2009, ഡിസംബർ 20, ഞായറാഴ്‌ച

യുദ്ധത്തടവുകാരോടുള്ള പെരുമാറ്റം

യുക്തിവാദികള്‍ക്കിതൊരു കഴുത്തറുപ്പന്‍ വെളിപാട് എന്നാല്‍ വിശ്വാസികള്‍ക്കോ മനുഷ്യനോടുള്ള അപാരമായ കാരുണ്യവും അനുകമ്പയും ഉള്‍കൊണ്ട യുദ്ധത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന ദൈവിക സൂക്തങ്ങള്‍.. തുടര്‍ന്ന് വായിക്കുക. എവിടെയാണ് യാഥാര്‍ഥ്യം?. നിങ്ങള്‍ക്ക് കണ്ടെത്താം.

അതിനാല്‍ ഈ ധിക്കാരികളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴുത്തുവെട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ നിങ്ങളവരെ നന്നായി ഒതുക്കിയാല്‍ പിന്നെ തടവുകാരെ പിടിച്ചുകെട്ടുക. അനന്തരം ഔദാര്യം കാണിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാന്‍ (നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്)-യുദ്ധം ശമിക്കുന്നതുവരെ. ഇതാണ് ചെയ്യാനുള്ളത്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, അവന്‍ സ്വയം തന്നെ അവരോട് പ്രതികാരം ചെയ്യുമായിരുന്നു. പക്ഷേ, നിങ്ങളിലൊരു വിഭാഗത്തെ മറ്റു വിഭാഗത്താല്‍ പരീക്ഷിക്കേണ്ടതിനത്രെ(അവന്‍ ഈ രീതി നിശ്ചയിച്ചത്). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുണ്ടല്ലോ, അവരുടെ കര്‍മങ്ങള്‍ അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. അവന്‍ അവര്‍ക്ക് മാര്‍ഗദര്‍ശനമരുളും. അവരുടെ സ്ഥിതി മെച്ചപ്പെടുത്തും. അവര്‍ക്കു പരിചയപ്പെടുത്തിയിട്ടുള്ള സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.(47:4-6)


'ഈ സൂക്തം യുദ്ധകല്‍പന ആഗതമായശേഷം യുദ്ധം ആരംഭിക്കുന്നതിന് മുമ്പായി അവതരിച്ചതാണെന്ന് ഈ സൂക്തത്തിലെ പദങ്ങളില്‍നിന്നും ഇതിന്റെ മുമ്പിലും പിമ്പിലുമുള്ള സൂക്തങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. 'നിങ്ങള്‍ യുദ്ധത്തില്‍ സത്യനിഷേധികളോട് ഏറ്റുമുട്ടിയാല്‍' എന്ന വാക്ക്, അവരുമായുള്ള ഏറ്റുമുട്ടല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഏറ്റുമുട്ടുകയാണെങ്കില്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഈ സൂക്തത്തിലെന്നും കുറിക്കുന്നു.

കൂടാതെ, ഈ സൂക്തം ബദ്ര്‍ യുദ്ധത്തിന് മുമ്പവതരിച്ചതാണെന്ന് സൂറ അല്‍ അന്‍ഫാലിലെ 67-69 സൂക്തങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അവിടെ അരുള്‍ചെയ്യുന്നു: ''നാട്ടില്‍ ശത്രുക്കളെ നന്നായി അടിച്ചമര്‍ത്തുന്നതുവരെ, തന്റെ കീഴില്‍ തടവുകാരുണ്ടാവുക എന്നത് ഒരു പ്രവാചകന്നും ഭൂഷണമല്ല. നിങ്ങള്‍ ഭൗതികലാഭം കാംക്ഷിക്കുന്നു. അല്ലാഹുവിന്റെ മുമ്പിലുള്ളതോ, പരലോകമാകുന്നു. അല്ലാഹു അതിജയിക്കുന്നവനും അഭിജ്ഞനുമത്രേ. അല്ലാഹുവിന്റെ പ്രമാണം മുമ്പേ രേഖപ്പെടുത്തിക്കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ മോചനദ്രവ്യം ഈടാക്കിയതിന്റെ ഫലമായി ഭയങ്കര ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു. ആവട്ടെ, നിങ്ങള്‍ നേടിയ മുതല്‍ അനുവദനീയവും പരിശുദ്ധവുമെന്ന നിലക്കുതന്നെ ഭുജിച്ചുകൊള്ളുക.'' ഈ വാക്യങ്ങള്‍, ഇതിലെ അടിവരയിട്ട വാക്കുകള്‍ വിശേഷിച്ചും പരിശോധിച്ചുനോക്കിയാല്‍, ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ ശത്രുക്കളെ നല്ലവണ്ണം ഒതുക്കുന്നതിന് മുമ്പ് ശത്രുഭടന്‍മാരെ ബന്ധനസ്ഥരാക്കാന്‍ തുടങ്ങിയതിനെയാണ് ഇവിടെ ആക്ഷേപിക്കുന്നതെന്ന് മനസ്സിലാക്കാം. ''നിങ്ങള്‍ ശത്രുക്കളെ നന്നായി ഒതുക്കിയാല്‍ പിന്നെ, തടവുകാരെ പിടിച്ചുകെട്ടിക്കൊള്ളുക'' എന്നാണല്ലോ നേരത്തെ സൂറ മുഹമ്മദില്‍, അവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. സൂറ മുഹമ്മദില്‍, ബന്ധനസ്ഥരോട് മോചനദ്രവ്യം ഈടാക്കുന്നത് അനുവദിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ബദ്‌റിലെ ബന്ധനസ്ഥരോട് മുസ്‌ലിംകള്‍ ഈടാക്കിയ പിഴയെ അല്ലാഹു അവര്‍ക്കനുവദനീയമായി പ്രഖ്യാപിച്ചത്. അത് ഈടാക്കിയതിന്റെ പേരില്‍ മുസ്‌ലിംകളെ ശിക്ഷിക്കാതിരുന്നതും. 'അല്ലാഹുവിന്റെ പ്രമാണം മുമ്പേ രേഖപ്പെടുത്തിക്കഴിഞ്ഞില്ലായിരുന്നുവെങ്കില്‍' എന്ന വാക്യം, തടവുകാരില്‍നിന്ന് പിഴ ഈടാക്കാമെന്ന നിയമം ഈ സംഭവത്തിന് മുമ്പു തന്നെ ഖുര്‍ആനിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു. സൂറ മുഹമ്മദിലെ ഈ സൂക്തത്തിലല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ മറ്റെവിടെയും ഇക്കാര്യം പരാമര്‍ശിച്ചതായി കാണുന്നില്ല താനും. അതിനാല്‍, ഈ സൂക്തം സൂറ അല്‍അന്‍ഫാലിലെ ഉപര്യുക്ത സൂക്തത്തിന് മുമ്പവതരിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുന്നു.

