2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

ഇസ്‌ലാമും അടിമത്തവും

സാമൂഹ്യഘടനയുടെ ഭാഗം:

ക്രിസ്താബ്ദം 6 ാം നൂറ്റാണ്ടില്‍ അഥവാ പ്രവാചകന് മുഹമ്മദ് നബിയുടെ നിയോഗകാലത്ത് അടിമത്ത സമ്പ്രദായം ലോകത്തിന്റെ ഇതര പ്രദേശങ്ങളിലെന്ന പോലെ അറേബ്യയിലും നിലനിന്നിരുന്നു. സാമൂഹ്യഘടനയുടെ അവിഭാജ്യഭാഗമായിരുന്നു അന്ന് അടിമവ്യവസ്ഥ. മനുഷ്യരെ മുഴുവന്‍ ദൈവത്തിന്റെ ദാസന്‍മാരെന്ന നിലക്ക് തുല്യന്‍മാരാണെന്നവകാശപ്പെടുന്ന ഇസ്‌ലാം എന്തുകൊണ്ട് അടിമത്തമെന്ന കാടന്‍ സമ്പ്രദായം നിരോധിച്ചില്ല, എന്ന ചോദ്യം വളരെ പ്രസക്തവും മറുപടിയര്‍ഹിക്കുന്നതുമാണ്. അന്ന് നിലനിന്നിരുന്ന മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, പലിശ തുടങ്ങിയ തിന്‍മകളെ നിഷിദ്ധമാക്കുകയും അവയ്‌കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്ത ഇസ്‌ലാമിന് എങ്ങനെ അടിമത്തത്തോട് രാജിയാവാന്‍ കഴിയും. ഇസ്‌ലാമിനെ നിഷ്പക്ഷമായി പഠിക്കാനാഗ്രഹിക്കുന്നയാളെപോലും ശങ്കയിലാക്കാന്‍ ഈ ചോദ്യത്തിന് കഴിയും.

നിരോധിക്കാതിരിക്കാനുള്ള ന്യായം:

ലോകത്ത് എവിടെയും സാങ്കേതികമായി അടിമത്തം നിലനില്‍ക്കുന്നില്ല. എബ്രഹാം ലിങ്കന്‍ ആധുനിക അമേരിക്കയില്‍ അടിമത്തം നിയമപരമായി നിരോധിക്കുന്നതുവരെ അടിമത്തം മഹാപാതകമായി ലോകം കണ്ടിരുന്നില്ല. വ്യഭിചാരം പോലെ ഒരു ഭരണാധികാരിക്ക് ഒറ്റയടിക്ക് നിരോധിച്ച് പരിഹരിക്കാവുന്നതായിരുന്നില്ല പ്രവാചകന്റെ കാലത്തെ അടിമവ്യവസ്ഥ. കാരണം നേരത്തെ സൂചിപ്പിച്ച പോലെ സാമൂഹികവ്യവസ്ഥയുടെ ഭാഗമായി അതുനിലനില്‍കുകയായിരുന്നു. ഗോത്രങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലും യുദ്ധം നിലനിന്നിരുന്ന അക്കാലത്ത് യുദ്ധത്തില്‍ പിടികൂടപ്പെടുന്നവര്‍ അടിമകളാക്കപ്പെടുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. പിടികൂടുന്നവരെ പാര്‍പ്പിക്കാന്‍ അന്ന് ജയിലുണ്ടായിരുന്നില്ല. യുദ്ധസന്ധികളില്‍ തടവുകാരെ പരസ്പരം കൈമാറുക പതിവായിരുന്നു. പ്രവാചക നിയോഗത്തിന് ശേഷം മുഹമ്മദ് നബിയെ പിന്തുടര്‍ന്നവരും സ്വാഭാവികമായും യുദ്ധത്തെ അഭിമുഖീകരിക്കേണ്ടിവന്നു. ഈ സാഹചര്യം പ്രവാചകന്റെ മരണശേഷവും ഖലീഫമാരുടെ കാലത്തും മാറ്റമില്ലാതെ നിലനിന്നു. ഇസ്‌ലാം ഈ സമ്പ്രദായത്തെ നിരോധിക്കുകയും മുസ്‌ലിംകള്‍ പ്രസ്തുത കല്‍പന പാലിക്കുകയും ചെയ്യുന്ന പക്ഷം മുസ്‌ലിം പക്ഷത്തുള്ളവര്‍ യുദ്ധത്തില്‍ പിടിക്കപ്പെടുമ്പോള്‍ അവര്‍ അടിമകളാക്കപ്പെടുകയും മറുപക്ഷത്തുള്ളവരെ വെറുതെ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടാകും. തടവുകാരെ കൈമാറാനുള്ള അവസരവും ഇതോടെ നഷ്ടപ്പെടുന്നു. അതേ പ്രകാരം തന്നെയാണ് യുദ്ധസന്ദര്‍ഭത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളുടെയും അവസ്ഥയും. ഇത്തരം സ്ത്രീകളെ സേനാനായകന്‍ യുദ്ധത്തില്‍ ഏര്‍പെട്ട പട്ടാളക്കാര്‍ക്ക് അനുവദിച്ച് കൊടുക്കുന്നതുവരെ അവരെ സ്വന്തമാക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ഇത്തരം ചില സാഹചര്യങ്ങളില്‍ ചില സ്ത്രീകളെ പ്രവാചകന്റെ കീഴില്‍ നിര്‍ത്തുകയും ചിലരെ യുദ്ധത്തില്‍ പങ്കാളികളായ അനുചരന്‍മാര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. ഈ സാമൂഹിക സാഹചര്യം അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ വിഷയത്തില്‍ സംശയം തീരില്ല. കാര്യങ്ങളെ ഇന്നത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍ ഇസ്‌ലാം അടിമത്തം നിയമം മൂലം നിരോധിക്കാതിരുന്നത് ഒരു വലിയ അപരാധമായി തോന്നാവുന്നതാണ്. അടിമവ്യവസ്ഥയെ ഇസ്‌ലാം ഇല്ലായ്മ ചെയ്തിട്ടില്ല എന്നത് ശരിയാണെങ്കിലും, ഇസ്‌ലാം അടിമത്തത്തിന്റെ കാഠിന്യം കുറക്കുകയും ക്രമാനുഗതമായി അതിനെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

ഇസ്‌ലാമിന്റെ അടിമകളോടുള്ള സമീപനം:

