2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

മുസ്ലിംകള്‍ ജിഹാദികള്‍ !!!

മുസ്ലിംകളെ ഇസ്ലാമിന്റെ ശത്രുക്കള്‍ ഇപ്പോള്‍ വിളിച്ചുവരുന്ന ഏറ്റവും മോശമായ പേര് ജിഹാദികള്‍ എന്നതാണ്. ഭീകരര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ് ആ പേര്‍ എന്ന് വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും തോന്നുന്നു. എന്താണിതിന് കരണം. ഇപ്പോള്‍ വിവാദമായ സിനിമ  പോലും ജനങ്ങളുടെ ഈ ധാരണയെ ബലപ്പെടുത്താന്‍ വേണ്ടി ബോധപൂര്‍വം നടത്തപ്പെട്ട ശ്രമത്തിന്റെ ഭാഗമാണ്.

ജിഹാദ്! ലോകത്തിലെ ഏതെങ്കിലും ഭാഷയില്‍ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണ്ടോയെന്ന്  സംശയമാണ്. ഇസ്ലാമിന്റെ അനുയായികളില്‍ പോലും ഈ തെറ്റിദ്ധരിപ്പിക്കല്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ പറയാനുമില്ല.

ജിഹാദ് സത്യവിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയാണ്. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. അല്ലാഹു പറയുന്നു: "വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചുതരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക, നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍!'' (ഖുര്‍ആന്‍ 61: 10,11).

"ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെ''ന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. (3: 142).

മുസ്ലിംകളുടെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹണമത്രെ. "ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൌത്യത്തിനു വേണടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്ളിഷ്ടതയും അവനുണടാക്കിയിട്ടില്ല'' (22: 78).

ജിഹാദ് നടത്തുന്നവരെ നേര്‍വഴിക്ക് നയിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു: "നമ്മുടെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് നാം നമ്മുടെ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കും. അല്ലാഹു സുകൃതികളോടൊപ്പമാണ്. തീര്‍ച്ച'' (29: 69).

ജിഹാദിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ ഔന്നത്യവും ജീവിതവിജയവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. "സത്യം സ്വീകരിക്കുകയും നാടും വീടും വെടിയുകയും ദൈവമാര്‍ഗത്തില്‍ ദേഹധനാദികളാല്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാരോ അവരുടെ സ്ഥാനമാണ് അല്ലാഹുവിങ്കല്‍ മഹത്തരം. വിജയം വരിക്കുന്നവരും അവര്‍തന്നെ. തന്റെ അനുഗ്രഹവും തൃപ്തിയും അനശ്വര സുഖാനുഭൂതികളുള്ള സ്വര്‍ഗീയാരാമങ്ങളും അവര്‍ക്ക് ലഭിക്കുമെന്ന് അവരുടെ നാഥന്‍ സുവാര്‍ത്ത അറിയിക്കുന്നു. അവരാ ഉദ്യാനങ്ങളില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ അവര്‍ക്ക് മഹത്തായ പ്രതിഫലമുണട്'' (9: 20-22).

വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ലോകത്തും സത്യവും സന്മാര്‍ഗവും ധര്‍മവും നീതിയും സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള അധ്വാനപരിശ്രമങ്ങള്‍ക്കാണ് ഖുര്‍ആന്റെ സാങ്കേതിക ഭാഷയില്‍ ജിഹാദ് എന്ന് പറയുക. ഭാഷാപരമായ അര്‍ഥം കഠിനമായ പ്രയാസങ്ങളോടു മല്ലിടുക, സാഹസപ്പെടുക, കഠിനമായി പ്രയത്നിക്കുക, കഷ്ടതയനുഭവിക്കുക എന്നെല്ലാമാണ്.

