2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ?

ഇ.എ. ജബ്ബാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി ഈ ത്രെഡ് മുതല്‍ ആരംഭിക്കുകയാണ്. സൌകര്യത്തിന് വേണ്ടി സമാനമായ ചോദ്യങ്ങളെ ഒന്നിച്ചെടുത്താണ് മറുപടി പറയുന്നത്.

ചോദ്യം

['പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? : നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?; എന്നിങ്ങനെ നിരന്തരം യുക്തിചിന്തയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട് കുര്‍ ആനില്‍ . ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.

(1)ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ? (2)മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ? (3)മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട് ?. (4)സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?.']

മറുപടി

ഇ.എ. ജബ്ബാര്‍ ആദ്യമായി പറയുന്നത് ശരിയാണ്. ഖുര്‍ആന്‍ നിരന്തരം മനുഷ്യനോട് ബുദ്ധിയും യുക്തിചിന്തയും ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടുകയും അത് ഉപയോഗപ്പെടുത്താത്തവരെ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ കണ്ടെത്തുന്നതിലും ജീവിതത്തിന്റെ യാഥാര്‍ഥ്യം അറിയുന്നതിലും തന്നെയാണ് ബുദ്ധിയും യുക്തിയും ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തതതക്കായി ഇവിടെ നല്‍കട്ടേ.

തങ്ങളുടെ അറിവിന്റെ പരിധിക്ക് പുറത്തുള്ളവയെ നിഷേധിക്കുന്നതിരെ ഖുര്‍ആന്‍ ശക്തമായി താകീത് ചെയ്യുന്നു. യുക്തിവാദികള്‍ക്ക് ഒരു ഉദാഹരണം പറഞ്ഞാല്‍ പെട്ടെന്ന് ഇത് മനസ്സിലാകും. പരിണാവവാദത്തെക്കുറിച്ച് പഠിക്കാന്‍ സന്നദ്ധമാകാതെ അത് മുന്‍ധാരണയോടെ തള്ളിക്കളയുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുക. എന്ന പോലെ തന്നെയാണ് അറിയാന്‍ ശ്രമിക്കാതെ കാര്യങ്ങളെ തള്ളിക്കളയുന്നത്. ഇവരെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു. ['കാര്യമിതാകുന്നു: അവരുടെ അറിവിന്റെ പരിധിക്കപ്പുറമുളളതും അനന്തരഫലം മുമ്പില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതിയെ അവര്‍ (വീണ്ടുവിചാരമില്ലാതെ) തള്ളിക്കളഞ്ഞു. ഇതുപോലെ ഇവര്‍ക്കു മുമ്പുളള ജനവും തള്ളിക്കളഞ്ഞിട്ടുണ്ട്. ആ അക്രമികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നോക്കുക'.(10:39)]

ചുറ്റുപാടുകളെക്കുറിച്ചും സ്വന്തം ശരീരത്തെക്കുറിച്ചും ചിന്തിക്കാന്‍ അത് ആവശ്യപ്പെടുന്നു. ചിന്തിക്കുന്ന ഹൃദയത്തെയും കണ്ണിനെയും കാതിനെയും ഉപയോഗപ്പെടുത്തണമെന്നും അത് ആവശ്യപ്പെടുന്നു.  ['ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.' (22:46)]

നാല്‍കാലികളുടെ പ്രത്യേകത അവ മനുഷ്യരെ പോലെ യുക്തിപൂര്‍വം ചിന്തിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ്. എന്നാല്‍ അവയ്ക് ചിന്തിച്ച് യുക്തി പുര്‍വം പ്രവര്‍ത്തിക്കേണ്ടതില്ല അതിനാല്‍ അവയെ സൃഷ്ടിക്കപ്പെട്ടതും ഇത്തരം കഴിവ് നല്‍കപ്പെടാതെയാണ്. എന്നാല്‍ മനുഷ്യന്‍ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടവനാണ്. ചിന്തിക്കാത്ത പക്ഷം അവന്‍ നാല്‍കാലിയേക്കാള്‍ മോശക്കാരനായി തീരും ഈ സത്യമാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. [ (7:-176-179) 'നീ ഈ കഥകള്‍ അവരെ കേള്‍പ്പിച്ചുകൊണ്ടിരിക്കുക-അവര്‍ കുറച്ച് ആലോചിച്ചെങ്കിലോ. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്ന ജനത്തിനുള്ള ഉദാഹരണം വളരെ ദുഷിച്ചതുതന്നെ. അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാകുന്നു. അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നവന്‍ മാത്രമാകുന്നു സന്മാര്‍ഗം പ്രാപിക്കുന്നവന്‍. അല്ലാഹു അവന്റെ മാര്‍ഗദര്‍ശനം വിലക്കിയവര്‍ പരാജിതരും ലക്ഷ്യമില്ലാത്തവരും തന്നെയാകുന്നു. ഇതു സത്യമാകുന്നു, നാം നരകത്തിനു വേണ്ടിത്തന്നെ സൃഷ്ടിച്ചിട്ടുള്ള ധാരാളം മനുഷ്യരും ജിന്നുകളുമുണ്ട്.140 അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു. ']

