2014, ജൂലൈ 22, ചൊവ്വാഴ്ച

ബഗ്ദാദിലെ ഖലീഫ നടപ്പാക്കിയ ജിസ്യ.


കൃത്യം നാല് വര്‍ഷം മുമ്പ് ഈ ബ്ലോഗില്‍ ജിസ്യയുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. അന്നത് കേവലം ഒരു ചര്‍ച മാത്രമായിരുന്നു. ഇസ്ലാമിക ഭരണവ്യവസ്ഥയെ ഭയപ്പെടുത്താന്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു സംജ്ഞയായിരുന്നു അന്ന് ജിസ്യ. എന്നാല്‍ ഇപ്പോള്‍ ബഗാദാദിലെ അഭിനവ ഖലീഫയുടെ വരവോടെ അത് കേവലം ഒരു പറഞ്ഞുപേടിപ്പിക്കലല്ല എന്ന് വാദിക്കാന്‍ ഇസ്ലാമിക വിമര്‍ശകര്‍ക്ക് ഒരു അവസരമായിരിക്കുന്നു. വിമര്‍ശകര്‍ അത് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട് അതിനാല്‍ അതിലെ വിഷയസംബന്ധമായ ഭാഗം ഇവിടെ വീണ്ടും റിപ്പോസ്റ്റ് ചെയ്യുകയാണ്. ജിസ് യ വീണ്ടും ചര്‍ചയാകാനുള്ള കാരണം ഇറാഖിലെയും സിറിയയിലെയും കുറേ ഭാഗം അവിടങ്ങളിലുള്ള ഭരണകൂടത്തോട് സായുധമായി ഏറ്റുമുട്ടി സ്വയം നിയന്ത്രണത്തില്‍ വരുത്താന്‍ അവസരം ലഭിച്ച ISIS എന്ന സംഘടന, തങ്ങള്‍ക്ക് കീഴില്‍ വന്ന സ്ഥലത്ത് ഭരണം ആരംഭിച്ചിരിക്കുന്നു. ഈ സംഘടനയുടെ നേതാവ് അബ്ദുല്ലാഹ് അബൂബക്കര്‍ അല്‍ ബഗ്ദാദി സ്വയം അമീറുല്‍ മുഅ് മിനീന്‍ (ലോക വിശ്വാസികളുടെ നേതാവ്) ആയും ഖലീഫയായും  സ്വയം അവരോധിതനായിരിക്കുന്നു. അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവിലാണ് അവിടുത്തെ (റിഖ എന്ന പ്രദേശത്തെ) കൃസ്ത്യാനികകള്‍ക്ക് ജിസ്യ നിയമാക്കിയിരിക്കുന്നത്. 

ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തരം വിശകലനങ്ങളാണ് കാണാന്‍ കഴിഞ്ഞത്. അതില്‍ ഒന്ന് മുസ്ലികളില്‍ ഒരു വിഭാഗത്തിന്റെ പക്ഷത്ത് നിന്നാണ് അവര്‍ ഇസ്ലാമിക രാഷ്ട്രീയത്തിന് നിലകൊള്ളുന്നവരോ, അതിനായി പ്രബോധനം ചെയ്യുന്നവരോ അല്ല. കൂടാതെ ഇസ്ലാമിക രാഷ്ട്രീയത്തെക്കൂടി ഉള്‍കൊള്ളുന്ന ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നതിന്റെ പേരില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നവരുമാണ് എന്നതാണ് ഇതിലെ രസകരമായ വസ്തുത. അവരുടെ അഭിപ്രായത്തില്‍ ബഗ്ദാദിയുടെത് ശരിയായ ഖിലാഫത്ത് തന്നെയാണ് അദ്ദേഹം കൊണ്ടുവന്ന നിയമം ഇസ്ലാമിന്റെതും. അതിനാല്‍ അതില്‍ വിമര്‍ശിക്കാവുന്നതായി ഒന്നുമില്ല. രണ്ടാമത്തെ വിശകലനം, ഇസ്ലാമിന്റെ വിമര്‍ശന പക്ഷത്ത് നിന്നാണ്. അതിന്റെ ഒരു സാമ്പിള്‍ ഇങ്ങനെയാണ്. 

'എന്തുകൊണ്ട് ഖിലാഫത്ത് മനുഷ്യവിരുദ്ധമാകുന്നു? ISIS ഇറാക്കിലെ കൃസ്ത്യന്‍ വിശ്വാസികള്‍ക്ക് അന്ത്യശാസനം നല്‍കിയല്ലൊ. അന്ത്യശാസനപ്രകാരം മൂന്ന് ഓപ്ഷന്‍ ആണു ഉണ്ടായിരുന്നത്. 1) ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുക. 2) ഇസ്ലാം മതം സ്വീകരിക്കുന്നില്ലെങ്കില്‍ മതം മാറാതിരുന്നതിനു ഉള്ള കപ്പം (ജിസ്യ) നല്‍കി ഒരു രണ്ടാംകിട പൌരനായി ജീവിക്കുക.3) അല്ലെങ്കില്‍ സ്വത്തും മുതലും ഉപേക്ഷിച്ചു രാജ്യം വിട്ടുപോവുക. ഇത് മൂന്നും പാലിക്കുന്നില്ലെങ്കില്‍ മരണത്തിനു തയ്യാറാവുക. ഇത് എഴുതുമ്പോള്‍ അവര്‍ നോട്ടീസ് നല്കി‍യ മൊസ്യൂളിലെ കൃസ്ത്യാനികള്‍ പലായനം ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു. '

ഇസ്ലാം വിമര്‍ശകന്‍ എന്ന നിലക്കല്ല പ്രശസ്തനായതെങ്കിലും ഇയ്യിടെയായി മറ്റാരെക്കാളും ഇസ്ലാമിക വിമര്‍ശനത്തില്‍ താല്‍പര്യം കാണിക്കുന്ന കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പോസ്റ്റില്‍ നിന്ന് എടുത്തതാണ് മേല്‍വരികള്‍. മുന്‍കടന്നുപോയ ഇസ്ലാം വിമര്‍ശകരുടെ പതിവ് ദൌര്‍ബല്യത്തില്‍നിന്ന് ഭിന്നമല്ല അദ്ദേഹവും. വാര്‍ത്തകളില്‍ തന്റെ ദുര്‍വ്യാഖ്യാനവും തെറ്റിദ്ധാരണയും  കൂട്ടിക്കലര്‍ത്തി ജനങ്ങളില്‍ കൂടുതല്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമേ ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഉപകാരപ്പെടുന്നുള്ളൂ. എന്നാല്‍ അവിടെ മറുപടി എഴുതാം എന്ന് കരുതിയാല്‍ അതിനുള്ള അവസരം ആദ്യമേ തന്നെ അത്തരം വ്യക്തികളെ ബ്ലോക്ക് ചെയ്ത് ഇല്ലാതാക്കുന്നു. ഖിലാഫത്ത് വാദിച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോഴേക്ക്, അതുതന്നെയാണ് ഖിലാഫത്ത് എന്നും അത് മനുഷ്യവിരുദ്ധമെന്നും പറയാമോ?. 

