2014, ജൂലൈ 15, ചൊവ്വാഴ്ച

ഫലസ്തീനികള്‍ക്ക് സംയമനം പാലിച്ചുകൂടെ ?.

'ഇസ്രായീല്‍.., ജൂതന്മാരുടെ രാജ്യം, അവരുടെ വാഗ്ദത്തഭൂമി, അവരുടെ പുണ്യകേന്ദ്രങ്ങള്‍ അവിടയുണ്ട്, ഒട്ടേറെ മുസ്ലിംകളും അവിടെ സമാധാനത്തോടെ വസിക്കുന്നു. ഫലസ്ത്രീന്‍.., മുസ്ലിംകളുടെ രാജ്യം, അവിടെ ഹമാസ് എന്ന തീവ്രവാദികളും അബ്ബാസിന്റെ  നേതൃത്വത്തിലുള്ള ഫതഹ് മിതവാദികളും ഉണ്ട്. മുസ്ലിംകള്‍ക്ക് ഫലസ്തീന് പുറമെ ഒട്ടേറെ രാജ്യങ്ങള്‍ ചുറ്റുമുണ്ട്. ജൂതന്മാര്‍ക്ക് ഇസ്രായേലെ ഉള്ളൂ. ഇടക്കിടക്ക് ഫലസ്തീനിലുള്ള മുസ്ലിം ഭീകരവാദികള്‍ ഇസ്രായിലിലേക്ക് മിസൈല്‍ അയക്കുകയോ, ഇസ്രായേലിലുള്ള ജൂതന്മാരെ പിടികൂടി വധിക്കുകയോ ചെയ്യുന്നു. ഇങ്ങനെയുണ്ടാകുമ്പോള്‍ ഇസ്രായീല്‍ തിരിച്ചടിക്കും, കുറേ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്യും. എന്നാലും ഇസ്രായീലിന്റെ ഔദാര്യത്താല്‍ യുദ്ധം നിര്‍ത്തും, വീണ്ടും ഫലസ്തീന്‍ തീവ്രവാദികള്‍ ഇസ്രായീലിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് കുഴപ്പമുണ്ടാക്കുന്നു. ഇവിടെ കുഴപ്പക്കാര്‍ ഫലസ്തീനികളാണ്. അവര്‍ സംയമനം പാലിക്കാത്തതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അല്ലാതെ കുഴപ്പക്കാരെ നിലനിലക്ക് നിര്‍ത്താന്‍ ധീരരായ ഇസ്രായേല്‍ ഇടപെടുമ്പോള്‍ ബഹളം വെച്ചിട്ട് കാര്യമില്ല. കാരണം അവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്. ഇത്രയധികം ആള്‍ നാശമുണ്ടാകാനും കാരണം മുസ്ലിംകള്‍ തന്നെ. കാരണം ജനാവാസ മേഖലയില്‍നിന്ന് ഫലസ്തീനികള്‍ ഇസ്രായീലിനെതിരെ മിസൈല്‍ തൊടുത്തുവിടുന്നു. പിന്നെ ഇസ്രായീല്‍ എന്ത് ചെയ്യും. ആള്‍നാശം ഉണ്ട് എന്നത് ശരിതന്നെ എന്നാല്‍ സിറിയയില്‍ ഒരു ലക്ഷത്തിലധികം സ്ത്രീകളും കുട്ടികളും പരസ്പരം ഏറ്റുമുട്ടി മരിച്ചു. ഇറാഖിലും ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഇതിലൊന്നും ആര്‍ക്കും പരാതിയില്ല. അതേസമയം ഇവിടെ ഇതുവരെ അഞ്ഞൂറ് പോലും തികഞ്ഞില്ല എന്നിട്ടും വലിയ ബഹളമുണ്ടാക്കുന്നു. ഫലസ്തീനികള്‍ അതിനാല്‍ സംയമനം പാലിക്കണം. എന്താണവര്‍ക്ക് തീവ്രവാദം വെടിഞ്ഞാല്‍ ?. എന്നാല്‍ ഈ കുഴപ്പങ്ങളൊക്കെ അവസാനിക്കില്ലേ ?.' 

മുകളിലെഴുതിയ വരികള്‍ എവിടെ നിന്നും എടുത്തെഴുതിയതല്ല. ഇസ്രായീലിനെ അനുകൂലിക്കുന്ന ഫെയ്സ് ബുക്കിലെ ചില സൂഹൃത്തുക്കളുടെ കമന്റ് വായിച്ചപ്പോള്‍ അവര്‍ക്ക് ആകെ ഈ വിഷയത്തില്‍ പറയാനും ചോദിക്കാനുമുള്ളത് ഇതാണ് എന്ന് മനസ്സിലായി. ഈ ധാരണയില്‍നിന്നാണ് അവര്‍ ബാക്കിയെല്ലാ അഭിപ്രായപ്രകടനങ്ങളും നടത്തുന്നത്. പ്രത്യക്ഷത്തില്‍ വളരെ ന്യായമാണ് എന്ന് ആര്‍ക്കും തോന്നാവുന്നതാണിത്. പിന്നെ എന്തുകൊണ്ട് മുസ്ലിംകള്‍ ഇത് അംഗീകരിക്കുന്നില്ല. അതിനും അവര്‍ക്ക് ഉത്തരം ഉണ്ട്: "മുസ്ലിംകളുടെ സങ്കുചിതത്വം തന്നെ. അവരുടെ വേദഗ്രഥം അതാണവരെ പഠിപ്പിക്കുന്നത്. പ്രശ്നം വീണ്ടും അവരുടെ ആദര്‍ശത്തിലേക്ക് തന്നെ മടങ്ങുന്നു. ഇറാഖിലും, സിറിയയിലുമൊക്കെ രക്തം വീഴുന്നത്  മറ്റുള്ളവരാലല്ല.  അടിസ്ഥാനപരമായി തന്നെ മുസ്ലിംകള്‍ തീവ്രവാദത്തെ പുണരുന്നു."  

ഈ വിഷയത്തില്‍ സമാന്യമായ ഒരു പഠനത്തിന് പോലും മെനക്കെടാതെ ഇസ്രായേല്‍ അനുകൂല വാര്‍ത്തകള്‍ മാത്രം ഈ വിഷയത്തില്‍ അവലംബിക്കുന്ന ആര്‍ക്കും ഇതിനപ്പുറം ഒരു ചിന്തയില്‍ എത്താനാവില്ല. എന്നാല്‍ സത്യവുമായി കാര്യമായ ബന്ധം മുകളിലെ ധാരണക്കില്ല, എന്ന് മാത്രമല്ല മിക്കതും തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ് എന്ന് ചെറിയ ഒരു ചരിത്രബോധമുണ്ടായാല്‍ ആര്‍ക്കും മനസ്സിലാകും. 

