2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് അഞ്ചാമത്തെ തെളിവ്.

സുമനസ്സുകളുടെ ജീവിതസാക്ഷ്യം

ഖുര്‍ആന്റെ ദൈവികതക്ക് അഞ്ചാമത്തെ തെളിവ്, അതിനെ  കാല-ദേശ-ഭാഷാ-വര്‍ണ്ണ വൈജാത്യങ്ങക്കതീതമായി  ജീവിതത്തിന്റെ ചിന്താധാരയാക്കി പരിവര്‍ത്തിപ്പിച്ച സമൂഹത്തിലെ ഉന്നതരും സാധാരണക്കാരുമായ സുമനസ്സുകളുടെ സാക്ഷ്യമാണ്. ചരിത്രത്തില്‍ ഇത്രയും ജനങ്ങളുടെ ജീവിതത്തെ നിയന്ത്രിച്ച മറ്റേത് ഗ്രന്ഥമാണ് ലോകത്തുള്ളത്?. ഖുര്‍ആന്‍ ലക്ഷ്യം വെക്കുന്നത് ജനഹൃദയങ്ങളെ സ്വാധീനിച്ച് അതിന്റെ സന്‍മാര്‍ഗം സ്വീകരിക്കാന്‍ മനുഷ്യനെ സന്നദ്ധമാക്കുക എന്നതാണ്. ഖുര്‍ആന്‍ ചില അത്ഭുതങ്ങള്‍ കാണിക്കണമെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ഞങ്ങള്‍ വിശ്വസിക്കാം എന്നും പറഞ്ഞ ചിലര്‍ ഈ ഖുര്‍ആന്‍ അവതരിച്ച കാലത്തുണ്ടായിരുന്നു. അവര്‍ ഇപ്പോഴുമുണ്ട്. ഞാനീ പറയുന്നത് അതുകൊണ്ടുതന്നെ     ഒരു തെളിവായി സ്വീകരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. താഴെ നല്‍കിയ ഖുര്‍ആന്‍ സൂക്തത്തില്‍നിന്ന് അത്തരക്കാരുടെ ആവശ്യവും അവര്‍ക്ക് ഖുര്‍ആന്‍ നല്‍കിയ മറുപടിയും വ്യക്തമാണ്:

"പര്‍വതങ്ങളെ ചലിപ്പിക്കുകയോ ഭൂമിയെ പിളര്‍ത്തുകയോ മരിച്ചവരെ ശ്മശാനങ്ങളില്‍ നിന്നെഴുന്നേല്‍പിച്ചു സംസാരിപ്പിക്കുകയോ ചെയ്യാന്‍ ശക്തിയുളള ഒരു ഖുര്‍ആനാണ് അവതരിപ്പിച്ചിരുന്നതെങ്കില്‍ എന്താണുണ്ടാവുക? (ഇത്തരം ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുക പ്രയാസകരമൊന്നുമല്ല) എന്നാല്‍ അധികാരമത്രയും അല്ലാഹുവിന്റെ ഹസ്തത്തില്‍ മാത്രമാകുന്നു. (ഇതുവരെ നിഷേധികളുടെ ആവശ്യത്തിനു മറുപടിയായി എന്തെങ്കിലും ദിവ്യാത്ഭുതം പ്രത്യക്ഷമാകുമെന്ന് ആശിച്ചുകൊണ്ടിരുന്ന) വിശ്വാസികള്‍ അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ സകല മനുഷ്യരെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു (എന്നു മനസ്സിലാക്കി) ആ വിചാരം വെടിഞ്ഞിട്ടില്ലേ?..." (13:31)

ദൃഷ്ടാന്തങ്ങള്‍ കാണിക്കാതിരിക്കാനുള്ള അടിസ്ഥാന കാരണം, അവ കാണിക്കാന്‍ അല്ലാഹുവിന് കെല്‍പില്ലാത്തതല്ല; പ്രത്യുത, ആ മാര്‍ഗം സ്വീകരിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്നതാണ്. എന്തുകൊണ്ടെന്നാല്‍ ജനങ്ങള്‍ക്ക് സന്‍മാര്‍ഗം കാണിച്ചുകൊടുക്കുക എന്നതാണ് ഇവിടെ മൌലിക ലക്ഷ്യം; ഏതെങ്കിലും ഒരു പ്രവാചകനില്‍ വിശ്വസിക്കുക എന്നതല്ല. മാര്‍ഗദര്‍ശനമാവട്ടെ, ജനങ്ങളുടെ ചിന്തയിലും വീക്ഷണത്തിലും മാറ്റം വരാതെ സാധ്യവുമല്ല.

