2012, ജനുവരി 27, വെള്ളിയാഴ്‌ച

രാജ്യം പൌരന്‍മാരെ സംശയിക്കുമ്പോള്‍ ?

മൂഹമ്മദ് നബി ജൂതന്മാരെ വംശഹത്യനടത്തിയോ ? എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗം.


ഒരു രാജ്യത്തിന്റെ പൌരന്‍മാരുടെ സുരക്ഷയും സമാധാനവും അതിന്റെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പരമപ്രധാന്യമുള്ളതാണ്. അത് വൈദേശികമായ ഭീഷണിയായാലും അഭ്യന്തര ഭീഷണിയായാലും ശരി. ഭരണകൂടം അതില്‍ അലംഭാവം പുലര്‍ത്തുന്നത് സമാധാനമാഗ്രഹിക്കുന്ന ഒരു പൌരനും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ലോകത്തെ ഒരു ഭരണാധികാരിയും അത്തരം ഒരു ജാഗ്രതയുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ ഈ വിഷയത്തില്‍ അതിര് വിടുന്നത് ആശാവഹമല്ല. സുരക്ഷയുടെ പേരില്‍ പൌരസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുണ്ട്. അഭിപ്രായ പ്രകടനത്തിന് വിലങ്ങുകളിട്ടും, രാജ്യമൊട്ടാകെ ചാരന്‍മാരെയും അന്വേഷണ നിരീക്ഷണം ഉദ്യോഗസ്ഥരെ വിന്യസിച്ചും, ഫോണും ഇമെയിലും ചോര്‍ത്തിയും രാജ്യരക്ഷയെ മറയാക്കി വ്യക്തികളുടെ സ്വകാര്യത വരെ കവരുന്നവരില്‍ ജനാധിപത്യരാജ്യങ്ങളാണ് മുന്നിലെന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. മെയില്‍ ചോര്‍ത്തുന്നതില്‍ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത് ഗുഗിളിന്റെ 2010 ലെ സുതാര്യതാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയാറുള്ളത് അഭിപ്രായ സ്വാതന്ത്ര്യമാണ്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിച്ചവരിലും സ്വേഛാധിപത്യ-രാജാധിപത്യരാജ്യങ്ങളെ പിന്നിലാക്കി നാം അഞ്ചാം സ്ഥാനത്ത് നിലകൊള്ളുന്നു.

ഇതിവിടെ സാന്ദര്‍ഭികമായി ഓര്‍ത്തുപോയതാണ്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയെ പരിചയപ്പെടുത്തുന്നവര്‍, ഇന്ത്യന്‍ ജനാധിപത്യത്തെക്കാള്‍ അഭിപ്രായ സ്വാതന്ത്ര്യവും ഇന്ത്യന്‍ മതേതരത്വത്തേക്കാള്‍ മതേതരത്വവും മദീനയില്‍ പ്രവാചകനാല്‍ സ്ഥാപിതമായ ഇസ്ലാമിക ഭരണകൂടത്തിനുണ്ടായിരുന്നുവെന്ന് അവകാശപ്പെടാറുണ്ട്. അവിടെ കുറ്റവാളികളായി പിടിക്കപ്പെടുന്നത് വരെ ഒരു സമൂഹത്തെയും സംശയത്തിന്റെ പേരില്‍ വേട്ടയാടിയ ഒരൊറ്റ സംഭവം പോലും ലഭ്യമല്ല. മൂന്ന് ജൂത ഗോത്രങ്ങളില്‍ രണ്ട് ഗോത്രം കരാര്‍ ലംഘിച്ചിട്ട് പോലും മുന്നാമത്തെ ഗോത്രത്തെ വിശ്വാസത്തിലെടുത്താണ് പ്രവാചകന്‍ യുദ്ധസന്ദര്‍ഭത്തില്‍ പോലും മുന്നോട്ട് പോയത്. എന്നാല്‍ കുറ്റവാളികളെയും രാജ്യത്ത് അക്രമം പ്രതീക്ഷിച്ച് പണിയെടുക്കുന്നവരെയും നിയന്ത്രിക്കുകയും ശിക്ഷനല്‍ക്കുകയും ചെയ്യുക എന്നത് രാജ്യത്തെ പൌരന്‍മാരോട് തന്നെയുള്ള കാരുണ്യത്തിന്റെ ഭാഗമാണ്. അത് പ്രവാചകന്‍ ചെയ്തിട്ടുമുണ്ട്. നമ്മുക്ക് ബനൂഖുറൈള സംഭവത്തിലേക്ക് ഈ കാര്യങ്ങള്‍ കൂടിമുന്നില്‍വെച്ച് ഒന്നുകൂടി കണ്ണോടിക്കാം.

