വിവിധ മതങ്ങളിലെ ദൈവവീക്ഷണത്തെക്കുറിച്ച് ധാരാളം ചര്‍ചകള്‍ ബ്ളോഗുകളില്‍ നടന്നിട്ടുണ്ട്. സജീവമായ പങ്കാളിത്തം കൊണ്ടും ബുദ്ധിപരമായ ഇടപെടലുകള്‍കൊണ്ടും സമ്പന്നമാണവ. വീക്ഷണവൈജാത്യമുള്ളവര്‍ തങ്ങളുടെ സ്വന്തം ബ്ളോഗുകളില്‍ (ദൈവവിശ്വാസികളും ദൈവനിഷേധികളും) ഇത്തരം ചര്‍ചകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ചയായിട്ടുള്ളത് -ചര്‍ചചെയ്യാനുള്ള സൌകര്യം കാരണമാണോ എന്നറിയില്ല- ഇസ്ലാമിലെ ദൈവവീക്ഷണമാണ്. ഹിന്ദു സഹോദരങ്ങളുടെ ബ്ളോഗിലും അത്തരം ചര്‍ചകളുണ്ട്. പ്രത്യേക വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി എന്നതിനേക്കാളുപരി സ്വന്തമായി ഒരു ദൈവസങ്കല്‍പത്തെ സമര്‍പിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഖുര്‍ആന്‍ സമര്‍പിക്കുന്ന ദൈവവീക്ഷണം വളരെ തെളിഞ്ഞതും കലര്‍പ്പറ്റതുമാണ്. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ വീക്ഷണം അതിന്റെ പ്രത്യേകതയാണ്. സ്വാഭാവികമായു ഏറെ വിമര്‍ശിക്കപ്പെട്ടത് സ്വാഭാവികമായും ഖുര്‍ആനിലെ ദൈവവീക്ഷണമാണ്. അതില്‍ ഏറെകുറെ പ്രസക്തമായ വിമര്‍ശനമാണ്, മനുഷ്യന്റെ ഇഛയുമായി ബന്ധപ്പെട്ടത്. മനുഷ്യന്‍ സ്വന്ത്രനോ. അതോ ദൈവത്തിന്റെ തീരുമാനത്തിന് വിധേയനോ?. നന്‍മയും തിന്‍മയും പടച്ചത് ദൈവമെങ്കില്‍ തിന്‍മ ചെയ്തവനെ ശിക്ഷിക്കുന്നതില്‍ ന്യായമുണ്ടോ?. എന്തുകൊണ്ട് തെറ്റ് ചെയ്യാവുന്ന വിധം മനുഷ്യനെ സൃഷ്ടിച്ചു?. പിശാചിനെ സൃഷ്ടിച്ച ദൈവമല്ലേ വലിയ പിശാച് എന്ന യുക്തിവാദി നിരീക്ഷണങ്ങളും. ദൈവം ഇഛിച്ചതല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വിവക്ഷ.
ഇതെല്ലാം പറഞ്ഞത് ഖുര്‍ആനിലാണ് എന്ന ഒരൊറ്റ കാരണത്താല്‍ നാം അങ്ങനെതന്നെ വിശ്വസിക്കണമോ. ഇതിനെക്കുറിച്ചുള്ള അന്വേഷണം ഏത് വരെ ആകാം?. പകരം ഇതിനേക്കാള്‍ യുക്തമായ ദൈവിക വീക്ഷണം വേറെയുണ്ടോ?. ദൈവവിശ്വാസം കൊണ്ട് മനുഷ്യന് എന്തെങ്കിലും പ്രയോജനമുണ്ടോ?. ദോശമുണ്ടോ?. ദൈവവിശ്വാസം കൈവെടിഞ്ഞാല്‍ നമ്മുക്ക് മനുഷ്യസമൂഹത്തിന് വല്ല പ്രയോജനവുമുണ്ടോ?. ഏതൊരു മനുഷ്യനും ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കാന്‍ ആഗ്രഹിക്കില്ലേ?. അല്ലെങ്കില്‍ ഇതിനകം ഓരോരുത്തരും ഒരു കണ്‍ക്ളൂഷനിലെത്തിയിരിക്കില്ലേ?. സന്‍മനസ്സുള്ളവര്‍ അതൊന്ന് പങ്ക് വെക്കുന്നത് നല്ലതായിരിക്കില്ലേ. ഇത്തരം കാര്യങ്ങള്‍ ചര്‍ചചെയ്ത് മടുത്തവരും ഇതിന് സമയം ചെലവഴിക്കുന്നതില്‍ കാര്യമില്ല എന്ന് കരുതുന്നവരുമുണ്ടാകാം. അവര്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല. കാരണം ഒരു പുതിയ വിവരം ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ചുകൊള്ളണം എന്നില്ല.
