2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ഇസ്ലാമിൽനിന്ന് മാറിയവനെ വധിക്കണോ ?


ഇസ്ലാം വിമർശകർ കാലങ്ങളായി ഉന്നയിക്കുന്ന ഒരു ആരോപണമാണ് ഇസ്ലാം ഒരു എലിക്കണി പോലെയാണ് അതിലേക്ക് പ്രവേശിക്കാം എന്നാൽ അതിൽനിന്ന് പുറത്ത് പോകാനാവില്ല. അഥവാ അങ്ങനെ പോകുന്നവർക്കുള്ളത് വധശിക്ഷയാണ് എന്ന അഭിപ്രായം. ഈ വിഷയത്തിൽ പലയിടത്തുനിന്നുള്ള ലിങ്കുകൾ എന്റെ വിവിധ ബ്ലോഗുകളിൽ ഞാൻ ഷെയർ ചെയ്തിരുന്നു. ഈ വിഷയത്തിൽ അൽപം മുമ്പ് ഒരു സുഹൃത്തിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് ഞാനിട്ട കമന്റുകളാണ് ഇവിടെ നൽകുന്നത്. 

ഇസ്ലാമിലെ സുപ്രധമായ 4 കർമശാസ്ത്ര സരണികളിലും മുർത്തദ്ദിന് (മത പരിത്യാഗിക്ക്) വധശിക്ഷ വിധിക്കുന്നുണ്ട് എന്ന സത്യം അംഗീകരിക്കുന്നു. ഇവയെല്ലാം എഴുതപ്പെട്ടത് ഇസ്ലാമിക ഭരണത്തിൻ കീഴിൽ ഇന്നേക്ക് ആയിരം വർഷം മുമ്പാണ്. കർമശാസ്ത്രം രൂപപ്പെടുന്നത് നിലവിലെ സാഹചര്യവും രാഷ്ട്രീയ ചുറ്റുപാടും കൂടി കണക്കിലെടുത്താണ്, പ്രത്യേകിച്ചും ആത്മീയമോ ആരാധനപരമോ അല്ലാത്ത പൌരാവകാശപ്രധാനമായ ഈ വിഷയത്തിൽ. 

മുർത്തദ്ദിനെ വധശിക്ഷക്ക് വിധേയമാക്കുക എന്നാൽ മുസ്ലിമായ ഒരാൾ ഇതര മതവിശ്വാസം സ്വീകരിച്ചാൽ ഇസ്ലാമിക ഭരണകൂടം അദ്ദേഹത്തെ പിടികൂടി വധിക്കുക. എന്നാണ് സാധാരണയായി അർഥമാക്കുന്നത്. ഇസ്ലാമിൽ അങ്ങനെയാണ് നിയമെങ്കിൽ ഗർവാപ്പസി പോലെ സംഘികൾ നടത്തുന്ന നിർബന്ധിതമായി സ്വധർമത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളെ നിങ്ങൾക്ക് ധാർമികമായി എതിർക്കാൻ അവകാശമുണ്ടോ എന്നാണ് പുതിയ സാഹചര്യത്തിൽ ഇസ്ലാം വിമർശകരുടെ ചോദ്യം. 

ഈ ചോദ്യത്തിലെ പ്രകടമായ ഒരു വൈരുദ്ധ്യം ഇന്ത്യയിൽ മതം മാറ്റമോ മതപ്രചാരണമോ നിരോധിച്ചിട്ടില്ലെന്ന് മാത്രമല്ല. അവ ഭരണഘടന പൌരന് നൽകുന്ന അവകാശം കൂടിയാണ്. നിർബന്ധിത മതം മാറ്റം മതം മാറ്റ നിരോധം പോലെ മനുഷ്യത്വവിരുദ്ധമാണ്. അത് ഇവിടെയം നിലനിൽക്കുന്നു. അത്തരം നിർബന്ധിത മതം മാറ്റ കേന്ദ്രങ്ങളുണ്ടെങ്കിൽ അവയെ നിയമം മൂലം തന്നെ നിയന്ത്രിക്കേണ്ടത് ഭരണകൂട കർത്തവ്യമാണ്. പ്രലോഭനവും പാടില്ല. എന്നാൽ ഇതിന്റെ മറപിടിച്ച് ഈ മതം സ്വീകരിച്ചാൽ മരണശേഷം സ്വർഗം ലഭിക്കും എന്ന് പറയുന്നതിനെ പ്രലോഭനത്തിന്റെ ഇനത്തിൽ എണ്ണുന്നതും നരകത്തെക്കുറിച്ച് പറയുമ്പോൾ അത് ഭീഷണിയായി കരുതുന്നതും ബുദ്ധിശൂന്യത കൂടിയാണ്. കാരണം ഇത് ഒരു വിശ്വാസത്തിന്റെ ഭാഗമായി പറയുന്നതാണ് പരലോക വിശ്വാസം. ആ വിശ്വാസം സ്വീകരിക്കുമ്പോൾ മാത്രമേ അത് പ്രസക്തമായി വരൂ. അല്ലാത്തവർക്ക് മതത്തിലെ മറ്റുകാര്യങ്ങൾ പോലെ ഒരു ഭാവനമാത്രമായി തള്ളിക്കളയാവുന്ന ഒരു കാര്യം മാത്രമാണത്. 

