('ജിഹാദ് സത്യവേദത്തിന്റെ ആത്‌മഭാവം' എന്ന പുസ്‌തകത്തില്‍ വാണിദാസ് എളയാവൂര്‍ എഴുതിയ സായുധജിഹാദിന്റെ സന്ദര്‍ഭം എന്ന അധ്യായം ഇവിടെ എടുത്ത് ചേര്‍ക്കുകയാണ്. ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത ഒരു പ്രമുഖ പണ്‌ധിതനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂര്‍ വസ്‌തുതകളെ മനസ്സിലാക്കുന്നതിലും അവതരിപ്പിക്കുന്നതിലും മുസ്‌ലിംകളെക്കാള്‍ ഒരു പടിമുന്നില്‍ നില്‍ക്കുന്നു എന്ന് താഴെ നല്‍കിയ ഭാഗം വ്യക്തമാക്കും. മുസ്ലിലിംകളലത്താത്തവര്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തുന്ന മതയുദ്ധമാണ് ജിഹാദ് എന്ന കാഴ്‌ചപ്പാട് പുലര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ ധാരണകള്‍ തിരുത്താന്‍ അല്‍പം സുദീര്‍ഘമായ ഈ ലേഖനം സഹായകമാകും)
ഇസ്‌ലാമിലെ യുദ്ധം ഒരു പുതിയ സ്ഥാപനമല്ല. പ്രകൃത്യവലംബിതമായ ഒരു സാര്‍വലൗകിക നിയമത്തിന്റെ പുനഃസ്ഥാപനമാണത്. മനുഷ്യജീവന്റെ പവിത്രതയും സമൂഹത്തിന്റെ ധാര്‍മികതയും ശാന്തിയും അതിക്രമിക്കപ്പെടാതിരിക്കാന്‍ അതിക്രമത്തിന്റെ ശക്തികളോട് പോരടിക്കേണ്ടി വരുന്നു; ഇതാണ് ഇസ്‌ലാമിലെ യുദ്ധം.
പ്രപഞ്ച ജീവിതത്തിനൊരു താളമുണ്ട്. സകലാധിനാഥനായ സ്രഷ്‌ടാവിന്റെ അഭിമതമാണത്. അതിന്റെ അന്യൂനമായ അനുവര്‍ത്തനം പ്രപഞ്ചജീവിതത്തിന്റെ സുസ്വരതയ്‌ക്കനിവാര്യമാണ്. അതനുസരിക്കാനും അതിനെ സംരക്ഷിക്കാനും മനുഷ്യന് ബാധ്യതയുണ്ട്. രണ്ടും ദൈവമാര്‍ഗത്തിലുള്ള നിര്‍വഹണമാണ്.അതിനോടുള്ള നിസ്സംഗതയും അതിന്റെ വിലംഘനവും ദൈവേതരപ്രവണതകളാണ്.
- മര്‍ദിക്കപ്പെടുക
- യുദ്ധം ചെയ്യപ്പെടുക
- അന്യായമായി സ്വഗൃഹത്തില്‍നിന്നോ
- സ്വന്തം നാട്ടില്‍നിന്നോ പുറംതള്ളപ്പെടുക
- വിശ്വാസസ്വാതന്ത്ര്യവും
- ആരാധനാസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുക
ഈ സാഹചര്യങ്ങളില്‍ സമാധാനശ്രമത്തിന്റെ സകല കവാടങ്ങളും അടയപ്പെട്ടു എന്നു വന്നാല്‍ അവിടെ യുദ്ധം അനിവാര്യമായിത്തീരുന്നു. ആ യുദ്ധം ദൈവമാര്‍ഗത്തിലെ പവിത്ര നിര്‍വഹണമായി അല്ലാഹു അംഗീകരിക്കുന്നു. യുദ്ധമൊഴിവാക്കാനുള്ള സൂക്ഷ്‌മസുഷിരമെങ്കിലും അന്ത്യനിമിഷത്തിലായാല്‍ പോലും കണ്ടെത്തുകയാണെങ്കില്‍ അത് പ്രയോജനപ്പെടുത്താന്‍ അതീവ ജാഗ്രത കാണിക്കണമെന്നാണ് അല്ലാഹുവിന്റെ അഭിമതം.
``ആര്‍ ദൈവികസരണിയില്‍ യുദ്ധം ചെയ്യുകയും അങ്ങനെ വധിക്കപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നുവോ അവന് നാം അതിമഹത്തായ പ്രതിഫലം നല്‌കുന്നതാകുന്നു. പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്‌ത്രീ പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: `നാഥാ മര്‍ദകരായ നിവാസികളുടെ ഈ പട്ടണത്തില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിശ്ചയിച്ചു തരേണമേ. നീ ഞങ്ങള്‍ക്ക് ഒരു സഹായിയെയും നിശ്ചയിച്ചുതരേണമേ.' വിശ്വാസത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നു. നിഷേധത്തിന്റെ മാര്‍ഗം കൈക്കൊണ്ടവരോ പിശാചിന്റെ മാര്‍ഗത്തിലും സമരം ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ സാത്താന്റെ കൂട്ടുകാരോട് സമരം ചെയ്യുവിന്‍. അറിഞ്ഞിരിക്കുവിന്‍, സാത്താന്റെ തന്ത്രം അതീവ ദുര്‍ബലമാകുന്നു.'' (അന്നാസിആത്ത്: 71-76)
ദൈവനാമത്തിന്റെ സര്‍വാതിശായിത്വവും പരമോന്നതിയും സാക്ഷാല്‍ക്കരിക്കുവാനും ദൈവഹിതത്തിന്റെ അപ്രമാദിത്വം ബോധ്യപ്പെടുത്തുവാനും നടത്തുന്ന സമരമേതും ദൈവമാര്‍ഗത്തിലുള്ള യുദ്ധമായിരിക്കും. സങ്കുചിതവും ഭൗതികവുമായ സ്വാര്‍ഥസംപൂര്‍ത്തിക്കു വേണ്ടിയുള്ള ശ്രമമോ, സംഘടനകളുടേതോ സമുദായത്തിന്റേതോ രാഷ്‌ട്രത്തിന്റേതോ ആയ ശക്തിപ്രകടനമോ അല്ല ജിഹാദ്. മാനുഷ്യകത്തിന്റെ താല്‍പര്യം കീര്‍ത്തിച്ച് സാധിക്കേണ്ട, സാമൂഹികനീതിക്കും ക്ഷേമത്തിനും വേണ്ടി ഓരോ മുസല്‍മാനും ചെയ്യാന്‍ ഭരമേല്‌പിക്കപ്പെട്ട ദിവ്യദൗത്യമാണത്. അതാണ്, അതുമാത്രമാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധം. സത്യശുദ്ധമായ വിശ്വാസവും വ്യക്തമായ ജീവിതക്രമവും ലോകത്ത് സംസ്ഥാപിക്കുവാനാണ് ജിഹാദ് ഉദ്ദേശിക്കുന്നത്.
``ദൈവമാണ് സത്യം. തീര്‍ച്ചയായും ഞാന്‍ ദൈവമാര്‍ഗത്തില്‍ വധിക്കപ്പെടാനഭിലഷിക്കുന്നു. പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാനും, വീണ്ടും വധിക്കപ്പെടാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ഓരോ സമയത്തും ഓരോ പുതിയ പ്രതിഫലം എനിക്ക് ലഭിക്കുമായിരുന്നു.''
``അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിന് പുറപ്പെടുന്നവരെ അല്ലാഹു സഹായിക്കും. വധിക്കപ്പെട്ടില്ലെങ്കില്‍ അവന്‍ പ്രതിഫലവും സമരാര്‍ജിതസ്വത്തുമായി വീട്ടില്‍ തിരിച്ചെത്തും. വധിക്കപ്പെടുകയാണെങ്കില്‍ അവന്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെടും.''
