2010, മേയ് 7, വെള്ളിയാഴ്‌ച

തിന്മയുടെ മനഃശാസ്ത്രം.

(തിന്മയുടെ മനഃശാസ്ത്രമെന്ന പോസ്റ്റ് ധാര്‍മികതയുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ നാലാം ഭാഗമാണ്.)

മനുഷ്യനില്‍ ധാര്‍മികബോധമുണ്ടെന്നും അതിലൂടെ മനുഷ്യന് ധാര്‍മികനാകാന്‍ കഴിയുമെന്നും മനസ്സിലാക്കി. ആ ധാര്‍മികബോധമുള്ള മനുഷ്യന്‍ തന്നെയാണ് അധാര്‍മികനാകുന്നതും അതിന് കാരണമെന്തായിരിക്കും?. മനുഷ്യന്‍ ധാര്‍മികനാകാന്‍ ദൈവവിശ്വാസം വേണ്ട എന്നതാണ് നാസ്തികരുടെ വാദം. മനുഷ്യന്റെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് അവന്‍ ധാര്‍മികനായിക്കൊള്ളും. പുറമെനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവന് ആവശ്യമില്ല. പിന്നെ ചിലരൊക്കെ അധാര്‍മികളാകുന്നത് എങ്ങനെ എന്ന ചോദ്യത്തിന് അവര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെങ്കിലും മനസ്സിലാകാന്‍ സാധിക്കുന്നത് ഇപ്രകാരമാണ്; മതവിശ്വാസികളായവര്‍ 1400 ഉം 2000 വും 4000 വും വര്‍ഷം മുമ്പുള്ള ധാര്‍മികത അംഗീകരിക്കുന്നവരാണ്. ആ ധാര്‍മികത അന്ന് മനുഷ്യന് യോജിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ അതെല്ലാം പഴഞ്ചനായി മാറുകയും പുതിയ ധാര്‍മികത രൂപം കൊള്ളുകയും ചെയ്തു. ഇപ്പോള്‍ ധാര്‍മികതയുള്ളവര്‍ ദൈവനിഷേധികളാണ്. മതവിശ്വാസികള്‍ പഴയ ധാര്‍മികത കൈകൊള്ളുന്നതിനാല്‍ അധാര്‍മികരാണ്. അപ്പോള്‍ നിരീശ്വരവാദികളില്‍ അധാര്‍മികരുണ്ടാകില്ലേ?. ഹേയ് ഇല്ലേ ഇല്ല. ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും പ്രചരിപ്പിക്കാനുമുള്ള നാസ്തികര്‍ക്കുള്ള ധാര്‍മികാവകാശം അംഗീകരിക്കുന്നു. എങ്കിലും ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ധാര്‍മികബോധം നല്‍കപ്പെട്ട മനുഷ്യരില്‍ അധികവും അധാര്‍മികരാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്. കാരണം നേരത്തെ പറഞ്ഞവര്‍ സമൂഹത്തില്‍ മനോരോഗികളുടെ എണ്ണം കുറവാണെന്ന പോലെ ന്യൂനപക്ഷമാണ്. ഈ ന്യൂനാല്‍ ന്യൂനപക്ഷത്തെ വെച്ച് മനുഷ്യസമൂഹത്തെ അളക്കുക എന്നതിനേക്കാള്‍ വലിയ അന്തക്കേട് വെറെയില്ല.

മനുഷ്യന്‍ അധാര്‍മികനായി മാറാന്‍ , അല്ലെങ്കില്‍ തിന്മചെയ്യാന്‍  പ്രേരിപ്പിക്കുന്ന ചില കാരണങ്ങളുണ്ട്. അവയില്‍ പലതും മാനസികമാണ്. അതുകൊണ്ട് ഞാനീ പോസ്റ്റിന് തിന്മയുടെ മനഃശാസ്ത്രം എന്ന പേരിടുന്നു. മെച്ചപ്പെട്ടത് ഉപേക്ഷിച്ച് മോശപ്പെട്ടത്  തിരഞ്ഞെടുക്കുന്നതിന് നാല് കാരണങ്ങളാണ് പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതനും  ചിന്തകനുമായ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി കാണുന്നത്.

1. സമയത്തിന്റെ വിലയറിയായ്ക

സമയമാണ് മനുഷ്യന്റെ യഥാര്‍ഥ സമ്പത്ത്. സമയം പാഴാക്കിയവന് സകലതും നഷ്ടപ്പെടും. ഓരോ നിമിഷത്തിലും ഓരോ കര്‍ത്തവ്യം ദൈവം നിശ്ചയിച്ചുതന്നിട്ടുണ്ട്. അത് സമയത്ത് നിര്‍വഹിക്കാതിരുന്നാല്‍ പിന്നീടൊരിക്കലും അത് നിര്‍വഹിക്കാന്‍ സാധ്യമല്ല. പിന്നീട് സാധ്യമാകുന്ന കര്‍മമാണെങ്കില്‍ തന്നെ തത്തുല്യമോ അതിനേക്കാള്‍ പ്രധാനപ്പെട്ടതോ ആയ മറ്റൊരു കര്‍ത്തവ്യം അവ നിര്‍വഹിക്കാന്‍ മാറ്റിവെക്കപ്പെടേണ്ടിവരുന്നു. ഇരുതല മൂര്‍ചയുള്ള ഒരു വാള് പോലെയാണ് സമയം അതിനെ ശരിയായ വിധം ഉപയോഗിച്ചില്ലെങ്കില്‍ ആ സമയം മനുഷ്യന് ശാപമായി മാറുന്നു. മനുഷ്യരില്‍ വലിയൊരു വിഭാഗം സമയത്തെ എങ്ങനെ കൊല്ലണം എന്ന് ചിന്തിക്കുന്നത് സമയത്തിന്റെ മൂല്യം അറിയാത്തത് കൊണ്ടാണ്.