അടിമകളോടുള്ള ക്രൂരത അറിയപ്പെട്ടതാണ്. മൃഗതുല്യം പരിഗണനയേ അവര്‍ ഏത് സമൂഹത്തിലും അനുഭവിച്ചിട്ടുള്ളൂ. ഇസ്‌ലാം അവരിലെ ആത്മാവിനെ അംഗീകരിക്കുകയും അവര്‍ തങ്ങളുടെ സഹോദരങ്ങളാണെന്ന വീക്ഷണം വിശ്വാസികളില്‍ വളര്‍ത്തുകയും ചെയ്തു, അതിനായി പ്രവാചകന്‍ അരുളി: 'നിങ്ങളുടെ സഹോദരന്‍മാരും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള സഹോദരന് താന്‍ ഭക്ഷിക്കുന്നത് പോലുള്ള ആഹാരവും ധരിക്കുന്നത് പോലുള്ള വസ്ത്രവും നല്‍കേണ്ടതാണ്. അവര്‍ക്ക് അസാധ്യമായ കാര്യം അവരെ ഏല്‍പ്പിക്കരുത്. അഥവാ പ്രയാസകരമായ വല്ല ജോലിയും അവരെ ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങളും അവരെ സഹായിക്കുക' (ബുഖാരി). എന്റെ ദാസാ, ദാസീ എന്ന് വിളിക്കുന്നത് പോലും വിലക്കി. മറിച്ച് എന്റെ ജോലിക്കാരാ അല്ലെങ്കില്‍ ജോലിക്കാരീ എന്ന് വിളിക്കണമെന്നനുശാസിച്ചു. പ്രവാചകന്റെ വാക്കുകള്‍ അക്ഷരം പ്രതിയനുസരിക്കുന്ന ഒരു വിഭാഗമായിരുന്നു പ്രവാചകന്റെ അനുയായികള്‍ എന്നറിയണം.

വാഹനത്തിന്റെ പിറകില്‍ അടിമയെ നടത്തി വാഹനത്തില്‍ യാത്രചെയ്യുന്ന ഒരാളോട് പ്രവാചകന്റെ അനുയായിയാരുന്ന അബൂഹുറൈറ(റ) പറഞ്ഞു: 'നിന്റെ പിറകില്‍ അവനേയും കയറ്റൂ. നിന്റെ സഹോദരനാണവന്‍. നിന്റേത് പോലുള്ള ആത്മാവ് അവനുമുണ്ട്.' ഈ അടിമത്തത്തെയാണ് ഇസ്ലാം നിയമം മൂലം നിരോധിക്കാതിരുന്നത് എന്നുകൂടി അറിയേണ്ടതുണ്ട്.

ഇല്ലായ്മ ചെയ്യാന്‍ കൈകൊണ്ട നടപടികള്‍:

1. അടിമ മോചനത്തിന് വമ്പിച്ച പ്രധാന്യം നല്‍കുകയും പുണ്യകരമായ ഒരു പ്രവര്‍ത്തിയായി നിശ്ചയിക്കുകയും ചെയ്തു.
2. സക്കാത്തിന്റെ ഒരോഹരി അടിമ മോചനത്തിനായി നീക്കിവെച്ചു.
3. പല പാപങ്ങള്‍ക്കും പ്രായശ്ചിത്തമായി അടിമ മോചനം നിയമമാക്കി.
4. 10 പേര്‍ക്ക് എഴുതും വായനയും പഠിപ്പിക്കുന്ന അടിമകളെ മോചിപ്പിക്കുന്ന മാര്‍ഗം സ്വീകരിച്ചു.
5. മോചനപത്രമെഴുതി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏത് അടിമക്കും മോചിതനാകാനുള്ള അവസരമൊരുക്കി. അടിമ സന്നദ്ധമായാല്‍ യജമാനന് അംഗീകരിക്കാതിരിക്കാനാവില്ല. അന്ന് മുതല്‍ അവന്റെ യജമാനുള്ള ജോലി ഒരു കൂലിക്കാരന്റെതിന് തുല്യമായിരിക്കും കരാര്‍ പത്രത്തിനനുസരിച്ച് സംഖ്യ ആയികഴിഞ്ഞാല്‍ അവന്‍ പൂര്‍ണസ്വതന്ത്രനായി. യൂറോപ്പില്‍ ഈ വ്യവസ്ഥ നിലവില്‍ വന്നത് 14ാം നൂറ്റാണ്ടിലാണെന്ന് അറിയുമ്പോഴെ ഇസ്‌ലാം ഇക്കാര്യത്തില്‍ എത്രമാത്രം വിപ്ലവകരമായ മാര്‍ഗമാണ് കൈകൊണ്ടത് എന്ന് മനസ്സിലാക്കാന്‍ കഴിയൂ.
6. അടിമസ്ത്രീയില്‍ യജമാനന് ഉണ്ടാകുന്ന കൂട്ടികള്‍ സ്വതന്ത്രരായിരിക്കും. യജമാനന്റെ മരണത്തോടെ ആ സ്ത്രീ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും.
7. യുദ്ധത്തിലൂടെയല്ലാതെ അടിമകളാക്കുന്ന സമ്പ്രദായം കര്‍ശനമായി വിലക്കി.

ആരോപണത്തിന്റെ ഉന്നം:

അടിമത്തം നിലനിന്ന കാലത്ത് ഇസ്‌ലാമിനെതിരെ ഇത്തരമൊരാരൊപണം ഉന്നയിക്കപ്പെട്ടതായി അറിയപ്പെട്ടിട്ടില്ല. അടിമത്തം ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെട്ട സാമൂഹികാവസ്ഥ സംജാതമായതിന് ശേഷം ഇസ്‌ലാമിനെതിരെ ഈ ആരോപണം നടത്തുന്നതിനുള്ള കാരണമന്വേഷിച്ചാല്‍ പ്രസ്തുത ആരോപണത്തിന്റെ ശൈലിയില്‍ നിന്നുതന്നെ ഉത്തരവും ലഭിക്കുന്നതാണ്. ഇസ്‌ലാം അപരിഷ്‌കൃതവും ആറാം നൂറ്റാണ്ടിന് മാത്രം യോജിച്ച തത്വസംഹിതയാണെന്നും വരുത്തിതീര്‍ക്കുന്നതിന്റെ ഭാഗമാണീ ആരോപണം. അതുകൊണ്ട് തന്നെ ഇസ്‌ലാമിന് അക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമായിരുന്നു, ചെയ്തതെന്ത് എന്നൊന്നും വിമര്‍ശിക്കുന്നവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുകയില്ല. ഇസ്‌ലാം അടിമത്തം നിരോധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ ഉണ്ട് എന്ന് പറയുക, ഇല്ലെങ്കില്‍ ഇല്ല എന്ന് പറയുക. ഇതാണ് ഈ വിഷയകമായി വിമര്‍ശകര്‍ സ്വീകരിക്കുന്ന രീതി. പക്ഷേ നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ മനുഷ്യസ്‌നേഹത്തിനും സമത്വത്തിനും യോജിച്ചവിധം പ്രായോഗികവും തത്വാധിഷ്ഠിതവുമായ നിലപാടാണ് എല്ലാകാര്യത്തിലുമെന്ന പോലെ അടിമത്തവ്യവസ്ഥയുടെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല.