(ഈ സുക്തത്തിന്റെ പുര്‍ണരൂപം വ്യാഖ്യാന സഹിതം വായിക്കാന്‍ ഇവിടെ പോകുക.)

ഖുര്‍ആനിന്റെ  ചോദ്യം പ്രസക്തമാണ്. അങ്ങനെ അവരാവശ്യപ്പെട്ടത് പോലെ ചില കണ്‍കെട്ട് വിദ്യകള്‍ കാണിച്ചിരുന്നെങ്കില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുമായിരുന്നില്ല. മറിച്ച് മുഴുവന്‍ മനുഷ്യരെയും എന്തെങ്കിലും ചെയ്ത് സന്‍മാര്‍ഗത്തിലാക്കുക ദൈവത്തിന്റെ ഉദ്ദേശ്യവുമല്ല. അപ്രകാരം ചെയ്തിരുന്നെങ്കില്‍ ഖുര്‍ആന് ഇന്ന് കാണുന്നത് പോലുള്ള സ്വീകാര്യത ലഭിക്കുമായിരുന്നില്ല. കാരണം വിശ്വസിക്കാന്‍ തീരുമാനിക്കാത്ത ചിലരുടെ വാദങ്ങള്‍ മാത്രമായിരുന്നു അവ. അതുകൊണ്ട് ഖുര്‍ആന്‍ അതിന്റെ അമാനുഷിക പുലര്‍ത്തുന്നത് അതിന്റെ ശൈലിയിലും സാഹിത്യത്തിലുമാണ്. അത് ഇന്നും ജനഹൃദയങ്ങളെ കീഴടക്കുന്നു. ഉദാഹരണത്തിന് പൗരാണികവും ആധുനികവുമായ രണ്ട് സംഭവത്തെ ചൂണ്ടിക്കാണിക്കാനെ ഇവിടെ ശ്രമിക്കുന്നൂള്ളൂ. പതിനായിരക്കണക്കിന് സംഭവങ്ങള്‍ കാണാന്‍ കഴിയും.

ആദ്യമായി ഖുര്‍ആന്‍ കീഴ്‌പെടുത്തിയ സംഭവം പിന്നീട് രണ്ടാം ഖലീഫയായി മാറിയ ഉമറിന്റെ സാക്ഷ്യമാണ്. ഹദീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം തന്നെ ഇവിടെ നല്‍കുന്നു. "ഉമര്‍(റ) ഒരു ദിവസം നബി(സ)യെ വധിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടതായിരുന്നു. വഴിക്കുവെച്ച് ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: `ആദ്യം താങ്കളുടെ വീട്ടിലെ കാര്യം നോക്കുക. താങ്കളുടെ സഹോദരിയും അവളുടെ ഭര്‍ത്താവും ഈ പുതിയ മതത്തില്‍ ചേര്‍ന്നിരിക്കുന്നു.` ഇതുകേട്ട ഉമര്‍ നേരെ സഹോദരിയുടെ വീട്ടിലേക്ക് നടന്നു. അവിടെ ഹസ്രത്ത് ഖബ്ബാബുബ്നു അറത്ത്(റ), ഉമറിന്റെ സഹോദരി ഫാത്വിമക്കും അവരുടെ ഭര്‍ത്താവിനും ഒരു ഏട് വായിച്ചുകേള്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉമറിനെ കണ്ട ഉടനെ ഫാത്വിമ പ്രസ്തുത ഏട് ഒളിപ്പിച്ചു. പക്ഷേ, അവരുടെ പാരായണം ഉമര്‍ കേട്ടിരുന്നു. അദ്ദേഹവും അവരുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് സഹോദരീ ഭര്‍ത്താവിന്റെ മേല്‍ ചാടിവീണ് അദ്ദേഹത്തെ മര്‍ദിക്കാന്‍ തുടങ്ങി. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഫാത്വിമക്കും അടികിട്ടി. അവരുടെ തലക്ക് മുറിവേറ്റു. ഒടുവില്‍ ഫാത്വിമയും ഭര്‍ത്താവും പറഞ്ഞു: `അതെ, ഞങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. നിനക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുകൊള്ളുക.` അടികൊണ്ട് സഹോദരിയുടെ രക്തം ഒലിക്കുന്നത് കണ്ട ഉമറില്‍  കുറ്റബോധമുണ്ടായി. അദ്ദേഹം അവരോടു പറഞ്ഞു: `ശരി, നിങ്ങള്‍ വായിച്ചുകൊണ്ടിരുന്ന ആ ഏട് എന്നെയും കാണിക്കുക.` താന്‍ അത് കീറിക്കളയുകയില്ലെന്ന് അദ്ദേഹത്തെക്കൊണ്ടവര്‍ സത്യം ചെയ്യിച്ചു. പിന്നെ കുളിച്ചു ദേഹശുദ്ധിവരുത്തിവരാനാവശ്യപ്പെട്ടു. ഉമര്‍(റ)  കുളികഴിഞ്ഞുവന്ന് പ്രസ്തുത ഏടുകളെടുത്ത് വായിച്ചു തുടങ്ങി. സൂറ ത്വാഹായായിരുന്നു ആ ഏടില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതുവായിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) പറഞ്ഞുപോയി, `ഹാ! എത്ര സുന്ദരമായ വചനങ്ങള്‍.` ഇതു കേട്ടപ്പോള്‍, അവിടെ മറഞ്ഞിരിക്കുകയായിരുന്ന ഖബ്ബാബുബ്നു അറത്ത്(റ)  വെളിയില്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവാണ! പ്രവാചകന്റെ ദൌത്യം പ്രചരിപ്പിക്കുന്നതില്‍ താങ്കളെക്കൊണ്ട് മഹത്തായ സേവനങ്ങള്‍ അല്ലാഹു ചെയ്യിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അബുല്‍ഹകമുബ്നു ഹിശാമോ (അബൂജഹല്‍) ഉമറുബ്നുല്‍ ഖത്താബോ ഇവരിലാരെങ്കിലും ഒരാളെ ഇസ്ലാമിന്റെ സംരക്ഷകനാക്കിത്തരേണമേ  എന്ന് നബി(സ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് ഇന്നലെ കൂടി ഞാന്‍ കേട്ടതാണ്. അല്ലയോ ഉമര്‍! അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വരിക, അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വരിക.` ഈ വാക്കുകള്‍ ഉമറിന്റെ ഹൃദയത്തില്‍ ആഞ്ഞുതറച്ചു. അദ്ദേഹം അപ്പോള്‍തന്നെ ഖബ്ബാബു(റ)മൊത്ത് തിരുനബി (സ)യുടെ മുമ്പില്‍ ചെന്ന് ഇസ്ലാം ആശ്ളേഷിച്ചു."

