2012, മാർച്ച് 10, ശനിയാഴ്‌ച

സി.കെ ബാബുവിന്റെ മതവിജ്ഞാനം !?

മറ്റേതൊരു യുക്തിവാദിയെയും പോലെ മതവിമര്‍ശനം മുഖ്യാമായി കാണുകയും എന്നാല്‍ ഇതര യ്കുതിവാദികളില്‍നിന്ന് വ്യത്യസ്ഥമായി മതവിശ്വാസികളെല്ലാം ബുദ്ധിമരവിച്ച് മണ്ടന്‍മാരാണ് എന്ന് ആക്ഷേപിച്ച് വിയോജിക്കാനുള്ള അവസരം തടയുകയും ചെയ്യുന്ന യുക്തിവാദി ബ്ലോഗറുടെ പോസ്ററിലെ ചില പരാമര്‍ശങ്ങളോടുള്ള എന്റെ വിയോജിപ്പാണ് ഈ പോസ്റ്റ്. എത്രവലിയ യുക്തിവാദിയാണെങ്കിലും മതവിശ്വാസികള്‍ എന്താണ് പറയുന്നത് എന്ന് പോലും കേള്‍ക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇന്നേരെ മതവിശ്വാസം മനസ്സിലാക്കാനും സാധിച്ചിട്ടില്ല. ദൈവവിശ്വാസവും പ്രവാചകത്വവുമൊക്കെ അവതരിപ്പിക്കുന്ന വിധം മനസ്സിലാക്കി അതിനെ എതിര്‍ക്കുന്നതില്‍ ഒരു ഭംഗിയുണ്ട് പക്ഷെ മതത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഏത് മതത്തെയാണ് അദ്ദേഹം ഇവിടെ ഉന്നം വെക്കുന്നത് എന്ന് വ്യക്തമാണ്. യുക്തിവാദിയുടെ ധാരണകള്‍ പരിശോധിക്കാം. ഇതുപോലെയോ ഇതിനെക്കാള്‍ തെറ്റായോ ആണ് മഹാഭൂരിപക്ഷം യുക്തിവാദികളും നിഷേധികളും ഇസ്ലാമിനെ മനസ്സിലാക്കുന്നത് എന്നത് ഒരു വസ്തുതയാണ്.
'ഏകദേശം രണ്ടായിരത്തി അറുന്നൂറു്‌ വർഷങ്ങൾക്കു്‌ മുൻപു്‌ ആരംഭിച്ച ഗ്രീക്ക്‌ തത്വചിന്തയുടെ തുടർച്ചയായി രൂപമെടുത്തവയാണു് ആധുനിക പ്രകൃതിശാസ്ത്രങ്ങൾ. പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും അന്നത്തെ ഏതാനും ഗ്രീക്കുകാർ ദൈവങ്ങളുടെ സഹായമില്ലാതെ മനുഷ്യബുദ്ധി മാത്രമുപയോഗിച്ചു് ചിന്തിക്കാനും മനസ്സിലാക്കാനും തുടങ്ങിയ മാതൃകയിൽ ചിന്തിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വിജ്ഞാനശാഖകളാണു്‌ ആധുനികശാസ്ത്രങ്ങൾ. ഇതിനോടകം എത്രയോ ശാഖോപശാഖകളായി പിരിഞ്ഞു് അനുദിനമെന്നോണം അതീവ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രങ്ങളുടെ പൊതുവായ ഒരു അവലോകനം അർത്ഥപൂർവ്വവും ആധികാരികവുമായ രീതിയിൽ നടത്തുക എന്നതു് ഒരു മനുഷ്യബുദ്ധിയിൽ അസാദ്ധ്യമാണെന്നു് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അത്ര വിപുലമാണു് ആധുനികശാസ്ത്രം. ശാസ്ത്രജ്ഞാനം പെരുകുകയാണെന്നതു് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണു്. അറിവിന്റെ അവസ്ഥ ഇതാണെന്നിരിക്കെ, ഇതുവരെ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളും എനിക്കറിയാം എന്നൊരു അവകാശവാദം ഒരുവൻ ഉന്നയിച്ചാൽ അതിനെ ഏതു് വകുപ്പിൽ പെടുത്തണമെന്നു് ചിന്തിച്ചാൽ മതി.'
ശാസ്ത്രം വളരെ ശാഖോപശാഖകളായി പിരിഞ്ഞ് പരീക്ഷണനിരീക്ഷണങ്ങളിലൂടെ കാര്യങ്ങള്‍ കണ്ടെത്തുമ്പോള്‍ അതൊന്നുമില്ലാതെ ഇവിടെ ചിലര്‍ തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന അവകാശവാദം ഉന്നയിക്കുന്നുവെന്നതാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് താഴെ വരുന്ന വരികള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രം വിശകലനം ചെയ്യുന്നത് പദാര്‍ഥവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവയ്കുപരി അഭൌതികമായ കുറേ യാഥാര്‍ഥ്യമുണ്ട് എന്നതാണ് മതം പറയുന്നത്. അതേ കുറിച്ച് പഠിക്കാന്‍ ശാസ്ത്രത്തിന് പരിമിതകളുണ്ട്. അതുകൊണ്ട് തന്നെ ശാസ്ത്രവിശ്വാസികള്‍ അഭൌതികം എന്നൊന്നില്ല എന്ന് നിഷേധിക്കാനാണ് ശ്രമിക്കാറുള്ളത്. ശാസ്ത്രം കണ്ടുപിടിക്കുന്ന എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് നേരത്തെ അറിയാം എന്ന് തലക്ക് വെളിവുള്ള ആരും പറയില്ല. മതവാദികളും അപ്രകാരം പറയുന്നില്ല. പക്ഷെ ആദ്യമായി അത്തരം ഇല്ലാത്ത ഒരു ആരോപണം ഉന്നയിച്ച് അതിന് മറുപടി പറഞ്ഞ് മതവിശ്വാസികളെ പരഹസിക്കാന്‍ ശ്രമിക്കുകയാണ് ഈ യുക്തിവാദി.