വിശുദ്ധ ഖുര്‍ആനില്‍ യുദ്ധനിയമങ്ങള്‍ സംബന്ധിച്ച പ്രാഥമിക നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രഥമ സൂക്തമാണിത്. ഈ സൂക്തം എന്തെല്ലാം വിധികള്‍ ഉള്‍ക്കൊള്ളുന്നു, നബി(സ)യും സഹാബത്തും അവ നടപ്പിലാക്കിയതെങ്ങനെ, ഈ സൂക്തത്തില്‍നിന്നും നബിചര്യയില്‍നിന്നും കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ നിര്‍ധാരണം ചെയ്തതെന്തെല്ലാം എന്നിവ ചുവടെ സംഗ്രഹിച്ചിരിക്കുന്നു:

i : യുദ്ധത്തില്‍ മുസ്‌ലിംകളുടെ യഥാര്‍ഥ ലക്ഷ്യമായിരിക്കേണ്ടത് ശത്രുക്കളുടെ ആക്രമണശേഷി നശിപ്പിക്കുകയാകുന്നു. അവര്‍ യുദ്ധംചെയ്യാന്‍ കഴിവില്ലാത്തവരാവുകയും അങ്ങനെ യുദ്ധം അവസാനിക്കുകയും ചെയ്യണം. ഈ ലക്ഷ്യം അവഗണിച്ചുകൊണ്ട് ശത്രുപക്ഷത്തെ ആളുകളെ പിടികൂടുന്നതിലേര്‍പ്പെട്ടുകൂടാ. ശത്രുസൈന്യം നന്നായി ചതയ്ക്കപ്പെടുകയും യുദ്ധരംഗത്ത് അവരിലെ കുറച്ച് ആളുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ തടവുകാരെ പിടിക്കുന്നതില്‍ ശ്രദ്ധിക്കാവൂ. മോചനദ്രവ്യം നേടുവാനോ അടിമകളെ ശേഖരിക്കാനോ ഉള്ള ആര്‍ത്തിയാല്‍ യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെടാതിരിക്കേണ്ടതിനാണ് അറബികള്‍ക്ക് ആദ്യമേ ഈ നിര്‍ദേശം നല്‍കുന്നത്.

ii : യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെക്കുറിച്ച് പറയുന്നു: അവരെ സൗജന്യമായി വിട്ടയക്കാനും അവരില്‍നിന്ന് മോചനദ്രവ്യം ഈടാക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തടവുകാരെ വധിക്കാന്‍ പാടില്ല എന്ന പൊതുനിയമം ഇതില്‍നിന്ന് നിര്‍ധാരണം ചെയ്യപ്പെടുന്നു. ഹ: അബ്ദുല്ലാഹിബ്‌നു ഉമര്‍, ഹസന്‍ ബസ്വരി, അത്വാഅ് , ഹമ്മാദുബ്‌നു അബീസുലൈമാന്‍ എന്നിവര്‍ ഈ നിയമത്തെ പ്രസ്തുത സൂക്തത്തിന്റെ പൊതുതാല്‍പര്യമായി വിശദീകരിച്ചിട്ടുണ്ട്. അത് ആ നിലയില്‍ തികച്ചും ശരിയുമാകുന്നു. അവര്‍ പറയുന്നു: ഭടന്‍ വധാര്‍ഹനാകുന്നത് യുദ്ധവേളയിലാണ്. യുദ്ധം അവസാനിക്കുകയും തടവുകാരന്‍ നമ്മുടെ പിടിയിലാവുകയും ചെയ്താല്‍ അവനെ വധിക്കുന്നത് ശരിയല്ല.

iii : എന്നാല്‍ ഈ സൂക്തം വധത്തെ സ്പഷ്ടമായി വിലക്കിയിട്ടില്ല. അതുകൊണ്ട് നബി(സ) അതിന്റെ ഉദ്ദേശ്യവും താല്‍പര്യവും മനസ്സിലാക്കിത്തരികയും തദനുസാരം പ്രവര്‍ത്തിച്ചുകാണിച്ചുതരികയും ചെയ്തിരിക്കുന്നു. ഏതെങ്കിലും പ്രത്യേക കാരണങ്ങളാല്‍, ഒന്നോ അതിലധികമോ തടവുകാരെ വധിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്‌ലാമിക ഗവണ്‍മെന്റിന് ബോധ്യപ്പെടുന്ന പക്ഷം അവ്വിധം ചെയ്യാവുന്നാതാണ്. ഇതൊരു പൊതുനിയമമല്ല. പൊതുനിയമത്തിനുള്ള അപവാദമാണ്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതുപയോഗിക്കപ്പെടൂ. ബദ്ര്‍ യുദ്ധത്തിലെ 70 തടവുകാരില്‍ ഉഖ്ബതുബ്‌നു അബീമുഐത്തിനെയും നദ്‌റുബ്‌നുല്‍ ഹാരിഥിനെയും മാത്രമാണ് ഇതനുസരിച്ച് വധിച്ചത്. അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ യുദ്ധത്തടവുകാരെ വധിക്കുക തിരുമേനിയുടെ സാധാരണ സമ്പ്രദായമായിരുന്നില്ല. അതുതന്നെയായിരുന്നു ഖുലഫാഉര്‍റാശിദഃയുടെയും രീതി. അവരുടെ കാലത്ത് യുദ്ധത്തടവുകാരെ വധിച്ച സംഭവങ്ങള്‍ അത്യപൂര്‍വമായേ കാണപ്പെടുന്നുള്ളൂ. ഓരോ സംഭവത്തിലും ഏതെങ്കിലും സവിശേഷ കാരണങ്ങളുടെ പേരിലായിരുന്നു വധം നടത്തിയത്. ഹ: ഉമറുബ്‌നുഅബ്ദില്‍ അസീസ് പോലും തന്റെ ഭരണകാലത്ത് ആകെ ഒരേയൊരു യുദ്ധത്തടവുകാരനെയാണ് വധിച്ചിട്ടുള്ളത്. അയാള്‍ മുസ്‌ലിംകളെ വളരെയേറെ ദ്രോഹിച്ചിട്ടുണ്ടായിരുന്നു എന്നതാണതിനു കാരണം. ഈ വസ്തുതകളെ ആധാരമാക്കിക്കൊണ്ട് ഭൂരിപക്ഷം ഫുഖഹാക്കള്‍ വാദിക്കുന്നു: ഇസ്‌ലാമിക ഗവണ്‍മെന്റിന് അനിവാര്യമെന്ന് ബോധ്യപ്പെടുന്ന വേളകളില്‍ യുദ്ധത്തടവുകാരനെ വധിക്കാന്‍ അധികാരമുണ്ടായിരിക്കും. എന്നാല്‍, അതു തീരുമാനിക്കേണ്ടത് ഗവണ്‍മെന്റാണ്. ഒരു പടയാളി അയാള്‍ക്കു തോന്നിയ യുദ്ധത്തടവുകാരെ വധിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, ഒരു തടവുകാരന്‍ ഒളിച്ചോടുമെന്നോ അല്ലെങ്കില്‍ ഭയങ്കരമായ ആപത്തുണ്ടാക്കുമെന്നോ ഭയപ്പെടേണ്ട സാഹചര്യമുണ്ടായാല്‍, അത്തരം സാഹചര്യം അനുഭവപ്പെട്ടവര്‍ക്ക് അയാളെ വധിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും.
ഇവ്വിഷയകമായി ഫുഖഹാക്കള്‍ വേറെയും മൂന്നഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്:

