2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

ദൈവത്തെ സൃഷ്ടിച്ചതാര് ?

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണ് എന്ന് പറയുമ്പോള്‍ എന്നാല്‍ പിന്നെ ദൈവത്തെ സൃഷ്ടിച്ചതാര് എന്ന് പദാര്‍ഥവാദികള്‍ സാധാരണ ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോള്‍ നാം എത്തിച്ചേരുക, ചോദ്യം അപ്രസക്തമെന്നതിലേറെ അബദ്ധവുമാണ് എന്നതിലാണ്. എങ്ങനെയെന്ന് നോക്കാം. പദാര്‍ഥപരമായ ഈ പ്രപഞ്ചം പുതുതായുണ്ടായതോ, അതോ ആദ്യമേ ഉള്ളതോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇസ്‌ലാം പറയുന്നത് ദൈവമാണ് അനാദി ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിമാത്രമാണ്. അതിന്റെ അടിസ്ഥാന ഘടകമായ പദാര്‍ഥം പുതുതായുണ്ടായതാണ്. പുതുതായുണ്ടായത് മാറ്റത്തിന് വിധേയമാണ്. എന്നാല്‍ പദാര്‍ഥവാദികള്‍ പറയുന്നത്, പദാര്‍ഥം അനാദിയാണ് എന്നാണ്, ആദ്യത്തില്‍ ഉണ്ടായിരുന്നത് അതീവ സാന്ദ്രതയുള്ള പദാര്‍ത്ഥത്തിന്റെ വളരെ ചെറിയ ഒരു അംശമാണ്, പിന്നീട് ഊഷ്മാവ് അതിന്റെ പാരതമ്യതയിലെത്തിയപ്പോള്‍ ശക്തമായ പൊട്ടിത്തെറിയുണ്ടായി. അങ്ങനെ ഗോളങ്ങളും നക്ഷത്രങ്ങളുമുണ്ടായി. ചുരുക്കത്തില്‍ ബിഗ്ബാംങ് തിയറിയുടെ സംക്ഷിപ്തമാണിത്. അതോടൊപ്പം ദൈവനിഷേധികളും പദാര്‍ഥവാദികളും മറ്റൊരു ചര്‍ചയും നടത്താറുണ്ട്. അത് പദാര്‍ഥവും സമയവും ബന്ധപ്പെടുത്തിയാണ്. പദാര്‍ഥം ഉണ്ടാക്കിയതാര് എന്നും പദാര്‍ഥം എന്നുണ്ടായി എന്നീ ചോദ്യത്തെ മറികടക്കുന്നതിന് വേണ്ടിയാണ് അപ്രകാരമൊരു കസര്‍ത്ത് നടത്തുന്നത് എന്ന് വ്യക്തം. സ്ഥലത്തെയും സമയത്തെയും ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങള്‍ വസ്തുതപരമായി ശരിയും ഒരു വിശ്വാസിക്ക് അതുകൊണ്ടുതന്നെ അംഗീകരിക്കാവുന്നതുമാണ്.

സമയം എന്നാല്‍ എന്താണ്?. (What is time?) കാലവും സമയവും ആപേക്ഷികമാണ്. നാം പറയുന്ന സമയം ഭൂമിയിലുള്ള മനുഷ്യന്‍ ഭൂമിയുടെയും സൂര്യന്റെയും സ്ഥാനചലനങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കുന്നതാണ്. നാം സൗരയൂധത്തിലെ മറ്റേതെങ്കിലും ഒരു ഗോളത്തിലായിരുന്നെങ്കില്‍ സമയം ഇപ്പോള്‍ നാം കണക്കാക്കുന്ന് പോലെയാകില്ല. അതിനുമപ്പുറം സൗരയൂധത്തിന് പുറത്തായിരുന്നെങ്കില്‍ അപ്പോഴും സമയത്തിലും കാലത്തിലും മാറ്റം വരുമായിരുന്നു. അപ്പോള്‍ സമയം പദാര്‍ഥത്തിന്റെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ച ഉല്‍ഭവത്തിന് ശേഷമാണ് സ്ഥലവും കാലവും നിലവില്‍വന്നത്, അതിനാല്‍ പ്രപഞ്ച ഉല്‍ഭവത്തിന് മുമ്പ് എന്ത് എന്ന ചോദ്യം അപ്രസക്തമാണ്. ഇതില്‍ പദാര്‍ഥവും സമയവും തമ്മിലുള്ള ബന്ധവും നാം ഭൂമിയില്‍ കണക്കാക്കുന്ന ഒരു ദിവസമല്ല പ്രപഞ്ചത്തിന് ബാധമായ ദിവസമെന്നും വിശ്വാസികളും കരുതുന്നു. ദൈവത്തിന്റെ പക്കല്‍ ഒരു ദിവസം അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ പ്രപഞ്ചം രൂപപെടുന്നതിന്റെ മുമ്പ് എന്നത് എങ്ങനെ അപ്രസക്തമായ ചോദ്യമാകുന്നു എന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. മാത്രമല്ല ആദിമ പദാര്‍ഥം എന്തുകൊണ്ട് മഹാവിസ്‌ഫോടനത്തിന് വിധേയമായി?. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെന്ത്?. ഊഷ്മാവും സാന്ദ്രതയും വര്‍ദ്ധിച്ചു എന്നതാണ് കാരണമെങ്കില്‍ അതെങ്ങനെ സംഭവിച്ചു?. തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.

ഇനി ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിലേക്ക് കടക്കാം. ദൈവം അനാദിയാണെന്ന് ഖുര്‍ആന്‍ തുറന്ന് പ്രഖ്യാപിക്കുന്നു. അവന് ആദ്യമോ അന്ത്യമോ ഇല്ല. അവന്‍ പണ്ടേ ഉള്ളവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ ഇതെല്ലാം ദൈവത്തിന്റെ വിശേഷണങ്ങളാണ്. ഏതായാലും അനാദിയായ ഒന്നുണ്ടാകല്‍ നിര്‍ബന്ധം. അത് ദ്രവ്യമോ, അതോ ദൈവമോ എന്നതാണ് അവസാനം നിലനില്‍ക്കുന്ന ചോദ്യം. ദ്രവ്യമാണെന്ന് ദൈവനിഷേധികളും ദൈവമാണെന്ന് ദൈവവിശ്വാസികളും പറയുന്നു. അനാദിയായ പദാര്‍ഥത്തെ ആരുണ്ടാക്കി എന്നത് അപ്രസക്തമാണെന്ന് പദാര്‍ഥവാദികള്‍ അംഗീകരിക്കുന്നു. അപ്പോള്‍ അനാദിയായവന്‍ ഉണ്ടാക്കപ്പെട്ടതല്ല അഥവാ സൃഷ്ടിയല്ല; സ്രഷ്ടവാണ്.