ഇന്ത്യയും പാകിസ്ഥാനും പോലെ രണ്ട് സ്വതന്ത്രപരമാധികാര രാജ്യങ്ങളാണ് ഇസ്രായിലും ഫലസ്തീനും എന്നിടത്ത് നിന്ന് ആരംഭിക്കുന്നു അബദ്ധങ്ങള്‍. (തെറ്റിദ്ധാരണ പരത്തുന്നവര്‍ക്ക് അത് അറിയാത്തതല്ല പ്രശ്നം). ഇനി ചിലര്‍ ചരിത്രത്തിലേക്ക് നോക്കുമ്പോഴുള്ള ഒരു വാദം ശ്രദ്ധിക്കുക. 'AD 70 നു മുന്‍പ് പലസ്തിന്‍ എന്നൊരു രാജ്യം ഉണ്ടായിരുന്നില്ല ഉണ്ടായിരുന്നത് ഇസ്രേല്‍ എന്ന രാജ്യം മാത്രമാണ് ' അപ്പോള്‍ അതിനൊരു മറുവാദം. 1948 ന് മുമ്പ് ഇസ്രായീല്‍ എന്ന ഒരു രാഷ്ട്രമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഫലസ്തീന്‍ മാത്രമാണ്.  ഇതോടെ ഇത് കേവലം മുസ്ലിം ജൂതമതങ്ങള്‍ തമ്മിലുള്ള ഒരു മതപരമായ പ്രശ്നം എന്ന നിലക്ക് കുറേ പേര്‍ പിന്‍വലിയും. ഇത് ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഗാന്ധിജിയും നെഹ്റുവും ആദ്യകാല ഇന്ത്യന്‍ നേതാക്കളും എന്തുകൊണ്ടാണ് ഈ പ്രശ്നത്തില്‍ മുസ്ലിംകളുടെ കൂടെ (ഫലസ്തീനിന്റെ കൂടെ) നിന്നത്. അവര്‍ നമ്മെക്കാള്‍ മുസ്ലിം പക്ഷപാതികളായതുകൊണ്ടാണോ അതല്ല, ഇന്ന് അനുഭവപ്പെടുന്ന പോലെ മുസ്ലിംകളുടെ ഭാഗത്ത് നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അറിയാത്തതുകൊണ്ടാണോ?. ഇതുസംബന്ധമായി കൂറെകൂടി വ്യക്തമായ ഒരു ധാരണ ഇത്തരം സംഭവങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. നീതിയുടെയും ധര്‍മത്തിന്റെയും പക്ഷത്ത് നില്‍ക്കാന്‍ അത് ആവശ്യമാണ്. അത്തരക്കാര്‍ക്ക് ഒരു ഉണര്‍ത്തല്‍ എന്ന നിലക്കാണ് ഈ ബ്ലോഗ് പോസ്റ്റ്. വിശദമായ പഠനം ഒരു ബ്ലോഗ് പോസ്റ്റിലൂടെ സാധ്യമല്ല. ഈ വിഷയത്തില്‍ ഒരുപാട് ബ്ലോഗ് പോസ്റ്റുകളും ചര്‍ചകളും നെറ്റില്‍ ലഭ്യമാണ് അതിലേക്ക് ഒരു കവാടമൊരുക്കുക. അതില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. അതിനാല്‍ ഇതില്‍ പറയുന്ന പലകാര്യങ്ങളും  മറ്റുപലരും പലവിധത്തില്‍ പങ്കുവെച്ചത് തന്നെയാണ്. 


ബൈബിളില്‍ അബ്രഹാമിന്റെ പുത്രപരമ്പയായ ഇസ്രായേല്‍ മക്കള്‍ക്കുള്ള ഒരു വാഗ്ദത്തഭൂമിയെക്കുറിച്ച് പറയുന്നുണ്ട് എന്നത് ശരിയാണ്. ഇസ്രായേല്‍ എന്നത് തന്നെ ഇബ്രാഹിം നബിയുടെ ഒരു പുത്രനായ ഇസ്ഹാഖ് നബിയുടെ മകന്‍ യഅ്ഖൂബ് നബിയുടെ പേര്‍ ആണ്. അദ്ദേഹത്തിന്റെ സന്താനപരമ്പരക്കാണ് ഇസ്രായേല്‍ സന്തതികള്‍ എന്ന് പറയുന്നത്. അവരിലേക്ക് വന്ന ഒട്ടനേകം പ്രവാചകന്മാരുണ്ട്. ആ പ്രവാചകന്മാരെ യഥാവിധി പിന്‍പറ്റുന്നപക്ഷം ഒരു വാഗ്ദത്തഭൂമി അവര്‍ക്ക് ലഭ്യമാകും എന്ന വാഗ്ദാനം അക്കാലത്ത് നിറവേറുകയും ചെയ്തിട്ടുണ്ട്. 

["അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു" (പുറപ്പാട് 33:1)
അപ്പോള്‍ ദൈവത്തിന്റെ വാഗ്ദത്തം പുലര്‍ന്നില്ലേ?

ചരിത്രം പരിശോധിച്ചാല്‍ ദൈവത്തിന്റെ വാഗ്ദാനമായ വാഗ്ദത്ത ഭൂമി എന്നോ പുലര്‍ കഴിഞ്ഞിരിക്കുന്നു. BC 1004 - 965 കാല ഘട്ടത്തില്‍ ദാവീദ് ഏകീകൃത വാഗ്ദത്ത ഭൂമി സ്ഥാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ രാജാവ് പില്‍ക്കാലത്ത് ഫലസ്തീനില്‍ ഭരണം നടത്തുകയുണ്ടായി.അണ്ടനും അടകോടനും തൊപ്പിയിട്ട് വാഗ്ദത്ത ഭൂമി ചോദിച്ചാല്‍ കൊടുക്കാന്‍ അങ്ങനെയൊരു വാഗ്ദത്ത ഭൂമി എവിടെയുമില്ല . അല്പ്പമെങ്കിലും അവകാശമുള്ളത് അബ്രഹാമീ സന്തതികള്‍ക്കാണ് . അവരാവട്ടെ ജൂതര്‍ മാത്രമല്ല. (Nasarudheen Mannarkkad)]
നൂറ്റാണ്ടുകളായി അറബികളായ മുസ്ലിംകളും ക്രിസ്ത്യാനികളും താമസിച്ചു പോരുന്ന പ്രദേശമായിരുന്നു ഫലസ്തീന്‍ ഈ പ്രദേശത്തെ 1947 ല്‍ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തോടെ രണ്ടായി ഭാഗിച്ച് ഒരു ഭാഗം ഇസ്രായേലും മറുഭാഗം ഫലസ്തീനുമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിലേക്ക് നയിച്ച കാരണങ്ങള്‍ മതപരമെന്നതിനേക്കാളേറെ റജാഗരോഡി പറയുന്നത് പോലെ രാഷ്ട്രീയസയണിസത്തിന്റേതായിരുന്നു. തിയോഡോര്‍ ഹെര്‍സലാണ് ഇത്തരമൊരു രാഷ്ട്രീയ സയണിസത്തിന് തുടക്കം കുറിച്ചത് 1882 ല്‍ വിയന്നയില്‍വെച്ച് അദ്ദേഹം തന്റെ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കി. തന്റെ യഹൂദരാഷ്ട്രം എന്ന കൃതിയിലൂടെ 1896 ല്‍ അദ്ദേഹം തന്റെ ആ സിദ്ധാന്തങ്ങള്‍ക്ക് വ്യവസ്ഥാപിത സ്വാഭാവം നല്‍കുകയും ചെയ്തു. 1897 ല്‍ ബാസിലില്‍ ചേര്‍ന്ന ആദ്യ ലോക സയണിസ്റ്റ് കോണ്‍ഗ്രസില്‍ ഈ സിദ്ധാന്തങ്ങള്‍ അദ്ദേഹം സമൂര്‍ത്തമായി ആവിഷ്കരിച്ചു. മൂന്ന് നിഗമനത്തിലാണ് അദ്ദേഹം അതിന്റെ അടിത്തറ പാകിയത്. 

1. യഹൂദന്മാര്‍ ലോകത്തെവിടെയായാലും ഏത് രാജ്യത്തിലാണ് ജീവിക്കുന്നതെങ്കിലും ഒരേയൊരു ജനതയാണ്.