ഒരു യാത്രികന്റെ കയ്യില്‍ ഒരു കപ്പ് വെള്ളമാണുള്ളതെങ്കില്‍ അയാള്‍ അതിലെ ഓരോ തുള്ളിയും സൂക്ഷിച്ചേ ഉപയോഗിക്കൂ. നമ്മുക്ക് ലഭിച്ചിട്ടുള്ളത് ഒരൊറ്റജീവിതം മാത്രമാണ്. ഈ ജീവിതം കൊണ്ട് ഒന്നുകില്‍ ശാശ്വത വിജയം അല്ലെങ്കില്‍ പരാജയം ഇതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. വിജയം നേടാന്‍ അധ്വോനം ആവശ്യമാണ്. മനുഷ്യരിലധികവും നിസ്സാര ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജീവിതം തുലക്കുന്നു.

2. സ്വന്തം സ്ഥാനത്തെക്കുറിച്ച അജ്ഞത


ദൈവം തനിക്ക് നല്‍കിയ സ്ഥാനവും പദവിയും മനുഷ്യന്‍ മനസ്സിലാക്കുന്നതിലുള്ള വീഴ്ച ഏറ്റവും മോശമായത് തിരഞ്ഞെടുക്കാനുള്ള രണ്ടാമത്തെ കാരണമാണ്. ഈ പ്രപഞ്ചമാസകലം പടച്ചത് മനുഷ്യന് വേണ്ടിയാണ്. അവനാകട്ടെ ഈ വസ്തുക്കള്‍ക്ക് ഒന്നിന് വേണ്ടിയും സൃഷ്ടിക്കപ്പെട്ടതല്ല. പ്രപഞ്ചത്തിലെ സകല വസ്തുക്കളും അവന് അധീനമാക്കപ്പെട്ടിരിക്കുന്നു. അവനെ യാതൊന്നും അധീനപ്പെടുത്തിയിട്ടില്ല. മനുഷ്യന്റെ കഴിവുകളും യോഗ്യതകളും സങ്കല്‍പാതീതമാണ്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് അവനുള്ള സ്ഥാനം. പ്രതിനിധി സാക്ഷാല്‍ ഉടമസ്ഥനോ സ്വന്തം അധികാരം ഇഷ്ടം പോലെ വിനിയോഗിക്കുന്നവനോ അല്ല. ആരുടെ പ്രാധിനിധ്യം വഹിക്കുന്നുവോ അവന്റെ ഇഷ്ടാനിഷ്ടങ്ങളും അധികാരപരിധിയും പാലിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്. ഈ പദവിയെക്കുറിച്ച ബോധവും അതിന്റെ ഉന്നതിയിലേക്കുയരാനുള്ള കഴിവും യോഗ്യതകളും ദൈവം നല്‍കിയിരിക്കുന്നു. പ്രസ്തുത ബോധത്തെ അവന് സജീവമാക്കി നിലനിര്‍ത്തുകയോ നിര്‍ത്താതിരിക്കുകയോ ചെയ്യാം. അതവന്റെ വിവേചനാധികാരം നല്‍കപ്പെട്ട മേഖലയാണ്. തന്റെ പാത താന്‍ തന്നെ തിരഞ്ഞെടുക്കുക മനുഷ്യന് മാത്രം ദൈവം നല്‍കിയ ബഹുമതിയാണത്. ഈ ഉന്നത പദവിയെക്കുറിച്ച ബോധം നഷ്ടപ്പെടുകയും മനുഷ്യന്‍ കേവല ജീവികളിലൊന്നാണെന്ന് കരുതുകയും ജൈവികമായ ലക്ഷ്യം കേവല ശാരീരിക ഭോഗങ്ങളില്‍ ഒതുക്കുകയും ചെയ്യുന്നതിലൂടെ. അവന്‍ ഭൂമിയിലേക്ക് അമരുകയാണ്. പിന്നീട് അവന്റെ അവസ്ഥ ഖുര്‍ആന്‍ ഇപ്രകാരം ചിത്രീകരിക്കുന്നു:

നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച അറിവ് നല്‍കിയിട്ടുണ്ടായിരുന്ന ആ മനുഷ്യന്റെ അവസ്ഥ പ്രവാചകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുക.1 ആ ജ്ഞാനി തന്റെ ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്നു ഒഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അയാള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍വഴി ഔന്നത്യം പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും സ്വേച്ഛകളെത്തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും.2 ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ. (7:175-176)

