ലോകത്തിലെ രണ്ട് പ്രബലമതവിഭാഗമായ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള ഒരു കാര്യമാണ്, ദൈവം പ്രവാചകനായ ഇബ് റാഹീമിനോട് ബലിയറുക്കാന്‍ ആവശ്യപ്പെട്ടത് തന്റെ പുത്രന്മാരില് പെട്ട ഇസ്മായിലിനെയോ അതല്ല ഇസ്ഹാഖിനെയോ എന്നത്. ബലി പുത്രന് ഇസ്ഹാഖാണെന്ന് ക്രിസ്ത്യനികളും ഇസ്മായീലാണെന്ന് മുസ്ലിംകളും വിശ്വസിക്കുന്നു. അതോടൊപ്പം ആദ്യകാല മുസ്ലിംകളില് ചിലര്‍ക്ക് അക്കാര്യത്തില്‍ ചില സംശയങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു എന്നും കാണുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ആധുനിക ചിന്തകനും പണ്ഡിതനുമായ മൌലാനാ മൌദൂദിയുടെ നിരീക്ഷണങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. ആഘോഷത്തിന്റെ സന്ദര്‍ഭത്തില്‍ മതങ്ങളിലെ വ്യത്യാസം പൊലിപ്പിച്ചുകാണിക്കുക എന്നതല്ല ഉദ്ദേശ്യം.മുസ്ലിംകളില് പ്രാമാണികരായ പ്രവാചകന്റെ അനുചരന്മാരില് ചിലര്‍ക്കുപോലും ബലിപുത്രന്‍ ഇസ്ഹാഖാണെന്ന ധാരണയുണ്ടായിരുന്നുവെന്നത് മുസ്ലിംകള്ക്ക് പലര്‍ക്കും അജ്ഞാതമാണ്. യാഥാര്‍ഥ്യങ്ങള്‍ പരസ്പരം തിരിച്ചറിയുന്നത് നന്നായിരിക്കും എന്ന സദുദ്ദേശ്യം മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. മതസൌഹാര്‍ദ്ദ സമ്മേളനത്തിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ ഉണ്ടാകുന്ന ചില കല്ലുകടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ അഭിപ്രായ വ്യത്യാസത്തിന് കാരണമെന്ത്? തുടര്‍ന്ന് വായിക്കുക:
'ഇവിടെ നമ്മുടെ മുന്നില്‍ ഒരു ചോദ്യമുയര്‍ന്നുവരുന്നു. ഹ. ഇബ്റാഹീം (അ) തന്റെ ഏതു പുത്രനെയാണ് ബലി നല്കാന് ഒരുങ്ങിയത്. ബലിയറുക്കപ്പെടാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടുവന്നത് ഏതു പുത്രനായിരുന്നു? ആദ്യമായി ഈ ചോദ്യത്തിനു ബൈബിളില്‍നിന്നാണ് നമുക്ക് ഉത്തരം ലഭിക്കുന്നത്. അതിതാണ്:
"അതിന്റെ ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാല്‍, അബ്രഹാം എന്നു വിളിച്ചതിനു ഞാന്‍ ഇതാ എന്നവന് പറഞ്ഞു. അപ്പോള്‍ അവന് നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മേരിയാ ദേശത്തുചെന്നു അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നരുളി ചെയ്തു.'' (ഉല്പത്തി 22:1-2)
ഇതില്‍ ഒരുവശത്ത് അല്ലാഹു ബലി നല്‍കാനാവശ്യപ്പെട്ടത് ഇസ്ഹാഖിനെയാണെന്നും മറുവശത്ത് ഇസ്ഹാഖ് അദ്ദേഹത്തിന്റെ ഏക പുത്രനാണെന്നും വ്യക്തമായി പറയുന്നു. എന്നാല്‍, ബൈബിളിന്റെ തന്നെ മറ്റു പ്രസ്താവനകള്‍ ഹ. ഇസ്ഹാഖ് (അ) ഇബ്റാഹീം (അ)ന്റെ ഏക പുത്രനായിരുന്നില്ല എന്ന് ഖണ്ഡിതമായി സ്ഥിരീകരിക്കുന്നുണ്ട്. ബൈബിളിലെ താഴെ പറയുന്ന വാക്യങ്ങള്‍ നോക്കുക: 'അബ്രഹാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല. എന്നാല്‍, അവള്‍ക്ക് ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യ ദാസി ഉണ്ടായിരുന്നു. സാറായി അബ്രഹാമിനോട് ഞാന്‍ പ്രസവിക്കാതിരിപ്പാന് യഹോവ എന്റെ ഗര്‍ഭം അടച്ചിരിക്കുന്നുവല്ലോ, എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും. പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രഹാം സാറായിയുടെ വാക്കനുസരിച്ചു. അബ്രഹാം കനാന്‍ദേശത്തു പാര്‍ത്തു. പത്തു സംവല്‍സരം കഴിഞ്ഞപ്പോള്‍ അബ്രഹാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യ ദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രഹാമിനു ഭാര്യയായി കൊടുത്തു. അദ്ദേഹം ഹാഗാറിനെ സമീപിച്ചു. അവള് ഗര്‍ഭിണിയായി.' (ഉല്പത്തി 16:1-3)
