2012, ഫെബ്രുവരി 22, ബുധനാഴ്‌ച

ഇസ്ലാമിനെക്കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാം; നിര്‍ഭയം.


'മുഹമ്മദ് നബി കാന്തപുരം ഗ്രൂപ്പിന്റെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ കുത്തകയല്ല. അദ്ദേഹത്തിന്റെ അനുശാസനം അനുധാവനം ചെയ്യാനും ആ വിശ്വാസത്തില്‍ അസംബന്ധങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അത് അസംബന്ധങ്ങളാണെന്ന് വിളിച്ചുപറയാനും ആര്‍ക്കും അവകാശമുണ്ട്. വ്യാജ കറന്‍സി കൈയില്‍പെട്ടാല്‍ അത് പൊലീസില്‍ ഏല്‍പിക്കാന്‍ മുസ്ലിമായിക്കൊള്ളണമെന്നില്ല; വ്യാജ ഡോക്ടറെ ഓടിച്ചുപിടിക്കാന്‍ ഐ.എം.എയുടെ സമ്മതം ആവശ്യമില്ല. വ്യാജ സിദ്ധന്മാരെ പിടികൂടാന്‍ എല്ലാവരും മതപണ്ഡിതരാകേണ്ടതില്ല. ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അസംബന്ധങ്ങള്‍, ബുദ്ധിക്കും യുക്തിക്കും അങ്ങേയറ്റം പരിഗണന നല്‍കുന്ന ഇസ്ലാമില്‍ കലര്‍ത്തുമ്പോള്‍ അത്തരം മുടിക്കെട്ടുകള്‍ എടുത്തുപുറത്തിടാന്‍ പിണറായി വിജയന്‍ വെല്ലൂരില്‍ പോയി കിതാബോതി എം.എഫ്.ബി പട്ടം അണിയേണ്ടതായിട്ടില്ല.
കാന്തപുരത്തിന്റെ കൈവശമുള്ള മുടി പ്രവാചകന്റേതാണെന്ന് തെളിയിക്കുന്നതില്‍ അദ്ദേഹം ഇതുവരെയും വിജയിച്ചിട്ടില്ല. 'ആലം ദുനിയാവില്‍'വെച്ചദ്ദേഹത്തിന് സാധിക്കുമെന്നും തോന്നുന്നില്ല. അതിരിക്കട്ടെ, മുടി ആരുടേതായാലും അത് കത്തുമെന്ന് പിണറായി വിജയന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചതില്‍പിന്നെ അദ്ദേഹം താഇഫിലേക്ക് മതപ്രബോധനത്തിനായി പോയി. അവിടത്തെ ജനം പ്രവാചകനെ എറിഞ്ഞോടിച്ചു. ഏറുകൊണ്ട് അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് രക്തം വാര്‍ന്നൊഴുകി. ഈ ഏറ് തീപ്പന്തംകൊണ്ടായിരുന്നെങ്കില്‍ പ്രവാചകന് ഏല്‍ക്കുമായിരുന്നോ ഇല്ലേ? ഉഹ്ദ് യുദ്ധത്തില്‍വെച്ച് ശത്രുക്കളുടെ ആക്രമണത്തില്‍ പ്രവാചകന്റെ മുന്‍വരിയിലെ പല്ല് മുറിഞ്ഞു. അങ്കിയുടെ ഭാഗം തട്ടിയാണ് മുറിവ് സംഭവിച്ചത്. യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടു എന്നുവരെ കിംവദന്തി പരന്നു. അപ്പോള്‍ പ്രവാചകന് ഏറ് കൊള്ളും, ശക്തമായ ഏറുകൊണ്ടാല്‍ തിരുശരീരം വ്രണപ്പെടും, രക്തം ഒഴുകും, ദന്തഭ്രംശം സംഭവിക്കും -പക്ഷേ, തീവെച്ചാലോ തീപ്പന്തംകൊണ്ട് എറിഞ്ഞാലോ ഫലിക്കില്ല എന്ന് എവിടത്തെ ന്യായമാണ്?
പ്രവാചകരുടെ ശരീരം നരകാഗ്നിക്ക് (നാറ്) നിഷിദ്ധമാണ് എന്നുപറഞ്ഞതിന്റെ അര്‍ഥം ഒരു പ്രവാചകനും നരകത്തില്‍ കിടക്കേണ്ടിവരില്ല എന്നുമാത്രമാണ്. അല്ലാതെ, ഇഹലോകത്തുവെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചാല്‍ പ്രവാചകന്റെ ഒരു രോമംപോലും കത്തുകയോ കരിയുകയോ ഇല്ല എന്ന അര്‍ഥത്തിലല്ല. വിശുദ്ധ ഖുര്‍ആനിലോ പ്രമാണയോഗ്യമായ ഹദീസുകളിലോ അത്തരം ഒരു പരാമര്‍ശവുമില്ല. (ഒ. അബ്ദുല്ല. മാധ്യമം )

