2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഖുര്‍ആനില്‍ വിദ്വേഷം വമിപ്പിക്കുന്ന സൂക്തങ്ങളോ ?

ഖുര്‍ആനിലെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഏതാനും സൂക്തങ്ങളാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിമര്‍ശകരെ സംബന്ധിച്ചിടത്തോളം ഇത്തരം സൂക്തങ്ങളുടെ യഥാര്‍ഥ വിവക്ഷയെന്തെന്ന് അന്വേഷിച്ച് കണ്ടെത്തുന്നതില്‍ ഒരു താല്‍പര്യവും ഉണ്ടാവണം എന്നില്ല. എങ്കിലും സത്യം സത്യമായി അറിയണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഈ സൂക്തങ്ങള്‍ എങ്ങനെയാണ് ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍  മനസ്സിലാക്കിവെക്കുന്നത് നല്ലതായിരിക്കും. ഒന്നുമില്ലെങ്കിലും ഒരുവിഭാഗത്തെ അകാരണമായി ഭയന്നുകഴിയാതിരിക്കാനെങ്കിലും അത് സഹായിക്കും. ആദ്യ സൂക്തം അഞ്ചാം അധ്യായത്തിലെ 33 ാമത്തെ സൂക്തം. അതിന്റെ അപ്പുറവും ഇപ്പുറവുമുള്ള സൂക്തങ്ങള്‍ വായിക്കുമ്പോള്‍ തന്നെ അധികം വിശദീകരിക്കാതെ കാര്യം മനസ്സിലാകും. 
കൊലപാതകവും ഭൂമിയില്‍ നാശം വിതക്കുന്നതും ഇസ്ലാം വളരെ ഗൗരവത്തിലാണ് കാണുന്നത്. സമാധാനത്തിന് ഭംഗം വരുത്തുന്നുവെന്നതിനാല്‍ എല്ലാ തരും കൊലപാതകങ്ങളും കഠിനമായി വിലക്കിയിരിക്കുന്നു. എന്നാല്‍ ആദ്യം നടന്ന കൊലപാതകം ആദമിന്റെ മക്കള്‍ തമ്മിലായിരുന്നു. ഇതേ കഥ പറഞ്ഞശേഷം. അക്രമിയായ ആദംപുത്രന്‍ പ്രകടിപ്പിച്ച അതേ ദുര്‍ഗുണങ്ങളുടെ ലക്ഷണം ഇസ്രാഈല്‍ പുത്രന്മാരിലും കണ്ടതിനാല്‍ കൊലപാതകത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കണമെന്ന് അല്ലാഹു അവരെ കഠിനമായി താക്കീതുചെയ്യുകയും തന്റെ ഉത്തരവുകളില്‍ പ്രകൃതവാക്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. )
 
(32) ഇക്കാരണത്താല്‍, ഇസ്രാഈല്‍വംശത്തിനു നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: 'ഒരാത്മാവിനു പകരമായോ, നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.' പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍തന്നെയാകുന്നു എന്നതത്രെ വാസ്തവം.
(33-34) അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന് .

ഇതിന്റെ അവതരണപശ്ചാതലമോ ഇറങ്ങാനുള്ള കാരണമോ പഠനവിധേയമാക്കിയില്ലെങ്കില്‍പോലും ഈ സൂക്തങ്ങള്‍ ആക്ഷേപാര്‍ഹമായി യഥാര്‍ഥത്തില്‍ തോന്നേണ്ടതില്ല. കാരണം യുദ്ധസന്നദ്ധരായി വരുന്നവരെ എങ്ങനെ വധിക്കുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. ഇവിടെ പറയുന്ന ശിക്ഷ അല്‍പം കടുത്തതാണ് എന്നത് ശരിയാണ്. അതിനുള്ള കാരണമന്വേഷിക്കുമ്പോള്‍ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകാണുന്നുണ്ട്. എല്ലാറ്റിലും പൊതുവായി ഉള്ളത്. നബിയുമായി സമാധാനസന്ധിയിലായിരുന്നവര്‍ മുസ്ലിം യാത്രാസംഘത്തെ ക്രൂരമായി കൊല്ലുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടതാണ്.  രാജ്യത്തുനിന്ന് ചില അക്രമങ്ങളെ ഇല്ലാതാക്കാന്‍ കടുത്ത ശിക്ഷാനടപടികളിലൂടെ മാത്രമേ സാധിക്കൂ. അതുകൊണ്ട് നാട്ടിലൂടെ നിര്‍ഭയമായി ആര്‍ക്കും  സഞ്ചരിക്കാനുള്ള അവസ്ഥ കൊണ്ടുവരുന്നതിനാണ് പ്രവാചകനും ഭരണാധികാരിയുമായ മുഹമ്മദ് നബിയോട് ഈ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ ഇവിടെ ആവശ്യപ്പെടുന്നത്.

