2010, ജൂലൈ 21, ബുധനാഴ്‌ച

ജിസ്യ എന്ന മതനികുതി ?

"നമുക്ക് കാത്തിരിക്കാം ഫിലിപ്പിന്‍സില്‍ ഒക്കെ നടക്കും പോലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം നടക്കുന്ന കാലം. സ്കൂള്‍ കുട്ടികളും വീട്ടമ്മമാരും ഷോപിംഗ് മാളില്‍ ചിതറി വീഴുന്ന കാലം...

കേരളക്കരയിലെ മുഴുവന്‍ പേരും പരിച്ചെദം ചെയ്യുന്നത് വരെ നമുക്ക് ഇത് തുടരാം, എന്നിട്ടും ഹിന്ദുവായും ക്രിസ്ത്യാനി ആയും ജീവിക്കുന്നവന്റെ ഒക്കെ തലയില്‍ കനത്ത ജിസ്യ നമുക്ക് ചുമത്താം.

അങ്ങിനെ ഉണ്ടാകുന്ന ആ ലോക ക്രമം ഉണ്ടല്ലോ, അതാണ്‌ വിമോചനം!"
ഇ.എ.ജബ്ബാറിന്റെ ബ്ലോഗില്‍ ഒരാള്‍ നല്‍കിയ കമന്റിന്റെ ഒരു ഭാഗമാണിത്. ഇത്തരം അസഹിഷ്ണുത നിറഞ്ഞ കമന്റുകളും പോസ്റ്റുകളുമാണിപ്പോള്‍ ബൂലോകത്ത് അരങ്ങുവാഴുന്നത്. പലതിലും ഉള്ള ആശങ്കള്‍ അസ്ഥാനത്തല്ല. എന്നാല്‍ അതിന് പരിഹാരം ഇത്തരം കമന്റുകളാണോ? ഈ അവസരം വളരെ നിഷേധാത്മകമായി ഉപയോഗിക്കുന്നത് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചപോലെ നിര്‍ഭാഗ്യവശാല്‍ ഒരു മതത്തോടും പ്രത്യേക താല്‍പര്യമില്ലെന്ന് പറയുന്ന യുക്തിവാദികള്‍ തന്നെ. വര്‍ഗീയവാദികള്‍ പ്രത്യേകം പോസ്റ്റ് ഇടേണ്ട കാര്യമില്ല. പല പേരുകളില്‍ അവര്‍ തങ്ങളുടെ മനസ്സിലെ വര്‍ഗീയത മുഴുവന്‍ പുറത്തെടുക്കുന്നു. മേല്‍ പറയപ്പെട്ട കമന്റ് പോലെ. അതില്‍ പ്രകോപനവും തങ്ങളുടെ അജ്ഞതയും മാത്രമല്ല. പരമാവധി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കൈവെട്ട് ഇസ്‌ലാമിക ഭരണത്തിന് വെമ്പല്‍കൊള്ളുന്നവരുടെ ശൈലി എന്നാണ് അഭ്യന്തരമന്തി തന്നെ കേരള ജനതക്ക് നല്‍കുന്ന സന്ദേശം. മുഴുവന്‍ ഇസ്‌ലാമിക സംഘടനകളും ഇസ്‌ലാമുമായി അതിന് ബന്ധമില്ല എന്ന് പറഞ്ഞിട്ടും. അദ്ദേഹം അംഗീകരിക്കാന്‍ തയ്യാറല്ല. അദ്ദേഹത്തിന് മറ്റു മതനിഷേധികളെപ്പോലെത്തന്നെ  ഇത് പറയുമ്പോള്‍ അദ്ദേഹത്തെ ഭരിക്കുന്നത് വിവേകമോ വിജ്ഞാനമോ അല്ല താല്‍കാലികതാല്‍പര്യങ്ങളുടെ പേരിലുള്ള അവിവേകമാണ്. കൈവെട്ടിയവരോ അതിന്റെ പേരില്‍ പിടിക്കപ്പെട്ടവരോ ഇസ്‌ലാമിക ഭരണവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്നവരോ അത് തങ്ങങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഉന്നമായോ പറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. അത്തരമൊരു സംസാരം നടത്തുന്ന സംഘടന രക്തദാനം നല്‍കിയാണ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത് എന്നിരിക്കെ അഭ്യന്തരമന്തിയുടെ പ്രസ്താവനയിലെ വൈരുദ്ധ്യം പ്രകടമാണ്.

യുക്തിവാദികള്‍ ഇവിടെ ഒരു സമാധാനദുതന്റെ കുപ്പായമണിയുകയാണ്. അതിന് വേണ്ടി എല്ലായ്‌പോഴും ആക്രമണം ഇസ്‌ലാമിനെതിരെയാണെങ്കില്‍ അതിനെ നിസ്സാരവല്‍കരിച്ചും. നിഷേധിച്ചുമാണ് പ്രസ്താവന ഇറക്കാറുള്ളത്. മതത്തെ വിമര്‍ശിക്കാനുള്ള കുത്തക തങ്ങളുടെതാണ് എന്നാണ് നാട്യം. മാന്യമായ വിമര്‍ശനത്തെയും നിരൂപണത്തെയും ചൂണ്ടി ഇതര മതസ്ഥരെ പ്രകോപിക്കുന്ന ധാരാളം പോസ്റ്റുകളും കമന്റുകളും നല്‍കി കൊണ്ടിരിക്കുന്നു. ഇവിടെ അധ്യാപകന് ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്ന് വരുത്തിതീര്‍ക്കുന്നത് സമാധാനപ്രിയരായതുകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ഇവരുടെ കാഴ്ചപ്പാടില്‍ അക്ബര്‍ മഹാകുറ്റവാളിയാണ്. അദ്ദേഹത്തെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നിരന്തരം ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ അക്ബര്‍ മാന്യമായ സംവാദമാണ് എന്നത് പ്രശ്‌നമല്ല. ഇവിടെ അക്ബറിന്റെ സംവാദ ശൈലിയോട് വിയോജിച്ചുകൊണ്ടുതന്നെ പറയട്ടെ. അദ്ദേഹം ആരുടെയെങ്കിലും ബഹുമാനിക്കപ്പെടുന്നവരെ അവമതിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല. വസ്തുതകളെ വസ്തുതകളായി കണ്ടാണ് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്. കണ്ണടച്ചാല്‍ ഇരുട്ടാവില്ല എന്ന് യുക്തിവാദികള്‍ മനസ്സിലാക്കണം. അത് പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതുമല്ല. പ്രകോപനം ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കുക എന്നത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ എല്ലാഴ്‌പോഴും കുറ്റവാളികള്‍ ഒരു മതവിഭാഗത്തില്‍നിന്ന് തന്നെ എന്ന മുന്‍ധാരണയും അതനുസരിച്ചുള്ള പ്രതികരണങ്ങളും സമാധാന പാലനത്തിന് സഹായകമായ പ്രവര്‍ത്തനമല്ല.

മുകളില്‍ നല്‍കപ്പെട്ട കമന്റിലേക്ക് തിരിച്ചു പോകാം. അതിലെ മറ്റു പരാമര്‍ശങ്ങളെ അവഗണിച്ച് ആ സഹോദരന്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചതല്ല എന്ന ഗുണകാംക്ഷപരമായ മനോഭാവം നിലനിര്‍ത്തി പ്രസ്തുത കമന്റിലെ ഒരു വിഷയത്തെക്കുറിച്ച് ഇവിടെ ഒരു വിശദീകരണം നല്‍കുകയാണ്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ശക്തി അതിലാണ്. ആര്‍ എന്തൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും അതിനെ ഗൗരവപൂര്‍വം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാലമത്രയും അത്യത്ഭുതകരമായ അതിന്റെ നിയമനിര്‍ദ്ദേശങ്ങശ്ക്ക് മുമ്പില്‍ തലകുനിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പദങ്ങളിലൊന്നാണ് ജിസ്യ. ഇസ്‌ലാമിക ഭരണകൂടം നിലവില്‍ വന്നുകഴിഞ്ഞാല്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഏര്‍പ്പെടുത്തുന്ന മതനികുതി എന്നാണ് അതിന് നിര്‍വചനമായി മുസ്‌ലികളല്ലാത്തവര്‍ മനസ്സിലാക്കിയിട്ടുള്ളത്.

എന്നാല്‍ എന്താണ ജിസ് യ യുടെ യഥാര്‍ഥ വ്യാഖ്യാനം.

