2010, മേയ് 13, വ്യാഴാഴ്‌ച

ഒളിക്യാമറയും സദാചാരവും


ഇസ്‌ലാമില്‍ നന്മതിന്‍മകള്‍ക്ക് വ്യക്തമായ മാനദണ്ഡമുള്ളത് പോലെ സദാചാരദുരാചാരങ്ങള്‍ക്കും വ്യക്തമായ മാനദണ്ഡമുണ്ട്. ഏതെങ്കിലും വിശ്വാസികള്‍കള്‍ക്ക് നല്ലെതെന്ന് തോന്നുന്നത് നല്ല ആചാരമായി മാറുകയോ ഏതെങ്കിലും വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ദുരാചാരമായി തോന്നത് ദുരാചാരമായി അംഗീകരിക്കുകയോ അല്ല ഇസ്‌ലാം ചെയ്യുന്നത്. ചില കര്‍മങ്ങളില്‍  അത് സദാചാരമോ ദുരാചാരമോ എന്ന അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ പോലും അതിന് സ്വീകരിക്കുന്ന മാനദണ്ഡത്തിന്റെ കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാറില്ല. അഥവാ ഉണ്ടെന്ന് വാദിക്കുന്നവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമുണ്ടായിരിക്കുന്നതുമല്ല.

ഈ പോസ്റ്റില്‍ ഞാന്‍ സദാചാരം എന്ന് പ്രയോഗിക്കുന്നത് നല്ല ആചാരം, സല്‍കര്‍മം എന്ന അര്‍ഥത്തിലാണ്. ആചാരങ്ങള്‍, മനുഷ്യന്റെ സകല കര്‍മങ്ങളെയും വിവക്ഷിക്കുന്നു. അതിന്റെ നല്ലതും ചീത്തയുമായ രണ്ട് വിഭാഗത്തെ യഥാക്രമം സദാചാരമെന്നും ദുരാചാരമെന്നും ഇവിടെ തരം തിരിക്കുന്നു. ഇസ്‌ലാമില്‍ എങ്ങനെയാണ് ഈ വിഭജനം സാധ്യമാകുന്നത് എന്നും സദാചാര പാലനത്തിന് അത് അവലംബിച്ച മാര്ഗങ്ങളുമാണ് ഈ പോസ്റ്റില്‍ ഞാന്‍ ചുരുക്കി വിവരിക്കാന്‍ ആഗ്രഹിക്കുന്നത്. എല്ലാ സദാചാരവും എല്ലാ ദുരാചാരവും ഒരേ നിലവാരത്തിലുള്ളതല്ല. അവ നിര്‍വഹിക്കുന്നതിലൂടെയുണ്ടാകുന്ന ഭൗതികവും പാരത്രികവുമായ പ്രതിഫലനങ്ങളാണ് അവയുടെ പദവി നിര്‍ണയിക്കുന്നത്. പാരത്രിക പ്രതികരണം മുഖ്യമായും അതിന്റെ ഭൗതികമായ പ്രതിഫലനത്തെ ആശ്രയിച്ചിരിക്കുന്നു. അതോടൊപ്പം അത് ചെയ്യുന്ന ആളുടെ ആ സമയത്തുള്ള ഉദ്ദേശ്യവും അതിന്റെ പാരത്രിക പ്രതിഫലനത്തെ ബാധിക്കുന്നു. പാരത്രിക പ്രതിഫലനം ദൈവികമായി സല്‍കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും ദുഷ്‌കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയുമാണ് ഉദ്ദേശിക്കുന്നത്. ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം കര്‍മങ്ങളുടെ പാരത്രിക പ്രതഫലനം എന്ന ഭാഗത്തിന് പ്രസക്തിയില്ല. എങ്കിലും ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ ഭാഗം അവഗണിക്കാന്‍ സാധ്യമല്ല.

മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്ദേശ്യം തന്നെ അവന്‍ സല്‍കര്‍മം ചെയ്തുകൊണ്ട് സമാധാനപൂര്‍ണമായ ജീവിതം നയിക്കുക എന്നതാണ്. മറ്റുജീവികള്‍ക്കില്ലാത്ത ഒരു പ്രത്യേക അനുഗ്രഹം മനുഷ്യന്  ദൈവം നല്‍കിയിരിക്കുന്നു. മനുഷ്യനിലുള്ള ധാര്‍മിക(ദൈവിക)ബോധം (തഖ് വ). ആ ധാര്‍മികത വ്യക്തമാക്കുന്ന ദിവ്യവെളിപാട്. അവയെ വിശദീകരിച്ചു തരാന്‍ പ്രവാചകന്റെ നിയോഗം. എന്നിവയാണത്. ധര്‍മവും അധര്‍മവും വ്യവഛേദിച്ചറിയാനുള്ള കഴിവിലൂടെ അവന്‍ ശരിയായ ധര്‍മത്തിന്റെ പാത തെരഞ്ഞെടുക്കണമെന്നും അങ്ങനെ ഇഹത്തിലെ സല്‍കര്‍മങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും അതിന്റെ സദ്ഫലങ്ങള്‍ അവന് ലഭ്യമാകണമെന്നും ദൈവം താല്‍പര്യപ്പെടുന്നു. അതോടൊപ്പം അവന് തിന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കാനും സാധിക്കും ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കരുതെന്നും അപ്രകാരം ചെയ്താല്‍ ആപത്തില്‍ പതിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഇനി എങ്ങനെയാണ് ഇസ്‌ലാമില്‍ ഒരു കര്‍മം നല്ലതാകുന്നതും ചീത്തയാകുന്നതും എന്ന് നോക്കാം. ഒരു പ്രവര്‍ത്തിയില്‍ ദൈവിക നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിലൂടെയാണ് ഒരു കര്‍മം സല്‍കര്‍മമാകുന്നത്. അതിനെത്തന്നെയാണ് ഖുര്‍ആനിന്റെ സാങ്കേതിക ഭാഷയില്‍ ഇബാദത്ത് എന്നും പറയുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് ഇപ്രകാരം ഇബാദത്ത് ചെയ്യാനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. കര്‍മങ്ങളില്‍ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്നതാണ് ഒരു കര്‍മത്തെ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ നല്ല ആചാരമായി മാറ്റുന്നത്. ആരാധന എന്ന വാക്ക് പരിമിതമായ അര്‍ഥത്തില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതിനാല്‍ വഴിപ്പെടുക  എന്ന പ്രയോഗമാണ് ഇബാദത്ത് ചെയ്യുക എന്നതിന് കൂടുതല്‍ നല്ലത് എന്ന കാഴ്ചപ്പാടിനോടാണ് എനിക്ക് ആഭിമുഖ്യമുള്ളത്. ഒരു കര്‍മത്തില്‍ പ്രാര്‍ഥയുണ്ടാകുമ്പോഴാണ് പ്രസ്തുത കര്‍മം ആരാധനയായി മാറുന്നത് എന്ന വീക്ഷണം സൂക്ഷമല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരാള്‍ നിര്‍ദ്ദേശിക്കപ്പെടാത്ത ഒരു നമസ്‌കാരം പുതുതായി ഉണ്ടാക്കി അത് ഒരു ആരാധനയായി പരിഗണിക്കപ്പെടുമോ ഇല്ല. എന്തുകൊണ്ട്?. പ്രര്‍ഥനക്ക് അതില്‍ കുറവൊന്നുമില്ല. പക്ഷെ നമസ്‌കാരകാര്യത്തില്‍ ദൈവത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇനി ദൈവത്തിന് ഇബാദത്ത് ചെയ്യുക എന്നതിന് ദൈവത്തെ അനുസരിക്കുക എന്നര്‍ഥം നല്‍കിയാലും ദൈവത്തെ അരാധിക്കുക എന്നര്‍ഥം നല്‍കിയാലും ജീവിതത്തെ മുഴുവന്‍ സല്‍കര്‍മങ്ങളും അതില്‍ വരുന്നു എന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇസ്‌ലാമില്‍ ഒരു ആചാരം സദാചാരമാകുന്നത്, ആ കര്‍മം  ദൈവ ദൈവനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവന്റെ തൃപ്തിമാത്രം ആഗ്രഹിച്ച് നിര്‍വഹിക്കുമ്പോഴാണ്. മുസ്ലിംകളല്ലാത്തവരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ദൈവനിഷേധികളെ സംബന്ധിച്ചിടത്തോളം ഇത് വല്ലാത്ത പരിഹാസ്യമായി തോന്നാം. കാരണം ജീവിതത്തില്‍ മനുഷ്യന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്നു, അതിലൊക്കെ എന്ത് ദൈവനിര്‍ദ്ദേശം?. ദൈവമുണ്ടെന്ന് പറയുന്നവര്‍ പോലും സൃഷ്ടിക്കകയോ കല്‍പിക്കുകയോ ചെയ്യാത്ത ഒരു ദൈവമാണ് ഏറ്റവും സ്റ്റ്‌റാന്‍ഡേര്‍ഡ് കൂടിയ ദൈവം എന്ന് ധരിക്കുന്നവരാണ്. എന്നാല്‍ ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം സൃഷ്ടിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത ദൈവമാണ്. ഓരോ കാര്യത്തിലും സത്യവും അസത്യവും നന്മയും തിന്മയും വേര്‍ത്തിരിച്ച് മനസ്സിലാക്കാന്‍ സഹായകമായ സത്യാസത്യവിവേചക(ഫുര്‍ഖാന്‍) ആയ വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച ദൈവമാണ്.

