2012, ജൂൺ 28, വ്യാഴാഴ്‌ച

ഖുര്‍ആനനുസരിച്ച് ബൈബിളില്‍ പറയുന്നതും ശരി ?

ബൈബിള്‍ പൂര്‍ണമായി ദൈവവചനമാണെന്ന് ക്രൈസ്തവര്‍ പോലും വിശ്വസിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്‍ ആരുടെയൊക്കെയോ കൈകടത്തലുകളുണ്ടായിട്ടുണ്ട് എന്നതിന് വ്യത്യസ്ഥമായ ബൈബിള്‍ കോപ്പികള്‍ തന്നെയാണ് നമുക്ക് ബോധ്യമാകുന്ന തെളിവ്. ഖുര്‍ആനും ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അവയുടെ മൂലം ദൈവദത്തമായിരുന്നുവെന്നത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. തൌറാത്ത്, ഇഞ്ചീല്‍ എന്നൊക്കെ ഖുര്‍ആന്‍ പരമാര്‍ശിക്കുമ്പോള്‍ അത് പ്രവാചകന്‍മാര്‍ക്ക് ലഭിച്ച അതേ ഗ്രന്ഥത്തെ മാത്രമേ ഉദ്ദേശിക്കപ്പെടുന്നുള്ളൂ എന്ന വാദം ശരിയല്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന (പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് നിലനിന്ന) കോപ്പിയെയും അപ്രകാരം പേര് പറഞ്ഞിട്ടുണ്ട്. ചിലകാര്യങ്ങള്‍ വേദക്കാരോട് ചോദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . അതുകൊണ്ട് ഖുര്‍ആന്‍ നിലവിലുള്ള ബൈബിളിന്റെ ദൈവികതയും അപ്രമാദിത്വവും അംഗീകരിച്ചുവെന്ന് പറയാന്‍ കഴിയുമോ ?.  അങ്ങനെ ഒന്ന് പറഞ്ഞു നോക്കുകയാണ് ഇസ്ലാം വിമര്‍ശനം നടത്തുന്ന ചില  സുഹൃത്തുക്കള്‍ . അവരുടെ വാദം എന്തെന്ന് നോക്കാം.
-----------------------------------------------

Anil Kumar: ശുദ്ധവും/ഹലാലുമായ ഭക്ഷണത്തെ സംബന്ധിച്ച് യഹൂദന്മാരുമായി ഒരു മുസ്ലീമിന് തര്‍ക്കമുണ്ടായാല്‍, യഹൂദന്മാരോട് മൂസയുടെ ഗ്രന്ഥത്തില്‍നിന്ന് തെളിവ് കൊണ്ടുവരേണ്ടതിനു ആവശ്യപ്പെടാന്‍ ഒരു മുസ്ലീമിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.

"പറയുക: നിങ്ങള്‍ നേര് പറയുന്നവരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു വായിക്കുവിന്‍" (സൂറാ.3:93. U.C.K.തങ്ങള്‍)

തൌറാത്ത്‌ റദ്ദാക്കപ്പെട്ടതോ വികലമാക്കപ്പെട്ടതോ ആണെങ്കില്‍ എങ്ങനെയാണ് ഒരു യഹൂദന് തന്‍റെ ഗ്രന്ഥം പഠിച്ചു സത്യം നിര്‍ണ്ണയിക്കുവാന്‍ കഴിയുക? ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കണമെങ്കില്‍ തീര്‍ച്ചയായും മുന്‍വേദഗ്രന്ഥങ്ങള്‍ ശരിയായിരിക്കണമല്ലോ. ഇതേ നിഗമനം ശരിവയ്ക്കുന്നതാണ് താഴെപ്പറയുന്ന ആയത്ത്:

"ജൂതരോ ക്രിസ്ത്യാനികളോ ആയവരല്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ലെന്നു അവര്‍ പറഞ്ഞു, അത് അവരുടെ വ്യാമോഹങ്ങലാണ്. നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ നിങ്ങള്‍ക്കുള്ള രേഖ കൊണ്ടുവരുവിന്‍ എന്ന് പറയുക" (സൂറ.2:11, K. ഉമര്‍ മൌലവി സാഹിബ്).
-----------------------------------------------

