2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് മൂന്നാമത്തെ തെളിവ്.

ഇസ്രാഈലീ പണ്ഡിതന്‍മാരുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന്റെ മൂന്നാമത്തെ തെളിവ് പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന ജൂതന്‍മാരും ക്രിസ്ത്യാനികളുമായിരുന്ന ഇസ്രഈലി പണ്ഡിതന്‍മാരുടെ സാക്ഷ്യമാണ്. ഒരു പ്രവാചകന്റെയും ദൈവികഗ്രന്ഥത്തിന്റെയും ആഗമനം ജൂതക്രൈസ്തവ പണ്ഡിതന്‍മാര്‍ പ്രതീക്ഷിച്ചിരുന്നു. പ്രവാചകന് ദിവ്യബോധനം ലഭിച്ച ഉടനെ കാര്യമറിയാനായി പത്‌നി ഖദീജ അഭിപ്രായമാരാഞ്ഞ വറഖത്ത് ബ്‌നു നൗഫല്‍ എന്ന് ക്രിസ്തീയ പണ്ഡിതനും ഖദീജയുടെ ബന്ധുവുമായ വയോവൃദ്ധന്‍ ഇക്കാര്യം വ്യക്തമാക്കിയപ്പോഴാണ് ഖദീജയുടെയും പ്രവാചകന്റെയും ആശങ്കനീങ്ങിയത്. മക്കയില്‍ ജൂതക്രൈസ്തവരുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ഉണ്ടായിരുന്നത് മദീനയിലായിരുന്നു. മൂന്ന് പ്രബല ജൂതഗോത്രങ്ങളുടെ ആ്‌വാസ സ്ഥലമായിരുന്നു മദീന. അവരോട് കൂടെ സഹവസിച്ചിരുന്ന ഔസ് ഖസ്‌റജ് എന്ന രണ്ട് പ്രബല അറബി ഗോത്രങ്ങളുമായി പലപ്പോഴും തര്‍ക്കം നിലനിന്നിരുന്നു. ഈ സന്ദര്‍ഭത്തില്‍ ജൂതന്‍മാര്‍ പറയുമായിരുന്നു. ഞങ്ങളില്‍ ഒരു പ്രവാചകന്‍ വരാനുണ്ട് അദ്ദേഹം വന്നാല്‍ നിങ്ങളെ ഞങ്ങള്‍ തോല്‍പിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ സ്വഭാവവും രൂപവും അവര്‍ക്ക് ജൂതന്‍മാരില്‍നിന്ന് അറിയാമായിരുന്നു.

മദീനയില്‍നിന്ന് ഹജ്ജിന് വന്ന അറബി ഗോത്രങ്ങള്‍ മക്കക്കാരുടെ നിയന്ത്രണം അവഗണിച്ച് പ്രവാചകനുമായി സന്ധിച്ചു. ജൂതന്‍മാര്‍ ചിത്രീകരിച്ചുകൊടുത്ത മുഴുവന്‍ ലക്ഷണങ്ങളും പ്രവാചകനില്‍ യോജിച്ചതായി അവര്‍ കണ്ടു. ഇതോടെ ജൂതന്‍മാര്‍ സ്വീകരിക്കുന്നതിന് മുമ്പായി തങ്ങള്‍ക്ക് അദ്ദേഹത്തെ പിന്തുടരേണ്ടതുണ്ട് എന്ന് മനസ്സിലാക്കി മുസ്‌ലിംകളായിട്ടാണ് അവര്‍ മദീനയിലേക്ക് മടങ്ങിയത്. അവരുടെ വാഗ്ദാനമനുസരിച്ചാണ് പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്തത്. മദീനയിലെത്തിയ പ്രവാചകനെ ജൂതന്‍മാര്‍ വരവേറ്റു. പക്ഷെ അവരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞതിനാല്‍ അവരദ്ദേഹത്തെ പെട്ടെന്ന് പിന്‍പറ്റാന്‍ സന്നദ്ധമായില്ല. സത്യത്തില്‍ സ്വന്തം മക്കളെ അറിയുന്ന പ്രകാരം അവര്‍ക്ക് പ്രവാചകന്‍ കൊണ്ടുവന്ന സത്യത്തെ
 തിരിച്ചറിയാന്‍ കഴിയുമായിരുന്നു.('നാം വേദം നല്‍കിയിട്ടുള്ള ജനങ്ങള്‍ ഈ സത്യം അവരുടെ മക്കളെ അറിയുംപ്രകാരം സംശയലേശമന്യേ അറിയുന്നുണ്ട്.' 6:20) പക്ഷെ അഹങ്കാരവും അസൂയയും അവരില്‍ പലരെയും പിന്തിരിച്ചപ്പോള്‍ അവരിലെ സാദാത്തുക്കളായ പണ്ഡിതന്‍മാരും നേതാക്കളും  നേതാക്കളും ഈ സത്യത്തില്‍നിന്ന് മാറിനിന്നില്ല. ആ നല്ല മനുഷ്യര്‍ ഈ ഖുര്‍ആനിന്റെ അനുയായികളായി മാറി. കാരണമായി ഖുര്‍ആന്‍തന്നെ പറഞ്ഞുതരുന്നു.

