2011, നവംബർ 23, ബുധനാഴ്‌ച

മുല്ലപ്പെരിയാറും ദൈവിക സഹായവും.

'കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.


പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?' 


നിരക്ഷരൻ എന്ന സഹബ്ലോഗറുടെ വരികളാണ് മുകളിൽ, ഏതാനും ദിവസമായി മുല്ലപ്പെരിയാർ ഡാമും അതേക്കുറിച്ചുള്ള ചർചകളും ഫോട്ടോയും വീഡിയോയുമാണ് വാർത്താമാധ്യമങ്ങളിൽ പ്രത്യേകിച്ചും നെറ്റിൽ നിറഞ്ഞ് നിൽക്കുന്നത്. മുല്ലപ്പെരിയാർ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു ബ്ലോഗർ സൂചിപ്പിച്ച പോലെ ('പക്ഷേ ഒരു പ്രതീക്ഷയും വേണ്ട. വേനലില്‍ ചര്‍ച്ചയും വര്‍ഷത്തില്‍ വിഴുപ്പലക്കുമായി ഇനിയും ഇതു മുന്നോട്ടു പോകും... കാതോര്‍ക്കൂ..മറ്റൊരു ദുരന്തത്തിന്റെ കുളമ്പടികള്‍ കേല്‍ക്കുന്നില്ലേ... നിസ്സഹായരായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട് കാത്തിരിക്കുന്ന ഒരു ജനത അതിലൊരുവളായി ഇവിടെ ഞാനും') ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വർഷക്കാലം വരുമ്പോൾ ചർചയും വേനൽകാലത്ത് വിഴപ്പലക്കലുമാണ്.

സംഭവം എന്താണെന്ന് ഞാൻ വിവരിക്കുന്നില്ല. അത് എല്ലാവർക്കും ഇപ്പോൾ സുപരിചിതമായി. ഇനിയും അറിയാത്തവരുണ്ടെങ്കിൽ നിരക്ഷരന്റെ ബ്ലോഗും ചിത്രങ്ങൾക്കായി പാച്ചുവിന്റെ ബ്ലോഗും കാണുക.


കാര്യം ഭീകരമാണ്  നാല് ജില്ലകളിൽ നേരിട്ടും ഇതര ജില്ലകളെ പരോക്ഷമായും ബാധിക്കാവുന്ന കൊടുംവിപത്താണ് കേരളം കാത്തിരിക്കുന്നത്. ഇടക്ക് അനുഭവത്തിൽ നിന്ന് ഒരു കാര്യം പറയട്ടേ. മുല്ലപ്പെരിയാർ ഡാം തമിഴ്നാട്ടിലെവിടെയോ ഉള്ള ഒരു ഡാമായിരിക്കുമെന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്. ഇന്നലെ ഗൂഗിൾ എർത്തിൽ നോക്കിയപ്പോഴാണ് ഡാം പൂർണമായും അതിലെ ജലക്കെട്ട് സഹിതം കേരളത്തിൽ നാല് ജില്ലക്കാരുടെ തലക്ക് മുകളിലാണ് എന്ന് മനസ്സിലായത്. ഡാം തകർന്നാൽ അതിന്റെ പൂർണമായ കെടുതികൾ അനുഭവിക്കേണ്ടത് കേരളമാണ്. ഒരു പക്ഷെ ലോകം ഇത് വരെ കണാത്തത്രയും ഒരു വലിയ ദുരന്തമായിരിക്കും അത്. നാല് ജില്ലകളെ നിശേഷം നഷിപ്പിക്കും. 1896 നിർമാണം പൂർത്തിയാക്കിയ ഡാമിന്റെ നിർമാതാക്കൾ നൽകിയ കാലാവധി കഴിഞ്ഞിട്ട് 63 കൊല്ലമായി. അഥവാ ഇനി അത് നിലനിൽക്കുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം പൂർണമായും അത് പുതുക്കിപ്പണിയാൻ ശ്രമിക്കാത്ത ഭരണകർത്താക്കളിൽ മാത്രമായിരിക്കും എന്ന് പറയാൻ വേണ്ടിയും വളരെ ഗൗരവപ്പെട്ട ഒരു വിഷയത്തിൽ ഈ ബ്ലോഗിന്റെ വായനക്കാരെകൂടി അറിയിക്കുന്നതിന് വേണ്ടിയുമാണ് ഈ പോസ്റ്റ്.

