2009, ഡിസംബർ 16, ബുധനാഴ്‌ച

ഖുര്‍ആനിലെ ക്രൂരതയുടെ സൂക്തങ്ങള്‍ ?!!

ഒരു മുസ്‌ലിം അവിശ്വാസികളോട് എങ്ങനെ പെരുമാറണം? (രണ്ടാം ഭാഗം)

'മാന്യ സുഹൃത്തുക്കളേ. അവിശ്വാസികളുമായി എങ്ങനെ പെരുമാറണം എന്നതിന് അവലംബം ഒരിക്കലും കാളിദാസന്‍ ഉദ്ധരിച്ച യുദ്ധപശ്ചാതലത്തില്‍ അവതരിച്ച
സൂക്തങ്ങളല്ല എന്ന് വിനീതമായി അറിയിക്കട്ടേ. നന്ദി.'

എന്ന എന്റെ കമന്റിന് കാളിദാസന്‍ ഇങ്ങനെ പ്രതികരിച്ചു:

'ആദ്യം ഇംഗ്ളീഷ് ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അത് വായിച്ചുനോക്കാനുള്ള മാന്യത പോലും ഇല്ലാതെ അസത്യമെന്നു പറഞ്ഞു. ലത്തീഫ് തന്നെ തന്ന മലയാളം ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നതിനു പകരം അതിന്റെ പശ്ചത്തലം അന്വേഷിച്ചു പോകുനു.

യുദ്ധ പശ്ചത്തലത്തിലായാലും അല്ലെങ്കിലും അവിശ്വാസികളെ എന്തു ചെയ്യണം എന്നതാണല്ലോ മൊഹമ്മദ് പറഞ്ഞിരിക്കുന്നത്.

പ്രചീനകാലത്തെ യുദ്ധങ്ങളില്‍ ശത്രുക്കളോട് ചെയ്തിരുന്നതിതാണ്. അവിടെ വിശ്വാസവും അവിശ്വാസവും ഒന്നുമില്ലായിരുന്നു. ശത്രുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജനങ്ങള്‍ക് വിവേകമുണ്ടായപ്പോള്‍ ഈ ക്രൂരതകളൊക്കെ അവര്‍ മാറ്റി. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധത്തടവുകാരോടു ചെയ്യേണ്ട മര്യാദകളൊക്കെ ഇന്ന് നിയമമാണ്. ഗ്വണ്ടനാമോ ബേയില്‍ തടവിലിട്ടിരിക്കുന്ന മുസ്ലിം ഭീകരര്‍ പോലും ഈ വകുപ്പുകളുപയോഗിച്ചാണു കേസു വാദിക്കുന്നത്. അവരും മുസ്ലിങ്ങള്‍ തന്നെയല്ലേ? അവിശ്വാസികളോട് ചെയ്യേണ്ട കാര്യങ്ങള്‍ മൊഹമ്മദ് പറഞ്ഞ പോലെ ചെയ്യുന്നു എന്നു സമാധാനിച്ച് അവര്‍ എന്തുകൊണ്ട് അതിനൊന്നും കീഴ്പ്പെടുന്നില്ല?

ലത്തീഫിനേപ്പോലെ ചിന്താ ശേഷി പണയം വച്ചവര്‍ ഇതൊക്കെയാണു ചിന്തിക്കേണ്ടത്.

ഇസ്ലാം ഒഴികെയുള്ള ലോകം മുഴുവന്‍ പ്രാകൃത അനാചാരങ്ങളില്‍ നിന്നും ഹീനതകളില്‍ നിന്നും എന്നേ മുക്തമായി. ഇസ്ലാം മാത്രം ഇന്നും അതെ പ്രാകൃത കാലഘട്ടത്തില്‍ ജീവിക്കുന്നു. അതേ ഞാന്‍ ചൂണ്ടികാണിച്ചുള്ളു. ലത്തീഫിനതൊക്കെ മനസിലാകുന്നുണ്ട്. പക്ഷെ അന്ധവിശ്വാസം ലത്തീഫിനെ അതൊക്കെ സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.'