ശരിക്കും ഇസ്ലാമിൽ മുർത്തദ്ദിനുള്ള ശിക്ഷ വധശിക്ഷതന്നെ, എന്നാൽ ആധുനിക കാലഘട്ടത്തിൽ ഇസ്ലാമിക പ്രചാരണം നടത്തുന്ന ചിലർ മതത്തെ കാലികമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനെ എതിർക്കുന്നു. അത് ശരിയല്ല എന്ന് യുക്തിവാദികൾ പ്രചരിപ്പിക്കുന്നു. 

മതം മാറിയവന് വധശിക്ഷ എന്ന് പറയുമ്പോൾ സംഭവിക്കുന്ന ഇസ്ലാമിന്റെ അധ്യാപനത്തിന് നിരക്കാത്ത കൂറെ കാര്യങ്ങളെ എങ്ങനെ പരിഹരിക്കണമെന്ന് വ്യക്തമാക്കാൻ കഴിയാത്തിടത്തോളം കാലം. മുർത്തദ്ദിന് ഇങ്ങനെ ഒരു ശിക്ഷ സാധാരണഗതിയിൽ ഇല്ല എന്ന് തന്നെ പറയേണ്ടിവരും. ക്രിമിനൽ കുറ്റങ്ങൾക്ക് ജിനായാത്ത് എന്നാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ പറയുക. അവയുടെ ശിക്ഷകൾക്ക് ഹുദൂദ് എന്നും പറയും എന്നാൽ ഇത്തരം ഒരു ക്രിമിനൽകുറ്റമോ അതിന് ശിക്ഷയായി വധമോ കർമശാസ്ത്രഗ്രന്ഥങ്ങളിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. പിന്നെ എന്താണ് കാര്യം. നമുക്ക് നോക്കാം. 


മറ്റുഹദീസുകളെ നാം വിശകലനം ചെയ്യുന്നത് പോലെ തന്നെ ഈ ഹദീസുകളെയും വിശുദ്ധഖുർആന്റെയും മറ്റുപ്രവാചക അദ്യാപനങ്ങളുടെയും സത്ത ഉൾകൊണ്ടുകൊണ്ട് എന്തുകൊണ്ട് വിശകലനം ചെയ്തുകൂടാ. മുർത്തദ്ദിന് വധശിക്ഷ എന്ന ഒരു സാമാന്യസംസാരത്തിൽ ഏതവസ്ഥയിലും ഇസ്ലാമിൽ നിന്ന് രാജിവെച്ചാൽ അവൻ കൊല്ലപ്പെടണം എന്ന് ആ ഹദീസും അതിന്റെ സന്ദർഭവും വെച്ച് പരിഗണിക്കുമ്പോൾ ലഭിക്കുന്നുണ്ടോ എന്ന് നമ്മുക്ക് പരിശോധിക്കാവുന്നതാണല്ലോ.

മൂന്ന് സാധ്യതകളാണ് നമ്മുടെ മുന്നിലുണ്ടാവുക. 

1. അവസ്ഥയോ സാഹചര്യമോ പരിഗണിക്കാതെ മതപരിത്യാഗി വധിക്കപ്പെടണം. 
2. ഒരവസ്ഥയിലും മതപരിത്യാഗി ശിക്ഷക്കപ്പെട്ടുകൂടാ. 
3. മതപരിത്യാഗി ശിക്ഷിക്കപ്പെടുന്ന സന്ദർഭവും, ശിക്ഷിക്കപ്പെടാത്ത സന്ദർഭവും ഉണ്ട്. 

ഇതിൽ ഒന്നാമത്തെ കാര്യം പരിഗണിച്ചാൽ  അത് പ്രാഥമികമായി തന്നെ ഇസ്ലാമിന്റെ ചില അധ്യാപനങ്ങളുമായി ഏറ്റുമുട്ടുന്നു. ഇസ്ലാം സമഗ്രവും സന്തുലിതവും വ്യക്തവുമായ ഒരു ജീവിത  വ്യവസ്ഥ എന്ന നിലക്ക് അതിന്റെ ഏതെങ്കിലും അധ്യാപനങ്ങൾ ഇതര മേഖലയിലെ നിയമവുമായി ഇടയുകയോ മൊത്തം അതിന്റെ അടിത്തറയുമായോ തത്ത്വങ്ങളുമായി ഭിന്നമാകുകയോ ചെയ്യില്ല എന്ന് പരക്കെ എല്ലാവരും അംഗീകരിക്കുന്നതാണ്. ഇതനുസരിച്ച് രണ്ട് സ്വപ്രധാന തത്ത്വങ്ങൾക്ക് ഇത് എതിരാവുന്നു. 

