എന്തുചെയ്യാം എന്ത് ചര്‍ചചെയ്യാന്‍ ആരംഭിച്ചാലും ഖുര്‍ആനിലെ 'കഴുത്തറുപ്പന്‍' സൂക്തങ്ങളാണ് പലര്‍ക്കും തികട്ടിവരുന്നത്. അതുകൊണ്ട് ഇസ്ലാമിലെ ദൈവവീക്ഷണമെന്ന പോസ്റ്റില്‍ ഒരുമാന്യന് മൂന്ന് സൂക്തങ്ങള്‍ തന്നിട്ട് ഇങ്ങനെ പറഞ്ഞു.
'മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് അള്ളാഹൂ നബി മുഖേന ആവശ്യപ്പെടുന്നാതാണ് മുകളിലത്തെ വാക്യങ്ങള്‍. ഖുറാന് പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല എന്ന് മുകളിലത്തെ വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. പിന്നെ ബഹുദൈവ വിശ്വാസികളുടെ ഇടയില്‍ മുസ്ലീംങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന ചോദ്യം വരാം. സാധാരണക്കാരായ മുസ്ലീംങ്ങള്‍ ഖുറാന് വാക്യങ്ങളെക്കാളും മനുഷ്യ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് ഇതിനുള്ള് ഉത്തരം.
ഈ നിഗമനത്തിലെത്താന്‍ പ്രസ്തുത സുഹൃത്തിന് പ്രചോദനം നല്കിയ സൂക്തങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടാകാം തുടര്‍ ചര്‍ച എന്നുകരുതി. സൂക്തങ്ങളും അവയോട് എനിക്കുള്ള പ്രതികരണവും വായിക്കുക.
വേദക്കാരില്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി ഗണിക്കാത്തവരും സത്യദീനിനെ സ്വന്തം ദീനായി സ്വീകരിക്കാത്തവരും ആയ ആളുകളോടു യുദ്ധം ചെയ്തുകൊള്ളുക; അവര്‍ സ്വകരങ്ങളാല്‍ ജിസ്യ നല്‍കുകയും വിനീതരായിത്തീരുകയും ചെയ്യുന്നതുവരെ. (9:29)
ഖുര്‍ആന്‍ ആവശ്യപ്പെട്ട പ്രകാരം ന്യായമായ കാരണങ്ങളാല്‍ യുദ്ധം ആരംഭിക്കേണ്ടിവരികയാണെങ്കില്‍ ഏത് വരെ യുദ്ധം തുടരണമെന്നും എപ്പോള്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ഒരു സൂക്തമാണിത്. ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചപോലെ മറ്റെല്ലാകാര്യത്തിലുമെന്ന പോലെ യുദ്ധവിഷയത്തിലും ഖുര്‍ആനില്‍ വ്യക്തമായ നിയമനിര്‍ദ്ദേശങ്ങളുണ്ട്. തുടങ്ങാനുള്ള കാരണം, ആരോട് എങ്ങനെ യുദ്ധം ചെയ്യണം എപ്പോള്‍ അവസാനിപ്പിക്കണം, യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറണം എന്നല്ലാം അത് വിശദമാക്കിയിരിക്കുന്നു. പക്ഷെ നമ്മുടെ യുക്തിവാദി സുഹൃത്തുകളുടെ സാധാരണ പതിവ് ഇവയെ സന്ദര്‍ഭം നോക്കാതെ വ്യാഖ്യാനിക്കുക എന്നതാണ്. യുദ്ധസംബന്ധിയായ സൂക്തങ്ങളെല്ലാം ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തുപോലും മുസ്്ലികള്‍ അമുസ്ളിംകളായവരോട് പെരുമാറാന്‍ കല്പിക്കുന്നതാണ് എന്ന് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനടിപ്പെട്ട ഈ സുഹൃത്തിനെപ്പോലുള്ളവര്‍ വിരളമല്ല.
സന്ധിക്ക് സന്നദ്ധമാകുന്ന ശത്രുവിനോട് അനുഭാവപൂര്‍വമുള്ള സമീപനം സ്വീകരിക്കണമെന്നും പ്രസ്തുത സന്ധിക്ക് വഴങ്ങണമെന്നും ഖുര്‍ആന്‍ കല്പിക്കുന്നു. കാരണം ശത്രുവിനെ ഉന്മൂലനം ചെയ്യുകയോ അവന്റെ കൈവശമുള്ള എന്തിലെങ്കിലും പങ്ക് പറ്റുകയോ തട്ടിപ്പറിക്കുകയോ അല്ല ഇസ്ലാമിലെ യുദ്ധത്തിന്റെ ലക്ഷ്യം. (സൂക്തം 2:193 ല്‍ അക്കാര്യമാണ് പറയുന്നത്. അതിനെകുറിച്ച ചര്‍ചശേഷം വരുന്നു.) ഇപ്രകാരം കീഴടങ്ങുന്നതിന് പക്ഷേ ഒരു വ്യവസ്ഥ ഖുര്‍ആന്‍ നിശ്ചയ്ിച്ചിരിക്കുന്നു. വിനയത്തോടെ ഗവണ്മെന്റിന് ജിസ് യ നല്‍കണം എന്നതാണത്. അതോടൊപ്പം വ്യക്തമായ ഒരു ലിഖിത കരാര്‍ ഇസ്ളാമിക ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും അവര്‍ക്ക് ലഭിക്കുകയും ചെയ്യും. മുസ്്ലിംകളോട് സന്ധിചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം കരാറുകള്‍ എഴുതിയിരുന്നു. മുസ്്ലിംപൌരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതില്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തതായി പ്രവാചകന് നജ്റാനിലെ ക്രിസ്ത്യാനികള്‍ക്ക് നല്കിയ കരാറിലും കാണാന്‍ കഴിയും.
ആ കരാറിന്റെ തുടക്കം ഇപ്രകാരമായിരുന്നു:
'നജ്റാനിലെ ക്രിസ്ത്യാനികള്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കുമുള്ള അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതന് മുഹമ്മദ് നബിയുടെ സംരക്ഷണ പത്രമാണ് ഇത് അവരുടെ മൃഗങ്ങള്‍, അവരുടെ മതം, അവരുടെ ഭൂമി, അവരുടെ ധനം, അവരിലെ നാട്ടിലുള്ളവനും നാട്ടിലില്ലാത്തവനും, അവരുടെ ഒട്ടകങ്ങള്‍, അവരുടെ മതചിഹ്നങ്ങള്‍, എല്ലാറ്റിനുമുള്ള സംരക്ഷണ പത്രം. ഏതവസ്ഥയിലാണോ അവയുള്ളത് അതേ അവസ്ഥയില്‍ അവതുടരുന്നതാണ്. അവരുടെ ഏതെങ്കിലും അവകാശമോ ഏതെങ്കിലും ചിഹ്നമോ മാറ്റുകയില്ല..... '
യുദ്ധം ചെയ്യാനുള്ള കല്പന വ്യക്തികളോടല്ല. രാഷ്ട്രത്തോടാണ് എന്നത് യുക്തിവാദികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഇനി ഒരു പ്രവാചകനും അവതരിക്കുകയില്ല. വന്നാലും അതുകൊണ്ട് പ്രയോജനവുമില്ല. കാരണം നിഷേധിക്കാന്‍ തീരുമാനിച്ചവരാണ് അവര്‍. സ്വയം ഹൃദയങ്ങള്‍ക്ക് സീല്‍വെച്ച നിഷേധികള്‍ ഇസ്ളാമിനോടൊപ്പം എക്കാലവുമുണ്ടാകും.
ഓ വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്ത്, നിങ്ങളെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്തുകൊള്ളുവിന്‍. അവര്‍ നിങ്ങളില്‍ ശൂരത കാണട്ടെ. അല്ലാഹു ഭക്തന്മാരുടെ കൂടെയാണെന്നറിഞ്ഞിരിക്കുവിന്‍.(9:123)
സത്യവിശ്വാസികളോട് തന്റെ അവിശ്വാസിയായ അയല്‍വാസിയോട് എങ്ങനെ പെരുമാറണം എന്നാവശ്യപ്പെടുന്ന സൂക്തമല്ല ഇത്. ഇതിന് രണ്ട് അര്‍ഥം നല്‍കിയിട്ടുണ്ട്. ഒന്ന് സന്ദര്‍ഭം പരിഗണിക്കാതെയുള്ള പൊതുവായ അര്‍ഥം. അതനുസരിച്ച് ഒരു ഇസ്ലാമിക രാഷ്ട്രത്തിനെതിരെ അയല്‍ രാഷ്ട്രം യുദ്ധത്തിന് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ബാധ്യത പ്രസ്തുത ഇസ്ലാമിക രാഷ്ട്രത്തിലെ വിശ്വാസികളുടെ ബാധ്യതയാണ് എന്നതാണ്. ഇനി പശ്ചാതലം വെച്ച് ചിന്തിച്ചാല്‍. അതിന് ലഭിക്കുന്ന അര്‍ഥം ഇപ്രകാരമാണ്. സത്യനിഷേധികള്‍ (കുഫാര്‍) എന്നതുകൊണ്ട് ഇവിട ഉദ്ദേശിക്കുന്നത് നിഷേധം വ്യക്തമായി പ്രകടിപ്പിച്ച സത്യവിശ്വാസികളായി അതുവരെ അഭിനയിച്ചു നടന്ന കപടവിശ്വാസികളെയാണ്. ഉഹദ് യുദ്ധത്തിലും അഹ്സാബ് യുദ്ധത്തിലുമൊക്കെ അവര്‍ സ്വീകരിച്ച ഇസ്്ലാമിനോടുള്ള ശത്രുതാപരമായ നിലപാട് മുമ്പ് മറ്റൊരു ബ്ളോഗില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുറമെ മുസ്ലിംകളെന്ന് നടിക്കുന്നവരോട് യുദ്ധം ചെയ്യുന്നതിനെപ്പറ്റി സ്വാഭാവികമായും മുസ്ലിംകള്ക്ക് ചില സംശയങ്ങളുണ്ടായിരുന്നു. യുദ്ധസന്ദര്‍ഭത്തില്‍ അവര്‍ ആനിലക്ക് ഒട്ടും പരിഗണനയര്‍ഹിക്കുന്നില്ലെന്ന് തുറന്നു പ്രഖ്യാപിക്കുകയാണിവിടെ. അവര്‍ നിങ്ങളില്‍ കാര്‍ക്കശ്യം കാണട്ടേ. എന്ന വാചകവും അതിന് വേണ്ടിയാണ്. എന്നാല്‍ ഈ കാര്‍ക്കശ്യം പരിധിവിടരുത് എന്നോര്‍മിപ്പിക്കുന്നു തുടര്‍വാക്ക്യം. അഥവാ അവരോടുള്ള പെരുമാറ്റത്തില്‍ ധാര്‍മികതയുടെയും മനുഷ്യത്വത്തിന്റെയും അതിരുകള്‍ ലംഘിക്കരുതെന്നും, എല്ലാ നടപടികളിലും അല്ലാഹുവിന്റെ നിയനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു.
ഈ സൂക്തം ഉദ്ധരിച്ച് ഓരോമുസ്്ലിമിനോടും അവിശ്വാസിയായ തന്റെ അയല്‍വാസിയെ വധിക്കാനാണ് ഖുര്‍ആന്‍ അവശ്യപ്പെടുന്നത് എന്ന് പച്ചകള്ളം തട്ടിവിട്ട ചിലപേജുകള്‍ എടുത്ത് ചേര്‍ത്ത് തന്റെ അനുയായികളെ ബോധവല്‍ക്കരിച്ചിരിക്കുന്നു സ്വാമിദയാനന്ദസരസ്വതി സത്യാര്‍ഥ പ്രകാശം എന്നതന്റെ പുസ്തകത്തിലൂടെ. ഇപ്രകാരം തെറ്റിദ്ധരിച്ചതുകൊണ്ടാണ് മി. രാജന് ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് മറ്റുവിശ്വാസികളോട് സൌഹാര്ദ്ദത്തില് കഴിയാന്‍ കഴിയില്ല പറഞ്ഞ്ത്.
ചരിത്രത്തില്‍ നിന്ന്: ഒരു ജൂതന് തന്റെ വീട് വില്പന നടത്തിയപ്പോള്‍ നാട്ടിലുള്ളതിന്റെ ഇരട്ടി വിലപറഞ്ഞു. കാരണമന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞത് എന്റെ അയല്‍വാസി ഒരു മുസ്ലിമാണ് എന്നായിരുന്നു.
ഫിത്നഃ ശേഷിക്കാതിരിക്കുകയും 'ദീന്' അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം. ഇനി അവര്‍ വിരമിക്കുന്നുവെങ്കിലോ, മനസ്സിലാക്കിക്കൊള്ളുക, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല. (2:193)
സ്വയം കീഴടങ്ങാന്‍ സന്നദ്ധരാകാതെ യുദ്ധം തുടരുന്ന നിഷേധികളോടുള്ള സമീപനം എന്തായിരിക്കണം, എപ്പോള്‍ നിര്‍ത്തണം, അവസാനത്തെ പടയാളിയും മരിച്ചുതീരുന്നത് വരെയോ അതോ അതിന് മുമ്പ് അവസാനിപ്പിക്കാവുന്ന വല്ല ഘട്ടവുമുണ്ടോ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുന്ന സൂക്തമാണിത്. ഇസ്ലാം എന്തിനാണ് യുദ്ധം ചെയ്യുന്നതെന്ന ഉത്തരവും ഈ കൊച്ചു സൂക്തത്തിലുണ്ട്. ഫിത്ന ഇല്ലാതാവുകയും ദീന് അല്ലാഹുവിന് ആയിതീരുകയും ചെയ്യുക എന്നതാണ് ഇസ്്ലാമിന്റെ യുദ്ധലക്ഷ്യം. ഇതില്‍ ദീനെന്നാല്‍ ഇസ്ലാം മതവും ഫിത്നയെന്നാല്‍ മറ്റുമതങ്ങളാണെന്നും ധരിക്കുന്നത് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആശയതലവുമായും ഇസ്ലാമിക ചരിത്രവുമായും യോജിക്കുകയില്ല. ഈ സൂക്തത്തിന്റെ ആശയം വ്യക്തമാകാന്‍ ഈ രണ്ട് പദങ്ങളുടെ ശരിയായ വിവക്ഷ അറിഞ്ഞിരിക്കണം. കുഴപ്പം, പീഢനം, പരീക്ഷണം എന്നോക്കെ മലയാളത്തില്‍ വാക്കര്‍ഥം പറയാമെങ്കിലും ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ഈ സന്ദര്‍ഭത്തില്‍ നല്കപ്പെട്ട വ്യഖ്യാനം ഇങ്ങനെയാണ്:
1. ഫിത്ന എന്ന വാക്ക്, ഇംഗ്ളീഷില്‍ Persecution എന്ന വാക്കിന്റെ അതേ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത്, ഒരു വ്യക്തിയോ പാര്‍ട്ടിയോ നിലവിലുള്ള ആദര്‍ശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദര്‍ശ സിദ്ധാന്തങ്ങള്‍ സത്യമെന്ന് കണ്ട് സ്വീകരിക്കുകയും വിമര്‍ശന പ്രബോധനങ്ങള്‍ വഴി സമുദായത്തിന്റെ നിലവിലുള്ള വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താല്‍ അവരെ അക്രമമര്‍ദനങ്ങള്‍ക്കിരയാക്കുക.