കാളിദാസന്‍ നല്‍കിയ സൂക്തങ്ങളില്‍ അധ്യായം (5) മാഇദയിലെ 33, 34 സൂക്തങ്ങളാണിവിടെ നല്‍കുന്നത്. ഖുര്‍ആനില്‍ സൂക്തങ്ങളൊക്കെ മുഹമ്മദ് നബിയുടെതാണ് എന്ന ധാരണയിലാണ് കാളിദാസന്‍ സംസാരിക്കുന്നത്. അതവിടെ നില്‍ക്കട്ടേ. പ്രസ്തുത സൂക്തതില്‍ എന്ത് ക്രൂരതയാണുള്ളതെന്ന് സൂക്തവും അതോടൊപ്പമുള്ള മൌദൂദിയുടെ വ്യാഖ്യാനവും വായിച്ചിട്ട് നമ്മുക്ക് ചര്‍ചചെയ്യാം. മുന്‍ അനുഭവം വെച്ച് ഇത്തരം കാര്യങ്ങളില്‍ ഇപ്രാകരമുള്ള ചര്‍ചക്ക് നാഴികക്ക് നാല്‍പത് വട്ടം ഖുര്‍ആനില്‍ ഭീകരതയും ക്രൂരതയും ആരോപിക്കുന്നവര്‍ വരികയില്ല എന്നനിക്ക് പറയാന്‍ കഴിയും. അഥവാ അത്തരക്കാര്‍ വന്നാലും ഇതേക്കുറിച്ച് ചര്‍ചചെയ്യാതെ മറ്റുവല്ലതുമായിരിക്കും പറയുക. സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സൂക്തങ്ങള്‍ മുഴുവനായി നല്‍കുന്നു. ഗ്വണ്ടനാമോയും ജനീവയും ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമങ്ങളും ഈ സൂക്തത്തിലെ പരാമര്‍ശങ്ങളും ഇതിലടങ്ങിയ മാനുഷികവും വിട്ടുവീഴ്ചയുടെതുമായ നിയമങ്ങളുടെയും താരതമ്യം വായനക്കാര്‍ക്ക് വിടുന്നു.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ,55 വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.56 ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന്.57 (5:33-34)