1. ഇസ്ലാം ചിന്താ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു. അഥവാ വിശ്വസിക്കുകയോ നിഷേധിക്കുകയോ ചെയ്യാൻ ഒരു മനുഷ്യന് അവകാശമുണ്ട്. 

2. മനുഷ്യനെയും  ഇസ്ലാം  സ്വീകരിക്കാൻ അത് നിർബന്ധിക്കുന്നില്ല.

ഒന്നാമത്തെ നിയമം നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന ചില പ്രായോഗിക വിഷമതകളും പ്രശ്നങ്ങളും.

1. ഇഷ്ടമില്ലാത്ത ഒരു വിശ്വാസവുമായി കപടനായി കഴിഞ്ഞുകൂടാൻ ഈ വിധി കാരണമാകുന്നു.

2. 99 ശതമാനവും പാരമ്പര്യ ഇസ്ലാമായതിനാൽ ബോധപൂർവം ഇസ്ലാം കൈകൊണ്ടവരല്ല ഇന്ത്യൻ മുസ്ലിംകൾ. (كَفَرَ بِرَبِّهِ بَعْدَ مَا رَأَى مَحَاسِنَ الْإِسْلَامِ وَبَعْدَ مَا هُدِيَ إلَيْهِ )
ഇസ്ലാമിലേക്ക് മാർഗദർശനം നൽകപ്പെടുകയും അതിനെ നല്ലതായി കാണുകയും ചെയ്ത ശേഷം തന്റെ റബിനെ നിഷേധിച്ചവൻ. ഇതാണ് മത പരിത്യാഗം കൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത്.

3. ഇസ്ലാമിന്റെ യഥാർഥ അധ്യാപനങ്ങളും വിശ്വാസങ്ങളുടെ മഹത്വവും സത്യസന്ധതയും ഒരു വലിയ വിഭാഗം ജനതക്ക് അജ്ഞാതമായി നിലനിൽകുന്നു.

4. ഇന്ത്യൻ സാഹചര്യത്തിൽ ഒരാൾ ഇതര വിശ്വാസം സ്വീകരിക്കുന്നത്. നിലവിലുള്ള മുസ്ലിം സമൂഹത്തിന് പ്രത്യേക ഹാനി വരുത്തുന്നുവെന്ന് പറയാനാവില്ല. മറിച്ച് ഇസ്ലാം സങ്കുചിതമാണെന്ന് പറയാനും. ഇതേ കാരണം പറഞ്ഞ് ഇസ്ലാമിലേക്ക് വരുന്നവരെ നിരുത്സാഹപ്പെടുത്താനും ഇസ്ലാം വിമർശകർക്കും ശത്രുക്കൾക്കും ഇത് മുഖേന സാധിക്കുന്നു. 

5. ഇസ്ലാമിലെ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കമ്പോൾ സാഹചര്യം നന്നായി പരിഗണിക്കാറുണ്ട്.  ഈ വിഷയം സാഹചര്യവുമായി ബന്ധപ്പെട്ടതും. അതുകൊണ്ടുതന്നെ അതിന്റെ കർമശാസ്ത്രം ഒരു ആരാധനകാര്യം പോലെ സ്ഥായിയായതും അല്ല. ആരാധനകൾക്ക് പോലും സാഹചര്യമനുസരിച്ച് ചെറിയ ഇളവുകളും വ്യത്യാസങ്ങളും കർമശാസ്ത്രമനുസരിച്ച് ലഭ്യമാണ്. ഈ വിഷയമാകട്ടെ സാഹചര്യം പരിഗണിക്കാതെ നടപ്പാക്കിയാൽ അതീവഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്ക് നിമിത്തമാകും.  

6. നിർണിതമായ ഒരു ശിക്ഷാവിധി (حد) എന്നതിനേക്കാൾ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി സാന്ദർഭികമായി സ്വീകരിക്കുന്ന അച്ചടക്ക നടപടി (تعزير) മാത്രമാണ് മതപരിത്യാഗിയെ കൊല്ലൽ എന്നാണ് നമുക്ക് പ്രമാണങ്ങളിൽ നിന്ന് ലഭിക്കുന്നത്. 


6. ഒട്ടേറെ സ്ഥലങ്ങളിൽ മതപരിത്യാഗത്തെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ടെങ്കിലും ഒന്നുരണ്ട് സൂക്തങ്ങളിൽ മാത്രമാണ് വ്യാഖ്യാനിച്ചാൽ മാത്രം ലഭിക്കുന്ന ഭൗതിക ശിക്ഷയെക്കുറിച്ചുള്ള പരാമർശമുള്ളത്.