1. തടവുകാരന്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാളെ വധിക്കാവുന്നതല്ല.

2. ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ച തടവുകാരനെ വധിക്കാവുന്നതാണ്. സര്‍ക്കാരിന്റെ വിതരണത്തിലൂടെയോ കച്ചവടം വഴിക്കോ, ഒരാളുടെ ഉടമസ്ഥതയിലായിക്കഴിഞ്ഞിട്ടുള്ള തടവുകാരനെ വധിക്കാവതല്ല.

3. തടവുകാരനെ വധിക്കേണ്ടിവരികയാണെങ്കില്‍ മാന്യമായ രീതിയില്‍ വധിക്കണം. മര്‍ദിച്ച് കൊല്ലരുത്.

iv: യുദ്ധത്തടവുകാരെ സംബന്ധിച്ച പൊതുനിയമം, അവരോട് ഔദാര്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനദ്രവ്യം ഈടാക്കി മോചിപ്പിക്കുകയോ ചെയ്യുക എന്നതാണ്.

ഔദാര്യം കാണിക്കുക എന്നതില്‍ നാല് കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:

1. ബന്ധനാവസ്ഥയില്‍ അവരോട് നല്ല നിലയില്‍ പെരുമാറുക.
2. വധിക്കുകയോ ആജീവനാന്തം തടവിലിടുകയോ ചെയ്യാതെ, അവരെ ഭൃത്യരാക്കി മുസ്‌ലിംകളായ വ്യക്തികള്‍ക്ക് ഏല്‍പിച്ചു കൊടുക്കുക.
3. ജിസ്‌യ ചുമത്തി ദിമ്മികളാക്കുക.
4. പ്രതിഫലം സ്വീകരിക്കാതെ വിട്ടയക്കുക.

മോചനദ്രവ്യം ഈടാക്കുന്നതിന് മൂന്ന് രൂപങ്ങളുണ്ട്:

1. സമ്പത്ത് പ്രതിഫലം സ്വീകരിച്ചുകൊണ്ട് വിട്ടയക്കുക.
2. മോചനത്തിനുള്ള ഉപാധിയെന്ന നിലയില്‍ ഏതെങ്കിലും പ്രത്യേക സേവനം ചെയ്യിച്ചശേഷം വിട്ടയക്കുക.
3. ശത്രുക്കളുടെ കൈവശമുള്ള സ്വജനത്തിലെ തടവുകാര്‍ക്ക് പകരം കൈമാറുക.

വ്യത്യസ്തമായ ഈ രൂപങ്ങളെല്ലാം നബി(സ)യും സഹാബത്തും വ്യത്യസ്ത ഘട്ടങ്ങളില്‍ സന്ദര്‍ഭോചിതം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു രൂപം മാത്രം നടപ്പിലാക്കണമെന്ന് ദൈവിക ശരീഅത്ത് ഇസ്‌ലാമിക ഗവണ്‍മെന്റിനോട് നിഷ്‌കര്‍ഷിച്ചിട്ടില്ല. അപ്പപ്പോള്‍ ഉചിതമെന്ന് കാണുന്ന രൂപം ഓരോ സന്ദര്‍ഭത്തിലും സര്‍ക്കാറിന് സ്വീകരിക്കാവുന്നതാകുന്നു.



v: യുദ്ധത്തടവുകാരന്‍ സര്‍ക്കാറിന്റെ തടവിലായിരിക്കുമ്പോള്‍, അയാളുടെ ആഹാരം, വസ്ത്രം, രോഗിയോ പരിക്കേറ്റവനോ ആണെങ്കില്‍ ചികിത്സ എന്നിവ സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് നബി(സ)യുടെയും സഹാബത്തിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു. തടവുകാരനെ പട്ടിണിക്കിടാനോ നഗ്നനാക്കാനോ മര്‍ദിക്കാനോ ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. നേരെമറിച്ച് അവരോട് നന്നായി വര്‍ത്തിക്കാനും ആതിഥ്യമര്യാദയോടെ പെരുമാറാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. നബിചര്യയില്‍ അതിന്റെ പ്രായോഗികമായ ഉദാഹരണങ്ങള്‍ കാണാവുന്നതുമാണ്. ബദ്ര്‍ യുദ്ധത്തില്‍ പിടികൂടപ്പെട്ടവരെ വിവിധ സഹാബികളുടെ വീടുകളില്‍ ബന്ധിതരാക്കിക്കൊണ്ട് തിരുമേനി അരുളി: 'ഈ ബന്ദികളോട് നന്നായി വര്‍ത്തിക്കണം.' അക്കൂട്ടത്തില്‍ ഒരു തടവുകാരനായിരുന്ന അബുല്‍ അസീസ് പ്രസ്താവിക്കുന്നു: എന്നെ ബന്ധനത്തില്‍ പാര്‍പ്പിച്ചിരുന്ന അന്‍സാരികുടുംബം എനിക്ക് രാവിലെയും വൈകിയിട്ടും റൊട്ടി തന്നിരുന്നു. അവരോ, വെറും കാരക്ക തിന്നാണ് കഴിഞ്ഞിരുന്നത്.....'' മറ്റൊരു തടവുകാരനായിരുന്ന സുഹൈലുബ്‌നു അംറിനെക്കുറിച്ച് ചിലര്‍ തിരുമേനിയോട് പറഞ്ഞു: അയാള്‍ വലിയ തീപ്പൊരി പ്രസംഗകനാണ്. തിരുമേനിക്കെതിരില്‍ അയാള്‍ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് അയാളുടെ പല്ലുകൊഴിക്കാന്‍ കല്‍പിച്ചാലും.'' തിരുമേനി പറഞ്ഞു: ഞാന്‍ അയാളുടെ പല്ലുകൊഴിച്ചാല്‍ അല്ലാഹു എന്റെയും പല്ല്‌കൊഴിക്കും-ഞാന്‍ പ്രവാചകനാണെങ്കിലും'' (സീറതു ഇബ്‌നിഹിശാം ). തടവുകാരനായി ഹാജരാക്കപ്പെട്ട യമാമയിലെ മുഖ്യനായിരുന്ന ഥുമാമതുബ്‌നു ഉഥാലിന് തടവില്‍ക്കഴിഞ്ഞ കാലത്തെല്ലാം നബി(സ)യുടെ കല്‍പനപ്രകാരം മേത്തരം ഭക്ഷണവും പാലും ഏര്‍പ്പാട് ചെയ്യപ്പെട്ടിരുന്നു (ഇബ്‌നുഹിശാം ). ഇതുതന്നെയായിരുന്നു സഹാബത്തിന്റെയും രീതി. അവരുടെ കാലത്തും യുദ്ധത്തടവുകാരോട് മോശമായി പെരുമാറിയതിന്റെ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയില്ല.

