2012, മാർച്ച് 31, ശനിയാഴ്‌ച

കള്ളുകുടിയന്റെ മൊബൈലിലൂടെയുള്ള മൊഴിചൊല്ലല്‍

മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദമായ നിയമനിര്‍ദ്ദേശങ്ങളുള്ള മതമാണ് ഇസ്ലാം. ലോകവസാനം വരെയുള്ള മനുഷ്യര്‍ക്ക് വളരെയധികം യുക്തിപരവും സര്‍വകാലികവുമായ നിയമങ്ങളാണ് പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ ദൈവം അവതരിപ്പിച്ചിരിക്കുന്നത്. ഈ അവകാശവാദം ചോദ്യം ചെയ്യപ്പെടുക എന്നത് സ്വാഭാവികമാണ്. ചോദ്യം ചെയ്യുന്നത് അത് മനസ്സിലാക്കാനും ബോധ്യപ്പെടാനുമാകാം. ചിലര്‍ ചോദ്യം ചെയ്യുന്നത് ഇത് അംഗീകരിക്കാനാവില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ്. ചോദ്യം ചെയ്യുന്നവരെ ആദ്യഘട്ടത്തില്‍ ഇപ്രകാരം വര്‍ഗീകരിക്കാനാവാത്തത് കൊണ്ട്, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിശദമായും വ്യക്തമായും മറുപടി പറയുക എന്നതാണ് ഒരു ഇസ്ലാം വിശ്വാസിക്ക് ചെയ്യാനുള്ളത്.

ഇസ്ലാമിക പണ്ഡിതരുടെ മതവിധികള്‍ സൂക്ഷമായി ശ്രദ്ധിക്കുകയും അവയെ തലനാരിഴകീറി പരിശോധിക്കുകയും ചെയ്യുക പൊതു സമൂഹത്തിന്റെ ശൈലിയായി കാണുന്നു. അതുകൊണ്ട് ഒരു മതപണ്ഡിതന്‍റെ മതവിധി ഇസ്ലാമിക സമൂഹത്തില്‍ മാത്രമല്ല ചര്‍ച ചെയ്യപ്പെടുന്നത്. ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും നെറ്റ വര്‍ക്ക് കമ്മ്യണികളും നല്‍കുന്ന  സൌകര്യം അതിനെതിരെ ആളുകള്‍ കാണെ പ്രതികരിക്കാനുള്ള വിശാലമായ ഇടം കൂടി സൃഷ്ടിക്കുന്നു. ആ നിലക്ക് തന്നെ ഇസ്ലാമിക പണ്ഡിതര്‍ കാര്യങ്ങളെ യുക്തിഭദ്രമായി വിശദീകരിക്കാനും വിധിക്കാനും ബാധ്യതപ്പെട്ടിരിക്കുന്നു. ഫെയ്സ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്മ്യൂണിറ്റികളില്‍ ഇപ്പോള്‍ ഒരു ഫത് വ സജീവമായ ചര്‍ചയായികൊണ്ടിരിക്കുന്നു. പതിവു പോലെ ഇസ്ലാമിനെ അടിക്കാനുള്ള വല്ലതും ഉണ്ട് എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നത് കൊണ്ടാണ് ഇത് പതിവില്‍ കവിഞ്ഞ മാധ്യമ ശ്രദ്ധനേടുന്നതും ചര്‍ചയാകുന്നതും.

അടിസ്ഥാനം ഈ വാര്‍ത്തയാണ്.
[ മദ്യലഹരിയില്‍ മൊബൈലില്‍ മൊഴിചൊല്ലിയാലും സാധു-ദാറുല്‍ ഉലൂം
Posted on: 30 Mar 2012

