2010, ജൂൺ 20, ഞായറാഴ്‌ച

ദൈവാസ്തിത്വവും ബുദ്ധിയും

പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവപ്പെടുന്നതോ പദാര്‍ഥലോകത്തിന്റെ കാര്യകാരണ നിയമങ്ങളിലൂടെ കണ്ടെത്താവുന്നതോ അല്ല ദൈവത്തിന്റെ അസ്തിത്വമെന്ന് ആദ്യം അറിയുക. ദൈവത്തിന്റെ അസ്തിത്വം യുക്തിക്ക് വിരുദ്ധമല്ല. ദൈവം ഭൗതികയുക്തിക്ക് അപ്രാപ്യനാണെന്ന് മാത്രമേ പറയാനാവൂ. ദൈവത്തെ അനുഭവവേദ്യമാക്കാന്‍ പര്യാപ്തമായ ഇന്ദ്രിയങ്ങള്‍ നമ്മുക്കില്ല. ഭൗതിക ലോകത്തിന്‍രെ കാര്യകാരണനിയമങ്ങളുടെ സൃഷ്ടാവ് ആ കാര്യകാരണവ്യവസ്ഥക്കും അതീതനായിരിക്കും. അതുകൊണ്ട് ദൈവത്തെ പരീക്ഷണശാലയില്‍ ഗവേഷണം നടത്തി കണ്ടുപിടിക്കാനാവില്ല. ഈ വ്‌സ്തുതകള്‍ അംഗീകരിച്ചുകൊണ്ടേ ദൈവത്തെക്കുറിച്ച് ചിന്തിക്കാനാവൂ.

ഭൗതിക പ്രപഞ്ചത്തെ സ്ഷ്ടിച്ച ദൈവം ഭൗതികനാകാവതല്ല. ഭൗതിക പ്രതിഭാസങ്ങളെ അറിയാനുള്ള ഉപാധികൊണ്ട് അതിഭൗതിക പ്രതിഭാസങ്ങളറിയാനാവില്ല. അപ്രകാരം അറിയാന്‍ ശ്രമിക്കുന്നു എന്നതാണ് കേവലയുക്തിവാദികള്‍ ദൈവത്തെ നിഷേധിക്കുന്നതിനുള്ള പ്രഥമ കാരണം. ദൈവം ഇന്ദ്രിയ ഗോചരനല്ല എന്നത് മാത്രമാണ് കേവലയുക്തിവാദികള്‍ക്ക് ദൈവത്തെ നിഷേധിക്കാനുള്ള ഏക ന്യായം. ദൈവം ഇന്ദ്രിയ ഗോചരനാണ് എന്ന് വാദിക്കുന്ന ദൈവസങ്കല്‍പത്തിന് മാത്രമേ ഇത് ഖണ്ഡനമാകുകയുള്ളൂ. ദൈവം ഇന്ദ്രിയ ഗോചരനല്ല എന്ന ഒരു ദൈവവീക്ഷണത്തോടും ആ വാദം വിലപോവില്ല. ദൈവത്തിന്റെ അഭാവത്തെ വെളിപ്പെടുത്താന്‍ അതിനാല്‍ അത്തരം തെളിവുകളെ അവലംബിക്കുന്നത് അസംബന്ധമാണ്. ദൈവത്തിന്റെ അസ്തിത്വസാധ്യതയെ ഒരനിവാര്യതയായി ഉയര്‍ന്നുന്ന ബുദ്ധിപരമായ തെളിവുകള്‍ ദൈവശാസ്ത്രകാരന്‍മാര്‍ പണ്ടേ പറയാറുള്ളതാണ്. അവയെ നമ്മുക്കൊന്നു പരിശോധിക്കാം.

ഉണ്മകള്‍ മൂന്നിനമാകുന്നു.

1. ഉണ്ടാവല്‍ അസംഭവ്യമായ ഉണ്മ.

2. ഉണ്ടാവലും ഇല്ലാതിരിക്കലും സംഭവ്യമായ ഉണ്മ.

3. ഉണ്ടായിരിക്കല്‍ അനിവാര്യമായ ഉണ്മ.

