2010, ഡിസംബർ 8, ബുധനാഴ്‌ച

ഖുര്‍ആന്‍ രചനയില്‍ സഹായിച്ചതാര് ?.

കഴിഞ്ഞ മൂന്ന് പോസ്റ്റുകളിലായി ഖുര്‍ആന്‍ മുഹമ്മദ് നബി ബൈബിളില്‍നിന്ന് പകര്‍ത്തിയതാണെന്ന ആരോപണത്തിന് വിശദമായി മറുപടി പറയുകയുണ്ടായി. വിമര്‍ശകരിലാരും അതിനെ ഖണ്ഡിക്കാന്‍ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, അത് അംഗീകരിക്കുകയും പകരം അല്‍പം വ്യത്യാസപ്പെടുത്തി ഖുര്‍ആന്‍ മനുഷ്യകൃതിയാണെന്ന് സ്ഥാപിക്കാന്‍ ഒരു സഹായിയെ സങ്കല്‍പിക്കുകയുണ്ടായി. 

ബൈബിളില്‍നിന്ന് കേട്ട് പകര്‍ത്തിയതാണ്, അല്ലെങ്കില്‍ ആധുനിക കാലത്ത് ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ സിറിയയിലേക്കുള്ള യാത്രയില്‍ അവിടെയുള്ള ക്രിസ്ത്യന്‍ സന്ന്യാസിമാരുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെന്നും അവിടെ നിന്നാണ് ഖുര്‍ആന്റെ ഉള്ളടക്കം മുഹമ്മദിന്റെ മനസ്സില്‍ പതിഞ്ഞതെന്നും പ്രചരിപ്പിക്കുന്നു. (എന്തുകൊണ്ട് ഈ ആരോപണം പ്രവാചകന്റെ കാലത്ത് നടത്തിയില്ല.?) ആ ആരോപണം മുഖവിലക്കെടുത്താണ് കഴിഞ്ഞ പോസ്റ്റുകളില്‍ വിശദീകരിച്ചത്. രണ്ടിന്റെയും ഉള്ളടക്കത്തെ സംബന്ധിച്ച തികഞ്ഞ അജ്ഞതയുണ്ടെങ്കിലേ ആ വിമര്‍ശനം വിലപോകൂ. അത് നടക്കാത്തിടത്ത് പുറത്തെടുക്കുന്ന ആരോപണമാണ് മുഹമ്മദ് നബിയെ ഈ വിഷയത്തില്‍  ആരോ സഹായിച്ചുവെന്നത്. അതാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഖുര്‍ആന്‍ അവതരണം നടന്നുകൊണ്ടിരുന്ന കാലത്തും ഇതേ അരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിനെ പരാമര്‍ശിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

പ്രവാചക സന്ദേശം സ്വീകരിക്കാന്‍ വിസമ്മതിച്ച ജനം പറയുന്നു: `ഈ ഫുര്‍ഖാന്‍ അയാള്‍ സ്വയം ചമച്ച കെട്ടുകഥ മാത്രമാകുന്നു. വേറെ ചിലയാളുകള്‍ അക്കാര്യത്തില്‍ അയാളെ സഹായിച്ചിട്ടുമുണ്ട്.` വലിയ അധര്‍മവും പച്ചക്കള്ളവും തന്നെ ഇവരീ ജല്‍പിക്കുന്നത്. അവര്‍ പറയുന്നു: `ഇത് പൂര്‍വികരുടെ ഇതിഹാസങ്ങളാകുന്നു. അയാള്‍ അവ പകര്‍ത്തിക്കുന്നു. രാവിലെയും വൈകീട്ടും അയാള്‍ അതു വായിച്ചു കേള്‍പ്പിക്കപ്പെടുന്നുമുണ്ട്.` പ്രവാചകന്‍, അവരോടു പറയുക: `വാനലോകങ്ങളുടെയും ഭൂലോകത്തിന്റെയും പൊരുളറിയുന്നവനാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും അവന്‍ ഏറെ മാപ്പരുളുന്നവനും കൃപാനിധിയുമാകുന്നു.` (25: 4-6)
 
