അമേരിക്കയിലെ കാന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഭാഗത്തിന്റെ തലവനാണ് ഡോ. ജെഫ്രിലാംഗ്. 27 വയസ്സുവരെ നാസ്തികനായി ജീവിച്ചു. അക്കാലെത്തെപ്പോഴോ ഖുര്‍ആന്‍ വായിക്കാനിടയായത് നിര്‍ണായക വഴിത്തിരിവായി. പിന്നീട് ഇസ്ലാം സ്വീകരിച്ച അദ്ദേഹം എഴുതിയ രണ്ടാമത്തെ പുസ്തകമായ Even Angels Ask എന്ന കൃതിയില്‍ അദ്ദേഹത്തിന്റെ ഹജ്ജ് അനുഭവങ്ങള്‍ വിശദീകരിക്കുന്നു. അതില്‍നിന്ന് ഒരു ഭാഗം ഉദ്ധരിച്ച് ഹഫീസ് തന്റെ ബ്ലോഗില്‍ നല്‍കിയ പോസ്റ്റ് കൂടുതല്‍ വായിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നി. ചെറിയ മാറ്റത്തോടെ ഇവിടെയും നല്‍കുകയാണ്...
"സാങ്കേതികമായി ഞാന്‍ ഇപ്പോള്‍ ഹജ്ജ് നിര്‍വഹിച്ചുകഴിഞ്ഞു. പക്ഷേ എന്തോ ഒന്നിന്റെ അഭാവം എനിക്ക് അനുഭവപ്പെട്ടു. അതെന്നെ അസ്വസ്ഥനാക്കി. ഹജ്ജിലെ ഓരോ കര്‍മ്മവും വളരെ സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും കൂടിയാണ് നിര്‍വഹിച്ചതെന്ന് എനിക്കറിയാം. എന്നിട്ടും എന്തോ ഒന്ന് ചെയ്യാന്‍ വിട്ടുപോയതുപോലുള്ള ഒരു തോന്നല്‍ എന്നില്‍ ഇച്ഛാഭംഗം സ്രഷ്ടിച്ചു.........
....... “ക്ഷമിക്കണം ഞാനൊന്നു ചോദിച്ചോട്ടെ!” വളരെ വിനയത്തോടും ക്ഷമാപണ സ്വരത്തിലും അയാള്‍ ചോദിച്ചു.
കണ്ണട വെച്ചുതന്നെ ഞാന്‍ എന്റെ ശിരസ്സ് ശരിയാക്കി.
“ചോദിച്ചോളൂ !” ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരു അമേരിക്കക്കാരനാണോ?”
“അതെ” അടുത്ത ചോദ്യം എന്തായിരിക്കുമെന്നറിയാവുന്നതുകൊണ്ട് മടുപ്പോടെ ഞാന്‍ ഒരു നെടുവീര്‍പ്പുകൂടിയിട്ടു.
അനന്തരം അയാള്‍ അല്‍പംകൂടി എന്നോടു അടുത്തിരുന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു “താങ്കളെങ്ങനെയാണ് മുസ്ലിമായതെന്നു ഒന്ന് പറഞ്ഞു തരാമോ?”
കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ , ഈ ചോദ്യം ഓരോ തവണ എന്നോടു ചോദിക്കുമ്പോഴും എന്റെ മറുപടിയുടെ ദൈര്‍ഘ്യം ക്രമേണ കുറഞ്ഞു വന്നിരുന്നു.ആദ്യ തവണ എന്റെ കഥ പറയാന്‍ അര മണിക്കൂറെടുത്തു. പക്ഷെ ഇപ്പോള്‍ ഞാനത് അര മിനിട്ടാക്കി കുറച്ചു. ഇരുത്തത്തിന്റെ രൂപം മാറ്റാതെ, കണ്ണുകള്‍ തുറക്കാതെ ഞാന്‍ താഴെ പറയുന്ന രത്നച്ചുരുക്കം അയാള്‍ക്ക് നല്‍കി. “ക്രിസ്ത്യാനിയാണ് ഞാന്‍ ജനിച്ചത്. ദൈവം എന്ന ആശയത്തോട് യുക്തിപരമായ ചില സംശയങ്ങള്‍ ഉണ്ടായതുകാരണം പതിനെട്ടാം വയസ്സില്‍ ഒരു നാസ്തികനായി. പിന്നീടുള്ള പത്തുവര്‍ഷം നാസ്തികനായിതന്നെ തുടര്‍ന്നു. ഇരുപത്തെട്ടാം വയസ്സില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനം വായിക്കാനിടയായി. എന്റെ സംശയങ്ങള്‍ക്ക് ഞാന്‍ ഖുര്‍ആനില്‍ തൃപ്തികരമായ മറുപടി കണ്ടെത്തിയെന്നു മാത്രമല്ല, അത് തുടര്‍ന്നു വായിച്ചതിന്റെ ഫലമായി ദൈവവിശ്വാസിയുമായി. അങ്ങനെ ഞാനൊരു മുസ്ലിമായി”.
എന്റെയീ ‘സിനോപ്സിസ്’ പറഞ്ഞുതീര്‍ത്തതോടെ, അപമര്യാദയാംവിധം ഹ്രസ്വമായ ഈ മറുപടി കേട്ട് അയാള്‍ സ്ഥലം വിട്ടുവോ എന്നറിയാന്‍ ഞാന്‍ ഇടംകണ്ണിട്ട് നോക്കി. എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, അയാളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നതാണ് ഞാന്‍ കണ്ടത്. എന്റെ അമ്പരപ്പ് പിന്നെ പറയാനുണ്ടോ?
ആ നിമിഷത്തില്‍, ഇത്ര നിര്‍വികാരമായും ദുരഹങ്കാരത്തോടെയും പെരുമാറിയതിന് ഞാന്‍ ദൈവത്തോടു മാപ്പിരന്നു. വിശ്വാസത്തോടുള്ള ശക്തമായ സ്നേഹം ഇത്രയെളുപ്പത്തില്‍ കരയിക്കുകയും ഞാന്‍ പറഞ്ഞതുപോലുള്ള വികാരനിശൂന്യമായ കഥയില്‍ പോലും ദൈവത്തിന്റെ മഹത്വവും കാരുണ്യവും ദര്‍ശിക്കുകയും ചെയ്യുന്ന എന്റെയീ വിനീതനായ സഹോദരനെപോലെ എന്നെയും മാറ്റിത്തരേണമെന്നു അവനോടു പ്രാര്‍ഥിക്കുകയും ചെയ്തു. ഞാന്‍ നേരെയിരുന്ന്‍ അയാളുടെ മുഖത്തേക്ക് നോക്കി.