55. നാട്ടില്‍ സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഇസ്‌ലാമിക ഗവണ്‍മെന്റില്‍ അര്‍പ്പിതമായിരിക്കുന്ന ഭൂപ്രദേശമാണ് ഉദ്ദേശ്യം. അവിടെ സ്ഥാപിതമായ ഉത്തമ വ്യവസ്ഥക്കെതിരായ യുദ്ധമാണ് അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള യുദ്ധം. ഭൂമിയില്‍ ഒരുത്തമ വ്യവസ്ഥ സ്ഥാപിതമാകണമെന്നാണ് അല്ലാഹുവിന്റെ അഭീഷ്ടം. അതേ ആവശ്യാര്‍ഥമാണ് അവന്‍ പ്രവാചകരെ നിയോഗിച്ചയച്ചതും. അവിടെ മനുഷ്യന്നും തിര്യക്കുകള്‍ക്കും വൃക്ഷലതാദികള്‍ക്കും എന്നുവേണ്ട ഭൂമുഖത്തുള്ള സകലത്തിനും ശാന്തി ലഭിക്കണം അവിടെ മനുഷ്യത്വം അതിന്റെ നൈസര്‍ഗികമായ സമ്പൂര്‍ണ്ണത പ്രാപിക്കുമാറാകണം. അവിടെ ഭൂമുഖത്തുള്ള വിഭവങ്ങളും പദാര്‍ഥങ്ങളും വിനിയോഗിക്കപ്പെടുന്നത് മനുഷ്യപുരോഗതിക്ക് ഉതകുന്ന വിധത്തിലാവണം; മനുഷ്യവിനാശത്തിനാവരുത്. ഇങ്ങനെയുള്ള ഒരുത്തമ വ്യവസ്ഥ ഭൂമുഖത്തെവിടെയെങ്കിലും സ്ഥാപിതമായാല്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ ദൈവത്തോടും ദൈവദൂതനോടുമുള്ള യുദ്ധം തന്നെയാണ്. അത് കൊലയും കൊള്ളയും കൊള്ളിവെപ്പും കവര്‍ച്ചയും നടത്തിക്കൊണ്ട് ചെറിയ തോതിലുള്ള അട്ടിമറിയായാലും കൊള്ളാം; ആ വ്യവസ്ഥ മാറ്റി തദ്സ്ഥാനത്ത് മറ്റൊരു ദുര്‍വ്യവസ്ഥ സ്ഥാപിക്കുവാന്‍ വേണ്ടി വന്‍തോതിലുള്ള അട്ടിമറിയായാലും കൊള്ളാം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവന്റെ പേരില്‍ രാജാവിനെതിരെ യുദ്ധം ചെയ്ത (Waging war against the King) കുറ്റം ചുമത്തപ്പെടുമെന്ന് ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ടായിരുന്ന വകുപ്പുപോലെയാണിത്. അവന്റെ നടപടി, നാട്ടിന്റെ ഏതെങ്കിലും അകന്ന മൂലയില്‍ സ്ഥിതിചെയ്യുന്ന ഒരു സാധാരണ പട്ടാളക്കാരന്റെ നേരെ ആയിക്കൊള്ളട്ടെ, രാജാവ് അവന്റെ കൈപിടിയില്‍നിന്നു എത്ര തന്നെ ദൂരെ സ്ഥിതി ചെയ്തുകൊള്ളട്ടെ.


56. ഈ ശിക്ഷാനടപടികള്‍ മൊത്തത്തിലാണിവിടെ പ്രതിപാദിച്ചിട്ടുള്ളത്. ജഡ്ജിക്ക്, അല്ലെങ്കില്‍ അതത് കാലത്തെ ഖലീഫക്ക് ഓരോ കുറ്റക്കാരനും കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് യുക്തം പോലെ ശിക്ഷ നല്‍കാവുന്നതാണ്. ഒരു വ്യക്തി ഇസ്‌ലാമിക രാഷ്ട്രത്തിനുള്ളില്‍ താമസിച്ചുകൊണ്ട് ഇസ്‌ലാമിക വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഹീനമായ കുറ്റമാണെന്നും മേല്‍ പറഞ്ഞ കഠിന ശിക്ഷകളില്‍ ഏതും അവന്ന് നല്‍കാമെന്നും വെളിപ്പെടുത്തുകയാണ് സാക്ഷാലുദ്ദേശ്യം.


57. അതായത്, അട്ടിമറിശ്രമത്തില്‍നിന്ന് വിരമിക്കുകയും സത്യവ്യവസ്ഥയെ തകിടംമറിക്കാനുള്ള ഉദ്യമം ഉപേക്ഷിക്കുകയും അനന്തര ജീവിതരീതികൊണ്ട് താന്‍ സമാധാനകാംക്ഷിയും നിയമാനുസാരിയും സദ്‌വൃത്തനുമായിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്താല്‍ പിന്നെ പൂര്‍വകാല നടപടിയുടെ പേരില്‍ മുന്‍പറഞ്ഞ ശിക്ഷകളില്‍ യാതൊന്നും അവന് നല്‍കാവതല്ല. എന്നാല്‍ വ്യക്തികളുടെ വല്ല അവകാശത്തിലും അവന്‍ കൈവച്ചിട്ടുണ്ടെങ്കില്‍ ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുന്നതുമല്ല. ഉദാഹരണമായി, ഒരാളെ വധിക്കുകയോ വല്ലവരുടെയും സ്വത്ത് പിടിച്ചെടുക്കുകയോ ചെയ്തുവെന്ന് വിചാരിക്കുക. അഥവാ മനുഷ്യന്റെ ജീവനോ സ്വത്തിനോ നാശം വരുത്തുന്ന എന്തെങ്കിലുമൊരു കുറ്റം അവനില്‍നിന്നുണ്ടായെന്ന് കരുതുക. എങ്കില്‍ ആ അപരാധത്തിന് ക്രിമിനല്‍ കേസ്സെടുക്കപ്പെടും. എന്നാല്‍ രാജദ്രോഹം, അട്ടിമറി, അല്ലാഹുവിനും റസൂലിനും എതിരായി യുദ്ധം എന്നീ ചാര്‍ജുകള്‍ അവന്റെ പേരില്‍ ചുമത്തപ്പെടുന്നതല്ല.