രാജ്യത്തോട് യുദ്ധം ചെയ്യേണ്ടതില്ല. ചെയ്യാനിടയുണ്ടെന്ന് തോന്നുന്നവരെ പോലും ക്രൂരമായ പീഢനത്തിന് വിധേയമാക്കുന്ന  ലോക സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് തികഞ്ഞ അക്രമവും കുഴപ്പവും അനുവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള ഒരു നടപടിയെ ഇസ്ലാമിക വിമര്‍ശകര്‍ കടന്നാക്രമിക്കുന്നത് എന്ന് മനസ്സിലാക്കുക. ഇസ്ലാമിക രാഷ്ട്രത്തില്‍ ഏത് കുറ്റം ചെയ്താലും ഇതൊക്കെയും ഒരു വ്യക്തിയില്‍ പ്രയോഗിക്കണമെന്ന് ഈ സൂക്തത്തിന് ആരും അര്‍ഥം നല്‍കിയിട്ടില്ല. കുറ്റത്തിന്റെയും നാശത്തിന്റെയും ഗൗരവം പരിഗണിച്ച് ഇതില്‍ യുക്തം പോലെ നടപടികള്‍ കൈകൊള്ളാമെന്ന് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

ഇതെഴുതുന്ന ദിവസം പോലും വളരെ നിസ്സാരമായി ഒരു ചെയ്തിക്ക് രണ്ട്പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ലോകത്ത് മറ്റെവിടെനിന്നും കേള്‍ക്കാത്തവിധം ഇത് ദിനം പ്രതി അധികരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം ഒരു കേസിന് ആദ്യഘട്ടത്തില്‍ തന്നെ കര്‍ക്കശമായ ശിക്ഷ നല്‍കിയിരുന്നെങ്കില്‍ പിന്നീട് ഇങ്ങനെ ഒരു കൊലപാതകം നടക്കുമായിരുന്നില്ല. അക്രമികളെ ശിക്ഷിക്കുമ്പോള്‍ ഒരു കേടാണ് നാട്ടില്‍നിന്ന് നീങ്ങിപ്പോകുന്നത്. എന്നാല്‍ അവരെ സംരക്ഷിക്കുമ്പോള്‍ അനേകം നിരപരാധികളാണ് പിന്നീട് അവരാല്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഇത്രവലിയ കുറ്റകൃത്യം ചെയ്താല്‍പോലും പിടിക്കപ്പെടുന്നതിന് മുമ്പ് പശ്ചാതപിച്ചാല്‍ പിന്നീട് ഇവിടെ പറഞ്ഞതുപോലെ ക്രൂരമായ ശിക്ഷ അവരുടെ കാര്യത്തില്‍ നടപ്പാക്കരുത് എന്ന സൂചനയാണ് പ്രസ്തുത സൂക്തത്തിന് തുടര്‍ന്ന് നല്‍കിയിരിക്കുന്നത്. ഇവിടെയാണ് ഇസ്ലാമിന്റെ കാരുണ്യം നാം കാണുന്നത്. ഒരു പക്ഷെ ലോകത്ത് ഒരു വ്യവസ്ഥയും ഇത്തരമൊരു ഇളവ് പശ്ചാതപിക്കുന്നവരോട് പുലര്‍ത്തും എന്ന് തോന്നുന്നില്ല.

അടുത്ത സൂക്തം അതേ അധ്യായം(5) സൂക്തം 51

(51) അല്ലയോ വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും ആത്മമിത്രങ്ങളായി സ്വീകരിക്കരുത്. അവര്‍ പരസ്പരം മിത്രങ്ങളാകുന്നു. ഇനി നിങ്ങളിലൊരുവന്‍ അവരെ മിത്രമാക്കുന്നുവെങ്കില്‍ അവനും അവരില്‍പ്പെട്ടവനായിത്തന്നെ കണക്കാക്കപ്പെടും. നിശ്ചയം, അക്രമികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നിഷേധിക്കുന്നു.

(52-53) കാപട്യത്തിന്റെ ദീനംപിടിച്ച മനസ്സുള്ളവര്‍ തങ്ങളില്‍ത്തന്നെ വെപ്രാളപ്പെടുന്നതായി നിനക്കു കാണാം. അവര്‍ പറയുന്നു: 'നമ്മെ വല്ല വിപത്തും ബാധിക്കുമോ എന്നു ഞങ്ങള്‍ ഭയപ്പെടുന്നു.' എന്നാല്‍, അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കുകയോ മറ്റുവല്ല നടപടിയും സ്വീകരിക്കുകയോ ചെയ്‌തെന്നുവരാം. അപ്പോള്‍ തങ്ങള്‍ മനസ്സില്‍ മറച്ചുവെച്ചിരുന്ന കാപട്യത്തെച്ചൊല്ലി ഇവര്‍ ദുഃഖിതരാകും. അന്നേരം വിശ്വാസികള്‍ പറയും: 'ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യംചെയ്തുപറഞ്ഞ ആ ആളുകള്‍തന്നെയോ ഇവര്‍?! ഇവരുടെ കര്‍മങ്ങളൊക്കെയും പാഴിലായിപ്പോയി. അങ്ങനെ ഇവര്‍ വിഷണ്ണരും പരാജിതരുമായിത്തീര്‍ന്നു  .