“എന്താണ് നിങ്ങളുടെ പേര്‍ ? ഏത് നാട്ടുകാരനാണ് നിങ്ങള്‍?” ഞാന്‍ ചോദിച്ചു.
“എന്റെ പേര്‍ അഹമ്മദ്. ബംഗ്ലാദേശുകാരനാണ്.” ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മറുപടി നല്‍കി. എന്നിട്ട് കണ്ണുതുടച്ചു.
“താങ്കളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം,അഹമ്മദ്. എന്റെ പേര് ജഫ്രി. യുനൈറ്റഡ് സ്റ്റേറ്റ്സിലെ കന്‍സാസ് സംസ്ഥാനത്ത് നിന്നു വരുന്നു.” ഞങ്ങള്‍ അല്‍പം വിശദമായി പരിചയപ്പെട്ടശേഷം അഹമ്മദ് പൊടുന്നനെ ആഹ്ലാദപൂര്‍വ്വം ചോദിച്ചു: “ഇത്തവണത്തേത് ആവേശകരമായ ഹജ്ജായിരുന്നു അല്ലേ, സഹോദരന്‍ ജെഫ്രീ?”
ഞാനൊന്നും മിണ്ടിയില്ല.
“ഓര്‍ത്തു നോക്കൂ, നാമിവിടെ എത്തിയ ദിവസം” അയാള്‍ തുടര്‍ന്നു: “നിങ്ങള്‍ക്ക് ചുറ്റും തീര്‍ഥാടകര്‍ വിളിച്ചുപറയുന്നത് കേട്ടിരുന്നില്ലേ? ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.’ താങ്കള്‍ക്കറിയാമോ ഞങ്ങളുടെ നാട്ടില്‍ ‘ലബ്ബൈക്കി’ന്റെ അര്‍ത്ഥമെന്താണെന്ന്?”
“ക്ഷമിക്കണം എനിക്ക് ബംഗ്ലാദേശിനെ കുറിച്ച് ഒന്നുമറിയില്ല” ഞാന്‍ പറഞ്ഞു.
അയാള്‍ വളരെ സൂക്ഷ്മമായി എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു: “ഞങ്ങളുടെ നാട്ടില്‍, ഒരധ്യാപകന്‍ ക്ലാസില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ വിളിച്ചാല്‍ അവനുടനെ അറ്റന്‍ഷനില്‍ നിന്ന് ‘ലബ്ബൈക്ക്, ടീച്ചര്‍, ലബ്ബൈക്ക്’ എന്ന് പറയും. ‘ഞാന്‍ തയ്യാര്‍, പറഞ്ഞോളൂ! ഞാന്‍ ചെയ്യാം’ എന്നാണതിനര്‍ത്ഥം. അല്ലാഹുവിനോട് മുസ്ലിംകളായ നാം സ്വീകരിക്കെണ്ടുന്ന നിലപാടും ഇതുതന്നെ. അങ്ങനെയായിരുന്നു പ്രവാചകന്‍മാരുടെ രീതി. അല്ലാഹു ഇബ്രാഹിം നബിയോട് ഹജ്ജിന് ആഹ്വാനം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തോടൊപ്പം മക്കയില്‍ ആരുമുണ്ടായിരുന്നില്ല-അദ്ദേഹത്തിന്റെ കുടുംബവും ഏതാനും ആട്ടിടയന്‍മാരും ഉണ്ടായിരുന്നിരിക്കാം. അത് ഞാനോ നിങ്ങളോ ആയിരുന്നെങ്കില്‍ നാം സംശയിച്ച്, ‘ചുറ്റുവട്ടത്ത് ആരും കേള്‍ക്കാനില്ലാതെ ഹജ്ജിനു വിളിക്കുന്നതിനെന്തര്‍ത്ഥം’ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിലുള്ള പ്രതീക്ഷയും വമ്പിച്ചതായിരുന്നു. അതുകൊണ്ട് ഒരു നിമിഷം പോലും അദ്ദേഹം ശങ്കിച്ച് നിന്നില്ല. പകരം ആളൊഴിഞ്ഞ ആ പ്രദേശത്ത് ഉടന്‍ ‘ആദാന്‍’ മുഴക്കുകയാണുണ്ടായത്. അല്ലയോ സഹോദരന്‍ ജഫ്രീ, തന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇന്ന് ഇവിടെ സമ്മേളിച്ചതും നാം രണ്ടുപേര്‍, അമേരിക്കക്കാരനായ താങ്കളും ബംഗ്ലാദേശുകാരനായ ഞാനും, സഹോദരങ്ങളെപ്പോലെ മിനായിലേക്കുള്ള ഒരു ബസ്സില്‍ ഇരിക്കുന്നതും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!”