ശാസ്ത്രത്തെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്നത്. കണ്ടുപിടിച്ചതെല്ലാം ഞങ്ങളുടെ പുസ്തകത്തിലുണ്ട് എന്ന് പറയാനാല്ല. മറിച്ച് ശാസ്ത്രപഠനം ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു ആസൂത്രകനെ തേടുന്നുവെന്ന് പറയാന്‍ വേണ്ടിയാണ്. ശാസ്ത്രത്തിന്റെ ചര്‍ചയില്‍ വരാത്ത; ഈ പ്രപഞ്ചം എന്തിനുണ്ടായി, ആരുണ്ടാക്കി, ഉണ്ടാക്കിയത് ബോധപൂര്‍വമാണോ മനുഷ്യനും ഈ പ്രപഞ്ചത്തിനും പിന്നില്‍ ഒരു സ്രഷ്ടാവുണ്ടോ, ഉണ്ടെങ്കില്‍ അവനോടുള്ള മനുഷ്യന്‍റെ ബന്ധം എങ്ങനെയാകണം. മനുഷ്യന്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണോ, എങ്കില്‍ എന്താണ് അവന്‍റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം. എന്താണ് അവന്‍റെ ദൌത്യം, എന്തായിരിക്കും അവന്‍റെ പര്യവസാനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് മതത്തിന്റെ മുഖ്യമായ വിഷയം.   ഇതില്‍ ഒരു ശാസ്ത്രവാദി ക്ഷുഭിതനാകേണ്ട കാര്യമേ ഇല്ല.  ശാസ്ത്രം കണ്ടുപിടിച്ച, കണ്ടുപിടിക്കാനിരിക്കുന്ന എല്ലാം തനിക്ക് നേരത്തെ അറിയാം എന്ന വാദം ദൈവവിശ്വസിക്കില്ല. പക്ഷേ അദ്ദേഹം തുടര്‍ന്ന് പറയുന്നത് നോക്കൂ...
'എന്നാൽ, ഇതേ അവകാശവാദം പൊക്കിപ്പിടിച്ചുകൊണ്ടു് തികച്ചും നോർമൽ എന്നു് ഭാവിക്കുകയും, അതു് അംഗീകരിക്കാൻ തയ്യാറാവാത്തവർ മുഴുവൻ വിഡ്ഢികളും ഭ്രാന്തന്മാരും ആണെന്നു് ആക്രോശിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം മനുഷ്യർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടു്. 'കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ' സകലത്തിനേയും സൃഷ്ടിച്ചവനും, 'അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ' സകല കാര്യങ്ങളേയും അറിയുന്നവനും എന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവം എന്നൊരു വിചിത്ര സത്ത്വത്തെ അറിയാൻ മാത്രമല്ല, അനുഭവിക്കാനും തങ്ങൾക്കു് കഴിയും എന്നു് കട്ടായമായി പ്രഖ്യാപിക്കുന്ന ദൈവവിശ്വാസികൾ എന്നൊരു കൂട്ടമാണതു്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ പല കൊച്ചുപുസ്തകങ്ങളിൽ പലവിധത്തിൽ എഴുതിവച്ച ഒരു സർവ്വജ്ഞാനിയെയും അവന്റെ വാക്കുകളെയും 'അറിയുന്നവനെ' സമ്പൂർണ്ണജ്ഞാനിയെന്നല്ലാതെ മറ്റെന്താണു് വിളിക്കാനാവുക? '
കാല്‍നൂറ്റാണ്ടും അതിലപ്പുറവും ഒരു മതത്തെ വിമര്‍ശിച്ച് നടന്നിട്ടും ഒരു മതത്തിന്റെയും ബാലപാഠം പോലും തെറ്റാതെ പറയാനറിയാത്തവരെ എന്ത് വിളിക്കും. അന്ധര്‍ എന്നാണ് വിളിക്കേണ്ടത്. കണ്ണുകള്‍ക്കല്ല ഇവര്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നത് മറിച്ച് ഹൃദയങ്ങള്‍ക്കാണ്. ഇല്ലാത്ത ഒരു അവകാശവാദം മതവിശ്വാസികളുടെ മേല്‍ ഉന്നയിക്കുകയും എന്നിട്ട് അത് അംഗീകരിക്കാത്തവരെ വിഢികളും ഭ്രാന്തന്‍മാരും എന്ന് ഇവര്‍ ആക്രോശിക്കുകയും ചെയ്യുന്നുവെന്നാണ് മഹാനായ ഒരു യുക്തിവാദിയുടെ ജല്‍പനം.