2. സൃഷ്ടികളുടെ മേല്‍ സൃഷ്ടികളുടെ ദിവ്യത്വവും ആധിപത്യവും സ്ഥാപിതമാവുകയും സൃഷ്ടികര്‍ത്താവിന്റെ നിയമത്തിനൊത്ത് ജീവിതം നയിക്കുക അസാധ്യമായിത്തീരുകയും ചെയ്കയെന്ന അവസ്ഥയാണ് ഫിത്ന.
ഇത് മൌദൂദിയുടെ വ്യാഖ്യാനമാണ്. ഈ രണ്ട് വ്യാഖ്യാനങ്ങളോട് യോജിച്ച് വരുന്ന ഇതരവ്യാഖ്യാനങ്ങളുമാകാം ഇതില്‍ രണ്ടും ആശയത്തില്‍ വലിയ വ്യത്യാസമില്ല. ഇസ്ലാമിനെതിരെ രംഗത്തുവന്ന സംഘങ്ങളായാലും രാജ്യങ്ങളായാലും (അറബി പ്രദേശങ്ങളില്‍ അന്യായമായി കടന്നാക്രമിച്ച് മര്‍ദ്ദകഭരണം നടത്തിയ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍) അവര്‍ ഈ സ്വഭാവങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു എന്ന് കാണാം. ഇത്തരം ഏകാധിപത്യസ്വേഛാധിപത്യമര്‍ദ്ദക സംഗങ്ങളുമായി യുദ്ധം അവസാനിപ്പിക്കേണ്ടത് അവരുടെ ഇത്തരം മനോഭാവം നിലനില്‍ക്കുന്ന അവസ്ഥമാറി (ഫിത്നയുടെ സ്ഥാനത്ത്) ഇക്കാര്യത്തില്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുമ്പോഴാണ്. എന്ന് വെച്ചാല്‍ ഒരു നാട്ടിലുള്ളവരെല്ലാം ശക്തി പ്രയോഗിച്ച് ഇസ്ലാം സ്വീകരിപ്പിക്കുക എന്നതല്ല. പ്രവാചകന്റെയോ അനുചരന്മാരുടെയോ കാലഘട്ടത്തിലോ അതിനുശേഷമോ നടന്ന ഒരു യുദ്ധത്തിലും അത്തരമൊരു പ്രവര്‍ത്തനം ചൂണ്ടികാട്ടുക സാധ്യമല്ല. ദീന് എന്നതിന് നിയമം/വ്യവസ്ഥ എന്ന വ്യാഖ്യാനമാണ് ഇവിടെ ശരിയാവുക. മൌദൂദി ദീനിന് നല്കുന്ന പൂര്‍ണമായ അര്‍ഥം മനസ്സിലാക്കത്തവര്‍ക്ക് അദ്ദേഹം പറയുന്നതിന്റെ ശരിയായ വിവക്ഷ ഉള്‍ക്കൊള്ളാന്‍ പ്രയാസം നേരിടും.
'വിരമിക്കുകയെന്നാല്‍ കാഫിറുകള്‍ കുഫ്റില്‍നിന്നും(നിഷേധത്തില്‍ നിന്നും) ശിര്‍ക്കില്‍നിന്നും (ബഹുദൈവത്വത്തില്‍നിന്നും) വിരമിക്കുകയെന്നല്ല, ഫിത്നയില്‍നിന്ന് വിരമിക്കുകയെന്നാണ്. കാഫിര്‍, മുശ്രിക്ക്, നിരീശ്വരവാദി തുടങ്ങി ആര്‍ക്കും ഇഷ്ടമുള്ള ഏതാദര്‍ശവും വെച്ചുപുലര്‍ത്താന്‍ അധികാരമുണ്ട്. ആരെ വേണമെങ്കിലും പൂജിക്കുവാനും ആരെയും പൂജിക്കാതിരിക്കുവാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്. ഈ വക ദുര്‍മാര്‍ഗങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുവാനായി നാം ഉപദേശവും ഉദ്ബോധനവും നടത്തുമെങ്കിലും അതിന്റെ പേരില്‍ നാം അവരോട് യുദ്ധം ചെയ്കയില്ല.'
"അവര്‍ വിരമിക്കുന്നുവെങ്കിലോ, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം ഹിതകരമല്ല'' എന്നു പറഞ്ഞതില്‍ ഒരു സൂചനയുണ്ട്: അസത്യവ്യവസ്ഥയുടെ സ്ഥാനത്ത് സത്യവ്യവസ്ഥ സ്ഥാപിതമായിക്കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പൊതുമാപ്പ് നല്കപ്പെടുന്നതാണ്. പക്ഷേ, സത്യമാര്‍ഗം തടയാനായി തങ്ങളുടെ അധികാര കാലത്ത് അതിര്കവിഞ്ഞ അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിട്ട വ്യക്തികള്‍ക്ക് തക്ക ശിക്ഷ നല്‍കാവുന്നതാണ്. സത്യവിശ്വാസികള്‍ക്ക് തികച്ചും അതിന്നവകാശമുണ്ട്. എന്നാല്‍, കൂടുതല്‍ അനുയോജ്യമായത് മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗമവലംബിക്കുകയും വിജയത്തിന്നു ശേഷം അക്രമികളോട് പ്രതികാരം കാണിക്കാതിരിക്കുകയും തന്നെയാണ്. പക്ഷേ, ആരുടെ കുറ്റങ്ങളുടെ പട്ടിക വളരെയധികം കറുത്തിരുണ്ടതാണോ അവര്‍ക്കു ശിക്ഷ നല്കുന്നതു തികച്ചും അനുവദനീയം തന്നെ. ഈ അനുവാദത്തെ നബി(സ) തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്-തിരുമേനിയേക്കാള്‍ കൂടുതല്‍ മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം അവലംബിക്കുന്നവര്‍ ആരാണ് - ബദ്ര്‍യുദ്ധത്തടവുകാരില്‍ ഉഖ്ബത്തുബ്നു അബീമുഐത്ത്, നസ്റുബ്നു ഹാരിസ് എന്നിവരെ വധിച്ചതും, മക്കാവിജയത്തിനു ശേഷം പ്രഖ്യാപിച്ച പൊതുമാപ്പില്‍ നിന്നൊഴിവാക്കിയ പതിനേഴു പേരില്‍ നാലുപേര്‍ക്ക് മരണശിക്ഷ നല്കിയതും ഇതേ അനുവാദം ഉപയോഗിച്ചായിരുന്നു.'
ഇതൊക്കെ മതം അടിച്ചേല്പിക്കാനുള്ള പ്രവാചകന്റെ ശ്രമമായും ക്രൂരതയായും വിലയിരുന്നത് ഒട്ടും സത്യസന്ധതയല്ലെന്ന് അല്പം ചിന്തിച്ചാല്‍ മനസ്സിലാകും. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങള്‍ വെച്ച് 'ഖുറാന് പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല' എന്നുപറയുന്നത് സഹതാര്‍പമായ അജ്ഞതയും
47 അഭിപ്രായ(ങ്ങള്):
ഇതൊക്കെ മതം അടിച്ചേല്പിക്കാനുള്ള പ്രവാചകന്റെ ശ്രമമായും ക്രൂരതയായും വിലയിരുന്നത് ഒട്ടും സത്യസന്ധതയല്ലെന്ന് അല്പം ചിന്തിച്ചാല്‍ മനസ്സിലാകും. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങള്‍ വെച്ച് 'ഖുറാന് പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല' എന്നുപറയുന്നത് സഹതാര്‍പമായ അജ്ഞതയും
സമയമില്ലാത്തതിനാല്‍ ഒരൊറ്റക്കാര്യമാത്രം പറയാം ഇപ്പോള്‍ താങ്കള്‍ സൂചിപ്പിച്ച പോലെ ഈ സൂക്തങ്ങള്‍ തലനാരിഴകീറേണ്ട സമയമല്ല. ചര്‍ചയും പ്രസക്തമല്ല. എന്നാല്‍ ഈ സൂക്തങ്ങള്‍ അവതരിക്കപ്പെട്ട ഉദ്ദേശ്യത്തിന് വിരുദ്ധമായി ചര്‍ചചെയ്തപ്പോള്‍ അതിന്റെ യഥാര്‍ഥ്യം വ്യക്തമാക്കിയതാണ്. ബാക്കികാര്യങ്ങള് താങ്കള്‍ക്ക് വേണ്ടങ്കിലും വിശദീകരണമര്‍ഹിക്കുന്നു. പക്ഷേ ഇവിടെ അത് ഓഫ് ടോപിക്കാണ്. ജമആഅത്തിന്റ ലക്ഷ്യം രഹസ്യമല്ല പരസ്യമാണ്. അത് പക്ഷെ താങ്കള്‍ സൂചിപ്പിച്ച വിധത്തിലല്ല എന്ന് മാത്രം. താങ്കള്‍ക്ക് ഇക്കാര്യത്തിലുള്ള അജ്ഞതയും തെറ്റിദ്ധാരണയും ഇവിട പ്രകടിപ്പിച്ചതില്‍ നന്ദിയുണ്ട്. പിന്നെക്കാണാം.
എന്ന് വെച്ചാല്‍ ഒരു നാട്ടിലുള്ളവരെല്ലാം ശക്തി പ്രയോഗിച്ച് ഇസ്ലാം സ്വീകരിപ്പിക്കുക എന്നതല്ല. പ്രവാചകന്റെയോ അനുചരന്മാരുടെയോ കാലഘട്ടത്തിലോ അതിനുശേഷമോ നടന്ന ഒരു യുദ്ധത്തിലും അത്തരമൊരു പ്രവര്‍ത്തനം ചൂണ്ടികാട്ടുക സാധ്യമല്ല.
ബുഹ ഹാ...
ചരിത്രം ഇസ്ലാമിക വീക്ഷണത്തിലൂടെ മാത്രം പഠിച്ചത് ഇവിടെ പ്രയോജനപ്പെടുന്നുണ്ട്.
----------------------
വേദക്കാരില്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി ഗണിക്കാത്തവരും സത്യദീനിനെ സ്വന്തം ദീനായി സ്വീകരിക്കാത്തവരും ആയ ആളുകളോടു യുദ്ധം ചെയ്തുകൊള്ളുക; അവര്‍ സ്വകരങ്ങളാല്‍ ജിസ്യ നല്‍കുകയും വിനീതരായിത്തീരുകയും ചെയ്യുന്നതുവരെ. (9:29)
ഇവിടെ വേദക്കാർ എന്നു പറഞ്ഞിട്ടുള്ളത് ഒന്നു വിശദമാക്കാമോ ?
-------------------
സത്യനിഷേധികള്‍ (കുഫാര്‍) എന്നതുകൊണ്ട് ഇവിട ഉദ്ദേശിക്കുന്നത് നിഷേധം വ്യക്തമായി പ്രകടിപ്പിച്ച സത്യവിശ്വാസികളായി അതുവരെ അഭിനയിച്ചു നടന്ന കപടവിശ്വാസികളെയാണ്.
ഈ മുകളിൽ താങ്കൾ പറഞ്ഞതാണ് ‘കാഫിർ’ (കുഫാർ) എന്നതിന്റെ ശരിയായ അർത്ഥം എന്ന് എല്ലാ ഇസ്ലാം വിശ്വാസികൾക്കും അറിയാമോ ? ഇല്ലെന്നാണ് എന്റെ അനുഭവം. മദ്രസ്സയിലെ ഉസ്ദാദുമാരെ എഴുത്തിനിരുത്തി പഠിപ്പിച്ചു തുടങ്ങേണ്ടിവരും വീണ്ടും ഖുർആനിലെ വാക്കുകളുടെ അർത്ഥതലങ്ങൾ.
ഒരു ചോദ്യം കൂടി.
അള്ളാഹുവിനോട് ഒരാൾ പ്രാർത്ഥിക്കുന്നത് എന്തിനാണ്.
ഖുർആൻ പഠിക്കാനുള്ളതാണോ അതോ പ്രാർത്ഥനയ്ക്ക് ഉള്ളതാണോ ?