അതോടൊപ്പം നമ്മുടെ ഉത്തരവാദിത്തം നിർവഹിക്കാതെ ഇത്തരം വിഷയത്തിൽ ദൈവത്തിൽ പ്രതീക്ഷയർപ്പിക്കുന്നത് വിശ്വാസികൾക്ക് പോലും ഭൂഷണമല്ല എന്ന് പറയാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തുന്നു. യമനിലെ മആരിബ് അണക്കെട്ട് പൊട്ടി പ്രദേശങ്ങൾ നാമാവശേഷമായതിനെക്കുരിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. ചരിത്രത്തിൽ അത്തരം സംഭവങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ അശ്രദ്ധക്കും അവരുടെ ദുഷ്ചെയ്തികൾക്കും പരിഹാരം അവര് തന്നെയാണ് തേടേണ്ടത്. അതൊക്കെ ദൈവം നോക്കിക്കൊള്ളും എന്നത് ശരിയായ വിശ്വാസമല്ല. ആധുനിക മനുഷ്യന്റെ മുഖമുദ്ര അവന്റെ സ്വാർഥതയാണ്. തനിക്ക് പ്രയോജനം ലഭിക്കുന്നുവെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ കൊലചെയ്യപ്പെട്ടാലും അവന് പ്രശ്നമല്ല. തമിഴ്നാട് എതിര് നിൽക്കുന്നുവെന്ന് പറയുമ്പോൾ അവിടെയുള്ള സ്വാർഥരായ ഒരു കൂട്ടം ആളുകളാണ് അതിന് തടസ്സം എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

എത്രയും പെട്ടെന്ന് ഭരണകൂടങ്ങൾ ഇതിന് പരിഹാരം കാണേണ്ടതുണ്ട്. അവർ രാഷ്ട്രീയ താൽപര്യങ്ങളാൽ അതിന് വിമുഖകാണിക്കുന്നുവെങ്കിൽ കോടതി തന്നെയും ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ സംഭവിക്കുന്ന ദുരന്തം അപരിഹാര്യമായിരിക്കും. ഒരു ഭൂമികുലുക്കത്തിൽ ഏത് അണക്കെട്ടും തകർന്നേക്കാം. അത് നമ്മുടെ നിയന്ത്രണത്തിനതീതമാണ് എന്ന് പറഞ്ഞ് വിധിയിൽ സമാധാനിക്കാം. എന്നാൽ കാലപ്പഴക്കത്താൽ തകരുമെന്ന് ഉറപ്പുള്ള ഒരു അണക്കെട്ട് നിലനിർത്തി ദൈവത്തെ പരീക്ഷിക്കുന്നത് ജീവൻ അവസാനിപ്പിക്കാൻ ഉറപ്പിച്ചുകൊണ്ടാവണം.

മനുഷ്യനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം അവനെ ശിക്ഷിക്കുക എന്നതാണ്
ദൈവത്തിന്റെ നടപടിക്രമം. കേരള ജനതയുടെ നിർഭാഗ്യത്തിന് അതെങ്ങാനും സംഭവിച്ചാൽ (നാം നിഃസംഗരായാൽ അത് സംഭവിക്കുമെന്നത് കട്ടായം. സമയത്തിന്റെ മാത്രം പ്രശ്നമേയുള്ളൂ.) നമ്മുക്കുറപ്പിക്കാം നാം അർഹിക്കുന്ന ശിക്ഷമാത്രമേ ദൈവം നൽകിയിട്ടുള്ളൂവെന്ന്. 

