2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ആയിശ (റ)ടെ വിവാഹപ്രായം വീണ്ടും.


ആയിശ (റ)യെ നബി (സ) ആറാം വയസ്സില്‍ വിവാഹം ചെയ്തു ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടി എന്ന ധാരണ ചരിത്രപരമായും ബുദ്ധിപരമായും ന്യായീകരിക്കത്തക്കതല്ല എന്ന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതേ ബ്ലോഗില്‍ ഞാനൊരു പോസ്റ്റിട്ടിരുന്നു. അത് കണ്ട മുസ്ലിംകള്‍ക്ക് പരിഗണനീയമായ അഭിപ്രായം എന്ന നിലക്ക് വിട്ടപ്പോള്‍,  നിലവിലെ ധാരണ ശരിയാണ് എന്ന് സ്ഥാപിക്കാന്‍ കാര്യമായി ശ്രമിച്ചത് ബൂലോകത്ത് അറിയപ്പെടുന്ന യുക്തിവാദികളാണ്. ഇപ്പോള്‍ ഇസ്ലാമിലെ വിവാഹ പ്രായം ചര്‍ചയാകുമ്പോള്‍ വീണ്ടും ആയിശയുടെ വിവാഹപ്രായവും ഇടക്കിടെ പൊങ്ങി വരുന്നു. അതേ സമയം അക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരും നിലവിലെ ധാരണ ശരിയല്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവരും കൂടിവരുന്നതായിട്ടാണ് അനുഭവം. താഴെ നല്‍കിയ ഡോ. കെ.ടി ജലീലിന്റെ അഭിപ്രായവും , ആദില്‍ സലാഹിയുടെ ലേഖനവും ഇതോടൊപ്പം ചേര്‍ത്ത്  വായിക്കുക. 


ഡോ. കെ.ടി ജലീല്‍ തന്റെ ഫെയ്സ് ബുക്കില്‍ എഴുതി..

