2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

യുക്തിവാദം യുക്തിവാദികളാല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍..

ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഒരു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ വാദങ്ങളില്‍, എന്റെ യുക്തിക്കും അറിവിനും യോജിക്കാത്ത പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ് കുറച്ച് നാളുകള്‍ ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. ഒരു കാര്യം സ്വയം ബോധ്യപ്പെടുക എന്നത് ഒരു സ്വകാര്യ സന്തോഷം തന്നെയാണ്. യുക്തിവാദത്തെയും യുക്തിവാദികളെയും നേര്‍ക്ക് നേരെ അറിയുക എന്നത് ഒരു ആവശ്യമാണ്. യുക്തിവാദികളും ഇസ്‌ലാമും എന്ന ജ. ഒ. അബ്ദുറഹ്മാന്റെ പുസ്തകവും അതിന് കാരണമായ ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം എന്ന ശ്രീ. ഇടമറുകിന്റെ പുസ്തകവും അനുബന്ധ പുസ്തകങ്ങളും വായിച്ച അറിവേ ഈ കാര്യത്തില്‍ ഉണ്ടായിരുന്നുള്ളൂ. യുക്തിവാദികളുമായി സംവദിക്കാന്‍ ഒരു സൗകര്യമുണ്ട്. കാരണം അവരുടെത് ഇസ്‌ലാമിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരിഹാസവും മാത്രമാണ്. ഇസ്ലാമിനെ കുറിച്ച് ധാരണയും അറിവും ഉള്ളവര്‍ക്ക് അവരോട് മറുപടി പറയാം. യുക്തിവാദത്തെക്കുറിച്ച് പഠിക്കാന്‍ ഒന്നുമില്ല. എല്ലാറ്റിനും മനുഷ്യയുക്തിയും ബുദ്ധിയും മതി എന്ന് പറയുന്ന അവര്‍ക്ക് തങ്ങളുടെ ആ വാദത്തോട് തന്നെ നീതി പുലര്‍ത്താനാവില്ല. കാരണം ഒരു വിശ്വാസിയുടെ ബുദ്ധിയും യുക്തിയും ഒരു മതദര്‍ശനത്തില്‍ സമാധാനം കണ്ടെത്തിയാല്‍ ആ മനുഷ്യയുക്തിയെ അവര്‍ക്ക് അംഗീകരിക്കാനാവുകയില്ല. ആകെയുള്ള ഒരു തത്വം ഇത്രമേല്‍ ദുര്‍ബലവും അപ്രായോഗികവുമായി അവരുതന്നെ സമ്മതിക്കുന്നു എന്നാണ് ഇത് അര്‍ഥമാക്കുന്നത്.

ഞാന്‍ മറുപടി പറഞ്ഞുകൊണ്ടിരുന്ന കാലത്ത് ജബ്ബാര്‍മാഷിന്റ ബ്ലോഗില്‍ സംവാദം നടത്തുന്നതിന്റെ ഫലശൂന്യത ചൂണ്ടിക്കാണിച്ചവരോട് എനിക്ക് അനിഷ്ടം തോന്നിയിരുന്നു. അതിനുകാരണം സ്വയം ബോധ്യമാകാനുള്ള എന്റെ ശ്രമത്തെ ന്യായം പറയാതെ നിരുത്സാഹപ്പെടുത്തിയത് കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മറ്റൊരു കാരണം വാദിക്കുന്ന യുക്തിവാദിയെക്കാളേറെ ഒരു വിശ്വാസി ലക്ഷ്യം വെക്കുന്നത് അത് വായിച്ച് തെറ്റിദ്ധരിക്കാനിടയുള്ള ഒരു വായനക്കാരനെയാണ്. ഇന്നും സംവദിക്കുന്നവരുടെ പ്രധാന ന്യായം അതുതന്നെയായിരിക്കും. അതിലും ഒരു പ്രശ്‌നമുണ്ട്.
വിശാസികളെ പ്രകോപിപിച്ച് സംവാദം ചൂടുള്ളതാക്കുക അങ്ങനെ വായനക്കാരെ ആകര്‍ശിക്കുക എന്ന ഒരു തന്ത്രം അദ്ദേഹത്തിനുള്ളതായി എനിക്ക് ബോധ്യപ്പെട്ടു. അതില്‍ മനപ്പൂര്‍വം വീഴാന്‍ താല്‍പര്യമില്ലാത്തതിനാല്‍ നേരിട്ടുള്ള ചര്‍ച ഒഴിവാക്കുകയും അവര്‍ ചര്‍ചചെയ്യുന്ന വിഷയത്തിന്റെ മര്‍മം കണ്ടെത്തി അതിന് ഇസ്‌ലാമികമായ ന്യായം നല്‍കാനുമാണ് ഞാന്‍ എന്റെ ബ്ലോഗില്‍ ശ്രമിച്ചത്. നേരിട്ട് ബോധ്യപ്പെടാന്‍ ആഗ്രഹിക്കുന്നവരെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല. മറിച്ച് ഞാന്‍ താഴെ കാണിച്ചതിന്ന് വിരുദ്ധമായി വല്ലതും അത്തരക്കാര്‍ക്ക് ശ്രദ്ധയില്‍ പെടുന്ന പക്ഷം അവര്‍ ഇവിടെ കമന്റ് ബോക്‌സില്‍ നല്‍കി സഹകരിക്കണമെന്ന് മാത്രം അഭ്യര്‍ഥിക്കുന്നു.

എന്റെ  യുക്തിവാദികളുമായുള്ള സംവാദ കാലയളവില്‍ മനസ്സിലാക്കിയത്. ഇവിടെ യക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനത്തിന് ഒരു പ്രതീകം എന്ന നിലക്കാണ് ജബ്ബാര്‍ മാഷെ പരാമര്‍ശിക്കുന്നത്. കാരണം മറ്റുള്ള യുക്തിവാദികളും കാളിദാസനെപോലുള്ള ക്രിസ്തീയ വിമര്‍ശകരും ജബ്ബാര്‍ മാഷിനെ ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത്. ചിലര്‍ മറ്റു ചില യുക്തിവാദ സൈറ്റുകളും അവലംബിക്കുന്നുണ്ടാകാം. ജബ്ബാര്‍ മാഷ് തന്നെ ഉന്നയിക്കുന്ന മുഖ്യാരോപണങ്ങള്‍  മുക്കാല്‍ നൂറ്റാണ്ടിലേറെയായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാദങ്ങളുടെ പതിപ്പുകള്‍ മാത്രമാണ്. 

1. ഒരു യുക്തിവാദി ഇസ്‌ലാമിനെക്കുറിച്ച് ചിലതൊക്കെ തെറ്റായി ധരിച്ചിരിക്കുന്നുവെന്നതല്ല പ്രശ്‌നം; മറിച്ച് ഇസ്‌ലാം എന്ന മതം തന്നെ ലോകത്താകമാനം കുഴപ്പങ്ങളുണ്ടാക്കുന്നു, മാന്യരും സംസ്‌കാരസമ്പന്നരുമായ ഖുറൈശികള്‍ക്കിടയില്‍ ജനിച്ച് അപരിഷ്‌കൃതനും ക്രൂരനുമായ നേതാവായി രംഗത്ത് വരികയും അക്രമത്തിലധിഷ്ഠിതമായ ഒരു മതം കെട്ടിപ്പടുക്കുകയും ചെയ്ത വ്യക്തിയായി പ്രവാചകനെ തെറ്റായി മനസ്സിലാക്കുന്നു, അതാണ് ഭൂലോക സത്യം എന്ന നിലയില്‍ സമൂഹത്തില്‍ അതിന്റെ നിഷേധാത്മക പ്രതികരണം ഒട്ടും പരിഗണിക്കാതെ മുപ്പത് വര്‍ഷമായി പ്രബോധനം നടത്തിക്കൊണ്ടരിക്കുന്നു.

2. ഇത്തരം കാര്യങ്ങള്‍ ഇവ്വിധം ചര്‍ചചെയ്യുന്നത് ഒരു ഹോബിയായി കാണുന്നു, അതില്‍ ഒരു തരം നിര്‍വൃതി അനുഭവിക്കുന്നു. തന്നെ ചീത്തപറയുന്നതും വിമര്‍ശിക്കുന്നതും മുതലെടുത്ത് അത് നേരെ പ്രവാചകന് നേരെ തിരിച്ചുവിടുന്നു. അത്തരം കമന്റുകള്‍ നിലനിര്‍ത്തി മുസ്ലികളുടെ അസഹിഷ്ണുതക്കും മറ്റും തെളിവായി അവതരിപ്പിക്കുകയും വായനക്കാരുടെ സഹതാപം പിടിച്ചു പറ്റുകയും ചെയ്യുന്നു. അതുകൊണ്ടാണ് കെ.പി.എസ് പുതിയ പോസ്റ്റില്‍ പോലും ജബ്ബാര്‍ മാഷ് മുസ്ലിംകളെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് സ്‌നേഹ്കുന്നു എന്നൊക്കെ മാഷെ പുകഴ്തിയത്.

3. മുസ്‌ലിംകളില്‍ വളരെ ചെറിയ ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകളും അവിവേകങ്ങളും ഇസ്‌ലാമിന്റെ മുഴുവന്‍ ചുമലില്‍ ചാര്‍ത്തി. യഥാര്‍ഥ ഇസ്‌ലാമെന്നാല്‍ ക്രൂരതയും ഭീകരതയുമാണെന്ന് വരുത്തിതീര്‍ക്കുന്നു. 