ഇപ്പോള്‍ വികാരവിക്ഷോഭം എന്റെ ഊഴാമായിരുന്നു. എനിക്ക് എന്നെകുറിച്ച് വല്ലാത്ത ലജ്ജ തോന്നി. ഞാന്‍ കരഞ്ഞുപോകുമെന്നായി. തീര്‍ഥാടനത്തില്‍ ബാക്കിയായതെന്നു എനിക്ക് തോന്നിയ കര്‍മ്മം ഏതെന്ന് എനിക്കിപ്പോള്‍ പിടികിട്ടി. ഒത്തൊരുമ, സാഹോദര്യ ബോധം, ഇസ്‌ലാം വിശ്വാസികളുടെ മേല്‍ ചുമത്തുന്ന സ്നേഹം എന്നിവയുടെ അഭാവമായിരുന്നു എന്റെ ഹജ്ജ് കര്‍മ്മത്തിലെ പോരായ്മ എന്ന് എനിക്ക് മനസ്സിലായി.' (മാലാഖമാര്‍ പോലും ചോദിക്കുന്നു -ജെഫ്രിലാംഗ്. പേജ്: 254-275)
വീണ്ടുമൊരു ഹജ്ജും ബലിപെരുന്നാളും വന്നണയുമ്പോള്‍ എന്താണ് ഇവയുടെ സന്ദേശം എന്ന് ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ജെഫ്രി ലംഗിന്റെ ഈ വരികളാണ്. പ്രവാചകന്‍ ഇബ്രാഹിമുമായി ബന്ധപ്പെട്ട ആരാധനാ കര്‍മ്മമാണ് ഹജ്ജ്. ഇസ്‌ലാമും ക്രിസ്തുമതവും ജൂതമതവും കൂടിച്ചേരുന്ന ബിന്ദുവാണ് ഇബ്രാഹീം (ബൈബിളിലെ അബ്രഹാം). ഇബ്രാഹിം നബിയെ ബഹുമാനിക്കുന്നത് മുസ്ലിംകള്‍ മാത്രമല്ല, ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും അദ്ദേഹം ബഹുമാന്യനാണ്. ഈ മൂന്ന് വിഭാഗത്തിനും ഒരു പൊതു പൈതൃകം ഉണ്ടെന്ന കാര്യം കൌതുകകരമാണ്. അതിനാല്‍ ഖുര്‍ആന്‍ പറഞ്ഞു “പ്രവാചകന്‍, പറയുക: `എന്റെ നാഥന്‍ ഉറപ്പായും എനിക്കു നേര്‍വഴി കാണിച്ചുതന്നിരിക്കുന്നു. വക്രതയേതുമില്ലാത്ത, തികച്ചും ഋജുവായ മതം. ഇബ്റാഹീം നിഷ്കളങ്കമായി അനുവര്‍ത്തിച്ചിരുന്ന മാര്‍ഗം. അദ്ദേഹം ബഹുദൈവാരാധകരില്‍പ്പെട്ടവനായിരുന്നില്ല.`” (6:161) ഏവരും അംഗീകരിക്കുന്ന വ്യകതിയായിരുന്നല്ലോ ഇബ്രാഹിം. ആദ്യം പരസ്പരം യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിക്കുകയും അതില്‍ നിന്നുകൊണ്ട് വിയോജിപ്പുള്ള കാര്യങ്ങളില്‍ സംവദിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
വ്യത്യസ്ത മത വിഭാഗങ്ങള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ മതകീയമായ ആഘോഷങ്ങള്‍ക്ക് എന്താണ് പ്രസക്തി? പരസ്പരം അറിയാനും അടുക്കാനും ഉള്ള അവസരങ്ങള്‍ അത് സൃഷ്ടിക്കുന്നു എന്നതാണെന്ന് ഞാന്‍ കരുതുന്നു. ഈ അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പരസ്പരം അറിയുന്നതിലൂടെ കൂടുതല്‍ നന്നായി പരസ്പരം അടുക്കാന്‍ നമുക്ക് കഴിയും, കഴിയണം. ഇപ്പോള്‍ പെരുന്നാള്‍ സമയമാണ്. രണ്ടാഴ്ച കഴിഞ്ഞു ക്രിസ്തുമസ് വരുന്നു. ഈ അവസരങ്ങള്‍ മറ്റുള്ളവരെ കുറിച്ച് അറിയാനും അടുക്കാനും നാം ഉപയോഗിക്കുക. ഓഫറുകള്‍ ധാരാളമുള്ള ഈ കാലത്ത് ഫോണുകള്‍ പരസ്പരം സംസാരിക്കുകയും ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ദുഖകരമായ കാര്യം.
എല്ലാവര്‍ക്കും ഹൃദ്യമായ ബലിപെരുന്നാള്‍ ആശംസകള്‍...
33 അഭിപ്രായ(ങ്ങള്‍):
എല്ലാവര്ക്കും എന്റെയും കുടുംബത്തിന്റെയും സ്നേഹംനിറഞ്ഞ ബലിപെരുന്നാളാശംസകള്
تقبل اللہ منا ومنکم
عید مبارک
وکل عآم انتم بالخیر
പ്രിയ ലത്തീഫ്,
നല്ല ലേഖനം. വിശ്വാസികളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ ദൈവത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് തോന്നാറുണ്ട്. നല്ലത്. ഞാന്‍ ഒരുപാട് വായിച്ചിട്ടുണ്ട്. ബൈബിളും, ഖുര്‍ ആനും, ഋഗ്വേദവും, ഗീതയുമൊക്കെ. ദൈവത്തെ അവിടെയൊക്കെ കണ്ടിട്ടുണ്ട്. എന്റെ കുഴപ്പം ആവാം, എന്റെ കാഴ്ചപ്പാടില്‍ എനിക്ക് തിന്മ ആയി തോന്നുന്നത് ദൈവം പറയുന്നു, പ്രവര്‍ത്തിക്കുന്നു. അത് കൊണ്ട് മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം അപൂര്‍ണ്ണമായി തോന്നുന്നു. ഇതിലെ അമേരിക്കക്കാരനെ പോലെ ഞാനും അന്വേഷണം തുടരുന്നു. ദൈവത്തെ കണ്ടെത്തും വരെ തുടരും. കണ്ടെത്താനാവാതെ മരിച്ചു പോയാല്‍..................................... ശ്രമം തുടരുന്നു. നല്ല വായനാനുഭവത്തിനു നന്ദി.
പോസ്റ്റിനു അഭിനന്ദനങ്ങള്‍ കൂട്ടത്തില്‍ താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈ പുണ്യ ദിനത്തിന്റെ പേരില്‍ ആശംസകള്‍ നേരുന്നു.
പ്രിയ ലത്തീഫ് സാഹിബ്, ഇത് ഇവിടെ പോസ്റ്റ് ചെയ്തതില്‍ വളരെ സന്തോഷം.
പ്രിയ സായ് കിരണ്‍, അന്വേഷണം തുടരുക. നാമെല്ലാരും അന്വേഷണത്തിന്റെ പാതയില്‍ തന്നെയാണല്ലോ..
പ്രിയ
സലാഹ്,
ഒരു നുറുങ്ങ്,
സായ്കിരണ്‍,
ശരീഫ് കൊട്ടാരക്കര
എല്ലാവര്‍ക്കും നന്ദി.
പുത്ര ബലി: ഇതും ത്യാഗമല്ലേ?
മ്യാന്‍മറില്‍ ഒരു സന്യാസി ദൈവത്തെ സ്വപ്നം കണ്ടു. ദീര്‍ഘ നേരം അദ്ദേഹം ദൈവവുമായി സംവദിച്ചു. അതിനിടയില്‍ മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗങ്ങള്‍ സന്യാസി വര്യന്‍ ദൈവത്തോടന്വേഷിച്ചു. അതൊരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദൈവം പറഞ്ഞു. താങ്കളുടെ ഏറ്റവും വിലപ്പെട്ടത് ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കണം. അത് താങ്കള്‍ ഏറ്റവും സ്നേഹിക്കുന്ന താങ്കളുടെ ഏക പുത്രന്‍ തന്നെയാവട്ടെ.