vi: തടവുകാരെ എന്നെന്നും തടവറയില്‍ പാര്‍പ്പിക്കുകയും സര്‍ക്കാര്‍ ബലാല്‍ക്കാരം അവെരക്കൊണ്ട് തൊഴിലെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ഇസ്‌ലാം തീരെ സ്വീകരിച്ചിട്ടില്ല. തടവുകാരനുമായി അല്ലെങ്കില്‍ അയാളുടെ ജനവുമായി യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനോ മോചനദ്രവ്യ ഇടപാടിനോ സാധിച്ചില്ലെങ്കില്‍ അയാളോട് ഔദാര്യം കാണിക്കാന്‍ ഇസ്‌ലാം നിശ്ചയിച്ച രീതി ഇതാണ്:

അവരെ ഭൃത്യരാക്കി വ്യക്തികളുടെ അധീനത്തില്‍ ഏല്‍പിച്ചുകൊടുക്കുകയും അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് യജമാനന്‍മാരോട് നിര്‍ദേശിക്കുകയും ചെയ്യുക. നബി (സ)യുടെ കാലത്തും സഹാബത്തിന്റെ കാലത്തും ഈ സമ്പ്രദായം അനുവര്‍ത്തിക്കപ്പെട്ടിരുന്നു. ഇത് അനുവദനീയമാണെന്നതില്‍ കര്‍മശാസ്ത്രജ്ഞന്‍മാര്‍ ഏകകണ്ഠരാണ്. ഇവ്വിഷയകമായി അറിഞ്ഞിരിക്കേണ്ട ഒരു സംഗതി ഇതാണ്:

ഒരാള്‍ തടവിലാകുന്നതിന് മുമ്പ് ഇസ്‌ലാം സ്വീകരിക്കുകയും പിന്നെ എങ്ങനെയോ പിടികൂടപ്പെടുകയും ചെയ്താല്‍ അയാള്‍ മോചിപ്പിക്കപ്പെടേണ്ടതാകുന്നു. എന്നാല്‍, തടവിലായശേഷമോ വല്ലവരുടെയും ഉടമസ്ഥതയിലായശേഷമോ ഒരാള്‍ മുസ്‌ലിമായാല്‍ ഇസ്‌ലാം അയാളുടെ മോചനത്തിന് നിമിത്തമാകുന്നതല്ല.

vii: യുദ്ധത്തടവുകാരോടുള്ള ഔദാര്യത്തിന്റെ മൂന്നാമത്തെ രൂപമായി ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത് ജിസ്‌യ ചുമത്തി അവരെ ഇസ്‌ലാമിക രാഷട്രത്തിന്റെ ഉത്തരവാദിത്വത്തിലുള്ള പ്രജകളാക്കുക എന്നതാകുന്നു. അവര്‍ ഇസ്‌ലാമിക സ്റ്റേറ്റില്‍ മുസ്‌ലിംകളെപ്പോലെതന്നെ സ്വാതന്ത്ര്യമുള്ളവരായിരിക്കും.

യമാമയിലെ തലവനായ ഥുമാമതുബ്‌നു ഉഥാല്‍ തടവുകാരനായി ഹാജരാക്കപ്പെട്ടപ്പോള്‍ തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: ''ഥുമാമാ, താങ്കള്‍ എന്തു വിചാരിക്കുന്നു?'' ഥുമാമ പറഞ്ഞു: ''അങ്ങ് എന്നെ വധിക്കുകയാണെങ്കില്‍ രക്തത്തിന് വളരെ കുറഞ്ഞ വിലയുള്ള ഒരാളെയാണങ്ങ് വധിക്കുന്നത്. എന്നോട് ഔദാര്യം കാട്ടുകയാണെങ്കില്‍, ഔദാര്യം മനസ്സിലാക്കുന്ന ഒരാളോടാണ് അങ്ങ് ഔദാര്യം കാട്ടുന്നത്. അങ്ങയ്ക്ക് ധനമാണ് വേണ്ടതെങ്കില്‍ ചോദിച്ചുകൊള്ളുക; അത് നല്‍കപ്പെടും.'' മൂന്ന് ദിവസം തിരുമേനി ഈ ചോദ്യവും ഥുമാമ ഈ ഉത്തരവും ആവര്‍ത്തിച്ചു. ഒടുവില്‍ ഥുമാമയെ വിട്ടയക്കാന്‍ തിരുമേനി ഉത്തരവിട്ടു. വിടുതല്‍ കിട്ടിയ ഉടനെ ഥുമാമ അടുത്തുള്ള ഒരു ഈത്തപ്പഴത്തോട്ടത്തില്‍ പോയി കുളിച്ചു ശുദ്ധിയായി തിരിച്ചുവന്നു. അനന്തരം കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ഇന്നലെ വരെ എനിക്ക് അങ്ങയോളം വെറുപ്പുള്ള മനുഷ്യനോ അങ്ങയുടെ ദീനോളം വെറുപ്പുള്ള ദീനോ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നെനിക്ക് അങ്ങയോളം സ്‌നേഹമുള്ള മനുഷ്യനോ അങ്ങയുടെ ദീനോളം ഞാന്‍ സ്‌നേഹിക്കുന്ന ദീനോ ഇല്ല.'' അനന്തരം ഉംറക്കുവേണ്ടി മക്കയിലേക്ക് പോയി. അവിടെ ഖുറൈശികളോട് ഇപ്രകാരം വിളംബരം ചെയ്തു: ''ഇനി മുതല്‍ യമാമയിലെ യാതൊരു വിഭവവും മുഹമ്മദ് (സ) അനുമതി നല്‍കുന്നതുവരെ നിങ്ങള്‍ക്ക് എത്തുന്നതല്ല.'' യമാമക്കാര്‍ അതു നടപ്പിലാക്കുകതന്നെ ചെയ്തു. അവസാനം മക്കക്കാര്‍ക്ക് യമാമയില്‍നിന്ന് മക്കയിലേക്കുള്ള ചരക്കുവരവ് നിര്‍ത്തലാക്കാതിരിക്കാന്‍ നബി (സ)യോട് അപേക്ഷിക്കേണ്ടിവന്നു.