['സംഭവത്തിന്റെ അവസാന ‘ഭാഗം മാത്രം അവതരിപ്പിച്ച് നബി (സ്വ)യില്‍ ക്രൂരതയും പ്രതികാരവാഞ്ചയും ആരോപിക്കുകയാണ് വിമര്‍ശകരുടെ പതിവുശൈലി. പലായനം ചെയ്ത് മക്കയില്‍ നിന്ന് മദീനയിലെത്തിയ ഉടനെ നബി(സ്വ)മദീനയിലെ ബനൂ ഖൈനൂഖാഅ്, ബനൂ നദീര്‍ , ബനൂ ഖൂറൈദ എന്നീ പ്രബലരായ ജൂതഗോത്രങ്ങളുമായി സന്ധിയുണ്ടാക്കിയിരുന്നുവെന്നും പ്രസ്തുത സന്ധിയുടെ നിരന്തരമായ ലംഘനവും രാഷ്ട്രത്തിനകത്തുനിന്ന് അതിനെതിരെയുണ്ടാക്കിയ ലഹളകളുമാണ് ഈ ഗോത്രങ്ങളോടെല്ലാം നിഷ്കൃഷ്ടമായ നിലപാടെടുക്കുവാന്‍ പ്രവാചകനെ (സ്വ) പ്രേരിപ്പിച്ചെതെന്നുമുള്ള വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് വിമര്‍ശകര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. മദീനയിലുള്ള ജൂതന്‍മാരെ സംരക്ഷിക്കുവാന്‍ ഇസ്ലാമിക രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ ജീവനോ സ്വത്തോ ഹനിക്കപ്പെടുകയില്ലെന്നും വിശ്വാസമോ മതമോ ഉള്‍ക്കൊള്ളുന്നതിന് തടസ്സമൊന്നുമുണ്ടാകുകയില്ലെന്നും മുസ്്ലിംകളും ജൂതന്‍മാരും പരസ്പരം പോരടിക്കുകയില്ലെന്നും ജൂതന്‍മാര്‍ രാജ്യത്തിന്റെ പൊതുനിയമങ്ങള്‍ അനുസരിക്കുമെന്നും മുസ്ലിംകള്‍ക്കെതിരെ ശത്രുക്കളെ സഹായിക്കുകയില്ലെന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ തക്കം കിട്ടിയപ്പോഴെല്ലാം ലംഘിച്ച് ഇസ്ലാമിക രാഷ്ട്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച് ആഭ്യന്തര ശത്രുക്കളായിത്തീര്‍ന്ന ജൂതഗോത്രങ്ങളെ പാഠം പഠിപ്പിക്കാതെ മദീനക്കു നിലനില്‍ക്കാനാകില്ലെന്ന അവസ്ഥയുണ്ടായപ്പോഴാണ് അവര്‍ക്കെതിരെ ശക്തവും നീതിയിലധിഷ്ഠിതവുമായ വിധികള്‍ നടപ്പാക്കാന്‍ പ്രവാചകന്‍ (സ്വ) സന്നദ്ധനായത്.