``ദൈവമാര്‍ഗത്തില്‍ മരിക്കുന്നതോടെ എല്ലാ പാപവും പൊറുക്കപ്പെടും. കടത്തിന്റെ പാപമൊഴികെ. ജിഹാദ് ആഗ്രഹിക്കാത്തവന്‍ വിശ്വാസിയല്ല'' തുടങ്ങിയ ഹദീസുകള്‍ ദൈവമാര്‍ഗത്തിലുള്ള യുദ്ധത്തിന്റെ പ്രാമുഖ്യം കീര്‍ത്തിക്കുന്നു. ``അക്രമത്തിന് വിധേയരായവര്‍ക്ക് യുദ്ധത്തിന് അനുവാദം നല്‌കിയിരിക്കുന്നു. കാരണം, അവരോട് അനീതി കാണിക്കപ്പെട്ടിരിക്കുന്നു. അവരെ സഹായിക്കാന്‍ അല്ലാഹു പ്രാപ്‌തനാണ്. അന്യായമായി സ്വന്തം ഭവനങ്ങളില്‍നിന്ന് അവര്‍ പുറത്താക്കപ്പെട്ടു, ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പറഞ്ഞതല്ലാതെ ഒരു കുറ്റവും അവര്‍ ചെയ്‌തിട്ടില്ല.'' (അല്‍ഹജ്ജ്: 39-40)
പാരത്രികനേട്ടം വാഗ്‌ദാനം ചെയ്‌ത് ഖുര്‍ആന്‍ സത്യവിശ്വാസികളെ ധര്‍മയുദ്ധത്തിന് പ്രോത്സാഹിപ്പിച്ചുവെങ്കില്‍ ലൗകിക സുഖങ്ങളില്‍ മയങ്ങി ധര്‍മസമരത്തെ അവഗണിക്കുന്നവരെ അത് നിരന്തരം താക്കീത് ചെയ്യുകയും പരലോക ജീവിതത്തെയപേക്ഷിച്ച് ലൗകിക ജീവിതം നിസ്സാരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. ``വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് എന്തുപറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിന് പുറപ്പെടുവിന്‍ എന്ന് നിങ്ങളോട് പറയുമ്പോള്‍ ഭൂമിയിലേക്ക് നിങ്ങള്‍ അമര്‍ന്നുകളയുന്നു. പരലോകത്തിനുപകരം ലൗകിക ജീവിതത്തെ നിങ്ങള്‍ ഇഷ്‌ടപ്പെട്ടുവോ? എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ലൗകിക ജീവിതത്തിലെ വിഭവങ്ങള്‍ കേവലം തുച്ഛമാണ്.'' (അത്തൗബ: 38)
ആയുധ ശക്തിയുണ്ട്, സമ്പദ്‌ശേഷിയുണ്ട്. ആള്‍ബലമുണ്ട്, ദൈവികമായ നീതീകരണവുമുണ്ട്- എന്നാല്‍പ്പോലും യുദ്ധമാരംഭിക്കുന്നതിനു കൂടുതല്‍ നിബന്ധനകള്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്:
``അവര്‍ യുദ്ധസന്നദ്ധരാവാതെ മാറിനില്‌ക്കുകയും സന്ധി പ്രഖ്യാപിക്കുകയും ചെയ്‌താല്‍ അവര്‍ക്കെതിരില്‍ വല്ലതും ചെയ്യാന്‍ നിങ്ങള്‍ക്കവകാശമില്ല.'' (അന്നിസാഅ്: 90)
ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ് യുദ്ധം എന്ന് ഇസ്‌ലാം കരുതുന്നില്ല. യുദ്ധം പോലുള്ള പ്രത്യക്ഷ നടപടികളൊഴിവാക്കാന്‍ സഹനത്തിന്റെ നെല്ലിപ്പടിയോളം ആണ്ട്‌മുങ്ങിയവരാണവര്‍. അവരുടെ ഗതകാല ചരിത്രപഥത്തിലൂടെ സഞ്ചരിച്ചാല്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത കൊടുംക്രൂരതകളാണ് ഖുറൈശികള്‍ കാണിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.
``ജീവനുള്ള ശരീരത്തില്‍നിന്ന് ഈര്‍ച്ചവാളുപയോഗിച്ച് പച്ചമാംസം ഊര്‍ന്നെടുത്തവരാണവര്‍. ഒരിക്കല്‍ ഒരു കുടുംബത്തെ ഒന്നടങ്കം പുകയിട്ട് കുമിച്ച് വിശ്വാസമാറ്റം ആവശ്യപ്പെട്ടവരാണവര്‍. സുജൂദില്‍കിടന്ന് റബ്ബിനോട് പ്രാര്‍ഥിക്കുന്ന നേരത്ത് ഒട്ടകത്തിന്റെ കുടല്‍മാല വാരി പിടലിയിലിട്ട് പൊട്ടിച്ചിരിച്ചവരാണവര്‍. ഉപരോധമെന്ന പേര് പറഞ്ഞ് ഭീകരമായ ഒരു മലയോരത്ത് കൊണ്ടുപോയി പിശാചുക്കള്‍ പോലും ചെയ്യാനറക്കുന്ന ക്രൂരകൃത്യങ്ങള്‍ ചെയ്‌ത് സംതൃപ്‌തി കൊണ്ടവരാണവര്‍. എന്നാല്‍, അവരിപ്പോള്‍ സമരരംഗത്തുനിന്ന് പിന്മാറുകയാണെങ്കില്‍ നിങ്ങളവിടെ ക്ഷമാചിത്തരാവണ''മെന്നുപദേശിക്കുന്ന ഇസ്‌ലാം സംസ്‌കൃതി, അതിന്റെ നേര്‍ത്ത വിലംഘനം പോലും മതവിരുദ്ധ വൃത്തിയായി മാത്രമേ കാണുകയുള്ളൂവെന്ന് നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിന്റെ സഹജമായ യുദ്ധവിരാഗിത ആസ്വദിക്കപ്പെടേണ്ടതാണ്.
പ്രവാചകന്റെ മാനസികാവസ്ഥ പോലും യുദ്ധപ്രവണമല്ല, പ്രത്യുത സൗമ്യവും സാത്വികവുമാണ്:
ഒരിക്കല്‍ അബൂജഹ്‌ല്‍ മുഹമ്മദ് നബിയെ ശകാരിച്ചു, അപമാനിച്ചു, കൈയേറ്റം ചെയ്‌തു. ആരെങ്കിലുമറിഞ്ഞ് അങ്കലാപ്പേതുമുണ്ടാവേണ്ടാ എന്ന് കരുതി നബി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇടംവലമൊന്ന് നോക്കി തിരിഞ്ഞുനടന്നു. അപ്പോള്‍ ആ വഴി വരികയായിരുന്ന നബിയുടെ പിതൃവ്യന്‍ ഹംസ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. ഹംസ ധൃതിയില്‍ നടന്നെത്തുമ്പോഴേക്ക് ഇരുവരും രണ്ടുവഴിക്ക് നടന്നുനീങ്ങിക്കഴിഞ്ഞിരുന്നു. തന്റെ സഹോദരപുത്രനെ അപമാനിക്കുകയും അകാരണമായി മര്‍ദിക്കുകയും ചെയ്‌ത അബൂജഹ്‌ലിനോട് പകരംചോദിക്കാതിരിക്കുന്നത് അതിലേറെ മാനക്കേടാണെന്ന് കരുതിയ ഹംസ അബൂജഹ്‌ലിനെ തേടിനടന്നു; വഴിയില്‍ തന്നെ കണ്ടുമുട്ടി. ചാടിച്ചെന്ന് ക്രോധാവേശത്തോടെ പൊതിരെ തല്ലി. തന്റെ പ്രതിക്രിയയില്‍ മുഹമ്മദ് ഏറെ സന്തോഷിക്കുമെന്നായിരുന്നു ഹംസ കരുതിയത്. മറിച്ചായിരുന്നു അനുഭവം. നബി മനസ്സുറഞ്ഞു വേദനിച്ചു. പ്രതിക്രിയ പാടില്ലെന്നും ശത്രുവോടുപോലും പരമാവധി ദയാദാക്ഷിണ്യങ്ങള്‍ കാട്ടണമെന്നും അനുചരന്മാരോടുപദേശിക്കാറുള്ള നബിക്ക് അങ്ങനെ തോന്നിയതില്‍ വിസ്‌മയമില്ല. മുഹമ്മദിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ ഹംസ ആത്മാര്‍ഥമായി ദുഃഖിച്ചു. അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ പ്രവാചകന്‍ ഒരു തേജോബിംബമായി മാറുകയായിരുന്നു. (ഏറെ വൈകാതെ ഹംസ സത്യവേദം സ്വീകരിച്ചു.)