ഹുദൈബിയാസന്ധിയുടെവേളയില്‍ എണ്‍പതു മക്കക്കാര്‍ തന്‍ഈമിന്റെ ഭാഗത്തു ചെന്ന് താവളമടിച്ചു. തിരുമേനിയെയും കൂട്ടുകാരെയും രാത്രിയുടെ അന്ത്യയാമത്തില്‍ ആക്രമിച്ചു വകവരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, അവരെല്ലാവരും പിടിക്കപ്പെട്ടു. നബി (സ) എല്ലാവരെയും വിട്ടയയ്ക്കുകയാണുണ്ടായത്. ആ സന്ദിഗ്ധഘട്ടത്തില്‍ യുദ്ധം അനിവാര്യമായിത്തീരുന്ന ഒരു നടപടി കൈക്കൊള്ളാതിരിക്കുകയായിരുന്നു തിരുമേനി.

മക്കാ വിമോചനവേളയില്‍ ഏതാനും പേരൊഴിച്ചുള്ള എല്ലാ മക്കാവാസികള്‍ക്കും തിരുമേനി മാപ്പ് പഖ്യാപിച്ചു. മാപ്പില്‍നിന്ന് ഒഴിച്ചുനിറുത്തിയവരില്‍തന്നെ മൂന്നോ നാലോ പേര്‍ മാത്രമാണ് വധിക്കപ്പെട്ടത്. മക്കക്കാര്‍ നബി(സ)യോട് ചെയ്ത അതിക്രമങ്ങള്‍ എല്ലാ അറബികള്‍ക്കും അറിയാമായിരുന്നു. എന്നിട്ടും വിജയവേളയില്‍ തിരുമേനി അവര്‍ക്ക് ധീരമായി മാപ്പരുളിയത് അറബികളില്‍, തങ്ങള്‍ നേരിടുന്നത് നിഷ്ഠുരനും ശഠനുമായ ഒരു സ്വേഛാധിപതിയെയല്ലെന്നും പ്രത്യുത, ഉദാരനും ദയാമയനുമായ മാര്‍ഗദര്‍ശകനെയാണെന്നും ഉള്ള ആശ്വാസവും സമാധാനവും ഉളവാക്കി. അതുമൂലം മക്കാവിമോചനത്തിനുശേഷം അറേബ്യന്‍ ഉപദ്വീപ് മുഴുവന്‍ ഇസ്‌ലാമിന്റെ തണലില്‍ വരുന്നതിന് രണ്ടു വര്‍ഷത്തിലധികം വേണ്ടിവന്നില്ല.

ഹുനൈന്‍ യുദ്ധത്തിനുശേഷം ഹവാസിന്‍ ഗോത്രത്തിന്റെ നിവേദക സംഘം തങ്ങളുടെ തടവുകാരെ മോചിപ്പിക്കുന്നതിനുവേണ്ടി തിരുമേനിയെ സമീപിച്ചപ്പോള്‍ തടവുകാരെല്ലാം വീതിക്കപ്പെട്ടുകഴിഞ്ഞിരുന്നു. തിരുമേനി മുസ്‌ലിംകളെ വിളിച്ചുകൂട്ടിയിട്ട് പ്രസ്താവിച്ചു: ''ഇതാ ഈ ആളുകള്‍ പശ്ചാത്തപിച്ചു വന്നിരിക്കുകയാണ്. അവരിലെ തടവുകാരെ നിങ്ങള്‍ അവര്‍ക്ക് തിരിച്ചേല്‍പിക്കണമെന്നാണ് എന്റെ അഭിപ്രായം. തന്റെ അധീനത്തിലുള്ള തടവുകാരനെ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ സന്തോഷപൂര്‍വം വിട്ടയയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. പ്രതിഫലം വേണമെന്നുള്ളവര്‍ക്ക്, ബൈത്തുല്‍ മാലില്‍ (പൊതുഖജനാവില്‍) ആദ്യമെത്തുന്ന ധനത്തില്‍നിന്നുതന്നെ നാം പ്രതിഫലം നല്‍കിക്കൊള്ളാം.'' ഇങ്ങനെ ആറായിരത്തോളം തടവുകാര്‍ വിമുക്തരായി. പ്രതിഫലം ആവശ്യപ്പെട്ടവര്‍ക്ക് ഭരണകൂടത്തില്‍നിന്ന് പ്രതിഫലം ലഭിക്കുകയും ചെയ്തു (ബുഖാരി)

ബന്ധനസ്ഥര്‍ വീതിച്ചുകൊടുക്കപ്പെട്ടശേഷം ഭരണകൂടത്തിന് സ്വന്തമായി അവരെ മോചിപ്പിക്കാന്‍ അനുവാദമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. അതിന് തടവുകാരനെ അധീനപ്പെടുത്തിയ വ്യക്തിയുടെ സമ്മതമുണ്ടാവണം. അല്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം കൊടുക്കണം.

പ്രവാചകനുശേഷം സഹാബത്തിന്റെ കാലത്തും യുദ്ധത്തടവുകാരോടുള്ള ഉദാരമായ സമീപനം അനുസ്യൂതം തുടര്‍ന്നുവന്നതായി കാണാം.

viii: യുദ്ധത്തടവുകാരെ വിട്ടയയ്ക്കാന്‍ മോചനദ്രവ്യമായി ധനം സ്വീകരിച്ച സംഭവം പ്രവാചകന്റെ കാലത്ത് ബദ്ര്‍ യുദ്ധവേളയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഒരു തടവുകാരന് ആയിരം മുതല്‍ 4000 വരെ മോചനദ്രവ്യം സ്വീകരിച്ചാണ് വിട്ടയക്കപ്പെട്ടത്. സഹാബത്തിന്റെ കാലത്ത് ഇതിന് ഉദാഹരണം കാണുന്നില്ല. ഫുഖഹാക്കള്‍ പൊതുവില്‍ അതിനെ അനഭിലഷണീയമായി വീക്ഷിച്ചിരുന്നു. പണത്തിനു പകരമായി ശത്രുവിനെ വിട്ടയച്ചാല്‍ അയാള്‍ വീണ്ടും ഇസ്‌ലാമിനെതിരെ വാളുയര്‍ത്തുമെന്നതാണതിനു കാരണം. എങ്കിലും ഖുര്‍ആന്‍, മോചനദ്രവ്യം സ്വീകരിക്കുന്നത് അനുവദിച്ചിട്ടുണ്ട്. നബി (സ) ഒരു പ്രാവശ്യം അതനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് അപ്രകാരം ചെയ്യുന്നത് നിരുപാധികം വിലക്കപ്പെട്ടതല്ല.