മൂന്നാമതൊരു ഉണ്മയില്ല. ആദ്യത്തേത് തീര്‍ത്തും അസംഭവ്യമാകുന്നു. അത് ഉളവാകുക ഒരിക്കലും സാധ്യമല്ല. രണ്ടാമത്തേത് ഉണ്ടാവുകയും ഇല്ലാതിരിക്കുകയും ചെയ്യാം. ആദ്യം ഇല്ലാതിരിക്കുകയും പിന്നെ ഉണ്ടാവുകയും അതിന് ശേഷം നഷിച്ചുപൊകുകയും ചെയ്യുന്ന എല്ലാ ഉണ്മയും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരം ഉണ്മകള്‍ സ്വയം ഭൂവാകുകയ സാധ്യമല്ല. ഇവ ഉണ്ടാകണമെങ്കില്‍ ഒരു നിമിത്തം വേണം. സംഭവ്യമായ ഈ ഉണ്‍മക്ക് മറ്റൊരു സംഭവ്യമായ ഉണ്‍മ ആദ്യന്തികനിമിത്തമാകാന്‍ കഴിയില്ല. അസംഭവ്യമായ ഉണ്മയും സംഭവ്യമായ ഉണ്മക്ക് കാരണമാകില്ല.  ഉണ്ടായിരിക്കല്‍ അനിവാര്യമായ ഉണ്മക്ക് മാത്രമേ അതല്ലാത്ത ഉണ്മക്ക് ആദികാരണമാകാന്‍ കഴിയൂ. അഥവാ സംഭവ്യമായ ഉണ്മ (ഈ പ്രപഞ്ചത്തില്‍ കാണുന്ന സകല വസ്തുക്കളും) അവക്കു നിമിത്തമായി വര്‍ത്തികുന്ന അനിവാര്യമായ ഒരു ഉണ്മയെ സ്ഥിരപ്പെടുത്തുന്നു. ആ അനിവാര്യമായ ഉണ്മ സദാ ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. അതിനാല്‍ അത് അനാദിയും അനന്തവുമാകുന്നു. ഇങ്ങനെയുള്ള ഉണ്മക്ക് ഉത്ഭവകാരണം ആവശ്യമില്ല. ഭൗതിക പ്രപഞ്ചത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നുവെങ്കില്‍ അതിനു നിമിത്തമായ ഒരഭൗതിക അസ്തിത്വത്തെയും അംഗീകരിക്കേണ്ടി വരും. (തുടരും)

11 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

>>> ഒരു മനുഷ്യൻ എപ്പോൾ എവിടെ ആരോടു് ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നു് അരുളിച്ചെയ്യാൻ ഭൂമിയിൽ എത്തുന്ന ആരോ ആണത്രെ സമസ്തപ്രപഞ്ചത്തിന്റെയും ആദ്യകാരണം! പ്രപഞ്ചത്തിനു് ഒരു ആദ്യകാരണം വേണമെന്നു് മനുഷ്യർക്കാണു് നിർബന്ധം. അങ്ങനെയൊരു നിർബന്ധം തനിക്കുണ്ടെന്നു് പ്രപഞ്ചം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇനി അഥവാ വേണമെങ്കിൽത്തന്നെ, അതു് കല്യാണക്കുറിയുമായി നടക്കുന്ന ഒരു പോസ്റ്റ്‌മാനോ, പശമണ്ണു് കുഴക്കുന്ന ഒരു കുശവനോ, മനുഷ്യർക്കു് തോലുകൊണ്ടു് വസ്ത്രമുണ്ടാക്കുന്ന ഒരു തയ്യൽക്കാരനോ ഒന്നും ആയിരിക്കുകയില്ല എന്നു് യാതൊരു സംശയവും ഇല്ലാതെ പറയാം. അതുപോലൊരുവനാണു് ദൈവമെങ്കിൽ, ആ ദൈവത്തെ ഈ ഭൂമിയിൽ നിന്നും ആട്ടിയോടിക്കേണ്ട സമയം അതിക്രമിച്ചു എന്നേ പറയാനുള്ളു. <<<