ഒരു മുസ്്ലിംസ്ത്രീയെ അങ്ങാടിയില്‍ വെച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അവരുടെ നിലവിളി കേട്ടെത്തിയ ഒരു മുസ്ലിം അതുചെയ്ത ബനൂഖൈനൂഖാഅ് ഗോത്രത്തിലെ ജൂതനുമായി സംഘട്ടനത്തിലേര്‍പ്പെടുകയും അത് ജൂതന്റെ മരണത്തില്‍ പര്യവസാനിക്കുകയും ചെയ്തു. അതോടനുബന്ധിച്ച് ജൂതന്‍മാര്‍ സംഘടിതരായി ആ മുസ്ലിമിനെ വധിച്ചു. അതോടെ മുസ്ലിംകളും ജൂതന്‍മാരും തമ്മില്‍ സംഘട്ടനങ്ങളുണ്ടായി. നീതി നടപ്പാക്കേണ്ടത് രാഷ്ട്രമാണെന്നും ആരും നിയമം കയ്യിലെടുക്കെരുതെന്നും പരസ്പരം സംഘട്ടനത്തിലേര്‍പ്പെടരുതെന്നുമുള്ള കരാര്‍ വ്യവസ്ഥകളെല്ലാം ലംഘിച്ച അവരോട് കൊലപാതകിയോട് പ്രതിക്രിയ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുവെങ്കിലും അവരത് നിരസിക്കുകയും പ്രവാചകനെയും ഇസ്ലാമിനെയും അപഹസിച്ചുകൊണ്ട് ആഭ്യന്തരകലാപത്തിന് ആക്കം കൂട്ടുകയും ചെയ്യുകയാണുണ്ടായത.് അങ്ങനെയാണ് ബനൂഖൈനൂഖാഅ് ഗോത്രം താമസിക്കുന്ന കോട്ട ഉപരോധിക്കുകയും അവരോട് കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പതിനാലു ദിവസങ്ങള്‍ പിടിച്ചുനിന്നെങ്കിലും അവസാനം അവര്‍ കീഴടങ്ങി. രാജ്യവുമായുണ്ടാക്കിയ കരാറിനെ കാറ്റില്‍ പറത്തുകയും ആഭ്യന്തരകലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഖൈനൂഖാഉകാരെ സിറിയയിലേക്കു നാടുകടത്തി, മുഹമ്മദ് നബി (സ്വ). രാജ്യദ്രോഹികളെന്ന നിലയില്‍ കടുത്ത നടപടികളെടുക്കേണ്ട കുറ്റമായിരുന്നിട്ടുപോലും തങ്ങള്‍ക്ക് കൊണ്ട് പോകാന്‍ കഴിയുന്ന മുഴുവന്‍ സമ്പത്തും സാധനങ്ങളുമായി സമാധാനപൂര്‍വ്വം നാടുവിടാന്‍ അവരെ അനുവദിക്കുകയാണ് പ്രവാചകന്‍ (സ്വ)ചെയ്തത്.