3. അലസതയും അക്ഷമയും

ധര്‍മം വിട്ട് അധര്‍മം സ്വീകരിക്കാന്‍ മനുഷ്യനെ പ്രേരിപ്പികുന്ന മറ്റൊരു കാരണം. അവനിലുള്ള അലസതയാണ്. ധര്‍മം അഥവാ നന്മ ഉയര്‍ന്നതും മഹത്വമാര്‍ന്നതുമാണ്. കഠിനാധ്വോനത്തിലൂടെ മഹത്വം നേടാന്‍ കഴിയൂ എന്നത് മഹത്വത്തിന്റെ ഒരു പ്രത്യേകതയാണ്. അധമകര്‍മങ്ങള്‍ എളുപ്പമായിരിക്കും. അവമുഖേന ശരീരത്തിന്റെ ചോദനകള്‍ക്ക് പെട്ടെന്ന് ശാന്തി ലഭിക്കും. അവയ്ക് വേണ്ടി കയറ്റം കേറെണ്ട. ഇറക്കം ഇറങ്ങുന്നത് പോലെ അയാസരഹിതം. അതിനാല്‍ ജനങ്ങളിലധികവും ധര്‍മം നന്മയാണെന്ന് ബോധമുള്ളതോടൊപ്പം അധര്‍മമാകുന്ന തിന്മ ചെയ്തുകൊണ്ടിരിക്കുന്നു. ഉന്നത ലക്ഷ്യങ്ങള്‍ക്ക് അധ്വോനം വേണ്ടിവരും ചില ഉദാഹരണങ്ങള്‍ പഠനത്തേക്കാള്‍ എളുപ്പം ആ സമയം ഉറങ്ങലാണ്. ആത്മനിയന്ത്രണത്തെക്കാള്‍ എളുപ്പം സേഛയെ അഴിച്ചുവിടലാണ്. ഒഴുക്കിനെതിരെ നീന്തുന്നതിനേക്കാള്‍ എളുപ്പം ഒഴുക്കിന് വിധേയമാകലാണ്.

മഹത്കര്‍മങ്ങളെ അപേക്ഷിച്ച് നീചകര്‍മങ്ങള്‍ക്ക് മനുഷ്യമനസ്സിനെ എളുപ്പം ആകര്‍ഷിക്കാന്‍ കഴിയും. അലസതയും അക്ഷമയും ഉള്ളവര്‍ തിന്‍മക്ക് എളുപ്പം വശംവദരാകുന്നു. നന്‍മ ചെയ്യാന്‍ അല്‍പം പ്രയാസമുണ്ട്. തിന്മചെയ്യാന്‍ മനുഷ്യന്റെ വികാരങ്ങള്‍ക്കൊത്ത് ശരീരത്തെ മേയാന്‍ അനവദിച്ചാല്‍ മാത്രം മതി. അതുകൊണ്ട് പ്രവാചകന്‍ പറഞ്ഞു. 'സ്വര്‍ഗം വെറുക്കപ്പെടുന്ന കാര്യങ്ങളാല്‍ വലയം ചെയ്തിരിക്കുന്നു. നരകമാകട്ടെ വികാരങ്ങള്‍ കൊണ്ടും.' സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ എണ്ണമറ്റ പ്രയാസങ്ങളോടും ദുരിതങ്ങളോടും ഏറ്റുമുട്ടി ജയിക്കേണ്ടതുണ്ട്. നരകത്തിലേക്കുള്ള മാര്‍ഗം വളരെ എളുപ്പമാണ് യാതൊരധ്വോനവും അയാള്‍ക്കാവശ്യമില്ല. ഇക്കാരണത്താലും മനുഷ്യനില്‍ അധികപേരും അധര്‍മികളായി മാറുന്നു.

4. അധമ പൂജകരുടെ ആധിക്യം.

മനുഷ്യന്‍ തിന്മ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം ലോകത്ത് അധമ പൂജകരുടെ ആധിക്യമാണ്. സഞ്ചാരികള്‍ നിറഞ്ഞ പാതയിലൂടെ യാത്രചെയ്യാന്‍ ആളുകള്‍ പോതുവെ ഇഷ്ടപ്പെടും. കൂടുതല്‍ പേര്‍ ചെയ്യുന്ന പ്രവര്‍ത്തികളോട് മനസ്സിന് താല്‍പര്യം കൂടും. കൂടുതല്‍ പേര്‍ ചെയ്യുന്നുവെന്നത് അത് ഉന്നതവും ഉത്കൃഷ്ടകരവുമാണെന്ന് വിധിക്കാനുള്ള തെളിവായി തീരുകയും ചെയ്യുന്നു. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രബലമായി നിലനിന്ന തിന്‍മകള്‍ പകര്‍ചവ്യാധിപോലെ ആ കാലഘട്ടത്തിലെ മനുഷ്യരെ സ്വാധീനിക്കാന്‍ അതാണ് കാരണം. ആധുനിക കാലഘട്ടത്തില്‍ ചില ധാര്‍മികതകള്‍ അധാര്‍മികമാകുന്നതിനും മനുഷ്യചരിത്രം ഇന്നോളം കണ്ട അധാര്‍മിക വൃത്തികള്‍ ധാര്‍മികമായി തീരുന്നതിന്റെയും മനഃശാസ്ത്രം ഇതിലാണുള്ളത്. വിവാഹിതനായ ഒരാള്‍ തന്റെ ജീവതത്തില്‍ വിവാഹത്തിലൂടെ ഒരു സ്ത്രീയെക്കൂടി സ്വീകരിക്കുന്ന ബഹുഭാര്യത്വം അധാര്‍മികവും എന്നാല്‍ ഒരു ഉത്തരവാദിത്തവുമില്ലാതെ ഭാര്യക്ക് പുറമെ എത്ര ലൈംഗിക പങ്കാളികളെ തേടുന്നത് ധാര്‍മികതക്ക് ഒരു കോട്ടവും വരുത്താത്ത കര്‍മമായി മാറുകയും ചെയ്യുന്നത് ഈ ഭൂരിപക്ഷ നിലപാടിലൂടെയാണ്. ഇതിന് മുമ്പിലത്തെ പോസ്റ്റില്‍ ബഹുഭാര്യത്വം അധര്‍മമായി ചൂണ്ടിക്കാണിച്ചവര്‍ പ്രധാനമായും തെളിവായി പറഞ്ഞത് എല്ലാ മതങ്ങളില്‍ പെട്ടവരും ഇപ്പോള്‍ അവ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ്.