മേല്‍ വിവരിക്കപ്പെട്ടത് പോലെ ദൈവസ്തിത്വത്തെ തള്ളിപ്പറയുന്നവരും. ഈ പറഞ്ഞതില്‍ മഹാബുദ്ധി ദര്‍ശിക്കുന്നവരും ഇവിടെ പ്രതികരിച്ച് സമയം കളയണം എന്നില്ല. അവര്‍ ദൈവഗ്രന്ഥം നേരിട്ട് ഇറക്കപ്പെടുന്നത് കണ്ടാലും അത് തൊട്ടുനോക്കാന്‍ അവസരം ലഭിച്ചാലും നിഷേധിക്കുന്നവരാണ് എന്ന് ദൈവം തന്നെ പറഞ്ഞ സ്ഥിതിക്ക്. അവരില്‍നിന്ന് കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നില്ല.

പാര്‍ത്ഥന്‍ പറഞ്ഞു...

ഉണ്മയെ ആരാ മാഷെ ഇങ്ങനെ വിഭച്ചിച്ച് വിശദീകരിച്ച മഹാൻ.
ഈശ്വരസങ്കല്പത്തിലെ ‘ഉണ്മ’യാണെങ്കിൽ അതിന് ഒരു ഭാവവും ഒരർത്ഥവും മാത്രമെ ഉള്ളൂ.

ദൈവം ഇന്ദ്രിയഗോചരനല്ല എന്നാണ് നിഗമനം എങ്കിൽ, മുഹമ്മദുനബി കണ്ടു എന്നു പറയുന്ന പ്രതിഭാസം എന്താണെന്ന് വിശദമാക്കാമോ?

CKLatheef പറഞ്ഞു...

പ്രിയ പാര്‍ത്ഥന്‍

ഈ വിഷയത്തില്‍ പ്രസക്തമായ രണ്ട് അന്വേഷണങ്ങള്‍ക്ക് ആദ്യമെ നന്ദി പറയട്ടേ. അതിന് എന്റെ മറുപടി ഇവിടെ നല്‍കുന്നു. നല്‍കപ്പെട്ട മറുപടിയില്‍ പിടികൂടി കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ഇനിയുള്ളവര്‍ ശ്രദ്ധിക്കുക. നല്‍കപ്പെട്ട പോസ്റ്റില്‍ ഊന്നുക.

>>> ഉണ്മയെ ആരാ മാഷെ ഇങ്ങനെ വിഭച്ചിച്ച് വിശദീകരിച്ച മഹാൻ. <<<

ഈ വിഭജനം ആര് നടത്തി എന്നത് പ്രസക്തമല്ല. ആ നിലക്കുള്ള ഒരു വിഭജനം ഉണ്മയെക്കുറിച്ച് നമ്മുക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. പദാര്‍ഥങ്ങള്‍ മൂന്നിനമാണ് ഖരം, ദ്രാവകം, വാതകം (അതില്‍ കൂടുതലുള്ളത് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കാതിനാല്‍ മൂന്നിലൊതുക്കിയതാണ്) എന്നാരെങ്കിലും പറഞ്ഞാല്‍ അതാര് പറഞ്ഞു എന്ന് നാം അന്വേഷിക്കാറില്ലല്ലോ. അതേ പ്രകാരം ഉണ്മ എന്നതിനെ മൂന്നായി തിരിച്ചിരിക്കുകയാണ്. അതിനപ്പുറം ഒരു ഉണ്മ ഉണ്ടാവുകയില്ല. കാരണം ആദ്യത്തെത്തുതന്നെ അസംഭവ്യമായ ഉണ്മയാണ്. എന്നുവെച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുമല്ലോ. എന്തിന് ഇങ്ങനെയൊക്കെ പറയണം എന്ന് ചോദിച്ചാല്‍ ചിലര്‍ക്കെങ്കിലും ഇങ്ങനെയൊക്കെ ചിന്തിച്ചാലെ അവരുടെ ബുദ്ധിയെ തൃപ്തിപ്പെടുത്താനാകൂ എന്നതുകൊണ്ടായിരിക്കാം.