ഇതിലെ സാമൂഹ്യവിരുദ്ധവും നിഷേധാത്മകവുമായ വശം ഏതാണെന്ന് ഏത് സാമാന്യബുദ്ധിക്കും മനസ്സിലാകും. കുറ്റം ചെയ്തവരെയും അതിനെ മതത്തിന്റെ ബാനറിന് കീഴില്‍നിന്ന് തന്നെ എതിര്‍ക്കുന്ന ഭൂരിപക്ഷത്തെയും ഒരേ പോലെ കുറ്റപ്പെടുത്തുന്നതിനാല്‍ മുസ്ലിംകള്‍ക്ക് യുക്തിവാദികളുമായി യോജിച്ച് കുറ്റവാളികളെ ഒറ്റപ്പെടുത്താനും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷക്ക് പ്രേരിപ്പിക്കാനും സാധിക്കാതെ വരും എന്നതാണ്.  മറ്റൊന്ന് യഥാര്‍ഥ മതം ക്രൂരമാണ് എന്ന തെറ്റായ ധാരണയിലൂടെ മുഴുവന്‍ വിശ്വാസികളെയും സംശയിക്കാനുള്ള മാനസിക നില വളര്‍ത്തപ്പെടുന്നു. ഇത് സമൂഹ്യമായ അകല്‍ചക്കും കുഴപ്പത്തിനും വഴിവെക്കുന്നു. എന്നാല്‍ മനുഷ്യസ്‌നേഹത്തെക്കുറിച്ച വാചാലരാകുന്നവര്‍ക്ക് മനുഷ്യവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഈ തലം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു.

4. സ്വന്തമായി ഒന്നിനും മറുപടിപറയേണ്ടതില്ലാത്തതിനാല്‍ ആക്ഷേപങ്ങളും പരിഹാസവും മാത്രമായി അദ്ദേഹത്തിന് കഴിഞ്ഞുകൂടാനാകുന്നു. 

സ്വന്തമായി ഒരു നിലപാടുതറയില്ലെന്നതാണ് യുക്തിവാദികള്‍ നേരിടുന്ന ഒരു ദുരന്തം. ഈ ദുരന്തമനുഭവിക്കുന്നത് അവര്‍ മാത്രമായിരുന്നെങ്കില്‍ ഈ പട്ടിണിയില്‍ തന്നെ അവരെ നഷിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു. പക്ഷെ ഈ ഇല്ലായ്മ പരിഹരിക്കുന്നതിനും അവരുടെ ശബ്ദം കേള്‍പ്പിക്കുന്നതിനും അവര്‍ കണ്ട മാര്‍ഗം ഇസ്‌ലാമിക വിമര്‍ശനമാണ്.  ബുദ്ധിയും വിവേകവുമുള്ള മുഴുവന്‍ ജനതയും അംഗീകരിക്കുന്നതുമാണ്, ആ ചോദ്യം തയ്യാറാക്കിയതില്‍ ഒരു അധ്യാപകനെന്ന നിലക്കുള്ള സാമൂഹികവബോധം ജോസഫ് മാഷ് പ്രകടിപ്പിച്ചില്ല എന്നത്. ഇക്കാര്യം അദ്ദേഹത്തിനുതന്നെ ബോധ്യപ്പെട്ടതുമാണ്. എന്നാല്‍ യുക്തിവാദികള്‍ അദ്ദേഹത്തെ തന്റെ തെറ്റിനെ ന്യായീകരിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകായിരുന്നു ഇതു വരെ. ആ വാദം അദ്ദേഹം സ്വയം ഏറ്റെടുത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം മാനേജ്‌മെന്റിന് മതിയാകാതെ പോയത് എന്ന് കരുതുന്നവനാണ് ഇയ്യുള്ളവന്‍.

5. ഈ മതം യുക്തിവാദി പറയുന്നത് പോലെയാണ് എന്ന് വാദത്തിന് സമ്മതിച്ചുകൊടുക്കുക പകരം എന്താണെന്ന് ഒരിക്കലും അവ പറയില്ല. മനുഷ്യന് അവന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ചാല്‍ ധാര്‍മികയും മൂല്യവും കണ്ടെത്താം എന്ന് മാത്രമാണ് അദ്ദേഹത്തിന് ആകെ പറയാനുള്ളത്. പിന്നെ ആദരവ് കൊടുത്ത് ആദരവ് വാങ്ങണമെന്നും സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങണമെന്നും. (എന്നാല്‍ ഇത് രണ്ടും യുക്തിവാദികളില്‍ പലരും ഇതുവരെ ബ്ലോഗില്‍ പ്രയോഗിച്ച് കണ്ടിട്ടില്ല- നാട്ടുകാര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ അത് പ്രയോഗിക്കുന്നുണ്ടാവാം).

6. സംഭവങ്ങളെയും വസ്തുതകളെയും അല്‍പം വളച്ചൊടിച്ചാല്‍ ആക്ഷേപത്തിനുള്ള ഒരു വകയാകുമെങ്കില്‍ അതേ പ്രകാരം ചെയ്യും.  ഉന്നയിച്ച് പ്രശ്‌നത്തിന് മറുപടി വരുന്നു എന്ന് കാണുമ്പോള്‍ മറ്റൊരു ആരോപണം ഉന്നയിക്കും. 

അങ്ങനെയാണ് 'മുഹമ്മദ് നബി രണ്ടാം ക്ലാസുകാരിയെ അടിച്ചു കൊന്നു' എന്ന പോസ്റ്റ് പിറക്കുന്നത്. സംഭവം മാധ്യമം പത്രത്തില്‍ നബി മുഹമ്മദ് എന്ന് അധ്യാപകന്റെ അടിയില്‍ ഒരു രണ്ടാം ക്ലാസുകാരി മരണപ്പെട്ട വാര്‍ത്തയുണ്ട്. ഈ വാര്‍ത്തയിലേക്ക് ഒരു ലിങ്കും കമന്റ് ബോക്‌സില്‍,
'മാധ്യമം റിപ്പോര്‍ട്ടറുടെ കയ്യും കാലും വെട്ടി കണ്ണു കുത്തിപ്പൊട്ടിച്ച് വെയിലത്തിട്ടു കൊല്ലണ്ടേ?'
'ഈ വാര്‍ത്ത വായിച്ച് ഒരു കഥയെഴുതണം എന്നാര്‍ക്കെങ്കിലും തോന്നിയാലത്തെ കഥ ഒന്നോര്‍ത്തു നോക്കൂ !!'
എന്ന രണ്ട് അസംബന്ധവും എഴുതിചേര്‍ത്താല്‍ ചിത്രകാരനടക്കം എല്ലാ യുക്തിവാദികളും അവിടെ മേളിച്ച് ജയജയ പാടും. ഒരു വലിയ വാദപ്രതിവാദം. ഇതിലും അദ്ദേഹത്തിന് ഇസ്‌ലാമിനെയും പ്രവാചകനെയും പരിഹസിക്കാനുള്ള എല്ലാം ലഭിക്കും.

ഇനി നോക്കുക. ജോസഫ് മാഷ് ഏതെങ്കിലും കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര്‍ നല്‍കിയതാണോ ആ സംഭവത്തിലെ ആകെ തുക. പത്രത്തിലെ ചരമ പേജില്‍നിന്ന് മുഹമ്മദ് എന്ന പേരുള്ളവരുടെ സര്‍വേ തയ്യാറാക്കുന്നതില്‍നിന്ന് ആരെന്ത് മനസ്സിലാക്കിയാലും വേണ്ടതില്ല. ഞാന്‍ മനസ്സിലാക്കുന്നത്. ഇവര്‍ക്ക് ക്രിയാത്മകമായി ഒന്നും സമൂഹത്തിന് സമര്‍പ്പിക്കാനില്ലെന്നും. ഇത്തരം ആക്ഷേപങ്ങള്‍ ഒരു സമയം കളയാനുള്ള/ആസ്വാദനത്തിനുള്ള മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നുവെന്നുമാണ്. ദൈവവിശ്വാസം നല്‍കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സ്ഥാനത്ത് ഇങ്ങനെ ഒരാസ്വാദനം നാം അവര്‍ക്ക് വകവെച്ചുനല്‍കി അവരെ അവഗണിക്കുന്നതിനെക്കുറിച്ചും വിശ്വാസികള്‍ക്ക് ആലോചിക്കാവുന്നതാണ്.  ജോസഫ് മാഷ് ചെയ്തതിലെ സംസ്‌കാരം യുക്തിവാദികള്‍ക്ക് വ്യക്തമാകാന്‍ യുക്തിവാദിയായ ഇടമറുക് തന്റെ മോനെ പരലോകത്ത് നിന്ന് വിളിച്ച് പറയുന്നതായി സങ്കല്‍പിച്ചാല്‍ മതിയല്ലോ. ഞാനതിന്റെ ചിത്രീകരണം ഇവിടെ നല്‍കാത്തത് ബോധപൂര്‍വമാണ്. അതിനുപോലും യുക്തിവാദികള്‍ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ധാര്‍മിക ബോധം എന്നെ അനുവദിക്കുന്നില്ല. അല്ലെങ്കില്‍ ജോസഫിനെയും സനലിനെയും കഥാപാത്രമാക്കി ആ സംഭാഷണം ഇവിടെ നല്‍കുമായിരുന്നു. മാത്രമല്ല അതുകേട്ട് സഹിക്കാനുള്ള സഹിഷ്ണുത ഇക്കാലത്തിനിടക്ക് യുക്തിവാദികള്‍ തെളിയിച്ചിട്ടുമില്ല.