ഇസ്‌ലാമിക ഭരണകൂടവുമായി യുദ്ധത്തിലേര്‍പ്പെടുന്നവരില്‍ അവസാനനിമിഷം വരെ അതില്‍ തുടരുകയും അതിജയിക്കപ്പെടുകയുമാണെങ്കില്‍ ലോകത്തുള്ള മറ്റേത് വ്യവസ്ഥയെയും പോലെ അവരിലെ ആയുധമെടുത്ത എല്ലാ പുരുഷന്‍മാരെയും വധിക്കാന്‍ ഇസ്‌ലാമിക സൈന്യത്തിനും അവകാശമുണ്ട്. എന്നാല്‍ ഇസ്‌ലാം മുന്‍ഗണനനല്‍കുന്നത്. അവരെ സുരക്ഷിത പ്രജകളാക്കുകയും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ അവരെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതിനാണ്. എന്നാല്‍ പ്രവാചകന്റെ കാലത്തെ പൊതുസമ്പ്രദായം ഇതിനെതിരായിരുന്നു. കീഴടങ്ങുന്നവരെ ഉന്‍മൂലനം ചെയ്യുന്നതിലായിരുന്നു അന്നത്തെ പൊതുമനസ്സുണ്ടായിരുന്നത്. ഈ പൊതുമാനസികാവസ്ഥയെ പെട്ടെന്ന് മാറ്റുക പ്രയാസമാണ്. കാലത്തിന്റെ ചൈതന്യത്തോട് യുദ്ധം ചെയ്യുന്നത് അതിന്റെ സംസ്‌കരണ രീതിക്ക് എതിരാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ അതിനെ നിലനിര്‍ത്തുകയും ആ അനുവാദത്തെ പ്രയോജനപ്പെടുത്താന്‍ താല്‍പര്യപ്പെടാത്തവിധം പ്രവാചകന്റെയും അവിടുത്തെ അനുചരന്‍മാരുടെയും മാര്‍ഗദര്‍ശനത്തിലുടെ മുസ്‌ലിംകളില്‍ ഹൃദയവിശാലതയും ഉദാരതയുടെയും ചൈതന്യം സന്നിവേശിപ്പിക്കപ്പെട്ടു. അതിലൂടെ പഴയ ഉന്‍മൂലന സമ്പ്രദായത്തെ പ്രയോഗത്തില്‍ ദുര്‍ബലപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഒരൊറ്റ സന്ദര്‍ഭത്തില്‍ മാത്രമാണ് ഇതിനപവാദമായി ഉള്ളത്. ബാക്കിസന്ദര്‍ഭത്തിലെല്ലാം അവരെ സംരക്ഷിതപ്രജകളായി (ദിമ്മികളായി) നിലനിര്‍ത്തി. ചരിത്രത്തിലെ ഗതിവിഗതി മാറ്റിയ മനുഷ്യത്വപരമായ പരിഷ്‌കാരമായിരുന്നു. ഉന്‍മൂലനത്തിനിരയാക്കേണ്ടുന്ന ഒരു വിഭാഗത്തെ നേരിയ ഒരു പ്രതിഫലത്തിന് പകരം ഇസ്‌ലാമിക ഭരണകൂടം സര്‍വ സുരക്ഷയും നല്‍കി ജീവിക്കാന്‍ വിട്ടുക എന്ന തത്വം ഉള്‍കൊള്ളുന്ന സംരക്ഷിത പ്രജയാക്കല്‍. അഥവാ ദിമ്മിയാക്കല്‍. അവര്‍ നല്‍കേണ്ടുന്ന നാമമാത്ര നികുതിയാണ് ജിസ് യ.

ഇനി ഇത്തരത്തില്‍ സംരക്ഷിത പ്രജകളുടെ ഭരണഘനാപരമായ പദവി ചുരുക്കി വിവരിക്കാം:


1. ഭരണാധികാരി അവരില്‍നിന്നും ജിസ്യ സ്വീകരിക്കുന്നതോടെ ഏക്കാലത്തേക്കുമായി സംരക്ഷണകരാര്‍ നിലവില്‍വരും. അവരുടെ ധനവും ജീവനും സംരക്ഷിക്കാന്‍ മുസ്്‌ലിംകള്‍ ബാധ്യസ്ഥരാണ്. എന്തുകൊണ്ടെന്നാല്‍ ജിസ്യ സ്വീകരിക്കുന്നതോടെ ജീവന്റെയും ധനത്തിന്റെയും പവിത്രതയാണ് സ്ഥിരപ്പെടുന്നത്. അതിനുശേഷ അവരുടെ സമ്പത്തിനുമേല്‍ കൈവെക്കാനോ അവരെ അടിമകളാക്കാനോ മുസ്ലിംകള്‍ക്ക് ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. അവരില്‍നിന്ന് ജിസ്യ സ്വീകരിച്ചാല്‍ പിന്നെ അവരില്‍നിന്ന് ഒന്നും നിനക്കില്ല എന്ന് അബൂ ഉബൈദക്ക് ഉമര്‍ സ്പഷ്ടമായി എഴുതുകയുണ്ടായി.

2. ഉടമ്പടി നിലവില്‍വരുന്നതോടെ ഭൂമിയുടെ ഉടമാവകാശം അവര്‍ക്ക് തന്നെയായിരിക്കും. അതില്‍ കച്ചവടം, ദാനം, കടം, പണയം തുടങ്ങി എല്ലാ ക്രയവിക്രയങ്ങള്‍ക്കും അവര്‍ക്ക് അവകാശമുണ്ടായിരിക്കും. ഭരണകൂടത്തിന് അതില്‍ ഇടപെടാന്‍ ഒരവകാശവുമില്ല.

3. ജിസ്യയുടെ തോത് ഓരോരുത്തരുടെയും സാമ്പത്തികനില അനുസരിച്ചായിരിക്കും നിര്‍ണയിക്കപ്പെടുന്നത്. സമ്പന്നരില്‍നിന്ന് കൂടുതലും ശരാശരിക്കാരില്‍നിന്ന് കുറച്ചും ദരിദ്രരില്‍നിന്ന് അല്‍പമാത്രവും ഇടാക്കും. യാതൊരു വരുമാനവും ഇല്ലാതിരിക്കുകയും നിത്യവൃത്തിക്കുതന്നെ മറ്റുള്ളവരെ ആശ്രയിക്കുകയും ചെയ്യുന്ന പരമദരിദ്രരെ ജിസ്യയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. ജിസ്യയായി നിര്‍ണിതമായ ഒരു സംഖ്യയും നിശ്ചയിച്ചിട്ടില്ല. പക്ഷെ അടക്കാന്‍ എളുപ്പമായത് മാത്രമേ നിശ്ചയിക്കാവൂ. രണ്ടാം ഖലീഫ ഉമര്‍ പണക്കാര്‍ക്ക് പ്രതിമാസം ഒരു ദിര്‍ഹമും ശരാശരിക്കാര്‍ക്ക് എട്ട് അണയും അധ്വാനിക്കുന്ന പാവപ്പെട്ടവര്‍ക്ക് നാലണയും ജിസ്യ നിശ്ചയിച്ചു.

4. യുദ്ധത്തില്‍ പങ്കെടുക്കാന്‍ ശേഷിയുള്ളവരുടെ മേല്‍ മാത്രമേ ജിസ്യ ചുമത്താന്‍ അനുവാദമുള്ളൂ. കുട്ടികള്‍ സ്ത്രീകള്‍, ഭ്രാന്തന്‍, അന്ധര്‍ അരാധനാലയങ്ങളിലെ സേവകര്‍, വൃദ്ധര്‍, സാധുക്കള്‍ , സന്യാസികള്‍ , അവശനിലയില്‍ കഴിയുന്ന രോഗികള്‍ , തുടങ്ങി യുദ്ധത്തില്‍ പങ്കെടുക്കാനാവാത്ത എല്ലാവരും ജിസ്യയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു.

5. അവരുടെ പ്രദേശത്തെ ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കല്ലാതെ അവകാശമുണ്ടായിരിക്കുന്നതല്ല. പൗരാണിക ആരാധനാലയങ്ങളും സ്മരകങ്ങളും തകര്‍ക്കുന്നത് ആരുടേതായാലും ഒരു നിലക്കും അനുവദനീയമല്ല.

6. അവരുടെ രക്തം പവിത്രമാണ്. കൊലപാതകത്തിന്റെയോ പ്രതിക്രിയയുടെയോ കാര്യത്തില്‍ ഒരു വിവേചനവും പാടില്ല.

7. പൗരനിയമവും മുസ്‌ലിമിനും ദിമ്മിക്കും തുല്യമാണ്. ചീത്ത പറയുകയോ പരദൂഷണം പറയുകയോ ചെയ്യാവതല്ല.

8. ഉടമ്പടി വന്നതിന് ശേഷം മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യമില്ലെങ്കിലും അത് ദുര്‍ബലപ്പെടുത്താന്‍ സംരക്ഷിത പ്രജകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

9. അവര്‍ എത്രകടുത്ത കുറ്റം ചെയ്താലും അവരുടെ സംരക്ഷിത പ്രജ എന്ന നിലക്കുള്ള അവകാശം റദ്ദ് ചെയ്യപ്പെടുകയില്ല.

10. പുതിയ ആരാധനാലയങ്ങള്‍ പണിയാന്‍ അവര്‍ക്കനുവാദമുണ്ടായിരിക്കും.