മനുഷ്യന്‍ സദാചാരവും ദുരാചാരവും ചെയ്യാന്‍ കഴിയും മനുഷ്യന്റെ ഇഛ അവനെ ദുരാചാരത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ മനുഷ്യന് നല്‍കപ്പെട്ട തഖ് വ എന്ന ഗുണം അവന് നന്മയേതെന്ന് പെട്ടെന്ന് കണ്ടെത്താനുള്ള സൗകര്യം നല്‍കുന്നു. പക്ഷെ അത് മഹത്വത്തിന്റെ കര്‍മം എന്ന നിലക്ക് അല്‍പം പ്രയാസം ആവശ്യമായി വരും. തന്നെ തന്റെ സൃഷ്ടാവ് വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം അവനില്‍ നട്ടുപിടിപ്പിക്കേണ്ടതായി വരും. അങ്ങനെയായാല്‍ മനുഷ്യന്‍ കൂടുതല്‍ നല്ലകാര്യങ്ങള്‍ ചെയ്യും എന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിരിക്കുന്നുവത്രേ. ബ്രൈറ്റ് തന്റെ നന്മയുടെ മനഃശാസ്ത്രം എന്ന പോസ്റ്റില്‍ ചില പരീക്ഷണങ്ങള്‍ എടുത്ത് പറയുന്നു അത് ഞാനിവിടെയും ക്വാട്ട് ചെയ്യാം.

'ഈ പരീക്ഷണം നോക്കൂ..പരീക്ഷണം നടത്തിയത് Melissa Bateson and colleagues (Newcastle University, UK.)സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ കോഫി റൂമിലാണ് പരീക്ഷണം.ആളുകള്‍ കാപ്പി കുടിച്ചു പൈസ ഒരു honesty box ൽ നിക്ഷേപിക്കുകയാണ് പതിവ്.കാഷ്യറൊന്നും ഇല്ല .(വേണമെങ്കിൽ കാശു കൊടുക്കാതെ മുങ്ങാനും സാധിക്കും എന്നര്‍ത്ഥം.)എല്ലാ ആഴ്ചയും പുതിയ പ്രൈസ് ലിസ്റ്റ് പ്രദർശിപ്പിക്കും.സാധനങ്ങങ്ങളുടെ വിലയൊക്കെ ഒന്നുതന്നെ.ഒരു വ്യത്യാസം മാത്രം. ചില ആഴ്ചകളില്‍ ലിസ്റിന്റെ മുകളില്‍ ചില പുഷ്പങ്ങളുടെ ചിത്രമുണ്ടായിരിക്കും.ചില ആഴ്ചകളില്‍ ഒരു മനുഷ്യന്റെ കണ്ണുകളുടെ ചിത്രവും.ഫലം...കണ്ണുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആഴ്ചകളില്‍ വരുമാനം മൂന്നിരട്ടിയോളം വര്‍ധിച്ചു.!! മേല്‍നോട്ടത്തിന് ഒരാള്‍ ,അതും ഒരു കണ്ണിന്റെ ചിത്രം മാത്രമാണെങ്കിൽ പോലും ആളുകള്‍ കൂടുതല്‍ സത്യസന്ധത കാണിക്കുന്നു എന്ന് അനുമാനിക്കാം.(മറ്റെന്തെങ്കിലുംവിശദീകരണം ആരെങ്കിലും കണ്ടുപിടിക്കുന്നതുവരെ,any way.) താടിയുള്ള അപ്പനെ മാത്രമല്ല അപ്പന്റെ ചിത്രത്തേപ്പോലും ആളുകള്‍ പേടിക്കും എന്ന് ഗുണപാഠം. :-) വേണമെങ്കില്‍ ഇതിനെ 'scare crow effect' എന്നു വിളിക്കാം.