2. എല്ലായിടത്തും എവിടെയും അവര്‍ പീഢനനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

3. അവര്‍ ജീവിക്കുന്ന രാഷ്ട്രങ്ങള്‍ക്കൊന്നും തന്നെ അവരെ സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.



ഈ വിഷയത്തില്‍ അദ്ദേഹം കണ്ട മൂന്ന് പരിഹാരങ്ങളില്‍ പ്രധാനമായിരുന്നു. യഹൂദ രാഷ്ട്രത്തിന്റെ സംസ്ഥാപനം. ഈ രാഷ്ട്രം ഒരു ഒഴിഞ്ഞ പ്രദേശത്താകും എന്നൊരു നിബന്ധനയും ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ആ തെരഞ്ഞെടുക്കുന്ന സ്ഥലം ഏതായിരിക്കണം എന്ന് ഹെര്‍സലിന് ധാരണയുണ്ടായിരുന്നില്ല. അര്‍ജന്റീന, ഉഗാണ്ട എന്നിവയായിരുന്നു ആദ്യ നിര്‍ദ്ദേശങ്ങള്‍ എന്നാല്‍ പിന്നീട് ഫലസ്തീന് മുന്‍ഗണന നല്‍കിയുള്ള ഒരു പദ്ധതിക്ക് രൂപം നല്‍കി. ഇതുമായി അദ്ദേഹം അന്നത്തെ കൊളോണിയല്‍ രാഷ്ട്രങ്ങളായ ജര്‍മനിയെ ആദ്യം സമീപിച്ചു. എന്നാല്‍ അവര്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറി, എന്നാല്‍ ബ്രിട്ടന്‍ അവരുടെ രാഷ്ട്രീയ മുതലെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അതിന് പിന്തുണ നല്‍കി. ആ അടിസ്ഥാനത്തില്‍ ഫലസ്തീനില്‍ ഖുദുസിന്റെ അടുത്ത് ഒരു വാസസ്ഥലം നല്‍കുന്ന പക്ഷം അതിന് കണക്കറ്റ സമ്പത്താണ് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന് വാഗ്ദത്തം ചെയ്തത്. 1902 അഞ്ച് ആവശ്യങ്ങളാണ് സയണിസ്റ്റുകള്‍ സുല്‍ത്താന്റെ മുന്നില്‍ വെച്ചത്. വര്‍ഷത്തില്‍ ഏത് ദിവസവും ജൂതന് ഫസ്തീനില്‍ പ്രവേശിക്കാനുള്ള പ്രവേശിക്കാനുള്ള അനുവാദം. ഖുദുസിനടുത്ത് ഒരു വാസസ്ഥലം  അവിടെ ഏത് ദിവസവും ഉസ്മാനിയാ രാഷ്ട്രത്തിലേക്ക് കടന്നുവരുന്ന ജൂതന് അവരുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രവേശിക്കാനുള്ള സൌകര്യം. ഇതിനായി അവര്‍ വാഗ്ദാനം ചെയ്തത് ഉസ്മാനിയ സല്‍ത്തനത്തിന്റെ മുഴുവന്‍ കടവും അഥവാ 33 മില്യണ്‍ പൌണ്ട് സ്വര്‍ണവും 35 മില്യണ്‍ പൊണ്ട് പലിശയില്ലാത്ത കടവും 120 മില്ല്യണ്‍ ഫ്രാങ്കിന്റെ സൈനിക സഹായവും. തഹസീന്‍ പാഷമുഖേനയാണ് ഈ ഓഫര്‍ സൂല്‍ത്താന്റെ മുന്നില്‍ വെച്ചത്. തിരിച്ച് അദ്ദേഹം തഹ്സീനിനോട് പറഞ്ഞ കാര്യങ്ങള്‍ തിരിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചരിത്രത്തിലെ ഒരു സുവര്‍ണ ഏടാണ്.  "തഹസീന്‍, ഈ പവിത്രഗേഹം ഞങ്ങളുടെ നേതാവ് ഉമര്‍ ബ്നുല്‍ ഖത്താബ് ആദ്യതവണ മോചിപ്പിച്ചു. അത് യഹദികള്‍ക്ക് വിറ്റവന്‍ എന്ന അടയാളം ചരിത്രത്തില്‍ വഹിക്കാന്‍ ഞാന്‍ തയ്യാറല്ലെന്ന് , ഈ യഹൂദരോട് പറഞ്ഞേക്കുക." 


സയണിസ്റ്റുകളുടെ ഫലസ്തീന് വേണ്ടിയുള്ള വാദം ബ്രിട്ടന്‍ ഏറ്റെടുത്തത്. ജൂതന്മാരോടുള്ള സ്നേഹം കൊണ്ടോ അവര്‍ക്ക് ഒരു രാജ്യം ലഭിക്കാനുള്ള ആഗ്രഹം കൊണ്ടോ ആയിരുന്നില്ല. അതിന് അവരെ പ്രേരിപ്പിച്ചത് പ്രധാനമായും യൂറോപ്പിലേക്ക് മുന്നേറികൊണ്ടിരിക്കുന്ന തങ്ങളുടെ പ്രതിയോഗികളായ ഉസ്മാനിയ (ഓട്ടോമന്‍) ഖിലാഫത്തിനെ തകര്‍ക്കുക എന്നതായിരുന്നു. ജര്‍മനിയും ഫ്രാന്‍സും ഈ പ്രദേശങ്ങളില്‍ സ്വാധീനം ചെലുത്താതിരിക്കാനും യുറോപിന് പുറത്തേക്കുള്ള യഹൂദികളുടെ പലായനം തടയാനും അറബി രാജ്യങ്ങളെ ശിഥിലീകരിക്കാനും എല്ലാറ്റിലും ഉപരിയായി സൂയസ് കനാലിന്റെ നിയന്ത്രണം ലഭിക്കുക വഴി ഇന്ത്യയിലേക്ക് കരമാര്‍ഗം തുറന്ന് കിട്ടുമെന്നും ബ്രിട്ടന്‍ കണക്കുകൂട്ടി. പക്ഷെ സുല്‍ത്താന്റെ ധീരമായ നിലപാടിന് മുമ്പില്‍ പരാജയപ്പെട്ടു. ഉസ്മാനിയ ഖിലാഫത്ത് നിലനില്‍ക്കുന്നേടത്തോളം കാലം അത്  നടക്കില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ തന്നെയാണ് പിന്നീട് സംഭവിച്ചത്. ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കാനുള്ള കളികളാണ് പിന്നീട് സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികള്‍ പിന്നെ കളിച്ചത്.

