2010, ജൂൺ 23, ബുധനാഴ്‌ച

ഈ വിശ്വാസികള്‍ക്ക് ബുദ്ധിയില്ലേ?.

കഴിഞ്ഞ പോസ്റ്റില്‍ നാം ചര്‍ച ചെയ്തത്. ദൈവാസ്തിത്വത്തിന്റെ ബുദ്ധിപരമായ സാധ്യതകളെക്കുറിച്ചാണ്. അസ്തിത്വം/ഉണ്മ എന്നതിന് മൂന്ന് സാധ്യതകളാണ് നാം സൂചിപ്പിച്ചത്. ഇതില്‍ അനിവാര്യമായ ഒരു ഉണ്മയെ മനുഷ്യബുദ്ധി തേടുന്നുവെന്നും. അതായിരിക്കണം സംഭവ്യമായ ഉണ്മയുടെ കാരണമെന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അതിന് എന്ത് പേര് നല്‍കുന്നു എന്നത് പ്രസക്തമല്ല. തികഞ്ഞ നിരിശ്വരവാദികള്‍ പോലും ഒരു കാരണത്തെ തേടുകയും പറയുകയും ചെയ്യാറുണ്ട്. ദൈവം എന്ന് പറയാന്‍ അവര്‍ തയ്യാറാകില്ല എന്ന് മാത്രമേയുള്ളൂ. മറ്റുപേരുകള്‍ അവര്‍ക്കും പഥ്യമാണ്. ചിലര്‍ ദൈവത്തെത്തന്നെ അംഗീകരിച്ചുതരും പക്ഷെ അവരുടെ വിശേഷങ്ങളോടുകൂടിയുള്ളതായിരിക്കണം എന്നുമാത്രം. ഇതൊക്കെ മനുഷ്യബുദ്ധിക്ക് അസാധ്യമോ യുക്തിഹീനമോ അല്ല ദൈവാസ്തിത്വം എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ദൈവത്തെ കണ്ടെത്താന്‍ ബുദ്ധികൊണ്ട് സാധിക്കുമെങ്കില്‍ എന്തിനാണ് പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ എങ്ങനെയാണ് മനുഷ്യന്റെ ബുദ്ധിപ്രവര്‍ത്തിക്കുന്നത് എന്ന നാം ചിന്തിക്കുകയാണങ്കില്‍ ബുദ്ധിയുടെ പരിമിതി നമ്മുക്ക് ബോധ്യപ്പെടും. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തീരുമാനം കല്‍പിക്കുകയാണ് ബുദ്ധിചെയ്യുന്നത്. മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സാധിക്കുന്നത് ദൈവത്തിന്റെ അസ്തിത്വം വിഭാവനം ചെയ്യാന്‍മാത്രമാണ്. അതിനപ്പുറം ദൈവത്തിന്റെ പൂര്‍ണമായ വീക്ഷണം ലഭിക്കുന്നതിനും. അപ്രകാരം തന്നെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശകമാകാനും ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്. പ്രായത്തിന്റെയും കാലത്തിന്റെയും വളര്‍ചക്കൊത്ത് ബുദ്ധി അപക്വതയില്‍നിന്ന് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനില്‍ ചെറുപ്പം മുതല്‍ വാര്‍ധക്യം വരെയുള്ള ജീവിതത്തില്‍ അനുഭവപ്പെടുന്ന ഈ പരിണാമം വിചിത്രമാണ്. ഒരു ഘട്ടത്തില്‍ സ്വീകാര്യമായി തോന്നുന്ന നടപടികള്‍ മറ്റൊരു ഘട്ടത്തില്‍ വര്‍ജ്യമായിമാറുന്നു. ഈ വീക്ഷണ വൈരുധ്യം ഒരേ വ്യക്തിയുടെ ബുദ്ധിപരമായ പരിവര്‍ത്തനത്തിന്റെ താല്‍പര്യമാകുന്നു. തലമുറകളുടെ വികാസഘതിയിലും ദൃഷ്യമാണീ അവസ്ഥ. മനുഷ്യന്റെ മുന്‍അറിവുകളും മുന്‍ധാരണകളും ബുദ്ധിയുടെ തീരുമാനത്തെ നന്നായി ബാധിക്കുന്നു എന്നത് നമ്മുക്ക് അനുഭവമാണ്. ബുദ്ധിപൂര്‍ണമായും സ്വയം മാര്‍ഗദര്‍ശകമല്ലെന്നും മറ്റൊന്നിന്റെ മാര്‍ഗദര്‍ശനത്തിന്നത് വിധേയമാണന്നും ഇത് തെളിയിക്കുന്നു.

"മനുഷ്യഹൃദയം പ്രകൃത്യാതന്നെ ഏതെങ്കിലുമൊരുവസ്തുവില്‍ വിശ്വസിക്കുവാനും ഏതെങ്കിലും ഒരു വസ്തുവിനെ പ്രേമപാത്രമായി സ്വീകരിക്കാനും നിര്‍ബന്ധിക്കുന്നു. വിശ്വസിക്കാനും പ്രേമിക്കാനും യോഗ്യതയുള്ള ഒരു വസ്തുവിനെ അതിന് കിട്ടിയില്ലെങ്കില്‍ നിരുപയോഗവും ചീത്തയുമായൊരു മാര്‍ഗത്തിലേക്കത് വഴുതി പോകും" എന്ന് മനുഷ്യമനസ്സിനെക്കുറിച്ച് പഠിച്ച ചിന്താകന്‍മാര്‍ പറഞ്ഞുവെച്ചത് നമ്മുടെ അനുഭവങ്ങളെ ശരിവെക്കുന്നു. നമ്മുക്ക് വിശ്വസിക്കാനും പ്രേമിക്കാനും  യഥാര്‍ഥ യോഗ്യതയുള്ള വസ്തുവിനെയും വസ്തുതയെയും കണ്ടെത്തുക എന്നത് പരമപ്രധാനമാണ്. അതിന് ബുദ്ധിയെ മാത്രം അവലംബിച്ചാല്‍ മതിയാവില്ല. അവിടെയാണ് ദിവ്യമായ വെളിപാടുകള്‍ നമ്മെ സഹായിക്കുന്നത്. എന്നാല്‍ ഇവിടെയും മനുഷ്യബുദ്ധിയെ ശരിയായ തീരുമാനത്തിലെത്തിക്കണമെങ്കില്‍ ശരിയായ പഠനം നാം നടത്തേണ്ടിവരും. അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്.

യുക്തിവാദികള്‍ക്ക് പലപ്പോഴും പറ്റുന്ന അബദ്ധമുണ്ട്. മനുഷ്യബുദ്ധിയുടെ ഈ പരിമിതി അവര്‍ അവഗണിക്കുകയും ഗവേഷണത്തിനും പ്രകൃതിപഠനത്തിനും സഹായിക്കുന്ന ബുദ്ധിയെ യുക്തിയായി മനസ്സിലാക്കുകയും ചെയ്യുന്നു. പദാര്‍ഥനിഷ്ഠമായ സ്ഥൂല സംഭവങ്ങളെയും അവയുടെ പരസ്പരബന്ധങ്ങളെയും സംബന്ധിച്ച് മനസ്സിലാക്കി ബുദ്ധിക്ക് നേര്‍വഴികാണിക്കാനെ യുക്തി സഹായിക്കുകയുള്ളൂ. അതിലെന്താണ് കുറവ് എന്ന് ചോദിക്കാം. ശാസ്ത്രനിരീക്ഷണങ്ങളോട് പൊരുത്തപ്പെടാത്ത ശാസ്ത്രമാനദണ്ഡങ്ങള്‍ക്ക് വിലയിരുത്താനാകാത്ത നിരവധി മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യജീവിതം സംവിധാനിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ മുകളില്‍ നല്‍കിയ യുക്തിയെമാത്രം അവലംബിക്കുന്നതിലെ യുക്തിയില്ലായ്മ നമ്മുക്ക് ബോധ്യപ്പെടും. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. കത്തിക്കൊണ്ടിരിക്കുന്ന വീടിനകത്ത് പെട്ടുപോയ ഒരു സ്ത്രീയെ രക്ഷപ്പെടുത്തണം. രണ്ടുമൂന്ന് യുവാക്കള്‍ അതിന് സന്നദ്ധമാകുന്നു. തങ്ങളുടെ ജീവന്‍ തൃണവല്‍ഗണിച്ചേ അവര്‍ക്കത് ചെയ്യാവൂ എന്ന അവസ്ഥയില്‍ മനുഷ്യബുദ്ധിയും യുക്തിയും ആ പ്രവര്‍ത്തനത്തിലെ യുക്തിശൂന്യതയാണ് മനുഷ്യനോട് കല്‍പിക്കുക. പിന്നീട് അവരെ പ്രചോദിപ്പിക്കുന്ന വികാരം ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ കഴിയാത്ത ഒരു മൂല്യവുമായി ബന്ധപ്പെട്ടതാണ്. യുക്തിവാദികള്‍ക്കടക്കം ഇതില്‍നിന്നും മാറിചിന്തിക്കാനാവില്ല. എങ്കിലും മൂല്യങ്ങളുടെയും സദാചാരത്തിന്റെയും അസ്തിത്വത്തെ അവര്‍ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത് അവരുടെ തത്വശാസ്ത്രവുമായി ഈ മൂല്യങ്ങളെ എവിടെവെച്ച് യോജിപ്പിക്കണം എന്നറിയാത്തതുകൊണ്ടാണ്. ബുദ്ധിയെയും യുക്തിയെയും മാത്രം ജീവിതത്തിന്റെ മാര്‍ഗദര്‍ശകമായി കാണാനുള്ള പ്രവണത അവര്‍ കാണിക്കുന്നതും അതുകൊണ്ടാണ. ദ്രോഹബുദ്ധി തെറ്റാണെന്നും സ്‌നേഹം നല്ലതാണെന്നും സമൂഹം വിധിയെഴുതുന്നു. പക്ഷെ അവയുടെ തെറ്റും ശരിയും സമര്‍ഥിക്കാന്‍ പറ്റിയ ശാസ്ത്രീയ യുക്തിയില്ല എന്നതാണ് നേര്. റസ്സലിനെപ്പോലുള്ള ചിന്തകന്‍മാര്‍ ഈ വസ്തുത അംഗീകരിച്ചിട്ടുണ്ട്. ശാസ്ത്രത്തിന് മൂല്യബോധമില്ലെന്ന് വരുന്നത് അപകടകരമാണെന്നും അതിനാല്‍ ആധുനിക ശാസ്ത്രജ്ഞന്റെ ഒരു കടമ ശാസ്ത്രത്തെ മൂല്യങ്ങളോട് അടുപ്പിച്ചുനിര്‍ത്തുകയാണെന്നും പ്രൊഫ. ബ്രൊണോവ്‌സ്‌കിയെ പോലുള്ളവര്‍ വാദിക്കുന്നതും ഇക്കാരണത്താലാണ്.