'സബഉകാര്‍ക്കോ, അവരുടെ വാസസ്ഥലത്തുതന്നെ ഒരു ദൃഷ്ടാന്തമുണ്ടായിരുന്നു - ഇടത്തും വലത്തുമായി രണ്ടു തോപ്പുകള്‍. നിങ്ങളുടെ റബ്ബിന്റെ വിഭവങ്ങള്‍ ആഹരിക്കുവിന്‍. അവനോട് നന്ദികാണിക്കുകയും ചെയ്യുവിന്‍. വിശിഷ്ടമായ നാട്; വളരെ വിട്ടുവീഴ്ച ചെയ്യുന്ന നാഥനും. പക്ഷേ അവര്‍ പുറംതിരിഞ്ഞുകളഞ്ഞു. ഒടുവില്‍ നാം അവരുടെ നേരെ ചിറമുറിഞ്ഞ ജലപ്രവാഹത്തെ അയച്ചു. അവരുടെ പഴയ തോട്ടങ്ങള്‍ക്കു പകരം, കയ്പുറ്റ കനികളും കാറ്റാടി മരങ്ങളും ഏതാനും ഇലന്ത വൃക്ഷങ്ങളുമുള്ള മറ്റു രണ്ടു തോട്ടങ്ങള്‍ നല്‍കുകയും ചെയ്തു. ഇതായിരുന്നു അവരുടെ കൃതഘ്നതക്ക് നാം നല്‍കിയ പ്രതിഫലം. നന്ദികെട്ട മനുഷ്യര്‍ക്കല്ലാതെ മറ്റാര്‍ക്കും നാം ഇവ്വിധം പ്രതിഫലം നല്‍കുന്നില്ല.' (ഖുർആൻ 34:15-17)

16 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മനുഷ്യനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം അവനെ ശിക്ഷിക്കുക എന്നതാണ് ദൈവത്തിന്റെ നടപടിക്രമം. കേരള ജനതയുടെ നിർഭാഗ്യത്തിന് അതെങ്ങാനും സംഭവിച്ചാൽ (നാം നിഃസംഗരായാൽ അത് സംഭവിക്കുമെന്നത് കട്ടായം. സമയത്തിന്റെ മാത്രം പ്രശ്നമേയുള്ളൂ.) നമ്മുക്കുറപ്പിക്കാം നാം അർഹിക്കുന്ന ശിക്ഷമാത്രമേ ദൈവം നൽകിയിട്ടുള്ളൂവെന്ന്.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്,
ഈ വിഷയത്തിൽ താങ്കളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നില്ല.
പക്ഷെ ഒരു ചോദ്യം ചോദിക്കണമെന്നുണ്ട്.
ഈ വിഷയത്തിൽ ദൈവത്തിന്റെ റോൾ എന്താണ്? (എല്ലാം നിയന്ത്രിക്കുന്നു എന്ന ഒരു മറുപടി പറയില്ലെന്നു പ്രതീക്ഷിക്കട്ടെ, please be specific if possible)
വർഷങ്ങൾക്കു മുൻപുള്ള സാങ്കേതികത ഉപയോഗിച്ച് നിർമിച്ച ഒരു അണക്കെട്ട്. വർഷങ്ങളായി ജലത്തിന്റെ സമ്മർദ്ദം തടഞ്ഞുനിർത്തുന്ന ഒരു മനുഷ്യനിർമിത ഉപാധി എന്നതിനാൽ തന്നെ ഈ സമ്മർദ്ദം മൂലം ബലക്ഷയം സ്വാഭാവികം. തികച്ചും ഭൗതികകാരണങ്ങളാൽ ഭൂകമ്പസാധ്യത നിലനിൽക്കുന്ന പ്രദേശം. വാദങ്ങൾക്ക് മറുവാദം രാഷ്ട്രീയമോ പ്രാദേശികമോ അജ്ഞതമൂലമോ ആയ കാരണങ്ങളാൽ. ദുരന്തമുണ്ടായാൽ അനുഭവിയ്ക്കേണ്ടിവരുന്നത് ഇതിലൊന്നും പങ്കില്ലാത്ത കുറേ പാവങ്ങൾ.
ഇവിടെയെവിടെയാണ് ദൈവം?
I’m also concerned, no question on that.