ബാല്‍ഫര്‍ പ്രഖ്യാപനം



ഇതിനിടയില്‍ ഹെര്‍സല്‍ മരണപ്പെട്ടു. അതിന് ശേഷം 1917 ല്‍ ബാല്‍ഫര്‍ പ്രഖ്യാപനം വന്നു. തദ്ദേശവാസികളുടെ (ഫലസ്തീനികളുടെ) താല്‍പര്യങ്ങള്‍ക്ക് ഹാനിവരുത്താതെ ഫലസ്തീനില്‍ യഹൂദര്‍ക്ക് ഒരു ദേശീയ ഗേഹമുണ്ടാക്കുന്നതിനായിരുന്നു ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ സയണിസ്റ്റ് രാഷ്ട്രീയത്തിന്റെ നേതാക്കള്‍ ഇതിനെ പുതിയ ഒരു അര്‍ഥകല്‍പന നല്‍കി അട്ടിമറിച്ചു. തദ്ദേശീയരെ മുഴുവന്‍ പുറത്താക്കി അവിടെ മുഴുവനായും ഒരു സയണിസ്റ്റ് രാഷ്ട്രം എന്നാക്കി അവരതിനെ മാറ്റി. അങ്ങനെ കടലാസില്‍നിന്ന് ആരംഭിച്ച് നിയത്തിലേക്കും പിന്നീട് സംവാദത്തിലേക്കും അവിടെ നിന്ന് മതസമരത്തിലേക്കും അവിടെ നിന്ന് 1947 ല്‍ പ്രയോഗികതയിലേക്കും അത് പുരോഗമിച്ചു. ഇതിലേക്ക് നയിക്കുന്നതില്‍ അമേരിക്കക്കുള്ള പങ്ക് പറയേണ്ടതില്ല. ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി എന്ന മനോഹര മുദ്രവാക്യം ജലരേഖയായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സായുധബലത്തില്‍ പ്രദേശങ്ങളില്‍നിന്ന് ഫലസ്തീനികളെ ആട്ടിയോടിച്ചു. വിട്ടുപോകാന്‍ മടിച്ചവരെ കൊന്നുകളഞ്ഞു. പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമര്‍ത്തി സ്വത്തും ജീവിതവും കവര്‍ന്ന് നരകീയമാക്കി. ഹിറ്റലര്‍ പോലും നാണിക്കുന്ന തരത്തിലായിരുന്നു അന്ന് മുതല്‍ സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഫലസ്തീനികളോടുള്ള ഈ ഉന്‍മൂലന കൃത്യങ്ങള്‍. അങ്ങനെയാണ് അതില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ ഭീകരന്മ‍ാരും അതിനെ അടിച്ചമര്‍ത്തുന്നവ്‍ സമാധാനപ്രിയരായും വാഴ്തപ്പെട്ടത്. ചെറിയ ഫലസ്തീന്‍ സായുധ ഗ്രൂപുകള്‍ നടത്തുന്ന ചെറുത്ത് നില്‍പ്പ് ഭീകരാക്രമണങ്ങളും ഇസ്രായീല്‍ പട്ടാളം ഫലസ്തീന്‍ ഗ്രാമങ്ങളിലും ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളിലും നടത്തുന്ന വന്‍കുരുതികള്‍ വെറും തിരിച്ചടിയുമായി മാധ്യമങ്ങള്‍ ആഘോഷിച്ചു. 


ഈ മാധ്യമ പ്രോപഗണ്ടയുടെ ഇരകള്‍ മാത്രമാണ് ഈ പോസ്റ്റിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച നിഷ്പക്ഷ നിരീക്ഷകര്‍. അവരുടെ നിഷ്കളങ്ക ചോദ്യമാണ് എന്താണ് ഫലസ്തീനികള്‍ക്ക് അല്‍പം സംയമനം പാലിച്ചാല്‍ എന്ന്. എന്നാല്‍ അവര്‍ക്കുള്ള മറുപടി ചരിത്രം നല്‍കുന്നുണ്ട്. ലോകത്തെ ആദരിക്കപ്പെടുന്ന നേതാവാകുകയും അതുകൊണ്ടുതന്നെ ഇത്തരം വാദങ്ങളെ മുഖവിലക്കെടുക്കേണ്ടിവരികയും ചെയ്ത നേതാവാണ് പി.എല്‍.ഓയുടെ നായകന്‍ യാസിര്‍ അറഫാത്ത്. ആ ചരിത്രത്തിലേക്ക്.. ....

സംയമനത്തിന് തയ്യാറായപ്പോള്‍ സംഭവിച്ചത്



ഐക്യരാഷ്ട്രസഭ ഇടപെട്ട് 1947  നവംബറില്‍ രണ്ട് പ്രദേശങ്ങളായി വിഭജിച്ചത് തര്‍ക്കത്തിന് പരിഹാരം എന്ന നിലക്കാണ്. ['55% വരുന്ന ജൂദരാഷ്ട്രവും 45% പലസ്തീനും എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ബ്രിട്ടന്‍ അവിടെ നിന്നും പിന്‍വാങ്ങികൊണ്ട് നാടകത്തിന് തുടക്കം കുറിക്കുന്നു .1948 നിയമങ്ങളെയും അവഗണിച്ചുകൊണ്ട് യാഹൂദികള്‍ അധിനിവേശം ആരംഭിച്ചു അവര്‍ ഒരു രാഷ്ട്രം കേട്ടിപ്പടുക്കുന്നു ഇവിടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു ഇതേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 85% പാലസ്തീനികളും കുടിയിറക്കപ്പെട്ടു 78% സ്ഥലങ്ങളും ഇസ്രായേല്‍ കൈയ്യടക്കി ബെസ്റ്റ് ബാങ്ക് ജോര്‍ദാന്റെ കൈവശമായി ഗാസമുതല്‍ തെക്കോട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിന്റെയും.1948 ശേഷം പ്രധാനമായും മൂന്നു യുദ്ധങ്ങള്‍ ഉണ്ടായി, ഇസ്രായേല്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചു വിടുന്ന ലെബനാന്‍ ജനതയെ കൂടാതെയാണിത്.

ഫ്രാന്സിനോടും ഇഗ്ലണ്ടിനോടും പിന്നൊന്ന് 1967 ആറു ദിന യുദ്ധം എന്നറിയപ്പെടുന്നു. 1973-ലെയും,1967-ലെയും യുദ്ധത്തിനുശേഷം ഇസ്രായേല്‍ വെസ്റ്റ്‌ബാങ്കും ഗാസയും കൈയടക്കി. പലപ്രാവശ്യം ഐക്യരാഷ്‌ട്രസഭ പ്രമേയങ്ങള്‍ പാസാക്കിയെങ്കിലും1967-ലെ കയ്യേറ്റം ഒഴിവാക്കാന്‍ തുടര്‍ന്നുള്ള നാല്‍പ്പത്‌ വര്‍ഷവും ഇസ്രായേല്‍ തയ്യാറായില്ല. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും കിരാതമായ ഒരു അധിനിവേശ ഭരണം സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയുമാണ്‌ അവര്‍ ഇതുവരെ ചെയ്‌തത്‌.ഇതെല്ലാം സയണിസ്റ്റ് ഭരണം അടിചെല്പ്പിക്കാനും ഒരു നിര്‍ധനരായജനതയെ കൊന്നൊടുക്കാനും അവര്‍ കണ്ടു പിടിച്ച കുറുക്കു വഴികള്‍ ആയിരുന്നു . പലസ്‌തീന്‍ ജനത നിരവധി കൊച്ചുകഷ്‌ണങ്ങളായി ഛിന്നഭിന്നമാക്കപ്പെടുകയും കമ്പിവേലികളാലും വലിയ മതിലുകളാലും വളഞ്ഞുവെക്കപ്പെടുകയും അധിനിവേശക്കാരന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കാന്‍ അനുവദിക്കുകയും ചെയ്‌തു.സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികള്‍ ആയി കഴിയേണ്ടി വരുന്ന ഒരു ജനതയുടെ വേദനിപ്പിക്കുന്ന യഥാര്‍ത്ഥ സത്യങ്ങള്‍.