രാഷ്ട്രനേതാവായിരുന്ന മുഹമ്മദ് നബി(സ്വ)യെ വധിക്കുവാന്‍ പല തവണ ഗൂഢാലോചന നടത്തുകയും അതിലെല്ലാം പരാജയപ്പെടുകയും ചെയ്തപ്പോഴാണ് ബനൂ നദീര്‍ ഗോത്രക്കാരെ നാടുകടത്താന്‍ മുഹമ്മദ് നബി(സ്വ) സന്നദ്ധമായത്. ഒരിക്കലവര്‍ ക്ഷണിച്ചുവരുത്തിയത് പ്രകാരം ചെന്നപ്പോഴാണ് വലിയൊരു കല്ല് തലയിലേക്ക് മറിച്ചിട്ട് നബി(സ്വ)യെ വധിക്കാന്‍ അവര്‍ ശ്രമിച്ചത്. മൂന്ന് അനുയായികളെയും കൂട്ടിച്ചെന്ന് ഇസ്ലാമാണ് സത്യമെന്ന് സംവദിച്ച് ബോധ്യപ്പെടുത്തിയാല്‍ തങ്ങളെല്ലാം മുസ്ലിംകളാകാമെന്ന ഉറപ്പിന്‍മേല്‍ അവരുടെ വാസസ്ഥലത്തേക്ക് പുറപ്പെട്ട മുഹമ്മദ് നബി(സ്വ) യെയും മൂന്ന് പേരേയും കൊന്നുകളയുവാന്‍ അവര്‍ ഗൂഢാലോചന നടത്തി. ഈ പരിശ്രമങ്ങളിലെല്ലാം അവര്‍ പരാജയപ്പെട്ടു. രാഷ്ട്രനേത്യത്വത്തെ വധിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് ഒരു ക്ഷേമരാഷ്ട്രത്തിന് മുന്നോട്ട് പോകുവാന്‍ കഴിയുക? കാര്യങ്ങളിത്രയും വഷളായപ്പോള്‍ നദീര്‍ ഗോത്രത്തോട് സ്വയം തന്നെ മദീന വിട്ടു പോകുവാന്‍ മുഹമ്മദ് നബി(സ്വ) ആവശ്യപ്പെട്ടു. നാടിന്റെ നേതാവിനെ വധിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു സമൂഹത്തെ ആ നാട്ടില്‍ നിര്‍ത്താന്‍ കഴിയുകയില്ലെന്നതിനാല്‍ പത്തു ദിവസത്തിനകം മദീന വിട്ടുപോകണമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. അവര്‍ അതിനു സന്നദ്ധമായില്ല. പത്തു ദിവസത്തിനു ശേഷം പ്രവാചകനും അനുയായികളും അവരുടെ കോട്ട ഉപരോധിച്ചു. അവസാനം ഗത്യന്തരമില്ലാതെ അവര്‍ നാടുവിടാമെന്ന് സമ്മതിച്ചു. തങ്ങളുടെ ഒട്ടകങ്ങള്‍ക്ക് വഹിക്കാനാവുന്ന സമ്പത്ത് കൊണ്ടുപോകുവാന്‍ തങ്ങളെ അനുവദിക്കണമെന്ന നദീര്‍ ഗോത്രത്തിന്റെ അഭ്യര്‍ത്ഥന പ്രവാചകന്‍ അംഗീകരിച്ചു. തങ്ങളുടെ ഒട്ടകങ്ങളും അവയ്ക്ക് താങ്ങാനാവുന്ന സമ്പത്തുക്കളുമായി ബനൂനദീര്‍ ഗോത്രത്തിലുള്ളവര്‍ ശാമിലേക്കും ഖൈബറിലേക്കും യാത്രയായി.