'നാം ഗ്രന്ഥം (തൗറാത്ത്) നല്‍കിയവര്‍ക്കറിയാം, തീര്‍ചയായും ഇത് (ഖുര്‍ആന്‍ ) നിന്റെ നാഥന്റെ പക്കല്‍നിന്ന് സത്യസമ്മേതം അവതരിപ്പിക്കപ്പെട്ടതാണെന്ന്' (6:114). ഈ വചനത്തിന്റെ പുലര്‍ച നാം ചരിത്രത്തില്‍ കാണുന്നു. ഇന്നും അത് ആവര്‍ത്തികപ്പെട്ടുകൊണ്ടിരിക്കുന്നു.

അത്തരം സത്യസ്‌നേഹികളുടെ വളരെ നീണ്ട ഒരു പട്ടിക ചരിത്രം നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അബ്‌സീനിയ (ഏത്യോപ്യ)യിലെ ഭരണാധിപനായ നജ്ജാശി, അദ്ദേഹത്തിന്റെ സഹോദരിപുത്രനായ ദൂമഖ്മര്‍, ഫലസ്തീനിലെ റോമന്‍ ഗവര്‍ണറും ബിഷപ്പുമായ ഇബ്‌നു നാത്തൂര്‍,
നജ്‌റാനിലെ ക്രിസ്തീയ ഭരണമേധാവിയുടെ സഹോദരന്‍ കുര്‍സുബ്‌നു അല്‍ഖമ, ബനൂത്വയ്യ് ഗോത്രനേതാവായ അദിയ്യുബ്‌നു ഹാത്തിം, സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍മാരായ കഅബുല്‍ അഹ്ബാര്‍, വഹബ്‌നു മുനബ്ബഹ്, അബ്ദുല്ലാഹിബ്‌നു സലാം തുടങ്ങിയ പണ്ഡിതനേതാക്കളും അവരോടൊപ്പവും അല്ലാതെയും ധാരാളം വേദക്കാരും ഈ വിശുദ്ധഖുര്‍ആനിന്റെ അനുയായികളായി മാറി.

ജൂതരും ക്രിസ്ത്യാനികളുമായിരുന്ന ഈ ആള്‍ക്കാര്‍ ഖുര്‍ആനില്‍ വിശ്വസിച്ചു എന്നത് ഖുര്‍ആനിന്റെ സത്യസന്ധതക്ക് തെളിവായി ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നു :

'ഇസ്രാഈലീ പണ്ഡിതന്‍മാര്‍ ഇത് (ഖുര്‍ആന്‍ ) തിരിച്ചറിയുന്നുവെന്ന പരമാര്‍ത്ഥം ഇവര്‍ക്കൊരു ദൃഷ്ടാന്തമായിട്ടില്ലേ' (26:197)

അങ്ങനെ അവരിലുണ്ടായിരുന്ന യഥാര്‍ഥ പണ്ഡിതന്‍മാരും ദൈവഭയമുള്ളവരും സത്യത്തോടുള്ള സ്‌നേഹം സാമുദായിക പക്ഷപാതിത്വത്തിന് അടിയറ വെക്കാത്തവരും ഒട്ടും സംശയിച്ചു നില്‍ക്കാതെ ഖുര്‍ആനെ ആശ്ലേഷിക്കുകയുണ്ടായി. ഖുര്‍ആന്റെ സന്ദേശങ്ങള്‍ അവരുടെ മുന്നില്‍ സമര്‍പ്പിതമായപ്പോള്‍ തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന അമൂല്യസമ്പത്ത് കയ്യില്‍കിട്ടിയ അനുഭൂതിയാണ് അവര്‍ക്കനുഭവപ്പെട്ടത്. ചരിത്രപരമായ പരമാര്‍ഥം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയതിങ്ങനെ.

