2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് ഒന്നാമത്തെ തെളിവ്‌.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു തുടങ്ങിയത് റമദാന്‍ മാസത്തിലാണ്. പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ മനുഷ്യകുലത്തിന് സന്‍മാര്‍ഗം കാണിച്ചുകൊടുക്കുന്നതിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. അത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കുത്തകയല്ല. മനുഷ്യരില്‍ ആര്‍ക്ക് അതിന്റെ ദിവ്യത്വം അംഗീകരിക്കാന്‍ സാധിച്ചുവോ അവരുടെ സ്വന്തമാണത്. ഖുര്‍ആന്റെ അമാനുഷികത മനസ്സിലാക്കാനാവശ്യമായ തെളിവുകള്‍ അതോടൊപ്പം തന്നെയുണ്ട്. എന്നാല്‍ മുന്‍വിധി അതിന് തടസ്സമായി നില്‍ക്കുന്നു. അതോടൊപ്പം മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ഈ വിശുദ്ധ ഖുര്‍ആന്റെ അവരതരണം നടന്നുകൊണ്ടിരിക്കെ തന്നെ അതിന്റെ ദിവ്യത്വം അംഗീകരിക്കാത്ത ഒരു വിഭാഗത്തേയും നമ്മുക്ക് കാണാന്‍ കഴിയും. ആ കാലഘട്ടത്തിലെ ബുദ്ധിമാന്‍മാരോ പണ്ഡിതന്‍മാരോ ആയതുകൊണ്ടല്ല അവര്‍ അതില്‍ നിഷേധിച്ചത്. മറിച്ച് വിശ്വസിച്ചവരോടുള്ള അന്ധമായ ശത്രുതയാണ് അവരെ ഖുര്‍ആന്റെ സന്ദേശം ഉള്‍കൊള്ളുന്നതിന് തടസ്സമായി നിന്നത്. ഇന്നും വിശുദ്ധ ഖുര്‍ആന്റെ ദിവ്യത്വത്തെ നിഷേധിക്കുന്നവരുടെ വാക്കുകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. ഖുര്‍ആന്റെ അനുയായികള്‍ പറയുന്ന വാദത്തെ ബുദ്ധിപൂര്‍വം ഖണ്ഡിക്കുകയല്ല അവര്‍ ചെയ്യുന്നത്. മറിച്ച് നിന്ദ്യമായ രുപത്തില്‍ പരിഹാസം ചൊരിഞ്ഞ് കേമത്വം ബുദ്ധിയും നടിക്കുകയാണ്. അത്തരക്കാരെ സംബന്ധിച്ച് ഇവിടെ പറയാന്‍ പോകുന്ന കാര്യങ്ങളും പ്രത്യേകം പ്രതികരണമൊന്നും സൃഷ്ടിക്കുകയില്ല. അവരുടെ കോപവും വിദ്വേഷവും പതിന്‍മടങ്ങ് വര്‍ദ്ധിക്കാനെ അതുപകരിക്കൂ എന്നത് മുന്‍വിധിയല്ല ഒരു ചരിത്ര പാഠമാണ്.