ജനീവ കരാര്‍ പറയുന്നത് അധിനിവേശശക്തികള്‍ അധിനിവേശഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ പാടില്ല എന്ന് എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തി കടകവിരുദ്ധമായി അധിനിവേശ വെസ്റ്റ്‌ ബാങ്കില്‍ ഇപ്പോള്‍ 4ലക്ഷത്തില്‍ കുടുതല്‍ ജൂതകുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്‌. നാല്പതു വര്‍ഷമായി തുടരുന്ന ഈ കുടിയേറ്റം ലോക രാഷ്ട്രങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് . ഒരു പാലസ്തീന്‍ കാരന്‍ അവരുടെ അവകാശപ്പെട്ട ഭൂമിയില്‍ സഞ്ചരിക്കാന്‍ നാനൂറിലധികം പരിശോധനാ കേന്ദ്രങ്ങള്‍ താണ്ടണം എന്ന് പറയുമ്പോള്‍ എത്ര ക്രൂരമാവും ഇവിടത്തെ അവസ്ഥ . അധിനിവേശത്തിനു കീഴില്‍ ദൈനംദിനം നടക്കുന്ന ഈ പരിശോധനകള്‍,  ശരീരപരിശോധനകള്‍, വാചാ കുറ്റപ്പെടുത്തലുകള്‍ എന്നിവയൊക്കെയാണ്‌ 1987 അവസാനം ഇന്‍തിഫാദയെന്നപേരില്‍ പൊട്ടിത്തെറിച്ചത്‌. അത്‌ ആദ്യത്തില്‍ പലസ്‌തീനിയന്‍ യുവത്വത്തിന്റെ സ്വാഭാവികമായ ചെറുത്തുനില്‍പ്പായിരുന്നു. ഇത്തരം ക്രൂരതകള്‍ കൊണ്ട് പൊറുതി മുട്ടിയ പലസ്തീന്‍ ജനത പ്രധിരോധത്തിലേക്ക് നീങ്ങിയതില്‍ അവരെ കുറ്റപ്പെടുത്താന്‍ നമുക്കാവുമോ? ഈ കുടിയേറ്റക്കാര്‍ ഏറ്റവും നല്ല ഭൂമി കൈവശപ്പെടുത്തുകയും വിശാലമായ വീടുകള്‍ പണിയുകയും വെള്ളംകിട്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ നിയന്ത്രണത്തിന്‍ കീഴിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. സുഖകരമായ `കുടിയേറ്റക്കാര്‍ക്ക്‌ മാത്രമുള്ള’റോഡുകളില്‍ ഗേറ്റുകളോ പരിശോധനാകേന്ദ്രങ്ങളോ ഇല്ല.1987ഒരു കൂട്ടം ചെറുപ്പക്കാര്‍ ആദ്യമായി ചെറുത്തു നില്‍ക്കാന്‍ തീരുമാനിക്കുന്നു . ഹറകത്തുല്‍ മുഖാവത്തുല്‍ ഇസ്ലാമിയ (ഹമാസ് )ആദ്യ ചെറുത്തു നില്‍പ്പ് എന്നര്‍ഥം വരുന്ന ഇന്‍തിഫാദ എന്ന സങ്കടന രൂപപ്പെടുന്നു. ഇസ്രായേലി അധിനിവേശത്തിനെതിരായ വിദ്യാര്‍ഥികളുടെ കല്ലേറിലൂടെയാണ്‌. തുടര്‍ന്ന്‌ എല്ലാ രാഷ്‌ട്രീയ ശക്തികളും ജനവിഭാഗങ്ങളും പങ്കെടുക്കുന്ന ഒരു ജനകീയ ചെറുത്തുനില്‍പ്പായി അത്‌ വളര്‍ന്നു.3വര്‍ഷത്തോളം ഇസ്രായേലി അധിനിവേശസേനയെ അത് വിഷമസ്ഥിതിയിലാക്കി. പ്രദേശങ്ങള്‍തോറും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അധിനിവേശസേനയുടെ തോക്കുകളെയും ടാങ്കുകളെയും വെറുംകൈയുമായാണ് അവര്‍ നേരിട്ടത്.ഒരു ജനതയോട് യഹൂദികള്‍ കാട്ടുന്ന ക്രൂരത പുറം ലോകമറിയുന്നു അത് അസമമായ ഒരു പോരാട്ടമായിരുന്നു. എന്നാല്‍ ഇസ്രായേലി അധിനിവേശത്തിന്റെ ക്രൂരതയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് അത് ഇടയാക്കി.അതിനിടയില്‍ തന്ത്രപൂര്‍വ്വം ഇസ്രായേല്‍ ഹമാസ് ഫത്തഹ് ഭിന്നിപ്പ് സാധിച്ചെടുത്തു.


പലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ വാസ്തവസ്ഥിതി ഒളിപ്പിച്ചുവെക്കാന്‍ ഇസ്രായേലും അമേരിക്കയും സഖ്യശക്തികളും നടത്തുന്ന വെള്ളപൂശല്‍കൊണ്ട് കഴിയാത്ത സ്ഥിതിയുണ്ടായി. ഇത് അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് നയിക്കുകയും ഒസ്ലോ ഒത്തുതീര്‍പ്പിലേക്ക് നയിക്കുകയും ചെയ്തു. ഇസ്രായേലി അധിനിവേശ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് പലസ്തീനി പ്രതിരോധത്തിന്റെ എതിരറ്റ നേതാവായ യാസര്‍ അറാഫത്ത് നടത്തിയ ശ്രമമമായിരുന്നു ഒസ്ലോ ഒത്തുതീര്‍പ്പ്.


1993 ഓസ്ലോ കരാര്‍പ്രകാരം ഒരു പൂര്‍ണപലസ്തീന്‍ രാഷ്ട്രമായി പിന്നീട് മാറാവുന്നവിധത്തില്‍ പലസ്തീന്‍ അഥോറിറ്റി രൂപീകരിക്കുക. വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം കൈമാറുക. വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുക; ജറുസലേമിന്റെ പദവിയും അഭയാര്‍ഥികള്‍ക്ക് തിരിച്ചുവരാനുള്ള അവകാശവും തുടര്‍ചര്‍ച്ചകളുടെ ഭാഗമാക്കുക.എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാതെ ഇന്നും ഈ നരഹത്യ തുടര്‍ന്ന് കൊണ്ടിരിക്കുന്നു എല്ലാവരും മനപ്പൂര്‍വം ഇതെല്ലാം കണ്ടില്ല എന്നും നടിക്കുന്നു



എപ്പോള്‍ വീണ്ടും സമാധാന പ്രക്രിയയുടെ പരാജയത്തില്‍നിന്ന് രണ്ടാം ഇന്‍തിഫാദ ഉയര്‍ന്നുവന്നു. ഒരുതരത്തിലുള്ള സമാധാനവും ദൃശ്യമാവാതിരിക്കുകയും പലസ്തീന്‍ രാഷ്ട്രത്തിനുള്ള സാധ്യതകള്‍ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പലസ്തീനികളുടെ എതിര്‍പ്പ് വളര്‍ന്നുവന്നു. നിരന്തരം പലസ്തീന്‍ ജനത വേട്ടയാടപ്പെടുന്ന സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുന്ന അവിടെ നിന്നും പുറത്തു വരുന്ന സത്യങ്ങള്‍ മനുഷ്യ മനസാഷിയെ മരവിപ്പിക്കുന്നതായിരുന്നു .