17 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അടിമത്തം ഇസ്‌ലാം നിരോധിച്ചിട്ടില്ല എന്നത് ശരിയാണ്. അതുകൊണ്ടുതന്നെ കര്‍മശാസ്ത്രജ്ഞര്‍ തലനാരിഴകീറി കര്‍മശാസ്ത്രവിധികള്‍ നിര്‍ണയിക്കുന്നിടത്ത്, അടിമയുടെ ഇടപാടിനെക്കുറിച്ചും മറ്റും പറയുന്നുണ്ട്. ഇതില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല കാരണം അതിനേക്കാള്‍ സൂക്ഷമായ കാര്യങ്ങള്‍വരെ കര്‍മശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റൊന്ന് ഖുര്‍ആനിലെ ചിലസൂക്തങ്ങളില്‍ അത് സംബന്ധമായി വന്ന വിധികളും ഉപമകളുമാണ്. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന കാര്യങ്ങളാണ് ഖുര്‍ആനിന്റെ ചര്‍ചാവിഷയം. അതേ പ്രകാരം അന്നത്തെ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാക്കുന്ന കാര്യങ്ങള്‍ ഉപമകളായും പറഞ്ഞിട്ടുണ്ട്. മറ്റൊരു കാര്യമായി എടുത്ത് ഇസ്‌ലാം വിമര്‍ശകര്‍ എടുത്ത് പറയുന്നത് പ്രവാചകന്‍മാരിലൂടെ കാലാന്തരത്തില്‍ നിരോധിച്ചുകൂടായിരുന്നോ എന്നാണ്. വിവിധകാലഘട്ടങ്ങളില്‍ വിവിധദേശത്ത് വന്ന പ്രവാചകന്‍മാരിലൂടെ ലോകത്ത് നിലനില്‍ക്കുന്ന സാമൂഹ്യദൂഷ്യം ഘട്ടം ഘട്ടമായി നിരോധിക്കാമായിരുന്നു എന്ന് ചിന്തിക്കുന്നതില്‍ യാതൊരര്‍ഥവുമില്ല. ഇവിടെ പോസ്റ്റില്‍ നല്‍കപ്പെട്ട മറുപടികള്‍ നല്‍കികഴിഞ്ഞപ്പോള്‍ വിമര്‍ശകര്‍ ചെയ്തത്, തങ്ങളുടെ ലേഖനത്തോടൊപ്പം ഇതുകൂടി ചേര്‍ത്തുവെച്ചു എന്നതാണ്. എന്നിട്ട് ഇങ്ങനെയൊക്കെ ഇസ്‌ലാമിനെ ന്യായീകരിക്കുന്നവര്‍ പറയും എന്ന് ഒരു മുന്‍കൂര്‍ ജാമ്യവുമെടുത്തു. ഇസ്‌ലാമിക വ്യവസ്ഥയനുസരിച്ച് സ്വതന്ത്രനായ ഒരാളെ അടിമയാക്കാന്‍ ഒരു ന്യായീകരണവുമില്ല. എന്നിരിക്കെ ഇസ്‌ലാമിക ഭരണക്കാലത്ത് മുഖ്യകച്ചവടം അടിമക്കച്ചവടമായിരുന്നു എന്നുപറയുന്നതില്‍ കാര്യമില്ല. സച്ചരിതരായ ഖലീഫമാര്‍ക്ക് ശേഷം ഭരണം നടത്തിയ രാജാക്കന്‍മാര്‍ ചെയ്തതിനെ ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല.

CKLatheef പറഞ്ഞു...

ആയിരത്തിതൊള്ളായിരത്തിഅമ്പതുകള്‍ വരെ ലോകത്ത് നിലനിന്ന ഒരു പ്രത്യേക സാഹചര്യമുണ്ടായിരുന്നു. അതിനെ അവഗണിച്ചുകൊണ്ട് ഒരു വിലയിരുത്തല്‍ ഇത്തരം കാര്യത്തില്‍ സത്യസന്ധമായിരിക്കില്ല. കോളനി വല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വവല്‍കരണത്തിന്റെയും (ഇന്ന് അത് അല്‍പം രൂപം മാറിയിരിക്കുന്നു എന്ന് മാത്രം) കാലമായിരുന്നു അത് എന്ന് ആര്‍ക്കാണറിയാത്തത്. എന്നാലും ഇതൊക്കെ പറഞ്ഞുവരുമ്പോള്‍ ഒരു നിമിഷത്തേക്ക് ആളുകള്‍ അത്തരം കാര്യങ്ങള്‍ ഓര്‍ക്കില്ല എന്ന് യുക്തിവാദികള്‍ക്ക് അറിയാം. ആ ഒരു നിമിഷത്തില്‍ ഇസ്‌ലാമിന്റെ ആക്രമണത്തെക്കുറിച്ച് പറഞ്ഞ് വാചാലമാകും യുക്തിവാദികള്‍. ഇസ്്‌ലാമിലെ യുദ്ധങ്ങള്‍ മറ്റൊരുവിഷയമാണ് അത് ചര്‍ചയല്ല. പറഞ്ഞുവന്നത് , ഭരണാധികാരികളായ പ്രവാചകന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം അബ്രഹാം ലിങ്കന് എങ്ങനെ കഴിഞ്ഞു എന്നതിന്റെ ഉത്തരമാണ്.

സുശീല്‍ കുമാര്‍ പറഞ്ഞു...

"അടിമവ്യവസ്ഥയെ ഇസ്‌ലാം ഇല്ലായ്മ ചെയ്തിട്ടില്ല എന്നത് ശരിയാണെങ്കിലും, ഇസ്‌ലാം അടിമത്തത്തിന്റെ കാഠിന്യം കുറക്കുകയും ക്രമാനുഗതമായി അതിനെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. "
-- സര്‍വശക്തനായ ദൈവം വിചാരിച്ചാല്‍ കഴിയാത്തത്‌ ഒന്നുമില്ലെന്നിരിക്കെ അടിമ വ്യവസ്ഥയെ ക്രമാനുഗതമായി ഇല്ലായ്മ ചെയ്യാനുള്ള സാഹചര്യം എന്താണ്‌? അങ്ങനെ സമ്മതിച്ചാല്‍ സര്‍വശക്തന്‍, കാരുണ്യവാന്‍, എല്ലാം അറിയുന്നവന്‍ തുടങ്ങി ദൈവത്തിനു ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ തിരുത്തേണ്ടി വരില്ലേ?