ദൈവത്തെകണ്ടെത്താന്‍ ഈ ദൈവശാസ്ത്രത്തിലൂടെ മാത്രമേ കഴിയൂ എന്നെനിക്ക് വാദമില്ല. ഒരു ഗ്രാമീണ അറബിയോട് ഒരാള്‍ ചോദിച്ചു. ദൈവമുണ്ടെന്നതിന് എന്താണ് തെളിവ് അദ്ദേഹം പറഞ്ഞു: 'ഈ ഒട്ടകത്തിന്റെ കാഷ്ഠം ഒട്ടകമുണ്ടെന്നതിന് തെളിവാണ്, ഈ പ്രപഞ്ചം അതിനൊരു സ്രഷ്ടാവുണ്ടെന്നതിനും'.

ഇവിടെ ചിലര്‍, ബുദ്ധിപരമായി ചിന്തിച്ചാല്‍ ദൈവനിഷേധത്തിലേക്ക് എത്തിചേരും എന്ന് നിരന്തരം വാദിക്കുന്നത് കണ്ടിരിക്കും. അവര്‍ ഞാനീ പറഞ്ഞ കാര്യങ്ങളെയും പരിഹസിച്ചുതള്ളില്ല എന്ന് യാതൊരു തെറ്റിദ്ധാരണയും ഇല്ല. പക്ഷെ ബുദ്ധി ഉപയോഗിച്ചാലും ദൈവാസ്തിത്വത്തെ തെളിയിക്കാനാവശ്യമായ വസ്തുതകളാണ്, ഇന്ദ്രിയ ഗോചരമല്ലാത്തതിനാല്‍ നിഷേധിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്നത് വ്യക്തമാണ്. ഇന്ദ്രിയ ഗോചരമല്ല എന്നതോ ഭൗതികമല്ല എന്നതോ നാം ഒരു അസ്തിത്വത്തെ നിഷേധിക്കാന് കാരണമാക്കുകയാണെങ്കില്‍ പലതിനെയും നിത്യജീവിതത്തില്‍ നിഷേധിക്കേണ്ടതായി വരും. ചിലര്‍ സൗകര്യത്തിന് വാദത്തില്‍ അതിനെയൊക്കെ നിഷേധിക്കാനും സന്നദ്ധമാകും എങ്കിലും അപ്രകാരം ചെയ്യുമ്പോള്‍ അവര്‍ പറയുന്ന മനുഷ്യബുദ്ധി അവരില്‍മാത്രം പരിമിതമായ ഒന്നായി മാറുന്നു എന്ന വസ്തുത ആവര്‍ കാണാതെ പോകുന്നു.

CKLatheef പറഞ്ഞു...

Parthan asked..

>>> ദൈവം ഇന്ദ്രിയഗോചരനല്ല എന്നാണ് നിഗമനം എങ്കിൽ, മുഹമ്മദുനബി കണ്ടു എന്നു പറയുന്ന പ്രതിഭാസം എന്താണെന്ന് വിശദമാക്കാമോ? <<<

പ്രവാചകന്‍ നഗ്നനേത്രങ്ങള്‍കൊണ്ട് ദൈവത്തെ ദര്‍ശിച്ചു എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ കൂടുതല്‍ തെളിവുകളും പണ്ഡിതന്‍മാരുടെ പിന്‍ബലവും അപ്രകാരം സംഭവിച്ചിട്ടില്ല എന്നുതന്നെയാണ്. പ്രവാചകന്‍ പോലും ദൈവത്തിന്റെ നൂര്‍(പ്രകാശം എന്നോ ശോഭ എന്നൊക്കെ അര്‍ഥം പറയാവുന്ന പദം) കണ്ടു എന്നാണ് അരുളിയിട്ടുള്ളത്.

وعَنْ أَبِي ذَرٍّ قَالَ سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَلْ رَأَيْتَ رَبَّكَ قَالَ نُورٌ أَنَّى أراه رواه مسلم ( الإيمان/(261

'മുഹമ്മദ് അല്ലാഹുവിനെ കണ്ണുകൊണ്ട് കണ്ടു എന്നാരെങ്കിലും പറഞ്ഞാല്‍ അദ്ദേഹം കളവ് പറഞ്ഞു. എന്നാണ് പ്രവാചകന്റെ പത്‌നി ആയിശ അഭിപ്രായപ്പെട്ടിട്ടുള്ളത്.' കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല എന്ന സൂക്തം അവര്‍ തെളിവായി ഉദ്ധരിക്കുകയും ചെയ്തു.