ജബ്ബാര്‍ പറയുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ട ഒരാള്‍ ദൈവത്തെക്കുറിച്ച് യുക്തിപരമായി ധാരാളം ചോദ്യങ്ങള്‍ ഉന്നയിക്കും. ശരിയാണ് ചോദിക്കാവുന്നതും ആണ്. അതിന് നല്‍കപ്പെടുന്ന മറുപടികളെ യുക്തിപൂര്‍വം വിശകലനം ചെയ്യാവുന്നതുമാണ്. ഇവിടെയും ശ്രദ്ധേയമായ ഒരു മാറ്റം സ്വാഗതം ചെയ്യുന്നു. ദൈവത്തെ തന്നെ നിഷേധിക്കുന്നവര്‍ ദൈത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുക യുക്തിശൂന്യമായ ഒരു പരിപാടിയായിരുന്നു ഇതുവരെയും ചിലര്‍ ബോധപൂര്‍വമോ അല്ലാതെയോ ചെയ്തുകൊണ്ടിരുന്നത്. ഇവിടെ ദൈവത്തിന്റെ സാന്നദ്ധ്യം അംഗീകരിച്ച ശേഷം ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ദൈവം എന്തിന് ഈ പ്രപഞ്ചം പടച്ചുവെന്ന ചോദ്യത്തിന് ഉത്തരം ദൈവം പറഞ്ഞ് തന്നിട്ടില്ല. പക്ഷെ ഇത് സംബന്ധമായി ഒരു കാര്യം ഉണര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ ദൈവത്തിന് ഒരു ലക്ഷ്യം ഉണ്ട്. അതെന്തുമാകട്ടേ അത് മനുഷ്യനെ ബാധിക്കുന്നില്ല എന്നതാണ് പറഞ്ഞുതരാതിരിക്കാനുള്ള ന്യായം എന്ന് തോന്നുന്നു. ഉണര്‍ത്തിയകാര്യം ഈ പ്രപഞ്ചത്തെ ഒരു കളിയായി സൃഷ്ടിച്ചതല്ല എന്നതാണ്. അത് അറിഞ്ഞിരിക്കേണ്ടത് മനുഷ്യന് ആവശ്യവുമാണ്. ഖുര്‍ആന്‍ പറഞ്ഞു. [ 'ഈ ആകാശ-ഭൂമികളെയും അവക്കിടയിലുള്ള വസ്തുക്കളെയും നാം വിനോദമായി സൃഷ്ടിച്ചിട്ടുള്ളതല്ല. തികഞ്ഞ യാഥാര്‍ഥ്യത്തോടുകൂടിയാകുന്നു സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ, ഇവരിലധികമാളുകളും അറിയുന്നില്ല.'(44:38,39)].

എന്നാല്‍ മനുഷ്യരെ സൃഷ്ടിച്ചത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരം നല്‍കപ്പെട്ടേ മതിയാകൂ. കാരണം എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നറിയാതെ സ്രഷ്ടാവിന്റെ തൃപ്തിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഒരു ജോലിക്കാരനെ ജോലിക്ക് വിളിച്ചാല്‍ ജോലി എന്താണെന്ന് വ്യക്തമാക്കി കൊടുക്കണം. മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ച് ദൈവം പറഞ്ഞത്  ഇങ്ങനെയാണ്...  ['ഞാന്‍ ജിന്നുവംശത്തെയും മനുഷ്യവംശത്തെയും സൃഷ്ടിച്ചിട്ടില്ല-അവര്‍ എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ. ഞാന്‍ അവരില്‍നിന്ന് യാതൊരു വിഭവവും കാംക്ഷിക്കുന്നില്ല. അവര്‍ എന്നെ ഊട്ടണമെന്നാഗ്രഹിക്കുന്നുമില്ല. അല്ലാഹുവോ, സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശക്തനുമാകുന്നു.'(51:56-58)]

ഇവിടെ പൊതുവെ ജനങ്ങള്‍ എന്താണ് ഇബാദത്ത് എന്ന് മനസ്സിലാക്കുതില്‍ ചില പിഴവ് വരുത്തിയിരിക്കുന്നു. അതേ പിഴവോടെ കാര്യം മനസ്സിലാക്കിയത് കൊണ്ടാണ് പ്രധാനമായും ഈ ചോദ്യം ഇവിടെ ഉത്ഭവിച്ചത്. ഇബാദത്ത് എന്നാല്‍ കേവലം മനുഷ്യന്‍ നടത്തിവരുന്ന സാമ്പദായികാര്‍ഥത്തിലുള്ള ആരാധനയല്ല. ആരാധന സൃഷ്ടിപ്പിന്റെ ഒരു ലക്ഷ്യവുമല്ല. കാരണം ആരാധനകള്‍ ദൈവത്തിന് വല്ല ശക്തിയും വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നില്ല. ദൈവം മനുഷ്യനില്‍നിന്ന് ആഹാരമോ വിഭവമോ ആഗ്രഹിക്കുന്നില്ല. അപ്പോള്‍ പിന്നെ എന്താണ് ഇബാദത്ത്.