"നീ ഗര്‍ഭിണിയല്ലോ. നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ട് അവന്ന് യിശ്മയേല്‍ എന്നു പേര് വിളിക്കണം.'' (ഉല്പത്തി 16-11)
"ഹാഗാര്‍ ഇശ്മയേലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് 86 വയസ്സായിരുന്നു. (ഉല്പത്തി 16:16)
'ദൈവം പിന്നെ അബ്രഹാമിനോട്: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്, അവളുടെ പേര് സാറാ എന്ന് ഇരിക്കേണം. ഞാന്‍ അവളെ അനുഗ്രഹിച്ച് അവളില്‍നിന്ന് നിനക്കൊരു മകനെ തരും. ഞാന്‍ അവളെ അനുഗ്രഹിക്കുകയും അവള് ജാതികള്‍ക്ക് മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാര് അവളില്‍നിന്നുല്‍ഭവിക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്തു. അപ്പോള്‍ അബ്രഹാം കമിഴ്ന്നുവീണു ചിരിച്ചു. നൂറുവയസ്സുള്ളവന് മകന് ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തില്‍ പറഞ്ഞു. യിശ്മയേല്‍ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാല്‍ മതി എന്ന് അബ്രഹാം ദൈവത്തോടു പറഞ്ഞു. അതിന് ദൈവം അരുളിച്ചെയ്തു: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും. നീ അവന്ന് യിസ്ഹാക്ക് എന്നുപേരിടണം. ഞാന്‍ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും നിന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. യിശ്മയേലിനെക്കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ധിപ്പിക്കും. ഞാന്‍ അവനെ വലിയൊരു ജാതിയാക്കും. എന്റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ ഇനിയത്തെ ആണ്ട് ഈ സമയത്ത് സാറാ നിനക്ക് പ്രസവിക്കാനുള്ള യിസ്ഹാക്കിനോട് ആകുന്നു. ദൈവം അബ്രഹാമിനോട് അരുളിച്ചെയ്തു തീര്‍ന്നശേഷം അവനെ വിട്ടു കയറിപ്പോയി. അനന്തരം അബ്രഹാം തന്റെ മകനായ യിശ്മയേലിനെയും അവന്റെ വീട്ടില്‍ ജനിച്ച സകല ദാസന്മാരെയും താന്‍ വിലക്കുവാങ്ങിയവരെ ഒക്കെയും അബ്രഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി, ദൈവം തന്നോട് കല്പിച്ചതുപോലെ അവരുടെ അഗ്രചര്‍മത്തെ അന്നുതന്നെ പരിച്ഛേദനം കഴിച്ചു. അബ്രഹാം പരിച്ഛേദനയേറ്റപ്പോള് അവന്ന് തൊണ്ണൂറ്റൊമ്പത് വയസ്സായിരുന്നു. അവന്റെ മകനായ യിശ്മയേല്‍ പരിച്ഛേദനയേറ്റപ്പോള് അവന് പതിമൂന്ന് വയസ്സായിരുന്നു' (ഉല്പത്തി 17: 15-25).
'ദൈവം അബ്രഹാമിനോട് കല്പിച്ചിരുന്നതുപോലെ അവന്റെ മകനായ യിസ്ഹാക്കിന് എട്ടാംദിവസം പരിച്ഛേദനം കഴിച്ചു' (ഉല്പത്തി 21:4). 'അബ്രഹാമിന് ഇസ്ഹാഖ് എന്ന പുത്രന് ജനിച്ചപ്പോള്‍ അദ്ദേഹത്തിന് നൂറുവയസ്സുണ്ടായിരുന്നു.' (ഉല്പത്തി 21:5)
ബൈബിള്‍ പ്രസ്താവനകളിലുള്ള വൈരുധ്യം ഈ ഉദ്ധരണികള്‍ തുറന്നുകാണിക്കുന്നു. 14 വര്‍ഷത്തോളം ഹ. ഇസ്മാഈല്‍(അ) തന്നെയായിരുന്നു ഇബ്റാഹീമി(അ)ന്റെ ഏകപുത്രന് എന്നു വ്യക്തം. അതുകൊണ്ട് ബലി നല്കാന് ആവശ്യപ്പെട്ടത് ഏകപുത്രനെയായിരുന്നുവെങ്കില്‍ അത് ഇസ്മാഈലി(അ)നെ ആയിരിക്കാനേ നിര്‍വാഹമുള്ളൂ. കാരണം, അദ്ദേഹം മാത്രമേ ഏകപുത്രനായിരുന്നിട്ടുള്ളൂ. ഇസ്ഹാഖിനെയാണ് ബലി നല്കാന് ആവശ്യപ്പെട്ടതെങ്കില്‍ 'ഏക പുത്രന്' എന്നു പറഞ്ഞത് തെറ്റാകുന്നു.
