2011, മേയ് 2, തിങ്കളാഴ്‌ച

ദൈവത്തിനും വാലുണ്ടാകുമായിരുന്നു !?

Ea Jabbar said.. 
പരിപൂര്‍ണനും സര്‍വ്വശക്തനുമായ പ്രപഞ്ചസ്രഷ്ടാവ് തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!സൃഷ്ടികളോടു സ്തുതിയുടെ എണ്ണം പറഞ്ഞു തര്‍ക്കിക്കുന്ന ദൈവം എത്ര പരിഹാസ്യനാണ് !


അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!


ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.

26 April at 20:19 · ·  1 person
Ea Jabbar said.. മനുഷ്യനു വാലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവന്റെ ദൈവത്തിനും ഒന്നാന്തരമൊരു വാലുണ്ടാകുമായിരുന്നു !മനുഷ്യനു കൊമ്പില്ല എന്നതു മാത്രമാണു ദൈവത്തിനു കൊമ്പില്ലാതിരിക്കാന്‍ കാരണം !! മനുഷ്യനാണു ദൈവങ്ങളെ കല്‍പ്പിച്ചുണ്ടാക്കിയത് എന്നതിന്റെ തെളിവ് ദൈവങ്ങളുടെ ‘മനുഷ്യത്വം‘ തന്നെ 26 April at 20:22 · ·  1 person


ജബ്ബാര്‍ മാഷിന്റെ പോസ്റ്റില്‍നിന്നും കമന്റില്‍നിന്നും എനിക്ക് മനസ്സിലായിട്ടുള്ളത്. ദൈവമില്ല എന്ന് പറയുന്നതിനേക്കാള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു ദൈവം ഇല്ല എന്നാണ്. അത് ദൈവത്തിന്റെ മഹത്വവും ശക്തിയും ഉദ്‌ഘോഷിക്കുന്നില്ല. ഖുര്‍ആന്‍ ദൈവത്തെ കൊച്ചാക്കുന്നു എന്നിങ്ങനെ പോകുന്നു വാദങ്ങള്‍. എന്നാല്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ ദൈവം ഉണ്ടാകാമോ ഇല്ലേ എന്ന് പറയുന്നില്ലെങ്കിലും അത്തരമൊരു ദൈവം ഉണ്ടാകുന്നതിന് ടിയാന് വിരോധമില്ല എന്നും പല കമന്റുകളും സൂചിപ്പിക്കുന്നു.

ജബ്ബാര്‍മാഷ് ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കിയതാണ്/പറയുന്നതാണ് ദൈവത്തിന്റെ അസ്തിത്വമെങ്കില്‍ അത്തരമൊരു ദൈവം ഉണ്ടാകാവതല്ല എന്ന് ഞാനും പറയും. പക്ഷെ ജബ്ബാര്‍ ഖുര്‍ആനില്‍നിന്നാണെന്ന് പറഞ്ഞ് വരഞ്ഞുവെക്കുന്ന ദൈവത്തിന് ഖുര്‍ആനുമായി ഒരു ബന്ധവുമില്ല. ദൈവത്തെ മനുഷ്യനായും അതിമാനുഷനായും ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതങ്ങളുണ്ട്. ദിവ്യശക്തിയുള്ള ചില മൂര്‍ത്തികള്‍ക്ക് വാലുപോലുമുണ്ട്. എന്നാല്‍ അത്തരം സങ്കല്‍പങ്ങളില്‍നിന്നോക്കെ മുക്തമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം.

മനുഷ്യന്റെ മുഖസ്തുതിയും ആരാധനയും കാത്തിരിക്കുന്ന ദൈവമോ, അവ ലഭിച്ചില്ല എന്നതുകൊണ്ട് അവരെ നരകത്തിലെറിയുമെന്നോ ആ ദൈവം പഠിപ്പിച്ചിട്ടില്ല. കാടടച്ചുവെടിവെക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്.