തന്നെ ആരും കാണുന്നില്ലെന്ന വിചാരം കള്ളത്തരം ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റെ രസകരമായ വേറൊരു പരീക്ഷണവുമുണ്ട്.ലിങ്ക് നോക്കുക.. 'Darkness 'encourages lying and crime'.അല്പം വെളിച്ചക്കുറവുള്ള മുറിയോ,കറുത്ത സൺ ഗ്ളാസ്സുകൾ ഉപയോഗിക്കുന്നതു പോലുമോ ആളുകളെ കള്ളം കാണിക്കാന്‍ പ്രേരിപ്പിക്കുമത്രേ!! ലിങ്കില്‍ നിന്ന്.... Researchers found that darkness makes people think we can get away with doing the wrong thing. They found that even wearing sunglasses made people feel they could get away with more because they assume others are unaware of what they are doing.പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നത് ഇതുകൊണ്ടയിരിക്കുമോ?:-)

പരീക്ഷണം വായിച്ചുവല്ലോ. ഒരു മുസ്ലിമിന് ഇതില്‍ പറഞ്ഞ പരീക്ഷണ റിസല്‍ട്ടിനോട് പുര്‍ണ യോജിപ്പായിരിക്കും. ഒരു കോഫി റൂമാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. സാധനങ്ങള്‍ ഉപയോഗിക്കാം കാശ് ഒരു പെട്ടിയില്‍ നിക്ഷേപിച്ചാല്‍മതി. ഏതാനും ആഴ്ചകളില്‍ ഇത് തുടര്‍ന്നു. പ്രൈസ് ലിസ്റ്റിന്റെ മുകളില്‍ ചില ആഴ്ചകളില്‍ ഒരു പൂവിന്റെ ചിത്രമാണങ്കില്‍ ചില ആഴ്ചകളില്‍ ഒരു കണ്ണിന്റെ ചിത്രമായിരിക്കും. വ്യത്യാസം പരിശോധിച്ചപ്പോള്‍ കണ്ണിന്റെ ചിത്രം വെച്ച ആഴ്ചകളില്‍ വരുമാനം മൂന്നിരട്ടിയോളം കൂടി. മനുഷ്യന്റെ ഈ പ്രത്യേകത ഇസ്‌ലാം ഉപയോഗിച്ചിരിക്കുന്നു.  'കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. അവനോ കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃഷ്ടിയുള്ളവനും അഭിജ്ഞനുമല്ലോ.'(6:103).

ഇനി മറ്റൊരു പരീക്ഷണം നോക്കുക. പരീക്ഷണം നടക്കുന്നത് നമ്മുടെയൊക്കെ നാട്ടില്‍. വലിയ ഷോപ്പിംഗ് മാളുകളില്‍ ക്യാമറകള്‍ സ്ഥപിച്ചത് കണ്ടിരിക്കുമല്ലോ. ഇപ്പോള്‍ ചെറിയ തുണിക്കടകളിലും ജോലിക്കാരുടെയും ഉപഭോക്താക്കളുടെയും ചലനങ്ങള്‍ കൗണ്ടറിലിരുന്ന് നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥപിച്ചിട്ടുണ്ട്. അവയുടെ ഫലം അത്ഭുതാവഹമാണ് എന്ന് അവരോട് ചോദിച്ചാല്‍ മനസ്സിലാകും. തങ്ങളെ ബോസ് കണ്ടുകൊണ്ടിരിക്കുന്നു എന്ന ധാരണയില്‍ ജോലിക്കാര്‍ നന്നായി ജോലിചെയ്യുന്നു. അതൊടൊപ്പം മറ്റു മെച്ചങ്ങളും. പുറത്ത് ബാര്‍കോഡ് റീഡ് ചെയ്യുന്ന സെന്‍സര്‍ അലാറം ഉണ്ടെങ്കില്‍ മുഴുവന്‍ സാധനങ്ങള്‍ക്കു പണമടക്കാതെ ചെയ്യാതെ പുറത്ത് പോകാന്‍ ഉപഭോക്താക്കള്‍ ഭയപ്പെടും. ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നത്. ഇപ്രകാരം മനുഷ്യന്റെ പ്രത്യേകത മനസ്സിലാക്കി ദൈവം ചില നിര്‍ദ്ദേശങ്ങള്‍ വെച്ചുവെങ്കില്‍ അതിനെ പരിഹസിക്കുന്നതെന്തിന്. ഇനി അവിടെ മാന്യമായി ഇടപെട്ടുന്ന ആളുടെ പ്രവര്‍ത്തനങ്ങള്‍ നോട്ട് ചെയ്യുകയും അവര്‍ക്ക് പിന്നീട് തങ്ങളുടെ പെരുമാറ്റത്തിന്റെ മാന്യതയനുസരിച്ച് പിന്നീട് വമ്പിച്ച ഒരു പ്രതിഫലവും വാഗ്ദാനം ചെയ്തു എന്ന് വെക്കുക അതിനെ ആക്ഷേപിക്കേണ്ടതുണ്ടോ. അത്രയേ ഉള്ളൂ ദൈവം നല്‍കാമെന്നേറ്റ സ്വര്‍ഗത്തിന്റെ കാര്യത്തിലുമുള്ളത്. മനുഷ്യന്‍ തിന്മചെയ്യുന്നതിലൂടെ അവന്‍ സ്വന്തത്തിനും സമൂഹത്തിനും ധാരാളം മോശമായ പ്രത്യാഗാതമുണ്ടാകുന്നു. അതില്‍ നിന്നും അവനെ തടയാന്‍ ഇത്തരം ചില ബോധം അവന് നല്‍കുന്നു. അതാണ് ഇസ്‌ലാം ചെയ്യുന്നത് അതിനെയാണ് ദൈവനിഷേധികള്‍ പരിഹസിക്കുന്നത്. അതുകൊണ്ട് അടിക്കടി വിശുദ്ധഖുര്‍ആനില്‍ ദൈവം എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് എന്നും. സല്‍പ്രവര്‍ത്തനത്തിന് പ്രതിഫലം നല്‍കുന്നതിനെക്കുറിച്ചും ദുഷ് പ്രവര്‍ത്തനത്തിന് ശിക്ഷ നല്‍കുന്നതിനെക്കുറിച്ചും ആവര്‍ത്തിക്കുന്നു. ഇഹലോകത്ത് ഇതിന് നല്ല ഒരു പ്രതികരണമുണ്ടെങ്കില്‍ അതംഗീകരിക്കുന്നതിന് ദൈവനിഷേധികള്‍ അസ്വസ്തമാകുന്നതെന്തിന്. അതേ പരീക്ഷണങ്ങള്‍ നല്‍കി അവയുടെ വില വ്യക്തമായ ബ്രൈറ്റിന്റെ വാക്കുകളില്‍ പരിഹാസമല്ലേ ഉള്ളത് അദ്ദേഹം പറയുന്നു:

'ആകാശത്തുള്ള ഒരു പോലീസുകാരന്‍ ഇല്ലാതെ നമുക്ക് മാന്യമായി പെരുമാറാന്‍ സാധിക്കില്ല എന്നുണ്ടോ?H.L.mencken പറഞ്ഞതുപോലെ ''People say we need religion,when what they really mean is we need police.''ആരും കാണില്ല എന്ന് ഉറപ്പണ്ടെങ്കില്‍ നമ്മുടെ വിശ്വാസികള്‍ വെറും ആഭാസൻമാരാകുമോ?അങ്ങിനെയാണല്ലോ അവര്‍ തന്നെ സൂചിപ്പിക്കുന്നത്.'

അല്ല സുഹൃത്തേ, മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യപ്രകൃതിക്കിണങ്ങുന്ന ഒരു നിലപാട് സ്വീകരിച്ചതാണിവിടെ കാണുന്നത്. ആകാശത്ത് നമ്മെ വീക്ഷിക്കുകയും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ റികോര്‍ഡ് ചെയ്ത് നമ്മെ പിന്നെ പിടികൂടുകയും ചെയ്യുന്ന ഒരു പോലീസുണ്ടെന്ന ബോധം നമ്മെ (മനുഷ്യനെ) നന്മചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന പരീക്ഷണത്തിന്റെ മുന്നോടിയായിട്ടല്ലേ താങ്കളിത് പറഞ്ഞത്. ആരും കാണില്ല എന്നുറപ്പുണ്ടെങ്കില്‍ ഞങ്ങള്‍ ആഭാസന്‍മാരാകുമോ എന്നതല്ല വിഷയം മനുഷ്യന്‍ അല്‍പം ആഭാസം കൂടുതല്‍ കാണിക്കും എന്നല്ലേ താങ്കള്‍ പരീക്ഷണങ്ങളിലൂടെ വ്യക്തമാക്കാന്‍ ഉദ്ദേശിച്ചത്. 