തുടര്‍ച്ചയായി ഈ സ്വപ്നം തന്നെ കണ്ടപ്പോള്‍ സന്യാസി തന്‍റെ പുത്രനെയുമായി പുറപ്പെട്ടു. ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മകനെ കഴുത്തിലേക്ക് അയാള്‍ കത്തി വെക്കാന്‍ ഒരുങ്ങി. ഇക്കാര്യം മണത്തറിഞ്ഞെത്തിയ ജനക്കൂട്ടവും പോലീസും സര്‍ക്കാറും പക്ഷെ ഈ മഹത്തായ ത്യാഗത്തിനനുവദിച്ചില്ലെന്നു മാത്രമല്ല അറസ്റ്റു ചെയ്ത് മനോരോഗാശുപത്രിയില്‍ ആക്കുകയും ചെയ്തു.
എനിക്കെന്തോ ഇയാളെ മനോരോഗിയാക്കാന്‍ തോന്നിയില്ല. ത്യാഗസ്മരണ പുതുക്കി ബലി പെരുന്നാള്‍ ആഘോഷിക്കുന്ന ഈ വിശേഷ വേളയില്‍ പ്രത്യേകിച്ചും.
>>> മനോരോഗാശുപത്രിയില്‍ ആക്കുകയും ചെയ്തു.എനിക്കെന്തോ ഇയാളെ മനോരോഗിയാക്കാന്‍ തോന്നിയില്ല.<<<
മനോരോഗാശുപത്രിയാലാക്കിയത് എന്തുകൊണ്ടാണ് എന്ന് എനിക്കും താങ്കളുടെ വിവരണത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തെ കൊലശ്രമത്തിന് ജയിലടക്കുകയായിരുന്നു വേണ്ടിയിരുന്നത്.
മനുഷ്യന്‍ കേവലമൊരു ജന്തുവാണെന്ന് മനസ്സിലാക്കുന്നവര്‍ക്ക് ചിലകാര്യങ്ങള്‍ യഥാവിധി ഉള്‍കൊള്ളാന്‍ കഴിയാതെ പോകും. മനുഷ്യന്‍ എന്നത് ശരീരവും ആത്മാവും ചിന്തയും വികാര വിചാരങ്ങളും ഒത്തുചേര്‍ന്ന ദൈവത്തിന്റെ ഒരു വിശിഷ്ട സൃഷ്ടിയാണ് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കും. അതില്‍ പെട്ടതാണ് ബലിപെരുന്നാളിലെ ത്യാഗത്തിന്റെ സ്മരണയും.
1. "അദ്ദേഹത്തെ കൊലശ്രമത്തിന് ജയിലടക്കുകയായിരുന്നു വേണ്ടിയിരുന്നത്."
ആരെ? ഇബ്രാഹീം നബിയെയോ?
2. "മനുഷ്യന്‍ കേവലമൊരു ജന്തുവാണെന്ന് മനസ്സിലാക്കുന്നവര്‍ക്ക് ചിലകാര്യങ്ങള്‍ യഥാവിധി ഉള്‍കൊള്ളാന്‍ കഴിയാതെ പോകും"
ഏത്? സന്യാസിയുടെ കാര്യമോ?
ഡിലീറ്റ് ചെയ്യാതെ മറുപടി തരാന്‍ ശ്രമിക്കൂ... അല്ലെങ്കില്‍ താങ്കള്‍ക്ക് ഇരട്ടത്താപ്പാണെന്ന് വിശ്വസിക്കേണ്ടി വരും.
@ഹഫീസ്
നന്ദി.
@മനുഷ്യസ്‌നേഹി
കമന്റിന് നന്ദി. തമാശക്കമന്റുകള്‍ക്ക് മറുപടി പറയാന്‍ സമയമില്ലാത്തതിനാല്‍ അത്തരമൊരു കമന്റ് ഡിലീറ്റ് ചെയ്തിരിക്കുന്നു ക്ഷമിക്കുക.
muslim mathapithakkalil, kudumbathil, samoohaththil, janikkunna namukka oru pakshe manassilakkan kazhiyathe pokunna onnund. athanu islam... jafri langinteyum, muhammad asadinteyum jeevitham anubhava sampoornamakkiya avismaraneeyamakkiya onnathre Islam. namukkum atharam oranubhavam jeevithathil nedan puthu viswasikalumayulla samparkkam koodiye theeroo.
karanam avar thanneyanu nammekka uyarnna thalathil nilkkunnavar, karanam chuttupadukale velluviliyode nerittukond islaminte prakasham thediyethiyavar nadha njangalkkum aa madhuram nee nalkename ***aameen
മനുഷ്യ സ്നേഹി. said..
>>> 1. "അദ്ദേഹത്തെ കൊലശ്രമത്തിന് ജയിലടക്കുകയായിരുന്നു വേണ്ടിയിരുന്നത്."
ആരെ? ഇബ്രാഹീം നബിയെയോ?
2. "മനുഷ്യന്‍ കേവലമൊരു ജന്തുവാണെന്ന് മനസ്സിലാക്കുന്നവര്‍ക്ക് ചിലകാര്യങ്ങള്‍ യഥാവിധി ഉള്‍കൊള്ളാന്‍ കഴിയാതെ പോകും"
ഏത്? സന്യാസിയുടെ കാര്യമോ?
ഡിലീറ്റ് ചെയ്യാതെ മറുപടി തരാന്‍ ശ്രമിക്കൂ... അല്ലെങ്കില്‍ താങ്കള്‍ക്ക് ഇരട്ടത്താപ്പാണെന്ന് വിശ്വസിക്കേണ്ടി വരും. <<<
ഇത്തരം കമന്റ് ഡിലീറ്റിയാല്‍ ഒരു അനോണി എന്റെ ഇരട്ടത്താപ്പില്‍ വിശ്വസിച്ചു പോയേക്കുമോ എന്ന് വിചാരിച്ചല്ല ഈ കമന്റിന് മറുപടി നല്‍കുന്നത്, മറിച്ച്; ഹസ്രത്ത് ഇബ് റാഹീം ജയിലടക്കപ്പെടുകുയും തീയിലെറിയപ്പെടുകയും ആ മഹാനായ പ്രവാചകനെ തീയിലെറിഞ്ഞ നിംറൂദ് കുറ്റവിമുക്തനാകുകയും ചെയുന്ന
തലതിരിഞ്ഞ ഈ നീതിബോധത്തെ അനാവരണം ചെയ്യേണ്ടതുണ്ട് എന്നുതോന്നിയതുകൊണ്ടാണ്. അതുകൊണ്ട് മറുപടി പറയാം.