തങ്ങള്‍ക്ക് ദൈവത്തെ അറിയാം അനുഭവിക്കാം എന്നൊക്കെ പറയുന്നത് മഹാപാതകമൊന്നുമല്ല. അത് അറിയിക്കാന്‍ ദൈവം നല്‍കിയ സംവിധാനത്തെ ഉപയോഗപ്പെടുത്തി തങ്ങളത് മനസ്സിലാക്കി എന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇസ്ലാമിനെ സംബന്ധിച്ച് ഇതാണ് അവകാശവാദം. ആര്‍ ദൈവം നല്‍കിയ പ്രവാചകത്വം എന്ന സംവിധാനത്തിലൂടെ ദൈവത്തെ പഠിക്കാന്‍ ശ്രമിക്കുന്നുവോ അവര്‍ക്ക് മാത്രമേ ശരിയായ ദൈവിക ജ്ഞാനം നേടാന്‍ കഴിയൂ എന്നത് അവകാശ വാദം മാത്രമല്ല. ഒരു സത്യം കൂടിയാണ്. ശാസ്ത്ര പഠനം അതിന് സഹായകമല്ല. ശാസ്ത്രത്തെ ശ്രദ്ധാപൂര്‍വം പഠിക്കുന്ന ഒരു വ്യക്തിക്ക് ഒരു പക്ഷെ അത്ഭുതകരമായ ഈ സൃഷ്ടിപ്പ് ബോധപൂര്‍വം നടന്ന ഒരു സൃഷ്ടിയുടെ ഭാഗമാണ് എന്ന് തോന്നിയേക്കാം. പക്ഷെ ആ സ്രഷ്ടാവിനെ യഥാവിധി മനസ്സിലാക്കാന്‍ അത് മാത്രം മതിയാവില്ല.