ഇസ്ലാം ഒരു ജീവിതദര്‍ശനമാണ് അത് കേവലമൊരു മതമല്ല. മനുഷ്യന്റെ ആത്മീയതയുമായി ബന്ധപ്പെട്ട, ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടുമല്ല. അതിന് ആരാധനാ സമ്പ്രദായമുള്ളപോലെ തന്നെ ധാര്‍മിക സദാചാര നിയമങ്ങളും സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ നിയമങ്ങളുമുണ്ട്. ചില സുഹൃത്തുക്കള്‍ മൗദൂദിയുടെ ഇത്തരം വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള് യോജിച്ചവിധമാണെന്ന് പരാതിപ്പെടുന്നു. അതിനേക്കാളേറെ ഇസ്്ലാമിന്റെ രാഷ്ട്രീയമാണ് ഇതിലുള്ളത്. ഇസ്ലാമിന്റെ സുപ്രധാനമായ ഈ ഭാഗം അവഗണിച്ചതുകൊണ്ടാണ് ഇസ്ലാമിലെ യുദ്ധങ്ങള്‍ മതം മാറ്റാനുള്ളതല്ലെങ്കില് പിന്നെയെന്തിന് എന്ന ചോദ്യം ഉല്‍ഭവിക്കുന്നത്. പാര്‍ത്ഥന്റെ ചിരിയുടെയും അര്‍ഥം അതുതന്നെ. അതോടൊപ്പം അദ്ദേത്തിനോ മറ്റുള്ളവര്‍ക്കോ അത്തരം എത്രസംഭവങ്ങള്‍ ഹാജറാക്കാന്‍ കഴിയും. രാജ്യം മതേതരമാകട്ടേ അല്ലാതിരിക്കട്ടേ രാജ്യദ്രോഹം ചെയ്യുന്ന വിഭാഗങ്ങളെയും തകര്‍ക്കാന്‍ വരുന്ന ശത്രുരാജ്യങ്ങളെയും പട്ടുംവളയും നല്കി സ്വീകരിക്കാറാണോ പതിവ്. നാം ഈ കാര്യം പറഞ്ഞുകൊണ്ടിരിക്കെത്തന്നെ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച എന്തിന്റെ പേരിലാണ്. ഭീകരവാദം രാജ്യദ്രോഹം എന്ന ഒരു ലേബല്‍ പതിച്ചാല്‍ പിന്നെ അത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ചചെയ്യുന്നത് തന്നെ ഭീകരതായി മാറുന്ന വര്‍ത്തമാന കാലത്ത് ഇസ്്ലാമിക രാഷ്ട്രം അതിന്റെ സംരക്ഷണത്തിന് ഏര്‍പ്പെടുത്തുന്ന മേല്‍സൂചിപ്പിച്ച മനുഷ്യത്വപരമായ സൂക്തങ്ങളെ വിമര്‍ശിക്കുന്നതില്‍ ഒരു സാമാന്യനീതിയെങ്കിലും പാലിക്കേണ്ടേ.
ഒരു സുഹൃത്ത് ഇവിടെ ഒരു പോസ്റ്റിട്ടിരുന്നു. അദ്ദേഹം അത് നീക്കം ചെയ്തു. തന്റെ തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടല്ല അത്. എന്റെ രാഷ്ട്രീയവീക്ഷണത്തില്‍ താല്പര്യമില്ലാത്തതുകൊണ്ടാണത്രേ. എങ്കില്‍ വേണ്ടിയിരുന്നത് ഇവിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയും എന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് അതുമായി ബന്ധപ്പെട്ട എന്റെ ബ്ലോഗില്‍ പറയുകയുമായിരുന്നു വേണ്ടത്. അപ്പോള്‍ എനിക്ക് സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാന്‍ കഴിയും. അതാണല്ലോ മതേതരത്വത്തിന്റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികസ്വാതന്ത്ര്യത്തിന്റെയും അന്തസത്ത.
ഇസ്ലാമിന്റെ രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ അറബിനാടുകളെ മുഴുവന്‍ സാമ്രാജ്യശക്തികള്‍ കോളനിയാക്കി ഭരണം നടത്തിയതിന് ശേഷം വിട്ടേച്ചുപൊയപ്പോള് തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് പ്രതിഷ്ഠിച്ച ഏകാധിപത്യരാജാധിപത്യ ഭരണമാണ് എന്ന തെറ്റിദ്ധാരണയാണ് ഇവിടെ മിക്കവരെയും ഭരിക്കുന്നത്. അതിനാല്‍ ഇസ്ലാമിക ഭരണത്തിന്റെ പ്രവര്‍ത്തനങ്ങളായി കാണുന്നത് സൗദിഅറേബ്യയില്‍ ചില കാടന്മാര് മനുഷ്യരുടെ മുഖത്ത് തുപ്പുന്നതും പച്ചയും ചുവപ്പും ബത്താക്കയുമൊക്കെയാണ്. കാര്യം ഇങ്ങനയൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ അതിനുള്ള പരിഹാരം ഇസ്ലാമിനെക്കുറിച്ച് തന്നെ മിണ്ടാതിരിക്കലാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല.
പറയാനുള്ളത് ഇത്രമാത്രം. ഇസ്ലാം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. മനുഷ്യന്റ ഇഹപരമോക്ഷത്തിനും സമാധാനത്തിനും സഹായകമാകുന്ന നിര്‍ദ്ദേശങ്ങളാണ് അതിലുള്ളത് എന്ന് കാണാന്‍ കഴിയും. അതിന് ശേഷം വേണ്ടവര്‍ക്ക് അതുള്‍ക്കൊള്ളാം. ആവശ്യമില്ലാത്തവര്‍ക്ക് അത് തള്ളിക്കളയുകയും ചെയ്യാം. പ്രലോഭനങ്ങളോ, സത്യസന്ദേശം എത്തിച്ചുകൊടുക്കുന്നതിനപ്പുറം വല്ല നിര്‍ബന്ധമോ ഇക്കാര്യങ്ങള്‍ അവലംബിക്കുകയില്ല. ആരെയും പേടിച്ചിട്ടല്ല. ഖുര്‍ആനിന്റെ തന്നെ വ്യക്തമായ ശാസനക്ക് അതെതിരാണ്. അതുകൊണ്ട് തന്നെയാണ് പ്രവാചക ചരിത്രത്തിലോ അതിന് ശേഷമോ അത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതും.
@Parthan
'ഇവിടെ വേദക്കാരെ എന്നു പറഞ്ഞിട്ടുള്ളത് ഒന്നു വിശദമാക്കാമോ ?'
ഇസ്ലാമിക ഭരണത്തിനെതിരെ കരാര്‍ലംഘനം നടത്തി സായുധസമരത്തിന് സന്നദ്ധമായ മദീനയിലെ ജൂതഗോത്രങ്ങളും. അറബി നാടുകളില്‍ അക്കാലത്ത് കടന്നാക്രമണം നടത്തി മര്‍ദ്ദകഭരണം നടത്തിയിരുന്ന റോമക്കാരായ സാമ്രാജ്യശക്തികളും ഈ വിഭാഗത്തില്‍ പെടും.
വേദക്കാര്‍ എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത് ജൂതന്മാരെയും ക്രിസത്യാനികളെയുമാണ്.
പ്രിയ പാര്ത്ഥന്
ഇസ്ലാമിനെക്കുറിച്ച സര്‍വസമ്മതമായ കാര്യങ്ങളാണ് ഞാനീപോസ്റ്റില്‍ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇവിടെ പറഞ്ഞ കാഫിര്‍ (കുഫ്ഫാര്‍) എന്ന പദം ഈ പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ സൂചിപ്പിച്ച കപടന്മാരെയാണ് ഉദ്ദേശിക്കുന്നത് എന്നത് അത്ര പുതിയ അറിവൊന്നുമല്ല. ഏത് വ്യാഖ്യാന ഗ്രന്ഥം എടുത്ത് വായിച്ചാലും മനസ്സിലാകും.
@Parthan
'ഒരു ചോദ്യം കൂടി.
അള്ളാഹുവിനോട് ഒരാള്‍ പ്രാര്‍ത്ഥിക്കുന്നത് എന്തിനാണ്.
ഖുര്‍ആന്‍ പഠിക്കാനുള്ളതാണോ അതോ പ്രാര്‍ത്ഥനയ്ക്ക് ഉള്ളതാണോ ?'
ഇത് രണ്ടുചോദ്യമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ട് അങ്ങനെത്തന്നെ ഉത്തരം പറയാം.
ചോദ്യങ്ങളെ നിഷ്കളങ്കമായി കണ്ട് എന്റെ മറുപടി ഇവിടെ കുറിക്കാം.
1. മനുഷ്യന് സമ്പൂര്‍ണനായ ഒരു അസ്തിത്വമല്ല. അവന് പ്രയാസങ്ങളും വ്യാധികളും ആവശ്യങ്ങളുമുണ്ട്. ദൈവമാണ് സ്രഷ്ടാവും പരിപാലകനും സംരക്ഷകനും കാര്യങ്ങള്‍ നിവൃത്തിച്ച് തരുന്നവനെന്നും കരുതുന്ന ഒരു മുസ്ലിം കല്പിക്കപ്പെട്ടിരിക്കുന്നു അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍. അത് ദൈവത്തെ ഓര്‍ക്കുന്നതിനും അതിലൂടെ മനസ്സമാധാനം നേടുന്നതിനും അവനെ സഹായിക്കുന്നു. ദൈവത്തിന്റെ ഉല്‍കൃഷ്ടനാമങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ താന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ദൈവത്തിന്റെ വിശേഷണങ്ങളിലേക്ക് അവന് ശ്രദ്ധാലുവാകുകയും അതവന് കൂടുതല്‍ പ്രതീക്ഷയും സമാധാനവും നല്‍കുകയും ചെയ്യുന്നു. എന്ന് വെച്ചാല്‍ ദൈവപരിഗണനയുടെ അടയാളമാണ് പ്രാര്‍ത്ഥന. അതിലൂടെ ദൈവത്തിന്റെ പരിഗണന അവന് നേടിയെടുക്കുകയും ചെയ്യുന്നു.
2. ഖുര്‍ആന്‍ പഠിക്കാനും ചിന്തിക്കാനും അതനുസരിച്ച് ജീവിതത്തില്‍ പ്രവര്‍ത്തിക്കാനുമുള്ളതാണ്. ധാരാളം പ്രാര്‍ഥനകളും അതിലുണ്ട് അവ ഉപയോഗിച്ച് ദൈവത്തോട് പ്രവര്‍ത്തനത്തോടൊപ്പം പ്രാര്‍ഥിക്കാനും ഉപയോഗപ്പെടുത്താം.
@ Latheef :
വേദക്കാര്‍ എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത് ജൂതന്മാരെയും ക്രിസത്യാനികളെയുമാണ്.
പക്ഷെ ഞാൻ വായിച്ച ഖുർആനിൽ (പരിഭാഷ) പല സ്ഥലത്തും (പ്രത്യേകിച്ച് 1,2 അദ്ധ്യായങ്ങളിൽ) വേദം എന്ന വാക്ക് ഖുർആനിനെയും സൂചിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്.
-----------------
‘കാഫിർ’ :
താങ്കളുടെ ഈ ലേഖനം വായിക്കുമ്പോൾ കയറിവന്ന മുസ്ലീം സുഹൃത്തിനോട് ‘കാഫിർ’ എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്നു ചോദിച്ചു. അദ്ദേഹം ഒരു സംശയവും ഇല്ലാതെ പറഞ്ഞു, ‘ഇസ്ലാം വിശ്വാസികളല്ലാത്തവരെല്ലാം കാഫിറുകളാണ്’ എന്ന്.
നിങ്ങൾ കാഫിറുകളല്ലെ എന്ന് എന്നോട് പറയുന്നതും മദ്രസ്സ പഠിപ്പിന്റെ ഭാഗമാണ്. ഇങ്ങനെയും ഒരു അർത്ഥം ഇല്ല എന്ന് താങ്കൾ ഇവിടെ വ്യക്തമാക്കിയിട്ടും ഇല്ല.
--------------------------
ദൈവത്തിന്റെ 99 വിശേഷനാമങ്ങൾ ഹൃദയത്തിൽ ചേർത്തുവെച്ചുകൊണ്ട് ഉച്ചരിക്കുന്നത് നല്ലതുതന്നെ. പക്ഷെ അതൊന്നും ഖുർആനിൽ ഇല്ലല്ലോ. ഖുർആനിൽ 75-80 ശതമാനവും താക്കീതുകളും ശിക്ഷ ലഭിക്കും എന്ന ഭീഷണികളും ചില കർമ്മങ്ങൾ ചെയ്താൽ ദൈവത്തിങ്കൽ നിന്നു കിട്ടുന്ന പ്രതിഫലങ്ങളുമാണ്. പ്രത്യേകിച്ച് അർത്ഥകാമന്മാർക്കുവേണ്ടി 1ന് 70 ഇരട്ടി പുണ്യം കിട്ടുമെന്നുള്ള മോഹന വാഗ്ദാനങ്ങൾ. ദൈവത്തോട് പ്രാർത്ഥിക്കുവാൻ ആ ആയത്തുകൾ എങ്ങിനെ പ്രയോജനപ്പെടും എന്ന സംശയം കോണ്ടാണ് ചോദിച്ചത്. ദൈവത്തോട് പ്രാർത്ഥിക്കൂവാനുള്ള ആയത്തുകൾ ഏതെല്ലാം എന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും ലഭ്യമാണോ.
[ഹിന്ദുക്കളുടെ പ്രാർത്ഥന : (ഞാൻ മനസ്സിലാക്കിയിട്ടുള്ളത്)
(1) ‘എന്നെ മട്ടും കാപ്പാത്തുങ്കോ‘ എന്ന സിനിമാ സ്റ്റയിലിലുള്ള അർത്ഥകാമന്മാരുടെ പ്രാർത്ഥന.
(2) ഗായത്രീ മന്ത്രം പോലെ ഒന്നും ആവശ്യപ്പെടാതെയുള്ള പ്രാർത്ഥന.
(3) ഒന്നും പ്രാർത്ഥിക്കാതെ നിഷ്കാമകർമ്മം ചെയ്യൽ.
ഇവിടെ എന്ത് തിരഞ്ഞെടുത്താലും ആരും ആരെയും ശിക്ഷിക്കുന്നില്ല.]
പ്രിയ പാര്ത്ഥന്
'കാഫിര്‍' എന്നതിന് മറച്ചുവെക്കുന്നവന് എന്നാണ് ഭാഷാര്‍ഥം സത്യംബോധ്യപ്പെട്ടതിന് ശേഷവും അത് മറച്ചുവെച്ച് സത്യനിഷേധം കൈക്കൊള്ളുന്നവനാണ് കാഫിര്‍. മുസ്ലിംകളല്ലാത്തവരെ കാഫിറുകള്‍ എന്ന് പറയണമെങ്കില്‍ അവര്‍ ഇപ്രകാരമായിരിക്കണം. അങ്ങനെയാണോ എന്ന് താങ്കള്‍ക്കാണ് എന്നെക്കാള്‍ നന്നായി അറിയുക. അത്തരം നിഷേധികളോടുപോലും യുദ്ധം ചെയ്യുന്നത് പോകട്ടേ ഏതെങ്കിലും തരത്തില്‍ മോശമായി പെരുമാറുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്നാണ് ഞാന്‍ ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത്. പക്ഷേ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല.
