2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

വിശ്വസിക്കാത്തവരെ വധിക്കാന്‍ ദൈവം പറഞ്ഞുവോ?

എന്തിനാണ് വിശുദ്ധഖുര്‍ആനിലൂടെ വിശ്വാസികളോട് ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടത് ?. എന്തധികാരം നിലനിര്‍ത്താനാണ് അല്ലെങ്കില്‍ എന്ത് വെറുപ്പിന്റെ കാരണത്താലാണ് യുദ്ധം നിയമമാക്കപ്പെട്ടത്?. ദൈവത്തിന്റെ ലക്ഷ്യങ്ങള്‍ നേടിക്കൊടുക്കാന്‍ വേണ്ടിയാണോ അത്?. തന്നെ വണങ്ങാത്തവരെ വെറുക്കണമെന്നും അവര്‍ വധിക്കപ്പെടണമെന്നതും ദൈവത്തിന്റെ ആവശ്യമാണോ?. 

ഇ.എ.ജബ്ബാറിന്റെ പോസ്റ്റില്‍ ചര്‍ചക്കിടെ ഒരു സുഹൃത്ത് ഉയര്‍ത്തിയ ചിലചോദ്യങ്ങളില്‍ ആത്മാര്‍ഥതയുടെ ഒരു കണികയുണ്ടോ എന്ന് സംശയിച്ചുപോയി അതിന് പ്രതികരണമെഴുതാന്‍ തുനിഞ്ഞപ്പോള്‍ അതൊരു പോസ്റ്റായി മാറി. മാത്രമല്ല ഇതേ ചോദ്യം ഇസ്‌ലാമിനെ പഠിക്കാനാഗ്രഹിക്കുന്ന ചിലര്‍ക്കെങ്കിലും ഉണ്ടാകാനുള്ള നല്ല സാധ്യതയും ഉണ്ട്. കൂടുതല്‍ ചര്‍ചക്കായി ഈ ദീര്‍ഘിച്ച കമന്റ് ഇവിടെ പോസ്റ്റുന്നു.

ശരിയായ നാഗരികവ്യവസ്ഥയുടെ സംസ്ഥാപനം ലക്ഷ്യമിടുന്ന പ്രായോഗിക നൈതിക ക്രമമാണ് ഇസ്‌ലാം. അവയില്‍ കാല്‍പനികാസ്വാദനം പകരുന്ന ഉപാധികള്‍ അന്വേഷിക്കുന്നത് അര്‍ഥ ശൂന്യമായിരിക്കും. മരുന്ന് കൈപ്പായാലും മധുരമായാലും ആസ്വാദനം പകരലല്ല വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം. മറിച്ച് ശരീരത്തിന്റെ സംസ്‌കരണമാണ്. അതിന്റെ ആരോഗ്യമാണ്. അതുപൊലെ ഒരു നൈതികക്രമത്തിന്റെ ലക്ഷ്യം കാല്‍പനിക രസം നല്‍കുകയോ കാഴ്ചപ്പണ്ടങ്ങളാവുകയോ അല്ല. മറിച്ച് കടുപ്പമാണെങ്കിലും മാര്‍ദവമാണെങ്കിലും സമൂഹത്തിന്റെ സംസ്‌കരണമാണ്. അതിനാല്‍ ഒരു സാമൂഹ്യപരിഷ്‌കരണം ലക്ഷ്യം വെക്കുന്ന ഒരു വ്യവസ്ഥക്ക് വാളോ പേനയോ ഏതെങ്കിലും ഒന്നുമാത്രമേ തെരഞ്ഞെടുക്കാന്‍ അനുവാദമുള്ളൂ എന്ന് തീരുമാനിക്കാനാവില്ല. അതിന്റെ ദൗത്യനിര്‍വഹണത്തില്‍ രണ്ടും ഒരു പോലെ ആവശ്യമായ സന്ദര്‍ഭങ്ങളുണ്ടാകും. ധിക്കാരികളെയും താന്തോന്നികളെയും ധാര്‍മികതയുടെയും മാനവികതയുടെയും പരിധിയില്‍ തളച്ചിടാന്‍ ഉദ്‌ബോധനം കൊണ്ടും ഉപദേശം കൊണ്ടും നേര്‍മാര്‍ഗത്തില്‍ കൊണ്ടുവരാനാവാത്തവിധം ദുഷ്‌കൃത്യങ്ങളിലും നൃശംസതകളിലും ഒരു സംഘം പരിധിവിടുകയും അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ നിന്നും മറ്റുള്ളവരുടെ ആത്മീയ-ഭൗതിക-ധാര്‍മികജീവിതത്തെ കടന്നാക്രമിക്കുന്നതില്‍നിന്നും അവരെ തടയാന്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാതാവുകയും ചെയ്താല്‍ പിന്നെ, നന്മയോട് ആഭിമുഖ്യവും ഗുണകാംക്ഷയുമുള്ള മനുഷ്യരുടെ ഒന്നാമത്തെ ബാധ്യത അവര്‍ക്കെതിരില്‍ വാളെടുക്കുകയും ദൈവദാസന്‍മാരില്‍നിന്ന തട്ടിയെടുക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുകിട്ടുന്നതുവരെ അവിശ്രമം പൊരുതുകയും ചെയ്യുക എന്നതാണ്.

യുദ്ധത്തിന്റെ താല്‍പര്യം ?

'അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നില്ലായെങ്കില്‍ അല്ലാഹുവിന്റെ നാം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു' (22:40) യുദ്ധത്തിന്റെ താല്‍പര്യവും നാഗരികജീവിതത്തില്‍ അത് അനിവാര്യമായി തീരുന്ന സാഹചര്യവുമാണ് ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. ഇവിടെ മുസ്‌ലിം പള്ളികളെക്കുറിച്ച് മാത്രമല്ല പറയുന്നത് എന്ന ശ്രദ്ധേയമാണ്. നീതിബോധമുള്ള മനുഷ്യരിലൂടെ അക്രമികളെ പ്രതിരോധിച്ചില്ലെങ്കില്‍ ആരാധനാലയങ്ങള്‍ക്ക് പോലും രക്ഷയില്ലാത്തവിധം ലോകം കലാപകലുഷിതമാകും എന്ന വസ്തുത ഇവിടെ അനാവരണം ചെയ്യുന്നു. വല്ലവിഭാഗങ്ങളും ആരാധനാലയങ്ങള്‍ തകര്‍ക്കുക പോലുള്ള നീചകൃത്യങ്ങള്‍ക്ക് ഇറങ്ങിപുറപ്പെട്ടാല്‍ അവരുടെ അത്തരം ദുഷ്‌ചെയ്തികള്‍ മനുഷ്യരിലൂടെത്തന്നെ ഉന്‍മൂലനം ചെയ്യപ്പെടേണ്ടത് ആരോഗ്യപൂര്‍ണമായ നാഗരീകജീവിതത്തിന് അത്യന്താപേക്ഷിതമാണ് എന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു. മനുഷ്യരിലൂടെ നടത്തപ്പെടുന്ന ഈ പ്രതിരോധം ദൈവികനീതിയുടെ ഫലമാണ്. 'ഇപ്രകാരം അല്ലാഹു ഓരോ ജനക്കൂട്ടങ്ങളെ മറ്റു ജനക്കൂട്ടങ്ങളാല്‍ പ്രതിരോധിക്കുന്നില്ലെങ്കില്‍ ഭൂലോകം അമ്പേ താറുമാറായിപ്പോകുമായിരുന്നു. എന്നാല്‍ അല്ലാഹു ലോകത്തോട് ഏറെ കാരുണ്യമുറ്റവനാണ്' (2:251) ഭൂമിയില്‍ സമാധാനം പുലരണമെന്നാണ്. ജനസമൂഹങ്ങളുടെ പരസ്പര ശത്രുത പരാമര്‍ശിക്കവെ ഖുര്‍ആന്‍ പറഞ്ഞു. 'അവര്‍ യുദ്ധത്തിന്റെ അഗ്നി ജ്വലിപ്പിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ നാശം പരത്തുവാന്‍ യത്‌നിക്കുകയായിരുന്നു. അല്ലാഹുവോ നാശമുണ്ടാക്കുന്നവരെ ആശേഷം ഇഷ്ടപ്പെടുന്നില്ല.' (5:64)

യുദ്ധം എന്തിന് ?

ശത്രുതയും പകയും പക്ഷപാതിത്വവും പരമതവിദ്വേഷവും ആളിക്കത്തിക്കുന്ന ഇത്തരം യുദ്ധത്തിന്റെ അഗ്നിയെ കെടുത്തിക്കളയാനാണ് അല്ലാഹു തന്നെ ദാസന്‍മാരോട് വാളെടുക്കാന്‍ ആവശ്യപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നു. 'ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെടുന്നുവോ അവര്‍ക്കനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിതരാകുന്നു. അല്ലാഹു അവരെ സഹായിക്കാന്‍ തികച്ചും കഴിവുറ്റവന്‍ തന്നെ.' (22:39).

യുദ്ധവുമായി അവതരിച്ച ഖുര്‍ആനിലെ ആദ്യസൂക്തമാണിത്. ആര്‍ക്കെതിരെയാണോ യുദ്ധം അനുവദിക്കപ്പെട്ടത് അവരുടെ കുറ്റമായി ഖുര്‍ആന്‍ ഇവിടെ എടുത്തുപറഞ്ഞത് അവരുടെ കൈവശം സമ്പത്സമൃദമായ രാജ്യമുണ്ടെന്നോ അവര്‍ മറ്റൊരു മതത്തിന്റെ അനുയായികളാണെന്നോ അല്ല. മറിച്ച് അവര്‍ അക്രമം പ്രവര്‍ത്തിക്കുകയും അന്യായമായി ജനങ്ങളെ അവരുടെ വീടുകളില്‍നിന്ന് പുറത്താക്കുകയും അല്ലാഹുമാത്രമാണ് ദൈവം എന്ന് പറയുന്നതില്‍ ജനങ്ങള്‍ക്ക് തടസ്സവും പ്രയാസവും സൃഷ്ടിക്കുകയും ചെയ്തവരാണ് എന്നാകുന്നു. ഇത്തരം അക്രമിക്കള്‍ക്കെതിരെ തങ്ങളുടെ ആത്മരക്ഷക്കുവേണ്ടി യുദ്ധംചെയ്യണമെന്നു മാത്രമല്ല അല്ലാഹു വിധിച്ചത്. പ്രത്യുത മറ്റുമര്‍ദിതതരയും പീഡിതരെയും കൂടി ഈ അക്രമികളില്‍നിന്ന് മോചിപ്പിക്കണമെന്നുകൂടി അല്ലാഹു ഊന്നിപറയുന്നു.

'പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: 'നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ!' (4:75)

ഇസ്‌ലാം എന്തിനാണ് വാളെടുത്തതെന്ന് മുകളിലെ വിശദീകരണത്തില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. പ്രവാചകന്റെയും അനുചരന്‍മാരുടെയും കാലത്ത് നടന്ന സൈനിക നീക്കങ്ങളില്‍ ഇതേ ലക്ഷ്യം മാത്രമേ കാണാന്‍ സാധിക്കൂ. ദൈവത്തെ വണങ്ങാത്തവരെ വെറുക്കാനോ വധിക്കാനോ ദൈവം ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. അവരുടെ കാര്യം ദൈവം തന്നെ നോക്കിക്കൊള്ളും. പക്ഷെ ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ പ്രതിരോധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.  അതില്‍ ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാം എന്നുമാത്രം. അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടിയുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. അതേ പ്രകാരം ജനങ്ങളെ അടിച്ചമര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അക്രമികളില്‍നിന്ന ജനതകള്‍ക്ക മോചനവും സുരക്ഷിതത്വം നല്‍കലും ഇസ്‌ലാമിക ഭരണാധികാരികളുടെ ചുമതലയില്‍ പെട്ടതാണ്. ഇത്തരം സമരങ്ങള്‍ക്കാണ് ദൈവമാര്‍ഗത്തിലുള്ള സമരം എന്ന പറയുന്നത്. അല്ലാതെ ആളുകളെ ഇസ്ലാമിക വിശ്വാസികളാക്കാനുള്ള സമരമോ യുദ്ധമോ അല്ല. മതത്തില്‍ ബലാല്‍കാരം പാടില്ല എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്.

ഉസാമാബിന്‍ ലാദന്‍മാരും തടിയന്റവിടെ നസീര്‍മാരും പ്രതിനിധീകരിക്കുന്നത് മുകളില്‍ വിശദമാക്കിയ ഇസ്‌ലാമിന്റെ ധര്‍മസമരത്തെയല്ല. (മേല്‍ സൂചിപ്പിക്കപ്പെട്ടവര്‍ ദുരൂഹതകളില്‍നിന്ന മുക്തരല്ല എന്ന കാര്യം വിസ്മരിക്കുന്നില്ല). അവരുടെ പ്രഖ്യാപിത ലക്ഷ്യവും ഇവിടെ പറഞ്ഞതല്ല. ഇവരെപ്പോലുള്ളവരല്ല അത്തരം ധര്‍മയുദ്ധം നയിക്കേണ്ടത്. ഇസ്ലാമിന്റെ ഭരണനേതൃത്വമാണ്. ഇസ്്‌ലാമിക ഭരണഘടനയനുസരിച്ച മേല്‍സൂചിപ്പിക്കപ്പെട്ടവര്‍ ചെയ്യുന്നത് വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്. പക്ഷെ യുക്തിവാദികളുടെയും ഇസ്ലാം വിമര്‍ശകരുടെയും നിരന്തര ശ്രമത്തിലൂടെ മാധ്യമങ്ങളുടെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഉന്‍മാദത്തിലൂടെയും ഇവര്‍ പോരാടുന്നത് ഇസ്‌ലാമിന് വേണ്ടിയാണെന്ന ധാരണ, ഇസ്്‌ലാമിനെ തെറ്റിദ്ധരിച്ച കൂറച്ച് സാധുകളിലെങ്കിലും പകരാന്‍ ഇടയായിട്ടുണ്ട്. ഇവരാണ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരെന്നും മറ്റുള്ളവര്‍ ഭയംകൊണ്ട് മിതനിലപാട് സ്വീകരിക്കുകയാണ് എന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.  ഇസ്‌ലാമിന്റെ ബാലപാഠം പോലും അറിയാതെ ഇത്തരം അബദ്ധങ്ങള്‍ തട്ടിവിടുന്നവര്‍ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയും മനുഷ്യത്വമില്ലായ്മയും നിസ്സാരമല്ല.
 

28 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഉസാമാബിന്‍ ലാദന്‍മാരും തടിയന്റവിടെ നസീര്‍മാരും പ്രതിനിധീകരിക്കുന്നത് മുകളില്‍ വിശദമാക്കിയ ഇസ്‌ലാമിന്റെ ധര്‍മസമരത്തെയല്ല.

CKLatheef പറഞ്ഞു...

ഇതുകൂടി വായിക്കുക

V.B.Rajan പറഞ്ഞു...

"അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടിയുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല."

സത്യനിഷേധികളെ കാണുന്നിടത്തു വച്ച് കൊല്ലാന്‍ ആവശ്യപ്പെടുന്ന അള്ളാ, ഒരു വിശ്വാസി വേറൊരു വിശ്വാസിയെ കൊല്ലെരുതെന്ന് പറയുന്നുണ്ട്.

4:92 യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ ( പ്രായശ്ചിത്തമായി ) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്‍റെ ( കൊല്ലപ്പെട്ടവന്‍റെ ) അവകാശികള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുകയുമാണ്‌ വേണ്ടത്‌...........

4:93 ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്‍റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ്‌ അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്‌.

ഖുറാനിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങി. താല്പര്യമുള്ളവര്‍ നോക്കുക.

bodhi പറഞ്ഞു...

Dear brothers why are we arguing over words in books (Bible, Ramayana, Quran etc.) that were written long time back.

CKLatheef പറഞ്ഞു...

അന്യായമായി ഒരു ആത്മാവിനെയും വധിക്കരുതെന്ന് പറഞ്ഞ വിശുദ്ധഖുര്‍ആനില്‍ വിശ്വാസിയെ മനഃപൂര്‍വം വധിക്കരുതെന്ന് പറഞ്ഞിട്ടുമുണ്ട്. പള്ളിയില്‍ ബോംബ് വെച്ച് വിശ്വാസികളെ വധിക്കുന്നവര്‍ ഖുര്‍ആന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവരല്ല എന്ന് മനസ്സിലായല്ലോ. നിഷേധികളെയും കാണുന്നിടത്ത് വെച്ച് കൊല്ലണം എന്ന് താങ്കളോ ഇ.എ.ജബ്ബാറുമല്ലാതെ മുസ്്‌ലിമായ ഒരാളും അര്‍ഥം പറഞ്ഞിട്ടില്ല. പ്രവാചകന്റെ കാലത്ത് മദീനയിലും ശേഷം ഖലീഫമാരുടെ കീഴിലും മഹാഭൂരിപക്ഷവും വിശ്വാസികളായിരുന്നില്ല. വേണമെങ്കില്‍ നിഷേധികള്‍ എന്ന് പറയാവുന്നവര്‍ തന്നെയായിരുന്നു. അവരാരെയും യുദ്ധത്തിലല്ലാതെ വധിച്ചിട്ടില്ല. ചുരുക്കം ചിലരെ വധിച്ചത് മേല്‍സൂചിപ്പിച്ച വിധം നാട്ടില്‍ നാശം വിതക്കാന്‍ ശ്രമിച്ചതിനാണ്.

താങ്കള്‍ ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് നല്‍കിയ സൂക്തങ്ങളില്‍ എന്ത് വൈരുദ്ധ്യമാണ് താങ്കള്‍ കാണുന്നത്. ദൈവം കാരുണ്യവാനാണ് എന്ന് പറഞ്ഞതിന് ശേഷം ദൈവം കഠിനമായി ശിക്ഷിക്കുന്നവനാണ് എന്ന് പറഞ്ഞതോ. അക്രമികളെയും താന്തോന്നികളെയും ശിക്ഷിക്കാത്ത ഒരു ദൈവത്തെ കാരുണ്യവാന്‍ എന്ന് പറയാന്‍ കഴിയില്ല. ഇന്ത്യാ മഹാരാജ്യം കുറ്റവാളികള്‍ക്ക് അവാര്‍ഡ് നല്‍കി വിടുന്ന ഒരു അവസ്ഥ തുടര്‍ന്നാല്‍ എന്തായിരിക്കും ഫലം.

സന്തോഷ്‌ പറഞ്ഞു...

ഖുര്‍ ആന്‍ 22 : 40 യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.

ലത്തീഫ് ഉദ്ധരിച്ച മലയാളം വ്യാഖ്യാനത്തില്‍ മൂന്നു വാക്കുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു: സന്ന്യാസം, ക്രിസ്തീയം, യഹൂദം. എങ്കിലും വ്യാഖ്യാതാവ് "അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ സഹായിക്കുകതന്നെ ചെയ്യും" എന്നതിന് നല്‍കുന്ന വിശദീകരണത്തില്‍ പറയുന്നത് "ജനങ്ങളെ ഏകദൈവത്വത്തിലേക്കു ക്ഷണിക്കുകയും സത്യദീന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്റെ സഹായികളാണ്. കാരണം, അത് അല്ലാഹുവിന്റെ ദൌത്യമാണ്. അതിന്റെ നിര്‍വഹണത്തില്‍ അവന്‍ തുണയേകും"

ലത്തീഫ്, സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും ദൈവത്തെ (അല്ലാഹുവിനെ) പ്രകീര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ തന്നെയാണ് അല്ലെ? അപ്പോള്‍ സന്ന്യാസ്സികളും ക്രിസ്ത്യാനികളും യഹൂദന്മാരും ജനങ്ങളെ ഏകദൈവത്വത്തിലേക്കു ക്ഷണിക്കുകയും സത്യദീന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ്, അല്ലെ?

പള്ളിക്കുളം.. പറഞ്ഞു...

