2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

ബഹുദൈവവിശ്വാസികളെ വധിക്കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ടോ ?

'ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടേടത്ത് വെച്ച് കൊന്നുകളയുക.' എന്നൊരു കല്‍പന മുസ്ലിംകളോടായി ഖുര്‍ആനിലുണ്ടോ ?. ഉണ്ടെങ്കില്‍ ഈ കല്‍പന നടപ്പാക്കുന്നതില്‍ എന്തുകൊണ്ടാണ് മുസ്ലിം ഭരണാധികാരികളും മുസ്ലിം ബഹുജനങ്ങളും വിമുഖത കാണിക്കുന്നത് ? അവര്‍ ദൈവത്തെയല്ലാതെ ആരെയങ്കിലും ഭയപ്പെടുന്നതുകൊണ്ടാണോ ?. ഇങ്ങനെ ആളുകളെ ഭയന്നു ഖുര്‍ആനിന്റെ കല്‍പനകളില്‍നിന്ന് മാറിനില്‍ക്കുന്നവരാണോ മുസ്ലിംകള്‍ ?. കുറച്ചുപേര്‍ അങ്ങനെയൊക്കെ ഉണ്ടാകാമെങ്കിലും മുഴുവനാളുകളും അത്തരക്കാരാവുമോ?. ദൈവത്തെ മാത്രം ഭയപ്പെടുന്നുവെന്നത് ഒരു മഹത്വമായി പറയുന്നവര്‍ ഇങ്ങനെ ചില കല്‍പനങ്ങള്‍ അനുസരിക്കുകയും ചിലത് പാടെ അവഗണിക്കുകയും ചെയ്യുന്നുവെന്നത് വൈരുദ്ധ്യമല്ലേ ?.

യുക്തിവാദികളെന്ന് പറയുന്നവരും, അവരുടെ ഗ്രൂപ്പുകളില്‍ ചേകേറിയ ഫാസിസ്റ്റ് ചിന്താഗതിക്കാരും ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഒരു സൂക്തമാണ് അത് എന്നകാര്യത്തില്‍ സംശയമില്ല. എത്ര വ്യാപകമായി പ്രചരിപ്പിച്ചാലും അതോടൊപ്പം മുകളില്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാത്തിടത്തോളം മറ്റൊരു വിശദീകരണവും ഇല്ലാതെ തന്നെ ഈ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ് എന്ന് അത് സ്വയം സാക്ഷ്യം വഹിക്കുന്നുണ്ട്.

ഈ സൂക്തം മുസ്ലികളോടുള്ള പൊതുവായ അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അതിനര്‍ഥം. 99.99 ശതമാനം മുസ്ലിംകളും ഖുര്‍ആനില്‍ നിര്‍ബന്ധപൂര്‍വ്വം അവരോട് കല്‍പിച്ചതുപോലും അവര്‍ നിര്‍വഹിക്കുന്നില്ല എന്നാണ്. എങ്കില്‍ ഖുര്‍ആനിലെ ഇത്തരം സൂക്തം പറഞ്ഞുകൊണ്ട് ഇതരമതസ്ഥരുടെ ഇടയില്‍ ഭീതിവിതക്കുന്നതിലും യാതൊരു കാര്യവുമില്ല. ഭഗവത്ഗീതയിലുള്ളതോ മറ്റു വേദങ്ങളിലുള്ളതോ ആയ കല്‍പനകളും സൂക്തങ്ങളും വെച്ച് ആരും ആരെയും പേടിപ്പിക്കാത്തതുപോലെ ഇക്കാര്യവും അവഗണിക്കാവുന്നതേയുള്ളൂ.