ബ്രൈറ്റിന്റെ ലേഖനം വായിക്കാത്തവര്‍ക്ക് ഇവിടെ അല്‍പം കണ്‍ഫ്യൂഷന്‍ വരാം. അദ്ദേഹം ഇരിക്കുന്ന കൊമ്പ് മുറിക്കുകയല്ലേ എന്നും തോന്നാം. അതുകൊണ്ട് ഇവിടെ പറഞ്ഞ് അവസാനിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വാദത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാകും.അടുത്ത പരീക്ഷണമായ ബ്രൈറ്റിന്റെ തുരുപ്പുശീട്ട്. അദ്ദേഹം ആദ്യം പറയട്ടേ:

വേറൊരു രസകരമായ പഠനം കൂടി...പരീക്ഷണാര്‍ത്ഥിയോട് ചില ചോദ്യങ്ങക്ക് ഉത്തരം എഴുതാന്‍ ആവശ്യപ്പെടും.ശരിയുത്തരങ്ങള്‍ക്ക് ഓരോന്നിനും അല്‍പ്പം കാശും കൊടുക്കും.ഇതാണ് സെറ്റപ്പ്.ആളുകളെ മൂന്നു ഗ്രൂപ്പായി തിരിക്കും.ആദ്യത്തെ കൂട്ടര്‍ ഉത്തരകടലാസ് പരീക്ഷകനെ ഏല്‍പ്പിച്ച് അദേഹം കണക്ക് കൂട്ടുന്ന ശരിയുത്തരത്തിനുള്ള കാശും വാങ്ങി പോകും.ഇവരാണ് കണ്ട്രോള്‍ ഗ്രൂപ്പ്‌.രണ്ടാമത്തെ കൂട്ടര്‍ക്കു അവരുടെ ഉത്തരകടലാസ് പരീക്ഷകനെ കാണിക്കേണ്ട.ഉത്തരകടലസ്സു അവര്‍ക്ക് കൊണ്ട് പോകാം. സെല്‍ഫ്‌ റിപ്പോര്‍ട്ടിങ്ങ് ആണ് അവര്‍ക്ക്.എത്ര ഉത്തരം ശരിയായി എന്ന് സ്വയം കണക്കി കാശും വാങ്ങിപോകാം.വഞ്ചിക്കാന്‍ സാഹചര്യമുള്ള ഈ ഗ്രൂപ്പ്‌ ചെറിയ തോതില്‍ പറ്റിക്കും എന്ന് വേറെ പരീക്ഷണങ്ങള്‍ വഴി നേരത്തെ ചില പഠനങ്ങളുണ്ട്.so nothing new there. ഇവിടെ വ്യത്യാസം ഇവരോട് പരീക്ഷക്ക്‌ മുന്‍പ് അവര്‍ ഹൈസ്കൂള്‍ ക്ലാസ്സില്‍ വായിച്ച പത്തു പുസ്തകങ്ങളുടെ പേരെഴുതാന്‍ പറയും.തുടര്‍ന്നു പരീക്ഷ നടത്തി സ്വയം മാര്‍ക്കിട്ടു കാശും വാങ്ങി പോകാം.മൂന്നാമത്തെ ഗ്രൂപ്പിന് പരീക്ഷക്ക്‌ മുന്‍പ് ബൈബിളിലെ പത്തു കല്പനകള്‍ അവര്‍ക്ക് ഓര്‍മ്മയുള്ള പോലെ എഴുതണം.അതിനുശേഷം പരീക്ഷ ,സ്വയം മാര്‍ക്കിടല്‍ ,കാശു വാങ്ങല്‍ ‍.2,3 ഗ്രൂപ്പുകള്‍ക്ക് വേണമെങ്കില്‍ കള്ളത്തരം കാട്ടാനുള്ള അവസരമുണ്ട് എന്ന് ശ്രദ്ധിക്കുക.ഇനി ഇതിന്റെ റിസള്‍ട്ട്‌ എന്തായിരിക്കും?

കണ്‍ട്രോള്‍ ഗ്രൂപ്പിന്റെ സ്ക്കോര്‍ 3.1.പറ്റിക്കാന്‍ സാഹചര്യമുള്ള,പരീക്ഷക്ക്‌ മുന്‍പ് പത്തു പുസ്തകങ്ങളുടെ പേരെഴുതിയ ഗ്രൂപ്പ്‌ 4.1.(about 33% more than the controlled group,which is actually expected.)അപ്പോള്‍ പത്തു കല്പനകള്‍ എഴുതിയ ഗ്രൂപ്പിന് ‍?The ten commandment group did not cheat at all.They scored 3.പരിശുദ്ധ ബൈബിളിനെ കുറിച്ചുള്ള ഓര്‍മ്മ പോലും ആളുകളെ സത്യസന്ധരാക്കുന്നു.അല്ലെ?perfect !!! ദൈവത്തിനും മതത്തിനും നൂറു മാര്‍ക്ക്‌!!പക്ഷേ ആണോ?Obviously it evoked the idea of honesty among them,but is that the whole story?

പത്തു കല്പനകള്‍ എഴുതാന്‍ ശ്രമിച്ചവര്‍ ആര്‍ക്കും തന്നെ പത്തെണ്ണവും എഴുതാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ക്കൊക്കെ ഒന്നോ രണ്ടോ മാത്രമെ ഓര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ.പക്ഷേ അവരുടെ സ്കോറും കൂടുതല്‍ എണ്ണം ഓര്‍മ്മിച്ചവരുടെ സ്കോറും തമ്മില്‍ വ്യത്യാസമൊന്നും കാണാന്‍ കഴിഞ്ഞില്ല.അപ്പോള്‍ മതബോധമായിരിക്കില്ല അവരെ കൂടുതല്‍ സത്യസന്ധരാക്കിയത്. അപ്പോള്‍ പിന്നെ എന്ത്?Probably a contemplation of a moral bench mark of some kind?
പരീക്ഷണം തീര്‍ന്നിട്ടില്ല.ഈ പരീക്ഷണവും പഴയതുപോലെ തന്നെ.പക്ഷേ പത്തു കല്പനകള്‍ക്ക് പകരം, ''I understand that this study falls under MIT honor system.''എന്ന വാചകം എഴുതി ഒപ്പിടുകയാണ് വേണ്ടത്.(പഠനം നടന്നത് MITയിലാണ്.) ഇത്തവണയും പരീക്ഷണ ഫലങ്ങള്‍ നേരത്തേതുപോലെ തന്നെയായിരുന്നു.മൂന്നാം ഗ്രൂപ്പുക്കാര്‍ കള്ളം കാണിച്ചില്ല.എന്തായിരിക്കും കാരണം?