“ ദൈവത്തെ വണങ്ങാത്തവരെ വെറുക്കാനോ വധിക്കാനോ ദൈവം ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. അവരുടെ കാര്യം ദൈവം തന്നെ നോക്കിക്കൊള്ളും. പക്ഷെ ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ പ്രതിരോധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. അതില്‍ ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാം എന്നുമാത്രം. അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടിയുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. അതേ പ്രകാരം ജനങ്ങളെ അടിച്ചമര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അക്രമികളില്‍നിന്ന ജനതകള്‍ക്ക മോചനവും സുരക്ഷിതത്വം നല്‍കലും ഇസ്‌ലാമിക ഭരണാധികാരികളുടെ ചുമതലയില്‍ പെട്ടതാണ്. ഇത്തരം സമരങ്ങള്‍ക്കാണ് ദൈവമാര്‍ഗത്തിലുള്ള സമരം എന്ന പറയുന്നത്. അല്ലാതെ ആളുകളെ ഇസ്ലാമിക വിശ്വാസികളാക്കാനുള്ള സമരമോ യുദ്ധമോ അല്ല. മതത്തില്‍ ബലാല്‍കാരം പാടില്ല എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്“

പള്ളിക്കുളം.. പറഞ്ഞു...

ഇസ്ലാമിന്റെ നിലപാട് ഇക്കാര്യത്തിൽ എന്താണെന്ന് ലത്തീഫിനെപ്പോലെയുള്ള വിശ്വാസികൾ വളരെ നേരായ ഭാഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിങ്ങളെ താറടിക്കുവാൻ തട്ടുടുത്തു നടക്കുന്ന സാമൂഹ്യദ്രോഹികളുടെ വാക്കിനു കാതോർത്ത് ഇസ്ലാമിനെ ‘മനസ്സിലാക്കുവാൻ‘ ശ്രമിച്ചാൽ എങ്ങനെയിരിക്കും? വചന പ്രഘോഷണം കേൾക്കുവാൻ ചെകുത്താനു ചുറ്റും കൂടിയവരെക്കാൾ കഷ്ടമാണ് അവരുടെ കാര്യം.

Noushad Vadakkel പറഞ്ഞു...

ഇടപെടുന്നതില്‍ ക്ഷമിക്കുക....
പരിശുദ്ധ ഖുറാന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ട സാഹചര്യം അതിന്റെ വ്യാഖ്യാനത്തില്‍ അനിവാര്യമാണ് .മാത്രവുമല്ല അറബിയിലെ ചില വാക്കുകള്‍ക്കു സമാനമായ ആശയം വരുന്ന മലയാളം വാക്കുകള്‍ കണ്ടു പിടിക്കല്‍ പ്രയാസകരമാണ് .അറബി ഭാഷയിലുള്ള വാക്കുകളുടെ അര്‍ത്ഥ വ്യാപ്തി മലയാളത്തില്‍ കിട്ടാതെ പോകുന്നു .

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പലരും ഖുറാന്‍ വചനങ്ങള്‍ വ്യാഖ്യാനിക്കുന്നത് പരിശുദ്ധ ഖുറാന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ട സാഹചര്യം മനസ്സിലാക്കാതെയാണ് . അതിനുള്ള സന്മനസ്സ് അവര്‍ക്ക് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു .

ചര്‍ച്ച തുടരട്ടെ ...ആശംഷകള്‍ ...

CKLatheef പറഞ്ഞു...

@Santhosh,

'മൂലത്തില്‍ صَلَوَات، بِيَع، صَوَامِع എന്നീ പദങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു. പുരോഹിതന്മാരുടേയും സന്യാസികളുടേയും സംസാരവിരക്തരായ ഭിക്ഷുക്കളുടെയും സങ്കേതത്തിനാണ് صومعة (മഠം) എന്നു പറയുക. അറബി ഭാഷയില്‍ بيعة (ചര്‍ച്)എന്നു പറയുന്നത്, ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങള്‍ക്കാണ്. ജൂതന്മാരുടെ പ്രാര്‍ഥനാസ്ഥലമാണ് صلوات (പ്രാര്‍ഥനാലയങ്ങള്‍)കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ആറാമി പദമായ 'സ്വലൂത്ത' എന്നു തന്നെയാണ് ജൂതന്മാരും അതിനെ വിളിക്കുന്നത്. ഇംഗ്ലീഷ് പദങ്ങളായ Salute ഉം Salutation ഉം ഇതേ 'സ്വലൂത്ത' ലാറ്റിന്‍ ഭാഷയിലൂടെ കടന്നുപോന്ന് ഇംഗ്ലീഷ് ഭാഷയിലെത്തിച്ചേര്‍ന്നതാണെന്ന് കരുതുന്നതില്‍ അസാംഗത്യമില്ല.'

ഇങ്ങനെയാണ് പ്രസ്തുത പദങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ നല്‍കിയ വ്യാഖ്യാനത്തില്‍ പറയുന്നത്. വിഷയത്തിന്റെ വൃഥാസ്ഥൂലത ഭയപ്പെട്ടതുകൊണ്ടാണ് ഈ വ്യാഖ്യാനം നല്‍കാതിരിന്നത്.

ഏത് ദൈവത്തെ എങ്ങനെ ആരാധിക്കുന്നവര്‍ക്കും ഈ ലോകത്ത് അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നു. ഇസ്‌ലാമിക ഭരണകൂടം ഒരിക്കലും ബലപ്രയോഗത്തിലൂടെ അവയെ ഇല്ലായ്മ ചെയ്യില്ല എന്ന് മാത്രമല്ല. ഒരു പള്ളി സംരക്ഷിക്കപ്പെടുന്ന പോലെ തന്നെ അതിനെയും സംരക്ഷിക്കും. അമ്പലവും ചര്‍ചും നശിപ്പിക്കാന്‍ വരുന്നവരെ ബലപ്രയോഗത്തിലൂടെ നേരിടും. അത് ധര്‍മസമരത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യും. അവയിലൊക്കെ ഏകദൈവത്തെയാണ് ആരാധിക്കുന്നതും പ്രാര്‍ഥിക്കുന്നതെന്നുമുള്ള തെറ്റിദ്ധാരണ പ്രവാചകനോ ഖുര്‍ആനോ ഉണ്ടായത് കൊണ്ടാണ് അവസംരക്ഷിക്കാന്‍ ആവശ്യപ്പെട്ടത് എന്ന് താങ്കള്‍ തെറ്റിദ്ധരിക്കേണ്ടതില്ല.

പള്ളിക്കുളം.. പറഞ്ഞു...

ഖലീഫ ഉമർ ഒരിക്കൽ അന്ത്യോക്യയിലെ ഒരു കൃസ്ത്യൻ ചർച്ച് സന്ദർശിച്ചപ്പോൾ ചർച്ചിൽ നമസ്കാരിക്കുവാൻ അവിടുത്തെ മെത്രാൻ ക്ഷണിക്കുകയുണ്ടായി. അത് നിരസിക്കുവാൻ അദ്ദേഹം കാരണമായി പറഞ്ഞത് “ ഇന്ന് ഞാൻ ഇവിടെ നമസ്കരിച്ചാൽ ഒരു പക്ഷേ നാളെ ഒരു കാലത്ത് മുസ്ലിങ്ങൾ ഈ ചർച്ചിനു മേൽ അവകാശ വാദം ഉന്നയിച്ചേക്കാം.. അവരുടെ ഖലീഫ ഇവിടെ നമസ്കരിച്ചിട്ടുണ്ട് എന്ന കാരണത്താൽ”

ഇത് പറയുന്നത്, നബിയോടൊപ്പം ജീവിച്ച് പ്രവാചകന്റെ ‘ അദ്ധാപനങ്ങൾ യഥാവിധി പഠിച്ച ഖലീഫയാണെന്നോർക്കണം. മറ്റു വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ തകർക്കുവാനോ നശിപ്പിക്കുവാനോ പിടിച്ചടക്കുവാനോ ഇസ്ലാം താല്പര്യപ്പെടുന്നില്ല എന്നതിന്റെ മകുടോദാഹരണമാണ് ഈ സംഭവം. കൂടാതെ അന്യ മത സമൂഹങ്ങളുമായുള്ള സഹവർത്തിത്വത്തിന്റേയും മാതൃകയാകുന്നു ഈ ഖലീഫാ സംഭവം.

സന്തോഷ്‌ പറഞ്ഞു...

ലത്തീഫ്, താങ്കള്‍ ബോള്‍ഡ് ആയി എഴുതിയ വാചകങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള അറബി പദങ്ങള്‍ എന്താണെന്നോ അവ എങ്ങനെയാണ് വായിക്കണ്ടതെന്നോ എനിക്കറിയില്ല :( ... മാത്രവുമല്ല ഞാന്‍ വായിച്ച ഖുര്‍ ആന്‍ പരിഭാഷ താങ്കള്‍ എഴുതിയ വാചകങ്ങളെക്കാള്‍ ലളിതവുമായിരുന്നു. അതുകൊണ്ടുതന്നെ ആ വ്യാഖ്യാനത്തിലേക്ക് എങ്ങനെയാണ് എത്തിചേര്‍ന്നതെന്ന് എന്ന് അന്വേഷിക്കേണ്ടിയും വന്നില്ല. "വിഷയത്തിന്റെ വൃഥാസ്ഥൂലത" എന്നതുകൊണ്ട്‌ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല. (മലയാള ഭാഷയില്‍ താങ്കളുടെ അത്രയും പരിജ്ഞാനം ഇല്ലാത്തതുകൊണ്ടാവാം)

ഏത് ദൈവത്തെ എങ്ങനെ ആരാധിക്കുന്നവര്‍ക്കും ഈ ലോകത്ത് അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നു. ഇസ്‌ലാമിക ഭരണകൂടം ഒരിക്കലും ബലപ്രയോഗത്തിലൂടെ അവയെ ഇല്ലായ്മ ചെയ്യില്ല

താങ്കളുടെ ഈ കാഴ്ചപ്പാട് ശരിയായിരിക്കാം, പക്ഷെ ഖുര്‍ ആന്‍ 22 : 40 ല്‍ മറ്റു മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപെടാതെ പരിരക്ഷ നല്‍കണം എന്നതിന് പറയുന്ന കാരണം "തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും" എന്നാണ്. അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത് മറ്റുള്ള മതങ്ങളില്‍ വിശ്വസ്സിക്കുന്നവരെയും അള്ളാഹു തന്നെ സഹായിക്കുന്നവര്‍ ആയി തന്നെയാണോ പരിഗണിക്കുന്നത് എന്ന്.