7. ആക്ഷേപാര്‍ഹമായി അദ്ദേഹം കാണുന്ന ഒരു വിഷയം മാത്രമെടുത്ത് ഒരിക്കലും സംവാദത്തിന് സന്നദ്ധമാകില്ല. ഒരു പോസ്റ്റില്‍ പരമാവധി വിഷയം എടുത്ത് ചേര്‍ക്കും. മുഖ്യമായി നല്‍കപ്പെട്ട വിഷയമുണ്ടെങ്കില്‍ എല്ലാ പോസ്റ്റിലും കമന്റിലും അദ്ദേഹം മുപ്പത് വര്‍ഷമായി ആരോപിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളും കടന്ന് വരും. പുതിയ പല ആക്ഷേപങ്ങളും ഉന്നയിക്കുന്നതില്‍ മറ്റൊരു  യുക്തിയും കൂടിയുണ്ട്. തന്റെ പഴയ പോസ്റ്റുകളിലേക്ക് ഒരു ലിങ്ക് അതിനൊരു കാരണം. അതിനൊക്കെ അവസരം നല്‍കണോ. അതല്ല ഇസ്‌ലാമിനെ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആക്ഷേപ പ്രത്യാരോപണങ്ങളിലൂടെയല്ലാതെ അതിനെ വായിക്കാനാവില്ലേ. സത്യാന്വേഷികള്‍ ജബ്ബാര്‍ മാഷിന്റെയും സമാന മനസ്‌കരുടെയും ബ്ലോഗില്‍നിന്ന് ലഭിച്ച സംശയങ്ങള്‍ക്ക് തങ്ങളുടെ ബ്ലോഗിലൂടെ സംശയനിവൃത്തി വരുത്തിയാല്‍ പോരെ.

 ഇപ്രകാരം ചിന്തക്ക് പ്രേരകമായത് ഇയ്യിടെ പ്രവാചകനെക്കുറിച്ചുള്ള വിദ്വേഷം അതിന്റെ പരമകാഷ്ഠ പ്രാപിച്ചതിനാല്‍ ഒരുത്തന്‍ പ്രവാചകനെ സചിത്രസഹിതം അവഹേളിക്കാനുള്ള ശ്രമം നടത്തി എന്നാല്‍ പ്രത്യക്ഷത്തില്‍ തന്നെ അതില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിയിരുന്ന ചില വിശ്വാസികള്‍ അവിടെയും സംവാദത്തിനൊരുങ്ങി. മറ്റൊന്ന് ഇയ്യിടെയായി ചില യുക്തിവാദികള്‍ അല്‍പം യുക്തിയോടെ തന്നെ ഇക്കാര്യങ്ങളെ സമീപിക്കാന്‍ തുടങ്ങി അവര്‍ക്ക് പോലും മനസ്സിലായ കാര്യങ്ങള്‍ മുസ്‌ലിം പക്ഷത്ത് നിന്ന് സംവദിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നതിലെ പ്രയാസവും. 

യുക്തിവാദികളില്‍ ചിലര്‍തന്നെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍നിന്ന് പ്രചോദമുള്‍കൊണ് തങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് എന്തൊക്കെയോ മനസ്സിലാക്കിയിരിക്കുന്നു എന്ന് കാണിക്കാന്‍ പോസ്റ്റുകളിടുന്നുണ്ട്. അവര്‍ കുറെയൊക്കെ മാന്യമായി സംവദിക്കാന്‍ താല്‍പര്യപ്പെടുന്നവരും സത്യത്തോട് പൂര്‍ണമായി മുഖംതിരിഞ്ഞ് നില്‍ക്കാത്തവരുമാണ്. എന്നാല്‍ ചിലര്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെയുള്ളവരും ഈ പ്രശ്‌നത്തിലും ഖുര്‍ആനികമായി പരിഹാരം വിശ്വാസികള്‍ക്ക് സാധ്യമാണ് എന്ന് പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുന്നു. അത് തിരിച്ച് അവരെ ആക്ഷേപിക്കലോ അവിടെ മറുപടി പറയാന്‍ സമയം ചെലവഴിക്കലോ അല്ല. പ്രവാചകന്റെ കാലത്ത് ബ്ലോഗില്ലെങ്കിലും വിശുദ്ധഖുര്‍ആനെ തെറ്റിദ്ധരിപ്പിക്കാനും പ്രവാചകനെ ഭത്സിക്കാനും സംവാദം സദസുകള്‍ സംഘടിപ്പിക്കപ്പെടുമായിരുന്നു. അവരുടെ സംവാദം അത് മാത്രമാകുമ്പോള്‍ അവിടെ ഇരിക്കരുതെന്നും അവര്‍ മറ്റുവിഷത്തിലേര്‍പ്പെടുന്നത് വരെ അതിലേക്ക് തിരിച്ചു പോകരുതെന്നും വിശ്വാസികളെ ഉണര്‍ത്തി. തിരിച്ച് പോയാല്‍ നിങ്ങളും അവരെ പോലെ ആകും. ശരിയല്ലേ പ്രവാചകനെ കൂടുതല്‍ അവമതിക്കാന്‍ കൂട്ടുനില്‍ക്കുന്നതിലൂടെ തത്വത്തില്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒരേ പ്രവര്‍ത്തനമാകുകയാണ്. അവരെ നോക്കേണ്ട ചുമതല നാം ഏറ്റെടുക്കേണ്ടതില്ല. അവരര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കും. ഏത് കാര്യത്തിലും വിശ്വാസികളെ വഴികാണിക്കുന്ന ഖുര്‍ആന്‍ ഈ പ്രശ്‌നത്തിലും വിധി പറയട്ടേ. കേള്‍ക്കുക:

പ്രവാചകാ, ജനങ്ങള്‍ നമ്മുടെ സൂക്തങ്ങളെ വിമര്‍ശിച്ചു സംസാരിക്കുന്നതു കണ്ടാല്‍, അവര്‍ ആ സംസാരമുപേക്ഷിച്ചു മറ്റു വര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നതുവരെ നീ അവരില്‍നിന്ന് അകന്നുപോവുക. വല്ലപ്പോഴും ചെകുത്താന്‍ നിന്നെ വിസ്മൃതിയില്‍ പെടുത്തിയെന്നാല്‍, എപ്പോള്‍ ആ അബദ്ധം ബോധ്യമാകുന്നുവോ, അതുമുതല്‍ ഇത്തരം ധിക്കാരികളോടൊപ്പം ഇരിക്കാന്‍ പാടുള്ളതല്ല. അവരുടെ കണക്കിലുള്ള ഒരു സംഗതിയുടെയും ഉത്തരവാദിത്വം ഭക്തജനങ്ങള്‍ക്കില്ല. പക്ഷേ, ഉദ്ബോധിപ്പിക്കേണ്ട കടമയുണ്ടെന്നുമാത്രം- അവര്‍ ദുര്‍മാര്‍ഗത്തില്‍നിന്നു മോചിതരായെങ്കിലോ. സ്വന്തം മതത്തെ വിനോദവും ഹാസ്യവുമായെടുക്കുകയും ഭൌതികജീവിതത്തിന്റെ മോഹവലയത്തില്‍ കുടുങ്ങുകയും ചെയ്തവരെ വിട്ടുകളയുക. എങ്കിലും ഈ ഖുര്‍ആന്‍ കേള്‍പ്പിച്ചുകൊണ്ട് ഉപദേശിക്കുകയും ഉദ്ബുദ്ധരാക്കുകയും ചെയ്തുകൊണ്ടിരിക്കണം; ആരും സ്വന്തം ദുരാചാരങ്ങളുടെ ദുഷ്പരിണതിയാല്‍ പിടികൂടപ്പെടാതിരിക്കാന്‍ . (6:68-70)

ഇത് പറഞ്ഞിട്ടും ബോധ്യപ്പെടാത്തവരോട് ഖുര്‍ആന്‍ വീണ്ടും പറയുന്നു.
'ദൈവികസൂക്തങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും കേട്ടാല്‍ അവര്‍ മറ്റു വര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്ന് അല്ലാഹു ഈ വേദത്തിലൂടെ നേരത്തെ നിങ്ങളോട് വിധിച്ചിട്ടുള്ളതാണല്ലോ. അവ്വിധം ചെയ്യുകയാണെങ്കില്‍ നിങ്ങളും അവരുടെ മാതിരിയാകുന്നു. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും നരകത്തില്‍ സമ്മേളിപ്പിക്കുന്നവനാണെന്ന് ഉറപ്പിച്ചുകൊള്ളുക.' (4:140)
ദൈവിക വചനത്തെത്തന്നെ പരിഹസിക്കുന്നവര്‍ക്ക് ഇതിലും എന്തെല്ലാം അനര്‍ഥങ്ങള്‍ കണ്ടെത്താം!!. ഇസ്‌ലാം വിമര്‍ശനത്തെ വെറുക്കുന്നു, സംവാദത്തിന് ധൈര്യമില്ല എന്നൊക്കെ ഈ പോസ്റ്റ് വെച്ചു ആക്ഷേപിക്കാം. കമന്റ് ബോക്‌സ് എല്ലാവര്‍ക്കുമായി തുറന്നിട്ടുകൊണ്ട് നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

16 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ പോസ്റ്റിന്റെ തലക്കെട്ടും വിഷയവും വലിയ ബന്ധമില്ലെന്ന് തോന്നാം. ഇപ്പോള്‍ യുക്തിവാദമെന്ന് പറയുന്നത് മറ്റേതൊ കാരണത്താല്‍ മുസ്‌ലിം വിദ്വേഷത്തിന്റെ അപരനാമമായിരിക്കുന്നു. ഇതാണ് യുക്തിവാദമെങ്കില്‍ ഇത് വ്യാപകമായി വിമര്‍ശിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ചില വൈകാരിക പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കെ ജാഥയും പ്രസ്താവനകളും നടത്തി അതിനെ രക്ഷപ്പെടുത്താനാവില്ല.