5 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മാന്യ സുഹൃത്തുക്കളേ. അവിശ്വാസികളുമായി എങ്ങനെ പെരുമാറണം എന്നതിന് അവലംബം ഒരിക്കലും കാളിദാസന്‍ ഉദ്ധരിച്ച യുദ്ധപശ്ചാതലത്തില്‍ അവതരിച്ച
സൂക്തങ്ങളല്ല എന്ന് വിനീതമായി അറിയിക്കട്ടേ.

പെരുമാറാണ്ടതെങ്ങനെ എന്ന് ഇവിടെ വായിച്ചുവോ?.

CKLatheef പറഞ്ഞു...

Kaalidaasan said..

'ആദ്യം ഇംഗ്ളീഷ് ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അത് വായിച്ചുനോക്കാനുള്ള മാന്യത പോലും ഇല്ലാതെ അസത്യമെന്നു പറഞ്ഞു. ലത്തീഫ് തന്നെ തന്ന മലയാളം ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നതിനു പകരം അതിന്റെ പശ്ചത്തലം അന്വേഷിച്ചു പോകുനു.'

ഇംഗ്ലീഷ് നല്‍കിയതിന് ഞാന്‍ പ്രതികരിച്ചില്ല കാരണം ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. മിനിമം ഒരു സൂക്തം കണ്ടെത്താന്‍ അധ്യായ നമ്പര്‍ വേണമെന്ന അറിവുപോലുമില്ലാതെയാണ് കട്ട പേസ്റ്റ് ചെയ്തത്. മലയാളത്തില്‍ സൂക്തങ്ങള്‍ ലഭ്യമായിരിക്കെ എവിടുന്നോ കോപ്പിചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള തര്‍ജമക്ക് ഞാന്‍ മലയാളത്തില്‍ മറുപടി പറയേണ്ടതില്ലല്ലോ. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതിങ്ങനെ:

'സന്ദര്‍ഭവും സാഹചര്യവും നോക്കാതെ എവിടെ നിന്നോ ചില സൂക്തങ്ങള്‍ താങ്കള്‍ പേസ്റ്റ് ചെയ്തിരിക്കുന്നു. മലയാളത്തില്‍ ധാരാളം ഖുര്‍ആന്‍ പരിഭാഷകള്‍ ലഭ്യമായിരിക്കെ ശരിയായ റെഫറന്‍സ് പോലും നല്‍കാതെ പേസ്റ്റ് ചെയ്ത സൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനം വിശ്വാസികള്‍ മനസ്സിലാക്കുന്നത് പോലെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായിരിക്കും സത്യസന്ധത എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ അറിവ് വെച്ച് വേദങ്ങളും പുരാണങ്ങളും ഞാന്‍ തോന്നിയ പോലെ വ്യാഖ്യാനിച്ചാലുള്ള അസാഗത്യം ഖുര്‍ആന്റെ കാര്യത്തില്‍ പാലിക്കാന്‍ കഴിയാതെ പോകുന്നതെങ്ങനെ?.'