ഇനി ഇസ്ലാമിക കഥകളിലേക്ക് നോക്കിയാല്‍ അതില്‍ കടുത്ത ഭിന്നതകള്‍ കാണാം. ഒരുകൂട്ടം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വഹാബിവര്യന്മാരും താബിഈ പണ്ഡിതന്മാരും ഉദ്ധരിച്ചിട്ടുള്ളത് ബലിപുത്രന്‍ ഇസ്ഹാഖ്(അ) ആയിരുന്നുവെന്നാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടവരില്‍ താഴെ പറയുന്നവര്‍ ഉള്‍പ്പെടുന്നു. ഹ. ഉമര്‍, അലി, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബ്ബാസ് ഇബ്നു അബ്ദില്‍ മുത്ത്വലിബ്, ഇബ്നു അബ്ബാസ്, അബൂഹുറയ്റ , ഖതാദ, ഇക്രിമ, ഹസന്‍ബസ്വരി, സഈദുബ്നു ജുബൈര്‍, മുജാഹിദ്, ശഅ്ബി, മസ്റൂഖ്, മക്ഹൂല്, അത്വാഉ്, മുഖാതില്‍, സുദ്ദി, കഅ്ബുല്‍ അഹ്ബാര്‍, സൈദുബ്നു അസ്ലം, സുഹ്രി.
ബലിപുത്രന്‍ ഇസ്മാഈല്‍(അ) ആയിരുന്നുവെന്നാണ് മറുപക്ഷം പറയുന്നത്. ഇങ്ങനെ അഭിപ്രായപ്പെട്ടവരിലും താഴെ പറയുന്ന പേരുകള്‍ കാണാം. ഹ. അബൂബക്കര്‍, അലി, ഇബ്നു ഉമര്‍, ഇബ്നു അബ്ബാസ്, അബൂഹുറയ്റ, മുആവിയ, ഇക്രിമ, മുജാഹിദ്, യൂസുഫുബ്നു മഹ്റാന്, ഹസന് ബസ്വരി, മുഹമ്മദുബ്നു കഅ്ബുല്‍ ഖുറളി, ശഅ്ബി, സഈദുബ്നുല്‍ മുസയ്യബ്, ദഹ്ഹാക്ക് , മുഹമ്മദുല്‍ ബാഖിര്‍, റബീഉബ്നു അനസ്, അഹ്മദുബ്നു ഹമ്പല്‍.
ഈ രണ്ടു പട്ടികകളും തുലനം ചെയ്തുനോക്കിയാല്‍ പല പേരുകളും രണ്ടിലും പൊതുവായിട്ടുണ്ടെന്നു കാണാം. അതായത്, ഒരേ പണ്ഡിതനില്‍നിന്നുതന്നെ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, ഹ. ഇബ്നു അബ്ബാസില്‍നിന്ന് ഇക്രിമ ഉദ്ധരിച്ചിട്ടുള്ളത് ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്നാണ്. പക്ഷേ, ഇബ്നു അബ്ബാസില്‍നിന്ന് അത്വാഉബ്നു അബീറബാഹ് ഉദ്ധരിച്ചിട്ടുള്ളതിങ്ങനെയാണ്: ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന് ജൂതന്മാര് വാദിക്കുന്നു. പക്ഷേ, ജൂതന്മാര് കള്ളം പറയുകയാണ്.' ഇതേപോലെ ഹ. ഹസന് ബസ്വരിയില്‍നിന്നും അദ്ദേഹം ബലിപുത്രന്‍ ഇസ്ഹാഖാണെന്നു വാദിച്ചതായി ഒരു നിവേദനമുണ്ട്. എന്നാല്‍, ബലിപുത്രന്‍ ഇസ്മാഈലായിരുന്നുവെന്ന കാര്യത്തില്‍ ഹ. ഹസന് ബസ്വരിക്ക് യാതൊരു സന്ദേഹവുമുണ്ടായിരുന്നില്ല എന്നാണ് അംറുബ്നു ഉബൈദ് ഉദ്ധരിച്ചിട്ടുള്ളത്.
ഈ നിവേദനവൈരുധ്യങ്ങളുടെ ഫലമായി ഇസ്ലാമിക പണ്ഡിതന്മാരില് ഒരു വിഭാഗം ബലിപുത്രന്‍ ഇസ്ഹാഖായിരുന്നു എന്ന വീക്ഷണത്തില്‍ അടിയുറച്ചു നിന്നു. ഉദാ: ഇബ്നുജരീര്‍, ഖാളി ഇയാദ്. ചിലര്‍ ബലിപുത്രന്‍ ഇസ്മാഈലാണന്നും ഉറപ്പിച്ചു പറഞ്ഞു. ഉദാ: ഇബ്നു കഥീര്‍. ചിലരാകട്ടെ രണ്ടിനുമിടയില്‍ ചഞ്ചലരായി നിലകൊണ്ടു. ഉദാ: ജലാലുദ്ദീന്‍ സുയൂത്വി. എന്നാല്‍, സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാല്‍ ബലിപുത്രന്‍ ഇസ്മാഈല്‍ (അ) തന്നെയായിരുന്നുവെന്ന് സംശയാതീതമായി ബോധ്യപ്പെടുന്നതാണ്. അതിന്റെ തെളിവുകള്‍ താഴെ സംഗ്രഹിക്കുന്നു.