പണ്ഡിതന്‍മാര്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. എനിക്ക് യുക്തമായി തോന്നിയ ഒരു വ്യാഖ്യാനം ഇവിടെ നല്‍കുന്നു. ['തന്റെ ജീവിതത്തില്‍ സ്വാതന്ത്യ്രത്തിനതീതമായ മണ്ഡലങ്ങളില്‍ സ്വശരീരത്തിലെ ഓരോ രോമവും വരെ സ്വയം ദൈവത്തിനടിമപ്പെട്ടുകൊണ്ടിരിക്കുന്നതുപോലെ, സ്വാതന്ത്യ്രത്തിന്റെ പരിധിക്കകത്തുള്ള കാര്യങ്ങളിലും സന്മനസ്സോടെ ദൈവത്തെ അനുസരിക്കുകയും അവന്ന് അടിമപ്പെടുകയും ചെയ്യേണ്ടതാണ്. ഇബാദത്ത് എന്ന പദം സൂക്തത്തില്‍, നോമ്പ്, നമസ്കാരം തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ എന്ന അര്‍ഥത്തില്‍ മാത്രം ഉപയോഗിച്ചിട്ടുള്ളതല്ല. അതുകൊണ്ട് ജിന്നും മനുഷ്യനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് നമസ്കരിക്കാനും നോമ്പനുഷ്ഠിക്കാനും തസ്ബീഹും തഹ്ലീലും ചൊല്ലാനുമാകുന്നു എന്നതാണ് ഈ സൂക്തത്തിനര്‍ഥമെന്ന് ആരും വിചാരിക്കേണ്ടതില്ല. ആ അര്‍ഥവും ഇതിന്റെ ആശയത്തിലുള്‍പ്പെടുന്നുവെങ്കിലും അത് ഇതിന്റെ പൂര്‍ണമായ ആശയമാകുന്നില്ല. പൂര്‍ണരൂപത്തിലുള്ള ആശയം ഇതാണ്. അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലും ആരാധനയോ അനുസരണമോ നേര്‍ച്ച വഴിപാടുകളോ ചെയ്യുന്നതിനുവേണ്ടി മനുഷ്യരും ജിന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ദൈവമല്ലാത്ത മറ്റാരുടെയും മുന്നില്‍ തലകുനിക്കുകയോ മറ്റാരുടെയെങ്കിലും ആജ്ഞാനുവര്‍ത്തിയാവുകയോ മറ്റാരോടെങ്കിലും ഭയഭക്തി പുലര്‍ത്തുകയോ ഏതെങ്കിലും കൃത്രിമ മതങ്ങളെ പിന്‍പറ്റുകയോ ആരെയെങ്കിലും തന്റെ വിധാതാവായി കരുതുകയോ ദൈവേതരമായ ഏതെങ്കിലും അസ്തിത്വത്തിനു മുമ്പില്‍ കൈനീട്ടി പ്രാര്‍ഥിക്കുകയോ ചെയ്യുക അവന്റെ ധര്‍മമല്ല'. (തഫ്ഹീമുല്‍ ഖുര്‍ആന്‍ )‍]

സ്വഭാവികമായും അടുത്ത ചോദ്യം എന്തിന് മനുഷ്യന്‍ ഇപ്രകാരം ദൈവത്തിന് ഇബാദത്ത് മാത്രം ചെയ്യണം എന്നതാണ്. അതിന്റെ യുക്തിപൂര്‍വകമായ മറുപടിയായി എനിക്ക് തോന്നിയിട്ടുള്ളത്. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന് അംഗീകരിച്ചുകഴിഞ്ഞാല്‍ ആ ദൈവത്തിന്റെ കല്‍പനകള്‍ ജീവിതത്തില്‍ പാലിക്കുക എന്നത് അവന്റെ മേല്‍ അനിവാര്യമായി വരുന്നതാണ്. ഇതര സൃഷ്ടികളെ അവന്‍ കല്‍പനാധികാരമുള്ള അസ്തിത്വമായി,  ആരാധിക്കപ്പെടേണ്ടുന്നവയായി അംഗീകരിക്കാതിരിക്കുക എന്നത് അവന്റെ തന്നെ അന്തസിന്റെയും അഭിമാനത്തിന്റെയും ഭാഗമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ..  എന്നെ പോലെയുള്ള ഒരു സൃഷ്ടിയുടെ കല്‍പനകള്‍ നിരുപാധികം അനുസരിക്കേണ്ട ബാധ്യത എനിക്കില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ യഥാര്‍ഥ സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വിധേയമായി മാത്രമേ പാടുള്ളൂ.

ആരാധന, ഇബാദത്തിന്റെ ഒരു ഭാഗമാണ്. അനുസരണം അവന് മാത്രമായ പോലെ തന്നെ ആരാധനയും അവന് മാത്രമായിരിക്കണം എന്ന് ദൈവം അനുശാസിക്കുന്നു. ഇത് മനുഷ്യനെ അവനെപ്പോലുള്ള സൃഷ്ടികളുടെ അടിമത്തത്തില്‍നിന്ന് സ്വതന്ത്രമാക്കാനാണ്. ആദരണീയനായ മനുഷ്യന്‍ ദൈവത്തിന്റെ തന്നെ പോലെ ഒരു സൃഷ്ടിക്ക് മുമ്പിന്‍ കുമ്പിടേണ്ടവനല്ല. സ്വയമേ ദുര്‍ബലരായ ഏതെങ്കിലും ആള്‍ദൈവങ്ങളുടെ മുന്നിലോ നിര്‍ജീവ വസ്തുക്കളുടെ മുന്നിലോ തലകുനിക്കരുത്. അവരോട് വിളിച്ച് പ്രാര്‍ഥിച്ചിട്ട് കാര്യമില്ല ഇത്തരം കാരണത്താലാണ് ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് ദൈവം ആവശ്യപ്പെടുന്നത്.