'യുദ്ധ പശ്ചത്തലത്തിലായാലും അല്ലെങ്കിലും അവിശ്വാസികളെ എന്തു ചെയ്യണം എന്നതാണല്ലോ മൊഹമ്മദ് പറഞ്ഞിരിക്കുന്നത്.'

യുദ്ധപശ്ചാതലത്തിലായാലും അല്ലെങ്കിലും (രണ്ടും തമ്മില്‍ ഒരു വ്യത്യാസവും പാടില്ലേ
??!!) അവിശ്വാസികളോടുള്ള പെരുമാറ്റമല്ല ഇവിടെയും വിശയം. എന്ന് വ്യക്തമാണല്ലോ. ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണ് ഇവിടുത്തെ വിഭാഗം. അവര്‍ക്ക് യുക്തമായ ശിക്ഷ ജഡ്ജിക്ക് നല്‍കാം (ഇവിടെ സൂചിപ്പിച്ച ശിക്ഷാവിധികളാണോ ആരോപണത്തിന് ഹേതു. അതുതന്നെയാകണമെന്നില്ല എന്ന സൂചനയും അവനല്‍കുന്ന സ്ഥിതിക്ക് അതില്‍ തന്നെ തൂങ്ങേണ്ടതുണ്ടോ.)
എന്നതാണ് സൂക്തത്തിന്റെ ഉള്ളടക്കം. അതില്‍ തന്നെ എത്രമാനുഷികമായിട്ടാണ് കാര്യങ്ങളെ കാണുന്നത് സൂക്തങ്ങളെ സൂക്ഷമായി വീക്ഷിക്കുമ്പോള്‍ കാണാന്‍ കഴിയും.

CKLatheef പറഞ്ഞു...

Kaalidaasan said..

'പ്രചീനകാലത്തെ യുദ്ധങ്ങളില്‍ ശത്രുക്കളോട് ചെയ്തിരുന്നതിതാണ്. അവിടെ വിശ്വാസവും അവിശ്വാസവും ഒന്നുമില്ലായിരുന്നു. ശത്രുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജനങ്ങള്‍ക് വിവേകമുണ്ടായപ്പോള്‍ ഈ ക്രൂരതകളൊക്കെ അവര്‍ മാറ്റി. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധത്തടവുകാരോടു ചെയ്യേണ്ട മര്യാദകളൊക്കെ ഇന്ന് നിയമമാണ്. ഗ്വണ്ടനാമോ ബേയില്‍ തടവിലിട്ടിരിക്കുന്ന മുസ്ലിം ഭീകരര്‍ പോലും ഈ വകുപ്പുകളുപയോഗിച്ചാണു കേസു വാദിക്കുന്നത്. അവരും മുസ്ലിങ്ങള്‍ തന്നെയല്ലേ? അവിശ്വാസികളോട് ചെയ്യേണ്ട കാര്യങ്ങള്‍ മൊഹമ്മദ് പറഞ്ഞ പോലെ ചെയ്യുന്നു എന്നു സമാധാനിച്ച് അവര്‍ എന്തുകൊണ്ട് അതിനൊന്നും കീഴ്പ്പെടുന്നില്ല?'