ലഖ്‌നൗ: മദ്യലഹരിയില്‍ മൊബൈല്‍ഫോണില്‍ മൊഴിചൊല്ലിയാലും അംഗീകരിക്കാമെന്ന് ദേവ്ബന്ദിലെ ദാറുല്‍ ഉലൂം. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ ആസ്ഥാനമായ ദാറുല്‍ ഉലൂം ഇസ്‌ലാമിക സര്‍വകലാശാലയുടെ ഫത്‌വ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കത്തിലൂടെ ഒരാള്‍ ചോദിച്ച സംശയത്തിന് മറുപടിയായാണ് ദേവ്ബന്ദ് ദാറുല്‍ ഉലൂം ഇ
ക്കാര്യം അറിയിച്ചത്. സ്വന്തം സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ ഫോണില്‍ മൊഴിചൊല്ലിയത് ചൂണ്ടിക്കാട്ടിയാണ് വ്യക്തി സംശയം ഉന്നയിച്ചത്. എന്നാല്‍ ലഹരി മാറിയപ്പോള്‍ സഹോദരീഭര്‍ത്താവിന് മനംമാറ്റമുണ്ടായ സാഹചര്യത്തില്‍ എന്തുചെയ്യുമെന്നും ഇയാള്‍ സംശയമുന്നയിക്കുന്നു.

മൂന്നുവട്ടം തലാക്ക് ചൊല്ലിയ സാഹചര്യത്തില്‍ ഭാര്യാഭര്‍ത്തൃബന്ധം അരുതെന്നും ഇദ്ദകാലയളവ് (മൊഴി ചൊല്ലിയശേഷം മുസ്‌ലിം സ്ത്രീ പരപുരുഷന്മാരെ കാണാതെ കഴിയുന്ന സമയം) കഴിഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്ത ശേഷമേ ആദ്യഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാവൂ എന്നുമാണ് ദാറുല്‍ ഉലൂമിന്റെ മറുപടി. രണ്ടാമത് വിവാഹം ചെയ്തയാളും മൊഴിചൊല്ലി ഇദ്ദ കാലയളവ് കഴിഞ്ഞാലേ ആദ്യഭര്‍ത്താവുമായുള്ള പുനര്‍വിവാഹം സാധ്യമാകൂ എന്നര്‍ഥം.]


ഈ ഫത് വയില്‍ പുതുതായി വല്ലതുമുണ്ടെങ്കില്‍ മൊബൈലിന്റെ സാന്നിദ്ധ്യം മാത്രമേയുള്ളൂ. ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ലഹരി ബാധിതന്റെ ത്വലാഖ് എന്ന അധ്യായം കാണാവുന്നതാണ്. അവിടെ നിന്ന് നമ്മുക്ക് മനസ്സിലാകുക, ലഹരിബാധിതന്‍ വിവാഹമോചനം ചെയ്താല്‍ അത് സാധുവാകും എന്ന് പറയുന്നവരും ഇല്ല എന്ന് പറയുന്നവും ഉണ്ടെങ്കിലും,   ലഹരി ബാധിതന്റെ വിവാഹമോചനത്തിന് തക്കതായ കാരണത്താല്‍ ഒരു വിലയുമില്ല എന്നുമാണ്.

ബുദ്ധിയെ ഉദ്ദേശ്യപൂര്‍വം വികലമാക്കിയവനാണ് ലഹരിബാധിതന്‍ അതിനാല്‍ അവന്‍റെ വിവാഹമോചനം പരിഗണിക്കണം. ഇതാണ് ഒരു അഭിപ്രായം.  അവന് അത് തന്നെ ഒരു ശിക്ഷയാകട്ടെ എന്നാണോ ഈ പണ്ഡിതന്‍മാര്‍ തീരുമാനിരിക്കുന്നത്  എന്ന് തോന്നും ഈ അഭിപ്രായം വായിച്ചാല്‍ .