എന്താണ് ഇവിടെ സംഭവിച്ചത് എന്ന് നോക്കാം. ഇസ്ലാം മനുഷ്യാരംഭം മുതല്‍ ലോകവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദൈവിക സന്ദേശത്തിന്റെ പേരാണ്. ആദിമ മനുഷ്യനായ ആദം നബി മുതല്‍ ദിവ്യസന്ദേശം നല്‍കി പോന്നിട്ടുണ്ട്. അതില്‍ പെട്ട ധാരാളം പ്രവാചകന്‍മാരെ ഖുര്‍ആനും ബൈബിളും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമി ദൃഷ്ട്യാ പ്രവാചകന്‍മാര്‍ക്ക് നിരക്കാത്ത പല സ്വഭാവങ്ങളും ബൈബിള്‍ വചനങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എങ്കിലും അത്തരം കലര്‍പില്ലാത്ത സച്ചരിതരായ മനുഷ്യരായിട്ടാണ് ഖുര്‍ആന്‍ അവരെ പുനരവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെയൊക്കെ മനുഷ്യന്റെ ഭാവനയും സങ്കല്‍പവും കടന്നുകൂടിയിട്ടുണ്ട് എന്നാണ് ഖുര്‍ആനിന്റെ അനുയായികള്‍ മനസ്സിലാക്കുന്നത്. മനുഷ്യര്‍ക്ക് മുഴുവന്‍ ഉള്ള സന്ദേശമെന്ന നിലക്ക് അതിന്റെ അഭിസംബോധിതര്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരും മതമില്ലാത്തവരും ആകുക സ്വാഭാവികമാണ്. അവരുടൊക്കെയും യുക്തിപരമായ സംവാദം ഖുര്‍ആന്‍ നടത്തുന്നു. പ്രവാചകന്‍റെ അഭിസംബോധിതരില്‍ വേദക്കാര്‍ എന്ന് അറിയപ്പെടുന്ന ജൂത-ക്രൈസ്തവര്‍ പ്രാധാനമായിരുന്നതിനാല്‍ അവര്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നു.

സംവാദം ചില പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ആ നിലക്ക് അവരുടെ ചില വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കാനും അവരുടെ പ്രമാണങ്ങളില്‍ പോലും തെളിവില്ലെന്ന് ബോധ്യപ്പെടുത്താനും ചില ചോദ്യങ്ങള്‍ ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ട്. വാദിക്കുന്നവ കാര്യങ്ങള്‍ക്ക് മിനിമം സ്വന്തം പ്രമാണങ്ങളിലെങ്കിലും തെളിവുണ്ടായിരിക്കണം എന്ന സംവാദത്തിന്റെ ഒരു മര്യാദ സൂചിപ്പിക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. അനില്‍കുമാര്‍ ഇവിടെ നടത്തിയ വാദം കുറേകൂടി ആഴത്തില്‍ പരിശോധിച്ചാല്‍ ഈ കാര്യം നമുക്ക് വ്യക്തമാകും.

എന്താണ് അനില്‍കുമാര്‍ പറയുന്നത്
Anil Kumar: ശുദ്ധവും/ഹലാലുമായ ഭക്ഷണത്തെ സംബന്ധിച്ച് യഹൂദന്മാരുമായി ഒരു മുസ്ലീമിന് തര്‍ക്കമുണ്ടായാല്‍, യഹൂദന്മാരോട് മൂസയുടെ ഗ്രന്ഥത്തില്‍നിന്ന് തെളിവ് കൊണ്ടുവരേണ്ടതിനു ആവശ്യപ്പെടാന്‍ ഒരു മുസ്ലീമിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.

"പറയുക: നിങ്ങള്‍ നേര് പറയുന്നവരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു വായിക്കുവിന്‍ " (സൂറാ.3:93. U.C.K.തങ്ങള്‍)
സത്യത്തില്‍ എന്താണിവിടെ പ്രശ്നം. ഇബ്രാഹീമും മോശയും യേശുവും മുഹമ്മദും (എല്ലാവരുടെ മേലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടേ) ദൈവത്തിന്റെ പ്രവാചകന്‍മാരാണ്. അവരിലൂടെ നല്‍കപ്പെട്ട മൌലിക തത്വങ്ങള്‍ക്ക് അന്തരം ഉണ്ടാവുകയില്ല. എന്നാല്‍ യേശു ആഗതനായപ്പോള്‍ ജൂതന്മാരിലൊരു വിഭാഗം വിശ്വസിക്കാതിരുന്നത് പോലെ മുഹമമദ് നബി ആഗതമായപ്പോഴും ജൂതന്മാരിലും ക്രൈസ്തവരിലും ഒരു വിഭാഗം വിശ്വസിക്കാതെ നബി അനുവദനീയമാക്കിയ ചില ഭക്ഷണത്തെ എടുത്ത് ആക്ഷേപിക്കാന്‍ തുടങ്ങി. മൌദൂദി പറയുന്നതിങ്ങനെ ....