ഏത് മതത്തിലും ഇത്തിക്കണ്ണികളുണ്ട്. അവ മതത്തിന്റെ അന്തസത്ത ചോര്‍ത്തി സ്വയം വളരുന്നു. തീവ്രവാദവും ഭീകരവാദവും അതേ ഇത്തിക്കണ്ണികളാണ്. എന്നാല്‍ അതാണ ശരിയായ മരം എന്ന് പറഞ്ഞ് ഫലം കായ്ക്കുന്ന മരം വെട്ടുന്ന പ്രവര്‍ത്തനം യുക്തിവാദികള്‍ നിര്‍ത്തണം. നിങ്ങള്‍ വിമര്‍ശിക്കുന്ന പലതും മതത്തിന്റെ ഭാഗമല്ല. അവ നീക്കം ചെയ്യാന്‍ വിശ്വാസികളെ സഹകരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അവരിലെ ഒരു വിഭാഗത്തിന്റെ പിന്തുണയെങ്കിലും നിങ്ങള്‍ക്കുണ്ടാവും. വിശ്വാസികള്‍ക്ക് അതിന് യുക്തിവാദികളുടെ പിന്തുണ അനിവാര്യമാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല ഇങ്ങനെ പറയുന്നത്. മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യനെ യഥാര്‍ഥത്തില്‍ ചൂഷണം ചെയ്യുന്നതിനെയും നീക്കാന്‍ മതത്തിന്റെ അടിസ്ഥാനങ്ങളില്‍നിന്നു തന്നെയാണ് സാധിക്കുക.

ദൈവത്തെയും മതത്തെയും നിരാകരിക്കുന്നത് തുടരുന്നതിന് ആര്‍ക്കും അലോസരമുണ്ടാകേണ്ടതില്ല. അതോടൊപ്പം മതം പ്രചരിപ്പിക്കുന്നത് നിങ്ങള്‍ക്കും പ്രയാസം ഉണ്ടാവേണ്ടതില്ല. മതപ്രചാരണത്തെ എതിര്‍ക്കുന്ന നിങ്ങള്‍ക്ക് മതത്തെ എതിര്‍ക്കാനുള്ള ധാര്‍മികാവകാശവും നഷ്ടപ്പെടും എന്നത് നിങ്ങളുടെ യുക്തിയുടെ പരിധിയില്‍ പെടാതെ പോകുന്നതെങ്ങനെ.

CKLatheef പറഞ്ഞു...

യുക്തിവാദം ബൈബിളിന്റെ വീക്ഷണത്തില്‍ (എഫെസ്യര്‍)

4:17 ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു.

4:18
അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ,

4:19
ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.

സന്തോഷ്‌ പറഞ്ഞു...

യുക്തിവാദിക്കുള്ള മറുപടിയില്‍ ബൈബിളിനെ ഉദ്ധരിച്ചത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. നിങ്ങളുടെ വിശ്വാസം അനുസ്സരിച്ച് അതു തിരുത്തപ്പെട്ട ഗ്രന്ഥം അല്ലെ. എന്നാലും എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ യുക്തിവാദികളെ തിരുകി കയറ്റിയത് വളരെ മോശമായി.

കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട്‌ ഉറപ്പിച്ചു പറയുകയും സാക്‌ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്‌. ഹൃദയകാഠിന്യം നിമിത്തം അജ്‌ഞത ബാധിച്ച അവര്‍ ബുദ്‌ധിയില്‍ അന്‌ധകാരം നിറഞ്ഞ്‌ ദൈവത്തിന്‍െറ ജീവനില്‍നിന്ന്‌ അകറ്റപ്പെട്ടിരിക്കുന്നു. അവര്‍ മനസ്‌സു മരവിച്ച്‌ ഭോഗാസക്‌തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്‌ധികളിലും ആവേശത്തോടെ മുഴുകി. പക്‌ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്‌തുവില്‍നിന്നു പഠിച്ചത്‌. നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ടല്ലോ.നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്‌തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്‌സിന്‍െറ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ഥമായ വിശുദ്‌ധിയിലും നീതിയിലും ദൈവത്തിന്‍െറ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍. (എഫേ. 4 :17-24)

CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്,

കമന്റ് നല്‍കിയതില്‍ നന്ദിയുണ്ട്. ബൈബിള്‍ മനുഷ്യവചനമുണ്ട് എന്നത് എന്റെ വിസ്വാസം മാത്രമല്ലല്ലോ. എന്ന് വെച്ച് അതില്‍നിന്ന് ഉദ്ധരിക്കില്ല എന്ന തീരുമാനമൊന്നും ഞാന്‍ എടുത്തിട്ടുമില്ല. പിന്നെ യുക്തിവാദികളുടെ ചര്‍ചക്ക് പുറത്താണ് ക്രിസ്തുമതം എന്ന് ഞാന്‍ കരുതുന്നുമില്ല. ക്രിസ്തുമതത്തിന് മതനിഷേധികളായ യുക്തിവാദികളെ അംഗീകരിക്കാനാവില്ല എന്നതിന് ആ വചനങ്ങള്‍ തെളിവാണല്ലോ. അപ്പോള്‍ പിന്നെ താങ്കളുടെ ഈ കമന്റില്‍ ഇപ്രകാരം പറഞ്ഞത് എന്തിനാണെന്ന് എനിക്കും മനസ്സിലാക്കുന്നില്ല.

എഫസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ്, ഭോഗാസക്തിക്ക് തങ്ങളെ ഏല്‍പിച്ച് ദൈവവചനങ്ങളെ ഹൃദയകാഠിന്യം നിമിത്തം അവഗണിക്കാന്‍ അജ്ഞത ബാധിച്ച, ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ ഒരു വിഭാഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത് മോശപ്പെട്ട പ്രവര്ത്തനമായി എനിക്ക് അഭിപ്രായമില്ല എന്നും അറിയിക്കുന്നു.

യരല‌വ പറഞ്ഞു...

>>>ഇവിടെ യക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനത്തിന് ഒരു പ്രതീകം എന്ന നിലക്കാണ് ജബ്ബാര്‍ മാഷെ പരാമര്‍ശിക്കുന്നത്.<<<<

പ്രിയ ലത്തീഫ്:താങ്കളുടേയും കൂട്ടുകാരുടേയും ആശയപ്രചരണത്തിനും പ്രതിരോധത്തിനും ജബ്ബാര്‍‌മാഷെ പ്രതീകവല്‍ക്കരിക്കുന്നതും ജബ്ബാര്‍മാഷില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പോസ്റ്റുകള്‍ എഴുതുന്ന യുക്തിവാദികള്‍ - “ കുറെയൊക്കെ മാന്യമായി സംവദിക്കാന്‍ താല്‍പര്യപ്പെടുന്നവരും സത്യത്തോട് പൂര്‍ണമായി മുഖംതിരിഞ്ഞ് നില്‍ക്കാത്തവരുമാണ്. “ എന്നുള്ള തട്ടുകള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

ആശയപരമായ പ്രചരണങ്ങള്‍ ഇരുപക്ഷവും നടത്തുന്നതോടൊപ്പം ബ്ലോഗ് മീറ്റിങ്ങ് പോലത്തെ സൌഹൃദകൂട്ടായ്മകള്‍ സംഘടിപ്പിച്ച് നല്ല മാനുഷിക സ്നേഹബന്ധങ്ങള്‍ക്ക് കെട്ടുറപ്പുണ്ടാക്കേണ്ടത് ഇന്നിന്റെ ഒരാവശ്യമാണ്. ദൈവ-മത-യുക്തിവാദ ചിന്തകള്‍ എന്ത് തന്നെയായാലും നമ്മുടെ ആവശ്യങ്ങള്‍ ഒന്ന് തന്നെയല്ലെ.

CKLatheef പറഞ്ഞു...

@യരലവ

തട്ടുകള്‍ ഞാന്‍ തിരിച്ചതല്ല. യുക്തിവാദികളുടെ ബ്ലോഗിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ക്കും കാണാവുന്നതാണ്. ഒരു വിഭാഗത്തെ നയിക്കുന്നത് വിദ്വേഷം മാത്രം. എന്നാല്‍ മറ്റൊരു വിഭാഗത്തെ പോസ്റ്റിടാന്‍ പ്രേരിപ്പിക്കുന്നത് തെറ്റിദ്ധാരണയോ അല്‍പം മനുഷ്യസ്‌നേഹമോ ഒക്കെ ആണെന്ന് കാണാന്‍ കഴിയുന്നു. ഇത് രണ്ടും രണ്ടായിതന്നെ കാണുകയാണ് നീതി. ഒന്നായി കാണുന്നതില്‍ ആദ്യ വിഭാഗത്തിന് പരാതിയൊന്നുമുണ്ടാകില്ലങ്കിലും. രണ്ടാമത്തെ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതിലാണ് അത് ചെന്നെത്തുക. അതുകൊണ്ട് അറിയാനും അറിയിക്കാനുമുള്ള വിമര്‍ശനത്തെ വേറിട്ട് തന്നെ കാണുന്നതായിരിക്കും ഉചിതം.