11. അടക്കാതെ മരണപ്പെട്ടാല്‍ അവരുടെ സ്വത്തില്‍നിന്നോ അവരുടെ അനന്തരാവകാശികളുടെ സ്വത്തില്‍നിന്നോ ഇടാക്കാവതല്ല.

12. സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതിനാല്‍ അവരുടെ സംരക്ഷണം കൂടി മുസ്‌ലിം പടയാളികളുടെ ചുമതലയാണ്.

എന്നാലും സ്വന്തം രാജ്യത്തിലെ പ്രജകളെ രണ്ടായികാണുന്ന ശൈലി ക്രൂരമാണ് എന്ന് പറയുന്നവര്‍ വീണ്ടും മറവിക്കടിമപ്പെട്ടവരോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ ആണ്. കാരണം ആധുനികമായ കാലത്ത് കാണപ്പെടുന്നത് പോലുള്ള ഒരു രാജ്യത്തിലെ വിവിധ മതവിഭാഗങ്ങളില്‍ ചുമത്തുന്ന മതനികുതിയല്ല ജിസ്യ. മറിച്ച് ഇസ്്‌ലാമിക ഭരണകൂടവുമായി യുദ്ധത്തിലേര്‍പ്പെട്ടവര്‍ക്ക് അവരെ ഉന്‍മൂലനം ചെയ്യുന്നതിന് പകരമായി ഇസ്‌ലാം വെച്ച നീതിയിലധിഷ്ഠിതമായ പുരോഗമനപരമായ ഒരു നിയമത്തിന്റെ ഭാഗമാണ് അത്. ഇക്കാലത്ത് അവ പരാമര്‍ശവിഷയം പോലുമല്ല. എങ്കിലും അത് എന്താണ് എന്നറിയാതെ മേല്‍പറഞ്ഞത് പോലെ മനസ്സിലാക്കി വിദ്വേഷം വമിപ്പിക്കാതിരിക്കാന്‍ ഈ അറിവ് സഹായകമായെങ്കില്‍ എന്ന് വിചാരിച്ചാണ് ഇതിവിടെ നല്‍കിയത്.

(ഹദീസ് ഗ്രന്ഥങ്ങള്‍, കിതാബുല്‍ ഖറാജ്, ഫുതൂഹുല്‍ ബുല്‍ദാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെ ഇവ കൂടുതല്‍ വിശദമായി വായിക്കാവുന്നതാണ്. മൗലാനാ മൗദൂദി അല്‍ജിഹാദു ഫില്‍ ഇസ്‌ലാമില്‍
പരിഷ്‌കൃത യുദ്ധനിയമം എന്ന അദ്ധ്യായത്തില്‍ 46 പേജുകളിലായി ഈ വിഷയം വ്യക്തമാക്കിയിട്ടുണ്ട്.)

23 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

സൈനികവൃത്തി വേതനമുള്ള തൊഴിലായി മാറിയ ഇക്കാലത്തും ഇസ്ലാമിക രാഷ്ട്രം അമുസ്ലിം പൌരന്മാരുടെ മേല്‍ ജിസ് യ ചുമത്തുന്നതല്ല. അതിനാല്‍ മതന്യൂനപക്ഷങ്ങള്‍ ഇസ്ലാമികരാഷ്ട്രത്തില്‍ ഒരുവിധ വിവേചനവും അനുഭവിക്കുകയില്ലെന്നു മാത്രമല്ല, സകാത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നതിനാല്‍ മുസ്ലിംകളേക്കാള്‍ സാമ്പത്തിക സൌകര്യവും ആനുകൂല്യവും അനുഭവിക്കുകയും ചെയ്യുന്നു

CKLatheef പറഞ്ഞു...

മാന്യസുഹൃത്തുകളോട് ക്ഷമാപണം. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി പരസ്പര വിദ്വേഷം കുത്തിവെക്കാന്‍ പരിചിത ബ്ലോഗര്‍മാരടക്കം അമിതാവേശം കാണിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. അതിനാല്‍ ഇത്തരം വിഷയങ്ങള്‍ക്ക് താല്‍കാലികമായി കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്താന്‍ ഞാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും മതമില്ലെങ്കിലും നിലനില്‍ക്കേണ്ടത് പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവുമാണ്. അതിന് ഭംഗം വരുത്തുന്ന കമന്റ് എന്തിന്റെ പേരിലായാലും പ്രസിദ്ധീകരിക്കാന്‍ നിര്‍വാഹമില്ല.

ഞാന്‍ പറഞ്ഞ വിഷയത്തോട് വിയോജിക്കാം. എന്റെ നിലപാടിനെ വിമര്‍ശിക്കാം. എല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു.

ചിന്തകന്‍ പറഞ്ഞു...

പ്രസക്തമായ പോസ്റ്റ്...വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ചിന്തകന്‍ പറഞ്ഞു...

Tracking....

സന്തോഷ്‌ പറഞ്ഞു...

>> ഇവരുടെ കാഴ്ചപ്പാടില്‍ അക്ബര്‍ മഹാകുറ്റവാളിയാണ്. അദ്ദേഹത്തെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നിരന്തരം ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ അക്ബര്‍ മാന്യമായ സംവാദമാണ് എന്നത് പ്രശ്‌നമല്ല. ഇവിടെ അക്ബറിന്റെ സംവാദ ശൈലിയോട് വിയോജിച്ചുകൊണ്ടുതന്നെ പറയട്ടെ. അദ്ദേഹം ആരുടെയെങ്കിലും ബഹുമാനിക്കപ്പെടുന്നവരെ അവമതിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല. <<

എം.എം. അക്ബര്‍ നേതൃത്വം നല്‍കുന്ന "നിച് ഓഫ് ട്രൂത്ത്‌" എന്ന സംഘടന പ്രസിദ്ധീകരിക്കുന്ന സ്നേഹ സംവാദം എന്ന മാസികയില്‍ "ബൈബിള്‍ പഠനം" എന്ന പേരില്‍ ഒരു പരമ്പര പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു ഇസ്ലാമിക പ്രസദ്ധീകരണം മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളെ എങ്ങനെയൊക്കെയാണ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് എന്ന് മനസ്സിലാക്കണം എങ്കില്‍ സ്നേഹ സംവാദം എന്ന മാസികയില്‍ അവതരിപ്പിക്കുന്ന "ബൈബിള്‍ പഠനം"വായിച്ചാല്‍ മതി.

CKLatheef പറഞ്ഞു...

"യേശുക്രിസ്തു ദൈവമാണെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അദ്ദേഹം ഒരു മഹാപ്രവാചകനാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. കുരിശില്‍ രക്തം ചിന്തി യേശു മനുഷ്യര്‍ക്കുവേണ്ടി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു; ശാപത്തിന്റെ മരക്കുരിശില്‍ നിന്ന് തന്റെ ഉന്നത ദാസനായ യേശുക്രിസ്തുവിനെ ദൈവം രക്ഷിക്കുകയും അദ്ദേഹത്തെ ദൈവം തന്നിലേക്ക് ഉയര്‍ത്തുകയും ചെയ്തു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. യേശു ദൈവമാണെന്ന് വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെ അദ്ദേഹം മാതൃകായോഗ്യനായ പ്രവാചകനായിരുന്നുവെന്ന് വിശ്വാസിക്കുവാനും പ്രചരിപ്പിക്കുവാനും മുസ്‌ലിംകള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ക്രിസ്തു ക്രൂശിക്കപ്പെട്ടുവെന്നത് ക്രിസ്തുമത്തിന്റെ അടിത്തറയാണ്; അതേപൊലെത്തന്നെ ശപിക്കപ്പെട്ട കുരിശില്‍ നിന്ന് തന്നെ രക്ഷിക്കുവാന്‍ വേണ്ടിയുള്ള യേശുവിന്റെ പ്രാര്‍ഥന ദൈവം കേട്ടുവെന്നും തന്റെ വിനീതദാസനെ ദൈവം രക്ഷിക്കുകയും തന്നിലേക്ക് ഉയര്‍ത്തുകയും ചെയ്തുവെന്നുമുള്ള വിശ്വാസം ഖുര്‍ആന്‍ പഠിപ്പിക്കുന്നതാണ്. ക്രിസ്ത്യാനികള്‍ അവര്‍ വിശ്വസിക്കുന്നതനുസരിച്ച് ജീവിക്കുകയും അവരുടെ ആദര്‍ശം പ്രചരിപ്പിക്കുകയും ചെയ്യുന്നത് പോലെ മുസ്‌ലിംകള്‍ക്കും ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പ്രസ്തുത സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ഈ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മഹദ്‌വ്യക്തികളെ നിന്ദിക്കുകയും അവഹേളിക്കുകയും തെറിപറയുകയും ചെയ്യുന്നത് തെറ്റാണെന്നാണ് കേരളാ ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാന്‍ സ്വാതന്ത്ര്യമുള്ളത് പോലെ അദ്ദേഹം ദൈവമല്ലെന്ന് സമര്‍ഥിക്കുവാനും ഓരോ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ക്രിസ്തുവിനെ തെറിവിളിക്കുവാനും ഭത്സിക്കുവാനും നിന്ദിക്കുവാനും ആരെങ്കിലും മുതിരുന്നുവെങ്കില്‍ അത് അനുവദിക്കപ്പെട്ടുകൂടാത്തതാണ്. മുഹമ്മദ് നബി (സ്വ) പ്രവാചകനാണെന്ന് വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും സ്വാതന്ത്ര്യമുള്ളതു പോലെ പ്രവാചകനല്ലെന്ന് കരുതുവാനും പഠിപ്പിക്കുവാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തെ ഭത്സിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടാവണം നബി (സ്വ) പ്രവാചകനല്ലെന്ന് സ്ഥാപിക്കേണ്ടതെന്ന് കരുതിയതാണ് ചുങ്കപ്പാറയിലെ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് പറ്റിയ തെറ്റ്. അത് നിയമവിരുദ്ധമായതിനാല്‍ തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമെ മുസ്‌ലിംകള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ; ക്രൈസ്തവരുടെ മതപ്രചരണ സ്വാതന്ത്ര്യത്തെ വിലക്കണമെന്ന് ആരും പറഞ്ഞിട്ടില്ല; പറയുകയുമില്ല.