ആയിഷ(റ)യെ മുഹമ്മദ് നബി വിവാഹം കഴിക്കുമ്പോഴുള്ള പ്രായം 19 ആണെന്ന കാര്യത്തില്‍ ചില സുഹൃത്തുക്കള്‍ തെളിവ് ചോദിച്ചത് കണ്ടു . പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിഷ്ക്കാത്തില്‍ റസൂല്‍ ആയിഷാ ബീവിയെ വിവാഹം കഴിക്കുമ്പോളുള്ള വയസ്സിനെക്കുറിച്ച് പറയുന്നത് , 19 എന്നതിന്റെ അറബി വാക്കായ 'തിസ്അത്തു അഷറി'ല്‍ നിന്ന് പത്ത് എന്ന പദത്തെ പ്രതിനിധാനം ചെയ്യുന്ന 'അഷര്‍' വിട്ടുപോയതാവാമെന്നാണ് . ഇക്കാര്യം തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ പ്രൊഫ.സുബൈര്‍ ഈയടുത്ത് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട് . തന്നെയുമല്ല , ആയിഷാബീവിയും ജ്യേഷ്ഠസഹോദരി അസ്മാബീവിയും തമ്മിലുള്ള പ്രായവ്യത്യാസം പത്താണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല . ആയിഷാബീവിയുടെ വിവാഹം നടക്കുന്ന സമയത്ത് അസ്മാബീവിക്ക് 29 വയസ്സായിരുന്നുവെന്നാണ് പ്രമാണങ്ങളില്‍ കാണുന്നത് . അപ്പോഴും ആയിഷാബീവിയുടെ വിവാഹസമയത്തെ വയസ്സ് 19 ആണെന്ന് കാണാം . മിടുക്കിയും ബുദ്ധിമതിയുമായ തന്റെ മകള്‍ ആയിഷയെ അബൂബക്കര്‍ സിദ്ദീഖ്(റ) ഉമറിനോ ഉസ്മാനോ അലിക്കോ വിവാഹം ചെയ്തുകൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു . എന്നാലിവര്‍ മൂന്നുപേരും ഇങ്ങനെയൊരു ആലോചന ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ മുഹമ്മദ് നബിയുടെ ഭാര്യയാകേണ്ടവളാണ് ബുദ്ധിമതിയായ ആയിഷയെന്ന് മറുപടി പറഞ്ഞതായും ചരിത്രരേഖകളിലുണ്ട് . കേവലം 9 വയസ്സുള്ള തന്റെ മകളെ ഉമറിനോ ഉസ്മാനോ അലിക്കോ അബൂബക്കര്‍ സിദ്ദീഖ്(റ) വിവാഹാലോചന നടത്തുമെന്ന് കരുതാനാകുമോ? മുഹമ്മദ് നബിയുടെ മറ്റു ഭാര്യമാരുടെ വയസ്സ് പരിഗണിക്കുമ്പോഴും ആയിഷാബീവിക്ക് റസൂല്‍ വിവാഹം കഴിക്കുമ്പോള്‍ 9 വയസ്സാണെന്ന് കരുതാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല . പ്രവാചകസ്നേഹമല്ല 9 വയസ്സ് വാദക്കാരെ നയിക്കുന്നതെന്ന് വ്യക്തം . പ്രവാചകനിന്ദ ലക്ഷ്യമിട്ട് ഇസ്ലാമിന്റെ തത്പര കക്ഷികള്‍ പ്രചരിപ്പിച്ച കള്ളക്കഥ അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടര്‍ ഏറ്റുപാടുകയാണ് . ഇവരുടെ വീറും വാശിയും കാണുമ്പോള്‍ ആയിഷാബീവി വിവാഹിതയാകുന്ന സമയത്ത് അവരുടെ പ്രായം 9 വയസ്സാണെന്ന് വിശ്വസിക്കല്‍ ഇസ്ലാംകാര്യത്തിലും ഈമാന്‍ കാര്യത്തിലും പെട്ടതാണെന്നാണ് തോന്നുക . അങ്ങനെ കരുതാത്തവര്‍ക്ക് നരകം ഉറപ്പെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു . അതിലൊട്ടും ഭയപ്പാടില്ലാത്ത ഞങ്ങളെപ്പോലുള്ളവരെ വെറുതെവിട്ടേക്കക . ഏതെങ്കിലും സംഘടനാനേതാക്കളുടെ കക്ഷത്താണ് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിന്റെ താക്കോലെന്ന് ആര്‍ക്കെങ്കിലും വിശ്വസിച്ചേ അടങ്ങൂ എന്നുണ്ടെങ്കില്‍ അവരങ്ങനെ കരുതിക്കൊള്ളട്ടെ . അതിന്റെ പേരില്‍ വാലുചുരുട്ടി മാളത്തിലൊളിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല .

**************************




ആദില്‍ സലാഹി എഴുതിയ ലേഖനം (ഫെയ്സ് ബുക്കില്‍നിന്ന് ലഭിച്ചത്)  



ആയിശ (റ) പ്രവാചകന്‍ (സ) വിവാഹം ചെയ്യുമ്പോള്‍ ഒമ്പതു വയസ്സുകാരിയായിരുന്നുവെന്നാണ് പൊതുവായി അറിയപ്പെടുന്ന നിവേദനങ്ങളില്‍ ഉള്ളത്. എന്നാല്‍ ഈ റിപോര്‍ട്ട് സംശയാസ്പദമാണ്. പല രീതിയിലും ഇതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആയിശ (റ) അവരുടെ 18നും 22 നും ഇടയിലുള്ള വയസ്സിലാണ് നബിയെ വിവാഹം ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

അങ്ങനെ പറയാനുള്ള കാരണം ഇവയാണ്:

ഒന്നാമതായി ആയിശയെ പ്രവാചകന് വിവാഹം ആലോചിക്കുന്നതിനു മുമ്പ് തന്നെ ജൂബൈറു ബ്‌നു മുതിമ്മിന് വിവാഹം ആലോചിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം അവിശാസിയായിരുന്നു. അവിശ്വാസികളെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന ഇസ്‌ലാമിക വിധി അന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.