ix: സേവനംചെയ്യിച്ചു സ്വതന്ത്രരാക്കിയതിനും ബദ്ര്‍ യുദ്ധത്തില്‍ ഉദാഹരണം കാണാം. മോചനദ്രവ്യം നല്‍കി സ്വതന്ത്രരാവാന്‍ കഴിവില്ലാത്ത ഖുറൈശി യുദ്ധത്തടവുകാരെ മോചിപ്പിക്കുന്നതിന് നബി (സ) ഉന്നയിച്ച ഉപാധി ഇതായിരുന്നു: അവരില്‍ ഓരോരുത്തരും പത്തുവീതം അന്‍സാരികളെ എഴുത്തും വായനയും പഠിപ്പിക്കുക.' (മുസ്‌നദ് അഹ്മദ് )

x: യുദ്ധത്തടവുകാരെ പരസ്പരം കൈമാറിയ നിരവധി ഉദാഹരണങ്ങള്‍ നബി(സ)യുടെ കാലയളവില്‍നിന്ന് നമുക്ക് ലഭിക്കുന്നു. ഒരിക്കല്‍ തിരുമേനി ഹ: അബൂബക്കറിനെ ഒരു ദൗത്യത്തിന് നിയോഗിച്ചു. അതില്‍ ഏതാനും പേര്‍ തടവുകാരായി പിടിക്കപ്പെട്ടു. കൂട്ടത്തില്‍ അതിസുന്ദരിയായ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഹ: സലമതുബ്‌നു അക്‌വഇന്റെ വിഹിതത്തിലാണ് അവര്‍ ഏല്‍പിക്കപ്പെട്ടത്. നബി(സ) സലമയോട് അവരെ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു വാങ്ങുകയും എന്നിട്ട് മക്കയിലേക്കയച്ച് പകരം കുറേ മുസ്‌ലിം യുദ്ധത്തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. (മുസ്‌ലിം)

യുദ്ധത്തടവുകാരുടെ പ്രശ്‌നം ഏതുകാലത്തും എന്തു സാഹചര്യത്തിലും സുഗമമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിശാലമായ ഒരു സംവിധാനമാണ് ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ഈ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നു. ഈ ഖുര്‍ആന്‍സൂക്തത്തിന്, യുദ്ധത്തില്‍ തടവിലാകുന്നവരെ ഒന്നുകില്‍ സൗജന്യമായി വിട്ടയക്കുക അല്ലെങ്കില്‍ മോചനദ്രവ്യം സ്വീകരിച്ചു വിട്ടയക്കുക, എന്ന സംക്ഷിപ്ത താല്‍പര്യം മാത്രം മനസ്സിലാക്കുന്നവര്‍, യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്നതിന് വിഭിന്നമായ എത്രയോ മുഖങ്ങളുണ്ടെന്നും വ്യത്യസ്ത കാലങ്ങളില്‍ അത് എന്തെല്ലാം പ്രശ്‌നങ്ങളുളവാക്കിയിട്ടുണ്ടെന്നും ഭാവിയില്‍ എന്തെല്ലാം പ്രശ്‌നങ്ങളുളവാക്കാമെന്നും അറിയുന്നില്ല.'

മൗലാനാ മൗദൂദി (47:4-6 ന്) നല്‍കിയ വ്യാഖ്യാനക്കുറിപ്പിന്റെ പ്രസക്തഭാഗമാണ് മുകളില്‍ നല്‍കിയത്. ഇതുതന്നെ അല്‍പം ദീര്‍ഘിച്ചതാണ് എങ്കിലും ഇസ്‌ലാമിനെ ആത്മാര്‍ഥമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇതിവിടെ നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ചര്‍ചയാകാം.

5 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

eajabbar said..

'അന്യ മതക്കാരെ വെറുക്കാനും കൊല്ലാനുമൊക്കെ പറഞ്ഞത് എല്ലാ കാല‍ത്തേക്കുമുള്ള പൊതു നിര്‍ദ്ദേശങ്ങളല്ല എന്നും അത് അക്കാലത്തെ യുദ്ധ സാഹചര്യങ്ങളില്‍ മുഹമ്മദ് സന്ദര്‍ഭാനുസാരം പറഞ്ഞതാണെന്നും മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ലതീഫ് ഇപ്പോള്‍ അതു ബോധ്യപ്പെടുത്താനാണു ബുദ്ധിമുട്ടുന്നത്. പക്ഷെ പ്രശ്നം അതല്ല ലതീഫേ. ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രകാരായ ആ മനുഷ്യര്‍ പരസ്പരം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തപ്പോള്‍ ഈ ദൈവവും അവരോടൊപ്പം ഗോത്രയുദ്ധങ്ങളില്‍ പങ്കു ചേര്‍ന്നു എന്ന കുര്‍ ആനിലെ മണ്ടത്തരമാണു വിശ്വസിക്കാനാവാത്തത്. ഒരു ഞൊടൊയിട കൊണ്ട് ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കാനും സംഹരിക്കാനും കഴിവുള്ള സര്‍വ്വശക്തന്‍ മനുഷ്യരോട് കുന്തമെടുത്ത് യുദ്ധം ചെയ്യാനും വാളെടുത്ത് കഴുത്തു വെട്ടാനുമൊക്കെ മെനക്കെട്ടുവെന്ന പരിഹാസ്യവും ബാലിശവുമായ വാദമാണു വിശ്വസിക്കാന്‍ കൊള്ളാത്തത്.
ആ അറബികള്‍ യുദ്ധത്തിലേര്‍പ്പെട്ട സമയത്ത് ആക്രമത്തിനു പിരി കയറ്റാനായി പറഞ്ഞ കാര്യങ്ങളൊക്കെ പ്രപഞ്ചം സൃഷ്ടിക്കും മുമ്പെ എഴുതപ്പെട്ട , സര്‍വ്വ കാലപ്രസക്തമായ ദിവ്യ വെളിപാടുകളാണെന്നു പറയുമ്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതൊക്കെ ഇന്നും മുസ്ലിംങ്ങള്‍ പാലിക്കേണ്ട പൊതു നിയമങ്ങളാണെന്നു ധരിക്കാനും അതു വഴി അന്യ മതകരുടെ നേരെ അക്രമത്തിനു പുറപ്പെടാനുമൊക്കെ അതു കാരണമാകും. ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെ കണ്ടാല്‍ മതം അര്‍ത്ഥ ശൂന്യമാണെന്നും മതത്തിന്റെ പേരിലുള്ള ഈ സംഘര്‍ഷങ്ങളും വൈരാഗ്യങ്ങളുമൊക്കെ ബാലിശമാണെന്നും മനസ്സിലാകും. അത്രയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളു.'


