ഇസ്ലാമിനെ യഥാവിധി കൃത്യമായി മറയില്ലാതെ ജനമധ്യത്തില്‍ അവതരിപ്പിക്കുന്നത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരാണ് എന്നാണ് നെറ്റ് ലോകത്തെ യുക്തിവാദികള്‍ പൊതുവെയും കാന്തപുരം ഭക്തര്‍ മൊത്തമായും വാദിച്ചുവരുന്നത്. 9 പേജ് വരുന്ന മാതൃഭൂമി ആഴ്ചപതിപ്പിലെ അഭിമുഖത്തോടെ അതിന് ഒന്നുകൂടി ശക്തി പകര്‍ന്നിരിക്കുന്നു. ബാക്കി സംഘടനകള്‍ പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമി മുജാഹിദ് പോലുള്ള പുത്തന്‍ പ്രസ്ഥാനക്കാര്‍ ഇസ്ലാമിനെ അവതരിപ്പിക്കുന്നത് വെള്ളം ചേര്‍ത്താണ് എന്നും മതേതരര്ക്ക് പൊതുവെ ഒരു വാദമുണ്ട്. ജമാഅത്താകട്ടേ സര്‍ക്കര പുരട്ടിയാണ് ഇസ്ലാമിനെ അവതരിപ്പിക്കുന്നത് എന്ന ആക്ഷേപം യുക്തിവാദി ഉസ്താദുമാര്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അഭിമുഖത്തില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട ഭാഗങ്ങളെ വിശകലനം ചെയ്യാന്‍ രണ്ടോ മൂന്നോ പോസ്ററ് പോരാ. അത്രയധികം അബദ്ധങ്ങള്‍ അവയില്‍ ഉണ്ട്. മാതൃഭൂമി കാന്തപുരത്തില്‍നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചതൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്. യുക്തിവാദികളുടെയും കമ്യൂണിസ്റ്റ് കാരുടെയും വീക്ഷണം കാന്തപുരത്തെപ്പറ്റി അതാണെങ്കില്‍ ഇസ്ലാമിനെ വളരെ ഒഴുക്കന്‍ മട്ടില്‍ തീര്‍ത്തും അശ്രദ്ധമായി അവതരിപ്പിക്കുന്നതായിട്ടാണ് പലപ്പോഴും തോന്നാറുള്ളത്. ഇത് ബോധ്യപ്പെടാന്‍ എല്ലാവര്ക്കും പരിചിതമായ മുടിവിവാദത്തെ എങ്ങനെയാണ് ഇപ്പോള്‍ അദ്ദേഹം മറികടക്കാന്‍ ശ്രമിക്കുന്നത് എന്ന് നോക്കിയാല്‍ മതി. പുതിയ അഭിമുഖത്തില്‍ നേരത്തെ നാം നേരിട്ട് കണ്ടതൊക്കെ മായയായിരുന്നുവെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. അന്ന് സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്ത് മാറ്റിയോ ആവോ. പക്ഷെ നൂറ് കണക്കിന് സ്ഥലത്ത് 'ശഅ്റെ മുബാറക്ക് മസ്ജിദ്' (അനുഗൃഹീത മുടിപ്പള്ളി) നിര്‍മിക്കുന്നതില്‍ പങ്കാളികളാകാന്‍ അഭ്യര്‍ഥിക്കുകയും നാടുകളില്‍നിന്നൊക്കെ 1000 രൂപ ഷെയര്‍ പിരിക്കുകയും ചെയ്ത വിവരവും മിക്കവര്‍ക്കും അനുഭവമാണ്. എന്നിട്ടിപ്പോള്‍ പറയുന്നത് മുടിവെക്കാന്‍ പള്ളി നിര്‍മിക്കും എന്ന് പറഞ്ഞിട്ടില്ല എന്നാണ്. 2000 പള്ളി തങ്ങള്‍ക്ക് ഉണ്ടെന്ന ഒരു വീരവാദവും ഉണ്ട്. (9000 ത്തിലധികം മദ്രസയുടെ കണക്കും പറയാറുണ്ട്. ഇ.