പലസ്തീന്‍ ചെറുത്തുനില്‍പ്പ് തുടരുകയും ശക്തിപ്പെടുകയും ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരികയും ചെയ്തപ്പോള്‍, പലസ്തീന്‍ ജനങ്ങള്‍ക്ക് അന്തിമപരിഹാരമെന്ന് ഇസ്രായേല്‍ കരുതുന്നത് നടപ്പിലാക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കയാണ് അവര്‍. ഇതാണ് ബന്ധവിമോചനപദ്ധതിയെന്ന് വിളിക്കപ്പെടുന്നത്. അതനുസരിച്ച് ഗാസാചീന്തില്‍നിന്ന് പിന്മാറുകയും വെസ്റ്റ്ബാങ്കിലെ ചില ചെറിയ കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്ന് ഒഴിവാവുകയും ബാക്കിയുള്ളവയെ കൂട്ടിയോജിപ്പിച്ച് പലസ്തീനികളെ ലംഘിക്കാനാവാത്ത ബന്ധനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാനാണ് അവര്‍ ഉദ്ദേശിക്കുന്നത്..

>
600 കിലോമീറ്റര്‍ നീളംവരുന്ന ഒരു വന്‍മതിലുണ്ടാക്കി മൂന്ന്‌ പലസ്‌തീന്‍ പ്രദേശങ്ങളെ അടച്ചുകെട്ടലാണ്‌ ഈ ബന്ധം വേര്‍പെടുത്തല്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്‌ട്ര നീതിന്യായകോടതി ഈ മതില്‍ നിര്‍മാണം നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌ എങ്കിലും ആര് ചെവികൊള്ളാന്‍ വെസ്റ്റ്‌ബാങ്കിനുള്ള ഇസ്രായേല്‍ പദ്ധതി ഇതാണ്‌: ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ബന്ധനസ്ഥ പ്രദേശങ്ങള്‍ പോലെ ഒരു പലസ്‌തീന്‍ രൂപപ്പെടുത്തുക; വെസ്റ്റ്‌ബാങ്കിന്റെ 54 ശതമാനവും ബാക്കിവരുന്ന 46 ശതമാനം ഇസ്രായേലിന്റെ നിയമവിരുദ്ധ കൈവശത്തിനു കീഴില്‍ നിര്‍ത്തുക, യഥാര്‍ത്ഥ പലസ്‌തീന്റെ 12.5 ശതമാനം മാത്രം ഭൂവിസ്‌തൃതി വരുന്ന ഒരു ചെറിയ സ്ഥലം മാത്രം പലസ്‌തീനികള്‍ക്ക്‌ ലഭ്യമാക്കുക. ഈ ബന്ധനസ്ഥ സ്ഥലത്തേക്കുള്ള പോക്കുവരവു മുഴുവന്‍ ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക ഇതെക്കെയാണ് ഇസ്രായേല്‍ കണക്കു കൂട്ടുന്നത് .

ഫ്രാന്‍സിസ് മാര്‍പ്പാപ്പ പാലസ്തീനും ഇസ്രയേലും സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രസിഡണ്ട് ഷിമോണ്‍ പെരസിനോടും പാലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസിനോടും ഒരു അഭ്യര്‍ത്ഥന നടത്തി. വരൂ, വത്തിക്കാനില്‍ നമുക്കൊരുമിച്ച് പാലസ്തീന്‍ - ഇസ്രയേല്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയും നടന്നു. ഹമാസും ഫത്തഹും തമ്മില്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ വിജയിച്ചു എന്ന വാര്‍ത്തയും വന്നു . വത്തിക്കാനിലെ പ്രാര്‍ത്ഥനക്കുശേഷം മാര്‍പ്പാപ്പ എടുത്തു പറഞ്ഞ ഒരു വാചകമുണ്ട്. ഇത് സമാധാനത്തിലേക്കുള്ള യാത്രയാണ്. അനവധി കുട്ടികളാണ് മധ്യപൂര്‍വ്വദേശത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. നിഷ്‌ക്കളങ്കരായ കുട്ടികള്‍ ഇനിയും യുദ്ധത്തിന്റെ ബലിയാടുകള്‍ ആവാതിരിക്കട്ടെ എന്നായിരുന്നു അദ്ദേഹം നിശ്ശബ്ദമായി പറഞ്ഞത്. എന്നാല്‍ എല്ലാവരുടെയും പ്രാര്‍ത്ഥനക്കുശേഷം നിര്‍ഭാഗ്യവശാല്‍ അതുതന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. (Original Report By : Deepu S Nair Kovalam, Edited By ZEAL Team)


ഓരോതവണയും ഫലസ്തീനിനെ ഇല്ലാതാക്കാന്‍ തന്നെയാണ് ഇസ്രായീല്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ അന്തരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ലബനാനും സിറിയയും കേന്ദ്രീകരിച്ചുള്ള ചില പോരാട്ട സംഘങ്ങളുടെ ചെറുത്ത് നില്‍പ്പും സര്‍വോപരി ദൈവിക സഹായത്താലും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സയണിസ്റ്റ് ഭരണകൂടത്തിന് കഴിയാറില്ല. ഇത്തവണ മൂന്ന് ജൂതന്മാരുടെ കൊലപാതകം ഫലസ്തനികളുടെ തലയില്‍ കെട്ടിവെച്ച് നടത്തുന്ന ഈ നരനായാട്ട് പതിവുപോലെ ലക്ഷ്യംകാണാതിരിക്കാന്‍ തന്നെയാണ് സാധ്യത.

നാം ആരെ പിന്തുണക്കണം. 

ഇവിടെ നമ്മള്‍ പരീക്ഷിക്കപ്പെടുന്നത് മറ്റൊരു തലത്തിലാണ് തീര്‍ത്തും അക്രമപരമായി രൂപംകൊണ്ട ഒരു രാഷ്ട്രം എല്ലാവിധ അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍ പറത്തി നിസ്സഹായരായ സിവിലിയന്‍മാരെ കൊന്നൊടുക്കുമ്പോള്‍ കൊലയാളികളുടെ പക്ഷത്ത് നില്‍ക്കണോ അതല്ല പാവം നിരപരാധികളായ ജനതയുടെ പക്ഷത്ത് നില്‍ക്കണോ എന്നതാണത്. ലോകത്ത് നടക്കുന്ന മറ്റു അക്രമങ്ങളെയൊക്കെ നമുക്ക് അപലപിക്കാം. അവിടെ പലപ്പോഴും പോരാട്ട സംഘടനകളോ രണ്ട് രാജ്യങ്ങളോ ഗ്രൂപ്പുകളോ ഒക്കെയായിരിക്കും കുഴപ്പക്കാര്‍. എന്നാല്‍ ഇവിടെ ഇതിന് സമാനമായത് ചില സാമ്രാജ്യത്വശക്തികളുടെ മൂന്നാം ലോകരാജ്യങ്ങളെ അധീനപ്പെടുത്താനുള്ള ശ്രമങ്ങളും ആ രാജ്യങ്ങള്‍ക്കെതിരെ നടത്തുന്ന ബോംബ് വര്‍ഷവുമൊക്കെയാണ്. സിറിയയുടെയും ഇറാഖിന്റെയും കാര്യത്തിലില്ലാത്ത രൂക്ഷമായ പ്രതികരമം അക്കാരണം കൊണ്ടാണ്. അതുതന്നെയാണ് ഈ ആക്രമങ്ങളെയും മനുഷ്യസ്നേഹികള്‍ മത-ദേശ-ഭാഷാ വ്യത്യാസം നോക്കാതെ ഗസയുടെകാര്യത്തില്‍ അപലപിക്കാന്‍കാരണം. എന്നാല്‍ അക്രമികളോട് എന്തോ കാരണത്താല്‍ താദാത്മ്യം പ്രാപിച്ചതുകൊണ്ട് ഒരു വിഭാഗം ഇസ്രായീല്‍ അക്രമങ്ങളെ ന്യായീകരിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. അത്തരക്കാര്‍ ഫലസ്തീനെ പിന്തുണച്ചാലാണ് എനിക്ക് അത്ഭുതകരമായി തോന്നുക. എന്നാല്‍ തെറ്റിദ്ധാരണ കൊണ്ട് ഫലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ഇതേക്കുറിച്ചുള്ള പഠനം സത്യസന്ധമായ നിലപാട് സ്വീകരിക്കാന്‍ സഹായകമാകും.