['ഇക്കാലത്ത് ഓറിയന്റലിസ്റുകള്‍   വിശുദ്ധ ഖുര്‍ആനിന്നെതിരില്‍ ഉന്നയിക്കുന്ന അതേ ആരോപണം തന്നെയാണിതും. എങ്കിലും, പ്രവാചക(സ)ന്റെ സമകാലീനരായ പ്രതിയോഗികളിലാരും തന്നെ, ഖുര്‍ആനിലെ വിജ്ഞാനങ്ങളെല്ലാം അദ്ദേഹം ബാല്യകാലത്ത് ബുഹൈറ എന്ന പാതിരിയെ കണ്ടുമുട്ടിയപ്പോള്‍ അയാളില്‍ നിന്നു പഠിച്ചതാണ് എന്നു പറഞ്ഞിട്ടില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. യൌവനദശയിലെ വ്യാപാര യാത്രകള്‍ക്കിടയില്‍ കൈസ്തവ സന്യാസികളില്‍ നിന്നും ജൂതപുരോഹിതന്മാരില്‍ നിന്നും അഭ്യസിച്ചതാണെന്നും അവര്‍ പറഞ്ഞിട്ടില്ല. അവിടത്തെ എല്ലാ യാത്രകളെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു എന്നതാണിതിന്നു കാരണം. അദ്ദേഹത്തിന്റെ ഈ സഞ്ചാരങ്ങളൊന്നും തനിച്ചായിരുന്നില്ല; വലിയ സാര്‍ഥവാഹക സംഘത്തോടൊപ്പമായിരുന്നു. ഈ യാത്രകളില്‍ അദ്ദേഹം വല്ലതും അഭ്യസിച്ചു എന്നു ആരോപിച്ചാല്‍ തങ്ങളുടെ പട്ടണത്തിലെതന്നെ അനേകായിരം ആളുകള്‍ തങ്ങളെ നിഷേധിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. കൂടാതെ പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍തന്നെ ബുഹൈറയില്‍ നിന്ന്, അല്ലെങ്കില്‍ 25-ാം വയസ്സിലെ വ്യാപാര സഞ്ചാരങ്ങളില്‍ നിന്ന് ഇദ്ദേഹം ഈ വിജ്ഞാനങ്ങള്‍ കരഗതമാക്കിയിരുന്നുവെങ്കില്‍ ഇത്രയും കാലം രംഗത്തുവരാതെ അടങ്ങിക്കഴിഞ്ഞതെന്തുകൊണ്ട് എന്ന് മക്കയിലെ  സാധാരണക്കാര്‍ തങ്ങളോടു ചോദിക്കുകയും ചെയ്യും. ഇരുപത്തഞ്ചാം വയസ്സു മുതല്‍ ഇക്കാലംവരെ, അയാളുടെ മുഖത്തുനിന്നു ഇതുപോലുള്ള ഒരു തത്വവചനവും ഉതിര്‍ന്നുവരാതിരുന്നതെന്തുകൊണ്ട്? ഇക്കാരണത്താലാണ് മക്കയിലെ സത്യനിഷേധികള്‍ ഇത്രയും തെളിഞ്ഞ കളവുകള്‍ പറയാന്‍ ധൈര്യപ്പെടാതെ അതു പില്‍ക്കാലത്തെ നിര്‍ലജ്ജരായ പ്രതിയോഗികള്‍ക്കു വേണ്ടി ഒഴിച്ചിട്ടത്. അവര്‍ എന്തു പറയുന്നുവോ അതു പ്രവാചകത്വലബ്ധിക്കുമുമ്പുള്ള ദശയുമായി ബന്ധപ്പെട്ടതല്ല; പ്രത്യുത, പ്രവാചകത്വ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. അവരുടെ വാദരീതി ഇതായിരുന്നു: ഇയാള്‍ നിരക്ഷരനാണ്. ഗ്രന്ഥങ്ങളും മറ്റും വായിച്ചു സ്വയം വിജ്ഞാനങ്ങളാര്‍ജിക്കുവാന്‍ ഇയാള്‍ക്കു സാധ്യമല്ല. മുമ്പാണെങ്കില്‍ ഇയാള്‍ യാതൊന്നും പഠിച്ചിട്ടുമില്ല. ഇന്നിയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും നാല്‍പതുവയസ്സുവരെ അയാള്‍ക്കറിയില്ലായിരുന്നു. എന്നിരിക്കെ, ഈ വിജ്ഞാനങ്ങള്‍ എവിടെ നിന്നു വന്നെത്തുന്നു? തീര്‍ച്ചയായും മറ്റു സമുദായങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ രാത്രികാലങ്ങളില്‍ ഇയാള്‍ക്ക് ഗോപ്യമായി തര്‍ജമ ചെയ്തു കിട്ടുന്നതായിരിക്കണം. ഇയാളെ ആരോ ചിലര്‍ അതൊക്കെ വായിച്ചു കേള്‍പ്പിക്കുന്നുണ്ട്. ഇയാള്‍ അത് ഹൃദിസ്ഥമാക്കി, പകല്‍ സമയങ്ങളില്‍ നമ്മെ കേള്‍പ്പിക്കുകയാണ്- ഈ വാദത്തിനുപോല്‍ബലകമായി മക്കയില്‍  വസിച്ചിരുന്ന അഭ്യസ്തവിദ്യരായ ചില വേദക്കാരുടെ പേരുകളും അവര്‍ പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നു. അദ്ദാസ് (ഹുവൈത്വിബുബ്നു അബ്ദില്‍ ഉസ്സായുടെ മൌല- സ്വതന്ത്രനാക്കപ്പെട്ട അടിമ), യസാര്‍ (അലാഉബ്നുല്‍ ഹള്റമിയുടെ മൌല), ജബ്ര്‍ (ആമിറുബ്നു റബീഅയുടെ മൌല) എന്നിവരാണവര്‍. 