എന്നാല്‍ പ്രമാണികരായ ഒരു കൂട്ടം പണ്ഡിതന്‍മാര്‍ ഇതിനെ ചോദ്യം ചെയ്യുന്നു. അവരുടെ വാദം ഇതാണ്. ലഹരി ബാധിതന്റെ വിവാഹമോചനം പരിഗണിക്കണം എന്ന വാദം നിരര്‍ഥകമാണ്, അത് പരിഗണിക്കരുത് എന്തുകൊണ്ടെന്നാല്‍ അയാള്‍ ഭ്രാന്തന് തുല്യമാണ്. നിര്‍ബന്ധവിധിയും ഇടപാടും ബാധകമാകുക സാമാന്യബുദ്ധിയുള്ളവരിലാണ്, ലഹരിബാധിതന് സാമാന്യബുദ്ധി നഷ്ടമായിരിക്കുന്നു. ലഹരി ബാധിതനായി നിങ്ങള്‍ നമസ്കരിക്കരുത് എന്ന് മദ്യനിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ അവതരിച്ച സൂക്തം അവര്‍ തെളിവായി സ്വീകരിക്കുന്നു. എന്താണ് പറയുന്നത് എന്ന് അയാള്‍ അറിയുന്നില്ല എന്നതാണ് ഖുര്‍ആന്‍ തന്നെ അതിന് പറഞ്ഞ കാരണം. ഇവിടെ ലഹരിബാധിതന്റെ വാക്ക് അല്ലാഹു അഗണ്യമാക്കിയിരിക്കുന്നു.

ലഹരി ബാധിതന്‍റെ ത്വലാഖ് മൂന്നാം ഖലീഫയായി ഉസ്മാന്‍ (റ) അംഗീകരിച്ചില്ലെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ സ്വഹാബികളിലാരും തന്നെ ഉസ്മാന് എതിരായിരിരുന്നില്ലെന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. (ഫിഖ് ഹ സുന്ന പേജ് 657)

യഹ്യയ ബ്നു സഈദില്‍ അന്‍സാരി, ഹമീദുബ്നു അബ്ദുല്‍ റഹ്മാന്‍, റബീഅഃ, ലൈസുബ്നു സഅ്ദ് , ഇസ്ഹാഖുബ്നു
റാവൈഹി, അബൂ സൌര്‍ എന്നിര്‍ക്ക് പുറമെ ഇമാം ശാഫിയുടെ ഒരഭിപ്രായവും ഇത് തന്നെ.  ശാഫി പണ്ഡിതന്മാരില്‍ പെട്ടെ മുസ്നി മുന്‍ഗണന നല്‍കിയിട്ടുള്ളതും ഈ അഭിപ്രായത്തിന് തന്നെ. ഇമാം അഹമ്മദും ഇതേ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. ശൌകാനി പറഞ്ഞു വിധികളുടെ അച്ചുതണ്ടായ ബുദ്ധിക്ക് ഭ്രംശം സംഭവിച്ചതിനാല്‍ ലഹരി ബാധിതന്‍റെ തലാഖിന് വിധിയില്ല. മദ്യപാനത്തിന് ദൈവം തന്നെ അതിന്റെതായ ശിക്ഷവിധിച്ചിട്ടുണ്ട്. അതിന് പുറമെ അവന്‍ ബോധമില്ലാത്തെ നടത്തുന്ന ത്വലാഖ് അവനുള്ള ശിക്ഷയായി ഭവിക്കുമെന്ന് പറയാനും അങ്ങനെ രണ്ട് ബാധ്യതകള്‍ ചേര്‍ത്ത് കൊടുക്കാനും നമ്മുക്ക് അവകാശമില്ല.

തീര്‍ത്തും പ്രമാണങ്ങളെയോ മനുഷ്യബുദ്ധിയെയോ ഇസ്ലാമിന്റെ തന്നെ സ്ഥാപിതമായ നിയമത്തിന് ഉള്‍കൊള്ളാന്‍ കഴിയാത്തതോ ആയ വിധിയാണ് ദാറുല്‍ ഉലൂമിന്റെ ഈ മതവിധി എന്ന് പറയാതിരിക്കാനാവില്ല. ലഹരി ബാധിതനാകേണ്ടതില്‍ കോപാന്ധന്റെ ത്വലാഖ് പോലും സ്വീകാര്യമല്ല എന്ന് പ്രവാചക വചനം പോലും ഇവര്‍ പരിഗണിച്ചിട്ടില്ല. (കോപത്തില്‍ ത്വലാഖുമില്ല മോചനവുമില്ല - അബൂദാവൂദ്, അഹ്മദ്, ഇബ്നു മാജഃ) അതും ഫോണിലൂടെയാകുമ്പോള്‍ തീരെ ദുര്‍ബലമാകുന്നു. മൂന്നും ഒന്നിച്ച് നിര്‍വഹിച്ചാല്‍ അത് ഒരു ത്വലാഖായി മാത്രമേ പരിഗണിക്കൂവെന്ന സുപ്രധാന വസ്തുതയും ഈ വിധിയില്‍ പരിഗണിച്ചിട്ടില്ല.