''MIT honor system'' എന്നൊരു നിയമാവലിയൊന്നും ഇല്ലാത്തതുകൊണ്ട് ഇവര്‍ അതനുസരിച്ചാണ് പെരുമാറിയത് എന്ന് കരുതാനാവില്ല.So it seems that people cheat when they have a chance to do so.But once they begin thinking about honesty—whether by recalling the Ten Commandments or by signing a simple statement—they stop cheating completely.In other words,when we are removed from any benchmarks of ethical thought, we tend to stray into dishonesty. But if we are reminded of morality at the moment we are tempted, then we are much more likely to be honest.അതായത് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണ്ട,ദൃഢപ്രതിജ്ഞയായാലും മതി എന്നര്‍ത്ഥം.(....if we are reminded of morality at the moment we are tempted....എന്നത് ശ്രദ്ധിക്കുക.നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്കിലും ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സത്യപ്രതിജ്ഞയോ,ദൃഢപ്രതിജ്ഞയോ ചെയ്യണം എന്ന് വന്നാല്‍ അഴിമതി കുറയുമോ?പരീക്ഷിച്ചു നോക്കേണ്ടതാണ്.)'

അപ്പോള്‍ അതാണ് കാര്യം. ആദ്യം നമ്മള്‍ ബൈബിളില്‍ നിന്നുള്ള 10 കല്‍പനകള്‍ എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആളുകള്‍ കൂടുതല്‍ സത്യസന്ധരായി കാണപ്പെട്ടത് ദൈവിക സ്വാധീനമായിരുന്നില്ല എന്ന് തെളിയിക്കുകയായിരുന്നു ബ്രൈറ്റ്. പിന്നെയോ അതേ റിസല്‍ട്ട് തന്നെയാണ് ഒരു ദൃഢപ്രതിജ്ഞയിലും പ്രതിഫലിച്ചത്. എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. എന്തൊക്കെയായാലും ആളുകള്‍ കൂടുതല്‍ സത്യസന്ധതകാണിച്ചു എന്നത് സത്യം. അപ്പോള്‍ ദൈവവിശ്വാസത്തോടൊപ്പം ഒരു ദൃഢപ്രതിജ്ഞയുമായാലോ. ഫലം കൂടുതല്‍ സമൂഹത്തിന് അനുകൂലമായിരിക്കും. ഇസ്‌ലാം ഇക്കാര്യത്തില്‍ ചെയ്യുന്നത് അതാണ്. പ്രവാചകന്‍ പറഞ്ഞു: കാര്യങ്ങള്‍ കൂടുതല്‍ നന്നായി ചെയ്യുക (ഇഹ്‌സാന്‍) എന്നാല്‍. നീദൈവത്തെ കണ്ടുകൊണ്ടിരിക്കുന്നു എന്ന വിധം കര്‍മങ്ങള്‍ ചെയ്യലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുവല്ലോ.

അതുകൊണ്ട് എനിക്ക് സംശയലേശമന്യേ പറയാന്‍ കഴിയും. വിശുദ്ധഖുര്‍ആനില്‍ യഥാവിധി വിശ്വസിക്കുന്ന ഒര 10  മുസ്ലിംകളെ ഒരു പരീക്ഷണത്തിന് വിധേയമാക്കട്ടേ. ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് സാധനങ്ങളെടുത്ത് പ്രൈസ് ലിസ്റ്റില്‍ നോക്കി ആളില്ലാത്ത കൗണ്ടറില്‍ ഒരു തുറന്ന പെട്ടിയില്‍ കാശ് നിക്ഷേപിക്കണം എന്ന് വെക്കുക. അതില്‍ അവസാനത്തെ ആള്‍ കടന്ന് പോകമ്പോഴേക്ക് അവിടുന്നെടുത്ത് സാധനത്തിന്റെ മുഴുവന്‍ സംഖ്യയും ആ തുറന്ന പെട്ടിയില്‍ ഉണ്ടാകും. ഇത്തരമൊരു സമൂഹത്തിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. മുസ്‌ലിമായ ഒരാളും എന്റെ ഈ അവകാശവാദം അതിശയോക്തിപരമാണ് എന്ന് പറഞ്ഞ് തള്ളില്ലെന്നറിയാം. (അവസാനിക്കുന്നില്ല)

13 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മറ്റുള്ളവര്‍ എന്തെങ്കിലും കഷ്ടപ്പെട്ട് കണ്ടെത്തും നിങ്ങളത് നിങ്ങളുടെ പുത്തകത്തില്‍ പറയുന്നത് സത്യമെന്ന് സ്ഥാപിക്കാന്‍ ഉപയോഗപ്പെടുത്തും എന്ന ദൈവനിഷേധികളുടെ അഭിപ്രായം മുന്‍കൂറായി ഇവിടെ ഓര്‍ക്കുന്നു. ഇസ്‌ലാം പ്രകൃതി മതമാണ് അതുകൊണ്ട് സത്യമെന്ന് തെളിയിക്കപ്പെട്ട ശാസ്ത്ര പഠനങ്ങള്‍ അതിനെ സാധൂകരിക്കും. പരിഹസിക്കുന്നവര്‍ക്ക് തങ്ങളുടെ പരിഹാസം തങ്ങളുദ്ദേശിക്കുന്ന കാലത്തോളം തുടരാനുള്ള അവകാശമുണ്ട്.

ഇനി നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിച്ചിടൂ. ആളുകള്‍ അതുകൂടി ചേര്‍ത്ത് വായിക്കട്ടേ.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
SimhaValan പറഞ്ഞു...

“പ്രിയ ലത്തീഫ്‌ ഏതു സമുദായത്തിലും നന്മയുള്ള ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആണിവ!“
മുഹമ്മ്ദ്‌ ഷാനിനോട്‌ നൂറു ശതമാനവും യോജിക്കുന്നു

bright പറഞ്ഞു...

ഒരു കഥയുണ്ട്.റേഡിയോ സര്‍വ്വസാധാരണമാകുന്നതിനു മുന്‍പാണ്.റേഡിയോയുടെ ഉള്ളില്‍ കുറെ ചെറിയ ആളുകള്‍ ഉണ്ടെന്നും അവരുടെ ശബ്ദമാണ് ആ അത്ഭുത പെട്ടിയില്‍ കൂടി കേള്‍ക്കുന്നത് എന്ന് ധരിച്ചിരുന്ന ഒരാളുണ്ടായിരുന്നു.നാട്ടിലെ ബുദ്ധിജീവി ഈ മനുഷ്യനെ അല്പം ശാസ്ത്രം പഠിപ്പിക്കാന്‍ തീരുമാനിച്ചു.അയാള്‍ റേഡിയോ വാല്‍വുകള്‍ ‍, സ്പീക്കറുകള്‍ ഇവയുടെ പ്രവര്‍ത്തനം,എന്താണ് ഷോര്‍ട്ട് വേവ്,മീഡിയം വേവ്?,റേഡിയോ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങി എല്ലാം സാമാന്യം വിശദമായി തന്നെ പഠിപ്പിച്ചു. ബുദ്ധിജീവിയുടെ പ്രകടനത്തില്‍ അതിശയിച്ച നമ്മുടെ കഥാപാത്രം പറഞ്ഞു.''ഹോ!! എന്തെല്ലാം അറിവുകള്‍ .ഇതിനുള്ളില്‍ ഇത്രയൊക്കെ കാര്യങ്ങള്‍ ഉണ്ടെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.നന്ദിയുണ്ട് ഈ അറിവുകള്‍ എനിക്ക് പകര്‍ന്നു തന്നതില്‍ .എന്നാലും ഈ പ്രവര്‍ത്തികളൊക്കെ ഏകോപിപ്പിക്കുവാന്‍ ഒരു ചെറിയ മനുഷ്യനെങ്കിലും ആ റേഡിയോയുടെ ഉള്ളില്‍ കാണും .തീര്‍ച്ച.''..!!..

