2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച

അടിമസ്ത്രീകളെ ഭോഗിക്കാമോ ?

യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന സ്ക്രീന്‍ ഷോട്ട്
അടിമകളുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇക്കാലത്ത് സജീവമായ ചര്‍ച അര്‍ഹിക്കുന്നതാണ് എന്ന് ഇയ്യുള്ളവനും വിശ്വസിക്കുന്നില്ല. എന്നാല്‍ യുദ്ധവും അടിമത്തവും അതിലൂടെ വരുന്ന അടിമസ്ത്രീകളെ ഉടമപ്പെടുത്തലുമൊക്കെ ഇസ്ലാം വിലക്കാത്തതാണ് എന്നും അതുകൊണ്ട് തന്നെ ഇക്കാലത്ത് ആരെങ്കിലും തിരിച്ച് അപ്രകാരം പ്രവര്‍ത്തിച്ചാല്‍ മുസ്ലികള്‍ അതുകൊണ്ട് രോഷംകൊള്ളേണ്ടതില്ല എന്നൊക്കെയുള്ള വ്യാപകമായ പ്രചാരണമാണ് ഇതുസംബന്ധമായ സൂക്തങ്ങളെ ഇപ്പോഴും ചര്‍ച്ചാവിഷയമാക്കുന്നതിലെ പ്രസക്തിയുണ്ടാക്കുന്നത്.

ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട ചില മുസ്ലിം പേരുള്ള യുവയുക്തിവാദികളാണ് തങ്ങള്‍ക്കിഷ്ടപ്പെട്ട വ്യഭിചാരം അരുതെന്ന് പറയാനുള്ള ധാര്‍മികതയൊന്നും ഇസ്ലാമിനില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ പ്രവാചക വചനങ്ങളും ഖുര്‍ആനിക സൂക്തങ്ങളും ഉപയോഗിച്ച്. അടിമകളെ ഇഷ്ടാനുസാരം ഭോഗിക്കാന്‍ മുഹമ്മദ് നബി അനുചരന്‍മാര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട്. അദ്ദേഹവും ആ സൗകര്യം വേണ്ടുവോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രചരിപ്പിക്കുന്നത്. മാത്രമല്ല ഭര്‍ത്താവുള്ള അടിമ സ്ത്രീകളെ പോലും ഭോഗിക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്നതിന് തെളിവായി നാലാമത്തെ അധ്യായമായ സൂറത്തുന്നിസ്സാഇലെ 24ാം സൂക്തം അറബി മൂലം സഹിതം ഫെയ്സ് ബുക്കില്‍ ഇടക്കിടക്ക് പോസ്റ്റിക്കൊണ്ടിരിക്കുന്നു. അതിന്റെ സത്യാവസ്ഥയും യുക്തിവാദികള്‍ കാണിക്കുന്ന കൈക്രിയകളും തുറന്നുകാണിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
യുക്തിവാദികള്‍ പഠിക്കേണ്ട ഒരു സൂക്തതവും അതിന്റെ ഖുര്‍ആനിലെ സ്ഥാനവും ആണ് ഈ പോസ്റ്റിലുള്ളത്. മേലിലെങ്കിലും ഈ സൂക്തം പൊക്കി വരുമ്പോള്‍ ഇമോജിയും ലൈക്കും അടിക്കുന്നതിന് മുമ്പ് ചില കാര്യങ്ങല്‍ മനസ്സിലാക്കി വെക്കുന്നത് ഗുണകരമാവും. സൂറത്തുനിസാഇലെ 23 മുതല്‍ 25 വരെയുള്ള സുക്തത്തിനിടക്ക് 24ാം സൂക്തമായിട്ടാണ് ഈ ഗ്രൂപ്പില്‍ ഏറെ ചര്‍ച ചെയ്ത പ്രസ്തുത സൂക്തം വരുന്നത്. വിഷയം ഇസ്ലാമിക അധ്യാപനമനുസരിച്ച് ആരെയൊക്കെ വിവാഹം ചെയ്യാം അരെയൊക്കെ ചെയ്യരുത് എന്നതാണ്. കാര്യങ്ങളിലെല്ലാം അനുവദനീയത എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്വം. എന്തൊക്കെയാണ് നിഷിദ്ധമായത് എന്ന് വ്യക്തമാക്കുകയാണ് ഇസ്ലാം ചെയ്യാറുള്ളത്. നിഷിദ്ധമാക്കാത്തതെല്ലാം അനുവദനീയമാണ് എന്ന് മനസ്സിലാക്കണം. ആ നിലക്ക് തന്നെ വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട സ്ത്രീകള്‍ ആരൊക്കെയാണ് എന്ന് വിശദമായി പറയുന്നു ഇവിടെ ഖുര്‍ആന്‍.