ഇസ്ലാമിക വ്യവസ്ഥിതിയെ (ഭരണകൂടത്തെ) സായുധമായി പോരാടി തകര്‍ക്കാന്‍ മുന്നോട്ട് വരുന്ന സംഘത്തിന് മുന്നില്‍ വെക്കുന്ന മൂന്ന് ഉപാധിയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. അതാണ് ക്രിസ്ത്യാനികളുടെ കാര്യത്തില്‍ ബഗ്ദാദിയുടെ വിധിയെങ്കില്‍ ഇസ്ലാമുമായിട്ടല്ല അതിന് ബന്ധം മറിച്ച് ആ ഗ്രൂപുമായിട്ട് മാത്രമാണ്. ഇസ്ലാമിക ലോകം അത് അംഗീകരിക്കുകയില്ല. 

ബഗ്ദാദിയുടെ ഖിലാഫത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വയം അവകാശപ്പെടുന്നതാണ്. ഖിലാഫത്ത് എന്ന സംജ്ഞയോട് പ്രത്യക്ഷത്തില്‍ തന്നെ വിരുദ്ധമാണവ എന്നതിനാല്‍ മുസ്ലിം ലോകത്ത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഉള്ളടക്കം ശക്തമായി പ്രബോധനം ചെയ്യുന്ന ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളടക്കം ആ ഖിലാഫത്തിനെ അംഗീകരിച്ചിട്ടില്ല. ഇത് പറയുമ്പോള്‍ തന്നെ മുകളില്‍ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി നല്‍കിയ നിയമം ബഗ്ദാദി പുറപ്പെടുവിച്ചതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അദ്ദേഹത്തിന്റേതായി പുറത്ത് വന്ന കുറിപ്പില്‍ ഈ വിധത്തിലല്ല കാര്യങ്ങള്‍ പറയുന്നത്. ഒന്നുകില്‍ കെ.പി.എസ് കളവ് പറയുന്നു. അല്ലെങ്കില്‍ കള്ളപ്രചാരണങ്ങളെ അദ്ദേഹം ഏറ്റെടുത്ത് തന്റെ മുന്‍ധാരണയും കൂട്ടി മലയാളികള്‍ക്ക് പ്രചരിപ്പിക്കുന്നുവെന്ന് കരുതേണ്ടിവരും. 

ബഗ്ദാദി, ഒരു ഇസ്ലാമിക ഭരണകൂടം അടിയന്തിര പ്രാധാന്യത്തോടെ നിര്‍വഹിക്കേണ്ട എന്തോ സല്‍കര്‍മമാണ് എന്ന രൂപേണ ക്രിസ്ത്യാനികളുടെ മേല്‍ ജിസിയ ചുമത്തി എന്നത് വസ്തുതയാണ്. കാര്യങ്ങളെ ഉള്ളതുപോലെ അവതരിപ്പിച്ച് അതിന്റെ പുറത്താണ് ചര്‍ച സംഘടിപ്പിക്കേണ്ടത്. അതാണ് സത്യസന്ധമായ നിലപാട്. എന്താണ് ബഗ്ദാദിയുടെ നിയമം. അത് ഇങ്ങനെയാണ് പറഞ്ഞു തുടങ്ങുന്നത്. 

ഇത്, വിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹ് അബുബക്കര്‍ അല്‍ ബഗ്ദാദി, റിഖയിലെ ക്രിസ്ത്യാനികള്‍ക്ക് നല്‍കുന്ന നിര്‍ഭയത്വകരാറില്‍ നിന്ന്. അത് അവര്‍ക്ക് റിഖ സംസ്ഥാനത്ത് ശരീരങ്ങളിലും സമ്പത്തിലും ചര്‍ചിലും ഇതര ആരാധനാലയത്തിലും നിര്‍ഭയത്വം നല്‍ക്കുന്നു. അവരുടെ ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടുകയില്ല, അതിനിന്ന് പൊളിച്ച് നീക്കുകയില്ല, ഒരു റൂമ് പോലും. അവരുടെ ധനത്തില്‍നിന്ന് ഒന്നും കുറവ് വരുത്തില്ല. മതത്തിന്റെ പേരില്‍ അവര്‍ വെറുക്കപ്പെടുകയില്ല. അവരില്‍ ആരും ഉപദ്രവിക്കപ്പെടുകയില്ല. 

നിയമപരമായി നല്‍കപ്പെട്ട ഈ ഭാഗം ഇസ്ലാമിന്റെ അന്തസത്തയെ ഉള്‍ക്കൊള്ളുന്നു. ഏതൊരു മതേതര രാജ്യത്തും പരമാവധി മതവിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് ഇതാണല്ലോ. ഇത്രയും അനുവദിച്ച് കിട്ടിയാല്‍ അത് പൂര്‍ണമനസ്സോടെ സംതൃപ്തിയോടെ സ്വീകരിക്കപ്പെടും മതവിശ്വാസികള്‍ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തുടര്‍ന്ന് ബഗ്ദാദി വെക്കുന്ന നിബന്ധനകള്‍ ഈ സ്വാതന്ത്ര്യത്തെ വല്ലാതെ പരിമിതപ്പെടുത്തുന്നുവെന്ന് അംഗീകരിക്കുന്നു. അതാകട്ടെ മുകളില്‍ പറഞ്ഞതിന്റെ അന്തസത്ത തന്നെ ചോര്‍ത്തിക്കളയുന്നു. അത് ബഗ്ദാദിയുടെ സ്വന്തം വകയാണ് ഇത് ഇസ്ലാമിക പ്രമാണമാണ് അതിന് അടിസ്ഥാനമാക്കിയത് എന്ന് എനിക്കറിയില്ല. പുതിയ ചര്‍ചുകളും മടങ്ങളും നിര്‍മിക്കാന്‍ പാടില്ല. നിലവിലുള്ളവ പൊളിഞ്ഞാല്‍ നന്നാക്കാന്‍ പാടില്ല. പള്ളിക്ക് പുറത്ത് ആരാധനകള്‍ നടത്താന‍് പാടില്ല. മതം പ്രചരിപ്പിക്കാന്‍ പാടില്ല. തുടങ്ങിയ നിബന്ധനകള്‍ ആരാധനാ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തില്‍ തന്നെയാണ്. അത് ഇസ്ലാമികമല്ല. യഥാര്‍ഥ ഖിലാഫത്തിന് കീഴില്‍ അത്തരം സ്വാതന്ത്ര്യങ്ങള്‍ കൂടിയുണ്ടാവും. ഉണ്ടാവണം. ചില നിബന്ധനകള്‍ സ്വാഭാവികവും ആക്ഷേപിക്കാന്‍ വകുപ്പില്ലാത്തതും മിക്കാവാറും എല്ലാ രാജ്യങ്ങളും പൌരന്‍മാര്‍ക്ക് തടയുന്നതുമാണ്. ആയുധം കൈവശം വെക്കുന്നതുള്‍പ്പെടെ. ഇതില്‍ എട്ടാമത്തെ നിബന്ധനയാണ് ജിസ്യയെക്കുറിച്ചുള്ളത്. അതിനല്‍ പറയുന്നത് ഇപ്രകാരമാണ്. 