ഇത് പോലെയാണ് ലത്തീഫിന്റെ കാര്യം.എങ്ങിനെങ്കിലും പിന്‍ വാതിലിലൂടെ അല്ലാഹുവിനെ അകത്തു കടത്തും.!!


........[[[[.വിശുദ്ധഖുര്‍ആനില്‍ യഥാവിധി വിശ്വസിക്കുന്ന ഒര 10 മുസ്ലിംകളെ]]]] .........

No True Scotsman Fallacy എന്ന് കേട്ടിട്ടുണ്ടോ?ലിങ്ക് നോക്കൂ..

ബിജു ചന്ദ്രന്‍ പറഞ്ഞു...

Bright! :-)

CKLatheef പറഞ്ഞു...

@bright

>>> ''ഹോ!! എന്തെല്ലാം അറിവുകള്‍ .ഇതിനുള്ളില്‍ ഇത്രയൊക്കെ കാര്യങ്ങള്‍ ഉണ്ടെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.നന്ദിയുണ്ട് ഈ അറിവുകള്‍ എനിക്ക് പകര്‍ന്നു തന്നതില്‍ .എന്നാലും ഈ പ്രവര്‍ത്തികളൊക്കെ ഏകോപിപ്പിക്കുവാന്‍ ഒരു ചെറിയ മനുഷ്യനെങ്കിലും ആ റേഡിയോയുടെ ഉള്ളില്‍ കാണും .തീര്‍ച്ച.''..!!..' <<<

പ്രിയ ബ്രൈറ്റ് ഈ കഥ യുക്തിവാദികളായ ദൈവനിഷേധികളുടെ കാര്യത്തിലുള്ള യോജിപ്പ് എന്റെ കാര്യത്തിലില്ലല്ലോ. റേഡിയോക്കുള്ളില്‍ അതിന്റെ നിര്‍മാതാവിനെ കണ്ടെത്താന്‍ ശ്രമിച്ച ആ പാമരന്റെ സ്ഥാനത്തല്ലേ ദൈവനിഷേധി. ഈ അതിവിശാലമായ പ്രപഞ്ച സ്രഷ്ടാവിനെ പ്രപഞ്ചത്തിനകത്ത് തെരയുകയും തങ്ങളുടെ പരീക്ഷണനിരീക്ഷണങ്ങളില്‍ അവനെ കണ്ടെത്താത്തതുകൊണ്ട് നിഷേധിക്കുകയും ചെയ്യുന്നവരുടെ യഥര്‍ഥ പ്രതിനിധിയാണയാള്‍. വസ്തുത കണ്‍മുമ്പില്‍ കണ്ടിട്ടും അതിനെ നിഷേധിക്കുയും മറ്റൊരു അയഥാര്‍ഥ സാധ്യത കണ്ടെത്തുകയും ചെയ്യുന്നു അയാള്‍. പ്രവഞ്ചത്തിന്റെ അതിവിപുലമായ വ്യവസ്ഥാപിത്വം താനെയുണ്ടായതാണെന്ന് കരുതുകയും അവയുടെ നിര്‍മാതാവിനെ പ്രവഞ്ചത്തിനുള്ളില്‍ തിരയുകയും ചെയ്യുന്നവനെ എത്ര കൃത്യമായി അദ്ദേഹം പ്രതീകവല്കരിക്കുന്നു എന്ന് നോക്കൂ.

ഇനി ഈ കഥ ഞാനുമായി എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് നോക്കുക. റേഡിയോവിന്റെ നിര്‍മാതാവിനെയോ അതല്ല അതിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്ന ഒരസ്തിത്വത്തെയോ ഈ പ്രപഞ്ചഘടനയുടെ ഉള്ളില്‍ ഞാന്‍ സങ്കല്‍പിക്കുന്നില്ല. അവന്‍ തീര്‍ത്തും പദാര്‍ഥാതീതനായിരിക്കുമെന്നും പദാര്‍ഥപരമായ സകലവസ്തുകളില്‍ നിന്നും ഭിന്നനായിരിക്കുമെന്നുമാണ് ഞാന്‍ കരുതുന്നത്. പിന്നെ എല്ലാം കണ്ണുകൊണ്ട് കണ്ടാലും പിന്നെയും യഥാര്‍ഥത്തെ നിഷേധിക്കുന്നതോ മറ്റൊന്ന് ഊഹിക്കുന്നതോ വിശ്വാസിയിലേക്ക് ചേര്‍ത്ത് പറയുന്നതില്‍ ഒരു കാര്യവുമില്ല.

പിന്നെ ബ്രൈറ്റിന്റെ ഒരുവാചകം ക്വാട്ട് ചെയ്തിട്ട് ആനമണ്ടത്തരം എന്നതിന്റെ നിര്‍വചനത്തിലേക്ക് ഒരു ലിങ്ക് നല്‍കിയാല്‍ അത് അപ്രകാരമാകില്ലല്ലോ. എന്റെ പ്രസ്തുത വാചകം തെറ്റാണെന്ന് ഒരു വിശ്വാസിയും പറയില്ല. യുക്തിവാദി പറയുന്നതാകട്ടെ അതംഗീകരിക്കാനുള്ള മടികൊണ്ടും.

ഈ ചര്‍ചയുമായി ബന്ധപ്പെട്ട വ്യക്തിയുടെ കമന്റിന് അതിന്റെതായ പ്രധാന്യം പരിഗണിച്ചാണ് ഇത്രയെങ്കിലും പറഞ്ഞത്. ഇവിടെ പ്രതികരിക്കാന്‍ സന്‍മനസ്സ് കാണിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നു.

CKLatheef പറഞ്ഞു...

@Muhammed Shan

ബ്രൈറ്റ് പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെയും വിശദീകരിക്കാം എന്നല്ല. ഇതാണ് അവയുടെ ശരിയായ വിശദീകരണം രണ്ടുപോസ്റ്റും ഒരുമിച്ച് വായിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടും ഇപ്പോള്‍ ബോധ്യമാകാത്തവര്‍ക്ക് ബാക്കിയുള്ള ഭാഗങ്ങള്‍ക്കൂടി വിശദീകരിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാകും.