فقد ثبت عن عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ مَنْ حَدَّثَكَ أَنَّ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى رَبَّهُ فَقَدْ كَذَبَ وَهُوَ يَقُولُ لا تُدْرِكُهُ الْأَبْصَارُ ... ( رواه البخاري) التوحيد/6832

അതുകൊണ്ട് ഈ വിഷയത്തില്‍ അഥവാ പഞ്ചേന്ദ്രിയങ്ങളിലൂടെ അവനെ അനുഭവിക്കാന്‍ കഴിയില്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഞാനും. കണ്ടു എന്ന് വാദിക്കുന്നവരും ദൈവം പ്രവാചകന് ആ സമയത്ത് പഞ്ചേന്ദ്രിയങ്ങളുടെ പരിമിതി എടുത്ത് കളഞ്ഞു എന്ന് കരുതുന്നവരാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളുമായി അതിന് ബന്ധമില്ലാത്തിനാലും ഇത്തരം കാര്യങ്ങളില്‍ വ്യാഖ്യാന വൈവിധ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു.

(ചിലരുടെ മുന്‍ധാരണകളെ തിരുത്തുന്ന മറുപടി ആയതുകൊണ്ടാണ് ഇവിടെ അറബി മൂലം നല്‍കിയിട്ടുള്ളത്.)

CKLatheef പറഞ്ഞു...

Parthan said..

>>> ഈശ്വരസങ്കല്പത്തിലെ ‘ഉണ്മ’യാണെങ്കിൽ അതിന് ഒരു ഭാവവും ഒരർത്ഥവും മാത്രമെ ഉള്ളൂ.<<<

ഞാന്‍ പറഞ്ഞത് ഉണ്മ എന്ന് വിശേഷിപ്പിക്കാവുന്ന എല്ലാറ്റിനെയും കുറിച്ചാണെന്നത് വ്യക്തമാണല്ലോ. അതില്‍ ദൈവത്തിന്റെ ഉണ്മയാകാന്‍ കഴിയുന്നത് ഉണ്ടായിരിക്കല്‍ അനിവാര്യമായ ഉണ്മയാണ്. മറ്റൊരു ഉണ്മക്കും ദൈവമാകാന്‍ കഴിയില്ല. ആ സ്വഭാത്തോടുകൂടിയ ഉണ്മ സ്രഷ്ടാവാകില്ല. അതിനാല്‍ എന്റെ ഈ വിശദീകരണത്തിലും ദൈവത്തിന്റെ ഉണ്മക്ക് ഒരൊറ്റ രൂപവും ഭാവവുമേ ഉള്ളൂ.

താങ്കളുടെ അഭിപ്രായത്തില്‍ ഈശ്വര സങ്കല്‍പത്തിലെ ആ ഉണ്മയെക്കുറിച്ച് വിശദീകരിക്കുകയാണെങ്കില്‍ ഈ ചര്‍ചയില്‍ പ്രസക്തമായിരിക്കുമെന്ന് കരുതുന്നു.

CKLatheef പറഞ്ഞു...

കൂടുതല്‍ വായനക്കും പഠനത്തിനും താല്‍പര്യമുള്ളവര്‍ക്കായി ഉണ്മയുടെ മൂന്ന് രൂപങ്ങള്‍ക്ക് അറബിയില്‍ നല്‍കപ്പെടുന്ന സാങ്കേതിക പദങ്ങള്‍ കൂടി ഇവിടെ നല്‍കുന്നു.

(1. ഉണ്ടാവല്‍ അസംഭവ്യമായ ഉണ്മ.مستحيل الوجود
2. ഉണ്ടാവലും ഇല്ലാതിരിക്കലും സംഭവ്യമായ ഉണ്മ. ممكن الوجود
3. ഉണ്ടായിരിക്കല്‍ അനിവാര്യമായ ഉണ്മ. واجب الوجود

പാര്‍ത്ഥന്‍ പറഞ്ഞു...