ബാഹ്യവീക്ഷണത്തില്‍ ഇതൊരു കനത്ത വിമര്‍ശനമാണ്. ദിവ്യസന്ദേശത്തെ ഖണ്ഡിക്കുവാന്‍ അതിന്റെ ഉറവിടത്തെതന്നെ നിഷേധിക്കുക എന്നതിനേക്കാള്‍ കനത്ത വിമര്‍ശനമേതാണുണ്ടാവുക? മറുപടിയില്‍ തെളിവുകളൊന്നും ഉന്നയിക്കാത്തതിനാല്‍ ആദ്യവീക്ഷണത്തില്‍ സംഭ്രമം തോന്നിയേക്കാം. നിങ്ങള്‍ സത്യത്തോടക്രമം ചെയ്യുന്നു; അന്യായമായ വാദമുന്നയിക്കുന്നു; കടുത്ത കളവിന്റെ കൊടുങ്കാറ്റുയര്‍ത്തുന്നു; ഇത് ആകാശഭൂമികളുടെ രഹസ്യങ്ങളറിയുന്നവനായ ദൈവത്തിന്റെ വചനങ്ങളാണ്. തികച്ചും പ്രതികൂലമായ പരിതഃസ്ഥിതിയില്‍ ഉയരുന്ന എത്രയും കനത്ത ആരോപണങ്ങളെ ഇത്ര നിസ്സാരമായി ഖണ്ഡിക്കുക എന്നത് സംഭ്രമജനകമല്ലേ? യഥാര്‍ഥത്തില്‍, മറുപടിയായി `അധര്‍മവും പച്ചക്കള്ളവും` എന്നു പറഞ്ഞാല്‍ മാത്രം മതിയാകുന്ന അര്‍ഥശൂന്യമായ ഒരാരോപണമാണോ ഇത്? ഒടുവില്‍, ഈ സംക്ഷിപ്ത മറുപടിക്കു ശേഷം സാധാരണക്കാര്‍ അതിന്റെ കാരണമോ വിശദീകരണമോ തേടാതിരുന്നതെന്തുകൊണ്ടാണ്. പുതുവിശ്വാസികളില്‍ പോലും സന്ദേഹങ്ങളുടലെടുക്കുന്നുമില്ല. നോക്കുക, തങ്ങളുന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ, അദ്ദേഹം `അധര്‍മവും പച്ചക്കള്ളവും` എന്ന് ജല്‍പിച്ച് ഒഴിഞ്ഞുമാറുകയാണ് എന്ന് പറയാന്‍ പ്രതിയോഗികള്‍പോലും മുതിരാത്തതെന്തുകൊണ്ട്? 