ഇഷ്ടമുള്ള മതമനുസരിച്ച് ജീവിക്കുവാനും അത് പ്രചരിപ്പിക്കുവാനും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നു. തന്റെ മതം മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്; സ്വാതന്ത്ര്യമുണ്ട്. ആദര്‍ശ പ്രബോധനം നടക്കുമ്പോള്‍ സമര്‍ഥനവും വിമര്‍ശനവും ഉണ്ടാവുക സ്വാഭാവികമാണ്. മതവിശ്വാസമോ ആദര്‍ശങ്ങളോ ദൈവങ്ങളോ പ്രവാചകന്മാരോ ഒന്നും വിമര്‍ശിക്കപ്പെട്ടു കൂടായെന്ന് ശഠിക്കുന്നതില്‍ അര്‍ഥമില്ല. സംവേദനക്ഷമമായ സമൂഹത്തില്‍ വിമര്‍ശനങ്ങളുണ്ടാവുക സ്വാഭാവികമാണ്. വസ്തുനിഷ്ഠവും സത്യസന്ധവുമായ വിമര്‍ശനങ്ങള്‍ അനുവദിക്കാതിരിക്കുവാന്‍ ഒരു സംസ്‌കൃതസമൂഹത്തിനും സാധ്യമല്ല. വിമര്‍ശനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന ആദര്‍ശമല്ല ഇസ്‌ലാം. പതിനാലു നൂറ്റാണ്ടുകളായി ഇസ്‌ലാം വിമര്‍ശിക്കപ്പെട്ടുകൊണേ്ടയിരിക്കുന്നുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും അവയ്ക്ക് മറുപടി നല്‍കിക്കൊണ്ട് സ്വന്തം അജയ്യത സ്ഥാപിക്കുകയും ചെയ്യുന്നവയാണ് ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍. ഇസ്‌ലാമിനെയും ഖുര്‍ആനിനെയും മുഹമ്മദ് നബി (സ്വ)യെയുമെല്ലാം വിമര്‍ശിക്കുന്ന നിരവധി രചനകള്‍ മലയാളത്തിലുണ്ട്. അവയ്‌ക്കെതിരെയൊന്നും മുസ്‌ലിംകള്‍ സംഘടിച്ചിട്ടില്ല; പ്രതിഷേധിക്കുകയോ നിയമനടപടികളെടുക്കാനാവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അവയ്ക്ക് മാന്യമായി മറുപടി പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്." (M.M. Akbar)

@Santhosh

ചിന്തിക്കുന്ന മനുഷ്യസമൂഹത്തിന് ഈ വിഷത്തില്‍ ചെയ്യാവുന്ന കാര്യമാണ് എം.എം. അക്ബര്‍ തന്റെ വിശദീകരണത്തില്‍ നല്‍കുന്നത്. ഇതിന് വിരുദ്ധമായി എന്തെങ്കിലും താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുകയോ താങ്കളുടെ ബ്ലോഗില്‍ നല്‍കുകയോ ചെയ്യുക. ഇവിടെ യുക്തിവാദികള്‍ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും അവര്‍ നടത്തുന്നത് പ്രവാചക വിമര്‍ശനമാണെന്ന് പറയാനാവില്ല. ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ അക്ബര്‍ അങ്ങനെ കാണിക്കുന്നില്ലേ എന്നിങ്ങനെ ന്യായം കണ്ടെത്തുകയാണ്.

CKLatheef പറഞ്ഞു...

അഭിപ്രായം നല്‍കിയ ചിന്തകനും സന്തോഷിനും നന്ദി.

സന്തോഷ്‌ പറഞ്ഞു...

ലത്തീഫ്, ക്രിസ്ത്യാനികള്‍ക്ക് "കുരിശ്" ശാപത്തിന്റെ അടയാളം അല്ല, രക്ഷയുടെ അടയാളം ആണ്. കുരിശിനെ ശാപത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുന്നത് ക്രിസ്ത്യാനിയെ സംബന്ധിച്ചു ദുര്‍വ്യാഖ്യാനം ആണ്. ഇതുപോലെ തന്നെയാണ് ബൈബിളില്‍ ഉള്ള വാക്യങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് അവയൊക്കെയും ഓരോ മഹത് വ്യക്തികളെ കളങ്കപ്പെടുത്തുവാന്‍ വേണ്ടി എഴുതിചേര്‍ക്കപ്പെട്ടവയാണ് എന്ന് വാദിക്കുന്നതും. ഖുര്‍ ആന്‍ യേശുക്രിസ്തുവിനെ പറ്റി എന്ത് പഠിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ബൈബിളില്‍ ക്രിസ്തുമത വിശ്വാസികള്‍ യേശുക്രിസ്തുവിനെ വികലമാക്കി ചിത്രീകരിക്കുന്നു എന്നാണ് അക്ബറിനെ പോലെയുള്ള ആളുകള്‍ വാദിക്കുന്നത്. എങ്കിലും പലരും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് സ്വന്തം അറിവ് അനുസരിച്ച് വിയോജിപ്പുകള്‍ രേഖപ്പെടുത്താറുണ്ട്, പക്ഷെ അത് പൂര്‍ണ്ണമായും ക്രിസ്തുമതം പഠിപ്പിക്കുന്നത്‌ എന്താണ് എന്നുള്ള വിശദീകരണം മാത്രം ആയിരിക്കും.

യേശുക്രിസ്തു എന്താണ് പഠിപ്പിച്ചത് എന്ന് ശരിക്കും അറിവുള്ള ഒരു ക്രിസ്തുമത വിശ്വാസിയും ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ മറ്റേതെങ്കിലും മതവിശ്വാസത്തെ കുറ്റപ്പെടുത്തുവാണോ മോശമായി ചിത്രീകരിക്കുവാനോ മിനക്കെടാറില്ല. കാരണം ആരുടെയെങ്കിലും മുന്‍പില്‍ സ്വന്തം അജയ്യത സ്ഥാപിച്ചെടുക്കുക എന്നുള്ള യാതൊരു ദൌത്യവും വിശ്വാസപരമായ കാര്യങ്ങളില്‍ ക്രിസ്ത്യാനിക്ക്ദൈവത്താല്‍ നല്കപ്പെട്ടില്ല.

CKLatheef പറഞ്ഞു...

ആരോഗ്യകരമായ ഒരു സംവാദത്തില്‍ താങ്കള്‍ പറഞ്ഞത് ഒരു വിഷയമാകില്ല. മറിച്ച് വിജയിക്കാനും തോല്‍പിക്കാനുമുള്ള സംവാദങ്ങളാകുമ്പോഴാണ് താങ്കള്‍ ഇവിടെ നടത്തിയത് പോലുള്ള പരാമര്‍ശങ്ങള്‍ കൂടി വരിക. ക്രിസ്ത്യാനികള്‍ക്ക് ഇത്തരം വിമര്‍ശനങ്ങളെ നേരിടുവാന്‍ പൂര്‍ണവും തുല്യവുമായ അവസരങ്ങളുണ്ടായിരിക്കെ അതിനെക്കുറിച്ച് മറ്റുമതവിഭാഗങ്ങള്‍ മിണ്ടിപോകരുത് എന്നത് ചിന്തയോ ബുദ്ധിയോ ഉപയോഗിക്കാന്‍ തീരുമാനിച്ച ഒരു സമൂഹത്തിന് യോജിച്ചതല്ല.

