2012, ജൂൺ 28, വ്യാഴാഴ്‌ച

അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

സ്നേഹത്തിന്റെ മതം ഏതാണ്, ആരാണ് ഏറ്റവും കൂടുതല്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ഈ രണ്ട് ചോദ്യത്തിനും ഉത്തരം ക്രിസ്തുമതം, കൃസ്ത്യാനികള്‍ എന്നായിരിക്കും പൊതുസമൂഹത്തിന് പറയാനുണ്ടാവുക. അല്ലെങ്കിലും അതായിരിക്കും അവരുടെ മനസ്സില്‍ ആദ്യം വരിക. അതേ സമയം തീവ്രതയുടെയും ഭീകരതയുടെയും മതമേതാണ്, ഏറ്റവും അസഹിഷ്ണുത നിറഞ്ഞമതവിഭാഗമേതാണ് എന്ന ചോദ്യത്തിന് ഇസ്ലാം, മുസ്ലിം എന്നും ഒരാളുടെ മനസ്സിലേക്ക് കടന്നുവരാം. ഇതാണ് പ്രോപഗണ്ടയുടെ ശക്തി. അത്തരം ഒരു ധാരണ കടന്നുകൂടിയാല്‍ ചിലര്‍ ഇങ്ങനെ ചോദിച്ചുവെന്ന് വരാം. ഒരു സുഹൃത്ത് മുസ്ലിംകള്‍ മറുപടി പറയാന്‍ നല്‍കിയ ചോദ്യങ്ങള്‍ നോക്കൂ...

"സ്നേഹ"ത്തെപ്പറ്റിയുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്ത് ?

1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?

5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?

7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?

14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?

ഈ ചോദ്യങള്‍ക്കെല്ലാം പ്രിയ മുസ്ലീം സഹോദരങള്‍ മറുപടി നല്‍കുമല്ലോ..
------------------------------------

ഒരു ദര്‍ശനം എന്ന നിലക്ക് ഇസ്ലാം അങ്ങേ അറ്റത്തെ സമാധാനവും സഹവര്‍ത്തിത്തവുമാണ് മുന്നോട്ട് വെക്കുന്നത്. സ്നേഹവും കാരുണ്യവുമാണ് അത് ആവശ്യപ്പെടുന്നത്. ഖുര്‍ആനില്‍ അല്ലാഹുവിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വിശേഷണം കാരുണ്യവാന്‍ കരുണാനിധി എന്നിവയാണ്. ഇസ്ലാം എന്ന പദം സമാധാനം എന്നര്‍ഥമുള്ള സലാം എന്ന പദത്തിന്റെ അതേ മുലപദത്തില്‍നിന്നുള്ളതാണ്. ദൈവത്തിന് വിധേയമാകുന്നതിലൂടെ പ്രകൃതിയില്‍ കാണപ്പെടുന്ന അതേ ശാന്തതയോടെ മനുഷ്യന് ജീവിക്കാം എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

ക്രിസ്തുമതം അശാന്തിയും അസമാധാനവുമാണ് വഹിക്കുന്നത് എന്ന് എനിക്ക് അഭിപ്രായമില്ല. സ്നേഹത്തെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും പരമാര്‍ശമുണ്ട്. ഒരു അഭിമുഖ സംഭാഷണത്തില്‍ ക്രൈസ്തവ പാതിരി ഒരു മുസ്ലിം പണ്ഡിതനോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. നിങ്ങള്‍ മുസ്ലിംകള്‍ വിഢികളാണ് ... നിങ്ങളുടെ പ്രബോധനം ശ്രവിച്ചാല്‍ ദൈവം മനുഷ്യനെ ശിക്ഷിക്കാനായിട്ട് ഒരുങ്ങി നില്‍ക്കുന്ന ഒരു ക്രൂരനാണ് എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം നോക്കൂ. എന്നാല്‍ ഞങ്ങളെ നോക്കൂ. സ്നേഹം എന്ന പദം കൂടുതലായിട്ടൊന്നും ബൈബിളില്‍ ഇല്ലെങ്കിലും ഞങ്ങളതിനെ വലിച്ച് നീട്ടി, നീട്ടിപ്പരത്തി ക്രിസ്തു എന്നതിനെ സ്നേഹത്തിന്റെ പര്യായമാക്കി ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമാക്കി. (കേട്ടത് ഉദ്ധരിച്ചതിനാല്‍ വാചകഘടന അല്ലറചില്ലറ മാറ്റം പ്രതീക്ഷിക്കാം. പക്ഷെ ഭാവനയല്ല ഇത് എന്ന് ഞാന്‍ അടിവരയിടുന്നു)