സൂക്തങ്ങള്‍ വായിക്കുക.

(23) നിങ്ങളുടെ മാതാക്കളും പെണ്‍മക്കളും പെങ്ങന്‍മാരും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദര പുത്രിമാരും സഹോദരീ പുത്രിമാരും നിങ്ങള്‍ക്കു മൂലയൂട്ടിയവരായ മാതാക്കളും മുലകുടി ബന്ധത്തിലുള്ള സഹോദരിമാരും നിങ്ങളുടെ ഭാര്യമാരുടെ മാതാക്കളും നിങ്ങളോടൊപ്പം ദാമ്പത്യം പങ്കിട്ട സ്ത്രീകളില്‍ പിറന്നവരും നിങ്ങളുടെ വീടുകളില്‍ വളര്‍ന്നവരുമായ വളര്‍ത്തുപുത്രിമാരും -ഇനി (ആ സ്ത്രീകളെ വിവാഹം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ) അവരുമായി ദമ്പതികളായി കഴിഞ്ഞുകൂടിയിട്ടില്ലെങ്കില്‍ (അവരെ ഒഴിവാക്കി അവരുടെ പുത്രിമാരെ വിവാഹം ചെയ്യുന്നതില്‍) കുറ്റമില്ല- സ്വന്തം പുത്രന്മാരുടെ ഭാര്യമാരും നിങ്ങള്‍ക്കു നിരോധിക്കപ്പെട്ടിരിക്കുന്നു. രണ്ടു സഹോദരികളെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും നിഷിദ്ധമാകുന്നു. എന്നാല്‍, നേരത്തേ കഴിഞ്ഞുപോയതു പോകട്ടെ. നിശ്ചയം അല്ലാഹു മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ .

(24) മറ്റാരെങ്കിലും വിവാഹം ചെയ്തിട്ടുള്ള ഭര്‍ത്തൃമതികളായ സ്ത്രീകളും (മുഹ്‌സ്വനാത്ത്) നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു. ഇത് നിങ്ങള്‍ അനുസരിക്കാന്‍ കടപ്പെട്ട ദൈവികനിയമമത്രെ. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം സമ്പത്ത് (വിവാഹമൂല്യം) മുഖേന നിങ്ങള്‍ തേടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവരെ അവിഹിത വേഴ്ചയിലേര്‍പ്പെടാതെ വിവാഹത്തിന്റെ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കണമെന്നു നിബന്ധനയുണ്ട്. അവരുമായി ദാമ്പത്യസുഖം പങ്കിടുന്നവര്‍ അവര്‍ക്കുള്ള വിവാഹമൂല്യം നിര്‍ബന്ധമായിത്തന്നെ നല്‍കേണ്ടതാകുന്നു. വിവാഹമൂല്യം നിര്‍ണയിച്ചശേഷം ഉഭയസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. നിശ്ചയം അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു.