ബുദ്ധിയെ സംബന്ധിച്ച് അടുത്തകാലം വരെ വെച്ചുപുലര്‍ത്തപ്പെട്ടിരുന്ന ധാരണകള്‍ അപൂര്‍ണമാണെന്ന് കണ്ടെത്തിയത് അബോധമനസ്സിന്റെ ഉള്ളറകളില്‍ പ്രവര്‍ത്തിക്കുന്ന ബോധശക്തിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതോടെയാണ്. മസ്തിഷ്‌കത്തിന്ന് മനസ്സിലാക്കാന്‍ കഴിയാത്ത പല യുക്തികളും ഹൃദയത്തിനുള്ളതായി പാസ്‌കല്‍ പറയുന്നു. യഥാര്‍ഥ ജ്ഞാനത്തില്‍ യുക്തിയെപ്പോലെ മാനസികമായ കഴിവുകള്‍ക്കുള്ള പങ്കും കൂടുതല്‍ വ്യക്തമായി വരികയാണ്. ഹൃദയം രക്തം പമ്പുചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനപ്പുറം മനസ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെകൂടി പ്രഭവ കേന്ദ്രമാണ് എന്ന് തെളിയിക്കുന്നതിനാവശ്യമായ കണ്ടെത്തലുകള്‍ നടത്തപ്പെട്ടത് ഇയ്യിടെയാണ്. ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയവരില്‍ കാണപ്പെട്ട പെരുമാറ്റവും മാനസിക വ്യാപാരങ്ങളും അതിന് പ്രയോജനപ്പെടുത്തകയുണ്ടായി. കണ്ണുകളെയല്ല അന്ധതബാധിക്കുന്നത് മറിച്ച് നെഞ്ചകത്തുള്ള ഹൃദയത്തെയാണ് എന്ന ഖുര്‍ആന്‍ സൂക്തത്തിന് ആലങ്കാരികാര്‍ഥത്തിലുപരിയായ വാചികാര്‍ഥം തന്നെയാണോ ഉള്ളത് എന്ന് അതൊടൊപ്പം ചിന്തിച്ചുപോകുന്നു.

നമ്മുടെ അറിവിലും വിശ്വാസത്തിലും മസ്തിഷ്‌കങ്ങള്‍ക്കുപരിയായ ചില കാര്യങ്ങള്‍കൂടി ആവശ്യമായി വരുന്നു. അത് യുക്തഹീനത്വമല്ല. മഹത്മാ ഗാന്ധിജിയുടെതായി ഉദ്ധരിക്കപ്പെടുന്ന ഈ വാക്കുകള്‍ വിശ്വാസത്തെ പരാമര്‍ശിക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാകേണ്ടതാണ്. "നിങ്ങളുടെ യുക്തിക്കും ബുദ്ധിക്കും എത്തുവാനോ എത്തിക്കുവാനോ സാധിക്കാത്ത വിഷയങ്ങളും സ്ഥാനങ്ങളുമുണ്ട്. അവിടെ നിങ്ങളുടെ ഏകാവലംബവും വഴികാട്ടിയും നിങ്ങളുടെ പ്രശാന്തവും സുദൃഢവുമായ വിശ്വാസം മാത്രമാകുന്നു. വിശ്വാസം യുക്തി-ബുദ്ധികളെ നിഷേധിക്കുകയല്ല, അവയ്കും അപ്പുറത്തേക്ക് കടക്കുകയാണ്. വിശ്വാസത്തെ പഞ്ചേന്ദ്രിയങ്ങള്‍ക്കും മീതെയുള്ള ഒരു ആറാമത്തെ ഇന്ദ്രിയമായി കരുതാം അതിന് ഇന്ദ്രിയാതീതമായതിനെ സ്പര്‍ശിക്കാനും ദര്‍ശിക്കാനും കഴിയും"

ചുരുക്കത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ലഭ്യമാകുന്ന നിഗമനങ്ങള്‍ക്കപ്പുറം മനുഷ്യജീവിതത്തില്‍ മറ്റൊന്നിനും സ്വാധീനമുണ്ടാകരുതെന്ന വാശി ഒറ്റപ്പെട്ട യുക്തിവാദികള്‍ക്ക് മാത്രമേ വെച്ച് പുലര്‍ത്താന്‍ കഴിയൂ. അത് മഹാബുദ്ധിയും ശാസ്ത്രീയതയുമായി സ്വയം വിലയിരുത്തുകയും അവരല്ലാത്ത മതവിശ്വാസികളെ മുഴുവന്‍ ബുദ്ധിയില്ലാത്തവരും യുക്തിയെ മരവിപ്പിച്ച് നിര്‍ത്തിയവരും അന്ധവിശ്വാസികളുമായി കണക്കാക്കി മനുഷ്യരിലെ മഹാഭൂരിപക്ഷത്തെ പരിഹസിക്കുന്ന ആധുനിക യുക്തിവാദനാട്യക്കാര്‍ ഒരു തരം മിഥ്യാധാരണയിലാണ്. എ.ഇ മാന്ററുടെ ഈ വരികള്‍ ശ്രദ്ധേയമാണ്: "ഇന്ദ്രിയങ്ങള്‍ മുഖേന നമുക്ക് മനസ്സിലാകുന്ന യഥാര്‍ഥ്യങ്ങള്‍ (Perceived Facts) ആണ്. പക്ഷെ, നമുക്ക് മനസ്സിലാക്കാന്‍ കവിയുന്ന യഥാര്‍ഥ്യങ്ങള്‍ പ്രത്യക്ഷമായ പ്രസ്തുത യാഥാര്‍ഥ്യങ്ങള്‍ മാത്രമല്ല, അവയ്ക് പുറമെ മറ്റനേകം യാഥാര്‍ഥ്യങ്ങളുണ്ട്. നേര്‍ക്ക് നേരെ അവയെക്കുറിച്ച് അറിവ് നമുക്ക് ലഭ്യമല്ലെങ്കിലും അവയെപ്പറ്റിമനസ്സിലാക്കുക സാധ്യമാണ്. യുക്തിയുക്തമായ നിഗമനമാണതിന്റെ മാര്‍ഗം. ഇങ്ങനെ അറിയുന്ന യാഥാര്‍ഥ്യങ്ങളെ അനുമാനാധിഷ്ഠിത യാഥാര്‍ഥ്യങ്ങള്‍ (Inferred Facts) എന്ന് വിളിക്കാം."

അതോടൊപ്പം ശാസ്ത്രവാദികള്‍ മറക്കാന്‍ പാടില്ലാത്ത വരികളാണ് ജെ. ഡബ്ലിയു. എന്‍ സുല്ലിവന്റെ ഈ വാക്കുകള്‍: "എല്ലാ ശാസ്ത്രീയാഭിപ്രായങ്ങളും തെറ്റാവാന്‍ സാധ്യത ഏറെയുണ്ട്. ഇന്നു നാം അംഗീകരിക്കുന്ന ചിന്താഗതികള്‍ യഥാര്‍ഥ്യമാവുന്നത് നിലവിലുള്ള നമ്മുടെ അനുഭവത്തിന്റെ പരിധി പരിഗണിച്ചു മാത്രമാണ്. സത്യം (Truth) ഇപ്പോഴും ശാസ്ത്രലോകത്ത് വൈജ്ഞാനികവും പ്രായോഗികവുമായ.ഒരു പ്രശ്‌നം (Pragmatic Affair) ആകുന്നു." ഇവ യഥാവിധി വിലയിരുത്തിയാല്‍ ഇന്ന് ബൂലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന സയന്റിഫിക് ഫിലോസഫി വളരെ ദുര്‍ബലമാണെന്ന് കാണാം.

ഈ ദൗര്‍ബല്യത്തിന്റെ ഒരു ഭാഗമാണ് യുക്തിവാദികള്‍ എന്നറിയപ്പെടുന്ന ബൂലോക പുലികളെയും പിടികൂടിയിരിക്കുന്നത്. അവരുടെ ദൗര്‍ബല്യത്തെ അവര്‍ ശക്തിയായി കാണുന്നു. അതേ ശക്തി വിശ്വാസികള്‍ക്ക് ലഭിക്കാത്തതില്‍ അവര്‍ കുണ്ഠിതപ്പെടുകയും ചെയ്യുന്നു. ചിലര്‍ വളരെ ആത്മാര്‍ഥമായി തന്നെ എനിക്കും മറ്റ് ഇതരവിശ്വാസികള്‍ക്കും കാര്യങ്ങള്‍ അറിയാമെന്നും എന്നാല്‍ മതത്തോടും മതഗ്രന്ഥത്തോടുമുള്ള പ്രതിപത്തിയാല്‍ (തീവ്രത എന്നാണ് പലപ്പോഴും അവര്‍ ഉപയോഗിക്കുന്നത്.) കാര്യങ്ങളെ മറച്ചുവെക്കുകയാണെന്നും വാദിക്കുന്നു. അവരോട് വിനയപൂര്‍വം പറയാനുള്ളത് കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് നിങ്ങളെ വിമര്‍ശിക്കുന്നത്. പക്ഷെ നിങ്ങളെക്കാള്‍ കൂടുതലായി ചിലകാര്യങ്ങള്‍ക്കൂടി ഞങ്ങള്‍ വിശ്വാസികള്‍ മനസ്സിലാക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

സയന്റിഫിക് ഫിലോസഫി എന്നറിയപ്പെടുന്ന കേവല യുക്തിവാദത്തിന്. മനുഷ്യനെ വഴികാട്ടാന്‍ കഴിയില്ല. ഒരു സമൂഹത്തിന് മാര്‍ഗദര്‍ശനമേകാനും. മതമുക്തമായ തോന്നിയപോലെ ജീവിക്കുന്ന അധര്‍മികളുടെ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ഈ യുക്തിവാദികള്‍ക്ക് കഴിഞ്ഞാലും അവര്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ ഏല്‍ക്കുകയില്ല. മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ഒരു സമൂഹത്തില്‍ അവരുടെ ശ്രമം പറ്റെ പരാജയപ്പെടുന്നത് ഒരു വസ്തുതയാണ്. മഹാബുദ്ധിമാന്‍മാരും ശാസ്ത്രത്തിന്റെ ആളുകളുമെന്ന് പറയുന്നവര്‍ മതവിശ്വാസികളുടെ മുമ്പില്‍ നിരന്തരം തോല്‍വി സമ്മതിക്കേണ്ടി വരുന്നത്. അവരുടെ കൈവശമുള്ളതില്‍ മനുഷ്യന് ശാന്തിയടയാന്‍ കഴിയാത്ത വിധം അപൂര്‍ണമാണ് എന്ന തിരിച്ചറിവ് ഭൂരിപക്ഷം മനുഷ്യരും പുലര്‍ത്തുന്നത് കൊണ്ടാണ്.

അതുകൊണ്ട് നാം നേരത്തെ സൂചിപ്പിച്ച ഗവേഷണ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്ന പദാര്‍ഥത്തിനപ്പുറം മനുഷ്യചിന്തയെ കൊണ്ടുപോകാന്‍ സന്നദ്ധമാകുന്നവര്‍ മാത്രമേ മനുഷ്യരെ പൊതുവായി ബാധിക്കുന്ന വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന വേദിയില്‍ പരിഗണനാര്‍ഹമാകുന്നുള്ളൂ. അത്തരം ചില സാധ്യതകളെക്കുറിച്ച് അടുത്ത പോസ്റ്റില്‍ ചര്‍ച ചെയ്യാം.

