2014, ജൂൺ 14, ശനിയാഴ്‌ച

ഖുര്‍ആന്‍ തോന്നിയത് പോലെ എഴുതിയുണ്ടാക്കിയ ഗ്രന്ഥമോ ?


വിശുദ്ധഖുര്‍ആന്‍ മുസ്ലിംകളെ മതം പഠിപ്പിക്കാന്‍ മാത്രമായി അല്ലാഹു അവതരിപ്പിച്ചതല്ല. ഖുര്‍ആന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജനങ്ങളെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണത്. അഥവാ മാര്‍ഗദര്‍ശനമായി, സത്യാസത്യവിവേചകമായി, വെളിച്ചമായി നല്‍കപ്പെട്ട വേദഗ്രന്ഥം. സ്രഷ്ടാവായ ദൈവത്തില്‍നിന്ന് അവതരിച്ചത്, മുന്നിലൂടെയും പിന്നിലൂടെയോ മിഥ്യ അതില്‍ പ്രവേശിക്കുകയില്ലെന്നും അന്ത്യദിനം വരെ സംരക്ഷിക്കപ്പെടുമെന്നും വാഗ്ദാനം ചെയ്യപ്പെട്ട ഗ്രന്ഥം. 1400 ലേറെ വര്‍ഷമായി ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിശുദ്ധവേദം. അതിന് തുല്യമായി ഒരു ഗ്രന്ഥവും ആര്‍ക്കും ചൂണ്ടിക്കാണിക്കാനാവില്ല. അതുല്യമായ സൌന്ദര്യം, സാഹിത്യം, ആശയഗാംഭീര്യം, സുഭദ്രമായ ഘടന, സമഗ്രം  അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം. ഒറിജിനല്‍ ഭാഷയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോപ്പികളുള്ള ഗ്രന്ഥം. ഇതൊക്കെ വിശുദ്ധഖുര്‍ആന്  മാത്രം അവകാശപ്പെട്ടതാണ്. 

പൂര്‍ണമായും ദൈവത്തില്‍നിന്ന് അവതരിച്ചത് എന്ന് സ്വയം അവകാശപ്പെടുന്ന ഗ്രന്ഥവും ഖുര്‍ആന്‍ മാത്രമാണ്. മറ്റുള്ളവയെ സംബന്ധിച്ച് പലരും അത്തരമൊരു സ്ഥാനം അവകാശപ്പെടാതെ അടിച്ചേല്‍പിക്കുകയാണ് ചെയ്യുന്നത്. ഒരു ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്നാല്‍ ആ ഗ്രന്ഥത്തിന്റെ വാദം അംഗീകരിക്കുന്നവരാണ്. അല്ലാതെ ഒരു ഗ്രന്ഥത്തിന് മേല്‍ സ്വന്തം വാദം അടിച്ചേല്‍പ്പിക്കുന്നവരല്ല. ആ നിലക്ക് അനുയായികളുള്ള ഏക ഗ്രന്ഥവും വിശുദ്ധഖുര്‍ആനാണ്. ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം നിലക്ക് ഗ്രഹിച്ച് ഉള്‍കൊള്ളുകയും അതിനെ സത്യമെന്നംഗീകരിക്കുകയും ചെയ്യുന്ന ആരും ഖുര്‍ആനിന്റെ അനുയായിയാണ്. ഇന്നലെ വരെ അവന്‍ എങ്ങനെ ജീവിച്ചുവെന്നോ ആരുടെ മകനായി പിറന്നുവെന്നതോ അവിടെ പ്രസക്തമല്ല. കാരണം ഇത് മനുഷ്യന് ഉള്ളതാണ്. എന്നാല്‍ ചിലര്‍ ഖുര്‍ആനെ സമീപിക്കുന്നത്, അതിന്റെ വാദം സത്യമോ അല്ലേ എന്ന് പരിശോധിക്കാനല്ല. മറിച്ച് തങ്ങള്‍ മുന്‍കൂട്ടി ഉണ്ടാക്കിയ ധാരണകള്‍ക്ക് വല്ല തെളിവും അതില്‍നിന്ന് ലഭിക്കുമോ എന്നറിയാനാണ്. സംശയമില്ല അത്തരമൊരാള്‍ക്ക് അതിലെ സൂക്തങ്ങള്‍ വെച്ച് അത്തമൊരു ശ്രമം നടത്തിനോക്കാവുന്നതാണ്. അനില്‍ കുമാര്‍ എന്ന പേരിലുള്ള ക്രൈസ്തവ സുഹൃത്ത് അത്തരമൊരു ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ വാദം ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയത് മുഹമ്മദ് നബിയുടെ അനുയായികള്‍ തന്നെയാണ് എന്നത്രേ. എന്ന് വെച്ചാല്‍ എന്താണതിന്റെ നേര്‍ക്ക് നേരെയുള്ള അര്‍ഥം. മുഹമ്മദ് നബിക്ക് ഒരു കഴിവുമില്ല എന്ന് അനുയായികള്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല തങ്ങള്‍ എഴുതിയുണ്ടാക്കുന്നത് പോലും മനസ്സിലാക്കാന്‍ കഴിയാത്ത പാവം. ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി ഇത്രയും നിസ്സാരനായിരുന്നുവെന്ന വാദം സ്വന്തം മനസാക്ഷിക്ക് പോലും അംഗീകരിക്കാനാവുമോ?. ഒരു കള്ളനും കപടനും വേണ്ടി ആരെങ്കിലും ഇത്രയധികം ബുദ്ധിമുട്ട് സഹിച്ച ചരിത്രമുണ്ടോ?. ആരോപണങ്ങളാവാം എന്നാലും ഇത്ര ദുര്‍ബലമായ ആരോപണങ്ങളാവാമോ ?. അദ്ദേഹം എഴുതിയത് കാണുക. 