ഇവിടെ ഖുര്‍ആനാണ് പ്രവാചകനെ വധിക്കാന്‍ പുറപ്പെട്ടുവന്ന ഉമര്‍ എന്ന കരുത്തുറ്റ ധീരനെ സ്വാധീനിച്ചത് എന്ന് വ്യക്തം.

നമ്മുക്ക് ഇനി വര്‍ത്തമാന കാലത്തിലേക്ക് വരാം. ലോകമാസകലം പ്രചരിക്കപ്പെട്ട താലിബാനികളുടെ ക്രൂരതകള്‍ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് യിവോണ്‍ റിഡ്‌ലി എന്ന് ധീരയായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തക വേഷം മാറി അഫ്ഘാനിസ്ഥാനിലെത്തിയത്. അവര്‍ താലിബാന്‍ പട്ടാളക്കാരുടെ പിടിയില്‍ പെട്ടു. മോചിപ്പിക്കുന്നതിന് പകരമായി ആവശ്യപ്പെട്ടത് തങ്ങള്‍ നല്‍കുന്ന വിശുദ്ധഖുര്‍ആനിന്റെ പരിഭാഷ പാരായണം ചെയ്യണം എന്നാണ്. അവര്‍ നല്‍കിയ ഖുര്‍ആനുമായി തിരിച്ച അവര്‍ രണ്ട് വര്‍ഷത്തിന് ശേഷം അതേ ഗ്രന്ഥത്തിന്റെ അനുയായി മാറി. ഇന്നവര്‍ അതിന്റെ പ്രചാരകയാണ്. സംഭവബഹുലമായ ആ ജീവിതം ഇതാ ഇവിടെ.

ഒരുപാട് സംഭവങ്ങള്‍ പറഞ്ഞ് ഈ പോസ്റ്റ് നീട്ടണം എന്നാഗ്രഹിക്കുന്നില്ല.  ഖുര്‍ആനിലൂടെതന്നെ ഇസ്‌ലാമിക ആദര്‍ശം ഉള്‍കൊണ്ട് അതിന്റെ അനുയായിയായി മാറിയവരുടെ കൂടുതല്‍ സംഭങ്ങള്‍ പുതുതായി വന്നുകൊണ്ടിരിക്കും.