Mohammedkutty irimbiliyam പറഞ്ഞു...

ഇന്നത്തെ ടി.വി.വാര്‍ത്തയില്‍ ഡാമിന്റെ ജലനിരപ്പ്‌ 120അടിയായി താഴ്ത്താന്‍ തീരുമാനിച്ച വാര്‍ത്ത കണ്ടു.ഇതെന്തു പരിഹാരം എന്ന് ചിന്തിച്ചു പോകുന്നു.കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്ന പഴമൊഴി ഓര്‍ത്തു പോകുന്നു.പടച്ചവന്‍ കാക്കട്ടെ എന്നു പ്രാര്‍ഥിക്കാം.

sherriff kottarakara പറഞ്ഞു...

ഇനി അഥവാ ദുരന്തം സംഭവിച്ചാല്‍ അതിനു പ്രധാനകാരണം, മലയാളിയുടെ നിസ്സംഗത തന്നെയാണ്.ഞാനെന്തിനു ഇടപെടണം അത് മറ്റുള്ളവര്‍ ചെയ്തു കൊള്ളും എന്ന മനോഭാവം.എത്രയോ വര്‍ഷങ്ങളായി ഈ പ്രശ്നം കേരള മനസാക്ഷിയുടെ മുമ്പില്‍ എത്തി ചേര്‍ന്നിട്ട്. മലയാളിക്ക് അത് ഒരു സംവാദ വിഷയവും തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ ആള്‍ മുങ്ങി മരിച്ചപ്പോള്‍ അത് നോക്കി നിന്ന “കാഴ്ച്ച കാണല്‍“ മനോഭാവവും മാത്രം. മറിച്ച് തമിഴനു ഈ വിഷയം വൈകാരികമാണ്. അത് മനസിലാക്കി തമിഴ് രാഷ്ട്രീയ നേതാക്കന്മാര്‍ വോട്ട് ലക്ഷ്യമാക്കി വിഷയം ഊതി വീര്‍പ്പിച്ച് വലുതാക്കുകയും സജീവമായി നില നിര്‍ത്തുകയും ചെയ്യുന്നു.” അപകടം വരുമ്പോഴല്ലേ, അപ്പോള്‍ കാണാം” എന്ന മലയാളിയുടെ ഈ മനോഭാവം ദുരന്തങ്ങള്‍ വരുന്നതിനു പച്ചക്കൊടി കാണിക്കുന്നു.കര്‍ത്തവ്യം നിര്‍വഹിക്കാന്‍ മതം മനുഷ്യനു നിര്‍ദ്ദേശം നല്‍കുന്നുണ്ട്. കുറച്ച് അധര്‍മ്മകാരികളുടെ പ്രവര്‍ത്തികള്‍ അവിടെ താമസിക്കുന്ന സജ്ജനങ്ങളെ കൂടി ബാധിക്കുന്നു എന്ന അര്‍ത്ഥം വരുന്ന വിശുദ്ധ വചനങ്ങള്‍ ഓര്‍മ വരുന്നു. ഈ വിഷയത്തിലും അത് തന്നെ സംഭവിക്കാന്‍ പോകുന്നത്.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടൻ,