ലോകാരംഭം മുതല്‍ അവസാനം വരെ സകലകാര്യങ്ങളും ആ കൊച്ചു പുസ്തകത്തിലുണ്ട് എന്നല്ല ഒരു വിശ്വാസിയുടെയും അവകാശവാദം. മറിച്ച് ഖുര്‍ആന്‍ പോലുള്ള വേദഗ്രന്ഥത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. മനുഷ്യസമൂഹത്തിന്റെ സന്മാര്‍ഗദര്‍ശനത്തിന് വേണ്ടതെല്ലാം പൂര്‍ണമായി വിശുദ്ധ വേദഗ്രന്ഥത്തിലുണ്ട് എന്നാണ്. അത് ശരിയാണോ എന്ന് പരിശോധിച്ച് നോക്കിയാല്‍ മതിയല്ലോ പക്ഷെ അതില്‍ അല്‍പം വിനയം വേണം. അഹങ്കാരം സത്യം കണ്ടെത്തുന്നിന് മുന്നിലെ വലിയ തടസ്സമാണ്.

'ഈ ദൈവം പക്ഷേ ഒരു രാജ്യത്തിൽ ചെന്നു് പറയുന്നതല്ല മറ്റൊരു രാജ്യത്തിൽ ചെന്നു് പറയുന്നതു്. അതു് പോരാഞ്ഞിട്ടെന്നപോലെ, ഒരു പ്രദേശത്തുതന്നെ പല കാലങ്ങളിലായി രണ്ടും മൂന്നും വട്ടമൊക്കെ പ്രത്യക്ഷപ്പെട്ടു് അസന്ദിഗ്ദ്ധവും നിത്യവുമായ പ്രപഞ്ചസത്യങ്ങൾ എന്ന പേരിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു് പറയാനും അങ്ങേർക്കു് മടിയൊന്നുമില്ല. ആത്യന്തികവും, ഒരു തരിക്കുപോലും കുറ്റമില്ലാത്തതുമായ ദൈവജ്ഞാനം ഇങ്ങനെ തുടരെത്തുടരെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു് തിരുത്തേണ്ടി വരുന്നതു് എന്തുകൊണ്ടു് എന്നെനിക്കറിയില്ല. ദൈവികമായ ഈ സർവ്വജ്ഞാനത്തിന്റെ മറ്റൊരു പ്രത്യേകത ആജന്മശത്രുക്കളെപ്പോലെ മനുഷ്യരോടു് പരസ്പരം വെറുക്കാനും, അവരോടു് ഇവരെ കൊല്ലാനും ഇവരോടു് അവരെ കൊല്ലാനുമൊക്കെ ആഹ്വാനം ചെയ്യുന്നതു് സമാധാനസന്ദേശമായി ഏതു് മുക്രിക്കും വ്യാഖ്യാനിക്കാനാവുമെന്നതാണു്. ലൗകികനായ ഒരു മനുഷ്യൻ താനൊരു സർവ്വജ്ഞാനിയാണെന്നു് അവകാശപ്പെട്ടാൽ അവന്റെ തലയിലെ ചില പിരികൾ മുറുക്കാനാവാത്തവിധം ലൂസായിട്ടുണ്ടെന്നേ സാമാന്യബുദ്ധിയുള്ളവർ ചിന്തിക്കൂ. പക്ഷേ, സർവ്വജ്ഞാനത്തിനു് തുല്യം എന്നല്ലാതെ മറ്റൊരു അർത്ഥവും നൽകാനില്ലാത്ത ദൈവജ്ഞാനം അവകാശപ്പെടുന്ന ഒരു ആത്മീയനെ സമൂഹം, പ്രത്യേകിച്ചും വിശ്വാസികളുടെ സമൂഹം, ഉന്നത പീഠങ്ങൾ നൽകി ആദരിക്കുകയും ആരാധിക്കുകയുമാണു് പതിവു്. മതങ്ങൾക്കു് നിർണ്ണയാധികാരമുള്ള സമൂഹങ്ങൾ തങ്ങളെ നയിക്കാനുള്ള അവകാശം പതിച്ചുനൽകുന്നതു് ഇതുപോലെ പിരിവെട്ടിയ ആത്മീയ നേതാക്കൾക്കാണെന്നു് ചുരുക്കം. '
യുക്തിവാദി സര്‍വജ്ഞനപ്പോലെ മതത്തെക്കുറിച്ച് പറയുന്നതെല്ലാം അബദ്ധമാണ്. ദൈവം ഓരോ സ്ഥലത്തും ചെന്ന് പറഞ്ഞതൊക്കെ വ്യത്യസ്ഥമാണ് എന്ന് എവിടെ നിന്നാണ് ഇദ്ദേഹം മനസ്സിലാക്കിയത്. ദൈവം അരുളിചെയ്തത് തെറ്റാണ് എന്നോ അബദ്ധമാണ് എന്നോ പറയാന്‍ ഇദ്ദേഹത്തിന്റെ വശം എന്താണ് ഉള്ളത്. ദൈവമാണ് സൃഷ്ടിച്ചത് എന്ന് പറയുമ്പോള്‍ അല്ലെന്ന് പറയാന്‍ എന്ത് തെളിവാണുള്ളത്. മരണത്തിന് ശേഷം മനുഷ്യന്റെ നന്മതിന്മകള്‍ക്ക് പ്രതിഫലം നല്‍കും എന്ന് ദൈവം മുഖേന ദൈവദൂതന്‍ പറഞ്ഞത് നിഷേധിക്കാന്‍ എന്ത് ന്യായമാണ് യുക്തിവാദിയുടെ കൈവശം ഉള്ളത്. ദൈവം പരസ്പരം വെട്ടാനും കുത്താനും കൊല്ലാനും പരസ്പരം വെറുക്കാനും പഠിപ്പിച്ചുവെന്ന് ഏത് മതത്തെ പഠിച്ചാണ് ഈ തത്വജ്ഞാനി തട്ടിവിടുന്നത്.