വിശുദ്ധ ഖുര്‍ആന്‍ ദൈവഗ്രന്ഥമാണെന്നതിനുള്ള പതിനൊന്ന് തെളിവുകളാണ് ഖണ്ഡശ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നത്. ഇതെന്ത് തെളിവുകള്‍ എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ച വിഭാഗം പറയുക തന്നെ ചെയ്യും. അവരെ സംബന്ധിച്ചിടത്തോളം തെളിവുകള്‍ എന്തായിരുന്നു എന്ന് അവരുടെ പൂര്‍വികരുടെ വാദങ്ങളിലൂടെ ഖുര്‍ആനില്‍ തന്നെ ഉദ്ധരിച്ചിരിക്കുന്നു.
നാം ഈ ഖുര്‍ആനില്‍ വിവിധ ഉപമകളിലൂടെ ജനങ്ങളെ കാര്യം ധരിപ്പിച്ചു. പക്ഷേ, അധികജനവും നിഷേധത്തില്‍തന്നെ ഉറച്ചുനിന്നു. അവര്‍ പറഞ്ഞു: `നീ ഞങ്ങള്‍ക്കായി ഭൂമി പിളര്‍ന്നു ഒരു ഉറവൊഴുക്കുന്നതുവരെ ഞങ്ങള്‍ നിന്റെ സന്ദേശം വിശ്വസിക്കുന്നതല്ല. അല്ലെങ്കില്‍, നിനക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാകട്ടെ; അതില്‍ നീ നദികള്‍ ഒഴുക്കുകയും വേണം. അതല്ലെങ്കില്‍, നീ വാദിക്കും പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണങ്ങളായി വീഴ്ത്തുകയോ ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് ഹാജരാക്കുകയോ ചെയ്യുക. അതുമല്ലെങ്കില്‍, നിനക്ക് ഒരു സ്വര്‍ണമാളികയുണ്ടാവട്ടെ. അല്ലെങ്കില്‍, നീ മാനത്തേക്കു കയറിപ്പോവുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം നീ ഇറക്കിക്കൊണ്ടു വരുന്നതുവരെ നിന്റെ ആകാശാരോഹണവും ഞങ്ങള്‍ വിശ്വസിക്കുകയില്ല`-പ്രവാചകന്‍ അവരോടു പറയുക: `എന്റെ നാഥന്‍ പരമ പരിശുദ്ധന്‍. ഞാനോ, സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ? (17: 89-93)
ഖുര്‍ആന്റെ അമാനുഷികതക്ക് തെളിവായി വിശ്വസിക്കാന്‍ ഉദ്ദേശിക്കാത്തവര്‍ ആവശ്യപ്പെട്ട ആവശ്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് അവതരിച്ച ഖുര്‍ആന്‍ സൂക്തത്തിന് മൗലാനാ മൗദൂദി നല്‍കിയ വ്യാഖ്യാനം കാണുക:
ഈ സംക്ഷിപ്ത മറുപടിയുടെ സൌന്ദര്യം അവര്‍ണനീയമാണ്. പ്രതിയോഗികളുടെ ആവശ്യം ഇതായിരുന്നു: നീ പ്രവാചകനാണെങ്കില്‍ ഇപ്പോള്‍തന്നെ ഭൂമിയിലേക്ക് ഒന്നു വിരല്‍ ചൂണ്ടൂ, ഉടനെ അവിടെ ഒരു നീരുറവ പൊട്ടിയൊഴുകട്ടെ; അല്ലെങ്കില്‍ പെട്ടെന്ന് മനോഹരമായ ഒരുതോട്ടം ഇങ്ങുണ്ടാവട്ടെ; എന്നിട്ട് അതിലൂടെ നദികള്‍ ഒഴുകട്ടെ. നീ ആകാശത്തേക്ക് വിരല്‍ ചൂണ്ടൂ, നിന്നെ കളവാക്കുന്നവരുടെ മേല്‍ ആകാശം കഷ്ണം കഷ്ണമായി പൊട്ടിവീഴട്ടെ. നീ ഒന്നു ഊതിയിട്ട് കണ്ണടച്ച് തുറക്കുമ്പോഴേക്കും സ്വര്‍ണത്തിന്റെ ഒരു മന്ദിരം ഇവിടെ ഉണ്ടാവട്ടെ. നീ ഒരു ശബ്ദമുണ്ടാക്കൂ, ദൈവവും അവന്റെ മലക്കുകളും ഞങ്ങളുടെ കണ്‍ മുമ്പില്‍ ഇറങ്ങി വരികയും മുഹമ്മദിനെ നാം പ്രവാചകനായി നിശ്ചയിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ കണ്‍മുമ്പില്‍നിന്ന് നീ ആകാശത്തിലേക്ക് കയറിപ്പോവുകയും ഞങ്ങളുടെ പേരില്‍ ദൈവത്തെക്കൊണ്ട് ~ഒരു കത്തെഴുതിച്ച് കൊണ്ടു വരികയും ചെയ്യൂ. ഞങ്ങളത് കൈകൊണ്ട് സ്പര്‍ശിക്കുകയും നോക്കി വായിക്കുകയും ചെയ്യട്ടെ--ദീര്‍ഘമായ ഈ ആവശ്യങ്ങള്‍ക്ക് ഇങ്ങനെ ഒരു മറുപടി മാത്രം നല്‍കി ഒഴിവാക്കിയിരിക്കയാണ്: അവരോട് പറയൂ: പരിശുദ്ധനാണ് എന്റെ നാഥന്‍. ഞാനാകട്ടെ, സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ?`` അതായത്, വിഡ്ഢികളേ, ഞാന്‍ ദൈവമാണെന്ന് വാദിച്ചിട്ടുണ്ടോ; നിങ്ങള്‍ ഈ ആവശ്യങ്ങളൊക്കെ എന്റെ മുമ്പില്‍ വെക്കാന്‍? ഞാന്‍ ഒരു സര്‍വശക്തനാണെന്ന് എപ്പോഴാണ് നിങ്ങളോട് പറഞ്ഞത്? ആകാശഭൂമികളില്‍ എന്റെ ആധിപത്യമാണ് നടക്കുന്നതെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞതെപ്പോള്‍? ആദ്യ ദിവസം മുതലേ എന്റെ വാദം ഇത്രമാത്രമായിരുന്നു: ഞാന്‍ ദൈവത്തില്‍നിന്ന് സന്ദേശങ്ങള്‍ കൊണ്ടുവരുന്ന ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങള്‍ക്ക് പരിശോധിക്കണമെങ്കില്‍ എന്റെ സന്ദേശം പരിശോധിച്ചു നോക്കുക, വിശ്വസിക്കുകയാണെങ്കില്‍ ഈ സന്ദേശത്തിന്റെ സത്യാവസ്ഥയും ബുദ്ധിപരതയും കണ്ടിട്ട് വിശ്വസിക്കുക. നിഷേധിക്കുകയാണെങ്കില്‍ ഈ സന്ദേശത്തിന്റെ ന്യൂനതകള്‍ എടുത്ത് കാണിക്കൂ. എന്റെ സത്യസന്ധതയില്‍ വിശ്വാസം വരേണ്ടതുണ്ടെങ്കില്‍, ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്റെ ജീവിതത്തിലേക്കും എന്റെ സ്വഭാവത്തിലേക്കും എന്റെപ്രവര്‍ത്തനങ്ങളിലേക്കും നോക്കുക. ഇതെല്ലാം അവഗണിച്ച് നിങ്ങള്‍ എന്നോട് ഭൂമി പിളര്‍ക്കാനും ആകാശത്തിലേക്ക് കയറാനും ആവശ്യപ്പെടുകയാണോ, ഇത്തരം പ്രവര്‍ത്തനങ്ങളും പ്രവാചകത്വവും തമ്മിലെന്തു ബന്ധം?. 