താങ്കളുടെ അഭിപ്രായം ഇവിടെ പങ്കുവെച്ചതിന് നന്ദി. നിരക്ഷരൻ തന്റെ വികാരവും രോഷവും പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണെങ്കിലും ദൈവത്തോട് പ്രാർഥിക്കാനല്ലാതെ നമ്മുക്ക് എന്തിന് കഴിയും എന്ന് ചോദിച്ചപ്പോൾ എനിക്ക് ഈ വശം കൂടി പറയാൻ തോന്നി. താങ്കളുടെ ചോദ്യം നിരക്ഷരനോടും എന്നോടും മഹാഭൂരിപക്ഷം വരുന്ന എല്ലാ മതങ്ങളിലും പെട്ട ദൈവവിശ്വാസികളോടും ആണ്.

ദൈവനിയമം എന്ന് പറയുന്നതിന് പകരം പ്രകൃതിനിയമം എന്ന് പറയുന്നവർ മാത്രമേ ഇത്തരം ഒരു ചോദ്യമുയർത്താൻ സാധ്യതയുള്ളൂ. താങ്കളെ സംബന്ധിച്ചിടത്തോളം ഇത് വരെ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും ദൈവത്തിന് യാതൊരു റോളുമില്ലാതെ ഭൗതിക കാരണങ്ങളാൽ മാത്രം ഉള്ളതാണെങ്കിൽ, ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ അവ പൂർണമായും ദൈവിക നിയന്ത്രണത്തിനും നിയമത്തിനും വിധേയമായ ഭൗതിക കാരണങ്ങളാലാണ്. ജലമുണ്ടാക്കുന്നതിൽ മനുഷ്യന് പങ്കില്ല. ജലത്തെ ഭൂമിയുടെ ഗുരുത്വാകരർഷണത്തിൽ നിയന്ത്രിച്ച് നിർത്തുന്നതിലും മനുഷ്യന് പങ്കില്ല. മനുഷ്യന്റെ കണക്കുക്കൂട്ടലനുസരിച്ച് അമ്പത് വർഷം മാത്രം ആയുസ് നിശ്ചയിക്കപ്പെട്ട ഡാം വീണ്ടും അര നൂറ്റാണ്ട് സുരക്ഷിതമായി നിന്നതിലും മനുഷ്യന് നേരിട്ട് പങ്കില്ല. പക്ഷെ ഒരു വിശ്വാസി മനസ്സിലാക്കുന്നത് ഇതിലൊക്കെയും ദൈവത്തിന്റെ നിയമവും അനുമതിയും ഉണ്ട് എന്നാണ്. ദൈവം കാര്യങ്ങളെ ഭൗതികകാരണങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്നുവെന്നത് ദൈവത്തെ നിഷേധിക്കാൻ വിശ്വാസികൾക്കുള്ള ന്യായമാകുന്നില്ല. ദൈവത്തിന് പറയുന്ന ഒരു വിശേഷണം മുസബ്ബിബുൽ അസ്ബാബ് എന്നാണ്, അഥവാ കാരണങ്ങളുടെ കാരണക്കാരൻ. എന്തുകൊണ്ട് മഴവർഷിക്കുന്നുവെന്നു് മനുഷ്യനറിയില്ല. എങ്ങനെ എന്നേ അറിയൂ. ചിലതിന് ചില കാരങ്ങളുണ്ട് എന്നേ അറിയൂ. ആ കാരണങ്ങൾക്ക് കാരണം എന്താണ് എന്ന് അറിയില്ല.