ആധുനികകാലത്ത് യുദ്ധത്തില്‍ ശത്രുക്കളെകണ്ടാല്‍ പിടിച്ചുകൊണ്ട് വന്ന് സല്‍കരിച്ചുവിടലാണ് എന്ന് തോന്നും ഇത് കേട്ടാല്‍. സംശയത്തിന്റെ പേരില്‍ പോലും വെടിവെച്ചുകൊന്ന് ഭീകരുമായുള്ള ഏറ്റുമുട്ടല്‍ എന്ന് പേരിട്ട് നിരപരാധികള്‍ വധിക്കപ്പെടുന്ന ഇക്കാലത്ത് തന്നെ ഇങ്ങനെയൊക്കെ പറയണം. അതേ സമയം യുദ്ധത്തടവുകാരോട് പ്രവാചകനും അനുചരന്‍മാരും എങ്ങനെയാണ് പെരുമാറിയതെന്ന് ഞാന്‍ മുമ്പ് വിശദമാക്കിയിട്ടുണ്ട്. തങ്ങള്‍ക്കുള്ള ഭക്ഷണം പോലും യുദ്ധത്തടവുകാര്‍ക്ക് നല്‍കി മാതൃക കാട്ടിയ മതത്തിന്റെ ആളുകളെ ഗ്വാണ്ടനാമോയിലെ(അവിടെയുള്ള വിചാരണത്തടവുകാരോട് എങ്ങനെയാണ് പെരുമാറികൊണ്ടിരിക്കുന്നത് എന്ന് അറിയാത്തവരായിരിക്കില്ല നെറ്റ് വായനക്കാര്‍)തടവുകാര്‍ അനുഭവിക്കുന്ന നീതിപറഞ്ഞ് പഠിപ്പിക്കാന്‍ തൊലിക്കട്ടി അല്‍പമൊന്നും പോരാ. ഇസ്്‌ലാം കാണിച്ചുതരുന്ന നീതിയിലേക്കും കാരുണ്യത്തിലേക്കുമെത്താന്‍ ഇവരൊക്കെ മൈലുകള്‍ താണ്ടേണ്ടതുണ്ടെന്ന് മനസ്സിലാക്കാന്‍ ഇസ്ലാമിനെക്കുറിച്ച് പ്രാഥമിക വിവരമെങ്കിലും നേടിയാല്‍ മതി.

CKLatheef പറഞ്ഞു...

Kaalidaasan said..

'ഇസ്ലാം ഒഴികെയുള്ള ലോകം മുഴുവന്‍ പ്രാകൃത അനാചാരങ്ങളില്‍ നിന്നും ഹീനതകളില്‍ നിന്നും എന്നേ മുക്തമായി. ഇസ്ലാം മാത്രം ഇന്നും അതെ പ്രാകൃത കാലഘട്ടത്തില്‍ ജീവിക്കുന്നു. അതേ ഞാന്‍ ചൂണ്ടികാണിച്ചുള്ളു. ലത്തീഫിനതൊക്കെ മനസിലാകുന്നുണ്ട്. പക്ഷെ അന്ധവിശ്വാസം ലത്തീഫിനെ അതൊക്കെ സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.'