i) മുകളിലെ ഖുര്‍ആന്‍ വാക്യങ്ങളില്‍ അല്ലാഹു അരുളിയ സംഗതികള്‍ ശ്രദ്ധിക്കുക. ദേശത്യാഗം ചെയ്യുന്ന വേളയില്‍ ഹ. ഇബ്റാഹീം (അ) ഒരു സല്‍പുത്രനുവേണ്ടി പ്രാര്‍ഥിച്ചു. അതിനുത്തരമായി അല്ലാഹു അദ്ദേഹത്തെ ഒരു സഹനശീലനായ പുത്രന്റെ സുവാര്‍ത്തയറിയിച്ചു. ഈ വാചകങ്ങളുടെ ആശയം തന്നെ ഇബ്റാഹീം(അ)ന്ന് മക്കളൊന്നും ഇല്ലാത്ത അവസരത്തിലായിരുന്നു ഈ പ്രാര്‍ഥനയെന്നും സുവാര്‍ത്ത ലഭിച്ചത് പ്രഥമ പുത്രന്റെ ജനനത്തെ കുറിച്ചാണെന്നും വിളിച്ചോതുന്നുണ്ട്. പിതാവിനോടൊപ്പം പ്രയത്നിക്കാറായപ്പോള്‍ അറുക്കാന്‍ കല്പിക്കപ്പെട്ടതും ഇതേ പുത്രനെയായിരുന്നുവെന്നും ഖുര്‍ആന്റെതന്നെ വാചകശൃംഖലയില്‍നിന്ന് വ്യക്തമാകുന്നു. ഇബ്റാഹീമിന്റെ പ്രഥമ പുത്രന് ഇസ്മാഈല്‍ (അ) ആയിരുന്നു, ഇസ്ഹാഖ് (അ) ആയിരുന്നില്ല എന്നത് അസന്ദിഗ്ധമായി സ്ഥിരപ്പെട്ട കാര്യമാണ്. ഖുര്‍ആനില്‍ തന്നെയും (സൂറ ഇബ്റാഹീം: 39) അദ്ദേഹത്തിന്റെ പുത്രന്മാരുടെ ക്രമം ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്.
(എനിക്ക് വാര്‍ധക്യകാലത്ത് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനംചെയ്ത അല്ലാഹുവിന് സര്‍വ സ്തുതിയും)
ii) വിശുദ്ധ ഖുര്‍ആന്‍ ഹ. ഇസ്ഹാഖിന്റെ ജനന സുവാര്‍ത്തയറിയിച്ചപ്പോള്‍ അദ്ദേഹത്തെപ്പറ്റി غُلاَمٌ عَلِيمٍ (വിജ്ഞനായ കുട്ടി) എന്നാണ് പറഞ്ഞത് وَبَشَّرُوهُ بِغُلاَمٍ عَلِيمٍ (അദ്ദാരിയാത്ത്: 28) لاَ تَوْجَلْ إِنَّا نُبَشِّرُكَ بِغُلاَمٍ عَلِيمٍ (അല്‍ ഹിജ്ര്: 53) എന്നാല്‍ ഇവിടെ സുവാര്‍ത്ത നല്കപ്പെടുന്ന കുട്ടിയെപ്പറ്റി غُلاَمٍ حَلِيمٍ (സഹനശീലനായ കുട്ടി) എന്നാണ് പറയുന്നത്. ഈ രണ്ടു പുത്ര•ാരുടെയും പ്രകടമായ ഗുണങ്ങള്‍ വെവ്വേറെയായിരുന്നുവെന്നും അറുക്കാന്‍ കല്പിക്കപെട്ടത് വിജ്ഞനായ കുട്ടിയായിരുന്നില്ല. സഹനശീലനായ കുട്ടിയായിരുന്നുവെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു.