എന്നാല്‍ മുസ്ലിംകള്‍ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്തവരാണ് എന്നത് വാദത്തിന് വേണ്ടിപോലും ആരും സ്വീകരിക്കുകയില്ല. അതിന്റെ കടുത്ത ശത്രുക്കള്‍ക്ക് പോലും വാദമുള്ളത്. അവര്‍ പഴയ പുത്തകത്തിലുള്ളത് അതുപോലെ ജീവിതത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. അപ്പോള്‍ പിന്നെ ഈ കല്‍പന. അതെ അതേക്കുറിച്ച് തന്നെയാണ് പറയാനുദ്ദേശിക്കുന്നത്. അതിന് മുമ്പ് ആരാണ് മുസ്ലിം എന്നതിന് നല്‍കപ്പെടുന്ന മറുപടി എന്തെന്ന് നോക്കാം. വിശുദ്ധഖുര്‍ആനും അതിന്റെ വിശദീകരണമായി വന്ന പ്രവാചക ചര്യയും മനസ്സാവാചാകര്‍മണാ അംഗീകരിക്കുന്നവനെയാണ് മുസ്ലിം എന്ന് പറയുക. മനസുകൊണ്ട് അംഗീകരിച്ച് വാക്കിലോ കര്‍മത്തിലോ അത് കൊണ്ടുവരാത്തവന്‍ ഇസ്ലാമിന്റെ ഭാഷയില്‍ കുറ്റവാളിയാണ്. ഇനി മനസുകൊണ്ടംഗീകരിക്കാതെ വാക്കിലോ പ്രവര്‍ത്തനത്തിലോ അത് ചെയ്യുന്നുവെങ്കില്‍ അവന്‍ കപടനാണ്.

അതുകൊണ്ട് മുസ്ലികളെല്ലാരും കപടന്മാരാണ് എന്ന് അംഗീകരിക്കുന്നിനേക്കാള്‍ യുക്തിസഹമായിട്ടുള്ളത്. അങ്ങനെ ഒരു കല്‍പന അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടില്ല എന്ന് അംഗീകരിക്കലാണ്. അപ്പോള്‍ പിന്നെ ആരോടാണ് എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്ന് ചിന്തിക്കേണ്ടിവരും. എപ്പോള്‍ ആരോട് പറഞ്ഞാലും അത് അക്രമമല്ലേ എന്ന് ചോദിക്കുകയും ചെയ്യാം. ഈ ചോദ്യം പ്രസക്തമായി തോന്നുന്നതുകൊണ്ടു മാത്രമാണ് ഇനിനോട് മറുപടി പറയാന്‍ നില്‍ക്കുന്നത്. ഖുര്‍ആനിലെ ഏതൊരു സൂക്തവും പരിഗണിക്കപ്പെടുന്നത് അതിന്റെ സന്ദര്‍ഭവും സാഹചര്യവും പരിഗണിച്ചുതന്നെയാണ്. അത് ഈ വിഷയത്തില്‍ മാത്രമല്ല. അതുകൊണ്ട് ഈ സൂക്തം എവിടെയാണ് ഏത് സന്ദര്‍ഭത്തിലാണ് അവതരിച്ചത് എന്നും എങ്ങനെയാണ് അത് മുസ്ലിം ലോകം മനസ്സിലാക്കുന്നത് എന്നും ഗ്രഹിച്ചിരിക്കുന്നത്, പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും. ഒരു ഭീമാബദ്ധം മനസ്സില്‍ കൊണ്ടുനടന്ന് ഭീതിയോടെ ഒരു സമൂഹത്തെ സമീപിച്ച് സ്വയം ചെറുതാകാനും മാനസിക പ്രയാസത്തിലകപ്പെടാതിരിക്കാനും അതാവശ്യമാണ്.