ചുരുക്കത്തില്‍ മതമല്ല മതത്തിലെ പറഞ്ഞതും കേട്ടതുമായ (ഖ്വാല ഖ്വീല) അക്ഷരങ്ങളെ പിടിച്ച് യുക്തിരഹിതമായി ഈ ആധുനിക യുഗത്തില്‍ വിധിപ്രസ്താവിക്കുന്ന പണ്ഡിതന്മാരാണ് ഇവിടെ യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാകുന്നത്.

8 അഭിപ്രായ(ങ്ങള്‍):

Abid Ali പറഞ്ഞു...

ലഹരി തന്നെ ഇസ്ലാം വിലക്കി എന്നിരിക്കെ
"ലഹരി ബാധിച്ചവന്റെ വിവാഹ മോചനം" ചര്‍ച്ചക്ക് പോലും പ്രസക്തമല്ല

CKLatheef പറഞ്ഞു...

ആബിദ് അലി, മദ്യപാനം നിഷിദ്ധമാണ് എന്നത് സത്യം. അതിന് ശിക്ഷ വേറെ തന്നെയുണ്ട്. അതോടൊപ്പം ലഹരിബാധിതന്‍ സാമൂഹിക പ്രാധാന്യമുള്ള ഒരു കാര്യത്തില്‍ ഏര്‍പ്പെട്ടാല്‍ എന്താണ് വിധി എന്നിടത്ത് നിശബ്ദമാകാന്‍ കഴിയില്ലല്ലോ, പ്രത്യേകിച്ച് വിവാഹമോചനം പോലുള്ള കാര്യത്തില്‍; ഒരു പാട് പേര്‍ അതിന്റെ അനന്തര ഫലം അനുഭവിക്കണം എന്നിരിക്കെ.

പടന്നക്കാരൻ പറഞ്ഞു...

യുക്തിമാന്‍ മാര്‍ മാത്രമല്ല സന്ഘികളും വല്ലാതെ ആഘോഷിക്കുന്നുണ്ട്

പടന്നക്കാരൻ പറഞ്ഞു...

ഇസ്ലാം മത നിയമപ്രകാരം പുരുഷന്‍ നടത്തുന്ന വിവാഹമോചനം. തലാക്ക് എന്ന അറബിപദത്തിന്റെ അര്‍ഥം കെട്ടഴിക്കുക എന്നതാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരുവിധത്തിലും യോജിക്കുവാന്‍ നിവൃത്തിയില്ലാതാവുകയും തന്റെ ജീവിതം നശിപ്പിക്കുന്നതും എത്ര ഉപദേശിച്ചാലും മറ്റു നടപടികളിലൂടെയും ഭാര്യയെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇസ്ലാം തലാക്കിന് അനുവദിക്കുന്നത്.
സംയോഗത്തില്‍ താത്പര്യമില്ലാതിരിക്കുക, ഭാര്യയോടുള്ള കടമകള്‍ നിര്‍വഹിക്കാന്‍ സാധ്യമല്ലാത്തവനാവുക, അവളോടു സ്നേഹക്കുറവു തോന്നുക, അവള്‍ സദാചാരനിഷ്ഠയില്ലാത്തവളായിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ പുരുഷന് സ്ത്രീയെ തലാക്കു ചെയ്യാമെന്നതാണ് നിയമം. ദുര്‍ബല ഹൃദയനായ മനുഷ്യന് ചില സാഹചര്യങ്ങളില്‍ ജീവിതപങ്കാളിയുമായി സഹകരിച്ചു പോകുന്നതിനു കഴിഞ്ഞില്ലെന്നു വരാം. ആ സാഹചര്യത്തില്‍ പ്രസ്തുത ബന്ധത്തെക്കുറിച്ച് പുനരാലോചനയ്ക്കുള്ള മാര്‍ഗം ഇസ്ലാം തുറന്നിടുന്നു. അതത്രെ തലാക്ക് അഥവാ വിവാഹമോചനം. എന്നാല്‍ തീരുമാനത്തിനുമുമ്പ് ഏതെങ്കിലും നടപടികളിലൂടെ ബന്ധം നന്നാക്കിയെടുക്കാന്‍ ശ്രമിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്.