ഒരു ആശയസംവാദത്തില്‍ സ്വാഭാവികമായും മറ്റു ആശയങ്ങളെ പരാമര്‍ശിക്കുകയും നിരൂപണം ചെയ്യേണ്ടതായും വരും. അതൊക്കെ പ്രകോപനപരമായി ചിത്രീകരിക്കുന്നത് അജ്ഞരായ വികാരജീവികളുടെ ലക്ഷണമാണ്. താങ്കളുടെ അവസാന ഖണ്ഡിക സത്യത്തില്‍നിന്ന് അകലെയാണ് എന്ന് എനിക്ക് സ്ഥാപിക്കാന്‍ കഴിയും. പക്ഷെ ഇക്കാര്യത്തില്‍ ഒരു ചര്‍ച ആഗ്രഹിക്കുന്നില്ല. നല്‍കപ്പെട്ട വിഷയം അതല്ലല്ലോ.

ഇക്കാര്യത്തില്‍ അനാവശ്യമായി ചകിതമാകുന്നതിന് കാരണം നാം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

അക്ബറിന്റെ ശൈലിയോട് ഞാന്‍ വിയോജിക്കുന്നു എന്ന് സൂചിപ്പിച്ചത്. അദ്ദേഹവുമായി വിവിധ മതവിശ്വാസികള്‍ നടത്തിയ സംവാദം ശ്രദ്ധിച്ചപ്പോള്‍ അവിടുന്ന് തന്നെ തീരുമാനമായി പിരിയാനുള്ള ഒരു ശ്രമം ശ്രദ്ധയില്‍ പെടുകയുണ്ടായി. (ഇത് ഒരു ലേഖനത്തില്‍ അദ്ദേഹം സുചിപ്പിച്ചതുമാണ്)
ഇത് പൊതുവെ സംവാദം ശ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന് പ്രയാസം സൃഷ്ടിക്കും. (വേണ്ടത് അതല്ല എന്നംഗീകരിക്കുന്നു) അതോടെ ചിന്ത വികാരത്തിന് വഴിമാറും. തങ്ങള്‍ അപമാനിക്കപ്പെട്ടത് പോലെ അതിലൊരു വിഭാഗത്തിന് തോന്നും. പിരിഞ്ഞു പോകുമ്പോള്‍ അത്തരം ആളുകളില്‍ ഭൂരിപക്ഷത്തിന്റെയും മനസ്സില്‍ ഒരു പ്രതികാരചിന്ത മുളച്ചുപൊങ്ങും. തോല്‍പിക്കാനുള്ള സംവാദത്തില്‍ ഏര്‍പ്പെടാനുള്ള ശക്തിയില്ലെന്ന് സ്വയം ബോധ്യപ്പെടുമ്പോള്‍ വളഞ്ഞ വഴികള്‍ അവലംബിക്കും. ഇതുകൊണ്ടാണ് സ്വയം ഒരു തെറ്റെല്ലങ്കിലും ഇത്തരം സംവാദങ്ങളെ പോലും എന്നെ പോലെ ചിലര്‍ അനുകൂലിക്കാത്തത്.

ഇനി എന്തിന് സംവാദത്തിലേര്‍പ്പെടണം എന്നാണ് ചോദ്യമെങ്കില്‍. മനുഷ്യസ്‌നേഹത്തിന്റെ പ്രയോഗികമായ സമര്‍പണമാണത് എന്നാണ് മറുപടി. ഞാന്‍ ശരിയെന്ന് മനസ്സിലാക്കിയ ആശയം - പ്രത്യേകിച്ച് അത് ജീവിതത്തെ നിയന്ത്രിക്കുന്നതാകുകയും അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ ഇഹപര ക്ഷേമം കുടികൊള്ളുകയും ചെയ്യുന്നുവെന്ന് എനിക്ക് ബോധ്യാമാകുകയും ചെയ്യുമ്പോള്‍ - അത് മൂടിവെക്കാന്‍ എനിക്കെങ്ങനെ കഴിയും. അപ്രകാരം പ്രവര്‍ത്തിച്ചാല്‍ എനിക്ക് മനുഷ്യത്വത്തെ കുറിച്ച് പറയാനല്ല ചിന്തിക്കാന്‍ പോലും അവകാശമില്ല.

CKLatheef പറഞ്ഞു...

>>> ക്രിസ്ത്യാനികള്‍ക്ക് "കുരിശ്" ശാപത്തിന്റെ അടയാളം അല്ല, രക്ഷയുടെ അടയാളം ആണ്. കുരിശിനെ ശാപത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുന്നത് ക്രിസ്ത്യാനിയെ സംബന്ധിച്ചു ദുര്‍വ്യാഖ്യാനം ആണ്. <<<

അക്ബറിന്റെ താഴെ വരികളായിരിക്കും താങ്കളുടെ മുകളിലെ പരാമര്‍ശത്തിന് കാരണം എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

>>> കുരിശില്‍ രക്തം ചിന്തി യേശു മനുഷ്യര്‍ക്കുവേണ്ടി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു; ശാപത്തിന്റെ മരക്കുരിശില്‍ നിന്ന് തന്റെ ഉന്നത ദാസനായ യേശുക്രിസ്തുവിനെ ദൈവം രക്ഷിക്കുകയും അദ്ദേഹത്തെ ദൈവം തന്നിലേക്ക് ഉയര്‍ത്തുകയും ചെയ്തു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. <<<

ഇതില്‍ താങ്കളെ ഞാന്‍ നേര്‍ക്ക് നേരെ അനുകൂലിക്കുന്നു. എന്നാല്‍ അക്ബറിനറിയാം കുരിശ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ശാപത്തിന്റെ അടയാളമല്ല എന്ന് അവരതിനെ രക്ഷയായിട്ടാണ് കാണുന്നതെന്നും. പിന്നെന്തിന് അങ്ങനെ കള്ളം പറഞ്ഞുവെന്ന് താങ്കള്‍ക്ക് ചോദിക്കാം. ക്രൂശില്‍ വധിക്കപ്പെടുക ശപിക്കപ്പെട്ടവരാണ് എന്ന സിദ്ധാന്തം ബൈബിളിന്റെ തന്നെ പരാമര്‍ശമാണ്. യേശുവിനെ ക്രൂശിച്ചവര്‍ അദ്ദേഹത്തെ മഹത്വപ്പെടുത്തുന്നതിനല്ല അപമാനിക്കുന്നതിനും ശപിക്കുന്നതിനും വേണ്ടിതന്നെയാണ് അത് നല്‍കിയത് എന്ന് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ലല്ലോ. അതുകൊണ്ട് അദ്ദേഹം അതുകൂടി ചേര്‍ത്താണ് ക്രിസ്ത്യാനികളുടെ വിശ്വാസമായി അവതരിപ്പിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അതൊടൊപ്പം എന്റെ അഭിപ്രായം ആ പ്രയോഗം വസ്തുതക്ക് നിരക്കുന്നതാണെങ്കിലും തെറ്റിദ്ധാരണജനകമായതിനാല്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ്.

ഇങ്ങനെയൊക്കെയാണ് സംവാദം പുരോഗമിക്കുന്നത്. നമ്മുക്ക് വിയോജിക്കാനുള്ള അവസരമുണ്ടായിരിക്കെ ആരെങ്കിലും അവാസ്തവമോ തെറ്റിദ്ധാരണജനകമായോ പറയുന്നത് ഗൗരവത്തിലെടുക്കേണ്ടതില്ല. കാരണം സംവാദത്തിന്റെ ആത്യന്തികവിജയം സത്യത്തിന് മാത്രമായിരിക്കും. സംവാദത്തിലുടെയാണ് സത്യവും അസത്യവും വേര്‍ത്തിരിയുന്നത്. അതിനാല്‍ മനുഷ്യസമൂഹത്തിന് വിമര്‍ശനവും സംവാദവും വേണ്ടെന്ന് വെക്കാനാവില്ല. നമ്മുക്കത് വഴിതെറ്റാതെ നോക്കാം എന്ന് മാത്രം.

Nasiyansan പറഞ്ഞു...

യേശു കുരിശില്‍ മരിച്ചു എന്നും മരിച്ചില്ല എന്നും രണ്ടു അഭിപ്രായം ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ ഉണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത് ...

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ജിസിയ എന്തെന്ന് അറിഞ്ഞിട്ടൊന്നുമല്ല വെച്ച്കാച്ചുന്നത്‌. ആകെപാടെ അറിയുക അമുസ്ളീങ്ങള്‍ മുസ്ളീങ്ങള്‍ക്ക്‌ കൊടുക്കുന്ന നികുതി എന്ന് മാത്രമാണു. മതിയല്ലോ, ഇനി അതെന്താണെന്നും എങ്ങിനെയാണെന്നും എന്തിനന്വേഷിക്കുന്നു?! അവസരം കിട്ടുന്നിടത്തൊക്കെ പോയി വിവരദോഷം എഴുതിപിടിപ്പിക്കുക എന്നതില്‍ കവിഞ്ഞൊരു ചിന്തയോ സദ്ഗുണമോ ബ്ളോഗേഴ്സില്‍ പലര്‍ക്കും ഇല്ല. അതിണ്റ്റെ മികച്ചൊരുദാഹരണമാണു ആ കമണ്റ്റിട്ട ബ്ളോഗര്‍.