മനുഷ്യ സ്നേഹിയുടെ സംശയം ന്യായം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇബ്രാഹിം നടത്തിയ പുത്രാഹത്യാ ശ്രമം മഹത്തരവും, ആധുനിക കാലത്ത് മ്യാന്മാറില്‍ ഒരാള്‍ നടത്തിയത് നരബലിയും അന്ധ വിശ്വാസവും ആകുന്നത് ! :-) മനുഷ്യ സ്നേഹിയുടെ സംശയം തീര്‍ക്കുന്നതിനു പകരം കമന്റ് ഡിലീറ്റ് ചെയ്തതും, ഉത്തരം കൊടുക്കാതെ ഒഴിഞ്ഞു മാറിയതും ശരിയായില്ല ലത്തീഫ്.
ഒരു ഇരതടയുന്നുണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ഈ മറുപടി കേള്‍ക്കാനുള്ള അത്യാവേശം ഇവിടെ ചിലര്‍ കാണിക്കുന്നതെന്ന് മനസ്സിലാകാത്തതുകൊണ്ടല്ല. കമന്റ് ഡിലീറ്റിയതോടെ ചിലര്‍ വലിയ ഹരത്തിലാണ്. അത്തരക്കാരെ മനസ്സിലാക്കികൊടുക്കുക എന്നത് എന്റെ ലക്ഷ്യമല്ല. പ്രവാചകന്‍മാരെ നേരിട്ട് കാണുകയും അവരിലൂടെ ദൈവിക ദൃഷ്ടാന്തങ്ങള്‍ സ്വന്തം കണ്ണുകൊണ്ട് കാണുകയും ചെയ്ത നിംറൂദിന്റെയും ഫറോവയുടെയും പിന്‍തലമുറ നഷിച്ചുപോയിട്ടില്ല. ഇവിടെയുള്ള സംശയം വളരെ പ്രധാനപ്പെട്ടതാണ് എന്നാണല്ലോ ബിജുവിന്റെയും അഭിപ്രായം അതുകൊണ്ട് അല്‍പം വിശദമായി മറുപടി പറയാം. അതുവരെ മറ്റു ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കുക എന്നത് ഒരു സാമാന്യ മര്യാദയാണ് അത് ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രാകൃതരുടെ ദൈവങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ആരാധന നരബലി തന്നെ !
ഉത്തരത്തിലേക്ക് കടക്കുന്നതിന് മുമ്പ് ലോകത്തിലെ രണ്ട് പ്രമുഖ വേദങ്ങള്‍ ഇവയെ പരാമര്‍ശച്ചതെങ്ങനെയെന്ന് നോക്കാം. ആദ്യമായി ബൈബിള്‍ പ്രസ്തുത സംഭവം ഇങ്ങനെ വിവരിക്കുന്നു.
(ഉല്പത്തി പുസ്തകം, അദ്ധ്യായം 22: 10-17)
'ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.10 പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.11 ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു.12 ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.13 അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.14 അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.15 യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു:16 നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു17 ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും;'
ഖുര്‍ആന്‍ പ്രസ്തുത ഭാഗം ഇങ്ങനെ വിവരിക്കുന്നു. (അധ്യായം 37:99-113)
'ഇബ്റാഹീം പ്രസ്താവിച്ചു: `ഞാന്‍ എന്റെ റബ്ബിങ്കലേക്കു പോകുന്നു. അവന്‍ എനിക്കു മാര്‍ഗദര്‍ശനമരുളും. നാഥാ, എനിക്ക് ഒരു സല്‍പുത്രനെ പ്രദാനം ചെയ്യേണമേ!` (ഈ പ്രാര്‍ഥനക്ക് ഉത്തരമായി) നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി. പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുന്ന പ്രായമായപ്പോള്‍ (ഒരു ദിവസം) ഇബ്റാഹീം പറയുന്നു: `മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?` മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാഅല്ലാഹ്- അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം. അങ്ങനെ ഇരുവരും സമര്‍പ്പിതരായി. ഇബ്റാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം വിളിച്ചു: അല്ലയോ ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു. സുകൃതികള്‍ക്ക് നാം ഈവിധം പ്രതിഫലം നല്‍കുന്നു. നിശ്ചയം, ഇതൊരു തുറന്ന പരീക്ഷണം തന്നെയായിരുന്നു. നാം മഹത്തായ ഒരു ബലി തെണ്ടം നല്‍കിക്കൊണ്ട് ആ ബാലനെ മോചിപ്പിച്ചു. അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തികള്‍ പിന്‍തലമുറകളില്‍ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്റാഹീമിനു സലാം. സുജനങ്ങള്‍ക്ക് നാം ഇങ്ങനെത്തന്നെ പ്രതിഫലം നല്‍കുന്നു. നിശ്ചയം, അദ്ദേഹം നമ്മുടെ വിശ്വാസികളായ ദാസന്മാരില്‍പെട്ടവനായിരുന്നു. നാം അദ്ദേഹത്തിന് ഇസ്ഹാഖിന്റെ സുവിശേഷം നല്‍കി. - സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍. അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. ഇന്നോ, അവരുടെ സന്തതികളില്‍ ചിലര്‍ വിശിഷ്ടരാകുന്നു. ചിലര്‍ തങ്ങളോടുതന്നെ സ്പഷ്ടമായ അക്രമമനുവര്‍ത്തിക്കുന്നവരുമാകുന്നു.'
ഇവിടെ ഞാന്‍ ഖുര്‍ആന്റെ വിവരണത്തെ അടിസ്ഥാനമാക്കിയാണ് ചില കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. ബൈബിളിന്റെ പരാമര്‍ശവും നല്‍കി എന്ന് മാത്രം. ഖുര്‍ആനിലും ബൈബിളിലും ഈ വിഷയത്തിലുള്ള പ്രാധാന വ്യത്യാസം ഖുര്‍ആന്‍ സൂചനയനുസരിച്ച് ബലി പുത്രന്‍ ഇസ്മായീലും ബൈബിള്‍ പരാമര്‍ശമനുസരിച്ച് ഇസ്ഹാഖുമാണ് എന്നതാണ്. ആ ചര്‍ച നേരത്തെ നടത്തിയതിനാല്‍ ഇവിടെ നല്‍കുന്നില്ല. ഇവിടെ അത് വിശദീകരിക്കേണ്ട കാര്യവുമില്ല. ദൈവം മനുഷ്യബലി ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് യുക്തിവാദികള്‍ ബഹളമുണ്ടാക്കാറുണ്ട്. അതുകൊണ്ടാണ് രണ്ട് വേദങ്ങളില്‍നിന്നുമുള്ള ഉദ്ധരണി നല്‍കിയത്. ഇതില്‍ ഏത് വായിച്ചാലും അത്തരമൊരു സ്വപ്‌നദര്‍ശനത്തിന്റെയും പരീക്ഷണത്തിന്റെയും ഉദ്ദേശ്യം നരബലിയായിരുന്നില്ല എന്ന് വ്യക്തമാണ്. ഒരിക്കലും പ്രവാചകന്‍മാര്‍ക്ക് നരബലി എന്ന ഒരു കര്‍മം നിയമായി നിശ്ചയിക്കപ്പെട്ടിട്ടുമില്ല.