തിരുകേശ വിവാദത്തില്‍ ഇടപെട്ട് 'കത്തിച്ചാല്‍ ഏതു മുടിയും കത്തു'മെന്ന സി.പി. എം സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്റെ പ്രസ്താവനക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൊടുത്ത മറുപടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് വ്യക്തമാക്കിയ മുസ്ലിയാര്‍, മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതക്ക് കാരണമാകുമെന്നും വ്യക്തമാക്കി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞത് ഇപ്രകാരമാണ്: 'മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളത്. ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പടേണ്ടതുണ്ട്.' (മുജീബ് റഹ്മാന്‍ കിനാലൂര്‍ - മാധ്യമം)

തിരു കേശ വിവാദത്തില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യമില്ല
തിരുവനന്തപുരം: പ്രവാചക കേശത്തിന്റെ വിഷയത്തില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യം തനിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായവും തുടര്‍ന്നുണ്ടായ വിവാദത്തേയും കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായിക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരിക്കും. താന്‍ പല കാര്യങ്ങളിലും അജ്ഞനാണ്. മാത്രമല്ല  ഇവിടെ നടക്കുന്ന വിവാദം സാധാരണ മുടിയുടെ കാര്യത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃമുണ്ട്. എന്നാല്‍, എല്ലാറ്റിനും ഒരു ലക്ഷ്മണ രേഖയുണ്ട്. കൂടാതെ രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാണ് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
എന്താണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്. പാര്‍ട്ടിയുടെ സെക്രട്ടറിയായാലും പ്രസിഡണ്ടായാലും അവര്‍ അവരവരുടെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ വര്‍ഗീയതയും ഛിദ്രതയുമുണ്ടാവും. പ്രവാചക കേശത്തിന്റെ അമാനുഷികതയെക്കുറിച്ച് അതറിയാത്തവര്‍ സംസാരിക്കേണ്ട. അതൊക്കെ പറയാന്‍ മതപണ്ഡിതന്‍മാരുണ്ട്. രാഷ്ട്രീയക്കാര്‍ മതത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ട. മറ്റുമതസ്ഥര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ ഇതിനെക്കുറിച്ച് പറയാന്‍ അവകാശമില്ല. ഞങ്ങള്‍ എല്ലാ കാലത്തും ഒരു പാര്‍ട്ടിയുടെ കൂടെ മാത്രം നില്‍ക്കുന്നവരല്ല. സന്ദര്‍ഭത്തിനനുസരിച്ച് വ്യതിയാനമുണ്ടാവാറുണ്ട്. ഇപ്പോള്‍ അവരുടെ കൂടെ നില്‍ക്കാത്തതുകൊണ്ടാണോ തിരുകേശത്തെക്കുറിച്ച് ഇങ്ങനെയഭിപ്രായം പറഞ്ഞത് എന്നറിയില്ല. രാഷ്ട്രീയക്കാര്‍ മതത്തില്‍ കയ്യിട്ടാല്‍ ചോദ്യം ചെയ്യും. തിരുകേശത്തെക്കുറിച്ച് മതത്തിനകത്തുള്ള അഭിപ്രായ വ്യത്യാസം മറ്റുള്ളവര്‍ നോക്കേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു. (21-02-12)