ലത്തീഫ് പറയുന്നതുപോലെ ഒരുപക്ഷെ എനിക്ക് തെറ്റിദ്ധാരണ സംഭവിച്ചതായിരിക്കാം. എന്നാല്‍ പോലും ഞാന്‍ വായിച്ച ഖുര്‍ ആന്‍ പരിഭാഷയില്‍ വ്യാഖ്യാനം എഴുതിയ മുസ്ലിം പണ്ഡിതനായ മൗദൂദി എഴുതിയിരിക്കുന്നത് - "ജനങ്ങളെ ഏകദൈവത്വത്തിലേക്കു ക്ഷണിക്കുകയും സത്യദീന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്റെ സഹായികളാണ്. കാരണം, അത് അല്ലാഹുവിന്റെ ദൌത്യമാണ്. അതിന്റെ നിര്‍വഹണത്തില്‍ അവന്‍ തുണയേകും" - എന്നാണ്.

മൗദൂദിയെക്കുറിച്ച് താങ്കളുടെ അഭിപ്രായം - "എനിക്ക് മൗദൂദി സത്യസന്ധനാണ് അദ്ദേഹത്തിന്റെ തലപോയാല്‍ പോലും ചെറിയ ഒരു അസത്യം പറയുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്ന് ഞാന്‍ കരുതുന്നു." - എന്നാകുമ്പോള്‍ തീര്‍ച്ചയായും ഖുര്‍ ആന്‍ വ്യാഖ്യാനത്തില്‍ അദ്ദേഹത്തിനു തെറ്റുപറ്റിയിരിക്കാം എന്ന് താങ്കള്‍ക്കു കരുതാനാകുമോ?

അവയിലൊക്കെ ഏകദൈവത്തെയാണ് ആരാധിക്കുന്നതും പ്രാര്‍ഥിക്കുന്നതെന്നുമുള്ള തെറ്റിദ്ധാരണ പ്രവാചകനോ ഖുര്‍ആനോ ഉണ്ടായത് കൊണ്ടാണ് അവ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടത് എന്ന് താങ്കള്‍ തെറ്റിദ്ധരിക്കേണ്ടതില്ല

ലത്തീഫ്, ഞാന്‍ സൂചിപ്പിച്ച ഖുര്‍ ആന്‍ സൂക്തത്തിലെ (22 : 40) രണ്ടു വാക്യങ്ങളില്‍ രണ്ടാമത്തെ വാക്യം - ("തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും") - ആദ്യത്തതിന്റെ - ("മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു") - തുടര്‍ച്ച ആണെങ്കില്‍, താങ്കള്‍ പറയുന്ന പോലെയുള്ള - ("ധര്‍മസമരത്തിന്റെ ഭാഗമായി ബലപ്രയോഗത്തിലൂടെ നേരിടും") - അര്‍ഥം അവയ്ക്ക് ലഭിക്കുകയില്ല.

സന്തോഷ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സന്തോഷ്‌ പറഞ്ഞു...

ഖലീഫ ഉമർ ഒരിക്കൽ അന്ത്യോക്യയിലെ ഒരു കൃസ്ത്യൻ ചർച്ച് സന്ദർശിച്ചപ്പോൾ ചർച്ചിൽ നമസ്കാരിക്കുവാൻ അവിടുത്തെ മെത്രാൻ ക്ഷണിക്കുകയുണ്ടായി. അത് നിരസിക്കുവാൻ അദ്ദേഹം കാരണമായി പറഞ്ഞത് ഇന്ന് ഞാൻ ഇവിടെ നമസ്കരിച്ചാൽ ഒരു പക്ഷേ നാളെ ഒരു കാലത്ത് മുസ്ലിങ്ങൾ ഈ ചർച്ചിനു മേൽ അവകാശ വാദം ഉന്നയിച്ചേക്കാം.. അവരുടെ ഖലീഫ ഇവിടെ നമസ്കരിച്ചിട്ടുണ്ട് എന്ന കാരണത്താൽ

പള്ളിക്കുളം, അന്യ മത സമൂഹങ്ങളുമായുള്ള സഹവർത്തിത്വത്തിന്റേയും മാതൃകയാകുന്നു ഈ ഖലീഫാ സംഭവം എങ്കില്‍ മാതൃക കാട്ടിയത് ക്ഷണിച്ച വ്യക്തിയോ അതോ ക്ഷണം നിരസിച്ച വ്യക്തിയോ?

പള്ളിക്കുളം, “ ഇന്ന് ഞാൻ ഇവിടെ നമസ്കരിച്ചാൽ ഒരു പക്ഷേ നാളെ ഒരു കാലത്ത് മുസ്ലിങ്ങൾ ഈ ചർച്ചിനു മേൽ അവകാശ വാദം ഉന്നയിച്ചേക്കാം.. അവരുടെ ഖലീഫ ഇവിടെ നമസ്കരിച്ചിട്ടുണ്ട് എന്ന കാരണത്താൽ” എന്ന് നബിയോടൊപ്പം ജീവിച്ച് പ്രവാചകന്റെ അദ്ധ്യാപനങ്ങൾ യഥാവിധി പഠിച്ച ഖലീഫ പറയുമ്പോള്‍ സ്വന്തം സമൂഹം എത്ര വേഗത്തില്‍ തെറ്റിദ്ധരിപ്പിക്കപെടുന്നവര്‍ ആണ് എന്ന് വ്യക്തമാക്കുകയല്ലേ ചെയ്തത് ? മാത്രവുമല്ല അദ്ദേഹം മുസ്ലിങ്ങളുടെ സാമാന്യയുക്തിയെ / ചിന്താശേഷിയെ ചോദ്യം ചെയ്യുകയുമല്ലേ?

CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്,

എന്തൊക്കെയായാലും ഇസ്‌ലാം കൃസ്ത്യന്‍ ചര്‍ചകളിലെ സജീവ സാന്നിദ്ധ്യമായ ഞാന്‍ താങ്കളെ കാണുന്നു. സഹോദരബുദ്ധ്യാ ഒരു കാര്യം ഉണര്‍ത്തട്ടെ. പലപ്പോഴും സുദീര്‍ഘമായ കമന്റുകള്‍ മറുപടി പറയാനും പ്രതികരിക്കാനും തടസ്സമാകുകയാണ് ചെയ്യുന്നത്. കട്ട് പേസ്റ്റ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. മറുപടിപറയാന്‍ കമന്റ് മൊത്തമായി കോപ്പിചെയ്യേണ്ടതുണ്ടോ. എല്ലാം നിങ്ങളുടെ ഇഷ്ടം. ഇവിടെ തന്നെ താങ്കളുടെ ചോദ്യമെന്താണെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എന്റെ വിശദീകരണം തെറ്റാണെന്ന് വാദമുണ്ടോ ഉണ്ടെങ്കില്‍ ശരി എങ്ങനെ.

രണ്ടാമത്തെ പള്ളിക്കുളത്തിനുള്ള പ്രതികരണത്തില്‍ താങ്കളുടെ കാഴ്ചപ്പാട് ഹൃദ്യമായി തോന്നി കമന്റിടാന്‍ നോക്കിയപ്പോല്‍ ഒരു ഖണ്ഡിക കൂടി ചേര്‍ത്ത് സങ്കീര്‍ണമാക്കിയിട്ടുണ്ട്. അതിനാല്‍ ഇനി പള്ളിക്കുളം തന്നെ പറയട്ടേ. ആദ്യത്തെ ചോദ്യത്തിന് ഞാന്‍ നല്‍കാന്‍ ഉദ്ദേശിച്ച മറുപടി ഖലീഫയെ ക്ഷണിച്ച നടപടി ക്രിസ്ത്യന്‍മെത്രാന്‍മാര്‍ക്കും അത് നിരസിച്ച നടപടി മുസ്‌ലിം ഭരണാധികാരികള്‍ക്കും മാതൃകയാണ് എന്നതായിരുന്നു. താങ്കളുടെ കമന്റ് അവിടെ അവസാനിക്കുകയാണെങ്കില്‍ അതിന്റെ ഫലം പോസ്റ്റീവാകുമായിരുന്നു.

ചരിത്രത്തില്‍നിന്ന ലഭിക്കുന്ന ഏത് കാര്യവും വികലമാക്കാന്‍ നമ്മുക്കുള്ള സാമര്‍ഥ്യം അംഗീകരികേണ്ടത് തന്നെയാണ്. ഇനി വേണമെങ്കില്‍ ഒരു ക്രിസത്യന്‍ തീവ്രവാദിക്ക് ഇങ്ങനെയും പറയാം. ഒരു മതത്തിന്റെ നേതാവിന്റെ ക്രിസ്ത്യന്‍ ചര്‍ചിലേക്ക് ക്ഷണിച്ചതോടുകൂടി ചര്‍ചിന്റെ പവിത്രത നഷിപ്പിക്കുകയാണ് അയാള്‍ ചെയ്തത്. ഇപ്പോള്‍ പ്രസ്തുത സംഭവം എന്തായി.

ഇനി കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടേ. നജ്‌റാനില്‍ നിന്ന് പ്രവാചകന്റെ അടുത്ത് വന്ന ക്രൈസ്തവസംഘത്തിന് സ്വന്തം പള്ളി പ്രാര്‍ഥനക്ക് നല്‍കി പ്രവാചകന്‍ തന്നെയാണ് ആദ്യം മാതൃക കാണിച്ചുകൊടുത്തത്. ഇതെങ്ങനെ വളച്ചൊടിക്കാം എന്ന് താങ്കള്‍ ചിന്തിക്കുക.

പള്ളിക്കുളം.. പറഞ്ഞു...

പള്ളിക്കുളം, അന്യ മത സമൂഹങ്ങളുമായുള്ള സഹവർത്തിത്വത്തിന്റേയും മാതൃകയാകുന്നു ഈ ഖലീഫാ സംഭവം എങ്കില്‍ മാതൃക കാട്ടിയത് ക്ഷണിച്ച വ്യക്തിയോ അതോ ക്ഷണം നിരസിച്ച വ്യക്തിയോ? <<<

സന്തോഷ്,

“ നജ്‌റാനില്‍ നിന്ന് പ്രവാചകന്റെ അടുത്ത് വന്ന ക്രൈസ്തവസംഘത്തിന് സ്വന്തം പള്ളി പ്രാര്‍ഥനക്ക് നല്‍കി “ ഇതു തന്നെയാണ് അതിന്റെ എളുപ്പം നൽകാവുന്ന ഒരു ഉത്തരം.

ഇനി ഉമർ ഖലീഫയുടെ ചരിത്രത്തിന്റെ കാര്യത്തിൽ ‘ആരാണ് മഹാൻ‘ എന്ന ചോദ്യം പുറത്തേക്കു വരുന്നത് ഉമർ ഖലീഫയെ വിലകുറച്ചു കാണണം എന്നു കരുതുന്ന ഒരു ഹൃദയത്തിൽ നിന്നാണ്. നാവിൽ നിന്നല്ല.