ഞാന്‍ ഇസ്‌ലാം വിശ്വാസികളെക്കുറിച്ചു സംസാരിക്കുന്നു എന്നത് കൊണ്ട് മറ്റുമതത്തിലെ സത്യസന്ധരായ ആളുകളില്‍ നിന്ന അത്തരം പ്രവര്‍ത്തനം ഉണ്ടാകില്ല എന്നല്ല. ആരെങ്കിലും അത് അവര്‍ ഇവിടെ പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. കാരണം ബ്രൈറ്റിന്റെ സമരം എല്ലാമത വിശ്വാസികള്‍ക്കും എതിരെയാണ്. ആ സമരം മാന്യവും മിതവുമായതിനാല്‍ ഞാനദ്ദേഹത്തെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു. താങ്കള്‍ പറഞ്ഞത് ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു.

പിന്നെ താങ്കള്‍ നല്‍കിയ ചോദ്യങ്ങള്‍ ഇസ്‌ലാമിലെ ശിക്ഷാവിധികളുമായി ബന്ധപ്പെട്ട താങ്കളുടെ അജ്ഞതയും ഒരു വിഷയത്തില്‍ ഊന്നിനിന്ന് സംസാരിക്കാനുള്ള (ദൈവനിഷേധികളെപ്പോലെ) കഴിവില്ലായ്മയും സൂചിപ്പിക്കുന്നു. അതോടൊപ്പം ഇത്തരം പോസ്റ്റ് വായിച്ച് കഴിയുമ്പോള്‍ ചില ദൈവനിഷേധികള്‍ക്കുണ്ടാകാറുള്ള ഒരു ചോറിച്ചിലിന് പരിഹാരവും എന്ന നിലക്ക് എഴുതിയതാകണം. ഇത്രയും പറയാന്‍ കാരണം ഇസ്‌ലാമിലെ ശിക്ഷാവിധികളെക്കുറിച്ച് ഒരു പോസ്റ്റിട്ടാല്‍ താങ്കളോ മറ്റുള്ളവരോ ഈ കാര്യം അവിടെ പറയില്ല എന്ന എന്റെ അനുഭവം വെച്ചാണ്. കമന്റിന് നന്ദി. നന്ദനയെ കാണാറില്ലല്ലോ :)

പാര്‍ത്ഥന്‍ പറഞ്ഞു...

"ധാർമ്മികബോധത്തിന് ദൈവവിശ്വാസം വേണോ” എന്ന പോസ്റ്റിൽ നിന്നും “ഒളിക്യാമറയും സദാചാരവും” എന്ന പോസ്റ്റിലേക്കെത്തിയപ്പോഴേക്കും ദൈവ വിശ്വാസികൾക്കുമാത്രമെ ധാർമ്മികബോധം ഉണ്ടാവുകയുള്ളൂ എന്ന് ഉറപ്പിക്കുന്നതായി മനസ്സിലാക്കിയപ്പോൾ, നീലക്കുറുക്കന്റെ കഥയാണ് ഓർമ്മവരുന്നത്.

CKLatheef പറഞ്ഞു...

@പാര്‍ത്ഥന്‍
'മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്ദേശ്യം തന്നെ അവന്‍ സല്‍കര്‍മം ചെയ്തുകൊണ്ട് സമാധാനപൂര്‍ണമായ ജീവിതം നയിക്കുക എന്നതാണ്. മറ്റുജീവികള്‍ക്കില്ലാത്ത ഒരു പ്രത്യേക അനുഗ്രഹം മനുഷ്യന് ദൈവം നല്‍കിയിരിക്കുന്നു. മനുഷ്യനിലുള്ള ധാര്‍മിക(ദൈവിക)ബോധം (തഖ്'വ). ആ ധാര്‍മികത വ്യക്തമാക്കുന്ന ദിവ്യവെളിപാട്. അവയെ വിശദീകരിച്ചു തരാന്‍ പ്രവാചകന്റെ നിയോഗം.'

മുകളിലെ വരികള്‍ ഈ പോസ്റ്റില്‍നിന്നാണെന്ന് അറിയാമല്ലോ. വിശ്വാസികള്‍ക്ക് മാത്രമേ ധാര്‍മികബോധമുണ്ടാവൂ എന്ന് എനിക്ക് പറയാനാവില്ല. എല്ലാമനുഷ്യനും ധാര്‍മികബോധം നല്‍കപ്പെട്ടിരിക്കുന്നു എന്നാണ് ഞാന്‍ ആദ്യം മുതല്‍ പറഞ്ഞത്. ബ്രൈറ്റ് ചില പരീക്ഷണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ധാര്‍മികനാകാന്‍ ദൈവവിശ്വാസം വേണ്ട എന്ന് പറഞ്ഞപ്പോഴാണ്. അതേ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നതും (നമ്മുടെ നിത്യജീവിതത്തില്‍നിന്ന് നാം കണ്ടെത്തുന്ന യാഥാര്‍ഥ്യങ്ങള്‍ വെച്ചും) ധാര്‍മികനാകാന്‍ മനുഷ്യര്ക്ക് തങ്ങളെ ഒരു സര്‍വശക്തന്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം കൂടുതല്‍ സഹായക്കും എന്നാണ്.

ബ്ലോഗില്‍ താങ്കള്‍ ഹൈന്ദവ ദര്‍ശനത്തിന് വേണ്ടി സംസാരിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. നിലപാടിലെ അവ്യക്തതകൊണ്ടോ മറ്റോ യുക്തിവാദികള്‍ മുന്നോട്ട് വെക്കുന്ന ദൈവസങ്കല്‍പത്തോട് അത് അടുത്ത് നില്‍ക്കുന്നതായും തോന്നിയിട്ടുണ്ട്. ഞാന്‍ പറയാന്‍ ശ്രമിച്ചതെന്താണെന്ന് പോസ്റ്റ് വായിച്ചാല്‍ അറിയാം. നിങ്ങള്‍ ദൈവവിശ്വാസിയാണെങ്കില്‍ ഈ അഭിപ്രായത്തോട് താങ്കള്‍ക്കുള്ള പ്രതികരണം പറയണം. വെറുതെ നീലകുറുക്കന്റെ കഥ ഓര്‍ത്തതുകൊണ്ട് കാര്യമില്ല.

ഒരാള്‍ക്ക് ധാര്‍മികനാകാനും ദൈവവിശ്വാസം കൂടിയേതീരൂ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ധാര്‍മികമൂല്യങ്ങള്‍ മനസ്സിലാക്കി ധാര്‍മികനാകാന്‍ തീരുമാനിക്കുന്നവര്‍ക്ക് അതാകാം. എന്നാല്‍ എന്താണ് ധാര്‍മികത എന്നും എന്താണ് അധാര്‍മികത എന്നും തീരുമാനിക്കാന്‍ ദൈവികസഹായം ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. അതേ ധാര്‍മികപാലിക്കാന്‍ ദൈവം ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം സഹായിക്കുന്നു എന്നാണ് ഇതുവരെ പറഞ്ഞത്.

