മനുഷ്യരുടെ സന്‍മാര്‍ഗ ദര്‍ശനത്തിന് ദൈവം നിശ്ചയിച്ച സംവിധാനമാണ് പ്രവാചകത്വം. ആദമിനെ ഭൂമിയിലേക്കയക്കുമ്പോള്‍ ദൈവം വാഗ്ദാനം ചെയ്തതാണത്. ദൈവിക നീതിയുടെ താല്‍പര്യവും അതിലാണ്. മനുഷ്യരെ സൃഷ്ടിക്കുകയും അവന് ജീവിക്കാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങള്‍ എല്ലാം സംവിധാനിക്കുകയും ചെയ്ത ദൈവം അവന് ഈ ഭൂമിയില്‍ ജീവിക്കാനാവശ്യമായ നിയമങ്ങള്‍ക്കൂടി നല്‍കി എന്നത് ദൈവിക കാരുണ്യത്തിന്റെ കൂടി പ്രകടനമാണ്. ആദം നബി മുതല്‍ മുഹമ്മദ് നബി വരെ ഒരു ലക്ഷത്തിഇരുപത്തിനാലായിരത്തോളം പ്രവാചകന്‍മാര്‍ ഭൂമിയില്‍ ആഗതരായിട്ടുണ്ടെന്ന് പ്രവാചകനവചനത്തില്‍ കാണാന്‍ കഴിയും. ഇതില്‍ 25 പ്രവാചകന്‍മാരുടെ പരാമര്‍ശം ഖുര്‍ആനിലുണ്ട്. ചിലരുടെ ചരിത്രം വിശദമായി പറഞ്ഞപ്പോള്‍ ചിലരുടെ പേര്‍ മാത്രം പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്‍മാരുടെയും ദൗത്യം ഒന്നായിരുന്നു. ദൈവികനിയമങ്ങള്‍ക്ക് വഴപ്പെടുക ദൈവേതര ശക്തികളെ വെടിയുക ഇതായിരുന്നു സന്ദേശത്തിന്റെ...