സാഹചര്യമാണ് ജിഹാദിന്റെ രീതി നിശ്ചയിക്കുന്നത്. ഉപര്യുക്ത ലക്ഷ്യസാക്ഷാത്കാരത്തിന് ഓരോ കാലത്തും ദേശത്തും പരിതഃസ്ഥിതിയിലും ഏറ്റവും അനുയോജ്യവും അനുവദനീയവും ഫലപ്രദവുമായ രീതിയാണ് സ്വീകരിക്കേണടത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇച്ഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി മാറ്റാന്‍ നടത്തുന്ന ശ്രമംപോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവെ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: "നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു.'' പ്രവാചകശിഷ്യന്മാര്‍ ചോദിച്ചു: "ഏതാണ് ഏറ്റവും വലിയ ജിഹാദ്?'' അവിടുന്ന് അരുള്‍ ചെയ്തു: "മനസ്സിനോടുള്ള സമരമാണത്.''

കുടുംബത്തിന്റെ ഇസ്ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസപ്രചാരണവുമെല്ലാം ആ ഗണത്തില്‍ പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യം വെച്ചുള്ള ശാസ്ത്ര- സാങ്കേതിക- സാമ്പത്തിക- സാംസ്കാരിക- കലാ- സാഹിത്യ മേഖലകളിലെ ശ്രമങ്ങളും ജിഹാദുതന്നെ! എന്നാല്‍ ലക്ഷ്യം ദൈവിക വചനത്തിന്റെ, അഥവാ പരമമായ സത്യത്തിന്റെ ഉയര്‍ച്ചയായിരിക്കണം.

സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "കേവലം യുദ്ധം അല്ല 'ജിഹാദ്' എന്നതുകൊണടുദ്ദേശിക്കുന്നത്. അധ്വാനപരിശ്രമങ്ങള്‍, കഠിനയത്നം, അങ്ങേയറ്റത്തെ പ്രവര്‍ത്തനം, ശ്രമം എന്നീ അര്‍ഥങ്ങളിലാണ് ഈ പദം പ്രയോഗിക്കപ്പെടാറുള്ളത്. ജിഹാദ്, മുജാഹിദ് എന്നിവയുടെ ആശയത്തില്‍ തരണംചെയ്യാന്‍ അധ്വാനപരിശ്രമങ്ങള്‍ ആവശ്യമായിത്തീരുന്ന ഒരു പ്രതിപക്ഷശക്തിയുടെ സാന്നിധ്യവും കൂടി ഉള്‍പ്പെടുന്നുണട്. ഇതോടൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്ന ഉപാധി, പ്രതിലോമശക്തികളെന്നാല്‍ അല്ലാഹുവിനുള്ള അടിമത്തത്തെ നിഷേധിക്കുകയും അവന്റെ പ്രീതിയെ നിരാകരിക്കുകയും അവന്റെ മാര്‍ഗത്തില്‍ ചലിക്കുന്നതിനെ തടയുകയും ചെയ്യുന്നതെന്തൊക്കെയാണോ അതൊക്കെയാണെന്ന് നിര്‍ണയിക്കുകയും ചെയ്യുന്നു. അത്തരം പ്രതിലോമശക്തികളെ പരാജയപ്പെടുത്തി മനുഷ്യന്‍ സ്വയംതന്നെ അല്ലാഹുവിന്റെ ഉത്തമ അടിമയായിത്തീരുവാനും ദൈവികവചനത്തിന്റെ ഉന്നതിക്കും സത്യനിഷേധത്തിന്റെയും കൃതഘ്നതയുടെയും വചനങ്ങളുടെ പരാജയത്തിനും ജീവാര്‍പ്പണം ചെയ്യുകയെന്നതാണ് 'അധ്വാനപരിശ്രമങ്ങള്‍' കൊണടുദ്ദേശിക്കുന്നത്. ഈ മുജാഹിദിന്റെ പ്രഥമലക്ഷ്യം, സദാ ദൈവധിക്കാരത്തിന് പ്രേരണ നല്‍കിക്കൊണടിരിക്കുകയും സത്യവിശ്വാസത്തില്‍നിന്നും ദൈവാനുസരണത്തില്‍നിന്നും തന്നെ തടയാന്‍ ശ്രമിച്ചുകൊണടിരിക്കുകയും ചെയ്യുന്ന സ്വന്തം മനസ്സിന്റെ ദുഷ്പ്രവണത യാകുന്നു. അതിനെ കീഴ്പ്പെടുത്താന്‍ കഴിയാത്തേടത്തോളം കാലം ബാഹ്യരംഗത്ത് ഒരു 'മുജാഹിദി'ന് യാതൊരു സാധ്യതയുമില്ല."