മുഹമ്മദ് നബിയുടെ തന്ന മൂത്ത പുത്രിയായ സൈനബും ഇതു പോലെ അവരുടെ അവിശ്വാസിയായ ഭര്‍ത്താവ് അബൂ അല്‍ ആസിനോടൊപ്പം കുറെ കാലം ജീവിച്ചിരുന്നു. ആയിശയെ വിവാഹമാലോചിച്ചു പ്രവാചകന്‍ അബൂബകറിന്റെ അടുക്കല്‍ ആളെ അയച്ചപ്പോള്‍ ആയിശയുടെ പിതാവായ അബൂബക്കര്‍ (റ) പറഞ്ഞു. ജൂബൈറിന്റെ ആള്‍ക്കാര്‍ അവളെ വിവാഹം ആലോചിച്ചിട്ടുണ്ട്. എന്നാലും കുഴപ്പമില്ല. അവരില്‍ നിന്ന് ഞാന്‍ അവളെ വിടുതല്‍ വാങ്ങാം.

മറ്റൊരാളുമായി വിവാഹം ആലോചിച്ചുവെച്ചിട്ടുള്ള ആയിശയെ പ്രവാചകന് വിവാഹം ചെയ്തുകൊടുക്കണമെങ്കില്‍ അബൂബക്‌റിന് ആദ്യ കൂട്ടരെ തന്ത്രപരമായി ഒഴിവാക്കണമായിരുന്നു. പ്രവാചകന് ആയിശയെ വിവാഹമാലോചിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ ശേഷം മാത്രമാണ് വിവാഹം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഒമ്പതാം വയസ്സില്‍ വിവാഹം കഴിഞ്ഞ ആയിശയെ തിരുമേനി ആറാം വയസ്സില്‍ തന്നെ വിവാഹം ആലോചിച്ചുവെന്നു വരും. എന്നു മാത്രമല്ല, ആ വയസ്സില്‍ പോലും മറ്റൊരാള്‍ക്ക് വേണ്ടി ആ പെണ്‍കുട്ടിയ ആലോചിച്ചു വെച്ചിരുന്നുവെന്നാണ്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

രണ്ടാമത്തെ കാര്യം ആയിശയെ വിവാഹം ചെയ്യാന്‍ പ്രവാചകനോടു നിര്‍ദേശിക്കുന്നത് അനുചരന്‍മാരില്‍ ഒരാളാണ്. ഖദീജ മരണപ്പെട്ട ശേഷം ഖദീജയെപോലെ പ്രവാചകനെ പരിചരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന നല്ല ഒരു പത്‌നിയെ വേണമെന്ന് നിര്‍ദേശിക്കുന്നത് ഖൗല ബിന്‍ത് ഹകീമാണ്. ഖൗലയുടെ മനസ്സില്‍ ആരെങ്കിലുമുണ്ടോയെന്ന പ്രവാചകന്റെ ചോദ്യത്തിന് അവര്‍ മറിച്ചു ചോദിച്ചു. കന്യകയെയാണോ അതല്ല പക്വതയെത്തിയ സ്ത്രീയെയാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? രണ്ടു പേരുടെയും പേരുകള്‍ പറയാന്‍ തിരുമേനി അവരോടു ആവശ്യപ്പെട്ടു. പക്വതയെത്തിയ സ്ത്രീയായി അവര്‍ പറഞ്ഞത് സൗദയെയും കന്യകയായി അവര്‍ പറഞ്ഞത് ആയിശയെയുമാണ്. അപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു. നിങ്ങള്‍ രണ്ടുപേരെയും ആലോചിച്ചുകൊള്ളൂ. അങ്ങനെ രണ്ടു ആലോചനകളും സ്വീകരിക്കപ്പെട്ടു.

അധിക കാലം കഴിയുന്നതിനു മുമ്പുതന്നെ തിരുമേനി സൗദയെ വിവാഹം ചെയ്തു. എന്നാല്‍ ആയിശയുമായുള്ള വിവാഹം തിരുമേനി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുവോളം പിന്തിച്ചു. അഥവാ വിവാഹാലോചന നടന്ന് മൂന്നുവര്‍ഷത്തിനു ശേഷമാണ് തിരുമേനി മദീനയിലേക്കു ഹിജ്‌റ പോകുന്നത്. അവിടെവെച്ചാണ് തിരുമേനി ആയിശയെ വിവാഹം ചെയ്യുന്നത്.