പോപ്പുമാർ ഇടക്കൊക്കെ അറബ് നാടുകൾ സന്ദർശിക്കുമ്പോൾ മസ്ജിദിലേക്കും മുസ്ലിം ചരിത്ര സ്മാരകങ്ങളിലേക്കും ഒക്കെ പോപ്പിനെ ക്ഷണിക്കാറുണ്ട്. ഇനി പറയൂ .. പോപ്പ് ആണോ മഹാൻ? അതോ ക്ഷണിക്കുന്ന ആളുകളോ? ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കാൻ കഴിയുന്നവ തന്നെയാണെന്നാണ് എന്റെ അഭിപ്രായം.

ഖലീഫ അന്ത്യോക്യ സന്ദർശിക്കുമ്പോൾ ഖലീഫ ആരായിരുന്നു എന്നുകൂടി ഓർക്കുക. അന്നത്തെ ലോകത്തെ ഏറ്റവും വലിയ ഭൂവിഭാഗത്തിന്റ്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹം ചർച്ച് സന്ദർശിക്കുക എന്നത് ക്രിസ്തുമത വിശ്വാസികൾക്ക് വലിയ അംഗീകാരമായും മറ്റുമതസ്ഥരോട് ഒരു മുസ്ലിം ഭരണാധികാരിയുടെ ആദരവായുമാണ് ആദ്യമായി കണക്കാക്കേണ്ടത്. ഇസ്ലാമിക ചരിത്രത്തിൽ ഇതെഴുതി വെച്ചിരിക്കുന്നത് ഈ ആദരവ് മറ്റു വിഭാഗങ്ങളോട് മുസ്ലിങ്ങൾ കാട്ടണം എന്ന ലക്ഷ്യം മുൻ‌നിർത്തിയാണ്. ഈ ചരിത്രം തുറന്നു കാട്ടുന്ന മറ്റൊരു വസ്തുത, മുസ്ലിം ഭരണത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ മതങ്ങൾ തമ്മിലുണ്ടായിരുന്ന പരസ്പര സഹവർത്തിത്വമാണ്. ഇതൊക്കെ കഴിഞ്ഞേ മറ്റെന്തും വരൂ.

പള്ളിക്കുളം.. പറഞ്ഞു...

>>>> “ ഇന്ന് ഞാൻ ഇവിടെ നമസ്കരിച്ചാൽ ഒരു പക്ഷേ നാളെ ഒരു കാലത്ത് മുസ്ലിങ്ങൾ ഈ ചർച്ചിനു മേൽ അവകാശ വാദം ഉന്നയിച്ചേക്കാം.. അവരുടെ ഖലീഫ ഇവിടെ നമസ്കരിച്ചിട്ടുണ്ട് എന്ന കാരണത്താൽ” എന്ന് നബിയോടൊപ്പം ജീവിച്ച് പ്രവാചകന്റെ അദ്ധ്യാപനങ്ങൾ യഥാവിധി പഠിച്ച ഖലീഫ പറയുമ്പോള്‍ സ്വന്തം സമൂഹം എത്ര വേഗത്തില്‍ തെറ്റിദ്ധരിപ്പിക്കപെടുന്നവര്‍ ആണ് എന്ന് വ്യക്തമാക്കുകയല്ലേ ചെയ്തത് ? മാത്രവുമല്ല അദ്ദേഹം മുസ്ലിങ്ങളുടെ സാമാന്യയുക്തിയെ / ചിന്താശേഷിയെ ചോദ്യം ചെയ്യുകയുമല്ലേ? <<<<

ഇസ്ല്ലാമിന്റെ ഒരു പോളിസി നിങ്ങൾക്ക് ഇതിൽ കാണാൻ കഴിയും. പഴുതുകൾ അടക്കുക എന്നതാണത്. ഇനി വരുന്ന ഒരു ജനതയും അങ്ങനെ ഒരു വാക്കും മിണ്ടരുത് എന്ന് ഖലീഫക്ക് നിർബ്ബന്ധമുണ്ടായിരുന്നു. ബാബറി മസ്ജിദ് പ്രശ്നം നമുക്കറിയാം. പണ്ടെങ്ങോ അവിടെ രാമക്ഷേത്രമോ പ്രതിഷ്ഠയോ ഉണ്ടായിരുന്നു എന്ന അവകാശ വാദം ഉന്നയിച്ചാണ് ആ പള്ളി അക്രമികൾ തകർത്തത്. ആൾക്കൂട്ടമെന്നത് മാലാഖമാരല്ല. ഇനി വരാനിരിക്കുന്ന ജനതയെ ഓവർ എസ്റ്റിമേറ്റ് ചെയ്യാനോ എസ്റ്റിമേറ്റ് ചെയ്യാനോ ഖലീഫ കൂട്ടാക്കിയില്ല എന്നേ ഖലീഫയുടെ ആ പരാമർശത്തിന് അർത്ഥമുള്ളൂ. അല്ലാതെ ഇനി വരുന്ന മുസ്ലിങ്ങൾ ചർച്ച് പൊളിക്കും എന്ന തീർച്ചപ്പെടുത്തലിലല്ല ആ നിലപാട്. ഒരു പക്ഷേ വന്നാലോ എന്ന മുൻ‌കരുതലിൽ ഒരു പ്രതിരോധ കുത്തിവെയ്പ്പ്. അത്രേ ഉള്ളൂ.

ഈ ചരിത്രത്തിന്റെ മറ്റൊരു ഗുണവശം എന്തെന്നാൽ, മുസ്ലിങ്ങൾ ഇതൊരു വലിയ പാഠമായി ഉൾക്കൊള്ളുന്നുവെന്നതാണ്. അവർ അഭിമാനത്തോടെ പറയുന്നു: ‘ ഞങ്ങളുടെ ഖലീഫ ‘ഇങ്ങനെയൊരു മത സൌഹാർദ്ദത്തിന്റെ ഉത്തമ മാതൃക കാട്ടിയിട്ടുണ്ട്’ എന്ന്. ഇത്തരം അനേകം മാനവികൈക്യത്തിറ്റെ ചരിത്ര കഥകൾ മുസ്ലിങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നു.

സന്തോഷിനോട്,
“ഖലീഫ ഉമർ“ എന്നപേരിൽ ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ് (IPH) പുറത്തിറക്കിയ ഒരു പുസ്തകമുണ്ട്. കഴിയുമെങ്കിൽ വായിക്കുക. ഇസ്ലാമിക ഭരണത്തിന്റെ ഉദാത്തമാതൃകയായിരുന്നു ഉമറിന്റെ ഭരണം. ഇസ്ലാമിന്റെ അന്യ മതസ്ഥരോടുള്ള സമീപനത്തെക്കുറിച്ചൊക്കെ നല്ല ഉൾക്കാഴ്ച കിട്ടുവാൻ സഹായിക്കുന്നതാണ് ആ പുസ്തകം.

CKLatheef പറഞ്ഞു...

പ്രിയ പള്ളിക്കുളം,

അവിശ്വാസികളെ മുഴുവന്‍ വധിച്ചുകളയണം സാഹചര്യത്തിലും അവരെ കണ്ടിടത്തുവെച്ച് വധിക്കണം എന്നൊക്കെയുള്ള മഹാകള്ളമാണല്ലോ ഇവിടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.അതിനെതിരെ താങ്കള്‍ നല്‍കിയ ചരിത്രത്തിലെ തെളിവ് ഏറെ പാഠങ്ങള്‍ നല്‍കുന്നതാണ്.
ഇസ്‌ലാമിക ചരിത്രത്തിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് ഇതിന്റെ പൊള്ളത്തരം വളരെ എളുപ്പം വ്യക്തമാകും. മദീനയിലെ പ്രഥമ ഇസ്‌ലാമിക ഭരണകൂടം അന്നാട്ടിലെ അവിശ്വാസികളായ ജൂതന്‍മാര്‍ക്ക് നല്‍കിയ കരാര്‍ ലിഖിതരൂപത്തില്‍ തന്നെ ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ടല്ലോ.
എന്നാല്‍ ചിലര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. പലരെയും ഇസ്‌ലാമിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത് ചെറുപ്പകാലത്തെ ചില തിക്താനുഭവങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് സമൂഹത്തില്‍നിന്ന് ലഭിച്ച നെഗറ്റീവ് സ്‌ട്രോക്കുകളുമാണ്. തിന്‍മയുടെ പ്രതികരണം സ്വാഭാവികമായി തിന്മതന്നെയായിരിക്കുമല്ലോ. എന്നാല്‍ ഇത്തരക്കാരെ മനസ്സിലാക്കി. തിന്‍മയെ ഏറ്റവും നല്ല നന്മകൊണ്ട് പ്രതിരോധിക്കാന്‍ വിശ്വാസി സമൂഹത്തിന് സാധിക്കാതെ പോയി. ഉണ്ടായിരുന്നെങ്കില്‍ അവരിലെ നന്മയെ കത്തിച്ചെടുക്കാമായിരുന്നു. ഇസ്‌ലാമിനെയും വിശ്വാസികളെയും സംസ്‌കരിച്ചെടുക്കാനും അവരെ രക്ഷപ്പെടുത്താനുമാണെത്രേ അവര്‍ ഈ കളവിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജബ്ബാറിന്റെ വാചകങ്ങള്‍ നോക്കുക.

>>>ഞാന്‍ പൊരുതുന്നത് ഇസ്ലാമിനെതിരെയാണ് ; മുസ്ലിംങ്ങള്‍ക്കെതിരെയല്ല !

ഇത് എത്രയോ തവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. <<<

>>>തീര്‍ച്ചയായും വെറുപ്പുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതമായ ഇസ്ലാമിനോടും ആ മതത്തിന്റെ ദൈവമായ അല്ലാഹുവിനോടും !<<<

ഈ വെറിയുടെ മനസ്സിനെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണ് ജബ്ബാറിന്റെ പോസ്റ്റുകളുടെ ലക്ഷ്യം. യരലവക്കാകട്ടെ ഇതെല്ലാം ഒരു എന്റര്‍ടെന്‍മെന്‍ും. അവരുടെ വെറിയും വെറുപ്പും നാമായിട്ട് വര്‍ദ്ധിപ്പിക്കണോ.