കൂട്ടത്തില്‍ വളരെ സുപ്രധാനമായ ഒരു വാദം കൂടി ഈ പോസ്റ്റിലുണ്ട്. അത് സല്‍കര്‍മത്തെക്കുറിച്ചാണ്. പ്രവര്‍ത്തനങ്ങളില്‍ ദൈവികനിര്‍ദ്ദേശം അനുസരിക്കുന്നതിലൂടെയാണ് പരലോകത്ത് പ്രതിഫലാര്‍ഹമായ സല്‍കര്‍മത്തിന് മനുഷ്യന്‍ അര്‍ഹനാകുന്നത് എന്നാണ് ആ വാദം. വിശുദ്ധഖുര്‍ആന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ കാര്യങ്ങള്‍ പറയുന്നത്

അതുമിതും പറയാതെ ദയവായി ചര്‍ചയിലെ വിഷയവുമായി സംവദിക്കുക.

പാര്‍ത്ഥന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്:

[ബ്ലോഗില്‍ താങ്കള്‍ ഹൈന്ദവ ദര്‍ശനത്തിന് വേണ്ടി സംസാരിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. നിലപാടിലെ അവ്യക്തതകൊണ്ടോ മറ്റോ യുക്തിവാദികള്‍ മുന്നോട്ട് വെക്കുന്ന ദൈവസങ്കല്‍പത്തോട് അത് അടുത്ത് നില്‍ക്കുന്നതായും തോന്നിയിട്ടുണ്ട്.]

താങ്കൾ എന്നെക്കുറിച്ച് എഴുതിയ അഭിപ്രായമാണ് മുകളിൽ. ഞാൻ ഒരിക്കലും ഒരു യാഥാസ്തിതികനായ ഹിന്ദുത്വവാദിയല്ല. കാലാകാലങ്ങളിൽ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ദർശനത്തെയും പ്രത്യയശാസ്ത്രത്തെയും ഞാൻ തലയിലേറ്റാറില്ല. അതുകൊണ്ട് പലപ്പോഴും പല കൂട്ടങ്ങളിൽ നിന്നും മാറി നിന്നു നോക്കുന്നതായി തോന്നും. ജീവിതത്തിൽ യുക്തിവാദത്തിലധിഷ്ടിതമായ വിശ്വാസങ്ങൾ മാത്രമെ അനുകരിക്കാറുള്ളൂ. നിഷേധിതന്നെയായിരുന്നു. എന്റെ മനസ്സിൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ള യുക്തിവാദത്തിന് ഭഗവദ്ഗീത വളരെയധികം സഹായിക്കുന്നുണ്ട് . അതുകൊണ്ട് അത് ഇഷ്ടപ്പെടുന്നു. ശ്രീനാരായണഗുരുദേവനെ ഇഷ്ടപ്പെടാനുണ്ടായ രണ്ടു കാര്യങ്ങൾ :
(1) ശിഷ്യന്മാർ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു; ‘ശവം കുഴിച്ചിടുന്നതാണോ, ദഹിപ്പിക്കുന്നതാണോ ഉത്തമം‘ എന്ന്‌. അതിന് അദ്ദേഹത്തിന്റെ മറുപടി: ചക്കിലിട്ടാട്ടി കൃഷിക്കുപയോഗിക്കുന്നതല്ലെ നല്ലത് എന്നായിരുന്നു.

(2) ഒരു ഉത്സവപ്പറമ്പിൽ, ഇദ്ദേഹം ഒരു കേമനാണെന്നറിഞ്ഞിരുന്ന അവിടത്തെ കോമരം കല്പന പറയാൻ വന്നു. ഒന്നും കേൾക്കേണ്ട എന്നു പറഞ്ഞത് പരിഹാസമായി തോന്നിയ കോമരം; ‘എന്താ പരീക്ഷ കാണിക്കണോ’ എന്നായി. ആ വെല്ലുവിളി സ്വീകരിച്ച ഗുരുദേവൻ, ആവശ്യപ്പെട്ടത്; കോമരത്തിന്റെ വായിൽ കുറച്ചു പല്ല് കണ്ടാൽ നന്നായിരുന്നു എന്നാണ്. ഇത് ഒരു കഥയായിട്ടാണ് കേട്ടത്. അതുകൊണ്ട് ഇതിൽ എത്ര ശരി ഉണ്ടെന്നറിയില്ല. എന്റെ ചിന്താഗതിയുമായി യോചിച്ചു പോകുന്നതുകൊണ്ട്, ഈ രംഗം എനിക്കിഷ്ടമായി.

പിന്നെ താങ്കൾ ഇവിടെ വിവരിക്കുന്ന ധാർമ്മികത തികച്ചും മനുഷ്യനെമാത്രം കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണ്. മനുഷ്യനുമാത്രം നന്മ വരുന്നതെല്ലാം ധാർമ്മികം. അതല്ല ഹൈന്ദവ ദർശനങ്ങളിലെ ധാർമ്മികത. ഒരു ജീവിക്കും ദോഷം വരരുത് എന്നാണ്. ഉറുമ്പിനും കാക്കക്കും മീനിനും ഭക്ഷണം കൊടുക്കാനുതകുന്ന തരത്തിലുള്ള ആചാരങ്ങൾ ചിട്ടപ്പെടുത്തിയ മഹാന്മാരെ സ്തുതിക്കാതെ വയ്യ. കൃഷിപ്പണിപോലും ഹൈന്ദവ ദർശനങ്ങളിൽ ധാർമ്മികമായ പ്രവർത്തിയല്ല. അത്രക്കൊക്കെ ചിന്തകൾ എത്തണമെങ്കിൽ ‘ധർമ്മം’ മതപരം, സാമൂഹികം എന്നതിൽ നിന്നും വിട്ട് ആത്മീയതയിലേക്കെത്തണം.

പാര്‍ത്ഥന്‍ പറഞ്ഞു...

[ആ വെല്ലുവിളി സ്വീകരിച്ച ഗുരുദേവൻ, ആവശ്യപ്പെട്ടത്; കോമരത്തിന്റെ വായിൽ കുറച്ചു പല്ല് കണ്ടാൽ നന്നായിരുന്നു എന്നാണ്.]

അവിടെ തുള്ളുന്ന കോമരത്തിന്റെ വായിൽ ഒരു പല്ലുപോലും ഉണ്ടായിരുന്നില്ല.
(ഇതും ചേർത്തു വായിച്ചാലേ പൂർണ്ണമാവുകയുള്ളൂ.)

കാട്ടിപ്പരുത്തി പറഞ്ഞു...

@ പാര്‍ത്ഥന്‍
ഞാൻ ഒരിക്കലും ഒരു യാഥാസ്തിതികനായ ഹിന്ദുത്വവാദിയല്ല

അപ്പോള്‍ യാഥാസ്ഥികമല്ലാത്ത ഒരു ഹിന്ദു വാദിയുണ്ടോ? അതെന്താണു-

പാര്‍ത്ഥന്‍ പറഞ്ഞു...

കാട്ടിപ്പരുത്തിക്ക് ‘യാഥാസ്തിതികൻ’ എന്ന വാക്കിന്റെ അർത്ഥം മാത്രമെ മനസ്സിലാകാത്തതുള്ളൂ എന്നറിഞ്ഞതിൽ സന്തോഷം. അതറിയാൻ ഒരു ഡിൿഷനറി വാങ്ങി നോക്കുക എന്നു മാത്രമെ പറയാനുള്ളൂ. ബാക്കിയെല്ലാം മനസ്സിലായല്ലൊ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review