കെ വിഭാഗത്തിലെ ആളുകള്‍ പറയുന്നത് അത് വലിയ ബഢായി ആണെന്നാണ്. സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴിലാണ് മിക്ക മദ്രസകളും ഉള്ളത്. പക്ഷെ അവിടെ അധ്യാപകരായി ഉള്ളത് മിക്കാവാറും കാന്തപുരം മൈന്റുള്ളവരാണ് എന്നതും അവര്‍ അംഗീകരിക്കും. എന്ന് വെച്ചാല്‍ പുത്തന്‍വാദികള്‍ എന്നറിയപ്പെടുന്ന മുസ്ലിം സംഘടനകളോട് വലിയ അകല്ചയും അസഹിഷ്ണുതയും കാത്ത് സൂക്ഷിക്കുകയും ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തുകയും ചെയ്യുന്നതാണ് കാന്തപുരത്തിന്റെ ആളുകളാണ് എന്നതിന്റെ ഏക തെളിവ്. മറ്റു ചിഹ്നങ്ങളൊന്നും ഇല്ല. അതിനാല്‍ ഇ.കെ വിഭാഗം മദ്രസയില്‍ അവര്‍ സഹകരിച്ച് പോകുന്നു. അതന്തെങ്കിലും ആകട്ടേ.) കേരളത്തിലെ സുന്നികളില്‍ ഒരു വലിയ വിഭാഗമാണ് എന്ന തെറ്റിദ്ധാരണ അവരെക്കുറിച്ച് വേണ്ട എന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്. മര്‍ക്കസിലെ സമ്മേളനത്തിലും മുട്ടിപ്പടിയിലെ സലാത്ത് നഗറിലും തടിച്ചുകൂടുന്നവരെ നോക്കി സംഘടനയുടെ വലിപ്പം തീരുമാനിക്കാനാവില്ല. പിണറായിയെ പോലുള്ളവര്‍ കാന്തപുരത്തിന്റെ കൂടെനടന്നിട്ട് വലിയ കാര്യമൊന്നുമില്ല. അവര്‍ക്ക് കിട്ടേണ്ട വോട്ട് എങ്ങനെയായാലും കിട്ടും. കാരണം കാന്തപുരം ലീഗിന് വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ പോലും ലീഗിന് വോട്ട് ചെയ്യാന്‍ സന്നദ്ധമാകുന്നവര്‍ അവരില്‍ വളരെ ചെറിയ ന്യൂനപക്ഷം ആയിരിക്കും. 'എ.പി വിഭാഗം _ ഇടതുപക്ഷം = ഏതാനും മുതഅല്ലിമീങ്ങള്‍' എന്നതാണ് സമവാക്യം.
അഭിമുഖത്തിലെ പരാമര്‍ശങ്ങളെ മൊത്തത്തില്‍ വിശകലനം ചെയ്യാന്‍ ഉദ്ദേശ്യമില്ലെങ്കിലും. കാന്തപുരത്തിന്റെ ഒരു വാദം പരാമര്‍ശിക്കാതിരിക്കാനാവില്ല. കാരണം മാതൃഭൂമി അഭിമുഖത്തിലെ എല്ലാ പേജിലും നല്കിയ ക്യപ്ഷന്'പുരുഷന് സ്ത്രീയുടെ മേല്‍ ആധിപത്യമുണ്ട്' എന്ന കാന്തപുരം പരാമര്‍ശമാണ്. എവിടുന്നാണ് കാന്തപുരത്തിന് അത് ലഭിച്ചത്. ഖുര്‍ആനില്‍നിന്നാണോ. ഖുര്‍ആനില്‍ പറഞ്ഞതെന്താണ്?. അതാണ് ഇവിടെ ഒരു സാമ്പിള്‍ എന്ന നിലക്ക് ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സൂറത്ത് നിസാഇലെ 34 ാം സൂക്തതിലെ 'പുരുഷന്മാര് സ്ത്രീകളുടെ സംസ്ഥാപകരാകുന്നു.' എന്ന പദമാണ് മുസ്ലിം പണ്ഡിതന്മാരില് ചിലര്‍ ഭാര്യയുടെ മേല്‍ ഭര്‍ത്താവിന് ആധിപത്യമുണ്ട് എന്ന് തെറ്റായി അര്‍ഥം നല്കി വരുന്നത്.
