2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പ്രവാചകനിന്ദയെ പ്രതിരോധിക്കേണ്ട വിധം

734
ഇത് ആദ്യത്തെയോ, അവസാനത്തെയോ നിന്ദയല്ല. പ്രവാചക നിയോഗം മുതല്‍ ശത്രുക്കളും വിദ്വേഷികളും പലവിധത്തില്‍ അദ്ദേഹത്തെ ആക്ഷേപിക്കാനും, അവമതിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രസ്തുത ആരോപണങ്ങളുടെയും മുറിവേല്‍പിക്കലിന്റെയും ചില രൂപങ്ങളും തലങ്ങളും വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഞാനിത് വരെ കണ്ടിട്ടില്ലാത്ത, പതിനൊന്ന് മിനുട്ടോളം വരുന്ന ആ വീഡിയോ പതിനാല് നൂറ്റാണ്ടുകളായി സമാധാനത്തിന്റെ ദൂതന് നേരെ എയ്ത് വിട്ട് കൊണ്ടിരിക്കുന്ന വിഷംപുരട്ടിയ, വൃത്തികെട്ട ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രവാചക നിന്ദയെന്ന മഹാസമുദ്രത്തിലെ കേവലം ഒരു തുള്ളി മാത്രമാണ്.

മുമ്പ് പറയപ്പെട്ടതിന്റെ കേവല ചര്‍വിതചര്‍വണം മാത്രമാണിത്. പ്രസ്തുത ആശയങ്ങളെയും ചിന്തകളെയും വാദങ്ങളെയും അണ്ണാക്ക് തൊടാതെ വിഴുങ്ങുകയാണ് ഇക്കൂട്ടര്‍. അതിനാല്‍ അവയില്‍ പുതുതായൊന്നും ഞാന്‍ കാണുന്നില്ല. മാത്രമല്ല, ചില പ്രദേശങ്ങളില്‍ -പ്രത്യേകിച്ചും ഈജിപ്തില്‍- കാണുന്ന പോലെ മാരകമായ അക്രമ പ്രതിഷേധം ഈ വിഷയത്തില്‍ വേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഉത്തരവാദിത്തപ്പെട്ട എല്ലാ കേന്ദ്രങ്ങളാലും അവഗണനക്ക് വിധേയമായ, അപലപിക്കപ്പെട്ട ഒന്നാണതെന്നത് ഒരു പക്ഷെ പുതുമയുള്ള കാര്യമായിരിക്കാം. പ്രസിദ്ധമായ ചര്‍ച്ചുകളിലോ, ഇപ്പോള്‍ പ്രതിഷേധമിരമ്പിക്കൊണ്ടിരിക്കുന്ന, എംബസികള്‍ ആക്രമിക്കപ്പെടുകയും, അംബാസഡര്‍ കൊല്ലപ്പെടുകയും ചെയ്ത അമേരിക്കയില്‍ പോലും അപ്രകാരമാണ് അത് സ്വീകരിക്കപ്പെട്ടത്.