ഖുര്‍ആനില്‍ ദൈവത്തിന്റെ 99 നാമങ്ങള്‍ ഇല്ലെന്നും 80 ശതമാനവും ശിക്ഷകളെയും താക്കീതുകളെയും കുറിച്ച ഭീഷണിയാണെന്നും താങ്കള്‍ പറയുന്നത് ഏത് ഖുര്‍ആന്‍ വായിച്ചിട്ടാണ് എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. വിശുദ്ധഖുര്ആന് ഒന്നേയുള്ളു അതില്‍ മേല്പറഞ്ഞതും പ്രാര്‍ത്ഥനകളും കാണാന്‍ സാധിക്കും. രണ്ടാം അധ്യായത്തിന്റെയും മൂന്നാം അധ്യായത്തിന്റെയും അവസാനഭാഗം നോക്കുക. മതങ്ങളുടെ താരതമ്യപഠനം ഞാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും സമാനമായ കാര്യങ്ങളില്‍ തങ്ങളുടെ മതവീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വാക്കുകളില്‍ അര്‍ഥനയുള്ളതാണ് ഇസ്ലാമിലെ പ്രാര്‍ഥനകള്‍.
പ്രവാചകന് ജനങ്ങളോടു പറയുക: എന്റെ റബ്ബിനു നിങ്ങളെക്കൊണ്ട് എന്താവശ്യം, നിങ്ങള്‍ അവനെ പ്രാര്‍ഥിക്കുന്നില്ലെങ്കില്‍! നിങ്ങള്‍ ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണല്ലോ. മോചനമില്ലാത്ത ദൈവികശിക്ഷ അടുത്തുതന്നെ സംഭവിക്കാന്‍ പോകുന്നു. (25:77)
ഇതുപോലെ ശിക്ഷയെക്കുറിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. പക്ഷെ അത് ഒരു 5 ശതമാനത്തില്‍ കൂടുതല്‍ വരില്ല് എന്നാണ് എന്റെ അനുമാനം. 59:22-24 സൂക്തങ്ങളില്‍ ദൈവികനാമങ്ങളില്‍ ചിലത് കാണാം. പിന്നീട് ഖുര്‍ആന്‍ എടുത്ത് ഏതെങ്കിലും ഒരു പേജ് വായിച്ചുനോക്കു ദൈവനാമങ്ങളില്ലാത്തത് ചുരുക്കമായിരിക്കും
പ്രതികരണത്തിനും കമന്റിനും നന്ദി.
ദൈവം തന്റെ അനുയായികളോട് തന്റെ തന്നെ സൃഷ്ടികളായ മറ്റൊരു വിഭാഗത്തിനോട് യുദ്ധം ചെയ്യുവാന്‍ ആവശ്യപ്പെടുകയോ? യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി സ്വര്‍ഗ്ഗ പ്രവേശനം. ഇത് പണ്ട് മാര്‍പ്പാപ്പമാര്‍ കുരിശുയുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് പാപനിവൃത്തി പാസ് കൊടുത്തപോലുണ്ടല്ലോ. പിന്നീട് അവര്‍ പണം വാങ്ങിയും ഇത്തരം പാസ് വിതരണം ചെയ്തിരുന്നു.
ദൈവം ഇത്ര അശക്തനാണൊ?. ആളുകളെ തമ്മിലടിപ്പിക്കലാണൊ അദ്ദേഹത്തിന്റെ പണി. തന്റെ കൈഒന്നു ഞൊടിച്ചാല്‍ ഏതു കാഫിറിനെയും സത്യവിശ്വാസിയാക്കി മാറ്റാനുള്ള കഴിവ് സര്‍വ്വശക്തനായ ദൈവത്തിനില്ലേ. ആളുകളെ പരസ്പരം തമ്മിലടിപ്പിച്ച് രക്തപ്പുഴ ഒഴുക്കാതെ കാര്യം സാധിക്കാന്‍ അദ്ദേഹത്തിനു കഴിവില്ലേ.
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യന് തന്നെയാണ്. മനുഷ്യ സൃഷ്ടിയായ ദൈവത്തിന് മനുഷ്യനെപ്പോലെ മാത്രമേ ചിന്തിക്കാന്‍ കഴിയൂ. ശാസ്ത്രപുരോഗതി നേടിയ ഇന്നത്തെ സമൂഹത്തിന് ദൈവം എന്ന സങ്കല്പത്തിന്റെ ആവശ്യം തീരെയില്ല. പിന്നെ കുറെ ഉദരംഭരികള്‍ക്ക് ഇത്തരം യക്ഷിക്കഥകള്‍ പ്രചരിപ്പിച്ച് കാലക്ഷേപം ചെയ്യാം.
പ്രിയ വി.ബി.രാജന്
താങ്കള്‍ മറുപടി പ്രതീക്ഷിച്ചുകൊണ്ടല്ല കമന്റിടുന്നത് എന്നറിയാം. താങ്കളുടെയും മറ്റുയുക്തിവാദി സുഹൃത്തുക്കളേയും മനസ്സിലാക്കാന്‍ ഇത്തരം കമന്റിലൂടെ സാധിക്കുന്നുണ്ട്. മൊത്തത്തില്‍ അവ ഉള്‍കൊള്ളുന്ന സന്ദേശം ഇതാണ്. ദൈവം ദൈവമായിരിക്കാന്‍ നിങ്ങള്‍ മനസ്സില്‍കാണുന്ന ചില യോഗ്യതകളുണ്ട്. ദൈവത്തിന് പറ്റിയ ഒന്നാമത്തെ തെറ്റ് മനുഷ്യനെ ഇന്നീകാണുന്ന ഘടനയിലും സ്വഭാവത്തിലും സൃഷ്ടിച്ചതാണ്. ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍ അവന് തെറ്റ് ചെയ്യാന്‍ സാധിക്കരുത്. ഒരു തരം ന്യൂനതയും അവന് ഉണ്ടാകരുത്. ഒരു തരം അസൌകര്യങ്ങളും അവന് അനുഭവിക്കാന്‍ ഇടവരരുത്. പൂര്ണസൌഖ്യം പരിപൂര്ണസൂഖം. അവന്റെ കാരണം കൊണ്ടുപോലും അവന് രോഗം വരരുത് (വന്നാല്‍ അത് ദൈവത്തിന്റെ വികൃതിയാകും ). വല്ല ജീവിത ദര്ശനവുമുണ്ടെങ്കില് ഒരോരുത്തര്‍ക്കും പ്രിന്റ് ചെയ്ത ഒരു കോപ്പി നേരിട്ട ലഭിക്കണം. ഒരാളെ പ്രവാചകനായി നിയോഗിക്കുക, സന്മാര്ഗം നല്‍കുക, അതിലേക്ക് ക്ഷണിക്കുക, ഇത്തരം ഏടാകൂടങ്ങളൊന്നും പാടില്ല. മരണ ശേഷം ഇനിയും ഇതുപോലെ വല്ല സുഖസൌഖ്യങ്ങളും തയ്യാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതും വലിയ താമസമില്ലാതെ ലഭ്യമാക്കുക. മരണം പോലും പാടില്ല. സൌകര്യപ്രദമായ ഒരു യാത്ര. ചുരുക്കത്തില്‍ ഇവിടെ ഒരു സ്വര്‍ഗം. അതിന് ശേഷം വേണമെങ്കില്‍ ഇതിനേക്കാള്‍ നല്ല ഒരു സ്വര്‍ഗത്തിലും താമസിച്ചുകൊടുക്കാം.
മേല്‍ പറഞ്ഞത് ഒരു യുക്തിവാദിയും നേരിട്ട് പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. പക്ഷേ ഇങ്ങനെയുള്ള വാക്ക് പ്രയോഗിച്ചിട്ടില്ല എന്നേ ഉള്ളൂ. ഇങ്ങനെ വായിച്ചെടുക്കാവുന്ന എല്ലാം യുക്തിവാദികളും ദൈവനിഷേധികളും പറഞ്ഞിട്ടുണ്ട്. പ്രിയ രാജന്, രാജനെപ്പോലെ ചിന്തിക്കുന്നവരേ നിങ്ങളെപ്പോലെ ഇങ്ങനെയായിരുന്നെങ്കില്‍ എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു. പക്ഷേ ദൈവത്തിന്റെ തീരുമാനം ഇതല്ല എന്ന് നാം അറിയുന്നു. മേല്പറഞ്ഞതൊക്കെ ഇവിടെയുണ്ട് അതിനാല്‍ എല്ലാം നിഷേധിക്കാം എന്ന് നിങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ വിശ്വാസികളാകട്ടേ അവസ്ഥ ഇങ്ങനെയായിരിക്കെ അവ തരണംചെയ്ത് ജീവിതസൌഭാഗ്യവും പരലോക സൌഖ്യവും നേടാന്‍ ദൈവം നിശ്ചയിച്ച് തന്ന വഴി തെരഞ്ഞടുത്തു. (cont.)
പ്രിയ ലത്തീഫ്,
യുക്തിവാദികള്‍ ദൈവം എന്ന സങ്കല്പം മനുഷ്യന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്നു കരുതുന്നവരാണ്. അവര്‍ക്ക് ദൈവസങ്കല്പം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് ഒരു പിടിവാശിയുമില്ല. ദൈവത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നത് മത ഗ്രന്ഥങ്ങളാണ്. അതില്‍ ദൈവം സര്‍വ്വശക്തനാണെന്നും സകല ചരാചരങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നും പറയുന്നു. തന്നെയുമല്ല മനുഷ്യന്റെ എല്ലാ പ്രവര്‍ത്തിയും ദൈവത്തിന്റെ ഇച്ഛയനുസരിച്ചും നിയന്ത്രണത്തിലുമാണത്രെ നടക്കുന്നത്. ഇത്രയും ശക്തനായ ദൈവം തന്റെ തന്നെ സൃഷ്ടികളെ തമ്മിലടിപ്പിക്കാന്‍ കൂട്ടുനില്‍ക്കുമോ എന്ന് ബുദ്ധി മരവിച്ചിട്ടില്ലങ്കില്‍ താങ്കള്‍ ചിന്തിക്കുക. തന്നെയുമല്ല ദൈവം പക്ഷപാദിത്വവും കാണിക്കുന്നു. ഒരു പക്ഷത്തു ചേര്‍ന്നുനിന്നുകൊണ്ട് മറുപക്ഷത്തിനെതിരെ അക്രമത്തിനു പ്രേരിപ്പിക്കുന്നു. ഇത് ഗോത്രകാല മനുഷ്യന്റെ സാങ്കല്പികസൃഷ്ടി മാത്രമാണെന്നതിനു കൂടുതല്‍ തെളിവുകളൊന്നും വേണ്ട.
യുക്തിവാദികള്‍ക്ക് ചെയ്യാവുന്ന ഒരു സമാന്യമര്യാദയുണ്ട്. ഒന്നുകില്‍ ദൈവത്തെ പാടെ നിഷേധിക്കുക. പിന്നീട് അവയുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ പറയുന്ന ഗുണവിശേഷണങ്ങളെ കുറിച്ച് അഭിപ്രായമേ പറയേണ്ടതില്ല. അല്ലെങ്കില്‍ ദൈവത്തോട് മതവിശ്വാസികള്‍ ചേര്‍ത്ത് പറയുന്നവ സാകല്യത്തിലെടുത്ത് അതില്‍ ഇന്നിന്ന കാര്യങ്ങള്‍ തങ്ങളുടെ യുക്തിക്ക് നിരക്കാത്തതാണെന്ന് പ്രഖ്യാപിക്കുക. പക്ഷേ താങ്കളെപ്പോലുള്ളവര്‍ ചെയ്യുന്നതെന്താണെന്ന് നോക്കൂ.
'ദൈവത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നത് മത ഗ്രന്ഥങ്ങളാണ്. അതില്‍ ദൈവം സര്‍വ്വശക്തനാണെന്നും സകല ചരാചരങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നും പറയുന്നു.'
(സത്യപ്രസ്താവന)
'തന്നെയുമല്ല മനുഷ്യന്റെ എല്ലാ പ്രവര്‍ത്തിയും ദൈവത്തിന്റെ ഇച്ഛയനുസരിച്ചും നിയന്ത്രണത്തിലുമാണത്രെ നടക്കുന്നത്.'
(ന്യയമായ സംശയം)
'ഇത്രയും ശക്തനായ ദൈവം തന്റെ തന്നെ സൃഷ്ടികളെ തമ്മിലടിപ്പിക്കാന്‍ കൂട്ടുനില്‍ക്കുമോ എന്ന് ബുദ്ധി മരവിച്ചിട്ടില്ലങ്കില്‍ താങ്കള്‍ ചിന്തിക്കുക.'
(അന്യായമായ സംശയം, വസ്തുനിഷ്ഠമല്ലാത്ത ഉപദേശം.)
'തന്നെയുമല്ല ദൈവം പക്ഷപാദിത്വവും കാണിക്കുന്നു. ഒരു പക്ഷത്തു ചേര്‍ന്നുനിന്നുകൊണ്ട് മറുപക്ഷത്തിനെതിരെ അക്രമത്തിനു പ്രേരിപ്പിക്കുന്നു.'
(അസത്യപ്രസ്താവന)
'ഇത് ഗോത്രകാല മനുഷ്യന്റെ സാങ്കല്പികസൃഷ്ടി മാത്രമാണെന്നതിനു കൂടുതല്‍ തെളിവുകളൊന്നും വേണ്ട.'
(അസത്യജഡിലമായ തീര്‍പ്പുകല്‍പ്പിക്കല്‍)
ഇതിനുള്ള മുകളിലുള്ള എന്റെ ഉത്തരം അപൂര്‍ണമായി അവശേഷിക്കുന്നു. അതിനിടക്ക് പുതിയ കമന്റ് വന്നപ്പോള്‍ അതിനെ വിശകലനം ചെയ്തിട്ടാകാം എന്ന് കരുതി. കൂടുതല്‍ വ്യക്തമാക്കാം.
'ദൈവത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നത് മത ഗ്രന്ഥങ്ങളാണ്. അതില്‍ ദൈവം സര്‍വ്വശക്തനാണെന്നും സകല ചരാചരങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നും പറയുന്നു.'