42 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ ലേഖനത്തിന് അവലംബിച്ചത് പ്രധാനമായും സി.ടി അബ്ദുര്‍റഹിമിന്റെ മതവും യുക്തിവാദവും എന്ന പുസ്തകമാണ്. മതവിശ്വാസികളെന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലാത്ത ഏഴാം നൂറ്റാണ്ടിലെ ധാര്‍മികതയെക്കുറിച്ച് ചിന്തികുന്ന. ശാസ്ത്രത്തിന് പിന്തിരിഞ്ഞ് നില്‍ക്കുന്ന ഒരു വിഭാഗമായി ചിത്രീകരിക്കപ്പെടുന്നു. ഒരു യഥാര്‍ഥ മതവിശ്വാസിക്ക് ശാസ്ത്രം ശത്രുവിന്റെ സ്ഥാനത്തല്ല. മറ്റുള്ളവരെപ്പോലെയോ അതില്‍ കൂടുതലായോ മിത്രമാണ്. ഈ കാര്യങ്ങളും ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നു. ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ ദൈവാസ്തിക്യത്തിന്റെ കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതായിട്ട് മാത്രമേ ഒരു ഇസ്‌ലാം വിശ്വാസിക്ക് തോന്നുന്നുള്ളൂ. മത പൗരോഹിത്യം എക്കാലത്തും ചില പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രവാചക ദര്‍ശനം ശാസ്ത്രീയ ചിന്ത പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

കാട്ടിപ്പരുത്തി പറഞ്ഞു...

tracking

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

മതത്തിന്റെ തടവറക്ക് പുറത്തിറങ്ങാന്‍ എന്നെങ്കിലും ഭാഗ്യം ലഭിച്ചാല്‍ വീശ്വാസികളുടെ ബുദ്ധിയുടെ വ്യാസം എത്ര ചെറുതായിരുന്നു എന്ന് മനസ്സിലാക്കാനാകും. അതിനു കഴിയാത്ത കാലത്തോളം മത അടിമത്വത്തിന്റെ തടവറപോലുള്ള ചെറിയ വൃത്തം പ്രപഞ്ചം തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുകയേ നിവൃത്തിയുള്ളു :)
ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!

CKLatheef പറഞ്ഞു...

പ്രിയ ചിത്രകാരാ,

വരവിനും കമന്റിനും ആദ്യമായി നന്ദിരേഖപ്പെടുത്തട്ടേ.

മതത്തിന്റെ തടവറക്ക് പുറത്തുള്ളവരുടെ ബുദ്ധിവികാസത്തെക്കുറിച്ചുതന്നെയാണല്ലോ ഇവിടെ ചര്‍ച. താങ്കള്‍ പോസ്റ്റ് വായിച്ചില്ല എന്ന് തോന്നുന്നു. മതഅടിമത്വത്തിന്റെ പുറത്ത് കടന്നവരോ തീരെ അതിലേക്ക് പ്രവേശിക്കാത്തവരോ തങ്ങള്‍ സ്വയം തീര്‍ത്ത തടവറയിലാണ് എന്നതും ഞങ്ങള്‍ കാണുന്നു. അവരേക്കാള്‍ ബുദ്ധിപ്രയോഗിക്കാന്‍ ആകാശ ഭൂമികളോളം വിശാലമായ ഒരു ദര്‍ശനത്തിനകത്ത് നിന്ന് ഞങ്ങള്‍ക്ക് സാധിക്കുന്നു. പൗരോഹിത്യമതത്തിന്റെ സങ്കുചിതത്വം മാത്രമേ താങ്കളെപ്പോലുള്ളവര്‍ കണ്ടിട്ടുള്ളൂ എന്നത് എന്നെ പോലുള്ളവരുടെ നിസ്സഹായാവസ്ഥയാണ്. :)

CKLatheef പറഞ്ഞു...

@കാട്ടിപ്പരുത്തി

നന്ദി.

ഷെബു പറഞ്ഞു...

യുക്തിവാദം എന്നത് ഒരു ആശയമല്ല. മതരാഹിത്യം എന്ന് മാത്രമേ അതിനെ വിളിക്കാവൂ. എല്ലാവിധ കടപ്പാടുകളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള മനുഷ്യന്റെ ത്വരയാണത്. സമൂഹത്തിന്റെ നീറുന്ന പ്രായോഗിക ജീവിത പ്രശ്നങ്ങള്‍‍ക്ക് ദൈവ വിശ്വാസത്തില്‍ മാത്രമേ പരിഹാരമുള്ളൂ. ശരിയായ ദൈവിക മതം മാത്രമാണ് പോം വഴി. ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ദര്‍ശനത്തെ പിന്തുടരുമ്പോള്‍ മാത്രമേ മനുഷ്യന് മുന്നോട്ടു നീങ്ങാനാകൂ. ഒരു ഉദാഹരണം, വിവാഹ പ്രായമായ ഒരു പുരുഷന്‍/സ്ത്രീ ഒരു ഇണയെ സ്വീകരിക്കണം എന്നത് പ്രകൃതിയുടെ താല്പര്യമാണ്. വിവാഹം എന്ന പുണ്യ കര്‍മ്മം അതിനു ഒരു വ്യവസ്ഥാപിതത്വം നല്‍കുന്നു. ആരെ ഇണയാക്കാം എന്നത് മനുഷ്യന് അറിയാത്ത കാര്യം. സ്വന്തം കൂടപ്പിറപ്പിനെ ഇണയാക്കാം എന്ന് ചിന്തിക്കുന്ന ഒരു മനുഷ്യനെ യുക്തിവാദി എതിര്‍ക്കാന്‍ പാടില്ല, ശാസ്ത്രീയമായി അതിനെ തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഒരു നിവൃത്തിയുമില്ല. പക്ഷെ ദൈവ വിശ്വാസിയായ ഒരു മനുഷ്യനെ മതം നേര്‍വഴിക്കു നയിക്കുന്നു, സ്വന്തം സഹോദരിയെ ഇണയാക്കുന്നത് നിഷിദ്ധമാണെന്ന് അവന്‍ മനസ്സിലാക്കിയിരിക്കുന്നു, ദൈവിക അധ്യാപനങ്ങളിലൂടെ ആ അറിവ് അവന്‍ നേടിയിരിക്കുന്നു. ആരെയൊക്കെ ഇണയാക്കാം എന്നതില്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പമില്ല, പക്ഷെ യുക്തിവാദി അഞ്ജനാണ്, അല്ലെങ്കില്‍ അവന്റെ അറിവ് വികലമാണ് അതിനാല്‍ അവന്റെ പ്രവൃത്തിയും. ഇവ്വിധം ജീവിതത്തിന്റെ സകല മേഖലകളിലും ആവശ്യമായ പ്രായോഗിക അറിവ് യുക്തിവാദിക്കില്ല. ദൈവം ഇല്ലെന്നു വാദിച്ചു ദൈനം ദിന കാര്യങ്ങളിലോക്ക്യും വിശ്വാസികളെ കോപ്പിയടിച്ചു നടക്കലാണ് അവന്റെ പണി.

ഷെബു പറഞ്ഞു...

അപ്പനും അമ്മയും വിദേശത്തായിരിക്കെ സ്വന്തം സഹോദരിയുമായി ലൈംഗിക ജീവിതം നയിക്കുകയും ഒടുവില്‍ രണ്ടു കുട്ടികളുമായി 'വിവാഹിതരായി' ജീവിക്കുന്ന ഒരു നിര്ഭാഗ്യവാനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. കുടുംബവും സമൂഹവും വിലക്ക് കല്പിച്ചു കടുത്ത കുറ്റബോധത്തിന്റെ ഭാരവുമായി അലയുകയാണ് ആ യുവാവിപ്പോള്‍. ഇവിടെ സ്വന്തം സഹോദരിയെ ഭാര്യയാക്കിയ നടപടി യുക്തിവാദത്തില്‍ തെറ്റല്ല, ദൈവ വിശ്വാസത്തില്‍ അങ്ങേയറ്റം പാപവും. മതരാഹിത്യം അരാജകത്വം സൃഷ്ടിക്കുമെന്നതില്‍ സംശയമേതുമില്ല. മദ്യം നിഷിധമാണെന്ന് ദൈവ വിശ്വാസി മനസിലാക്കുന്നു, അതുവഴിയുണ്ടാകുന്ന സര്‍വ വിപത്തുകളില്‍ നിന്നും അവന്റെ വിശ്വാസം സംരക്ഷണം നല്‍കുന്നു, അതറിയാത്ത അല്ലെങ്കില്‍ വിശ്വസിക്കാത്ത യുക്തിവാദി അത് മോന്തിക്കുടിച്ചു ഉടു തുണിയില്ലാതെ തല കുത്തി നില്‍ക്കുന്നതില്‍ നിന്ന് ആരാണ് അവനെ തടയുക! യഥാര്‍ത്തത്തില്‍ സകല തിന്മകളില്‍ നിന്നും അവനെ സംരക്ഷിക്കുന്ന ദൈവ വിശ്വാസമോ അതോ ഒരു കാര്യത്തിലും മനുഷ്യനെ നേര്‍ വഴിക്ക് നയിക്കാത്ത്ത യുക്തിവാദമോ മഹനീയം?

CKLatheef പറഞ്ഞു...

babu said.

>>> ഒരു മനുഷ്യൻ എപ്പോൾ എവിടെ ആരോടു് ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നു് അരുളിച്ചെയ്യാൻ ഭൂമിയിൽ എത്തുന്ന ആരോ ആണത്രെ സമസ്തപ്രപഞ്ചത്തിന്റെയും ആദ്യകാരണം! <<<

@Shebu,

യുക്തിവാദികള്‍ എന്തുകൊണ്ടാണ് ഇസ്‌ലാമിനെ മുഖ്യശത്രുവായി കണ്ട് ആക്രമിക്കുന്നതെന്ന് വ്യക്തമാക്കുന്ന വരികളാണ് മുകളില്‍ നല്‍കിയത്. നിര്‍ഗുണനായ, സൃഷ്ടിക്കുകയോ സംരക്ഷിക്കുയോ ചെയ്യാത്ത ഒരു ദൈവമുണ്ടാകുന്നതില്‍ യുക്തിവാദിക്ക് എതിര്‍പ്പൊന്നുമില്ല. ദൈവം കല്‍പിക്കുന്നും എന്നതുതന്നെയാണ് അവരെ വെറുപ്പിക്കുന്ന കാര്യം. പൊതുവ3യി പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. താങ്കള്‍ സൂചിപ്പിച്ച സംഭവത്തെക്കുറിച്ച് കേട്ടിട്ടില്ലെങ്കിലും സമാനമായ ഓരോ ജീവിത പ്രയാസങ്ങളില്‍ നട്ടം തിരിയുന്ന യുക്തിവാദികളെക്കുറിച്ച് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. യുക്തിവാദം അവരുടെ ജീവിതത്തിന് ഒരു നന്മയും കൊണ്ടുവന്നാതായി കാണാന്‍ കഴിയില്ല എന്നത് മാത്രമല്ല. അവരുടെ ജീവിതത്തെ പ്രയാസപൂര്‍ണമാക്കിയതാണ് കാണാന്‍ കഴിയുക. വല്ലവരും അപവാദമായിട്ടുണ്ടെങ്കില്‍ അവര്‍ കപട യുക്തിവാദമാണ് സ്വീകരിച്ചിട്ടുള്ളത് എന്നും കണ്ടെത്താം.

പ്രിയ ഷെബു ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി.

പേടിത്തൊണ്ടന്‍ പറഞ്ഞു...

മഴ പെയ്യുന്നതെങ്ങനാ? ദൈവം ആകാശത്തിലെ ഉറവ തുറന്നു വിടുന്നതാ..

കഴിഞ്ഞു ദൈവവിശ്‌വാസിയുടെ യുക്തിയും ബുദ്ധിയും..!!