ക്രിസ്ത്യാനികളില്‍ പ്രായപൂര്‍ത്തിയെത്തിയവര്‍ ജിസ്യ നിര്‍ബന്ധമായും അടക്കേണ്ടതുണ്ട്. നാല് സ്വര്‍ണ ദീനാറാണ് പണക്കാര്‍ നല്‍കേണ്ടത് (ഒരു ദീനാര്‍ എന്നത് 4.25 ഗ്രാം സ്വര്‍ണം ആണ്).  മധ്യവര്‍ഗത്തിന് അതിന്റെ പകുതി, പാവപ്പെട്ടവര്‍ക്ക് അതിന്റെയും പകുതി. യഥാര്‍ഥ അവസ്ഥ ആരും മറച്ചുവെക്കരുത്. വര്‍ഷത്തില്‍ രണ്ട് തവണകളായി അടക്കാം. ഇതാണ് ബഗ്ദാദി പുറത്തിറക്കിയ ഉത്തരവ്. 

ഇതേ സമയം ഇവര്‍ നിയമം സകാത്തിന്റെ കാര്യത്തിലും ബാധകമാക്കിയാല്‍ മുസ്ലിംകള്‍ക്ക് നല്‍കേണ്ടിവരിക ഇതിനേക്കാള്‍ വലിയ തുകയായിരിക്കും. ഇവിടെ ജിസ്യ സ്വര്‍ണത്തില്‍ കണക്കാക്കിയത് തന്നെ അവരുടെ പ്രമാണ വായന അക്ഷരങ്ങളിലാണ് എന്നതിന്റെ ശക്തമായ സൂചനയാണ്. 

ഇത്രയും വസ്തുതകള്‍ മുന്നില്‍വെച്ച് ഇസ്ലാമിലെ ജിസ്യ എന്താണെന്ന് പരിശോധിക്കാം. 

ജിസ് യ വസൂലാക്കാനുള്ള നിര്‍ദ്ദേശം ഖുര്‍ആന്‍ നല്‍കിയതാണ്. അതിനാല്‍ അവ മാറ്റാന്‍ പാടില്ല. ഇസ്ലാമിക ഭരണം വന്നാല്‍ ഉടനടി ചെയ്യേണ്ട കാര്യം മുസ്ലിംകളില്‍നിന്ന് സകാത്ത് പിരിച്ചെടുക്കുക. അമുസ്ലിംകളില്‍നിന്ന് ജിസ്യയും കാരണം അവരണ്ടുമാണ് ഇസ്ലാമിക വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ സാമ്പത്തിക സ്രോതസ്. അതിനാല്‍ ബഗ്ദാദി ചെയ്തതില്‍ എന്താണ് തെറ്റ് എന്ന് ചിലര്‍ ചോദിക്കുന്നു. എന്നാല്‍ അങ്ങനെതന്നെ മാത്രമേ അതിനെ കാണാന്‍ കഴിയൂ എന്നുണ്ടോ ഇല്ല എന്നാണ് ഖുര്‍ആന്‍റെ പരാമര്‍ശവും ഇസ്ലാമിക ചരിത്രവും പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുക. 

ഇസ്ലാമിക നിയമം യഥാവിധി നടപ്പാക്കുക എന്നാല്‍ 1400 ഓ 1300 കൊല്ലം മുമ്പ് നടപ്പാക്കിയ അതേ നിയമങ്ങള്‍ രാഷ്ട്രീയമായാലും കടുകിട വ്യത്യാസം കൂടാതെ നടപ്പാക്കലാണോ. ചിലര്‍ പറയും അതെ എന്ന്. എന്നാല്‍ കൂടുതല്‍ കൃത്യമായതും ഇസ്ലാമിന്റെ സാര്‍വലൌകികതയോട് ചേര്‍ന്ന് നില്‍ക്കുന്നതും അതല്ല. അന്നത്തെ അതേ ഭരണ സംവിധാനമല്ല ഇന്നത്തേത്. സാമ്രാജ്യത്വ കോളനി വല്‍കരണ കാലത്ത് സ്വീകാര്യമായത് ഇന്ന് സ്വീകാര്യമല്ല. സൂറത്തുതൌബയിലാണ് ജിസ്യയെക്കുറിച്ച ഏക പരാമര്‍ശമുള്ളത്. റോമന്‍ സാമ്രാജ്യത്വവുമായി നടത്തിയ ഏറ്റുമുട്ടലിന്റെ പശ്ചാതലത്തില്‍ ക്രൈസ്തവരുമായുള്ള യുദ്ധപരാമര്‍ശങ്ങളോടനുബന്ധിച്ചാണ് അത് വന്നിട്ടുള്ളത്. 