രണ്ടാമത്തേതില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാണ്. യോജിക്കുന്ന വിഷയങ്ങളില്‍ പരസ്പര സഹകരണം, വിയോജിക്കുന്ന കാര്യങ്ങളില്‍ മാന്യവും മാനുഷികവുമായ എതിര്‍പ്പ്. മതനിഷേധം അനുവദിച്ചുക്കൂടെന്ന വാശി പോലെ തന്നെ മനുഷ്യവിരുദ്ധമാണ് മതവിശ്വാസം അംഗീകരിക്കാനാവില്ലെന്ന വാശിയുമെന്ന ലളിത സത്യം പോലും മനസ്സിലാക്കാതെ നീങ്ങുന്നവര്‍ക്ക് ഒന്നും ഫലപ്പെടുകയില്ല. അവരെ പൂര്‍ണമായി അവഗണിക്കാതെ ആര്‍ക്കും മനുഷ്യനന്മക്ക് വേണ്ടി ഒന്നും ചെയ്യാനാവില്ല.

arup പറഞ്ഞു...

"എല്ലാറ്റിനും മനുഷ്യയുക്തിയും ബുദ്ധിയും മതി എന്ന് പറയുന്ന അവര്‍ക്ക് തങ്ങളുടെ ആ വാദത്തോട് തന്നെ നീതി പുലര്‍ത്താനാവില്ല. കാരണം ഒരു വിശ്വാസിയുടെ ബുദ്ധിയും യുക്തിയും ഒരു മതദര്‍ശനത്തില്‍ സമാധാനം കണ്ടെത്തിയാല്‍ ആ മനുഷ്യയുക്തിയെ അവര്‍ക്ക് അംഗീകരിക്കാനാവുകയില്ല."

വിശ്വാസിയുടെ ബുദ്ധിയും യുക്തിയും അല്ല അവനെ മതദര്‍ശനത്തില്‍ സമാധാനം കണ്ടെത്താന്‍ പ്രേരിപ്പികുനത് ....അവന്റെ വൈകാരികത മാത്രമാന്നു ... ഒരാളുടെ ദൈവ വിശ്വാസം അയാളുടെ മാനസിക രോഗം മാത്രം ആകാം ...അവന്റെ കുട്ടികാലത്ത് തന്നെ അവന്റെ അവന്റെ ഉള്ളിലേക്ക് അത് ഒരു obsessive compulsive disorder ആയി മാറുകയാണ് . അതില്‍ നിന്നും പുറത്തു കടകുക്ക സ്ഥാപിത മത വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രയാസം ഏരിയതാണ് , എന്തോകൊന്ടെന്നാല്‍ ചുറ്റും ഉള്ള സമുഹവുവും അവരെ എതിര്‍ക്കും. പാഗന്‍ വിശ്വാസികളില്‍ ദൈവം എന്നത് കുറച്ചു metaphoric കും വ്യക്തികതവും ആന്നു ..അപ്പൊ ആ മാനസിക പ്രശ്നത്തെ അതിജീവിക്കാന്‍ അവര്‍ക്ക് കുറച്ചു കൂടി എളുപ്പം ആണ് യുക്തിവാദികള്‍ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ആഹുനം നടത്തുമ്പോള്‍ ഏറ്റവും കൂടുതന്‍ എതിര്‍ക്ക പെടുക ഏറെ ചട്ടകൂടുകള്‍ ഉള്ള നിര്‍വചനം 'വിശ്വാസിക്ക് ' കൊടുത്തിരിക്കുന്ന ഇസ്ലാം മതം ആകാം. അത് ഒരികളും ഇസ്ലാമിനെ മാത്രം എതിര്കുന്നത് ആകണം എന്നില്ല

V.B.Rajan പറഞ്ഞു...

ലത്തീഫേ യുക്തിവാദമെന്നാല്‍ മുസ്ലീം വിദ്വേഷമാണെന്ന അറിവ് എവിടുന്ന് കിട്ടി. യുക്തിവാദികള്‍ മുസ്ലിംകളെയല്ല വിമര്‍ശിക്കുന്നത് മുസ്ലിം മതഗ്രന്ഥങ്ങളിലെ ജനവിരുദ്ധ പ്രസ്താവനകളെയാണ്. അതിലെ അശാസ്ത്രിയതകളെയാണ്. സമൂഹത്തിലെ മറ്റു വിശ്വാസികള്‍ക്കെതിരെ അക്രമത്തിനു പ്രേരിപ്പിക്കുന്നതിനെയാണ്. അതില്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന കടന്നുകയറ്റങ്ങളെയാണ്. ഇത്തരം വിമര്‍ശനങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വയ്യാതെ വരുമ്പോള്‍ യുക്തിവാദികള്‍ മുസ്ലിം വിദ്വേഷം പരത്തുന്നേ അവര്‍ക്കൊപ്പംനിന്നു സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതുവാന്‍ മുസ്ലീമിനു വയ്യേ എന്നും മറ്റും മുറവിളി കൂട്ടുന്നത് കണ്ണടച്ചിരുട്ടാക്കുന്നതിനു തുല്യമാണ്. യുക്തിവാദികള്‍ മറ്റു മതങ്ങളെയും വിമര്‍ശന വിധേയമാക്കാറുണ്ട്. ഇത് മതവിശ്വാസിക്കെതിരെയല്ല മതത്തിനെതിരെയാണെന്നു മനസ്സിലാക്കുക. യുക്തിവാദി മനുഷ്യരെ കാണുന്നത്ത് മതത്തിന്റെ നിറം പിടിപ്പിച്ച കണ്ണാടിയില്‍ കൂടിയല്ലന്നും മനസ്സിലാക്കുക. മതാന്ധതയില്‍ നിന്നു മനുഷ്യനെ സ്വതന്ത്രനാക്കി സ്വതന്ത്രചിന്തയുടെ വിശാലതയിലേക്ക് അവനെ എത്തിക്കുവാനാണ് യുക്തിവാദി ശ്രമിക്കുന്നത്. ഇത് വ്യക്തികള്‍ക്കെതിരെയല്ല മതങ്ങള്‍ക്കെതിരെയുള്ള സമരമാണ്.

ea jabbar പറഞ്ഞു...

മറുപടി അല്പം വിശദമായി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്

CKLatheef പറഞ്ഞു...

@ea jabbar

എന്റെ കമന്റിന് വിശദമായിത്തന്നെ പ്രതികരിച്ചതില്‍ നന്ദിയുണ്ട്. തല്‍കാലം ഇതേ സംബന്ധിച്ച് എനിക്കൊന്നും പറയാനില്ല. മുസ്‌ലിംകളോടുള്ള സ്‌നേഹവും ദയാവായ്പുമാണ് അവരുടെ മതത്തെ എതിര്‍ക്കാന്‍ കാരണം എന്ന് താങ്കള്‍ പറയുന്നത് എനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നറിയിക്കുന്നു. അതുകൊണ്ടാണ് താങ്കള്‍ ഇനിയം യഥാര്‍ഥ മതം ഉള്‍കൊണ്ടിട്ടില്ല എന്ന് പറയേണ്ടിവരുന്നത്. അതൊരു ആക്ഷേപമായി കണക്കാകരുത്. ഏതായാലും നിങ്ങളുടെ ഈ നിലപാട് ജനദ്രോഹപരമായി മാറുന്നു എന്ന് താങ്കള്‍ക്കോ താങ്കളെ പിന്തുണക്കുന്നവര്‍ക്കോ മനസ്സിലാക്കാന്‍ എത്ര വര്‍ഷമെടുക്കും എന്ന് മാത്രമാണ് എന്നെ അസ്വസ്തപ്പെടുത്തുന്നത്. നേരെ മറിച്ച് താങ്കള്‍ ഭയപ്പെടുന്ന അക്രമത്തേയും ഭീകരതയെയും എതിര്‍ക്കാനുള്ള മറുമരുന്ന് ദൈവിക നിര്‍ദ്ദേശങ്ങളില്‍തന്നെയാണുള്ളത് എന്ന് ഉറച്ചുവിശ്വസിക്കുന്നത് കൊണ്ടാണ്. താങ്കള്‍ കാണിക്കുന്ന അതേ ആത്മാര്‍ഥത അതിനെ പ്രതിരോധിക്കാനും കാണിക്കുന്നത്. എനിക്ക് പറയാനുള്ളത് ഞാനും താങ്കള്‍ക്ക് പറയാനുള്ളത് താങ്കളും പറഞ്ഞുകഴിഞ്ഞു. എന്റെ കാര്യത്തില്‍ ഇനി വായനക്കാര്‍ തീരുമാനത്തിലെത്തട്ടെ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഞാന്‍ പറയുന്നതിന് തെളിവായി താങ്കളുടെ ഈ കമന്റ് തന്നെ വായനക്കാര്‍ മനസ്സിലാക്കും എന്ന് ഞാന്‍ കരുതുന്നു.

ea jabbar said...

>>> സുകുമാരേട്ടനെ പോലുള്ള ചില യുക്തിവാദികള്‍ തന്നെ മതവിമര്‍ശനം അരുതാത്തതാണെന്ന ഭിപ്രായപ്പെട്ടതോടെ ഈ കൂട്ടര്‍ക്കു നല്ല ഒരു വടിയും കിട്ടിയിരിക്കുകയാണല്ലോ. <<<

സുകുമാരേട്ടന്‍ മതവിമര്‍ശനം അരുതാത്തതെന്ന് പറഞ്ഞുവോ.
മതവിമര്‍ശനം നടത്തരുതെന്ന് ഞാനോ താങ്കളോട് മറുപടി പറയുന്ന മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോ.
യുക്തിവാദത്തിന് നിയതമായ ഒരു മാര്‍ഗരേഖ ഇല്ലാത്തതുകൊണ്ടല്ലേ കെ.പി.എസ് യുക്തിവാദിയാണെന്ന് താങ്കള്‍ക്കും അങ്ങനെ പറഞ്ഞതിനോടുള്ള വിയോജിപ്പ് അനിലും രേഖപ്പെടുത്തിയത്.