7. പൗരാണികരായ പണ്ധിതരിൽ ഭൂരിപക്ഷവും മതപരിത്യാഗിക്ക് വധശിക്ഷതന്നെ എന്ന് പറയുമ്പോൾ ആധുനികരായ പണ്ധിതൻമാർ ഒറ്റയടിക്ക് അപ്രാകാരം പറയാൻ തയ്യാറാകുന്നില്ല. ഈ വിഷയത്തിൽ നാം കൂടുതൽ പരിഗണിക്കേണ്ടത് ആധുനിക പണ്ധിതരെയാണ്.

ഒരവസ്ഥയിലും മതപരിത്യാഗി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന സാധ്യതയെ പരിശോധിക്കാം. 

നിലവിലെ അവസ്ഥയിൽ നമുക്ക് അങ്ങനെ തോന്നും. എന്നാൽ ഇതൊരു ഇസ്ലാമിലെ ഒരു നിയമമായി കൊണ്ടുനടക്കാൻ സാധിക്കുമോ എന്നത് പരിഗണിക്കേണ്ടതുണ്ട്. ഇസ്ലാം എന്നത് കാല-ദേശഭേദങ്ങൾക്കതീതമായി മനുഷ്യനോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദർശനമാണ്. അതുകൊണ്ട് തന്നെ അതിന് എല്ലാ സാഹചര്യങ്ങളെയും കണ്ടുകൊണ്ട് മാത്രമേ നിയമം നിർമിക്കാനാവൂ. മതപരിത്യാഗിക്ക് നൽകപ്പെട്ട ശിക്ഷയിലും അതാണ് പരിഗണിച്ചത് എന്ന് നമുക്ക് കാണാനാവും. എന്തായിരുന്നു ആ സാഹചര്യം. 


ഹദീസിന്റെയും അതിലെ വിധിയുടെയും പ്രസക്തി

പ്രവാചകന്റെ കാലത്ത് ഒരു വിഭാഗം ബോധപൂർവം ഇസ്ലാമിനെ അപകടപ്പെടുത്തുവാൻ മതപരിത്യാഗം തന്ത്രമായി സ്വീകരിച്ചിരുന്നു. അതിനെ തടയിടേണ്ടത് ഇസ്ലാമിക സമൂഹത്തിന്റെ ആവശ്യമായിരുന്നു. രണ്ട് കാരണങ്ങളാണ് അതിനുള്ളത്.

1. ഇസ്ലാമിക ആദർശത്തിന്റെ സംരക്ഷണം.

ഇസ്ലാമിന്റെ ശത്രുക്കൾ ഈ കാമ്പയിൻ കൊണ്ട് അവർ ഉദ്ദേശിച്ചിരുന്നത്. ഇസ്ലാം എന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്രനല്ലതൊന്നുമല്ല ഞങ്ങൾ അതിന്റെ ഉള്ളറിഞ്ഞതാണ് എന്ന് അത് സ്വീകരിക്കാനിടയുള്ളവരെ തെറ്റിദ്ധരിപ്പിക്കുക. ഇതിലൂടെ ഇസ്ലാം സ്വീകരിക്കുന്നവരെ ആശങ്കയിലും സംശയത്തിലും അകപ്പെടുത്താൻ സാധിക്കും. മറ്റൊരു ദോഷം. ഇസ്ലാമിലേക്ക് കടന്നുവരുന്നവരെ സംശയത്തോടെ വീക്ഷിക്കാൻ അത് വിശ്വാസികളെ നിർബന്ധിക്കും. അത് അവർക്കിടയിലുള്ള സ്നേഹബന്ധത്തെയും സഹകരണത്തെയും ബാധിക്കും.

2. സമൂഹത്തിന്റെ സംരക്ഷണം.

നമ്മുക്കറിയാവുന്നത് പോലെ ആ കാലഘട്ടം യുദ്ധങ്ങളുടേതായ ഒരു കാലഘട്ടവും കൂടിയായിരുന്നു. പ്രായപുർത്തിയായ മുഴുവൻ മുസ്ലിംകളും അതിലെ പട്ടാളക്കാരായിരുന്നു. ധാരാളം സൈനിക രഹസ്യങ്ങൾ അവർക്ക് സൂക്ഷിക്കാനുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇസ്ലാമിൽ പ്രവേശിച്ചുകൊണ്ട് പരസ്യമായി തന്നെ വിട്ടുപോകാൻ അവസരം നൽകുന്ന പക്ഷം അത് ആത്മഹത്യാപരമായിരിക്കും. അക്കാലത്ത് ഇസ്ലാമിക വ്യവസ്ഥിതി തകരുക എന്നതിനർഥം ദൈവിക നീതിയനുസരിച്ച് പുലരുന്ന ഒരു ഭരണവ്യവസ്ഥയുടെ തകർച്ച എന്നതാണ്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഒരു സമൂഹത്തിന് തന്നെ ദോഷം വരുത്തുന്നതാണ്. 