ഇതാണ് നബിയുടെ മനസ്സ്. ആ മനസ്സില്‍ യുദ്ധവെറി വിളയുമെന്ന് കരുതുന്നത് മൗഢ്യമാണ്. വാളും കഠാരിയുമല്ല, സഹനവും സംയമനവുമാണ് സാധാരണ സാഹചര്യങ്ങളില്‍ ഇസ്‌ലാം ഉപയോഗിച്ചുപോന്നത്.
മക്കയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട അഭയാര്‍ഥികളായിരുന്നു മദീനയിലെ പകുതിയോളം വരുന്ന മുസ്‌ലിംകള്‍. തങ്ങളുടെ പ്രിയപ്പെട്ട കഅ്‌ബ ഒന്നുകാണാന്‍ മനസ്സുനിറഞ്ഞ കൊതിയുണ്ടവര്‍ക്ക്. പക്ഷേ, അവര്‍ നിസ്സഹായരായിരുന്നു. ഒരു ദിവസം പ്രവാചകനില്‍നിന്ന് വെളിപാടുണ്ടായി: ``മക്കയിലേക്ക് ഉംറക്ക് പോകാന്‍ തയ്യാറാവുക'' എന്ന്.
അവര്‍ പുറപ്പെട്ടു. ഹുദൈബിയയിലെത്തിയപ്പോള്‍ അവര്‍ തടയപ്പെട്ടു. ഒരു നീതീകരണവുമില്ലാത്ത ധിക്കാരമായിരുന്നു അത്. പ്രത്യാക്രമണം നടത്താതെ, ചെറുത്തുനില്‌ക്കാതെ മുസ്‌ലിംകള്‍ സന്ധിഭാഷണത്തിന്നൊരുങ്ങി. തുടര്‍ന്ന് മദീനയിലേയ്‌ക്ക് മുസ്‌ലിംകള്‍ തിരിച്ചുപോവുക എന്നതുള്‍പ്പെടെയുള്ള ഒട്ടേറെ വ്യവസ്ഥകളുള്ള കരാറില്‍ പ്രവാചകന്‍ ഒപ്പുവെച്ചു. അപ്പോള്‍ ഉമര്‍ പ്രവാചകനോട് ഇങ്ങനെ ചോദിച്ചു:
``പ്രവാചകരേ, നാം സത്യത്തിന്റെ അനുയായികളല്ലേ? സത്യത്തിനും അതിന്റെ അനുയായികള്‍ക്കും ഈ കരാര്‍ വഴി നാം എന്തിനാണ് മാനക്കേട് വരുത്തുന്നത്? ഒരു സൈനികമുന്നേറ്റം വഴി മുസ്‌ലിംകളുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‌ക്കാത്തവിധം കാര്യങ്ങള്‍ കൈകാര്യം ചെയ്‌തുകൂടേ'' എന്ന്. എന്നാല്‍ പ്രവാചകന്‍ സന്ധിവ്യവസ്ഥയില്‍ ഉറച്ചുനില്‌ക്കുക തന്നെ ചെയ്‌തു. യുദ്ധമൊഴിവാക്കാനുള്ള മഹത്തായ സഹനമായിരുന്നു അത്. ഇസ്‌ലാം സംസ്‌കൃതിയുടെ നിര്‍വഹണപഥത്തില്‍ യുദ്ധം അനുവദിച്ചുകൊണ്ടുള്ള വെളിപാട് വന്നതിന് ശേഷമാണ് ഈ സംഭവമുണ്ടായതെന്നുകൂടി ഇവിടെയോര്‍ക്കണം.
മനുഷ്യസ്വാതന്ത്ര്യം, വ്യഷ്‌ടി-സമഷ്‌ടിയവകാശങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനും പ്രതിരോധത്തിനും വേണ്ടിയല്ലാതെ ഒരു യുദ്ധത്തിനും പ്രവാചകന്‍ നേതൃത്വമെടുത്തിട്ടില്ല. പ്രവാചകന്‍ നേരിട്ട് നടത്തിയ യുദ്ധങ്ങളായാലും സഹാബിമാരെയയച്ചു നടത്തിയ പോരാട്ടങ്ങളായാലും- എല്ലാം ഈ മാനദണ്‌ഡത്തിന് വിധേയമായിരുന്നു. ``ലോകത്ത് നിങ്ങളാണ് ഉത്തമന്മാര്‍, നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളായിട്ടുണ്ടെങ്കില്‍'' എന്ന് ഖുര്‍ആന്‍ അറിയിക്കുകയുണ്ടായി. ഇത് അര്‍ഥഗര്‍ഭമായ ഒരു പ്രയോഗമാണ്. മഹിതാദര്‍ശങ്ങളാല്‍ മഹത്ത്വവല്‍ക്കരിക്കപ്പെട്ടവരാണ് നിങ്ങള്‍. നിങ്ങള്‍ക്കാണ് യുദ്ധാനുമതി നല്‌കിയത്. ആ അപൂര്‍വലബ്‌ധമായ അവകാശം നിങ്ങള്‍ ഒരു സാഹചര്യത്തിലും ദുരുപയോഗം ചെയ്യില്ല എന്ന ഉത്തമ വിശ്വാസത്തിലാണത്. ധര്‍മസംരക്ഷണാര്‍ഥം നിങ്ങള്‍ക്ക് ലഭിച്ച വരദാനമാണത്. ആദര്‍ശത്തിന്റെ അഗ്നിശലാകകളാണ് നിങ്ങള്‍. നിങ്ങള്‍ക്കുമാത്രമേ ജിഹാദിന്റെ നിയത സ്വഭാവമുള്‍ക്കൊള്ളുവാനും അതിന്റെ വിഭാവിതലക്ഷ്യം സാക്ഷാല്‍ക്കരിക്കാനും കഴിയൂ- എന്നെല്ലാമുള്ള അര്‍ഥതലങ്ങളതിന്നുണ്ട്.
മക്കയില്‍ മുസ്‌ലിംകള്‍ ഏറെ യാതനകളനുഭവിച്ചിട്ടുണ്ട്. എന്നിട്ടും ആയുധമെടുക്കാന്‍ നബി അനുയായികള്‍ക്കനുമതി നല്‌കിയില്ല. മദീനയില്‍ ഇസ്‌ലാമികഭരണം രൂപപ്പെട്ടതിന് ശേഷം മാത്രമാണ്-അതും ചില പ്രത്യേക സന്ദര്‍ഭങ്ങളിലേയ്‌ക്ക് മാത്രം-യുദ്ധാനുമതി നല്‌കിയത്; ഏറെയും വിശ്വാസ സ്വാതന്ത്ര്യം നിഹനിക്കപ്പെട്ടപ്പോള്‍. എന്നാല്‍ യുദ്ധരംഗത്ത് വെച്ചുപോലും സത്യധര്‍മാദികളെക്കുറിച്ച് പ്രബോധനം നടത്താന്‍ പ്രവാചകന്‍ സ്വഹാബികളോടാവശ്യപ്പെട്ടിരുന്നു.