പ്രവാചക തിരുമേനി വിവാഹാലോചന നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നു എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. നാല് പെണ്‍മക്കളുണ്ടായിരുന്നവരില്‍ രണ്ടു പേര്‍ വിവാഹിതകളായിരുന്നു അപ്പോള്‍. മറ്റു രണ്ടു പേര്‍ നബിയോടൊപ്പമുണ്ട്. ഏറ്റവും ഇളയ പുത്രി ഫാത്തിമബീവിക്ക് അന്ന് 13 നോടടുത്തായിരുന്നുപ്രായം. അതിനാല്‍ വീട്ടില്‍ ആരും ഇല്ലാത്ത അവസ്ഥയിലായിരുന്നില്ല അദ്ദേഹം.

പ്രവാചകന് ഒരു ഇണയുടെ കൂട്ടുവേണമെന്ന് മനസ്സിലാക്കിയ ഖൗല തിരുമേനിക്കു ഒരു വധുവിനെ വേണമെന്ന് പറയുമ്പോള്‍ അതു വഴി ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ മകളേക്കാള്‍ വളരെ പ്രായംകുറഞ്ഞ ഒരു ബാലികയെയായിരുന്നുവെന്ന് കരുതാന്‍ ന്യായമുണ്ടോ? അദ്ദേഹത്തെ പരിചരിക്കാനും സ്‌നേഹിക്കാനും ഒരു കുട്ടിയെ വേണമെന്നാണോ അവര്‍ ഉദ്ദേശിച്ചത്? അത് തീര്‍ത്തും യുക്തിവിരുദ്ധമായ ഒരു കാര്യമാണ്.

മൂന്നാമതായി, പ്രവാചകചരിത്രത്തിലെ ഏറ്റവും പഴയതും ആധികാരികവുമായ ഇബ്‌നു ഇസ്ഹാഖിന്റെ ഗ്രന്ഥത്തില്‍ ആദ്യമായി ഇസ് ലാം സ്വീകരിച്ച ആളുകളെ പരിചയപ്പെടുത്തുന്ന ഒരു പ്രത്യേക അധ്യായമുണ്ട്. സ്ത്രീകളും കുട്ടികളുമായി 51 പേര്‍ ആ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ആരും കുട്ടികളില്ല. പ്രവാചക തിരുമേനിയുടെ ആദ്യ നാല് അഞ്ച് വര്‍ഷത്തിനിടയിലാണ് ഇക്കൂട്ടര്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇതില്‍ ആയിശയുടെ പേരുമുണ്ട്. ഇസ്‌ലാം സ്വീകരിക്കുമ്പോല്‍ അവര്‍ വളരെ ചെറുപ്പമായിരുന്നുവെന്നും അതില്‍ പറയുന്നു. അവര്‍ ചെറുപ്പമായിരുന്നു. എന്നാല്‍ തന്റെ വിശ്വാസം തെരഞ്ഞെടുക്കാനും അതു പ്രഖ്യാപിക്കാനും മാത്രമുള്ള പക്വത അവര്‍ക്കുണ്ടായിരുന്നു.

അവര്‍ക്കന്ന് പത്ത് വയസ്സുണ്ടായിരുന്നുവെന്ന് അനുമാനിക്കുകയാണെങ്കില്‍ അവര്‍ ഇസ് ലാം സ്വീകരിക്കുമ്പോള്‍ അഞ്ച് വയസ്സായിരുന്നു. അപ്രകാരം ആയിശ വിവാഹിതയായിട്ടുണ്ടാവുക 19 ാമത്തെ വയസ്സിലാണ്. കാരണം പ്രവാചകന്‍ വിവാഹം ആലോചിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മദീനയിലേക്കു ഹിജ്‌റ പോയി. അവിടെ ചെന്ന് ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം മാത്രമാണ് തിരുമേനി അവരെ വിവാഹം ചെയ്യുന്നത്.

ആയിശ വിവാഹിതയാകുമ്പോള്‍ ഒരു പൂര്‍ണ്ണ സ്ത്രീയായിട്ടുണ്ടായിരുന്നുവെന്നതിന് വേറെയും തെളിവുകളുണ്ട്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review