CKLatheef പറഞ്ഞു...

പ്രിയ സുശീല്‍ കുമാര്‍..

അഭിപ്രായത്തിനും അന്വേഷണത്തിനും നന്ദി. താങ്കളുന്നയിച്ച ചോദ്യം ഇവിടെ നല്‍കിയ പോസ്റ്റുമായി ബന്ധപ്പെട്ടതല്ല. അല്‍പം ആവേശം കുറച്ച് കാര്യങ്ങളെ കുറച്ചുകൂടി അവധാനതയോടെ നോക്കിക്കാണാന്‍ ശ്രമിക്കൂ. താങ്കള്‍ക്കും താങ്കളുടെ യുക്തിവാദി സുഹൃത്തുക്കള്‍ക്കും പറ്റിയ അബന്ധം ഇതാണ്. ഒരര്‍ഥത്തില്‍ എല്ലാ വിഷയവും മനുഷ്യനുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടുമാത്രം എല്ലാം ഒരുമിച്ചു ചര്‍ചചെയ്യണം എന്ന് വാശിപിടിച്ചാല്‍ എവിടെയുമെത്തില്ല എന്നതിന് നിങ്ങളുടെ അനുഭവം തന്നെ ധാരാളം മതിയാവും. ഇസ്്‌ലാം പരിചയപ്പെടുത്തുന്ന ദൈവവീക്ഷണത്തെക്കുറിച്ച് കേവലധാരണക്കപ്പുറം നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. നിങ്ങള്‍ ഇവിടെ അനാവശ്യമായി നല്‍കിയ ലിങ്കിലും അതുതന്നെയാണുള്ളത്. ദൈവം മനുഷ്യനില്‍ അവന്റെ ശക്തിപ്രയോഗിച്ച് നീതിയും നിയമവും അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. നന്‍മയുടെയും തിന്‍മയുടെയും രണ്ട് മാര്‍ഗങ്ങള്‍ കാണിച്ചുതരികയും അത് തിരിച്ചറിയാനുള്ള ബുദ്ധിയും വിവേചനശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. താങ്കള്‍ യുക്തിവാദം തെരഞ്ഞെടുത്തത് താങ്കളുടെ ബുദ്ധി ഉപയോഗിച്ചാണ്. അതേ പ്രകാരം തന്നെയാണ് അനുസരണത്തിന്റെ (ഇസ്്‌ലാമിന്റെ) മാര്‍ഗവും കൈകൊള്ളേണ്ടത്. ബുദ്ധി ഉപയോഗിച്ചാല്‍ ദൈവത്തിലെത്തിചേരാന്‍ സാധിക്കില്ല എന്ന് താങ്കള്‍ക്ക് തോന്നുന്നത്, താങ്ങളെപ്പോലുള്ളവര്‍ കാണിക്കുന്ന അമിതാവേശത്തിന്റെ ഫലമാണ്. ചര്‍ച ദൈവസങ്കല്‍പമല്ലെങ്കിലും ചോദ്യം ഉന്നയിച്ച് സ്ഥിതിക്ക് ചുരുക്കത്തില്‍ പറഞ്ഞു എന്നുമാത്രം. വിഷയവുമായി ബന്ധമില്ലാത്ത അഭിപ്രായങ്ങളും ലിങ്കുകളും നീക്കം ചെയ്യും.

CKLatheef പറഞ്ഞു...

ഇസ്‌ലാം അടിമത്തം ഇല്ലായ്മ ചെയ്തിട്ടില്ല എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് മദ്യം നിരോധിച്ചപോലെ കര്‍ശനമായ നിരോധം പ്രവാചകന്റെ കാലത്ത് നല്‍കിയിട്ടില്ല എന്ന് മാത്രമാണ്. അപ്രകാരം നിരോധിക്കാതിരിക്കാനുള്ള കാരണം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. അത് ആവര്‍ത്തിക്കുയല്ല. എങ്കിലും ഒരുകാര്യം ഇവിടെ സൂചിപ്പിക്കുകയാണ്. ഇസ്്‌ലാം ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ച കാര്യമേ മുസ്്‌ലിം സമൂഹത്തില്‍നിന്ന് ഇല്ലായ്മ ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് ചിലരാജ്യങ്ങള്‍ അടിമത്തത്തെ നിയമം മൂലം നിരോധിച്ചപ്പോള്‍ ഇസ്‌ലാമിക സമൂഹത്തില്‍ നിന്നും അതിനനുകൂലമായ ഒരു ശബ്ധവും ഉയരാതിരുന്നത്. പൂര്‍ണമായ അടിമത്തം ദൈവത്തിനല്ലാതെ അര്‍പിക്കുക എന്നത് ഇസ്‌ലാമിന്റെ സത്തക്ക് തന്നെ വിരുദ്ധമായ ഒരു കാര്യമാണ്. ദൈവത്തിന്റെ അടിമകളായ മനുഷ്യന്റെ അടിമത്തത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുക എന്നത് ഇസ്‌ലാമിന്റെ നിയോഗലക്ഷ്യങ്ങളില്‍ പെട്ടതാണ്.

vaachalan വാചാലന്‍ പറഞ്ഞു...

താങ്കളൂടെ ഈ ലേഖനം തെറ്റിദ്ധാരണ ജനകം ആണ്..

യുദ്ധത്തില്‍ പിടീകൂടീയവരെ അടിമകള്‍ ആക്കാം എന്ന് ഖുര്‍‌ആനിലോ മറ്റോപറഞ്ഞിട്ടൂണ്ടോ?

ബദര്‍ യുദ്ധത്തില്‍ പരാജിതര്‍ ആയ ശത്രുക്കളില്‍ എത്രപേരെ അടിമകള്‍ ആക്കിയിട്ടൂണ്ട്?

അടീമ എന്ന പദപ്രയോഗം പോലും ഇസ്ലാം ഉപേക്ഷിക്കുകയല്ലേ ചെയ്തത്?

നിങ്ങളൂടെ കൈകള്‍ അധീനപ്പെടുത്തിയത് എന്നത് എത്ര മാന്യം ആയ പ്രയോഗം ആണ്?