രൂപപ്പെട്ടുവന്ന ഇസ്ലാമിക വ്യവസ്ഥിതിയെ തകര്‍ക്കാന്‍ യുദ്ധത്തിന് വന്ന റോമക്കാരോട് യുദ്ധത്തിലും അതിന് ശേഷവും അനുവര്‍ത്തിക്കേണ്ടവിധം ആണ് അതിലെ മുഖ്യപ്രമേയം. ആ ഭാഗത്ത് മൌദൂദി നല്‍കിയ വിശദീകരണം അതേ സന്ദര്‍ഭത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് എന്ന് വേണം അനുമാനിക്കാന്‍. അവിടെ ജിസ്യ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത് എന്തോ ചെയ്തുകൂടാത്ത ഒരു പാതകമായി അവതരിപ്പിക്കുന്ന ശൈലിയെയാകണം അദ്ദേഹം അപകര്‍ശതാബോധമായി കണ്ടിട്ടുണ്ടാവുക. അന്നത്തെ അവസ്ഥയില്‍ പ്രവാചകനും ഖലീഫമാരും ഈടാക്കിയ ജിസ്യ ഇന്നത്തെ ടാക്സ് സംവിധാനത്തിന്റെ മറ്റൊരു രൂപം മാത്രമേ ആകുന്നുള്ളൂ. രാഷ്ട്രത്തിനോട് യുദ്ധത്തിന് തയ്യാറായിവരുന്നവര്‍ ആധുനിക രാഷ്ട്രസംവിധാനത്തില്‍ മാപര്‍ഹിക്കാത്ത കുറ്റകൃത്യമാണ്. എന്നാല്‍ പഴയ ഇസ്ലാമിക വ്യവസ്ഥയില്‍ ജിസ്യ നല്‍കാന്‍ സന്നദ്ധമാകുന്നതോടെ അവന്‍ കുറ്റമുക്തനാക്കപ്പെടുന്നു. അത് അവന്റെ വിധേയത്വത്തിനുള്ള തെളിവായി ഗണിക്കപ്പെടുന്നു.  

ആധുനിക രാഷ്ട്രസംവിധാനത്തില്‍  എല്ലാ പൌരന്‍മാരും സൈനിക സേവനം ചെയ്യുമെന്നതിനാല്‍ അത്തരം ഒരു വേര്‍ത്തിരിവിന്റെ ആവശ്യം വരുന്നില്ല. രാഷ്ട്രത്തിന്റെ വരുമാനം എന്ന നിലയില്‍ ടാക്സ് ചുമത്തി പൊരന്‍മാര്‍ തമ്മിലുള്ള വേര്‍ത്തിരിവ് അവസാനിപ്പിക്കാം. ജിസ്യ ചുമത്തിയത് അവര്‍ക്ക് വേണ്ട സൈനിക സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന നിലക്ക് കൂടിയാണ്. ഇക്കാലത്ത് അതുകൊണ്ടുതന്നെ ജിസ്യ ഒരു അനാവശ്യമാണ്. ആധുനിക ഇസ്ലാമിക പണ്ഡിതരില്‍ ഇത്തരം ഒരു അഭിപ്രായം വളരെ ശക്തമാണ്. ശരീഅത്തിന്റെ നിയമങ്ങള്‍ അക്ഷരങ്ങളിലുള്ളത് പോലെ നടപ്പാക്കുന്നതിനല്ല. മഖാസിദു ശരീഅ (ശരീഅത്ത് നടപ്പില്‍വരുന്നതുന്നതിന്റെ ഉദ്ദേശ്യം)ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കുന്നത്. 

ഈ നിഗമനത്തിലേക്ക് നയിക്കുന്ന ചില ചരിത്ര യാഥാര്‍ഥ്യങ്ങളെ നേരത്തെ ഞാന്‍ നല്‍കിയത് ഇവിടെ എടുത്ത് ചേര്‍ക്കുന്നു. 


ആരെങ്കിലും മുസ്ലിംകളെപ്പോലെ സകാത്ത് നല്‍കാന്‍ സ്വയം സന്നദ്ധമായി മുന്നോട്ടു വരികയാണെങ്കില്‍ അവരെ ഇസ്ലാമിക രാഷ്ട്രം ജിസ് യ യില്‍നിന്ന് ഒഴിവാക്കുന്നതാണ്. ചരിത്രത്തിലിതിന് ഏറെ ഉദാഹരണങ്ങള്‍ കാണാം. ഒന്നിവിടെ ഉദ്ധരിക്കാം: സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അവരോട് (തഗ്ലിബ് ഗോത്രം) അമുസ്ലിം ഗോത്രങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിനു പകരമായി ചുമത്തുന്ന കരം- ജിസ് യ- അടക്കാനും അദ്ദേഹം (ഉമറുല്‍ ഫാറൂഖ്) ആവശ്യപ്പെട്ടു. എന്നാല്‍ ജിസ് യ കൊടുക്കുന്നത് അപമാനമായി കരുതിയ തഗ്ലിബ് ഗോത്രം തങ്ങളെ മുസ്ലിംകളെപ്പോലെ നികുതി (സകാത്ത്) അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഖലീഫ അതനുവദിക്കുകയും അവര്‍ മുസ്ലിംകളെപ്പോലെ ജിസ് യയുടെ ഇരട്ടി വരുന്ന സംഖ്യ ഖജനാവിലേക്കടക്കുകയും ചെയ്തു'' (ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 62).


ഇസ്ലാമികരാഷ്ട്രത്തിലെ മുഴുവന്‍ പൌരന്മാരെയും സംരക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. അതിനാല്‍ മുസ്ലിംകളുടെ മാത്രമല്ല, അമുസ്ലിംകളുടെയും ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ നിര്‍ബന്ധ സൈനികസേവനം നിര്‍വഹിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരായിരുന്നു. ഈ വിധം സംരക്ഷണം ഉറപ്പു നല്‍കുന്നതിനും പട്ടാളസേവനത്തില്‍നിന്ന് ഒഴിവാക്കുന്നതിനും പകരമായാണ് അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നത്. സൈനികസേവനത്തിന് അക്കാലത്ത് ശമ്പളമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. എപ്പോഴെങ്കിലും രാജ്യനിവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് സാധിക്കാതെ വന്നാല്‍ ജിസ് യ തിരിച്ചുനല്‍കുക പതിവായിരുന്നു. അപ്രകാരം തന്നെ സൈനികസേവനത്തിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെയും ജിസ് യ യില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "ചിലര്‍ നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ മുസ്ലിം വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായി ക്രൈസ്തവരുടെ മേല്‍ ചുമത്തപ്പെടുന്നതല്ല ഈ നികുതി. എല്ലാ അമുസ്ലിം പൌരന്മാരും അടക്കേണ്ടതായിരുന്നു അത്. മതപരമായ കാരണങ്ങളാല്‍ നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. മുസ്ലിംകള്‍ നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായാണ് അവര്‍ ജിസ് യ കൊടുക്കേണ്ടി വന്നത്....