മറുപടി തുടരും...
മാധ്യമത്തിലെ ലേഖനത്തില്‍ ജ: kt തോമസ് പറയുന്നു, "ദൈവത്തിന് മനുഷ്യക്കുരുതി ആവശ്യമില്ലെന്ന് ഇബ്രാഹീം നബിയിലൂടെ മനുഷ്യസമൂഹത്തിന് ദൈവം നല്‍കിയ സന്ദേശമാണ് ഈ സംഭവത്തിലെ ഏറ്റവും പ്രധാനമായത്." മനുഷ്യ ക്കുരുതി വേണ്ട പക്ഷെ അറ്റ് ലീസ്റ്റ് ആടിനെയെങ്കിലും വേണം. ഹഹഹഹ! ദൈവത്തിനു എന്തോന്നിനാ ഈ ആടിനെയൊക്കെ? (മട്ടണ്‍ ഫ്രൈ അടിക്കുന്ന ദൈവം!) (നര ബലി വേണ്ട, മൃഗബലി വേണം!) ചോദ്യം ഉത്തരം മുട്ടിക്കുന്നതായത് കൊണ്ടാണ്, ചോദ്യ കര്‍ത്താവിനു അത്യാവേശമാണെന്നൊക്കെ തോന്നുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു കാര്‍ന്നോര്‍ ചെയ്തത് ദിവ്യവും , ആധുനിക കാലത്ത് അതേ സംഭവം അന്ധ വിശ്വാസവുമാകുന്ന ത്തിന്റെ യുക്തി രാഹിത്യവുമാണ് ചോദ്യത്തിലെ വിഷയം. ലത്തീഫ് വിളമ്പിയ പഴം പുരാണമൊന്നും അതിനുള്ള ഉത്തരമാകുന്നില്ല. :-) സമയ പരിമിതി-കൂടുതല്‍ ചര്‍ച്ചയ്ക്കില്ല.. താങ്കളുടെ പരിമിതിയും മനസ്സിലാക്കുന്നു. :-)
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ലതീഫ്‌ക്കാ
വൈകിപ്പോയോ
ഈ പുസ്തകം മുമ്പ് ഒന്ന് മറിച്ചു നോക്കിയിരുന്നു.
മുഴുവനായി വായിക്കാന്‍ കഴിഞ്ഞില്ല.
ഇവടെ ഉദ്ധരിച്ച ഭാഗങ്ങള്‍ വളരെ മനോഹരം.
എല്ലാവര്ക്കും ഈ വൈകിയ വേളയില്‍ പെരുന്നാള്‍ സന്തോഷങ്ങള്‍ നേരുന്നു.
ea jabbar said..
>>> പ്രാകൃതരുടെ ദൈവങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ആരാധന നരബലി തന്നെ ! <<<
അത് ശരിയായിരിക്കാം.
പക്ഷെ പ്രവാചകന്‍മാര്‍ അത്തരം പ്രാകൃത ആചാരങ്ങളെ ഇല്ലാതാക്കി. മനുഷ്യനുപകാരപ്രദമായ മൃഗബലി മാത്രം നിയമമാക്കി നിശ്ചയിച്ചു.
@ബിജു ചന്ദ്രന്‍
>>> മാധ്യമത്തിലെ ലേഖനത്തില്‍ ജ: kt തോമസ് പറയുന്നു, "ദൈവത്തിന് മനുഷ്യക്കുരുതി ആവശ്യമില്ലെന്ന് ഇബ്രാഹീം നബിയിലൂടെ മനുഷ്യസമൂഹത്തിന് ദൈവം നല്‍കിയ സന്ദേശമാണ് ഈ സംഭവത്തിലെ ഏറ്റവും പ്രധാനമായത്." മനുഷ്യ ക്കുരുതി വേണ്ട പക്ഷെ അറ്റ് ലീസ്റ്റ് ആടിനെയെങ്കിലും വേണം. ഹഹഹഹ! <<<
താങ്കള്‍ ഒരു കമന്റും വായിക്കാതെയാണ് ചിരിക്കുന്നത് എന്ന് കാണുമ്പോള്‍ അല്‍പം സഹതാപം മാത്രമേ തോന്നുന്നുള്ളൂ. ദൈവത്തിന് ആടിനെയും മൂരിയെയും വേണ്ട. രക്തവും മാംസവും വേണ്ട. താഴെ നല്‍കിയ ഖുര്‍ആന്‍ സൂക്തം വായിച്ചു നോക്കുക. എന്നാല്‍ അതൊക്കെ വേണമെന്ന് കരുതുന്ന മതങ്ങളും ഇന്ത്യയിലുണ്ട്. മനുഷ്യന് ഉപയോഗിക്കാനുള്ള എണ്ണയും കുടിക്കാനുള്ള പാലും ബിംബങ്ങളില്‍ ഒഴിച്ച് കളയുന്നവരും. അതിനൊക്കെ എതിരായി മനുഷ്യസ്‌നേഹത്തിന്റെ പേരില്‍ ഒരു സായ്കിരണ്‍ പോസ്റ്റിട്ടത്. ഇസ്ലാമിന്റെ ബലി അദ്ദേഹം അല്‍പം തെറ്റിദ്ധരിച്ചതാണ്. പക്ഷെ അവിടെയും ഇസ്ലാമിനെ ചര്‍ചയാക്കാനാണ് മൃഗസ്‌നേഹികള്‍ മത്സരിച്ചത്.
മുത്ത് പറഞ്ഞു...
>>> ഈ പുസ്തകം മുമ്പ് ഒന്ന് മറിച്ചു നോക്കിയിരുന്നു.
മുഴുവനായി വായിക്കാന്‍ കഴിഞ്ഞില്ല.