ദൈവവിശ്വാസികൾക്ക് പോലും കാര്യങ്ങളിൽ ഭരമേൽപിക്കാൻ ദൈവം അനുവാദം നൽകുന്നില്ല എന്ന കാര്യമാണ് ഞാൻ ഈ പോസ്റ്റിൽ വ്യക്തമാക്കുന്നത്. അണകെട്ട് ഭദ്രമാക്കിയതിന് ശേഷം ദൈവത്തിൽ ഭരമേൽപ്പിക്കുക. ഡാം ദുർഭലമാണെന്നറിഞ്ഞിട്ടും ദൈമുണ്ടെങ്കിൽ നമ്മെക്കാത്തുകൊള്ളും എന്ന ചിന്ത വെടിയണം. ഇതാണ് ദൈവവിശ്വാസം ആവശ്യപ്പെടുന്നത്. ആരെന്തൊക്കെ പറഞ്ഞാലും മനുഷ്യരിൽ മഹാഭൂരിപക്ഷം ദൈവവിശ്വാസികളാണ്. അവരുടെ വികലമായ ദൈവസങ്കൽപം ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കാനാണ് പ്രയോജനപ്പെടേണ്ടത് എന്ന ഉണർത്തലും ഈ പോസ്റ്റ് കൊണ്ട ഉദ്ദേശിക്കുന്നു.

അഗ്രിഗേറ്ററിൽ ഈ വിഷയവുമായി ഒരുപാട് ബ്ലോഗ് പോസ്റ്റുകൾ കാണാൻ കഴിഞ്ഞു. അതുകൊണ്ടായിരിക്കാം പതിവു സന്ദർശനം പോലും ഈ പോസ്റ്റിനുണ്ടായില്ല. താങ്കളെ പോലെ നേരത്തെ ഈ ബ്ലോഗ് വായിച്ചിരുന്നവരാണ് ഇവിടെ വന്ന് പോയത് എന്ന് തോന്നുന്നു.

താങ്കളുടെ അന്വേഷണത്തിന് ഒരിക്കൽകൂടി നന്ദി രേഖപ്പെടുത്തുന്നു.

CKLatheef പറഞ്ഞു...

മുഹമ്മദ് കുട്ടി

പുതിയ വിവരം നൽകിയതിന് നന്ദി. ഉപായം കൊണ്ട് ഓട്ടയടക്കാൻ കഴിയില്ല. എന്ന പഴമൊഴിയാണ് എനിക് ഇത്തരം വാർത്തവായിക്കുമ്പോൾ ഓർമവരുന്നത്.

CKLatheef പറഞ്ഞു...

മലയാളിയുടെ നിസ്സംഗതയും സ്വാർഥതയും ഒരു വിഷയമാണ്. തനിക്ക് എന്തെങ്കിലും മെച്ചമുണ്ടെങ്കിൽ മാത്രമേ റിസ്ക് എടുക്കൂ. തനിക്ക് നേട്ടമുള്ളതാണെങ്കിലും തന്റെ ജീവൻ തന്നെ അപകടപ്പെടുത്തുന്നതാണെങ്കിലും മറ്റുള്ളവർ പരിഹാരം തേടട്ടേ എന്ന ചിന്തയും അവനെ നന്നായി ഭരിക്കുന്നു.

ഷരീഫ് സാഹിബ് വലിയ ഒരു കാര്യമാണ് താങ്കൾ ഓർമിപ്പിച്ചത് നന്ദി.

Babu പറഞ്ഞു...

മനുഷ്യനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം അവനെ ശിക്ഷിക്കുക എന്നതാണ് ദൈവത്തിന്റെ നടപടിക്രമം

ഗുജറാത്തില്‍ മുസ്ലിംസ് ശിക്ഷിപെട്ടത്‌ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്, ഇത് ദൈവത്തിന്റെ എന്ത് പരിക്ഷണം ആണ്, ഇത് ദൈവതിന്റെയ് പരിക്ഷണം ആണെങ്കില്‍ മോഡി നിരപരാധിയാണ്

CKLatheef പറഞ്ഞു...