'എഴുത്തും വായനയും ഒന്നുമറിയാത്ത നിരക്ഷരനായിരുന്നു മുഹമ്മദ്‌ എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ നാട്ടുകാരാരും കാണാതെ പാത്തും പതുങ്ങിയും വന്നു അല്ലാഹുവിന്‍റെതെന്ന വ്യാജേന മലക്ക്‌ പറഞ്ഞിട്ട് പോയതായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ എഴുതിയെടുത്തു സൂക്ഷിക്കാനും മുഹമ്മദിന് കഴിയുമായിരുന്നില്ല. പിന്നെ ആരാണ് ഇതൊക്കെ എഴുതി വെച്ചത് എന്ന് ചോദിച്ചാല്‍ മുഹമ്മദിന്‍റെ കൂടെ ഉണ്ടായിരുന്ന അനുയായികള്‍ ആയിരുന്നു ഇതിന്‍റെ എഴുത്തുകാര്‍ എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. തങ്ങള്‍ എഴുതി വെക്കുന്നത് വായിച്ചു നോക്കി ഉറപ്പു വരുത്തുവാന്‍ മുഹമ്മദിന് കഴിയില്ല എന്ന്‍ ഉറപ്പുള്ളത് കൊണ്ട് ഈ അനുയായികള്‍ ഓരോരുത്തരും മുഹമ്മദ്‌ പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെയാണ് എഴുതി വെച്ചത് എന്നതിന് ഖുര്‍ആന്‍ ആയത്തുകള്‍ തന്നെ സാക്ഷി!! ഒരു സംഭവം മലക്ക്‌ ഒരിക്കല്‍ വന്നു പറഞ്ഞിട്ട് പോകുന്നു, മുഹമ്മദില്‍ നിന്ന് അത് കേട്ട അനുയായി തനിക്ക്‌ ബോധിച്ചതുപോലെ അത് എഴുതി വെക്കുന്നു, കുറെ നാള്‍ക്കു ശേഷം അതേ സംഭവം പിന്നെയും പറഞ്ഞിട്ട് പോകുന്നു, ആ സമയത്ത് മുഹമ്മദിന്‍റെ കൂടെയുള്ള അനുയായി മുഹമ്മദില്‍ നിന്ന് അത് കേട്ട് തന്‍റെ ഇഷ്ടംപോലെ എഴുതി വെക്കുന്നു, കുറേ നാള്‍ക്ക് ശേഷം പിന്നെയും മലക്ക്‌ വന്നു അതേ സംഭവം വിവരിച്ചിട്ടു പോകുന്നു, അന്നേരം മുഹമ്മദിന്‍റെ കൂടെയുള്ള സ്വഹാബി തനിക്ക്‌ ബോധിച്ചത് പോലെ അതെഴുതി വെക്കുന്നു! ഈ പറഞ്ഞത് വിശ്വാസമാകുന്നില്ലെങ്കില്‍ തെളിവ് തരാം:'