ഇവടെ ഉദ്ധരിച്ച ഭാഗങ്ങള്‍ വളരെ മനോഹരം. <<<
ജെഫ്രിലാംഗിന്റെ രണ്ട് പുസ്തകങ്ങള്‍ ഐ.പി.എച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വായിക്കേണ്ട പുസ്തകങ്ങളാണവ. പോരാട്ടവും കീഴടങ്ങലും , മാലാഖമാര്‍ പോലും ചോദിക്കുന്നു. വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുന്ന രചനാ പാടവം അതില്‍ കാണാം. ഇസ്ലാമിക വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രത്യേക നൈപുണ്യവും പുതുമയുള്ള അവതരരീതിയും ശ്രദ്ധേയമാണ്.
എന്തുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താന്‍ സ്വന്തം കഴുത്തില്‍ കത്തിവെക്കുന്നില്ല എന്ന ബൂലോകയുക്തിവാദി പുലികളുടെ വളിച്ച തമാശകള്‍ മാത്രം കണ്ട് പരിചയിച്ചവരും അതിന് ഹഹഹ പറയുന്നവരും ആ പുസ്തകമൊന്ന് വായിക്കാന്‍ സമയം കാണുന്നത് നന്നായിരിക്കും.
ഒരു മുന്‍നാസ്തികള്‍ എങ്ങനെയാണ് മനുഷ്യത്വം തിരിച്ചറിഞ്ഞത് എന്ന അറിവ് അതില്‍നിന്ന് ലഭിക്കും. ചെറുപ്പത്തിലേ മതവിഷം തലച്ചോറിലേക്ക് അടിച്ച് കേറ്റപ്പെട്ടവനല്ല ജെഫ്രിലാംഗ് എന്നതിനാല്‍ അറപ്പില്ലാതെ യുക്തിവാദനാട്ട്യക്കാര്‍ക്ക് വായിക്കുകയുമാകാം. അതിനുള്ള വിനയമുണ്ടായാല്‍ മാത്രം മതി.
പ്രിയ മുത്ത്,
താങ്കളുടെ സരസവും ബുദ്ധിപരവുമായ മറുപടി ഇ.എ. ജബ്ബാറിന്റെ ബ്ലോഗില്‍ വായിച്ചു. ഉഗ്രനായിരിക്കുന്നു. ഇവിടെ അഭിപ്രായത്തിന് നന്ദി.
ആലിക്കോയ സാഹിബ്, അഭിപ്രായത്തിന് നന്ദി.
"താങ്കള്‍ ഒരു കമന്റും വായിക്കാതെയാണ് ചിരിക്കുന്നത് എന്ന് കാണുമ്പോള്‍ അല്‍പം സഹതാപം മാത്രമേ തോന്നുന്നുള്ളൂ. ദൈവത്തിന് ആടിനെയും മൂരിയെയും വേണ്ട. രക്തവും മാംസവും വേണ്ട."
ദൈവത്തിന് ആടിനെയും മൂരിയെയും വേണ്ട. രക്തവും മാംസവും വേണ്ട- വളരെ യുക്തമായ നിലപാട്. അതോടൊപ്പം ആടിനെയും മൂരിയെയും ബലി നല്‍കുന്ന ചടങ്ങും വേണ്ട എന്ന് പറയുമ്പോഴല്ലേ അതിനു പൂര്‍ണ്ണത വരൂ... ദൈവത്തിനു ഇപ്പറഞ്ഞതൊന്നും വേണ്ടെങ്കില്‍ ഹജ്ജില്‍ നിന്നും മൃഗബലി അങ്ങ് ഒഴിവാക്കിക്കൂടെ? പുരാതനമായ ഗോത്ര വര്‍ഗ്ഗ ആചാരങ്ങള്‍ ഇന്നും ഇസ്ലാമില്‍ നില നില്‍ക്കുന്നു എന്നതാണ് ദുഃഖ കരമായ സത്യം. വിഗ്രഹാരാധന തെറ്റാണെന്ന് പറയുന്നു, ക അബയ്ക്ക് ചുറ്റും വലം വെയ്ക്കുന്നു. മാസവും രക്തവും ദൈവത്തിങ്കല്‍ എത്തില്ല എന്ന് പറയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആടുകളെയും ഒട്ടകങ്ങളെയും ദൈവ പ്രീതിക്കായി മരുഭൂമിയില്‍ കശാപ്പു ചെയ്യുന്നു. നല്ല സൂപ്പറ് മതം.
മൃഗങ്ങളെ അറുത്ത് ഭക്ഷിക്കുക എന്നത് മനുഷ്യനോളം പഴക്കമുള്ള സമ്പ്രദായമാണ്. യുക്തിവാദികള് എന്നവകാശപ്പെടുന്നവര്ക്കും അതറിയാവുന്നതാണ്. ജീവികളുടെ മാസം തിന്നുന്നതിലും ആര്‍ക്കും വലിയ പരാതിയില്ല. അത് ക്രൂരതയായി കാണുന്നുമില്ല. എന്നാല്‍ മതങ്ങളിലുള്ള ബലിയെ സംമ്പന്ധിച്ചാണ് ക്രൂരത എന്ന് പറയുന്നത്. അതിലും ശരിയുണ്ട് പ്രവാചകന്‍ മുഹമ്മദ് നബി ആഗതമാകുന്നതിന് മുമ്പ് അത്തരം ബലിയുണ്ടായിരുന്നു. അവര്‍ മൃഗങ്ങളെ ബലിയറുക്കുകയും അതിന്റെ മാസവും രക്തവും കഅ്ബയില്‍ തേക്കുകയും ചെയ്തു. ദൈവത്തിന് ആവശ്യമായത് കൊണ്ടാണ് ബലിയറുക്കാനുള്ള കല്‍പന എന്നവിധം എന്നാല്‍ ഖുര്‍ആന്‍ അതിനെ ഇങ്ങനെ തിരുത്തി.