സന്തോഷ്‌ പറഞ്ഞു...

ലത്തീഫ്, താങ്കളുടെ / മറ്റുള്ളവരുരെ കമന്ടുകളില്‍നിന്നും കട്ട് പേസ്റ്റ് വേണ്ടി വരുന്നത്, തിരികെ ചോദിക്കുന്ന ചോദ്യങ്ങളുടെ / സംശയങ്ങളുടെ സാഹചര്യം കൂടി വ്യക്തമാക്കുവാനാണ്.കമന്റ്റുകള്‍ക്കു വലിപ്പം കൂടുന്നത് ഉത്തരങ്ങള്‍ പറയുവാന്‍ ബുദ്ധിമുട്ടാകും എങ്കില്‍ വലിപ്പം കുറയ്ക്കാം, പക്ഷെ അപ്പോള്‍ കമന്റുകളുടെ എണ്ണംകൂടും. എന്റെ ചോദ്യം താങ്കള്‍ക്കു മനസ്സിലായില്ല എന്നുള്ളതുകൊണ്ട് ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കാം:

സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും തകര്‍ക്കപ്പെടാതെ അള്ളാഹു സംരക്ഷിക്കുന്നതിനു ഖുര്‍ ആന്‍ 22 : 40 വ്യക്തമാക്കുന്ന കാരണം അവര്‍ അല്ലാഹുവിനെ സഹായിക്കുന്നവര്‍ ആയതുകൊണ്ടാണോ എന്ന് ഞാന്‍ ആദ്യം ചോദിച്ചു. ഈ ചോദ്യം ചോദിക്കുവാനുള്ള കാരണം ആ സൂക്തത്തില്‍ അങ്ങനെ പറയുന്നു എന്നത് മാത്രമല്ല, മുസ്ലിം പണ്ഡിതനായ മൗദൂദി എഴുതിയ വ്യാഖ്യാനത്തിലെ വിശദീകരണവും അത്തരത്തില്‍ ആയതുകൊണ്ടാണ്‌. താങ്കള്‍ എനിക്ക് തന്ന മറുപടിയില്‍ പറഞ്ഞത് ഞാന്‍ ഖുര്‍ ആന്‍ സൂക്തം തെറ്റിദ്ധരിച്ചതാണ്, ആ സൂക്തത്തിലെ വാക്യങ്ങള്‍ക്കു ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ഥം അല്ല ഉള്ളതും എന്ന്.

താങ്കള്‍ക്കു മനസ്സിലാകാതെ പോയ എന്റെ ചോദ്യം ഇതായിരുന്നു: ഒരുപക്ഷെ എനിക്ക് തെറ്റിദ്ധാരണ സംഭവിച്ചതായിരിക്കാം എങ്കിലും മുസ്ലിം പണ്ഡിതനായ മൗദൂദിക്ക് ഖുര്‍ ആന്‍ വ്യാഖ്യാനത്തില്‍ തെറ്റുപറ്റിയിരിക്കാം എന്ന് കരുതാനാകുമോ?

സന്തോഷ്‌ പറഞ്ഞു...

ഒരു വ്യക്തി മറ്റൊരാളുടെ ആരാധന സ്ഥലത്തേക്ക് ക്ഷണിക്കപ്പെടണം എങ്കില്‍ തീര്‍ച്ചയായും ക്ഷണിക്കപ്പെടുന്ന വ്യക്തിക്ക് അതിനുള്ള യോഗ്യത ഉണ്ടായിട്ടു തന്നെയാവണം. താന്‍ ഏറ്റം പവിത്രമായി കരുതുന്ന സ്വന്തം ആരാധന സ്ഥലത്തേക്ക് മറ്റൊരു മതവിശ്വാസ്സിയെ (അയാളുടെ മതവിശ്വാസം അനുസ്സരിച്ച് പ്രാര്‍ത്ഥിക്കുവാന്‍) ഒരാള്‍ ക്ഷണിക്കുന്നു എങ്കില്‍ ക്ഷണിച്ച ആളും മഹാന്‍ ആയിരിക്കും. എന്റെ ചോദ്യത്തില്‍ ഞാന്‍ രണ്ടുകൂട്ടരെയും വിലകുറച്ച് കണ്ടിട്ടില്ല എന്ന് ദയവായി മനസ്സിലാക്കുക.

ഞാന്‍ പള്ളിക്കുളത്തോട് ചോദിച്ച രണ്ടു ചോദ്യങ്ങള്‍ പള്ളിക്കുളം എഴുതിയപ്പോള്‍ എനിക്ക് തോന്നിയവയാണ്. ആ ചോദ്യങ്ങളില്‍ ഒന്ന് നല്ലതും ഒന്ന് മോശമായതും എന്ന് ഞാന്‍ കരുതുന്നില്ല.ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥമാണ് ലത്തീഫ് എന്റെ രണ്ടാമത്തെ ചോദ്യത്തില്‍ കണ്ടെത്തിയത്. ചരിത്രത്തില്‍നിന്നു മാത്രമല്ല ചുറ്റുപാടുംനിന്നും ലഭിക്കുന്ന ഏതും വികലമായി ചിത്രീകരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കും. (ചരിത്രം വികലമായി ചിത്രീകരിച്ചതിനെക്കുറിച്ചു ഞാന്‍ മുന്‍പൊരിക്കല്‍ താങ്കളോട് സൂചിപ്പിച്ചപ്പോള്‍ താങ്കള്‍ എനിക്ക് തന്ന മറുപടികള്‍ ദയവായി ഓര്‍മ്മിക്കുക)

താങ്കള്‍ പറയുന്നപോലെയുള്ള "തീവ്രവാദി" ക്രിസ്ത്യന്‍ മതവിശ്വസ്സികളില്‍ ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. എന്റെ അറിവില്‍ ലോകത്ത് ഒരിടത്തും മറ്റു മതവിശ്വാസികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇല്ല. അതുകൊണ്ടുതന്നെ ഖലീഫാ സംഭവം താങ്കള്‍ പറയുന്നപോലെ ആയി തീരുവാനുള്ള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല.

പള്ളിക്കുളം ഖലീഫാ സംഭവത്തിന് പകരം, പ്രവാചകന്‍ ക്രൈസ്തവസംഘത്തിന് സ്വന്തം പള്ളി പ്രാര്‍ഥനക്ക് നല്‍കിയ കാര്യമാണ് മുസ്ലിം സമുദായത്തിന്റെ മതസൌഹാര്‍ദ്ദത്തിന്റെ മാതൃക ആയി പറഞ്ഞിരുന്നത് എങ്കില്‍ മറ്റൊരാള്‍ക്ക് അതിനെ ചോദ്യം ചെയ്യേണ്ടുന്ന ആവശ്യമോ താങ്കള്‍ക്കു അതില്‍ പ്രതികരിക്കെണ്ടുന്ന സാഹചര്യമോ വരികയില്ലായിരുന്നു.

ഇതെങ്ങനെ വളച്ചൊടിക്കാം എന്ന് താങ്കള്‍ ചിന്തിക്കുക

ലത്തീഫ്, വളച്ചൊടിക്കല്‍ എനിക്ക് താല്‍പ്പര്യം ഉള്ള വിഷയം അല്ല. വളയ്ക്കലോ ഓടിയ്ക്കലോ ഇല്ലാതെ ചില ചോദ്യങ്ങള്‍ ചോദിക്കാം:

ക്രൈസ്തവസംഘത്തെ പ്രവാചകന്‍ സ്വന്തം പള്ളിയിലേക്ക് പ്രാര്‍ഥനക്ക് ക്ഷണിച്ചപ്പോള്‍ ആ ക്ഷണം അവര്‍ സ്വീകരിച്ചുവോ? അതോ നിരസ്സിച്ചുവോ?

പ്രവാചകന്റെ ക്ഷണം സ്വീകരിച്ചു ക്രൈസ്തവസംഘം പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥിച്ചുവെങ്കില്‍ അക്കാരണത്താല്‍ എത്ര ക്രൈസ്തവര്‍ പ്രവാചകന്റെ പള്ളിയുടെമേല്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്?

ക്രൈസ്തവസംഘം പ്രവാചകന്റെ ക്ഷണം നിരസ്സിച്ചുവെങ്കില്‍ അവര്‍ പറഞ്ഞ കാരണം "ഇന്ന് ഞങ്ങള്‍ ഇവിടെ പ്രാര്‍ത്ഥിച്ചാൽ ഒരു പക്ഷേ നാളെ ഒരു കാലത്ത് ക്രൈസ്തവര്‍ ഈ പള്ളിയുടെമേല്‍ മേൽ അവകാശ വാദം ഉന്നയിച്ചേക്കാം.. ക്രൈസ്തവസംഘം ഇവിടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്ന കാരണത്താൽ" എന്നായിരുന്നുവോ?

CKLatheef പറഞ്ഞു...