ഖുര്‍ആന്‍ പ്രയോഗിച്ച വാക്ക് ഖവ്വാമൂന എന്നാണ്. ഇതിന് പുറമെ മറ്റു രണ്ട് സ്ഥലത്താണ് സമാനമായ പദം ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. ഒരിടത്ത് അര്‍ഥം അല്ലാഹുവിന് വേണ്ടി നിലകൊളളുക എന്നും മറ്റൊരിടത്ത് നീതിക്ക് വേണ്ടി നിലകൊള്ളുക എന്നുമാണ് അര്‍ഥം. ഖ വ മ എന്നീ 3 അടിസ്ഥാന അക്ഷരങ്ങളില്‍നിന്ന് നിന്ന് ഉണ്ടാക്കുന്ന 90 ലധികം പദങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അതിലൊന്നും ആധിപത്യം എന്ന അര്‍ഥം വരുന്നില്ല. ഭരണാധികാരി എന്ന ഒരു അര്‍ഥം മലയാള നിഘണ്ടുവില്‍ പറയുന്നുണ്ടെങ്കിലും അത് രാജ്യത്തെ നിലനിര്ത്തുന്നവന്/സംരക്ഷിക്കുന്നവന് എന്ന അര്‍ഥത്തിലാണ്. മൂലപദത്തില്‍നിന്ന് ഉണ്ടാകുന്ന വാക്കുകളുടെ പദാനുപദ അര്‍ഥങ്ങള്‍ വരുന്നത്: നില്ക്കുക, നിലകൊള്ളുക, സംസ്ഥാപിക്കുക, മുറപ്രകാരം നിര്‍വഹിക്കുക.. എന്നിങ്ങനെയൊക്കെയാണ്. ആ നിലക്ക് ഖവ്വാം എന്ന പദത്തിന്റെ അര്‍ഥങ്ങളായി നല്‍കിയിട്ടുള്ളത്, കൈകാര്യകര്‍ത്താവ്, കാര്യസ്ഥന്, പരിപാലകന്, രക്ഷാകര്‍ത്താവ്, രക്ഷിതാവ്, സൂപ്രണ്ട്, മാനേജര്‍, ഭരണാധികാരിഎന്നിങ്ങനെയാണ്. എന്നാല്‍ അവസാനം പറഞ്ഞ ഭരണാധികാരി എന്ന അര്‍ത്ഥത്തില്‍ അത്യപൂര്‍വമായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടാവാം എന്നല്ലാതെ പൊതുവെ ഉപയോഗിക്കാറില്ല എന്നത് ശ്രദ്ധേയമാണ്. അതിന് സുല്ത്വാന് എന്നോ മലിക് എന്നോ ഹാകിം എന്നൊക്കെയാണ് ഉപയോഗിക്കാറ്. ആധുനിക കുടുംബ മനശാസ്ത്രഗ്രന്ഥങ്ങളിലെ ഒരു പ്രയോഗമാണ് പുരുഷന്മാര് സ്ത്രീകളുടെ സംസ്ഥാപകരാക്കുന്നുവെന്നത്. അത് വായിച്ചപ്പോള്‍ അതുതന്നെയല്ലേ ഖുര്‍ആനിലെ ഭാഷാ പ്രയോഗവും എന്ന് തോന്നി. മലയാള പരിഭാഷയില്‍ പുരുഷന്മാര് സ്ത്രീകളുടെ നാഥന്മാരാകുന്നു (തഫ്ഹീമുല്‍ ഖുര്‍ആന്‍), പുരുഷന്മാര് സ്ത്രീകളുടെ പരിപാലകരാകുന്നു(ഖുര്‍ആന്‍ ബോധനം) ഈ അര്‍ഥം ഏറെക്കുറെ ഖവ്വാമൂന എന്നതിന്റെ ശരിയായ വിവക്ഷ നല്കുന്നു. എന്നാല്‍ അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് പറപ്പൂരും ചേര്‍ന്നെഴുതിയ പരിഭാഷയില്‍,പുരുഷന്മാര് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു എന്നാണ് കാണുന്നത്. കാന്തപുരം പരിഭാഷ എഴുതുകയാണെങ്കില്‍ 'പുരുഷന്മാര്ക്ക് സ്ത്രീകളുടെ മേല്‍ ആധ്യപത്യം ഉള്ളവരാകുന്നു' വെന്നായിരിക്കും പരിഭാഷപ്പെടുത്തുക എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