മനുഷ്യന്റെ ആരാധനയും, അനുസരണവും, അടിമത്തവും ദൈവത്തിന് യഥാര്‍ഥത്തില്‍ ആവശ്യമില്ലെങ്കിലും ദൈവത്തിനല്ലെങ്കില്‍ അവന്‍ അത് മറ്റുപലര്‍ക്കും ചെയ്യും. ദൈവത്തെ മനുഷ്യന്‍ ആരാധിക്കുന്നതും അനുസരിക്കുന്നതും അടിമപ്പെടുന്നതും സ്വാഭാവികമാണ്. അവയുടെ പ്രയോജനം അവന് തന്നെയാണ്. കാരണം ദൈവം മനുഷ്യനോട് കല്‍പിക്കുന്നത് നന്മമാത്രമാണ്. അവന് വിലക്കുന്നത് അവന് ഉപദ്രവകരമായ കാര്യങ്ങളും. ആരാധനാകര്‍മങ്ങള്‍ ദൈവത്തെ അനുസരിച്ച് കൊള്ളാമെന്ന പ്രതിജ്ഞയുടെ ബാഹ്യപ്രകടനമാണ്, അനുസരണവും അടിമത്തവും ആണ് അവന്‍ മനുഷ്യനില്‍ നിന്ന് അന്തിമമായി ആവശ്യപ്പെടുന്നത്. ഈ ന്യായമായ ആവശ്യം ഒരു വിലപേശലല്ല. മറ്റേതെങ്കിലും ഒരു ദൈവമുണ്ടങ്കിലല്ലേ വിലപേശല്‍ വരുന്നുള്ളൂ. അതുകൊണ്ട് മനുഷ്യന്‍ തനിക്ക് മാത്രം ഇബാദത്ത് ചെയ്യണം എന്നത് ദൈവത്തിന്റെ പൂര്‍ണതയെയല്ലാതെ അപൂര്‍ണതയെ കാണിക്കുന്നില്ല.

മറിച്ച് താനല്ലാത്തവര്‍ക്ക് മനുഷ്യന്‍ ഇബാദത്ത് ചെയ്യണം എന്ന് ദൈവം ആവശ്യപ്പെടുന്നത് തീരെ യുക്തിയല്ല, തികഞ്ഞ അന്തക്കേടും, ദൈവത്തിന്റെ അപൂര്‍ണതയെയും  കാണിക്കുന്നു.

25 അഭിപ്രായ(ങ്ങള്‍):

sameer thikkodi പറഞ്ഞു...

Good !! കൂടുതൽ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

ചിന്തയുടെ പരിണാമം ചോദ്യകർത്താവിൽ നമുക്ക് ദർശിക്കാമെന്ന് പറയാമെങ്കിലും ദൈവത്തെ അംഗീകരിക്കാതെ ദൈവത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച് സംശയിക്കുന്നവർക്ക് മറുപടി നൽകുക സാധ്യമെന്ന് തോന്നുന്നില്ല...

നാഥൻ അനുഗ്രഹിക്കട്ടെ (ആമീൻ)

V.B.Rajan പറഞ്ഞു...

ലത്തീഫ് ജബ്ബാര്‍ മാഷിന്റെ ചോദ്യത്തിന് അക്കമിട്ട് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് ബ്ലോഗ് പോസ്റ്റ് വായിക്കാന്‍ തുടങ്ങിയത്. പക്ഷേ വായിച്ചുകഴിഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം. ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം ഇല്ല.

(1)ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ?
ഈ ചോദ്യത്തിന് ലത്തീഫിന്റെ ഉത്തരം ഇക്കാര്യത്തില്‍ ദൈവം മൗനം പാലിക്കുന്നുവെന്നാണ്. "ദൈവം എന്തിന് ഈ പ്രപഞ്ചം പടച്ചുവെന്ന ചോദ്യത്തിന് ഉത്തരം ദൈവം പറഞ്ഞ് തന്നിട്ടില്ല." ദൈവം പ്രപഞ്ചം സൃഷ്ടിച്ചത് വിനോദത്തിനായിട്ടല്ല എന്ന ഒരു ഒഴിഞ്ഞുമാറല്‍ മാത്രമാണ് ഇവിടെ കാണുന്നത്. എന്തോ അതിപ്രധാനമായ ലക്ഷ്യം മനസ്സില്‍ വച്ചുകൊണ്ടാണ് ദൈവം പ്രപഞ്ചസൃഷ്ടി നടത്തിയത്. പക്ഷേ ആ ലക്ഷ്യം എന്താണെന്ന് ദൈവം പറയാത്തതിനാല്‍ ഇക്കാര്യം മനുഷ്യന് അജ്ഞാതമാണ്.

(2)മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ?
ദൈവം മനുഷ്യസൃഷ്ടി നടത്തിയത് ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാണ് എന്ന് ലത്തീഫ് പറയുന്നു. എന്താണ് ഇബാദത്ത്? ഇവിടെയും ദൈവം മൗനിയാണ്. ലത്തീഫിന് മതപണ്ഡിതരുടെ വ്യാഖ്യാനത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു. പക്ഷേ എന്തിനുവേണ്ടിയല്ല മനുഷ്യനെ സൃഷ്ടിച്ചത് എന്നു വിശദീകരിക്കാനാണ് ശ്രമിച്ചുകാണുന്നത്. "അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലും ആരാധനയോ അനുസരണമോ നേര്‍ച്ച വഴിപാടുകളോ ചെയ്യുന്നതിനുവേണ്ടി മനുഷ്യരും ജിന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല." ഇതില്‍ നിന്നും അല്ലാഹുവിന് ആരാധനയും അനുസരണയും നേര്‍ച്ച വഴിപാടുകളും ചെയ്യുന്നതിനുവേണ്ടി മനുഷ്യരേയും ജിന്നുകളേയും സൃഷ്ടിച്ചു എന്നു വേണമെങ്കില്‍ അനുമാനിക്കാം. പക്ഷേ ഇക്കാര്യം ലത്തിഫ് നേരത്തെ നിഷേധിച്ചു കഴിഞ്ഞു. "ആരാധന സൃഷ്ടിപ്പിന്റെ ഒരു ലക്ഷ്യവുമല്ല. കാരണം ആരാധനകള്‍ ദൈവത്തിന് വല്ല ശക്തിയും വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നില്ല. ദൈവം മനുഷ്യനില്‍നിന്ന് ആഹാരമോ വിഭവമോ ആഗ്രഹിക്കുന്നില്ല". മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നില്ലെങ്കില്‍ അഞ്ചുനേരം നിസ്കരിക്കണമെന്ന നിബന്ധന എന്തിന്? മനുഷ്യനെ എന്തിനുവേണ്ടി സൃഷ്ടിച്ചു എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.