യുദ്ധത്തടവുകാരെ അടിമകള്‍ ആക്കുകയാണൊ അതോ പ്രായ്ചിത്വം നല്‍കി വിട്ടയക്കുകയാണോ ചെയ്തത്?

CKLatheef പറഞ്ഞു...

@firoz

ആറ് മാസം മുമ്പ് ഇട്ട പോസ്റ്റാണിത് ആയിരക്കണക്കിന് ആളുകള്‍ ഇതിലൂടെ കടന്നുപോയി അവരിലാര്‍ക്കും തോന്നാത്തതാണ് ഇപ്പോള്‍ താങ്കള്‍ക്ക് തോന്നിയിരിക്കുന്നത്. അഥവാ ഈ ലേഖനം തെറ്റിദ്ധാരണ ജനകം ആണ് എന്ന്. എങ്ങനെ എന്ന് താങ്കള്‍ പറയാത്തതുകൊണ്ടും ആ അഭിപ്രായം മുഖവിലക്കെടുക്കാനാവില്ല.

ഞാന്‍ നല്‍കിയ പോസ്റ്റില്‍ നിന്നുതന്നെ ചില ചോദ്യങ്ങളുണ്ടാക്കി തിരിച്ച് ചോദിച്ചിരിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ തീരുന്ന തെറ്റിദ്ധാരണമാത്രമേ താങ്കള്‍ക്കുള്ളവെങ്കില്‍ അതിനൊരു ശ്രമം നടത്താം.

യുദ്ധത്തില്‍ പിടികൂടിയവരെ അടിമകളാക്കാന്‍ പാടില്ല എന്ന് ഖുര്‍ആനില്‍ ഇല്ല. യുദ്ധത്തിലെ ഇത്തരം കാര്യങ്ങള്‍ സാഹചര്യങ്ങളാണ് തീരുമാനിക്കുക. അതനുസരിച്ച് ബന്ധികളാക്കുകയോ മോചനദ്രവ്യം വാങ്ങി വിട്ടയക്കുകയോ, വധികളയുകയോ ചെയ്യേണ്ടിവരും. മറുഭാഗത്ത് മുസ്ലിംകളില്‍ നിന്ന് പിടിക്കപ്പെടുന്നവരെ അടിമകളാക്കുന്ന സമ്പ്രദായമുണ്ടെങ്കില്‍ ഇപ്പുറത്തും അതേ പ്രകാരം ചെയ്യേണ്ടിവരും. പക്ഷെ ഇനിയും അത്തരമൊരു സാഹചര്യം തിരിച്ചുവരാന്‍ പ്രയാസമാണ്. എന്നാണ് എന്റെ അഭിപ്രായം. അതിനാല്‍ ബദല്‍ മാര്‍ഗങ്ങില്‍ ഉചിതമെന്ന് തോന്നുന്നത് സ്വീകരിക്കാന്‍ ഇസ്‌ലാമിക ഭരണകൂടത്തിന് അവകാശമുണ്ടായിരിക്കും.

ബദര്‍ യുദ്ധത്തില്‍ 70 പേരെ ബന്ധികളായി പിടിച്ചിരുന്നു. അതില്‍ ആരെയും അടിമകളാക്കിയിട്ടില്ല. മോചനദ്രവ്യം വാങ്ങിവിട്ടയക്കപ്പെടുകയാണുണ്ടായത്.

അടിമ എന്ന പദം ഉപേക്ഷിക്കാന്‍ പ്രവാചകന്‍ പറഞ്ഞതായി ഞാനെന്റെ പോസ്റ്റില്‍ പറഞ്ഞുകഴിഞ്ഞതാണ്.

വലം കൈകള്‍ ഉടമപ്പെടുത്തിയവര്‍ എന്ന പ്രയോഗം മാന്യമായതുകൊണ്ടാണ് ഖുര്‍ആന്‍ അത് പ്രയോഗിച്ചത്.

രണ്ടും ചെയ്തിട്ടുണ്ട്.

പിന്നെ താങ്കളെപ്പോലുള്ള പുതിയ സന്ദര്‍ശകര്‍ മനസ്സിലാക്കേണ്ടത്. ഈ ബ്ലോഗ് ഒരു പ്രതികരണ ബ്ലോഗാണ്. യുക്തിവാദികള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ മറുപടികളാണ് ഇതില്‍. ഇത് മാത്രം വായിച്ച് തെറ്റിദ്ധാരണ ജനകം എന്ന അഭിപ്രായം പാസാക്കുന്നത് അത്തരം കമന്റുകളെ അവഗണിക്കുന്നതിലേക്കാണ് നയിക്കുക. എന്തുകൊണ്ട് എന്ന കാരണം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രത്യേകിച്ചും.

വായനക്കും അഭിപ്രായത്തിനും നന്ദി.

Unknown പറഞ്ഞു...

യുദ്ധത്തിൽ അടിമകളാക്കിയ സ്ത്രീകളെ അവരുടെ സമ്മതം ഇല്ലാതെ ലൈംഗികമായി ബന്ധപ്പെടാം എന്ന് ഇസ്ലാം പറയുന്നുണ്ടത്രേ . അത് തെറ്റല്ലേ .. ഇസ്ലാം rape നെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത് അപ്പോൾ .

ഒരു യുക്തിവാദി സുഹൃത്ത് എന്നോട് ചോദിച്ച ചോദ്യം ആണിത്. എനിക്ക് ഉത്തരം പറയാൻ സാധിച്ചില്ല .. താങ്കൾ ഇതൊന്നു വ്യക്തമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു ..നന്ദി

Unknown പറഞ്ഞു...

യുദ്ധത്തിൽ അടിമകളാക്കിയ സ്ത്രീകളെ അവരുടെ സമ്മതം ഇല്ലാതെ ലൈംഗികമായി ബന്ധപ്പെടാം എന്ന് ഇസ്ലാം പറയുന്നുണ്ടത്രേ . അത് തെറ്റല്ലേ .. ഇസ്ലാം rape നെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത് അപ്പോൾ .

ഒരു യുക്തിവാദി സുഹൃത്ത് എന്നോട് ചോദിച്ച ചോദ്യം ആണിത്. എനിക്ക് ഉത്തരം പറയാൻ സാധിച്ചില്ല .. താങ്കൾ ഇതൊന്നു വ്യക്തമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു ..നന്ദി

CKLatheef പറഞ്ഞു...