ഹജ്ജിലെ ബലിയെക്കുറിച്ചാണ് പറയുന്നതെങ്കിലും അതുവെച്ച് ഇസ്്ലാം ക്രൂരതയുടെ മതം എന്ന് വരുത്തുകയായിരുന്നു ബ്ളോഗറുടെ ഉദ്ദേശ്യം എന്നത് വ്യക്തമാണ്. പൊതുവെയുള്ള വിശ്വാസം ഏതാണ്ടെല്ലാമതങ്ങളിലും ബലിപോലുള്ള നിലനിന്നിരുന്നെങ്കിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അതിനെ ന്യായീകരിക്കുന്നവര്‍ മുസ്്ലിംകള്‍ മാത്രമാണ് എന്നതാണ്. ഒരര്‍ഥത്തില്‍ ശരിയാണ് ഈ അഭിപ്രായം. മനസ്സിലാക്കിയിടത്തോളം ഇസ്്ലാമല്ലാത്ത മതങ്ങളില്‍ ദൈവത്തെ പ്രസാദിപ്പിക്കു എന്ന ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തി ദൈവത്തിന് വേണ്ടി രക്തമൊഴുക്കുക എന്ന ഒരു നിര്‍വചനമാണ് ബലിക്കുള്ളത്. അതിന്റെ മാസം ഉപയോഗിക്കാതിരിക്കുന്നതോ, നശിപ്പിക്കുന്നതോ ബലിയുടെ ആത്മാവിനെ ബാധിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും അതാണ് ദൈവപ്രീതിക്ക് ഏറ്റവും നല്ലത് എന്ന വിശ്വാസവും നിലനില്‍ക്കുന്നു. നേപ്പാളിലെ ബലിയുമായി ബന്ധപ്പെട്ട സൂചനകളും പുരോഹിതരുടെ അഭിപ്രായങ്ങളും ആ നിലക്ക് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇസ്്ലാം ദൈവത്തിന്റെ അവസാനപ്രവാചകനിലൂടെ നല്‍കപ്പെട്ട ജീവിത ദര്‍ശനമാണ് എന്ന നിലക്ക് അതില്‍ മാറ്റം വരുത്തേണ്ടതോ റദ്ദ് ചെയ്യേണ്ടതോ ആയ ആചാരങ്ങളൊന്നുമില്ല. അന്ത്യദിനം വരെയുള്ള മനുഷ്യന്റെ പുരോഗതിയും അവസ്ഥകളും അറിയാവുന്ന ദൈവത്തിന്റെ നിയമാണ് അവയെന്നതാണ് അതിന് കാരണം. അവയ്ക് പുറമെ പൌരോഹിത്യം വല്ല നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ കാലാന്തരത്തില്‍ അവ അസ്തമിക്കും. അതുകൊണ്ടാണ് മറ്റു മതങ്ങളിലെ ബലിയെ ന്യായീകരിക്കാന്‍ ആ മതത്തിന്റെ വക്താക്കള്‍ക്ക് പോലും വിരല്‍ ചലിക്കാതെ വന്നത്. ഈ വിശ്വാസമാണ് എന്നെ ഇസ്ലാമിലെ ബലിയെ ന്യായീകരിക്കാന്‍ പേരിപ്പിക്കുന്നത്. ആ ന്യായവാദത്തിന് മറുപടി ഇല്ലാതെ വന്നപ്പോഴാണ് ചര്‍ചകള്‍ മറ്റുതരത്തിലേക്ക് നീങ്ങിയതും.

CKLatheef പറഞ്ഞു...

കൂട്ടത്തില്‍ ഒരു സംഗതി എന്റെ വായനക്കാരെ ഉണര്‍ത്തേണ്ടതുണ്ട്. കാളിദാസന്റെ അഭിപ്രായങ്ങളെ വിലമതിക്കുന്നു. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തോട് ഒരു അനിഷ്ടവുമില്ല. അദ്ദേഹം ഈ വിഷയം ചര്‍ചക്കെടുക്കുമ്പോള്‍ വേണ്ടത്ര ധാരണ ഇസ്്‌ലാമിനെക്കുറിച്ചോ അതിന്റെ ആചാരങ്ങളെക്കുറിച്ചോ ഉണ്ടായിരുന്നില്ല. ആദ്യമായി കമന്റ് ചെയ്ത ചിലര്‍ അദ്ദേഹത്തെ അക്കാര്യം ഉണര്‍ത്തുകയുണ്ടായി. മറ്റുകാര്യങ്ങളൊക്കെ ശേഷം വന്നുചേര്‍ന്നതാണ്. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് ഞാന്‍ മറുപടി പറയുന്നത് ഒരു വ്യക്തിയുടെ ഒറ്റപ്പെട്ട വാദങ്ങള്‍ എന്ന നിലക്കല്ല. അദ്ദേഹം പറഞ്ഞ ആരോപണങ്ങള്‍ യുക്തിവാദി ബ്ലോഗുകളുടെ സ്ഥിരം നമ്പറുകളാണ്. പക്ഷേ എന്നോട് നേരിട്ട് മറുപടി ആവശ്യപ്പെട്ടു എന്ന നിലക്കാണ് കാളിദാസനെ ഞാന്‍ ഉദ്ധരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review