പദാര്‍ഥം അനാദിയാണ്. ദൈവം അനാദിയാണ്. ഈ രണ്ട് പ്രസ്ഥാവനകളും ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം കേവല ഊഹം എന്നതിനപ്പുറം ഒരു പ്രസക്തിയുമില്ല. ഈ പ്രസ്താവനകളോട് അന്വേഷണാത്മകമായി നടത്തുന്ന ചോദ്യങ്ങളില്‍ ഏതാണ് കൂടുതല്‍ നല്ല ഉത്തരങ്ങള്‍ നല്‍കുന്നത്, ആ പ്രസ്താവനയാണ് ശരി എന്നംഗീകരിക്കേണ്ടിവരും. പദാര്‍ഥനിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. പദാര്‍ഥം മാറ്റത്തിന് വിധേയമാണ്. മാറ്റത്തിന് വിധേയമാകുന്നത് പുതുതായി ഉണ്ടായതാണ്. പദാര്‍ഥത്തെ ഉണ്ടാക്കുന്നവന്‍ മറ്റൊരു പദാര്‍ഥ കാനും സാധ്യമല്ല. അവന്‍ പദാര്‍ഥാതീതമായിരിക്കണം. പദാര്‍ഥത്തിന് ബാധകമായ നിയമങ്ങള്‍ പദാര്‍ഥാതീതമായതിന് ബാധകമല്ല. ദൈവത്തിന് പ്രപഞ്ചം സൃഷ്ടിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്ന് ഒരു അദൈ്വതവാദി ചോദിക്കുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. മനുഷ്യനുള്ള പരിമിതിയാണ് ആ ചോദ്യത്തിലുള്ളത് എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അസംസ്‌കൃത വസ്തുക്കളെ രൂപപരിണാമം വരുത്താനെ മനുഷ്യന് കഴിയൂ. അവന് അണുവിനെപ്പോലും സൃഷ്ടിക്കാനാവില്ല. ദൈവം ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച സ്രഷ്ടാവാണ്.

പ്രാപഞ്ചികമായ എല്ലാ വസ്തുകളും സംഭവങ്ങളും ഒരു കാരണത്തെ തേടുന്നു. ആ കാരണം മറ്റൊരു കാരണത്തെയും തേടുന്നു. ഇത് അനന്തമായി നീണ്ടുപോകുക സാധ്യമല്ല. ഒരിടത്ത് അത് അവസാനിക്കേണ്ടതുണ്ട്. അതാണ് എല്ലാ കാരണങ്ങളുടെ കാരണം. ദൈവത്തെ മുസബിബുല്‍ അസ്ബാബ് (അഥവാ കാരണങ്ങളുടെ കാരണക്കാരന്‍) എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന മറ്റൊരു വിശേഷണം. അതിനാല്‍ പ്രപഞ്ച ഉല്‍ഭവസമയത്തുള്ള പൊട്ടിത്തെറിക്ക് കാരണമെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ വിശ്വാസി അന്തിച്ചു നില്‍ക്കുകയില്ല. ആ ശക്തിയാണ് ദൈവമെന്ന് വിശ്വാസി പറയും. ഉത്തരം പറയാന്‍ വിഷമകരമായ കാര്യങ്ങള്‍ വിശ്വാസികള്‍ ദൈവത്തില്‍ ചാര്‍ത്തി രക്ഷപ്പെടുകയാണ് ദൈവനിഷേധികള്‍ പറയാറുണ്ട് ഇതാണ് അതിന് കാരണം.

ദൈവമാണ് സ്രഷ്ടാവ് എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഊഹാധിഷ്ഠിതമോ യുക്തിപരമോ മാത്രമായ ഒരു കാര്യമല്ല. യുക്തിപിന്തുണക്കുന്നതോടൊപ്പം, ദൈവത്തില്‍ നിന്ന് പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട അദൃശ്യജ്ഞാനത്തിന്റെ പിന്‍ബലവും അതിനുണ്ട്. അതിബൃഹത്തായ അത്ഭുതകരമായ ഈ പ്രപഞ്ചം സര്‍വശക്തനും അനാദിയുമായ ഒരു സ്രഷ്ടാവിന്റെ ശക്തിമഹാത്മ്യത്തിന്റെ പ്രകടനമാണ് എന്ന് അത് മനുഷ്യനെ പഠിപ്പിച്ചു. പ്രപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിന്റെ പിന്നില്‍ പ്രവത്തിക്കുന്ന പരാശക്തിയെ കണ്ടെത്താനും അത് മനുഷ്യനെ ഉണര്‍ത്തി. ഈ വസ്തുതകളെ നിഷേധിക്കാന്‍ തക്ക ഒരു ന്യായീകരണവും നമ്മുക്ക് ഇന്ന് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രവാചകന്‍ എന്ന് പറയുമ്പോഴേക്ക് ചിലരുടെ നെറ്റിചുളിയും. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് സ്വാഭാവികമായി ദൈവനിയുക്തന്‍ എന്ന് പറയുന്ന പ്രവാചകനെ ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. മനുഷ്യരെ ഇത്ര വ്യവസ്ഥാപിതമായി സൃഷ്ടിച്ച നാഥന്‍ നീതിമാനാണ്. അതിനാല്‍ അവന്റെ ഉത്തരവാദിത്തമാണ്. വക്രമായ മാര്‍ഗമുള്ളതോടൊപ്പം ശരിയായ മാര്‍ഗം മനുഷ്യന് കാണിച്ചുകൊടുക്കല്‍. ഇതൊക്കെ കേള്‍ക്കുമ്പോള്‍ യുക്തിവാദികള്‍ക്ക് ചിരിവരുമത്രേ. പ്രവാചകന്‍, മലക്ക്, ജിന്ന്, സ്വര്‍ഗം, നരകം ഇതൊന്നും കേവല മനുഷ്യയുക്തിക്ക് ഉള്‍കൊള്ളാന്‍ കഴിയില്ല. ഇവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി. വിശ്വാസത്തെ യുക്തിവാദികളും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവര്‍ വിശ്വസിക്കന്നത് മറ്റൊരു യുക്തിവാദിയെ ആയിരിക്കും എന്ന് മാത്രം. വിശ്വാസികള്‍ പ്രവാചകനില്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതം പഠിച്ചതിന് ശേഷമാണ്. അവരുടെ ജീവിത വിശുദ്ധിയും സത്യസന്ധയും ഒരല്‍പം നിഷ്പക്ഷതയുള്ള നല്ല മനുഷ്യര്‍ക്കെല്ലാം അംഗീകരിക്കാവുന്നതാണ്. അവരപ്രകാരം പറയുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ചോദിക്കുന്നത് എന്നാല്‍ എന്തുകൊണ്ട് അവര്‍ മുസ്‌ലിംകളായില്ല. മുസ്‌ലികളാകാതിരിക്കാന്‍ എന്തായിരുന്നു അവരുടെ ന്യായം എന്നവര്‍ വ്യക്തമാക്കിയിട്ടില്ല. എന്ന് വെച്ച് അവര്‍ക്ക് ബോധ്യമായത്ര കാര്യങ്ങള്‍ പറയാന്‍ പാടില്ല എന്നുണ്ടോ?. അതേസമയം വളരെ ലളിതമായ ഒരു സത്യം പോലും അംഗീകരിക്കാത്ത യുക്തിവാദി നേതാക്കളുടെ ജല്‍പനങ്ങള്‍ അപ്പടി വിശ്വസിച്ച് ഇസ്‌ലാമിനെ ഭല്‍സിക്കുന്നതില്‍ ഹരംകൊള്ളാന്‍ യുക്തിവാദികള്‍ എന്ന് പറയുന്നവര്‍ക്ക് ഒരു മടിയുമില്ല.