ബൈബിളും ഖുര്‍ആനും ഒരുമിച്ച് വായിച്ചവര്‍ക്ക് ഈ വാദം പെട്ടെന്ന് മനസ്സിലാകും. എന്തിന് വേണ്ടിയാണ് അച്ചന്‍ ഇത് പറഞ്ഞത് എന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഗുണകാംക്ഷയോടെയായിരിക്കാം. ഏതായാലും പറഞ്ഞതില്‍ ഏറെ ശരിയുണ്ട്. രണ്ട് മതസ്ഥരുടെയും മേല്‍ സൂചിപ്പിച്ച ശൈലി വേരുറച്ച് പോയതിനാല്‍ അതുണ്ടാക്കിയ സംശയമാണ് സഹോദരന്‍ ചോദ്യമായി മുസ്ലിംകളുടെ മുന്നിലേക്ക് ഇടുന്നത്.

ചോദ്യങ്ങളോടുള്ള എന്റെ വ്യക്തിപരമായ പ്രതികരണം നല്‍കാം. ഈ ചോദ്യങ്ങള്‍ക്ക് ഇങ്ങനെയല്ല മറുപടി നല്‍കേണ്ടത് എന്ന് അഭിപ്രായമുള്ളവര്‍ക്ക് തങ്ങളുടെ ഉത്തരം കമന്റ് ബോക്സില്‍ നല്‍കാം... 

1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ? 

ഒരു മുസ്ലിമിന് ഇതെന്ത് ചോദ്യം എന്ന് തോന്നുന്നുണ്ടാകും. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ആമുഖമായി ചില കാര്യങ്ങള്‍ പറഞ്ഞത്. അഥവാ സ്നേഹിക്കുന്ന അല്ലാഹു എന്നത് അവര്‍ കേട്ടിട്ടേ ഇല്ല. ദൈവത്തെ സ്നേഹിക്കണം എന്നതും അവര്‍ കേട്ടിരിക്കില്ല. ഖുര്‍ആനില്‍ 90 ലധികം സ്ഥലത്ത് സ്നേഹം എന്നര്‍ഥമുള്ള ഹുബ്ബ് എന്ന പദത്തിന്റെ വിവിധ രൂപങ്ങള്‍ വന്നിട്ടുണ്ട്. നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം വ്യക്തമല്ല. മുസ്ലിംകള്‍ എന്ന ഒരു സമുദായത്തോടല്ല ദൈവത്തിനുള്ള സ്നേഹം. മറിച്ച് മനുഷ്യരില്‍ അവന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുന്നവരോടാണ്. അഥവാ മനുഷ്യനെ തന്നെയാണ് അല്ലാഹു സ്നേഹിക്കുന്നത്. ദൈവസ്നേഹത്തിന് അര്‍ഹത മനുഷ്യരില്‍ ചിലര്‍ സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(3:31)

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

ഈ സ്നേഹം ദൈത്തിന്റെ വാഗ്ദാനമാണ്. ഈ സ്നഹത്തിന്റെ പ്രതിഫലനം യഥാര്‍ഥത്തില്‍ അറിയാന്‍ കഴിയുന്നത് പരലോകത്ത് വെച്ചാണ്. ഇഹലോകത്ത് പ്രകടമാകുന്നത് അവന്റെ കാരുണ്യമാണ്. അതാകട്ടേ വിശ്വാസിക്കും അവിശ്വാസിക്കുമെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നു.

 3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

ചോദ്യം ഒരു കൃസ്തീയ പശ്ചാതലത്തില്‍നിന്നുള്ളതാണ്. എന്നാല്‍ ഇസ്ലാമിക ദര്‍ശനത്തില്‍ ഈ ചോദ്യത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല.

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

ദൈവവും മനുഷ്യനും കേവലം യജമാനനും അടിമയുമല്ല. മനുഷ്യനെ എല്ലാവിധ സംവിധാനത്തോടെയും സൌകര്യങ്ങളോടെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സൃഷ്ടാവാണ്. ആ സൃഷ്ടിയോട് ദൈവത്തിന് ഒരു പിതാവിന് പുത്രനോടുള്ളതിനേക്കാള്‍ സ്നേഹം ഉണ്ടാകും. അതേ പ്രകാരം തന്റെ ജന്മത്തിന് കാരണമായി എന്ന ഒരൊറ്റകാര്യത്തിനപ്പുറം കരുണയുള്ള പിതാവിനെ പോലും നല്‍കിയ സ്രഷ്ടാവും സംരക്ഷകനും യജമാനനുമായവനോട് പിതാവിനോട് തോന്നുന്നതിനേക്കാള്‍ സ്നേഹവും കടപ്പാടും ഉണ്ടാവും. അതുകൊണ്ട് ചോദ്യകര്‍ത്താവ് ബേജാറാകുന്നതില്‍ അര്‍ഥമില്ല.   