ഖുര്‍ആന്റെയും തിരുമേനിയുടെയും മൌലിക ശിക്ഷണങ്ങളെപ്പറ്റി യാതൊരാക്ഷേപവും കൊണ്ടുവരിക സാധ്യമായില്ല. കാരണം, അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം പൂര്‍വപ്രവാചകന്മാരും തിരുനബിയും ഒരേ സംഗതിയാണ് പ്രബോധനം ചെയ്തിട്ടുള്ളത്. അതിനാല്‍ കര്‍മശാസ്ത്രപരമായ ചില ശാഖാ പ്രശ്നങ്ങളുന്നയിച്ചുകൊണ്ടാണ് ജൂതപുരോഹിതന്മാര്‍ തിരുമേനിയെ എതിര്‍ത്തിരുന്നത്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു‘ഭക്ഷ്യസാധനങ്ങള്‍ അനുവദനീയമാകുന്ന പ്രശ്നം. യഹൂദികളുടെ ആചാരപ്രകാരം നിഷിദ്ധമായിരുന്ന ചില ‘ഭക്ഷ്യസാധനങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ശരീഅത്തില്‍ അനുവദിച്ചതായി അവര്‍ കണ്ടു. അതും പിടിച്ച് അവര്‍ ആക്ഷേപിക്കാന്‍ തുടങ്ങി. ഇതേ ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ വാക്യം.

(3: 93-95) (മുഹമ്മദീയ ശരീഅത്തില്‍ ഹിതകരമായ) ഭക്ഷ്യവിഭവങ്ങളൊക്കെയും ഇസ്രയേല്‍ വംശത്തിനും ഹിതകരമായിരുന്നു.എന്നാല്‍ തൌറാത്ത് അവതരിച്ചുകിട്ടുന്നതിനുമുമ്പ് ഇസ്രായീല്‍ (ഹ.യഅ്ഖൂബ്) തന്റെ മേല്‍ സ്വയം നിഷിദ്ധമാക്കിയ ചില പദാര്‍ഥങ്ങളുണ്ടായിരുന്നുവെന്നുമാത്രം. അവരോടു പറയുക: `നിങ്ങള്‍ (നിങ്ങളുടെ വിമര്‍ശനത്തില്‍) സത്യസന്ധരെങ്കില്‍ തൌറാത്ത് കൊണ്ടുവരിക, എന്നിട്ടതില്‍നിന്നേതെങ്കിലും വചനം വായിച്ചുകേള്‍പ്പിക്കുക. അതിനുശേഷവും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു പറഞ്ഞുകൊണ്ടിരിക്കുന്നവരോ, അവരാകുന്നു യഥാര്‍ഥത്തില്‍ അക്രമികള്‍. പറയുക: `അല്ലാഹു അരുളിയിട്ടുള്ളതു സത്യമാകുന്നു. നിങ്ങള്‍ ഇബ്റാഹീമിന്റെ മാര്‍ഗം നിഷ്കളങ്കരായി പിന്‍പറ്റേണ്ടതാകുന്നു. ഇബ്റാഹീമോ, ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നില്ല.`

നിങ്ങള്‍ ആക്ഷേപിക്കുന്ന കാര്യത്തില്‍ സത്യസന്ധരാണെങ്കില്‍ മിനിമം നിങ്ങള്‍ നിങ്ങളുടെ തൌറാത്ത് കൊണ്ടുവന്ന് അതില്‍ ആ വസ്തുത കാണിക്കാന്‍ സാധിക്കേണ്ടതായിരുന്നു. എന്ന് വെച്ചാല്‍ ബൈബിളില്‍ പറയുന്നത് മുഴുവന്‍ സത്യമാണെന്ന് ഖുര്‍ആന്‍ അംഗീകരിക്കുന്നുവെന്ന് അതിനൊരര്‍ഥവും ഇല്ല. പരമാവധിയുള്ളത് നിങ്ങള്‍ വിമര്‍ശിക്കുന്ന കാര്യത്തില്‍ അത്തരം ഒരു ആക്ഷേപം നിങ്ങളുടെ വേദം മുന്നില്‍ വെച്ച് ചെയ്യാന്‍ നിങ്ങള്‍ക്ക് നിര്‍വാഹമില്ല എന്ന് മാത്രമാണ്.