iii) വിശുദ്ധ ഖുര്‍ആന്‍ ഹ. ഇസ്ഹാഖി(അ)ന്റെ ജനനസുവാര്‍ത്ത നല്‍കുന്നതോടെ തന്നെ ഹ. യഅ്ഖൂബിന്റെയും ജനന സുവാര്‍ത്ത നല്‍കുന്നുണ്ട് فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ (ഹൂദ്:71). പുത്രന് ജനിക്കുമെന്ന സുവാര്‍ത്ത കൂടി ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് അതേ പുത്രനെ താന്‍ അറുക്കുന്നതായി സ്വപ്നം കണ്ടാല്‍, അത് തന്റെ പുത്രനെ അറുത്തുകളയണമെന്ന ദൈവശാസനയായി ഇബ്റാഹീം (അ) മനസ്സിലാക്കാന്‍ ന്യായമെവിടെ? അല്ലാമാ ഇബ്നുജരീര്‍ ഈ തെളിവിന് മറുപടി പറഞ്ഞിട്ടുള്ളതിങ്ങനെയാണ്: ഹ. ഇബ്റാഹീമി(അ)ന് ഈ സ്വപ്നദര്‍ശനമുണ്ടായത് ഹ. ഇസ്ഹാഖിന് ഹ. യഅ്ഖൂബ് ജനിച്ചശേഷമായിരിക്കാം.' വാസ്തവത്തില്‍ ഇതു വളരെ ബാലിശമായ ഒരു മറുപടിയാണ്. 'ആ പുത്രന് അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുന്ന പ്രായമെത്തിയപ്പോള്‍ സ്വപ്നദര്‍ശനമുണ്ടായി എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.' മുന്‍ധാരണയില്ലാതെ ഈ വാക്യം വായിക്കുന്നവരുടെ മനസ്സിലും എട്ടു പത്തു വയസ്സായ ഒരു കുട്ടിയുടെ ചിത്രമാണ് വരിക. കുട്ടികളും കുടുംബവുമൊക്കെയുള്ള ഒരാളെ കുറിക്കാന്‍ ഈ വാക്കുകളുപയോഗിക്കുമെന്ന് ആരും സങ്കല്പിക്കുകയില്ല.
vi) കഥ മുഴുവന്‍ വിവരിച്ച ശേഷം അല്ലാഹു പറയുന്നു: 'നാം ഇസ്ഹാഖിന്റെ സുവാര്‍ത്ത നല്കി. സജ്ജനങ്ങളില്‍പെട്ട ഒരു പ്രവാചകന്.' അറുക്കുവാന്‍ സൂചന നല്കപ്പെട്ട പുത്രനല്ല ഇതെന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു. ആദ്യം മറ്റൊരു പുത്രന്റെ സുവാര്‍ത്ത ലഭിച്ചു. പിന്നെ അവന് ഒപ്പം പ്രയത്നിക്കുന്ന പ്രായമെത്തിയപ്പോള്‍ അറുക്കണമെന്ന് കല്പനയുണ്ടായി. ഇബ്റാഹീം(അ) ആ പരീക്ഷണത്തില്‍ വിജയം വരിച്ചപ്പോള്‍ ഇസ്ഹാഖ് എന്ന പുത്രന്റെ ജനന സുവാര്‍ത്ത ലഭിച്ചു. ഈ സംഭവക്രമവും അസന്ദിഗ്ധമായി വിധിക്കുന്നത് ബലി പുത്രന് ഹ. ഇസ്ഹാഖ്(അ) ആയിരുന്നില്ലെന്നാണ്. പ്രത്യുത ആ കുട്ടി കുറേ വര്‍ഷം മുമ്പേ ജനിച്ചുകഴിഞ്ഞിരുന്നു. അല്ലാമാ ഇബ്നുജരീര്‍ സുവ്യക്തമായ ഈ തെളിവിനെയും ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ആദ്യം ഇസ്ഹാഖി(അ)ന്റെ മാത്രം ശുഭവാര്‍ത്ത നല്കപ്പെട്ടു. പിന്നീട് അദ്ദേഹം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ബലിയാകാന്‍ സന്നദ്ധനായപ്പോള്‍ അതിനു സമ്മാനമെന്ന നിലയില്‍ അദ്ദേഹം പ്രവാചകനാകുമെന്ന് ശുഭവാര്‍ത്ത നല്കപ്പെട്ടു.' എന്നാല്‍ ഈ മറുപടി അദ്ദേഹത്തിന്റെ ആദ്യത്തെ മറുപടിയേക്കാള്‍ ബാലിശമാണെന്നേ പറയേണ്ടൂ. യഥാര്‍ഥത്തില്‍ അദ്ദേഹം പറയുംപ്രകാരം തന്നെയായിരുന്നു കാര്യമെങ്കില്‍ അല്ലാഹു പറയുക, 'നാം ഇസ്ഹാഖിന്റെ ശുഭവാര്‍ത്ത നല്കി, സജ്ജനങ്ങളില്‍പെട്ട ഒരു പ്രവാചകന്' എന്നല്ല, പ്രത്യുത താങ്കളുടെ അതേ പുത്രന് സജ്ജനത്തില്‍പെട്ട ഒരു പ്രവാചകനാകുമെന്ന് നാം ശുഭവാര്‍ത്ത നല്കി എന്നായിരിക്കും.