6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?

അടിമ-യജമാനല്‍ എന്ന ബന്ധത്തിനപ്പുറം ഇസ്ലാം മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ കണ്ടിട്ടേ ഇല്ല എന്ന ഒരു മുന്‍ധാരണയുണ്ടെങ്കിലേ ഇങ്ങനെ ചോദിക്കാന്‍ കഴിയൂ. അല്ലാഹുവിന് തന്റെ സൃഷ്ടിയായ മനുഷ്യനില്‍നിന്ന് അനുസരണം ആവശ്യപ്പെടാം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല സ്രഷ്ടാവിന് മാത്രമേ പരമമായ അനുസരണം പാടുള്ളൂവെന്നത് ഇസ്ലാമിന്റെ ആദര്‍ശത്തിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ കല്‍പനക്കെതിരില്‍ ഒരു സൃഷ്ടിയെയും അനുസരിക്കാനും പാടില്ല. തന്റെ കല്‍പനകള്‍ പൂര്‍ണമായി അനുസരിക്കപ്പെടണം എന്നാണ് അടിമത്തം എന്ന ഉപമാലങ്കാരം കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. അതേ പോലെ സ്രഷ്ടാവ് എന്ന നിലക്ക് ഒരു പിതാവിനെക്കാളേറെ ദൈവത്തിന് മനുഷ്യനില്‍നിന്ന് സ്നേഹവും ആവശ്യപ്പെടാം.

7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

സാധാരണഗതിയിലുള്ള മനുഷ്യരിലെ അടിമ യജമാനന്‍ ബന്ധമല്ല ഇവിടെ ചര്‍ചാവിഷയം. ദൈവം എല്ലാറ്റിലും ഉപരിയായി മനുഷ്യന്റെ സ്രഷ്ടാവാണ് എന്നതിനാല്‍ ആ ബോധമുള്ള മനുഷ്യന്‍ എല്ലാറ്റിലും ഉപരി ദൈവത്തെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കും.

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

സ്നേഹം ലഭിക്കും എന്നാണ് ഉത്തമെന്നതിനാല്‍ ഈ ചോദ്യം നിലനില്‍ക്കുന്നില്ല.

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസികള്‍ മുഹമ്മദ് നബിയെ സ്നേഹിക്കുന്നു. ഞങ്ങളുടെ ജീവിത്തിന് ദിശാബോധം നല്‍കിയ ഞങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യവും ദൌത്യവും നിര്‍ണയിച്ച് തരിക്കയും അതിലൂടെ ഞങ്ങളുടെ മനസ്സുകള്‍ക്ക് ലോകത്തെ ഏത് മനുഷ്യനും നല്‍കാന്‍ കഴിയുന്നിതിനേക്കാളെറെ ശക്തിയും സമാധാനവും നല്‍കിയ മുഹമ്മദ് നബിയെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളെക്കാളും ഭാര്യമാരെക്കാളും സന്താനങ്ങളെക്കാളും എന്തിനേറെ ഞങ്ങളുടെ സ്വന്തം ശരീരത്തേക്കാളേറെ. മറ്റൊന്നുകൂടി ഇപ്രകാരം സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശ്വാസം അവകാശപ്പെടാന്‍ പോലും കഴിയൂ.

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍. പറയുക: `അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.`(7:157-158) 

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?

ഇത്തരം ചോദ്യത്തെക്കുറിച്ച് നേരത്തെ വന്നു ചോദ്യം ഇവിടെ ആവര്‍ത്തിക്കപെടുകയാണ്. ക്രൈസ്തവ ഭൂമികയില്‍നിന്നുള്ള മുസ്ലിംകളെ സംബന്ധിച്ച് നോക്കുമ്പോള്‍ അര്‍ഥമില്ലാത്ത ചോദ്യങ്ങള്‍ . മനുഷ്യനോടുള്ള അങ്ങേ അറ്റത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിവ് മനുഷ്യനെ സൃഷ്ടിച്ചതോടൊപ്പം അവന് സാന്‍മാര്‍ഗിക നിയമനിര്‍ദ്ദേശം കൂടി നല്‍കി എന്നതാണ്. അതോടൊപ്പം വിശ്വാസികള്‍ക്ക് പരലോകത്ത് സ്വര്‍ഗം വാഗ്ദാനം ചെയ്തുകൊണ്ട് ദൈവത്തിന് തന്റെ സൃഷ്ടിയോടുള്ള അദമ്യമായ സ്നേഹം തുറന്ന് കാട്ടുകയും ചെയ്തിരിക്കുന്നു.