ഇത്രയും പറഞ്ഞതിന് ശേഷം അദ്ദേഹം തെളിവെന്ന രീതിയില്‍ കുറേ സൂക്തങ്ങള്‍ നിത്തി വെക്കുന്നു. എന്നിട്ട് അതിന് സ്വന്തമായി ചില ടിപ്പണികള്‍ ചെയ്യുന്നു. ഖുര്‍ആന്‍ കുറേ പേര്‍ എഴുതിയുണ്ടാക്കിയതാണ് എന്ന മുന്‍ധാരണയുള്ളവര്‍ക്ക് ഇത് മതിയാകും എന്നാല്‍ അല്‍പ സ്വല്‍പം ഖുര്‍ആനെയും ഇസ്ലാമിനെയും കുറിച്ച് അറിയുന്നവര്‍ക്ക് ഇതിലെ കളി എളുപ്പത്തില്‍ മനസ്സിലാകും. അദ്ദേഹം നല്‍കിയ തെളിവുകളില്‍ സാമ്പിളിന് ഒന്ന് ഇവിടെ നല്‍കാം. മദ്യപാനവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പറഞ്ഞ കാര്യങ്ങളെയാണ് അദ്ദേഹം ഇവിടെ വിശകലനം ചെയ്യുന്നത്..... 


ഈ കാര്യത്തില്‍ മാത്രമല്ല, ഇനിയുമുണ്ട് ഇതുപോലത്തെ സംഗതികള്‍ ഇഷ്ടംപോലെ! മദ്യത്തെ കുറിച്ച് ഖുര്‍ആനില്‍ എഴുതിയത് നോക്കിയാല്‍ എഴുത്തുകാരുടെ മദ്യത്തിനോടുള്ള വീക്ഷണ വ്യതിയാനം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ചില ആയത്തുകള്‍ നോക്കാം:

“പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ? (സൂറാ.5:91)

സൂറാ.5:91 എഴുതിയ ആള്‍ വെള്ളമടിയില്‍ താല്പര്യമില്ലാത്ത ആളാണ്‌ എന്ന് മനസിലാകും. എന്ന് മാത്രമല്ല, അത് സമൂഹത്തിനു ദോഷം ചെയ്യുന്നതാണ് എന്ന അഭിപ്രായവും ഉണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തെ നിഷേധിച്ച് എന്തെങ്കിലും എഴുതി വെച്ചാല്‍ മദ്യത്തില്‍ മുഴുകി ജീവിക്കുന്ന അറബികള്‍ അതനുസരിക്കാന്‍ തയ്യാറാവുകയില്ല എന്ന് മനസ്സിലാക്കാനുള്ള ബോധവും സൂറാ.5:91 എഴുതിയ ആള്‍ക്ക് ഉണ്ടായിരുന്നു എന്ന് അവസാനത്തെ വരി വായിച്ചാല്‍ പിടികിട്ടും. അതുകൊണ്ടാണ് ‘നിങ്ങള്‍ മദ്യവും ചൂതാട്ടവും നിര്‍ത്തണം’ എന്ന് കല്പിക്കുന്നതിന് പകരം ‘നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ?’ എന്ന് വായനക്കാരോട് ദയനീയമായി അഭ്യര്‍ത്ഥിക്കുന്നത്!