ദൈവിക മതങ്ങള്‍ കണിശമായ ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് ജീവിതം നയിക്കുന്ന ഒരു സമൂഹത്തെയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. തങ്ങളെ നയിക്കാനുള്ള നിര്‍ണയാധികാരം ഇത്തരം സംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നവര്‍ പിരിവെട്ടിയവരല്ല. മറിച്ച് തങ്ങളെ നിയന്ത്രിക്കാന്‍ തങ്ങളുടെ യുക്തിമാത്രം എന്ന ചിന്തിക്കുന്ന ഒന്നിനോടും ഉത്തരവാദിത്തമില്ലാത്ത ഒരു വിഭാഗത്തിന് തങ്ങളുടെ നിര്‍ണയാധികാരം കൈമാറുന്ന ജനതയുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ..

3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ദൈവിക മതങ്ങള്‍ കണിശമായ ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് ജീവിതം നയിക്കുന്ന ഒരു സമൂഹത്തെയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. തങ്ങളെ നയിക്കാനുള്ള നിര്‍ണയാധികാരം ഇത്തരം സംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നവര്‍ പിരിവെട്ടിയവരല്ല. മറിച്ച് തങ്ങളെ നിയന്ത്രിക്കാന്‍ തങ്ങളുടെ യുക്തിമാത്രം എന്ന ചിന്തിക്കുന്ന ഒന്നിനോടും ഉത്തരവാദിത്തമില്ലാത്ത ഒരു വിഭാഗത്തിന് തങ്ങളുടെ നിര്‍ണയാധികാരം കൈമാറുന്ന ജനതയുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ.

Sameer Thikkodi പറഞ്ഞു...

കുടം കമിഴ്ത്തി വെള്ളം ഒഴിക്കുവാനുള്ള ശ്രമമേ പ്രിയ ലത്തീഫ് താങ്കൾ ടിയാന്റെ കാര്യത്തിൽ ചെയ്യുന്നത് എന്നാണെന്റെ അഭിപ്രായം.... ആദ്യമേ സെറ്റ് ചെയ്ത ഒരു ഓപറേറ്റിംഗ് സിസ്റ്റം ആണു അദ്ദേഹത്തിന്റെ ബുദ്ധി... ഒരു പുതിയ കമാന്റ് പോലും അതിൽ ഫീഡ് ആവില്ല; accept ചെയ്യില്ല.....

എന്നിരുന്നാലും എന്നെങ്കിലും അദ്ദേഹം സത്യത്തിലെ സത്യം എന്തെന്ന് മനസ്സിലാക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.... അസാധ്യമെന്നു തോന്നാമെങ്കിലും... what is that we call it "a miracle"

നന്ദി ലത്തീഫ് ഭായ്...

CKLatheef പറഞ്ഞു...

@Sameer Thikkodi

ഈ പോസ്റ്റ്, അദ്ദേഹം പറഞ്ഞതില്‍ വല്ല സത്യവുണ്ടാകും എന്ന് കരുതുന്നവര്‍ക്ക് വേണ്ടി. അദ്ദേഹം ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്നവര്‍ക്ക് വേണ്ടി.

അഭിപ്രായത്തിന് നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review