ഈ സൂക്തങ്ങള്‍ അവതരിക്കുന്നത് നബിയും അനുചരന്‍മാരും മദീനയിലേക്ക് പാലായനം ചെയ്തതിന്റെ ഒമ്പതാം വര്‍ഷത്തിലാണ്. നബിയുടെ ജീവിതത്തിലെ അവസാനത്തെ ഹജ്ജ് നിര്‍വഹിക്കുന്നതിന്റെ തൊട്ടുമുമ്പ്. അതുവരെ മദീനക്കാരുമായും മറ്റും ഉണ്ടായിരുന്ന കരാര്‍ പല സന്ദര്‍ഭങ്ങളിലായി കരാറിലേര്‍പ്പെട്ട കക്ഷികള്‍ തന്നെ ലംഘിച്ചപ്പോള്‍ സ്വാഭാവികമായും അവര്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ യുദ്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍ എറെക്കുറെ എല്ലാവരും കരാറുകള്‍ രഹസ്യമായി ലംഘിക്കുകയും ഇസ്ലാമിക വ്യവസ്ഥിതിയെ തകര്‍ക്കാന്‍ ഗൂഢാലോചനയിലേര്‍പ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ്. ഈ സൂക്തങ്ങള്‍ അവതരിച്ചത്. ഇതിലൂടെ ഗൂഢാലോചന നടത്തിയവരുടെ തന്ത്രം പാഴായി. ഒരു വിഭാഗവുമായി കരാര്‍ നിലനില്‍ക്കുമ്പോള്‍ അതിനെതിരെ രഹസ്യമായി പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്‍ക്ക് അനുവാദമില്ല. അതുകൊണ്ട് ആദ്യം ചെയ്യുന്നത്. ഇനി നമുക്കിടയില്‍ കറാറില്ലെന്ന് പ്രഖ്യാപനമാണ്. എന്നാല്‍ അത് പ്രഖ്യാപിച്ച ഉടനെ അവരെ കടന്നാക്രമിച്ച് ഇല്ലായ്മ ചെയ്യുക എന്നതും ഇസ്ലാമിന്റെ നീതിക്ക് നിരക്കുന്നതല്ല. അവര്‍ക്ക് യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ നല്‍കുകയും അതിന് വേണ്ടത്ര സമയം നല്‍കുകയും ചെയ്യും. ഇതൊന്നും മുസ്ലിംകളുടെ ഏതാനും സംഗങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കുന്ന കല്‍പനയല്ല. ഇസ്ലാമിക ഭരണ വ്യവസ്ഥിതിയോടുള്ള കല്‍പനയാണ്. ആ നിലക്ക് തന്നെയാണ് ഇതില്‍ പറഞ്ഞപോലെ ബഹുദൈവവിശ്വാസികളെ വധിക്കാന്‍ ഒരുങ്ങി ഒരു മുസ്ലിമും പുറപ്പെടാത്തത്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥിതി വന്നാല്‍ അങ്ങനെ ചെയ്യില്ലേ എന്ന ചോദ്യത്തിനും കാര്യമില്ല. ഇസ്ലാമിക വ്യവസ്ഥിതി ഇതര മതവിശ്വാസികളെ അവരുടെ ആരാധനാസ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അനുവദിക്കും എന്നതിന്റെ തെളിവാണ് അവര്‍ക്ക് ഇടയില്‍ 9 വര്‍ഷം നിലനിന്ന് യുദ്ധമില്ലാകരാര്‍. ഒരു ഭരണം ഇസ്ലാമിക ഭരണമാകണമെങ്കില്‍ അവിടെ മുസ്ലിമല്ലാത്ത ഒരാളും ഉണ്ടാവരുതെന്ന ഒരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയായാല്‍ ഈ സൂക്തത്തില്‍ കാണുന്നത് പോലെ ബഹുദൈവാരാധകരെ വധിക്കും എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ ഇല്ല എന്നതിന് ഈ സൂക്തം തന്നെ തെളിവ്. മറിച്ച് ആ ഭരണത്തിനെതിരെ സായുധാക്രമണം നടക്കുമ്പോള്‍ മാത്രമാണ് അവരോട് യുദ്ധം ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഖുര്‍ആനില്‍ പ്രസ്തുത  ഭാഗം  ഉള്‍കൊള്ളുന്ന സൂക്തങ്ങള്‍ വായിക്കുമ്പോള്‍ തന്നെ വിമര്‍ശകരുടെ വാദം കെട്ടിച്ചമച്ചതാണ് എന്ന് മനസ്സിലാകും.

(1-2)  നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടായിരുന്ന ബഹുദൈവവിശ്വാസികളോട്, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്തുനിന്ന് ഉത്തരവാദിത്വമൊഴിഞ്ഞുകൊണ്ടുള്ള വിളംബരമാണിത്. ഇനി നിങ്ങള്‍ രാജ്യത്ത് നാലുമാസം ഇഷ്ടാനുസാരം സഞ്ചരിച്ചുകൊള്ളുക. അറിഞ്ഞുകൊള്ളുക: നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കുന്നവരല്ല. അല്ലാഹു സത്യനിഷേധികളെ നിന്ദ്യമായി പരാജയപ്പെടുത്തുന്നവനാകുന്നു.