ഈ പ്രഹേളികക്കുത്തരം കിട്ടണമെങ്കില്‍ നാം പ്രസ്തുത ആരോപണം ഉന്നീതമായ സാഹചര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി മക്കയിലെ  അതിക്രമികളായ പ്രമാണിമാര്‍ ഓരോ മുസ്ലിമിനേയും കഠിനമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുകൊണ്ടിരുന്ന സ്ഥിതി വിശേഷമായിരുന്നു അത്. മുഹമ്മദിന് പൌരാണിക ഗ്രന്ഥങ്ങളുടെ തര്‍ജമകള്‍ പഠിപ്പിച്ചുകൊടുക്കുന്നവരെന്ന് ആരെ സംബന്ധിച്ചാണോ അവര്‍ പറഞ്ഞുകൊണ്ടിരുന്നത്, അവരുടെയും മുഹമ്മദ് നബി(സ)യുടെ തന്നെയും വീടുകള്‍ കൊള്ളയടിച്ചു, പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമാഹരിക്കപ്പെട്ടതെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ പുറത്തുകൊണ്ടുവന്നു ജനസമക്ഷം പ്രദര്‍ശിപ്പിക്കുക അവര്‍ക്ക് അനായാസം സാധ്യമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അവ ജനങ്ങളെ കാണിച്ച് അവര്‍ക്ക് പറയാമായിരുന്നു: `നോക്കുവിന്‍, ഇതാണ് മുഹമ്മദീയ പ്രവാചകത്വത്തിന്റെ രഹസ്യം`. ബിലാലി (റ)നെ ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചവര്‍ക്ക് ഇപ്രകാരം ചെയ്യുവാന്‍ യാതൊരു നിയമവും തടസ്സമായിരുന്നില്ല. ഈ മാര്‍ഗത്തിലൂടെ എപ്പോഴും അവര്‍ക്ക് മുഹമ്മദീയ പ്രവാചകത്വത്തെ തകര്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ അധര പ്രതിരോധം മാത്രം നടത്തിക്കൊണ്ടിരുന്നു. ഒരിക്കലും ഇത്തരമൊരു നടപടിയിലേക്ക് കാലെടുത്തുവെച്ചില്ല. 