ഒരു സംഗതിക്ക് നിയമസാധുത നല്‍കുക എന്ന പ്രവര്‍ത്തി (Legitimation) യുക്തിപരമായി നോക്കുമ്പോള്‍ വളരെ നിസ്സാരമെന്ന് തോന്നാം. പക്ഷെ അതിന്റെ പ്രതിഫലനം വളരെ വലുതാണ്. വിവാഹം എന്നത് തന്നെ വ്യഭിചരിക്കാനുള്ള അനുവാദമല്ലേ എന്ന് ചോദിക്കാം. ഇസ്ലാമില്‍ വിവാഹം അതിലളിതമാണ് ഒരു പുരുഷനോട് സ്ത്രീയുടെ സംരക്ഷണാധികാരമുള്ള (വലിയ്യു്) പുരുഷന്‍ ഞാന്‍ തനിക്ക് ഇവളെ ഇന്ന വിവാഹമൂല്യത്തിന് പകരമായി വിവാഹം ചെയ്തുതന്നുവെന്ന് രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ പറയുകയും പുരുഷന്‍ അത് സ്വീകരിച്ചുവെന്ന് വ്യക്തമായി മൊഴിയുകയും ചെയ്താല്‍ ആ സ്ത്രീ പിന്നീട് അദ്ദേഹത്തിന്റെ ഇണയായി മാറി. അടിമ സമ്പ്രദായം നിലനിന്ന കാലത്ത് ഉണ്ടായിരുന്ന ഇത്തരത്തിലൊരു നിയമസാധുതയുടെ അടിസ്ഥാനത്തിലാണ് അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവും അനുവദിച്ചത്. തോന്നിയവര്‍ക്ക് തോന്നിയ പോലെ ആരെയും എത്രയും തെരഞ്ഞെടുക്കാവുന്ന അവസ്ഥ ഈ വിഷയത്തില്‍ ഇല്ല. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ അടിമകളാക്കുന്നതിന് തന്നെ ഇസ്ലാമിക ഗവ. കൂടിയാലോചനയിലൂടെ അംഗീകാരം നല്‍കേണ്ടതാണ്. അങ്ങനെ അംഗീകാരം നല്‍കുകയും സേനാ നായകനോ ഗവ. നേരിട്ടോ ആര്‍ ആരുടെ ഉടമയില്‍ വരണമെന്ന് തീരുമാനിക്കുന്നു. അങ്ങനെ വന്നുകഴിഞ്ഞാല്‍ വിവാഹത്തിലൂടെ വരുന്നത് പോലെ തന്നെ അവരുടെ ഉത്തവാദിത്തം ഏല്‍പിക്കപ്പെട്ടവരുടെ ചുമതലയാണ്. അവരില്‍ കുട്ടികളുണ്ടായാല്‍ അവര്‍ സ്വതന്ത്രരായ മക്കളെ പോലെയായിരിക്കും അവര്‍ അടിമകളല്ല. അതേ പ്രകാരം ഇദ്ദേഹത്തിന്റെ മരണത്തോടെ ആ സ്ത്രീകള്‍ സ്വതന്ത്രരാവുകയും ചെയ്യും. ഇസ്ലാം അനുവദിച്ച അടിമസമ്പ്രദായം പോലും അന്നത്തെ സാഹചര്യം അവലംബിച്ചുകൊണ്ടുള്ളതാണ്. മാത്രമല്ല 'ടോം അമ്മാവന്റെ ചാള' യോക്കെ വായിച്ച് അതുപോലെയാണ് ഇസ്ലാമിലും അടിമയോട് പെരുമാറുക എന്ന ധാരണ വേണ്ട. പേരില്‍ മാത്രമാണ് അടിമത്തം. അടിമ എന്ന് പേര്‍ പോലും ഉപയോഗിക്കുന്നില്ല എന്ന് മുന്‍ കമന്റില്‍ വ്യക്തമാക്കിയതാണ്. എല്ലാ മാനുഷികാവകാശങ്ങളും അവര്‍ക്ക് വകവെച്ചുകൊടുത്തിരിക്കുന്നു. അടിമയായിരിക്കെ തന്നെ കടപത്രം എഴുതാനുള്ള അവകാശം നല്‍കപ്പെട്ടിരിക്കുന്നു. ഒട്ടേറെ കുറ്റങ്ങള്‍ക്ക് പ്രായശ്ചിതമായി അടിമ മോചനം വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇക്കാര്യമൊക്കെ പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ട്. ഇതൊക്കെ തന്നെയാണോ റേപ്പിലും സംഭവിക്കുന്നത് എന്ന് യുക്തിവാദി സ്വയം ചിന്തിച്ചു നോക്കട്ടേ..

CKLatheef പറഞ്ഞു...

2009 ഒക്ടോബറിൽ പോസ്റ്റ് ചെയ്തതാണിത്. ഇപ്പോഴും ഇതേ വിഷയം സജീവമായി ചർചചെയ്യപ്പെടുന്നുവെന്നതിന് തെളിവാണ് രണ്ട് ദിവസം എനിക്ക് മുമ്പ് ലഭിച്ച വാട്സപ്പ് വോയിസ് ക്ലിപ്പ്. അതിലുള്ള ഒരു അന്വേഷണം ഇങ്ങനെയാണ്.

ഇസ്ലാം വളരെ കർക്കശമായ വിലക്കാണ് ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യത്തിൽ വെച്ചിട്ടുള്ളത്. അന്യസ്ത്രീകളുമായി ഇടകലരാൻ തന്നെ അനുവദിക്കുന്നില്ല. വ്യഭിചാരത്തിലേക്ക് അടുക്കരുത് എന്നാണ് കൽപന. എന്നിരിക്കെ അടിമസ്ത്രീകളുമായി ലൈംഗികബന്ധം തുടരാൻ എന്തുകൊണ്ട് ഇസ്ലാം അനുവാദം നൽകി. അടിമത്തനിരോധനത്തിന്റെ കാര്യത്തിൽ സാവകാശം കാണിച്ചത് മനസ്സിലാക്കാം. എന്നാൽ കാശുള്ളവർക്ക് നിർബാധം ലൈംഗികത അനുവദിച്ച ഈ കച്ചവടം എന്തുകൊണ്ട് അവസാനിപ്പിച്ചില്ല.

ഒരു മുസ്ലിം സഹോദരനാണ് എന്നോട് ഈ ചോദ്യം ഉന്നയിച്ചത്. അദ്ദേഹത്തോട് യുക്തിവാദി സുഹൃത്തുക്കളാണ് ചോദിച്ചിട്ടുള്ളത്.