സ്രഷ്ടാവായ ദൈവത്തിന് സ്രഷ്ടാവില്ല. ഉണ്ടായിരുന്നുവെങ്കില്‍ അവന്‍ സ്രഷ്ടാവല്ല സൃഷ്ടിമാത്രമാണ്. സൃഷ്ടിക്കപ്പെട്ടതൊന്നും യഥാര്‍ഥ സ്രഷ്ടാവല്ല. സ്വയം ഭൂവായ, ആദികാരണമായ, അനാദിയായ ശക്തിയേതൊ അതാണ് സ്രഷ്ടാവായ ദൈവം. യഥാര്‍ഥ സ്രഷ്ടാവിനെ - ദൈവത്തെ - പ്രാപഞ്ചികമായ കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സങ്കല്‍പിക്കുന്നത് കൊണ്ടാണ്, ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യമുത്ഭവിക്കുന്നത്. അനാദിയും അനന്തനുമായ സ്രഷ്ടാവിന് ആദ്യന്തങ്ങളുള്ള വസ്തുക്കള്‍ക്ക ബാധകമായ കാര്യകാരണബന്ധം ബാധകമല്ല. കാര്യകാരണബന്ധങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ സ്രഷ്ടാവ്. അതുകൊണ്ട് ദൈവത്തെ സൃഷ്ടിച്ചവനാര് എന്ന ചോദ്യം അറ്റത്തിന്റെ അറ്റമേത് എന്ന ചോദ്യം പോലെ അപ്രസക്തവും അസംബന്ധവുമാകുന്നു.

17 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ദൈവത്തെ നമ്മുക്ക് പരീക്ഷണങ്ങളിലൂടെയോ കണ്ടെത്താന്‍ കഴിയില്ല. കാരണം ദൈവം പദാര്‍ത്ഥാതീതനാണ്. ദൈവമുണ്ടെന്ന നിഗമനത്തിലെത്താനെ നമ്മുടെ ബുദ്ധി ഉപയോഗിച്ച് കഴിയൂ. ദൈവത്തിന്റെ ഗുണഗണങ്ങള്‍ നല്‍കേണ്ടത് ദൈവം തന്നെയാണ്. ദൈവം തന്റെ ബാധ്യത നിര്‍വഹിച്ചിട്ടുണ്ട്. കണ്ടെത്താന്‍ നമ്മുക്ക് വേണ്ടത് തുറന്ന ഒരു മനസ്സും. മുന്‍ധാരണകള്‍ മാറ്റിവെച്ച് പഠിക്കാന്‍ കുറച്ച് സമയവും. ദൈവത്തെക്കുറിച്ച വികലമായ കാഴ്ചപ്പാട് ദൈവനിഷേധത്തേക്കാള്‍ മനുഷ്യന് ഉപദ്രവകരം.

പാര്‍ത്ഥന്‍ പറഞ്ഞു...

ഒരു ചോദ്യം മാത്രം.
നിങ്ങളുടെ ഖുർ‌ആനിൽ പറയുന്നമാഥിരിയുള്ള ഒരു ദൈവാ‍സ്ഥിത്വം ഇല്ല എന്ന ഒരു സംശയം ഉണ്ടെങ്കിൽ അതിനെക്കുറിച്ച ചിന്തിക്കാനോ അന്വേഷിക്കാനോ അവസരമോ അനുവാദമോ നിങ്ങളുടെ വിശ്വാസ സംഹിതയിൽ ഉണ്ടോ. ഉണ്ടെങ്കിൽ മാത്രമെ അങ്ങനെയൊരു സംശയം ഉദിക്കുന്നുള്ളൂ. സംശയിക്കാനുള്ള അധികാരം ഇല്ലാത്ത ഒരു വിശ്വാസിക്ക് അതെങ്ങനെ സാധിക്കും എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു. ഹൈന്ദവ ദർശങ്ങളിൽ ദൈവത്തിനെ ഏതു വഴിയിലൂടെയും അന്വേഷിക്കാനുള്ള അനുവാദം ഉണ്ട്. അതുകൊണ്ടാണ് നിരവധി ദർശനങ്ങൾ ഒന്നിച്ച് സ്വീകരിക്കുന്നത്.
നബിക്ക് ദൈവത്തിൽ നിന്നും അരുളപ്പാടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും ആ മാർഗ്ഗത്തിലൂടെ മറ്റുള്ളവർക്കും അതിന് സാധിക്കണം. ആകാശയാത്ര ചെയ്ത് ദൈവത്തെ കാണാൻ കാഴിഞ്ഞിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവർക്കും സാധിക്കണം. അല്ലെങ്കിൽ ദൈവത്തിന്റെ സൃഷ്ടികളെ ദൈവം പലതരത്തിൽ കാണുന്നു എന്ന് സമ്മതിക്കേണ്ടതായി വരും.

jayanEvoor പറഞ്ഞു...

ithokke vaayichu manassilaakkaan sramichukondirikkukayaanu njaan...

paarthante samsayam kazhampullathu thanne.