ഇതിൽ നിന്ന് നാം സ്വാഭാവികമായും എത്തിച്ചേരുന്നത് മുർത്തദ്ദുകളുടെ വധശിക്ഷ നിരുപാധികമല്ലെന്നതാണ്. അഥവാ ഇതൊരു തന്ത്രവും ചതിയമാക്കി ഉപയോഗപ്പെടുത്താനുള്ള സാധ്യതയുള്ളതിനാൽ കേരളത്തിലെ യുക്തിവാദികളുടെ ആഗ്രഹത്തിനൊത്ത് അങ്ങനെയൊരു നിയമമേ ഇല്ലെന്ന് പറയാൻ ഇസ്ലാം എന്ന ആഗോള വ്യവസ്ഥിതിക്ക് സാധ്യമല്ല. എന്നാൽ ഈ സാഹചര്യം ഇല്ലാത്ത ഇന്ത്യയിലെന്നല്ല ഇസ്ലാമിക ലോകത്തും മുർത്തദ്ദായവർക്ക് വധശിക്ഷയല്ല ഒരു ശിക്ഷയും ആവശ്യമില്ല. അപ്രകാരം ശിക്ഷിക്കുന്നത് ഇസ്ലാമിന് നിരക്കുന്നതും അല്ല.  

ഈ ഒരു അടിസ്ഥാനചിന്തയിൽ നിന്ന് കൊണ്ട് പരിശോധിച്ചാൽ ഇത് സംബന്ധമായ ഹദീസുകളെയും ഖുർആൻ സൂക്തങ്ങളോടും നീതിപൂർവ്വം സമീപിക്കാനും തെറ്റായിവ്യാഖ്യാനിക്കാതെ ദൈവിക ഗ്രന്ഥത്തിന് ഇണങ്ങും വിധം വിശദീകരിക്കാനും സാധിക്കു. ആദ്യമായി ഇത് സംബന്ധമായ ഹദീസുകളെ പരിശോധിക്കാം. 

മുർത്തദ്ദിന്റെ ശിക്ഷ ഹദീസുകളിൽ 

അല്ലാഹുവിന്റെ ദൂതൻ അരുളി: മൂന്ന് അവസ്ഥകളിലല്ലാതെ മുസ്ലിമായ ഒരു മനുഷ്യൻ്റെ രക്തം ചിന്തുന്നത് അനുവദനീയമല്ല. വിവാഹിതനായ വ്യഭിചാരി, ആത്മാവിന് പകരം ആത്മാവ് (ഒരാളെ കൊന്നതിന് പകരമായി നടത്തപ്പെടുന്ന പ്രതിക്രിയ), സമൂഹവുമായി ബന്ധം വിച്ഛേധിച്ച് മതപരിത്യാഗിയായവൻ (ബുഖാരി, മുസ്ലിം)


عن ابن مسعود -رضي الله عنه- قال: قال رسول الله -صلى الله عليه وسلم-: لا يحل دم امرئ مسلم إلا بإحدى ثلاث: الثيب الزاني، والنفس بالنفس، والتارك لدينه المفارق للجماعة .رواه البخاري ومسلم.

ഇതാണ് റയ്യാൻ ഉദ്ധരിച്ച ഹദീസിന്റെ അറബി മൂലം.

والتارك لدينه المفارق للجماعة

കേവലം മതപരിത്യാഗിയാണെങ്കിൽ വത്താരിഖു ലിദീനിഹി എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ അൽമുഫാരിഖു ലിൽ ജമാഅത്ത് എന്ന് ചേർത്ത് പറഞ്ഞിരിക്കുന്നു. വിഘനടവാദി എന്ന് ഇന്ന നാം പറയുന്ന പോലെയോ അതിൽ ശക്തമോ ആയ അർഥം അതിനുണ്ട്. രക്തം പവിത്രമല്ലാതാകുന്ന ഒന്നാമത്തെ ആൾ വെറും വ്യഭിചാരിയല്ലല്ലോ. കേവല വ്യഭിചാരിക്ക് ഖുർആനിൽ നസ്സായി തന്നെ നൂറ് അടിയാണ് ശിക്ഷ. അതുകൊണ്ട് വിവാഹിതനായ വ്യഭിചാരി എന്ന് വ്യക്തമാക്കിയരിക്കുന്നു. എന്ന പോലെ കേവല മുർത്തദ്ദല്ല. അക്കാലത്ത് അൽജമാഅത്തിൽ നിന്ന് പിരിയുക എന്നത് ഇക്കാലത്ത് ഒരു ഇന്ത്യൻ സൈനികൻ പാകിസ്ഥാൻ പട്ടാളത്തിൽ ചേരുന്നതിനേക്കാൾ ഗുരുതരമായി അവസ്ഥയാണ്. ഒരു താരം ചാരപ്പണി അതിലുണ്ട്. ഇങ്ങനെയുള്ളവരുടെ രക്തത്തിന്റെ പവിത്രത നീക്കപ്പെട്ടിരിക്കുന്നുവെന്നത് ഏത് കാലത്തെ യുക്തിക്കും അംഗീകരിക്കാവുന്നതാണ്.