അള്ളാഹു-കുറാന്‍-നബി എന്ന ഇട്ടാവട്ട ത്രികോണത്തിനു പുറത്തും ലോകമുണ്ടെന്നു മനസ്സിലാക്കാനുള്ള ബുദ്ധി സാറന്മാര്‍ക്കില്ലാത്ത കാരണം തല്‍ക്കാലം ഒന്നും പറയുന്നില്ല.

CKLatheef പറഞ്ഞു...

പേടിത്തൊണ്ടാ ...

ജനങ്ങള്‍ കാണുന്നുണ്ട്, ആരാണ് ഠ വട്ടത്തില്‍ കറങ്ങുന്നതെന്നും. വിവരക്കേടുകള്‍ വിളിച്ചുപറയുന്നതെന്നും.

അതല്ല താങ്കളുടെ ബുദ്ധിയുള്ള സാറന്‍മാര്‍ എന്താണ് മഴപെയ്യുന്നതിനെക്കുറിച്ച് വിശ്വാസികളുടെ വിശ്വാസമായി വിളമ്പിത്തന്നത്. അതൊന്ന് കേള്‍ക്കട്ടേ.

ചിന്തകന്‍ പറഞ്ഞു...

സ്വന്തം ‘യുക്തി‘ ദൈവത്തിന്റെ തടവറ തീര്‍ത്തവര്‍ക്ക് ഇതൊന്നും തലയില്‍ കേറുമെന്ന പ്രതീക്ഷയൊന്നും വേണ്ട. കിണറിന് പുറത്തു കടന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ആര്‍ക്കെങ്കിലും ഇതൊക്കെ പ്രയോജനപെടാതിരിക്കില്ല

നല്ല ശ്രമം തുടരുക.... ട്രാക്കിങ്ങ്

ea jabbar പറഞ്ഞു...

അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്.
-------
ഞാന്‍ ആദ്യം കേട്ട വെളിപാട് എന്റെ അയലത്തെ പുലയരുടെ കോളനിയിലെ ആറാട്ടുത്സവത്തിനു ചാത്തന്‍ വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞ അരുളപ്പാടുകളായിരുന്നു. അന്ന് കൊച്ചു കുട്ടിയായ എന്നിക്ക് അതൊക്കെ അല്‍ഭുതമുളവാക്കിയ അനുഭവമായിരുന്നു. വെളിപാടുകള്‍ ഒരു പ്രത്യേക രീതിയിലും ഭാഷയിലും ഈണത്തിലുമാണു പുറപ്പെട്ടിരുന്നതെങ്കിലും ആശയപരമായി ചാത്തന്റെ നിലവാരമേ ആ വെളിപാടുകള്‍ക്കുണ്ടായിരുന്നുള്ളു.
കുര്‍ ആനിലെ മുഹമ്മദിന്റെ വെളിപാടുകള്‍ക്കും ഇതേ നിലവാരമേ ഞാന്‍ കണ്ടുള്ളു. അതോടെ കാര്യം ബോധ്യമായി. !

ea jabbar പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ea jabbar പറഞ്ഞു...

'അല്‍ അഹ്സാബ്' എന്ന അധ്യായം പൂര്‍ണമായി അവതരിപ്പിച്ചുകൊണ്ട് വെളിപാടിന്റെ മനശ്ശാസ്ത്രം വിശകലനം ചെയ്യാന്‍ ശ്രമിച്ച എന്റെ പോസ്റ്റില്‍ സി കെ ലതീഫിന്റെ ഒരേയൊരു കമന്റാണു കണ്ടത് . അതിങ്ങനെയായിരുന്നു:

CK Latheef said...

സുനി താങ്കള്‍ക്ക് 100% സമ്മതമാകുന്നതും ആളുകള്‍ പ്രതികരിക്കുന്നതും ജബ്ബാര്‍ മാഷിന്റെ ഈ ഭാഷാ പ്രയോഗം കൊണ്ടല്ലേ. അത് കൊണ്ട് അത് വിട്ട കളിയില്ല.



കുര്‍ ആനിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി മാത്രം ബൂലോകത്തെത്തിയ മറ്റു മഹാന്മാരെയും അവിടെ കണ്ടില്ല.

ea jabbar പറഞ്ഞു...

...അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്.....!
അവയൊന്നും വെളിപാടല്ല എന്നു ബുദ്ധിക്കു ബോധ്യപ്പെട്ടാലോ? ലതീഫേ?

ea jabbar പറഞ്ഞു...

മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സാധിക്കുന്നത് ദൈവത്തിന്റെ അസ്തിത്വം വിഭാവനം ചെയ്യാന്‍മാത്രമാണ്. അതിനപ്പുറം ദൈവത്തിന്റെ പൂര്‍ണമായ വീക്ഷണം ലഭിക്കുന്നതിനും. അപ്രകാരം തന്നെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശകമാകാനും ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്.
----------
അപ്പൊ ഒരു സംശയം ലതീഫേ !
മുഹമ്മദ് നബിയുടെ മരണ ശേഷം , മനുഷ്യര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നൂതനവും സങ്കീര്ണവുമായ പ്രശ്നങ്ങളില്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കാന്‍ മനുഷ്യബുദ്ധിയല്ലാതെ മറ്റെന്തു പോംവഴിയാ ഉള്ളത്? ഇന്നത്തെ ആഗോളവല്‍കൃത ലോകത്തെ അതി സങ്കീര്‍ണമായ പ്രശ്നങ്ങളൊക്കെ [കുര്‍ ആനില്‍ ഇല്ലാത്ത കാര്യങ്ങള്‍] പരിഹരിക്കാന്‍ വേണ്ട “വെളിപാടുകള്‍” ഏതു മാര്‍കറ്റിലാ കിട്ടുക?

ea jabbar പറഞ്ഞു...

ലതീഫിന്റെ സാമാന്യ യുക്തിയോട് ഒരു ചോദ്യം കൂടി :
മനുഷ്യനെ പരിമിത ബുദ്ധിയോടെ സൃഷ്ടിച്ച ശേഷം , സ്വന്തം ജീവിതത്തിനു അത്യാവശ്യമായ കാര്യങ്ങളില്‍ പോലും മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ അഡീഷനല്‍ മെസേജ് അയക്കുക; അത് നേരിട്ട് മനുഷ്യ ബുദ്ധിയിലെത്തിക്കുന്നതിനു പകരം മനുഷ്യരില്‍ നിന്നു തന്നെ ചില തട്ടിപ്പുകാരെ തെരഞ്ഞെടുത്ത് അവരുടെ പ്രാദേശിക ഭാഷയും അവരുടെ നാവും വാടകക്കെടുത്ത് അത് ഉരുവിടുക; അതു തന്നെ അവര്‍ക്കു നേരിട്ടു നല്‍കാതെ അന്തിപ്പാതിരാ നേരത്ത് ആരും കാണാതെ പാറമടയീല്‍ ധ്യാനിച്ചിരിക്കുമ്പോള്‍ ആര്‍ക്കും കാണാന്‍ പറ്റാത്ത ഒരു അദൃശ്യ ജന്തുവിനെ പറഞ്ഞയച്ച് , ഒരു സാക്ഷി പോലുമില്ലാതെ ദുരൂഹവും അതീവ രഹസ്യവുമായി എത്തിച്ചു കൊടുത്ത് മൂപ്പര്‍ ആകാശത്ത് ഒളിഞ്ഞിരിക്കുക ! ഇങ്ങനെയൊക്കെ ഒരു നാടകം കളിക്കാന്‍ ഈ ദൈവത്തെ പ്രേരിപ്പിക്കുന്ന കുടില വികാരം എന്താണ്?
വെളിപാടിന്റെ സാധുതയും വിശ്വാസ്യതയും നമ്മുടെ
പരിമിത ബുദ്ധിക്കു ബോധ്യപ്പെടണം എന്നു ലതീഫ് തന്നെ വാശി പിടിക്കുന്നതു കൊണ്ടു ചോദിക്കുവാ !

അല്‍പ്പമെങ്കിലും ചിന്താശേഷിയുള്ള മനുഷ്യര്‍ ആരും ഈ ദൈവത്തില്‍ വിശ്വസിച്ചു പോകരുത് എന്ന ശാഠ്യം ഈ ദൈവത്തിനു തന്നെയുണ്ടോ?
ദൈവം ജീവിച്ചിരിപ്പില്ലാത്തതുകൊണ്ടാണു ലതീഫിനെപ്പോലുള്ള വക്കീലന്മാരോടു തന്നെ ചോദിക്കുന്നത്.

ea jabbar പറഞ്ഞു...

പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായ ജ്ഞാനം ലഭിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ തട്ടിപ്പുകാരോ മനോവിഭ്രാന്തി ബാധിച്ചവരോ ആണെന്നാണ് ഇതു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. അത്തരം ആയിരക്കണക്കിനു കേസുകള്‍ പരിശോധിച്ച മനശ്ശാസ്ത്ര പണ്ഡിതന്മാര്‍ കാര്യകാരണ സഹിതം തെളിയിച്ച വസ്തുതയാണത്. മുഹമ്മദിനു മാരണം ബാധിച്ചു പിച്ചും പേയും പറഞ്ഞതുള്‍പ്പെടെയുള്ള നിരവധി തെളിവുകള്‍ ആധികാരിക ഹദീസിലും ചരിത്രത്തിലും കാണുന്നുമുണ്ട്.

ea jabbar പറഞ്ഞു...

നൂറുകണക്കിനു കള്ള പ്രവാചകരും വെളിച്ചപ്പാടുകളും മനുഷ്യര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു കാലത്ത് തന്റെ ഇംഗിതങ്ങള്‍ സൃഷ്ടികളെ അറിയിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ഒരു ദൈവം മനുഷ്യവെളിച്ചപ്പാടുകളെ തന്നെ അവലംബിച്ചു എന്നു പറയുന്നത് എത്ര മാത്രം യുക്തിഹീനമാണെന്നു പറയേണ്ടതുണ്ടോ?

സന്തോഷ്‌ പറഞ്ഞു...

അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്. -

ലത്തീഫ്‌ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല...

CKLatheef പറഞ്ഞു...

@ea jabbar..