ഇവിടെ മനുഷ്യന്‍ ധാര്‍മികബോധമെന്ന ദിവ്യാനുഗ്രഹവും ധാര്‍മികതയെക്കുറിച്ച ദൈവികമായ  വിശദീകരണവും ലഭിച്ചതിന് ശേഷം മതവിശ്വാസം ഉണ്ടെന്ന് പറയുന്നവരിലും ദൈവമില്ലെന്ന് വിശ്വസിക്കുന്നവരിലും പെട്ട ഭൂരിഭാഗം എന്തുകൊണ്ട്  തിന്മ ചെയ്യുന്നു എന്നതിന്റെ ഇസ്‌ലാമികമായ മറുപടിയാണ് പറഞ്ഞുകഴിഞ്ഞത്. (അവസാനിക്കുന്നില്ല).

10 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇസ്‌ലാമിക വീക്ഷണമനുസരിച്ച് മനുഷ്യന് സൃഷ്ടിപ്പിലെ നല്‍കപ്പെട്ട ധര്‍മബോധവും പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട ധാര്‍മിക നിര്‍ദ്ദേശങ്ങളുണ്ടായിട്ടും മനുഷ്യരില്‍ അധികവും അധര്‍മികളായി മാറുന്നതിന്റെ കാരണങ്ങളാണ് പറഞ്ഞുകഴിഞ്ഞത്.

1. നാസ്തികര്‍ അധാര്‍മികത ചെയ്യാറുണ്ടോ?. ഉണ്ടെങ്കില്‍ ഏതൊക്കെയാണ് അവരില്‍ നിന്ന് സംഭവിച്ചുപൊകുന്ന അധാര്‍മികതകള്‍?. അതെന്തുകൊണ്ട് സംഭവിക്കുന്നു?.
2. മനുഷ്യന്‍ ജന്‍മനാ ധാര്‍മികനാണെങ്കില്‍ ദൈവവിശ്വാസികളും അപ്രകാരമായിരിക്കണമല്ലോ?. എന്തുകൊണ്ടാണ് ദൈവവിശ്വാസികള്‍ അധര്‍മം ചെയ്യുന്നത്?. അവയില്‍ പ്രധാനപ്പെട്ടത് ഏത്?.
3.നാസ്തികര്‍ എങ്ങനെയാണ് ഒരു കാര്യം ധര്‍മമെന്നും മറ്റൊന്ന് അധര്‍മമെന്നും വിധിക്കുന്നത്? വല്ല മാനദണ്ഡവുമുണ്ടോ?. സ്വന്തം ബുദ്ധി ഉപയോഗിച്ചാണെങ്കില്‍, അതേ സ്വാതന്ത്ര്യത്തോടെ ഒരു വിശ്വാസി ഒരു കാര്യം ധാര്‍മികമാണെന്ന് പറഞ്ഞാല്‍ അത് ധാര്‍മികതയായി നിങ്ങള്‍ക്കംഗീകരിക്കാമോ?. 4.1400 വര്‍ഷം മുമ്പു അധാര്‍മികമായിരുന്നത് ഇന്ന് ധാര്‍മികമായി മാറിയ ഒന്ന് ചൂണ്ടിക്കാണിക്കാമോ?.
5.1400 വര്‍ഷം മുമ്പുള്ള ധാര്‍മികത ഇന്ന് ആധാര്‍മികമായി മാറിയതിന് വല്ല ഉദാഹരണവുമുണ്ടോ?. ഈ മാറ്റത്തിന് കാരണം എന്താണ്?.

പള്ളിക്കുളം.. പറഞ്ഞു...

>>>> 'സ്വര്‍ഗം വെറുക്കപ്പെടുന്ന കാര്യങ്ങളാല്‍ വലയം ചെയ്തിരിക്കുന്നു. നരകമാകട്ടെ വികാരങ്ങള്‍ കൊണ്ടും.' സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ എണ്ണമറ്റ പ്രയാസങ്ങളോടും ദുരിതങ്ങളോടും ഏറ്റുമുട്ടി ജയിക്കേണ്ടതുണ്ട്. നരകത്തിലേക്കുള്ള മാര്‍ഗം വളരെ എളുപ്പമാണ് യാതൊരധ്വോനവും അയാള്‍ക്കാവശ്യമില്ല. <<<<

TRACKING..