സമൂഹത്തിന്റെ സാമാന്യമായ ക്ഷേമം സാക്ഷാല്‍ക്കരിക്കാനാവുന്നില്ലെങ്കില്‍ മറുപക്ഷത്തിനുനേരെ ആയുധമുയര്‍ത്തരുതെന്നും ആത്യന്തിക വിശകലനത്തില്‍ മനുഷ്യസ്‌നേഹമായിരിക്കണം അതിന് നിയാമകമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ശസ്‌ത്രക്രിയക്ക് ഭിഷഗ്വരന്‍ കത്തിയുപയോഗിക്കുന്നത് അക്രമവികാരത്തോടെയല്ല, പവിത്രമായ സര്‍ഗാത്മക ഭാവത്തോടെയാണ്. ആയുധമുപയോഗിക്കാനാവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാംസംസ്‌കൃതിയുടെ ആത്മനൊമ്പരവും വ്യത്യസ്‌തമല്ല. ആസുരമായ കര്‍മങ്ങളരങ്ങേറുകയും ദൈവികനിയമങ്ങള്‍ വെല്ലുവിളിക്കപ്പെടുകയും സമൂഹത്തിന്റെ സാമഞ്‌ജസ്യവും സുസ്വരതയും നഷ്‌ടപ്പെടുകയും ചെയ്യുന്നത് നിഷ്‌ക്രിയമായി, നിര്‍വികാരമായി നോക്കിനില്‌ക്കുന്നത് ഷണ്‌ഡത്വമാണെന്ന് ഇസ്‌ലാം ദര്‍ശനം പ്രബോധിപ്പിക്കുന്നു. സ്രഷ്‌ടാവോടും സമസ്രഷ്‌ടങ്ങളോടും തനിക്കുള്ള ബാധ്യത അഭംഗം നിര്‍വഹിക്കാന്‍ ഒരു മുസല്‍മാന്‍ തയ്യാറാവണം. `താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കുന്ന തപോനിധി'യല്ല സത്യവേദ വിശ്വാസി. സമസൃഷ്‌ടി സ്‌നേഹവും അതിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്ന വിശ്വ സാഹോദര്യവും സത്യവേദ വിശ്വാസിയുടെ സമുജ്ജ്വലവിഭാവനകളാണ്. അകലെ കഴിയുന്നവനായാല്‍ പോലും, തന്റെ സമൂഹത്തിലെ ഒരു നിരപരാധിയുടെ കൈയില്‍ ചങ്ങല വീഴുമ്പോള്‍ അത് തനിക്കുണ്ടായ കൈക്കുരുക്കാണെന്നറിയുവാനും ഒരു നിരപരാധിയുടെ പുറത്ത് മര്‍ദനമേല്‌ക്കുമ്പോള്‍ അതിന്റെ നോവ് തന്റെ പുറത്തനുഭവപ്പെടുന്നതുപോലെ തോന്നുവാനും ഒരു സത്യവിശ്വാസിക്ക് കഴിയണം.
ഇസ്‌ലാം അനുവദിച്ച യുദ്ധത്തിന്റെ സവിശേഷ പ്രകൃതം മനസ്സിലാക്കുവാന്‍, പ്രവാചകനരുളിയ യുദ്ധനിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി:
``കുട്ടികളെയും സ്‌ത്രീകളെയും കൊല്ലരുത്. ശത്രുക്കളുടേതായ ഒന്നും മോഷ്‌ടിക്കരുത്. അവരെ കൊള്ളയടിക്കരുത്. നല്ലത് ചെയ്യുക; നല്ലത് ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു.'' (അബൂദാവൂദ്)
ഒരിക്കല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു സ്‌ത്രീയുടെ മൃതശരീരം കണ്ടപ്പോള്‍ ധര്‍മരുഷ്‌ടനും നിരുദ്ധകണ്‌ഠനുമായ പ്രവാചകന്‍, യുദ്ധത്തില്‍ സ്‌ത്രീകളെയും കുട്ടികളെയും കൊല്ലരുതെന്ന് കര്‍ക്കശമായി താക്കീത് ചെയ്യുകയുണ്ടായെന്ന് ഖലീഫാ ഉമര്‍ അനുസ്‌മരിച്ചിട്ടുണ്ട്.
ഒരിക്കല്‍ പ്രവാചകന്‍ യുദ്ധഭൂമിക്ക് സമീപം നില്‌ക്കുകയായിരുന്നു. കുറച്ചകലേ ഒരിടത്ത് കുറേപേര്‍ വട്ടം കൂടിനില്‌ക്കുന്നതുകണ്ടു. അതെന്തെന്നറിയാന്‍ പ്രവാചകന്‍ ഒരാളെ അയച്ചു. കൊല്ലപ്പെട്ട ഒരു സ്‌ത്രീയുടെ ജഡം അവിടെ കിടക്കുകയാണെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ ചോദിച്ചു:
``സ്‌ത്രീകള്‍ യുദ്ധത്തില്‍ പങ്കെടുത്തില്ല. പിന്നെയെങ്ങനെ അവള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവളായി?''
ഖാലിദാണ് സൈന്യാധിപനെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ ആളയച്ചു വരുത്തി. സത്യം മനസ്സിലായപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ രൂക്ഷമായി ശകാരിച്ചു; ഒരിക്കലും ഇതാവര്‍ത്തിക്കരുതെന്ന് ആജ്ഞാപിച്ചു. ശത്രുക്കളെ ചുട്ടുകൊല്ലുന്ന കിരാതമായ സമ്പ്രദായം അന്നു നിലവിലുണ്ടായിരുന്നു. പ്രവാചകന്‍ അത് നിരോധിക്കുകയും അതിന്നെതിരെ ശക്തമായ താക്കീത് നല്‌കുകയുമുണ്ടായി. ഒരിക്കല്‍, നാലു യുദ്ധത്തടവുകാരെ ബന്ധനസ്ഥരാക്കി ക്രൂരമായി ശ്വാസം മുട്ടിച്ചു കൊന്ന സംഭവം പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഒരു കോഴിക്കുഞ്ഞായാല്‍പോലും താനത് സഹിക്കുകയില്ലെന്ന് വികാരവിക്ഷുബ്‌ധനായിപ്പറഞ്ഞ തിരുമേനിയെ മറ്റൊരു വ്യാഖ്യാനത്തിന് വിധേയനാക്കരുത്.
പ്രവാചകന്റെ ഹൃദയം സൂക്ഷിപ്പുകാരനായിരുന്ന ഹസ്രത്ത് അബൂബക്‌ര്‍ തന്റെ പടയാളികള്‍ക്ക് നല്‌കിയ കര്‍ശനമായ നിര്‍ദേശം ചരിത്രത്തിലെ സുപ്രധാനമായ വരമൊഴികളിലൊന്നാണ്:
``ചതിപ്പോര് നടത്തരുത്. പിഴച്ച് നീങ്ങരുത്. കുട്ടികളെയോ സ്‌ത്രീകളെയോ വയോധികരെയോ അംഗഭംഗം വരുത്തുകയോ കൊല്ലുകയോ അരുത്. ഈന്തപ്പനമരമോ ഫലം തരുന്ന മറ്റു വൃക്ഷങ്ങളോ വെട്ടി നശിപ്പിക്കരുത്, അഗ്നിക്കിരയാക്കരുത്. ഒട്ടകങ്ങളെയോ മറ്റ് പക്ഷിമൃഗാദികളെയോ കൊന്നുകളയരുത്.'' മുസ്‌ലിംസേന ശത്രുക്കളെയോ അവരെ അനുകൂലിക്കുന്നവരെയോ കൊള്ളയടിക്കുകയോ സന്ധികള്‍ ലംഘിക്കുകയോ ജനങ്ങളെ അംഗഭംഗം വരുത്തുകയോ ചെയ്യരുതെന്ന് പ്രവാചകന്‍ കര്‍ശനമായി വിലക്കിയിരുന്നു. സ്‌ത്രീകള്‍, അന്ധര്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, ശയ്യാവലംബികളായ രോഗികള്‍ മുതലായവരെ വധിക്കാവുന്നതല്ല. അംഗഹീനര്‍ക്കും ഈ വിധി ബാധകമാണ്. യുദ്ധരംഗത്ത് ഒറ്റപ്പെട്ടുപോയ ശത്രുസൈനികനെയും കൊല്ലരുത്, അവരെല്ലാം അവിശ്വാസികളായിരുന്നാലും.