'(ബലി)ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്‍മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക. അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു. ഇവ്വിധം അവന്‍ നിങ്ങള്‍ക്ക് കാലികളെ മെരുക്കിത്തന്നിരിക്കുന്നു; അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിന് നിങ്ങള്‍ അവനെ മഹത്വപ്പെടുത്താന്‍. പ്രവാചകരേ, സുകൃതികളായ ആളുകളെ ശുഭവാര്‍ത്തയറിയിച്ചുകൊള്ളുക.' (22:36-37)
മനുഷ്യനുപകാരപ്രദമായ ആചാരങ്ങള്‍ മാത്രമാണ് ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത്. അതിന്റെ ഏതെങ്കിലും വികല രൂപങ്ങള്‍ പൂര്‍വികമായ മതങ്ങളിലും സമൂഹങ്ങളിലും നിലനിന്നിരിക്കാം. അവര്‍ വികൃതമാക്കി എന്നത് കൊണ്ട് അവ വലിച്ചെറിയണം എന്ന് ഇസ്ലാം നിഷ്‌കര്‍ശിച്ചില്ല. ഉദാഹണം താങ്കള്‍ സൂചിപ്പിച്ച വിഷയവുമായി ബന്ധമില്ലാത്ത കഅ്ബക്ക് ചുറ്റും വലം വെക്കല് ( പ്രവാചകന് മുമ്പ് അറബികള്‍ അത് ചെയ്തിരുന്നത് വസ്ത്രം ധരിക്കാതെയായിരുന്നു), ഇതെങ്ങനെയാണ് വിഗ്രഹാരാധനയാകുന്നത്. അങ്ങനെയെങ്കില്‍ നമസ്‌കാരം കഅ്ബയിലേക്ക് തിരിഞ്ഞുനിന്ന് നിര്‍വഹിക്കുന്നതിനാല്‍ വിഗ്രഹ പൂജയെന്നും പറയാമല്ലോ?!!.
ഇവിടെ ബിജുചന്ദ്രന്റെ അല്‍പം മാന്യതയുള്ള സംസാരത്തില്‍ അത്ഭുതം തോന്നിയിരുന്നു. അല്‍പം സന്തോഷവും. ഇനിമുതലുള്ള താങ്കളുടെ കമന്റുകള്‍ പതിവു ശൈലിയിലാകും എന്ന് കരുതുന്നു. അതാകട്ടെ ഇത്തരം ചര്‍ചയില്‍ പ്രയോജനപ്പെടുന്നതുമല്ല. അതിനാല്‍ കമന്റ് മോഡറേഷന്‍ അങ്ങനെ തന്നെ നില്‍ക്കട്ടേ.
>>> ദൈവത്തിന് ആടിനെയും മൂരിയെയും വേണ്ട. രക്തവും മാംസവും വേണ്ട- വളരെ യുക്തമായ നിലപാട്. അതോടൊപ്പം ആടിനെയും മൂരിയെയും ബലി നല്‍കുന്ന ചടങ്ങും വേണ്ട എന്ന് പറയുമ്പോഴല്ലേ അതിനു പൂര്‍ണ്ണത വരൂ... ദൈവത്തിനു ഇപ്പറഞ്ഞതൊന്നും വേണ്ടെങ്കില്‍ ഹജ്ജില്‍ നിന്നും മൃഗബലി അങ്ങ് ഒഴിവാക്കിക്കൂടെ? <<<
ഇങ്ങനെയൊരു ദൈവത്തെയല്ലേ ജബ്ബാര്‍മാഷടക്കമുള്ള യുക്തിവാദികള്‍ കൊണ്ടുനടക്കുന്നതും പൂജിക്കുന്നതും. ഇസ്ലാമിലെ ദൈവം ബലി നിയമമാക്കിയ ദൈവമാണ്. ഞങ്ങള്‍ ആ ദൈവത്തെ വഴിപ്പെട്ടുകൊള്ളട്ടേ. അതൊക്കെ ഇല്ലാതാക്കി യുക്തിവാദികളുടെ ദൈവം മാത്രമേ പാടുള്ളൂ എന്ന് പറയുന്നത് തീവ്രതയല്ലേ. കടുത്ത മുസ്ലിം തീവ്രവാദിക്ക് പോലുമില്ലാത്ത വിശ്വാസമല്ലേ അത്.
N.B.ദൈവമുണ്ടായിരിക്കാം പക്ഷേ അത് ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ദൈവമല്ല എന്നതാണ് ഇ.എ.ജബ്ബാറിന്റെ സുചിന്തിതമായ നിലപാട്. മാറ്റമുള്ളതായി അറിയില്ല.
ബലിയെപ്പറ്റി കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ ചര്‍ച ചെയ്തമാണ് അത് ഇവിടെ ഉള്ള സ്ഥിതിക്ക് വീണ്ടും അത് ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഇബ്രാഹീം നബിയുമായി ബന്ധപ്പെട്ട സംഭവം മുസ്ലിംകള്‍ എങ്ങനെ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അപ്പോള്‍ അറിയാം അദ്ദേഹം നടത്തിയതും സ്വാമിജി ചെയ്തതും ഒന്നാണോ എന്ന്.
ജഫ്രിലാംഗിനെ പരിചയപ്പെടുത്തിയതിനു നന്ദി ലത്തീഫ്.
വീട്ടിൽ ഒരു വിരുന്നുകാരൻ വന്നാൽ ഒരു കോഴിയെപ്പിടിച്ച് അറുക്കുന്ന നമ്മൾ എന്തിനാണ് ഇങ്ങനെ കപട-മൃഗ-പഷി സ്നേഹികളാവുന്നത് ബിജു ചന്ദ്രൻ? കടിച്ചു പറിക്കാൻ അല്പം ഇറച്ചിയിയൊക്കെയില്ലാതെ എന്താഘോഷം? ലോകം മുഴുവൻ ആഘോഷിക്കുന്ന വലിയ പെരുന്നാൾ പോലെ ഒരു ദിനത്തിൽ പാവപ്പെട്ടവർകൂടി അല്പം ഇറച്ചി പാകം ചെയ്തു കഴിച്ചോട്ടെ എന്ന് ദൈവം നിശ്ചയിച്ചത് ഒരു തെറ്റായിപ്പോയോ ബിജൂ ചന്ദ്രൻ? ഇനി ഒന്നിനെയും കൊല്ലാതെ മനുഷ്യൻ ഭക്ഷണം കഴിക്കണമെന്നാണ് ബിജുവിന്റ്റെ വാദമെങ്കിൽ നമ്മൾ പട്ടിണികിടന്ന് മരിക്കുകയേ ഉള്ളൂ ഭായ്.. കീടനാശിനി പ്രയോഗങ്ങളിലൂടെ എത്ര എത്ര ചെറു ജീവികളെയാണ് നാം ‘ബലി‘കൊടൂക്കുന്നത്?
'മരിച്ചവരും മടയന്‍മാരും അഭിപ്രായം മാറ്റില്ല'
'ഒരിക്കലും അഭിപ്രായം മാറാത്തവര്‍ ഒരിക്കലും തന്റെ തെറ്റ് തിരുത്താത്തവനാണ്. '
"ഫോണുകള്‍ പരസ്പരം സംസാരിക്കുകയും ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ദുഖകരമായ കാര്യം"
ഇതാണ് ഇന്നത്തെ ചിന്താവിഷയം..
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