(54) അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അതു നല്‍കുന്നു. അല്ലാഹു വിപുലമായ സംവിധാനങ്ങളുള്ളവനാകുന്നു. അവന്‍ എല്ലാം അറിയുന്നു.
 (55-56) അല്ലാഹുവും അവന്റെ ദൂതനുമാകുന്നു യഥാര്‍ഥത്തില്‍ നിങ്ങളുടെ മിത്രം; പിന്നെ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും അല്ലാഹുവിന്റെ മുമ്പില്‍ നമിക്കുകയും ചെയ്യുന്ന വിശ്വാസികളും. അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും മിത്രങ്ങളാക്കുന്നവരാരോ, അവര്‍ അറിഞ്ഞിരിക്കട്ടെ, അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയിക്കുന്നവര്‍ എന്ന്.

(57-60) അല്ലയോ സത്യവിശ്വാസികളേ, നേരത്തേ വേദം ലഭിച്ചവരില്‍ നിങ്ങളുടെ മതത്തെ കളിയും തമാശയുമാക്കിയവരെയും മറ്റു നിഷേധികളെയും സഖാക്കളും സുഹൃത്തുക്കളുമായി വരിക്കാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. നിങ്ങള്‍ നമസ്‌കാരത്തിനായി വിളിച്ചാല്‍ അവര്‍ അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ബുദ്ധിയില്ലാത്ത ജനമാകുന്നു. അവരോടു ചോദിക്കുക: 'ഓ വേദക്കാരേ, അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിച്ചുകിട്ടിയതും ഞങ്ങള്‍ക്കുമുമ്പ് അവതരിച്ചതുമായ മതപ്രമാണങ്ങളിലും വിശ്വസിക്കുന്നുവെന്നതും നിങ്ങളിലധികമാളുകളും ധിക്കാരികളാണ് എന്നതുമല്ലാതെ, നിങ്ങള്‍ക്ക് ഞങ്ങളോട് വിരോധത്തിന് മറ്റുവല്ല കാരണവുമുണ്ടോ?' വീണ്ടും ചോദിക്കുക: 'നിങ്ങള്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നവരെക്കാള്‍, അല്ലാഹുവിങ്കല്‍ ദുഷിച്ച കര്‍മഫലത്തിനിരയാകുന്നവരാരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ?' ആരെ അല്ലാഹു ശപിച്ചുവോ, ആരുടെ നേരെ അല്ലാഹു കോപിച്ചുവോ, ആരില്‍പ്പെട്ടവരെ അല്ലാഹു മര്‍ക്കടന്മാരും പന്നികളുമാക്കിയോ, ആര് ത്വാഗൂത്തിന് അടിമപ്പെട്ടുവോ അവരാകുന്നു സ്ഥാനത്താല്‍ ഏറെ ദുഷിച്ചവര്‍. നേര്‍വഴിയില്‍നിന്ന് ഏറ്റം വ്യതിചലിച്ചവരും അവര്‍തന്നെ .



വിമര്‍ശകര്‍ ഇടക്ക് നിന്ന് എടുത്ത് വെറുപ്പ് പരത്താന്‍ ഉദ്ദേശിക്കുന്ന സൂക്തത്തിന് ശേഷം വരുന്ന ഏതാനും സൂക്തങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ തന്നെ ഏതാളുകളോടാണ് അകലം പാലിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് വ്യക്തമാകും. കേവലം ജൂതനോ കൃസ്ത്യാനിയോ ആയി എന്നതുകൊണ്ടാണ് മുസ്ലിംകള്‍ക്ക് അവരോടുള്ള അടുപ്പവും ചങ്ങാത്തവും വിലക്കിയത് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുയാണ് ഇസ്ലാം വിമര്‍ശകരുടെ ഉദ്ദേശ്യം. എന്നാല്‍ അത്തരക്കാരെ ഉദ്ദേശിച്ചല്ല ഇത് പറയുന്നത് എന്ന് സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാകും. വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെ വ്യാഖ്യാനിക്കേണ്ടത് സാധ്യമെങ്കില്‍ കുര്‍ആന്‍ സുക്തങ്ങള്‍ വെച്ചുകൊണ്ടുതന്നെയാണ് ആ നിലക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയ ജൂത-ക്രൈസ്തവര്‍ 57 മുതല്‍ 60 വരെ പരാമര്‍ശിക്കപ്പെട്ടവരാണ് എന്ന് വ്യക്തമാകും. അല്ലാത്തവരോട് മാന്യമായി പെരുമാറണം എന്ന് മാത്രമല്ല. അവര്‍ക്ക് പുണ്യം ചെയ്തുകൊടുക്കണം എന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത് അക്കാര്യം ഈ ബ്ലോഗില്‍ തന്നെ വിശദമായി പറഞ്ഞതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. 

സൂറത്തുല്‍ മുംതഹിനയില്‍ (60) 7,8,9 സൂക്തങ്ങളില്‍ ഇങ്ങനെ വായിക്കാം.

(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.

(തുടരും)


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review