ആധിപത്യം എന്ന മലയാള വാക്ക് ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ അല്ലാഹുവിന്റെ അധികാരത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. കാരണം ഒരു വ്യക്തിയും മറ്റൊരു വ്യക്തിയുടെ മേല്‍ ആധിപത്യം ഉള്ളവനല്ല. ഭരണാധികാരിക്ക് പോലും. സ്വതന്ത്രമായ അധികാരം മറ്റൊരാളില്‍ ചെലുത്താന്‍ കഴിയുമ്പോള്‍ മാത്രമേ ആധിപത്യം ചെലുത്തുക എന്ന് പറയാന്‍ കഴിയു. ഇസ്ലാമിലാകട്ടേ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശത്തിന് വിധേയമായിട്ടല്ലാതെ ഒരു നിയമവും ആര്‍ക്കും നിര്‍മിക്കാന്‍ പോലും അധികാരമില്ല. ഒരു പുരുഷന് സ്ത്രീയുടെ മേല്‍ എന്ത് നിയന്ത്രണാധികാരമാണ് ഉള്ളത്. ഒരു കുടുംബത്തെ നിലനില്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിക്കുക എന്നതല്ലാതെ. അതിന് പറയുന്ന യഥാര്‍ഥ പേരാണ് സംസ്ഥാപിക്കുക എന്നത്, കൈകാര്യകര്‍ത്താവാകുക എന്നൊക്കെ. അതിനപ്പുറം ഒരധികാരവും ആധിപത്യവും സ്ത്രീയുടെ മേല്‍ പുരുഷന് ഇല്ല. എന്നാല്‍ കൈകാര്യകര്‍ത്താവ്, സംസ്ഥാപകന്‍ എന്ന് പറഞ്ഞാലും പുരുഷന് അല്പം മേല്‍കൈ ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അതിന് ഖുര്‍ആന്‍ കാരണവും പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയാത്ത സ്ത്രീമനസ്സുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മനശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. അവരതിനെ സ്ത്രീ മനസ്സില്‍ അന്തര്‍ലീനമായ (ശൈശവം മുതല്‍ മരണം വരെ സ്ത്രീയെ പിന്തുടരുന്ന) നാര്‍സിസിസം (Narcissism) എന്ന് വിളിക്കുന്നു. പുരുഷനില്‍നിന്ന് വ്യത്യസ്ഥമായി ഒരു സ്ത്രീയില്‍ കാണപ്പെടുന്ന എല്ലാ പ്രത്യേകതക്കും കാരണം ഈ നാര്‍സിസിസമാണ് എന്ന് അവര്‍ പറയുന്നു. എന്ത് പേര് പറഞ്ഞാലും അങ്ങനെ ഒന്ന് ഉണ്ട് എന്നത് വ്യക്തം. അതിനെ അവഗണിക്കാന്‍ ഒരു പുരഷനും സാധ്യമല്ല. ഇതിന്റെ പ്രതിഫലനമാണ് അവര്‍ മാനസികമായി ഒരു പുരുഷന് വിധേയമാകുന്നതില്‍ സന്തോഷം കണ്ടെത്തുന്നത്. ഇത് സ്ത്രീക്ക് ലഭിക്കാന്‍ പുരുഷന് കാണിക്കുന്ന അധികാരം സ്ത്രീ മനസ്സിനെ സന്തോഷിപ്പിക്കുന്നു. പുരുഷത്വമുള്ള പുരുഷനെയാണ് സ്ത്രീത്വമുള്ള സ്ത്രീ ഇഷ്ടപ്പെടുന്നത് എന്ന് ചുരുക്കം.