ചുരുക്കിപ്പറയാം. എനിക്ക് ഈ ചര്‍ചയില്‍ പ്രസക്തമെന്ന് തോന്നുന്നത് മാത്രം. നജ് റാനിനില്‍ നിന്നുള്ള നേതാക്കളും വേദമതപണ്ഡിതന്‍മാരും അടങ്ങുന്ന 60 അംഗസംഘമാണ് പ്രവാചകനെ സമീപിച്ചത്. പ്രവാചകനുമായി വിശദമായ സംഭാഷണം നടത്തി. പ്രാര്‍ഥനാ സമയമായപ്പോള്‍ പ്രവാചകന്‍ അവര്‍ക്ക് തന്റെ പള്ളിയില്‍ പ്രാര്‍ഥനക്കുള്ള സൗകര്യം ചെയ്തുകൊടുത്തു. അവരത് അവിടെ വെച്ച് നിര്‍വഹിക്കുകയും ചെയ്തു. മുഹമ്മദ് നബിയുടെയും അനുയായികളുടെയും കര്‍ശനമായ നീതിബോധത്തിലാകൃഷ്ടരായ ആ ക്രൈസ്തവര്‍ തങ്ങള്‍ക്കിടയിലുള്ള തര്‍ക്കപ്രശ്‌നങ്ങളില്‍ വിധികല്‍പിക്കുവാന്‍ ഒരാളെ അയച്ചുകൊടുക്കാനാവശ്യപ്പെട്ടു. പ്രവാചകന്‍ അബൂഉബൈദ അല്‍ജര്‍റാഹിനെ അവരുടെ കൂടെ അയച്ചുകൊടുക്കുകയും ചെയ്തു. പവാചകന്‍ മദീനയിലെത്തി അധികം താമസിയാതെയാണ് ഈ സംഭവം നടന്നത് ജൂതന്‍മാരുമായുള്ള ശത്രുത അതിന്റെ പാരമ്യതയിലെത്തിയ സന്ദര്‍ഭമായിരുന്നു അത്. ജൂതന്‍മാര്‍ക്കെതിരെ മുസ്‌ലിംകളുടെ പക്ഷത്ത് നിന്ന ഒരു സഹായം പ്രതീക്ഷിച്ചായിരുന്നു ആ വരവ് എന്നാണ ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നത്. എന്നാല്‍ വെട്ടിപ്പിടുത്തവരും അക്രമവും അരെയെങ്കിലും കീഴ്‌പെടുത്തലും പ്രവാചകന്റെ ഉദ്ദേശ്യമായിരുന്നില്ല. ഇവിടെ വിമര്‍ശകര്‍ വിശദീകരിക്കുന്ന പ്രകാരമുള്ള ഒരാളായിരുന്നെങ്കില്‍ ഈ അവസരം ജൂതരെ കൈകാര്യം ചെയ്യാന്‍ ഉപയോഗപ്പെടുത്തുമായിരുന്നു.
ഇത്രയുമാണ് എനിക്ക് പറയാനുള്ളത് ബാക്കി നിങ്ങള്‍ ഊഹിച്ചെടുത്തോളൂ. അല്ലെങ്കില്‍ ഏതെങ്കിലും പ്രാവാചക ചരിത്രം വായിച്ചോളൂ.

പള്ളിക്കുളം.. പറഞ്ഞു...

സന്തോഷ്, വരികൾക്കിടയിൽ ചിന്തകളാകാം. വക്രിച്ച വായന എപ്പോഴും നല്ലതല്ല. നമ്മൾ വിമർശന ബുദ്ധ്യാമാത്രം വായിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണത്. മനസ്സിനെ തുറന്നു വിട്ടുകൊണ്ട് വായിക്കുക. ഒരേ ചരിത്രം രണ്ടുരീതിയിലല്ല. രണ്ടായിരം രീതിയിൽ വായിക്കാനാവും. പക്ഷേ ചരിത്രത്തിൽ നിന്ന് പ്രഥമദൃഷ്ട്യാ കിട്ടുന്ന ചില പാഠങ്ങളുണ്ട്. ആ പാഠങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള ഒരു വിശകലനം ഒട്ടും നല്ലതല്ല. ചിന്തകളെ സ്വതന്ത്രമാക്കി വിട്ടില്ലെങ്കിൽ ഒരു പുസ്തകത്തിലെ ഒരു വരിപോലും നമുക്ക് വായിക്കുവാൻ സാധ്യമല്ല.

ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്രാം കണ്ടു തുടങ്ങിയ ശേഷം എന്റെ സംഗീതാസ്വാദന ശേഷി വളരെ കുറഞ്ഞതായി കണ്ടെത്തി. ഞാൻ കേൾക്കുന്ന പാട്ടുകളിലെ തെറ്റുകൾക്കുവേണ്ടി മാത്രം എന്റെ കാത് കൂർത്തു കൂർത്തു വന്നു. സംഗീതം മൊത്തത്തിൽ ആസ്വാദ്യകരമാവുന്നുമില്ല. ഇപ്പോൾ ആ പരിപാടി കാണൽ നിർത്തി. ‘സംഗതികൾ’ മനുഷ്യനെ മരമാക്കി തീർത്തേക്കാം.

എല്ലാ ‘സംഗതികൾക്കും’ മേലെ സംഗീതം നൽകുന്ന ഒരു ഓവർ ഓൾ ഫീലിംഗ് ഉണ്ട്. ആ ഫീലിംഗ് ലഭ്യമാകുന്നില്ലെങ്കിൽ പാട്ടു കേട്ടതുകൊണ്ട് എന്തു ഗുണം?

V.B.Rajan പറഞ്ഞു...

CKLatheef പറഞ്ഞു...
"ഏത് ദൈവത്തെ എങ്ങനെ ആരാധിക്കുന്നവര്‍ക്കും ഈ ലോകത്ത് അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നു. ഇസ്‌ലാമിക ഭരണകൂടം ഒരിക്കലും ബലപ്രയോഗത്തിലൂടെ അവയെ ഇല്ലായ്മ ചെയ്യില്ല എന്ന് മാത്രമല്ല എങ്ങനെ ആരാധിക്കുന്നവര്‍ക്കും ഈ ലോകത്ത് അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നു"

സൗദിഅറേബ്യയില്‍ ഒരുകൂട്ടം ക്രിസ്തുമതത്തില്‍പ്പെ മലയാളികള്‍ ഒരിക്കല്‍ ഒരു മുറിയില്‍ അടച്ചിരുന്ന് പ്രാര്‍ത്ഥന നടത്തിയിരുന്നു. അവരെ ആ രാജ്യത്തിലെ മതപ്പോലീസ് പിടികൂടി തല മുണ്ഡനം ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഞാന്‍ അതിനു സാക്ഷിയായിരുന്നു. സ്വന്തം കിടപ്പാടം വരെ പണയപ്പെടുത്തി ശോഭനമായ ഒരു ഭാവിജീവിതം സ്വപ്നം കണ്ട് എത്തിയവരും അതില്‍ ഉണ്ടായിരുന്നു. സൗദിയിലേക്ക് എത്തുന്ന വിദേശികളുടെ കൈവശം ഏതെങ്കിലും ദൈവങ്ങളുടെ പടങ്ങളോ അന്യമതഗ്രന്ഥങ്ങളോ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ടില്‍ വച്ച്തന്നെ അവ പിടിച്ചെടുക്കപ്പെടും. കൂടാതെ അവിടെ ലഭിക്കുന്ന വിദേശ പ്രസിദ്ധീകരണങ്ങളിലുള്ള അന്യമത ദൈവങ്ങളുടെ ചിത്രങ്ങള്‍ കരിതേച്ച് വികൃതമാക്കിയായിരിക്കും വിതരണത്തിനെത്തുക.

ഇസ്ലാമിക ഭരണകൂടം ഏത് ദൈവത്തെ എങ്ങനെ ആരാധിക്കുന്നവര്‍ക്കും ഈ ലോകത്ത് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു ഉദാഹരണമാണ് മുകളില്‍ വിവരിച്ചത്. അവിടങ്ങളിലുള്ള ഇസ്ലാമും, ലത്തീഫിന്റെ ഇസ്ലാമും രണ്ടായിരിക്കും. വ്യാഖ്യാന കസര്‍ത്ത് നടത്തുമ്പോള്‍ ചുറ്റും നടക്കുന്നതെന്തെന്ന് കണ്ണുതുറന്നു നൊക്കണമെന്ന് ഒരു അഭ്യര്‍ത്ഥന.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ,

താങ്കള്‍ ഈ സംഭവം പറഞ്ഞപ്പോള്‍ പ്രവാചക ചരിത്രത്തിലെ ഒരു രംഗം ഓര്‍ത്തുപോയി. അതിതാണ്.

'ഖൈബര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ച യുദ്ധമുതലുകളില്‍ തൗറാത്തിന്റെ നിരവധി പതിപ്പുകളും ഉണ്ടായിരുന്നു. അവ തിരിച്ചുതരണമെന്ന് യഹൂദികള്‍ അപേക്ഷിച്ചു. പ്രവാചകന്‍ മുഴുവന്‍ കോപ്പികളും അവര്‍ക്ക തിരിച്ചുനല്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി.'

അതില്‍ നിന്നാണ് ഞാനും എന്നെപോലെ ഇവിടെ സംസാരിക്കുന്നവരും ഇസ്‌ലാമിനെ മനസ്സിലാക്കുന്നത്. സൗദിഭരണകൂടമാണ്/ അതിന്റെ ചെയ്തികളാണ് ഇസ്‌ലാം മതത്തെ രൂപപ്പെടുത്തുന്നത് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരുടെ വിഢിത്തം എന്നേ പറയാന്‍ കഴിയൂ.

സൗദിയില്‍ ബൈബിളല്ല. ഖുര്‍ആന്‍ ക്ലാസ് തന്നെയാണെങ്കിലും അപ്രകാരം സംഘം ചേര്‍ന്ന നടത്തിയാല്‍ അവര്‍ ചെയ്യും എന്നാണ് കേട്ടിട്ടുള്ളത്. ഏകാധിപത്യ രാജ്യങ്ങളില്‍ നിന്ന ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതാണ് തെറ്റ്.

ഇക്കാര്യത്തില്‍ കൂടുതല്‍ അറിവുളളവര്‍ക്ക് തിരുത്താം.

വിചാരം പറഞ്ഞു...