വിവിധമതങ്ങളുടെ ദൈവവീക്ഷണം ഇവിടെ തലനാരിഴ കീറിയുള്ള ചര്‍ച ഉദ്ദേശിക്കുന്നില്ല. ഇസ്ലാമിന്റെ ദൈവവീക്ഷണവുമായി ബന്ധപ്പെട്ടാണ് ചര്‍ച മുന്നോട്ടു നീങ്ങുക. ഖുര്‍ആനാണ് അവലംബം. ആദ്യമായി പരിശോധിക്കാനുള്ളത് ദൈവത്തിന്റെ ഇഛയും മനുഷ്യന്റെ പ്രവര്‍ത്തനവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.
(അധ്യായം 76:23-31 )
പ്രവാചകാ, ഈ ഖുര്‍ആന്‍ പലപ്പോഴായി നിനക്ക് അവതരിപ്പിച്ചിട്ടുള്ളത് നാമാകുന്നു. അതിനാല്‍ നീ നാഥന്റെ ശാസനയില്‍ സ്ഥിരചിത്തനായിരിക്കുക. ഇവരിലെ കുറ്റവാളിക്കോ സത്യവിരോധിക്കോ വഴങ്ങിപ്പോകരുത്. പ്രഭാതത്തിലും പ്രദോഷത്തിലും നാഥന്റെ നാമം സ്മരിക്കുക. രാത്രിയിലും അവനു വേണ്ടി പ്രണാമം ചെയ്യുക. രാവില്‍ നീണ്ട നേരം അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുക. ഈ ജനം ശീഘ്രം ലഭിക്കുന്നതിനെ (ഭൌതിക നേട്ടത്തെ) സ്നേഹിക്കുകയും വരാനിരിക്കുന്ന ഭാരമേറിയ നാളിനെ അവഗണിച്ചുതള്ളുകയുമാകുന്നു.നാമാണിവരെ സൃഷ്ടിച്ചതും ഇവരുടെ ചട്ടക്കൂട് ദൃഢീകരിച്ചതും. നമുക്ക് വേണമെങ്കില്‍ ഇവരുടെ രൂപങ്ങള്‍ മാറ്റിക്കളയാവുന്നതാണ്. ഇതൊരുദ്ബോധനമാകുന്നു. ഇനി ഇഷ്ടമുള്ളവന്‍ തന്റെ റബ്ബിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഇച്ഛയാല്‍ യാതൊന്നുമുണ്ടാകുന്നില്ല-അല്ലാഹു ഇച്ഛിക്കുന്നതുവരെ. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ. താനുദ്ദേശിക്കുന്നവരെ അവന്‍ തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കുന്നു. ധിക്കാരികള്‍ക്ക് വേദനയേറിയ ശിക്ഷയാണവന്‍ ഒരുക്കിവെച്ചിട്ടുള്ളത്.
ഈ സൂക്തങ്ങളില്‍ മൂന്നു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒന്ന്, ഇഷ്ടമുള്ളവന്‍ തന്റെ നാഥനിലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. രണ്ട്, അല്ലാഹു ഇഛിക്കാതെ നിങ്ങളുടെ ഇഛകൊണ്ട് മാത്രം ഒന്നും സംഭവിക്കുന്നില്ല. മൂന്ന്, അല്ലാഹു ഏറ്റം യുക്തിമാനും സര്‍വജ്ഞനുമാകുന്നു. ഈ മൂന്നു സംഗതികളെക്കുറിച്ച് നന്നായി ചിന്തിച്ചുനോക്കിയാല്‍ മനുഷ്യസ്വാതന്ത്യ്രവും ദൈവേഛയും തമ്മിലുള്ള ബന്ധം ശരിക്കും മനസ്സിലാക്കാവുന്നതാണ്. വിധിവിശ്വാസം സംബന്ധിച്ച് പൊതുവില്‍ ജനമനസ്സുകളില്‍ സ്ഥലംപിടിക്കുന്ന സന്ദേഹങ്ങളെയെല്ലാം അതു ദൂരീകരിക്കുകയും ചെയ്യും.