മുസ്‌ലിംകള്‍ ഒരു രാജ്യത്തോട് യുദ്ധം ചെയ്യാനുറച്ചാല്‍ അപ്രതീക്ഷിതമായിച്ചെന്നാക്രമിക്കുന്ന അമാന്യതയോട് ഇസ്‌ലാം സംസ്‌കൃതിക്ക് യോജിപ്പില്ല. ആദ്യം സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും. പിന്നെ ഉപരോധമായി. മാനസാന്തരപ്പെടാന്‍ പിന്നെയും സമയമനുവദിക്കും. പ്രവാചകന്‍ നായകത്വമെടുത്ത സകല യുദ്ധത്തിന്റെയും നടപടിക്രമം അതായിരുന്നു. അലക്ഷ്യമായി, അതിലാഘവത്തോടെ എടുത്തുപെരുമാറാവുന്ന ഒന്നല്ല സായുധ ജിഹാദ്. സത്യവേദത്തെക്കുറിച്ചറിയാത്ത സമൂഹത്തോട് സായുധ ജിഹാദ് നടത്താന്‍ പാടില്ല. അതുകൊണ്ടാണ് മുഹമ്മദ് നബി 13 വര്‍ഷക്കാലം മക്കയില്‍ ദുരിതങ്ങളേറെയനുഭവിച്ചിട്ടും സായുധ ജിഹാദില്‍നിന്ന് പൂര്‍ണമായും വിട്ടുനിന്നത്. ഇസ്‌ലാമിന്റെ ദര്‍ശനത്തില്‍ യുദ്ധമെന്നത് ഹിംസാത്മകമായ ആക്രമണത്തിന്റെ ഒരു പ്രകടനമല്ല. വികാര-വിചാര-വൃത്തികളിലനുഭവപ്പെടുന്ന നീചവും ദുഷ്‌ടവും ഹീനവുമായ എന്തിനോടുമുള്ള ചെറുത്തുനില്‌പാണത്. വാളുയര്‍ത്തുക എന്നത് ജിഹാദിന്റെ വൈവിധ്യമാര്‍ന്ന കര്‍മതലങ്ങളിലൊന്നുമാത്രം. മുസ്‌ലിം നിയമങ്ങളില്‍ അതറിയപ്പെടുന്നത് ദിവ്യസമരം എന്നപേരിലും.
``ഒരു ദിവസമെങ്കിലും ഇസ്‌ലാമിന്റെ അതിര്‍ത്തി സംരക്ഷിക്കുക എന്നത് മുഴുലോകത്തെക്കാളും അതിലെ സകലമാന വിഭവങ്ങളെക്കാളും ഉത്തമമത്രേ.''
``ദൈവമാര്‍ഗത്തില്‍ സമരത്തിന് പുറപ്പെടുകവഴി പൊടിപുരണ്ട പാദങ്ങളെ ഒരിക്കലും നരകാഗ്നി സ്‌പര്‍ശിക്കുകയില്ല.''
``മുജാഹിദുകള്‍ക്ക് പരോക്ഷമായെങ്കിലും സഹായസഹകരണങ്ങള്‍ നല്‌കുന്നവരും ജിഹാദില്‍ പങ്കാളികളാണ്.''
വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സ്വേച്ഛാനുസാരം എടുത്തുപയോഗിക്കാവുന്ന ഒന്നല്ല സായുധ ജിഹാദ്. അങ്ങനെയാണെങ്കില്‍ അത് നിരന്തരമായ ലഹളയ്‌ക്കും അവസാനിക്കാത്ത ആഭ്യന്തര കലാപങ്ങള്‍ക്കും അതുവഴി അരാജകത്വത്തിനും കാരണമായി ഭവിക്കും. ഇവയൊന്നും ഇസ്‌ലാമിക സംസ്‌കൃതിയുടെ വിഭാവനകളല്ല. അതിനാല്‍ സായുധ ജിഹാദ് പ്രഖ്യാപിക്കേണ്ടത് ഇസ്‌ലാമിക ഭരണാധികാരികളാണെന്ന് കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ പ്രബോധിപ്പിക്കുന്നു. ലക്ഷണമൊത്ത, ഭദ്രമായ ഒരു ഇസ്‌ലാമിക ആസ്ഥാനം- രാഷ്‌ട്രം-നിലവില്‍ വരണം. ആ രാഷ്‌ട്രത്തലവന് മാത്രമേ സായുധ ജിഹാദ് പ്രഖ്യാപിക്കാനധികാരമുള്ളൂ. സായുധ ജിഹാദിനുള്ള നിബന്ധനകളില്‍ വിധികര്‍ത്താവ് (ഹാക്കിം) ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. രാഷ്‌ട്രത്തലവന്റെ കല്‌പനക്കനുസരണമായി ശത്രുപക്ഷത്തെ പ്രതിരോധിക്കാനും ആവശ്യമെങ്കില്‍ പ്രത്യാക്രമണത്തിനും മുസല്‍മാന്‍ അനുവദിക്കപ്പെട്ടവനാണ്. പക്ഷേ, അവിരാമമായി നിഷ്‌കര്‍ഷിക്കപ്പെടേണ്ട ഒന്ന് എല്ലാം ദൈവമാര്‍ഗത്തിലായിരിക്കണം എന്നതത്രേ.
14 അഭിപ്രായ(ങ്ങള്‍):
ea jabbar said
'ഇസ്ലാമിന്റെ ചരിത്രവും നബിവചനങ്ങളുമൊക്കെ ആദ്യം രേഖപ്പെടുത്തിയവര്‍ക്ക് അക്കാലത്തിന്റെ നീതിബോധമാണുണ്ടായിരുന്നത്. അതിനാല്‍ അവര്‍ കാര്യങ്ങള്‍ വളച്ചു കെട്ടില്ലാതെ എഴുതി വെച്ചു. നബിയും കൂട്ടരും നടത്തിയ കഴുത്തറുപ്പന്‍ ജിഹാദിന്റെ ഭീകരചിത്രം അങ്ങനെ നമുക്കു ലഭ്യമായി. കൊള്ള ചെയ്യപ്പെട്ട ഒട്ടകങ്ങളുടെയും ആടുകളുടെയും മറ്റു സാധനങ്ങളുടെയുമൊക്കെ കൃത്യമായ വിവരങ്ങള്‍ ആ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി. കാരണം കൊള്ള ഒരു ക്രിമിനല്‍ കുറ്റമായി ആ കാലത്തു കണക്കാക്കപ്പെട്ടിരുന്നുല്ല. ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ കീഴടക്കുമ്പോള്‍ സ്ത്രീകളും കുട്ടികളുമൊക്കെ തടവുകാരായി പിടിക്കപ്പെടുന്നതും അവരെ അടിമകളും വെപ്പാട്ടികളുമാക്കി ഉപയോഗിക്കുന്നതും അക്കാലത്തെ “നീതി” യായിരുന്നു. അതൊക്കെ നബിയും കൂട്ടരും ചെയ്തതില്‍ അസ്വാഭാവികമായി ഒന്നും ഉണ്ടന്നവ്ര്ക്കു തോന്നിയില്ല. അതിനാല്‍ അതൊക്കെ അവര്‍ രേഖപ്പെടുത്തി. ഇന്ന് ഇതൊക്കെ വായിക്കുമ്പോള്‍ വിശ്വാസി പോലും നെറ്റി ചുളിക്കുന്നു. കാരണം അവന്റെ നീതിബോധവുമായി ഇതൊന്നും പൊരുത്തപ്പെടുന്നില്ല. വിശ്വാസം അവനൊട്ടു വിടാനും വയ്യ. ആ പ്രതിസന്ധിയെ മറി കടക്കാനാണു വ്യാഖ്യാനം കൊണ്ടുള്ള ഈ അഭ്യാസങ്ങളൊക്കെ !'