>>> ഞാന്‍ ആദ്യം കേട്ട വെളിപാട് എന്റെ അയലത്തെ പുലയരുടെ കോളനിയിലെ ആറാട്ടുത്സവത്തിനു ചാത്തന്‍ വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞ അരുളപ്പാടുകളായിരുന്നു. അന്ന് കൊച്ചു കുട്ടിയായ എന്നിക്ക് അതൊക്കെ അല്‍ഭുതമുളവാക്കിയ അനുഭവമായിരുന്നു. വെളിപാടുകള്‍ ഒരു പ്രത്യേക രീതിയിലും ഭാഷയിലും ഈണത്തിലുമാണു പുറപ്പെട്ടിരുന്നതെങ്കിലും ആശയപരമായി ചാത്തന്റെ നിലവാരമേ ആ വെളിപാടുകള്‍ക്കുണ്ടായിരുന്നുള്ളു.
കുര്‍ ആനിലെ മുഹമ്മദിന്റെ വെളിപാടുകള്‍ക്കും ഇതേ നിലവാരമേ ഞാന്‍ കണ്ടുള്ളു. അതോടെ കാര്യം ബോധ്യമായി. !<<<

താങ്കളുടെ ഈ വരികളെക്കുറിച്ച് തന്നെ ആലോചിച്ചുനോക്കൂ. പ്രവാചകന്‍ മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട ദിവ്യവെളിപാടുകള്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ കണ്ട ചാത്തന്റെ വെളിച്ചപാടിന്റെ നിലവാരമേ ഉള്ളൂ എന്ന് ബോധ്യപ്പെട്ട് ഒഴിവാക്കിയതാണ് എന്നാണല്ലോ നിങ്ങള്‍ പറയുന്നത്. ഞാനിവിടെ ആവശ്യപ്പെടുന്നത് അത്തരമൊരു പരിശോധനക്ക് തന്നെയാണ്. ഒരു വെളിച്ചപ്പാടിന്റെ വാക്കുകളും അവയുടെ ആശയവും ചുറ്റുഭാഗത്തും കൂടിനില്‍ക്കുന്നവരില്‍ പോലും ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല. പക്ഷെ മുഹമ്മദ് നബിയിലൂടെ വെളിപ്പെട്ട ദിവ്യവെളിപാടുകളുടെ സ്വാധീനം അതായിരുന്നുവോ. 1400 വര്‍ഷം മുമ്പ് നല്‍കപ്പെട്ട വെളിപാടിലൂടെ മനുഷ്യന് ആവശ്യമായ സകല ജീവിത തുറകളിലേക്കും വേണ്ട പൂര്‍ണ നിര്‍ദ്ദേശങ്ങല്‍ നല്‍കപ്പെട്ടു. ലോകത്തിന്നും അത് ജനകോടികളെ ആകര്‍ഷിച്ചു. മധ്യനൂറ്റാണ് വരെ അതിന്റെ അടുത്തുപോലും നില്‍ക്കാന്‍ കഴിയുന്ന ഒരു നാഗരികതയും രൂപം കൊണ്ടിരുന്നില്ല. പിന്നീട് അതിന്റെ വക്താക്കളുടെ കഴിവില്ലായ്മയാല്‍ ചില രംഗങ്ങളില്‍ അവര്‍പിന്നോട്ടുപോയി. ഇന്നും അതിനെതിരെ വാദിച്ചുനില്‍ക്കാവുന്ന ഒരു പ്രത്യയശാസ്ത്രവുമില്ല. ആശയതലത്തില്‍ അതിനെ ആര്‍ക്കും തോല്‍പിക്കാനാവുകയുമില്ല. ആ ദിവ്യവെളിപാടിന്റെ ഒരു സൂക്തം ഇന്ത്യന്‍ പാര്‍ലമെന്റിലും ഉണ്ട്. താങ്കളല്ലാത്ത മറ്റാര്‍ക്കും അത് ചാത്തന്റെ വെളിച്ചപാടിനെ പോലെ എന്ന് തോന്നിയിട്ടില്ല. അപ്പോള്‍ ബുദ്ധിയും യുക്തിയും തന്നെയാണ് പ്രശ്‌നം. താങ്കള്‍ക്ക് അതുണ്ട് എന്നംഗീകരിച്ചാല്‍ മറ്റുള്ളവരുടെ ബുദ്ധിയെ പരിഹസിക്കലാകും. അതുകൊണ്ട് അവ രണ്ടും നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തവിധം താങ്കള്‍ അന്ധനായി എന്ന് മനസ്സിലാക്കാനാണ്, എന്റെ ബുദ്ധി എന്നോട് ആവശ്യപ്പെടുന്നത്.

CKLatheef പറഞ്ഞു...

>>> കുര്‍ ആനിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി മാത്രം ബൂലോകത്തെത്തിയ മറ്റു മഹാന്മാരെയും അവിടെ കണ്ടില്ല. <<<

താങ്കള്‍ ഉറക്കം നടിക്കുകയാണ് എന്നാണ് താങ്കളുടെ ചില അഭിപ്രായങ്ങളിലൂടെ ഞങ്ങളില്‍ പലരെയും ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ പല പോസ്റ്റുകളോടും പ്രതികരിക്കാന്‍ മടികാണിക്കുന്നതും

CKLatheef പറഞ്ഞു...

>>> അവയൊന്നും വെളിപാടല്ല എന്നു ബുദ്ധിക്കു ബോധ്യപ്പെട്ടാലോ? ലതീഫേ? <<<

വെളിപാടല്ല എന്ന ബോധ്യപ്പെട്ടാല്‍ താങ്കള്‍ക്ക് അവിശ്വസിക്കാം. പക്ഷെ താങ്കളുടെ കമന്റിലൂടെ ബോധ്യപ്പെട്ടില്ല എന്നതിനേക്കാള്‍ ഞങ്ങള്‍ മനസ്സിലാകുന്നത്, ബോധ്യപ്പെട്ടിട്ടും അംഗീകരിക്കുന്നില്ല എന്നോ, ബോധ്യപ്പെടാനാവശ്യമായ വിധം ബുദ്ധിശക്തിയെ ഉപയോഗിക്കുന്നില്ല എന്നോ ആണ്.

CKLatheef പറഞ്ഞു...

>>> പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായ ജ്ഞാനം ലഭിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ തട്ടിപ്പുകാരോ മനോവിഭ്രാന്തി ബാധിച്ചവരോ ആണെന്നാണ് ഇതു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. <<<

താങ്കളുടെ വെറും വാക്കുകള്‍ക്കപ്പുറം. പരിശോധനയര്‍ഹിക്കുന്ന കാര്യമാണത്. മനോവിഭ്രാന്തി ബാധിച്ച ഒരാള്‍ക്ക് ലോകത്തിന് നല്‍കാവുന്ന കാര്യങ്ങളാണോ മുഹമ്മദ് നബി ലോകത്തിന് സമര്‍പിച്ചത്. മനോവിഭ്രാന്തി ബാധിച്ചവര്‍ അപരിഷ്‌കൃതരായ ഒരു ജനതയെ ലോകോത്തര സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുകയും അവരെ സകലപ്രതിസന്ധികളില്‍നിന്നും രക്ഷപ്പെടുത്തുമാറുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍ക്കുയും ചെയ്യുകയോ. അന്നത്തെ സാമ്രാജ്യശക്തികള്‍ മുട്ടുമടക്കിയ അതിശക്തമായ നീതിയലധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം കെട്ടിപ്പടുത്ത മനോവിഭ്രാന്തി ബാധിച്ചവരോ. ഉമറിന്റെ ഭരണമാണ് എനിക്കേറെ ഇഷ്ടപ്പെട്ടത് എന്ന ഗാന്ധിജി പറയുമാറ് ഒരു കാട്ടറബിയെ മാറ്റിയ ലോകത്തെ സ്വധീനം ചെലുത്തിയ 100 പേരില് ഒന്നാമനായി മുസ്ലിമല്ലാത്ത ഒരാള്‍ തെരഞ്ഞെടുത്തെങ്കില്‍ താങ്കളിവിടെ സൂചിപ്പിച്ച വാദത്തിന്റെ നിരര്‍ഥകത അല്‍പം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും എന്ന ഞാന്‍ കരുതുന്നു.

എന്ത് ശാസ്ത്രം?. എന്ത് അന്വേഷണം?. നമ്മുക്ക് വഴിയെ പരിശോധിക്കാം.

CKLatheef പറഞ്ഞു...

>>> നൂറുകണക്കിനു കള്ള പ്രവാചകരും വെളിച്ചപ്പാടുകളും മനുഷ്യര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു കാലത്ത് തന്റെ ഇംഗിതങ്ങള്‍ സൃഷ്ടികളെ അറിയിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ഒരു ദൈവം മനുഷ്യവെളിച്ചപ്പാടുകളെ തന്നെ അവലംബിച്ചു എന്നു പറയുന്നത് എത്ര മാത്രം യുക്തിഹീനമാണെന്നു പറയേണ്ടതുണ്ടോ? <<<

'അല്ലാഹുവിനറിയാം അവന്റെ സന്ദേശം ആരിലൂടെ നല്‍കപ്പെടണമന്ന്.' (ഖുര്‍ആന് ‍)

CKLatheef പറഞ്ഞു...

>>> അപ്പൊ ഒരു സംശയം ലതീഫേ !
മുഹമ്മദ് നബിയുടെ മരണ ശേഷം , മനുഷ്യര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നൂതനവും സങ്കീര്ണവുമായ പ്രശ്നങ്ങളില്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കാന്‍ മനുഷ്യബുദ്ധിയല്ലാതെ മറ്റെന്തു പോംവഴിയാ ഉള്ളത്? ഇന്നത്തെ ആഗോളവല്‍കൃത ലോകത്തെ അതി സങ്കീര്‍ണമായ പ്രശ്നങ്ങളൊക്കെ [കുര്‍ ആനില്‍ ഇല്ലാത്ത കാര്യങ്ങള്‍] പരിഹരിക്കാന്‍ വേണ്ട “വെളിപാടുകള്‍” ഏതു മാര്‍കറ്റിലാ കിട്ടുക? <<<

ഈ പോസ്റ്റില്‍ താങ്കള്‍ ചോദിച്ച ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണ്. അതിലെ പരിഹാസം ഉത്തരത്തെക്കുറിച്ച തെറ്റായ മുന്‍ധാരണയെ സൂചിപ്പിക്കുന്നു. മുഹമ്മദ് നബിക്ക് ശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവാചകന്‍തന്നെ പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ നിര്‍ദ്ദേശമനുസരിച്ച് ഒരു കാര്യത്തിന്റെ മുന്നിലും ഇസ്‌ലാമിക ലോകം പകച്ചുനിന്നിട്ടില്ല. ആ സംവിധാനത്തിന് നല്‍കപ്പെടുന്ന സാങ്കേതിക പദമാണ് 'ഇജ്തിഹാദ്'. ഇപ്പോള്‍ ഇത്ര മതി. ചുരുക്കത്തില്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങേണ്ട വെളിപാടുകളായിട്ടല്ല അത് ലഭിക്കുക എന്ന വിനയപൂര്‍വം ഉണര്‍ത്തട്ടേ.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്
CKLatheef പറഞ്ഞു..
...................
"ദൈവത്തെ കണ്ടെത്താന്‍ ബുദ്ധികൊണ്ട് സാധിക്കുമെങ്കില്‍ എന്തിനാണ് പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും എന്ന ചോദ്യം പ്രസക്തമാണ്."

ബുദ്ധിപൂര്‍ണമായും സ്വയം മാര്‍ഗദര്‍ശകമല്ലെന്നും മറ്റൊന്നിന്റെ മാര്‍ഗദര്‍ശനത്തിന്നത് വിധേയമാണന്നും ഇത് തെളിയിക്കുന്നു.

അതിന് ബുദ്ധിയെ മാത്രം അവലംബിച്ചാല്‍ മതിയാവില്ല. അവിടെയാണ് ദിവ്യമായ വെളിപാടുകള്‍ നമ്മെ സഹായിക്കുന്നത്.

യുക്തിവാദികള്‍ക്ക് പലപ്പോഴും പറ്റുന്ന അബദ്ധമുണ്ട്. മനുഷ്യബുദ്ധിയുടെ ഈ പരിമിതി അവര്‍ അവഗണിക്കുകയും ഗവേഷണത്തിനും പ്രകൃതിപഠനത്തിനും സഹായിക്കുന്ന ബുദ്ധിയെ യുക്തിയായി മനസ്സിലാക്കുകയും ചെയ്യുന്നു.