ആ അവിശ്വാസികളുടെ വെല്ലുവിളി എറ്റെടുത്ത് ഇത്തരം ചില ലൊട്ടുലൊടുക്ക് പ്രവര്‍ത്തനങ്ങളിലൂടെയാണ് ദൈവം ഖുര്‍ആന്റെ ദൈവിക ബോധ്യപ്പെടുത്താന്‍ തയ്യാറാവുകയും ചരിത്രത്തില്‍ അത് സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ ഇന്നതെല്ലാം കേവലം കെട്ടുകഥകള്‍ എന്ന നിലക്ക് തള്ളപെടുമായിരുന്നില്ലേ. അതിനാല്‍ ഞാനിവിടെ പറയാന്‍ പോകുന്നത് അത്തരം ചില തെളിവുകളെകുറിച്ചല്ല. അത്തരം അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ തുടര്‍ന്ന് വായിച്ചാല്‍ നിരാശയായിരിക്കും ഫലം. ഇതിവിടെ പറയാന്‍ പ്രത്യേക കാരണം നേരത്തെ പ്രവചാകത്വത്തെ സൂചിപ്പിച്ചപ്പോള്‍ പ്രവാചകന്‍ കാണിച്ച അത്ഭുതങ്ങള്‍ പറയാനായിരുന്നു ചിലരുടെ മുഖ്യ ആവശ്യം. ഖുര്‍ആന്‍ നല്‍കിയ ചോദ്യം അവരോട് ആവര്‍ത്തിക്കാനെ തല്‍ക്കാലം കഴിയൂ. അതുകൊണ്ട് എക്കാലത്തെയും മനുഷ്യന് ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന തെളിവുകളെക്കുറിച്ച് ചര്‍ച ചെയ്യാം.