ഈ വിഷയം കണ്ടും കേട്ടും മടുത്തവരുടെ മുന്നിലേക്ക് ഇതേ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ ഉദ്ദേശിച്ചതല്ല. എന്നാലും ഇടക്ക് വിട്ടുപോകുന്നുവെന്ന് തോന്നിയ ചില പോയിന്റുകള്‍ കൂട്ടിചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. മതത്തെക്കുറിച്ച് അറിവുള്ളവര്‍ ഈ വിഷയത്തില്‍ സംസാരിച്ചാല്‍ മതിയെന്ന് പറ‍ഞ്ഞത് കാന്തപുരം ഇന്നെത്തിപ്പെട്ട ഒരു നിസ്സഹായതയുടെ ഫലമാണ്. ഇത് വരെയും മതത്തെക്കുറിച്ച് അറിവുള്ള കാന്തപുരം വിഭാഗം ഒഴികെയുള്ള മുഴുവനാളുകളും മതസംഘടനകളും തിരുമുടിയെക്കുറിച്ച് തന്നെ സംശയത്തിലാണ്. സമസ്തകേരള ജംഇയത്തുല്‍ ഉലമ എന്ന ഇ.കെ വിഭാഗം അതിനെതിരെ ശക്തമായ പ്രചാരണം നടത്തികൊണ്ടിരിക്കുന്നു. അവര്‍ പറയുന്നത് മുഖവിലക്കെടുക്കാന്‍ കാന്തപുരം തയ്യാറായിട്ടില്ല. അത് പരിഗണിച്ച് തിരുത്താനും. അതോടൊപ്പം മുജാഹിദ് വിഭാഗങ്ങളും ജമാഅത്തും ഈ പോക്ക് ശരിയല്ലെന്ന് പറയുന്നത് മതപരമായി അറിഞ്ഞുകൊണ്ട് തന്നെ. ചാനല്‍ ചര്‍ചയില്‍ സമസ്തയുടെ പ്രതിനിധി പങ്കെടുത്തും മതപരമായ കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന പ്രസ്താവന നടത്തുന്നത് കണ്ടു. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ വിവരം ഉണ്ടാവുക മതത്തിന്റെ ആളുകള്‍ക്ക് തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അഭിപ്രായം പറയാനും ചോദ്യം ചെയ്യാനുമുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ട് എന്നതാണ് ശരി. രാഷ്ട്രീയകാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ മതത്തിന്റെ ആളുകള്‍ക്കും മതത്തിലെ സ്വീകാര്യമല്ലെന്ന് തോന്നുന്ന പ്രവണതകളെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയം കയ്യാളുന്നവര്‍ക്കും തുല്യ സ്വാതന്ത്ര്യമുണ്ട്. ബന്ധപ്പെട്ടവര്‍ അത് സ്വീകരിക്കണോ മുഖവിലക്കെടുക്കണോ തള്ളിക്കളയണോ എന്നത് വേറെ കാര്യമാണ്.

ഇത്രയും പറഞ്ഞത് പൊതുവായ ഒരു വീക്ഷണമാണ്. എനിക്ക് ഇവിടെ മനസ്സിലാകാതെ പോകുന്നത് വേറൊരു കാര്യമാണ്. എന്താണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടക്കുള്ള അതിര്‍വരമ്പ്. ഏതൊക്കെ കാര്യങ്ങള്‍ മതത്തിന്റെ പരിധിയില്‍വരും ഏതൊക്കെ കാര്യങ്ങല്‍ രാഷ്ട്രത്തിന്റെ പരിധിയില്‍വരും.

ഇതരമതങ്ങളുടെ കാര്യം പറയാന്‍ ഞാന്‍ ആളല്ല. ഇസ്ലാം ദര്‍ശനത്തിന്റെ കാര്യം വെച്ച് നോക്കിയാല്‍ മതപരം രാഷ്ട്രീയപരം എന്ന വേര്‍ത്തിരിവ് പോലും അപ്രസക്തമാണ്. മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഏതെല്ലാം മേഖലയുണ്ടോ അവിടങ്ങളിലൊക്കയെും  ഇസ്ലാമിന് വ്യക്തമായ നിയമനിര്‍ദ്ദേശങ്ങലുണ്ട്. വിധിവിലക്കുകളുണ്ട്. അടിസ്ഥാനവിശ്വാസാദര്‍ശങ്ങളുണ്ട്. അതുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇസ്ലാമിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് തീരുമാനിച്ചാലും ഇസ്ലാം രാഷ്ട്രീയമെന്ന് വ്യവഹരിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അഭിപ്രായം പറയും. അതിന്റെ സമഗ്രസ്വഭാവംകൊണ്ടുണ്ടാകുന്ന നിഷേധിക്കാനാവാത്ത പ്രത്യേകതയാണത്.