(25) നിങ്ങളില്‍ ആര്‍ക്കെങ്കിലും വിശ്വാസിനികളായ കുലസ്ത്രീകളെ (മുഹ്‌സ്വനാത്ത്) വിവാഹം ചെയ്യാന്‍ സാമ്പത്തികശേഷിയില്ലാതെ വന്നാല്‍, നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ യുവതികളെ വേട്ടുകൊള്ളുക. നിങ്ങളുടെ വിശ്വാസത്തിന്റെ അവസ്ഥ ഏറ്റം അറിയുന്നവനത്രെ അല്ലാഹു. നിങ്ങളെല്ലാവരും ഒരേ വിഭാഗത്തില്‍പെട്ട ജനങ്ങളാണല്ലോ. അതിനാല്‍, അവരുടെ രക്ഷാധികാരികളുടെ അനുമതിയോടെ നിങ്ങള്‍ അവരെ വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്കു ന്യായമായ വിവാഹമൂല്യം നല്‍കുകയും ചെയ്യുക; അവര്‍ ദാമ്പത്യത്തിന്റെ പരിധിയില്‍ സുരക്ഷിതര്‍ (മുഹ്‌സ്വനാത്ത്) ആയിരിക്കുന്നതിനും അവിഹിതവേഴ്ചകളിലേര്‍പ്പെടാതിരിക്കുന്നതിനും ജാരന്മാരെ സ്വീകരിക്കാതിരിക്കുന്നതിനും വേണ്ടി. ദാമ്പത്യത്തിന്റെ പരിധിയില്‍ സുരക്ഷിതരായശേഷം ദുര്‍നടപ്പിലേര്‍പ്പെടുന്നവര്‍ക്ക് കുലസ്ത്രീകള്‍ക്ക് (മുഹ്‌സ്വനാത്ത്) നിശ്ചയിക്കപ്പെട്ടിട്ടുള്ള ശിക്ഷയുടെ പകുതി ശിക്ഷ നല്‍കപ്പെടേണ്ടതാകുന്നു. ഈ ഇളവ് നിങ്ങളില്‍, കല്യാണം കഴിച്ചില്ലെങ്കില്‍ അനാശാസ്യ നടപടിയിലേക്കു വഴുതിപ്പോകുമെന്ന് ഭയപ്പെടുന്ന ആളുകള്‍ക്കു വേണ്ടിയുള്ളതത്രെ. എന്നാല്‍, നിങ്ങള്‍ ക്ഷമിക്കുന്നുവെങ്കില്‍, അതാണ് ഏറ്റം ഗുണകരം. അല്ലാഹു പൊറുക്കുന്നവനും ദയാപരനുമല്ലോ.



പ്രിയ യുക്തിവാദികളേ, വിമര്‍ശകരേ ഈ സൂക്തങ്ങളില്‍ നിങ്ങള്‍ മാപ്പിലപ്പേരുള്ള യുക്തിവാദികള്‍ നിരന്തരം ഈ ഗ്രൂപില്‍ പോസ്റ്റ് ചെയ്യുന്ന സൂക്തം കണ്ടല്ലോ.

ഇനി അതിന് നേരത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എഴുതിയ വ്യാഖ്യാനം കൂടി വായിക്കുക. എന്നിട്ടും അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് തോന്നുന്നെങ്കില്‍ അതുസംബന്ധമായി ചര്‍ചയാകാം.

പ്രസ്തുത സൂക്തത്തിന്റെ (24) വ്യഖ്യാനം.