ഇസ്‌ലാമിക ചരിത്രം വളച്ചുകെട്ടില്ലാതെ എഴുതിവെച്ചു. എന്ന പരാമര്‍ശം അടിവരയിട്ടു മനസ്സിലാക്കിയാല്‍, പിന്നെ ആ ചരിത്രം വസ്‌തുനിഷ്‌ഠമായി പഠിക്കാനുള്ള ശ്രമമാണ് ഇസ്‌ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. ഈ പരാമര്‍ശം അറിയാതെ വസ്‌തുതകള്‍ അടര്‍ന്ന് വീഴുന്നതിന്റെ ഫലമായുണ്ടാകുന്നതാണ്. പ്രവാചകന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും ശത്രുക്കളെ വധിക്കുകയും ചെയ്‌തിട്ടുണ്ട്. കൊള്ളനടത്തിയ സംഭവം ജബ്ബാറിനോട് പറയാനാവശ്യപ്പെട്ടപ്പോള്‍ ഖുറൈള സംഭവത്തിലേക്കുള്ള ലിങ്ക് നല്‍കുകയാണ് ചെയ്‌തത്. അതാകട്ടെ ചരിത്രത്തിന്റെ ഒരു വശം മാത്രമാണുതാനും. ഇസ്‌ലാമിന്റെ നീതിബോധത്തിന് സമൂഹത്തിന്റെ അവസ്ഥയനുസരിച്ച് മാറുന്ന ഒന്നല്ല. അതിന് നീതി എന്ന് പറയാനാവില്ല. അന്ന് നടന്നയുദ്ധങ്ങള്‍ക്ക് കാരണം അന്നത്തെ സാഹചര്യമായിരുന്നു എന്നത് അവഗണിക്കാനാവില്ല. പക്ഷേ അന്ന് മറ്റുസമൂഹങ്ങളുടെ നീതിബോധമനുസരിച്ചല്ല പ്രവാചനും അനുയായികളും മുന്നേറിയത്. അവരുടെ മനുഷ്യപറ്റില്ലാത്ത യുദ്ധനിയമം പൊളിച്ചെഴുതുന്ന സമീപനമാണ് ഇസ്‌്‌ലാം സ്വീകരിച്ചത്. അന്ന് കൊള്ള ഒരു ക്രിമിനല്‍കുറ്റമായി കാണാതിരുന്നത് അറബി ഗോത്രസമൂഹമായിരിക്കും. ഇസ്ലാമില്‍ മറ്റൊരാളുടെ സമ്പത്ത് അന്യായമായി കൈവശപ്പെടുത്തുന്നത് എക്കാലത്തും ക്രിമിനല്‍ നടപടി നേരിടേണ്ടിവരുന്ന കുറ്റം തന്നെയാണ്. യുദ്ധത്തടവുകാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ അന്നത്തെ നീതിബോധം പ്രവാചകനും പിന്‍പറ്റി. പക്ഷേ യുദ്ധത്തിന് വന്നവരാണെന്ന ഒറ്റകാരണത്താല്‍ തന്നെ അവരെ വധിക്കാവുന്നതായിരിക്കെ അവരോട് മാന്യമായ നിലപാട് സ്വീകക്കണമെന്ന് പ്രവാചകന്‍ ആജ്ഞാപിച്ചു. അതുള്‍കൊണ്ട അനുചരന്‍മാര്‍ തങ്ങള്‍ ഉണങ്ങിയ കാരക്ക കഴിക്കുകയും ബന്ധികള്‍ക്ക് റൊട്ടിയും കറിയും നല്‍കുകയും ചെയ്‌തു. ഇക്കാലത്ത് ഗോണ്ടനാമോകളും അബൂഗുറൈബും തീര്‍ക്കുന്നവര്‍ തന്നെയാണ്. ഇസ്‌ലാമിനെ ഇതിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ എന്നത് വിചിത്രമായിരിക്കുന്നു.
ea jabbar..
'അതിനാല്‍ അതൊക്കെ അവര്‍ രേഖപ്പെടുത്തി. ഇന്ന് ഇതൊക്കെ വായിക്കുമ്പോള്‍ വിശ്വാസി പോലും നെറ്റി ചുളിക്കുന്നു. കാരണം അവന്റെ നീതിബോധവുമായി ഇതൊന്നും പൊരുത്തപ്പെടുന്നില്ല. വിശ്വാസം അവനൊട്ടു വിടാനും വയ്യ. ആ പ്രതിസന്ധിയെ മറി കടക്കാനാണു വ്യാഖ്യാനം കൊണ്ടുള്ള ഈ അഭ്യാസങ്ങളൊക്കെ !'
മുകളിലത്തെ പോസ്‌റ്റിനെക്കുറിച്ച ഈ അഭിപ്രായ പ്രകടനം. മുല്യവും സദാചാരവുമായി ബന്ധപ്പെട്ട ചര്‍ചയില്‍ വിശ്വാസികളായ ഞങ്ങള്‍ നടത്തിയ അഭ്യാസങ്ങളെക്കുറിച്ചാണ് ജബ്ബാര്‍ മാഷ് പറയുന്നത്. ഇസ്‌ലാമിനെ എങ്ങനെ വികൃതമാക്കി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹണങ്ങളാണ് യുക്തിവാദി ബ്ലോഗുകള്‍. ഇസ്‌ലാം പാരമ്പര്യമായി മാത്രം ഉള്‍കൊണ്ടവരും. വിശ്വാസികളെയോ ഇസ്‌ലാമിനെക്കുറിച്ചോ ഒരു ധാരണയുമില്ലാത്തവരും അവിടം സന്ദര്‍ശിക്കുന്നത് കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടാകുന്നതല്ല.അവവായിക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ സദുദ്യമത്തിന് ദൈവം അര്‍ഹമായ പ്രതിഫലം നല്‍കട്ടെ,ആമീന്‍
നന്മകള്‍ നേരുന്നു. തുടരുക വീണ്ടും.
അരീകോടന്‍ മാഷ്, സമീര്‍ കലന്തന്‍ അഭിപ്രായപ്രകടനങ്ങള്‍ക്കും പ്രചേദനങ്ങള്‍ക്കും നന്ദി
മഹര്‍ഷി ദയാനന്ദ സരസ്വതി എഴുതിയ സത്യാര്‍ത്ഥ പ്രകാശം
എന്ന ഗ്രന്ഥത്തിലെ പതിനാലാം സമുല്ലാസം ഒന്ന് വയ്ച്ചു മനസിലാക്കിയ ശേഷം അതിനെ നിഷ്പക്ഷമായി ഖണ്ടിക്കൂ,
അതിനുശേഷം താങ്കളുടെ മതത്തെക്കുറിച്ച് അഭിമാനിക്കൂ...
ചരിത്രത്തില്‍ ഇന്നുവരെ ആര്യസമാജം നടത്തിയ ഒരു ശാസ്ത്രര്‍ത്ഥത്തില്‍ പോലും ഒരു മതത്തില്‍ ജനിച്ചവനും വിജയിച്ചിട്ടില്ല.
ഈ നൂറ്റാണ്ടില്‍ ആരോഗ്യകരവും സംസ്കരപരവുമായ ഒരു ചര്‍ച്ചക്ക്, താങ്കളോ ? മറ്റുള്ളവരോ തയ്യാറാകുമോ ?