ഒന്നാമത്തെ തെളിവ്.

ഖുര്‍ആന്‍ ദൈവികമാണെന്നത് ഖുര്‍ആന്റെ അനുയായികള്‍ മാത്രം ഉന്നയിച്ച വാദമല്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. വാദം ഇതാണ്. ഞാന്‍ വല്ല മനുഷ്യന്റെയും വചനമല്ല. സര്‍വലോകനാഥനായ ദൈവത്തിന്റെ വചനമാണ്. തന്റെ പ്രത്യേക മലക്കായ ജിബ്രീല്‍ വഴിയായി, തന്റെ അടിമ മുഹമ്മദിന് അവന്‍ എത്തിച്ചുകൊടുത്തതാണത്. എന്നിങ്ങനെ പലതവണ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു. അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍. (26:192-203)
ഖുര്‍ആന്‍ ദൈവികമാണെന്ന അതിന്റെ വാദംകൊണ്ട് അത് ദൈവികമാണെന്നതിന് തെളിവാകുമോ എന്ന് ചോദിച്ചാല്‍, അല്ല എന്ന് തന്നെയാണ് എന്റെയും മറുപടി. എന്നാല്‍ 'പ്രാഥമികവും അനിവാര്യവുമായ തെളിവ്' എന്ന നിലപാടതിനുണ്ട്. പ്രസ്തുത വാദത്തിന്റെ അഭാവത്തില്‍ വാദസ്ഥാപനവും വാദത്തിന് തെളിവ് കൊണ്ടുവരലും ഒന്നും സാധ്യമാവുകയില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന വാദത്തെ വ്യവസ്ഥാപിതവും ശ്രദ്ധാര്‍ഹവുമാക്കുന്നത് പ്രസ്തുത പ്രസ്ഥാവന തന്നെയാണ്. ആ വാദം ചര്‍ചായോഗ്യമായി തീരുന്നുതും ആ അടിസ്ഥാനത്തിലാണ്.

ഖുര്‍ആന്‍ ദൈവികമാണെന്നതിനെ സംബന്ധിച്ച ചര്‍ചക്ക് അടിസ്ഥാനം ഖുര്‍ആന്‍ സ്വന്തമായി വ്യക്തമായ ഭാഷയില്‍, അങ്ങനെ വാദിക്കുന്നുണ്ടോ ഇല്ലേ എന്നായിരിക്കം. ഉണ്ടെങ്കില്‍ പ്രസ്തുത ചര്‍ച പരിഗണനീയവും പരിശോധനാര്‍ഹവും പഠനാര്‍ഹവുമാണെന്ന് മനസ്സിലാക്കാം. ഇല്ലെങ്കില്‍ നാം അതിന് മിനക്കെടേണ്ടുതുമില്ല. ഇതാണ് പ്രഥമികവും അനിവാര്യവുമായ ഒന്നാമത്തെ തെളിവ് സ്വയം അവകാശവാദം തന്നെയാണ് എന്ന് പറയാന്‍ കാരണം.