പടന്നക്കാരൻ പറഞ്ഞു...

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭിന്നതകള്‍ എപ്പോഴും നല്ല നിലയില്‍ അവസാനിക്കണമെന്നില്ല. ‍ ഇസ്ലാമിക ദൃഷ്ടിയില്‍ ദൈവത്തിന്റേയും ദൈവദൂതന്റേയും ആജ്ഞകള്‍ക്കെതിരല്ലാത്ത എല്ലാ കാര്യങ്ങളിലും ഭര്‍ത്താവിനെ അനുസരിക്കുകയെന്നത് ഭാര്യയുടെ കടമയാണ്. മനുഷ്യസഹജമായ ദൌര്‍ബല്യങ്ങളാല്‍ അവള്‍ അനുസരണക്കേട് കാണിക്കുകയും ഭര്‍ത്താവിനെ വേദനിപ്പിക്കുകയും ചെയ്തെന്നു വരാം. ഈ സന്ദര്‍ഭത്തില്‍ മൂന്ന്തരത്തിലുള്ള പരിഹാരമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ട് അവരെ നല്ലനിലയില്‍ കൊണ്ടുവരാനാണ് ഇസ്ലാം കല്പിക്കുന്നത്. 'അനുസരണക്കേട് കാണിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കു ഭയമുള്ള ഭാര്യമാരാണെങ്കില്‍ അവരെ ഉപദേശിക്കുക; ശയന മുറിയില്‍ അവരില്‍ നിന്നും വിട്ടുനില്‍ക്കുക; അവരെ അടിക്കുക' (വി.ഖു.4:34).
ഈ മൂന്ന് പരിഹാരമാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും ഫലപ്രദമല്ലെ ങ്കില്‍ നാലാമതൊരു മാര്‍ഗവും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. 'അവര്‍ക്കിടയിലുള്ള ഭിന്നത നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ കുടുംബത്തില്‍ നിന്നും അവളുടെ കുടുംബത്തില്‍ നിന്നും ഓരോ വിധികര്‍ത്താവിനെ നിയോഗിക്കുക. രണ്ടുകൂട്ടരും അനുരഞ്ജനമാണുദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്കിടയില്‍ ദൈവം യോജിപ്പിനു വഴിയൊരുക്കുന്നതാണ്. നിശ്ചയം, ദൈവം സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണ്' (വി.ഖു.435). മധ്യസ്ഥശ്രമത്തിന് പുരുഷന്റെ ഭാഗത്തുനിന്നും സ്ത്രീയുടെ ഭാഗത്തുനിന്നും അനുയോജ്യരായ ഓരോരുത്തരെ ഇടപെടുത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്നു ചുരുക്കം. ഈ മാര്‍ഗങ്ങളിലൂടെയൊന്നും യോജിപ്പിനു സാധ്യതയില്ലാതെ വരുന്ന പക്ഷം മാത്രമാണ് വിവാഹമോചനം അഥവാ തലാക്ക് നിയമപരമായി പ്രയോഗിക്കാവുന്നത്.
വിവാഹമോചനത്തെ ഒരു നിലയ്ക്കും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പ്രവാചകന്റെ വചനങ്ങളില്‍ അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ദൈവത്തിന് ഏറ്റവുമധികം കോപമുണ്ടാക്കുന്നത് വിവാഹമോചനമാണ്.'നിങ്ങള്‍ വിവാഹം ചെയ്യുക, വിവാഹമോചനം നടത്താതിരിക്കുക, ഇണകളെ മാറി മാറി രുചിച്ചു നോക്കുന്ന പുരുഷനേയും സ്ത്രീയേയും ദൈവം ഇഷ്ടപ്പെടുകയില്ല.'‌നിങ്ങള്‍ വിവാഹിതരാകുക, വിവാഹമോചനം അരുത്. എന്തുകൊണ്ടെന്നാല്‍ വിവാഹമോചനം നടക്കുമ്പോള്‍ അരിഷ്(ദൈവസിംഹാസനം) വിറയ്ക്കുന്നതാണ്' എന്നീ ഹദീസുകള്‍ ഇതിനുദാഹരണമാണ്.