അഭിലാഷ് ആര്യക്ക് സ്‌നേഹപൂര്‍വം,
താങ്കളുടെ കമന്റിന് നന്ദി. ലിങ്ക് നല്‍കിയതിനും. താങ്കളുടെ ബ്ലോഗിലെ വിഷയങ്ങള്‍ വളരെ ഇഷ്്ടപ്പെട്ടു. ഇങ്ങനെ ഒരാള്‍ എന്തുകൊണ്ട് പ്രതികരണത്തില്‍ അല്‍പം പരുക്കനായി എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. താങ്കളുടെ ലിങ്ക് അത്തരം സംശയങ്ങള്‍ക്ക് വിരാമമൂണ്ടാക്കി. ഞാനെന്റെ മതത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നതിന് വേണ്ടിയല്ല ഈ ബ്ലോഗിലൂടെ ശ്രമിക്കുന്നത്. സാമി നിര്‍വഹിച്ച അതേ ജോലി, താന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ സഹജീവികള്‍ക്ക് പകര്‍ന്നു നലകുക. അദ്ദേഹം അതിനപ്പുറവും ചെയ്തിട്ടുണ്ട് എന്ന് അതിലെ ചില പരാമര്‍ശങ്ങള്‍ വായിച്ചപ്പോള്‍ സംശയിച്ചുപോയി. അത്തരമൊരു കാര്യം സംഭവിക്കുന്നതില്‍നിന്ന് ഞാന്‍ ദൈവത്തോട് അഭയം തേടുന്നു. താങ്കള്‍ സൂചിപ്പിച്ച പോലെ അത് വായിച്ചാല്‍ അതാണ് സത്യമെന്ന് അംഗീകരിക്കുകയും ചെയ്താല്‍ ഇസ്്‌ലാം വിരോധികളായ യുക്തിവാദികള്‍ ചെയ്യുന്നത് മാത്രമേ എനിക്കൂം ചെയ്യാന്‍ കഴിയൂ (സാമിയുടെ അനുയായികള്‍ ക്ഷമിക്കുക. ഈ ഒരു ലിങ്ക് ഇങ്ങനെ നല്‍കിയിരുന്നില്ലെങ്കില്‍ ഇതെനിക്ക് പറയാതെ ഇസ്്‌ലാമിനെ മാത്രം പരാമര്‍ശിച്ച് കടന്നു പോകാമായിരുന്നു) ഇസ്്‌ലാമിന്റെ കാര്യങ്ങളെക്കുറിച്ച് അത്രമാത്രം നാം അജ്ഞരാകേണ്ടതുണ്ടോ. അവരുടെ മതത്തിന്റെ അടിസ്ഥാനം ഖുര്‍ആനു പ്രവാചക ചര്യയുമാണ്. അവരണ്ടും നിലവിലിരിക്കെ പ്രത്യേകിച്ചും. ഈ ഒരൊറ്റ ന്യായീകരണം മതി എന്റെ പോസ്റ്റുകള്‍ക്ക്. താങ്കള്‍ ചര്‍ചക്ക് വിളിച്ചിരിക്കുന്നു നാം ഇപ്പോള്‍ ചര്‍ചയില്‍ തന്നെയാണല്ലോ. ഞാന്‍ പറഞ്ഞ കാര്യങ്ങളോട് വിയോജിക്കാനും ഖണ്ഡിക്കാനും നിങ്ങള്‍ക്ക് അവസരമുണ്ടല്ലോ. എന്നിരിക്കെ സാമി അതിന്റെ അവസാനം പറഞ്ഞ വിഭാഗത്തില്‍ എന്നെ ഉള്‍പ്പെടുത്തരുത്.
'മതമതാന്തരങ്ങളുടെ പരസ്പരവിരുദ്ധ ലഹളയി
ല്‍ എനിക്ക് പ്രസന്നതയില്ല. എന്തെന്നാല്‍ ഈ
മതപ്രചാരകരാണ് അവരവരുടെ മതം പ്രചരിപ്പി
ച്ച് മനുഷ്യരെ കുടുക്കി പരസ്പരം ശത്രുക്കളാക്കിയത്. ഇതിനെ എതിര്‍ത്ത് സര്‍വസത്യത്തിനെ
പ്രചരിപ്പിച്ച് ഏവരെയും ഐക്യമത്യത്തിലാക്കി,
ദ്വേഷം വെടിയിച്ച്, പരസ്പരം ദൃഢമായ പ്രതീതിഉള്ളവരാക്കി എല്ലാവരും എല്ലാവര്‍ക്കും സുഖലോഭങ്ങള്‍ എത്തിച്ചു കൊടുപ്പിക്കുന്നതിനു വേണ്ടിയാണ്
എന്റെപരിശ്രമങ്ങളും അഭിപ്രായങ്ങളും.
സര്‍വ്വശക്തിമാനായ ഈശ്വരന്റെ കൃപയും
സഹായവും ആപ്തപുരുഷന്മാരുടെ സഹാനുഭൂ
തിയുംകൊണ്ട് ഈ സിദ്ധാന്തങ്ങള്‍ ഭൂമിയിലെങ്ങും
ശീഘ്രം പ്രവൃത്തമാകട്ടെ. അങ്ങനെ ഏവരും സഹജമായി ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍ സിദ്ധമാക്കിസദാ ഉന്നതിയും ആനന്ദവും പ്രാപിക്കട്ടെ. ഇതാണെന്റെ മുഖ്യലക്ഷ്യം.'
(സാമി തന്റെ താങ്കളയച്ചു തന്നെ അധ്യാം അവസാനിപ്പിക്കുന്നതിങ്ങനെയാണ്).ഇതുതന്നെയാണെന്റെയും മുഖ്യലക്ഷ്യം എന്ന് പറഞ്ഞാന്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല.
സാമിയുടെ ഇസ്്‌ലാമികവും ഖുര്‍ആനികവുമായ പാണ്ഡിത്യം എന്റെ മുസ്ലിം സഹോദരന്‍മാര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാനുതകുന്ന പ്രസ്തുത പുസ്തകത്തലെ പരാമര്‍ശം ഇവിടെ ഉദ്ധരിക്കട്ടേ.
'സമീ:- നോക്കൂ, മറ്റൊരു വിശ്വാസവഞ്ചന ഖുദാ
മുസ്ലീങ്ങളെ പഠിപ്പിക്കുകയാണ്. അയല്‍ക്കാരനെ
യോ വല്ലവരുടെയും ഭൃത്യനെയോ സമയം
പാര്‍ത്ത് ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യ
ണം. ഇത്തരം ഖുര്‍ആന്‍ വചനങ്ങളാല്‍ മുസല്‍മാന്മാര്‍ അങ്ങനെ ധാരാളം ചെയ്തിട്ടുണ്ട്. ഇനിയെ
ങ്കിലും ഇത്തരം കാര്യങ്ങള്‍ ചീത്തയാണെന്നു മന
സ്സിലാക്കി ഖുറാനിലെ ഇത്തരം വചനങ്ങളെ നിരാകരിക്കുന്ന പക്ഷം അതു നന്നായിരിക്കും.'
430 പേജുള്ള ആ സമുല്ലാസങ്ങള്‍ പുര്‍ണമായി വായിച്ചിട്ടില്ല സൗകര്യം പോലെ വായിക്കാം ഒറ്റനോട്ടത്തില്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനേക്കാള്‍ ഒരു നിലവാരവുമില്ല എന്ന് പറയേണ്ടി വരുന്നതിലെ നിസ്സഹായാവസ്ഥ അഭിലാഷ് ആര്യക്ക് മനസ്സിലാകുമോ എന്നറിയില്ല. ഞാനിട്ട പോസ്റ്റുമായി ബന്ധമില്ലെങ്കിലും താങ്കള്‍ നല്‍കിയ ലിങ്കിന്റെ പ്രാധാന്യം പരിഗണിച്ചാണ് ഇവിടെ സംസാരിച്ചത്.