'അങ്ങനെ നാം ഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ (ഖുര്‍ആനില്‍ ) വിശ്വസിക്കുന്നു.' (29:47)

അബ്ദുല്ലാഹിബ്‌നുസലാമിനെ പോലുള്ള ക്രിസ്തീയ പണ്ഡിതരുടെ അനുഭവം ഖുര്‍ആനില്‍ ഇങ്ങനെ വിവരിക്കുന്നു.

'ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നതു നിനക്കു കാണാം. അവര്‍ പറഞ്ഞുപോകുന്നു: `നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!` അവര്‍ പറയുന്നു: `ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ കൊതിച്ചിരിക്കെ, അല്ലാഹുവിലും ഞങ്ങളിലാഗതമായ സത്യത്തിലും ഞങ്ങള്‍ എന്തിനു വിശ്വസിക്കാതിരിക്കണം?!`' (5:83,84)

എങ്ങനെയാണ് ഇസ്‌റാഈലി പണ്ഡിതന്‍മാര്‍ക്ക് പ്രവാചകനെയും ഖുര്‍ആനെയും ദൈവികഗ്രന്ഥമായി മനസ്സിലാക്കിയത്. എന്ന് ചിന്തിക്കുമ്പോള്‍ അവരുടെ വേദങ്ങളില്‍ ഇവ രണ്ടിനെയും കുറിച്ച വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ നാം എത്തിച്ചേരും. ഖുര്‍ആനിന്റെ സൂക്തങ്ങള്‍ അത് കേവലം നിഗമനമല്ല സത്യം തന്നെ എന്ന് അതിന്റെ അനുയായികള്‍ക്ക് അറിയിപ്പും നല്‍കുന്നു.
'തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.'(7:157)

എന്തുകൊണ്ട് ഖുര്‍ആനെക്കുറിച്ച് മാത്രം മറ്റുവേദങ്ങളില്‍ പരാമര്‍ശമുണ്ടാകുന്നു എന്ന് സാധാരണ ചോദിക്കപ്പെടാറുണ്ട്. മറുപടി ഖുര്‍ആന്‍ മനുഷ്യര്‍ക്കാകമാനമുള്ള ദൈവികദര്‍ശനത്തിന്റെ അവസാന പതിപ്പാണ്. മുന്‍കാലത്ത് നല്‍കപ്പെട്ടതെല്ലാം പ്രത്യേക കാലത്തേക്കും ദേശത്തേക്കും മാത്രമായിരുന്നു. സാര്‍വലൗകികവും സാര്‍വകാലികവുമായ ഒരു ദിവ്യസന്ദേശത്തിന്റെ വാഹകനെക്കുറിച്ച മുന്നറിയിപ്പ് അതുകൊണ്ട് പുര്‍വവേദങ്ങളില്‍ അപ്രതീക്ഷിതമല്ല. എല്ലാറ്റിന്റെയും ദാതാവ് ദൈവമായിരിക്കെ അതില്‍ ഒരു മാനക്കേട് തോന്നേണ്ട കാര്യമില്ല. ഖുര്‍ആന്‍ എന്തെങ്കിലും ഒരു പുതിയ വിശ്വാസം കൊണ്ടുവന്നിട്ടില്ല. മനുഷ്യ സമൂഹത്തിന് നല്‍കപ്പെട്ട സന്ദേശങ്ങളുടെ തുടര്‍ചതന്നെയായിരുന്നു ഇതെന്ന് പറയുന്നതില്‍ ആ ഗ്രന്ഥം ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. ഖുര്‍ആന്‍ പറഞ്ഞു:
 
'പൂര്‍വജനങ്ങളുടെ ഈ കഥകളില്‍, ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് പാഠമുണ്ട്. ഖുര്‍ആനില്‍ ഈ പറഞ്ഞുകൊണ്ടിരിക്കുന്നതൊന്നും കെട്ടിച്ചമച്ച വൃത്താന്തങ്ങളല്ല. പ്രത്യുത അതിനുമുമ്പ് അവതീര്‍ണമായിട്ടുള്ള വേദപ്രമാണങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതും സകല സംഗതികളുടെയും വിശദീകരണവും സത്യവിശ്വാസം കൈക്കൊണ്ട ജനത്തിനുളള സന്മാര്‍ഗവും ദൈവകാരുണ്യവുമാകുന്നു. (12:111)