Noushad Vadakkel പറഞ്ഞു...

മറ്റുള്ളവരുടെ ജീവിതത്തില്‍ നിയമ നിര്‍മ്മാണത്തിന് വേണ്ടി ഉത്സാഹം കാണിക്കുന്ന നാസ്തികര്‍ സ്വന്തം ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ ആ നിയമങ്ങളൊക്കെ പ്രായോഗികമോ നീതി യുക്തമോ അല്ല എന്ന് തിരിച്ചറിയുമ്പോളാണ് ദൈവിക വിധി വിലക്കുകളുടെ സര്‍വ്വ കാലിക പ്രസക്തി ബോധ്യപ്പെടുന്നത് .

നന്മയും തിന്മയും എന്താണ് എന്നതില്‍ കൃത്യമായ നിര്‍വ്വചനം നല്‍കുവാന്‍ നാസ്ഥികര്‍ക്ക് കഴിയില്ല.കാലത്തിനൊത് മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തെ കൂട്ട് പിടിച്ചാല്‍ പോലും .(ശാസ്ത്രം പറയുന്നത് അപ്പടി തെറ്റാണെന്ന്ഞാന്‍ പറയുന്നില്ല )ഭൂരിപക്ഷ തീരുമാനത്തിന് അനുസരിച്ച് അവരുടെ നന്മ തിന്മകള്‍ മാറിക്കൊണ്ടിരിക്കും .
മരണാനന്തരം ശൂന്യത എന്ന വാദത്തിലൂടെ സമൂഹത്തിനു നല്‍കുന്ന സന്ദേശത്തിന്റെ അപകടം അവര്‍ തിരിച്ചറിയുന്നില്ല .
മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന, മനുഷ്യ മനസ്സിന്റെ വികാര വിചാരങ്ങളറിയുന്ന ദൈവം മനുഷ്യന് നല്‍കിയ നന്മ തിന്മ വ്യവചെദന ഗ്രന്ഥമാണ് വിശുദ്ധ ഖുറാന്‍ . ഇത് കേവലമൊരു അവകാശ വാദമല്ല . കഴിഞ്ഞ 1400 ലധികം വര്‍ഷമായി ലോക മുസ്ലിംകള്‍ക്ക് (ഭൂരിപക്ഷത്തിനും ) പരലോക മോക്ഷത്തിനു വേണ്ടി നന്മകള്‍ അധികരിപ്പിക്കുന്നതിനും തിന്മകളില്‍ നിന്നും അകന്നു നില്‍ക്കുന്നതിനും പ്രേരകമായത് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായ പ്രവാചക ചര്യയും (ഹദീസ്‌)ആണ് .

ആദ്യം നന്മ തിന്മകള്‍ നിര്‍വ്വചിക്കുക ,ശേഷം പ്രവര്‍ത്തിക്കുക . അതാണ്‌ നാസ്തികര്‍ ചെയ്യേണ്ടത് . ഭൂരിപക്ഷത്തിനു ശരി എന്ന് തോന്നുന്നത് ചെയ്‌താല്‍ , അല്ലെങ്കില്‍ ഒരു വ്യക്തിക്ക് ശരി എന്ന് തോന്നുന്നത് ചെയ്‌താല്‍ അത് മനുഷ്യ രാശിക്ക് നല്‍കുന്ന സംഭാവന എത്ര അപകടകരമാണെന്ന് മനസ്സിലാക്കുവാന്‍ സ്വവര്‍ഗ്ഗ രതിക്ക് വേണ്ടി കാലങ്ങളായി വാദിക്കുന്നവരുടെ ജീവിതത്തെ വിലയിരുത്തിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ .. അത് ഒരു ചെറിയ ഉദാഹരണം മാത്രം

ചിത്രഭാനു Chithrabhanu പറഞ്ഞു...

ബുദ്ധൻ പറഞ്ഞു. ” നല്ലതായതുകൊണ്ട് നൻമചെയ്വിൻ. വേറൊന്നും ചോദിക്കരുത്. അതുമതി. കെട്ടുകഥ കാരണമായോ, കഥവഴിക്കോ, അന്ധവിശ്വാസം ഹേതുവായോ നല്ലത് ചെയ്യാൻ പ്രേരിതനായവൻ, സന്ദർഭം ലഭിച്ചാലുടൻ തിൻമ ചെയ്തു പോവും. നൻമക്ക് വേണ്ടി നൻമ ചെയ്യുന്നവൻ മാത്രമാണു നല്ലവൻ; അതായിരിക്കും ആ മനുഷ്യന്റെ സ്വഭാവം
----------ബൌദ്ധഭാരതം, വിവേകാനന്ദൻ

CKLatheef പറഞ്ഞു...