CKLatheef പറഞ്ഞു...

പാര്‍ത്ഥനും ജയന്‍ ഇവൂരിനും എന്റെ ബ്ലോഗിലേക്ക് സ്വാഗതം. അഭിപ്രായങ്ങള്‍ക്ക് നന്ദി. ചോദ്യങ്ങളും അഭിപ്രായങ്ങളും വിഷയത്തിനപ്പുറത്തേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പാര്‍ത്ഥന്റെ ചോദ്യം എനിക്ക് ഒറ്റവാക്കില്‍ മറുപടിപറയാവുന്നതേ ഉള്ളൂ. ഉണ്ട് എന്ന് മറുപടി. അതുകൊണ്ട് പാര്‍ത്ഥനെ പോലെ ഒരാള്‍ക്ക് സംശയം തീരാനിടയില്ല അതിനാല്‍ അല്‍പം വിശദീകരിക്കട്ടേ. ദൈവമാണ് ഭൂമി വാനലോകങ്ങള്‍ (ഖുര്‍ആനിന്റെ പ്രപഞ്ചത്തെക്കുറിക്കുന്ന പ്രയോഗം ഇതാണ്) എന്ന് ഒരു സൂക്തത്തില്‍ ഉണ്ടെന്നിരിക്കട്ടെ, അത് കേള്‍ക്കുന്ന മാത്രയില്‍ കേട്ടവരൊക്കെ ഒരു സംശയവും തോന്നാതെ അതംഗീകരിക്കണം എന്ന് പറയുന്നത് ശരിയല്ല എന്ന് നിങ്ങളെപ്പോലെത്തന്നെ വിശ്വാസികളായ ഞങ്ങളും അംഗീകരിക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ ഒട്ടേറെ സൂക്തങ്ങളിലൂടെ പ്രസ്തുത കാര്യം വിവിധ രൂപത്തില്‍ വിശദീകരിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ ഹിന്ദുമതത്തിന്റെ സൗകര്യം എന്നേക്കാള്‍ കൂടുതല്‍ താങ്കള്‍ തന്നെയാണ് പറയാന്‍ യോഗ്യന്‍. പക്ഷേ അങ്ങനെ ഒരു സൗകര്യമില്ലാത്തത് ഒരു ന്യൂനതയായി വിശ്വാസികളായ ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. ഖുര്‍ആനില്‍ ഏത് സൂക്തം വായിച്ചാലും ദൈവാസ്തിക്യത്തെക്കുറിച്ച് ഒരൊറ്റ മറുപടിയേ ലഭിക്കൂ. ഈ പ്രപഞ്ചം ഏകനായ സര്‍വ്വശക്തനായ ദൈവമാണ് സൃഷ്്ടിച്ചത്. അവന്‍ അതിനെ പരിപാലിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലുള്ളതെല്ലാം അവന്റെതാണ്. മറ്റുകാര്യങ്ങള്‍ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമാണ്. എങ്കിലും ചുരുക്കിപ്പറയാം. നബിക്ക് സംഭവിച്ചതും സാധിച്ചതും മറ്റുള്ളവര്‍ക്കും സംഭവിക്കണമെന്നും സാധിക്കണമെന്നും പറയുമ്പോള്‍ നബി, പ്രവാചകന്‍ എന്നൊക്കെ പറയുന്നതിന് ഒരു പ്രസക്തിയും ഇല്ലാതെ വരുന്നു. ദൈവത്തിന്റെ സൃഷ്്ടികളെ പലതരത്തില്‍ ദൈവം കാണുന്നു എന്ന് സമ്മതിക്കുന്നതില്‍ വിശ്വാസികള്‍ക്ക് ഒരു പ്രയാസം അനുഭവപ്പെടുന്നില്ല. താങ്കള്‍ ചോദിച്ചതിനുള്ള മറുപടി ആയി എന്ന് കരുതുന്നു. അവ്യക്തതയുണ്ടെങ്കില്‍ അറിയിക്കുക.

പാര്‍ത്ഥന്‍ പറഞ്ഞു...

Latheef :
അതു തന്നെയാണ്ഞാൻ ചോദിച്ചിരുന്നത്. ദൈവം ഉണ്ടെന്നുമാത്രം വിശ്വസിച്ചാൽ മതി. കൂടുതലൊന്നും ഇങ്ങോട്ട് ചോദിക്കണ്ട എന്ന മൊയ്‌ല്യാരുടെ ഭാഷ തന്നെ. ഞാൻ മനനം ചെയ്യാൻ കഴിവുള്ള മനുഷ്യന്റെ ഭാഷയിലാണ് ചോദിച്ചത്. എല്ലാ ജീവികളെക്കാളും കഴിവുള്ളവനായിട്ടാണല്ലൊ മനുഷ്യനെ ചിത്രീകരിചചിരിക്കുന്നത്. അതിന്റെ ഒരു ഗുണം കാണിക്കേണ്ടത് ചിന്തയിലൂടെയാണ്. അല്ലാതെ അടിമത്തത്തിലൂടെയല്ല. അടിമ ദൈവത്തിന്റെയായാലും അടിമ തന്നെ.