v) ഹ. ഇസ്മാഈലി(അ)ന്ന് തെണ്ടമായി അറുക്കപ്പെട്ട മുട്ടനാടിന്റെ കൊമ്പ് ഹ. അബ്ദുല്ലാഹിബ്നു സുബൈറിന്റെ കാലംവരെ കഅ്ബയില്‍ സൂക്ഷിക്കപ്പെട്ടിരുന്നതായി പ്രബലമായ നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. പിന്നീട് ഹജ്ജാജുബ്നു യൂസുഫ് ഹറമില്‍ ഇബ്നു സുബൈറിനെ ഉപരോധിക്കുകയും കഅ്ബയെ ആക്രമിക്കുകയും ചെയ്തപ്പോഴാണ് ഈ കൊമ്പ് നഷ്ടപ്പട്ടത്. ഇബ്നു അബ്ബാസും ആമിര്‍ശഅ്ബിയും കഅ്ബയില്‍ ഈ കൊമ്പ് നേരില്‍ കണ്ടതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു (ഇബ്നു കഥീര്‍). ഇത് ബലി സംഭവം അരങ്ങേറിയത് ശാമിലായിരുന്നില്ല, വിശുദ്ധ മക്കയിലായിരുന്നുവെന്നും ബലിക്ക് സന്നദ്ധനായത് ഇസ്മാഈല്‍ (അ) ആയിരുന്നുവെന്നും തെളിയിക്കുന്നു. അതുകൊണ്ടാണ് ഹ. ഇബ്റാഹീമും ഇസ്മാഈലും പുനരുദ്ധരിച്ച കഅ്ബയില്‍ അദ്ദേഹത്തിന്റെ സ്മരണ സൂക്ഷിക്കപ്പെട്ടത്.
vi) നൂറ്റാണ്ടുകളായി അറബിക്കഥകളില്‍ ബലികര്‍മം നടന്നത് മിനായില്‍ വെച്ചായിരുന്നുവെന്ന് അനുസ്മരിക്കപ്പെട്ടുപോരുന്നു. ഇത് വെറും കഥകളല്ല. അന്നുമുതല്‍ നബി(സ)യുടെ കാലംവരെ മിനായില്‍ ഇബ്റാഹീം (അ) ബലി നടത്തിയ അതേ സ്ഥലത്തുചെന്ന് ആളുകള്‍ ബലി നടത്തുക എന്നത് ഹജ്ജിന്റെ ചടങ്ങുകളിലൊന്നായി നടന്നുപോന്നിട്ടുണ്ട്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ)യും ഇതേ സമ്പ്രദായം തുടര്‍ന്നുപോന്നു. ഇന്നും ഹജ്ജ്വേളയില്‍ ദുല്‍ഹജ്ജ് പത്തിന് മിനായില്‍ ബലികര്‍മങ്ങള്‍ നടക്കുന്നു. നാലര സഹസ്രാബ്ദത്തോളമായി നിരന്തരം തുടര്‍ന്നുവരുന്ന ഈ സമ്പ്രദായം, ഹ. ഇബ്റാഹീമിന്റെ ബലിയുടെ അനന്തരാവകാശി ഇസ്മാഈല്‍ ആയിരുന്നു, ഇസ്ഹാഖ് ആയിരുന്നില്ല എന്ന് അനിഷേധ്യമായി സ്ഥാപിക്കുന്നു. ഹ. ഇസ്ഹാഖിന്റെ വംശത്തിലാവട്ടെ ജനങ്ങളെല്ലാം ഒരേസമയത്ത് ബലി നടത്തുകയും അത് ഹ. ഇബ്റാഹീമിന്റെ പുത്രബലിയുടെ അനുസ്മരണമാണെന്നവകാശപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സമ്പ്രദായം ഒരിക്കലും നടന്നുവന്നിട്ടില്ല.
ഈ തെളിവുകളെല്ലാം വെച്ചുനോക്കുമ്പോള്‍, ഇതെല്ലാമുണ്ടായിട്ടും ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന ആശയം മുസ്ലിം സമുദായത്തില്‍തന്നെ പ്രചരിച്ചതെങ്ങനെയെന്ന് അത്ഭുതപ്പെട്ടുപോകുന്നു. ജൂതന്മാര് 'ബലിപുത്രന്‍' എന്ന മഹത്വം ഹ. ഇസ്മാഈലിനു വിലക്കി, സ്വന്തം പ്രപിതാവായ ഹ. ഇസ്ഹാഖിനെ അണിയിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അത് മനസ്സിലാക്കാവുന്ന കാര്യമാണ്. പക്ഷേ മുസ്ലിംകളില് വലിയൊരു വിഭാഗം അവരുടെ ഈ കെട്ടുകഥകള്‍ സ്വീകരിച്ചതെന്തിനാണ്? അല്ലാമാ ഇബ്നു കഥീര്‍ തന്റെ തഫ്സീറില്‍ ഈ ചോദ്യത്തിന് സഗൌരവം മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: യാഥാര്‍ഥ്യം അല്ലാഹുവിന്ന് മാത്രമേ അറിയൂ. പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതിതാണ്: ബലിപുത്രന്‍ ഇസ്ഹാഖാണെന്ന് സ്ഥാപിക്കുന്ന ഈ അഭിപ്രായങ്ങളെല്ലാം കഅ്ബുല്‍ അഹ്ബാറില്‍ നിന്നുദ്ധരിക്കപ്പെടുന്നവയാകുന്നു. ഹ. ഉമറിന്റെ കാലത്താണ് ഇയാള്‍ ഇസ്ലാം സ്വീകരിച്ചത്. ഇയാള്‍ പലപ്പോഴും പൌരാണിക ജൂത-ക്രൈസ്തവ ഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങള്‍ അദ്ദേഹത്തെ കേള്‍പ്പിക്കാറുണ്ടായിരുന്നു. ഉമര്‍(റ) അത് കേള്‍ക്കാറുമുണ്ടായിരുന്നു. അതുകണ്ട് മറ്റാളുകളും ഇയാളുടെ വര്‍ത്തമാനങ്ങള്‍ താല്പര്യപൂര്വം കേള്‍ക്കാന്‍ തുടങ്ങി. അയാള്‍ പറഞ്ഞ, അര്ഥമുള്ളതും ഇല്ലാത്തതുമൊക്കെ ഉദ്ധരിക്കാനും തുടങ്ങി. എന്നാലോ, ഈ സമുദായത്തിന് അയാളുടെ വിജ്ഞാന നിധിയില്‍നിന്ന് യാതൊന്നും ആവശ്യമുണ്ടായിരുന്നില്ല.'