(സത്യപ്രസ്താവന)
'തന്നെയുമല്ല മനുഷ്യന്റെ എല്ലാ പ്രവര്‍ത്തിയും ദൈവത്തിന്റെ ഇച്ഛയനുസരിച്ചും നിയന്ത്രണത്തിലുമാണത്രെ നടക്കുന്നത്.'
(ന്യായമായ സംശയം)
അതെ ഈ ബ്രഹൃത്തായതും വ്യവസ്ഥാപിതവുമായി പ്രപഞ്ചത്തിന് പിന്നില്‍ സര്‍വശക്തനും യുക്തിമാനുമായ ഒരസ്തിത്വമുണ്ടെന്നും അതാണ് ദൈവമെന്നും വിശ്വാസികള്‍ വാദിക്കുന്നു. അഭൗതികമായ ഈ വസ്തുതയെ നിഷേധിക്കാനാവശ്യമായ ഒന്നും നിഷേധികളുടെ പക്കലില്ല എന്ന് വിശ്വാസികളായ ഞങ്ങളറിയുന്നു.
ദൈവം സ്രഷ്ടവും സര്‍വശക്തനുമാണ് എന്നതിന്റെ സ്വാഭാവികതേട്ടമാണ് അവന്റെ നിയന്ത്രണം പ്രപഞ്ചത്തിലുണ്ടാവുക എന്നത്. ദൈവത്തിന്റെ ഇഛക്ക് ഒരു സ്വാധീനവുമില്ലെങ്കില്‍ ആ ദൈവം നിസ്സഹായനാണ്. ദൈവത്തിന്റെ അപൂര്‍ണതയെ അതുസൂചിപ്പിക്കുന്നു.
ഇത്രയും ശക്തനായ ദൈവം തന്റെ തന്നെ സൃഷ്ടികളെ തമ്മിലടിപ്പിക്കാന്‍ കൂട്ടുനില്‍ക്കുമോ എന്ന് ബുദ്ധി മരവിച്ചിട്ടില്ലങ്കില്‍ താങ്കള്‍ ചിന്തിക്കുക.'
(അന്യായമായ സംശയം, വസ്തുനിഷ്ഠമല്ലാത്ത ഉപദേശം.)
ഇത് ഖുര്‍ആനെ അടിസ്ഥാനമായി കാണുന്ന എന്റെ വിശ്വാസമല്ല ഇത്. അതിനെ അവലംബിക്കുന്ന ആരെങ്കിലും ഇങ്ങനെ ചിന്തിക്കുന്നതായും അറിവില്ല. ദൈവം മനുഷ്യന്റെ അതിജീവനത്തിനും പ്രതിരോധത്തിനും അവനില്‍ തന്നെ ചില കഴിവുകള്‍ നല്കി അനുഗ്രഹിച്ചിരിക്കുന്നു. ദൈവദര്ശനത്തിനെതിരെ മനുഷ്യര്‍ക്ക് ശബ്ദിക്കാനോ പ്രതികരിക്കാനോ ആവാത്ത ഒരവസ്ഥ ദൈവത്തിന് സംവിധാനിക്കാമായിരുന്നു. മലക്കുകളെ പോലെ. (മലക്കുകളിലുള്ള വിശ്വാസത്തിന്റെ പ്രസക്തിയും ഇതുതന്നെയാണെന്ന് തോന്നുന്നു.) അല്ലെങ്കില്‍ അതിനൊരുങ്ങുന്ന നിമിഷം അവരെ നശിപ്പിക്കാമായിരുന്നു. എന്നാല്‍ മനുഷ്യന് ചിന്തിക്കാനുള്ള ബുദ്ധിനല്കിയ ശേഷം അവനെ ഒരു നിശ്ചിത പരിധിവരെ അവധിനല്‍കുകയാണ് ചെയ്യുന്നത്.
അതിനാല്‍ സൃഷ്ടികളെതമ്മിലടിപ്പിക്കുന്ന ദൈവം എന്ന സങ്കല്പം ഇസ്്ലാമിലില്ല. അതിനാല്‍ ഇവിടെ ബുദ്ധിമരവിപ്പിന്റെ പ്രശ്നവുമില്ല.
'തന്നെയുമല്ല ദൈവം പക്ഷപാദിത്വവും കാണിക്കുന്നു. ഒരു പക്ഷത്തു ചേര്‍ന്നുനിന്നുകൊണ്ട് മറുപക്ഷത്തിനെതിരെ അക്രമത്തിനു പ്രേരിപ്പിക്കുന്നു.'
(അസത്യപ്രസ്താവന)
ദൈവം ആരോടും ഒരു പക്ഷപാതിത്വവും കാണിക്കുന്നില്ല. ദൈവം രണ്ട് വഴികളും അവ കണ്ടെത്താനാവശ്യമായ ബുദ്ധിനല്കുകയും ചെയ്തു. മനുഷ്യരില്‍ ഒരു വിഭാഗം അതില്‍ ശരിയായ മാര്‍ഗം കണ്ടെത്തി അതിലൂടെ ചരിക്കാന്‍ തീരുമാനിച്ചു. മറുവിഭാഗം (രാജനും ഇവിടെ അഭിപ്രായം പറയുന്നവരെയുമല്ല ഉദ്ദേശിക്കുന്നത്.) സത്യം ബോധ്യമായ ശേഷവും നിഷേധം കൈക്കൊള്ളുകയും ദൈവദര്‍ശനം സ്വീകരിച്ചു എന്ന ഒരൊറ്റ കാരണത്താല്‍ അവരെ ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞിറങ്ങി, കനത്ത പീഢനങ്ങളവര്ക്കേല്പിച്ചു ഇതില്‍ ദൈവം ആരെ പിന്തുണക്കണം. ഇവിടെ നിഷ്പക്ഷത കാണിച്ച് നിഷേധികളുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ദൈവം സന്നദ്ധനായില്ല. നിഷേധികള്‍ക്ക് എവിടെയും പോകാന്‍ കഴിയില്ല അവര്‍ക്ക് നിശ്ചയിക്കപ്പെട്ട അവധിവരെ മാത്രമേ എല്ലാ ഡംഭും വിലപോകുകയുള്ളൂ. എല്ലാവരും അവങ്കലേക്ക് മടക്കപ്പെടുക തന്നെ ചെയ്യും.
'ഇത് ഗോത്രകാല മനുഷ്യന്റെ സാങ്കല്പികസൃഷ്ടി മാത്രമാണെന്നതിനു കൂടുതല്‍ തെളിവുകളൊന്നും വേണ്ട.'
(അസത്യജഡിലമായ തീര്‍പ്പുകല്‍പ്പിക്കല്‍)
പ്രസ്താവനതെറ്റായതുകൊണ്ടാണ് അതിനെത്തുടര്‍ന്നുള്ള വിധിതീര്‍പ്പ് അബദ്ധമായി കലാശിച്ചത്. ഗോത്രകാല മനുഷ്യന്റെ സാങ്കല്പികസൃഷ്ടിയാണ് എന്ന് ഇതുകൊണ്ട് തെളിയുന്നില്ല. കൂടുതല്‍ തെളിവ് ആവശ്യമുണ്ട്. തെളിവില്ലാത്തതിനാല്‍ ഖുര്‍ആന്‍ സൂക്തങ്ങളെ വക്രീകരിക്കുകയും തെറ്റായി വിശദീകരിക്കുകയും ചെയ്തു. അതിനനുഗുണമായ ഒരു ദൈവത്തെ സ്വയം സൃഷ്ടിക്കുകയാണ് യുക്തിവാദി ചെയ്യുന്നത്. മാന്യത അവശേഷിക്കുന്നുവെങ്കില്‍, ഞങ്ങള്ള്ള ദൈവവീക്ഷണം മനസ്സിലാക്കി അതിനെയാണ് യുക്തിവാദി എതിര്‍ക്കേണ്ടത്.
@ V.B. Rajan
'ശാസ്ത്രപുരോഗതി നേടിയ ഇന്നത്തെ സമൂഹത്തിന് ദൈവം എന്ന സങ്കല്പത്തിന്റെ ആവശ്യം തീരെയില്ല. പിന്നെ കുറെ ഉദരംഭരികള്‍ക്ക് ഇത്തരം യക്ഷിക്കഥകള്‍ പ്രചരിപ്പിച്ച് കാലക്ഷേപം ചെയ്യാം.'
മതത്തെയും ദൈവത്തെയും മനുഷ്യാവശ്യങ്ങളെയും കുറിച്ചുള്ള വൈകൃതം നിറഞ്ഞ ഒരു യുക്തിവാദിയെ എത്രമാത്രം അന്ധനാക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ ഉദ്ധരണി.
ഒരു സമൂഹമെന്ന നിലയില്‍, ഒരു വ്യക്തിയെന്ന നിലയില്‍ മനുഷ്യന് നല്കാവുന്ന സംഭാവനയില് ശാസ്ത്രപുരോഗതിക്ക് പരിമിതിയില്ലേ?. ചില ഭൗതികസാഹചര്യങ്ങളുടെ സൗകര്യങ്ങളല്ലാതെ മറ്റെന്തെങ്കിലും നല്കാന് ശാസ്ത്രത്തിനാകുമോ?. മനുഷ്യന് അപ്പംകൊണ്ടും ഭോഗംകൊണ്ടും മാത്രം തൃപ്തിപ്പെടാന്‍ കഴിയുന്ന കേവല മൃഗമാണോ?. മനുഷ്യനെ മനുഷ്യനാക്കുന്ന ധാര്‍മിക സദാചാര സാംസ്കാരിക രംഗങ്ങളില്‍ എങ്ങനെയാണ് ശാസ്ത്രം മനുഷ്യനെ കാണുന്നത്. മനുഷ്യന്റെ ആത്മാവ് പോലും നിഷേധിക്കുന്നവര്‍ക്ക് അവയൊക്കെ യക്ഷികഥകളായി തോന്നുന്നുവെങ്കില്‍ കാലത്തിന്റെ കറക്കം നമ്മുക്ക് കാത്തിരിക്കാം എന്ന് മാത്രമേ പറയാന്‍ കഴിയൂ. പക്ഷേ ഇത് ഉന്നതമായ ഒരു ചിന്തയാണെന്ന് മാത്രം തെറ്റിദ്ധരിക്കരുത്. താങ്കള്‍ സൂചിപ്പിച്ച കാട്ടറബികളുടെ അതേ വാദമാണിത്.
പ്രിയ ലത്തീഫ്
ആരെയും മുറിവേല്‍പ്പിക്കാതെയുള്ള നല്ല തെളിമയാര്‍ന്നതും, പക്വവുമായ മറുപടികള്‍.
വളരെ മാന്യമായി തന്റെ വാദങ്ങള്‍ അവതരിപ്പിക്കുന്ന രാജനും ആശംസകള്‍
തുടരുക....
മുകളിലെ കമന്റ് ഇങ്ങനെ തിരുത്തിവായിക്കുക.
മതത്തെയും ദൈവത്തെയും മനുഷ്യാവശ്യങ്ങളെയും കുറിച്ചുള്ള വൈകൃതം നിറഞ്ഞ വായന ഒരു യുക്തിവാദിയെ എത്രമാത്രം അന്ധനാക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ ഉദ്ധരണി.
പ്രിയ ലത്തീഫ്
വിശദമായ മറുപടിക്ക് ആദ്യമായി നിന്ദി പറയുന്നു. എന്റെ ഭാഗം ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ.
ദൈവം എന്ന അസ്തിത്വം ഉണ്ടെന്നു വാദിക്കുന്ന വിശ്വാസികളാണ് അതിന് തെളിവു നല്‍കേണ്ടത്. അല്ലാതെ അത് മനുഷ്യന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നു വാദിക്കുന്നവരല്ല. ഒന്നും ഇല്ല എന്നു തെളിയിക്കാന്‍ നമുക്ക് സാധ്യമല്ല. ഉദഹരണത്തിന് റിച്ചര്‍ഡ് ഡ്വാക്കിന്‍സ് ചൂണ്ടിക്കാണിക്കുന്ന ഒരു ഉദാഹരണം: ബുധനും ശുക്രനും ഇടയില്‍ ഒരു ചൈനീസ് ചായക്കപ്പ് സൂര്യനെ വലം വയ്ക്കുന്നു എന്നു ചിലര്‍ ശക്തിയുത്തം വാദിക്കുന്നു എന്നു കരുതുക. അങ്ങനെയൊന്നു ഉണ്ടെന്നു തെളിയിക്കേണ്ടത് അവരുടെ ചുമതലയാണ്. ആല്ലാതെ ശാസ്ത്ര സമൂഹം ഉടനെ അവിടെ ചായക്കപ്പ് ഇല്ലന്നു തെളിയിക്കാന്‍ ഗവേഷണം തുടങ്ങേണ്ടതില്ല. ദൈവം, പിശാച്, മാലഖ, കല്പവൃക്ഷം, സ്വര്‍ഗ്ഗം, നരകം തുടങ്ങിയവയൊക്കെ ഉണ്ടെന്നു തെളിയിക്കേണ്ട ചുമതല ഈ സങ്കല്പങ്ങള് പ്രചരിപ്പിക്കുന്നവര്‍ക്കാണ്.
ദൈവത്തിന്റെ ഇഛക്ക് ഒരു സ്വാധീനവുമില്ലങ്കില് ആ ദൈവം നിസ്സഹായണണ് എന്നു താങ്കള്‍ പറയുന്നു. ലത്തീഫ് ഉദ്ദേശിക്കുന്നത് ഖുറാനില്‍ പരാമര്‍ശിക്കുന്ന ദൈവമാണെന്നു കരുതുന്നു. അങ്ങനെയെങ്കില്‍ ആ ദൈവം നിസ്സഹായന് തന്നെ. തെളിവുകള്‍ ഖുറാനില്‍ തന്നെയുണ്ട്.
ദൈവം തന്റെ വഴിക്കുവരാത്ത ജനങ്ങളെ ശപിക്കുന്നത് നോക്കൂ:
“അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;
അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;
ജ്വലിക്കുന്ന തീയില്‍ അവന് കിടന്നെരിയും;
അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;
അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5]
ഒരു സര്വ്വശക്തന് ഇങ്ങനെ തന്റെ സൃഷ്ടികളെ ശപിക്കുമോ.