ആദ്യവാക്യം മനസ്സിലാക്കിത്തരുന്നത് ഇതാണ്: ഈ ലോകത്ത് മനുഷ്യന്ന് നല്‍കപ്പെട്ടിട്ടുള്ള സ്വാതന്ത്യ്രം, അവന്‍ ഇവിടെ ജീവിതം നയിക്കുന്നതിനു വേണ്ടി, തന്റെ മുന്നില്‍ വരുന്ന വിവിധ സരണികളില്‍ ഏതു സരണി സ്വീകരിക്കണമെന്ന് സ്വയം തീരുമാനിക്കുക എന്ന പരിധിയില്‍ പരിമിതമാകുന്നു. തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്യ്രം (Freedom of choice) ആണ് അല്ലാഹു മനുഷ്യന്ന് നല്‍കിയിട്ടുള്ളത്. ഉദാഹരണമായി, നിത്യവൃത്തി തേടുന്ന ഒരാള്‍. അയാളുടെ മുന്നില്‍ പലവഴികളുണ്ട്. ചിലത് കൃഷി, കച്ചവടം, വ്യവസായം, ഉദ്യോഗം, കൈത്തൊഴില്‍ എന്നിവപോലെ അനുവദനീയങ്ങളാണ്. ചിലത് മോഷണം, കവര്‍ച്ച, പലിശക്കച്ചവടം, കൈക്കൂലി, ചാരിത്യ്രവില്‍പന, ചൂതാട്ടം, അവിഹിതമായ തൊഴിലുകള്‍ എന്നിവ പോലെ നിഷിദ്ധവും. ഇവയില്‍ നിത്യവൃത്തിക്കായി ഏതു മാര്‍ഗം സ്വീകരിക്കണമെന്ന തീരുമാനം മനുഷ്യന്റെ തെരഞ്ഞെടുപ്പിനു വിട്ടുകൊടുത്തിരിക്കുന്നു. വ്യത്യസ്ത സ്വഭാവരീതികളും ഇപ്രകാരം തന്നെ. ഉത്തരവാദിത്വം, വിശ്വസ്തത, സത്യസന്ധത, മാന്യത, നീതി, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ സദ്ഗുണങ്ങള്‍ ഒരുവശത്ത്. അപകര്‍ഷത, നിരുത്തരവാദിത്വം, അക്രമം, കാപട്യം, കളവ്, അവിവേകം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മറുവശത്തും. ഇതില്‍ ഇഷ്ടമുള്ള ഏതു സ്വഭാവരീതിയും തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് പൂര്‍ണ സ്വാതന്ത്യ്രമുണ്ട്. മതങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യവും ഇപ്രകാരംതന്നെ. ആ വകയിലും പല സരണികള്‍ മനുഷ്യന് മുമ്പില്‍ തുറന്നുകിടപ്പുണ്ട്. നാസ്തികത്വം, ബഹുദൈവത്വം, വിഗ്രഹാരാധന, ഏകദൈവത്വവും ബഹുദൈവത്വവും കൂടിക്കുഴഞ്ഞ സങ്കരങ്ങള്‍, ഖുര്‍ആന്‍ പഠിപ്പിക്കുന്ന തനി ഏകദൈവാരാധന എന്നിങ്ങനെ. അതില്‍ ഏത് സ്വീകരിക്കണമെന്ന തീരുമാനം മനുഷ്യന്നുതന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. അല്ലാഹു സ്വന്തം തീരുമാനം മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. അതായത്, മനുഷ്യന്‍ അനുവദനീയമായ നിത്യവൃത്തി ആഗ്രഹിക്കുകയും അല്ലാഹു ബലാല്‍ക്കാരം അവനെ നിഷിദ്ധ ഭക്ഷണം കഴിക്കുന്നവനാക്കുകയും ചെയ്യുന്നില്ല. അല്ലെങ്കില്‍ അവന്‍ ഖുര്‍ആനിനെ അനുഗമിക്കാനാഗ്രഹിക്കുമ്പോള്‍ അല്ലാഹു അവനെ നാസ്തികനോ ബഹുദൈവവിശ്വാസിയോ സത്യനിഷേധിയോ ആക്കുന്നില്ല. മനുഷ്യന്‍ സച്ചരിതനായിത്തീരണമെന്നാഗ്രഹിക്കുമ്പോള്‍ അല്ലാഹു നിര്‍ബന്ധിച്ച് അവനെ ദുഷ്ടനാക്കുക എന്നതും ഒരിക്കലും സംഭവിക്കുന്നില്ല.