അവിശ്വാസികളോട് പെരുമാറാന്‍ ഇങ്ങനെയൊക്കെയല്ലേ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് എന്ന രൂപത്തില്‍ ഖുര്‍ആനില്‍ യുദ്ധസംബന്ധമായി അവതരിച്ച സൂക്തങ്ങള്‍ ഉദ്ദരിച്ച് മറുപടി പറയാന്‍ ആവശ്യപ്പെടുകയായിരുന്നു കാളിദാസന്‍. അദ്ദേഹത്തിന് ഈ മഹത്തായ അറിവ് ലഭിച്ചത് യുക്തിവാദി ബ്ലോഗില്‍ നിന്നാണ് എന്നകാര്യത്തില്‍ സംശയമില്ല. ഞാനതിന് മറുപടി പറഞ്ഞുതുടങ്ങിയപ്പോള്‍ യുക്തിവാദിയായ ഇ.എ.ജബ്ബാര്‍ തന്റെ ബ്ലോഗില്‍ ഇട്ട ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു എന്ന പോസ്റ്റിന്റെ അവസാന ഭാഗത്ത് എനിക്ക് നല്‍കിയ ഉപദേശമാണിത്. ഇതില് മാഷ് സൂചിപ്പിച്ച വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളെക്കുറിച്ച് ദൈവമിഛിച്ചാല്‍ പിന്നീട് പറയാം.

CKLatheef പറഞ്ഞു...

'അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, അവന്‍ സ്വയം തന്നെ അവരോട് പ്രതികാരം ചെയ്യുമായിരുന്നു. പക്ഷേ, നിങ്ങളിലൊരു വിഭാഗത്തെ മറ്റു വിഭാഗത്താല്‍ പരീക്ഷിക്കേണ്ടതിനത്രെ(അവന്‍ ഈ രീതി നിശ്ചയിച്ചത്).'(ഖുര്‍ആന്‍)

'പക്ഷെ പ്രശ്നം അതല്ല ലതീഫേ. ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രകാരായ ആ മനുഷ്യര്‍ പരസ്പരം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തപ്പോള്‍ ഈ ദൈവവും അവരോടൊപ്പം ഗോത്രയുദ്ധങ്ങളില്‍ പങ്കു ചേര്‍ന്നു എന്ന കുര്‍ ആനിലെ മണ്ടത്തരമാണു വിശ്വസിക്കാനാവാത്തത്.' (ea Jabbar)

അല്ലാഹു വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്തു എന്ന് മുസ്‌ലിംകളാരും വിശ്വസിക്കുന്നില്ല. അല്ലാഹു ഈ ദര്‍ശനത്തിന്റെ പ്രചാരണവും, അതിനെതിരെ സായുധയുദ്ധം ഉണ്ടാകുമ്പോള്‍ അതിനെ പ്രതിരോധികുന്നതടക്കമുള്ള കര്‍മങ്ങള്‍ മനുഷ്യരിലെ ഒരു വിഭാഗത്തിലൂടെ സംഭവിക്കണമെന്നാണ് വെച്ചിട്ടുള്ളത് എന്ന് ഖുര്‍ആനിലൂടെ നമ്മുക്ക് മനസ്സിലാകുന്നു. ഖുര്‍ആന്‍ 23 വര്‍ഷത്തിനിടയില്‍ സന്ദര്‍ഭമനുസരിച്ച് പ്രവാചകന്‍ മുഹമ്മദ് നബിക്ക് അവതരിക്കപ്പെടുകായിരുന്നു. ഖുര്‍ആന്‍ മുഹമ്മദ് നബി രചിച്ച് അല്ലാഹുവിലേക്ക് ചേര്‍ത്തുപറയുകയായിരുന്നു എന്ന് വിചാരിക്കുന്ന യുക്തിവാദികള്‍ക്ക് ഖുര്‍ആന്‍ സൂക്തങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അത്ഭുതപ്പെടേണ്ടതില്ല. നാം പ്രവര്‍ത്തിച്ചാലും അതിന്റെ ഫലം യഥാവിധി സംഭവിക്കുന്നതില്‍ അല്ലാഹുവിന്റെ നിയന്ത്രമുണ്ട് എന്നതാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ആ അടിസ്ഥാനത്തില്‍ ഒരു യോധാവ് അമ്പെയ്താല്‍ അത് മര്‍മസ്ഥാനത്ത് പതിക്കുന്നതിലും ശത്രുമരണപ്പെടുന്നതിലും ദൈവത്തിന്റെ ഒരു തീരുമാനം കൂടി പ്രവര്‍ത്തിക്കുന്നു എന്ന സൂചന നല്‍കുന്ന ചില സൂക്തങ്ങള്‍ മുന്നില്‍ കണ്ടാണ് ജബ്ബാര്‍ ഈ അസത്യപ്രസ്താവന നടത്തുന്നത്. ചുരുക്കത്തില്‍ ജബ്ബാര്‍ മാഷ് യഥാര്‍ഥ മുസ്‌ലിമാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഖുര്‍ആനിലുണ്ടെന്ന് അദ്ദേഹം കരുതുന്ന ആ മണ്ടത്തരം വിശ്വസിക്കേണ്ടതില്ല. ഞങ്ങളാരും അങ്ങനെ വിശ്വസിക്കുന്നുമില്ല.

CKLatheef പറഞ്ഞു...

ഇഎജബ്ബാര് പറഞ്ഞു..

'ആക്രമത്തിനു പിരി കയറ്റാനായി പറഞ്ഞ കാര്യങ്ങളൊക്കെ പ്രപഞ്ചം സൃഷ്ടിക്കും മുമ്പെ എഴുതപ്പെട്ട, സര്‍വ്വ കാലപ്രസക്തമായ ദിവ്യ വെളിപാടുകളാണെന്നു പറയുമ്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതൊക്കെ ഇന്നും മുസ്ലിംങ്ങള്‍ പാലിക്കേണ്ട പൊതു നിയമങ്ങളാണെന്നു ധരിക്കാനും അതു വഴി അന്യ മതകരുടെ നേരെ അക്രമത്തിനു പുറപ്പെടാനുമൊക്കെ അതു കാരണമാകും.'