ഗോത്രക്കാരോട് രണ്ട് കരാറുകളിലേര്‍പ്പെട്ടിരുന്നു, മുസ്ലിംകള്‍. മക്കയിലെത്തിയ ഉടനെ മറ്റുഗോത്രങ്ങളുമായുണ്ടാക്കിയതു പോലെയുള്ള കരാറാണ് ഒന്നാമത്തേത്. നദീര്‍ ഗോത്രവുമായി യുദ്ധമുണ്ടായപ്പോള്‍ അവരുടെ സഹോദരഗോത്രമെന്ന നിലക്ക് രണ്ടാമതൊരുകരാര്‍ കൂടെയുണ്ടാക്കി, ബനൂഖുറൈദയുമായി. ഹിജ്റ അഞ്ചാം വര്‍ഷം നടന്ന അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് ഈ രണ്ടു കരാറുകളും അവര്‍ കാറ്റില്‍ പറത്തി. മദീനക്കു ചുറ്റുമുള്ള ഇസ്ലാമിന്റെ ശത്രുക്കളെല്ലാം ഒറ്റക്കെട്ടായി മുസ്ലിംകള്‍ക്കെതിരെ യുദ്ധത്തിനു വന്ന സമയം. അവരുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുന്നത് ഗുണകരമാകില്ലെന്ന് മനസ്സിലാക്കി അവര്‍ മദീനയിലേക്ക് കടക്കാതിരിക്കാന്‍ മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കുകയാണ് പ്രവാചകനും അനുയായികളും ചെയ്തത്. മദീനയിലുള്ള ബനൂഖുറൈദക്കാര്‍ ചതിക്കാതിരുന്നാല്‍ പ്രസ്തുത കിടങ്ങ് ചാടിക്കടന്ന് ശത്രുക്കള്‍ക്ക് മദീനയെ ആക്രമിക്കാനാകാത്ത രൂപത്തിലായിരുന്നു കിടങ്ങിന്റെ നിര്‍മാണം. യുദ്ധം തുടങ്ങിയപ്പോള്‍ ബനൂഖുറൈദക്കാരുടെ മട്ടുമാറി. നാടുകടത്തപ്പെട്ട നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യ്ബ്നു അഖ്തബിന്റെ ദുരുപദേശം കാരണം അവര്‍ കരാര്‍ ലംഘിക്കാന്‍ ധൃഷ്ടരായി. ബനൂഖുറൈദക്കാര്‍ കരാര്‍ ലംഘിക്കുകയും തങ്ങളുടെ കോട്ട തുറന്ന് കൊടുക്കുകയും ചെയ്താല്‍ ശത്രുക്കള്‍ക്ക് നിഷ്്പ്രയാസം മദീനക്കകത്തേക്ക് കടക്കാന്‍ കഴിയും. പ്രവാചകന്‍ (സ്വ)പ്രതിനിധികളെ വിട്ട് ബനൂഖുറൈദക്കാരെ കരാറുകളെക്കുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും അവര്‍ അത് പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. മുസ്്ലിംകള്‍ ഏറെ പരിഭ്രമിച്ചു പോയ ഘട്ടമായിരുന്നു അത.് മദീനയിലെ മൊത്തം സമ്പത്തിന്റെ മൂന്നില്‍ ഒന്നു നല്‍കിക്കൊണ്ടുപോലും സന്ധിചെയ്യാന്‍ നബി(സ്വ) സന്നദ്ധനായി. മുസ്്ലിംകള്‍ ദയനീയമായി തോല്‍ക്കുമെന്നും അതുവഴി മദീന തങ്ങളുടേതായിത്തീരുമെന്നും കരുതിയ ബനൂഖുറൈദക്കാര്‍ ഒരു സന്ധിനിര്‍ദേശത്തിനും വഴങ്ങിയില്ല. മുസ്്ലിംകളുടെ കണ്ണുതള്ളി. തങ്ങളും തങ്ങളുടെ രാജ്യവും പൂര്‍ണമായി നിഷ്കാസനം ചെയ്യപ്പെടാന്‍ പോവുകയാണ്. അവരുടെ ഹൃദയം തൊണ്ടക്കുഴിയിലെത്തിയെന്നാണ് ഈ അവസ്ഥയെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത്. (33:9-11). എന്നാല്‍ മുസ്ലിംകളെ അല്ലാഹു സഹായിച്ചു. മദീനയില്‍ വീശിയടിച്ച കൊടുങ്കാറ്റും തണുപ്പും കാരണം ശത്രുക്കള്‍ക്ക് പിന്തിരിഞ്ഞോടേണ്ട സ്ഥിതിയുണ്ടായി.മുസ്ലിംകളുടെ യുദ്ധതന്ത്രങ്ങള്‍ ശത്രുസൈന്യത്തെ ഭിന്നിപ്പിച്ചു. ബനൂഖുറൈദക്കാരുടെ വഞ്ചന പരാജയപ്പെട്ടു. യുദ്ധം കഴിഞ്ഞപ്പോള്‍ ബനൂഖുറൈദക്കാരെ ശക്തമായ പാഠം പഠിപ്പിച്ചില്ലെങ്കില്‍ മുസ്ലിംകളുടെ നിലനില്‍പുതന്നെ ‘ഭീഷണിയിലാവുമെന്ന് മനസ്സിലാക്കിയ മുഹമ്മദ് നബി(സ്വ) അവരുടെ കോട്ട ഉപരോധിച്ചു. ഒരുമാസത്തോളം നീണ്ട ഉപരോധത്തിനൊടുവില്‍ തങ്ങളുടെ സഖ്യഗോത്രത്തലവനായ സഅദ്ബ്നുമുആദിന്റെ വിധി അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ അവര്‍ കീഴടങ്ങി. മദീനയിലെത്തിയ ഉടനെ ജൂതഗോത്രങ്ങളുമായുണ്ടാക്കിയ കരാറില്‍ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെ തോറയിലെ നിയമം നടപ്പാക്കാനാണ് സഅദ്ബ്നു മുആദ് ആവശ്യപ്പെട്ടത്. ഇത്തരം ഘട്ടങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന തോറയുടെ കല്‍പനയിങ്ങനെയാണ്: "യുദ്ധ ത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം. അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കു മ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീക ളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവ സ്തുക്കളായി എടുത്തു കൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രു ക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചു കൊള്ളുക. ഈ ദേശ ക്കാരുടേതല്ലാത്ത വിദൂരസ്ഥമായ പട്ടണങ്ങളോടു നീ ഇപ്രകാര മാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്.'(ആവര്‍ത്തനം 20:10 -16). ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായവരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കുകയും ചെയ്യാന്‍ സഅദ് വിധിച്ചു. പ്രസ്തുത വിധി നടപ്പിലാക്കിയ മുഹമ്മദ് നബി(സ്വ) ക്രൂരനാണെന്ന് വിമര്‍ശിക്കുന്നവര്‍ ഈ വിധി തോറയുടേതാണെന്ന വസ്തുതയോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് ചെയ്യുന്നത്. ബനൂഖുറൈദക്കാര്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹക്കുറ്റത്തിന് അവരുടെ വേദഗ്രന്ഥം വിധിക്കുന്ന ശിക്ഷ നല്‍കിയത് ക്രൂരതയാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. രാഷ്ട്രത്തിനെതിരെ കലാപങ്ങള്‍ നടത്തുകയും തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ ഒറ്റുകൊടുക്കുകയും ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന പാഠമാണ് ബനൂഖുറൈദാ സംഭവം നല്‍കുന്നത്.' (അവലംബം) ]