സയ്യിദ് മൌദൂദി തന്നെ ഇതൊന്നുകൂടി വിശദീകരിക്കുന്നു: "ഒരു ഉദ്ദേശ്യം നേടേണടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നാണ് 'ജിഹാദി'ന്റെ അര്‍ഥം. ഇത് 'യുദ്ധ'ത്തിന്റെ പര്യായമല്ല; യുദ്ധത്തിന് അറബിയില്‍ 'ഖിതാല്‍' എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. 'ജിഹാദി'ന് അതിലും എത്രയോ വിപുലവും വിശാലവുമായ അര്‍ഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്കങ്ങള്‍കൊണട് അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണടിരിക്കുക, നാവുകൊണടും പേനകൊണടും അതിനെ പ്രചരിപ്പിക്കുക, കൈകാലുകള്‍കൊണട് അതിനുവേണടി പരിശ്രമങ്ങള്‍ നടത്തുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാര്‍ഗത്തില്‍ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂര്‍ണശക്തിയോടെയും ധൈര്യസ്ഥൈര്യത്തോടെയും നേരിടുക, ആവശ്യം വരുമ്പോള്‍ ജീവനെപ്പോലും ബലിയര്‍പ്പിക്കാന്‍ മടികാണിക്കാതിരിക്കുക ഇവക്കെല്ലാം കൂടിയുള്ള പേരാണ് 'ജിഹാദ്'. അത്തരം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവനത്രെ 'മുജാഹിദ്!' 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക'യെന്നാല്‍, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും അവന്റെ ദീന്‍ അവന്റെ ഭൂമിയില്‍ സ്ഥാപിതമാവേണടതിനും അവന്റെ വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണടതിനും മാത്രമായിരിക്കുകയും മറ്റൊരു താല്‍പര്യവും 'മുജാഹിദി'ന്റെ ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നാണ്.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 1, പേജ് 150)

വീണടും എഴുതുന്നു: "ഒരു പ്രതികൂല ശക്തിയെ നേരിടുന്നതിന് സമരം നടത്തുകയും ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നതിനാണ് മുജാഹദഃ എന്നു പറയുക. ഒരു പ്രത്യേക എതിര്‍ശക്തിയെ ചൂണടിക്കാണിക്കാതെ 'മുജാഹദഃ' എന്നു മാത്രം പറയുമ്പോള്‍ അതിനര്‍ഥം സമഗ്രവും സര്‍വതോമുഖവുമായ സമരം എന്നാണ്. വിശ്വാസി ഈ ലോകത്ത് നടത്തേണട സമരം ഈ വിധത്തിലുള്ളതാണ്. തിന്മയനുവര്‍ത്തിക്കുന്നതുകൊണടുണടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ചെകുത്താനുമായി അവന്‍ സദാ സമരംചെയ്തുകൊണടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാന്‍ ശക്തിയായി പ്രേരിപ്പിച്ചുകൊണടിരിക്കുന്ന സ്വമനസ്സുമായും സമരം ചെയ്യണം.