ഇവിടെ വരികയും വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

@പള്ളിക്കുളം,

അതെ, മനുഷ്യന്‍ ജന്‍മനാ ധാര്‍മികനാണ് എന്ന് വാദിക്കുന്നവര്‍ എന്തുകൊണ്ട് മനുഷ്യന്‍ അധര്‍മം ചെയ്യുന്നു എന്ന് വിശദീകരിക്കേണ്ടതുണ്ട്. അവര്‍ ധാര്‍മികബോധത്തെ ധാര്‍മികതയായി തെറ്റിദ്ധരിക്കുകയാണ്.

@നൗഷാദ് വടക്കേല്‍

കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് നന്ദി. അഭൗതികമായ ചിലയാഥാര്‍ഥ്യങ്ങളുണ്ടെന്ന ബോധ്യമില്ലാത്തതുകൊണ്ട് കേള്‍ക്കുന്ന മാത്രയില്‍ തന്നെ ദൈവം, പ്രവാചകന്‍ ,മരണാന്തര ജീവിതം തുടങ്ങിയവയെ നിഷേധിക്കുന്നവര്‍ സ്വന്തം ജീവിതത്തില്‍ നഷ്ടപ്പെടുത്തുന്ന സൗഭാഗ്യമെന്തെന്നറിയുന്നില്ല. ധാര്‍മികതയെ തങ്ങളുടെ യുക്തിയിലേക്ക് ചുരുക്കുമ്പോള്‍ സംഭവിക്കുന്ന അപകടമെന്തെന്നും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

CKLatheef പറഞ്ഞു...

@ചിത്രഭാനു

ഇയ്യിടെയായി നാസ്തികര്‍ പ്രചരിപ്പിക്കുന്ന ഒരു വാദത്തിന്റെ ചുവടുപിടിച്ചാണ് താങ്കളുടെ കമന്റ്. അത് ഇതാണ്. വിശ്വാസികളൊക്കെ നന്മചെയ്യുന്നത് ദൈവത്തെ പേടിച്ചാണ്. ഞങ്ങളോ മനുഷ്യനെ സ്‌നേഹിക്കുന്നത് കൊണ്ടും. വിശ്വാസികള്‍ നന്മ ചെയ്യുന്നത് സ്വര്‍ഗം ലഭിക്കാന്‍ വേണ്ടിയാണ്. ഞങ്ങളോ നിഷ്‌കാമകര്‍മികളും. വളരെ തെറ്റായ ഒരു വിശകലനമാണിത്. മതത്തെക്കുറിച്ചുള്ള അജ്ഞതമാത്രമാണിത് സൂചിപ്പിക്കുന്നത്. എന്നിട്ട് മറ്റൊന്നുകൂടി പറയും ദൈവമില്ലായിരുന്നെങ്കില്‍ ഈ വിശ്വാസികളൊക്കെ കടുത്ത അധര്‍മികളായിതീരുമായിരുന്നു. നന്മ ചെയ്യണം എന്ന് ഇസ്്‌ലാം പറയുന്നത് അത് നന്മയായതുകൊണ്ട് തന്നെയാണ്. എന്താണ് നന്മ തിന്മ എന്ന് ഞാന്‍ വ്യക്തമാക്കിയല്ലോ. അതിലെ ധാര്‍മിക മൂല്യങ്ങള്‍ നോക്കിത്തന്നെയാണ് നന്മതിന്മകള്‍ തീരുമാനിക്കപ്പെടുന്നത്. മതം ഇവയിലൊക്കെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. അത് വേണ്ടെന്ന് വെച്ചാല്‍ അവര്‍ക്ക് പോയി എന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.

(പ്രവാചകാ) നാം, ഈ വേദം എല്ലാ മനുഷ്യര്‍ക്കും വേണ്ടി സത്യസമേതം നിനക്ക് ഇറക്കിത്തന്നു. ഇനി ആരെങ്കിലും സന്മാര്‍ഗം കൈക്കൊണ്ടുവെങ്കില്‍, അത് അവന്റെ തന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും ദുര്‍മാര്‍ഗമവലംബിച്ചാലോ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലവും അവനുതന്നെ. നീ അവരുടെ ചുമതലക്കാരനല്ല. (ഖുര്ആന് 39:41)

ചിത്രഭാനു Chithrabhanu പറഞ്ഞു...

ദുർമാർഗ്ഗത്തിന് ദുഷ് ഫലം എന്നു പറയുമ്പോൾ വ്യക്തമാക്കുന്നത് ഭീഷണി തന്നെയാണ്. പ്രവാചകൻ ചുമതലക്കാരനല്ലായിരിക്കാം പക്ഷെ ദൈവമോ... ചുമതല ഏറ്റെടുക്കുന്നില്ലേ...
ബുദ്ധൻ പറഞ്ഞ കമന്റാണിത്. കേരള യുക്തിവാദി സംഘത്തിന്റെയല്ല

CKLatheef പറഞ്ഞു...