ചോദ്യം ഒറ്റനോട്ടത്തിൽ വളരെ പ്രസക്തവും മറ്റനേകം വിഷയത്തിൽ ഇസ്ലാം കാണിച്ച മൂല്യങ്ങളുടെയും ധാർമികതയുടെയും അതിര് ലംഘിച്ച ഒരു നിയമാണിത് എന്ന് തോന്നാം. പ്രത്യേകിച്ച് മുസ്ലിംകളായ ഇതേക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ലാത്ത സുഹൃത്തുക്കൾക്ക്. ഉത്തരത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഇസ്ലാമിനെ സംബന്ധിച്ച് ചില ധാരണകൾ നാം ശരിപ്പെടുത്തേണ്ടതുണ്ട്. അതെന്താണ് എന്ന് നോക്കാം.

CKLatheef പറഞ്ഞു...

മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയാണ്. സ്വേഛപ്രകാരം ചരിക്കാൻ കഴിയുന്ന മനുഷ്യന് വഴികാണിച്ചുകൊടുക്കുക എന്ന ഉത്തരവാദിത്തം കൂടി സ്രഷ്ടാവായ ദൈവം സ്വീകരിച്ചിട്ടുണ്ട്. ഇതാണ് ഇസ്ലാം മറ്റുമതങ്ങളിൽനിന്ന് വ്യത്യസ്ഥമായി പറയുന്നത്. ഇസ്ലാം വഴികാണിക്കുകയാണ് അവനെ നിയന്ത്രിക്കുകയല്ല. എന്നാൽ ചില കാര്യങ്ങളിൽ ചില നിയന്ത്രണം ഏർപ്പെടുത്തുന്നത് അവന്റെ ജീവിതം നല്ല നിലയിൽ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമാണ്. കാരണം പ്രവാചകൻമാരെ എന്തിന് അയക്കുന്നുവെന്നതിന് അല്ലാഹു തന്നെ നൽകിയ ഉത്തരം ഭയപ്പെടേണ്ടതില്ലാത്ത ദുഖിക്കേണ്ടതില്ലാത്ത ഒരു അവസ്ഥ മനുഷ്യന് ലഭിക്കാൻ എന്നതാണ്. മനുഷ്യന് അവന്റെ ജീവിതത്തിൽ പ്രയാസം ഉണ്ടാവാൻ പാടില്ല. അവൻ സമാധാനത്തോടെയും സന്തോഷത്തോടെയും അവന് നിശ്ചയിച്ച ജീവിതം ഇവിടെ ജീവിച്ചു തീർക്കണം. അവന് നൽകപ്പെട്ട മുഴുവൻ കൽപനകളും അവന് നിയന്ത്രണം ഏർപ്പെടുത്തിയ മുഴുവൻ കാര്യങ്ങളും ഈ അടിസ്ഥാനത്തിൽ പരിശോധിച്ച് നോക്കാവുന്നതാണ്. മറിച്ച് ഒരൊറ്റ ഉദാഹരണം പോലും കണ്ടെത്താനാവില്ല. നല്ല വസ്തുക്കൾ അനുവദനീയമാക്കുകയും മ്ലേഛമായ വസ്തുക്കൾ നിരോധിക്കുകയും ചെയ്തിരിക്കുന്നു. മുകളിലെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് ഈ അടിസ്ഥാനം അംഗീകരിക്കേണ്ടതുണ്ട്. കാരണം ചോദ്യം ഇസ്ലാമിക മാനദണ്ഡമനുസരിച്ചാണ്. അല്ലാതെ യുക്തിവാദികളുടെ ധാർമികസദാചാര മൂല്യങ്ങളുടെ (അങ്ങനെ ഒന്നുണ്ടെങ്കിൽ) അടിസ്ഥാനത്തിലല്ല എന്നതു തന്നെ കാരണം.

CKLatheef പറഞ്ഞു...

ചില കാര്യങ്ങൾ ഇസ്ലാം താമസം വിനാ നിരോധിച്ചു. ചിലത് ഏതാനും മാസങ്ങളെടുത്തു. മറ്റുചിലതിനെ നേർക്ക് നേരെ നബിയുടെ കാലത്ത് വിലക്ക് ഏർപ്പെടുത്തിയില്ലെങ്കിലും ക്രമേണ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചു.

മദ്യപാനം നിരോധിച്ചത് ഘട്ടം ഘട്ടമായിട്ടാണ്. അതും ഏതാനും വർഷങ്ങൾ എടുത്ത ഒരു പ്രക്രിയ. അന്യസ്ത്രീകളുമായുള്ള ലൈംഗിക ബന്ധം ഇസ്ലാം അനുവദിച്ച ഒരു നിമിഷം പോലും കാണില്ല. അതേ സമയം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കണിശമായ ചില നിയന്ത്രണം വന്നത് പ്രവാചകത്വം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞാണ്. ഇനി കൽപനകളുടെ കാര്യത്തിലും അങ്ങനെ തന്നെ അഞ്ച് സമയത്തെ നമസ്കാരം നിർബന്ധമാക്കുന്നത്. ഏതാണ്ട് പത്ത് വർഷത്തെ സമയമെടുത്താണ്. നോമ്പ് വീണ്ടും താമസിച്ചു. മദീനാ കാലഘട്ടത്തിലാണ് റമളാനിലെ 30 നോമ്പ് നിർബന്ധമാക്കുന്നത്. ഇതിലൊക്കെ സ്വീകരിച്ച മാനദണ്ഡം മേൽവിവരിച്ച ഉദ്ദേശ്യലക്ഷ്യമാണ്. അവയെ ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്ന നിലക്ക് തന്നെ ഇന്നും അടിസ്ഥാനമായി സ്വീകരിക്കുന്നതാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല. എളുപ്പമുണ്ടാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്.

CKLatheef പറഞ്ഞു...