പാര്‍ത്ഥന്‍ പറഞ്ഞു...

["യേശുക്രിസ്തു ദൈവമാണെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അദ്ദേഹം ഒരു മഹാപ്രവാചകനാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.]

എന്തിനുവേണ്ടിയായിരുന്നു ഈ തിരുത്ത്. യേശുക്രിസ്തുവിനെ ഇകഴ്ത്തി മുഹമ്മദ്‌നബിയാണ് സൂപ്പർ എന്ന് പാടിപുകഴ്ത്താൻ വേണ്ടിയല്ലെ. യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ എന്ന് എന്തുകൊണ്ട് ഈ സമാ‍ധാന സന്ദേശവാഹകൻ കരുതിയില്ല.
സ്വതന്ത്രമായി ചിന്തിക്കുമ്പോൾ, എം.എം.അക്ബറിന്റെ ഓരോ വരിയും വിമർശനാത്മകമാണ്.

പാര്‍ത്ഥന്‍ പറഞ്ഞു...

മനുഷ്യമനസ്സിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി ഗിരിശൃംഗം, ഏണി, മരം, കുരിശ്, കയർ, എട്ടുകാലിനൂല് തുടങ്ങിയവ വിവിധ മതങ്ങളിൽ വർണ്ണിച്ചു കാണുന്നുണ്ട്. എല്ലാ രാജ്യത്തും ഇപ്രകാരമുള്ള ധാരണകൾ ഉണ്ട്.

കുരിശ് ശാപത്തിന്റെ പ്രതീകമാണ് എന്നുള്ളത് അദ്ധ്യാത്മിക വീക്ഷണം ഇല്ലാത്ത ഒരാളിന്റെയാവാനെ തരമുള്ളൂ.

CKLatheef പറഞ്ഞു...

കുരുത്തം കെട്ടവന്‍

താങ്കള്‍ പറഞ്ഞത് ശരിയാണ്. ജിസ്'യയെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് മാത്രമല്ല കേള്‍ക്കുന്നവര്‍ക്കും വലിയ പിടിപാടില്ല എന്ന ധൈര്യമാണ് വിമര്‍ശിക്കുന്നവരുടെ ശക്തി. അതുകൊണ്ടാണ് ഈ ചര്‍ച ഇക്കാലത്ത് ഒട്ടും പ്രസക്തമല്ലെങ്കിലും ഇവിടെ അല്‍പം വിശദീകരിച്ചത്. യുദ്ധത്തില്‍ കീഴടക്കപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. തങ്ങളുടെ വിധേയത്വം ഒരു രാഷ്ട്രത്തിന് മുന്നില്‍ പ്രകടിപ്പിക്കാനുള്ള കേവല അടയാളമാണ് നാമമാത്രമായ ഈ നികുതി. പലപ്പോഴും ഈ കാര്യത്തിന്റെ മാനുഷികതയും മഹത്വവും അറിയണമെങ്കില്‍ സമാനമായ അവസ്ഥകളില്‍ മറ്റു വ്യവസ്ഥകളും മതങ്ങളും എങ്ങനെയാണ് ശത്രുക്കളോട് പെരുമാറിയത് എന്ന് മനസ്സിലാക്കിയാല്‍ മതി. ഏറ്റവും ആധുനികവും പരിഷ്‌കൃതവുമായി അറിയപ്പെടുന്ന ലോകത്തിലെ തുല്യതയില്ലാത്ത മതേതരജനാധിപത്യരാജ്യമായ ഇന്ത്യയെത്തന്നെ എടുത്ത് നോക്കുക. ഇത്തരമൊരു വിഭാഗത്തോട് ഇവിടെത്തെ നിയമം ഇത്രയും ഉദാരതകാണിക്കുമോ.

ഇന്ത്യന്‍ ഭരണഘടന അംഗീകിരിക്കുകയും നാട്ടില്‍ കുഴപ്പമുണ്ടാക്കാനിടയുള്ള ഒരു ശ്രമത്തിലും പങ്കാളികളാകില്ല എന്ന് ഭരണഘടനയില്‍ എഴുതിവെക്കുകയും അതനുസരിച്ച് ഇന്നേ വരെ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു സംഘനയെ എങ്ങനെ നിരോധിച്ച് മാനുഷികമായ എല്ലാ അവകാശങ്ങളും തടയാം എന്നതിനെക്കുറിച്ചാണ് ഈ ഗവണ്‍മെന്റുകള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് വേണ്ടി പുസ്തകങ്ങളില്‍ ദുര്‍വ്യാഖ്യാനിച്ചെങ്കിലും ദേശവിരുദ്ധത സ്ഥാപിക്കാന്‍ കഴിയുമോ എന്ന പഠനത്തിലാണ് നമ്മുടെ ഭരണാധികാരികള്‍. ഇതുവെച്ച് വേണം ജിസ് യയെയും ദിമ്മികളുടെ അവകാശങ്ങളെയും തുലനം ചെയ്യാന്‍. ഏറ്റവും ആധുനികവും പരിഷ്‌കൃതവുമെന്ന് അറിയപ്പെടുന്ന വ്യവസ്ഥകള്‍ പോലും ഇസ്‌ലാം വിഭാവനം ചെയ്യുന്ന മാനുഷികത്വം നേടാന്‍ കാതങ്ങള്‍ സഞ്ചരിക്കണമെന്ന് മനസ്സിലാക്കാന്‍ ഇസ്്‌ലമിലെ ജിസ്യ എന്ന ഒരൊറ്റ സംജ്ഞയെ പഠനവിധേയമാക്കിയാല്‍ മതി. ഏതാണ് കൂടുതല്‍ മതേതരത്വം എതാണ് കൂടുതല്‍ ജനാധിപത്യപരം എന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ കഴിയും.

CKLatheef പറഞ്ഞു...

ജിസ്യയെ ക്ഷമാപണ മനസ്സോടെയാണ് വിശദീകരിച്ചിട്ടുള്ളത് എന്ന് ചിലര്‍ക്ക് തോന്നാം. എന്നാല്‍ ഇപ്രകാരം വ്യാഖ്യാനിക്കാനുള്ള ന്യായം പ്രസ്തുത സംഗതിയെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ വിധംതന്നെയാണ്. അവര്‍ സ്വകരങ്ങളാല്‍ വിനീതരായി ജിസ്യനല്‍കാന്‍ സന്നദ്ധമാകുന്നത് വരെ യുദ്ധം ചെയ്യുക എന്ന കല്‍പന പ്രത്യേകം ശ്രദ്ധേയമാണ്. സമാധാന പൂര്‍ണമായ ഒരവസ്ഥയില്‍ ഒരു ഇസ്്‌ലാമിക ഗവണ്‍മെന്റിനോടുള്ള ഒരു നിര്‍ദ്ദേശമായിട്ടല്ല അത് അവതരിച്ചത്. അതുകൊണ്ടുതന്നെ യുദ്ധവുമായി ബന്ധപ്പെടുത്തി അതിനെ പരിഗണിക്കേണ്ടതുണ്ട്. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് സമീപ പ്രദേശങ്ങള്‍ ഇസ്്‌ലാമിക വ്യവസ്ഥക്ക് വിധേയമാപ്പോള്‍ അവിടെയുണ്ടായിരുന്ന മുസ്്‌ലിംകളല്ലാത്തവര്‍ക്ക് ജിസ്യ ചുമത്തിയിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതിനുള്ള ന്യായം മുസ്്‌ലിംകളില്‍നിന്ന് അതിനേക്കാള്‍ വലിയ സംഖ്യയായിരുന്നു സകാത്തായി ഈടാക്കിയിരുന്നത്. മാത്രമല്ല അവര്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരായിരുന്നു. ആ പരിതസ്ഥിതി മാറിയ സാഹചര്യത്തില്‍ നിലവില്‍ വരുന്ന ഒരു ഇസ്്‌ലാമിക ഭരണകൂടം ഒരിക്കലും അതിന്റെ പൗരന്‍മാരില്‍ അവരുടെ മാനസിക പ്രയാസത്തെ അവഗണിച്ചുകൊണ്ട് ഒരു നിയമം അടിച്ചേല്‍പ്പിക്കുകയില്ല. അതിന് തെളിവ് നേരത്തെ സൂചിപ്പിച്ച അതേ ഖലീഫമാരുടെ പ്രവര്‍ത്തനം തന്നെയാണ്. (cont.)

CKLatheef പറഞ്ഞു...