പടന്നക്കാരൻ പറഞ്ഞു...

മറ്റുള്ളവരുടെ പ്രേരണമൂലമോ ഭീഷണിമൂലമോ ലഹരിബാധയാലോ ചെയ്യുന്നതൊന്നും ഇസ്ലാമിക ദൃഷ്ടിയില്‍ ശരിയായ തലാക്ക് അല്ല. സ്വബോധത്തോടും സ്വമനസ്സോടെയും ചെയ്യുന്നവയ്ക്കു മാത്രമാണ് നിയമസാധുതയുള്ളത്.
ഞാന്‍ നിന്നെ വിവാഹബന്ധം മുറിച്ചിരിക്കുന്നു എന്ന് മൂന്നു തവണ പറയുമ്പോഴാണ് ഒരു തലാക്കിന് സാധുതയാകുന്നത്. ഓരോ പ്രാവശ്യവും അനുസരിക്കേണ്ട ചില നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്ലാം കര്‍ശനമായി പറയുന്നുണ്ട്. ഓരോ ചൊല്ലിനുമിടയില്‍ സ്ത്രീക്ക് 'ഇദ്ദ' കാലം നിര്‍ണയിച്ചിട്ടുണ്ട്. മൂന്ന് ആര്‍ത്തവം പൂര്‍ത്തിയാക്കാന്‍ വേണ്ട കാലയളവാണ് ഒരു 'ഇദ്ദ'. എന്തെങ്കിലും കാരണത്താല്‍ ആര്‍ത്തവം ഉണ്ടാകാത്തവര്‍ ഇത്രയും സമയം ഇദ്ദയായി കണക്കാക്കണം. ഗര്‍ഭിണികളുടെ 'ഇദ്ദ' പ്രസവം വരെയാണ്. തലാക്ക് ചൊല്ലപ്പെടുന്ന സ്ത്രീയെ 'ഇദ്ദ' സമയത്ത് അവള്‍ അതുവരെ താമസിച്ചിരുന്ന വീട്ടില്‍ (ഭര്‍ത്തൃഗൃഹത്തിലാണെങ്കില്‍ അവിടെ) തന്നെ താമസിപ്പിക്കണം.
ഈ സമയം അവളുടെ എല്ലാ സംരക്ഷണ ബാധ്യതകളും തലാക്ക് ചൊല്ലിയ ഭര്‍ത്താവിനാണ്. വിവാഹമോചനം നടത്തുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയെങ്കില്‍ പ്രസവിക്കുന്നതുവരെയുള്ള സംരക്ഷണ ചുമതലകള്‍ പുരുഷന്‍ ഏല്ക്കണം. ഇസ്ലാമിക ശാസ്ത്രവിധി പ്രകാരം ആ കുട്ടിക്കു മുലപ്പാല്‍ നല്‍കേണ്ട ബാധ്യതപോലും സ്ത്രീക്കില്ല. ഇക്കാര്യത്തില്‍ സ്ത്രീക്ക് അഭിപ്രായഭിന്നതയുണ്ടെങ്കില്‍ അതായത് മുലകൊടുക്കുവാന്‍ സന്നദ്ധതയില്ലെങ്കില്‍ മറ്റൊരു സ്ത്രീയെക്കൊണ്ട് കുട്ടിക്ക് മുലയൂട്ടണം. ഇത് പുരുഷന്റെ ബാധ്യതയത്രേ.
മൂന്ന് തലാക്ക് ഒരുമിച്ച് പറയുന്ന രീതിയെ (മുത്തലാക്ക്) ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. ഒന്നിച്ചു പറയാതിരിക്കാന്‍ ഭര്‍ത്താവിനോടും, നിര്‍ദിഷ്ടകാലം ഭര്‍ത്താവിന്റെ താമസസ്ഥലത്തുതന്നെ 'ഇദ്ദ'യിരിക്കണമെന്നു ഭാര്യയോടും കല്പിക്കുക വഴി അവരെ വീണ്ടും യോജിപ്പിക്കാനുള്ള ഒരവസാനശ്രമം കൂടി ഇസ്ലാം നടത്തുകയാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ തലാക്ക് മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ ഇരുവരും ആഗ്രഹിക്കുന്ന പക്ഷം വീണ്ടും യോജിപ്പിലെത്താവുന്നതാണ്. എന്നാല്‍ മൂന്നുപ്രാവശ്യവും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീയെ തിരിച്ചെടുക്കല്‍ സാധാരണ രീതിയില്‍ സാധ്യമല്ല.
വീണ്ടും യോജിപ്പിലെത്തുന്നതിന് വളരെ കര്‍ശനമായ മറ്റു ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. മൂന്ന് തലാക്കും കഴിഞ്ഞ് സ്ത്രീയുടെ 'ഇദ്ദ'കാലം കഴിഞ്ഞതിനു ശേഷം അവളെ മറ്റൊരാള്‍ വിവാഹം ചെയ്യണം. അവര്‍ തമ്മില്‍ ശാരീരിക ബന്ധം നടത്തണം. അതിനുശേഷം ആ ഭര്‍ത്താവ് സ്വന്തം ഇഷ്ടത്താല്‍ അവളെ തലാക്ക് ചൊല്ലണം. അതിന്റെ 'ഇദ്ദ' കഴിയുകയോ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുകയോ വേണം. എന്നാല്‍ മാത്രമേ ആദ്യ ഭര്‍ത്താവിന് അവളെ പുനര്‍വിവാഹം നടത്താന്‍ ഇസ്ലാം അനുവദിക്കുന്നുള്ളൂ