മി.ലത്തീഫ് ചിലത് ചോദിച്ചു അതുനുത്തരം ഞാന്‍ പറഞ്ഞു .. അതിതാ ഇവിടെ വീണ്ടും “.ബയാനെന്ന യരലവയും ഫാറൂഖെന്ന വിചാരവും. ഇസ്‌ലാമിനെതിരെ ഇത്രവെറുപ്പ് നിങ്ങള്‍ വെച്ച് പുലര്‍ത്താനിടയാക്കിയ സാഹചര്യം നിങ്ങള്‍ ബ്ലോഗിലൂടെ പറയണം.“
മി.ലത്തീഫ്
ഇതിനായൊരു പോസ്റ്റെഴുതാനൊന്നും വയ്യ കാരണം അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒത്തിരി അഭിപ്രായങ്ങള്‍ (ബൂലോകത്ത് കഴിഞ്ഞ 7 വര്‍ഷമായി ഞാനടക്കം ഛര്‍ദിച്ച കാര്യങ്ങളല്ലാതെ മറ്റൊരു പുതിയവ ഇല്ലാത്ത) കുമിഞ്ഞുകൂടും, ലത്തീഫ്.. താങ്കള്‍ എന്റെ പഴയക്കാല പോസ്റ്റുകള്‍ നോക്കിയിട്ടുണ്ടോ ? എവിടേയും ഇസ്ലാമിനേയോ മറ്റു മതങ്ങളേയോ പൊളിച്ചെഴുതുന്ന ഒരു പോസ്റ്റ് കാണാന്‍ സാധിക്കില്ല എന്റെ പോസ്റ്റുകളില്‍ അധികവും കഥയും പിന്നെ എന്റെ സ്വന്തം രാഷ്ട്രീയ നിലപാടുകളുമായിരിക്കും അതിനിടെ എന്റെ ഇസ്ലാമിനോടുള്ള ഇഷ്ടമില്ലായ്മയും പക്ഷെ മിക്ക ചര്‍ച്ചകളിലും എന്റെ സാന്നിത്യം ഞാന്‍ അറീയ്ക്കാറുണ്ട് പ്രത്യേകിച്ച് മത ചര്‍ച്ചകളാവുമ്പോള്‍, ലത്തീഫ് ചോദിച്ച കാര്യങ്ങളിലേക്ക് കടക്കാം
എന്തുകൊണ്ട് എന്റെ ബന്ധു ജനങ്ങള്‍ വിശ്വസിക്കുന്ന ഇസ്ലാമിനെ ഇഷ്ടപ്പെടുന്നില്ല .
1) അതൊരു അതിഭൌതിക അവകാശപ്പെടുന്ന മതമായതിനാല്‍.
2) ഇസ്ലാം മാത്രമേ ശരിയൊള്ളൂ മറ്റെല്ലാം തെറ്റാണന്ന് ഭാവവും ചിന്തയും, പ്രവര്‍ത്തിയും.
3) മുഹമദിന്റെ പ്രവര്‍ത്തികള്‍-വിവാഹങ്ങള്‍, അടിമ സ്ത്രീകളെ വിവാഹം കഴിക്കാതെ വെച്ചുകൊണ്ടിരിക്കല്‍ -
4) ഇസ്ലാമിനൊരു ദൈവത്തെ കുറിച്ച് കൃത്യതയില്ലാത്ത കാഴ്ച്ചപ്പാടാണുള്ളത് - ദൈവം എന്നത് ഒരു ശക്തിയാണന്ന് ചില മുസ്ലിംങ്ങള്‍ കരുതുന്നു, എന്നാല്‍ ഏഴാനാകാശത്ത അര്‍സ്(സിംഹാസനത്തില്‍)ല്‍ ഇരിക്കുന്ന ഒരാളായി ഇതിനൊരു ചെറിയ വിശദീകരണം തരാം “ മുഹമദ് ആകാശാരോഹണ കെട്ടുകഥയില്‍ ദൈവത്തെ ദര്‍ശ്ശിച്ചു എന്നാണ് (നേരിട്ട് കണ്ടു എന്നു പറഞ്ഞാല്‍ രൂപവും ഭാവവും വിശദമാ‍ക്കേണ്ടി വരും, ബുദ്ധിമാനായ മുഹമദ് ആ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് വിദഗ്ദമായി തലയൂരുകയാണ് ചെയ്തത്)ഓരോ ആകാശത്തെത്തുമ്പോഴും മരിച്ചു പോയ ഓരോ പ്രവാചകന്മാരെ കണ്ടുവെന്ന പച്ചകള്ളം, ദൈവം ഒരു ശക്തി മാത്രമാണെങ്കില്‍ ആ ശക്തി ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ച് കിടയ്ക്കുകയാണെങ്കില്‍ മുഹമദ് എന്തിനാ ബുറാക്കെന്ന കുതിരയ്ക്ക് മുകളില്‍ കയറി ദൈവത്തെ തേടി 7മത്തെ ആകാശത്തേക്ക് പോവേണ്ട ആവശ്യം ?(7 ആകാശം എന്നത് വലിയൊരു ബ്ലണ്ടറാണന്ന് ഇന്ന് വലിയൊരു സത്യമാണ്) പ്രപഞ്ചത്തിലെ ചെറിയ ഘടകമായ ഭൂമിയില്‍ ദൈവത്തിന്റെ സാന്നിത്യം ഉണ്ടായിക്കൂടെ?
5) ഇസ്ലാമും, വിശ്വാസികളും സഹിഷ്ണത വെച്ചു പുലര്‍ത്തുന്നവരല്ല .ഉദാഹരണം:-അധർമ്മത്തിനെതിരേ യുദ്ധം ചെയ്യുക എന്നത് അല്പമെങ്കിലും ധാർമ്മിക ബോധം പുലർത്തുന്നവരുടെ കടമയാണ്.(ഇതിനെന്റെ ചോദ്യം ഇതാണ് .. ഇത്ര വലിയ ദൈവമായ അള്ളാ ഉള്ള സ്ഥിതിയ്ക്ക് മനുഷ്യന്‍ എന്തിനാണ് ഈ യുദ്ധത്തിനൊക്കെ പോകുന്നത് ?അള്ള തന്നെ ശിക്ഷിച്ചാല്‍ പോരെ ഈ അധര്‍മ്മവാദികള്‍ എന്ന ആരോപിയ്ക്കപ്പെടുന്ന എന്നേയും മറ്റുള്ളവരേയുമൊക്കെ.)
6) ഇസ്ലാം എന്ന തത്വസംഹിദയെ ആരും എതിര്‍ക്കാനോ അവിശ്വസിക്കാനോ പാടില്ലാന്നുള്ള ഏറ്റവും മലിനമായ ചിന്ത ഉദാഹരണം :-അഹങ്കാരം കയ്യൊഴിഞ്ഞാൽ നല്ല പാതയിലേക് തിരിക്കാം അല്ലെങ്കിൽ പട്ടി ചത്ത് പോകുന്ന പൊലെ ചത്ത് പോകും ബാക്കി ഖബറിൽ(സുല്‍ഫിഖര്‍ എന്ന ഇസ്ലാമത വിശ്വാസിയുടെ നീച ചിന്ത).
അങ്ങനെ ഒത്തിരി കാരണങ്ങള്‍കൊണ്ടാണ് ഇസ്ലാമതം തനി ബ്ലണ്ടറായ മതമാണന്ന് ബോദ്ധ്യമായതും എന്റെ മനസ്സില്‍ നിന്ന് ആ മതത്തേയും മറ്റും ചെളികൂമ്പാരത്തിലേക്ക് എടുത്തെറിഞ്ഞതും.
പിന്നെ ജബ്ബാര്‍ മാഷിന്റെ ചിന്തയും പ്രചാരണവും കൊണ്ടാണ് ഞാനും യരലവയുമൊക്കെ ഇസ്ലാമത ചിന്തയില്‍ നിന്നകന്നത് എന്ന തെറ്റായ മനസ്സിലാക്കല്‍ മാറ്റുക.. ഞാന്‍ 7 വര്‍ഷത്തോളമായി ഈ ബൂലോകത്ത് തുടക്കം മുതലേ ഇസ്ലാമെതിരായുള്ള എന്റെ നിലപാടുകള്‍ ഒരേപോലെയാണ് എന്നാല്‍ ജബ്ബാര്‍ മാഷ് ബൂലോകത്ത് വന്നിട്ട് 3 ഓ 4 ഓ വര്‍ഷമായിട്ടൊള്ളൂ, ഈ കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അഗ്രജന്‍ എന്ന എന്റെ ചങ്ങാതിയോട് ചോദിക്കുക.

CKLatheef പറഞ്ഞു...

@വിചാരം

എന്റെ ചോദ്യത്തോട് പ്രതികരിച്ചതിന് നന്ദി. സാധാരണയായി താങ്കളിടുന്ന പോസ്റ്റിനേക്കാള്‍ വലിപ്പമുണ്ട് ഈ കമന്റിന്. ഇസ്‌ലാമിനോടുള്ള താങ്കളുടെ വെറുപ്പിന്റെ 6 കാരണങ്ങള്‍ ഇവിടെ അക്കമിട്ട് പറഞ്ഞിരിക്കുകയാണല്ലോ. ചിലപ്പോള്‍ വേറെയും കാരണങ്ങളുണ്ടാവാം. താങ്കള്‍ പറഞ്ഞ കാരണങ്ങള്‍ മുഖവിലക്കെടുത്താല്‍ താങ്കളോട് വല്ലാത്ത സ്‌നേഹം തോന്നുന്നു എന്ന് പറയേണ്ടിവരികയാണ്. ജബ്ബാര്‍മാഷിന് മുമ്പ് ബ്ലോഗില്‍ സജീവമായ താങ്കള്‍ക്ക് ഈ നിസ്സാര സംശയം തീര്‍ക്കാനാവശ്യമായതൊന്നും ലഭിച്ചില്ലേ. ഏതായാലും ഒരു മുസ്‌ലിമിനെ യുക്തിവാദിയാക്കിയ ഈ കാരണങ്ങള്‍ മറ്റുള്ളവര്‍ അറിയേണ്ടതുണ്ടെന്ന് തോന്നുന്നു. അതിനാല്‍ താങ്കളുടെ ചോദ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പോസ്റ്റായി അത് നല്‍കാന്‍ ഉദ്ദേശിക്കുന്നു.

സന്തോഷ്‌ പറഞ്ഞു...

സന്തോഷ്, വരികൾക്കിടയിൽ ചിന്തകളാകാം. വക്രിച്ച വായന എപ്പോഴും നല്ലതല്ല. നമ്മൾ വിമർശന ബുദ്ധ്യാമാത്രം വായിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണത്. മനസ്സിനെ തുറന്നു വിട്ടുകൊണ്ട് വായിക്കുക. ഒരേ ചരിത്രം രണ്ടുരീതിയിലല്ല. രണ്ടായിരം രീതിയിൽ വായിക്കാനാവും. പക്ഷേ ചരിത്രത്തിൽ നിന്ന് പ്രഥമദൃഷ്ട്യാ കിട്ടുന്ന ചില പാഠങ്ങളുണ്ട്. ആ പാഠങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള ഒരു വിശകലനം ഒട്ടും നല്ലതല്ല. ചിന്തകളെ സ്വതന്ത്രമാക്കി വിട്ടില്ലെങ്കിൽ ഒരു പുസ്തകത്തിലെ ഒരു വരിപോലും നമുക്ക് വായിക്കുവാൻ സാധ്യമല്ല.

പള്ളിക്കുളം, താങ്കളുടെ ഈ അഭിപ്രായത്തിലെ ആത്മാര്‍ഥത ഞാന്‍ അംഗീകരിക്കുന്നു അതോടൊപ്പം ഈ ഉപദേശം താങ്കളുടെ സഹോദരങ്ങള്‍ക്കുകൂടി നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

വിചാരം പറഞ്ഞു...

:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review