"തുര്‍ക്കീ ഭരണകാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്ത്യാനികളും ജിസ് യ യില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി കാണാം. കൊറിന്‍ത് കരയിടുക്കിലേക്ക് നയിക്കുന്ന സിത്തിറോണ്‍, ഗറാനിയ ചുരങ്ങള്‍ കാക്കാന്‍ ഒരു സംഘം സായുധരെ നല്‍കാമെന്ന വ്യവസ്ഥയില്‍ അല്‍ബേനിയന്‍ ക്രൈസ്തവവര്‍ഗമായ മെഗാരികളെ തുര്‍ക്കികള്‍ ജിസ് യ യില്‍നിന്ന് ഒഴിവാക്കിയിരുന്നു. തുര്‍ക്കീ സൈന്യത്തിന്റെ മുമ്പേ പോയി നിരത്തുകളും പാലങ്ങളും നന്നാക്കിയിരുന്ന ക്രിസ്തീയ സംഘത്തില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ലെന്നു മാത്രമല്ല, കരം വാങ്ങാതെ അവര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുകകൂടി ചെയ്തിരുന്നു. ഹൈസ്രയിലെ ക്രിസ്ത്യാനികള്‍ സുല്‍ത്താന് ജിസ് യ നല്‍കിയിരുന്നില്ല. പകരമായി അവര്‍ 250 ദൃഢഗാത്രരായ നാവികരെ തുര്‍ക്കിപ്പടക്കു നല്‍കി.



"ആര്‍മത്തോളി എന്നു വിളിക്കപ്പെടുന്ന തെക്കന്‍ റുമാനിയക്കാരാണ് പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ തുര്‍ക്കി സൈന്യത്തില്‍ മുഖ്യഘടകമായിരുന്നത്. സ്കൂട്ടാരിക്കു വടക്കുള്ള പര്‍വതനിരകളില്‍ വസിച്ചിരുന്ന മിര്‍ദികള്‍ എന്ന അല്‍ബേനിയന്‍ കത്തോലിക്കര്‍ കരത്തില്‍നിന്നൊഴിവാക്കപ്പെട്ടിരുന്നു. യുദ്ധവേളയില്‍ സായുധ സംഘത്തെ നല്‍കാമെന്നായിരുന്നു അവരുടെ പ്രതിജ്ഞ. അതേപോലെ ഗ്രീക്ക് ക്രിസ്ത്യാനികളെയും ജിസ് യ യില്‍നിന്നൊഴിവാക്കി. കോണ്‍സ്റാന്റിനോപ്പിളിലേക്ക് ശുദ്ധജലം കൊണ്ടുവന്നിരുന്ന കല്‍ക്കുഴലുകള്‍ അവരായിരുന്നു സംരക്ഷിച്ചിരുന്നത്. നഗരത്തിലെ വെടിമരുന്നുശാലക്ക് കാവലിരുന്നവരേയും കരത്തില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, ഈജിപ്തിലെ ഗ്രാമീണ കര്‍ഷകര്‍ സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അവരുടെ മേല്‍ ക്രിസ്ത്യാനികളെപ്പോലെ കരം ചുമത്തുകയും ചെയ്തു.''(സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 73-76).


നബിതിരുമേനിയുടെ കാലത്ത് മദീനയിലെ അമുസ്ലിം വിഭാഗങ്ങള്‍ രാഷ്ട്രത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നതിനാല്‍ അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ല. 

ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ചാണ്, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള തുര്‍ക്കി പോലുള്ള രാജ്യങ്ങളില്‍ ജിസ്യ ഈടാക്കാത്തത്. മൌദൂദി അദ്ദേഹത്തിന്റെ പ്രവര്‍ത്തനഭൂമികയായി തെരെഞ്ഞെടുത്ത പാകിസ്ഥാനിലും ഇത്തരം ഒരു നിയമം കൊണ്ടുവരാന്‍ പ്രക്ഷോഭമോ ആവശ്യമോ നടത്തിയത് നാം കണ്ടിട്ടുമില്ല.  ഇത് ക്ഷമാപണ മനസ്ഥിതിയോ അപകര്‍ഷതാ ബോധമോ ഉള്ളതുകൊണ്ടല്ല. എന്നാല്‍ ഇത്തരം കാര്യങ്ങളെയൊക്കെ അവഗണിച്ച് ഇസ്ലാം എന്നാല്‍ മുസ്ലിംകളല്ലാത്ത മറ്റെല്ലാ മതങ്ങളോടും എതിര്‍പ്പുള്ള എന്തോ ആണെന്നും അവരോടൊക്കെ പരമാവധി അകല്‍ചയും  വെറുപ്പും കാണിക്കലാണ് അതിന്റെ അടിസ്ഥാനമെന്നും. എടങ്ങേറാക്കി അവരെ എങ്ങനെയെങ്കിലുമൊക്കെ ഇസ്ലാം സ്വീകരിപ്പിക്കലാണ് മുസ്ലിംകളുടെ കടമയെന്നും കരുതുന്നവരെ അവരുടെ പാട്ടിന് വിടണം. കാരണം ഏത് രൂപത്തിലും ചിന്തിക്കാനും വിശ്വസിക്കാനുമുള്ള സ്വതന്ത്ര്യം അവര്‍ക്കുമുണ്ടല്ലോ. 

4 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ബ്ലോഗുകള്‍ വായനക്ക് മാത്രമായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. ഫെയ്സ് ബുക്കിന്റെ സ്വാധീനത്താല്‍ ബ്ലോഗ് ചര്‍ചയില്‍ പ്രതികരിക്കുന്നത് കുറവാണ്. എന്നാല്‍ ഫെയ്സ് ബുക്ക് ചര്‍ചകള്‍ക്കാകട്ടെ നിമിഷങ്ങളുടെ അയുസേ പലപ്പോഴും ഉണ്ടാവാറുള്ളൂ. ഈ ബ്ലോഗ് പോസ്റ്റ് വായിച്ച് ഫെയ്സ് ബുക്കിലൂടെ വന്ന ചില ചോദ്യങ്ങള്‍ സ്വാഭാവികമായി ഉണ്ടാവുന്നതാണ് എന്ന നിലക്ക് ഇവിടെ എടുത്ത് ചേര്‍ക്കുന്നു.