നാം മൗനം പാലിക്കണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. രോഷം പ്രകടിപ്പിക്കല്‍ നമ്മുടെ അവകാശം തന്നെയാണ്. പക്ഷെ അത് എപ്രകാരമായിരിക്കണമെന്നതാണ് ചോദ്യം. മാത്രമല്ല, നമ്മുടെ രോഷത്തിന്റെ സന്ദേശം ആരിലേക്കാണ് എത്തേണ്ടത്? വര്‍ഗീയ പക്ഷപാതികളും, സങ്കുചിതത്വ വീക്ഷണമുള്ളവരും, ചീത്തവര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഹാലിളകുന്നവരുമായ ഏതാനും പേരുടെ കൂടെ കൂടിയാണോ നാമത് പ്രകടിപ്പിക്കേണ്ടത്? മതസമൂഹത്തില്‍ അസ്വസ്ഥതയും, സങ്കീര്‍ണതയും വ്യാപിക്കുന്നതില്‍ സായൂജ്യമടയുന്നവരുടെ പ്രവര്‍ത്തനങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് പ്രതിരോധിക്കുകയും ചെറുക്കുകയുമാണ് നാം ചെയ്യേണ്ടത്. ആ വീഡിയോ തയ്യാറാക്കിയവര്‍ അത്തരത്തിലുള്ളവരില്‍ പെട്ടവരാണ്. സമൂഹത്തില്‍ ചിദ്രതയും അനൈക്യവും പരസ്പര വിദ്വേഷവും വ്യാപിപ്പിക്കുവാനും, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ യുദ്ധത്തിന്റെ തീ കത്തിക്കുവാനും ശ്രമിക്കുന്ന ബുദ്ധിശൂന്യരാണവര്‍.
873
ഇവിടെ നമ്മുടെ ശ്രദ്ധ പതിയേണ്ട  ചില കാര്യങ്ങളുണ്ട്. സ്വേഛാധിപത്യത്തില്‍ ആര്‍മാദിച്ചിരുന്ന, സര്‍വസായുധ സജ്ജരായിരുന്ന മുബാറകിന്റെ ഭരണത്തെ താഴെയിറക്കാന്‍ സമാധാന പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചുവെന്നതാണ് ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അനുഭവം. പ്രസ്തുത വിജയം സമാധാനപരമായ മാറ്റത്തിന്റെ മാര്‍ഗത്തിലുള്ള പുതിയ കാല്‍വെയ്പായിരുന്നു. എന്നാല്‍ ഈ പുതിയ സമാധാന വിപ്ലവശ്രമങ്ങളുടെ മുഖത്തേറ്ര പോറലാണ് അമേരിക്കന്‍ എംബസിയോട് ഏതാനും പേര്‍ സ്വീകരിച്ച സമീപനം. അതില്‍ കടന്ന് കയറുകയും, മതിലില്‍ പിടിച്ച്കയറി പതാകയിറക്കിയതും ഈ തലത്തില്‍ നിന്നാണ് വീക്ഷിക്കേണ്ടത്. ചില അല്‍പന്‍മാര്‍ അതിന് പകരം ഹിസ്ബുത്തഹ്‌രീറിന്റെ പതാക തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചുവത്രെ. ഈജിപ്തില്‍ ഒരു സ്വാധീനവുമില്ലാത്ത പാര്‍ട്ടിയാണത്. അതിന്റെ അനുയായികള്‍ ഉയര്‍ത്തുന്ന ഏതാനും ചില കറുത്ത കൊടികളല്ലാതെ അതിന്റെ ഒരവശിഷ്ടവും അവിടെയില്ല. മാത്രമല്ല, ലിബിയയിലെ ബങ്കാസയില്‍ കാര്യം കുറച്ച് കൂടി വഷളാവുകയാണുണ്ടായത്. അവിടെ അമേരിക്കന്‍ അംബാസഡര്‍ പ്രക്ഷോഭത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. എന്നാല്‍ ലിബിയയില്‍ നിന്ന് എനിക്ക് ലഭിച്ച ഔദ്യോഗിക വിശദീകരണത്തില്‍ അറിയാന്‍ കഴിഞ്ഞത് എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ കാവല്‍ക്കാരന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘട്ടനമുണ്ടായത് എന്നാണ്. സ്വാഭാവികമായും അവര്‍ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ എംബസിക്ക് നേരെ എറിയുകയും അംബാസഡര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഏകദേശം എല്ലാ അറബ് രാഷ്ട്രങ്ങളുടെയും തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍, കുറ്റകൃത്യത്തിന്റെ ഉറവിടം എന്ന നിലക്ക് അമേരിക്കന്‍ എംബസിയുടെ മുന്നില്‍ ധര്‍ണ നടത്തുകയും, തങ്ങളുടെ പ്രതിഷേധ കുറിപ്പ് അമേരിക്കന്‍ പ്രതിനിധികള്‍ക്ക് കൈമാറിയതിന് ശേഷം ശാന്തതയോടെ പിരിഞ്ഞ് പോരുകയുമാണ് ചെയ്തിരുന്നതെങ്കില്‍, അതാവുമായിരുന്നു രോഷപ്രകടനത്തിന്റെ ഉന്നതരൂപമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ത്തും ക്രിയാത്മകവും, നാഗരികവും, മാന്യവുമായ വിധത്തില്‍ സന്ദേശം അതിന്റെ വക്താക്കള്‍ക്കെത്തുമായിരുന്നു. പക്ഷെ അത് മാത്രം സംഭവിച്ചില്ല. മുസ്‌ലിംകളുടെ ഭാഗത്ത് നിന്നുള്ള മാധ്യമങ്ങളും പ്രവാചകന് നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളേക്കാള്‍ കേന്ദ്രീകരിച്ചത് അവക്ക് മറുപടി നല്‍കുന്നതിലാണ്.