(3)മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട് ?. (4)സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?.'] ഈ രണ്ടുചോദ്യങ്ങളും ലത്തീഫ് സ്പര്‍ശിച്ചിട്ടേയില്ല.

V.B.Rajan പറഞ്ഞു...

"ദൈവത്തെ തന്നെ നിഷേധിക്കുന്നവര്‍ ദൈത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുക യുക്തിശൂന്യമായ ഒരു പരിപാടിയായിരുന്നു ഇതുവരെയും ചിലര്‍ ബോധപൂര്‍വമോ അല്ലാതെയോ ചെയ്തുകൊണ്ടിരുന്നത്. ഇവിടെ ദൈവത്തിന്റെ സാന്നദ്ധ്യം അംഗീകരിച്ച ശേഷം ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്."

ദൈവത്തിന്റേതെന്നു പറയപ്പെടുന്ന പ്രവര്‍ത്തികളെ വിശകലനം ചെയ്യുന്നതിന് ആദ്യമായി ദൈവാസ്തിത്വം അംഗീകരിക്കണം എന്ന വാദവും ഇവിടെ ലത്തീഫ് ഉയര്‍ത്തുന്നു. ഇത് വളരെ വിചിത്രമാണ്. ശബരിമല ശാസ്താവിന്റെ ജനനകഥയെ വിശകലനം ചെയ്യണമെങ്കില്‍ ആദ്യമായി നാം വിഷ്ണുവിന്റേയും ശിവന്റേയും അസ്തിത്വം അംഗീകരിക്കണം എന്ന് പറയുന്നതുപോലെയാണ് ഇത്. ഭൂതപ്രേതകഥകള്‍ വിശകലനം ചെയ്യണമെങ്കില്‍ ഭൂതപ്രേതങ്ങളുടെ അസ്തിത്വം അംഗീകരിക്കണം എന്ന വാദം എങ്ങനെ അംഗീകരിക്കും. ദൈവത്തിന്റേതെന്നു പറയപ്പെടുന്ന പ്രവര്‍ത്തികളെ വിശകലനം ചെയ്യുകയും, അവ പഠനവിധേയമാക്കുകയുമാണ് ദൈവാസ്തിത്വത്തേക്കുറിച്ചുള്ള നിഗമനത്തിലേക്ക് മനുഷ്യനെ നയിക്കുക. അല്ലാതെ ആദ്യം ദൈവം ഉണ്ടെന്ന് ഉറപ്പിക്കുക, അതിനുശേഷം ദൈവപ്രവര്‍ത്തികളെ വിശകലനം ചെയ്യുക എന്ന രീതി തീര്‍ത്തും വികലമായ പഠന രീതിയാണ്.

ചാർവാകം പറഞ്ഞു...

ഛെ, വെറുതെ സമയം മെനക്കെടുത്തി. പത്ത് മാർക്കിന്റെ ഒരു ചോദ്യം ചോദിച്ചിട്ട് അതിന്‌ മൂന്നു മാർക്കിന്റെ ഉത്തരം പോലും ഇല്ല. കഷ്ടം.

CKLatheef പറഞ്ഞു...

ബ്ലോഗിലെ എന്റെ എക്കാലത്തെയും സുഹൃത്ത് വി.ബി. രാജന്‍റെയും ചാര്‍വാകത്തിന്റെയും വിഷയത്തിലൂന്നിയ പ്രതികരണം എനിക്ക് ഇഷ്ടപ്പെട്ടു.

Kool Ismail പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

കുറേ എന്തെങ്കിലുമൊക്കെ ചോദിക്കുക. അതിന് പി.എസ്.സിയുടെ ഒബജക്ട ടൈപ്പ് റെഡിമെയ്ഡ് ഉത്തരം നല്‍കുക എന്നത് ലക്ഷ്യമായിരുന്നില്ല. ഖുര്‍ആന്‍ മാര്‍ഗദര്‍ശനമാണ് ഉദ്ദേശിക്കുന്നത്. മനുഷ്യന് അവന്റെ ജീവിത ലക്ഷ്യം പഠിപ്പിക്കുക എന്നതാണ് ഇസ്ലാമിന്റെ ആവശ്യകത. അതിന് സഹായകമായ മറുപടികളേ പ്രതീക്ഷിക്കേണ്ടതുള്ളൂ. മനുഷ്യനെ സംബന്ധിച്ച് ആവശ്യമാകുന്ന ചോദ്യങ്ങള്‍ക്ക് ചില അടിസ്ഥാനങ്ങളില്‍നിന്നുകൊണ്ട് ഉത്തരം നല്‍കുക. അനാവശ്യമായ ചോദ്യങ്ങളെ അതിന്റെ സ്ഥാനത്ത് നിര്‍ത്തുക എന്നതായിരിക്കും ഇനിയും തുടരാനുദ്ദേശിക്കുന്ന ശൈലി.