[[[ 'യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളുടെ അമുസ്‌ലിം ഭര്‍ത്താക്കള്‍ 'ദാറുല്‍ ഹര്‍ബി'ല്‍ (ശത്രുരാജ്യത്ത്) താമസിക്കുന്നുണ്ടെങ്കിലും ആ സ്ത്രീകളെ സ്വീകരിക്കുന്നത് ഹറാമല്ല. കാരണം, ശത്രുരാജ്യത്തില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രത്തിലേക്ക് അവര്‍ വരുന്നതുകൊണ്ട് ആ വിവാഹം ദുര്‍ബലപ്പെട്ടിരിക്കുന്നു. അത്തരം സ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണ്. ഇപ്പോള്‍ ആരുടെ ഉടമയില്‍ അവര്‍ സ്ഥിതിചെയ്യുന്നുവോ അയാള്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഇനി ഭാര്യാഭര്‍ത്താക്കള്‍ ഒപ്പം പിടിക്കപ്പെടുന്ന പക്ഷം അവരുടെ വിധി എന്തെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. അവരുടെ പൂര്‍വ ബന്ധം പിന്നെയും അവശേഷിക്കുമെന്നാണ് ഇമാം അബൂഹനീഫയുടെയും ശിഷ്യന്മാരുടെയും അഭിപ്രായം. ഇമാം മാലിക്കും ഇമാം ശാഫിഈയും പറയുന്നത് ആ ബന്ധം ദുര്‍ബലപ്പെടുമെന്നാണ്. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച് ജനഹൃദയങ്ങളില്‍ ഒട്ടുവളരെ തെറ്റുധാരണകള്‍ സ്ഥലംപിടിച്ചിട്ടുണ്ട്. അതിനാല്‍, താഴെ പറയുന്ന സംഗതികള്‍ ഇവിടെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്:

i) സ്ത്രീകള്‍ യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെടുന്നതോടെ പട്ടാളക്കാര്‍ക്ക് അവരെ ഭോഗിക്കാന്‍ പാടുള്ളതല്ല. അവരെ ഗവണ്‍മെന്റിന്റെ വശം ഏല്‍പിക്കണം; ഗവണ്‍മെന്റിന് അവരെ വിട്ടയക്കുകയോ, പിഴ വാങ്ങി മോചിപ്പിക്കുകയോ, ശത്രുക്കളുടെ ബന്ധനത്തിലുള്ള മുസ്‌ലിം ഭടന്മാര്‍ക്ക് പകരമായി കൈമാറുകയോ ചെയ്യാന്‍ അധികാരമുണ്ട്. അതുപോലെ ഗവണ്‍മെന്റിനു പട്ടാളക്കാര്‍ക്കിടയില്‍ അവരെ വിഭജിച്ചുകൊടുക്കാവുന്നതുമാണ്. ഇങ്ങനെ വിഭജിക്കുക വഴി, ഗവണ്‍മെന്റില്‍നിന്നു നിയമാനുസാരം ഉടമപ്പെടുന്ന സ്ത്രീകളെ മാത്രമേ ഒരു പടയാളിക്ക് ഭോഗിക്കാന്‍ പാടുള്ളൂ.

ii) ഇപ്രകാരം ഒരാളുടെ ഉടമയില്‍വരുന്ന സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തണമെങ്കില്‍ അവള്‍ക്ക് ഒരു പ്രാവശ്യം ആര്‍ത്തവശുദ്ധി വരുകയും അവള്‍ ഗര്‍ഭിണിയല്ലെന്നുറപ്പാവുകയും വേണം. അതിനുമുമ്പ് അവളുമായി സമ്പര്‍ക്കം ഹറാമാണ്. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം കഴിഞ്ഞു ശുദ്ധിയാവുന്നതുവരെ സംസര്‍ഗം പാടില്ല.

iii) യുദ്ധത്തില്‍ ബന്ധനസ്ഥകളാകുന്ന സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന് അവര്‍ വേദക്കാരായിരിക്കണമെന്ന് ഉപാധിയൊന്നുമില്ല. അവരുടെ മതം എന്തുതന്നെയായാലും ശരി, നിയമാനുസാരം വിഭജിച്ചുകിട്ടിയ ആള്‍ക്ക് അവരുമായി ബന്ധം പുലര്‍ത്താവുന്നതാണ്.