ഈ സത്യം പൂര്‍വികരായ വേദപണ്ഡിതന്‍മാരില്‍ പലരും മനസ്സിലാക്കി എന്നാണ് നാം പറഞ്ഞുവന്നത്. ജൂതരും ക്രൈസ്തവരുമായിരുന്ന ഈ ആള്‍ക്കാര്‍ ഖുര്‍ആനില്‍ വിശ്വസിച്ചതുതന്നെ, തൗറാത്തിലും ഇഞ്ചീലിലുമുണ്ടായിരുന്ന പ്രവചനങ്ങളുടെ പുലര്‍ചയാണ് ഖുര്‍ആനെന്നതിന് മതിയായ തെളിവാണ്. കാരണം അവര്‍ വേദവും ന്യായപ്രമാണവുമുള്ളവരായിരുന്നു. ഖുറൈശികളെ പോലെ ഗ്രന്ഥരഹിതരായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഗ്രന്ഥമില്ലാത്ത നിര്‍ഭാഗ്യം ദൂരീകരിക്കാന്‍ ഖുര്‍ആന്‍ ദൈവികമാണെന്ന് അവര്‍ കണ്ടമാനം സമ്മതിച്ചുപൊയതാണ് എന്ന് പറയാമായിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ലാതെ തൗറാത്തിനും ഇഞ്ചീലിനും പകരം ഖുര്‍ആനെ അനുധാവനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചുവെങ്കില്‍ അവരുടെ ഈ അസാമാന്യമായ നെഞ്ചുറപ്പ് ആവശ്യമായ കര്‍മത്തിന് മനഃശാസ്ത്രപരമായും ബുദ്ധിപരമായും അതിന് നമ്മുക്ക് ലഭിക്കുന്ന തൃപ്തികരമായ ന്യയം ഇതാണ്. തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ച പ്രവചനങ്ങള്‍ അവര്‍ കണ്ടു. മറുവശത്ത് ഖുര്‍ആനെയും പ്രവാചകനെയും കുറിച്ച് അവര്‍ ചിന്തിച്ചു. അതോടെ അവരുടെ ഹൃദയങ്ങള്‍ വിളിച്ചു പറഞ്ഞു. തങ്ങക്ക് മുമ്പേ അറിവുനല്‍കപ്പെട്ടിരുന്നതിതാ പുലര്‍ന്നു കഴിഞ്ഞുവെന്ന്. അനന്തരം തങ്ങളുടെ സത്യസ്‌നേഹം അതുസ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിച്ചു.

8 അഭിപ്രായ(ങ്ങള്‍):

സന്തോഷ്‌ പറഞ്ഞു...

എന്താണ് ഇഞ്ചീല്‍‍?

CKLatheef പറഞ്ഞു...

ഇസാ നബിക്ക് ദൈവത്തിങ്കല്‍ നിന്ന് ലഭിച്ച വേദമാണ് ഇഞ്ചീല്‍ എന്നാണ് ഖുര്‍ആനിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ പ്രവാചകന്റെ കാലത്ത് അന്നത്തെ ക്രിസ്ത്യാനികളുടെ കൈവശമുള്ള സുവിശേഷങ്ങളെയും ഖുര്‍ആന്‍ ഇഞ്ചീല്‍ എന്ന് വിളിച്ചിട്ടുണ്ട്. ഏത് സന്ദര്‍ഭത്തിലാണ് അതുപയോഗിച്ചിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏത് ഇഞ്ചീലാണ് മനസ്സിലാക്കുന്നത്.

CKLatheef പറഞ്ഞു...