അപ്പോള്‍ ഇതൊക്കെത്തന്നെയാണ് താങ്കളുടെ മതസംവാദത്തിലും സംഭവിക്കുന്നത്. ഇതിനെ ഞാന്‍ പറഞ്ഞ വാദങ്ങളുമായി ചേര്‍ത്ത് വെക്കുക.

CKLatheef പറഞ്ഞു...

Arup said..

>>> വിശ്വാസിയുടെ ബുദ്ധിയും യുക്തിയും അല്ല അവനെ മതദര്‍ശനത്തില്‍ സമാധാനം കണ്ടെത്താന്‍ പ്രേരിപ്പികുനത് ....അവന്റെ വൈകാരികത മാത്രമാന്നു ... ഒരാളുടെ ദൈവ വിശ്വാസം അയാളുടെ മാനസിക രോഗം മാത്രം ആകാം... <<<

എന്റെ ബുദ്ധിക്കും യുക്തിക്കും ഇണങ്ങുന്ന ഒരു വിശ്വാസത്തിലാണ് ഞാന്‍ സമാധാനം തേടുന്നത്. അതിന് മാത്രമേ പൂര്‍ണമായ സമാധാനം നല്‍കാന്‍ സാധിക്കുകയുമുള്ളൂ. അതില്‍ വൈകാരികതയുടെ അംശം ലവലേശമില്ല എന്ന് പറയുന്നത് ശരിയാകില്ല. എന്നാല്‍ വൈകാരികത മാത്രമാണ് എന്നത് തെറ്റാണ്. ഞാനറിഞ്ഞ ദൈവവിശ്വാസം മാനസിക രോഗമല്ല. മനസ്സിന്റെ ആരോഗ്യമാണ്. മനസ്സിന് ഇരുമ്പിനേക്കാള്‍ ദൃഢത നല്‍കുന്നതാണ്. ഒരു പ്രവാചക വചനമനുസരിച്ച്. മലയെ തകര്‍ക്കാന്‍ കഴിയുന്ന ഇരുമ്പിനെക്കാള്‍, ഇരുമ്പിനെ ഉരുക്കാന്‍ കഴിയുന്ന തീയിനെക്കാള്‍, തീയിനെ അണക്കാന്‍ കഴിയുന്ന വെള്ളത്തെക്കാള്‍, വെള്ളത്തെ വെല്ലാന്‍ കഴിയുന്ന കാറ്റിനെക്കാള്‍ ശക്തി ഒരു ദൈവവിശ്വാസി നേടുന്നു.

ഇസ്‌ലാമിനെ മറ്റുള്ളവര്‍ വിമര്‍ശിക്കാനുള്ള കാരണം താങ്കള്‍ പറഞ്ഞതില്‍ അല്‍പം ശരിയുണ്ട്. അതോടൊപ്പം അത് മാത്രമല്ല താനും. വിഷയമതല്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ല. അഭിപ്രായത്തിന് നന്ദി.

CKLatheef പറഞ്ഞു...

V.B.Rajan said..

>>> ലത്തീഫേ യുക്തിവാദമെന്നാല്‍ മുസ്ലീം വിദ്വേഷമാണെന്ന അറിവ് എവിടുന്ന് കിട്ടി. യുക്തിവാദികള്‍ മുസ്ലിംകളെയല്ല വിമര്‍ശിക്കുന്നത് മുസ്ലിം മതഗ്രന്ഥങ്ങളിലെ ജനവിരുദ്ധ പ്രസ്താവനകളെയാണ്. അതിലെ അശാസ്ത്രിയതകളെയാണ്. സമൂഹത്തിലെ മറ്റു വിശ്വാസികള്‍ക്കെതിരെ അക്രമത്തിനു പ്രേരിപ്പിക്കുന്നതിനെയാണ്. അതില്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന കടന്നുകയറ്റങ്ങളെയാണ്..... <<<

യുക്തിവാദികള്‍ വിമര്‍ശിക്കുന്നത്. ഏറ്റവും യുക്തിഭദ്രമായ ദൈവ സങ്കല്‍പത്തെയാണ്. മതഗ്രന്ഥങ്ങളിലുള്ള ജനക്ഷേമകരമായ കല്‍പനകളെയാണ്. സമൂഹത്തിലെ അക്രമികളെ പിന്താങ്ങി അവര്‍ക്കെതിരെ ശക്തമായ ആശയ സമരം നടത്തുന്ന പ്രസ്ഥാനങ്ങളെയാണ്. ധാര്‍മികതയെ തന്നെയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങളെ എന്ന പേരില്‍ അവരെ ചൂഷണം ചെയ്യുന്ന മുതലാളിത്തത്തിന് അനുഗുണമായ സമീപനം സ്വീകരിച്ചുകൊണ്ട് അവര്‍ സ്വേഛാപൂര്‍വം കൈകൊണ്ട് മതചിഹ്നങ്ങളെയാണ്.

മതങ്ങളെക്കെതിരെയുള്ള സമരമെന്ന പേരില്‍ മതവിശ്വാസികള്‍ക്ക നേരെതന്നെയാണ് അവരുടെ യുദ്ധ പ്രഖ്യാപനം.

അതുകൊണ്ടുതന്നെ വിശ്വാസികളില്‍ ആരുടെയും പിന്തുണ നേടാന്‍ കഴിയാതെ യുക്തിവാദികള്‍ ഒറ്റപ്പെടുന്നു. ഇത് മാത്രം മതി അവരുടെ പ്രവര്‍ത്തനം മാനവിക വിരുദ്ധമാണെന്നതിന്റെ സാക്ഷ്യമായി.

മനുഷ്യപ്രകൃതി നന്മയെ ഇഷ്ടപ്പെടുന്നു. താങ്കള്‍ പറഞ്ഞത് സത്യമായിരുന്നെങ്കില്‍ യുക്തിവാദത്തെ അക്കാര്യത്തില്‍ പിന്തുണക്കുന്നവരില്‍ ഞാന്‍ ഒന്നാമതായി ഉണ്ടാകുമായിരുന്നു. സര്‍വമതങ്ങളിലേയും മനുഷ്യസ്‌നേഹികള്‍ നിങ്ങളെ പിന്തുണക്കുമായിരുന്നു. പക്ഷെ കാര്യം അതല്ല. നിങ്ങള്‍ മനപ്പൂര്‍വമോ അല്ലാതെയോ വിശ്വാസത്തെ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ മര്‍മം കാണാതെ യുക്തിവാദി അലയുകയും ചെയ്യുന്നു.

Fazil പറഞ്ഞു...

Part[1/2]

ജബ്ബാര്‍ മാഷിന്‍റെ "പ്രവാചകനിന്ദ ‘മാധ്യമം’ വക" എന്ന ബ്ലോഗിലാണ് ലത്തീഫ് പറഞ്ഞ ചരമ സര്‍വ്വേ ഉണ്ടായിരുന്നത്. അതിനു ബദലായി കുറച്ചുക്കൂടി വ്യക്തതയുള്ള ഒരു സര്‍വ്വേ ഞാന്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാഷിന്‍റെ ബ്ലോഗുതന്നെ അപ്രത്യക്ഷമായി. മാഷിന്‍റെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിയത്കൊണ്ട് ബ്ലോഗും ഡിലീറ്റ് ചെയ്തു സ്ഥലം വിട്ടതാണോ എന്നറിയില്ല. എന്തായാലും സ്വന്തം സമയം മുഴുവന്‍ ചിലവാക്കി ആ ബ്ലോഗില്‍ മറുപടി എഴുതിയവര്‍ അപ്പൊ ആരായി? അവരോട് മാഷ് കാണിച്ചത് നെറികേടല്ലേ? ഞാന്‍ അവതരിപ്പിച്ച കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

മാഷിന്‍റെ ചരമ സര്‍വ്വേ സ്വാഗതം ചെയ്യുന്നു. ഒപ്പം അതിന്‍റെ ചില പോരായ്മകളും ചൂണ്ടിക്കാട്ടുന്നു. നമ്മുടെ Bright ഇവിടെ പറഞ്ഞ പോലെ Statistics of small numbers ആണ് പ്രശ്നം. വെറും 13 ആളുകളുടെ sample, അത് വളരെ കുറഞ്ഞുപോയി. പകരം വേറെയൊരു Statistics ചുവടെ ചേര്‍ക്കുന്നു.

Telephone Directory യില്‍ നിന്നുള്ള പേരുകളാണ് ഇവിടെ Statistics ഇനായി ഉപയോഗിക്കുന്നത്.

ആദ്യം ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള മലപ്പുറം ജില്ല തന്നെ എടുക്കാം. ഇവിടെ ആകെയുള്ളത് 2,80,211 Telephone connections ആണ് (Kerala Telephone Directory). മലപ്പുറത്ത് ആകെ ജനസംഖ്യ 36,25,471 ആണ്. അതില്‍ 24,84,576 പേര്‍ മുസ്ലിങ്ങള്‍. അതായത് 68.53% പേര്‍ (Census of India 2011). അപ്പോള്‍ ആകെ 1,92,032 Telephone connections (2,80,211x68.53%) മുസ്ലിങ്ങളുടെതാണെന്ന് ഏകദേശം കണക്കാകാം. അതില്‍ മുഹമ്മദ്‌ എന്ന പേരില്‍ തുടങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം 5,839; അഥവാ 3%. പേരില്‍ എവിടെയെങ്കിലും മുഹമ്മദ്‌ എന്ന് വരുന്നവരുടെ എണ്ണം 9,250; അഥവാ 4.8%. വിശദ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. ആകെ ജനസംഖ്യയുടെ 2% ആളുകള്‍ മുഹമ്മദ്‌ എന്ന പേരില്‍ തുടങ്ങുന്നവരും 3.3% ആളുകള്‍ മുഹമ്മദ്‌ പേരില്‍ എവിടെയെങ്കിലും വരുന്നവരുമാണ്.