iv) ഒരു സ്ത്രീ ഏതൊരുത്തന്റെ അവകാശത്തില്‍ വന്നിട്ടുണ്ടോ അവനു മാത്രമേ അവളെ ഭോഗിക്കാന്‍ പാടുള്ളൂ. മറ്റൊരാള്‍ക്കും അവളുടെ മേല്‍ കൈവയ്ക്കാന്‍ അവകാശമില്ല. അവള്‍ക്കുണ്ടാകുന്ന സന്തതികള്‍ അയാളുടെ നിയമാനുസൃത സന്താനങ്ങളായി പരിഗണിക്കപ്പെടും. സ്വന്തം മക്കളെന്ന നിലക്ക്, ഇവര്‍ക്കും കുലീനയില്‍ ജനിച്ച സന്തതികള്‍ക്കുള്ള നിയമപരമായ അവകാശങ്ങളെല്ലാം ശരീഅത്ത് നിശ്ചയിച്ചിട്ടുണ്ട്. സന്താനമുണ്ടായാല്‍ പിന്നെ അവളെ കൈമാറാന്‍ പാടില്ല. യജമാനന്‍ മരിക്കുന്നതോടെ അവള്‍ സ്വയം സ്വതന്ത്രയാവുകയും ചെയ്യും.

v) മേല്‍പറഞ്ഞ വിധം ഒരാളുടെ അധീനത്തില്‍ വരുന്ന സ്ത്രീയെ വേറൊരാള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കാവുന്നതാണ്. അങ്ങനെ കല്യാണം നടന്നാല്‍ പിന്നെ യജമാനന് അവളുമായി യാതൊരു ലൈംഗികബന്ധവും പാടില്ല. മറ്റു പരിചരണങ്ങളെല്ലാമാവാം.

vi) ഭാര്യമാരുടെ സംഖ്യ നാലില്‍ പരിമിതമാക്കിയതുപോലെ ദാസിമാരുടെ സംഖ്യക്കു ശരീഅത്ത് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍, പലരും തെറ്റിദ്ധരിക്കുംപോലെ, പണക്കാര്‍ക്ക് എത്ര വേണമെങ്കിലും വെപ്പാട്ടികളെ വെച്ചു തങ്ങളുടെ ഗൃഹത്തെ സുഖലോലുപതയുടെ കേന്ദ്രമാക്കാന്‍ അനുവദിക്കലല്ല ശരീഅത്തിന്റെ ഉദ്ദേശ്യം; മറിച്ച്, യുദ്ധത്തിന്റെ പരിതോവസ്ഥകള്‍ക്കു നിര്‍ണയമില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഒരു പരിധി നിര്‍ണയിക്കാന്‍ കഴിയാത്തതാണതിനു കാരണം.

vii) മറ്റെല്ലാ ഉടമാവകാശങ്ങളെയും പോലെ ഒരാള്‍ക്കു നിയമാനുസൃതമായി ഗവണ്‍മെന്റ് നല്‍കിയ യുദ്ധത്തടവുകാരുടെ മേലുള്ള ഉടമാവകാശവും കൈമാറ്റം ചെയ്യാവുന്നതാണ്.

viii) വിവാഹം ഒരു നിയമാനുസൃത നടപടിയായതുപോലെത്തന്നെയാണ് ഗവണ്‍മെന്റില്‍നിന്നു നിയമാനുസാരം നല്‍കപ്പെട്ട ഈ ഉടമാവകാശവും. അതുകൊണ്ട് വൈവാഹിക ബന്ധത്തില്‍ ഒരാള്‍ക്കും അവജ്ഞ തോന്നാത്ത സ്ഥിതിക്ക്, ഗവണ്‍മെന്റില്‍നിന്ന് നല്‍കപ്പെട്ട ദാസിമാരെ ഭോഗിക്കുന്ന വിഷയത്തില്‍ മാത്രം ഒരനാശാസ്യത തോന്നാന്‍ യുക്തിപൂര്‍വകമായ ഒരു ന്യായവുമില്ല.

ix) യുദ്ധത്തടവുകാരില്‍ വല്ല സ്ത്രീയേയും ഒരാള്‍ക്ക് ഉടമപ്പെടുത്തിക്കൊടുത്തതിനു ശേഷം അവളെ തിരിച്ചുവാങ്ങാന്‍ ഗവണ്‍മെന്റിനു ഒരധികാരവുമില്ല; ഒരു സ്ത്രീയുടെ രക്ഷാകര്‍ത്താവ് അവളെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തതുപോലെത്തന്നെ. അങ്ങനെ, വിവാഹം ചെയ്തുകൊടുത്ത ശേഷം അവളെ തിരിച്ചുവാങ്ങാന്‍ രക്ഷാകര്‍ത്താവിന് ഒരവകാശവുമില്ല.