ദൈവം യുദ്ധത്തിനു പ്രേരിപ്പിക്കുക മാത്രമല്ല, സ്വയം മനുഷ്യരോടു യുദ്ധം ചെയ്തതായും ഖുറാന് പറയുന്നു.
'എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്. ( നബിയേ, ) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്. തന്റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.8-17'
പ്രേരണ നല്കിയ വാക്യങ്ങള്‍:
"അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണ്ണമായ പ്രതിഫലം നല്കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല.8-60"
"നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്.8-65"
ഇനിയും നൂറുകണക്കിനു വാക്യങ്ങള്‍ ഉണ്ട്. വിസ്താര ഭയത്താല്‍ നിര്‍ത്തട്ടെ.
ഇവിടെയെല്ലാം ദൈവം ഒരു പക്ഷത്ത് നിലയുറപ്പിക്കുന്നതായി കാണാം. ഇതിന് ഞാന്‍ പക്ഷപാതിത്വം എന്ന് വിളിക്കുന്നു.
ദൈവം എന്ന സങ്കല്പം തന്നെ പരിണാമ വിധേയമാണ്. പല ദൈവങ്ങളും മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞു. പല ഗ്രീക്കു ദൈവങ്ങളും ഇന്നില്ല. നമ്മുടെ കേരളത്തിലെതന്നെ മാടനും, മറുതായ്ക്കും ഇന്ന് പണ്ടെത്തെപ്പോലെയുള്ള പ്രസക്തിയില്ല. ഗോത്രകാല ജനങ്ങളുടെ പല ദൈവങ്ങളില്‍ ചിലതാണ് ഖുറാനിലും, ബൈബിളിലും മറ്റും വിവരിക്കുന്ന ദൈവം. അന്നു നിലവിലിരുന്ന പലദൈവങ്ങളും നശിച്ചുകഴിഞ്ഞു.
ശാസ്ത്രത്തിന് തീര്‍ച്ചയായും പരിമിതികളുണ്ട്. ശാസ്ത്രകാരന്മാര് അത് അംഗീകരിക്കുകയും ചെയ്യും. അറിയില്ലാത്ത കാര്യം അറിയില്ലന്നു പറയുവാനുള്ള ആര്‍ജ്ജവവും അവര്‍ക്കുണ്ട്. പക്ഷെ മതവിശ്വാസികള്‍ അങ്ങനെയല്ല. അവരെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും അവരുടെ മത ഗ്രന്ഥങ്ങളില്‍ ഉണ്ട്. എന്തെങ്കിലും വസ്തുത അശാസ്ത്രിയമാണെന്നു കണ്ടാല്‍ അത് സിമ്പോളിക്കലായി പറഞ്ഞതാണ് , തര്‍ജ്ജമയില്‍ വന്ന പാകപ്പിഴയാണ് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഭാവനാസൃഷ്ടി നടത്തിയതഅണ് എന്ന മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇവര്‍ ന്യായികരിക്കാന്‍ ശ്രമിക്കുന്നത് കാണാം.
യുക്തിവാദികള്‍ മുന്‍വിധികള്‍ കൂടാതെയാണ് എല്ലാ വാദങ്ങളെയും സമീപിക്കുന്നത്. ദൈവം ഉണ്ടെന്നുള്ളതിനുള്ള വ്യക്തമായ എന്തെങ്കിലും തെളിവു ലഭിച്ചാല്‍ അതംഗീകരിക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാവും. തെളിവില്ലാത്തടത്തോളം കാലം ദൈവം മനുഷ്യന്റെ വികലമായ ഒരു ഭാവനാ സൃഷ്ടിമാത്രമായി ഞങ്ങള്‍ കരുതും. താങ്കള്‍ക്ക് ചിലപ്പോള്‍ ഈ നിലപാട് അന്ധതയായി തോന്നാം.
പ്രിയ രാജന് ജീ.
താങ്കളുടെ കമന്റുകള്‍ വായിച്ചു.നന്ദി. താങ്കള്‍ക്ക് ഇനിയും ഖുര്‍ആന്‍ സൂക്തങ്ങളും വാദങ്ങളും ലഭിക്കും വലിയ അധ്വാനമില്ലാതെ തന്നെ. കട്ട് ആന്റ് പേസ്റ്റ് മാത്രമേ നിങ്ങള്‍ നിര്‍വഹിക്കേണ്ടതുള്ളൂ. അതിനാല്‍ അടുത്ത ശ്രമം എന്റെ മറുപടിക്ക് ശേഷമാകാം. ഇപ്പോള്‍ സമയമില്ല. താമസിയാതെ കണ്ടുമുട്ടാം.
പ്രിയ ലത്തീഫ്
കട്ട് അന്റ് പേസ്റ്റ് ശാസ്ത്രം നമുക്ക് നല്കിയ ഒരു സൗകര്യമാണ്. ഖുറാന് സൂക്തങ്ങള്‍ നോക്കി ടൈപ്പുചെയ്താല്‍ മാത്രമേ അതിന് സാധുതയുള്ളു എന്നു താങ്കള്‍ വാദിക്കുകയില്ലന്നു കരുതുന്നു. വീണ്ടും കാണാം
പ്രിയ രാജന്
താങ്കളുടെ അവസാന കമന്റുകള്‍ മിക്കവാറും മുകളിലിലുള്ള കമന്റുകളുടെ ആവര്‍ത്തനമാണ്... ലത്തീഫ് താങ്കള്‍ക്ക് വ്യക്തമായ മറുപടി തന്നു കഴിഞ്ഞു.
ദൈവ വീക്ഷണങ്ങള്‍ പലവിധത്തിലുണ്ട് എന്നത് നേരാണ്. എന്നാല്‍ ഇവിടെ ലത്തീഫിന്റെ വിശകലനങ്ങള്‍ ഇസ്ലാമിന്റെ ദൈവ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അത് കൊണ്ട് തന്നെ മറ്റു ദൈവ വീക്ഷണങ്ങളെ കൂട്ടികുഴച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നതിലോ അതിന്റെ പരിണാമത്തെ വിശകലനം ചെയ്യുന്നതിലോ അര്‍ത്ഥമില്ല. ഇസ് ലാമിന്റെ ദൈവ വീക്ഷണത്തിന് ഒന്നാമത്തെ മനുഷ്യനായ ആദം മുതല്‍ ഇന്ന് വരെ ഒരു പരിണാമവും സംഭച്ചിട്ടില്ല. ഇനിയൊട്ട് സംഭവിക്കുകയുമില്ല. ഈ അടിസ്ഥാന വസ്തുതയുടെ അധികരിച്ചാണ് ചര്‍ച്ച മുന്നോട്ട് പോകേണ്ടത്.
മനുഷ്യന് ദൈവത്തെകുറിച്ചുള്ള ഒരു സങ്കല്പവും സ്വയം മെനെഞ്ഞെടുക്കാന്‍ കഴിയില്ല. ഒരു സോഫ്റ്റ്വെയറിന് അതിന്റെ പ്രോഗ്രാമറെ കുറിച്ച് ഒരു സങ്കല്പവും മെനയാന്‍ കഴിയാത്തപോലെ. ഒരു പരീക്ഷണം നടത്തി
കണ്ടെത്താന്‍ കഴിയുന്നതല്ല ദൈവം. ദൈവത്തെകുറിച്ച് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും നമുക്ക് വെളിപെടുത്തിതരാന് സാധിക്കില്ല. ദൈവത്തെ ഈ ലോകത്തിലുള്ള ഒരുവസ്തുവിനോടും നമുക്ക് താരതമ്യം ചെയ്യാനും സാധിക്കില്ല.
താങ്കള്‍ സ്വയം ഒരു ദൈവത്തെ താങ്കളുടെ യുക്തില്‍ പ്രതിക്ഷ്ഠിച്ചിരിക്കുന്നു. അതുമായി താങ്കള്‍ ദൈവത്തെ താരതമ്യപെടുത്താന്‍ ശ്രമിക്കുന്നു. അത്കൊണ്ട് താങ്കള്‍ പറയുന്നു ദൈവ ഒരിക്കലും അങ്ങിനെ പറയില്ല ഇങ്ങനെ പറയില്ല എന്നൊക്കെ...
ദൈവത്തിന്റെ ഗുണങ്ങള്‍ ഇന്നതായിരിക്കണം... എന്ന് താങ്കള്‍ സ്വയം തീരുമാനിക്കുകയാണ്. അങ്ങനെ ആരെങ്കിലും മെനെഞ്ഞ്ടുക്കുന്ന ഗുണത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യ പഠനം ദൈവത്തിന്റെ കാര്യത്തില്‍ അസാധ്യമാണ്.
ഓ.ടോ..
ശാസ്ത്രം എന്ന് പറയുന്നത് ഒരു കാര്യത്തെ നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനും കണ്ടെത്താനുമുള്ള മനുഷ്യന്റെ ശ്രമമാണ്. ശാസ്ത്രം ഒരു പുതിയ നിയമമോ വ്യവസ്ഥയോ ഈ പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്നില്ല. ഉണ്ടാക്കാന്‍ കഴിയുകയുമില്ല. അതായത് ഒരു വസ്തുവിനെ പ്രകൃതിയില്‍/പ്രപഞ്ചത്തില്‍ നേരെത്തെ തന്നെ നിലനില്‍ക്കുന്ന ഒരു നിയമത്തിന്റെ/വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പരിവര്‍ത്തന വിധേയമാക്കാന്‍ മാത്രമേ ശാസ്ത്രത്തിന് സാധിക്കുകയുള്ളൂ. ഈ ഒരു കഴിവ് മനുഷ്യന് മാത്രമേ, നാം കാണുന്ന ഈ ലോകത്തില്‍, ഉള്ളൂ താനും. അതായത് നേരെത്തെ നിലനില്‍ക്കുന്ന ഒരു ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രത്തിന്റെ നിലനില്പ്.
അപ്പോള്‍ ഈ പ്രപഞ്ചവും അതിലെ നിയമങ്ങളും വ്യവസ്ഥയും ഈ എങ്ങനെയുണ്ടായി? ആരാണതിനെ സംവിധാനിച്ചത്? എന്ന ചോദ്യം വരും... ആ ചോദ്യത്തിന്റെ ഉത്തരമാണ് ദൈവം എന്നാ മഹാശക്തി... ഇത് വ്യക്തമായ യുക്തി ചിന്തയുടെ അടിസ്ഥാനത്തില്‍ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
സര്‍വ്വ പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും സംവിധായകനും പരിപാലകനുമായ ദൈവം എന്ന ആ മാഹാശക്തി എങ്ങനെയാണെന്നോ എവിടെയാണെന്നോ ഇന്നരൂപത്തിലാണെന്നോ മനുഷ്യന്റെ ചിന്തയില്‍ മെനഞ്ഞുണ്ടാക്കുക എന്നത് തികച്ചും യുക്തിപരമല്ലാത്തതും അസാധ്യവുമാണ്.
ദൈവത്തെ കുറിച്ച് ദൈവത്തിനല്ലാതെ നമുക്ക് വെളിപെടുത്തിതരാന് പറ്റില്ലതന്നെ. അത് കൊണ്ട് ദൈവം തന്നെ അതിനൊരു വഴിനിശ്ചയിച്ചു. ആ വഴിയാണ് ദിവ്യവെളിപാടുകള്‍(വഹ് യ്). അത്തരം ദിവ്യവെളുപാടുകളാണ് വേദ ഗ്രന്ഥങ്ങള്‍. ഖുര്‍ ആന്‍ അതില്‍ അവസാനത്തേത് മാത്രം.
മനുഷ്യന്റെ ഉപജീവനത്തിനുള്ള മാര്‍ഗ്ഗം അവന്റെ സൃഷ്ടിപ്പില്‍ തന്നെയുണ്ട്. അതിലൊന്നാണ് വികാസ ക്ഷമതയുള്ള അവന്റ് ബുദ്ധി. ശാസ്ത്രവും മറ്റെല്ലാ സൌകര്യങ്ങളും അവന് ലഭിക്കുന്നത് അവന്റ് ബുദ്ധിയിലൂടെയാണ്. അത് കൊണ്ട് തന്നെ വേദഗ്രന്ഥങ്ങളുടെ ലക്ഷ്യം ശാസ്ത്രീയമായ വെളിപെടുത്തലുകളല്ല തന്നെ. മനുഷ്യന് ഇവിടെ എങ്ങനെ നന്നായി ജീവിക്കണമെന്നും അവന്റെ ജീവിത ലക്ഷ്യമെന്തെന്നും അവന് സഹജീവികളോടും പ്രകൃതിയോടും പെരുമാറേണ്ടത് എങ്ങനെയെന്നും കുടുബത്തോടും സമൂഹത്തോടും നാടിനോടും അവനുള്ള ബാധ്യതകള്‍ എന്താണെന്നും അവനെ പഠിപ്പിക്കുക എന്നതാണ് വേദഗ്രന്ഥങ്ങള്‍ വഴി മനുഷ്യനെ ദൈവം തെര്യപെടുത്തുന്നത്. cntd..
@രാജന്
ഖുര്‍ആനിന്റെ കാര്യത്തില്‍ കട്ട് പേസ്റ്റ് എന്ന മനുഷ്യകഴിവിന്റെ പ്രകടനസാധ്യത താങ്കള്‍ ഉപയോഗപ്പെടുത്തുന്നതില്‍ യാതൊരു അസാഗത്യവുമില്ല. അത് യുക്തിവാദികളുടെ ബ്ലോഗില്‍ നിന്ന അതേ ചിന്തകളോടെയാകുന്നതില് അല്പം സൂക്ഷമത നല്ലതാണ് എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ.
@ചിന്തകന്‍
തുടരുക... നന്ദി
മനുഷ്യനെ സംസ്കരിക്കുക എന്നതാണ് വേദഗ്രന്ഥങ്ങളുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. അത് സംവദിക്കുന്നത് മനുഷ്യനോടാണ്. അത് കൊണ്ട്തന്നെ മനുഷ്യന്റെ സ്വഭാവ നിലപാടുകളുടെ അകംപൊരുള്‍ അറിഞ്ഞുകൊണ്ടുള്ള വചനങ്ങളാണ് അതില്‍....