(3-4) അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും സകല ജനങ്ങള്‍ക്കുമായി മഹാ ഹജ്ജ്ദിനത്തിലുള്ള പൊതുവിളംബരമാണിത്. എന്തെന്നാല്‍, അല്ലാഹു ബഹുദൈവവിശ്വാസികളോടുള്ള ബാധ്യതയില്‍നിന്ന് ഒഴിവായിരിക്കുന്നു; അവന്റെ ദൂതനും. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ. പിന്തിരിയുകയാണെങ്കില്‍, നന്നായറിഞ്ഞിരിക്കുക, നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കാനാവതുള്ളവരല്ല. പ്രവാചകന്‍, നിഷേധികളെ കഠിന ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചുകൊള്ളുക--നിങ്ങളുമായി കരാറിലേര്‍പ്പെടുകയും എന്നിട്ട് ആ കരാര്‍ പാലിക്കുന്നതില്‍ വീഴ്ചയൊന്നും ചെയ്യാതിരിക്കുകയും നിങ്ങള്‍ക്കെതിരായി ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികളെ ഒഴിച്ച്. അങ്ങനെയുള്ളവരോട് നിങ്ങളും കരാറിന്റെ അവധിവരെ അതു പാലിക്കുന്നവരായിരിക്കുക. എന്തുകൊണ്ടെന്നാല്‍ സൂക്ഷ്മതയുള്ളവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത്  .

(5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ (ഹറമിലോ പുറത്തോ) എവിടെക്കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന്ന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈവിധം പ്രവര്‍ത്തിക്കേണ്ടത്‍.

(7-12) (കരാര്‍ ലംഘകരായ) ഈ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിനോടും അവന്റെ ദൂതനോടും വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെ? --മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ചെയ്തവരോടൊഴിച്ച്. അവര്‍ നിങ്ങളോട് നേരാംവണ്ണം വര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ അവരോടും നേരാംവണ്ണം വര്‍ത്തിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അല്ലാഹു സൂക്ഷ്മതയുള്ളവരെ സ്‌നേഹിക്കുന്നു. എന്നാല്‍, അവരല്ലാത്ത മറ്റു ബഹുദൈവവിശ്വാസികളോട് വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെയാണ്; നിങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ കാര്യത്തില്‍ കുടുംബ ബന്ധമോ കരാറുകളുടെ ഉത്തരവാദിത്വമോ ഒന്നുംതന്നെ അവര്‍ പരിഗണിക്കുകയില്ല എന്നിരിക്കെ? അധരങ്ങള്‍കൊണ്ട് അവര്‍ നിങ്ങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ, അവരുടെ ഹൃദയങ്ങള്‍ വിസമ്മതിക്കുകയാണ്. അവരിലധിക ജനവും അധര്‍മകാരികളാകുന്നു. അവര്‍ തുച്ഛവില വാങ്ങി ദൈവികസൂക്തങ്ങള്‍ വിറ്റിരിക്കുന്നു. എന്നിട്ട് ദൈവികസരണിയില്‍ മാര്‍ഗതടസ്സമായി നിലകൊണ്ടു. എന്തുമാത്രം ദുഷ്ടമായ പ്രവൃത്തിയാണവര്‍ ചെയ്തുകൊണ്ടിരുന്നത്! വിശ്വാസിയുടെ കാര്യത്തില്‍ ഇവര്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ പരിഗണിക്കുന്നില്ല. അതിക്രമം എപ്പോഴും അവരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, ഈ ജനം പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുകയാണെങ്കില്‍, അവര്‍ നിങ്ങളുടെ ദീനീസഹോദരങ്ങളാകുന്നു. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി നാം നമ്മുടെ വിധികള്‍ വിവരിച്ചുകൊടുക്കുന്നു. അവര്‍ സന്ധിചെയ്ത ശേഷം സ്വന്തം പ്രതിജ്ഞകള്‍ ലംഘിക്കുകയും നിങ്ങളുടെ ദീനിനെ അവഹേളിക്കുന്നതിലേര്‍പ്പെടുകയും തന്നെയാണെങ്കില്‍, സത്യനിഷേധത്തിന്റെ ആ മൂപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്തുകൊള്ളുക. എന്തുകൊണ്ടെന്നാല്‍ അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരു വിലയുമില്ല. (യുദ്ധനടപടികൊണ്ടെങ്കിലും) അവര്‍ വിരമിച്ചെങ്കിലോ .
(13-16) പ്രതിജ്ഞകള്‍ ലംഘിച്ചുകൊണ്ടേയിരിക്കുകയും ദൈവദൂതനെ നാട്ടില്‍നിന്ന് പുറത്താക്കാനൊരുമ്പെടുകയും ചെയ്യുന്ന ഒരു ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ, അക്രമം ആദ്യം തുടങ്ങിയത് അവര്‍തന്നെ ആയിരുന്നിട്ടും? നിങ്ങളവരെ ഭയപ്പെടുന്നുവോ? വിശ്വാസികളാണെങ്കില്‍, അല്ലാഹുവാകുന്നു അവരെക്കാള്‍ കൂടുതല്‍ നിങ്ങള്‍ ഭയപ്പെടാനര്‍ഹന്‍. അവരോട് യുദ്ധം ചെയ്യുവിന്‍. അല്ലാഹു നിങ്ങളുടെ കൈകളാല്‍ അവരെ ശിക്ഷിക്കുന്നതും നിന്ദിതരാക്കുന്നതും അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു തുണയേകുന്നതും വിശ്വാസികളായ സമൂഹത്തിന്റെ മനം കുളിര്‍പ്പിക്കുന്നതും അവരുടെ ഹൃദയങ്ങളിലെ രോഷം ശമിപ്പിക്കുന്നതുമാകുന്നു. അതോടൊപ്പം അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്കു പശ്ചാത്തപിക്കാന്‍ ഉതവി നല്‍കുക കൂടി ചെയ്യുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.നിങ്ങള്‍ വെറുതെ വിട്ടയക്കപ്പെടുമെന്നു ധരിച്ചുവെച്ചിരിക്കുകയാണോ, ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയുമല്ലാതെ മറ്റാരെയും ആത്മമിത്രമായി സ്വീകരിക്കാത്തവരും ആരെന്ന് അല്ലാഹു ഇനിയും കണ്ടറിഞ്ഞിട്ടില്ലെന്നിരിക്കെ? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുര്‍ആന്‍, അധ്യായം : 9 തൗബ)