പതിനാലാം സമുല്ലാസം ഒന്ന് വയ്ച്ചു മനസിലാക്കിയ ശേഷം അതിനെ നിഷ്പക്ഷമായി ഖണ്ടിക്കൂ,
പ്രിയ അഭിലാഷ്,
സാമിജി എന്താണ് പ്രസ്തുത സമുല്ലാസത്തില്‍ ചെയ്തിരിക്കുന്നത് എന്നറിയുമോ താങ്കള്‍ക്ക്. അത് വേണ്ടവിധം ഗൌനിച്ചിട്ടില്ല താങ്കള്‍ എന്ന് കരുതുകയാണ്, മുകളില്‍ കൊടുത്ത അഭിപ്രായ പ്രകടത്തിലൂടെ. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് ഏതോ ഇസ്ലാം വിരുദ്ധശക്തികള്‍ നല്‍കിയ(ഒരു പക്ഷേ അക്കാലത്തെ മുസ്ലിംയുക്തിവാദികളാകാം അവരുടെ ദൌത്യം ഇസ്ലാമിനെ അവര്‍ക്ക് കഴിയാവുന്നവിധം തെറ്റിദ്ധരിപ്പിക്കുയാണല്ലോ) തെറ്റായ വ്യാഖ്യാനം എടുത്ത് ചേര്‍ക്കുകയും അത് സത്യമാണെന്ന് അദ്ദേഹം സ്വയം അംഗീകരിക്കുയും ആ ഖുര്‍ആനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുമാണ്. താങ്കളും സ്വാഭാവികമായി അതെല്ലാം ഖുര്‍ആനിന്റെ അധ്യാപനങ്ങളാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. താങ്കള്‍ക്ക് ചെയ്യാവുന്നത് സ്വാമി എടുത്ത് ചേര്‍ത്ത സൂക്തങ്ങളുടെ മുസ്ലിംകള്‍ നല്‍കുന്ന വ്യാഖ്യാനം ഒരു പരിഭാഷ നോക്കി മനസ്സിലാക്കുകയാണ്. അതിന് മുമ്പ് നിങ്ങള്‍ തീരുമാനത്തിലെത്തുന്ന പക്ഷം താങ്കളുടെ പ്രൊഫൈല്‍ ഞാനിങ്ങനെ തിരുത്തിവായിക്കും, അറിവില്‍ നിന്ന് അജ്ഞതയിലേക്ക് കൂപ്പുകുത്തുന്ന ഒരു നിര്‍ഭാഗ്യവാന്‍. പക്ഷേ എന്നോട് ഖണ്ഡിക്കാന്‍ ആവശ്യപ്പെട്ടതില്‍ നിന്ന് താങ്കള്‍ ഒരു അന്വേഷി തന്നെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
'ചരിത്രത്തില്‍ ഇന്നുവരെ ആര്യസമാജം നടത്തിയ ഒരു ശാസ്ത്രര്‍ത്ഥത്തില്‍ പോലും ഒരു മതത്തില്‍ ജനിച്ചവനും വിജയിച്ചിട്ടില്ല.'
ആര്യസമാജ സ്ഥാപകനാണല്ലോ സ്വാമി ദയാനന്ദ സരസ്വതി. അദ്ദേഹത്തിന്റെ ഇസ്ലാം പഠനം എത്രവികലമാണെന്ന് ഞാന്‍ സൂചിപ്പിച്ചുകഴിഞ്ഞു. ഇത്തരമൊരു ദര്‍ശനം അതുപോലുള്ള കണ്ടെത്തല്‍ നടത്തിയുട്ടുണ്ടെങ്കില്‍ അതില്‍ ഒരത്ഭുതവുമില്ല. മറിച്ച് കണ്ടെത്തിയാലാണ് അത്ഭുതമുള്ളത്. മനുഷ്യവിജയത്തിന്റെ നിങ്ങളുടെ മാനദണ്ഡമെന്താണന്നതും വിശദീകരിക്കപ്പെടേണ്ടതാണ്. ഇസ്ലാമില്‍ മനുഷ്യന്റെ വിജയത്തിനുള്ള അളവുകോല്‍ ഇഹത്തിലെ സമാധാനവും പരത്തിലെ സ്വര്‍ഗലബ്ധിയുമാണ്.
'ഈ നൂറ്റാണ്ടില്‍ ആരോഗ്യകരവും സംസ്കരപരവുമായ ഒരു ചര്‍ച്ചക്ക്, താങ്കളോ ? മറ്റുള്ളവരോ തയ്യാറാകുമോ ?'
തീര്‍ച്ചയായും. താങ്കളെയും സഹപ്രവര്‍ത്തകര്‍ക്കും ഹാര്‍ദ്ദവമായ സ്വാഗതം. നിങ്ങളുടെ ബ്ലോഗിലാണെങ്കില്‍ അതിനും തയ്യാര്‍.
ലത്തീഫ്..
ഈ അഭിലാഷാര്യയെ ഞാനറിയും.. എണ്റ്റെ ബ്ളോഗിലൂടെയും.. അയാള്‍ ഒരു ആര്യസമാജം ഭ്രാന്തനാണു...
ദയാനന്ദമഹര്‍ഷിയുടെ ഇരുട്ടില്‍ വെളിച്ചം തേടുന്ന ഒരു പാവം.. ഇങ്ങനെ ഒരു ലിങ്ക് നല്‍കി പാവം മുങ്ങുയാണു പതിവു...
അയാള്‍ക്ക് വേണ്ടി സമയം പാഴാക്കുന്നതു അയാള്‍ പാഴാക്കുന്നതിനനുപാതത്തിലായാല്‍ അതായിരിക്കും ഉചിതം...
തുടരുക.. താങ്കളുടെ ഉദ്യമം ശരിക്കും അഭിനന്ദനാര്‍ഹമാണു...
എം. എ. ബക്കര്‍ താങ്കള്‍ക്ക് സ്വാഗതം. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. താങ്കളോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അദ്ദേഹത്തെ പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല. ഒരു മതപരിഷ്‌കര്‍ത്താവ് ഒരു ലോകമതത്തെക്കുറിച്ച് ഇത്രയധികം അജ്ഞത പേറുന്നു എന്നത് അദ്ദേഹം എനിക്ക് നല്‍കിയ പുതിയ അറിവാണ്. അതുമാത്രമല്ല ക്രൂരമായി തെറ്റിദ്ധരിപ്പിക്കുയും ചെയ്യുന്നു. സാമാന്യബുദ്ധിയുള്ളവര്‍ക്ക് പോലും കണ്ടത്താന്‍ കഴിയുന്ന മണ്ടത്തരങ്ങള്‍ വലിയ വിജ്ഞാനം വിളമ്പുന്ന രൂപത്തില്‍ അവതരിപ്പിക്കുന്നു. ഇതെല്ലാം അറിയാന്‍ അവസരം തന്ന അഭിലാഷ് ആര്യയോട് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും.
സീകെ,
താങ്കള്‍ തുടരുക ഈ ദൌത്യം..
മുങ്ങാംകുഴിക്കാരെ അവഗണിച്ചേക്കൂ! അവര്‍ക്കതേ
നിവര്‍ത്തിയുള്ളുവല്ലോ.അവിടെയുമിവിടേയുമൊക്കെ
ആരോ എവിടെയോ വെളിവില്ലാതെ പകര്‍ത്തിവെച്ചതു
സ്വയം ഒന്നു വായിക്കുക പോലും ചെയ്യാതെ,ലിങ്കുചെയ്ത് വനവാസത്തിനു പൊയ്ക്കളയും!
ഇത്തരക്കാരൊരിക്കലും കാലത്തിന്‍റെ വിളി കേള്‍ക്കില്ല!
പണ്ടേതോ ഒരു വനവാസി’മുല്‍ഹിദ്’തുപ്പിയതിനെ
അന്ധമായി’തഖലീദ്’ചെയ്യാന്‍ ഈ ജനുസ്സ് പുരോഗമന
വാദികള്‍ക്കു,രണ്ടുവട്ടം ആലോചിക്കേണ്ടതുമില്ല!
അതുകൊണ്ട് താങ്കളുടെ ശ്രമം,കുറച്ചുകൂടി
ക്രിയാത്മകമാക്കുക.വാണിദാസിന്‍റെ വീക്ഷണം
ഉന്നതമാണു.ഇത്തരം മഹാന്മാരുടെ അഭിപ്രായങ്ങളും
ഉദ്ധരിണികളും തേടിപ്പിടിച്ചു പോസ്റ്റിലിടൂ!
മുസ്ലിം പണ്ഠിതന്‍ പറയുന്നതിനേക്കാള്‍ തെളിച്ചം
ഇത്തരം ഇസ്ലാമേതരജ്ഞാനികളുടെ ലഭ്യമാണു!
ലൌജിഹാദ് കാലത്തു,എന്താണു ജിഹാദെന്ന്
പറഞ്ഞു കൊടുക്കുന്നതു തന്നെയാണു ജിഹാദ്!
ആശംസകള്‍
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