ഇക്കാര്യത്തില്‍ അവര്‍ ചൂണ്ടിക്കാണിച്ച വ്യക്തികളാരും പുറത്തുള്ളവരല്ല എന്നതാണ് മറ്റൊരു സംഗതി. മക്കാ പട്ടണത്തില്‍തന്നെയായിരുന്നു അവരും വസിച്ചിരുന്നത്. അവരുടെയൊന്നും യോഗ്യതകളും ആര്‍ക്കും ഗോപ്യമല്ല. മുഹമ്മദ് നബി (സ) അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഏത് ഉറവിടത്തില്‍ നിന്നുള്ളതാണെന്നും അതിന്റെ ഭാഷാ മേന്മയും സാഹിത്യനിലവാരവും സ്വാധീനശക്തിയും വിഷയങ്ങളും ചിന്തകളും എല്ലാം എന്തുമാത്രം ഉന്നതവും മഹത്തരവുമാണെന്നും, അദ്ദേഹത്തെ ഇതെല്ലാം പഠിപ്പിച്ചവരെന്നു പറയപ്പെടുന്നവര്‍ ഏതു നിലവാരത്തിലുള്ളവരാണെന്നും അല്‍പമെങ്കിലും ബുദ്ധിയുള്ള ഏവര്‍ക്കും നോക്കിക്കാണാന്‍ സാധിച്ചിരുന്നു. അതുകൊണ്ടാണ് ആരും തന്നെ ഈ ആരോപണത്തിന് ഒരു വിലയും കല്‍പിക്കാതിരുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ വിദ്വേഷാഗ്നി തണുപ്പിക്കാന്‍ വേണ്ടി മാത്രം ഉന്നയിക്കപ്പെടുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അല്ലാത്തപക്ഷം, പ്രസ്തുത വ്യക്തികളെ നേരിട്ടറിയാത്തവര്‍പോലും, ഇത്രയേറെ യോഗ്യന്മാരായ അവര്‍ സ്വന്തം ദീപങ്ങള്‍ ജ്വലിപ്പിക്കാത്തതെന്ത്? അവര്‍ക്ക് മറ്റുള്ളവരുടെ വിളക്കിലേക്ക് എണ്ണയൊരുക്കിക്കൊടുക്കേണ്ട അവശ്യമെന്ത്? സ്വന്തം വിളക്ക് തന്നെ കത്തിച്ചിരുന്നുവെങ്കില്‍ അതിന്റെ പ്രശസ്തിയുടെ ചെറിയൊരു പങ്കെങ്കിലും അവര്‍ക്കും ലഭിക്കുമായിരുന്നില്ലേ? എന്നൊക്കെ കുറച്ചെങ്കിലും ആലോചിച്ചുപോകുമെന്നതില്‍ സന്ദേഹമില്ല. 

ഈ വിഷയത്തില്‍ പരാമൃഷ്ടരായ വ്യക്തികളെല്ലാം പരദേശങ്ങളില്‍ നിന്ന് അടിമകളായി വന്നവരും പിന്നീട് ഉടമകള്‍ മോചിപ്പിച്ചവരുമാണെന്നതാണ് മൂന്നാമത്തെ വസ്തുത. അറബികളുടെ ഗോത്രവ്യവസ്ഥയില്‍ യാതൊരാള്‍ക്കും ഏതെങ്കിലും ശക്തിയുടെയോ ഗോത്രത്തിന്റെയോ സംരക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. മോചിതരായ അടിമകളും മുന്‍ ഉടമകളുടെ രക്ഷാധികാരം സ്വീകരിച്ചാണ് ജീവിച്ചിരുന്നത്. ആ സംരക്ഷണം തന്നെയായിരുന്നു സാമൂഹ്യ രംഗത്ത് അവരുടെ ജീവിതാവലംബം. ഈ സാഹചര്യത്തില്‍ മുഹമ്മദ് നബി (സ) ഒരു വ്യാജ പ്രവാചകത്വം ഇറക്കുമതി ചെയ്തതാണെങ്കില്‍തന്നെ-മആദല്ലാഹ്- ഈ ആളുകള്‍ക്ക് ആത്മാര്‍ഥമായി ആ ഉപജാപത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന കാര്യം സ്പഷ്ടമാകുന്നു. കൂടാതെ നിശാവേളകളില്‍, തങ്ങളില്‍ നിന്നു കുറേ കാര്യങ്ങള്‍ പഠിക്കുകയും പകല്‍ സമയങ്ങളില്‍ ഇത് തനിക്ക് ലഭിച്ച ദിവ്യസന്ദേശമാണെന്നു പറഞ്ഞു ജനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് സത്യസന്ധരും വിശ്വസ്തരും ആത്മാര്‍ഥതയുള്ളവരുമായ അനുയായികളുണ്ടാകുന്നതെങ്ങനെയാണ്? അതിനാല്‍ ആരെങ്കിലും അദ്ദേഹത്തിന്റെ പങ്കാളികളാകുന്നുവെങ്കില്‍ അത് സ്വാര്‍ഥത്തിന്റെയോ അത്യാഗ്രഹത്തിന്റെയോ പ്രേരണയാലാകാനേ തരമുള്ളൂ. സ്വയം നിലനില്‍പില്ലാത്ത ചില പാവപ്പെട്ട വ്യക്തികള്‍ സ്വന്തം രക്ഷാധികാരികളുടെ അതൃപ്തി നേടിക്കൊണ്ട് മുഹമ്മദ് നബി (സ)യുടെ ഉപജാപത്തില്‍ വെറുതെ പങ്കാളികളാകുമെന്ന് ബുദ്ധിയും ചിന്താശക്തിയുമുള്ള ആര്‍ക്കാണ് വിചാരിക്കാന്‍ കഴിയുക! മുഴുവന്‍ സമുദായത്തിന്റെയും വിദ്വേഷത്തിന്നും വിമര്‍ശനത്തിന്നും ശാത്രവത്തിന്നും ശരവ്യനായ ഒരാളുടെ സഹകാരികളായി സ്വന്തം രക്ഷാകര്‍ത്താക്കളുടെ വെറുപ്പാര്‍ജിക്കുന്നതുകൊണ്ട് അവര്‍ക്ക് എന്തു സ്വാര്‍ഥമാണ് നേടാനുള്ളത്? അവരുടെ ഏത് അഭിലാഷമാണ് അതുവഴി പൂവണിയാന്‍ പോകുന്നത്? ചിന്താര്‍ഹമായ മറ്റൊരു പ്രശ്നവും കൂടിയുണ്ട്: അവസാനം അവരുടെ ഗൂഢാലോചന കണ്ടെത്തുവാന്‍ രക്ഷാധികാരികള്‍ക്കവസരം കിട്ടുന്നു. ഈ അവസരം ആ മുന്‍ അടിമകള്‍ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല? ഞങ്ങളില്‍ നിന്ന് പഠിച്ചതാണ് ഈ നുബുവ്വത്തു കടയിലെ ചരക്കുകളെന്നു അവര്‍ക്ക് ബഹുജനങ്ങളുടെ മുമ്പില്‍ സമ്മതിക്കാമായിരുന്നില്ലേ? 