ഒന്നുകൂടി വിശദമാക്കാം. ഒരു ഗ്രന്ഥം ദൈവികമാണ് എന്ന് വാദിക്കേണ്ടത് ഒന്നാമതായി ആ ഗ്രന്ഥമോ അതുകൊണ്ടു വന്ന പ്രവാചകനോ ആയിരിക്കണം. അനുയായികളാകരുത്. അനുയായി എന്ന് വെച്ചാല്‍ ആ വാദം അംഗീകരിക്കുന്നവന്‍ മാത്രമാണ്. അതിന് സാക്ഷ്യം വഹിക്കുന്നവനാണ്. മറിച്ച് വാദം അവന്റെ ഉത്തരവാദിത്തമല്ല. വ്യവസ്ഥാപിതമായ ഒരു വാദം മുമ്പില്‍ വന്നുകഴിഞ്ഞാല്‍ മാത്രമേ സാക്ഷ്യത്തിന്റെയും അംഗീകാരത്തിന്റെയും പ്രസക്തിതന്നെ നിലവില്‍ വരികയുള്ളൂ. അതില്ലെങ്കില്‍ പിന്നെ സാക്ഷ്യത്തിന് എന്തര്‍ഥം. ദിവ്യഗ്രന്ഥമാണെന്ന് സ്വയം വാദമില്ലാതെ അതിന് വേണ്ടി തെളിവുകള്‍ ഉന്നയിക്കപ്പെടാം. ജനങ്ങളുടെ വിശ്വാസപരമായ അതിരുകവിച്ചില്‍ കാരണമായി ചരിത്രത്തില്‍ അപ്രകാരം സംഭവിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ വേദങ്ങളാവുകയും മനുഷ്യര്‍ ദൈവമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വയം ഈ അവകാശവാദം ഉന്നയിക്കപ്പെട്ടിട്ടുണ്ടാവില്ല.

ഒരിക്കള്‍ കൂടി പറയട്ടേ. ഈ അവകാശവാദം സ്വയമൊരു തെളിവല്ല. പക്ഷെ നമ്മുടെ ചര്‍ച ഇത് അനിവാര്യമാക്കി മാറ്റുന്നു. ആ നിലക്ക് പ്രാഥമികമായ ഒന്നാമത്തെ തെളിവ് ഈ സ്വയം അവകാശവാദം തന്നെ.

4 അഭിപ്രായ(ങ്ങള്‍):

സന്തോഷ്‌ പറഞ്ഞു...

tracking

CKLatheef പറഞ്ഞു...

ഖുര്‍ആന്‍ ദൈവികവെളിപാടോ അതല്ല വെളിച്ചപ്പാടോ ?

മുക്കുവന്‍ പറഞ്ഞു...

വാദം ഇതാണ്. ഞാന്‍ വല്ല മനുഷ്യന്റെയും വചനമല്ല. സര്‍വലോകനാഥനായ ദൈവത്തിന്റെ വചനമാണ്. തന്റെ പ്രത്യേക മലക്കായ ജിബ്രീല്‍ വഴിയായി, തന്റെ അടിമ മുഹമ്മദിന് അവന്‍ എത്തിച്ചുകൊടുത്തതാണത്. എന്നിങ്ങനെ പലതവണ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കു..


wa..waa. what a statement! If I write a book and repeat this million time, will you accept my book is written by god?

CKLatheef പറഞ്ഞു...

മുക്കുവന്‍,

ഞാന്‍ ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഖുര്‍ആന്‍ ദൈവികമാണ് എന്ന് പറയുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ മാത്രമേ താങ്കളുടെ ചോദ്യത്തിന് പ്രസക്തിയുള്ളൂ. താങ്കളുടെ ഈ വാദം ജനങ്ങളെ രണ്ടാലൊരു സമീപനത്തിന് പ്രേരിപ്പിക്കും. ഒന്നുകില്‍ താങ്കളെ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാതിരിക്കുക. അല്ലെങ്കില്‍ താങ്കളുടെ വാദത്തില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കുക. രണ്ടാലേത് തരഞ്ഞെടുത്താലും അതിന് ന്യായം വേണം.

ഖുര്‍ആന്റെ അവകാശവാദം ജനസമൂഹത്തിന് മുമ്പില്‍ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പിന് നിര്‍ബന്ധിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞുവെച്ചത്. അതുകൊണ്ട് ഇതിനെ പ്രഥമികവും അനിവാര്യവുമായ തെളിവ് എന്ന് വിളിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review