പറഞ്ഞുവരുന്നത് ഇതെല്ലാം സമഞ്ചസമായി സമ്മേളിക്കുന്ന ഒരു പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളഖവ്വാമൂന എന്ന അറബി പദം. അതിന് നിയന്ത്രണാധികാരം എന്നോ ആധിപത്യം എന്നോ മലയാളപരിഭാഷ നല്കുന്നവര് ഇസ്ലാമിനെ ബോധപൂര്‍മല്ലാതെ തെറ്റദ്ധിരിപ്പിക്കുകയാണ്. ഇനി പറയൂ. ആരാണ് യഥാര്‍ഥ ഖുര്‍ആനിലുള്ളത് വെട്ടിത്തുറന്ന് ഉള്ളത് പോലെ പറയുന്നത്. കാന്തപുരമോ അതല്ല ഇവര്‍ പുത്തന്‍വാദികള്‍ എന്ന് പറയുന്ന പ്രസ്ഥാനങ്ങളോ ?
അതോടൊപ്പം ഈ സംസാരത്തിന്റെ പ്രതികരണമോ നാട്ടില്‍ ഇസ്ലാം വിമര്‍ശകര്‍ നടത്തുന്ന ചര്‍ചയോ കാന്തപുരത്തെപോലുള്ളവര്‍ മനസ്സിലാക്കുന്നില്ല. സ്ത്രീയുടെ വസ്ത്രധാരണം പോലും പുരുഷന് സ്ത്രീയില്‍ ചെലുത്തുന്ന ആധ്യപത്യമായിട്ടാണ് ഇവിടെ വിമര്‍ശകര്‍ തെറ്റിദ്ധരിപ്പിക്കാറ്. അവര്‍ക്ക് നല്കുന്ന വടി മാത്രമാണ് ഇത്തരം അശ്രദ്ധമായി നടത്തുന്ന അഭിമുഖങ്ങള്‍. മാതൃഭൂമിക്ക് വേണ്ടതെന്തോ അതാണ് അവര്‍ അതിന് നല്കിയ തലക്കെട്ട്. യഥാര്‍ഥ മതമല്ല പൌരോഹിത്യം നല്കുന്ന മതമാണ് ഇസ്ലാമിക വിമര്‍ശകരുടെ തുരുപ്പ് ശീട്ട് എന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമാവുന്നു.
2 അഭിപ്രായ(ങ്ങള്):
തിരുകേശം വെക്കാന്‍ ഞങ്ങള്‍ പള്ളിനിര്മിക്കുന്നില്ല. മറിച്ച് പള്ളി നിര്‍മിക്കുന്നത് നമസ്കരിക്കാനാണ്. അതില്‍ തിരുകേശം വെക്കാന്‍ ഒരു മുറിയുണ്ടാകും. മുടി അവിടെ വെക്കും.... !!!
ഇപ്പൊ എന്തായി... ?..
കാന്തപുരം ഒരു ചെറിയ മീനല്ല :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