‘ഉണ്മ’ എന്ന പദത്തിന് ഭാരതീയ ആദ്ധ്യാത്മിക വീക്ഷണത്തിൽ ഒരു ഭാവം മാത്രമെ ഉള്ളൂ എന്നു സൂചിപ്പിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശം. അറബിയിൽ ആ വിശദീകരണം ഉണ്മ എന്ന വാക്കിനു തന്നെയാണോ എന്നും വിശദമായി പരിശോധിക്കേണ്ടതാണ്. ഭൌതിക വസ്തുക്കൾക്കാണ് താങ്കൾ പറയുന്ന മൂന്നവസ്ഥകളുള്ളത്. ഈശ്വരൻ പദാർത്ഥലോകത്തിന്റെ നിയമങ്ങൾക്ക് അതീതമാണെന്നും താങ്കൾ പറയുന്നുണ്ട്. അത് സത്യമെങ്കിൽ പിന്നെ ഈ വിഭജനം ഈശ്വരന് ചേർന്നതല്ല എന്ന് സൂചിപ്പിക മാത്രമാണ് ഞാൻ ചെയ്തത്. ഇന്ദ്രിയഗോചരമല്ല ഈശ്വരൻ എന്നുതന്നെയാണ് എന്റെ വിശ്വാസവും.

ഉണ്മയെക്കുറിച്ച് ഇവിടെ ചർച്ച ചെയ്താൽ ഞാൻ കുഴങ്ങിപ്പോകും. ഇതിനുമുമ്പ് ബ്രഹ്മത്തെക്കുറിച്ച് ഒരിക്കൽ ചർച്ച നടന്നതാണ്. രണ്ടും ഒന്നു തന്നെയായതുകൊണ്ട്. കൂടുതൽ വിശദീകരണം ഇവിടെ ആവശ്യമില്ല.

ദ്വൈതാവസ്ഥയിലുള്ള താങ്കളുടെ ദൈവ സങ്കല്പവും അദ്വൈതാവസ്ഥയിലുള്ള എന്റെ ദൈവ സങ്കല്പവും തമ്മിൽ ചില പൊരുത്തക്കേടുകളുണ്ട്. അത് രണ്ടും ഒരിക്കലും ചേർന്നു പോകില്ല. വിശ്വാസത്തിൽ മാത്രം ഒതുങ്ങി നിന്നാൽ എവിടെയും എത്തില്ല.

എന്റെ ഒരു പോസ്റ്റിൽ ഞാനും കാട്ടിപ്പരുത്തിയുമായി മുഹമ്മദുനബി ദൈവത്തെ കണ്ടു എന്നു പറയുന്നതിനെക്കുറിച്ച് ഒരു ചോദ്യോത്തരം ഉണ്ടായിരുന്നു അത് ഇങ്ങനെയായിരുന്നു:
(ചോദ്യം)

‘മിറാജ്’ എന്ന ആകാശയാത്രയെപ്പറ്റി അറിയാത്തവരുണ്ടോ ?
അതിലെ ചില വരികൾ ഇങ്ങനെ :

1- Isra and Miraj occured on the same night.
2- The journey took place when the prophet was awake not in a dream.
3- The prophet travelled physically, not mentaphoricaly.

(കാട്ടിപ്പരുത്തിയുടെ മറുപടി)

കാട്ടിപ്പരുത്തി said...
ഞാന്‍ ആക്കിയതെന്നെല്ലാം പാര്‍ത്ഥന്റെ വെറും തോന്നലാണ്. ദൈവത്തിന് രൂപമില്ല എന്നും എന്നും ദൈവത്തെ ആര്‍ക്കും കാണാന്‍ കഴിയില്ല എന്നും ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ദൈവത്തിന്റെ രൂപം പ്രാപഞ്ചികമായ ചിത്രം മാത്രമുള്‍കൊള്ളാന്‍ കഴിയുന്ന നമ്മുടെ മനസ്സിന് ഇപ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയില്ല, മിഅ‌റാജ് ആകാശങ്ങള്‍ക്കു അപ്പുറത്തേക്കുള്ള യാത്രയാണു- അതും യുക്തിപരമായി വിശദീകരിക്കുവാന്‍ കഴിയുന്ന ഒന്നല്ല, വിശ്വാസം തന്നെയാണു പ്രധാനഘടകം. കൂടാതെ പ്രവാചകന്റെ മനസ്സില്‍ നിന്നു പോലും ആ രൂപം ദൈവം തന്റെ രൂപത്തെ കുറിച്ചുള്ള ചിത്ര മായ്ച്ചു കളഞ്ഞു എന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്.