ഈ സൂക്തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ഇത് മുഹമ്മദ് നബി അദ്ദേഹത്തിന് തന്നെ നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് എന്നാണോ മനസ്സിലാക്കാനാവുക. അതല്ല അദ്ദേഹം അദ്ദേഹത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാളില്‍നിന്ന് സ്വീകരിക്കുന്ന നിര്‍ദ്ദേശങ്ങളായിട്ടാണോ മനസ്സിലാവുക എന്ന് ചിന്തിക്കുക.

ഈ സൂക്തങ്ങള്‍ യാതൊരു വിശദീകരണവും ഇല്ലാതെ വായിച്ചാല്‍ തന്നെ ഇത് ഇവിടെ പ്രചരിപ്പിക്കുന്നത് പോലെ മുസ്ലിം വ്യക്തികളോടോ സമൂഹത്തോടെ ഇസ്ലാമിക ഭരണാധികാരികളോടോ ഉള്ള കല്‍പനയല്ല എന്ന് വ്യക്തമാകും. പ്രവാചക ജീവിതത്തിലെ ഒരു പ്രത്യേക ദശാസന്ധിയില്‍ നല്‍കപ്പെട്ട ഒരു കാലിക നിര്‍ദ്ദേശം മാത്രമാണിത്. ഒരു ചരിത്രത്തിന്റെ സ്ഥാനമാണ് അതിന് പൊതുവായി ഉള്ളത്. അതോടൊപ്പം അതില്‍നിന്ന് ചില ധാര്‍മിക, രാജ്യരക്ഷാപ്രധാനമായ വിധികളും ഉരുത്തിരിയുന്നുണ്ട്. പക്ഷെ അത് തങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നവരെയെല്ലാം വധിക്കണം എന്നതല്ല. അതു മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ്. മുസ്ലിംകളോ മുസ്ലിം ഭരണാധികാരികളോ ആ സൂക്തത്തില്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാത്തത്. അല്ലാതെ ഏതെങ്കിലും യുക്തിവാദിയോ മറ്റോ വിമര്‍ശിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടല്ല, എന്ന് വിനയപൂര്‍വ്വം ഇവിടെ അറിയിക്കട്ടെ.


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review