"നിങ്ങളുടെ യുക്തിക്കും ബുദ്ധിക്കും എത്തുവാനോ എത്തിക്കുവാനോ സാധിക്കാത്ത വിഷയങ്ങളും സ്ഥാനങ്ങളുമുണ്ട്. അവിടെ നിങ്ങളുടെ ഏകാവലംബവും വഴികാട്ടിയും നിങ്ങളുടെ പ്രശാന്തവും സുദൃഢവുമായ വിശ്വാസം മാത്രമാകുന്നു. വിശ്വാസം യുക്തി-ബുദ്ധികളെ നിഷേധിക്കുകയല്ല, അവയ്കും അപ്പുറത്തേക്ക് കടക്കുകയാണ്.

എന്നാല്‍ ഇവിടെയും മനുഷ്യബുദ്ധിയെ ശരിയായ തീരുമാനത്തിലെത്തിക്കണമെങ്കില്‍ ശരിയായ പഠനം നാം നടത്തേണ്ടിവരും. അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്"
..................
താങ്കള്‍ പറയുന്നത് മനുഷ്യബുദ്ധി ദുര്‍ബലവും, ദൈവാസ്തിത്വം പോലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അപര്യാപ്തവുമാണെന്നാണ്. ഇത്തരം കാര്യങ്ങളില്‍ ശരിയായ ധാരണയിലെത്താന്‍ നമുക്ക് വിശ്വാസം, ദിവ്യ വെളിപാടുകള്‍ മുതലായവയെ ആശ്രയിക്കണം എന്നും പറയുന്നു. പിന്നീട് പറയുന്നു വെളിപാടുകള്‍ പരിശോധിച്ച് ബുദ്ധിക്ക് ബോദ്ധ്യപ്പെടുന്നുവെങ്കില്‍ മാത്രം അംഗീകരിക്കുക. പരിമിതമായ ബുദ്ധി വച്ച് വെളിപാടുകളെ എങ്ങനെ പഠിച്ച് പരിശോധിക്കുമെന്ന് വിശദമാക്കുമോ?

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ലത്തീഫ്‌, കാര്യങ്ങള്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. Congrats. യുക്തിവാദി വേഷക്കാരുടെ പരിഹാസങ്ങള്‍ക്ക്‌ ഒരുവിധ പ്രകോപനവും ഇല്ലാതെ തന്നെ യുക്തിപൂര്‍വം മറുപടിയും നല്‍കിയിട്ടുണ്ട്‌. ഇനിയിപ്പോള്‍ പ്രതീക്ഷിക്കേണ്ടത്‌ 'അനോണി' യുക്തിവാദി വേഷങ്ങളുടെ ഒരു 'തെറി' കമണ്റ്റ്‌ പരബ്ബരയാണു. ഉടനെ ഉണ്ടാകും എന്ന്‌ പ്രതീക്ഷിക്കാം. കാരണം മാന്യമായി മറുപടി പറയുന്നവരെ അവര്‍ക്കിഷ്ടമില്ല. ആരെങ്കിലും അവരുടെ പരിഹാസങ്ങള്‍ക്ക്‌ ഉത്തരം നല്‍കിയാല്‍ അവനെ അവര്‍ തീവ്രവാദിയാക്കും. നോക്കാം, യുക്തിയും ശാസ്ത്രവും കുത്തകയാക്കിയവര്‍ക്ക്‌ എന്തുണ്ട്‌ പറയാനെന്ന്‌.

ea jabbar പറഞ്ഞു...

ഒരു വെളിച്ചപ്പാടിന്റെ വാക്കുകളും അവയുടെ ആശയവും ചുറ്റുഭാഗത്തും കൂടിനില്‍ക്കുന്നവരില്‍ പോലും ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല. പക്ഷെ മുഹമ്മദ് നബിയിലൂടെ വെളിപ്പെട്ട ദിവ്യവെളിപാടുകളുടെ സ്വാധീനം അതായിരുന്നുവോ. 1400 വര്‍ഷം മുമ്പ് നല്‍കപ്പെട്ട വെളിപാടിലൂടെ മനുഷ്യന് ആവശ്യമായ സകല ജീവിത തുറകളിലേക്കും വേണ്ട പൂര്‍ണ നിര്‍ദ്ദേശങ്ങല്‍ നല്‍കപ്പെട്ടു. ലോകത്തിന്നും അത് ജനകോടികളെ ആകര്‍ഷിച്ചു.
--------------

നാലാം ക്ലാസില്‍ നാലു വട്ടം തോറ്റ് പഠിത്തം നിര്‍ത്തിയ നിലംബൂരിലെ വേലായുധന്‍ എന്ന വെളിച്ചപ്പാട് ഇന്ന് കേരളത്തിലെ പതിനായിരക്കണക്കിനു ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്ന ആള്‍ദൈവമാണ്. വെറുമൊരു മനോരോഗിയും മന്ദബുദ്ധിയുമായ വള്ളിക്കാവിലെ സുധാമണി ഇന്ന് ലക്ഷക്കണക്കിനു ആരാധകരുള്ള മഹാദൈവമാണ്. ഈ ശാസ്ത്രയുഗത്തില്‍ ഇതാണു സ്ഥിതിയെങ്കില്‍ ഒരു മനശ്ശാസ്ത്രവിജ്ഞാനവുമില്ലാതിരുന്ന ആറാം നൂറ്റാണ്ടിലെ മരുനിവാസികളായ നാടോടി അറബികള്‍ക്കു മുഹമ്മദ് “പ്രവാചക“നായതില്‍ അല്‍ഭുതമൊന്നും അവകാശപ്പെടാനില്ല.

ea jabbar പറഞ്ഞു...

ചാത്തന്റെ നിലവാരമുള്ള ആ വെളിപാട് എന്തേ ഡിലീറ്റ് ചെയ്തു ലതീഫേ?

CKLatheef പറഞ്ഞു...

@ജബ്ബാര്‍ മാഷ്,

ഇവിടെ നല്‍കപ്പെട്ട വിഷയം, ദൈവാസ്തിക്യം ബോധ്യമാവാന്‍ ബുദ്ധിയ ഉപയോഗിക്കാമെന്നും. എന്നാല്‍ ദൈവത്തിന്റെ കഴിവുകളും വിശേഷണങ്ങളും അറിയുന്നതിന് ബുദ്ധിയെ മാത്രം അവലംബിക്കുന്നതിലര്‍ഥമില്ലെന്നും. അവിടെ നമ്മുടെ സഹായത്തിനെത്തുക ദിവ്യവെളിപാട് ആണെന്നുമാണ്. അതോടൊപ്പം മനുഷ്യബുദ്ധിയുടെ പരിമിതിയും ഞാന്‍ ചൂണ്ടികാണിക്കുകയുണ്ടായി.

ഇത് ഞാന്‍ സൂചിപ്പിച്ച പോലെ തുടര്‍ ലേഖനമാണ്. താങ്കള്‍ ഇവിടെ കമന്റ് നല്‍കിയ വിഷയത്തില്‍ ചര്‍ച വരാനിരിക്കുന്നേയുള്ളൂ. എന്നാലും കുറേ നാളുകള്‍ക്ക് ശേഷം നിങ്ങള്‍ നല്‍കിയ കമന്റുകളെ വിഷയവുമായി അതിനുള്ള നേരിയ ബന്ധം പരിഗണിച്ചു മറുപടി പറഞ്ഞു. പക്ഷേ താങ്കള്‍ ആക്രാന്തം കാണിക്കുന്നതെന്തിനാണ്. വിഷയാധിഷ്ഠിതമായി നമ്മുക്ക് ഓരോന്നും ചര്‍ച ചെയ്യാമല്ലോ. എല്ലാം കൂട്ടികുഴച്ച് അവിയല്‍ പരുവത്തിലാക്കി നൂറുകണക്കിന് പോസ്റ്റ് താങ്കളുടെ ബ്ലോഗിലുണ്ടല്ലോ. ഓരോ വിഷയം ചര്‍ചചെയ്യാന്‍ നിരന്തരം താങ്കളോടാവശ്യപെട്ടിട്ടും അത് ചെവികൊള്ളാത്തതുകൊണ്ടാണ് ഞാന്‍ ബ്ലോഗു തുടങ്ങിയത് എന്ന നിങ്ങള്‍ക്കറിയാമല്ലോ. അതുകൊണ്ടാണ് ചില കമന്റുകള്‍ ഞാന്‍ വെളിച്ചം കാണിക്കാത്തതും, ഡിലീറ്റ് ചെയ്തതും. അതുകൊണ്ട് അക്കാര്യത്തില്‍ പരിഭവിക്കേണ്ട. വെറും ആരോപണങ്ങള്‍ മാത്രമുള്ള കമന്റുകളും തല്‍കാലം ഇവിടെ കമന്റാന്‍ നില്‍ക്കരുത്. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വ്യക്തമായ തെളിവുകള്‍ സമര്‍പിക്കാതിരിക്കുമ്പോള്‍ അതിന് വിലകല്‍പിക്കാന്‍ പ്രയാസമുണ്ട്. മാത്രമല്ല ആ ആരോപണങ്ങള്‍ കളവാണ് എന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍.

താങ്കളുടെ നല്‍കിയ കമന്റുകള്‍ക്ക് എന്റെ പ്രതികരണം കാത്തിരിക്കുക. അമിതാവേശം യുക്തിയുടെ ലക്ഷണമല്ല. താങ്കളുടെ പലകമന്റുകളും വൈകാരികമാണ്. അന്ധവിശ്വാസികളായ മതവാദികളെക്കാള്‍. പലതും പ്രകോപനപരവും അതിലെ പ്രകോപനവും പരിഹാസവും തിരിച്ചറിയണമെങ്കില്‍ തങ്ങളുടെ മരിച്ചതോ മരിക്കാത്തതോ ആയ യുക്തിവാദിനേതാക്കളുടെ നേര്‍ക്ക് പ്രയോഗിച്ച് നോക്കണം അപ്പോഴറിയാം യുക്തിവാദികളുടെ സഹിഷ്ണതുയുടെ ആഴം. ഏതായാലും ഇതൊക്കെത്തന്നെയാണല്ലോ യുക്തിവാദികളുടെ കുഴപ്പം. അതിനാല്‍ ബന്ധപ്പെട്ടവര്‍ ഈ യുക്തിവാദിയുടെ വാക്കുകളില്‍ ക്ഷമിക്കുമെന്ന് കരുതുന്നു.

CKLatheef പറഞ്ഞു...

@Santhosh

>>> അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്. -

ലത്തീഫ്‌ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല...<<<

ദിവ്യവെളിപാടെന്ന് അവകാശപ്പെടുന്നതെല്ലാം അതായികൊള്ളണം എന്നില്ല. അതില്‍ ബുദ്ധിയും ചിന്തയും യുക്തിയും പ്രയോഗിച്ച് മനസ്സിന് ബോധ്യപ്പെട്ടെങ്കില്‍ മാത്രം സ്വീകരിക്കുക എന്നു തന്നെയാണ് ഞാനുദ്ദേശിച്ചത്. അല്ലെങ്കില്‍ സകല ആള്‍ദൈവങ്ങളുടെയും പുണ്യാളന്‍മാരുടെയും പ്രവാചകവാദികളുടെയും
പിന്നാലെ അലഞ്ഞ് നടക്കേണ്ടിവരും.

CKLatheef പറഞ്ഞു...