മുഹമ്മദുബ്നു കഅ്ബുല്‍ ഖുറളിയുടെ ഒരു നിവേദനം ഈ പ്രശ്നത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു: ഒരിക്കല്‍, ഹ. ഉമറുബ്നു അബ്ദില്‍ അസീസിന്റെ സന്നിധിയില്‍ ഞാന്‍ ഹാജരുള്ളപ്പോള്‍ ഈ പ്രശ്നം ഉയര്‍ന്നുവന്നു. ബലിപുത്രന്‍ ഹ. ഇസ്ഹാഖോ ഹ. ഇസ്മാഈലോ? നേരത്തെ ഒരു ജൂതപണ്ഡിതനും പിന്നീട് ആത്മാര്‍ഥമായി ഇസ്ലാം സ്വീകരിച്ചവനുമായ ഒരാളും ഈ സന്ദര്‍ഭത്തില്‍ സദസ്സിലുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍; അല്ലാഹുവാണ, അത് ഇസ്മാഈല്‍ തന്നെയായിരുന്നു. ജൂതന്മാര്ക്കും അതറിയാം. എങ്കിലും അറബികളോടുള്ള അസൂയകൊണ്ട് അവര്‍ ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന് വാദിക്കുകയാണ്' (ഇബ്നുജരീര്‍). ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തുവായിച്ചാല്‍ മുസ്ലിംകളില് വ്യാപിച്ച ജൂത പ്രചാരണത്തിന്റെ സ്വാധീനമാണിതെന്ന് മനസ്സിലാക്കാവുന്നതാണ്. വൈജ്ഞാനിക കാര്യങ്ങളില്‍ മുസ്ലിംകള് എപ്പോഴും നിഷ്പക്ഷമായിരുന്നു. അതുകൊണ്ട് പൂര്‍വ ഗ്രന്ഥങ്ങളെ അവലംബിച്ചുള്ള ചരിത്ര വാര്‍ത്തകളെന്ന വ്യാജേന ജൂതന്മാര് പ്രചരിപ്പിച്ച വിവരങ്ങളെല്ലാം വൈജ്ഞാനിക യാഥാര്‍ഥ്യങ്ങളാണ് എന്നു കരുതി അവര്‍ സ്വീകരിച്ചു. ഇത് വിജ്ഞാനത്തിന്റെയല്ല, പക്ഷപാതിത്വത്തിന്റെ പ്രവര്‍ത്തനമാണെന്ന് അവര്‍ക്ക് തോന്നിയിരുന്നില്ല.'
5 അഭിപ്രായ(ങ്ങള്):
ബലിപുത്രന്‍ ഇസ്മായീലാണെതിനുള്ള തെളിവുകള്‍
അക്കമിട്ട് നിരത്തുന്നു മൗദൂദി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജൂതന്മാരുടെ പ്രചരണത്തില്‍ പെട്ടതാണ് ക്രിസ്തുമതാനുയായികള്‍. മുസ്ലിംകളില് ചിലര്‍ക്ക് ആ ധാരണയുണ്ടാകാനും അതുതന്നെ കാരണം. ബൈബിളില്‍ നിന്നും ഖുര്‍ആനില്‍ നിന്നും നേര്‍ക്കുനേരെ ലഭിക്കുന്നത് ബലിപുത്രന്‍ ഇസ്മായീല്‍ ആണെന്നതാണ്.