ആരെങ്കിലും മുസ്ലിംകളെപ്പോലെ സകാത്ത് നല്‍കാന്‍ സ്വയം സന്നദ്ധമായി മുന്നോട്ടു വരികയാണെങ്കില്‍ അവരെ ഇസ്ലാമിക രാഷ്ട്രം ജിസ് യ യില്‍നിന്ന് ഒഴിവാക്കുന്നതാണ്. ചരിത്രത്തിലിതിന് ഏറെ ഉദാഹരണങ്ങള്‍ കാണാം. ഒന്നിവിടെ ഉദ്ധരിക്കാം: സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അവരോട് (തഗ്ലിബ് ഗോത്രം) അമുസ്ലിം ഗോത്രങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിനു പകരമായി ചുമത്തുന്ന കരം- ജിസ് യ- അടക്കാനും അദ്ദേഹം (ഉമറുല്‍ ഫാറൂഖ്) ആവശ്യപ്പെട്ടു. എന്നാല്‍ ജിസ് യ കൊടുക്കുന്നത് അപമാനമായി കരുതിയ തഗ്ലിബ് ഗോത്രം തങ്ങളെ മുസ്ലിംകളെപ്പോലെ നികുതി (സകാത്ത്) അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഖലീഫ അതനുവദിക്കുകയും അവര്‍ മുസ്ലിംകളെപ്പോലെ ജിസ് യയുടെ ഇരട്ടി വരുന്ന സംഖ്യ ഖജനാവിലേക്കടക്കുകയും ചെയ്തു'' (ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 62).

ഇസ്ലാമികരാഷ്ട്രത്തിലെ മുഴുവന്‍ പൌരന്മാരെയും സംരക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. അതിനാല്‍ മുസ്ലിംകളുടെ മാത്രമല്ല, അമുസ്ലിംകളുടെയും ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ നിര്‍ബന്ധ സൈനികസേവനം നിര്‍വഹിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരായിരുന്നു. ഈ വിധം സംരക്ഷണം ഉറപ്പു നല്‍കുന്നതിനും പട്ടാളസേവനത്തില്‍നിന്ന് ഒഴിവാക്കുന്നതിനും പകരമായാണ് അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നത്. സൈനികസേവനത്തിന് അക്കാലത്ത് ശമ്പളമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. എപ്പോഴെങ്കിലും രാജ്യനിവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് സാധിക്കാതെ വന്നാല്‍ ജിസ് യ തിരിച്ചുനല്‍കുക പതിവായിരുന്നു. അപ്രകാരം തന്നെ സൈനികസേവനത്തിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെയും ജിസ് യ യില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "ചിലര്‍ നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ മുസ്ലിം വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായി ക്രൈസ്തവരുടെ മേല്‍ ചുമത്തപ്പെടുന്നതല്ല ഈ നികുതി. എല്ലാ അമുസ്ലിം പൌരന്മാരും അടക്കേണ്ടതായിരുന്നു അത്. മതപരമായ കാരണങ്ങളാല്‍ നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. മുസ്ലിംകള്‍ നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായാണ് അവര്‍ ജിസ് യ കൊടുക്കേണ്ടി വന്നത്....
"തുര്‍ക്കീ ഭരണകാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്ത്യാനികളും ജിസ് യ യില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി കാണാം. കൊറിന്‍ത് കരയിടുക്കിലേക്ക് നയിക്കുന്ന സിത്തിറോണ്‍, ഗറാനിയ ചുരങ്ങള്‍ കാക്കാന്‍ ഒരു സംഘം സായുധരെ നല്‍കാമെന്ന വ്യവസ്ഥയില്‍ അല്‍ബേനിയന്‍ ക്രൈസ്തവവര്‍ഗമായ മെഗാരികളെ തുര്‍ക്കികള്‍ ജിസ് യ യില്‍നിന്ന് ഒഴിവാക്കിയിരുന്നു. തുര്‍ക്കീ സൈന്യത്തിന്റെ മുമ്പേ പോയി നിരത്തുകളും പാലങ്ങളും നന്നാക്കിയിരുന്ന ക്രിസ്തീയ സംഘത്തില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ലെന്നു മാത്രമല്ല, കരം വാങ്ങാതെ അവര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുകകൂടി ചെയ്തിരുന്നു. ഹൈസ്രയിലെ ക്രിസ്ത്യാനികള്‍ സുല്‍ത്താന് ജിസ് യ നല്‍കിയിരുന്നില്ല. പകരമായി അവര്‍ 250 ദൃഢഗാത്രരായ നാവികരെ തുര്‍ക്കിപ്പടക്കു നല്‍കി.
"ആര്‍മത്തോളി എന്നു വിളിക്കപ്പെടുന്ന തെക്കന്‍ റുമാനിയക്കാരാണ് പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ തുര്‍ക്കി സൈന്യത്തില്‍ മുഖ്യഘടകമായിരുന്നത്. സ്കൂട്ടാരിക്കു വടക്കുള്ള പര്‍വതനിരകളില്‍ വസിച്ചിരുന്ന മിര്‍ദികള്‍ എന്ന അല്‍ബേനിയന്‍ കത്തോലിക്കര്‍ കരത്തില്‍നിന്നൊഴിവാക്കപ്പെട്ടിരുന്നു. യുദ്ധവേളയില്‍ സായുധ സംഘത്തെ നല്‍കാമെന്നായിരുന്നു അവരുടെ പ്രതിജ്ഞ. അതേപോലെ ഗ്രീക്ക് ക്രിസ്ത്യാനികളെയും ജിസ് യ യില്‍നിന്നൊഴിവാക്കി. കോണ്‍സ്റാന്റിനോപ്പിളിലേക്ക് ശുദ്ധജലം കൊണ്ടുവന്നിരുന്ന കല്‍ക്കുഴലുകള്‍ അവരായിരുന്നു സംരക്ഷിച്ചിരുന്നത്. നഗരത്തിലെ വെടിമരുന്നുശാലക്ക് കാവലിരുന്നവരേയും കരത്തില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, ഈജിപ്തിലെ ഗ്രാമീണ കര്‍ഷകര്‍ സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അവരുടെ മേല്‍ ക്രിസ്ത്യാനികളെപ്പോലെ കരം ചുമത്തുകയും ചെയ്തു.''(സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 73-76).

നബിതിരുമേനിയുടെ കാലത്ത് മദീനയിലെ അമുസ്ലിം വിഭാഗങ്ങള്‍ രാഷ്ട്രത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നതിനാല്‍ അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ല. (cont.)

CKLatheef പറഞ്ഞു...

നാം കാണുന്നത് പോലെ ലോകരാജ്യങ്ങളുടെ അവസ്ഥ മുമ്പുണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്ഥമായി പുതിയ രൂപവും ഭാവവും സ്വീകരിച്ചിരിക്കെ പഴയകാലത്ത് പോലും ഒട്ടേറെ ഇളവുകള്‍ക്കും നീക്കുപോക്കുകള്‍ക്കും വിധേയമായ ജിസ്യ എന്ന നികുതി, ഒരു മുസ്ലിം രാഷ്ടത്തില്‍ മറ്റുമതസ്ഥര്‍ക്ക് അവരുടെ വിശ്വാസം നിലനിര്‍ത്താന്‍ വേണ്ടി ഒടുക്കപ്പെടുന്ന ഒരു ഫൈനായി കാണുന്നത് ശരിയല്ല. ആധുനികാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു പണ്ഡിതനും അതിനെ പിന്തുണക്കില്ല. മുസ്‌ലിംകളല്ലാത്തവരുടെ വിശ്വാസം ശരിയല്ല എന്ന് ഇസ്‌ലാമിക ഗവണ്‍മെന്റിന് ബോധ്യമുണ്ടെങ്കിലും അവരെ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ശിക്ഷിക്കാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടില്ല. പ്രവാചകനില്ലാത്ത ഉത്തരവാദിത്തം പിന്നീട് വരുന്ന ഭരണകൂടത്തിന് ഉണ്ടാകുന്നതല്ല. ഖുര്‍ആന്‍ പ്രവചാകനോട് ചോദിക്കുന്നതിപ്രകാരമാണ്.

"നിന്റെ റബ്ബിന്റെ ഇച്ഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുളളവരും തന്നെ ആകണമെന്നു)ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊളളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ?" (10:99)

ഈ ജിസ് യയുടെ പേര് പറഞ്ഞ് ജനങ്ങളെ ഇസ്‌ലാമിക വ്യവസ്ഥിതിയെ പേടിപ്പിക്കുന്നവര്‍ ഇതുവല്ലതുമുണ്ടോ അറിയുന്നു.

ea jabbar പറഞ്ഞു...