2. ആകെ മുസ്ലിങ്ങളില്‍ 3% ആളുകള്‍ മുഹമ്മദ്‌ എന്ന പേരില്‍ തുടങ്ങുന്നവരും 4.8% ആളുകള്‍ മുഹമ്മദ്‌ പേരില്‍ എവിടെയെങ്കിലും വരുന്നവരുമാണ്.

a. മുഹമ്മദ്‌ എന്ന പേരില്‍ തുടങ്ങുന്നവര്‍ 5,839 (Muhammed-5,062, Muhammad-412, Muhamed-349, Muhamad-14, Muhemmed-1, Muhemmad-0, Muhemed-1, Muhemad-0)

b. പേരില്‍ എവിടെ എങ്കിലും മുഹമ്മദ്‌ എന്നുള്ളവര്‍ 9,250 (Muhammed-7,890, Muhammad-625, Muhamed-709, Muhamad-22, Muhemmed-3, Muhemmad-0, Muhemed-1, Muhemad-0)


എന്നാല്‍ ഏറ്റവും രസകരമായ കാര്യം മലപ്പുറത്ത് അബ്ദു എന്ന് പേര് ഉള്ളവര്‍ മുഹമ്മദ്‌ എന്ന് പേരുള്ളവരുടെ നാല് മടങ്ങെങ്കിലും വരും എന്നുള്ളതാണ്. എന്തിനു, നമ്മുടെ മാഷിന്‍റെ തന്നെ യഥാര്‍ത്ഥ പേര് E Abdul Jabbar എന്നാണ് എന്ന് കേട്ടിട്ടുണ്ട്; ശരിയാണോ എന്നറിയില്ല. അതിന്‍റെ കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ആകെ ജനസംഖ്യയുടെ 13% ആളുകള്‍ അബ്ദു എന്ന പേരിനു ഉടമകളാണ്. ഇതില്‍ 11% ആളുകള്‍ അബ്ദു എന്ന പേരില്‍ തുടങ്ങുന്നവരും.

2. ആകെ മുസ്ലിങ്ങളില്‍ 19% ആളുകള്‍ അബ്ദു എന്ന പേരിനു ഉടമകളാണ്. ഇതില്‍ 16% ആളുകള്‍ അബ്ദു എന്ന പേരില്‍ തുടങ്ങുന്നവരും.

a. അബ്ദു എന്ന പേരില്‍ തുടങ്ങുന്നവര്‍ 30,531

b. പേരില്‍ എവിടെ എങ്കിലും അബ്ദു എന്നുള്ളവര്‍ 36,344

Fazil പറഞ്ഞു...

Part[2/2]

എന്നാല്‍ ജോസഫ്‌ മാഷ്‌ പറയുന്നത് അദ്ദേഹത്തിന്‍റെ നാട്ടിലെ കണക്കാണ്. അദ്ദേഹത്തിന്‍റെ നാട് തോടുപുഴയിലാണ് എന്നാണ് എന്‍റെ അറിവ്; ഉറപ്പില്ല. എന്തായാലും നമുക്ക് തൊടുപുഴയിലെ കണക്കൊന്നു നോക്കാം.

തൊടുപുഴയില്‍ ആകെയുള്ളത് 39,750 Telephone connections ആണ് (Kerala Telephone Directory). ഇടുക്കിയിലെ ആകെ ജനസംഖ്യ 11,29,221 ആണ്. അതില്‍ 81,222 പേര്‍ മുസ്ലിങ്ങള്‍. അതായത് 7.2% പേര്‍ (Census of India 2011). അപ്പോള്‍ ആകെ 2,862 Telephone connections (39,750x7.2%) മുസ്ലിങ്ങളുടെതാണെന്ന് ഏകദേശം കണക്കാകാം. അതില്‍ മുഹമ്മദ്‌ എന്ന പേരില്‍ തുടങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം 113; അഥവാ 4%. പേരില്‍ എവിടെയെങ്കിലും മുഹമ്മദ്‌ എന്ന് വരുന്നവരുടെ എണ്ണം 242; അഥവാ 8.5%. വിശദ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. ആകെ ജനസംഖ്യയുടെ 0.28% ആളുകള്‍ മുഹമ്മദ്‌ എന്ന പേരില്‍ തുടങ്ങുന്നവരും 0.6% ആളുകള്‍ മുഹമ്മദ്‌ പേരില്‍ എവിടെയെങ്കിലും വരുന്നവരുമാണ്.

2. ആകെ മുസ്ലിങ്ങളില്‍ 4% ആളുകള്‍ മുഹമ്മദ്‌ എന്ന പേരില്‍ തുടങ്ങുന്നവരും 8.5% ആളുകള്‍ മുഹമ്മദ്‌ പേരില്‍ എവിടെയെങ്കിലും വരുന്നവരുമാണ്.

a. മുഹമ്മദ്‌ എന്ന പേരില്‍ തുടങ്ങുന്നവര്‍ 113 (Muhammed-110, Muhammad-2, Muhamed-1, Muhamad-0, Muhemmed-0, Muhemmad-0, Muhemed-0, Muhemad-0)

b. പേരില്‍ എവിടെ എങ്കിലും മുഹമ്മദ്‌ എന്നുള്ളവര്‍ 242 (Muhammed-235, Muhammad-6, Muhamed-1, Muhamad-0, Muhemmed-0, Muhemmad-0, Muhemed-0, Muhemad-0)

എന്നാല്‍ തൊടുപുഴയില്‍ അബ്ദു എന്ന് പേര് ഉള്ളവര്‍ മുഹമ്മദ്‌ എന്ന് പേരുള്ളവരുടെ രണ്ടു മടങ്ങെങ്കിലും വരും. അതിന്‍റെ കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ആകെ ജനസംഖ്യയുടെ 0.86% ആളുകള്‍ അബ്ദു എന്ന പേരിനു ഉടമകളാണ്. ഇതില്‍ 0.67% ആളുകള്‍ അബ്ദു എന്ന പേരില്‍ തുടങ്ങുന്നവരും.

2. ആകെ മുസ്ലിങ്ങളില്‍ 11.9% ആളുകള്‍ അബ്ദു എന്ന പേരിനു ഉടമകളാണ്. ഇതില്‍ 9.4% ആളുകള്‍ അബ്ദു എന്ന പേരില്‍ തുടങ്ങുന്നവരും.

a. അബ്ദു എന്ന പേരില്‍ തുടങ്ങുന്നവര്‍ 268

b. പേരില്‍ എവിടെ എങ്കിലും അബ്ദു എന്നുള്ളവര്‍ 340


അപ്പോള്‍ .ജോസഫ്‌ മാഷ്‌, തൊടുപുഴയില്‍ വെറും 0.28% പേര്‍ക്ക് മാത്രം ഉള്ള മുഹമ്മദ്‌ എന്ന പേരിനു പകരം 0.67% പേര്‍ക്കുള്ള അബ്ദു എന്ന പെരായിരുന്നില്ലേ സ്വീകരിക്കേണ്ടിയിരുന്നത്. ഈ 0.28% നെയാണ്‌ ജോസഫ്‌ മാഷ്‌ 10% ആയും ജബ്ബാര്‍ മാഷ്‌ 15% മായും പൊലിപ്പിച്ചു കാണിച്ചത്. മുസ്ലിങ്ങള്‍ക്കിടയില്‍ ഉള്ള 4.8% എന്നതിനെ ജബ്ബാര്‍ മാഷ്‌ 35% എന്നാണ് കണക്കാക്കിയത്; അതായത് മൂനില്‍ ഒരാള്‍ മുഹമ്മദ്‌. എങ്ങനെയുണ്ട് statistics?

Fazil പറഞ്ഞു...

ജോസഫ്‌ മാഷിനെ ന്യായീകരിക്കാന്‍ ജബ്ബാര്‍ മാഷ്‌ കൊണ്ടുവന്ന സര്‍വ്വേ വെറും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും ബാലിശവും ആണ്‌.

ഇനി തൊടുപുഴയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ 8.5% പേര്‍ക്ക് മുഹമ്മദ്‌ എന്ന പേരുണ്ട് എന്നതില്‍ ആരും കടിച്ചു തൂങ്ങണ്ട; കാരണം തൊടുപുഴയില്‍ 242 പേര്‍ (8.5%) കുഞ്ഞ് എന്ന് പേരുള്ളവരാണ്. അപ്പോള്‍ മുഹമ്മദ്‌ എന്നതിന് പകരം കുഞ്ഞ് എന്നും ചേര്‍ക്കാമായിരുന്നു. അതാണെങ്കില്‍ കുഞ്ഞ്മുഹമ്മദ്‌ എന്നതിലെ ആദ്യത്തെ പേരും ആകും.

ജോസഫ്‌ മാഷ്‌ പറഞ്ഞത് അദ്ദേഹത്തിന്‍റെ നാട്ടില്‍ 10% പേര്‍ക്കെങ്കിലും മുഹമ്മദ്‌ എന്ന് പേരുണ്ടെന്നാണ്. അദ്ദേഹത്തിന്‍റെ നാട്ടില്‍ ആകെ 7.2% ആളുകള്‍ മാത്രമേ മുസ്ലിങ്ങളായിട്ടുള്ളൂ. അപ്പൊ പിന്നെ 10% ആളുകള്‍ എങ്ങനെ മുഹമ്മദ്‌ എന്ന് പേരുള്ളവരാകും? യഥാര്‍തത്തില്‍ 0.28% ആളുകള്‍ മാത്രമേ മുഹമ്മദ്‌ എന്ന് പെരുള്ളവരുള്ളൂ.