അടിമ ഉടമ സമ്പദായം ഇസ്ലാം ആരംഭിച്ചതല്ല. അതുകൊണ്ട് തന്നെ ഏകപക്ഷീയമായി ഇല്ലാതാക്കാനും ഇസ്ലാമിന് പറ്റില്ല. അടിമത്തം നിരോധിക്കുക എന്ന് പറയുമ്പോൾ മുസ്ലികളുടെ കീഴിലുള്ള അടിമകളെ സ്വതന്ത്രരാക്കുക എന്നതാണ് അർഥമാക്കുന്നത്. പക്ഷെ യുദ്ധം നടന്നുകൊണ്ടിരിക്കുകയും ഇനിയും തുടരാൻ സാധ്യതയുമുള്ള സാഹചര്യത്തിൽ പ്രവാചകനോ ശേഷം ഖിലാഫത്ത് ഏറ്റെടുത്തവർക്കോ അതിന് സാധിക്കുമായിരുന്നില്ല. മറിച്ച് സാധിക്കുന്നതെന്തോ അത് ഇസ്ലാം ചെയ്തിട്ടുണ്ട്. അത് പോസ്റ്റിലും തുടർ ചർചയിലും വന്നിട്ടുണ്ട്. അടിമ സ്ത്രീയുമായുള്ള ലൈംഗികത ഇസ്ലാം കൊണ്ടുവന്നതല്ല. അടിമയെന്നാൽ ഒരു ഉടമപ്പെടുത്തലാണ്. അതിൽ ലൈംഗികത വിവാഹം പോലെ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിലുണ്ടാകുന്നതാണ്. സ്വതന്ത്രമാക്കിയാൽ ആ അവകാശം ഇല്ലാതാകാം. വിവാഹമോചനം നടത്തിയാൽ ഭാര്യായായി തുടർന്നവരോടുള്ള ലൈംഗിക ബന്ധം നിഷിദ്ധമാകുന്ന പോലെ തന്നെ. മാത്രമല്ല അടിമകളുമായുള്ള ലൈംഗികതക്ക് പോലും അവരെ സ്വതന്ത്രരാക്കുന്ന ഒരു സൌകര്യം കൊണ്ടുവന്നു. അതായത്, അടിമയിലുണ്ടാകുന്ന സന്താനം അടിമയല്ല. യജാനന്റെ മരണശേഷം അവർ സ്വതന്ത്രയുമാണ്.

ഇതും ചെയ്യരുതെന്നാണ് പറയുന്നതെങ്കിൽ അവർക്ക് എങ്ങനെയാണ് അക്കാലത്ത് അടിമത്തം നിലനിൽക്കുന്നത് എന്നതിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഒരു സ്വതന്ത്രനെ പിടിച്ച് അടിമയാക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. അടിമയായി വരുന്നത് യുദ്ധ സന്ദർഭത്തിലായിരുന്നു. അക്കാലത്ത് മുസ്ലിംകളിലാരെയെങ്കിലും ശത്രുവായി പിടിച്ചാൽ അവർ ശത്രുക്കളുടെ അടിമയായിരുന്നു. എല്ലാ മാനുഷികാവകാശങ്ങളും നിഷേധിക്കപ്പെടുന്ന അടിമ. അതേ സമയം ഇപ്പുറത്ത് പിടിക്കപ്പെടുന്നവരെയെല്ലാം സ്വതന്ത്രരാക്കുന്നത് ആത്മഹത്യാപരവും അന്തക്കേടുമാണ്. ഇക്കാര്യമൊക്കെ മുകളിൽ വിശദമാക്കിയിട്ടുണ്ടല്ലോ.

അവശേഷിക്കുന്നത് അവരിലെ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധമാണ്. ഇതിലും മുകളിൽ സൂചിപ്പിച്ചത് ഒരു ഘടകമാണ്. മാതമല്ല, ലൈംഗിക എന്നത് ആ സ്തീകളുടെ മാനുഷികാവകാശം കൂടിയാണ്. അവരുമായി ലൈംഗിക ബന്ധം അനുവദിക്കുന്നില്ലെങ്കിൽ പിന്നെയുള്ള ഏക പരിഹാരം അവരെ മറ്റാരെക്കൊണ്ടെങ്കിലും വിവാഹം കഴിപ്പിക്കുക എന്നതാണ്. അപ്രകാരം ചെയ്യാമെങ്കിലും അത് ഒരു കർക്കശ വ്യവസ്ഥയാക്കുന്നത് ബുദ്ധിപരമല്ല.

CKLatheef പറഞ്ഞു...

മറ്റൊന്ന് വസ്ത്രധാരണത്തെക്കുറിച്ചാണ്. അതിൽ ഒരു സ്വതന്ത്രസ്ത്രീയുടെ വസ്ത്രം അവർക്ക് നിർബന്ധമാക്കാതിരുന്നത് അവരുടെ തന്നെ പ്രയാസം പരിഗണിച്ചാകാനെ തരമുള്ളൂ. മാന്യമായ വസ്ത്രം ധരിക്കുന്നതിന് അവർക്ക് വിലക്കുള്ളതായി അറിയില്ല. ഇസ്ലാമിൽ ഔറത്ത് എന്നത് മിനിമം വസ്ത്രമാണ്. ഇസ്ലാമിൽ പുരുഷന് നിശ്ചയിച്ച ഔറത്ത് ഒരു നല്ല ത്രീഫോർത്ത് ബർമുഡ ഇട്ടാൽ മറക്കാവുന്നതേ ഉള്ളൂ. അതിനർഥം അവൻ മുട്ടോളമെത്തുന്ന ഒരു മുണ്ടോ പാൻ്റോ ധരിക്കണമെന്നതല്ലല്ലോ.. ഇതുതന്നെയാണ് അടിമസ്ത്രീകളുടെ കാര്യത്തിലും.

അബ്ദുള്ള കടങ്ങോട് പറഞ്ഞു...

ഇസ്ലാമികദർശനം പഠിക്കാനാഗ്രഹിക്കുന്ന അറിവുകൾ പരിമിതമായ ഒരാളാണ് എന്ന ആമുഖത്തോടെ പറയട്ടെ....
അടിമസ്ത്രീകളുടെ വസ്ത്രഘടന (ഔറത്ത് ),
ലൈംഗികത എന്നിവയിൽ അറേബ്യൻ സാമൂഹുസാഹചര്യവും സമകാലികസാഹചര്യവും തമ്മിൽ കൂട്ടിമുട്ടിക്കുന്ന സങ്കീർണതയെ മുകളിലെ വിശദീകരണം എനിക്ക് ആശയസംതൃപ്തി തന്നു. ബന്ധപ്പെട്ട മറ്റൊരു ചോദ്യം.
മുസ്ലിം പുരുഷന് 4 വിവാഹം അറേബ്യൻ സമൂഹഘടനയിൽ അനുവദിച്ചപ്പോൾ നബി 9 വിവാഹം കഴിച്ചത് നബിയെ മാതൃകയാക്കുന്നവർക്ക് തെറ്റായ സന്ദേശവും,
നബിയുടെ അതിലൈംഗികതക്ക് തെളിവുമല്ലേ എന്ന ചോദ്യത്തെ എങ്ങനെ സമീപിക്കുന്നു?

CKLatheef പറഞ്ഞു...

അബ്ദുല്ല ഈ വിഷയത്തിൽ ധാരാളം ചർചകൾ ഈ ബ്ലോഗിൽ നടന്നിട്ടുണ്ട്.. Click Here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review