ഇന്ന് കാണപ്പെടുന്ന തൗറാത്തിന്റെയു ഇഞ്ചീലിന്റെയും മാറ്റം വന്ന രൂപങ്ങള്‍ എന്നറിയപ്പെടുന്ന ബൈബിള്‍ പഴയനിയമത്തിലും പുതിയ നിയമത്തിലും മുഹമ്മദ് നബിയെക്കുറിച്ച മുന്നറിയിപ്പുകള്‍ ഉണ്ടോ. അതെ എന്ന് മുസ്്‌ലിംകളും ഇല്ല എന്ന് ക്രിസ്ത്യാനികളും വാദിക്കുന്നു. ഒരു കാര്യം പറയട്ടെ. ഇന്ന് കാണുന്ന ബൈബിളില്‍ മുഹമ്മദ് നബിയെക്കുറിച്ച പരാമര്‍ശം ഉണ്ടെന്ന് വിശ്വസിക്കല്‍ മുസ്ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമൊന്നുമല്ല. അങ്ങനെ ഉറപ്പിച്ച് ക്രൈസ്തവ സഹോദരങ്ങള്‍ പറയുന്നുവെങ്കില്‍ അതവരുടെ വിശ്വാസം. എന്നാല്‍ മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ബൈബിളില്‍ അപ്രകാരം പരാമര്‍ശമുണ്ടായിരുന്നു എന്നെങ്കിലും മുസ്്‌ലിംകള്‍ വിശ്വസിക്കാന്‍ ബാധ്യസ്ഥരാണ്. ചിലര്‍ അതുതന്നെയാണ് ഇന്നുള്ള ബൈബിളെന്നും അതില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും അതിനാല്‍ ചില വചനങ്ങളില്‍ വ്യക്തമായ സൂചനകളുണ്ടെന്നും വിശ്വസിക്കുന്നു. അത്തരത്തിലുള്ള വചനങ്ങള്‍ നാം നേരത്തെ ഇവിടെ ചര്‍ച ചെയ്തിട്ടുണ്ട് . അത്തരം ചര്‍ചയിലേക്ക് തിരിയുന്ന പക്ഷം ഞാന്‍ പറഞ്ഞുവന്നത് പാതിവഴിയിലുപേക്ഷിക്കേണ്ടി വരും. അതിലേക്ക് ഇപ്പോള്‍ പോകാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആ ചര്‍ച വീണ്ടും ഇവിടെ ആവര്‍ത്തിക്കരുതെന്ന് ഉണര്‍ത്തുന്നു.

mukthaRionism പറഞ്ഞു...

നല്ല പോസ്റ്റ്.
വ്യക്തം.
ലളിതം.


പ്രാർഥനകൾ.

CKLatheef പറഞ്ഞു...

ബൈബിളില്‍ മാത്രമല്ല പൗരാണിക ഹൈന്ദവ വേദങ്ങളിലും മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണപ്പെടുന്നു എന്ന് മുസ്‌ലിം പണ്ഡിതന്‍മാര്‍ വാദിക്കുന്നു അവരുടെ വാദം പരിശോധിക്കാം.

മുഹമ്മദ് നബി വിവിധമതവേദങ്ങളില്

ബന്ധപ്പെട്ട മറ്റു വീഡിയോകളും കാണുക.

CKLatheef പറഞ്ഞു...

പ്രിയ മുഖ്താര്,

വരവിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

അറിവ് അന്യേഷിക്കുന്നവർക്കു ഉതകുന്ന പോസ്റ്റ്. അല്ലാഹു അനുഗ്രഹിക്കട്ടെ. റമദാൻ ആശംസകൾ

Joker പറഞ്ഞു...

125 ഫിലിപ്പീനികള്‍ ഇസ്‌ലാം സ്വീകരിച്ചു
Monday, August 30, 2010
ദുബൈ: 122 സ്ത്രീകളും മൂന്ന് പുരുഷന്മാരുമടക്കം 125 ഫിലിപ്പീനികള്‍ ഇസ്‌ലാം സ്വീകരിച്ചു. പ്രമുഖ മുസ്‌ലിം ഫിലിപ്പിനൊ പ്രഭാഷകന്‍ ഒമര്‍ പെനല്‍ബറിന്റെ പ്രഭാഷണം കേട്ട ശേഷമാണ് ഇവര്‍ ഇസ്‌ലാം മതം ആശ്ലേഷിച്ചത്. ഇസ്‌ലാമിലെ സഹിഷ്ണുത, പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത സന്ദേശം തുടങ്ങിയ വിഷയങ്ങളിലാണ് ഒമര്‍ പെനല്‍ബര്‍ ക്ലാസെടുത്തത്. ദുബൈ ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിങിന്റെ (ഡി.ടി.സി.എം) ആഭിമുഖ്യത്തില്‍ അല്‍ തവാര്‍ ഏരിയയിലെ റമദാന്‍ ടെന്റിലാണ് പ്രഭാഷണം നടന്നത്. ഇതിന് മുമ്പ് തന്റെ പ്രഭാഷണം കേട്ട് ഒറ്റദിവസം കൊണ്ട് 99 ഫിലിപ്പീനികള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review