x) വല്ല സേനാധിപതിയും വെറും താല്‍ക്കാലികമായി തന്റെ പട്ടാളക്കാര്‍ക്ക് ബന്ധനസ്ഥരായ സ്ത്രീകളുമായി ലൈംഗികവേഴ്ച നടത്താന്‍ അനുവാദം കൊടുക്കുന്നപക്ഷം അത് ഇസ്‌ലാമിക നിയമപ്രകാരം കേവലം നിഷിദ്ധമായ നടപടിയാണ്. അതും വ്യഭിചാരവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. വ്യഭിചാരമാകട്ടെ, ഇസ്‌ലാമിക നിയമപ്രകാരം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റവുമാണല്ലോ. ']]]
(ഉദ്ധരണം തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന് )

യുക്തിവാദിക്ക് സ്ഥാപിച്ചുകിട്ടേണ്ടത് ഇസ്ലാം എത്രമാത്രം അധാര്‍മിക ഉള്‍ക്കൊള്ളുന്ന ഒരു മതമാണ് എന്ന വാദമാണ്. 1400 വര്‍ഷം മുമ്പ് യുദ്ധത്തടവുകാരെ അടിമകളായി പിടിക്കുകയും അവരുടെ കാര്യത്തില്‍ യാതൊരു നിയമമോ വ്യവസ്ഥയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്താണ് ഈ വിഷയത്തില്‍ ഇസ്ലാം ഇത്രയും യുക്തിഭദ്രമായ നിര്‍ദ്ദേശങ്ങള്‍ നല്‍ക്കുന്നത് എന്നത് ശ്രദ്ധിക്കണം. മനുഷ്യര്‍ക്കിടയില്‍ ജന്മംകൊണ്ട് ജാതിനിശ്ചയിക്കുകയും അവര്‍ക്കിടയില്‍ ഉയര്‍ന്ന വിഭാഗങ്ങളുടെ സൗകര്യങ്ങളും സുഖങ്ങളും മാത്രം നോക്കി സംബന്ധവും അതുമായി ബന്ധപ്പെട്ട അനാചാരങ്ങളും ഇയ്യടുത്തകാലത്താണ് ഇല്ലാതായി പോയത് എന്ന വസ്തുതകൂടി നാം കണക്കിലെടുക്കുമ്പോഴാണ്. ആരെ വിവാഹം ചെയ്യണം ആരെ ചെയ്യരുത് എന്ന കണിശമായ ഈ നിയമത്തിന്റെ വില നമുക്ക് മനസ്സിലാക്കാനാവൂ.

ഇസ്ലാം എന്നത് ആറാം നൂറ്റാണ്ടിലെ ഗോത്രസംസ്കാരം പേറുന്ന മതമല്ല. ലോകത്തിന്  പതിനാല് നൂറ്റാണ്ട് മുമ്പില്‍ നടന്ന ഒരു ജീവിതദര്‍ശനമാണ് എന്നതാണ് നേര്. അത് മുഴുവന്‍ മനുഷ്യരുടേതുമാണ്. ഈ വിജ്ഞാനങ്ങളെല്ലാം കിട്ടിയിട്ടും വിവാഹം കഴിച്ചുവെന്നതുകൊണ്ട് അത് ഏത് രൂപത്തില്‍ വേര്‍പ്പെട്ടാലും അതിന് പുരുഷന്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ എന്ന രൂപത്തില്‍ ഇപ്പോഴും നിയമം നിര്‍മിക്കുന്ന ആധുനിക മനുഷ്യന്റെ വിവരക്കേടും നാം ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുനോക്കേണ്ടതുണ്ട്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review