മനുഷ്യന്റെ പ്രത്യേക തന്നെ തെരെഞ്ഞെടുപിനുള്ള സ്വതന്ത്ര്യമാണെന്ന് ലത്തീഫ് വ്യക്തമാക്കിയതാണ്. അത് കൊണ്ട്
ഒരാള്‍ക്ക് സ്വീകരിക്കാനും നിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം ദൈവം തന്നെ നല്‍കിയതാണ്. നിഷേധികളെയെല്ലാം കൊല്ലണമെന്നോ ആക്രമിച്ചു കീഴടക്കണമെന്നോ നിര്‍ബന്ധം ചെലുത്തണമെന്നോ ദൈവം എവിടെയും പറഞ്ഞിട്ടില്ല.
എന്നാല്‍ സ്വീകരിച്ചവരുടെ നിലപാട് ശെരിയല്ലെന്നും നിങ്ങളും ഞങ്ങളെ പോലെ നിഷേധികളാവണമെന്നും അല്ലാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ വകവരുത്തുകയോ കീഴടക്കുകയോ ചെയ്യും എന്ന നിലപാടെടുത്തവരുടെ മുമ്പില്‍ കയ്യും കെട്ടി നോക്കി നില്ക്കാന് വിശ്വാസികളായ ആളുകളോട് ദൈവം കല്പിച്ചിരുന്നെങ്കില് അതാകുമായിരുന്നു ഏറ്റവും വലിയ അനീതി.
പ്രിയ ചിന്തകന്‍,
ഞാന്‍ ഇസ്ലാം മതത്തിന്റെ ദൈവത്തെ മാത്രമാണ് ഇവിടെ വിശകലനം ചെയ്തത്. മറ്റുദൈവങ്ങളെ പൊലെ ആ ദൈവവും മനുഷ്യന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ഒരു സങ്കല്പം മാത്രമാണെന്നു സ്ഥാപിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ദൈവത്തെക്കുറിച്ചോ പിശാചിനെക്കുറിച്ചൊ ഒക്കെയുള്ള സങ്കല്പം മനുഷ്യനു മാത്രമേ മെനഞ്ഞെടുക്കുവാന്‍ സാധിക്കുകയുള്ളു. മറ്റൊരുജീവിക്കും ഇതിനു സാധ്യമല്ല. ദൈവത്തെക്കുറിച്ച് (ഇസ്ലാമിക്) അദ്ദേഹം സ്വയം ഒരു വെളിപ്പെടുത്തലുകളും നടത്തിയതായി അറിവില്ല. വെളിപ്പെടുത്തലുകളെല്ലാം ഇടനിലക്കാരായ മനുഷ്യര്‍ വഴിയായിരുന്നു. ദൈവത്തെ മറ്റൊന്നിനോടു താരതമ്യം ചെയ്യുവാനും ഞാന്‍ ശ്രമിച്ചില്ല. ഇന്നും ദൈവങ്ങള്‍ ഇടനിലക്കാര്‍ വഴി തന്റെ സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഉദ:- മാതാ അമൃതാനന്ദമയി (ഹിന്ദു ദൈവമാണ് പ്രത്യക്ഷപ്പെടാറ് എന്ന വ്യത്യാസം ഉണ്ട്)
എന്റെ യുക്തിയില്‍ ഞാന്‍ ഒരു ദൈവത്തേയും പ്രതിഷ്ഠിച്ചിട്ടില്ല. എന്റെ കമന്റ് വായിച്ചിട്ട് താങ്കള്‍ക്ക് അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടായതില്‍ അത്ഭുതം തോന്നുന്നു. ഖുറാനില്‍ വിവരിക്കുന്ന ദൈവത്തിന്റെ ഗുണഗണങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്.
ശാസ്ത്രത്തെക്കുറിച്ചുള്ള താങ്കളുടെ വീക്ഷണം ഏറക്കുറെ ശരിയാണ്. നിയമവും വ്യവസ്ഥയും പുതുതായി ഉണ്ടാക്കാന്‍ മനുഷ്യനു മാത്രമേ സാധിക്കൂ. അവ മതങ്ങള്‍ മനുഷ്യനില്‍നിന്നും കടമെടുത്ത് ദൈവദത്തമാണെന്നു പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഒരു കാലത്ത് മനുഷ്യനുണ്ടാക്കിയ ചില വ്യവസ്ഥകള്‍ എന്നും നിലനില്ക്കണമെന്ന് മതങ്ങള്‍ പിടിവാശിപിടിക്കുകയും ചെയ്യുന്നു. അതു നിലനിര്‍ത്താന്‍ അവര്‍ പല മുടന്തന്‍ ന്യായങ്ങളും കൊണ്ടുവരാറുമുണ്ട്. തീര്‍ത്തും അശാസ്ത്രീയമാണ് അത്. മരുഭൂമിയിലെ വസ്ത്രധാരണരീതി, അഗ്രചര്‍മ്മഛേദനം, അമ്പലങ്ങളില്‍ മേല്വസ്ത്രംധരിക്കാതെയുള്ള പുരുഷ പ്രവേശനം, പ്രാര്‍ത്ഥന രോഗം മാറ്റുമെന്നുള്ള വിശ്വാസം തുടങ്ങി പലതും ഇന്നും നിലനില്‍ക്കുന്നത് മത പ്രചാരകരുടെ വ്യാഖ്യനകസര്ത്തിന്റെ ഫലമായിട്ടാണ്.
പ്രപഞ്ചത്തിലെ നിയമങ്ങളും വ്യവസ്ഥകളും എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരമായി താങ്കള്‍ ദൈവത്തെകാണുന്നു. അത് സംവിധാനിച്ചത് ദൈവമാണെന്നു താങ്കള്‍ കരുതുന്നു. പക്ഷെ പ്രപഞ്ചത്തിന് ഒരു സംവിധായകന്റെ ആവശ്യം ഇല്ല എന്നു താങ്കള്‍ക്ക് ഇനിയും ബോധ്യം വന്നിട്ടില്ല എന്നു തോന്നുന്നു. പ്രപഞ്ചം എന്നും നിലനില്ക്കും അതിന് ഒരു തുടക്കമോ ഒടുക്കമോ ഇല്ല. രൂപ പരിണാമം സംഭവിച്ചുകൊണ്ടിരിക്കും. അതിന് ബോധപൂര്‍വ്വമായ ഒരു ബാഹ്യ ഇടപെടല്‍ ആവശ്യമില്ല. ചെറിയ ഉദാഹരണം കൊണ്ടു വ്യക്തമാക്കാം. താങ്കളുടെ മുമ്പിലിരിക്കുന്ന മോണിറ്റര്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാധിക്കുമോ? ഏങ്ങനെയൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചാലും മറ്റൊരു രുപത്തില്‍ അത് നിലനില്ക്കും. കത്തിച്ചുകളഞ്ഞാല്‍ കരിയായും, പുകയായും, താപോര്‍ജ്ജമായും മറ്റും. ദൈവം വിചാരിച്ചാലും ഇതേ നടക്കൂ. എന്തായാലും മനുഷ്യന്റെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെടുകയും അവന്റെ ഭാവി, ഭൂതം, വര്‍ത്തമാനം എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നു കരുതുന്ന ദൈവത്തെ ഒരു ഒരു പ്രപഞ്ചവും അതിലെ വ്യവസ്ഥകളേയും സംവിധാനിച്ച സംവിധായകന്റെ ഭൂമികയിലേക്ക് ചുരുക്കിയത് ശരിയായില്ല.
മനുഷ്യനെ സംസ്കരിക്കുക എന്നതാണ് വേദഗ്രന്ഥങ്ങളുടെ ലക്ഷ്യം എന്ന് എനിക്കുതോന്നുന്നില്ല. ഒരു വിഭാഗം മനുഷ്യരെ എന്നു തിരുത്തിയാല്‍ കുറച്ചു ശരിയുണ്ടാവാം. മറ്റു ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്കു നേരെ ഖുറാനിലെ ദൈവം എങ്ങനെ പ്രതികരിക്കുന്നു വെന്ന് മുന്‍വിധിയില്ലാതെ വായിക്കുന്നവര്‍ക്ക് മനസ്സിലാകും.
സ്വീകരിക്കാനും നിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം മതം നല്‍കിയിട്ടുണ്ടോ. സ്വീകരിച്ചതിനു ശേഷം നിഷേധിച്ചാല്‍ എന്താണു ശിക്ഷ എന്നു ഞാന്‍ വിശദീകരിക്കേണ്ടതില്ല എന്നു തോന്നുന്നു. പിന്നെ നിഷേധികളോട് ദൈവം ചിലപ്പോള്‍ സന്ധിചെയ്യാന്‍ സാധ്യതയുണ്ടെന്ന് ലത്തീഫ് നേരത്തെ സൂചിപ്പിച്ചിരുന്നു.
എത്രയൊക്കെ ചര്‍ച്ച ചെയ്താലും നാം നമ്മുടെ നിലപാടുകളില്‍ ഉറച്ചു നില്ക്കും. ഞാന്‍ മനുഷ്യരെയെല്ലാം എന്റെ സഹജീവികളായികാണുന്നു. അവര്‍ ദൈവങ്ങളുടെ പേരില്‍ വഴക്കിടുന്നതില്‍ വേദനിക്കുന്ന ഒരു ഹൃദയമാണ് എനിക്കുള്ളത്. ഈ തമ്മിലടിക്കു കാരണം മതങ്ങള്‍ തന്നെയെന്നു എനിക്കു ഉറപ്പുണ്ട്. അതുകൊണ്ട് ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകണമോ എന്നു ലത്തീഫ് തീരുമാനിക്കുക. എന്റെ കമന്റുകള്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചെഴുതിയതല്ലെന്നു പറഞ്ഞുകൊള്ളട്ടെ.
എന്നാല്‍ അത്തരത്തിലുള്ള പീഡനങ്ങളുടെ പേരില്‍ ഒറ്റതിരിഞ്ഞ് ആക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്നതിനെ ഇസ് ലാം വിലക്കുന്നു.
സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് മറ്റൊരു സ്ഥലത്ത് എത്തിപ്പെട്ട് അവിടെയും ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കപെടുന്നില്ല എന്ന ഘട്ടത്തിലാണ് ഒരു തിരിച്ചാക്രമണത്തിനുള്ള ആഹ്വാനം വരുന്നത്. ഇത്തരം ഒരു സന്ദര്‍ഭത്തില്‍, തികച്ചും ന്യൂനപക്ഷവും ദുര്‍ബലരും പീഡിതരുമായ ഒരു സമൂഹത്തെ, ആക്രമികളില്‍ നിന്ന് മോചിപിച്ചെടുക്കാന് പ്രചോദകമായ ഖുര്‍ ആന്‍ വചനങ്ങള്‍ അവതരിപ്പിച്ചു. അവരെ ദൈവം സഹായിച്ചു. അതിന് ചരിത്രം സാക്ഷി. ഇത്തരം ഘട്ടങ്ങളില്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന, ക്ഷമാ ശീലരായ ഒരു സമൂഹത്തെ അവര്‍ എത്ര ന്യൂനപക്ഷമായാലും, ദൈവത്തിന്റെ സാഹായം ലഭിക്കും എന്നതിന്റെ സാക്ഷ്യമായി ഈ ഖുര്‍ ആന്‍ സൂക്തകങ്ങള്‍ നിലനില്ക്കുന്നു. എന്നും നില നില്ക്കുകയുന് ചെയ്യും.
ആക്രമിപ്പെട്ട അവസ്ഥയിലോ ആക്രമിക്കപേടാന് സാധ്യതയുള്ള സന്ദര്‍ഭങ്ങളിലോ, അതും ഒരു രാഷ്ട്രീയ സെറ്റപ്പിന്റെ അടിസ്ഥാനത്തില്‍, മാത്രമാണ് ഇസ്ല്ലാം യുദ്ധത്തിനുള്ള ആഹ്വാനം നല്‍കുന്നുള്ളൂ. സമാധാനം സഥാപിക്കുക എന്നതായിരിക്കണം അതിന്റെ പരമ പ്രധമായ ലക്ഷ്യവും.
പ്രിയ രാജന്
മറുപടിക്ക് നന്ദി
ഞാന്‍ ഇസ്ലാം മതത്തിന്റെ ദൈവത്തെ മാത്രമാണ് ഇവിടെ വിശകലനം ചെയ്തത്. മറ്റുദൈവങ്ങളെ പൊലെ ആ ദൈവവും മനുഷ്യന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ഒരു സങ്കല്പം മാത്രമാണെന്നു സ്ഥാപിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
ഇസ്ലാം മാതത്തിന് മാത്രമായി ഒരു ദൈവമുണ്ടെന്ന് ഞാനോ ലത്തീഫോ ഇവിടെ പ്രസ്താവിച്ചിട്ടില്ല. ഇസ് ലാമില്‍ അങ്ങിനെയൊരു ദൈവ വീക്ഷണവുമില്ല.
താങ്കള്‍ ഇപ്പോഴും പറയാന്‍ ശ്രമിക്കുന്നത് മനപ്പൂര്‍വ്വമോ അല്ലാതെയോ താങ്കള്‍ തെറ്റായി മനസ്സിലാക്കിയതിനെയാണ്. താങ്കള്‍ ജനിച്ച് വളര്‍ന്ന ചുറ്റുപാടിന് ഒരു പക്ഷേ അങ്ങിനെയൊരു വീക്ഷണമുണ്ടായത് കൊണ്ടാവും താങ്കള്‍ ഇത്തരത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
ഇസ് ലാം മുസ്ലീങ്ങളുടെ മാത്രം ദൈവമായി ഒരു ദൈവ വീക്ഷണവും അവതരിപ്പിച്ചിട്ടില്ല. ഇസ്ലാം പറയുന്ന ദൈവം/ ദൈവം പറയുന്ന ഇസ്ലാം, കാല,കുല,വര്‍ണ്ണ,ഭാക്ഷാ,ദേശ വിഭജനങ്ങള്‍ക്കതീതമായി സകല മനുഷ്യരുടേതുമാണ്. മുസ്ലീംങ്ങള്‍ വിശ്വസിക്കുന്നതും അങ്ങനെയാണ്.
ദൈവത്തെക്കുറിച്ച് (ഇസ്ലാമിക്) അദ്ദേഹം സ്വയം ഒരു വെളിപ്പെടുത്തലുകളും നടത്തിയതായി അറിവില്ല.