തുടരും.

2012, ജനുവരി 25, ബുധനാഴ്‌ച

മൂഹമ്മദ് നബി ജൂതന്മാരെ വംശഹത്യനടത്തിയോ ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ചചെയ്യപ്പെടുന്ന മനുഷ്യവ്യക്തിത്വം പ്രവാചകന്‍ മുഹമ്മദ് നബിയാണ്. ലോകചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വും അദ്ദേഹം തന്നെ എന്ന് മൈക്കല്‍ എച്ച് ഹാര്‍ട്ട്, ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി (The 100: A Ranking of the Most Influential Persons in History) എന്ന പുസ്തകത്തിലൂടെ നമ്മുക്ക് തെളിയിച്ചു തരികയും ചെയ്യുന്നു. അതിന്റെ സ്വാഭാവികമായ ഒരു പരിണതിമാത്രമാണ് എന്ന് തോന്നുന്നു. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നതും പ്രവാചകന്‍ മുഹമ്മദ് നബി തന്നെ. അദ്ദേഹത്തിന്റെ ജിവിതം മറ്റേത് നേതാവിനെക്കാളും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സാമൂഹിക ജീവിതം മാത്രമല്ല, കുടുംബ ജീവിതവും. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ ഏടും സൂക്ഷമ വിശകലനത്തിന് വിധേയമാക്കിയിരിക്കുന്നു. മതപരമായും രാഷ്ട്രീയമായും വിജയം വരിച്ച വ്യക്തിത്വം എന്നതാണ് മൈക്കല്‍ എച്ച് ഹാ‌ര്‍ട്ട് പ്രവാചകനില്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. വിമര്‍ശനത്തിന്റെ മേഖലയും അതുകൊണ്ട് തന്നെ വിശാലമായിരിക്കും. പക്ഷെ വിമര്‍ശകരില്‍ പലരും അദ്ദേഹം ഒരു ഭരണാധികാരികൂടി ആയിരുന്നുവെന്ന വസ്തുത പലപ്പോഴും സൗകര്യപൂര്‍വം മറക്കാറുണ്ട്. പ്രത്യേകിച്ചും ആദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ വശം പരിചപ്പെടുത്തുമ്പോള്‍.