പക്ഷേ, തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്യ്രത്തിനുശേഷം ഒരു കാര്യമുണ്ട്. മനുഷ്യന് താന്‍ ഉദ്ദേശിച്ചതുതന്നെ പ്രായോഗികമായി ചെയ്യാന്‍ കഴിയുക എന്നത് അല്ലാഹുവിന്റെ ഇഛയെയും مَشِيئَة അനുമതിയെയും إِذْن ഉതവിയെയും تَوْفِيق ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്‍ ചെയ്യാനാശിക്കുകയോ ഉദ്ദേശിക്കുകയോ തീരുമാനിക്കുകയോ ചെയ്തതുതന്നെ പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന് അല്ലാഹുവിന്റെ മശീഅത്ത് ഉണ്ടെങ്കിലേ അവന്നത് ചെയ്യാന്‍ കഴിയൂ. മനുഷ്യന്‍ എത്രതന്നെ ശ്രമിച്ചാലും അല്ലാഹുവിന്റെ മശീഅത്തും അനുമതിയുമില്ലാതെ അവന്ന് ഒന്നും ചെയ്യാനാവില്ല. ഇതാണ് അടുത്ത വാക്യത്തില്‍ പ്രസ്താവിച്ചിട്ടുള്ളത്. ഇവ്വിഷയകമായി ഗ്രഹിച്ചിരിക്കേണ്ട ഒരു കാര്യമിതാണ്: ഈ ലോകത്ത് മനുഷ്യന്ന് സകല സ്വാതന്ത്യ്രങ്ങളും നല്‍കിയിട്ട് അവനാഗ്രഹിക്കുന്നതെന്തും ചെയ്തുകളയാനുള്ള കഴിവും അവന്റെ ഇഷ്ടത്തിനുതന്നെ വിട്ടുകൊടുത്തിരിക്കുന്നുവെങ്കില്‍ പ്രാപഞ്ചിക വ്യവസ്ഥയാകെ താറുമാറികും. ലോകത്തുള്ള സകല മനുഷ്യരെയും കൊന്നുകളയാന്‍ ഒരു ഘാതകന്‍ മതിയാകുമായിരുന്നു- അവന് തോന്നുന്ന ആരെയും കൊല്ലാനുള്ള സൌകര്യം ലഭിക്കുകയാണെങ്കില്‍. ഇഷ്ടമുള്ളയാരെയും പോക്കറ്റടിക്കാന്‍ സൌകര്യം ലഭിക്കുന്ന പോക്കറ്റടിക്കാരനില്‍നിന്ന് ആരുടെ പോക്കറ്റാണ് രക്ഷപ്പെടുക? ഒരു കള്ളന്റെ കൈയില്‍നിന്ന് ആരുടെയും മുതലും രക്ഷപ്പെടില്ല. ഒറ്റ സ്ത്രീക്കും ഒരു തെമ്മാടിയില്‍നിന്ന് മാനം കാക്കാനാവാതെവരും. ഒരു ഭവനഭേദനക്കാരന്‍ ഒറ്റ വീടും ഒഴിവാക്കുകയില്ല; ഇവര്‍ക്കൊക്കെ അവരവര്‍ക്കു തോന്നുന്നത് അപ്പടി ചെയ്യാന്‍ തികഞ്ഞ കഴിവും സൌകര്യവും കൂടി കിട്ടുകയാണെങ്കില്‍. അതുകൊണ്ട് മനുഷ്യന്‍ ശരിയോ തെറ്റോ ആയ ഏതു മാര്‍ഗത്തിലൂടെ നടക്കാന്‍ ഉദ്ദേശിച്ചാലും അതിലൂടെ അവനു നടക്കാന്‍ സൌകര്യമേകണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം അല്ലാഹു അവന്റെ കരത്തില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഒരാള്‍ ദുര്‍മാര്‍ഗം വെടിഞ്ഞ് സന്‍മാര്‍ഗം സ്വീകരിക്കാനാഗ്രഹിച്ചാല്‍ അയാള്‍ക്കും അല്ലാഹുവിന്റെ മശീഅത്തും തൌഫീഖും ലഭിച്ചാല്‍ മാത്രമേ പ്രായോഗികമായി സന്‍മാര്‍ഗനിരതനാവാന്‍ കഴിയൂ. ദുര്‍മാര്‍ഗം വെടിഞ്ഞ് സന്‍മാര്‍ഗം കൈക്കൊള്ളാനുള്ള തീരുമാനം മനുഷ്യന്‍ സ്വയം എടുത്തിരിക്കണമെന്ന് ഉപാധിയുണ്ടെന്നു മാത്രം. അതല്ലാതെ, അല്ലാഹു ആരെയും ബലാല്‍ക്കാരം കള്ളനോ ഘാതകനോ നാസ്തികനോ ബഹുദൈവവിശ്വാസിയോ ആക്കാത്തതു പോലെ ആരെയും ബലാല്‍ക്കാരം സത്യവിശ്വാസിയും ആക്കുന്നില്ല.
അനന്തരം തുടര്‍ന്നുള്ള വാക്യത്തില്‍, അല്ലാഹുവിന്റെ ഈ മശീഅത്ത് അവ്യവസ്ഥിത (Arbitrary) മാണെന്ന തെറ്റിദ്ധാരണയെ ദൂരീകരിച്ചിരിക്കുകയാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ് എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അത് ദൂരീകരിക്കുന്നത്. അതായത്, അവന്‍ ചെയ്യുന്നതെന്തും തികഞ്ഞ ജ്ഞാനത്തോടെയാണ് ചെയ്യുന്നത്. അതിനാല്‍ അവന്റെ തീരുമാനത്തില്‍ തെറ്റുപറ്റാനുള്ള ഒരു സാധ്യതയുമില്ല. ആര്‍ക്ക് എന്തിന് തൌഫീഖ് നല്‍കണം, എന്തിനു നല്‍കേണ്ടതില്ല, എന്തുകാര്യം എങ്ങനെ ചെയ്യാനനുവദിക്കണം, എങ്ങനെ ചെയ്യാനനുവദിക്കേണ്ടതില്ല എന്നൊക്കെ അവന്‍ വിധിക്കുന്നത് സമ്പൂര്‍ണമായ ജ്ഞാനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്. അല്ലാഹു ഒരാള്‍ക്ക് എത്രത്തോളം അവസരം നല്‍കുകയും സൌകര്യങ്ങളേര്‍പ്പെടുത്തിക്കൊടുക്കകയും ചെയ്യുന്നുവോ അത്രത്തോളമേ അയാള്‍ക്ക് തന്റെ ഇഛാനുസാരം കര്‍മം ചെയ്യാനാകൂ-അത് സല്‍ക്കര്‍മമായാലും ശരി, ദുഷ്കര്‍മമായാലും ശരി. സന്‍മാര്‍ഗപ്രാപ്തിയുടെ കാര്യവും ഇതിന്നപവാദമല്ല. ആരാണ് സന്‍മാര്‍ഗപ്രാപ്തിക്കര്‍ഹനെന്നും ആര്‍ അര്‍ഹനല്ലെന്നും അല്ലാഹു തന്റെ ജ്ഞാനത്താല്‍ അറിയുകയും തന്റെ യുക്തിവൈഭവത്താല്‍ തീരുമാനിക്കുകയും ചെയ്യുന്നു. (തഫ്ഹീമുല്‍ ഖുര്‍ആന്‍ )