ഏറ്റവും അത്ഭുതകരമായിട്ടുള്ള സംഗതിയിതാണ്: മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കുകയും അദ്ദേഹമവതരിപ്പിച്ച അതുല്യമായ വിശ്വാസസംഹിത അംഗീകരിക്കുകയും ചെയ്ത സഹാബാകിറാം നബി (സ)യുടെ വ്യക്തിത്വത്തെ അങ്ങേയറ്റം പവിത്രമായതായിട്ടാണ് പരിഗണിച്ചിരുന്നത്. സ്വയം ഭാഗഭാക്കായ ഒരു ഗൂഢാലോചനയിലൂടെ രംഗപ്രവേശം ചെയ്ത ഒരു വ്യാജ പ്രവാചകത്വത്തില്‍ അവര്‍ ഇത്രത്തോളം അടിയുറച്ചും ആത്മാര്‍ഥമായും വിശ്വസിക്കുകയെന്നതു സംഭവ്യമാണോ? സംഭവ്യമാണെന്നു സങ്കല്‍പിച്ചാല്‍ വിശ്വാസികള്‍ക്കിടയില്‍ ഏറ്റം ഉന്നതസ്ഥാനീയരായിരിക്കേണ്ടത് അവരായിരുന്നില്ലേ? നുബുവ്വത്തിന്റെ ചാലകശക്തികള്‍ അദ്ദാസും യസാറും ജബ്റും; പ്രവാചകന്റെ കൈകാര്യക്കാരോ അബൂബക്കറും   ഉമറും  അബൂഉബൈദയും ! ഇതെങ്ങനെയാണ് സംഭവിക്കുക? 