വിശുദ്ധഖുര്‍ആന്‍ പ്രവാചകനെ ലോകത്തിനൊക്കെയും കാരുണ്യമായിട്ടാണ് പരാമ‌ര്‍ശിക്കുന്നത്. പക്ഷെ വിര്‍ശകരെന്ന ഇസ്ലാമിനെ ശത്രുതയോടെ കാണുന്നവര്‍ക്ക് ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. അതിന് വേണ്ടി അവര്‍ പ്രവാചക ചരിത്രം പരതിയപ്പോള്‍ കണ്ട് കിട്ടിയതാണ് ബനൂഖുറൈള സംഭവം. കടുത്ത വഞ്ചനയും രാജ്യദ്രോഹകുറ്റവും ചെയ്തതിന്റെ പേരില്‍ ജൂതഗോത്രമായ ബനൂഖുറൈള എന്ന ജൂതഗോത്രത്തിലെ പുരുഷന്‍മാര്‍ക്ക് മുഴുവന്‍ വധശിക്ഷ നല്‍കേണ്ടി വന്നു. ഇതിനെയാണ് സാധാരണയായി നെറ്റിലെ ചര്‍ചയില്‍, 'ജൂതന്‍മാരെ വംശഹത്യനത്തിയ മുഹമ്മദിന് കാരുണ്യത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല' എന്ന് ഇസ്ലാം വിമര്‍ശകര്‍ പൊതുവെ പറഞ്ഞ് വരുന്നത്. അത് എത്ര പേരുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ ഭിന്നമായ അഭിപ്രായം ഉണ്ട് 600 നും 900 നും ഇടയിലാണ് എന്നാണ് ത്വബ് രി അഭിപ്രായപ്പെടുന്നത്.  ഈ സംഭവം വള്ളിപുള്ളിവിടാതെ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അത് എരുവും പുളിയും കൂട്ടി ഹൃദയസ്പൃക്കായി വിമര്‍ശകര്‍ അവതരിപ്പിക്കുകയും ചെയ്യും. സത്യത്തില്‍ എന്താണ് അവിടെ നടന്നത്. പ്രസ്തുത സംഭവത്തിന്റെ ന്യയമെന്താണ് എന്നത് എല്ലാവരും പഠിക്കേണ്ടതുണ്ട്. സത്യത്തിനോ നീതിക്കോ മനുഷ്യത്വത്തിനോ നിരക്കാത്ത ഒരു പ്രവൃത്തിയും പ്രവാചകന് ചെയ്യാവതല്ല. അപ്രകാരം ചെയ്യുന്ന പക്ഷം അദ്ദേഹത്തിന് പ്രവാചകനായിരിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കുകയില്ല.

എന്താണ്  സംഭവിച്ചത് എന്ന് നമ്മുക്ക് നോക്കാം. 'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

എന്തായിരുന്നു ഇത്തരം ഒരു നടപടിയിലേക്ക് നയിച്ച സന്ദര്‍ഭം എന്ന് വിശദമായി പഠിക്കുന്ന പക്ഷേ പ്രവാചകനെതിരെയുള്ള മറ്റേത് വിമര്‍ശനവും പോലെതന്നെ ഇതും ആവിയായി പോകുക മാത്രമല്ല നേരത്തെ മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റേതായി പരാമര്‍ശത്തിന് കൂടുതല്‍ തെളിവ് നല്‍കുകയും ചെയ്യുന്നു. (തുടരും)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review