സ്വേശ്വരവിശ്വാസികൾ തന്നെയാണ് എല്ലാവരും. ആ ഈശ്വരന്റെ അസ്ഥിത്വത്തിൽ മാത്രമാണ് തർക്കമുള്ളത്. മനുഷ്യൻ ചിന്തിക്കുന്നതുകൊണ്ടാണ് തർക്കം ഉണ്ടാകുന്നത്. ചിന്തിക്കാനുള്ള പഴുതില്ലെങ്കിൽ അങ്ങനെയൊരു പ്രശ്നമേ ഉദിക്കുന്നില്ല. ഈശ്വരൻ സർവ്വവ്യാപിയാണോ, ആകാശത്ത് ഒരു സിംഹാസനത്തിൽ ഇരിക്കുന്നവനാണോ, കുശവൻ കുടം കലം തുടങ്ങിയവ ഉണ്ടാക്കുന്നപോലെ ഓരോന്നും ഉണ്ടാക്കി വിടുന്ന കലാകാരനാണോ, എന്നൊക്കെയുള്ള കാര്യങ്ങളിലാണ് ചോദ്യങ്ങൾ ഉണ്ടാകുന്നത്. താങ്കൾ പറഞ്ഞപോലെ ഓരോന്നിനും യുക്തിഭദ്രമായ കാര്യകാരണ ബന്ധങ്ങൾ വേണം. അതില്ല എന്നു തോന്നുമ്പോൾ വിശ്വാസത്തിന്റെ മറുപുറമായ സംശയം ഉണ്ടാകും.

CKLatheef പറഞ്ഞു...

താങ്കള്‍ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇതാണെന്ന് തോന്നുന്നു: ഖുര്‍ആനില്‍ നിന്ന് അത് ദൈവം സ്രഷ്്ടാവാണെന്നും ദൈവം ഏകനാണെന്നുമുള്ള
ഒരൊറ്റ ദൈവസങ്കല്‍പമേ ലഭിക്കൂ. അതിനപ്പുറം ഒരു ദൈവവീക്ഷണം ഖുര്‍ആനിന് യോജിക്കുകയില്ല. എന്നാല്‍ ഹിന്ദുമതത്തിലാകട്ടേ ഒരാള്‍ക്ക് ദൈവത്തെ എങ്ങനെ കാണണമോ അങ്ങിനെ കാണാം. ഇനി ദൈവമില്ല എന്ന് കരുതുന്നവര്‍ക്ക് അതുമാകാം. അതിനാല്‍ ദൈവവിശ്വാസസങ്കള്‍പത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഹിന്ദുമതത്തിലോ(വേദങ്ങളിലോ എന്ന ചോദിക്കാത്തത് ബോധപൂര്‍വമാണ്) ഖുര്‍ആനിലോ. ഒരു സംശയവുമില്ല. ഹിന്ദുമതത്തില്‍ തന്നെ. ഒരര്‍ഥത്തില്‍ സൗകര്യവും അതുതന്നെ എന്ന കാര്യവും അംഗീകരിക്കുന്നു.

പാര്‍ത്ഥാ... കാര്യങ്ങള്‍ അല്‍പം ലളിതമായി കണ്ടുനോക്കൂ. ഖുര്‍ആന്‍ ഒരൊറ്റ ദൈവവീക്ഷണം മനുഷ്യന് പറഞ്ഞുതരുന്നു. അവനോട് ചിന്തിക്കാനാവശ്യപ്പെടുന്നു. അവന് ബോധ്യപ്പെട്ടെങ്കില്‍ അത് സ്വീകരിക്കാം. ഇല്ലെങ്കില്‍ തള്ളിക്കളയാം. സംശയം തീര്‍ന്ന വിശ്വാസമാണ് വേണ്ടത്. അതിനാണ് ദൃഢവിശ്വാസമെന്ന് പറയുന്നത്. അതാകട്ടേ രൂപപ്പെടുന്നത് അറിവിന്റെയും ചിന്തയുടെയും പിന്തുണയോടെയാണ്. അടിമയുടെ അടിമയാകുന്നതും യഥാര്‍ഥ യജമാനന്റെ അടിമയാകുന്നതും വ്യത്യാസമുണ്ട് എന്നാണ് ഖുര്‍ആനിന്റെ അനുയായികള്‍ കരുതുന്നത്. വെറും അടിമകളായവരുടെ അടിമത്വത്തില്‍ നിന്ന് മോചനംനേടുക എന്ന ലക്ഷ്യമാണ് ദൈവത്തിന്റെ അടിമയാകുന്നതിലൂടെ സംഭവിക്കുന്നത്. ദൈവത്തിന് ഒരു ഇരിപ്പിടമൂണ്ടെന്നും ദൈവം രാജാക്കന്‍മാര്‍ ഇരിക്കുന്നത് പോലെ ഒരു സിംഹാസനത്തില്‍ ഇരിക്കുകയാണ് എന്നും വിശ്വാസികള്‍ കരുതുന്നില്ല. ഖുര്‍ആനിന്റെ സത്ത ഉള്‍കൊണ്ട് അതിന് വിശദീകരണം നല്‍കിയവര്‍ ദൈവത്തിന്‍ പ്രപഞ്ചത്തിലുള്ള ആധിപത്യത്തെ മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ദൈവത്തിന്റെ ചിത്രീകരണമായി അതിനെ കാണുന്നു. യുക്തിവാദ പ്രചരണ ബ്ലോഗുകളില്‍ മറിച്ച് കണ്ടതിനാലാണ് ഇത്രയും അതേക്കുറിച്ച് പറഞ്ഞത്.

പാര്‍ത്ഥന്‍ പറഞ്ഞു...

സംശയം തീര്‍ന്ന വിശ്വാസമാണ് വേണ്ടത്. അതിനാണ് ദൃഢവിശ്വാസമെന്ന് പറയുന്നത്. അതാകട്ടേ രൂപപ്പെടുന്നത് അറിവിന്റെയും ചിന്തയുടെയും പിന്തുണയോടെയാണ്.

ഇങ്ങനെത്തന്നെയാവണം എന്നുതന്നെയാണ് ഞാൻ പറയുന്നത്. പക്ഷെ അങ്ങനെത്തന്നെയാണോ കാര്യങ്ങളുടെ യഥാർത്ഥ്യം.

CKLatheef പറഞ്ഞു...