പറഞ്ഞു...

"പദാര്‍ഥങ്ങള്‍ മൂന്നിനമാണ് ഖരം, ദ്രാവകം, വാതകം (അതില്‍ കൂടുതലുള്ളത് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കാതിനാല്‍ മൂന്നിലൊതുക്കിയതാണ്) എന്നാരെങ്കിലും പറഞ്ഞാല്‍ അതാര് പറഞ്ഞു എന്ന് നാം അന്വേഷിക്കാറില്ലല്ലോ. അതേ പ്രകാരം ഉണ്മ എന്നതിനെ മൂന്നായി തിരിച്ചിരിക്കുകയാണ്. അതിനപ്പുറം ഒരു ഉണ്മ ഉണ്ടാവുകയില്ല."

"അതിനപ്പുറം ഒരു ഉണ്മ ഉണ്ടാവുകയില്ല"

ഇതെന്തോന്നാ ലത്തീഫെ??? പഥാര്‍ത്ഥത്തിന്റെ മൂന്നില്‍ കൂടുതല്‍ അവസ്ഥകളെക്കുറിച്ച് ലത്തീഫിന് അറിവില്ലെന്ന് സമ്മതിക്കാമെങ്കില്‍,ഉണ്മയ്ക്ക് നാലാമതൊരുഭാവം ഉണ്ടാവാരുതെന്ന് എന്താ ഇത്ര നിര്‍ബന്ധം?

ഓടോ. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.

CKLatheef പറഞ്ഞു...

>>> ഭൌതിക വസ്തുക്കൾക്കാണ് താങ്കൾ പറയുന്ന മൂന്നവസ്ഥകളുള്ളത്. ഈശ്വരൻ പദാർത്ഥലോകത്തിന്റെ നിയമങ്ങൾക്ക് അതീതമാണെന്നും താങ്കൾ പറയുന്നുണ്ട്. <<<

പാര്‍ത്ഥാ തെറ്റിദ്ധരിക്കല്ലേ. നമ്മുടെ ബുദ്ധിക്ക് മനസ്സിലാകുന്ന അത്തരം വിഭജനം ആര് നടത്തി എന്നത് പ്രസക്തമല്ല എന്നാണ് ഞാന്‍ സൂചിപ്പിച്ചത്.

CKLatheef പറഞ്ഞു...

@kootharamapla,

അറിയാത്തതുകൊണ്ട് നിഷേധിക്കുന്ന സ്വഭാവം കൂതറയുടെ ഇഷ്ടക്കാരുടേതാണ്. ഈ തത്വം അവരോട് പറയുക. ഞാന്‍ നിഷേധിച്ചിട്ടില്ല. എന്റെ ചര്‍ചാ വിഷയം അതൊട്ടുമല്ല. ഉണ്മയുടെ ആകെയുള്ള മൂന്ന് സാധ്യതകള്‍ പറഞ്ഞതിന് ശേഷം നാലാമൊന്ന് ഉണ്ടായിക്കൂടെ എന്ന് ചോദിക്കുന്ന 'ബുദ്ധിമാന്‍മാരോട്' എനിക്കൊന്നും പറയാനില്ല. ഇത് അലപം ബുദ്ധികുറഞ്ഞവര്‍ക്ക് വേണ്ടിയുള്ള വിശകലനമാണ്. ക്ഷമിക്കുക. എനിക്ക് കൊക്കിലൊതുങ്ങുന്നതേ ഞാന്‍ കൊത്തിയിട്ടുള്ളൂ ഇനിയും കൊത്തുകയുള്ളൂ. താങ്കള്‍ അക്കാര്യത്തില്‍ വിഷമിക്കേണ്ട.