['പ്രവാചകന്‍ പറഞ്ഞുകൊടുക്കുക: അവന്‍ അല്ലാഹുവാകുന്നു. ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല.അവന് തുല്യനായി ആരുമില്ല.'(112:1-4)]

['അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.' (2:255) ]

വിശുദ്ധഖുര്‍ആനില്‍ ദൈവത്തെ പരിചയപ്പെടുത്തുന്ന രണ്ട് ഭാഗങ്ങളാണ് ഇത്. ഇതില്‍ ലഭിക്കുന്ന ചിത്രം യുക്തിവാദി പറയുന്നതല്ല. ഈ സൂക്തങ്ങളെ സ്ഥിരീകരിക്കുന്നവയാണ് ഖുര്‍ആനിലെ മറ്റു സൂക്തങ്ങളും. എന്നാല്‍ യുക്തിവാദികളുടെ സങ്കല്‍പത്തിലെ ദൈവത്തെ നിരാകരിക്കുന്ന സൂക്തങ്ങളാണ് ഖുര്‍ആനില്‍ ആദ്യവസാനം.



3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇയ്യിടെ ഇസ്ലാം സംവാദം ഫെയ്‌സ്ബുക്ക് ഗ്രൂപില്‍ ഇ.എ. ജബ്ബാര്‍ നല്‍കിയ കമന്റുകളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

എന്‍.പി മുനീര്‍ പറഞ്ഞു...

നന്നായി മറുപടി പറഞ്ഞിരിക്കുന്നു.

CKLatheef പറഞ്ഞു...

@മുനീര്‍,

എന്തുകൊണ്ട് വേണ്ടത്ര മറുപടി പറയാതെ ജബ്ബാറിന്റെ ആരോപണം മാത്രം മുന്നില്‍ നിര്‍ത്തി എന്ന് ഒരു സുഹൃത്ത് എനിക്ക് മെയില്‍ അയച്ചിരുന്നു.

യുക്തിവാദിക്ക് തൃപ്തിപ്പെടുന്ന രൂപത്തില് ഈ മറുപടി ആയിട്ടില്ല. കാരണം യുക്തിവാദി പലപ്പോഴും യുക്തി ഉപയോഗിക്കാത്തവനാണ്. മറുപടി ആ രൂപത്തില് പറയാതിരിക്കാന് കാരണം അദ്ദേഹം അവതരിപ്പിക്കുന്നത് വികലമായ ഒരു വീക്ഷണമാണ്. അന്ധന്‍മാര്‍ ആനയെക്കുറിച്ച് പറഞ്ഞതില്‍ കുറെയൊക്കെ കാര്യമുണ്ടായിരുന്നല്ലോ. നാല് പേരും സ്പര്‍ശിച്ചത് വിവിധ ഭാഗങ്ങളാണ്. അവര്‍ സ്പര്‍ശിക്കാത്ത ഭാഗമുണ്ടായിരുന്നതിനാലും കാഴ്ചയില്ലാത്തതിനാലും അവര്‍ പറഞ്ഞതെല്ലാം ഒരുമിച്ചുചേര്‍ത്താലും ഒരു ആനരൂപം കിട്ടുകയുമില്ല. ആ അന്ധന്‍മാരോട് നമുക്ക് ഇങ്ങനെ പറയാന്‍ കഴിയും. സുഹൃത്തുക്കളെ ആനയെന്നാല്‍ നിങ്ങളിപ്പോള്‍ വിവരിക്കുന്ന രൂപത്തില്ല. നിങ്ങള്‍ പറഞ്ഞപോലെ കാലുകളും വാലും തുമ്പിക്കയും ചെവിയുമുള്ള ഒരു ജീവിയാണ്. ഇത്രയല്ലേ പ്രഥമികമായി പറയാന്‍ കഴിയൂ. അത്രയേ ഞാനും പറയാന്‍ ശ്രമിച്ചിട്ടുള്ളൂ. അതല്ല ഒരോ ചോദ്യത്തിനും മറുപടി ആവശ്യമുണ്ട് എന്ന് തോന്നുന്നവര്‍ക്ക് അത് പറയാം.

ഇനി ആരും ചോദിച്ചില്ലെങ്കിലും അദ്ദേഹം നിരന്തരം ആവര്‍ത്തിക്കുന്നതും ഇപ്പോഴും അടുത്ത് ആവര്‍ത്തിച്ചതുമായ അദ്ദേഹത്തിന്റെ വാദങ്ങള്‍ അല്‍പാല്‍പം കമന്റ് ബോക്‌സിലോ അടുത്ത പോസ്റ്റായോ നല്‍കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review