CKLatheef പറഞ്ഞു...

1. ലേഖനത്തില്‍ മുഴുവന്‍ പരിഭാഷ നല്‍കിയത് വളരെ നന്നായി.ഞാന്‍ ആദ്യമായാണ്‌ അതിന്റെ ഫുള്‍ ടെക്സ്റ്റ് മനസ്സിലാക്കുന്നത്..

തിരുത്തുകള്‍ സ്വീകരിക്കും എന്ന് പറഞ്ഞത് കൊണ്ട് പറയട്ടെ..

ഖുര്‍ആനില്‍ വ്യക്തമായും നിഷ്കര്‍ഷിച്ചിട്ടുള്ള ഒരു കാര്യത്തിന് ചികച്ചും വിപരീതമായ ഒരു നിലപാട് നാം എടുക്കണമെങ്കില്‍ കുറഞ്ഞപക്ഷം വ്യക്തമായ പ്രാമാണികമായ ന്യായീകരണങ്ങള്‍ വേണ്ടതില്ലേ ?
-------------------------



ഇതില്‍ പറഞ്ഞ ന്യായപ്രകാരം ആണെങ്കില്‍ നമുക്ക് നമസ്ക്കാരം വരെ ആധുനിക കാലത്ത് ആവശ്യമില്ലാത്ത ഒന്നായി പറയാം. അന്നത്തെ കാലത്ത് വിശ്വാസപരമായും അച്ചടക്കത്തിന്റെ ഭാഗമായും അനിവാര്യമായിരുന്നു നമസ്കാരം എന്നും ഇന്നത്തെ കാലഖട്ടത്ത്തില്‍ അതിന്റെ ആവശ്യക ഇല്ല എന്നും, ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും കാലാനുസൃതം അല്ലാ എന്നും വരെ നമുക്ക് വാദിക്കാം. അല്ലാഹുവിനു നമ്മുടെ നമസ്കാരം കിട്ടിയിട്ടുണ്ട് വേണ്ട കാര്യങ്ങള്‍ നീക്കാന്‍ എന്നും നമുക്ക് ത്വാത്വീകരിക്കാന്‍ കഴിയില്ലേ ?

പ്രാവാചക മോഡലിനെക്കള്‍ ഉര്ടുഗാന്‍ മോഡല്‍ നാം സ്വീകരിക്കണമെങ്കില്‍ സമര്‍തിച്ച ന്യായീകരണങ്ങള്‍ പോരാ എന്നാണു എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായം..
-------------------------

ഖിലാഫത്ത് എന്താണ് ?. എന്തിനാണ് ? എന്ന ചര്‍ച ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. അതിലെ നേരിയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ചാല്‍ പൊതുവെ അംഗീകരിക്കുന്ന ഒരു വസ്തുത. ഖിലാഫത്ത് എന്ന രൂപത്തില്‍ ഉണ്ടാവുന്ന ഒന്ന് പ്രവാചകമാതൃകയില്‍ സച്ചരിതരായ ഖലീഫമാരെ പിന്തുടര്‍ന്ന് വരുന്ന, ഇസ്ലാമിക പ്രമാണങ്ങളോട് തികച്ചും നീതി പുലര്‍ത്തുന്ന ഒന്നായിരിക്കണം ഖിലാഫത്ത് എന്നതാണ്. ഖിലാഫത്ത് എന്നതിന് പ്രാതിനിധ്യം എന്നര്‍ഥം നല്‍കിയാലും പിന്‍ഗാമി എന്നര്‍ഥം നല്‍കിയാലും അതാണ് ഉദ്ദേശിക്കപ്പെടുന്നത്.

ഇസ്ലാമിലെ നിയമങ്ങള്‍ മനുഷ്യന് വേണ്ടിയുള്ളതാണ്. രാഷ്ട്രീയ നിയമങ്ങളാകട്ടെ, മനുഷ്യന്റെ ഭൌതികമായ ക്ഷേമവും സുരക്ഷിതത്വവും പരിഗണിച്ചുള്ളതും. ദൈവത്തിന്റെതായ കുറേ നിയമങ്ങള്‍ എങ്ങനെയെങ്കിലും മനുഷ്യരുടെ മേല്‍ നടപ്പാക്കി അതിന്റെ ശതമാനക്കണക്ക് നോക്കി രാഷ്ട്രീയം ഇത്ര ശതമാനം ഇസ്ലാമികം എന്ന് തീരുമാനിക്കാനാവില്ല.

ആധുനിക യുഗത്തില്‍ ഒരു രാഷ്ട്രം പൌരന്മ‍ാര്‍ക്ക് ചെയ്തുകൊടുക്കേണ്ട സേവനങ്ങള്‍ മുമ്പത്തെ പോലെ, രണ്ടര ശതമാനം സാക്കാത്ത് വസൂലാക്കിയോ ജിസ് യ ഈടാക്കിയോ നിര്‍വഹിക്കാവുന്നതിലുമെത്രയോ ഉപരിയാണ്. റോഡുകള്‍, പാലങ്ങള്‍, യാത്രാവാഹനങ്ങള്‍, വിദ്യാഭ്യാസ സൌകര്യങ്ങള്‍, ആശുപത്രികള്‍, പ്രതിരോധ ആയുദ്ധങ്ങള്‍ എന്നിവ. അങ്ങനെ വരുമ്പോള്‍ ഇന്ന് പല മുസ്ലിം രാജ്യങ്ങളും ചെയ്യുന്നത് പോലെ അവയ്കല്ലാം ടാക്സിനെ അവലംബിക്കേണ്ടിവരും. ഈ ടാക്സ് അടക്കാന്‍ ഭരണകൂടത്തിലെ ഏല്ലാ പൌരന്മാരും ബാധ്യസ്ഥരാണ്. അതില്‍ മത വേര്‍ത്തിരിവില്ല. മതമല്ല പൌരത്വത്തിന്റെ അടിസ്ഥാനം മറിച്ച് ആ രാജ്യത്ത് താമസിക്കുന്നവനാകുക എന്നതാണ്. ഖുര്‍ആന്‍ ഇതിനെ പിന്തുണക്കുന്നു.