"ശക്തമായ ജിഹാദ്" എന്നതിന് മൂന്നര്‍ഥങ്ങളുണട്: ഒന്ന്, അധ്വാന പരിശ്രമങ്ങളില്‍നിന്ന് ഒരു നിമിഷം വിട്ടുനില്‍ക്കാതിരിക്കാനുള്ള നിതാന്ത യജ്ഞം. രണട്, മനുഷ്യന്‍ തന്റെ കഴിവുകളാസകലം പ്രയോജനപ്പെടുത്തിക്കൊണട് നടത്തുന്ന വന്‍തോതിലുള്ള പ്രയത്നം. മൂന്ന്, മനുഷ്യന്‍ തന്റെ പ്രയത്നശേഷിയുടെ ഒരുവശവും ഒഴിവാക്കാതെ നടത്തുന്ന ബഹുമുഖവും സമഗ്രവുമായ അധ്വാനപരിശ്രമം. ഏതെല്ലാം മുന്നണികളില്‍ ആയുധശക്തി പ്രവര്‍ത്തിച്ചുകൊണടിരിക്കുന്നുവോ അവിടങ്ങളില്‍ തന്റെ ശക്തികൂടി അതോടൊപ്പം ചേര്‍ക്കുക, സത്യത്തിന്റെ വിജയത്തിനുവേണടി ഏതെല്ലാം രംഗങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തിക്കേണടതാവശ്യമായി വരുന്നുവോ അവിടെയെല്ലാം നാവുകൊണടും പേനകൊണടുമുള്ള സമരം ഉള്‍പ്പെടെ ജീവന്‍കൊണടും ധനംകൊണടും ആയുധങ്ങള്‍കൊണടും പടപൊരുതുക.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 444)

ജിഹാദിന് വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ഥം കല്‍പിക്കുന്നത് തീര്‍ത്തും തെറ്റാണ്. ഇസ്ലാമിനുമുമ്പുള്ള അറബി സാഹിത്യത്തില്‍ യുദ്ധത്തെ സംബന്ധിച്ച ധാരാളം കവിതകളും പ്രഭാഷണങ്ങളും കാണാവുന്നതാണ്. അവയിലെവിടെയും യുദ്ധത്തിന് 'ജിഹാദ്' എന്ന പദം പ്രയോഗിച്ചിട്ടില്ല.

സായുധ സമരം അനിവാര്യമാവുകയും വ്യവസ്ഥാപിതമായ നേതൃത്വം അതാവശ്യപ്പെടുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ അതില്‍ പങ്കുചേരേണ്ടത് അതിനു കഴിവുള്ള ഓരോ വിശ്വാസിയുടെയും ബാധ്യതയും, അതില്‍നിന്ന് മാറിനില്‍ക്കുന്നത് കൊടിയ പാപവുമാണ്. എന്നാല്‍ ഇസ്ലാമില്‍ സായുധ ജിഹാദ് പ്രഖ്യാപിക്കേണടത് ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ അല്ല. സ്ഥാപിതമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരികളോ അംഗീകൃത സമുദായ നേതൃത്വമോ ആണ്. അതുകൊണടുതന്നെ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും ഇസ്ലാമിക ജിഹാദല്ല. അത്തരം കൃത്യങ്ങളെ ഇസ്ലാമുമായി ചേര്‍ത്തുപറയുന്നത് തീര്‍ത്തും തെറ്റാണ്.

ചുരുക്കത്തില്‍ ജിഹാദെന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ അബദ്ധപൂര്‍ണമാണ്. ജിഹാദിന്റെ വിവിധയിനങ്ങളില്‍ ഒന്നു മാത്രമാണത്. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ പ്രവാചകന്മാരെല്ലാം ജിഹാദ് ചെയ്തവരാണ്. എന്നാല്‍ അവരില്‍ സായുധയുദ്ധം നടത്തിയവര്‍ അത്യപൂര്‍വമത്രെ. ദൈവത്തിന്റെ അന്ത്യദൂതന്‍ മുഹമ്മദ് നബിതിരുമേനി പ്രവാചകത്വത്തിനുശേഷം മക്കയില്‍ കഴിച്ചുകൂട്ടിയ പതിമൂന്നു വര്‍ഷവും ജിഹാദില്‍ വ്യാപൃതനായിരുന്നു. എന്നാല്‍ ഒരിക്കല്‍പോലും ആയുധമെടുത്ത് പൊരുതിയിട്ടില്ല. അതിന് അനുവാദവുമുണടായിരുന്നില്ല. ജിഹാദ് എന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ തിരുത്തപ്പെടേണ്ട അബദ്ധമാണെന്ന് സത്യം ഗ്രഹിക്കാന്‍ ശ്രമിക്കുന്ന ഏവര്‍ക്കും അനായാസം ബോധ്യമാകും. അവലംബം (http://www.lalithasaram.net/6.html)

സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താന്‍ ഏത് വേദഗ്രന്ഥത്തില്‍നിന്നും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയോ അതിനേക്കാളേറെയോ തെറ്റിദ്ധരിപ്പിക്കാനുവുന്നതാണ്. ആരോപണം കേട്ടാല്‍ തോന്നും യുദ്ധത്തെ പരാമര്‍ശിക്കുന്ന വചനങ്ങള്‍ ഖുര്‍ആനില്‍ മാത്രമേ ഉള്ളൂവെന്ന്. ഡോ. സാക്കിര്‍ നായിക്ക് നല്‍കുന്ന വിശദീകരണം കൂടി കേള്‍ക്കൂ.
3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മുസ്ലിംകളെ ഇസ്ലാമിന്റെ ശത്രുക്കള്‍ ഇപ്പോള്‍ വിളിച്ചുവരുന്ന ഏറ്റവും മോശമായ പേര് ജിഹാദികള്‍ എന്നതാണ്. ഭീകരര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ് ആ പേര്‍ എന്ന് വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും തോന്നുന്നു. എന്താണിതിന് കരണം. ഇപ്പോള്‍ വിവാദമായ സിനിമ പോലും ജനങ്ങളുടെ ഈ ധാരണയെ ബലപ്പെടുത്താന്‍ വേണ്ടി ബോധപൂര്‍വം നടത്തപ്പെട്ട ശ്രമത്തിന്റെ ഭാഗമാണ്.

ജിഹാദികള്‍ എന്നത് ഒരിക്കലും ഒരു ചീത്തപ്പേരല്ല. ഒരു മുസ്ലിം ജിഹാദിയായേ തീരൂ എന്നാണ് ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുക.

Kool Ismail പറഞ്ഞു...

യഥാര്‍ത്ഥത്തില്‍ ഇപ്പോഴയത്തെ മുസ്ലിങ്ങളില്‍ സിംഹ ഭാഗവും ജിഹാദികള്‍ (ജീവധനാദികള്‍ കൊണ്ട് ധര്‍മ സമരത്തില്‍ ഏർപ്പെട്ടവർ) അല്ല എന്നുള്ളതാണ് വാസ്തവം!!

CKLatheef പറഞ്ഞു...

മുസ്ലിംകള്‍ ജിഹാദികളാകാത്തതാണ് അവരിന്ന് നേരിടുന്ന പ്രശ്നം. ജിഹാദ് എന്ന് കാണുന്നതും കേള്‍ക്കുന്നതും തന്നെ ഭീതിപ്പെടുത്തുന്ന ഒന്നായി മാറുന്നു. ഒരു പുസ്തകത്തിന് പേര്‍ ജിഹാദ് എന്നാണെങ്കില്‍ അത് തന്നെ മതി ഭീകരവാദത്തിന് തൊണ്ടിയായി എന്നതാണ് അവസ്ഥ. എന്നാല്‍ ജിഹാദ് ചെയ്യാത്തവന്‍ സ്വര്‍ഗത്തില്‍ തന്നെ പ്രവേശിക്കുകയില്ല എന്നാണ് ഖുര്‍ആനില്‍ പറയുന്നത്. സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അല്ലാഹുവിലും പ്രവാചകരിലും ഉള്ള വിശ്വാസം പോലെ അനിവാര്യമായി വേണ്ട ഒരു കാര്യമാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങള്‍ അഥവാ ജിഹാദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review