ഞാന്‍ പറഞ്ഞ പ്രസ്താവന പൂര്‍ണമായും ശരി. എന്നാല്‍ എല്ലാവരും വിശ്വസിക്കുന്നത് അറിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് പറയാന്‍ കഴിയില്ല. ജനിച്ചപ്പോള്‍ മുതല്‍ കണ്ടും കേട്ടുകൊണ്ടുമിരിക്കുന്നത് അങ്ങനെ പിന്തുടരുന്നു എന്ന് മാത്രം. അവരില്‍ ചിലര്‍ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. വിശ്വാസത്തിന് അനുഗുണമായ അറിവ് അവര്‍ക്ക് ലഭിച്ചിരുന്നില്ല. അവര്‍ക്ക് ലഭിച്ച അറിവാകട്ടെ വിശ്വാസത്തിന് നിരക്കാത്തായി അവര്‍ക്ക് തോന്നി. അങ്ങിനെ ചിലര്‍ വിശ്വാസം പാടെ വെടിഞ്ഞു. ചിലര്‍ യഥാര്‍ഥ വിജ്ഞാനം കരസ്ഥമാക്കി. അവര്‍ വിശ്വാസികളായി തുടര്‍ന്നു. ചിര്‍ക്ക് തങ്ങളുടെ വിശ്വാസം ശരിയല്ലെന്ന് അറിവിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടു അവര്‍ മറ്റൊരു വിശ്വാസം സ്വീകരിച്ചു. ഇതൊക്കെയല്ലേ നടപ്പുയാഥാര്‍ഥ്യം. വിശ്വസിക്കുന്നവര്‍ അറിഞ്ഞുവിശ്വസിക്കട്ടേ. അതിന് യോജിച്ച അറിവ് നല്‍കാന്‍ ശ്രമിക്കുകയാണ് ഞാന്‍. വിശ്വാസം ഓരോ വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. അതവരുടെ ഇഷ്ടം. ഇതില്‍ ആരും ആക്ഷേപാര്‍ഹരല്ല.

CKLatheef പറഞ്ഞു...

ദൈവം സ്വയം ഭൂവാണ് എന്ന പരാമര്‍ശം സൂക്ഷമാര്‍ഥത്തില്‍ പിശകുള്ളതാണ്. അത് ചൂണ്ടിക്കാണിച്ച വായനക്കാരന് നന്ദി. ഒരു പ്രത്യേക സ്ഥലത്ത് സ്വയം പ്രത്യക്ഷപ്പെടുക എന്നതാണ് സ്വയംഭൂ എന്ന വാക്ക് കുറിക്കുന്നത്. അതിന് മുമ്പ് അതുണ്ടായിരുന്നില്ല എന്ന അവസ്ഥയും അതോടൊപ്പം വന്ന് ചേരുന്നു. ഖുര്‍ആനില്‍ ദൈവത്തിന് അത്തരം ഒരു വിശേഷണം നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ എന്റെ പോസ്റ്റില്‍ ദൈവത്തെ സ്വയംഭൂവെന്ന് വിശേഷിപ്പിച്ചത് അബദ്ധമാണെന്ന് മനസ്സിലാക്കണം.

നന്ദന പറഞ്ഞു...

ലത്തീഫ്‌ ..താങ്കളുടെ ശ്രമങ്ങള്‍ക്ക് നന്ദിപറയട്ടെ ..
പല അക്ബര്‍ , മേതര്‍മാരും ഇസ്ലാമിസ്റ്റുകളും ഒഴിഞ്ഞുമാരുമ്പോള്‍ ..സധൈര്യം വാദങ്ങള്‍ അവദരിപ്പിക്കുകയും നേരിടുകയും ..ജാബിര്‍ , ചിത്രകാരന്‍ , ശുശീല്കുമാര്‍ എന്നിവര്‍ക്കൊക്കെ മറുപടി കൊടുക്കുകയും ചെയ്യുന്നു .
വായിക്കുക പഠിക്കുക .....ഇങ്ങനെയനെല്ലോ ഖുര്‍ആന്‍ തുടങ്ങുന്നത് ...അപ്പോള്‍ തീര്‍ച്ചയായും സംശയം ഉണ്ടാവും ചോദ്യങ്ങള്‍ ഉണ്ടാവും .......ആത്മാവിനെകുരിച്ചും, ദൈവത്തിന്‍റെ സൃഷ്ടിപ്പിനെകുരിച്ചും ചോദിയ്ക്കാന്‍ പാടില്ല ....അവിടെ ഒരു ലക്ഷ്മണ രേഖ വരയ്ക്കുന്നു ..ആ അറിവ്‌ ദൈവത്തിന് പറയാന്‍ കഴിഞ്ഞില്ല എന്നാണോ താങ്കള്‍ വിശ്വസിക്കുന്നത് ....അല്ലെങ്കില്‍ അത് ദൈവം പറയാതെവെച്ചത് ...ദൈവത്തിനെ അറിയൂ എന്നാണോ ?. അപ്പോള്‍ നിങ്ങളുടെ അറിവ്‌ പൂര്നമാകുന്നുണ്ടോ ?...ഏത് വിശ്വാസമായാലും അറിവ്‌ പൂര്‍ണമാകണം..... ഇവിടെ താങ്കള്‍ പലയിടത്തും എഴുതികണ്ടു ആ ചോദ്യം അപ്രസക്തമാണ് ...ചോദ്യങ്ങള്‍ ഒരിക്കലും അപ്രസക്തമാകുന്നില്ല ..അതിനു ഉത്തരം നല്‍കാന്‍ നമുക്കറിയില്ല ..അതല്ലേ വാസ്തവം .
നന്‍മകള്‍ നേരുന്നു
നന്ദന

നന്ദന പറഞ്ഞു...

"ദൈവം സ്വയം ഭൂവാണ് എന്ന പരാമര്‍ശം സൂക്ഷമാര്‍ഥത്തില്‍ പിശകുള്ളതാണ്. അത് ചൂണ്ടിക്കാണിച്ച വായനക്കാരന് നന്ദി. ഒരു പ്രത്യേക സ്ഥലത്ത് സ്വയം പ്രത്യക്ഷപ്പെടുക എന്നതാണ് സ്വയംഭൂ എന്ന വാക്ക് കുറിക്കുന്നത്. അതിന് മുമ്പ് അതുണ്ടായിരുന്നില്ല എന്ന അവസ്ഥയും അതോടൊപ്പം വന്ന് ചേരുന്നു. ഖുര്‍ആനില്‍ ദൈവത്തിന് അത്തരം ഒരു വിശേഷണം നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ എന്റെ പോസ്റ്റില്‍ ദൈവത്തെ സ്വയംഭൂവെന്ന് വിശേഷിപ്പിച്ചത് അബദ്ധമാണെന്ന് മനസ്സിലാക്കണം" ..ഇങ്ങനെ ഖുആന്‍ ആധുനിക വല്‍ക്കരിച്ചാല്‍....അറിയാതെ അബദ്ധങ്ങള്‍ വന്നുപോകും
നന്‍മകള്‍ നേരുന്നു
നന്ദന

CKLatheef പറഞ്ഞു...