CKLatheef പറഞ്ഞു...

ദൈവം എന്തിന് പ്രപഞ്ചം സൃഷ്ടിച്ചുവെന്ന ചോദ്യത്തിന് ആര്‍ക്കെങ്കിലും ഉത്തരം പറയാനാവുമെങ്കില്‍ പറഞ്ഞുകൊള്ളുക. ഈ ചോദ്യം നേരിടേണ്ടത് ഞാന്‍ മാത്രമോ ഇസ്ലാം മാത്രമോ അല്ല. ഏത് സൃഷ്ടിവാദിയും നേരിടേണ്ടതാണ്. മാത്രമല്ല എന്തിന് ഈ പ്രപഞ്ചം നിലവില്‍വന്നു. എന്തിന് ഇത് നിലനിന്ന് പോകുന്നുവെന്ന ചോദ്യം ദൈവനിഷേധിയും നേരിടണം.

CKLatheef പറഞ്ഞു...

ഞാന്‍ വിശ്വസിക്കുന്ന ദര്‍ശനത്തിന്റെ കാഴ്ചപ്പാടില്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചത്തെ എന്തിന് ദൈവം സൃഷ്ടിച്ചുവെന്നത് പ്രസക്തമായ ഒരു അന്വേഷണമല്ല. മറിച്ച് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് യാഥാര്‍ഥ്യബോധത്തോയാണ് എന്നതും കളിയായിട്ടല്ല എന്ന ഉത്തരത്തിലും കാര്യമുണ്ട്. അത് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടിയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു.

CKLatheef പറഞ്ഞു...

(2)മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ?

ഈ ചോദ്യത്തിന് അല്ല എന്നാണ് ഉത്തരം, കാരണം ആരാധിക്കാന്‍ വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ഖുര്‍ആന്‍ പറയുന്നില്ല. മറിച്ച് ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാണ് എന്നാണ് ദൈവം അറിയിക്കുന്നത്. എന്താണ് ഇബാദത്ത് എന്നതും എന്താണ് അതുകൊണ്ട് മനുഷ്യനുള്ള നേട്ടം എന്നതും ഞാന്‍ പറഞ്ഞുകഴിഞ്ഞു.

ഇതരമതവിശ്വാസികള്‍ക്കും, നാസ്തികര്‍ക്കും ഇതിനെക്കാള്‍ നന്നായി മനുഷ്യന്റെ ജന്മ ദൌത്യം പറയാന്‍ സാധിക്കുമെങ്കില്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ട്.

CKLatheef പറഞ്ഞു...

(3)മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട് ?.

മനുഷ്യന് ദൈവം നന്മ ആഗ്രഹിക്കുന്നത് കൊണ്ട്, ദൈവം അവനെ ആദരിക്കുന്നത് കൊണ്ട് എന്നാണ് ഇതിന് നല്‍കാന്‍ കഴിയുന്ന ഉത്തരം. ഇത് തന്നെയാണ് പോസ്റ്റില്‍ ഞാന്‍ വിശദീകരിച്ച് പറഞ്ഞത്.

CKLatheef പറഞ്ഞു...

(4)സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?.'

ഈ ചോദ്യത്തെ ഞാന്‍ സ്പര്‍ശിച്ചിട്ടേയില്ല എന്നാണ് പറയുന്നതെങ്കില്‍ താങ്കള്‍ എന്റെ പോസ്റ്റ് വായിക്കേണ്ടവിധം വായിച്ചിട്ടില്ല എന്നതാണ് എനിക്ക് പറയാനുള്ളത്. ആരാധനക്ക് വിലപേശുന്നില്ല, അതുകൊണ്ട് തന്നെ അപൂര്‍ണനാകുന്ന പ്രശ്നവുമില്ല.

Abid Ali പറഞ്ഞു...

പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് എന്തിന്നു എന്ന ചോദ്യം അപ്രസക്തമാണ് .കാരണം ഇത് നാം ഉണ്ടാക്കി വെച്ചതല്ല.നാം ഈ ഭൂമിയില്‍ ജനിച്ചു വീണപ്പോള്‍ മുതല്‍ നാം അനുഭവിച്ചു അറിയുകയാണ് ചെയ്യുന്നത് .എന്നാല്‍ മനുഷ്യരുരെ എന്തിന്നു ദൈവം സൃഷ്ടിച്ചു എന്നത് പ്രസ്തമായ ഒരു ചോദ്യമാണ്.ജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്തോന്നിയായും അക്രമിയായും ജീവിക്കുകയും എന്നിട്ട് കേവലം ചില ആരാധനാ കാര്യങ്ങള്‍ ചെയ്തു കൊണ്ട് ദൈവ പ്രീതി തേടാം എന്നുള്ളത് പൌരോഹിത്യ മത ദര്‍ശനത്തിന്റെ അടിത്തറയാണ് .ഇസ്ലാമിന്റെത് അല്ല. ദൈവത്തിന്റെ കല്പനകള്‍ ജീവിതത്തില്‍ സംപൂര്ന്നമായി അനുസരിക്കുക എന്നതാണ് മനുഷ്യ ലക്ഷ്യം .അതിന്റെ കാരണം പ്രപഞ്ചത്തിലെ സകല വസ്തുക്കളും അവന്റെ ആജ്ഞ അനുസരിച്ച് (നിയമം) ചലിക്കുന്നു എന്നതാണ് .എന്നാല്‍ സ്വന്തം ജീവിതത്തെ സംസ്ക്കരിക്കുകയും സഹജീവിതങ്ങളെ സഹായിക്കുകയും ചെയ്യാന്‍ പ്രേരിപ്പിക്കാത്ത ആരാധനകള്‍ ദൈവത്തിന്നു പോലും ആവശ്യമില്ല .ഇത് ഖുര്‍ആന്‍ ഊന്നിപ്പരയുന്നുണ്ട്.
1-മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?
2-അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്.
3-അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.
4-അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം!
5-അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്.
6-അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.
7-നിസ്സാരമായ സഹായം പോലും മുടക്കുന്നവരും. (Quran Chpt.107 ,Al Maoon)

സലിം റയ്യാന്‍ പറഞ്ഞു...