ദുര്‍മാര്‍ഗമവലംബിക്കുവന്‍ അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരും എന്നതില്‍ ഒരു ഭീഷണിയുണ്ട് എന്നകാര്യം ഞാനും അംഗീകരിക്കുന്നു. മകനോട് പഠിച്ചില്ലെങ്കില്‍ തോല്‍ക്കും എന്ന് പറയുന്നതിലും ഭീഷണിയുണ്ടല്ലോ. എന്ന് വെച്ച് പിതാവന്നെ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് ഏതെങ്കിലും കുട്ടികള്‍ കേസുനല്‍കിയിട്ടുണ്ടെങ്കില്‍ ഇത് പറഞ്ഞ ആള്‍ക്ക് കുട്ടിയുടെ ബുദ്ധിയെങ്കിലും ഉണ്ടെന്ന് പറയാമായിരുന്നു. കേരളായുക്തിവാദി സംഘമാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ സാധാരണ നടത്താറുള്ളത്. :)

അല്ല അതിലും കൂടുതലുണ്ടെന്നാണ് അഭിപ്രായമെങ്കില്‍ പരലോകത്ത് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചാണ് ആ പറയുന്നത്. അല്ലെങ്കില്‍ ഇഹലോകത്ത് വെച്ച് ലഭിച്ചേക്കാവുന്ന ദൈവിക ശിക്ഷയെക്കുറിച്ച് അതിന്റെ ഉത്തരവാദിത്തം ദൈവം തന്നെ ഏറ്റെടുത്തോളും.

അപ്പൂട്ടൻ പറഞ്ഞു...

ഇതിന്‌ മുമ്പിലത്തെ പോസ്റ്റിൽ ബഹുഭാര്യത്വം അധർമമായി ചൂണ്ടിക്കാണിച്ചവർ പ്രധാനമായും തെളിവായി പറഞ്ഞത്‌ എല്ലാ മതങ്ങളിൽ പെട്ടവരും ഇപ്പോൾ അവ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ്‌

ആണോ? മിക്ക സമൂഹങ്ങളിലും ഇത്‌ നിലവിലുണ്ടായിരുന്നു എന്ന്‌ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ മാത്രമാണ്‌ ഈയൊരു കാര്യം പരാമർശിക്കപ്പെട്ടതുതന്നെ. BTW, that part was not discussed in this blog.

വിവാഹിതനായ ഒരാൾ തന്റെ ജീവതത്തിൽ വിവാഹത്തിലൂടെ ഒരു സ്ത്രീയെക്കൂടി സ്വീകരിക്കുന്ന ബഹുഭാര്യത്വം അധാർമികവും എന്നാൽ ഒരു ഉത്തരവാദിത്തവുമില്ലാതെ ഭാര്യക്ക്‌ പുറമെ എത്ര ലൈംഗിക പങ്കാളികളെ തേടുന്നത്‌ ധാർമികതക്ക്‌ ഒരു കോട്ടവും വരുത്താത്ത കർമമായി മാറുകയും ചെയ്യുന്നത്‌ ഈ ഭൂരിപക്ഷ നിലപാടിലൂടെയാണ്‌.

ക്ഷമിക്കണം, ഈ വാദഗതി തെറ്റാണ്‌. ബഹുഭാര്യത്വത്തെക്കുറിച്ച്‌ ആവശ്യത്തിനു സംസാരിച്ചുകഴിഞ്ഞതാണ്‌. എന്റെ ബ്ലോഗിൽ ഈ വിഷയത്തിൽ താങ്കൾ എന്തുപറഞ്ഞു എന്നത്‌ ആർക്കും കാണാവുന്നതുമാണ്‌. അവിടെയൊന്നും മറ്റു ലൈംഗികപങ്കാളികളെ തിരയുന്നത്‌ ആരും ന്യായീകരിച്ചുകണ്ടിട്ടില്ല. അത്‌ സ്വന്തം ജീവിതത്തിൽ ഒഴിവാക്കിക്കൊണ്ടുതന്നെയാണ്‌ അധികം പേരും ജീവിക്കുന്നത്‌. അത്‌ ശരിയല്ലെന്ന അറിവിലോ തന്റെ ജീവിതത്തിൽ അത്‌ ആവശ്യമില്ലെന്ന ചിന്തയിലോ തന്നെയാണ്‌ അത്‌ കഴിവതും ഒഴിവാക്കുന്നത്‌. മറ്റൊരാളുടെ സ്വകാര്യതയിലേക്ക്‌ നോക്കുന്നതിലുള്ള എതിർപ്പ്‌ മാത്രമേ ഈ വിഷയത്തിൽ ആളുകൾ പ്രകടിപ്പിക്കാറുള്ളു.