@V.B.Rajan

>>> താങ്കള്‍ പറയുന്നത് മനുഷ്യബുദ്ധി ദുര്‍ബലവും, ദൈവാസ്തിത്വം പോലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അപര്യാപ്തവുമാണെന്നാണ്. ഇത്തരം കാര്യങ്ങളില്‍ ശരിയായ ധാരണയിലെത്താന്‍ നമുക്ക് വിശ്വാസം, ദിവ്യ വെളിപാടുകള്‍ മുതലായവയെ ആശ്രയിക്കണം എന്നും പറയുന്നു. പിന്നീട് പറയുന്നു വെളിപാടുകള്‍ പരിശോധിച്ച് ബുദ്ധിക്ക് ബോദ്ധ്യപ്പെടുന്നുവെങ്കില്‍ മാത്രം അംഗീകരിക്കുക. പരിമിതമായ ബുദ്ധി വച്ച് വെളിപാടുകളെ എങ്ങനെ പഠിച്ച് പരിശോധിക്കുമെന്ന് വിശദമാക്കുമോ? <<<

ഞാന്‍ പറഞ്ഞത് മനസ്സിലാക്കിയതില്‍ പറ്റിയ ചെറിയ ഒരു പിഴവാണ് താങ്കളുടെ ചോദ്യത്തിന് പിന്നില്‍. ദൈവാസ്തിത്വം ബോധ്യപ്പെടാന്‍ മനുഷ്യബുദ്ധികൊണ്ട് തന്നെ സാധിക്കും എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ അതിലൂടെ ദൈവത്തിന്റെ ഗുണഗണങ്ങള്‍ പുര്‍ണമായി മനസ്സിലാക്കാനാവില്ല. അത് മനുഷ്യര്‍ക്ക് ലഭിക്കുന്നത് ദിവ്യവെളിപാടിലൂടെയാണ്. എന്നാല്‍ അവ കണ്ടെത്താനും ഉള്‍കൊള്ളാനും മനുഷ്യബുദ്ധിയും യുക്തിയും ധാരാളമാണ്. എന്നാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം. അതോടൊപ്പം ശാസ്ത്രം എന്ന പദാര്‍ഥത്തെക്കുറിച്ചുള്ള പഠനം ഇതിനെയൊന്നും നിരാകരിക്കുന്നുമില്ല. കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ഇനിയും വിശദീകരിക്കാം.

CKLatheef പറഞ്ഞു...

@കുരുത്തം കെട്ടവന്‍ ,

ഇപ്രാവശ്യം ജബ്ബാര്‍ മാഷ് തന്നെ താങ്കള്‍ പറഞ്ഞ 'പ്രശ്‌നം' പരിഹരിച്ചു. പക്ഷെ അങ്ങനെ ചര്‍ച വഴിതെറ്റിക്കാന്‍ തല്‍കാലം ആരെയും അനുവദിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍. അത്തരം കമന്റുകള്‍ക്ക് 'അനുയോജ്യമായ സ്ഥാനം' ഞാന്‍ നല്‍കി അവയെ ആദരിക്കുന്നു.

CKLatheef പറഞ്ഞു...

ഇവിടെ കമന്റ് നല്‍കിയ
ഇ.എ ജബ്ബാര്‍,
സന്തോഷ്,
കുരുത്തം കെട്ടവന്‍,
രാജന്‍ എന്നിവര്‍ക്ക് നന്ദി.

നമ്മുക്കെല്ലാവര്‍ക്കും ദൈവം നല്‍കിയ ബുദ്ധിയും യുക്തിയും നല്ലരൂപത്തില്‍ വിനിയോഗിക്കാന്‍ കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

CKLatheef പറഞ്ഞു...

@ea jabbar,

>>> നാലാം ക്ലാസില്‍ നാലു വട്ടം തോറ്റ് പഠിത്തം നിര്‍ത്തിയ നിലംബൂരിലെ വേലായുധന്‍ എന്ന വെളിച്ചപ്പാട് ഇന്ന് കേരളത്തിലെ പതിനായിരക്കണക്കിനു ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്ന ആള്‍ദൈവമാണ്....<<<

ഇതാണ് പാരമ്പര്യമതവിശ്വാസത്തില്‍ അന്ധമായി ലയിക്കുന്നതിന്റെയും അതേ പ്രകാരം ശരിയായ ദൈവവിശ്വാസം കൈകൊള്ളാന്‍ സാധിക്കാതെ ചില അത്ഭുത പ്രവര്‍ത്തനങ്ങളുടെയോ വെച്ചുകെട്ടിയ ദിവ്യത്വത്തിന്റെയോ പിന്നാലെ ചിന്തയും യുക്തിയും ഉപയോഗിക്കാതെ പിന്തുടരുന്നതിന്റെയും ഫലം. താങ്കളതിന് കണ്ട പരിഹാരം ദൈവമെന്ന് പറയുന്നതിനെ മുഴുവന്‍ അന്ധമില്ലാതെ എതിര്‍ക്കുകയും നിഷേധിക്കകുയം ചെയ്യുക എന്നതാണെങ്കില്‍ ഞാന്‍ കണ്ട പരിഹാരം ശരിയായ ദൈവവിശ്വാസം കഴിവിന്റെ പരമാവധി പകര്‍ന്ന് നല്‍കുക എന്നതാണ്.

CKLatheef പറഞ്ഞു...

>>> ചാത്തന്റെ നിലവാരമുള്ള ആ വെളിപാട് എന്തേ ഡിലീറ്റ് ചെയ്തു ലതീഫേ? <<<

വിശുദ്ധഖുര്‍ആനിലെ 33ാം അധ്യായമായ സൂറത്തുല്‍ അഹ്‌സാബിലെ ഇവിടെനിന്നും ഞാന്‍ ഡിലീറ്റ് ചെയ്ത സൂക്തം (53) താങ്കള്‍ക്ക് ചാത്തന്റെ നിലവാരമുള്ള വെളിപാടായിട്ടാണ് തോന്നുന്നതെങ്കില്‍ നിങ്ങളുടെ മനസ്സിനെ ബാധിച്ച രോഗത്തിന് ചികിത്സ ലഭ്യമല്ല എന്ന് പറയേണ്ടിവരും. കഷണ്ടിക്കും കുശുമ്പിനും മരുന്നില്ല എന്ന കേട്ടിട്ടില്ലേ. രണ്ടാമത്തേതിന് ഏതായാലും ഇല്ല. ഇസ്്‌ലാമിക കുടുംബജീവിതത്തിനും സാമൂഹ്യജീവിതത്തിനും വേണ്ട സുപ്രധാനമായ നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ആ സൂറത്ത്. കാട്ടറബികളായ സംസ്‌കാരമില്ലാത്ത ഒരു സമൂഹത്തെ അചടക്കത്തിന്റെയും മാന്യതയുടെയും പാഠം പ്രായോഗികമായി നല്‍കി പ്രവാചകന്‍ വളര്‍ത്തിയെടുത്തതെങ്ങനെ എന്ന് ആ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. താങ്കളുടെ മുന്‍ധാരണയും ദുര്‍വ്യാഖ്യാനവുമില്ലാതെ ആ അധ്യായം വായിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടും. വിശുദ്ധഖുര്‍ആന്‍ മാത്രമല്ല അതിന്റെ വ്യാഖ്യാനമായി പ്രവാചകന്‍ ജീവിച്ചുകാണിച്ചുതന്നിട്ടുണ്ട് അതുകൊണ്ട് അതുകൂടി ചേര്‍ത്തുള്ള ഒരു പാരായണത്തിന് ആ നിലക്ക് എഴുതപ്പെട്ട വ്യാഖ്യാനസഹിതം വായിക്കുമ്പോള്‍ യാതൊരു വിധ തെറ്റിദ്ധാരണയും വരില്ല. നിങ്ങളുടെ ദുര്‍വ്യാഖ്യാനത്തിലേക്ക് ലിങ്കോടുകൂടി നല്‍കിയതിനാല്‍ ആ സൂക്തത്തിന് ഇവിടെ അത്തരത്തിലൊരു പ്രസക്തി ഇല്ലാത്തതുകൊണ്ടും ഞാനത് നീക്കം ചെയ്തു. ആവശ്യമുള്ളവര്‍ക്ക് അത് ഇവിടെ നിന്ന് വായിക്കാം.

തുറന്ന് വരുന്ന പേജില്‍ അധ്യായം 33 അഹസാബ് സെലക്ട് ചെയ്യുക വ്യാഖ്യാനം വേണ്ടവര്‍ പരിഭാഷയില്‍ കാണുന്ന നമ്പറില്‍ ക്ലിക്ക് ചെയ്യുക

CKLatheef പറഞ്ഞു...

@V.B.Rajan,

>>> പരിമിതമായ ബുദ്ധി വച്ച് വെളിപാടുകളെ എങ്ങനെ പഠിച്ച് പരിശോധിക്കുമെന്ന് വിശദമാക്കുമോ? <<<

ഉദാഹരണത്തിന് ജബ്ബാര്‍ മാഷ് ഇവിടെ ചാത്തന്റെ വെളിപാടിന് സമാനം എന്ന് പറഞ്ഞ് നല്‍കിയ സൂക്തം തന്നെ എടുക്കുക.

അല്ലയോ വിശ്വാസികളേ, പ്രവാചകന്റെ ഭവനങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് നോക്കിയിരിക്കുകയുമരുത്. എന്നാല്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ ചെന്നുകൊള്ളുക. ഭക്ഷണം കഴിഞ്ഞാല്‍ പിരിഞ്ഞുപോകണം.... (33:53)

ഈ സൂക്തങ്ങള്‍ വായിക്കാനും അതിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും ആവശ്യമായ ബുദ്ധി മനുഷ്യനില്ലേ. പ്രവാചകത്വത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് പ്രസ്തുത വചനങ്ങളില്‍നിന്ന് ലഭിക്കുന്നതാണോ. (ഇനി നിഷേധിയാണെങ്കില്‍ പോലും) ഉറഞ്ഞുതുള്ളുന്ന വെളിച്ചപാട് പറയുന്ന അര്‍ഥമില്ലാത്ത വാചകങ്ങളിലുള്ളത്. ജബ്ബാര്‍ മാഷ് എന്തിനാണിങ്ങനെ സ്വന്തം വിലകളഞ്ഞ് അവസ്തവ പ്രചാരണത്തിലേര്‍പ്പെടുന്നത് എന്ന നിങ്ങള്‍ തന്നെ ചോദിച്ചുനോക്കുക. (എങ്കിലും അദ്ദേഹത്തിന്റെ നേര്‍ക്ക് നേരെ അഭിപ്രായം പറയാനുള്ള മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു. അഭിനന്ദിക്കുന്നു. ബാക്കിയുള്ള യുക്തിവാദി പുലികളൊക്കെ എന്റെ ബ്ലോഗില്‍ ഇടപെടുന്നത് അനോണിയായിട്ടാണ്. എന്നിട്ട് സ്വന്തം ബ്ലോഗില്‍ മതബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നത് ബുദ്ധിയില്ലാത്തവരാണെന്ന അഭിപ്രായവും പാസാക്കും.)

മുന്‍ധാരണകളാന്‍ മലിനീകരിക്കപ്പെടുക എന്നത് ബുദ്ധിയുടെ ഒരു പരിമിതിയായി നമ്മുക്ക് കാണാം. പ്രധാനമായും ഞാന്‍ ഉദ്ധേശിച്ചത് നമ്മുക്ക് പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിച്ച അറിവിനെ വിശകലനം ചെയ്യാനെ സാമാന്യബുദ്ധിക്ക് കഴിയൂ എന്നതാണ്. അതിനപ്പുറം അതിന് പോകണമെങ്കില്‍ ദിവ്യബോധനത്തിലൂടെ ലഭിക്കുന്ന അറിവിനെയും കൂടി ആശ്രയിക്കേണ്ടതുണ്ട് എന്നാണ്.