CKLatheef പറഞ്ഞു...

ഈ ചര്‍ചയില്‍ കൂതറമാപ്ലയെന്ന അനോണിയും കഴിഞ്ഞ പോസ്റ്റില്‍ യരലവയും നല്‍കിയ ചില കമന്റുകള്‍ വിഷയത്തില്‍നിന്നും ശ്രദ്ധതിരിക്കാന്‍ ബോധപൂര്‍വം നല്‍കപ്പെട്ടതാണ് എന്ന് കരുതിയതിനാലും പോസ്റ്റിലെ വസ്തുതകളെക്കാളെറെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നുള്ളതിനാലും പ്രസിദ്ധീകരിക്കാതിരിക്കുകയോ ഡീലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ഇവിടെ കൂതറ ചോദിച്ച ചോദ്യം എന്തുകൊണ്ട് ഉണ്മയെ മൂന്നിലൊതുക്കി എന്നതാണ്. എന്നിട്ട് കൂതറ ഉണ്മ എന്ന് പറഞ്ഞ് 'ഉണ്ടായികൊണ്ടെയിരിക്കുന്ന ഉണ്മ' എന്ന് മറ്റൊരു ഇനവും എനിക്ക് നല്‍കിയിട്ടുണ്ട്. അല്‍പം ബുദ്ധി പ്രയോഗിക്കാന്‍ ആ യുക്തിവാദിക്ക് കഴിയുമായിരുന്നെങ്കില്‍ അത് പറയുമായിരുന്നില്ല. 'ഉണ്ടായി കഴിഞ്ഞ ഉണ്മ', ഇനിയും 'ഉണ്ടാകാനിരിക്കുന്ന ഉണ്മ', 'നശിച്ച് പോയെ ഉണ്മ', 'ഉണ്ടായിട്ടും ഇതുവരെ നഷിക്കാത്ത ഉണ്മ' ഇങ്ങനെയൊക്കെ തരം തിരിക്കാവുന്നതാണ്. ഓരോ ഉദാഹരണവും കാച്ചാം. പക്ഷെ ഇതൊക്കെ 'സംഭവ്യമായ ഉണ്മ' എന്ന വിഭാഗത്തില്‍ പെടുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത 'ബുദ്ധിമാന്‍മാര്‍' ഇത് വായിച്ച് സമയം കളയരുത് എന്നപേക്ഷിക്കുന്നു.

യരലവയുടെ പ്രധാന സംശയം ബ്ലോഗെഴുത്ത് എന്റെ തൊഴിലാണോ എന്നതാണ്. പെട്ടെന്ന് മറുപടി എഴുതുന്നതാണങ്ങനെ ചിന്തിക്കാന്‍ കാരണം എന്നും വ്യക്തമാക്കുന്നു. ചെയ്യുന്ന പ്രവര്‍ത്തനം തൊഴിലായി എണ്ണാമെങ്കില്‍ അപ്രകാരം ചിന്തിക്കാവുന്നതാണ്. അതൊന്നും ഒരു ചര്‍ചയില്‍ പ്രസക്തമല്ലല്ലോ. എന്നെക്കാള്‍ പോസ്റ്റിടുകയും ചര്‍ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. കാളിദാസനെയും മറ്റും പോലുള്ളവര്‍ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ കാണിക്കുന്ന ആത്മാര്‍ഥതയില്‍ ഞങ്ങള്‍ പോലും അസൂയാലുക്കളാണ്. സ്വന്തം ദര്‍ശനത്തെ പരിചയപ്പെടുത്തുന്നതിന് സമയം ചെലവഴിക്കുന്നത് മനസ്സിലാക്കാന്‍ കഴിയും എന്നാല്‍ ലോകത്തിന് ഒന്നും സമര്‍പ്പിക്കാതെ വെറും വിമര്‍ശനത്തിന് മാത്രം 24 മണിക്കൂറും ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവരോടാണ് തൊഴിലിനെക്കുറിച്ച് ആദ്യം ചോദ്യമുന്നയിക്കേണ്ടത്.

ഈ പോസ്റ്റിന്റെ അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review