ഈ വീഡിയോ കൂടി കാണുക.

5 അഭിപ്രായ(ങ്ങള്‍):

മുഹമ്മദ് ശമീം Web Metaphor പറഞ്ഞു...

വളരെ നന്നായിരിക്കുന്നു ലത്തീഫ് സാഹിബ്. സൂക്ഷ്മമായ വിശകലനങ്ങൾ തന്നെ.

മുഹമ്മദ് ശമീം Web Metaphor പറഞ്ഞു...

അതേ സമയം അനുബന്ധമായി ചില കാര്യങ്ങൾ പറയട്ടെ..,
ഓരോ പ്രശ്നത്തിലും, പ്രശ്നത്തെ ശരിയായി വിലയിരുത്തിയും ഓരോ വിഭാഗത്തിന്റെയും നിലപാടുകൾ ശരിക്കും തിരിച്ചറിഞ്ഞും വേണം നാം പ്രതികരിക്കാൻ.
ഫലസ്തീൻ ഇസ്രായേൽ പ്രശ്നത്തിൽ യൂദന്മാർ, ക്രൈസ്തവർ, യൂറോപ്യന്മാർ തുടങ്ങിയവരുടെയൊക്കെ നിലപാടുകളെന്താണ്? ആ നിലപാടുകളുടെ ആധാരങ്ങളെന്തൊക്കെയാണ്?
എപ്പോഴും ഇത്തരം കാര്യങ്ങൾ പരിശോധിക്കുന്നത് നമ്മുടെ പ്രതികരണങ്ങളെ ശരിയായതാക്കിത്തീർക്കും. ഗസ്സയിൽ കുഞ്ഞുങ്ങളെ കൊന്നു തള്ളുമ്പോൾ ആഘോഷിക്കുന്നവരിൽ ഇവിടുത്തെ ഹിന്ദുത്വ സംഘപരിവാരവും പെടും. എന്നു കരുതി അതിന്റെ പേരിൽ ഹിന്ദുക്കളെ മുഴുവൻ ആക്ഷേപിക്കാതിരിക്കാനുള്ള വിവേചന ബുദ്ധി നാം കാണിക്കുന്നുണ്ടല്ലോ. സത്യത്തിൽ ഇതേ ആനുകൂല്യത്തിന് അർഹരല്ലേ, സയനിസ്റ്റുകളോ യിസ്രായേൽ പക്ഷപാതികളോ അല്ലാത്ത യൂദന്മാർ? യിസ്രായേൽ രാഷ്ട്രവും സയനിസ്റ്റ് പട്ടാളവും അതിക്രമം കാണിക്കുമ്പോഴേക്കും നമ്മളിറങ്ങും ഖൈബർ ഖൈബർ യാ യഹൂദ്, ജൈശു മുഹമ്മദിൻ സൌഫ യഊദ് എന്നു കരഞ്ഞു കൊണ്ട്. (ഏതാണാവോ ഈ ജൈശുമുഹമ്മദ്? അങ്ങനെയൊരു സൈന്യം യഥാർത്ഥത്തിലുണ്ടായിരുന്നെങ്കിലീ രാജ്യവും ലോകവും എന്നേ നന്നായിപ്പോയേനെ). കൂട്ടത്തിൽ ഹിറ്റ്ലറുടെ ഒരു ഫെയ്ക് പ്രസ്താവനയും. സത്യത്തിൽ ഹിറ്റ്ലറെ സ്തുതിക്കുന്നവന് സയനിസത്തെ വെറുക്കാൻ ധാർമികമായി എന്തർഹതയാണുള്ളത്?
ഇവിടെ വെളിവാകുന്നത് നമ്മുടെ തന്നെ വംശീയ മനസ്സാണ്.

മുഹമ്മദ് ശമീം Web Metaphor പറഞ്ഞു...

സയനിസത്തെ ഏറ്റവും കൂടുതൽ എതിർക്കുന്നവരിൽ ഒരു പാട് യൂദന്മാരും പെടും. ലോകത്ത് പല ഭാഗത്തും ശക്തിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജൂസ് എഗെയ്ൻസ്റ്റ് സയനിസം ഗ്രൂപ്പിൽപ്പെട്ട സംഘടനകളുണ്ട്. മാത്രവുമല്ല, മതപരമായിത്തന്നെ, തനി യാഥാസ്ഥിതികരായിട്ടുള്ള യൂദന്മാർ, യൂദർക്കിടയിലെ ഓർതഡോക്സ് സഭകൾ യിസ്രായേൽ രാഷ്ട്രം ദൈവവിരുദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്. യിസ്രായേല്യരുടെ ഡയസ്പോറ വേദപുസ്തകത്തിൽ പ്രഖ്യാപിച്ചിട്ടുള്ള, യഹോവയുടെ നിയമമാണ്. അത് തെറ്റിക്കുന്ന വിധത്തില്‍ ആധുനിക യൂദരാഷ്ട്രസംസ്ഥാപനം കടുത്ത ദൈവധിക്കാരമാണെന്നും അവര്‍ വാദിക്കുന്നു. മറ്റ് കാരണങ്ങളാലും യിസ്രായേല്‍ രാഷ്ട്രത്താടും സയനിസത്തോടും വിയോജിക്കുന്ന ഒട്ടേറെ യൂദന്മാര്‍ യിസ്രായേലിനകത്തും പുറത്തും ജീവിക്കുന്നുണ്ട്. 2003ല്‍ ഫിലസ്തീനികള്‍ക്കു വേണ്ടി പ്രതിരോധിച്ചതിന്റെ പേരില്‍ യിസ്രായേലി ടാങ്കര്‍ മണ്ണിലേക്കാഴ്ത്തിക്കളഞ്ഞ, റേച്ചല്‍ കോറിയെന്ന അമേരിക്കന്‍ യൂദപ്പെണ്‍കുട്ടി ഒരു പ്രതീകമാണ്. കാര്യങ്ങളിങ്ങനെയായിരിക്കേ, യിസ്രായേൽ അതിക്രമങ്ങളെ നമ്മൾ യൂദ എന്ന വിശേഷണത്തോടെ വംശീയമായി സമീപിക്കുന്നത് ഒട്ടും പ്രയോജനപ്രദമോ ധാർമികമോ അല്ലെന്നു ഞാൻ കരുതുന്നു.

അതോടൊപ്പം തന്നെ, ക്രൈസ്തവരിലും യിസ്രായേൽ പക്ഷപാതികളായ ഒരു വിഭാഗമുണ്ടെന്നാണ് എന്റെ അറിവ്. ഇതിലും മറ്റ് കാര്യങ്ങളിലുമൊക്കെ മുസ്ലിംകളോട് കർക്കശ നിലപാടുകാരാണ് ഇവാഞ്ചലിസ്റ്റുകൾ. ജോർജ് ബുഷ് ഉൾപ്പെടെയുള്ള അമേരിക്കക്കാർ പലരും ഇവാഞ്ചലിസ്റ്റുകളാണ്. കുരിശുയുദ്ധത്തിന്റെ അതേ മാനസികാവസ്ഥ പുലർത്തുന്നവർ. ഇസ്ലാമോഫോബിയയുടെ അപ്പൊസ്തോലന്മാർ. അവരുടെ വ്യാഖ്യാനമനുസരിച്ച് യഹൂദന്മാരുടെ രാജ്യം സ്ഥാപിക്കുന്നതിനു വേണ്ടിയത്രേ ദൈവപുത്രൻ നിയുക്തനായത്. അതിനാൽത്തന്നെ യിസ്രായേൽ രാഷ്ട്രത്തോട് അനുഭാവമുള്ളവരാണിവർ. നേരത്തെ സൂചിപ്പിച്ച കുരിശുയുദ്ധക്കാരുടെ ഇസ്ലാം വിരുദ്ധതയും ഇവർക്ക് സ്വന്തമായുണ്ട്.