@Babu

ഏതായാലും മോഡിയുടെ പങ്കാലാണ് അവിടെയുള്ള മുസ്ലിംകൾ ഉൻമൂലനം ചെയ്യപ്പെടുകയും പീഡനമനുഭവിക്കുകയും ചെയ്തതെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടല്ലോ. മോഡി അവിടുത്തെ മുഖ്യമന്ത്രിയാണ്. ഒരു ഭരണകർത്താവെന്ന നിലയിൽ മുസ്ലിംകളെ ശിക്ഷിക്കാനുള്ള കുറ്റം എന്തായിരുന്നു. അത് അദ്ദേഹം അവരെ ബോധ്യപ്പെടുത്തിയിരുന്നോ. ഉണ്ടെങ്കിൽ തന്നെ അതായിരുന്നോ ഒരു ഭരമാധികാരിയെന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ടിയിരുന്നത് എന്നൊക്കെയുള്ള വിചാരണയും ഈ പ്രശ്നത്തിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്. അല്ലാതെ താങ്കളുടെ ഏതോ ധാരണയനുസരിച്ച് താങ്കൾ വിശ്വാസത്തെ വ്യാഖ്യാനിക്കുകയും മോഡിയെ നിരപരാധിയായി തർകശാസ്ത്രമനുസരിച്ച് രക്ഷപ്പെടുത്തുന്നതും നീതിപൂർവകമല്ല.

Babu പറഞ്ഞു...

മോഡി അല്ല ഇവിടതേ വിഷയം മോഡി ചെയ്തതെല്ലാം തെച് ആണ് എന്നത് തര്‍കം ഇല്ലാത്ത സംഗതിയാണ്, എനിക്ക് ഏച്ചവും വെരകപെട്ട രാഷ്ടിയ നേതകളില്‍ ഒരാളാണ് മോഡി, മോഡി എന്ന് കേട്ട പാതി നിങ്ങള്‍ അത് മാത്രം ആയി വിഷയം, പക്ഷേ അതല്ല ഇവിടെത്തെ വിഷയം നിങ്ങള്‍ പറഞ്ഞത് മുല്ലപെരിയാര്‍ പൊട്ടിയാല്‍ അത് ദൈവത്തിന്റെ ശിക്ഷ ആണ് എന്നാ സൂചന ഉണ്ടായിരുന്നു (മനുഷ്യനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം അവനെ ശിക്ഷിക്കുക എന്നതാണ് ദൈവത്തിന്റെ നടപടിക്രമം) അങ്ങിനെയെങ്കില്‍, ഗുജറാത്തില്‍ നടന്നത് ദൈവം ഏതോ കാരണത്താല്‍ ദൈവം കൊടുത്ത ശിക്ഷയാണോ, അവിടത്തെ മുസ്ലിംകള്‍ക്ക് ഇമാം കുറവായതിനാല്‍ അല്ലെങ്കില്‍ ദൈവം കൊടുത്ത ഒരു പരീക്ഷണമോ എന്തായാലും ദൈവത്തിന്റെ അറിവും സമ്മതവും ഇല്ലാതെ ഇത് നടക്കില്ലെന്നു ലത്തീഫ് സമ്മതികുംമല്ലോ

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്,
നന്ദി.
ഞാൻ പറഞ്ഞതിന്റെ crux താങ്കൾക്ക് മനസിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
ഒരു വിശ്വാസിയുടെ വീക്ഷണം എനിക്ക് മനസിലാക്കാനാവും. മുല്ലപ്പെരിയാറും യുക്തിവാദികളും തമ്മിലെന്ത് ബന്ധം എന്നു നോക്കാനായി കയറിയതാണ് (യുക്തിവാദികളും ഇസ്ലാമും എന്നാണല്ലൊ ബ്ലോഗിന്റെ പേര്), അപ്പോൾ ഒരു ചോദ്യം ചോദിക്കണമെന്നു തോന്നി.

CKLatheef പറഞ്ഞു...