പതിനെട്ടാം നൂറ്റാണ്ടിനു ശേഷം ജനാധിപത്യലോകം ജിസ്യ എന്ന അവഹേളന നികുതിയെ അതി നിശിതമായി വിമര്‍ശിക്കാന്‍ തുടങ്ങി. അതോടെ ആധുനിക ഇസ്ലാമിസ്റ്റുകള്‍ നില്‍ക്കക്കള്ളിക്കായി കണ്ടു പിടിച്ച മുറിന്യായങ്ങളാണിവിടെ ലതീഫ് ഇസ്ലാമിന്റെ പേരില്‍ അവതരിപ്പിക്കുന്നത്. ജിസ്യ എന്തെന്നും ഇസ്ലാമിക രാജ്യത്തു ജീവിക്കാന്‍ വിധിക്കപ്പെടുന്ന ദിമ്മി കള്‍ക്കുള്ള മനുഷ്യാവകാശങ്ങള്‍ എന്തൊക്കെയെന്നും ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്ന ലേഖനം ഉടന്‍ പ്രതീക്ഷിക്കുക

CKLatheef പറഞ്ഞു...

പതിനെട്ടാം നൂറ്റാണ്ടിന് ശേഷം മാത്രമേ ഇസ്‌ലാം വിമര്‍ശകര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ജനാധിപത്യബോധം നേടിയത് എന്നത് ശരിയാണെങ്കിലും അതിനെക്കാള്‍ ശരി ഇസ്‌ലാമിനെ പ്രതിരോധിക്കാന്‍ കിട്ടാവുന്നതും തെറ്റിദ്ധരിപ്പിക്കാവുന്നതുമായ സംജ്ഞകളെ അവര്‍ അവിടം മുതലാണ് പിടികൂടിയത് എന്നതാണ്. സത്യത്തോടുള്ള പ്രതിബദ്ധതയായിരുന്നില്ല അവരുടെ പ്രേരകം ഇസ്‌ലാം വിരോധമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ശ്രമങ്ങള്‍ ജനങ്ങളെ വല്ലാതെയൊന്നും ഏശിയില്ല എന്നത് സത്യമാണ്. ഖുര്‍ആന്‍ സൂക്തവും പ്രവാചക ചരിത്രത്തിലെ സംഭവങ്ങളും വെച്ചാണ് ഞാനതിവിടെ വിശദീകരിച്ചത്. സ്വഭാവികമായി ആരോപണങ്ങള്‍ വരുമ്പോഴാണ് വിശദീകരണങ്ങളുണ്ടാകുക. 18ാം നൂറ്റാണ്ട് വരെ നിലനിന്ന സാമൂഹ്യ ഘടനയല്ല ഇപ്പോഴുള്ളത്. 1950 കള്‍ക്ക് ശേഷമുള്ള അവസ്ഥയലല്ലോ അതിനുമുമ്പുണ്ടായിരുന്നത്. ഈ കാലഘട്ടത്തില്‍ ജിസ്യയയോട് എന്ത് നിലപാട് സ്വീകരിക്കണം എന്നത്
എന്ന് പറയേണ്ടത് ഈ കാലഘട്ടത്തിലെ പണ്ഡിതന്‍മാര്‍ തന്നെയാണ്. കാരണം അതൊരു സ്ഥായിയായ വിശ്വാസകാര്യമല്ല പ്രയോഗികമായി നടപ്പിലാക്കേണ്ട രാഷ്ട്രീയ നിലപാടാണ്.

Sreejith kondottY പറഞ്ഞു...

നമ്മള്‍ ഹിസ്റ്ററിയില്‍ പഠിച്ചതിനു വ്യത്യസ്തമായി "ജസിയ" എന്ന നികുതിയുടെ മറ്റു വശങ്ങള്‍ പറഞ്ഞുതഞ്ഞതിനു നന്ദി. സ്കൂളില്‍ നമ്മള്‍ പഠിച്ചത് മുഗളന്‍മാര്‍ ആയ ബാബറും ഗസ്നിയും നടപ്പിലാക്കിയ ജസിയ എന്ന മത നികുതി ഒഴിവാക്കപ്പെട്ടത് മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് എന്നാണ്. ഇത്തരത്തില്‍ അക്ബര്‍ എടുത്ത പല നടപടികളും മറ്റു മുഗള്‍ ചക്രവര്തിമാരില്‍ നിന്നും വ്യസ്ത്യസ്ഥമായി അദ്ദേഹത്തിന് ഒരു മതേതര മുഖം എല്ലാ ചരിത്രകാരന്‍മാറും നല്കാരുമുണ്ട്. പിന്നീട് വന്ന ഔറംഗസേബ് പൂര്‍വാധികം ശക്തിയോടെ ജസിയ നടപ്പിലാക്കി എന്നും നമ്മള്‍ പഠിച്ചു. താങ്കളുടെ അഭിപ്രായത്തില്‍ അക്ബര്‍ ചക്രവര്തിയെക്കള്‍ മതേതര വാദിയും മനുഷ്യസ്നേഹിയും ആയ ചക്രവര്തിമാരാണോ മറെല്ലാ മുഗളന്മാരും.
ഗുജറാത്തു കൂട്ടക്കൊലയില്‍ ആരോപണവിധേയന്‍ ആയ മോഡി ഗുജറാത്തില്‍ ഭൂരിപക്ഷങ്ങള്‍ക്ക് ചില നികുതി ഇളവുകള്‍ നല്‍കുന്നതായും വംശഹത്യക്ക് ഇരയായ ന്യൂന പക്ഷ സമുദായങ്ങള്‍ക്ക് ചില ആനുകൂല്യങ്ങള്‍ വെട്ടികുറച്ചതായും വായിച്ചു. ഇതിനെക്കുറിച്ച്‌ താങ്കള്‍ എന്ത് പറയുന്നു!!!
സ്നേഹത്തോടെ......

CKLatheef പറഞ്ഞു...

പ്രിയ ശ്രീജിത്ത്

താങ്കളുടെ സത്യാന്വേഷണ ത്വരയോടുകൂടിയുള്ള ഈ അഭിപ്രായം ഞാന്‍ ശ്രദ്ധിക്കാന്‍ അല്‍പം വൈകി. ചരിത്രത്തില്‍ കടന്നുപോയ രാജാക്കന്‍മാര്‍ മുസ്ലിം ഭരണാധികാരികള്‍ അവരില്‍ പലരും തങ്ങള്‍ക്ക് സൗകര്യമായ ഒരു ഇസ്ലാമിനെയാണ് പലപ്പോഴും പ്രതിനിധീകരിച്ചത്. ഇവയൊക്കെ ഇസ്‌ലാമിന്റെ സത്യാസത്യമാനദണ്ഡമാക്കാന്‍ കഴിയില്ല. അതൊന്നും മാതൃകയാക്കാന്‍ ഇസ്‌ലാം അനുവധിക്കുന്നുമില്ല. ഇസ്ലാമിലെ നിയമ സംഹിത ഉരുത്തിരിയുന്നത് ഖുര്‍ആനിലെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിലാണ്. അതനുസരിച്ച് ഖലീഫമാരുടെ പ്രവൃത്തിയും നടപടിയും അവരുടെ തന്നെ പ്രവര്‍ത്തി അങ്ങനെത്തന്നെ എടുത്ത് പ്രയോഗിക്കുകയല്ല ചെയ്യുന്നത്. അവര്‍ സ്വീകരിച്ച യുക്തിദീക്ഷയാണ് കൂടുതല്‍ പരിഗണനീയമായി മാറുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇസ്ലാമിക പണ്ഡിതന്‍മാര്‍ക്ക് ജിസ്യ എന്ന നികുതിയെ മേല്‍ സൂചിപ്പിച്ച വിധമാണ് കാണാന്‍ കഴിയുന്നത്.

സമത്വം, നീതി, സത്യസന്ധത എന്നീ മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഏത് പ്രവര്‍ത്തിയും ആര് ചെയ്താലും അത് അംഗീകരിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല എന്ന് മനസ്സിലാക്കുന്നവനാണ് ഇയ്യുള്ളവന്‍. അതുകൊണ്ട് മോഡി അന്യായം ചെയാതാലും ഔറംഗസീബ് ചെയ്താലും തെറ്റ് തെറ്റുതന്നെ.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

പ്രിയ ലതീഫ്ക്കാ..
ഞാനും അതൊക്കെ തന്നെയാണ് പറഞ്ഞത്.. ചരിത്രം പലപ്പോഴും വളച്ചൊടിക്കപ്പെടുന്നു.. അതില്‍ തീവ്ര വര്‍ഗീയവാദികള്‍ മതേതര വാദികള്‍ ആയി പുനര്‍സൃഷ്ടിക്കുന്നു... അപ്പോള്‍ ടിപ്പു സുല്‍ത്താനും, ഔറംഗസേബും,ശിവാജിയും,തിലകനും,ബാബറും, ദയാനന്ദ സരസ്വതിയും എല്ലാം സെകുലര്‍ ബിംബങ്ങള്‍ ആകുന്നു.. ഇവരെയും ഇവര്‍ ചെയ്തുകൂട്ടിയ അക്രമങ്ങളെയും എന്തിന്റെ പേരില്‍ ആയാലും ന്യായീകരിക്കുന്നത് അപലപനീയം തന്നെ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review