നന്ദനക്ക് സ്വാഗതം.

അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. ചെറിയ ഒരു വിയോജിപ്പ് അറിയിക്കുന്നു. അബദ്ധം പിണഞ്ഞത് ഖുര്‍ആനിനെ ആധുനിക വല്‍കരിച്ചതുകൊണ്ടല്ല. ചിലപ്പോഴെങ്കിലും നാം ബഹുമാനിക്കുന്ന നമ്മെക്കാള്‍ അറിവുള്ള പണ്ഡിതന്‍മാരുടെ വാക്കുകള്‍ രണ്ടാമതൊന്നാലോചിക്കാതെ എടുത്ത് ചേര്‍ക്കും. അപ്രകാരം പിണഞ്ഞ അബദ്ധമാണത്. ഖുര്‍ആനിന്റെ പ്രത്യേകതകളിലൊന്ന് ചിന്തയും മുന്നറിവുകളും വെച്ച് ആശയവിപുലീകരണത്തെ അങ്ങേഅറ്റം അതിനുള്‍കൊള്ളാന്‍ കഴിയും എന്നുള്ളതാണ്. എനിക്ക് കണ്ടെത്താന്‍ കഴിയാത്ത ഒരാശയം താങ്കള്‍ക്ക് കാണാന്‍ കഴിഞ്ഞു എന്ന് വരാം. പൊതുവെ വേദങ്ങളില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ വേദത്തെ പുതിയ സാഹചര്യങ്ങള്‍ക്കൊപ്പിക്കാന്‍ പാടുപെടാറുണ്ട്. ഒരു പക്ഷേ നന്ദനയുടെ വാക്കുകള്‍ക്ക് പ്രേരകം ഇതായിരിക്കാം.

CKLatheef പറഞ്ഞു...

ഇസ്്‌ലാമില്‍ അറിവുകള്‍ രണ്ട് വിധത്തിലുണ്ട്. ഒന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഭൗതിക വസ്തുക്കളെക്കുറിചുള്ള അറിവ്. അഥവാ ശാസ്ത്രീയ അറിവുകള്‍. അവ നമ്മുക്ക് നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നതാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അതിനുപയോഗപ്പെടുത്തുന്നു. മനുഷ്യശരീരത്തെക്കുറിച്ച് പ്രപഞ്ചത്തിലുള്ള വിവിധ വസ്തുക്കളെക്കുറിച്ച്. ജീവി വര്‍ഗത്തിന്റെ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം. അതില്‍ ചോദ്യങ്ങളും അന്വേഷണങ്ങളുമാണ് അറിവിന്റെ താക്കോല്‍. ഇതിന് പുറമെ മറ്റൊരു വിജ്ഞാനത്തെക്കുറിച്ചും ഇസ്്‌ലാം പറയുന്നു. അത് പിന്നീടാകാം.

നന്ദന പറഞ്ഞു...

അപ്പോള്‍ താങ്കള്‍ പറഞ്ഞുവരുന്നത് ഭൌതികമായ അറിവില്‍ മനുഷ്യന് ഏതറ്റംവരെയും പോകാം..ആത്മീയമായ അറിവില്‍ മനുഷ്യന് പരിമിതികളുണ്ട് എന്നാണോ ?
നന്‍മകള്‍ നേരുന്നു
നന്ദന

Unknown പറഞ്ഞു...

അപ്പോള്‍ താങ്കള്‍ പറഞ്ഞുവരുന്നത് ഭൌതികമായ അറിവില്‍ മനുഷ്യന് ഏതറ്റംവരെയും പോകാം..ആത്മീയമായ അറിവില്‍ മനുഷ്യന് പരിമിതികളുണ്ട് എന്നാണോ ?
നന്‍മകള്‍ നേരുന്നു
നന്ദന


രണ്ടിനും പരിധിയുണ്ട്.

ഒരു ഓക്സിജന്‍ ആറ്റവും രണ്ട് ഹൈഡ്രജന്‍ ആറ്റവും കൂടിച്ചേര്‍ന്ന് ഒരു ജലതന്മാത്രയുണ്ടാകുന്നുവെന്ന് നമുക്കറിയാം. എന്തുകൊണ്ട്? അറിയില്ല!. ഹൈഡ്രജനും ഓക്സിജനും ജ്വലനഗുണമുള്ളതാണ്. ഇതുരണ്ടും ചേര്‍ന്ന ജലം തീയിലൊഴിച്ചാല്‍? ആളിക്കത്തുമെന്ന് രണ്ടു മൂലകങ്ങളുടെയും ഗുണങ്ങള്‍ അറിയുന്നയാള്‍ പറഞ്ഞുപോകും! എന്നാല്‍ എന്തു സംഭവിയ്ക്കുന്നു? വെള്ളം തീയിനെ കെടുത്തിക്കളയുന്നു! എന്തു കൊണ്ട്? അറിയില്ല!!

അതുപോലെ ആത്മാവെന്തെന്ന് മനുഷ്യനറിയില്ല. മനസ്സെന്തെന്ന് മനുഷ്യനറിയില്ല. സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചും മറ്റൊരാളെ രക്ഷിയ്ക്കുന്നതിലെ മനഃശാസ്ത്രം ഭൌതികവാദികള്‍ക്ക് കണ്ടെത്താനാകുന്നില്ല!

പ്രപഞ്ചത്തെ അതിനുള്ളില്‍നിന്നും മുഴുവനായറിയാന്‍ കഴിയില്ല. അതൊരു പരിധിയാണ്. ഒരു സിസ്റ്റത്തെ അതിനുള്ളില്‍നിന്നും പൂര്‍ണ്ണമായറിയാന്‍ കഴിയില്ലെന്ന ശാസ്ത്രീയ വിശദീകരണത്തെ നമ്മള്‍ ചോദ്യംചെയ്യാതെ അംഗീകരിക്കുന്നു.