താങ്കള്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാവും ശരി. ദൈവത്തിന്റെ വചനങ്ങള്‍ തന്നെയാണെന്ന് ഖുര്‍ആന്‍ എന്ന് പ്രവാചകനും അദ്ദേഹത്തിന്റെ ചരിത്രവും സാക്ഷിയാണ്. യഥാര്‍ഥ വിശ്വാസം രൂപം കൊള്ളുന്നത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കളുടെ അറിവ് അന്ധവിശ്വാസം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്.
പ്രിയ ചിന്തകന്‍
യുദ്ധത്തിനുള്ള ഈ ആഹ്വാനങ്ങള്‍ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. താങ്കള്‍ അത് മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രമാണെന്ന് വിശ്വസിക്കുന്നു. മറ്റുചിലര്‍ മറ്റുദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ ആക്രമണത്തിന് ദൈവം തന്ന അനുവാദമായിക്കരുതുന്നു.
ഞാന്‍ വിശകലനം ചെയ്ത ദൈവത്തെ ഖുറാനില്‍ മുഹമ്മദ് നബിയില്ക്കൂടി ആയത്തകള് ഇറക്കിക്കൊടുത്ത ദൈവം എന്ന് തിരുത്തിവായിക്കുക. അപ്പോള്‍ പ്രശ്നം തീരുമല്ലോ.
ദൈവീക വചനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളതെന്ന് ഗ്രന്ഥത്തില്‍ തന്നെ എഴുതിവയ്ക്കുകയോ അതിന് ഒരാള്‍ സാക്ഷി പറയുകയോ ചെയ്താല്‍ അതെല്ലാം ദൈവവചനങ്ങള്‍ തന്നെ യെന്നു കരുതുവാന്‍ എന്റെ സാമാന്യ ബുദ്ധി അനുവദിക്കുന്നില്ല. അമൃതാനന്ദമയി നാളെ ഒരു പുസ്തകം പുറത്തിറക്കി അതിലുള്ളതു മുഴുവന്‍ ശ്രീകൃഷ്ണന് തനിക്കു സ്വപ്നത്തില്‍ പറഞ്ഞുതന്നതാണെന്നു പറഞ്ഞാല്‍ എന്താവും താങ്കളുടെ പ്രതികരണം. അവര്‍ക്കും വലിയ വിദ്യാഭ്യാസം ഉണ്ടെന്നു തോന്നുന്നില്ല. തന്നെയുമല്ല ലോകം മുഴുവന്‍ നടന്നു അവര്‍ ആത്മീയ പ്രസംഗം നടത്തുന്നുമുണ്ട്.
ഇന്നും ദൈവങ്ങള്‍ ഇടനിലക്കാര്‍ വഴി തന്റെ സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഉദ:- മാതാ അമൃതാനന്ദമയി (ഹിന്ദു ദൈവമാണ് പ്രത്യക്ഷപ്പെടാറ് എന്ന വ്യത്യാസം ഉണ്ട്)
മാതാ അമൃതാനന്ദമായിയെ അവരുടെ കാലത്ത് തന്നെ ജനങ്ങള്‍ ആരാധിക്കുകയും അവരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അവര്‍ അതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ല. എന്ന് വെച്ചാല്‍ താന്‍ ഒരാള്‍ ദൈവമാണെന്ന് അവര്‍തന്നെ സമ്മതിക്കുന്നു എന്നര്‍ത്ഥം.
പ്രവാചകന്മാര് ആരും തങ്ങളെ ആരാധിക്കണമെന്ന് ഉപദേശിച്ചില്ല. അവരുടെ കാലഘട്ടത്തില്‍ ഒരു പ്രവാചകനും ആരാധിക്കപ്പെട്ടിട്ടില്ല. എല്ലാ പ്രവാചകന്മാരും ഒരേകാര്യമാണ് പറഞ്ഞതും. ഏകനും സകലതിന്റെ സ്രഷ്ടാവുമായ ദൈവത്തെ മാത്രം അനുസരിക്കാന്‍.
ദിവ്യ സന്ദേശങ്ങള്‍ ലഭിക്കുന്നു എന്നതിനപ്പുറം തങ്ങള്‍ക്ക് യാതൊരു പ്രത്യകയുമില്ലെന്ന് അവര്‍ പറയുകയും ചെയ്തിരുന്നു. ആ സമൂഹങ്ങളെല്ലാം അവരെ കടുത്ത പീഡനങ്ങള്‍ വിധേയമാക്കപെട്ടിരുന്നു. അവര്‍ പറഞ്ഞ് കൊണ്ടിരുന്നതില്‍ നിന്ന് വിരമിച്ചാല്‍ രാജ്യഭരണം ഉള്‍പെടെ പല മോഹന വാഗ്ദാനങ്ങളും അവര്‍ക്ക് നല്കപെട്ടിരുന്നു.. അവരാരും തന്നെ സമ്പന്നന്മാരോ കുഭേരന്മാരോ ആയിരുന്നില്ല.
പക്ഷെ പ്രപഞ്ചത്തിന് ഒരു സംവിധായകന്റെ ആവശ്യം ഇല്ല എന്നു താങ്കള്‍ക്ക് ഇനിയും ബോധ്യം വന്നിട്ടില്ല എന്നു തോന്നുന്നു. പ്രപഞ്ചം എന്നും നിലനില്ക്കും അതിന് ഒരു തുടക്കമോ ഒടുക്കമോ ഇല്ല.
ആവശ്യമുണ്ടോ ഇല്ലേ എന്ന് താങ്കള്‍ തീര്‍പ്പ് കല്പിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? ശാസ്ത്രത്തിന് പിന്നില്‍ ബുദ്ധിയുണ്ട് എന്ന് താങ്കള്‍ സമ്മതിക്കും. അതിന് മുന്നേയുള്ള വളരെ ശാസ്ത്രീയമായ ഈ പ്രാപഞ്ചിക വ്യവസ്ഥക്ക് പിന്നില്‍ ഒരു ബുദ്ധിയും ആവശ്യമില്ല എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്?
ഇത് താങ്കളുടെ ഒരു അന്ധവിശ്വാസം മാത്രമാണെന്ന് ഞാന്‍ പറഞ്ഞാല്‍ മറിച്ച് തെളിയിക്കാന്‍ താങ്കളുടെ പക്കല്‍ എന്താണുള്ളത് പ്രിയ രാജന്?
നിയമവും വ്യവസ്ഥയും പുതുതായി ഉണ്ടാക്കാന്‍ മനുഷ്യനു മാത്രമേ സാധിക്കൂ. അവ മതങ്ങള്‍ മനുഷ്യനില്‍നിന്നും കടമെടുത്ത് ദൈവദത്തമാണെന്നു പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നു.
മനുഷ്യന് ഈ പ്രാപഞ്ചിക വ്യവസ്ഥയിലെ ഒരു നിയമത്തെയോ അതിന്റെ ശാസ്ത്രീയ രീതിയെയോ മാറ്റാന്‍ കഴിയില്ലതന്നെ. മനുഷ്യന് മനുഷ്യന്റെ ആന്തരിക വ്യവസ്ഥയെയോ അതിന്റെ ആന്തരിക നിയമങ്ങളെയോ പോലും ഒരണുവിട മാറ്റം മാറ്റം വരുത്താന്‍ സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല. കാരണം അത് മറ്റനേകം പ്രാപഞ്ചിക നിയമങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ജനനവും മരണവും എല്ലാം ആ വ്യവസ്ഥയുടെ ഭാഗമാണ്.
എന്തായാലും മനുഷ്യന്റെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെടുകയും അവന്റെ ഭാവി, ഭൂതം, വര്‍ത്തമാനം എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നു കരുതുന്ന ദൈവത്തെ ഒരു ഒരു പ്രപഞ്ചവും അതിലെ വ്യവസ്ഥകളേയും സംവിധാനിച്ച സംവിധായകന്റെ ഭൂമികയിലേക്ക് ചുരുക്കിയത് ശരിയായില്ല.
പ്രിയ രാജന്
എനിക്ക് മനസ്സിലായില്ല.
ചെറിയ ഉദാഹരണം കൊണ്ടു വ്യക്തമാക്കാം. താങ്കളുടെ മുമ്പിലിരിക്കുന്ന മോണിറ്റര്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാധിക്കുമോ? ഏങ്ങനെയൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചാലും മറ്റൊരു രുപത്തില്‍ അത് നിലനില്ക്കും. കത്തിച്ചുകളഞ്ഞാല്‍ കരിയായും, പുകയായും, താപോര്‍ജ്ജമായും മറ്റും
ശരി.. താങ്കളുടെ മുന്നിലിരിക്കുന്ന മോണിറ്റര്‍ തനിയേ താങ്കളുടെ മുന്നില്‍ വന്നു എന്നും അതൊരു ദിവസം തന്നിയേ തവിടു പൊടിയായി മറ്റൊരു രൂപത്തിലാവുമെന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
ഞാന്‍ മനുഷ്യരെയെല്ലാം എന്റെ സഹജീവികളായികാണുന്നു. അവര്‍ ദൈവങ്ങളുടെ പേരില്‍ വഴക്കിടുന്നതില്‍ വേദനിക്കുന്ന ഒരു ഹൃദയമാണ് എനിക്കുള്ളത്.
തീര്‍ച്ചയായും, മനുഷ്യരെല്ലാം ഒന്നായി കാണാനാണ് ഇസ്ലാം പറയുന്നത്. എല്ലാം മനുഷ്യരും ജനിക്കുന്നത് തുല്യരായാണ്. അവര്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുന്നത് ഇസ്ലാം നിരോധിച്ചിരിക്കുന്നു. അവര്‍ക്കിടയില്‍ വഴക്കുണ്ടാക്കുന്നതും ഇസ് ലാം നിരോധിച്ചിരിക്കുന്നു.
ഈ തമ്മിലടിക്കു കാരണം മതങ്ങള്‍ തന്നെയെന്നു എനിക്കു ഉറപ്പുണ്ട്.
ഇത് തെറ്റിദ്ധാരണ മാത്രമാണ്.
ലോക മാഹായുദ്ധങ്ങളും സ്റ്റാലിനും ഇവിടെ നടക്കുന്ന മിക്കവാറും കള്ളവും ചതിയും കൊലപാതകങ്ങളും വഞ്ചനയുമായി മനുഷ്യന് പരസ്പരം കലഹിക്കുന്നത് മതങ്ങളുടെ പേരിലല്ല. മതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കള്ളവും ചതിയും കൊലപാതകങ്ങളും ക്രൂരതയുമെല്ലാം പതിന്മടങ്ങായി മനുഷ്യന് എന്നോ കലഹിച്ച് നശിച്ചേനെ... ദൈവ ഭയം ഒരു പരിധിവരെ മനുഷ്യനെ ഇതില്‍ നിന്ന് തടയുകയാണ് ചെയ്തതെന്ന് വസ്തു നിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കുന്നതേ ഉള്ളൂ.
താങ്കളിലുള്ള നിഷ്കളങ്കമായ ആത്മാര്‍ത്ഥതയെ ഞാന്‍ കാണുന്നു. മനുഷ്യന്റെ മന:ശാസ്ത്രം താങ്കള്‍ ഇക്കാര്യത്തില്‍ ഒന്ന് കൂടി വിലയിരുത്തണം എന്നാണ് വിനീതമായ അഭ്യര്‍ഥന.
പ്രിയ ചിന്തകന്‍
രാജന്റെ ഏതാണ്ട് മിക്കവാറും സംശയങ്ങള്‍ക്ക് വിശ്വാസികള്‍ക്കുള്ള മറുപടി താങ്കള്‍ ഭംഗിയായി തന്നെ നല്കിയിരിക്കുന്നു. നന്ദി. അബൂലഹബിനെ ശപിച്ചതുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ് ഭാക്കിയുള്ളത്. ശേഷമുള്ളത് ആവര്‍ത്തനമാണ് യുദ്ധം ചെയ്യുന്ന ദൈവമോ എന്ന എന്റെ പോസ്റ്റില്‍ അവ പരാമര്‍ശിച്ചതിനാല്‍ മറുപടി ആവര്‍ത്തിക്കുന്നില്ല. ദൈവം വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്തു എന്നതിന് തെളിവായി ഉദ്ധരിക്കപ്പെടുന്ന സൂക്തമാണത്. മതവിദ്വേഷം തലക്കുപിടിച്ചാല്‍ സാധാരണക്കാര്‍ക്കുള്ള ബുദ്ധിപോലും പിന്നെ പ്രവര്‍ത്തിക്കുകയില്ല എന്നതിന് തെളിവാണത്.
പ്രിയ രാജന്ജി.
സാധാരണ യുക്തിവാദി നാട്യക്കാരില്‍ നിന്ന് വ്യത്യസ്ഥമായി ചര്‍ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ചിന്തകന്‍ -വിസ്താര ഭയം കാരണമാണെന്ന് തോന്നുന്നു - വിട്ടുകളഞ്ഞ വിഷയങ്ങളില്‍ വിശ്വാസികളുടെ നിലപാട് വ്യക്തമാക്കുന്ന പോസ്റ്റ് ഉടനെ.
പ്രിയ ലത്തീഫ്,
താങ്കളുടെയും ബീമാപള്ളിയുടെയും ചിന്തകന്റെയും ഓരോ ലേഖനങ്ങളും ഇസ്ലാമോഫോബുകളില്‍ തീര്‍ക്കുന്ന അങ്കലാപ്പ് ചെറുതല്ല!
യുക്തിവാദി മൊല്ലാക്കമാരില്നിന്നും ഇസ്ലാമിനെപ്പറ്റി പഠിച്ച് ഇവിടെവന്ന് അറിവു വിളമ്പി പരിഹാസ്യരാവുന്നു ആ സാധുക്കള്‍!
ചിലരെങ്കിലും യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധാരണകാരണം വിഡ്ഡിത്തം വിളമ്പുന്നത് ശരിതന്നെ. അവരെ അനുഭാവപൂര്‍വ്വം പരിഗണിക്കുക തന്നെ വേണം.
-
തുടരുക ഈ ജിഹാദ്...
ഓരോ നിമിഷവും ജിഹാദ് ചെയ്യാന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കുമാറാകട്ടെ...
പ്രിയ അബ്ദുല്‍ അഹദ്
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. പ്രാര്‍ഥനയില്‍ പങ്ക് ചേരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