(ഒന്നുകില്‍ യുക്തി ഉപയോഗിച്ച് ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ടു; അല്ലെങ്കില്‍ ദൈവാസ്ഥിക്യത്തെ വാദത്തിന് വേണ്ടി അംഗീകരിച്ചു - ഇങ്ങനെയുള്ളവരോട് പറയട്ടെ:)

ഒന്നര കിലോഗ്രാം തൂക്കം വരുന്ന മനുഷ്യമസ്തിഷ്കവും അഞ്ചു ഇന്ദ്രിയങ്ങളും രൂപപ്പെടുത്തിയ സൃഷ്ടാവ് അവയുടെ കഴിവുകള്‍ക്ക് പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. 20 Hz മുതല്‍ 20 KHz വരെയുള്ള ശബ്ദം മാത്രമേ കേള്‍ക്കാന്‍ സാധിക്കൂ. ഇരുട്ടിനും തീവ്രപ്രകാശത്തിനുമിടയില്‍ കാഴ്ച പരിമിതമാണ്. മൈക്രോണുകള്‍ പോലെ അതിസൂക്ഷ്മ വസ്തുക്കളെ കാണാന്‍ കഴിയുന്നില്ല. എന്നാല്‍ ജീവികള്‍ക്കിടയില്‍ത്തന്നെ ഈ പരിധികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. മനുഷ്യനെക്കാള്‍ വിശാലവും വിപുലവുമായ കേള്‍വിയും കാഴ്ചയുമുള്ള എത്രയോ ജീവികള്‍ ഉണ്ട്. ബുദ്ധിയുടെ കാര്യത്തിലും ജീവികള്‍ക്കിടയില്‍ വമ്പിച്ച അന്തരം ഉണ്ട്.

നമുക്ക് ചുറ്റും കാണപ്പെടുന്ന ഈ പരിധികളും പരിമിതികളും ഏറ്റക്കുറച്ചിലുകളും ഉള്‍ക്കൊള്ളാന്‍ ആകുന്ന യുക്തിക്ക്, മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന് അപ്പുറമാകാം സൃഷ്ടാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നത് മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നോ!
:: :: :: ::

അഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും കാഡ്ബറി ഫ്രൂട്ട് ആന്‍ഡ്‌ നട്ട് ചോക്കലെറ്റിന്റെ ആസ്വാദ്യത അനുഭവിച്ചറിഞ്ഞു മനസ്സിലാക്കാനുള്ള കഴിവുണ്ടായിരിക്കും. എന്നാല്‍ രതിസുഖത്തിന്റെ ആസ്വാദ്യത അനുഭവിച്ചറിയാനോ മനസ്സിലാക്കാനോ കഴിവുണ്ടായിരിക്കയില്ല. തത്വത്തില്‍, അങ്ങനെയൊരു കാര്യം അവന്‍ നിഷേധിക്കുന്നു എന്നതിനാല്‍ രതിസുഖം എന്നത് ഒരു യാഥാര്‍ത്ഥ്യം അല്ലാതെയാകുമോ!

m.kuthub mk പറഞ്ഞു...

മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട് ?.
ഇബാദത്ത് എന്ന അറബ് വാക്കിന്‍റെ അര്‍ത്ഥമാണ് ആരാധന എന്ന്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇബാദത്ത് എന്ന പദത്തിന്‍റെ അര്‍ത്ഥം അടിമത്തം, അനുസരണം എന്നീ അര്‍ഥം ഡിക്ഷ്നറികളില്‍ കാണാം. മനുഷ്യന്‍ ഒരു ജൈവ റോബോട്ട് (Bio-Robot)എന്ന നിലയില്‍ ആണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. റോബോട്ടിനെ സൃഷ്ടിച്ചത് അതിന്‍റെ നിര്‍മാതാവ്‌ ഉദ്ദേശിച്ച പണിയെടുക്കാന്‍ വേണ്ടിയാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചതും ഇതുപോലെ ദൈവം ഉദ്ദേശിച്ച പണിയെടുക്കാന്‍ വേണ്ടിയാണ്.ഇബാദത്തിന് ആരാധന എന്നുമാത്രം അര്‍ഥം പറയുന്നവര്‍ കൂടുതല്‍ വായിച്ചു പഠിക്കുമല്ലോ..

CKLatheef പറഞ്ഞു...

ഈ വിഷയത്തിലേക്ക കൂടുതല്‍ കാര്യങ്ങള്‍ കൂട്ടി ചേര്‍ത്ത ആബിദ് അലി, സലിം റയ്യാന്‍ , എം. ഖുതുബ് എം.കെ എന്നിവര്‍ക്ക് നന്ദി....

Ren പറഞ്ഞു...