92.8% അമുസ്ലിങ്ങള്‍ ഉള്ള സമൂഹത്തില്‍, ഭ്രാന്തനെ മാറ്റി മുഹമ്മദ്‌ എന്നാക്കുന്നതിനു പകരം പടച്ചോനെ മാറ്റുകയായിരുന്നില്ലേ വേണ്ടത്?

മാഷ്‌ 13 ആളെ വച്ചു സര്‍വ്വേ നടത്തിയപ്പോള്‍ കയ്യടിച്ചവര്‍ ഞാന്‍ 1,92,032 പേരെ വച്ചു സര്‍വ്വേ നടത്തിയതിനെ വിമര്‍ശിക്കുന്നത് അപഹാസ്യമാണ്..

നമ്മുടെ സമൂഹത്തില്‍ മുഹമ്മദ്‌ എന്ന് പേരുള്ളവരുടെ നാലിരട്ടിയിലധികം ഉണ്ട് അബ്ദു. അപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മുഹമ്മദ്‌ എന്ന പേരാണെന്നുള്ള പ്രചാരണവും കള്ളത്തരം തന്നെ.

ഇക്കാര്യത്തില്‍ ജോസഫ്‌ മാഷിനു ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അത് തെറ്റാണെന്ന് പറയുന്നതിന് പകരം ഇല്ലാത്ത സര്‍വ്വേയും ബാലിശമായ കണക്കുകളും നിരത്തി അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്.

ഇനി ഗൂഗിള്‍: ഇന്റെര്‍നെറ്റിലെ ഏറ്റവും authentic source ആയ wikipedia പറയുന്ന കണക്കു ഒരാള്‍ നല്‍കിയിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും അധികം മുസ്ലിങ്ങള്‍ ഉള്ള Indonesia യിലെയോ രണ്ടാം സ്ഥാനത്തുള്ള India യിലെയോ കണക്കുകള്‍ ആ ലേഖനത്തിലില്ല. ഇനി കൊടുത്തിട്ടുള്ള കണക്കുകള്‍ തന്നെ ആധികാരികമല്ല എന്ന് ആ ലേഖനത്തില്‍ തന്നെ പറയുന്നുമുണ്ട്.

ഏതോ റഫറന്‍സ് ബുക്കില്‍ പറഞ്ഞു എന്ന ന്യായത്തില്‍ പശ്ചാത്തലം അടര്‍ത്തിമാറ്റി കൊസ്റ്റ്യന്‍ പേപ്പറില്‍ പച്ചത്തെറി എഴുതുന്നതാണോ അധ്യാപക ധര്‍മ്മം? ചില അവാര്‍ഡ്‌ നേടിയ പാശ്ചാത്യ ചിത്രങ്ങളില്‍ ഇതിലും വലിയ തെറികളുണ്ട്. ഇങ്ങനെ പോയാല്‍ നാളെ അതെല്ലാം വിവര്‍ത്തനം ചെയ്തു പാഠപുസ്തകത്തിലും വരുമല്ലോ! ചിലര്‍ ഈ വാദത്തെ ചെറുക്കാന്‍ ബഷീറിന്‍റെ കഥകളെയൊക്കെ പൊക്കിപ്പിടിച്ചുകൊണ്ട് വന്നു. എന്നാല്‍ ബഷീറിന്‍റെയും PT കുഞ്ഞുമുഹമ്മദിന്‍റെയും ഒക്കെ കഥകള്‍ക്ക് വ്യക്തമായ ഒരു പശ്ചാത്തലം ഉണ്ടായിരുന്നു എന്നത് അവര്‍ മനപ്പൂര്‍വ്വം വിഴുങ്ങുന്നു.

കൊസ്റ്റ്യന്‍ അച്ചടിക്കും മുന്‍പ് തന്നെ ഇത് വിവാധമാകും എന്ന മുന്നറിയിപ്പ് ജോസഫ്‌ മാഷിനു ലഭിച്ചതാണ്. അതവഗണിച്ചാണ് അദ്ദേഹം ചോദ്യം അച്ചടിച്ചത്. അപ്പോള്‍ മുഹമ്മദ്‌ പ്രവാചകാനായിരുന്നു എന്ന് മനസ്സില്‍ പോലും കരുതിയിട്ടില്ല എന്ന ജോസഫ്‌ മാഷിന്‍റെ വാദവും കള്ളമാണ്.

പരീക്ഷയില്‍ മുഹമ്മദ്‌ എന്നതും പടച്ചോന്‍ എന്നതും മാറ്റി ഒരു വിദ്ധ്യാര്‍ത്തി ഉത്തരമെഴുതി എന്ന് ജോസഫ്‌ മാഷ്‌ തന്നെ പറയുന്നു. അതിനര്‍ത്ഥം ചോദ്യം release ആയി മൂന്ന് മണിക്കൂര്‍ കഴിയുംമുമ്പേ വിവാദങ്ങള്‍ തുടങ്ങി എന്നാണ്. അപ്പോള്‍ പ്രവാചക നിന്ദ എന്നത് മുസ്ലിം ഗൂഡാലോചനയാണെന്നതും കള്ളമാണ്. സംശയമുണ്ടെങ്കില്‍ ഈ വിഷയത്തെ കുറിച്ച് അറിവില്ലാത്ത ഒരാള്‍ക്ക്‌, മുഹമ്മദും പടച്ചോനും തമ്മിലുള്ള സംഭാഷണം കാണിച്ചു കൊടുത്തിട്ട് ഇതിലെ മുഹമ്മദ്‌ ആരാണെന്ന് മനസ്സിലായോ എന്നൊന്ന് ചോദിച്ചുനോക്കൂ.

മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രമേ ഈ ചോദ്യത്തിലെ മുഹമ്മദ്‌ പ്രവാചകനായി തോന്നൂ എന്നതാണ് മറ്റൊരാരോപണം. കൃസ്തീയ സഭകള്‍ ഇത് ജോസഫ്‌ മാഷിന്‍റെ തെറ്റാണെന്ന് ഇടയ ലേഖനം വരെ ഇറക്കി. അപ്പോള്‍ ഇത് മുസ്ലിം സമുദായത്തിന്‍റെ മാത്രം തോന്നലല്ല. സഭയുടെ ഔദാര്യം ആവശ്യമില്ല എന്ന നിഷേധനിലപാടാണ് ജോസഫ്‌ മാഷ്‌ ഇവിടെ സ്വീകരിച്ചത്. ചോദ്യം അച്ചടിക്കും മുന്‍പ് അതില്‍ പ്രവാചകനിന്ദയുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോളും ജോസഫ്‌ മാഷ്‌ ഇതേ നിഷേധനിലപാട് തന്നെയാണ് സ്വീകരിച്ചത്.

മുസ്ലിം കൃസ്തീയ സമുദായങ്ങള്‍ കയ്യോഴിഞ്ഞിട്ടും news value നഷ്ടപ്പെട്ട ഇത്തരം വിഷയങ്ങള്‍ പൊക്കിപ്പിടിച്ച് ചര്‍ച്ചചെയ്യുന്നത് യുക്തിവാദികളുടെ മാത്രം ആവശ്യമാണ്‌. അതുകൊണ്ട് ഇതില്‍ തുടര്‍ന്ന് അഭിപ്രായം പറയുന്നത് സമയനഷ്ടം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്.

CKLatheef പറഞ്ഞു...

സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ക്ക് ചോദ്യപ്പേപ്പറിലെ വിവരക്കേട് എന്താണെന്ന് മനസ്സിലാക്കിയവരാണ്. ഒരു ശതമാനം വരുന്ന യുക്തിവാദികളെന്ന് പറയുന്നവര്‍ക്കും അതറിയാത്തതല്ല. മുഹമ്മദ് എന്ന പേര് മുസ്്‌ലിംകളിലെ ഭൂരിപക്ഷത്തിന് നല്‍കപ്പെട്ട പേരായതുകൊണ്ടാണ് നല്‍കപ്പെട്ടത് എന്ന വാദവും ബാലിശമാണ്. ഒരധ്യാപകന്‍ അത്രയും സാമൂഹ്യവബോധം കുറഞ്ഞവാനാകാവതല്ല എന്ന് അധ്യാപകനെ അനുകൂലിക്കുന്നവര്‍ വരെ അംഗീകരിച്ചിട്ടുണ്ട്. അധ്യാപകന് വേണ്ടി ന്യായം ചമക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ സര്‍വേയും മറ്റും. യുക്തിവാദികള്‍ക്ക് നന്മയൊന്നും ചെയ്യാനാവില്ലെങ്കിലും കഴിവിന്റെ പരമാവധി അശാന്തി വിതക്കാനും വിതപ്പിക്കാനും കഴിയും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

മാഷ് തന്റെ തെറ്റിന് ഞൊണ്ടിന്യായം ചമക്കാതെ അംഗീകരിക്കുകയും അദ്ദേഹത്തിന് ആദ്യഘട്ടത്തില്‍ തന്നെ മാപ്പ് നല്‍കപ്പെടുകയും എല്ലാ തരത്തിലുള്ള അനിഷ്ട സംഭവങ്ങളില്‍നിന്ന് അതുവഴി മുക്തമാകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവനാണ് ഞാന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review