മുസ്ലിംകളെല്ലാവരും അതിനെ നേരായ വിധം തന്നെയാണ് മനസ്സിലാക്കിയിട്ടുള്ളത്. ഖുര്‍ആനില്‍ പ്രബോധനത്തിന്റെ തുടക്കത്തില്‍ പ്രവാചകന്‍ സ്വീകരിച്ച ശൈലി, മക്കാ കാലഘട്ടത്തില്‍ സ്വീകരിച്ചവ, മദീനയില്‍ സ്വീകരിച്ചവ, യുദ്ധഘട്ടത്തില്‍ കൈകൊണ്ട നടപടികള്‍, ഭരണരംഗത്തും സമാധാന ഘട്ടത്തിലും സ്വീകരിച്ച ശൈലിയും നടപടിയും എന്നിവയൊക്കെ അതാതിന്റെ സ്ഥാനത്ത് നിര്‍ത്തി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അതെ സമയം യുക്തിവാദികളാണ് തിരിച്ച് അതെല്ലാം ഖുര്‍ആനിലെ അബദ്ധങ്ങളും ക്രൂരതകളുമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും. ഭിന്നിപ്പിക്കാനും. മതങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും. ഈ രക്തത്തിലൊന്നും വിശ്വാസികള്‍ക്ക് പങ്കില്ല. ഖുറ്ആന് അത്രയുമില്ല.

CKLatheef പറഞ്ഞു...

eajabbar said...

'ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെ കണ്ടാല്‍ മതം അര്‍ത്ഥ ശൂന്യമാണെന്നും മതത്തിന്റെ പേരിലുള്ള ഈ സംഘര്‍ഷങ്ങളും വൈരാഗ്യങ്ങളുമൊക്കെ ബാലിശമാണെന്നും മനസ്സിലാകും. അത്രയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളു.'

തല്‍കാലം അത്രയും വലുതായി ദൈവത്തെക്കാണാന്‍ നിര്‍വാഹമില്ല എന്നറിയിക്കട്ടേ. അത്തരം ചില ദൈവങ്ങളുടെ ഛായ ഹിന്ദുസഹോദരങ്ങളുടെ ബ്ലോഗില്‍ പരിചയപ്പെട്ടിട്ടുണ്ട്. പാര്‍ത്ഥന്‍, ശ്രീ@ശ്രേയസ് തുടങ്ങിയവരുടെ ബ്ലോഗില്‍. എന്നാല്‍ ഇവരുടെ ദൈവത്തെപ്പോലും മാഷ് അംഗീകരിച്ചതായി കാണാത്തതിനാല്‍ അതിനുമപ്പുറം ദൈവം വലുതാകണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. അഥവാ മതം അര്‍ഥശൂന്യമാകുന്ന ദൈവസങ്കല്‍പം. എന്നാലും മാഷ് തൃപ്തനാകുന്ന ലക്ഷണമില്ല. അത്രയെങ്കിലും ഉള്‍കൊള്ളാന്‍ ശ്രമിക്കൂ എന്നാണ് അവസാന ഉപദേശം.

ഇതെല്ലാം പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു സംശയം ഖുര്‍ആനില്‍ നിന്നും ഞാനുള്‍കൊണ്ട ദൈവത്തെ ഇനിയും പരിചയപ്പെടുത്തിയില്ലല്ലോ എന്ന്. ദൈവം അനുഗ്രഹിച്ചാല്‍ അടുത്ത പോസ്റ്റ് അതായിരിക്കും.

CKLatheef പറഞ്ഞു...

eajabbar said..

'അന്യ മതക്കാരെ വെറുക്കാനും കൊല്ലാനുമൊക്കെ പറഞ്ഞത് എല്ലാ കാല‍ത്തേക്കുമുള്ള പൊതു നിര്‍ദ്ദേശങ്ങളല്ല എന്നും അത് അക്കാലത്തെ യുദ്ധ സാഹചര്യങ്ങളില്‍ മുഹമ്മദ് സന്ദര്‍ഭാനുസാരം പറഞ്ഞതാണെന്നും മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ലതീഫ് ഇപ്പോള്‍ അതു ബോധ്യപ്പെടുത്താനാണു ബുദ്ധിമുട്ടുന്നത്.'

എന്റെ ശ്രമത്തെ മാഷ് മനസ്സിലാക്കിയതിങ്ങനെ?!!. കഷ്ടം!! എന്നല്ലാതെ എന്ത് പറയാന്‍. ഇദ്ദേഹത്തെ പിന്‍പറ്റാന്‍ നമ്മുടെ കാളിദാസന്‍ നല്‍കിയ ഉപദേശംകൂടി വായിക്കുക:

'ജബ്ബാര്‍ മാഷ് ഖുറാന്‍ പഠിച്ചിട്ടെഴുതുന്നതു കൂടി വായിച്ചാല്‍ പല വിവരക്കേടുകളും മാറിക്കിട്ടും.ജബ്ബാര്‍ മാഷൊക്കെ ഖുറാനെ ആഴ്ത്തില്‍ പഠിച്ചിട്ടാണെഴുതുന്നത്. മുല്ലമാരും മുക്രിമാരും കുറച്ച് താടി വച്ച സത്വങ്ങളും പറയുന്നത് കേട്ടല്ല.'

ഇദ്ദേഹത്തിന്റെ ബ്ലോഗ് വായിച്ച് ഇസ്ലാമിക പണ്ഡിതന്‍മാരായി മാറിയ ധാരാളം പേര്‍ ബൂലോഗത്തുണ്ട്. അവരില്‍ ചിലരെ എന്റെ ബ്ലോഗിലും കാണാം. പറയുന്നത് അങ്ങോട്ട് മനസ്സിലാകില്ല എന്നതാണ് അവരുടെ പ്രത്യേകത. വലിവലിയ കാര്യങ്ങള്‍ പറയും (ഉദാ: ശരിയ (ശരീഅ), വിധിവിശ്വാസം, ജിഹാദ്, ബലി..) എന്നാല്‍ ഇസ്‌ലാമിനെക്കുറിച്ചറിയേണ്ട പ്രാഥമിക സത്യങ്ങള്‍ പോലും അറിയില്ല. ഇവരോടാണ് 'നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം' എന്ന് പറയേണ്ടത്. പക്ഷേ ഇവരില്‍ പലരും തെറ്റിദ്ധാരണക്ക് അടിമപ്പെട്ടവരാണെന്ന് തോന്നുന്നതിനാല്‍ എല്ലാവരെയും പരിഗണിക്കുകയേ നിവൃത്തിയുള്ളൂ. മാത്രമല്ല ഇതുവായിക്കുന്ന ധാരാളം സത്യാന്വേഷികളും ഉണ്ടെന്നത് ഒരു യാഥാര്‍ഥ്യമാകുമ്പോള്‍ എഴുതാതിരിക്കാനാവില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review