CKLatheef പറഞ്ഞു...

ea jabbar said.

>>> ലതീഫിന്റെ സാമാന്യ യുക്തിയോട് ഒരു ചോദ്യം കൂടി :
മനുഷ്യനെ പരിമിത ബുദ്ധിയോടെ സൃഷ്ടിച്ച ശേഷം , സ്വന്തം ജീവിതത്തിനു അത്യാവശ്യമായ കാര്യങ്ങളില്‍ പോലും മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ അഡീഷനല്‍ മെസേജ് അയക്കുക; അത് നേരിട്ട് മനുഷ്യ ബുദ്ധിയിലെത്തിക്കുന്നതിനു പകരം മനുഷ്യരില്‍ നിന്നു തന്നെ ചില തട്ടിപ്പുകാരെ തെരഞ്ഞെടുത്ത് അവരുടെ പ്രാദേശിക ഭാഷയും അവരുടെ നാവും വാടകക്കെടുത്ത് അത് ഉരുവിടുക; അതു തന്നെ അവര്‍ക്കു നേരിട്ടു നല്‍കാതെ അന്തിപ്പാതിരാ നേരത്ത് ആരും കാണാതെ പാറമടയീല്‍ ധ്യാനിച്ചിരിക്കുമ്പോള്‍ ആര്‍ക്കും കാണാന്‍ പറ്റാത്ത ഒരു അദൃശ്യ ജന്തുവിനെ പറഞ്ഞയച്ച് , ഒരു സാക്ഷി പോലുമില്ലാതെ ദുരൂഹവും അതീവ രഹസ്യവുമായി എത്തിച്ചു കൊടുത്ത് മൂപ്പര്‍ ആകാശത്ത് ഒളിഞ്ഞിരിക്കുക ! ഇങ്ങനെയൊക്കെ ഒരു നാടകം കളിക്കാന്‍ ഈ ദൈവത്തെ പ്രേരിപ്പിക്കുന്ന കുടില വികാരം എന്താണ്?
വെളിപാടിന്റെ സാധുതയും വിശ്വാസ്യതയും നമ്മുടെ
പരിമിത ബുദ്ധിക്കു ബോധ്യപ്പെടണം എന്നു ലതീഫ് തന്നെ വാശി പിടിക്കുന്നതു കൊണ്ടു ചോദിക്കുവാ ! <<<

ജബ്ബാര്‍ മാഷിന്റെ സാമാന്യബുദ്ധിയുടെ വിശകലനത്തിനായി എന്റെ പ്രതികരണം ഇങ്ങനെ.

താങ്കളുടെ ചോദ്യം ദൈവം എന്തുകൊണ്ട് നിങ്ങള്‍ വിചാരിക്കുന്ന രൂപത്തില്‍ ചെതില്ല എന്നാണ്. എന്നുവെച്ചാല്‍ താങ്കളുടെ അഭിപ്രായത്തില്‍ ഓരോ മനുഷ്യനും ദിവ്യബോധനം നേരിട്ട് നല്‍കി പ്രവാചകനാക്കി നിയോഗിക്കണമായിരുന്നു എന്നാണ്. ചുരുക്കം. ദൈവിക നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളാന്‍ ആവശ്യമായ ബുദ്ധിയും ചിന്തയും നല്‍കി. ഒരു പ്രവാചകനെ നിയോഗിച്ച് അദ്ദേഹത്തിലൂടെ ആ നിയമങ്ങളുടെ പ്രായോഗികത പഠിപ്പിക്കുക എന്ന കാര്യമാണ് ദൈവം നിശ്ചയിച്ചുതന്നത്. അവരെയാണ് താങ്കളുടെ മലിന മനസ്സ് തട്ടിപ്പുകാരാക്കി കണ്ടത്. പ്രവാചകന്റെ കാലത്തും അതിന് ശേഷവും ഇങ്ങനെയും (താങ്കളെപോലെ) ചിലരുണ്ടായിരുന്നു. എതായാലും ചിന്തിച്ചുനോക്കുമ്പോള്‍ അതിലൊരു രസമുണ്ട്. നിങ്ങള്‍ പറയുന്നത് തനി ബോര്‍, നന്മയും നേര്‍ബുദ്ധിയും ഉപയോഗിച്ച് സത്യപാതയിലൂടെ നടക്കാനിഛിക്കുന്നവര്‍ക്ക് അതിനനുസരിച്ച പ്രതിഫലം. കുതത്രങ്ങളിലൂടെയും കുതര്‍ക്കങ്ങളിലൂടെയും വാചകങ്ങളെ വക്രീകരിച്ച് ദേഹേഛയുടെ മാര്‍ഗമവലംബിച്ച് അധര്‍മത്തിന്റെ മാര്‍ഗം തെരഞ്ഞെടുക്കുന്നവര്‍ക്ക് അതിനുള്ള ശിക്ഷയും.

ബാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ക്കായി നിങ്ങളോടൊപ്പം ഞാനും കാത്തിരിക്കുന്നു. ദൈവം വാഗ്ദാനം ചെയുന്ന ആ വിചാരണയുടെ നാള്‍ അകലയല്ല. അന്ന് നിങ്ങളോട് പറയപ്പെടും.

`എന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുകയും, എന്നിട്ട് അവയെ നിഷേധിച്ചുകൊണ്ടിരിക്കുകയും ചെയ്തവരല്ലയോ നിങ്ങള്‍?`

V.B.Rajan പറഞ്ഞു...

ദൈവത്തിന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കാന്‍ പരിമിതമായ മനുഷ്യ ബുദ്ധിക്ക് സാധിക്കില്ല, അതിന് ദിവ്യ വെളിപാടുകളെ ആശ്രയിച്ചേ പറ്റൂ എന്നും മനസ്സിലായി. പക്ഷേ എന്തു വസ്ത്രം ധരിക്കണം, എന്തു ഭക്ഷിക്കണം, മൂത്രമൊഴിക്കുമ്പോള്‍ എങ്ങോട്ടു തിരിയണം, ഒരു വീട്ടില്‍ വിരുന്നു ചെല്ലുമ്പോള്‍ എങ്ങനെ പെരുമാറണം, പലിശ മേടിക്കാമോ? ഇത്തരം ദൈനം ദിന ജീവതത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുവാനും ദിവ്യ വെളിപാടുകളെ ആശ്രയിക്കണം എന്നു എന്തിനു വാശി പിടിക്കണം? ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുവാനും മനുഷ്യ ബുദ്ധി വളര്‍ന്നിട്ടില്ലേ. ദൈവത്തിന്റെ സൃഷ്ടി വൈഭവം കണ്ട് അന്തിച്ച് നില്‍ക്കുന്ന വിശ്വാസികളോട് നിന്റെ ബുദ്ധി ദൈവം അപൂര്‍ണ്ണമായാണ് സൃഷ്ടിച്ചത് എന്നു പറഞ്ഞാല്‍ അവര്‍ അംഗീകരിക്കുമെന്നു തോന്നുന്നില്ല.

CKLatheef പറഞ്ഞു...

@V.B.Rajan

വസ്ത്രത്തിന്റെ കാര്യത്തില്‍ അതിന് ഒരു മിനിമം നിബന്ധനവെക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ബാക്കിയുള്ള കാര്യങ്ങള്‍ സാഹചര്യങ്ങള്‍ക്കും ഒരോ നാട്ടിലെ അവസ്ഥകള്‍ക്കനുസരിച്ചും ഹിതകരമായത് സ്വീകരിക്കാം. ഭക്ഷണത്തിന്റെ കാര്യത്തിലും അതുതന്നെ. ഇന്നത് തിന്നണം എന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഏതോ അര്‍ഥത്തില്‍ ഹാനികരവും മ്ലേഛവുമായ ആഹാര സാധനങ്ങള്‍ വിലക്കി അതിന്റെ പ്രയോജനം മനുഷ്യന് തന്നെയാണ്. പിന്നീട് താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ മനുഷ്യരുടെ ചില പ്രയോജനങ്ങളും സൗകര്യങ്ങളും മറ്റുചില പരിഗണനകളും നല്‍കിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പലിശ കര്‍ശനമായി വിലക്കിയിരിക്കുന്നു. അതിന്റെ കാരണം ഞാനിവിടെ പറയേണ്ടതില്ലാത്തവിധം വ്യക്തമാണ്. നിയമനിര്‍ദ്ദേശങ്ങളൊക്കെ നല്‍കിയത് മനുഷ്യബുദ്ധി വളര്‍ന്നോ അല്ലേ എന്ന നോക്കിയല്ല. ഒരു സമഗ്രജീവിത ദര്‍ശനം എന്നനിലക്ക് പൂര്‍ണമായ നിയമങ്ങള്‍ നല്‍കുകയും നല്‍കപ്പെടാത്തവക്ക് നിയമം നിര്‍മിക്കാനുള്ള മാനദണ്ഡങ്ങള്‍ നല്‍കുകയും ചെയ്തു. രാജന്‍ , ആര്‍ക്കാണ് ബുദ്ധിയുടെ പുര്‍ണത അവകാശപ്പെടാന്‍ സാധിക്കുക. അതില്‍ അംഗീകാരത്തിന്റെയും നിരാകരണത്തിന്റെയും പ്രശ്‌നമുണ്ടോ. മാന്യമായി സംവാദത്തില്‍ ഏര്‍പ്പെടുന്നതിന് നന്ദി.

സുശീല്‍ കുമാര്‍ പറഞ്ഞു...

ഷെബു പറഞ്ഞു...

അപ്പനും അമ്മയും വിദേശത്തായിരിക്കെ സ്വന്തം സഹോദരിയുമായി ലൈംഗിക ജീവിതം നയിക്കുകയും ഒടുവില്‍ രണ്ടു കുട്ടികളുമായി 'വിവാഹിതരായി' ജീവിക്കുന്ന ഒരു നിര്ഭാഗ്യവാനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. കുടുംബവും സമൂഹവും വിലക്ക് കല്പിച്ചു കടുത്ത കുറ്റബോധത്തിന്റെ ഭാരവുമായി അലയുകയാണ് ആ യുവാവിപ്പോള്‍. ഇവിടെ സ്വന്തം സഹോദരിയെ ഭാര്യയാക്കിയ നടപടി യുക്തിവാദത്തില്‍ തെറ്റല്ല, ദൈവ വിശ്വാസത്തില്‍ അങ്ങേയറ്റം പാപവും.""

>>>> ഇതെന്ത് ചരിത്രബോധമില്ലാത്ത വര്‍ത്താനം സര്‍,

ദൈവം ആദത്തെ സൃഷ്ടിച്ചു, വാരിയെല്ലൂരി ഹവ്വയെ സൃഷ്ടിച്ചു....

കഴിഞ്ഞോ മനുഷ്യ സൃഷ്ടി? പിന്നെ അവര്‍ക്കെങ്ങനെ മക്കളുണ്ടായി? സഹോദര -സഹോദരീ ബന്ധം വഴിയോ? അമ്മ -മകന്‍ ബന്ധം വഴിയോ? അതുമല്ലെങ്കില്‍ അച്ഛന്‍-മകള്‍ ബന്ധം വഴിയോ?

'സര്‍വ്വ ശക്തനായ' ദൈവം കാണിച്ചു തന്ന നേര്‍ വഴി ഇതായിരിക്കേ, യുക്തിവാദികളുടെ നെഞ്ചത്തുകയറിതന്നെ സിക്കിള്‍ ചവിട്ടണോ ഷെബൂ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review