14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?

ഇല്ല ഖുര്‍ആനില്‍ ഇങ്ങനെ ഒരു വാചകം ഇല്ല. ഇതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്. മനുഷ്യന് ഇഷ്ടം പോലെ എന്ത് തെറ്റും ചെയ്യാമെന്നും ഏന്ത് തന്നെ ചെയ്താലും ശിക്ഷിക്കുകയില്ല എന്നൊക്കെയാണെങ്കില്‍ അത്തരം ഒരു പ്രസ്താവന അല്ലാഹുവിനെ സംബന്ധിച്ചടത്തോളം വസ്തുനിഷ്ഠമായി വരികയില്ല.

3 അഭിപ്രായ(ങ്ങള്‍):

Reaz പറഞ്ഞു...

<>
ദൈവത്തെ കുറിച്ച് ക്രിസ്ത്യന്‍ സുഹൃത്തുക്കളോട് ചോദിച്ചാല്‍ അവര്‍ പറയും "സ്നേഹമാണ് ദൈവം" അല്ലെങ്കില്‍ ""ദൈവം സ്നേഹം തന്നേ". ഇത് കേവലം ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ഉത്തരം മാത്രമാണ്. "കാരുന്ന്യവാനാണ് ദൈവം" എന്ന്‌ പറയുന്നത് പോലെ സ്നേഹിക്കുന്നവനാണ് ദൈവം" എന്നായിരുന്നെങ്കില്‍, സ്നേഹം ഉള്‍പ്പെടെ ധാരാളം ഗുണങ്ങള്‍ ഉണ്ട് എന്ന് മനസിലാക്കുകയും, അങ്ങിനെ വിശദീകരിക്കുകയും ചെയ്യാം. അത് ചോദിച്ചാല്‍ പിന്നെ അവ ചേര്‍ക്കാന്‍

ദൈവത്തിന്‍റെ സ്നേഹം എങ്ങിനെ നേടാം-നല്‍കാം എന്നത് ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അല്ലാതെ അപ്രായോഗിയമായ വാചക കസര്‍ത്തുകള്‍ കൊണ്ട് ക്രിസ്തുസഹോദരങ്ങള്‍ക്ക് തടിയൂരാം എന്നല്ലാതെ അതില്‍ ചിന്തിക്കുന മനുഷ്യന് യാതൊരു പ്രയോജനവുമില്ല.

ഖുര്‍ആന്‍ പറയുന്നു:
"നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു." 3:31

"ധന്യതയിലും ദാരിദ്യ്രത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍ക്കര്‍മികളെ അല്ലാഹു സ്നേഹിക്കുന്നു." 3:134

"എത്രയോ പ്രവാചകന്മാരുണ്ടായിട്ടുണ്ട്. അവരോടൊപ്പം നിരവധി ദൈവഭക്തന്മാര്‍ പോരാടിയിട്ടുമുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍കൊണ്ടൊന്നും അവര്‍ തളര്‍ന്നില്ല. അവര്‍ ദുര്‍ബലരാവുകയോ കീഴടങ്ങുകയോ ചെയ്തില്ല. ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു." 3:146

"അതിനാല്‍ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലം നല്‍കി; കൂടുതല്‍ മെച്ചമായ പാരത്രിക ഫലവും. സല്‍ക്കര്‍മികളെ അല്ലാഹു സ്നേഹിക്കുന്നു." 3:148

അജ്ഞാതന്‍ പറഞ്ഞു...