ജിസ്യ വാങ്ങണോ വേണ്ടേ എന്നത് ഒരു ഭരണകൂടത്തിന് സ്വാതന്ത്ര്യമുള്ള ഒരു രാഷ്ട്രീയ നിയമമാണ്. ഇപ്പോള്‍ ബഗ്ദാദി ഇപ്പോള്‍ വെച്ച നിബന്ധന ഖുര്‍ആനിന്റെ അനുശാസനയാണ് എന്ന് പറയാന്‍ കഴിയില്ല. കാരണം ഖുര്‍ആന്‍ ആ വ്യവസ്ഥ വെച്ചത് സംഘടനത്തില്‍ ഏര്‍പ്പെട്ട ഒരു വിഭാഗത്തോടാണ്. എന്നാല്‍ ബഗ്ദാദി ഒരു നാട്ടില്‍ വര്‍ഷങ്ങളായി സമാധാനത്തോടെ കഴിഞ്ഞുവരുന്ന പൌരന്‍മാരോട് തികച്ചും ശത്രുസൈന്യത്തോടെന്ന പോലെ മതം മാറുക, അല്ലെങ്കില്‍ ജിസ് യ നല്‍കുക, അതുമല്ലെങ്കില്‍ മരിക്കാന്‍ സന്നദ്ധമാകുക എന്ന നിലക്ക് നിയമം പാസാക്കിയിട്ടുണ്ടെങ്കില്‍ അത് ഒരു അവിവേകിയുടെ ജല്‍പനത്തില്‍ കവിഞ്ഞ വിലയും അതിനില്ല.

ബഗ്ദാദിയെ തള്ളേണ്ടിവരുന്നത് അദ്ദേഹം ഖുര്‍ആനില്‍ പറഞ്ഞ പോലെ നിലപാട് എടുത്തതിന്റെ പേരില്ല. നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് യാഥാവിധി അതിനെ സ്വീകരിക്കാത്തതിന്റെ പേരിലാണ്.

CKLatheef പറഞ്ഞു...

2. സൈന്യത്തില്‍ സഹായിക്കുകയും മറ്റും ചെയ്യുനന്വരില്‍ നിന്ന് ജിസിയ വാങ്ങാതിരിക്കുന്നതിനു ലത്തീഫ് സാഹിബ് പറഞ്ഞ പോലെ തെളിവുകള്‍ ഉണ്ട്, പക്ഷെ അത് ജിസിയ തന്നെ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള ഒരു ബ്ലാങ്കറ്റ് സ്റ്റെമെന്റ്റ്‌ ആയി നമുക്ക് എടുക്കാന്‍ ആകുമോ ?
---------------------

ഇറാഖ് ഭരണകൂടത്തില്‍നിന്നും സിറിയയുടെ ഭരണതലത്തില്‍നിന്നും കടുത്ത പാര്‍ശ്വവല്‍ക്കരണം അനുഭവിച്ച സലഫി സുന്നികളുടെ ചെറുത്ത് നില്‍പ്പ് താല്‍കാലിക വിജയം കണ്ടതാണീ ISIS എന്നാണ് നമുക്ക് ലഭ്യമായ വിവരം. അതുകൊണ്ടുതന്നെ അല്‍പം കൂടി തീവ്രമായ ഒരു സൌദിഭരണശൈലി കര്‍ക്കശമായി നടപ്പാക്കുന്നതില്‍ കവിഞ്ഞ് ഇവിടെ നാം പുതുതായി ഒന്നും കാണുന്നില്ല. ഈ സംഘടനയെ സംബന്ധിച്ച് പാശ്ചാത്യന്‍മീഡിയ അവരുടെ താല്‍പര്യപ്രകാരം പലതും പ്രചരിപ്പിക്കുന്നുണ്ടാവും. അവയെ അവഗണിച്ച് അവരുടെ തന്നെ വീഡിയോകളും മറ്റും നല്‍കുന്ന വിവരങ്ങള്‍ പരിഗണിച്ചാണ് ഇവിടെ വിലയിരുത്തുന്നത്.

ഇതല്ല മുസ്ലിം ലോകം ഖിലാഫത്തിനെക്കുറിച്ച് പുലര്‍ത്തുന്ന സങ്കല്‍പം. ഒരു സായുധ സംഘം രംഗത്ത് വന്ന തങ്ങളെയും തങ്ങളുടെ നേതാവിനെയും ലോകമുസ്ലിംകളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നതിന്റെ പേരല്ല ഖിലാഫത്ത്. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളും അവരുടെ നായകരും ഖിലാഫത്തിനെ സംബന്ധിച്ച് വിശദമായ ചര്‍ചകള്‍ നടത്തിയിട്ടുണ്ട്. അതിന്റെ പൂര്‍ണമായ നിരാകരണമാണ് ബഗ്ദാദിയിലും അദ്ദേഹത്തിന്റെ തീവ്രസായുധ പോരാട്ട ഗ്രൂപിലും നാം കണ്ടത്. അതുകൊണ്ടാണ് ഈ ഖിലാഫത്തിനെ തള്ളിക്കളയാന്‍ അത്തരക്കാര്‍ക്ക് അല്‍പം പോലും വൈമനസ്യം തോന്നാതിരിക്കുന്നത്. എന്നാല്‍ കൊടിയില്‍ നബിയുടെ മോതരിത്തിന്റെ ചിഹ്നവും കറുത്ത കോടിയും പേരില്‍ ഇസ്ലാമിക രാഷ്ട്രവും നേതാവിന് ഖലീഫ സ്ഥാനവുമൊക്കെയായപ്പോള്‍ ചിലര്‍ അമ്പരക്കുകയാണ്. ഇതെങ്ങാനും പ്രവാചകന്‍ അന്ത്യദിനത്തോട് അനുബന്ധിച്ച് നിലവില്‍ വരും എന്ന് പ്രവചിച്ച ഖിലാഫത്തെങ്ങാന്‍ ആയാലോ എന്ന് പേടിച്ച്.

ഈസാനബിക്ക് നിര്‍ത്തലാക്കാന്‍ ഒരു ജിസ്യ ഇവിടെ നിലനില്‍ക്കേണ്ടതുണ്ട് എന്നതാണ് ചോദ്യത്തിന്റെ മര്‍മം. ചിലപ്പോള്‍ ശരിയായിരിക്കാം അന്യായമായി ഇദ്ദേഹം കെട്ടിയേല്‍പിച്ച ജിസ്യ നിര്‍ത്തലാക്കാന്‍ ഇനി ഒരു പക്ഷെ ഈസാനബി ആഗതനാകേണ്ടി വരും.