ഇത് സംബന്ധമായി വന്ന ഹദീസിന്റെ കഷ്ണമാണ് മറ്റൊന്ന് റയ്യാൻ അത് മുകളിൽ നൽകിയിട്ടുണ്ട്. അറബി മൂലം ഇങ്ങനെയാണ്.

{ مَنْ بَدَّلَ دِينَهُ فَاقْتُلُوهُ }

ഇവിടെ പ്രശ്നം അർഥത്തിലാണ്. ഇക്രിമത്തുബ്നു അബീജഹലിന്റെ റിപ്പോർട്ടായി മുസ്ലി(ഹദീസ് ഗ്രന്ഥം)മല്ലാത്ത സിഹാഉ സിത്തയിലെ ഹദീസു ഗ്രന്ഥങ്ങളെല്ലാം അത് ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ തന്നെ ഇബ്നു മാജ സുപ്രധാനമായ ഈ വാചകമില്ലാതെയാണ് റിപ്പോർട്ട് ചെയ്തത്. روى البخاري وغيره عَنْ عِكْرِمَةَ قَالَ : { أُتِيَ أَمِيرُ الْمُؤْمِنِينَ عَلِيٌّ رَضِيَ اللَّهُ عَنْهُ بِزَنَادِقَةٍ فَأَحْرَقَهُمْ ، فَبَلَغَ ذَلِكَ ابْنَ عَبَّاسٍ ، فَقَالَ : لَوْ كُنْت أَنَا لَمْ أَحْرِقْهُمْ لِنَهْيِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَا تُعَذِّبُوا بِعَذَابِ اللَّهِ ، وَلَقَتَلْتهمْ لِقَوْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .رَوَاهُ الْجَمَاعَةُ إلَّا مُسْلِمًا ، وَلَيْسَ لِابْنِ مَاجَهْ فِيهِ سِوَى : { مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .
 
യുക്തിവാദികൾ പതിവായി കൊണ്ടു നടക്കുന്ന ഹദീസാണിത്. ഇസ്ലാമിന്റെ ക്രൂരത കൂടി ഇതിലൂടെ പ്രകടമാകും എന്ന ഒരു ലക്ഷ്യത്തിൽ അത് പറയാതെ വായിക്കുന്നവർ മനസ്സിലാക്കട്ടെ എന്ന നിലക്ക് എല്ലായിടത്തും അവരിത് പകർത്തിവെക്കുന്നു. ഹദീസ് എന്ന സാങ്കേതിക സ്ഥാനമല്ലാതെ ഇതിന് പ്രവാചകനുമായുള്ള ബന്ധം ഈ ഹദീസിൽ തന്നെ വ്യക്തമാക്കിയ പോലെ വിഷയവുമായി നേർക്ക് നേരെ ബന്ധപ്പെട്ടതല്ല. അഥവാ അലി(റ) ഒരാളെ തീകൊണ്ട് ശിക്ഷിച്ചു. മറ്റൊരു സഹാബിയും പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നു അബ്ബാസ്(റ) ഇതറിഞ്ഞപ്പോൾ ഞാനായിരുന്നെങ്കിൽ തീകൊണ്ട് ശിക്ഷിക്കുമായിരുന്നില്ല. പ്രവാചക നിർദ്ദേശം അനുസരിച്ച് (ആരെങ്കിലും ദീൻ മാറിയാൽ നിങ്ങളദ്ദേഹത്തെ കൊന്നുകളയുക) മറ്റൊരു വിധത്തിൽ വധിക്കുമായിരുന്നു. ഒരു വിധിപറയുക എന്ന ലക്ഷ്യത്തോടെയല്ല ഈ വചനങ്ങളുള്ളത് ഒരു സംഭവവിവരണം മാത്രമാണിത്. അതിനാൽ അതിൽ ചുരുക്കിപ്പറഞ്ഞെതെടുത്ത് മതപരിത്യാഗിയുടെ ശിക്ഷാവിധിയുടെ അടിസ്ഥാനമാക്കാൻ നിർവാഹമില്ല. മാത്രമല്ല. 


ഹദീസിൽ സാധാരണ പ്രയോഗം (ദീൻ ഉപേക്ഷിച്ചവൻ) വിട്ട് زنديق എന്നതിന്റെ ബഹുവചനമായ زناديق എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന് അറബി ഭാഷ നിഘണ്ടുവിൽ നൽകപ്പെട്ട അർഥം ഏകദേശം ഇങ്ങനെയാണ്. വഴിപിഴച്ച മ്ലേച്ചസ്വഭാവമുള്ള ദൈവനിഷേധി, നിഷേധം ഒളിപ്പിച്ച് വെച്ച് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. 