ഉമറുബ്‌നുല്‍ ഖത്താബി (റ)ല്‍ നിന്ന്‌; പ്രവാചകന്‍ (സ്വ)യുടെ സന്നിധിയില്‍ ഏതാനും യുദ്ധത്തടവുകാര്‍ ഹാജരാക്കപ്പെട്ടു. ആ തടവുകാര്‍ക്കിടയിലൂടെ ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ അന്വേഷിച്ച്‌ ഓടി നടക്കുകയായിരുന്നു. തടവുകാരുടെ കൂട്ടത്തില്‍ തന്റെ കുഞ്ഞിനെ കണ്ടപ്പോള്‍ അവള്‍ അതിനെ വാരിയെടുത്ത ശേഷം അതിനെ മാറോട്‌ ചേര്‍ത്തു അതിന്‌ മുലയൂട്ടാന്‍ തുടങ്ങി. തദവസരം തിരുമേനി (സ്വ) പറഞ്ഞു.
ഈ സ്‌ത്രീ തന്റെ കുഞ്ഞിനെ തീയ്യിലേക്ക്‌ എറിയുമെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ? ഞങ്ങള്‍ പറഞ്ഞു ഒരുക്കലുമില്ല. പ്രവാചകന്‍ അരുളി അല്ലാഹുവാണ! ഈ സ്‌ത്രീക്ക്‌ തന്റെ കുഞ്ഞിനോടുള്ളതിനേക്കാള്‍ ഉപരി തന്റെ അടിമകളോട്‌ വാല്‍സല്യമുള്ളവനാണ്‌. (ബുഖാരി, മുസ്‌ലിം)
അല്ലാഹു ഒരിക്കലും ക്രൂരമനസ്ഥിതിക്കാരനോ അക്രമം പ്രവര്‍ത്തിക്കുന്നവനോ അല്ല. അല്ലാഹുവിന്റെ സംശുദ്ധമായ വിശേഷഗുണങ്ങളില്‍പെട്ടതാണ്‌ ലത്വീഫ്‌, (ദയയുള്ളവന്‍) റഹീം (കരുണാനിധി) ഇവ അടിമകളോടു അവനുള്ള സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രത്യക്ഷ തെളിവുകളാണ്‌. നിരീശ്വര നിര്‍മ്മത വാദക്കാരനുപോലും വായുവും ഭക്ഷണവും, വെള്ളവും സദാ ലഭിച്ചുകൊണ്ടിരിക്കുന്നു.
ഒരു മാതാവ്‌ തന്റെ കുഞ്ഞിനോട്‌ ഏതുതരം കാരുണ്യവും സ്‌നേഹവും കാണിക്കുന്നുവോ അതിലേറെയാണ്‌ മനുഷ്യനോടു അല്ലാഹു കാണിക്കുന്നത്‌. എത്ര വലിയ കുറ്റകൃത്യങ്ങള്‍ ചെയ്‌താലും തന്റെ രക്ഷിതാവായ അല്ലാഹുവിലേക്ക്‌ ഖേദിച്ചു മടങ്ങുകയാണെങ്കില്‍ അവന്‌ മാപ്പ്‌ നല്‍കുന്നത്‌ അതുകൊണ്ടാണ്‌. മനുഷ്യന്‍ എത്രതന്നെ ക്രൂരസ്വഭാവിയും അക്രമകാരിയുമാണെങ്കില്‍ പോലും അവന്റെ പ്രാഥമികാവശ്യങ്ങള്‍ തടഞ്ഞുവെക്കാതെ അത്‌ വ്യക്തമായ തെളിവാണ്‌.
പരിശുദ്ധ ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നതും അതാണ്‌. “ജനങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച്‌ അവന്‍ നടപടി സ്വീകരിക്കുകയാണെങ്കില്‍ ഭൂമുഖത്ത്‌ ഒരൊറ്റ ജീവിയും അവശേഷിക്കുകയില്ല. (എല്ലാം നശിപ്പിക്കും) (ഫാത്വിര്‍ 45) കുറ്റവാളികളുടെ മേല്‍ അര്‍ഹമായ നടപടികള്‍ സ്വീകരിക്കാനായി ഒരവധി നിശ്ചയിച്ചിരിക്കയാല്‍ അത്‌ വരെക്ക്‌ അവന്‍ അത്‌ മാറ്റിവെച്ചിരിക്കയാണ്‌.
മനുഷ്യന്‍ ഏതുവിധേനയും നല്ലവനായിത്തീരുകയും നരകശിക്ഷയില്‍ നിന്നും ഓരോ അടിമയും രക്ഷപ്പെടണമെന്ന്‌ തന്നെയാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. അതുകൊണ്ടാണ്‌ പ്രവാചകന്‍മാരെ നിയോഗിച്ചും വേദഗ്രന്ഥങ്ങള്‍ നല്‍കിയും മനുഷ്യര്‍ക്ക്‌ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയത്‌. ഒരു കാര്യം മാത്രമേ അല്ലാഹുവിന്‌ കോപമുണ്ടാക്കുന്നതും അവന്‍ പൊറുക്കാത്തതുമായുള്ളു. അത്‌ അവനില്‍ പങ്കുചേര്‍ക്കുകയെന്നുള്ളതാണ്‌. അതെല്ലാത്തതെന്തും തന്റെ അടിമക്ക്‌ വേണ്ടി വിട്ടുവീഴ്‌ച ചെയ്യാനും അവന്‍ ഒരുക്കമാണ്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review