എന്നാല്‍ സൂറാ.2:291-ന്‍റെ എഴുത്തുകാരന്‍ മദ്യവും ചൂതാട്ടവും അങ്ങനെയങ്ങ് മോശമാണ് എന്ന അഭിപ്രായം ഉള്ള ആളല്ല! ആയത്ത് നോക്കൂ:

“(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്‍റെ അംശമാണ്‌ പ്രയോജനത്തിന്‍റെ അംശത്തേക്കാള്‍ വലുത്‌. എന്തൊന്നാണവര്‍ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്‌) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ തെളിവുകള്‍ വിവരിച്ചുതരുന്നു” (സൂറാ.2:291)

ഇദ്ദേഹം പറയുന്നത് മദ്യവും ചൂതാട്ടവും ഗുരുതരമായ ദോഷം ആണെങ്കിലും ചില പ്രയോജനങ്ങളും ഇതില്‍ നിന്ന് ഉണ്ടെന്നാണ്. ചിലപ്പോള്‍ ഈ ആയത്തിന്‍റെ എഴുത്തുകാരന്‍ മദ്യ വ്യാപാരി ആയിരുന്നിരിക്കണം. മാത്രമല്ല, വല്ല ചൂതാട്ട കേന്ദ്രവും നടത്തിയിട്ടുണ്ടായിരിക്കണം. മദ്യത്തില്‍ നിന്നും ചൂതാട്ടത്തില്‍ നിന്നും പ്രയോജനം കിട്ടുന്നത് ഇക്കൂട്ടര്‍ക്ക്‌ മാത്രമാണല്ലോ. ഏതായാലും ഈ രണ്ട് കൂട്ടരില്‍ നിന്നും വളരെ വ്യത്യസ്തമായ വീക്ഷണമാണ് സൂറാ.47:15-ന്‍റെ എഴുത്തുകാരനുണ്ടായിരുന്നത്. ‘മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടേയും വെള്ളമടിച്ച് ജീവിക്കണം’ എന്ന അഭിപ്രായക്കാരനാണ് ആ ഭാഗം എഴുതിയതെന്ന് ആ ആയത്ത് വായിച്ചാല്‍ മനസ്സിലാകും:

“സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.” (സൂറാ.47:15)

ഇദ്ദേഹം തന്നെയാണ് സൂറാ.83:25,26 എഴുതിയത് എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടാന്‍ പോകുന്ന ആ വിശിഷ്ടമായ മദ്യത്തിന് വേണ്ടി വാശി കാണിക്കാന്‍ വരെ അദ്ദേഹം എഴുതി ചേര്‍ത്തിട്ടുണ്ട്:

“മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ” (സൂറാ.83:25,26)

എന്നാല്‍ സൂറാ.37:45-47 വരെയുള്ള ഭാഗങ്ങള്‍ എഴുതിയ ആളുടെ അഭിപ്രായത്തില്‍ ഇത് മദ്യമല്ല, കാരണം ഇത് കുടിച്ചാല്‍ ലഹരി പിടിക്കില്ലത്രേ! നോക്കൂ:

“ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം. അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല” (സൂറാ.37:45-47)


ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് ഖുര്‍ആന്‍ മനസ്സിലാക്കിയവരെ സംബന്ധിച്ച് ഞാന്‍ വിശദീകരിക്കേണ്ടതില്ല. എങ്കിലും അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായി പറയാം. ഇസ്ലാം മദ്യപാനം പോലെയുള്ള വ്യക്തിയിലും സമൂഹത്തിലും ആഴത്തില്‍ വേരുന്നിയ തിന്മകള്‍ ഒരു കല്‍പനയിലൂടെ നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടില്ല. മനുഷ്യന്റെ സ്വാഭാവവും അവന്റെ സൃഷ്ടിപ്പിലെ പ്രത്യേകതകളും പരിഗണിച്ചുകൊണ്ടാണ് ദൈവം അവന് വേണ്ട നിയമങ്ങള്‍ നല്‍കിയിട്ടുള്ളത്. അതിനാല്‍ ആദ്യഘട്ടത്തില്‍ അതിനെ നിരുത്സാഹപ്പെടുത്തുകയും, പിന്നീട് നമസ്കാരം പോലുള്ള ചില പ്രത്യേക സമയത്ത് മത്തന്‍മാരായി തുടരാതെ അത് ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയും പിന്നീട് പൂര്‍ണമായും നിര്‍ത്തലാക്കുകയുമാണുണ്ടായത്. നിങ്ങള്‍ വിരമിക്കുന്നില്ലേ എന്നത് ദയനീയമായ ഒരു ചോദ്യമായിരുന്നില്ല. ആധുനിക കാലഘട്ടത്തില്‍ കോടികള്‍ ചെലവഴിച്ച് ബോധവല്‍ക്കരണം നടത്തിയതിന് ശേഷം മദ്യം നിരോധിച്ചിട്ടും താമസിയാതെ മദ്യാപാനാനുമതി നല്‍കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, പക്ഷെ ഖുര്‍ആന്‍ ഒരൊറ്റ ചോദ്യം കൊണ്ട് പൂര്‍ണമായും മദ്യനിരോധനം വരുത്തി. ആ ചോദ്യം നിലനില്‍ക്കുന്നതുകൊണ്ട് ജീവിതത്തിലൊരിക്കലും മദ്യത്തിന്റെ രുചിപോലും അറിയാന്‍ ശ്രമിക്കാത്ത കോടിക്കണക്കിന് മുസ്ലിംകളുണ്ട് എന്ന് അനില്‍ കുമാറും അദ്ദേഹത്തെ പോലുള്ളവരും മനസ്സിലാക്കണം. 

ഒരു കാര്യം കൂടി സഹേദരനോട് പറയട്ടേ, നിങ്ങള്‍ ഇപ്രകാരമല്ല ഖുര്‍ആനെ സമീപിക്കേണ്ടത്. ഇത് താങ്കള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രയോജനവും ചെയ്യില്ല. വിമര്‍ശിച്ചോളൂ പക്ഷെ അത് വസ്തുതകള്‍ മുന്നില്‍ വെച്ചാകാന്‍ ശ്രമിക്കുക. ഖുര്‍ആന്‍ പലരായി എഴുതിയുണ്ടാക്കിയതാണ് എന്ന വാദത്തിന് യാതൊരു നിലനില്‍പ്പുമില്ല. ഒട്ടും വിശ്വാസയോഗ്യവുമല്ല അത്. അല്‍പം കൂടി മനസാക്ഷിയോടുകൂടി അതിനെ സമീപിക്കുക. ഖുര്‍ആന്‍ നിങ്ങളുടേതാണ്. 

 ഖുര്‍ആന്‍ അവതരിച്ച മാസമാണ് വരാന്‍ പോകുന്നത്. അതില്‍ വന്ന ഒരു സൂക്തമാണ് ലോകത്തെ നൂറുകോടിയില്‍ പരം (ബാക്കിയുള്ള കൂറേ നോമ്പുകള്ളന്‍മാരെ ഒഴിവാക്കിയാലും) മുസ്ലിംകള്‍ പകല്‍ മുഴുവന്‍ - എത്ര ദാഹമുണ്ടെങ്കിലും വിശപ്പുണ്ടെങ്കിലും - അല്‍പം പോലും ഭക്ഷണമോ വെള്ളമോ അകത്ത് പ്രവേശിക്കാതെ നോമ്പനുഷ്ഠിക്കുന്നത് വിശുദ്ധഖുര്‍ആനില്‍ ഇപ്രകാരം ഒരു സൂക്തം ഉള്ളതുകൊണ്ടാണ് എന്ന് മനസ്സിലാക്കുക. 

[(2:185) മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്. ]

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review