പ്രസ്തുത വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം ഖേദം പ്രകടിപ്പിച്ചതാണ്. സിനിമയിറക്കിയ നടപടി മോശമായെന്ന് വൈറ്റ് ഹൗസ് തന്നെ ഔദ്യോഗികമായി അറിയിച്ചതുമാണ്. എന്നിട്ടും പ്രസ്തുത സംഭവത്തിന്റെ ഉത്തരവാദി, അഥവാ കുറ്റവാളി അമേരിക്കയാണെന്ന വിധത്തിലാണ് രോഷപ്രകടനക്കാര്‍ പെരുമാറിയത്. കുറച്ച് മാധ്യമ സ്വാധീനവും, അധികാരകേന്ദ്രവും സ്വന്തമായുള്ള അല്‍പബുദ്ധികള്‍ കാണിച്ച അവിവേകമാണത്.

അറബ് ലോകത്തിനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന രാഷ്ട്രീയത്തിന് നാമെല്ലാവരും എതിരാണെന്നത് വസ്തുത തന്നെയാണ്. പക്ഷെ, ഇപ്പോള്‍ നമ്മില്‍ നിന്നും സംഭവിച്ച തിന്മയെ, കുറ്റത്തെ നാം അതിനെ നിരസിക്കുകയും, അപലപിക്കുകയുമാണ് വേണ്ടത്. കുറ്റം ആരോപിച്ചവര്‍ എന്നതിലുപരിയായി ഒരു സാക്ഷിയും മധ്യവര്‍ത്തിയുമായി ഈ സംഭവത്തെ നാം സമീപിച്ചിരുന്നുവെങ്കില്‍ അതായിരുന്നു ഉത്തമമായത്.

നമുക്ക് ആ വീഡിയോയുടെ വിശദവിവരങ്ങള്‍ അറിയില്ല. പക്ഷെ മൂന്ന് കാര്യങ്ങള്‍ നമുക്കറിയാം. ഇസ്‌ലാമിനെയും, പ്രവാചനെയും അവമതിക്കുന്ന കാര്യങ്ങള്‍ അതുള്‍ക്കൊള്ളുകയും മുസ്‌ലിംകളോട് വെറുപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതാണ് ഒന്നാമത്തേത്. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൂചിപ്പിച്ച പോലെ അത് ആവിശ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല എന്നതാണ് രണ്ടാമത്തേത്. കാരണം ആവിഷ്‌കാര സ്വാതന്ത്ര്യം ഇതര മതങ്ങളെ നിന്ദിക്കാന്‍ അനുവദിക്കുന്നില്ല. മൂന്നാമതായി അക്രമ മാര്‍ഗത്തിലൂടെ പ്രതിഷേധമറിയിച്ച ചില മുസ്‌ലിംകളുടെ നടപടി അവര്‍ മര്‍ദിതരായിരിക്കെത്തന്നെ അവര്‍ക്ക് നഷ്ടമാണ് വരുത്തിയത്.

ബുദ്ധിമാന്‍മാര്‍ പ്രവാചക മഹത്വം പ്രതിരോധിക്കണമെന്നാണ് എന്റെ ആഗ്രഹം. കേവലം ബഹളമുണ്ടാക്കി, തോന്നിയത് ചെയ്യുന്ന അല്‍പന്മാര്‍ ഈ കേസില്‍ നമ്മെ പരാജയപ്പെടുത്തുകയേ ഉള്ളൂ. അതോടൊപ്പം പ്രവാചകനെതിരായ ആരോപണങ്ങളും, അവഹേളനങ്ങളും പവിത്രമായ അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു പോറലേല്‍പിക്കാന്‍ പോലും പര്യാപ്തമല്ലെന്ന് നാം മനസ്സിലാക്കണം. എന്നാല്‍ മുസ്‌ലിംകള്‍ സൃഷ്ടിക്കുന്ന അവഹേളനവും, മാനക്കേടുമാണ് നമുക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധി.
അവലംബം : http://www.islamonlive.in/story/2012-09-16/1347781861-373762

1 അഭിപ്രായ(ങ്ങള്‍):

പള്ളിക്കുളം.. പറഞ്ഞു...

നല്ല ലേഖനം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review