ഒരു നിയമം നിര്‍ത്തലാക്കണോ അല്ലേ എന്നതല്ല ഇതിലെ പ്രശ്നം. ഇതുപോലെ ജിസ്യ പാവപ്പെട്ടവര്‍ക്കടക്കം നിബന്ധനയാക്കി, നേര്‍ക്ക് ശ്വാസം വിട്ടാല്‍ പോലും ജീവന്‍ പോകുമെന്ന് തോന്നുന്ന ഒരു പരിതസ്ഥിതിയുണ്ടാക്കി ക്രൈസ്തവരെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നത്, ലോകര്‍ക്കായി അവതരിച്ച ഇസ്ലാമിന് ഭൂഷണമല്ല എന്നതാണ്.

CKLatheef പറഞ്ഞു...

ഇതില്‍ പറഞ്ഞ ന്യായപ്രകാരം ആണെങ്കില്‍ നമുക്ക് നമസ്ക്കാരം വരെ ആധുനിക കാലത്ത് ആവശ്യമില്ലാത്ത ഒന്നായി പറയാം. അന്നത്തെ കാലത്ത് വിശ്വാസപരമായും അച്ചടക്കത്തിന്റെ ഭാഗമായും അനിവാര്യമായിരുന്നു നമസ്കാരം എന്നും ഇന്നത്തെ കാലഖട്ടത്ത്തില്‍ അതിന്റെ ആവശ്യക ഇല്ല എന്നും, ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും കാലാനുസൃതം അല്ലാ എന്നും വരെ നമുക്ക് വാദിക്കാം. അല്ലാഹുവിനു നമ്മുടെ നമസ്കാരം കിട്ടിയിട്ടുണ്ട് വേണ്ട കാര്യങ്ങള്‍ നീക്കാന്‍ എന്നും നമുക്ക് ത്വാത്വീകരിക്കാന്‍ കഴിയില്ലേ ?

പ്രാവാചക മോഡലിനെക്കള്‍ ഉര്ടുഗാന്‍ മോഡല്‍ നാം സ്വീകരിക്കണമെങ്കില്‍ സമര്‍തിച്ച ന്യായീകരണങ്ങള്‍ പോരാ എന്നാണു എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായം..
----------------------

വ്യക്തിയുടെ സംസ്കരണത്തിനും ആത്മീയമായ ഉന്നതിക്കും സമൂഹത്തിന്റെ ക്ഷേമത്തിനും അല്ലാഹു നിശ്ചയിച്ച ആരാധനാകര്‍മങ്ങളിലൊന്നാണ് നമസ്കാരം. സൂക്ഷമായി പരിശോധിച്ചാല്‍ അവയില്‍ പോലും സ്വാഭാവിക സാഹചര്യങ്ങളില്‍നിന്ന് മാറുമ്പോള്‍ അവയ്കിണങ്ങുന്ന ഒരു രൂപം അല്ലാഹു തന്നെ കാണിച്ചുതന്നിട്ടുണ്ട്. ഭയപ്പാടിന്റെ സമയത്തെ നമസ്കാരം. അതേ പ്രകാരം യാത്രക്കാരനും രോഗിക്കും ഉള്ള നമസ്കാരം. എന്നാല്‍ ഇതേക്കാള്‍ വിശാലമാണ് രാഷ്ട്രീയ നിയമങ്ങള്‍, ഇസ്ലാമിനെ കേവലം ആചാരവും മതവുമായി കാണുന്നവര്‍ക്ക് താല്‍പര്യം കാര്യങ്ങളെ അതിന്റെ അക്ഷരങ്ങളില്‍ നടപ്പാക്കാനായിരിക്കും. എന്നാല്‍ ഇസ്ലാമിനെ ഒരു ജീവിത ദര്‍ശനമായും മനുഷ്യരുടെ തന്നെ ക്ഷേമത്തിനായും കാണുന്നവര്‍ക്ക് അതിന്റെ ആരാധനകളും നിയമങ്ങളും കേവല അക്ഷരങ്ങളല്ല. മഹത്തായ ലക്ഷ്യം സാധിക്കുന്ന മാര്‍ഗങ്ങളാണ്. ഇന്ന് കാണുന്ന ആധുനിക മുസ്ലിം ഭരണകൂടങ്ങളൊന്നും ജിസ്യ വാങ്ങുന്നില്ല. അതിന്റെ പേരില്‍ ആ നാട്ടിലെയോ പുറം നാട്ടിലെയോ ഒരു ഇസ്ലാമിക പണ്ഡിതനും അവരെ ആക്ഷേപിക്കുന്നില്ല. അതുകൊണ്ട് നമസ്കാരം ഉപേക്ഷിക്കുന്നത് പോലെ തന്നെയാണ് ജിസ്യ നടപ്പാക്കാതരിക്കുന്നത് എന്ന വാദത്തിന് യാതൊരു പിന്‍ബലവും യുക്തിയും ഇല്ല.

ഇസ്ലാമിക രാഷ്ട്ര സംവിധനത്തിന് ഒരൊറ്റ രൂപം മാത്രം നിര്‍ണയിച്ച് അതിനപ്പുറം സ്വീകരിക്കരുത് എന്ന വിലക്ക് പ്രവാചകന്‍ നല്‍കിയിട്ടില്ല. മാത്രമല്ല പ്രയോഗികമായി ഖലീഫമാര്‍ അതിന് കുറേകൂടി വിശാലമായ ഒരു മാതൃക അവതരിപ്പിക്കുകയും ചെയ്തു. അതിനാല്‍ ഇന്ന രൂപത്തിലായാലേ ഇസ്ലാമിക ഭരണമാവൂ എന്നില്ല. അതിനാല്‍ പ്രവാചക മോഡല്‍ ഉര്‍ദുഗാന്‍മോഡല്‍ എന്ന തരം തിരിവ് തന്നെ ഇക്കാര്യത്തില്‍ അസംബന്ധമാണ്. ഉര്‍ദുഗാന്‍ പശ്ചാതലത്തിലാണ് മുഹമ്മദ് നബി (സ) ഉണ്ടായിരുന്നെതെങ്കില്‍ അദ്ദേഹവും ഈ രൂപം സ്വീകരിക്കുമായിരുന്നുവെന്നാണ് എന്റെ വിശ്വാസം. ബഗ്ദാദിയുടെ മോഡല്‍ അസ്വീകാര്യമാകുന്നത് അതില്‍ ഇസ്ലാമിന്റെ സമഭാവനയെയും നന്മയെയും പൂര്‍ണമായി അവഗണിക്കുന്നുവെന്നത് കൊണ്ടാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review