അങ്ങനെയങ്ങനെയങ്ങനെ ഒരുപാട് പരിധികള്‍!

V.B.Rajan പറഞ്ഞു...

ദൈവത്തെ ആരു സൃഷ്ടിച്ചു എന്ന വിഷയം ഇത്ര ഗഹനമായ ചര്‍ച്ചക്ക് അര്‍ഹമല്ല എന്നണെന്റെ അഭിപ്രായം. ദൈവം എന്നത് മനുഷ്യന്റെ പല സാങ്കല്പിക സൃഷ്ടികളില്‍ ഒന്നു മാത്രമാണ്. പിശാച്, മാലാഖ, ആത്മാവ്, കല്പവൃക്ഷം, സ്വര്‍ഗ്ഗം, നരകം തുടങ്ങി മനുഷ്യന്‍ പല ഭാവനാ സൃഷ്ടികളും നടത്തിയിട്ടുണ്ട്. ദൈവം എന്ന സങ്കല്പം തന്നെ പരിണാമ വിധേയമാണ്. മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ പല ദൈവങ്ങളും മരണപ്പെട്ടു പോയി എന്നു കാണാം. ഗ്രീക്കു പുരാണങ്ങളിലും മറ്റും വിവരിക്കുന്ന ദൈവങ്ങളെ ഇന്ന് ആരും അംഗീകരിക്കുന്നില്ല. മനുഷ്യന്റെ അറിവിന്റെ ചക്രവാളം വികസിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ് അത്. മുഹമ്മദ് തന്നെ അന്നു നിലവിലിരുന്ന പലഗോത്ര ദൈവങ്ങളേയും നിഷേധിച്ചുകൊണ്ട് തന്റെ ഗോത്ര ദൈവമാണ് എല്ലാവരിലും ഉന്നതന്‍ എന്ന് ഉത്ഘോഷിക്കുകയാണ് ചെയ്തത്. ഈ ആധൂനിക യുഗത്തില്‍ മുഹമ്മദ് ഉയര്‍ത്തിക്കാട്ടിയ ദൈവവും മരണശയ്യയിലാണ്. ലത്തീഫിനെ പോലെയുള്ളവര്‍ എത്ര ശ്രമിച്ചാലും ഈ സങ്കല്പത്തെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. ആ സങ്കല്പത്തിന് മാന്യമായ ഒരു ശവസംസ്കാരം നല്‍കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന കാര്യം

CKLatheef പറഞ്ഞു...

'ഈ ആധൂനിക യുഗത്തില്‍ മുഹമ്മദ് ഉയര്‍ത്തിക്കാട്ടിയ ദൈവവും മരണശയ്യയിലാണ്. ലത്തീഫിനെ പോലെയുള്ളവര്‍ എത്ര ശ്രമിച്ചാലും ഈ സങ്കല്പത്തെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. ആ സങ്കല്പത്തിന് മാന്യമായ ഒരു ശവസംസ്കാരം നല്‍കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന കാര്യം'

മനുഷ്യാരംഭം മുതല്‍ പ്രാവാചക ദര്‍ശനങ്ങളെ എതിര്‍ത്ത ധാരാളം നിഷേധികള്‍ ഈ സ്വപനം ഇതിന് മുമ്പും കണ്ടിട്ടുണ്ട്. പക്ഷെ അവരൊന്നും ഇന്ന് ഈ ഭൂമുഖത്ത് ഇല്ല. എന്റെ വിശ്വാസമനുസരിച്ച് അവരെല്ലാം അവരുടെ നിഷേധത്തിന്റെ ഫലം കണ്ടുകഴിഞ്ഞു. ഇനിയും ഇത്തരം സ്വപ്‌നം വെച്ച് പുലര്‍ത്തുന്നതിന് തടസ്സമൊന്നുമില്ല. അന്ത്യദിനം വരെ ഇതേ ദൈവത്തിന്റെ ഇതേ മഹത്വങ്ങള്‍ വാഴ്തി ലോകത്ത് ഒരു വിഭാഗമുണ്ടാകും. മനുഷ്യന്‍ നിര്‍മിച്ച ദൈവസങ്കല്‍പങ്ങള്‍ കാലപ്രവാഹത്തില്‍ ഒലിച്ചുപോകുകയും ചെയ്യും.

പ്രവാചകാ, നാം ദൈവദൂതന്മാരുടെ ഈ കഥകളൊക്കെയും കേള്‍പ്പിക്കുന്നത് നിന്റെ മനസ്സ് ദൃഢീകരിക്കുന്നതിനുവേണ്ടിയാകുന്നു. ഇതിലൂടെ നിനക്കു സത്യജ്ഞാനം ലഭിച്ചു. സത്യവിശ്വാസികള്‍ക്ക് സദുപദേശവും ഉദ്‌ബോധനവും ലഭിക്കാന്‍ ഭാഗ്യമുണ്ടായി. സത്യവിശ്വാസം കൈക്കൊള്ളാത്ത ജനത്തോടു പറഞ്ഞുകൊള്ളുക: 'നിങ്ങള്‍ നിങ്ങളുടെ വഴിക്കു പ്രവര്‍ത്തിക്കുവിന്‍. ഞങ്ങള്‍ ഞങ്ങളുടെ വഴിക്കും പ്രവര്‍ത്തിക്കാം. അന്തിമഫലം കാത്തിരിക്കുവിന്‍. ഞങ്ങളും അതു കാത്തിരിക്കുന്നവരാകുന്നു.' ആകാശഭൂമികളില്‍ അദൃശ്യമായിരിക്കുന്നതൊക്കെയും അല്ലാഹുവിന്റെ അധികാരശക്തിയിലുള്ളതാകുന്നു. സകല സംഗതികളും അവങ്കലേക്കുതന്നെയാകുന്നു മടക്കപ്പെടുന്നത്. അതിനാല്‍ പ്രവാചകന്‍ അവന് ഇബാദത്തു ചെയ്യുക. അവനില്‍തന്നെ ഭരമേല്‍പിക്കുക. നിന്റെ റബ്ബ് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെക്കുറിച്ചും ബോധമില്ലാത്തവനല്ലതന്നെ. (11:120-123)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review