ഇതേപ്രകാരം വിചിത്രമായ മറ്റൊരു സംഗതി കൂടിയുണ്ട്: ഏതാനും വ്യക്തികള്‍ രാത്രികാലങ്ങളില്‍ കുത്തിയിരുന്നു തട്ടിപ്പടച്ചതാണ് ഈ പ്രവാചകത്വവും ദിവ്യബോധനവുമൊക്കെയെങ്കില്‍, രാപ്പകല്‍ പ്രവാചകന്റെ സഹകാരികളും സംരക്ഷകരുമായി വര്‍ത്തിച്ചിരുന്ന അബൂബക്കര്‍ , അലിയ്യുബ്നു അബീത്വാലിബ് , സൈദുബ്നു ഹാരിസ  തുടങ്ങിയ പ്രമുഖ ശിഷ്യന്മാര്‍ അതെങ്ങനെ അറിയാതെപോയി. ഈ ആരോപണത്തില്‍ പേരിനെങ്കിലും വല്ല സത്യവും ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പറഞ്ഞ ആളുകള്‍ ഇത്ര ദൃഢമായും ആത്മാര്‍ഥമായും പ്രവാചകനില്‍ വിശ്വസിക്കുകയും പ്രവാചകന്റെയും പ്രബോധനത്തിന്റെയും വിജയത്തിനുവേണ്ടി ഏതാപത്തിനെയും നേരിടാന്‍ സര്‍വാത്മനാ തയ്യാറാവുകയും ചെയ്തതെങ്ങനെ? 

ഉപരിസൂചിതമായ കാരണങ്ങളാല്‍ ഈ ആരോപണം കേള്‍വിക്കാരുടെ വീക്ഷണത്തില്‍ തികച്ചും അര്‍ഥശൂന്യമായിരുന്നു. അതുകൊണ്ടാണ് ഗൌരവമുള്ള ഒരു വിമര്‍ശനമെന്ന നിലക്ക് മറുപടി പറയുന്നതിന്നായി ഖുര്‍ആന്‍ അത് ഉദ്ധരിക്കാതിരുന്നത്. സത്യത്തോടുള്ള വിരോധത്തില്‍ ഇക്കൂട്ടര്‍ എന്തുമാത്രം അന്ധരായിത്തീരുന്നു എന്നതും എത്രത്തോളം വ്യാജവും അന്യായവുമായ വാദങ്ങളാണ് അവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും കാണിക്കാന്‍ മാത്രമാണ് ഖുര്‍ആന്‍ ആ വിമര്‍ശനത്തെ പരാമര്‍ശിക്കുന്നത്'.(Thafheemul quran 25: Note 12)].

കാര്യം ഇങ്ങനെയൊക്കെയായതിനാല്‍ ഖുര്‍ആന്‍ മനുഷ്യരുടെ മുന്നിലെത്തിക്കുന്നതില്‍ മുഹമ്മദ് നബിയോടൊപ്പം ഒരു അമാനുഷിക ശക്തി പ്രവര്‍ത്തിച്ചു എന്ന് ചിന്തിക്കാന്‍ നിഷ്പക്ഷമതികള്‍ നിര്‍ബന്ധിതരാകുന്നു. ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു സാന്നിദ്ധ്യത്തെ തള്ളിപ്പറയേണ്ട ഒരാവശ്യവുമില്ല. ദൈവനിഷേധികള്‍ക്ക് അത് ഒരു പക്ഷേ ആവശ്യമായി വന്നേക്കാം. കാരണം ഒരു പാട് നിസ്സഹായത അവര്‍ ദൈവനിഷേധത്തിന്റെ പേരില്‍ അനുഭവിക്കുന്നുണ്ട്. കൂട്ടത്തില്‍ ഒരു നിസ്സഹായത മാത്രമാണ് സകല യുക്തിയെയും വെല്ലുവിളിക്കുന്ന ഖുര്‍ആനെന്ന അമാനുഷികത. ഒരു ഖുര്‍ആന്‍ സൂക്തത്തോടെ ഖുര്‍ആന്റെ ദൈവികത എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ചക്കും താല്‍കാലികമായി വിരാമമിടുകയാണ്.