@Babu
>>> പക്ഷേ അതല്ല ഇവിടെത്തെ വിഷയം നിങ്ങള്‍ പറഞ്ഞത് മുല്ലപെരിയാര്‍ പൊട്ടിയാല്‍
അത് ദൈവത്തിന്റെ ശിക്ഷ ആണ് എന്നാ സൂചന ഉണ്ടായിരുന്നു (മനുഷ്യനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം അവനെ ശിക്ഷിക്കുക എന്നതാണ് ദൈവത്തിന്റെ നടപടിക്രമം) <<<

ഞാൻ വിശദീകരിക്കാതെ വിട്ട ഒരു പോയിന്റ് ഓർമപ്പെടുത്തിയതിന് നന്ദി. മുമ്പെങ്ങുമില്ലാത്ത വിധം രാജ്യവ്യാപകമായ ഈ ബോധ്യപ്പെടൽ നാം ഗൗരവത്തിൽ കാണണമെന്ന് പറയാനാണ് ഞാനാ വാചകം പറഞ്ഞത്. ഡാം 999 എന്ന സിനിമക്കെതിരെ ഉയർന്ന തമിഴ് നാടിന്റെ പ്രതിഷേധവും മറ്റും രാജ്യത്ത് മൊത്തത്തിൽ തന്നെ അതിന്റെ സന്ദേശം എത്തിച്ചു. ഈ അവസ്ഥയിൽ ഒരു ദുരന്തം സംഭവിച്ചാൽ അതിൽ നമ്മുടെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും നിസംഗതക്കും അശ്രദ്ധക്കും നല്ല ഒരു പങ്കുണ്ടെന്ന് നാം വിസ്മരിക്കരുത്.

CKLatheef പറഞ്ഞു...

@Apputen

താങ്കൾ അവസാനം പറഞ്ഞത് പ്രസക്തമായ ഒരു കാര്യമാണ്. രണ്ട് വർഷം മുമ്പ് ഈ ബ്ലോഗ് ആരംഭിക്കുമ്പോൾ മുഖ്യമായും ഉദ്ദേശിച്ചിരുന്നത്. ഇ.എ.ജബ്ബാർ ഖുർആൻ ഹദീസ് വചനങ്ങളെ അദ്ദേഹത്തിന്റെ ഒരു കാഴ്ചപ്പാടിൽ നിന്ന് വിശദീകരിക്കുകയും അതിന് തെറ്റായ വിവക്ഷയാണ് നൽകപ്പെടുന്നത് എന്ന് ബോധ്യപ്പെട്ടപ്പോൾ അതിന് മറുപടി പറയുക എന്നതായിരുന്നു. പക്ഷെ ഇനിയും അതേ രൂപത്തിൽ മുന്നോട്ട് പോകുന്നതിൽ അർഥമില്ല. ദൈവനിഷേധപരമായ ചിന്ത മനുഷ്യസമൂഹത്തിൽ ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റേതാണ്. അതിനേക്കാൾ പതിൻമടങ്ങ് പ്രാധാന്യമുണ്ട്, വിശ്വാസികളുടെ തന്നെ ജനപക്ഷപരമല്ലാത്ത ദൈവവിശ്വസത്തെ തിരുത്തുക എന്നതിന്. അതുകൊണ്ട് ഈ ബ്ലോഗിന്റെ പേരിൽ തന്നെ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു.

Babu പറഞ്ഞു...

ഒരു കാരിയം ബോധ്യം ആയി, ചോതിച്ചതിനു മറുപടി പറയില്ല

Shukoor പറഞ്ഞു...

:)

മുഹമ്മദ് ശമീം sh@do/F/luv പറഞ്ഞു...

മുല്ലപ്പെരിയാര്‍ “തര്‍ക്ക”ത്തില്‍ ഉടനെ ഇടപെടില്ലെന്ന് പ്രധാനമന്ത്രി.
ഉടനെയെന്തിനിടപെടണം? ദുരിതാശ്വാസപേക്കേജ് പ്രഖ്യാപിക്കാന്‍ ഡാം തകരുന്നതു വരെ സമയമുണ്ടല്ലോ..!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review