ലോകത്തെ മൂന്ന് സുപ്രധാന മതങ്ങള്‍ ആധരിക്കുന്ന പുണ്യപുരുഷനാണ് ഇബ്റാഹീം (അ) എന്ന പ്രവാചകന്. അദ്ദേഹത്തിന്റെ ത്യാഗസ്മരണകളുയര്‍ത്തുന്ന ഈ ആഘോഷദിനങ്ങളില്‍ ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ബലിപെരുന്നാല്‍ ആശംസകള്‍
ബലിപെരുന്നാല്‍ ആശംസകള്‍
"ബൈബിളില്‍ നിന്നും ഖുര്‍ആനില്‍ നിന്നും നേര്‍ക്കുനേരെ ലഭിക്കുന്നത് ബലിപുത്രന്‍ ഇസ്മായീല്‍ ആണെന്നതാണ്." ബൈബിളിനെ വിട്ടേക്കു. അത് കയ്യും കാലും കടത്തി നാശമാക്കിയിരിക്കുകയാണല്ലോ? അപ്പോള്‍ ബൈബിള്‍ നമുക്ക് അടച്ചു വെക്കാം. ഖുറാനില്‍ നിന്നും നേര്‍ക്ക് നേര്‍ക്ക് ആരാണ് ബലി പുത്രന് എന്നാണു പറഞ്ഞിരിക്കുന്നത്? യിശ്മായീലോ യിസഹാക്കോ? എല്ലാം വ്യക്തമാക്കപ്പെട്ട ഗ്രന്ഥമാണല്ലോ ഖുറാന്. അതില്‍ നിന്നും മാത്രം താങ്കള്‍ക്കു തെളിയിക്കാന്‍ പറ്റുമോ യിസ്മായെലാണ് ബലി പുത്രന് എന്ന്? ആദ്യം അതാണ് താന്കള് തെളിയിക്കേണ്ടത്. അല്ലാതെ പതിഞ്ഞും തെളിഞ്ഞും കല്ലെറിയുന്ന,കൈ കടത്തി കാല് കടത്തി എന്നെല്ലാം പറഞ്ഞു അധിക്ഷേപിക്കുന്ന ഒരു ഗ്രന്ഥത്തില്‍ നിന്നും തെളിവുകള്‍ നിരത്താന്‍ താങ്കള്‍ക്ക് അല്‍പ്പം പോലും ജാള്യം തോന്നുന്നില്ലേ? അവര്‍ പറഞ്ഞു ഇവര്‍ പറഞ്ഞു എന്നുള്ള ലൈന്‍ വിട്. നബി പറഞ്ഞിട്ടുണ്ടോ? അവരും ഇവരും പറഞ്ഞതല്ല നബി ഖുറാനില്‍ നേരിട്ട് പറഞ്ഞിട്ടുണ്ടോ യിസ്മായെലാണ് ബലി പുത്രന് എന്ന്? യിഷ്മായേലിന്റെ വംശത്തില്‍ ജനിച്ചു എന്ന് അവകാശപ്പെടുന്ന നബിയില്‍ നിന്ന് വ്യക്തമായ മറുപടി ഉണ്ടായേ പറ്റൂ...വ്യക്തത ഇല്ലെങ്കില്‍ വിട്ടേര്...അത്രക്കൊക്കെ വ്യക്തതയെ ആ ഗ്രന്ഥത്തിനു ഉള്ളൂ എന്ന് ഞങ്ങള്‍ സമാധാനിച്ചുകൊള്ളാം...
ബൈബിളിനെ വിടേണ്ട ആവശ്യമില്ല. ലോകത്തെ വലിയ ഒരു വിഭാഗത്തിന്റെ വേദഗ്രന്ഥം എന്നറിയപ്പെടുന്ന അതേ ഗ്രന്ഥത്തില്‍നിന്ന് പകര്‍ത്തപ്പെട്ടതാണ് ഖുര്‍ആന്‍ എന്ന് ബൈബിളിന്റെ അനുയായികളാല്‍ തെറ്റായി മനസ്സിലാക്കപ്പെടുമ്പോള്‍ പ്രത്യേകിച്ചും.
ഖുര്‍ആനില്‍ എല്ലാം വ്യക്തമാക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് ഈ ബ്ലോഗില്‍ തന്നെവിശദീകരിച്ചിട്ടുണ്ട്. ബൈബിളില്‍ കൈകടത്തി എന്ന വാദം വെറുമൊരു ആരോപണമല്ല. വിവിധ രൂപത്തിലുള്ള ബൈബിള്‍ സ്വയം സാക്ഷ്യം വഹിക്കുന്നതാണ്. ഞാന്‍ ഒളിഞ്ഞ് കല്ലെറിഞ്ഞിട്ടില്ല. എല്ലാവര്ക്കും സംവദിക്കാന്‍ സൌകര്യമുള്ള ബ്ലോഗില്‍ പരസ്യമായി തന്നെയാണ് എനിക്ക് പറയാനുള്ളത് പറഞ്ഞത്. ബൈബിളില്‍ നിന്ന് ഒരു വാചകവും വിമര്‍ശനത്തിനും പഠനത്തിനും വേണ്ടി പോലും ഉദ്ധരിക്കരുത് എന്ന അത്യന്തികവാദമൊന്നും മുസ്ലികളിലാര്ക്കുമില്ല. എല്ലാം നേരിട്ട് പറയണം എന്നില്ല. ചിലതെല്ലാം സൂചന മതി. ചിലത് ആവതരണത്തില്നിന്ന് മനസ്സിലാക്കിയാല്‍ മതി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