നന്മ ചെയ്യാൻ ദൈവവിശ്വാസം ആവശ്യമില്ല എന്നേ ബ്രൈറ്റും പറഞ്ഞിട്ടുള്ളു. എന്നുവെച്ച്‌ ആളുകൾ തിന്മ ചെയ്യില്ല എന്ന വാദമൊന്നും ആരും ഉന്നയിച്ചിട്ടില്ല. സാഹചര്യങ്ങൾക്കനുസരിച്ച്‌, അവനവന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌, മറ്റുള്ളവർക്ക്‌ ദോഷകരമായ കാര്യങ്ങൾ മനുഷ്യർ ചെയ്യുന്നുണ്ട്‌, അതിന്‌ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന വ്യത്യാസമൊന്നുമില്ല. ഇതല്ലാതെ നാസ്തികർ അപ്പാടെ നല്ലവരാണെന്നും വിശ്വാസികൾ എല്ലാം കുഴപ്പക്കാരാണെന്നും ആരും പറഞ്ഞതായി കണ്ടിട്ടില്ല. ചിലയാളുകൾ തങ്ങളുടെ വിശ്വാസത്തിലുള്ള കടുംപിടുത്തം മൂലം അനാരോഗ്യകരമായ പല കാര്യങ്ങളും ചെയ്യാറുണ്ട്‌ എന്നേയുള്ളു, probably, an additional incentive to do bad. അവിശ്വാസികൾ തങ്ങളുടെ നിലനിൽപ്പ്‌, (അതും ആ വ്യക്തി തന്നെ നിർവ്വചിക്കുന്നതാണ്‌, ഒരു ഏകാധിപതിയ്ക്ക്‌ സ്വന്തം ഏകാധിപത്യം നിലനിർത്തൽ എന്നത്‌ നിലനിൽപ്പായി വ്യാഖ്യാനിക്കാം) താൽപര്യം എന്നിവയെ പരിഗണിച്ച്‌ പരദ്രോഹകൃത്യങ്ങൾ ചെയ്യുന്നു. അതിനപ്പുറം വിശ്വാസികളും അവിശ്വാസികളും തമ്മിൽ പറയത്തക്ക വ്യത്യാസമൊന്നുമില്ല.

വിശ്വാസം കൂടിയേ തീരൂ എന്ന് വിശ്വാസികൾ വാദിക്കുമ്പോഴാണ്‌ ഒരു മറുവാദം വരുന്നത്‌ എന്നത്‌ ഒരിക്കൽക്കൂടി പറയട്ടെ.

CKLatheef പറഞ്ഞു...

>>> ക്ഷമിക്കണം, ഈ വാദഗതി തെറ്റാണ്‌. ബഹുഭാര്യത്വത്തെക്കുറിച്ച്‌ ആവശ്യത്തിനു സംസാരിച്ചുകഴിഞ്ഞതാണ്‌. എന്റെ ബ്ലോഗിൽ ഈ വിഷയത്തിൽ താങ്കൾ എന്തുപറഞ്ഞു എന്നത്‌ ആർക്കും കാണാവുന്നതുമാണ്‌. അവിടെയൊന്നും മറ്റു ലൈംഗികപങ്കാളികളെ തിരയുന്നത്‌ ആരും ന്യായീകരിച്ചുകണ്ടിട്ടില്ല.<<<

ക്ഷമിക്കണം അപ്പൂട്ടന്‍ ഭൗതിവാദത്തെ വിലയിരുത്തുമ്പോള്‍ താങ്കളുടെത് ഒറ്റപ്പെട്ട ഒരു കാഴ്ചപ്പാടായിട്ടാണ് ഞാന്‍ കാണുന്നത്. ഇന്നത്തെ നടപ്പു സംസ്‌കാരം മനുഷ്യന്റെ പുരോഗമനത്തിന്റെ ഉത്തുംഗമാണെന്നും അതിനെ സാധൂകരിക്കാത്ത മത ദര്‍ശനവും ധാര്‍മികസദാചാരമൂല്യങ്ങളും പഴഞ്ചനാണെന്നുമുള്ള അതി ശക്തമായ വാദം താങ്കള്‍കജ്ഞാതമല്ല എന്ന് കരുതുന്നു. എന്നാല്‍ നിങ്ങളെപ്പോലുള്ളവര്‍ സമൂഹത്തിലെ മിക്ക ആളുകളും നയിക്കുന്ന ചില മൂല്യങ്ങളില്‍ നിന്നുകൊണ്ടുള്ള ഒരു നിയന്ത്രിത ജീവിതമാണ് നയിക്കുന്നത്. ഒരു പക്ഷെ ഒരു മുസ്ലിമിനെക്കാളും ചിലപ്പോഴൊക്കെ സാമൂഹ്യനിയന്ത്രണത്തിന് വിധേയമായി മാത്രം. ഭൗതിവാദം എന്നത് എന്റെയും നിങ്ങളുടെയും പോസ്റ്റില്‍ കമന്റുന്ന നാലാളുകളല്ലല്ലോ. ആ കുത്തഴിഞ്ഞ ഭൗതികതയുടെ ദുഷ്പ്രവണതകളും ദുരിതങ്ങളും നമ്മുടെ നാട് അനുഭവിച്ചു തുടങ്ങിയിട്ടില്ല. കാരണം ഇന്ത്യന്‍ സാഹചര്യത്തില്‍ ഇപ്പോഴും ആ സ്വപ്‌നസമാനമായ ഭൗതികത പ്രാമുഖ്യം നേടിയിട്ടില്ല. ഒറ്റപ്പെട്ട ചില ശബ്ദങ്ങളേ മലയാളിസമൂഹത്തില്‍ നിന്ന് കേള്‍കാനാവൂ. എങ്കില്‍ ഇസ്്‌ലാമിനെ നിരൂപണം ചെയ്യുന്നവര്‍ ഈ മാനസികാവസ്ഥയിലാണ് അതിന്റെ ആചാരങ്ങളെ കാണുന്നത് എന്നതുകൊണ്ടാണ് ഈ അപൂര്‍വ ജനുസ് എന്റെ ബ്ലോഗിലെങ്കിലും ഇടക്കിടക്ക് കടന്ന് വരുന്നത്. കമന്റിന് നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review