ഞാൻ മനസ്സിലാക്കിയേടത്തോളം ക്രൈസ്തവരിലെ കത്തോലിക്ക, ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് യൂദരാഷ്ട്രത്തോട് യാതൊരനുഭാവവുമില്ല. വാർ ഓൺ ടെററിസം പ്രഖ്യാപിക്കുന്ന സമയത്ത് ജോർജ് ബുഷ് നടത്തിയിരുന്ന ക്രൂസേഡ് പ്രയോഗത്തെ പോപ്പ് ശക്തിയായെതിർത്തിരുന്നതോർക്കുക.

ഇത്രയും ഇവിടെ വിവരിച്ചത് കൃത്യമായി മനസ്സിലാക്കിക്കൊണ്ടു തന്നെ വേണം നാം ഓരോ വിഷയത്തിലും പ്രതികരിക്കാൻ എന്നതിനാലാണ്. അതായത്, വൈചാരികമായി പ്രതികരിക്കേണ്ടിടത്ത് വൈചാരികമായിത്തന്നെ പ്രതികരിക്കണം. അവിടെ വൈകാരികതയുടെ അംശം അശേഷം വേണ്ടതില്ല. എന്നാൽ വൈകാരികമാവണ്ടേടത്ത് അങ്ങനെയുമാവാം. അതു പോലെ ഓരോ വിഭാഗത്തോടും എങ്ങനെ പ്രതികരിക്കണം, എന്തു നിലപാട് സ്വീകരിക്കണം എന്നു തീരുമാനിക്കാനും കാര്യങ്ങളെക്കുറിച്ച കൃത്യമായ ധാരണ വേണം.
വംശീയത ആപൽക്കാരിയാവുന്നത് അത് യൂദന്റെയോ ക്രിസ്ത്യാനിയുടെയോ ഹിന്ദുവിന്റെയോ ആകുമ്പോൾ മാത്രമല്ല. യഥാർത്ഥത്തിൽ ഹിന്ദു വർഗീയവാദികളുടേത് ആര്യവംശീയവാദമാണ്. ഹിറ്റ്ലറും ആര്യവംശീയവാദിയായിരുന്നു. അയാളുടെ ഒന്നാന്തരം സ്തുതിപാഠകനാിരുന്നു ഗോൾവൽക്കർ. സ്വാഭാവികമായും ഹിറ്റ്ലറെ സ്തുതിക്കുന്നേടത്ത് നമ്മൾ ഒന്ന് നന്നായി ആലോചിക്കേണ്ടതുണ്ട്.
വംശീയതയും മനുഷ്യത്വവും ഒന്നാവുക സാധ്യമേയല്ല, ആയതിനാൽ നിങ്ങൾ വംശീയതയെ മനുഷ്യത്വം കൊണ്ടു പ്രതിരോധിക്കുക എന്നല്ലേ വലാ തസ്തവിൽ ഹസനതു എന്നു തുടങ്ങുന്ന ആയത്തിന് നമ്മൾ ഇവിടെ കൊടുക്കേണ്ട അർത്ഥം? ഒരിക്കലും വംശീയതയെ കേവലപ്രതിവംശീയത കൊണ്ട് നേരിടാനാവില്ല. ആദര്‍ശാധിഷ്ഠിതവും വിശാലവുമായ മാനവിക കാഴ്ചപ്പാടാണ് അതിനാവശ്യം. എപ്പോഴും തിരിച്ചടിക്കുന്ന, ഇരുതലവാളു പോലുള്ള ഒന്നാണ് വംശീയവും സങ്കുചിതവുമായ ചിന്തകള്‍. ചരിത്രത്തിലതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പൗരാണിക ഈജിപ്തില്‍ കോപ്റ്റ് വംശീയവാദത്തിന്റെ ഇരകളായിരുന്നു യിസ്രായേല്യരെന്ന് ബൈബിളും ഖുര്‍ആനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ പിന്നീട് ഏറ്റവും കടുത്ത വംശീയവാദികളായും മാറി. പുറജാതികളോടുള്ള അവരുടെ സമീപനം ഇതിനുദാഹരണമാണ്. ഒരു സങ്കുചിത സ്വത്വവാദത്തെ പക്ഷേ വേദപുസ്തകം പിന്തുണയ്ക്കുന്നില്ല. ബൈബിളിലെ യോനായുടെ പുസ്തകം ഇതിനു തെളിവാണ്. എന്നിട്ടും വംശീയമായ ഔന്നത്യത്തിലും വിശുദ്ധിവാദത്തിലും വിശ്വസിച്ച യിസ്രായേല്യര്‍ പില്‍ക്കാലത്ത് ഇതേ നിലപാടുവെച്ചുപുലര്‍ത്തിയ നാസി ഫാഷിസ്റ്റ് വംശീയതയുടെ ഇരകളായിത്തീര്‍ന്നു. ഏറ്റവുമവസാനം വീണ്ടും യൂദന്മാരുടെ നിലപാടില്‍ ഇതേ ആവര്‍ത്തനം.
യുഗങ്ങള്‍ നീണ്ടുനില്‍ക്കുന്ന കുടിപ്പകയാണ് വംശീയബോധവും അപരവല്‍ക്കരണവും കൊണ്ടുണ്ടാവുക. വർഷങ്ങൾക്കു മുമ്പുള്ള കണക്കുകൾ തീർക്കാൻ അത് തക്കം പാർത്തു നിൽക്കും. റുവാൻഡ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ ഭീകരവംശീയ കലാപങ്ങളും ഇതിനുള്ള ഉദാഹരണങ്ങളാണ്. എല്ലാ വംശീയ വേട്ടക്കാരും പിൽക്കാലത്ത് ഇരകളായി മാറിയിട്ടുമുണ്ട്. എന്തായാലും നമ്മളാരും വേട്ടക്കാരല്ല. എന്നാൽ വംശീയമായ അകൽച്ചയുണ്ടാക്കുന്ന വിധം ഒരു പ്രശ്നത്തെയും സമീപിക്കാൻ നമുക്കധികാരമില്ലെന്നു ഞാൻ കരുതുന്നു.

മുഹമ്മദ് ശമീം Web Metaphor പറഞ്ഞു...

ഇതും കൂടി വായിക്കുന്നത് നന്നായിരിക്കും.
http://shameemonline.wordpress.com/2014/07/11/%E0%B4%97%E0%B4%B8%E0%B5%8D%E0%B4%B8-%E0%B4%AD%E0%B5%80%E0%B4%95%E0%B4%B0%E0%B4%A4%E0%B4%AF%E0%B5%86-%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%81/

CKLatheef പറഞ്ഞു...

നന്ദി ശമീം സാഹിബ്, കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചതിന്.

മുഹമ്മദ് ശമീമിന്റെ ബ്ലോഗിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഗസ്സ: ഭീകരതയെ അറിയേണ്ടതും നേരിടേണ്ടതും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review