  • جمع : زَنادِيقُ ، زَنادِقَةٌ . [ ز ن د ق ]. :- يا لَهُ مِنْ زِنْديقٍ ضالٍّ :- : الْمُمارِسُ للزَّنْدَقَةِ ، الضَّالُّ الخَبيثُ ، الْمُلْحِدُ ، مَنْ يُظْهِرُ الإِيمانَ وَيُخْفِي الكُفْرَ وَيُضْمِرُهُ .
ഇങ്ങനെയുള്ളവർ ഒരു സമൂഹത്തിൽ എത്രയും ഉണ്ടാകാം. അലി(റ)ന്റെ കാലത്ത് ഇത്തരത്തിലുള്ള ഒരാളുമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാക്കുന്നത് ശരിയാവുമോ. ഇല്ലെങ്കിൽ ഇദ്ദേഹത്തെക്കൊണ്ടുള്ള എന്തോ അക്ഷന്തവ്യമായ തിന്മയുടെ ഫലമായിട്ടാണ് ഇദ്ദേഹം ക്രൂരമായി തന്നെ ശിക്ഷിക്കപ്പെട്ടത് എന്നനുമാനിക്കാവുന്നതാണ്. ഏതർഥത്തിലാണെങ്കിലും ഇസ്ലാമിൽ നിന്നുകൊണ്ട് അത്തരം ഒരുകുറ്റം ചെയ്യാനാവാത്തതുകൊണ്ടാകും ഇദ്ദേഹത്തെ ദീനിൽനിന്ന് മാറിയവൻ എന്ന് പരാമർശിച്ചത് എന്ന് മനസ്സിലാക്കാവുന്നതാണ്. 


ഇനി മതപരിത്യാഗത്തെക്കുറിക്കുന്ന സൂക്തങ്ങൾ പരിശോധിക്കാം.

"وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآَخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ"

"كَيْفَ يَهْدِي اللَّهُ قَوْمًا كَفَرُوا بَعْدَ إِيمَانِهِمْ وَشَهِدُوا أَنَّ الرَّسُولَ حَقٌّ وَجَاءَهُمْ الْبَيِّنَاتُ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ، أُوْلَئِكَ جَزَاؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ خَالِدِينَ فِيهَا لَا يُخَفَّفُ عَنْهُمْ الْعَذَابُ وَلَا هُمْ يُنْظَرُونَ"

"مَنْ كَفَرَ بِاللَّهِ مِنْ بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَكِنْ مَنْ شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ".

"إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا أُوْلَئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمْ اللَّهُ وَلَا يَنْظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ"

"وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا"

"إِنَّ الَّذِينَ آَمَنُوا ثُمَّ كَفَرُوا ثُمَّ آَمَنُوا ثُمَّ كَفَرُوا ثُمَّ ازْدَادُوا
كُفْرًا لَمْ يَكُنِ اللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًا"

ഇത്രയുമാണ് വിശ്വാസത്തിന് ശേഷം നിഷേധം കൈകൊണ്ടവരെ (ശരിക്കും മതപരിത്യാഗി-മുർത്തദ്ദ്-കളെ സംബന്ധിച്ച് എന്ന് പറയാവുന്ന ഖുർആനിൽ പരാമർശിക്കുന്ന സൂക്തങ്ങൾ. ഇവയിൽ ആദ്യസൂക്തം വ്യാഖ്യാനിച്ച് അതിൽ മതപരിത്യാഗി വധിക്കപ്പെടണം എന്ന സൂചനയുണ്ടെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. 

അതേക്കുറിച്ച് പരിശോധിക്കാം...

(2:217-218) ജനം ചോദിക്കുന്നു, വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗൌരവമേറിയ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്നു ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൌരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്നഃ. കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും. (എന്നാല്‍ ഓര്‍ത്തുകൊള്ളുക!) നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തില്‍ നിത്യവാസികളുമത്രെ മറിച്ച്, വിശ്വസിക്കുകയും, ദൈവികസരണിയില്‍ വീടും കുടുംബവും വെടിയുകയും സമരത്തിലേര്‍പ്പെടുകയും ചെയ്തിട്ടുള്ളവരോ, അവരാകുന്നു ദൈവകാരുണ്യം പ്രതീക്ഷിക്കാനര്‍ഹതയുള്ളവര്‍. അല്ലാഹു അവരുടെ പാകപ്പിഴവുകള്‍ മാപ്പാക്കുന്നവനും കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നവനുമത്രേ.']

ഇതാണ് ആ സൂക്തത്തിന്റെയും അതിലെ തൊട്ടുമുമ്പിലെയും ആയത്തിന്റെ നേർക്ക് നേരെയുള്ള അർഥം. ഇതിൽ ഭൗതിക ശിക്ഷ നമ്മുക്ക് കാണാൻ കഴിയില്ല. എന്നാൽ فَيَمُتْ وَهُوَ كَافِرٌ എന്നതിലെ ഫ എന്ന അക്ഷരം ഒരു കാര്യം ഉടനെ സംഭവിക്കുന്നതിനെക്കുറിക്കുന്നുവെന്നും. അതിനാൽ സ്വമതത്തിൽ നിന്ന് പിൻമാറുന്നവർ ഉടനെ മരിക്കണമെങ്കിൽ കൊല്ലേണ്ടതുണ്ടല്ലോ എന്നുമാണ് വാദം. എന്നാൽ ഫ എല്ലായിടത്തും അതേ അർഥത്തിൽ വരണമെന്ന് നിർബന്ധമില്ലെന്ന് ഇതിനെ എതിർത്തും വാദമുണ്ട്.

അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ട് നിങ്ങളില്‍ ചിലര്‍ നിഷേധികളാകുന്നു; ചിലര്‍ വിശ്വാസികളും. (64:2)

هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ

ഇവിടെ ഫ എന്നുപയോഗിച്ചെങ്കിലും സൃഷ്ടിച്ച ഉടനെ കാഫിറാകുന്ന പ്രശ്നമില്ലല്ലോ എന്നതാണ് മറു ന്യായം.

അൽപമെങ്കിലും മതപരിത്യാഗിക്ക് വധശിക്ഷ വിധിക്കാനുണ്ടെന്ന് തോന്നുന്ന ഒരു സൂക്തത്തിന്റെ  അവസ്ഥ ഇതാണ്. ബാക്കി സൂക്തങ്ങളും ഇതേ പ്രകാരം തന്നെ വിസ്താര ഭയം കാരണം വിശദീകരിക്കുന്നില്ല. അങ്ങനെ മതപരിത്യാഗിക്ക് ശിക്ഷവിധിക്കുന്നവെന്ന് പറയുന്ന ഏക സൂക്തവും അത് തെളിയിക്കുന്നില്ലെന്ന് വ്യക്തമായി.

അല്ലെങ്കിലും കേവല മതപരിത്യാഗിയെ വധിക്കണമെന്നാണ് വിധിയെങ്കിൽ.


{ لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ}

ഈ സൂക്തത്തിന് പിന്നെ എന്ത് സൗകുമാര്യമാണ് അവശേഷിക്കുന്നത്.

അതുകൊണ്ട് ഇ.എ ജബ്ബാറിനെപ്പോലെയോ നാസറിനെ പോലെയോ ഉള്ള ഒരാൾ മതനിഷേധിയോ ജൂതനോ ക്രൈസതവനോ ആയാൽ ഇസ്ലാമിക ഭരണമാണെങ്കിൽ പോലും അതുകൊണ്ട് മാത്രം മരണ ശിക്ഷ വിധിക്കുകയില്ല. ഇനി ഒരു വ്യക്തി ഇസ്ലാം സ്വീകരിക്കുകയും പിന്നീട് പീഢനങ്ങളും ശിക്ഷയും ഭയപ്പെട്ടോ അതല്ലെങ്കിൽ ഇസ്ലാം ശരിയല്ലെന്ന് തന്നെ ബോധ്യപ്പെട്ടോ ഇസ്ലാം വെടിഞ്ഞാലും ഇസ്ലാമിക ഭരണവ്യവസ്ഥയാണെങ്കിൽ പോലും വധശിക്ഷയർഹിക്കുന്നില്ല എന്നാണ് മുകളിലെ ചർചകളിൽ നിന്ന് നമുക്ക് വ്യക്തമാകുന്നത്. 

2011 നവംബർ മാസത്തിൽ ഫെയ്സ് ബുക്കിൽ നടന്ന ഒരു ചർചയിൽ നൽകിയ കമന്റുകളാണ് ചെറിയ മാറ്റങ്ങളോടെ ഇവിടെ ചേർത്തത്. ഇതിന് ശേഷം കേരളത്തിൽ പ്രമുഖ മുസ്ലിം പണ്ഡിതരുടെ ഒട്ടേറെ പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മഞ്ചേരിയിലുള്ള അബ്ദുല്ലാ ഹസ്സൻ സാഹിബിന്റെ പുസ്തകത്തിൽ ഇതുസംബന്ധമായ ഒരു അധ്യായം ഉണ്ട്. പ്രമുഖ പണ്ഡിതനായ ഇനായത്തുള്ള സുബ്ഹാനിയുടെ ലാ ഇക്റാഹ ഫിദ്ദീൻ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ വിശ്വാസ സ്വതന്ത്ര്യം പേരിലും പുറത്തിറങ്ങിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ അതിൽ നിന്ന് ലഭിക്കുന്നതാണ്. കേവലമൊരു ചർചയിൽ തോന്നിയ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല ഇതെന്നാണ് സൂചിപ്പിച്ചത്. ആതിരയുടെ സ്വധർമത്തിലേക്ക് (അതാണ് അവരുടെ പ്രയോഗം) തിരിച്ചുപോക്കുമായി ബന്ധപ്പെട്ട് നേരത്തെ ചർചയിൽ പങ്കെടുത്തവർ തന്നെ വീണ്ടും ഈ വിഷയം എടുത്തിട്ടപ്പോഴാണ് അതിനെ വീണ്ടും ബ്ലോഗിലേക്ക് മാറ്റിയിട്ടത്. 

സമാന വിഷയമുള്ള ലിങ്കുകൾ..


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review