അത് മനസ്സിലാക്കുന്നതിന് പകരം അനില്‍കുമാര്‍ പറയുന്നത് ഇതാണ്.
തൌറാത്ത്‌ റദ്ദാക്കപ്പെട്ടതോ വികലമാക്കപ്പെട്ടതോ ആണെങ്കില്‍ എങ്ങനെയാണ് ഒരു യഹൂദന് തന്‍റെ ഗ്രന്ഥം പഠിച്ചു സത്യം നിര്‍ണ്ണയിക്കുവാന്‍ കഴിയുക? ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കണമെങ്കില്‍ തീര്‍ച്ചയായും മുന്‍വേദഗ്രന്ഥങ്ങള്‍ ശരിയായിരിക്കണമല്ലോ. ഇതേ നിഗമനം ശരിവയ്ക്കുന്നതാണ് താഴെപ്പറയുന്ന ആയത്ത്:

"ജൂതരോ ക്രിസ്ത്യാനികളോ ആയവരല്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ലെന്നു അവര്‍ പറഞ്ഞു, അത് അവരുടെ വ്യാമോഹങ്ങലാണ്. നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ നിങ്ങള്‍ക്കുള്ള രേഖ കൊണ്ടുവരുവിന്‍ എന്ന് പറയുക" (സൂറ.2:11, K. ഉമര്‍ മൌലവി സാഹിബ്).
തൌറാത്ത് വികലമാക്കപ്പെട്ടുതാണെങ്കില്‍ യഹൂദന് എങ്ങനെയാണ് അത് പഠിച്ച് സത്യം നിര്‍ണ്ണയിക്കാന്‍ സാധിക്കുക എന്നാണ് ചോദ്യം. ഇവിടെ പുതുതായി ഒരു സത്യം ബൈബിള്‍ വായിച്ച് കണ്ടെത്താനല്ല അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ അവരുടെ വേദത്തില്‍നിന്ന് തെളിവ് സമര്‍പിക്കാനാവുമോ എന്നതാണ് വെല്ലുവിളി. അവരുടെ വേദം പൂര്‍ണമായി സത്യസന്ധമാണെങ്കില്‍ പിന്നീട് ഒരു ഗ്രന്ഥം അവതരിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. പക്ഷെ തൌറാത്തിലുള്ളതിനെ സത്യപ്പെടുത്തി യേശു ആഗതനായി.

അതേ പ്രകാരം വേദക്കാരുടെ മറ്റൊരു വാദമായ ജൂതരോ ക്രിസ്ത്യാനികളോ അല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നതിനും തെളിവ് കൊണ്ട് വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. എന്നിട്ട് അവര്‍ കൊണ്ടുവന്നോ എന്നതാണ് പ്രസക്തം. ഇങ്ങനെ ഒരു പരാമര്‍ശവും ബൈബിളില്‍ കാണിക്കുക സാധ്യമല്ല എന്നേ ഇത് കൊണ്ട് വരുന്നുള്ളൂ.. സൂക്തത്തിന്റെ ബാക്കി ഭാഗവും കൂടി വായിച്ചാല്‍ അത് വ്യക്തമാകുന്നതേയുള്ളൂ..

(3:111-112) അവര്‍ പറയുന്നു: `ജൂതനാവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; (ക്രൈസ്തവരുടെ ധാരണയനുസരിച്ച്) ക്രിസ്ത്യാനിയാവാതെയും.` ഇതവരുടെ വ്യാമോഹങ്ങളാകുന്നു.അവരോട് പറയുക: `ഈ വാദത്തില്‍ സത്യസന്ധരെങ്കില്‍ നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുക.` (യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രത്യേകതയുമില്ല.) സത്യം ഇതാകുന്നു: അല്ലാഹുവോടുള്ള അനുസരണത്തില്‍ സ്വയം അര്‍പ്പിക്കുകയും കര്‍മംകൊണ്ട് നല്ലവനായിരിക്കുകയും ചെയ്യുന്നവന് റബ്ബിങ്കല്‍ അതിന്റെ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ഖേദിക്കാന്‍ സംഗതിയാകുന്നതുമല്ല.

എവിടുന്നോ കോപി ചെയ്യുന്നതിനപ്പുറം വാദത്തോട് പ്രതിബദ്ധതയില്ലാത്തതുകൊണ്ടാകണം സൂകത്തിന്റെ റഫറന്‍സ് നമ്പര്‍ പോലും ഉറപ്പ് വരുത്താന്‍ കഴിയാതെ പോയത്.

ചുരുക്കത്തില്‍ വേദക്കാരുമായുള്ള ഖുര്‍ആന്‍റെ വിയോജിപ്പ് ഏത് കാര്യത്തിലാണോ അതിന് കുറേകൂടി വ്യക്തത നല്‍കുക മാത്രമാണ് ഈ രണ്ട് സൂക്തങ്ങളും ചെയ്യുന്നത്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review