'നോക്കുക, നിങ്ങള്‍ക്ക് നാഥങ്കല്‍നിന്ന് ഉള്‍ക്കാഴ്ചയുടെ കിരണങ്ങള്‍ വന്നുകിട്ടിയിരിക്കുന്നു. ഇനി, ആരെങ്കിലും കാഴ്ചയെ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഗുണം അവര്‍ക്കുതന്നെ. ആര്‍ അന്ധനാകുന്നുവോ അവന്‍ തനിക്കുതന്നെ നഷ്ടമേല്‍പിക്കുകയാകുന്നു. ഞാനോ, നിങ്ങളുടെമേല്‍ ഒരു സൂക്ഷിപ്പുകാരനൊന്നുമല്ല.' (6:104)
 

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

കാര്യം ഇങ്ങനെയൊക്കെയായതിനാല്‍ ഖുര്‍ആന്‍ മനുഷ്യരുടെ മുന്നിലെത്തിക്കുന്നതില്‍ മുഹമ്മദ് നബിയോടൊപ്പം ഒരു അമാനുഷിക ശക്തി പ്രവര്‍ത്തിച്ചു എന്ന് ചിന്തിക്കാന്‍ നിഷ്പക്ഷമതികള്‍ നിര്‍ബന്ധിതരാകുന്നു. ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു സാന്നിദ്ധ്യത്തെ തള്ളിപ്പറയേണ്ട ഒരാവശ്യവുമില്ല. ദൈവനിഷേധികള്‍ക്ക് അത് ഒരു പക്ഷേ ആവശ്യമായി വന്നേക്കാം. കാരണം ഒരു പാട് നിസ്സഹായത അവര്‍ ദൈവനിഷേധത്തിന്റെ പേരില്‍ അനുഭവിക്കുന്നുണ്ട്. കൂട്ടത്തില്‍ ഒരു നിസ്സഹായത മാത്രമാണ് സകല യുക്തിയെയും വെല്ലുവിളിക്കുന്ന ഖുര്‍ആനെന്ന അമാനുഷികത. ഒരു ഖുര്‍ആന്‍ സൂക്തത്തോടെ ഖുര്‍ആന്റെ ദൈവികത എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ചക്കും താല്‍കാലികമായി വിരാമമിടുകയാണ്.

CKLatheef പറഞ്ഞു...

കഴിഞ്ഞ പോസ്റ്റില്‍ നാല്‍പതിലധികം കമന്റുകള്‍ വന്നു പത്തോളം പേര്‍ ചര്‍ചയില്‍ പങ്കെടുത്തു.തുടര്‍ന്ന് വന്ന ചര്‍ചകളുടെ പരിസമാപ്തിയെന്ന നിലക്കാണ് ഞാനീ പോസ്റ്റ് ഇവിടെ നല്‍കിയത്. അത് ഞാന്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ഇവിടെ വിയോജിക്കാനിടയുള്ള ആരും പ്രതികരിച്ചു കണ്ടില്ല. വിയോജിക്കുന്നവര്‍ക്കുള്ള അവസരം നല്‍കുന്നതിന് വേണ്ടിയാണ് പുതിയ പോസ്റ്റ് അല്‍പം താമസിച്ച് നല്‍കിയത്. പക്ഷെ ഇവിടെ ആരും വിയോജിപ്പുരേഖപ്പെടുത്താത്തത് ഒരു നല്ല ലക്ഷണമായി തന്നെ ഞാന്‍ കരുതുന്നു.

വിഷയക്രമം അനുസരിച്ച് ഇവിടെ ചര്‍ച നടക്കേണ്ടിയിരുന്നത് യുക്തിവാദികളുമായിട്ടാണ്. ഖുര്‍ആനെക്കുറിച്ചുള്ള പോസ്റ്റിടാന്‍ എനിക്ക് വേറൊരു ബ്ലോഗുണ്ട്. എന്നാല്‍ ഈ പോസ്റ്റില്‍ ഇത് കടന്നുവരാനുള്ള കാരണം. ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കലും വൈകി വായന തുടങ്ങിയവര്‍ക്ക് ഒരിക്കല്‍ കൂടി പറയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review