ഇസ്ലാം അതിന്റെ സകലതും ആദര്‍ശവും, കര്‍മവും, ആരാധനകളും, സ്വഭാവ ചര്യകളും ജനങ്ങളുടെമുന്നില്‍ തുറന്ന് വെക്കുന്നു. കാരണം ഇസ്ലാം എല്ലാവരുടെതുമാണ്. അത് മുസ്ലിംകള്‍ എന്ന ഒരു വിഭാഗത്തിന്റെ സ്വകാര്യസ്വത്തല്ല. അതിനെ പരിശോധിക്കാനും പഠിക്കാനും സ്വീകാര്യമെങ്കില്‍ ഉള്‍കൊള്ളാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഒരു രാഷ്ട്രീയക്കാരനായത് കൊണ്ടോ ഇതര മതവിഭാഗത്തില്‍ പെട്ടതുകൊണ്ടോ അതിനുള്ള അവകാശം ഹനിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുന്നത്. കാന്തപുരം പ്രതിനിധീകരിക്കുന്നത് ഒരു പൌരോഹിത്യമതത്തെയാണ് എന്നതാണ് ഇസ്ലാമുമായി ബന്ധമില്ലാത്ത ഈ അഭിപ്രായ പ്രകടനങ്ങള്‍ കാണിക്കുന്നത്. പൌരോഹിത്യമാകട്ടേ ഇസ്ലാമിന് അന്യവുമാണ്.

3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇസ്ലാം അതിന്റെ സകലതും-ആദര്‍ശവും, കര്‍മവും, ആരാധനകളും, സ്വഭാവ ചര്യകളും- ജനങ്ങളുടെമുന്നില്‍ തുറന്ന് വെക്കുന്നു. കാരണം ഇസ്ലാം എല്ലാവരുടെതുമാണ്. അത് മുസ്ലിംകള്‍ എന്ന ഒരു വിഭാഗത്തിന്റെ സ്വകാര്യസ്വത്തല്ല. അതിനെ പരിശോധിക്കാനും പഠിക്കാനും സ്വീകാര്യമെങ്കില്‍ ഉള്‍കൊള്ളാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഒരു രാഷ്ട്രീയക്കാരനായത് കൊണ്ടോ ഇതര മതവിഭാഗത്തില്‍ പെട്ടതുകൊണ്ടോ അതിനുള്ള അവകാശം ഹനിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുന്നത്. കാന്തപുരം പ്രതിനിധീകരിക്കുന്നത് ഒരു പൌരോഹിത്യമതത്തെയാണ് എന്നതാണ് ഇസ്ലാമുമായി ബന്ധമില്ലാത്ത ഈ അഭിപ്രായ പ്രകടനങ്ങള്‍ കാണിക്കുന്നത്. പൌരോഹിത്യമാകട്ടേ ഇസ്ലാമിന് അന്യവുമാണ്.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

മത വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുത് എന്ന് പറയുന്നതിനു ഒരു എതിര്‍ വാദം ഉണ്ട്. രാഷ്ട്രീയത്തില്‍ മതം ഇടപെടരുത് എന്നാണത്. ഇത് രണ്ടും അബദ്ധമാണ്. മതത്തെ പറ്റി വിവരമുള്ളവന്‍ അത് ആരായാലും അവന്റെ അഭിപ്രായം പറയാം. എന്നെ ഏത് രാഷ്ട്രീയക്കാരനാണ് ഭരിക്കുന്നതെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരു മത വിശ്വാസിക്കുമുണ്ട്.
തനിക്ക് മാത്രമേ മതത്തെ പറ്റി അഭിപ്രായം പറയാന്‍ അവകാശമുള്ളൂ എന്ന വാദം ഒരു പുരോഹിതന്റെ വായില്‍ നിന്നു മാത്രമേ വരൂ. കാന്തപുരം ഇസ്ലാമില്‍ അനുവദനീയമല്ലാത്ത പൌരോഹിത്യം സ്ഥാപിക്കാന്‍ പാട് പെടുന്ന വ്യക്തിയാകുമ്പോള്‍അങ്ങിനേയല്ലേ അദ്ദേഹത്തിന്റെ തിരു മൊഴികള്‍ പുറത്ത് വരൂ.

MOIDU THIRUVATTOOR പറഞ്ഞു...

well said!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review