ഉത്തരങ്ങള്‍ പരിതാപകരം .എങ്കിലും ഒരു ചോദ്യം കൂടി . ഇബാടത് ചെയ്യാതിരിക്കാനായി അല്ലാഹു എന്തിനാണ് യുക്തി വാദികളെ സൃഷ്ടിച്ചത് ? ദൈവത്തിനു വിശ്വാസികളെ മാത്രം സൃഷ്ടിച്ചാല്‍ പോരായിരുന്നോ ?

സലിം റയ്യാന്‍ പറഞ്ഞു...

യുക്തിവാദികള്‍ ആയോ വിശാസികള്‍ ആയോ അല്ല മനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നത്. ജീവിതവിഭവവും ആയുസ്സും ബുദ്ധിയും സത്യാസത്യവിവേചനത്തിനുള്ള മാര്‍ഗ്ഗദര്‍ശനവും നല്‍കിയ നിലയില്‍ മനുഷ്യര്‍ ഇഹലോകത്ത് പരീക്ഷിക്കപ്പെടുകയാണ് - വിരുദ്ധ മാര്‍ഗ്ഗങ്ങളില്‍ ഏത് തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യത്തോടെ. ഏത് മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നു എന്നതിനെ ആസ്പദമാക്കി അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും.

ayoob പറഞ്ഞു...

ചോദ്യങ്ങളും, ഉത്തരങ്ങളും, പലരുടെയും പലവിധ അഭിപ്രായങ്ങളും വായിച്ചു.. ഒരു കാര്യം ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.. ചോദ്യങ്ങള്‍ ചോദിക്കാന്‍ കൂടുതല്‍ അറിയണമെന്നില്ല. എന്നാല്‍ ഉത്തരങ്ങള്‍ അങ്ങിനെയാവരുത്‌. ആരുടെയെങ്കിലും അഭിപ്രായം ചോദ്യത്തിന്റെ യഥാര്‍ത്ഥ ഉത്തരവുമാവണമെന്നില്ല . ഉത്തരം എന്ന വിധത്തില്‍ അഭിപ്രായം പറയുന്നവര്‍ അവനവന്‍റെ യുക്തിക്ക് തോന്നുന്ന വിധത്തില്‍ മാത്രം ഉത്തരങ്ങള്‍ എഴുതരുത്. വളരെ വിശദമായ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണ്‌. പഠനത്തിനു വിധേയമാക്കേണ്ട ഗ്രന്ഥങ്ങളില്‍ ഇമാം ഗസ്സാലിയുടെ ഇഹയാ ഉലൂമുദ്ധീന്‍, തഫ്താസാനിയുടെ ശരഹുല്‍ അകായിദ്‌ എന്നിവ വളരെ ഉപകാരപ്രധമായിരിക്കുമെന്നു തോന്നുന്നു....

CKLatheef പറഞ്ഞു...

ബ്ലോഗുപോലുള്ള ഒരു മാധ്യമത്തില്‍ ചോദിക്കേണ്ടവര്‍ ചോദിക്കുകയും ഉത്തരം പറയാനാഗ്രഹിക്കുന്നവര്‍ ഉത്തരം പറയുകയും ചെയ്യുക എന്ന ഒരു നയമാണ് തുടരുന്നത്. ചിലരുടെ യുക്തിയനുസരിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുയുക്തിയനുസരിച്ച് മറുപടിയും നല്‍കപ്പെടും. നല്ല വായനയും പഠനവും നടത്തിയതിന് ശേഷം മറുപടി നല്‍കണമെന്നത് നല്ല ഒരു അഭിപ്രായം തന്നെ. പക്ഷെ ആര്...

VilayoorTimes പറഞ്ഞു...

അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു. ']
എനിക്കൊരു സംശയം
ഹൃദയം കൊണ്ടാരും ചിന്തിക്കാറില്ല എന്നാണ് ഞാന് മനസ്സിലാക്കുന്നത്‌

varamozhi mathram പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
varamozhi mathram പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
RAFEEQ MOOMIN പറഞ്ഞു...

ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു മനുഷ്യനെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ അനുസരിക്കണം എന്നുള്ളത് കേവല യുക്തികൊണ്ട് ചിന്തിച്ചാല്‍ ക്രിത്യമായി മറുപടി പറയാന്‍ സാധിക്കുകയില്ല. അവര്‍ എന്തിനു കുറെ പ്രയാസപ്പെട്ടു വളര്‍ത്തി വലുതാക്കി? , ഞാന്‍ പറഞ്ഞിട്ടാണോ ? ജനിച്ചപ്പോള്‍ തന്നെ കൊല്ലാം ആയിരുന്നില്ലേ? എന്നൊക്കെ തിരിച്ചു യുക്തികൊണ്ട് ചോദിക്കാം. പക്ഷെ അതിനുമപ്പുറം ഒരു ധര്‍മ ബോധ മനസ്സ് അവരെ അനുസരിക്കണം എന്ന് ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. അതുപോലെ , ഈ ലോകമാസാകലം സൃഷ്ടിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന ഒരു ശക്തിയെ എന്തിനു അനുസരിക്കണം എന്നുള്ളത് കേവല യുക്തി കൊണ്ട് ചിന്തിച്ചാല്‍ ഒരിക്കലും ഉത്തരം കിട്ടില്ല. 'യുക്തിക്ക് അപ്പുറം മനുഷ്യനെ മനുഷ്യനാക്കുന്ന ധാര്‍മിക ബോധ മനസ്സിനെ അന്ഗീകരിക്കുന്നത് കൊണ്ടാണ് ഈ ലോകം നില നില്‍കുന്നത് തന്നെ.

mohammed kundukkara പറഞ്ഞു...

VB RAJAN ന്റെ അഭിപ്രായത്തോട് യോജിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review