CKLatheef പറഞ്ഞു...

പടന്നക്കാരന്‍ ഷബീര്‍ , വിവാഹമോചനവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി. ഇതിന്റെ മഹത്വവും യുക്തിഭദ്രതയും മനസ്സിലാകണമെങ്കില്‍ ഇയ്യിടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റ് തട്ടിപ്പടച്ചുണ്ടാക്കിയ നിയമം ശ്രദ്ധിച്ചാല്‍ മതി..

അജ്ഞാതന്‍ പറഞ്ഞു...

ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന സൌദിയില്‍ വരെ എന്തുകൊണ്ട് കഹ്ബക്കടുത്ത് വെച്ച് പോലും പാസ്പോര്‍ട്ടും പഴ്സും മോഷ്ടിക്കപെടുന്നു, മുസ്ലിംകളും മതസ്ഥാപനങ്ങളും കൂടുതലുള്ള മലപ്പുറത്തെന്താ മുസ്ലിംകള്‍ മദ്യ ദുരന്തത്തില്‍ പെട്ട് മരിക്കുന്നു, തുടങ്ങി ആര് എന്ത് ചോദിച്ചാലും നമുക്കൊരുത്തരമേ ഉള്ളൂ... “അത് മതത്തിന്‍റെ കുഴപ്പമല്ല, മതം പിന്‍പറ്റുന്നവരുടെ കുഴപ്പമാണ്!” എന്ന് . എന്നാണാവോ ഇസ്ലാമിന്‍റെ സര്‍വഗുണങ്ങളും ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ പറ്റുന്ന ഒരു മാതൃകാ സമൂഹം ഈ ലോകത്ത്‌ നിലവില്‍ വരിക!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review