നത് വസ്തുത തന്നെയാണ്. പക്ഷെ, ഇപ്പോള്‍ നമ്മില്‍ നിന്നും സംഭവിച്ച തിന്മയെ, കുറ്റത്തെ നാം അതിനെ നിരസിക്കുകയും, അപലപിക്കുകയുമാണ് വേണ്ടത്. കുറ്റം ആരോപിച്ചവര്‍ എന്നതിലുപരിയായി ഒരു സാക്ഷിയും മധ്യവര്‍ത്തിയുമായി ഈ സംഭവത്തെ നാം സമീപിച്ചിരുന്നുവെങ്കില്‍ അതായിരുന്നു ഉത്തമമായത്.

നമുക്ക് ആ വീഡിയോയുടെ വിശദവിവരങ്ങള്‍ അറിയില്ല. പക്ഷെ മൂന്ന് കാര്യങ്ങള്‍ നമുക്കറിയാം. ഇസ്‌ലാമിനെയും, പ്രവാചനെയും അവമതിക്കുന്ന കാര്യങ്ങള്‍ അതുള്‍ക്കൊള്ളുകയും മുസ്‌ലിംകളോട് വെറുപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതാണ് ഒന്നാമത്തേത്. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൂചിപ്പിച്ച പോലെ അത് ആവിശ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല എന്നതാണ് രണ്ടാമത്തേത്. കാരണം ആവിഷ്‌കാര സ്വാതന്ത്ര്യം ഇതര മതങ്ങളെ നിന്ദിക്കാന്‍ അനുവദിക്കുന്നില്ല. മൂന്നാമതായി അക്രമ മാര്‍ഗത്തിലൂടെ പ്രതിഷേധമറിയിച്ച ചില മുസ്‌ലിംകളുടെ നടപടി അവര്‍ മര്‍ദിതരായിരിക്കെത്തന്നെ അവര്‍ക്ക് നഷ്ടമാണ് വരുത്തിയത്.

ബുദ്ധിമാന്‍മാര്‍ പ്രവാചക മഹത്വം പ്രതിരോധിക്കണമെന്നാണ് എന്റെ ആഗ്രഹം. കേവലം ബഹളമുണ്ടാക്കി, തോന്നിയത് ചെയ്യുന്ന അല്‍പന്മാര്‍ ഈ കേസില്‍ നമ്മെ പരാജയപ്പെടുത്തുകയേ ഉള്ളൂ. അതോടൊപ്പം പ്രവാചകനെതിരായ ആരോപണങ്ങളും, അവഹേളനങ്ങളും പവിത്രമായ അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു പോറലേല്‍പിക്കാന്‍ പോലും പര്യാപ്തമല്ലെന്ന് നാം മനസ്സിലാക്കണം. എന്നാല്‍ മുസ്‌ലിംകള്‍ സൃഷ്ടിക്കുന്ന അവഹേളനവും, മാനക്കേടുമാണ് നമുക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധി.
അവലംബം : http://www.islamonlive.in/story/2012-09-16/1347781861-373762

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review