വിശുദ്ധഖുര്‍ആന്‍ മുഹമ്മദ് നബിക്ക് ദൈവം അവതരിപ്പിച്ച വേദഗ്രന്ഥമാണെന്ന് മുമ്പൊരിക്കല്‍ പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് ചോദിച്ചു. അതിന് ആരെങ്കിലും സാക്ഷികളുണ്ടോ എന്ന്. അതെ ഉണ്ട് അവതരിച്ചുകൊണ്ടിരുന്ന 23 വര്‍ഷം മക്കയില്‍ ജീവിച്ച ജനത ആ അത്ഭുത സംഭവത്തിന് സാക്ഷിയായി. അവര്‍ തങ്ങളുടെ ജീവിതം അതിന് വേണ്ടി സമര്‍പിച്ചുകൊണ്ട് തങ്ങള്‍ അനുഭവിച്ചറിഞ്ഞ കാര്യത്തെ സത്യപ്പെടുത്തി.

കൂടാതെ ഒരു കാര്യം നാം പ്രത്യേകം ഓര്‍ക്കണം. ഭാഷാ ഭംഗിയുടെയും സാഹിത്യത്തിന്റെയും പ്രഭാവപ്രകടനത്തിനുള്ള സാക്ഷാല്‍ രംഗം. കവിതാ-സാഹിത്യ കൃതികളാണ്. ലോകചരിത്രത്തില്‍ സാഹിത്യ പ്രഭാവത്തിന്റെ വ്യക്തിമുദ്രപതിപ്പിച്ചവരെല്ലാം അത് കരസ്ഥമാക്കിയത് സാഹിത്യ പ്രതിപാദനങ്ങള്‍ കവിതകള്‍ മുതലായ മാര്‍ഗങ്ങളില്‍കൂടിയാണ്. ധര്‍മം, മതം, തുടങ്ങിയ വരണ്ട വിഷയങ്ങളെക്കുറിച്ച് എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തുകൊണ്ട് ഭാഷാസാഹിത്യത്തില്‍ നിസ്തുല മാതൃക സൃഷ്ട്രിച്ച ഒരാളുടെയെങ്കിലും ഉദാഹരണമെടുത്ത് കാണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിനും പുറമെ സാഹിത്യലേഖനങ്ങളും കവിതകളുമായിരുന്നാല്‍ തന്നെ അവയിലെ ഏറ്റവും ഉയര്‍ന്ന് കൃതികളില്‍പോലും സാഹിത്യപരമായ ഉന്നതനിലവാരം ആദ്യാവസാനം നിലനില്‍ക്കാറില്ല എന്നതാണ് വാസ്തവം. ഖുര്‍ആന്‍ ഇതില്‍നിന്നെല്ലാം അപവാദമാണ്. എന്നാല്‍ ഇതുകൊണ്ടുവന്ന വ്യക്തി നാല്‍പത് വയസുവരെ ഇതേ രൂപത്തില്‍ ഒരു വാചകം പോലും പറഞ്ഞിട്ടില്ല. സാഹിത്യഭംഗിയുടെ അഴകാര്‍ന്ന ഉടയാട ആമൂലാഗ്രം അലങ്കരിക്കപ്പെട്ട വിശുദ്ധഖുര്‍ആന്‍ കൊണ്ടുവന്ന പ്രവാചകന്‍ എഴുത്തോ വായനോ അറിയാത്ത നിരക്ഷരനായിരുന്നു. അതുകൊണ്ടുതന്നെ ഇത് മനുഷ്യവചനമാണെന്ന് സമ്മതിക്കാന്‍ മനുഷ്യബുദ്ധി പ്രയാസപ്പെടും തീര്‍ച.
 

1 അഭിപ്രായ(ങ്ങള്‍):

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഇത്രയും വസ്തുനിഷ്ടമായി കാര്യങ്ങള്‍ പറഞ്ഞിട്ടും വെറുതെ ബ്ളാ ബ്ളാ എന്ന് കൈകാലിട്ടടിക്കുന്ന 'പുത്തിമാന്‍മാരായ' യുക്തിവാദികളെയൊന്നും ഇതിണ്റ്റെ പരിസരത്തു പോലും കാണാനില്ല. അവര്‍ക്കു 'വെളിവുണ്ടെങ്കില്‍' ഈ തെളിവുകളെയെല്ലാം ഘണ്ഡിക്കട്ടെ! ഒന്നിനും കഴിയില്ല. പകരം ഖുറ്‍ആന്‍ യുദ്ദം ചെയ്യാന്‍ പറഞ്ഞെന്നും മദ്യ 'പുഴ' ഉണ്ടെന്നു പറഞ്ഞെന്നും പറഞ്ഞ്‌ വെറുതേ സമയം കളയുകയായിരിക്കും അവര്‍ക്കിഷ്ടം. എന്നിട്ട്‌ കാണുന്ന ബ്ളോഗ്‌ മുഴുവന്‍ 'മാനവകുലത്തിനു'വേണ്ടി എന്ന് അലമുറയിട്ട്‌ കരയുകയും ചെയ്യും!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review